Sunday, September 30, 2007

ബേബിക്കുട്ടി, ഡോളിക്കുട്ടി (ജോമിക്കുട്ടനും)


ജോമിക്കുട്ടന്‍. വയസ് 24.

ഹോമിയോക്കുപ്പി എന്നു നാട്ടുകാര്‍(വീട്ടുകാരൊഴികെ) സ്നേഹത്തോടെ വിളിക്കും. ചെറിയ ഹോമിയോക്കുപ്പിയുടെ അടപ്പ് ഊരിമാറ്റിയ ശേഷം അതിന്റെ വക്കിലേക്കു ചുണ്ടടുപ്പിച്ചു വച്ചൂതിയാല്‍ കേള്‍ക്കുന്ന അതേ ശബ്ദമായിരുന്നു ജോമിക്കുട്ടന്‍റെ സംസാരഭാഷ.

സാക്ഷാല്‍ സ്ത്രീശബ്ദം. മണികിലുങ്ങും പോലത്തെ കിളിനാദം.

സ്വന്തം ശബ്ദത്തോടു ജോമിക്കുട്ടനു ഭയങ്കര വിരോധമായിരുന്നു. പക്ഷേ, ഹോമിയോക്കുപ്പി എന്നു രഹസ്യമായും ജോമിക്കുട്ടാ എന്നു പരസ്യമായും സ്നേഹത്തോടെ വിളിക്കുന്ന കൂട്ടുകാര‍്ക്ക് അവനെക്കാളുപരി അവന്‍റെ ശബ്ദത്തെയായിരുന്നു ഇഷ്ടം.

സ്വന്തമായി പണിയൊന്നുമില്ലാത്ത ജോമിക്കുട്ടനു സ്വന്തമായി രണ്ടുമൂന്നും പ്രണയമുള്ള ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. ഈ പ്രണയിനികളുമായി ഫോണില്‍ സംസാരിക്കാന്‍ അവകാശവും അധികാരവുമുള്ള ഞങ്ങളുടെ നാട്ടിലെ ഒരേയൊരാള്‍ ജോമിക്കുട്ടനായിരുന്നു.

ജോമിക്കുട്ടന്റെ അയല്‍പക്കത്തെ വീട്ടിലെ ബേബിക്കുട്ടിയും കുറച്ചകലെയുള്ള എന്നാല്‍, ഭരണങ്ങാനം ഇടവകയിലെ തന്നെ സുന്ദരിയും സുശീലയുമായ ഡോളിയുമായി പ്രണയം.

വേദപാഠം പഠിക്കുന്ന കാലത്ത് ദൈവം എന്ന് ആയിരം തവണ ഒരുമിച്ചിരുന്ന് എംപോസിഷന്‍ എഴുതിയ കാലത്തു തുടങ്ങിയതാണ്. ദൈവത്തിന്റെ പേരില്‍ തുടങ്ങിയ കേസായിരുന്നതിനാല്‍ ഇത്രയും കാലം വീട്ടുകാരറിയാതെ നോക്കിയതു ദൈവമായിരുന്നു.

ഡോളിക്കു ചീപ്പ്, സോപ്പ്, കണ്ണാടി, കണ്‍മഷി, കര്‍പ്പൂരം തുടങ്ങിയ സ്ഥാവരജംഗമ വസ്തുക്കള്‍ വാങ്ങിക്കൊടുത്ത് സ്വന്തം കുടുംബത്തെ അനുദിനം വൈറ്റ് വാഷടിച്ചുകൊണ്ടിരുന്ന ബേബിക്കുട്ടിക്കും വൈറ്റ് വാഷിങ് ആയിരുന്നു ജോലി. പെയിന്റിങ് എന്നും പറയാറുണ്ടെങ്കിലും ബേബിക്കുട്ടി അഭിമാനത്തോടെ പറയാറുള്ളതു മറ്റൊന്നായിരുന്നു- ആര്‍ട്ടിസ്റ്റ്.

പായലു പിടിച്ച ഭിത്തി ചീകി അതില്‍ വൈറ്റ് സിമന്‍റും സ്നോസവും രണ്ടും മൂന്നും കോട്ടടിക്കുന്നതിന് എന്ത് ആര്‍ട്ടിസ്റ്റാവണമെടേയ് എന്ന് ആരും ചോദിച്ചില്ല. കാരണം, ജോമിക്കുട്ടിയുടെ സുഹൃത്തുക്കളും ആര്‍ട്ടിസ്റ്റുകള്‍ അഥവാ പെയിന്റിങ്ങുകാരായിരുന്നു. സുഹൃത്തുക്കള്‍ മാത്രമായിരുന്നില്ല, ഡോളിയുടെ അപ്പന്‍ അവുസേപ്പുചേട്ടനും പെയിന്റര്‍ അഥവാ ആര്‍ട്ടിസ്റ്റ് ആയിരുന്നു.

അവുസേപ്പുചേട്ടന്‍ ആര്‍ട്ടിസ്റ്റ് ആയതുകൊണ്ടു മാത്രമായിരുന്നു ബേബിക്കുട്ടിയും ആര്‍ട്ടിസ്റ്റായത്. പെയിന്റിങ് പണിയില്‍ മാത്രമല്ല, വീട്ടിലോട്ടു പലചരക്കു വാങ്ങുന്നതില്‍പ്പോലും ആര്‍ട്ടിസ്റ്റായ അവുസേപ്പു ചേട്ടനെ അപ്രന്റീസായ ബേബിക്കുട്ടി സഹായിച്ചിരുന്നു. ഇതുമൂലം ബേബിക്കുട്ടിയോട് അവുസേപ്പു ചേട്ടനു ദീനാനുകന്പ, സ്നേഹം, സഹവര്‍ത്തിത്വം തുടങ്ങിയ പലവികാരങ്ങളും തോന്നുമായിരുന്നു.

ഈ ബേബിക്കുട്ടിയ്ക്ക് തന്‍രെ ഒരേയൊരു മകള്‍ ഡോളിയെ കല്യാണം കഴിച്ചുകൊടുത്താലെന്ത് എന്നു മാത്രം അവുസേപ്പുചേട്ടന്‍ ആലോചിച്ചില്ല. കാരണം, അത്രയ്ക്കു മാത്രം ഹൃദയത്തിനു പ്ളിന്ത് ഏരിയ ഉള്ളയാളായിരുന്നില്ല അവുസേപ്പുചേട്ടന്‍.

എന്നെങ്കിലുമൊരിക്കല്‍ തന്‍റെ പ്രതിശ്രുത അമ്മായിപ്പന്‍റെ ഹൃദയത്തില്‍ തനിക്കു പ്രൈമറടിക്കാന്‍ അവസരം കിട്ടുമെന്നും അതുമുതലാക്കി തനിക്കു ഡോളിയോടുള്ള രണ്ടുകോട്ട് എമര്‍ഷനേക്കാള്‍ അഗാധമായ പ്രണയം അപ്പോള്‍ അറിയിക്കാമെന്നുമായിരുന്നു ബേബിക്കുട്ടിയുടെ വിചാരം.

പണി സൈറ്റുകളില്‍നിന്നു കാലിയാകുന്ന പെയിന്റ് പാട്ടകള്‍ വീട്ടിലേക്ക് കൊണ്ടുപോകുന്പോള്‍ അതിനുള്ളില്‍ വച്ചായിരുന്നു സാന്‍ഡ് പേപ്പറിന്റെ മറുപുറത്തെഴുതിയ പ്രണയലേഖനങ്ങള്‍ ബേബിക്കുട്ടി ഡോളിക്കുട്ടിക്ക് എത്തിച്ചുകൊടുത്തുകൊണ്ടിരുന്നത്.
ഡോളിക്കുട്ടി അതുവായിച്ച ശേഷം മറുപടിയായി അപ്പന് ഉച്ചനേരത്തേക്കുള്ള ചോറുപൊതിയുന്ന പത്രക്കടലാസിന്റെ ഉള്ളില്‍ മറ്റൊരു വെള്ളക്കടലാസില്‍ ബേബിക്കുട്ടിക്കു പ്രണയക്കുറിപ്പെഴുതിപ്പോന്നു.

പ്രണയത്തിന്റെ എസ്റ്റിമേറ്റും ക്വട്ടേഷനും പൊതിഞ്ഞുവരുന്ന ചോറുപൊതി പണിസൈറ്റിലേക്കുള്ള ഉച്ചയാത്രക്കിടയില്‍ ബേബിക്കുട്ടി പൊട്ടിച്ചു വായിക്കും. പകരം മറ്റൊരു കടലാസില്‍ ചോറുപൊതിയും. കൂട്ടത്തില്‍, അവുസേപ്പു ചേട്ടന്റെ സ്വന്തം ഭാര്യയും തന്‍രെ ഭാവി അമ്മായിഅമ്മയുമായ ഏലിയാമ്മ ചേട്ടത്തി പ്രിയതമനായി പാമോയിലില്‍ പൊരിക്കുന്ന മത്തിക്കഷ്ണവും ഓരോന്നു രുചിക്കും.

അതൊരു വലിയ തെറ്റായോ കുറവായോ ബേബിക്കുട്ടി കണ്ടില്ല. എന്നാല്‍ അധികം വൈകാതെ ആ കുറവ് അവുസേപ്പുചേട്ടന്‍ കണ്ടുപിടിച്ചു.

തലയിണമന്ത്രങ്ങള്‍ക്കിടെ, ഏലിയാമ്മേച്ചട്ടത്തി പറ‍ഞ്ഞ മീന്‍തലയുടെ കണക്കും അവുസേപ്പുചേട്ടന്‍റെ കണക്കും തമ്മില്‍ തുടര്‍ച്ചയായി പൊരുത്തപ്പെടാതെ വന്നതിന്‍റെ മൂന്നാം ദിവസം അവുസേപ്പുചേട്ടന്‍ ബേബിക്കുട്ടിയെ കയ്യോടെ (കാലോടെയും) പൊക്കി.

പാതിവഴിയില്‍ വച്ചു ചോറുപൊതി പൊട്ടിച്ച ബേബിക്കുട്ടിയെ തെറിപറയാന്‍ വാ പൊളിച്ച ആ വയോധികന്‍ കൂട്ടത്തിലുള്ള കുറിപ്പടി കണ്ടു ഞെട്ടി.
താന്‍ സ്ഥിരമായി പണിക്ക് എസ്റ്റിമേറ്റ് നല്‍കുന്ന കയ്യക്ഷരം. തന്‍രെ മകളുടെ കയ്യക്ഷരം. ബേബിക്കുട്ടിയുടെ ഒത്തമുതുകത്തും കരണത്തും ബ്രഷു പിടിച്ചു തഴന്പുവീണ അവുസേപ്പുചേട്ടന്‍റെ കൈപ്പത്തി വീണു. ബേബിക്കുട്ടിയുടെ പണി തെറിച്ചു. ഡോളിക്കുട്ടി വീട്ടുതടങ്കലിലായി.

എല്ലാ പ്രണയങ്ങളും നേരിടുന്ന മധ്യകാല യാഥാര്‍ഥ്യത്തില്‍ ബേബിക്കുട്ടിയുടെ മനസ്സ് വാര്‍ണീഷ് വീണിട്ടെന്ന വണ്ണം പൊള്ളി.

ഞായറാഴ്ച കുര്‍ബാനയ്ക്കും ശനിയാഴ്ച അല്‍ഫോന്‍സാ ചാപ്പലിലെ നൊവേനയ്ക്കും പതിവായി വരാറുണ്ടായിരുന്ന ഡോളിക്കുട്ടിയെ ബേബിക്കുട്ടി മാത്രമല്ല, ആരും തന്നെ കാണാതായി. വൈകിട്ട് ആടിനു തൊട്ടാവാടി പറിക്കാന്‍ അയലോക്കത്തെ പറന്പിലോട്ടു പോകാറുണ്ടായിരുന്ന ഡോളിക്കുട്ടിയെ അപ്പന്‍ അവുസേപ്പുചേട്ടന്‍ അതില്‍നിന്നും വിലക്കി.

വൈകുന്നേരത്തെ സ്പെഷല്‍ തൊട്ടാവാടി കിട്ടാതെ ആടു വിഷമത്തിലായി. തൊട്ടാവാടി പറിക്കാന്‍ പോകുന്പോഴെങ്കിലും ബേബിക്കുട്ടിയെ രഹസ്യമായി കാണമായിരുന്നല്ലോ എന്നോര്‍ത്ത് ഡോളിക്കുട്ടി മനസ്സാ തേങ്ങി. പ്രണയക്കുറിപ്പിനൊപ്പം മീന്‍വറുത്തതു തിന്നാന്‍ തോന്നിയ ദുര്‍ബലനിമിഷത്തെയോര്‍ത്തു ബേബിക്കുട്ടി സ്വയം ശപിച്ചു.

മീന്‍തലയുടെ കാര്യത്തിലും കണക്കുസൂക്ഷിക്കുന്ന സ്വന്തം ഭാര്യയുടെ കാര്യശേഷിയോര്‍ത്ത് അവുസേപ്പുചേട്ടന്‍ മനസ്സിലഭിമാനിച്ചു. തന്‍റെ മോളുടെ പ്രണയവാര്‍ത്ത കേട്ട് ഏലിയാമ്മചേട്ടത്തി മനസ്സാതപിച്ചു.

മേല്‍പ്പറഞ്ഞ ഒരു വികാരവുമില്ലാതെ, രാവിലെയുണര്‍ന്നു ഭക്ഷണം കഴിച്ച് പിന്നെയമര്‍ന്നുറങ്ങി വീണ്ടും ഭക്ഷണം കഴിച്ച് വൈകിട്ട് റോഡിലിറങ്ങി, പിന്നെ ഷാപ്പില്‍ കയറി അല്ലലും അലട്ടലും ഇല്ലാതെ ജീവിതം കഴിച്ചുപോന്ന ജോമിക്കുട്ടന്റെ കഥയിലേക്കുള്ള രംഗപ്രവേശം ഇവിടെവച്ചായിരുന്നു.

മൂന്നുദിവസമായി ഡോളിക്കുട്ടിയുടെ കത്തോ ശബ്ദമോ ദര്‍ശനമോ കിട്ടാതെ വലഞ്ഞ ബേബിക്കുട്ടി കഞ്ചാവുബീഡി വലിക്കാന്‍ കിട്ടാത്തവനെപ്പോലെ വലിഞ്ഞുമുറുകി. എങ്ങനെയെങ്കിലും മോളിക്കുട്ടിയോടു സംസാരിക്കണമെന്നു തീരുമാനിച്ചതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു അയല്‍വാസിയായ ജോമിക്കുട്ടനെ ബേബിക്കുട്ടന്‍ തപ്പിപിടിച്ചത്.

ശ്രീ ബേബിക്കുട്ടന് തപ്പിച്ചെല്ലുന്പോള്‍ സഫലമായ ഒരു പ്രണയത്തിന്റെ അവസാനത്തെ ആഘോഷമായ ബാച്ചിലേഴ്സ് പാര്‍ട്ടിയില്‍ കെഎസ് ചിത്രയുടെ ഒരു ഗാനമാലപിക്കുകായിരുന്നു ജോമിക്കുട്ടന്‍. ജോമിക്കുട്ടന്റെ സ്വരമാധുരിയില്‍, പെണ്‍കുട്ടിയുടെ വീട്ടിലേക്കു സ്ഥിരമായി വിളിച്ച് ഒടുവില്‍ വിവാഹം വരെയെത്തിയ അനേകം കേസുകളിലൊന്നിന്റെ ആഘോഷം.

ഒരേസമയം, കുളം നീളത്തിലും ചതുരത്തിലും ത്രികോണത്തിലും വൃത്തത്തിലും പണിത പെരുന്തച്ചനെപ്പോലെ ജോമിക്കുട്ടന്. ഏതു ഷേപ്പിലായാലും തന്റെ കുളമായ പ്രണയത്തിന് ഒരു കരയുണ്ടാക്കിത്തരണമെന്നു കരഞ്ഞഭ്യര്‍ഥിച്ചു ബേബിക്കുട്ടി. ബേബിക്കുട്ടന്റെ അഭ്യര്‍ഥന ജോമിക്കുട്ടന്‍ കേട്ടു. ജോമിക്കുട്ടന്റെ ഡിമാന്‍ഡുകള്‍ ബേബിക്കുട്ടനും. അതിങ്ങനെയായിരുന്നു.

എന്നും ഡോളിക്കുട്ടിയുടെ കൂട്ടുകാരി ലൂസിക്കുട്ടി എന്ന പേരിലോ ട്യൂഷന്‍ ടീച്ചര്‍ മോളിക്കുട്ടി എന്ന പേരിലോ ലൂസിക്കുട്ടിയുടെ അമ്മ േമരിക്കുട്ടി എന്ന പേരിലോ ജോമിക്കുട്ടന്‍ ഫോണ്‍ വിളിക്കും. ഫോണ്‍, ഡോളിക്കുട്ടിയുടെ കയ്യില്‍ കിട്ടിയാല്‍ രണ്ടുമിനിറ്റു നേരത്തേക്ക് ജോമിക്കുട്ടന്‍ സംസാരിക്കും. വീട്ടുകാര്‍ക്കു സംശയമുണ്ടാവാതിരിക്കാനാണിത്.

അതിനു ശേഷം ഫോണ്‍ ബേബിക്കുട്ടിക്കു കൈമാറും. ബേബിക്കുട്ടിക്ക് സംസാരിക്കാം. ജോമിക്കുട്ടന്റെ സാന്നിധ്യത്തില്‍ മാത്രം. ഇടയ്ക്ക് ആരെങ്കിലും ഫോണ്‍ പിടിച്ചു വാങ്ങുകയോ സംശയം തോന്നി എക്സറ്റന്‍ഷന്‍ എടുക്കുകയോ ചെയ്തു എന്നു തോന്നിച്ചാലുടന്‍ ഫോണ്‍ ജോമിക്കുട്ടനു നല്‍കണം.

ജോമിക്കുട്ടന്‍ ഉടന്‍ ജോസി വാഗമറ്റത്തിന്റെ ഈ വളവില്‍ ആരും ഹോണടിക്കാറില്ല എന്ന നോവലിലെ നാന്‍സിയെക്കുറിച്ചും അവളുടെ തലമുടിയെക്കുറിച്ചും ഡോളിക്കുട്ടിയോടു സംസാരിച്ചു തുടങ്ങും. ജോമിക്കുട്ടന്റെ തലയിലെ ആള്‍പ്പാര്‍പ്പോര്‍ത്തു ബേബിക്കുട്ടി അഭിമാനിച്ചു.

ഡോളിക്കുട്ടി സന്തോഷിച്ചു. മകള്‍ പഠനകാര്യത്തില്‍ ശ്രദ്ധിച്ചുതുടങ്ങിയെന്നോര്‍ത്ത് അവുസേപ്പുചേട്ടന്‍ സന്തോഷിച്ചു. ഉയര്‍ത്തിക്കെട്ടിയ വീടിന്റെ മുന്നിലത്തെ മതില്‍ അനാവശ്യ ചെലവായിരുന്നല്ലോ എന്നോര്‍ത്തു പരിതപിച്ചു. ഡോളിക്കുട്ടിയുടെ അമ്മ ഏലിക്കുട്ടി വേളാങ്കണ്ണി പള്ളിയിലേക്കു നേര്‍ന്ന നേര്‍ച്ച ഒന്നുകൂടി പുതുക്കി.

എന്‍രെ മകളേ ഏതെങ്കിലും കൊള്ളാവുന്നവന്‍റെ കൈയില്‍ പിടിച്ചേല്‍പിക്കാന്‍ മാതാവേ നീ കനിയണേ...ഡോളിക്കുട്ടി ഫോണിനു മുന്‍പില്‍ തപസ്സു തുടങ്ങിയതോടെ ബേബിക്കുട്ടിയും ജോമിക്കുട്ടനും ആത്മാര്‍ഥമിത്രങ്ങളായി.

പാന്പന്‍പാലത്തെക്കാള്‍ ഉറപ്പും അപ്പെക്സ് അള്‍ട്രായെക്കാള്‍ തിളക്കവുമുള്ള ആ ബന്ധത്തിന്റെ ആഴങ്ങളില്‍ വീണ് അന്പാറ ഷാപ്പിലെ കള്ളുകീടങ്ങള്‍ മൃതിയടഞ്ഞുകൊണ്ടിരുന്നു.

ആഴങ്ങളില്‍നിന്ന് ആഴങ്ങളിലേക്ക് ഊളിയിട്ടു പോയ ചില ഷാപ്പുരാത്രങ്ങളുടെ പേരില്‍ ബേബിക്കുട്ടിയോടു ഡോളിക്കുട്ടി കയര്‍ക്കല്‍ പതിവായി. താന്‍ അന്പാറ ഷാപ്പില്‍ വാളുവച്ചു കിടന്നതിനെക്കുറിച്ചും കള്ളിനു പുളിയുണ്ടെന്നു പറഞ്ഞു കച്ചവടക്കാരനുമായി ഉടക്കുണ്ടാക്കിയതിനെക്കുറിച്ചുമൊക്കെ വള്ളിപുള്ളി വിടാതെ ഡോളിക്കുട്ടി സംസാരിച്ചു തുടങ്ങിയതോടെ ബേബിക്കുട്ടിക്കു നില്‍ക്കക്കളിയില്ലാതായി.

ഷാപ്പിലും ചാരന്‍മാരോ എന്ന സംശയവുമായി ബേബിക്കുട്ടി അന്പാറയില്‍നിന്നു കുടി പാലമ്മൂടിലേക്കു മാറ്റി. അവിടെയും തഥൈവ. പാലമ്മൂട്ടില്‍നിന്നു ബേബിക്കുട്ടി മാട്ടേല്‍ ഷാപ്പിലേക്കും അവിടെനിന്നു മേരിഗിരി ഷാപ്പിലേക്കും അവിടെനിന്ന് അവസാനമായി ചിറ്റാനപ്പാറ ഷാപ്പിലേക്കും കുടികിടപ്പ് മാറ്റിനോക്കി. രക്ഷയില്ല.

എല്ലാം ഡോളിക്കുട്ടിയുടെ ചെവിയില്‍ അപ്പപ്പോള്‍ എത്തുന്നു.

ഒരുദിവസം ജോമിക്കുട്ടനില്ലാത്ത ബേബിക്കുട്ടി കള്ളുകുടിക്കാന്‍ പോയി. അതേക്കുറിച്ചു ഡോളിക്കുട്ടി ബേബിക്കുട്ടിയോട് ഒന്നും ചോദിച്ചില്ല. ജോമിക്കുട്ടനില്ലാതെ ബേബിക്കുട്ടി ഒരാഴ്ച ഷാപ്പില്‍പ്പോയി, അതും ഡോളിക്കുട്ടി അറിഞ്ഞില്ല. ഒന്നും ചോദിച്ചില്ല. അതോടെ, ഷാപ്പോടു ഷാപ്പോരം ഈ വിവരങ്ങള്‍ ഡോളിക്കുട്ടിയുടെ കാതിലെത്തിക്കുന്നത് ആരെന്നു ബേബിക്കുട്ടിക്കു മനസ്സിലായി. തന്റെ മിത്രം ജോമിക്കുട്ടന്‍.

ബേബിക്കുട്ടിയുടെ ഉള്ളില്‍ ഷാപ്പെരിഞ്ഞു. ഒരുദിവസം രാത്രി രണ്ടുകുപ്പിക്കള്ളിന്റെയും ഒരു പായ്ക്കറ്റ് ദിനേശ്ബീഡിയുടെയും തരിപ്പില്‍ ഷാപ്പിനു സൈഡിലെ ഇടവഴിയില്‍ വച്ച് ബേബിക്കുട്ടി ജോമിക്കുട്ടന്‍റെ മേല്‍ കൈവച്ചു. ജോമിക്കുട്ടന്റെ നിലവിളി കേട്ട് സ്ത്രീപീഢനമെന്നു ധരിച്ചു ജനം പാഞ്ഞെത്തിയെങ്കിലും നിരാശരായി മടങ്ങി.

ജോമിക്കുട്ടനും ബേബിക്കുട്ടിയും ശത്രുക്കളായി. ഡോളിക്കുട്ടിയെ പ്രേമിക്കാന്‍ തനിക്കനി ഒരു ജോമിക്കുട്ടന്റെയും സഹായം വേണ്ടെന്നു ബേബിക്കുട്ടി പ്രഖ്യാപിച്ചു. ബേബിക്കുട്ടി ജോമിക്കുട്ടനെ മര്‍ദിച്ച വിവരവും ഡോളിക്കുട്ടി അറിഞ്ഞു. പക്ഷേ, അവള്‍ അവനോടൊന്നും ചോദിച്ചില്ല.

ബേബിക്കുട്ടിക്കു സന്തോഷമായി. അവനു രണ്ടെണ്ണം കിട്ടിയെന്നറിഞ്ഞപ്പോള്‍ അവള്‍ക്കും സന്തോഷമായിക്കാണും. ഉള്ള ധൈര്യം സംഭരിച്ച്, ശബ്ദം മാറ്റി ബേബിക്കുട്ടി നേരിട്ടായി ഡോളിക്കുട്ടിയുടെ വീട്ടിലേക്കുള്ള വിളി. ഡോളിക്കുട്ടി ഫോണിനു സമീപം എപ്പോളുമുണ്ടായിരുന്നു.

എക്കണോമിക്സില്‍ ഡിഗ്രി രണ്ടാം വര്‍ഷക്കാരിയായ ത‍ന്‍റെ മകള്‍ക്ക് നിലവിലുള്ള, ഇനിയുമുണ്ടാകാന്‍ പോകുന്ന അഗാധമായ ജ്ഞാനത്തെക്കുറിച്ചുള്ള ദിവാസ്വപ്നങ്ങളിലായിരുന്ന ഏലിക്കുട്ടിയും മകളെ കെട്ടിച്ചുവിടാന്‍ സ്ത്രീധനം സംഘടിപ്പിക്കാന്‍ ചിട്ടിക്കു ചേര്‍ന്നതിന്റെ പെടാപ്പാടില്‍ ഓടിനടന്ന അവുസേപ്പു ചേട്ടനും ഒന്നുമറിഞ്ഞില്ല.

ഡോളിക്കുട്ടിയുടെ പ്രണയനിശ്വാസങ്ങള്‍ക്കു സാക്ഷിയായിരുന്ന ടെലിഫോണും ഒന്നുമറിഞ്ഞില്ല. ടെലിഫോണിന്‍റെ അങ്ങേത്തലയ്ക്കല്‍ മിടിക്കുന്ന ഹൃദയത്തോടും പ്രണയം തുളുന്പുന്ന മനസ്സോടും കൂടി നിറഞ്ഞുനിന്ന ബേബിക്കുട്ടിയും ഒന്നുമറിഞ്ഞില്ല. ഡോളിക്കുട്ടിക്കു മാത്രം എല്ലാമറിയാമായിരുന്നു.

ഒരു ദിവസം ആ ഫോണ്‍ ശബ്ധിക്കാതെയായി.

ബേബിക്കുട്ടിയുടെ കണ്‍മുന്നിലൂടെ വെയിലും മഴയും കാലവും കടന്നുപോയി. അക്കൂട്ടത്തില്‍ ഡോളിക്കുട്ടിയും ജോമിക്കുട്ടനുംഅവരുടെ കുട്ടികളുമുണ്ടായിരുന്നു!!!

Saturday, September 08, 2007

ദൈവത്തിന്‍റെ കരിനാക്ക്


കുത്തുകല്ലേല്‍ ദൈവം!!!

ദൈവം എന്നത് അദ്ദേഹത്തിന്‍റെ ഇരട്ടപ്പേരായിരുന്നില്ല. വിളിപ്പേരുമായിരുന്നില്ല. സ്വന്തം പേര്. സ്കൂളിലെ പേര്. പള്ളിയിലെ പേര്.

സെക്കന്‍ഡ് ഷോ കഴിഞ്ഞ് പാലായില്‍നിന്നു ഭരണങ്ങാനത്തേക്കു നടക്കുകയായിരുന്ന ദൈവത്തിനു മുന്‍പില്‍ ഒരിക്കല്‍ പൊലീസ് ജീപ്പു വന്നു സഡന്‍ ബ്രേയക്കിട്ടു നിന്നു.
അകത്തുനിന്ന് എസ് ഐ ചോദിച്ചു- എങ്ങോട്ടാടാ?
വീട്ടിലോട്ടാ...
എവിടെപ്പോയതാ?
സിനിമ കാണാന്‍
എന്നതാ നിന്‍റെ പേര്?
ദൈവം
എന്തോന്ന്?!!
ദൈവം!!
ജീപ്പ് നിര്‍ത്തിയസ്ഥലം പന്തിയല്ലെന്നു കണ്ട് പൊലീസ് സംഘം കത്തിച്ചുവിട്ടെന്നു കഥ.
പൊലീസു മാത്രമല്ല ഞെട്ടിയിട്ടുള്ളത്. ദൈവവും ഞെട്ടിയിട്ടുണ്ട്.


പള്ളിയില്‍ കുര്‍ബാനയ്ക്കിടെ ഇരുന്നുറങ്ങുമ്പോള്‍ പ്രാര്‍ഥനകള്‍ക്കിടയിലെ ചില പരാമര്‍ശങ്ങള്‍ കേട്ട്, അച്ചന്‍ തന്നെ വിളിച്ചതാകാമെന്നു കരുതി കുത്തുകല്ലേല്‍ ദൈവം പലവട്ടം ഞെട്ടി ഉണര്‍ന്നിട്ടുണ്ട്.

മീനച്ചില്‍ താലൂക്കിലെ പെണ്‍കുട്ടികള്‍ വഴിയേ പോകുമ്പോള്‍ ഒരു പട്ടിയെ കണ്ടാല്‍ പോലും ചുമ്മാ ഒരു ജാഡയ്ക്ക് ഉടന്‍ ഉച്ചരിക്കാറുള്ള എന്‍റെ ദൈവേ.... എന്ന വള്ളുവനാടന്‍ വിളി കേട്ട് ചെറുപ്പത്തില്‍ ദൈവം കോരിത്തരിച്ചിട്ടുണ്ട്.

എന്‍റെ ദൈവമേ എന്‍റെ ആശ്രയമേ എന്ന് സകല വീടുകളുടെയും മുന്നില്‍ എഴുതി വച്ചിരിക്കുന്നതു കണ്ട് കുത്തുകല്ലേല്‍ ദൈവം ചേട്ടന്‍ അദ്ഭുതപ്പെട്ടിട്ടുണ്ട്.

പനി പിടിച്ച് ആശുപത്രിയില്‍ കിടക്കുമ്പോള്‍ പത്താം നമ്പര്‍ റൂമില്‍ ദൈവം എന്ന പേരുകണ്ട് രോഗികള്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെ ആശ്ചര്യപ്പെട്ടിട്ടുണ്ട്, മോഹാലസ്യപ്പെട്ടിട്ടുണ്ട്.

അതിനെല്ലാമപ്പുറം, മേരിഗിരി ഷാപ്പിന്‍റെ പറ്റുപുസ്തകത്തിലെ പതിനാലം പേജുകണ്ട് സാക്ഷാല്‍ ദൈവം തന്നെ ഞെട്ടിയിരിക്കുന്നു!

അതായിരുന്നു ദൈവം.

കുത്തുകല്ലേല്‍ അന്ത്രോസു ചേട്ടന്‍റെയും മേരിച്ചേട്ടത്തിയുടെയും മൂത്തമകനായിരുന്നു ദൈവം. മൂത്തമകന്‍ ആയതു കൊണ്ട് ദൈവത്തിനു ചേട്ടന്‍മാരോ ചേട്ടത്തിമാരോ ഇല്ലായിരുന്നു. ഇന്നു കുട്ടികള്‍ക്കു സച്ചിന്‍, സൗരവ്, സാനിയ എന്നൊക്കെ പേരിടുന്നതു പോലെ അന്ന് അവൈലൈബിള്‍ ആയിരുന്ന ഒരേയൊരു ദൈവം സാക്ഷാല്‍ ദൈവം തമ്പുരാന്‍ ആയിരുന്നതു കൊണ്ടാണ് അന്ത്രോസു ചേട്ടനും മേരിച്ചേട്ടത്തിയും മകനു ദൈവം എന്നു പേരിട്ടത്.

അങ്ങനെ ദൈവമുണ്ടായി. ദൈവത്തിനും മുന്‍പേ ഭൂമിയില്‍ അന്ത്രോസു ചേട്ടനും മേരിച്ചേട്ടത്തിയുമുണ്ടായി. ദൈവത്തിനു രണ്ടുമക്കള്‍. രണ്ടും പെണ്ണുങ്ങള്‍. ആണൊരുത്തന്‍ ഉണ്ടായിരുന്നേല്‍ ഭൂമിയില്‍ ഈശോമിശിഹായും രണ്ടാമതു പിറന്നേനെ. ഈശോ മാത്രമല്ല ഒരു പക്ഷേ, ഈശോയുടെ അനിയന്‍ ശെമയോന്‍, അവന്‍റെ അനിയന്‍ പത്രോസ് എന്നു തുടങ്ങി യൂദാസ് വരെ ഭരണങ്ങാനത്തുകൂടി പാഞ്ഞുനടന്നേനെ. അത്രയ്ക്കങ്ങു കളി വേണ്ടെന്നു സാക്ഷാല്‍ ദൈവം തീരുമാനിച്ചതു കൊണ്ട് ദൈവത്തിനു രണ്ടും പെണ്‍മക്കളായിപ്പോയി.

ഭരണങ്ങാനത്തേക്കു പോകാനായി രാവിലെ വീട്ടില്‍നിന്നിറങ്ങിയതായിരുന്നു ദൈവം. വഴിയരികിലെ ചാലയ്ക്കല്‍ ലൂക്കാച്ചന്‍ ചേട്ടന്‍ അതാ വീട്ടുമുറ്റത്ത്. ലൂക്കാച്ചനെ കണ്ടിട്ടു രണ്ടുമൂന്നാഴ്ചയായിരിക്കുന്നു. കുശലാന്വേഷണം നടത്താന്‍ ദൈവം വീട്ടിലേക്കു കയറി.

ദൈവം വരുന്നതു കണ്ടതേ ലൂക്കാച്ചന്‍ മുണ്ടിന്‍റെ മടക്കിക്കുത്തഴിച്ചു. യഥാര്‍ഥ ദൈവത്തെ ആരും നേരില്‍ കണ്ടിട്ടില്ലാത്തതിനാല്‍ പറയാന്‍ പറ്റുവേല. ഇനി ഇയാളു തന്നെയാണോ യഥാര്‍ഥ ദൈവം എന്നും ആര്‍ക്കറിയാം?!!

എന്നാ ഉണ്ടു ലൂക്കാച്ചാ വിശേഷം?
സുഖം.
എന്നാ രാവിലെ പരിപാടി?
ഓ.. ചുമ്മാ. പറമ്പിലോട്ട് ഇറങ്ങുവാരുന്നേ.
കപ്പയ്ക്കൊക്കെ നല്ല വിളവാണല്ലോ അല്ലേ?
അതേന്നേ....

കുശലാന്വേഷത്തിനു ശേഷം തിരിച്ചു നടക്കാന്‍ തുടങ്ങിയപ്പോഴാണു ദൈവം അതു കണ്ടത്. വീട്ടുമുറ്റത്തെ പ്ളാവു നിറയെ കായ്ച്ചു കിടക്കുന്ന ചക്കകള്‍. ഒരു ശിഖിരത്തില്‍ മാത്രം പത്തും പതിനഞ്ചും ചക്കകളുണ്ടാവും.

അതു കണ്ടപ്പോള്‍ ദൈവത്തിനു വീര്‍പ്പുമുട്ടി.
ഓ ലൂക്കാച്ചോ...ഇത്തവണ പഞ്ഞം വന്നാലും നിനക്കു കുഴപ്പമില്ലല്ലോടാ. ഒരു വര്‍ഷത്തേക്കു തിന്നാനുള്ള ചക്കയില്ലേടാ പ്ളാവില്‍?!!
അതു ശരിയാ ദൈവം ചേട്ടാ...
ഞെട്ടലോടെ ലൂക്കാച്ചന്‍ തലയാട്ടി.
അടുത്തനിമിഷം പ്ളാവും തലയാട്ടി. മേല്‍പ്പറഞ്ഞ ഒരാണ്ടത്തേക്കു തിന്നാനുള്ള ചക്കയുമായി പ്ളാവിന്‍റെ ആ ശിഖിരം നെലോളിച്ചോണ്ടു നിലംപതിച്ചു.
വേണമെങ്കില്‍ ചക്ക നിലത്തും കായ്ക്കും എന്നതായി ഗതി.

അതായിരുന്നു ദൈവം.

ദൈവത്തിന്‍റെ ഒരേയൊരു കുഴപ്പവും അതായിരുന്നു. കരിനാക്ക്. എത്ര കഷ്ടപ്പെട്ടു വടിച്ചിട്ടും കത്തികൊണ്ടു ചെരണ്ടിനോക്കിയിട്ടും ദൈവത്തിന്‍റെ നാക്കില്‍ കുടിയിരിക്കുന്ന ഈയൊരു കുഴപ്പം മാത്രം മാറിയില്ല.

നാട്ടുകാരുടെ മൊത്തം പേടി സ്വപ്നമായിരുന്നു ദൈവത്തിന്‍റെ നാക്ക്. ദൈവത്തിനു പോലും സ്വന്തം നാക്കിനെ പേടിയായിരുന്നു.

സാധാരണ കരിനാക്കുകാര്‍ക്കും ദൈവത്തിന്‍റെ നാക്കിനെ പേടിയായിരുന്നു. കാരണം, കരിനാക്കിന്‍റെ വിപരീതഫലമായിരുന്നു ദൈവത്തിന്‍റെ നാക്കുകൊണ്ടു പറ‍ഞ്ഞാല്‍ സംഭവിക്കുക. എന്തു പറഞ്ഞാലും നേരെ ഓപ്പസിറ്റ് എഫക്ട്. ദൈവം എഫ്ക്ട്!!

ഒരിക്കല്‍ നാട്ടിലെ അറിയപ്പെടുന്ന വൈദ്യനും കുപ്രസിദ്ധ കരിനാക്കാശാനുമായ ചെല്ലപ്പന്‍ ചേട്ടനെ ദൈവം ചേട്ടന്‍ എന്തോ ആവശ്യത്തിനു കാണാന്‍ പോയി. ഭരണങ്ങാനം പട്ടണത്തില്‍ റോഡരികില്‍ ഇരുവരും സംസാരിച്ചു നില്‍ക്കെ അവരുടെ കണ്‍മുന്‍പില്‍ക്കൂടി ബൈക്കുകളിലൊന്ന് ചീറിപ്പാഞ്ഞു പോയി. ഞെട്ടിത്തെറിച്ച ചെല്ലപ്പന്‍ ചേട്ടന്‍ വായില്‍ തെറിച്ചുവന്ന തെറിയൊതുക്കി ദേഷ്യം ഇങ്ങനെ റിലീസ് ചെയ്തു

എന്നാ ഒടുക്കത്തെ പോക്കാടാ കാലമാടാ....??

ചെല്ലപ്പന്‍ചേട്ടന്‍ പറഞ്ഞത് അച്ചട്ടായി. അടുത്ത സെക്കന്‍ഡില്‍ ബൈക്ക് പൊട്ടിച്ചുപോയവന്‍ അമ്പാറ വളവില്‍ ക്ളോസ്. തീര്‍ന്നില്ല, കാലമാടന്‍ എന്ന പരാമര്‍ശവും വിധി അന്വര്‍ഥമാക്കി. ഒരു പട്ടി വിലങ്ങന്‍ ചാടിയതിനെത്തുടര്‍ന്നായിരുന്നു ദുരന്തം. ആ ദുരന്തത്തില്‍ ഇടപെട്ട പട്ടിയും ക്ളോസ് ആയി. രണ്ടു മരണം.

ഇതു കണ്ടതും ചെല്ലപ്പന്‍ ചേട്ടനോടു സംസാരിച്ചുനിന്ന ദൈവത്തിന് പുള്ളിക്കാരനോടുള്ള ബഹുമാനം ഇരട്ടിച്ചു. വര്‍ധിച്ചു വന്ന ബഹുമാനത്തിന്‍റെ വീര്യത്തില്‍ ദൈവം ഇങ്ങനെ അരുള്‍ച്ചെയ്തു

ഓ ചെല്ലപ്പാ... എന്നാ കരിനാക്കാടോ തന്‍റേത്???

അടുത്ത നിമിഷം ചെല്ലപ്പന്‍ ചേട്ടന്‍ നാക്കുകടിച്ച് നടുറോഡില്‍ കുഴഞ്ഞുവീണു. സംഭവം നടന്നിട്ട് വര്‍ഷം നാലുകഴിയുന്നു. നാളിതുവരെ ചെല്ലപ്പന്‍ ചേട്ടനു സംസാരശേഷി തിരിച്ചുകിട്ടിയിട്ടില്ല.
ദൈവത്തിന്‍റേത് കരിനാക്കല്ല, മറ്റെന്തോ സംഭവമാണെന്നു ജനം പറഞ്ഞു തുടങ്ങി. ദൈവത്തിന്‍റെ മുന്നില്‍ ചെന്നു ചാടാതെ ഭയഭക്തി ബഹുമാനത്തോടെയായിരുന്നു നാട്ടുകാരുടെ നടപ്പ്. ദൈവത്തിനും തന്‍റെ നാക്കിനോടു ദേഷ്യം തോന്നിത്തുടങ്ങിയിരുന്നു. ഈ കരിനാക്കിനു പകരം വായില്‍ ഒരു കരിമൂര്‍ഖനായിരുന്നെങ്കിലും കുഴുപ്പമില്ലായിരുന്നു എന്നു വരെ ദൈവത്തിനു തോന്നി.

പക്ഷേ, എന്തു ചെയ്യാം, സംസാരിക്കണമെങ്കില്‍ ഇതില്ലാതെ പറ്റില്ലല്ലോ.

നാട്ടുകാര്‍ക്ക് അക്കിടി പറ്റാതിരിക്കാന്‍ ദൈവം സംസാരം കുറച്ചു. ചിരി മാത്രമാക്കി. വീട്ടില്‍ പക്ഷേ ദൈവത്തിന്‍റെ നാക്കിനു വിലയില്ലായിരുന്നു. മറ്റേതു പുരുഷന്‍മാരുടെയും പോലെ ദൈവവും സമാനനായിരുന്നു. അവിടെ ദൈവത്തിന്‍റെ ഭാര്യ ദീനാമ്മ ചേട്ടത്തിയുടെയും രണ്ടുമക്കളുടെയും നാക്കിനായിരുന്നു വില.


ഇടയ്ക്കിടെ, നീ പണ്ടാരമടങ്ങിപ്പോവുകയേ ഉള്ളെടീ പുല്ലേ എന്നു ദൈവം പ്രാകുന്നതുമൂലം ദീനാമ്മച്ചേട്ടത്തി അനുദിനം അഭിവൃദ്ധിപ്പെട്ടുകൊണ്ടിരുന്നു.

നിന്‍റെ അപ്പന്‍ മഹാ ചെറ്റയാണെന്ന് എനിക്കറിയാമെടീ എന്ന് ദൈവം കലികേറി പറഞ്ഞതിനു പിറ്റേന്നാണ് ദീനാമ്മച്ചേട്ടത്തിയുടെ അപ്പന്‍, അതായതു ദൈവത്തിന്‍റെ അമ്മായിപ്പന്‍ ഔസേപ്പുചേട്ടന്‍ കള്ളുകുടി നിര്‍ത്തി ഡീസന്‍റായത്!!

കാര്യങ്ങളിങ്ങനെ തന്നെത്തന്നെ തിരിഞ്ഞുകൊത്തുന്നതു മൂലം സാക്ഷാല്‍ ദൈവം തമ്പുരാനു പോലും ഈ അവസ്ഥ വരുത്തരുതേയെന്ന് ദൈവം ചേട്ടന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.


സാക്ഷാല്‍ ദൈവം തമ്പുരാന്‍ അറിഞ്ഞും ദൈവം ചേട്ടന്‍ അറിയാതെയും അപ്പോള്‍ ഒരു സംഗതി നടക്കുന്നുണ്ടായിരുന്നു.

ദൈവം ചേട്ടന്‍റെ മൂത്തമകള്‍ നാന്‍സിയും ദൈവംചേട്ടന്‍റെ പുറംപോക്കിലെ താമസക്കാരനായ കുഞ്ഞൂഞ്ഞിന്‍റെ ഇളയമകന്‍ ഡില്‍ക്കുഷും തമ്മിലുള്ള പ്രണയം!

ദൈവം ചേട്ടന്‍റെ മകളായ നാന്‍സിക്കു ഡില്‍ക്കുഷിനോടു സ്വര്‍ഗീയമായ പ്രണയം. ഡിഗ്രി കഴിഞ്ഞു തയ്യലു പഠിക്കാന്‍ പോയാല്‍ മതിയെന്നു വീട്ടില്‍നിന്നു ദൈവം ചേട്ടന്‍ പത്തുവട്ടം പറഞ്ഞിട്ടും അതുകേള്‍ക്കാതെ ടൈപ്പിങ് പഠിക്കാന്‍ പോയതായിരുന്നു നാന്‍സിയുടെ പ്രണയജീവിതത്തിലെ വഴിത്തിരിവ്.

ടൈപ്പ് റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്യൂട്ടറായിരുന്നു ഡില്‍ക്കുഷ്.

എഎസ്ഡിഎഫ്ജിഫ് സ്പേസ് സെമിക്കോളന്‍ എല്‍കെജെഎച്ച് ജെ എന്നടിച്ചു പഠിക്കാന്‍ തുടങ്ങിയ നാന്‍സിയെ ഡില്‍ക്കുഷ് അടുത്ത സ്റ്റെപ്പില്‍ അടിക്കാന്‍ പഠിപ്പിച്ചത് ലവ്, ഐ ലവ് യു തുടങ്ങിയ നെടുനീളന്‍ പദങ്ങളായിരുന്നുവെന്നു ദൈവം അറിഞ്ഞില്ല.

അതിവേഗം ടൈപ്പില്‍ ലോവറും ഹയറും പിന്നെ ഹൈയസ്റ്റുംപാസായിട്ടേ താനടങ്ങൂ എന്ന വാശിയില്‍ നാന്‍സിയാവട്ടെ ഐ ലവ് യു എന്ന് ടൈപ്പ് ചെയ്തും ചെയ്യാതെയും ഡില്‍ക്കുഷിനോട് ആവര്‍ത്തിച്ചുകൊണ്ടുമിരുന്നു.

സാക്ഷാല്‍ ദൈവം തമ്പുരാന്‍ ഇതൊക്കെ മുകളിലിരുന്നു കാണുന്നുണ്ടെന്നു നാന്‍സിക്കറിയാമായിരുന്നു. പക്ഷേ, തന്‍റെ അപ്പനായ ദൈവം ഇതറിയരുതേ എന്നായിരുന്നു നാന്‍സിക്കു ദൈവംതമ്പുരാനോടുള്ള പ്രാര്‍ഥന.

ദൈവത്തിനും പരിമിതികളുണ്ടല്ലോ. അങ്ങനെ, ഒരു സുപ്രഭാതത്തില്‍ മകള്‍ ടൈപ്പ് ചെയ്ത മനോഹരമായ പ്രണയലേഖനം ദൈവം ചേട്ടന്‍ കണ്ടെത്തി.

അതിലെ മംഗ്ളീഷ് വരികള്‍ വായിച്ചെടുത്ത ദൈവംചേട്ടന് ചങ്കുവിലങ്ങി. ദൈവത്തിനു ഹാര്‍ട്ട് അറ്റാക്ക്!!!

ആശുപത്രിക്കിടക്കിയില്‍ കിടന്ന് ദൈവം മൂത്തമകളോടു കടുപ്പിച്ചു പറഞ്ഞു.

അവനെ പ്രേമിച്ചാല്‍ നീ കൊണംവരത്തില്ലെടീ....

പിറ്റേന്ന്, നാന്‍സിയും ഡില്‍ക്കുഷും ഒളിച്ചോടി.

അതറിഞ്ഞു ദൈവത്തിനു വീണ്ടും അറ്റാക്കുണ്ടായി.

പത്തുപൈസയ്ക്കു ഗതിയില്ലാത്ത ആ നെറികെട്ടവന്‍ എന്‍റെ മകളെ പഞ്ഞമിട്ടു കൊല്ലത്തേയുള്ളൂ. അവനും അവളും മുടിഞ്ഞുപോകത്തേയുള്ളൂ...!!!

പിറ്റേന്ന് ഡില്‍ക്കുഷിനു ലോട്ടറിയടിച്ചു. അമ്പതുലക്ഷം.

നാന്‍സിയുടെയും ഡില്‍ക്കുഷിന്‍റെയും ജീവിതം പച്ചപിടിച്ചു. ആശുപത്രി വിട്ട ദൈവത്തിനു സന്തോഷമായി. മകള്‍ക്കു നല്ലൊരു ജീവിതമായിരിക്കുന്നു. കഴിഞ്ഞതെല്ലാം മറന്ന്, മകളെ കാണാന്‍ ദൈവം ഒരു ദിവസം അവരുടെ പുതിയ വീട്ടിലെത്തി.

വീട്ടുവരാന്തയില്‍ പത്രം വായിച്ചിരുന്ന ഡില്‍ക്കുഷും നാന്‍സിയും ദൈവത്തെ കണ്ട് ഞെട്ടി.

ഞെട്ടേണ്ടെടാ മരുമോനെ. ഞാന്‍ നിങ്ങളെ കാണാനും ആശീര്‍വദിക്കാനും വന്നതാ....
അതുകേട്ടതും ഡില്‍ക്കുഷും നാന്‍സിയും ദൈവത്തിന്‍റെ കാലില്‍ വീണു.

അപ്പന്‍ ഞങ്ങളോടു ക്ഷമിക്കണം. ദയവായി അനുഗ്രഹിക്കരുത്. വേണേല്‍ ഒന്നുകൂടി പ്രാകിക്കോ... ഒരു അമ്പതേക്കറിനു കൂടി വില പറഞ്ഞുവച്ചിട്ടുണ്ട്.

അതുകേട്ടു ദൈവം ഞെട്ടി. പിന്നെ തിരി‍ഞ്ഞു നടന്നു. നടക്കുംവഴി ദൈവമോര്‍ത്തു. മക്കളു പറഞ്ഞതാണു ശരി. താന്‍ അവരെ പ്രാകിയാല്‍ അവര്‍ക്കു നല്ലതേ വരൂ. അനുഗ്രഹിച്ചാല്‍ ചിലപ്പോള്‍ മുടിഞ്ഞുപോകാനും അതുമതി.

ദൈവത്തിന്‍റെ വിശാലമനസ്സ് മകളോടും മരുമകനോടും ക്ഷമിച്ചു.

കടിച്ചു പിടിച്ചിട്ടും നില്‍ക്കാത്ത മനസ്സ് ദൈവത്തിന്‍റെ പിടിവിട്ടു. പോന്ന പോക്കിന് അകമഴിഞ്ഞ സന്തോഷത്തോടെ ദൈവം വീട്ടുമുറ്റത്തു തന്നെ നോക്കിനില്‍ക്കുന്ന മകളോടും മരുമകനോടുമായി ഇങ്ങനെ വിളിച്ചു പറഞ്ഞു.

നന്നായി വരുമെന്‍റെ മക്കളേ... നിങ്ങളു നന്നായി വരും!!!!!

Friday, September 07, 2007

ലോകാവസാന നാളിലെ ഭൂമികുലുക്കം

അതിരാവിലെ വീട്ടില്‍കിടന്നുറങ്ങുകയായിരുന്ന കുഞ്ഞപ്പന്‍റെ തലയില്‍ വന്നുവീണ കോടിയോട് ആയിരുന്നു ഭൂമികുലുക്കത്തിന്‍റെ ആദ്യത്തെ അടയാളം. ഭൂമി കുലുങ്ങിക്കൊണ്ടിരുന്നു.

കുഞ്ഞപ്പന്‍റെ വീട്ടിലെ അടുക്കളയിലിരുന്ന് ഇഡ്ഡലിപ്പാത്രം, അടുക്കളയുടെ ഇറമ്പിലിരുന്ന് ചെരവത്തടി, വര്‍ക്ക് ഏരിയയില്‍ ഇരുന്ന് ആട്ടുകല്ല് തുടങ്ങിയവ ഭംഗിയായി കുലുങ്ങിക്കൊണ്ടിരുന്നു. ഉറങ്ങിക്കൊണ്ടിരുന്ന കുഞ്ഞപ്പന്‍ കട്ടിലില്‍ കിടന്ന് കുലുങ്ങിക്കൊണ്ടുമിരുന്നു.

ചിറ്റാനപ്പാറ റോഡിലൂടെ ഓട്ടോറിക്ഷയില്‍ പോവുകയാണെന്നു വിചാരിച്ചു കുഞ്ഞപ്പന്‍ സ്വപ്നത്തില്‍ തുടരവേയായിരുന്നു കോടിയോട് സ്ഥാനം തെറ്റാതെ കിറുകൃത്യമായി കുഞ്ഞപ്പന്‍റെ നെറുകംതലയില്‍ വീണത്.

അയ്യോ ഓട്ടോ ഇടിച്ചേ എന്ന അലര്‍ച്ചയുമായി കണ്ണുതുറന്ന കുഞ്ഞപ്പന് വീടുകുലുങ്ങുന്നതും കട്ടിലുകുലുങ്ങുന്നതും കൂട്ടത്തില്‍ താന്‍ കുലുങ്ങുന്നതും ഒറ്റയടിക്കു പിടികിട്ടിയില്ല. ഭൂമിക്കടിയില്‍നിന്ന് ജാക്ക് ഹാമറിന്‍റെ പോലുള്ള ശബ്ദം കേട്ട് വീടിനു പുറത്തേക്കു നോക്കിയ കുഞ്ഞപ്പന്‍ ഞെട്ടിപ്പോയി.

തന്‍റെ ഭാര്യയും അഞ്ചുമക്കളും വീടിനു പുറത്തുനിന്നു ചാച്ചാ ചാച്ചാ എന്നു കീറി വിളിക്കുന്നു.

വീടിനടുത്ത് വല്ല വിമാനവും തകര്‍ന്നു വീണതാകുമെന്നു കരുതി അതൊന്നു കാണാമല്ലോ എന്ന സന്തോഷത്തോടെ കുഞ്ഞപ്പന്‍ പുറത്തേക്കു ചാടിയിറങ്ങി. കുഞ്ഞപ്പന്‍റെ ചാട്ടത്തില്‍ ഭൂമി ഒന്നുകൂടി ആഞ്ഞുകുലുങ്ങി. കുലുക്കത്തിന്‍റെ താളത്തില്‍ കുഞ്ഞപ്പന്‍ തുള്ളിക്കൊണ്ട് ആ സത്യം തിരിച്ചറ‍ിഞ്ഞു.

ഭൂമി കുലുക്കം!!

സ്കൂളില്‍ പഠിക്കുമ്പോള്‍ കേട്ടിട്ടുള്ളേയുള്ളൂ (പഠിച്ചിട്ടില്ല!) ഭൂമികുലുക്കത്തെക്കുറിച്ച്. ഇതിപ്പം കുലുങ്ങിക്കൊണ്ടിരിക്കന്നു.

കുലുങ്ങിക്കൊണ്ട് കുഞ്ഞപ്പന്‍ ചുറ്റും നോക്കി. ചുറ്റുപാടും കുലുങ്ങുന്നുണ്ട്. തന്‍റെ വര്‍ഗശത്രുവും മൂത്ത ചേട്ടനുമായ അവിരാച്ചന്‍റെ വീട്ടിലേക്കു നോക്കി. അവിടവും കുലുങ്ങുന്നുണ്ടെന്നു മാത്രമല്ല, അവിരാപ്പിയുടെ മൂത്തമക്കളു നാലും കുലുങ്ങിക്കൊണ്ട് അലറിക്കാറുന്നുമുണ്ട്. കുഞ്ഞപ്പന് അതുകണ്ടപ്പോള്‍ ചിരി വന്നു. അതോടെ കുഞ്ഞപ്പന്‍ കുലുങ്ങിച്ചിരിക്കാന്‍ തുടങ്ങി!

ഒന്നു രണ്ടു മിനിറ്റുകൂടി കുലുങ്ങിശേഷം കുലുക്കം നിന്നു. അപ്പോഴും കുഞ്ഞപ്പനടക്കമുള്ള നാട്ടുകാരുടെ കുലുക്കം നിന്നില്ല. അതിരാവിലെ നാട്ടില്‍ വാര്‍ത്ത പരന്നു. ഭൂമികുലുക്കം. ലോകാവസാനം. ഇന്നു വൈകുന്നേരത്തിനു മുന്‍പ് നാലുതവണകൂടി ഭൂമി കുലുങ്ങും. നാലാമത്തെ കുലുക്കത്തോടെ ഭൂമി രണ്ടായി പിളരും. അതോടെ ലോകം അവസാനിക്കും. പിന്നീട് ഒരറിയിപ്പുണ്ടാകും വരെ ലോകം ഉണ്ടായിരിക്കുന്നതല്ല.


അതുകേട്ടതോടെ, കുഞ്ഞപ്പന്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരു പരക്കം പായാന്‍ തുടങ്ങി. ഇറച്ചിക്കച്ചവടക്കാരന്‍ കറിയാച്ചേട്ടന്‍റെ കടയില്‍ അന്നു പതിവില്ലാത്ത തിരക്കായിരുന്നു. ലോകം പണ്ടാമരടങ്ങുന്നതിനു മുന്‍പ് അല്‍പംകൂടി പോത്തിറച്ചിയും കപ്പയും കഴിക്കണമെന്നു വിചാരിച്ച സമാനമനസ്കരുടെ ഇടിമൂലവും ലോകം ഇന്നവസാനിക്കുന്നതുമൂലവും സാധനത്തിന്‍റെ ഷോര്‍ട്ടേജ് മൂലവും കറിയാച്ചേട്ടന്‍ വീട്ടില്‍ മാന്യമായി പുല്ലുതിന്നുകൊണ്ടിരുന്ന മൂരിക്കുട്ടിയെ വരെ കൊണ്ടുവന്ന് കൊന്നു കെട്ടിത്തൂക്കി.

ഉച്ചയായതോടെ ജനം രണ്ടാമത്തെ കുലുക്കം പ്രതീക്ഷിച്ചു കാത്തിരിപ്പു തുടങ്ങി.നാലാമത്തെ കുലുക്കം എങ്ങനെയുള്ള കുലുക്കമായിരിക്കുമെന്നു പലരും വിശദീകരിച്ചുകൊണ്ടിരുന്നു. നാലാമത്തെ കുലുക്കം നാലുമിനിറ്റു നീണ്ടു നില്‍ക്കും. ആദ്യമിനിറ്റില്‍ത്തന്നെ കെട്ടിടങ്ങള്‍ മുഴുവന്‍ തകരും. രണ്ടാമത്തെ മിനിറ്റില്‍ മരങ്ങള്‍ കടപുഴകും. മൂന്നാമത്തെ മിനിറ്റില്‍ കരയിലേക്കു കടല്‍ അടിച്ചുകയറും.നാലാമത്തെ മിനിറ്റില്‍ ലോകം അവസാനിക്കും. ദ് എന്‍ഡ്!!!

ജനം തലേല്‍ കൈവച്ചു. ചാകുമെന്നുറപ്പായി. പണ്ടാമരടങ്ങാന്‍ പത്തിരുപതു ദിവസമെങ്കിലുംകൂടി കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു എന്നു പലരുംപറഞ്ഞു. പക്ഷേ, എന്തു ചെയ്യാം, ഇന്നു വൈകിട്ട് ഏഴുമണിക്കു മുന്‍പ് ലോകം അവസാനിക്കുമെന്നുറപ്പായി.

രണ്ടാമത്തെ കുലുക്കവും പ്രതീക്ഷിച്ചു ജനം കാത്തിരിക്കുകയാണ്. ഉച്ചയായിട്ടും രണ്ടാമത്തെ കുലുക്കമുണ്ടായില്ല. അതിന്നിടെ, പതിനൊന്നരയ്ക്ക് രണ്ടാമത്തെ കുലുക്കമുണ്ടായി എന്നും ആരും അറിയാതെ പോയതാണെന്നും ആരൊക്കെയോ പറഞ്ഞു. ആരൊക്കെയോ വിശ്വസിച്ചു. ആരും വിശ്വസിക്കാതിരുന്നില്ല എന്നതായിരുന്നു സത്യം!

മൂന്നാമത്തെ കുലുക്കം മൂന്നുമണിക്ക്! ഇതുവരെ ചെയ്ത സകല കൊള്ളരുതായ്കകളും കുമ്പസാരിച്ചു തീര്‍ക്കാന്‍ മിക്കവരും പള്ളിയിലേക്കു വച്ചടിച്ചു. അവിടെ അല്‍ഫോന്‍സാമ്മയുടെ തിരുന്നാളിനു പോലും കണ്ടിട്ടില്ലാത്ത തിരക്ക്. സാധാരണയായി അഞ്ചുമിനിട്ടുകൊണ്ടു തീരുന്ന കുമ്പസാരം തീരാന്‍ അരമണിക്കൂറും ഒരുമണിക്കൂറും. എല്ലാവരും ഇതുവരെ പറയാത്ത മഹാഅപരാധങ്ങള്‍ മുതല്‍ രാവിലെ വീട്ടിലെ പട്ടിക്കു തല്ലുകൊടുത്തതുവരെയുള്ള തെറ്റുകള്‍ എണ്ണെയെണ്ണി ഏറ്റുപറഞ്ഞുകൊണ്ടുമിരുന്നു.

മൂന്നുമണിയായി. ലോകം അവസാനിക്കുന്നതിനു മുന്‍പത്തെ അവസാനത്തെ കുലുക്കം. ഇനിയെന്തു ചെയ്യാന്‍ എന്ന സങ്കടത്തോടെ താടിക്കു കൈയും കൊടുത്തിരുന്ന കുഞ്ഞപ്പന് എന്തു ചെയ്യണമെന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു.

ഒടുവില്‍ ഐഡിയകളുടെ കേദാരമായ കുഞ്ഞപ്പന്‍റെ കുടുംബനാഥ കുഞ്ഞമ്മിണിയാണ് ആ ഐഡിയ പറഞ്ഞത്- നമ്മക്ക് വൈകുന്നേരം പള്ളിയിലേക്കു പോയാലോ? കുലുക്കമുണ്ടാകുമ്പോള്‍ പ്രാര്‍ഥിച്ചോണ്ടു മരിക്കാം. അതാവുമ്പോള്‍ സ്വര്‍ഗത്തില്‍ പോകുമെന്നുറപ്പാ...

സ്വര്‍ഗത്തില്‍ പോകണമെന്ന ആഗ്രഹമുണ്ടായിരുന്ന ജനസഞ്ചയം മൂന്നാമത്തെ കുലുക്കവും നാലാമത്തെ കുലുക്കവും ഇനി ഒന്നിച്ചേ ഉണ്ടാകൂ എന്ന കണക്കുകൂട്ടലില്‍ വൈകിട്ട് അഞ്ചുമണിയോടെ അവസാനത്തെ അത്താഴവും കഴിച്ച് ഏമ്പക്കവും വിട്ട് പള്ളിമുറ്റത്ത് എത്തിയിരുന്നു. ചിലര്‍ പ്രാര്‍ഥനയ്ക്കിടെ കഴിക്കാനായി കപ്പ വേയിച്ചതുംപോത്തിറച്ചിയും മുതല്‍ വാഴക്കുല വരെ കൊണ്ടുവന്നിരുന്നു.

വൈകിട്ട് ഏഴുമണിക്ക് ലോകം അവസാനിക്കും. അതിനാല്‍ നാളെ രാവിലെ ആറുമണിയുടെ കുര്‍ബാന ഉണ്ടായിരിക്കുന്നതല്ല- അച്ചന്‍ മൈക്കിലൂടെ ഇങ്ങനെ പറ‍ഞ്ഞുകൊണ്ടാണു പ്രാര്‍ഥന തുടങ്ങിയത്. പ്രാര്‍ഥനയും പ്രസംഗവും ജനം വളളിപുള്ളി വിടാതെ കേട്ടുകൊണ്ടിരുന്നു.
പള്ളിയുടെ ആനവാതില്‍ക്കല്‍ അന്നു പതിവിലുമധികം തിരക്കുണ്ടായിരുന്നു.

ഭൂമി കുലുങ്ങിത്തുടങ്ങുമ്പോളേ എഴുന്നേറ്റ് പള്ളിമൈതാനത്തേക്ക് ഓടണം എന്ന പ്ളാനിട്ട ചാകാന്‍ അത്രക്കങ്ങു മനസ്സില്ലാത്തവരായിരുന്നു അവിടെയിരുന്നത്. കുഞ്ഞപ്പനും ബദ്ധശത്രുവും സ്വന്തം ചേട്ടനുമായ അവിരാപ്പിയും അക്കൂട്ടത്തിലുണ്ടായിരുന്നു.

ഞാന്‍ ചത്തു സ്വര്‍ഗത്തില്‍ ചെല്ലുമ്പോഴും ഈ നാശം പാരയുമായി അവിടെക്കാണുമോ ദൈവമേ എന്നോര്‍ത്ത് കുഞ്ഞപ്പന്‍ ഇതിന്നിടെയും തേങ്ങി!!

ഇനി ഗാനശുശ്രൂഷ. നിങ്ങളു പാട്ടുപാടിക്കൊണ്ടിരിക്കുമ്പോളേയ്ക്കും ഞാന്‍ പള്ളിമുറിയില്‍പ്പോയി കുറച്ച് അപ്പവും കോഴിക്കറിയുംകൂടി കഴിച്ചേച്ചു വരാം. എന്താണെന്നറിയില്ല വല്ലാത്ത വിശപ്പ്- ഇങ്ങനെ അരുളിച്ചെയ്ത് അച്ചന്‍ ഗാനസംഘത്തിനു പാട്ടുപാടാന്‍ അനുവാദം നല്‍കി.

ഗാനം തുടങ്ങാന്‍ ഗാനസംഘം ഒരുക്കംതുടങ്ങി. പാട്ടിനു തുടക്കമായി സംഘത്തിന്‍റെ ലീഡര്‍ ചാച്ചപ്പന്‍ കീ ബോര്‍ഡില്‍ വിരലമര്‍ത്തിയ തൊട്ടടുത്ത നിമിഷമാണ് അതുസംഭവിച്ചത്....!!!

വലിയൊരു ശബ്ദം അവിടെക്കൂടിയിരുന്നവരുടെ ഇടയിലേക്ക് ഇടിമുഴക്കം പോലെ വന്നുഭവിച്ചു.

സംഗതി എന്താണെന്നുതിരിച്ചറിയും മുന്‍പേ പളളിയുടെ ആനവാതില്‍ക്കല്‍ ഇരുന്നവര്‍ എഴുന്നേറ്റു പുറത്തേക്കോടി. ആരൊക്കെയോ ഓടുന്നതു കണ്ടപ്പോള്‍ ബാക്കിയുള്ളവരും പള്ളിയില്‍നിന്നിറങ്ങിയോടി. സംഗതി നാലാമത്തെ കുലുക്കം. ഒടുക്കത്തെ കുലുക്കം.

പള്ളിയുടെ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന സ്പീക്കറുകള്‍ കുലുങ്ങുന്നുമുണ്ട്. പോരാത്തതിനു ഭയങ്കര ശബ്ദവും. ആദ്യമിനിറ്റില്‍ത്തന്നെ കെട്ടിടങ്ങള്‍ തവിടുപൊടിയാകും. അതിനു മുന്‍പേ ജീവന്‍ രക്ഷിക്കണം.

എല്ലാവരുമോടി. എല്ലാവരുമോടിയ സാഹചര്യത്തില്‍ പള്ളീലച്ചനും ഇറങ്ങിയോടി!!!

രണ്ടു സെക്കന്‍ഡുകൂടി ആ ശബ്ദം നീണ്ടുനിന്ന ശേഷം പെട്ടെന്ന് ശബ്ദം നിലച്ചു. കെട്ടിടങ്ങള്‍ എല്ലാം പഴയ പടി. ജനക്കൂട്ടം പള്ളിയുടെ മുറ്റത്ത് ഒത്തുകൂടി. ആരും അകത്തോട്ടു കയറിയില്ല. അകത്തോട്ടു കയറാന്‍ പള്ളീലച്ചനും ചെറിയ പേടി!!

കുലുക്കം തീര്‍ന്നോ? അതോ ഇനിയും വരുമോ???

ആകാക്ഷ അങ്ങനെ തുടരവേ പള്ളിയിലെ സ്പീക്കറില്‍ക്കൂടി ഇങ്ങനെ ഒരു അനൗണ്‍സ്മെന്‍റ് മുഴങ്ങി.

ആരും പേടിക്കേണ്ട, ഞാന്‍ കപ്യാരു ചേറപ്പായിയാണ്. കുറച്ചു മുന്‍പേ കേട്ട വല്യ ശബ്ദം ഭൂമി കുലുങ്ങിയതല്ല, ഇവിടെ കീബോര്‍ഡില്‍നിന്ന് ആംപ്ളിഫയറിലേക്കുള്ള കണക്ഷനില്‍ സംഭവിച്ച പിഴവുകൊണ്ടു കേട്ട അപശ്രുതിയായിരുന്നു അത്. തല്‍ഫലമായി 2 സ്പീക്കറുകളും അടിച്ചുപോയിരിക്കുന്നു.

ഇറങ്ങിയോടിയ അച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ധൈര്യമായി പള്ളിയിലേക്കു തിരിച്ചുവരാം!!!!!



Tuesday, September 04, 2007

ആത്മകഥ- അധ്യായം ഒന്ന്.

ഞാന്‍ മഹാ അഹങ്കാരിയും മടിയനും സ്വപ്നജീവിയും തെമ്മാടിയും ചെറ്റയുമാണ്. ബഹുമാനം എന്ന സാധനം എന്‍റെ ഏഴയലോക്കത്തുകൂടി പോയിട്ടില്ല. അതുകൊണ്ടു തന്നെ എനിക്കാരോടും ബഹുമാനമില്ല. ആരും എന്നെ ബഹുമാനിക്കുന്നത് എനിക്കിഷ്ടവുമല്ല.ഞാന്‍ മഹാമദ്യപാനിയും പുകവലിക്കാരനും കൂടിയാകുന്നു. മദ്യം എ‍ന്‍റെ പ്രധാന വീക്ക് നെസ് അല്ലെങ്കിലും ഒരു ദിവസം ഒന്നരപ്പായ്ക്കറ്റഅ സിഗററ്റോ, രണ്ടുകൂട് ദിനേശ് ബീഡിയോ ഇല്ലാതെ ജീവിതം തള്ളനീക്കാന്‍ എനിക്കു വല്യ പ്രയാസം തന്നെയാണ്. സിഗററ്റു വലി നിര്‍ത്തണമെന്നോ കള്ളുകുടിച്ചു വഴിയില്‍ക്കിടക്കരുത് എന്നോ എന്നെ ആരുമിതുവരെ ഉപദേശിച്ചിട്ടില്ല. ഉപദേശിച്ചാല്‍ ചവിട്ടി അവന്‍റെ നടുവുഞാനൊടിക്കും. ങ്ഹാ...!!

ആത്മകഥയുടെ ആദ്യ പേജ് എഴുതി ശേഷം കുട്ടപ്പായി അത് ഒരാവര്‍ത്തികൂടി വായിച്ചില്ല. വായിക്കുന്നതില്‍ അര്‍ഥമില്ല എന്നു കുട്ടപ്പായി ക്കു നന്നായി അറിയാമായിരുന്നു. കുട്ടപ്പായി അതു ചുരുട്ടിക്കൂട്ടി നേരെ ചവറ്റുകൊട്ടയിലേക്ക് എറിഞ്ഞു.

അടുത്ത കടലാസ് എടുത്തു. ഒന്നാലോചിച്ചു. എന്നിട്ട് എഴുതിത്തുടങ്ങി.

ഞാന്‍ വ്യക്തിപരമായി അഭിമാനിയാണ്. സ്വപ്നം കാണുന്നത് എനിക്കിഷ്ടമാണ്. ചെറുപ്പകാലം മുതലേ കുസൃതിത്തരങ്ങളും അല്ലറ ചില്ലറ തരികിട ഏര്‍പ്പാടുകളുമൊക്കെ എനിക്കിഷ്ടമായിരുന്നു. അതുമൂലം വീട്ടില്‍ അമ്മയുടെ കയ്യില്‍നിന്ന് ഇഷ്ടംപോലെ തല്ലും കിട്ടിയിട്ടുണ്ട്. ആരോടും ബഹുമാനമില്ലാത്തവനാണ് ഞാനെന്നതാണ് എന്നെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതി. ആരും എന്നെ ബഹുമാനിക്കാന്‍ വരുന്നതും എനിക്കു പണ്ടുമുതലേ ഇഷ്ടമല്ലായിരുന്നു.
പലപ്പോഴും മദ്യം എന്‍റെ ചിന്തകള്‍ക്കു വല്ലാത്ത പ്രചോദനം നല്‍കാറുണ്ട്. പക്ഷേ, ഇപ്പോഴും ഒഴിവാക്കാന്‍ പറ്റാത്തതായൊന്നു പുകവലി മാത്രമാണ്. അതാര്‍ക്കും വല്യ ശല്യമായി എനിക്കു തോന്നിയിട്ടില്ല. കാരണം, ആ ദുശ്ശീലത്തെക്കുറിച്ച് ഇതുവരെ എന്നോട് ആരും ഒന്നും ചോദിച്ചിട്ടു പോലുമില്ല.

ഒന്നുകൂടി വായിച്ചശേഷം കുട്ടപ്പായി ഇരുത്തിയൊന്നു മൂളി.


കടലാസിന്‍റെ മുകളില്‍ ഇങ്ങനെ കൂടി എഴുതി. ആത്മകഥ- അധ്യായം ഒന്ന്.

Sunday, September 02, 2007

അപ്പനും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനും

ഭരണങ്ങാനം പള്ളിയുടെ താഴത്തെ വഴിയിലൂടെ വീട്ടിലേക്കു പോവുകയായിരുന്നു ഞാന്‍. വഴിയിലെങ്ങും ആരുമില്ല. ഞാന്‍ ഒറ്റയ്ക്ക്, ഡീസന്‍റായി വീട്ടിലോട്ടു നടക്കുന്നതിനിടെയാണ് വലിയൊരു ശബ്ദം കേട്ടത്.

മഴ വരുന്നതു പോലെ വലിയൊരു ഇരമ്പല്‍. കയ്യിലാണെങ്കില്‍ കുടയുമില്ല. മഴ വരുന്നതു തന്നെയാണോ എന്നറിയാന്‍ ചെവി വട്ടം പിടിച്ചു. മഴയല്ല. പിന്നെയെന്തായിരിക്കുമെന്നറിയാന്‍ നേരെ ആകാശത്തേക്കു നോക്കി

വഴിയരികിലെ റബര്‍ മരങ്ങളുടെ ഇലത്തലപ്പുകളെ വകഞ്ഞുമാറ്റി അതാ, നല്ല ഒന്നാന്തരം കൊന്നത്തെങ്ങുകളിലൊന്ന് എന്‍റെ നേര്‍ക്കു കടപുഴകുന്നു.

ഓടാന്‍ വച്ച കാല് റോഡിലെ ടാറില്‍ ഒട്ടിപ്പിടിച്ച പോലെ....

അയ്യോ എന്നു നിലവിളിക്കാന്‍ നോക്കി. നാക്കിനു കോച്ചിപ്പിടിത്തം.

അടുത്ത നിമിഷം തെങ്ങുവന്നെന്‍റെ ഒത്തനടുവില്‍ വീണു. വളകൊഴുപ്പന്‍ പാമ്പിനെ തൂമ്പാകൊണ്ടു വെട്ടിമുറിച്ചു കൊല്ലുന്നതുപോലെ ഞാന്‍ രണ്ടു കഷ്ണം!!!

ഞാനാകുന്ന തലക്കഷ്ണം തിരിഞ്ഞുനോക്കി. അതുവരെ എന്‍റെയൊപ്പമുണ്ടായിരുന്ന രണ്ടുകാലുകള്‍ അതാ തെങ്ങിന്‍റെ അപ്പുറത്തു കിടന്നു പിടയ്ക്കുന്നു.

ഒരു കാലിലെ ചെരിപ്പ് ഊരിപ്പോയിരുന്നു. രണ്ടുകാലും കൂടി ആ ചെരിപ്പ് കാലേലിട്ടു.

നിലത്തു വീണ വീഴ്ചയ്ക്കു മുട്ടേല്‍ തൊലി പോയി ചോര പൊട്ടിയിരിക്കുന്നു. തുടയ്ക്കാന്‍ കൈയ്യില്ലാത്തതിനാലാവണം, ഇടത്തേക്കാല് അത് ഒരുവിധം അ‍‍ഡജ്സ്റ്റു ചെയ്തു.
എന്നിട്ട്, റേഡിനു വിലങ്ങനെ വീണുകിടക്കുന്ന തെങ്ങിനെ മുറിച്ചു കടന്ന്, നിസ്സഹായതയോടെ നോക്കുന്ന എന്നെ മറികടന്ന് നേരെ വീട്ടിലേക്കു നടക്കാന്‍ തുടങ്ങി.

രാവിലെ അമ്മച്ചി എഴുതിത്തന്നുവിട്ട കുറിപ്പടി പ്രകാരം വാങ്ങിയ പഞ്ചസാര, മല്ലി, മുളക്, ഉരുളക്കിഴങ്ങ്, ഉള്ളി തുടങ്ങിയ പലവ്യഞ്ജനങ്ങള്‍ ഇവിടെ വീണു കിടക്കുന്ന എന്‍റെ കയ്യില്‍.....!!
എന്നേ ഇട്ടേച്ചും പോകുവാണോ?!!!!

ഞാന്‍ ഉറക്കെ വിളിച്ചു നോക്കി. ഇല്ല, മൈന്‍ഡില്ല എന്നു മാത്രമല്ല, നല്ല വേഗത്തിലാണു നടപ്പ്. കാലില്ലാത്ത ഞാനെങ്ങനെ നടക്കാന്‍? ഒരുവിധം ഇഴഞ്ഞിഴഞ്ഞാണേലും വീട്ടിലെത്താമോയെന്നു പരീക്ഷിക്കാന്‍ ‍ഞാന്‍ കൈകുത്തി എഴുന്നേല്‍ക്കാന്‍ നോക്കി... വയറിന്‍റെ ഭാഗത്തു നല്ല വേദന.... വീണ വീഴ്ചയില്‍ കഴുത്തിനുമുണ്ടു വേദന...ഒരു രക്ഷയുമില്ല.

വീട്ടിലേക്കു വെച്ചടിക്കുന്ന എന്‍റെ സ്വന്തം കാലുകളെ നോക്കി ഞാന്‍ വീണ്ടു വിളിച്ചുകൂവി....

എന്നേംകൂടി കൊണ്ടുപോകോ.....!!! ആരേലും അതിനെയൊന്നു പിടിച്ചുനിര്‍ത്തി എന്നേം കൂടി കൊണ്ടുപോകാന്‍ പറയോ....

ആ അലര്‍ച്ച ആരും കേട്ടില്ല. വഴി വിജനമായി കിടന്നു. മറിഞ്ഞുവീണ തെങ്ങില്‍ കൂടുണ്ടാക്കിയ കാക്കകള്‍ എന്നെ കൊത്താന്‍ വരുന്നതാണ് അടുത്ത നിമിഷം കണ്ടത്.

തെങ്ങു മറിച്ച് എന്‍റ നെഞ്ചത്തോട്ടു തന്നെയിട്ടതു ഞാനാണെന്നായിരുന്നു അതുങ്ങളുടെ വിചാരം!! എഴുന്നേറ്റ് ഓടാന്‍ പോലുമാവാതെ ഞാന്‍ അവിടെക്കിടന്നു കാറി...

എന്നെകൊത്തിക്കൊല്ലുന്നേ... ആരേലും ഒന്ന് ഓടിവായോ......

ഇത്തവണ ആ അലര്‍ച്ചയ്ക്കു ഫലമുണ്ടായി. എന്നെ രക്ഷിക്കാന്‍ ആളോടിയെത്തി. എന്‍റെ സ്വന്തം അമ്മച്ചി!!!

അങ്ങനെ പതിവുപോലെ ഞാന്‍ രാവിലെ അല്‍പം വൈകിയാണെങ്കിലും ഉറക്കമുണര്‍ന്നു.

പക്ഷേ എന്താണെറിയില്ല, എഴുന്നേല്‍ക്കാനൊരു പ്രയാസം.

ശരീരം പ്രത്യേകിച്ചും നടുവുമുതല്‍ കഴുത്തുവരെ ഒരു കോച്ചിപ്പിടിത്തം. ആകെപ്പാടെ ഒരു വിമ്മിട്ടം. ഉറക്കത്തില്‍ തെങ്ങുവീണതിന്‍റെ ആഫ്റ്റര്‍ എഫക്ടായിരിക്കുമോ? അല്ലേലും സ്വപ്നവും യാഥാര്‍ഥ്യവും തമ്മിലെന്തു ബന്ധം!!!

അങ്ങനെയാലോചിച്ചുകൊണ്ട്, ഒന്നുകൂടിയൊന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. വിജയിച്ചു. പക്ഷേ, വേദന തോല്‍പിക്കുന്ന മട്ടാണ്. അങ്ങോട്ടുമിങ്ങോട്ടും അനങ്ങാന്‍ തന്നെ പറ്റുന്നില്ല. ശ്വാസം വിടുമ്പോള്‍ പോലും നല്ല വേദന

ഇതെന്തു കുന്തം?!! എനിക്കു ദേഷ്യം വന്നു. പിന്നാലെ സങ്കടം വന്നു. അതിനും പിന്നാലെ എനിക്കു നല്ല പേടിയായിത്തുടങ്ങി.

നാളെ പരീക്ഷയാണ്, കര്‍ത്താവേ നീയതുമുടക്കുമോ?

ഇതുവല്ല മാരകരോഗവുമായിരിക്കുമോ? ദൈവമേ ഉടനേ തന്നെ ഞാന്‍ മരിച്ചുപോകുമോ??????

ഞാനങ്ങനെയാണ്.
പല്ലുവേദന വന്നാല്‍ ഞാന്‍വിചാരിക്കും, ഹും..എന്‍റെ പല്ലെല്ലാം ഇങ്ങനെ വേദന വന്നു പത്തുമുപ്പതു ദിവസം കൊണ്ടു തന്നെ പറിഞ്ഞുപോകും. അതോടെ ഞാന്‍ അപ്പൂപ്പനാകും. അതോടെ എന്നെ കാണുമ്പോല്‍ പെണ്‍പിള്ളേരെല്ലാം കളിയാക്കിച്ചിരിക്കാന്‍ തുടങ്ങും. അപ്പനുമായി അഡ്ജസ്റ്റു ചെയ്തു നിന്നില്ലേല്‍ പുള്ളിക്കാരന്‍ വെപ്പു പല്ലുവയ്ക്കാനും കാശു തരില്ല. അങ്ങനെ വന്നാല്‍ ആജീവനാന്തം പല്ലില്ലാത്തവനായി കഴിയേണ്ടി വരും!!

ചെവി വേദന വന്നാല്‍ വിചാരിക്കും- കേള്‍വി പോകുമെന്നുറപ്പായി. നാണക്കേടാണ്. നാട്ടുകാരു പൊട്ടന്‍ എന്നു വിളിക്കും. അതു സാരമില്ലായിരുന്നു, എന്നാലും നമ്മളു പറയുന്നതു പോലും കേള്‍ക്കാന്‍ പറ്റത്തില്ല. പെണ്ണുകിട്ടത്തില്ലെന്നുറപ്പ്!! വീട്ടില്‍ പാരമ്പര്യമായിട്ട് ആര്‍ക്കെങ്കിലും ചെവിക്കു കേള്‍വിക്കുറവുണ്ടോയെന്നുപതുക്കെ അമ്മച്ചിയുടെ അടുത്തു ചെന്നന്വേഷിക്കും. അമ്മച്ചിക്ക് എന്നെ നന്നായിട്ട് അറിയാവുന്നതു കൊണ്ടു പറയും...പിന്നെ, എന്‍രെ വീട്ടുകാരില്‍ ആരുമില്ല. പക്ഷേ, നിന്‍റെ അപ്പന്‍റെ കുടുംബക്കാരില്‍ ആര്‍ക്കെങ്കിലുമുണ്ടോ എന്നറിയില്ല. അത് അറിയണമെങ്കില്‍ ഒരു കാര്യം ചെയ്യ്, നീ നേരിട്ടു ചെന്നു ചോദിക്ക്!!

അതത്ര എളുപ്പമല്ലാത്തതിനാല്‍ ഞാന്‍ ഒറ്റയ്ക്കിരുന്നു മനോരാജ്യം കാണും. ചെവി കേള്‍ക്കാത്ത ഞാന്‍ വഴിയരികിലൂടെ നടന്നുപോകുമ്പോള്‍ ഒരു ബസ് പിന്നാലെ വരുന്നു. ഹോണടിച്ചിട്ടും കേള്‍ക്കാതെ ഞാന്‍ നടപ്പു തുടരുമ്പോള്‍ ഡ്രൈവര്‍ക്കു ദേഷ്യം വരുന്നു. അങ്ങനെയയാള്‍ എന്നെ വണ്ടികയറ്റി കൊല്ലുന്നു. എന്‍റെ കാര്യം ക്ളോസ്!!!

ഇത്തവണ ഇതൊന്നുമല്ല സംഗതി. എന്‍റെ കാര്യം ക്ളോസാകുമെന്ന് ഏതാണ്ട് ഉറപ്പായി. ദേഹമാസകലം വേദന. അല്‍പം മുന്‍പു മൂത്രമൊഴിക്കാന്‍ നോക്കി. നടക്കുന്നില്ല. ശ്വാസം വിടാന്‍ പോലും പറ്റുന്നില്ല. വാരിയെല്ലിന്‍റെ അകത്തുനിന്നു കുത്തിക്കുത്തിയുള്ള വേദന. പിടലി തിരിക്കുമ്പോള്‍ അകത്താരോ ഇരുന്നു കൊടക്കമ്പിക്കു കുത്തുന്ന പോലെ.ആകെപ്പാടെ വേദനയുടെ പൊടിപൂരം...

മന്ദപ്പനായി ഇരിക്കുന്ന എന്നെ കണ്ടപ്പോള്‍ അമ്മച്ചിക്ക് സംശയം?!!

എന്താടാ മാത്തു, നീയിവിടെ ഇരിക്കുന്നേ... നിനക്കു നാളെ പരീക്ഷയല്ലേ?

അപ്പോളാണ് ഞാന്‍ അതിനെക്കുറിച്ചു വീണ്ടുമോര്‍ത്തത്. ഫൈനല്‍ ഇയറാണ്, ഫൈനല്‍ ചാന്‍സാണ്. ഇതെഴുതാന്‍ പറ്റിയില്ലേല്‍ എന്‍റെ ഒരുവര്‍ഷം ഗോപി!!!

ഞാന്‍ പതുക്കെ വീട്ടില്‍ കാര്യം പറഞ്ഞു. എനിക്കു വയ്യ. ദേഹമാസകലം വേദന. മരിക്കാന്‍ അധികം താമസമില്ല. അതുകൊണ്ട് ഇന്നു രാവിലെ കപ്പയ്ക്കൊപ്പം മീന്‍പീരയുണ്ടാക്കണം. അവസാനത്തെ ആഗ്രഹമാണ്!!

അമ്മച്ചി അതു കേട്ടു. അമ്മച്ചിക്കു സങ്കടം വന്നെന്നു തോന്നുന്നു. അപ്പനോടു വിവരം പറഞ്ഞു. അപ്പന്‍ എന്‍റെ അടുത്തേക്കു വരാതെ, അങ്ങകലെ മാറിനിന്ന് മൂന്നാലഞ്ച് ആംഗിളില്‍നിന്ന് എന്നെ കണ്ണുകൊണ്ടു പരിശോധിക്കാന്‍ തുടങ്ങി.

മഹാ അഭിമാനിയായ ഞാന്‍ സാധാരണ അങ്ങനെ ഇരുന്നുകൊടുക്കാറുള്ളതല്ല. പക്ഷേ, എന്തു ചെയ്യാം, എഴുന്നേല്‍ക്കാന്‍ പോലും പറ്റുന്നില്ലല്ലോ...

ശ്വാസം വലിക്കാന്‍ പ്രയാസമായതു കൊണ്ട് അതു വല്ലപ്പോഴുമാക്കി. വേദന കാരണം, സംസാരിക്കാനും ബുദ്ധിമുട്ടുപോലെ...

എന്നതാടാ കുഴപ്പം?

അപ്പന്‍ അടുത്തു വന്നു ചോദിച്ചു

നല്ല വേദന. ശ്വാസം വിടാന്‍പറ്റുന്നില്ല. മൂത്രമൊഴിക്കാന്‍ പറ്റുന്നില്ല. എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ല. എനിക്കൊന്നിനും പറ്റുന്നില്ല!!!!

ആശുപത്രിയില്‍ പോണോ???

ഇനി പോയിട്ടിപ്പം എന്നാ കാര്യം എന്നു ഞാന്‍ ചോദിച്ചില്ല.

അരമണിക്കൂറു കഴിഞ്ഞപ്പം ഒരു കാര്‍ വീട്ടുമുറ്റത്തു വന്നു നിന്നു.

അപ്പനും അമ്മച്ചിയുംകൂടി എന്നെ താങ്ങിപ്പിടിച്ചു കാറിന്നകത്തേക്കു കയറ്റി. അദ്ഭുതവസ്തുവിനെ കാണുന്ന പോലെ എന്നെ കാറിന്‍റെ ഉടമസ്ഥന്‍ തുറിച്ചുനോക്കുന്നു. കാറു പുറപ്പെട്ടു.

ഞാന്‍ തിരിഞ്ഞുനോക്കി. വീട്ടുമുറ്റത്ത് അമ്മച്ചി.. വീടും അമ്മച്ചിയും അകന്നകന്നു പോവുകയാണ്. എനിക്കു സങ്കടം വന്നു. ഞാന്‍ കരഞ്ഞു. കരയാന്‍ തുടങ്ങിയപ്പോളേ മുന്‍സീറ്റിലിരുന്ന അപ്പന്‍ തിരിഞ്ഞുനോക്കി.

ഞാന്‍ കരച്ചില്‍ നിര്‍ത്തി. ഏങ്ങലടിക്കാന്‍ തുടങ്ങി. അപ്പോളാണ് എനിക്ക് അക്കാര്യവും പിടികിട്ടത്. ഏങ്ങലടിക്കുമ്പോള്‍ നല്ല വേദന.

ഞാന്‍ വീണ്ടും കരയാന്‍ തുടങ്ങി.....

എന്നാത്തിനാടാ കരയുന്നത്???

ഞാന്‍ കരഞ്ഞോണ്ടു പറഞ്ഞു- ഏങ്ങലടിക്കാന്‍ പറ്റുന്നില്ല!!

അപ്പനു ദേഷ്യം വന്നു. (വരാനൊന്നുമില്ല, അതു കൂടെപ്പിറപ്പാ!!)

മിണ്ടാതിരുന്നോണം, രാവിലെ മെനക്കെടുത്താന്‍!!

ഞാന്‍ മിണ്ടാതിരുന്നു.

ഭരണങ്ങാനം പള്ളിമുറ്റത്തുകൂടി രാവിലെ സ്കൂളിലേക്കു പോവുന്ന കുട്ടികള്‍. സാവിയോച്ചേട്ടന്‍റെ കടയുടെ തിണ്ണയില്‍ തൂണുരുട്ടി നില്‍ക്കുന്ന (ചതുരത്തിലുള്ള തൂണുകളായിരുന്നു. അതില്‍ പിടിച്ചുനിന്നു വായിനോക്കുന്നവരുടെ സേവനം വഴി കൈത്തഴമ്പു വീണ് തുണുകളെല്ലാം ഏതാണ്ട് ഉരുണ്ട ഷേപ്പിലായി) സുഹൃത്തുക്കള്‍. എല്ലാവരും എന്നില്‍നിന്ന് അകലുകയാണ്.

അതിവേഗം വണ്ടി പാലായിലെത്തി.

അതാ എന്‍റെ കോളജ്. സെന്‍റ് തോമസ്. തൊട്ടിപ്പുറത്ത് അല്‍ഫോന്‍സാ. അങ്ങോട്ടുനോക്കാന്‍പോലും ഒരു ഉല്‍സാഹമില്ലാത്ത പോലെ...

ഞാനും കാറും പാലായും കടന്ന് നേരെ പോവുകയാണ്.

അടുത്തുള്ള മേരിഗിരി ആശുപത്രിയിലേക്ക് വണ്ടി കയാറാത്തപ്പോളേ എനിക്കു സംശയമുണ്ടായിരുന്നു. പാലായിലെ മരിയന്‍ സെന്‍ററിനു മുന്നിലും കാറു നിര്‍ത്തിയില്ല. വണ്ടി മുന്നോട്ടു പറക്കുന്നു...

എനിക്കു പേടികൂടി. എന്‍റേതു മാരക രോഗം തന്നെ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണു പോകുന്നത്. അവിടെ ചെന്ന്, ആശുപത്രിത്തിണ്ണയില്‍കിടന്ന്....

എങ്ങോട്ടാ പോകുന്നത്?

മടിച്ചു മടിച്ചു ‍ഞാന്‍ ചോദിച്ചു.

നിനക്കു വല്യ ബുദ്ധിമുട്ടാണെന്നല്ലേ പറഞ്ഞത്, കാരിത്താസിലേക്കു പോയേക്കാം.
അവിടെയാകുമ്പോള്‍ നിന്‍റെ അസുഖം എന്താണെന്ന് അവരു കണ്ടുപിടിച്ചോളും.
എനിക്കു സമാധാനമായി. മെഡിക്കല്‍ കോളജിലേക്കല്ലല്ലോ....

കാറ് ഓടിക്കുന്നതിനിടെയില്‍ ഓടിക്കുന്ന ചേട്ടന്‍ ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു.

എപ്പോളാണു വേദന തുടങ്ങിയത്? എങ്ങനെയാണു വേദന, കുത്തിക്കുത്തിയാണോ അതോ ഇടവിട്ട് ഇടവിട്ടാണോ? തലകറക്കമുണ്ടോ? ഓക്കാനിക്കാന്‍ തോന്നുന്നുണ്ടോ? നേരത്തെ മുതേല വല്ല അസ്വസ്ഥതകളും ഉള്ളതാണോ?

ചോദ്യം കൂടിയപ്പോള്‍ അപ്പന്‍ അയാളുടെ നേര്‍ക്കൊന്നു നോക്കുന്നതു ഞാന്‍ കണ്ടു. മര്യാദയ്ക്കു ടോപ്പിലോടിക്കൊണ്ടിരുന്ന വണ്ടി തേഡിലേക്കു ഡൗണ്‍ ചെയ്ത് ഒന്നിരപ്പിച്ച് വീണ്ടു ടോപ്പിലാക്കി അയാളു കാലുകൊടുത്തു വണ്ടി പായിച്ചുതുടങ്ങി.

പിന്നെയാരും എന്നോടൊന്നും ചോദിച്ചില്ല.

കോട്ടയം കാരിത്താസ് ആശുപത്രി

ഡോ. എന്‍. രമേഷ് നായര്‍, എം.ബി.ബിഎസ്, എം.ഡി

അരമണിക്കൂറിനം ഡോക്ടര്‍ വിളിപ്പിച്ചു.
പരിശോധിച്ചു. എന്നിട്ടു പറ‍ഞ്ഞു. - പ്രത്യക്ഷത്തില്‍ ഒന്നും കാണുന്നില്ല.


എന്തായാലും ഇയാളിവിടെ ഒരുദിവസം കിടക്കട്ടെ. കുറച്ചു പരിശോധനകള്‍ ഉണ്ട്. എന്താണ് അസുഖമെന്നു കണ്ടുപിടിച്ചിട്ടേ മരുന്നു തരുന്നൊള്ളൂ....

എനിക്ക് ആധികൂടി. തല കറങ്ങി. ദേഹം മുഴുവന്‍ വിറയല്‍. ഞാന്‍ തന്നെ സങ്കല്‍പിച്ചുണ്ടാക്കിയ എന്‍റെ വിധി ഇവിടെ പൂര്‍ണമാകുന്നു. എനിക്ക് എന്തോ മാരകരോഗമാണ്. ഡോക്ടര്‍മാര്‍ക്കു പോലും അതു കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ദൈവമേ എന്‍റെ ഗതി. എന്‍റെ പരീക്ഷ...!!

അതു ഞാന്‍ വീണ്ടുംപറ‍ഞ്ഞു... എന്‍റെ പരീക്ഷ..!!

അപ്പന്‍ അതാവര്‍ത്തിച്ചു. അവനു നാളെ ഡിഗ്രി പരീക്ഷ തുടങ്ങുവാ...

ഡോക്ടര്‍ കണ്ണട താഴ്ത്തി എന്‍റെ നേര്‍ക്കൊന്നു നോക്കി. എന്നിട്ട് ഒരു കടലാസെടുത്ത് എന്തൊക്കെയോ എഴുതി അപ്പന്‍റെ കയ്യില്‍ കൊടുത്തു.

അപ്പനതും മേടിച്ച് എന്നെ താങ്ങിപ്പിടിച്ചു പുറത്തേക്കു നടന്നു. എനിക്കു ചമ്മല്‍ തോന്നി. യുവാവും സര്‍വോപരി ആരോഗ്യശാലിയുമായ എന്നെ എന്‍റെ അപ്പന്‍ താങ്ങിപ്പിടിച്ചിരിക്കുന്നു....
എന്തു ചെയ്യാന്‍...ഞാന്‍ ഒന്നുംചെയ്തില്ല.

നേരേ പോയതു നഴ്സിങ് റൂമിലേക്കാണ്. കുറിപ്പു കൊടുത്തു. രണ്ടു നഴ്സുമാര്‍ വന്ന് എന്‍റെ കയ്യില്‍ കുത്തി. ചോരയെടുത്തു. ചോരയ്ക്കു നല്ല കറുപ്പുനിറം. എനിക്കു സംശയമായി. യഥാര്‍ഥത്തില്‍ ചോരയ്ക്കു ചുവപ്പു നിറമല്ലേ, പിന്നെങ്ങനെ എന്‍റെ ചോരയ്ക്കു കറുപ്പുനിറമായി?

ചോരയെടുത്തോണ്ടു പോയവര്‍ എന്നോട് അപ്പുറത്തെ മുറി ചൂണ്ടിക്കാട്ടി. അവിടെയാണ് എക്സ്റേയെടുക്കുന്ന സ്ഥലമെന്നു മനസ്സിലായി. നേരെ അങ്ങോട്ടു വച്ചടിച്ചു.
ഷര്‍ട്ട് ഊരിക്കോളാന്‍ പറ‍ഞ്ഞു. ഞാനൂരി.. ഇനിയിപ്പം എന്താലോചിക്കാന്‍?!!

എക്സ്രേ എടുത്തു. ഇനിയെന്ത്?

രണ്ടാം നിലയില്‍ മുപ്പത്തിനാലാം നമ്പര്‍ മുറിയിലേക്കു പൊയ്ക്കോ...നഴ്സു പറഞ്ഞു. അവിടെ എന്താവുമോ?

അവിടെ ചെന്നു. എംആര്‍ഐ സ്കാന്‍.

എന്‍റെ തല കറങ്ങി. ഞാന്‍ ഫൈവ് സ്റ്റാര്‍ രോഗിയാണ്. വല്യനിലയിലേ ചാകാന്‍ അനുവദിക്കൂ. ദൈവമേ....

അവിടെ ഒരിടത്തു പിടിച്ചിരുത്തി. വീണ്ടും ഷര്‍ട്ടൂരിച്ചു. ദേഹം മുഴുവന്‍ എന്തൊക്കെയോ ജെല്‍ പുരട്ടി. എന്തോ ഒരു സാധനം കൊണ്ടുവന്നു ദേഹം മുഴുവന്‍ ഉരുട്ടിക്കൊണ്ടിരുന്നു.

ഇടയ്ക്കു പറയും, ശ്വാസം അകത്തോട്ടെടുത്തേ....

ഞാന്‍ വിഷമിച്ച് അകത്തോട്ടെടുക്കും. പുറത്തോട്ടു വിട്...ഞാന്‍ അങ്ങനെത്തന്നെ ചെയ്യും...

അരമണിക്കൂര്‍ ഉരുട്ടി. ഉരുട്ടുകഴിഞ്ഞ് എന്തൊക്കെയോ ഒരു പേപ്പറില്‍ കുത്തിക്കുറിച്ച് അവിടെയിരുന്ന ചങ്ങാതി അപ്പന്‍റെ കയ്യില്‍ കൊടുത്തു. അപ്പനതുവാങ്ങി എന്നേം കൂട്ടി താഴോട്ടു നടന്നു. ഞാന്‍ അപ്പന്‍റെ കണ്ണുകളിലേക്കു നോക്കി.

രാവിലെ കണ്ട ധൈര്യമില്ല. എന്തോ ഒരു അങ്കലാപ്പു പോലെ. ഒന്നും മിണ്ടുന്നുമില്ല.

എനിക്കെന്താ അപ്പാ അസുഖം? ഞാന്‍ വീണ്ടും പഴയ നഴ്സറിക്കുട്ടിയായി.

അപ്പന്‍ പഴയ അപ്പനായി. ഒന്നുമില്ലെടാ..ഇതൊക്കെ വെറുതെയല്ലേ...

എനിക്കു സന്തോഷമായില്ലെങ്കിലും ധൈര്യമായി. അപ്പന്‍ പറഞ്ഞാല്‍ പറഞ്ഞതാണ്.
ഫുട്ബോളു കളിക്കാന്‍ പോവരുത് എന്നുപറഞ്ഞ അന്നു ചാടിപ്പോയതുകൊണ്ടാണ് കാലുളുക്കി രണ്ടാഴ്ച വീട്ടിലിരുന്നത്. സൈക്കിളില്‍ ട്രിപ്പിളു പോവരുത് എന്നു പറഞ്ഞതിനു പിറ്റേന്നു ട്രിപ്പിളു വച്ചതുമൂലമാണു തലേംകുത്തി വീണു കയ്യൊടിഞ്ഞത്. നിനക്ക് ഒന്നാം സ്ഥാനം കിട്ടും എന്ന് അപ്പന്‍ പറ‍ഞ്ഞതുകൊണ്ടു മാത്രമാണ് എനിക്കു നാലാം ക്ളാസില്‍ പഠിക്കുമ്പോള്‍ നെഹ്റു ക്വിസിന് ഒന്നാം സ്ഥാനം കിട്ടയത്.....

എനിക്കു ചില്ലറ ധൈര്യമൊക്കെയായി.

നേരെ നഴ്സിങ് റൂമിലേക്കു നടന്നു. മുകളില്‍നിന്നു കിട്ടിയ സ്കാനിങ് റിസള്‍ട്ട് അവിടുത്തെ ഒരു നഴ്സമ്മയ്ക്കു കൊടുത്തു. അവരതുമായി ഡോക്ടറുടെ മുറിയിലേക്കു പോയി. അവിടെ കിടന്ന ഒരു കട്ടിലില്‍ ഞാന്‍ പോയി ഇരുന്നു.

അപ്പനും എന്‍റെ അടുത്തു വന്നിരുന്നു.

ഇപ്പോള്‍ വേദനയുണ്ടോടാ....

ഉള്ളിലുള്ള വേദന കടിച്ചമര്‍ത്തി ഞാന്‍ പറഞ്ഞു, ഇല്ല, നല്ല കുറവുണ്ട്. വേണേല്‍ വീട്ടില്‍ പോയേക്കാം...

അപ്പനു വേദനിക്കേണ്ടല്ലോ..അപ്പനതു മനസ്സിലായോ എന്നറിയില്ല.

ഞാന്‍ പറഞ്ഞില്ലേ? ഇതു ചിലപ്പോള്‍ രാത്രിയില്‍ നിന്‍റെ കിടപ്പു ശരിയാകത്തതു കൊണ്ടു സംഭവിച്ചതായിരിക്കും. സാരമില്ല, ഡോക്ടറു നോക്കട്ടെ.....

നഴ്സമ്മ തിരിച്ചുവന്നു. എന്‍റെ മുഖത്തേക്ക് ദയനീയമായിട്ടെന്നോണം നോക്കി.

എന്നിട്ടു പറഞ്ഞു- ഒരു ടെസ്റ്റ് കൂടി ബാക്കിയുണ്ട്.

വീണ്ടും ഒരു സിറിഞ്ച് കൂര്‍പ്പിച്ചുകൊണ്ട് അവര്‍ വന്നു. എന്നെ കുത്താന്‍. കുത്തി. രക്തം ഊറ്റിയെടുക്കുന്നതിനിടെ തല ഉയര്‍ത്തി ഞാന്‍ അവരോടു ചോദിച്ചു.

ഇത് എന്തിനാ?

പരിശോധിക്കാന്‍...

എന്തു പരിശോധിക്കാനാ?

അതുപരിശോധിച്ചിട്ടു പറയാം.

എനിക്കു കണ്ണില്‍ ഇരുട്ടുകയറി. ഞാന്‍ കണ്ണടച്ചു. അപ്പോള്‍ ഇരുട്ടിന്‍റെ വ്യാപ്തിക്കു കുറവ്. ആശുപത്രിയിലെ ശബ്ദങ്ങളും മുകളില്‍ കറങ്ങുന്ന ഫാനിന്‍റെ ശബ്ദവുമെല്ലാം അകന്നു പോയി....
അരമണിക്കൂര്‍ കഴിഞ്ഞാവും ഞാന്‍ കണ്ണു തുറന്നത്.

ഡോക്ടര്‍ വിളിക്കുന്നു. - നഴ്സമ്മ വന്നു പറഞ്ഞു.

ഞാന്‍ അപ്പനൊപ്പം നടന്നു. അപ്പന്‍റെ കണ്ണിലെ തിളക്കം കുറഞ്ഞപോലെ. എനിക്കു സങ്കടമായി. ദൈവമേ അപ്പനെ ഞാനിങ്ങനെ ഇതിനു മുന്‍പു കണ്ടിട്ടല്ലോ...അപ്പന്‍റെ ധൈര്യമായിരുന്നു എന്‍റെ അഹങ്കാരങ്ങള്‍ക്കും തല്ലുകൊള്ളിത്തരങ്ങള്‍ക്കും ബലം എന്ന് എനിക്ക് അപ്പോഴാണു പിടികിട്ടിയത്. എനിക്ക് ചേട്ടാനിയന്‍മാരും ചേട്ടത്തിയനിയത്തിമാരും ഇല്ലാത്തതിന്‍റെ കുഴപ്പവും എനിക്കപ്പോഴാണു പിടികിട്ടിയത്. ഞാന്‍ മരിച്ചുപോയാല്‍ അപ്പനും അമ്മയും ഒറ്റയ്ക്കാവും. അവരെ ഒറ്റയ്ക്കു വിടാന്‍ പറ്റത്തില്ല. ആനിലയ്ക്ക് ‍ഞാന്‍ ജീവിച്ചിരിക്കേണ്ടത് എന്നെക്കാളുപരി അവരുടെ ആവശ്യമാണ്.

അരുവിത്തുറ വല്യച്ചാ....

ഞാന്‍ വളരെ ശക്തമായി മനസ്സില്‍ ആവിളി വിളിച്ചു. ഇതിനു മുന്‍പ് പ്രീഡിഗ്രിക്ക് കെമിസ്ട്രി പരീക്ഷ എഴുതിക്കഴിഞ്ഞുവിളിച്ചതാണ്. അന്നു വിളികേട്ട ശേഷം പിന്നെ വിളിച്ചിട്ടില്ല. ദേ ഞാന്‍ ഇപ്പോള്‍ വിളിച്ചിരിക്കുന്നു.

ഡോക്ടര്‍ എന്നെ അടുത്തിരുത്തി.

പരിശോധനാ ഫലങ്ങള്‍ മുഴുവന്‍ പരിശോധിച്ചു.

കണ്ണട താഴ്ത്തി. എന്നിട്ടു ചോദിച്ചു.

ഇന്നലെ എന്താ കഴിച്ചത്?

ചോറും പയറും മുട്ട പൊരിച്ചതും നാരങ്ങാ അച്ചാറും.

പയറ് വല്യ ഇഷ്ടമാണോ?

ങും.

എത്ര കഴിച്ചാരുന്നു?

രണ്ടുമൂന്നു പ്ളേറ്റു കഴിച്ചു.

നാളെ പരീക്ഷയാണോ?

അതേ.

വല്ലതും പഠിച്ചിട്ടുണ്ടോ?

ഇല്ല.

പരീക്ഷ തോല്‍ക്കുന്നത് ഇഷ്ടമാണോ?

അല്ലല്ല- അല്‍പം കടുപ്പത്തില്‍ ‍ഞാന്‍ മറുപടി പറഞ്ഞു.

പരീക്ഷയില്‍ തോല്‍ക്കുമോയെന്ന പേടിയുണ്ടോ?

തോല്‍ക്കത്തില്ല, ,അന്‍പതു ശതമാനത്തിലും മാര്‍ക്കു കുറയുമോയെന്നാ പേടി!!

അപ്പോള്‍ പേടിയുണ്ട്. അല്ലേ?

ഉണ്ട്. ഞാന്‍ സമ്മതിച്ചു.

ഡോക്ടര്‍ ഒന്നു ചിരിച്ചു. എന്നിട്ട് അപ്പനോടു പറ‍ഞ്ഞു.

ഈ പേടി തന്നെയാണ് ഇയാളുടെ രോഗം. സംഗതി വളരെ സിംപിളാണ്. എന്നാല്‍ വളരെ കോംപ്ളിക്കേറ്റഡും. ഇന്നലെ രാത്രി ഇയാളു കഴിച്ച പയര്‍ കറിയും പിന്നെ മനസ്സിലുള്ള പേടിയും ടെന്‍ഷനുംകൂടിയായപ്പോള്‍ ഉണ്ടായ പ്രശ്നം.

ഗ്യാസ് ട്രബിള്‍. അതിന്‍റെ കോംപ്ളിക്കേറ്റഡ് രൂപമാണിത്.

സ്കാനിങ് അടക്കം പരിശോധന പലതും നടത്തിയിട്ടും വേറെ ഒന്നും കണ്ടെത്താനായില്ല.
ഡോക്ടര്‍ ഒരു കടലാസെടുത്ത് മരുന്ന കുറിച്ചു. ഈ ടാബ് ലറ്റ് നാലോ അഞ്ചോ തവണ കഴിക്കുക. സംഗതി വൈകിട്ടോടെ ഒകെയായിക്കോളും.

തോളില്‍ത്തട്ടി ഡോക്ടര്‍ എന്നെ എഴുന്നേല്‍പിച്ചു വിട്ടു.

പുറത്തിറങ്ങിയ അപ്പന്‍ എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു. അരുവിത്തുറ വല്യച്ചന്‍, അല്‍ഫോന്‍സാമ്മ, പിന്നെ എന്‍റെ സ്വന്തം അമ്മച്ചി തുടങ്ങിയവരുടെ മുഖം കണ്‍മുന്നിലൂടെ കടന്നുപോയി.

മരുന്നു വാങ്ങി വന്ന അപ്പന്‍ എന്‍റെ നേര്‍ക്കു നീട്ടി. ഞാന്‍ തുറന്നുനോക്കി. ജെല്യൂസില്‍!!!

വണ്ടി തിരിച്ചു പാലായിലെത്തിയപ്പോള്‍ അപ്പന്‍ ഡ്രൈവറുടെ തോളില്‍ത്തട്ടി. അവിടെയൊന്നു കേറിയേച്ചു പോകാം.

ഞാന്‍ നോക്കി. അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായുടെ പള്ളിയിലേക്ക്. പള്ളിയിലിറങ്ങി. അപ്പന്‍ പള്ളിയിലേക്കു നടന്നു. ഞാന്‍ പിന്നാലെയും.

ഞാനൊന്നും പ്രാര്‍ഥിച്ചില്ല.

അപ്പന്‍ എന്ന് ഈ പരിപാടിയൊക്കെ തുടങ്ങി എന്നു ഞാനാലോചിച്ചു പോയി. സംഗതി ഇപ്പോളത്തെ നേര്‍ച്ച തന്നെ.

അപ്പനിറങ്ങി. ഞാനുമിറങ്ങി.

കാറില്‍ കയറുന്നതിനു മുന്‍പ് പോക്കറ്റില്‍ കിടന്ന ആശുപത്രി ബില്ലുകള്‍ അപ്പന്‍റെ എന്‍റെ നേര്‍ക്കു നീട്ടി. ഞാന്‍ മേടിച്ചു നോക്കി.

ആകെ മൊത്തം 2710രൂപ.

രക്തം, എക്സ്രേ, സ്കാനിങ്- 2700, മരുന്ന്- 10രൂപ.

അപ്പന്‍ എന്‍റെ നേര്‍ക്കു രൂക്ഷമായൊന്നു നോക്കി. ഞാന്‍ തിരിച്ചും.

വണ്ടി വീട്ടിലോട്ടു പുറപ്പെട്ടു.

വീണ്ടും അപ്പന്‍ പഴയ അപ്പനായി. ഞാന്‍ യുവാവും സര്‍വോപരി ധൈര്യശാലിയുമായ മകനും!!!!

Powered By Blogger