Thursday, May 31, 2007

ബാഷ്പാഞ്ജലി സതീഷ് കുമാര്‍

പുഷ്പാഞ്ജലി ഗിരീഷ്കുമാര്‍ എന്ന പഴയ കഥയിലെ നായകനായ ഗിരീഷ്കുമാറിന്‍റെ ഇളയസഹോദരനായിരുന്നു സതീഷ് കുമാര്‍.


സ്വഭാവം കൊണ്ട് അച്ഛനായെന്നും വരും.

അന്തര്‍ദേശീയ തലത്തില്‍ ചിന്തിക്കുക, സംസാരിക്കുക, തികച്ചും പ്രാദേശികമായി പ്രവര്‍ത്തിക്കുക എന്ന പോളിസിയുടെ പിന്‍മുറക്കാരില്‍ പ്രധാനിയായിരുന്നു അദ്ദേഹം.

കുടുംബപരമായി കിട്ടിയ സമ്പാദ്യം മുടിച്ചുതേച്ചു കഴുകി മൂടിവച്ചിരിക്കുന്നതിനാല്‍ ദൈനംദിനജീവിതത്തിലെ വട്ടച്ചെലവുകള്‍ക്കും ചതുരച്ചെലവുകള്‍ക്കുമായി നാട്ടിലെ സകലവിധ അലമ്പു പരിപാടികളും ഏറ്റെടുത്തു നടത്തുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഹോബി.

സതീഷ് കുമാറും അവിവാഹിതനായിരുന്നു.

ദല്ലാള്‍മാരുടെ ഭാഷയില്‍ ദുശ്ശീലങ്ങളില്ലാത്ത നല്ല ഒന്നാന്തരം കുടുംബത്തില്‍ പിറന്ന ചെറുക്കന്‍.

കള്ളുകുടിയില്ല, പിന്നെ വല്ലപ്പോളും ചീട്ടുകളിച്ചു തോല്‍ക്കുമ്പോള്‍ മാത്രം. എന്നുവച്ച് ചീട്ടുകളി സ്ഥിരം പതിവാണെന്നു കരുതരുതേ.. അവനു കഞ്ചാവു തലയ്ക്കു പിടിച്ചു കഴിഞ്ഞാല്‍ മാത്രമേ ചീട്ടുകളിക്കണമെന്നു തോന്നൂ. എന്നു വച്ച് കഞ്ചാവിന് അഡിക്ട് ഒന്നുമല്ല കെട്ടോ..നാട്ടുകാരുടെ ആരുടെയെങ്കിലും തല്ലുകേസ് അറ്റന്‍ഡു ചെയ്യുകയോ ഏറ്റുവാങ്ങുകയോ ചെയ്താല്‍ മാത്രമേ ആ ചെറുക്കനു കഞ്ചാവു വലിക്കണമെന്നു തോന്നു. തല്ലുകേസ് ഉണ്ടെന്നു കരുതി ആശാന്‍ റൗഡിയൊന്നുമല്ല കേട്ടോ..

അതവന്‍റെ പണിയാ.. ക്വട്ടേഷന്‍..!!


ഇതായിരുന്നു സതീഷ്കുമാര്‍. ഇരുപത്തെട്ടുവയസ്സ്.

പുഷ്പാഞ്ജലി കൊണ്ടു ജീവിതം കോഞ്ഞാട്ടയാക്കിയ ഗിരീഷ്കുമാറിന്‍റെ നേര്‍ വിപരീതനായിരുന്നു സഹോദരന്‍.

പ്രണയം അദ്ദേഹത്തിനു വെറുപ്പായിരുന്നു. പെണ്‍കുട്ടി എന്നു കേട്ടാല്‍ അറപ്പായിരുന്നു. അടുത്ത കാലം വരെ.


സതീഷിന്‍റെ നാട്ടിലൂടെ ഒരു മിനിബസ് (മുഴുവന്‍ ബസി‍ന്‍റെ വലിപ്പമില്ലാത്തിനാല്‍ നാട്ടുകാര്‍ അതിനെ പൈന്‍റ് വണ്ടി എന്നു വിളിച്ചു!) സര്‍വീസ് തുടങ്ങി. കെഎസ്ആര്‍ടിസി വക മിനിബസ്. അതില്‍ കണ്ടക്ടറുടെ കാക്കിക്കുപ്പായത്തില്‍ ഭരണങ്ങാനത്തിന്‍റെ ഹൃദയമലിയിപ്പിച്ചുകൊണ്ട് ഒരു വനിതാ കണ്ടകര്‍.

ഭരണങ്ങാനത്തുനിന്ന് വീട്ടിലേക്ക് പോകാന്‍ ഒരു ദിവസം ബസില്‍ കയറിയ സതീഷ്കുമാറിന് ബാക്കി നല്‍കാന്‍ കണ്ടക്ടര്‍ കോമളാംഗിയുടെ കയ്യില്‍ ചില്ലറയില്ലാതെ പോയി. കഷ്ടം എന്നോ ഇഷ്ടം എന്നോ പറയാവുന്ന ആ ഭാസുര കാലത്തിന്‍റെ തുടക്കം അവിടെനിന്നായിരുന്നു.


ബാക്കി കിട്ടാനുള്ള മൂന്നു രൂപ അമ്പതു പൈസയുടെ പേരു പറഞ്ഞ് കോമളാംഗി ബസില്‍ വരുന്ന ദിവസങ്ങളിലെല്ലാം സതീഷ്കുമാര്‍ ആ ബസില്‍ കയറി.

പാലായില്‍നിന്നു പ്രവിത്താനം, ചിറ്റാനപ്പാറ വഴി ഭരണങ്ങാനം. ഭരണങ്ങാനത്തുനിന്നു തിരികെ ചിറ്റാനപ്പാറ, പ്രവിത്താനം വഴി പാലാ. രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് ആറുമണി വരെ സതീഷ്കുമാര്‍ ബസില്‍ കണ്ടക്ടറുടെ സീറ്റിന് അരികെയുള്ള സീറ്റില്‍ പതിവു യാത്രക്കാരനായി.

നാശം ഒഴിവാകുന്നെങ്കില്‍ ആകട്ടെയെന്നു കരുതി മൂന്നുരൂപ അമ്പതു പൈസയ്ക്കു പകരമായി കണ്ടക്ടര്‍ കോമളാംഗി പലതവണയായി അഞ്ഞറൂരൂപയോളം ചില്ലറയായും വല്യറയായും നല്‍കി നോക്കി. രക്ഷയില്ല. സതീഷ്കുമാറിനു വേണ്ടിയിരുന്നത് കോമളാംഗിയുടെ ഹൃദയമായിരുന്നു!

അലറിപ്പാഞ്ഞുവരുന്ന ട്രെയിനിന് തലവയ്ക്കാന്‍ താല്‍പര്യമില്ല എന്ന ലൈനില്‍ കോമളാംഗി ആ താല്‍പര്യത്തിനു മാത്രം ഡബിള്‍ ബെല്‍ കൊടുത്തില്ല.

ഡബില്‍ ബെല്ലടിച്ചിട്ടേ വണ്ടിയെടുക്കൂ എന്ന ലൈനില്‍ കോമളാംഗിയുടെ അരികില്‍ സതീഷ്കുമാര്‍ ഹൃദയം ഫസ്റ്റ് ഗിയറിലിട്ട് റെയ്സ് ചെയ്തു നിര്‍ത്തി.

വെറുതെ പ്രണയാഭ്യര്‍ഥനയുടെ ഡീസലു കത്തിയതല്ലാതെ ഡബില്‍ ബെല്‍ മുഴങ്ങിയില്ല. സതീഷ്കുമാറിന്‍റെ പ്രണയസര്‍വീസ് ഓട്ടം തുടങ്ങിയില്ല!!

വെറുതെ കാത്തിരുന്ന് ബ്രേയ്ക്ക് ഡൗണാകുന്നതില്‍ കഥയില്ല എന്നു മനസ്സിലാക്കിയ സതീഷ്കുമാര്‍ മറ്റു വഴികളാലോചിച്ചു.

സുഹൃത്തുക്കളുമായി കൂടിയാലോചിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അതു നടന്നില്ല. അടുത്തിടെ നടന്ന ഒരു തല്ലുകേസില്‍പെട്ട് അവരെല്ലാം ജയിലിലായിരുന്നു. ബസില്‍ പ്രണയത്തിന്‍റെ ചില്ലറ വാങ്ങാന്‍ പോയ സതീഷ്കുമാറിന് ആസംഭവത്തില്‍ ഭാഗഭാക്കാകാനും കഴിഞ്ഞില്ല. ഭാഗ്യം!

കോമളാംഗിയുടെ ദൗര്‍ഭാഗ്യവും!

പ്രണയത്തിന്‍റെ ക്വട്ടേഷനെടുത്തിട്ട് അതു നേരെ ചൊവ്വേ നടത്തിക്കൊണ്ടുപോകാന്‍ പറ്റാത്തതില്‍ നല്ലൊരു റൗഡിയായ സതീഷ്കുമാറിനു വിഷമമുണ്ടായിരുന്നു.

തന്‍റെ സ്വഭാവദൂഷ്യം കണ്ടിട്ടാണു കോമളാംഗി പച്ചക്കൊടിക്കു മടിക്കുന്നതെങ്കില്‍ നന്നായിക്കളയാമെന്നു സതീഷ് തീരുമാനിക്കുന്നതും അങ്ങനെയാണ്. നന്നാവാന്‍ തീരുമാനിച്ചതിന്‍റെ ഭാഗമായി എന്നും രാവിലെയും വൈകിട്ടും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ശീലമാക്കി. എല്ലാദിവസവും മദ്യപിക്കുന്ന ശീലമുണ്ടായിരുന്നതു നിര്‍ത്തി ആഴ്ചയില്‍ ഏഴു ദിവസമാക്കി.

അടുത്തുള്ള ബ്യൂട്ടി പാര്‍ലറില്‍ പോയി മുഖമൊന്നു ഫേഷ്യല്‍ ചെയ്തു. മുഖത്തെ കുഴിയടയ്ക്കാന്‍ നാട്ടിലെ പെയിന്‍റര്‍ ലൂക്കാച്ചന് ഒന്നരത്തച്ചു കൊടുത്ത് പുട്ടിയീടിച്ചു.

തലമുടി ഹെന്ന ചെയ്തു. ഹെന്നിട്ടൊന്നും ഒരു ചുക്കും നടന്നില്ല.

സതീഷ്കുമാറിനു ദേഷ്യം വന്നു. രണ്ടിലൊന്നു തീരുമാനിക്കണം. ഒന്നെങ്കില്‍ ഒന്ന്, അല്ലെങ്കില്‍രണ്ട്. രണ്ടിലൊരു പ്രോബബിലിറ്റിയേ ഇനി ബാക്കിയുള്ളൂ.

അവളോട് ഇതിന്നകം പത്തുതവണ ഇഷ്ടമാണെന്നു പറഞ്ഞു കഴിഞ്ഞു. പത്തുതവണയും അവള്‍ ഇഷ്ടമല്ലെന്നു പറ‍ഞ്ഞു. ചങ്കിലൂടെ മലപ്പുറം കത്തി കയറിപ്പോയ പോലെ പോലെ സതീഷ്കുമാറിനു നൊന്തു.

>> >> >>

ചോറ്റുപാത്രം രാധാകൃഷ്ണന്‍

മഹാമാന്ത്രികന്‍. ചോറ്റുപാത്രത്തില്‍ മീന്‍വറുത്തതിനൊപ്പം താന്ത്രിക വിദ്യയാല്‍ വശീകരണ യന്ത്രം ഫിറ്റു ചെയ്തു വച്ച്, അനവധി ലേഡികളെ വശീകരിച്ച് ഇടപാടുകാരെ സംതൃപ്തരാക്കിയ കുടില, കിടില, ഘടോല്‍ക്കച മാന്ത്രികന്‍.

വശീകരണത്തില്‍ സ്പെഷലൈസ് ചെയ്ത ചോറ്റുപാത്രം രാധാകൃഷ്ണന്‍റെ മുന്നില്‍ സതീഷ്കുമാര്‍ ഭവ്യതയോടെ ഇരുന്നു. കാഴ്ചയായി കൊണ്ടുപോയ വാര്‍ക്ക പണിക്കാര്‍ മാത്രം കഴിക്കുന്ന ഇനത്തില്‍പ്പെട്ട ഒരു ലിറ്റര്‍ റം രാധാകൃഷ്ണന്‍ തുറന്നു.

മാന്ത്രികന്‍റെ ആരാധനാമൂര്‍ത്തിയായ ചുടല ഭദ്രകാളിയുടെ തറയില്‍ ഒന്നോ രണ്ടോ തുള്ളി മദ്യം വീഴ്ത്തി. ബാക്കി രണ്ടു കവിള്‍ സ്വന്തം വാ തുറന്ന് ഉള്ളിലേക്കും ചെലുത്തി.

മനക്കണ്ണാല്‍ എല്ലാം കാണുന്നപോലെ, ഉണ്ടക്കണ്ണുകളിളക്കി.

ഒന്നും പ്രശ്നമാക്കേണ്ടതില്ല. എല്ലാം നമ്മുടെ വഴിയേ നടക്കും. ഞാന്‍ തരുന്ന ഭദ്രകാളിയുടെ പ്രസാദം നിന്‍റെ കയ്യിലുള്ള ഒരു വെള്ളിരൂപത്തുട്ടില്‍ തളിക്കുക. എന്നിട്ട് രാത്രിയില്‍ മറ്റാരും കാണാതെ അവളുടെ വീട്ടുമുറ്റത്തേക്കെറിയുക. വശീകരണം വര്‍ക്കു ചെയ്തു തുടങ്ങും. പത്തു മിനിറ്റിനകം അവളു വീട്ടില്‍നിന്നിറങ്ങി നിന്‍റെ കൂടെവരും. അതാണീ മന്ത്രത്തിന്‍റെ ശക്തി.

ചോറ്റുപാത്രത്തിന്‍റെ വാക്കുകള്‍ സതീഷ് കുമാറിനെ പുളകിതനാക്കി.

അവിടെനിന്നു ചെറിയ ഹോമിയോക്കുപ്പിയില്‍ കിട്ടിയ വെള്ളവുമായി സതീഷ്കുമാര്‍ ഭരണങ്ങാനത്തു വണ്ടിയിറങ്ങി.

കാര്യം ചോറ്റുപാത്രം മഹാമാന്ത്രികനാണെങ്കിലും വശീകരണം വര്‍ക്കു ചെയ്തില്ലെങ്കിലോ? സതീഷ്കുമാറിനു സംശയമായി. ഒരു രൂപത്തുട്ട് ഒരെണ്ണം മാത്രമായി പോയിട്ടു കാര്യം നടക്കാതെ വന്നാലോ?
മറ്റൊന്നും അദ്ദേഹമാലോചിച്ചില്ല.

നേരെ ഭരണങ്ങാനം പള്ളിയിലേക്ക് സതീഷ്കുമാര്‍ വച്ചടിച്ചു. പോക്കറ്റിലുണ്ടായിരുന്ന ആയിരം രൂപയ്ക്കും അവിടെനിന്ന് ഒരുരൂപത്തുട്ടുകള്‍ വാങ്ങി. ഒരു ചാക്കു നിറയെ, ആയിരം വെള്ളിത്തുട്ടുകള്‍. ഒരു ഓട്ടോ വിളിച്ച് അവ നേരെ വീട്ടിലെത്തിച്ചു

ഇവയില്‍ മുഴുവന്‍ തളിക്കാന്‍ കയ്യിലിരിക്കുന്ന മാന്ത്രിക വെള്ളം പോര? എന്തു ചെയ്യും?

സതീഷ് കുമാറിന് അതിനും വഴിയുണ്ടായിരുന്നു. വീട്ടിലെ വീപ്പയിലൊന്നില്‍ വെള്ളം നിറച്ചു. അതിലേക്ക് മഹാമാന്ത്രികന്‍ തന്ന ഭദ്രകാളിയുടെ പ്രസാദം ഒഴിച്ചു.

പിന്നെ, ചാക്കിലുണ്ടായിരുന്ന ചില്ലറ നേരെ വെള്ളത്തിലേക്കു കമഴ്ത്തി.
അന്നു രാത്രി അതു വീണ്ടും ചാക്കില്‍ കെട്ടി. നേരെ പെണ്ണിന്‍റെ വീട്ടിലേക്ക്. രാത്രി വൈകി ആരും കാണാതെ ആവളുടെ വീടിനു സമീപം ഒരു ചാക്ക് ഒരുരൂപയുമായി സതീഷ്കുമാര്‍ ഒളിച്ചിരുന്നു.

എല്ലാവരും ഉറങ്ങിയെന്നുറപ്പായ സാഹചര്യത്തില്‍ ചാക്കുകെട്ടു തുറന്ന് സതീഷ്കുമാര്‍ ഒരു രൂപത്തുട്ട് എടുത്ത് മുറ്റത്തേക്കെറിഞ്ഞു. കൃത്യം മുറ്റത്തുതന്നെ അതു വീണു. സംശയമില്ല. പത്തുമിനിട്ടു കഴിഞ്ഞിട്ടും ആരുടെയും അനക്കമൊന്നുമില്ല. അടുത്ത തുട്ടെടുത്തു. എറിഞ്ഞു. അനക്കമില്ല.ആരും ഇറങ്ങിവരുന്നില്ല. രാത്രി മുഴുവന്‍ സതീഷ് കുമാര്‍ ഒരു രൂപ നാണയങ്ങള്‍ കോമളാംഗിയുടെ വീട്ടുമുറ്റത്തേക്കെറിഞ്ഞു കൊണ്ടിരുന്നു.

നോ ഹോപ്പ്.

നേരം പുലര്‍ന്നു. കാലിച്ചാക്കും കാലിയായ മനസ്സുമായി സതീഷ്കുമാര്‍ വീട്ടിലേക്കു മടങ്ങി.

രാവിലെ എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങിയ കോമളാംഗിയുടെ അച്ഛന്‍ ആ കാഴ്ച കണ്ട് അമ്പരന്നു.
മുറ്റം മുഴുവന്‍ ഒരു രൂപ നാണയം!!

ഇതെവിടെനിന്നു വന്നു?

തലേന്നു രാത്രി തന്‍റെ വീട്ടുമുറ്റത്ത് നാണയ മഴ പെയ്തെന്ന് അദ്ദേഹം അതിരാവിലെ തന്നെ സകല പത്രമോഫീസുകളിലേക്കും വിളിച്ചു പറഞ്ഞു.

ആ ദിവസങ്ങളില്‍ കോമളാംഗിയെ ബസില്‍ കാണാതായി.

സതീഷ്കുമാറിന് ഇരിക്കപ്പൊറുതി ഇല്ലാതായി.

നേരെ കെഎസ്ആര്‍ടിസി പാലാ ഡിപ്പോയിലന്വേഷിച്ചു. ലോങ് ലീവിലാണെന്നു മറുപടി.

കോമളാംഗിയുടെ കല്യാണമുറപ്പിച്ചു കാണുമോ? സതീഷ് കുമാറിന്‍റെയുള്ളില്‍ ഇടിവാളു മിന്നി.

നേരെ കോമളാംഗിയുടെ വീട്ടിലേക്കു പാഞ്ഞു. അവിടെയെത്തിയപ്പോള്‍ അവിടെ ഒരു മരണവീടിന്‍റെ മ്ളാനത. ഒന്നു രണ്ടുപേര്‍ താടിക്കു കൈയും കൊടുത്ത് മുറ്റത്തിരിപ്പുണ്ട്.

സതീഷ്കുമാറിന് ഒന്നും പിടികിട്ടിയില്ല. വീട്ടില്‍ക്കയറി ആരോടെങ്കിലും ചോദിക്കാന്‍ ധൈര്യവുമില്ല. അല്ലേലും എന്തു ചോദിക്കാന്‍...
അപ്പോള്‍ അതു വഴി വന്ന നാട്ടുകാരിലൊരാളോട് സതീഷ്കുമാര്‍ ധൈര്യം സംഭരിച്ചു കാര്യം തിരക്കി.

, ഇവിടുത്തെ ആ പെങ്കൊച്ച് ഏതോ ഒരുത്തന്‍റെ കൂടെ ഒളിച്ചോടി..!!

സതീഷ്കുമാര്‍ ഞെട്ടി. അവന്‍റെ ചങ്കുപൊട്ടി.

അവള്‍ ആര്‍ക്കൊപ്പം ഒളിച്ചോടാന്‍? അങ്ങനെയൊരു ബന്ധത്തെക്കുറിച്ച് തനിക്കൊരു അറിവുമില്ലായിരുന്നല്ലോ?!!

അങ്ങനെ ആലോചിച്ചു നില്‍ക്കെ, അവരുടെ വീടിനു മുന്നില്‍ ഒരു അംബാസിഡര്‍ കാറു വന്നുനിന്നു.
അതില്‍നിന്ന്, നവവധുവിന്‍റെ നാണത്തോടെ ആദ്യമിറങ്ങിയതു കോമളാംഗി.

നവവരന്‍ ആരായിരിക്കുമെന്ന ആകാംക്ഷയുമായി നിമിഷങ്ങളെണ്ണി നിന്ന സതീഷ്കുമാറിനെ ആപാദചൂഢം ഞെട്ടിച്ചുകൊണ്ട് അയാളിറങ്ങി.

ചോറ്റുപാത്രം രാധാകൃഷ്ണന്‍!!!

വശീകരണയന്ത്രത്തിന്‍റെ യഥാര്‍ഥ ശക്തി മനസ്സിലായ സതീഷ്കുമാര്‍ അവിടെ ബോധംകെട്ടു വീണു.

Wednesday, May 30, 2007

ടോള്‍ ഫ്രീ മയ്യിത്ത് അറിയിപ്പ്



പറങ്കിമൂച്ചിക്കല്‍ അങ്ങാടിയിലെ പൂളക്കച്ചവടക്കാരന്‍ മൊയ്തുക്കാക്കയുടെ മൂത്തമോള് ആയിശ മരിച്ചു. നാലാമത്തെ പ്രസവത്തിലായിരുന്നു മരണം.

മയ്യത്ത് വിളിച്ചുപറേന്‍ വണ്ടി പോയി.

ആയിശയുടെ ആദ്യത്തെ കെട്ടിലെ വീട്ടിലോട്ടു വിളിക്കണം. മരണവിവരം അറിയിക്കണം. ആര് അറിയിക്കും?

മൊയ്തുക്കാക്കയ്ക്ക് തെല്ലും താല്‍പര്യമില്ല.

ഒടുക്കം, അടുത്ത വീട്ടിലെ കുഞ്ഞാലി അതേറ്റു. മരക്കച്ചവടക്കാരനാണ്. ഓത്തുപള്ളിക്കൂടത്തിനപ്പുറം പഠിപ്പില്ല.

പക്ഷേങ്കീ ദുനിയാവില് സകലതും കണ്ടും പഠിച്ചും അനുഭവത്തിന്‍റെ കളരിയില്‍ കുഞ്ഞാലി അറുപതാം വയസ്സില്‍ ഡോക്ടറേറ്റ് എടുത്തയാളായിരുന്നു.

ഇംഗ്ളീഷു ഭാഷയൊഴികെ പടച്ചോന്‍റെ ദുനിയാവിലെ സകല വര്‍ത്തമാനങ്ങളും കുഞ്ഞാലിക്കു മനപാഠമായിരുന്നു.

അങ്ങാടിയിലെ ഗള്‍ഫുകാരന്‍ ചെക്കന്‍ സര്‍ഫുദ്ദീന്‍റെ പീടികയില്‍ ഒരുരൂപയിട്ടാല്‍ വിളിക്കാവുന്ന പുതിയ ഫോണ്‍ വന്നിട്ടുണ്ട്. ഇങ്ങള് അബട്ന്നു ബിളിച്ചാളീ...

ആരോ അങ്ങനെ പറ‍ഞ്ഞു. കുഞ്ഞാലി നേരെ അങ്ങോട്ടു പാഞ്ഞു. ഒരു രൂപയിട്ടു. ഫോണില്‍ നമ്പര്‍ തെറ്റാതെ ഉറക്കെ വായിച്ചുകൊണ്ട് ഡയല്‍ ചെയ്തു.

ആയിശയെ മൊയി ചൊല്ലിയ പഹയന്‍റെ മൊബൈല്‍ നമ്പറിലേക്കാണു വിളി.

ദ് സബ്സ്ക്രൈബര്‍ യു ആര്‍ ട്രയിങ് ഈസ് ഔട്ട് ഓഫ് കവറേജ് ഏരിയ...

കുഞ്ഞാലിക്ക് തെല്ലും പിടികിട്ടിയില്ല. സ്ത്രീ ശബ്ദം.

ഓന്‍റെ പുതിയ ബീടരായിരിക്കും. ഓള് ഞമ്മളെ സുയിപ്പാക്കാന്‍ ഇംഗ്ളീഷു പറേണതായിരിക്കും.

കുഞ്ഞാലിക്കു ദേശ്യം വന്നു.

ഇങ്ങള് എന്തു വേണേ പറഞ്ഞാളീ.. നാളെ പത്തരയ്ക്ക് മയ്യിത്തെടുക്കും. ച്ചു പറയാനുള്ളതു പറഞ്ഞു. വരണോ മേണ്ടയോ എന്ന് ങ്ങള്‍ക്കു വിട്ടീക്കണ്...!

മറുപടിയില്ല.

കുഞ്ഞാലി ഫോണ്‍ താഴെ വച്ചു.

അടുത്ത നിമിഷം നേരത്തെയിട്ട ഒരു രൂപ കോയിനും താഴെ വന്നു.

കുഞ്ഞാലി ഞെട്ടി.

പടച്ചോനെ... ഇപ്പം മയ്യിത്ത് ബിളിച്ചു പറേണതു പഹയന്മാര് ഫ്രീയാക്കിയോ...!!

Thursday, May 24, 2007

ഈ വാഹനത്തിന്‍റെ ഐശ്വര്യം ജോണി

ജോണി ഞങ്ങളുടെ നാടിന്‍റെ പ്രതീക്ഷയായിരുന്നു.

(പ്രതീക്ഷ എന്നു പറയുമ്പോള്‍ അധികമൊന്നും പ്രതീക്ഷിക്കരുത്. )

ജോണി ഞങ്ങളുടെ നാടിന്‍റെ സാര്‍വലൗകികമായ അവിവാഹിത മോഹങ്ങളുടെ കെട്ടടങ്ങിയ തീക്കനലായിരുന്നു. സര്‍വോപരി, ജോണി ജോണി വാക്കറിന്‍റെ കടുത്ത ആരാധകനുമായിരുന്നു.

ജോണിയുടെ ആരാധകരായി നാട്ടിലൊരുപാടു പേരുണ്ടായിരുന്നു. അദ്ദേഹം ഓര്‍കുടില്‍ ഒരു പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്താല്‍ ടെസ്റ്റിമോണിയല്‍ എഴുതാന്‍ മാത്രമായി നാട്ടിലെ നാനാജാതി മതസ്ഥരും നാനാസ്വഭാവക്കാരും നാനാ വായനക്കാരുമായ ഒരുപാടുപേരുണ്ടാകുമായിരുന്നു.

ഐശ്വര്യ റായിയുടെ കല്യാണ ദിവസം, ഹൊ..! സല്‍മാന്‍ ഖാന്‍റെ കമ്പനിയായിരുന്നേല്‍ ഇന്നു കോളായിരുന്നു എന്നു ചിന്തിച്ചിരുന്നഇനത്തില്‍പ്പെട്ട ഒരുപാട് മദ്യപാനികളുടെ ആശ്രയമായിരുന്നു ജോണി.

കാരണം, ജോണിയുടെ പോക്കറ്റില്‍ എപ്പോഴും പിടയ്ക്കുന്ന നോട്ടുകളുണ്ടായിരുന്നു. നോട്ടുകള്‍ കൊടുത്താല്‍ നാട്ടില്‍ ഇഷ്ടം പോലെ മദ്യം കിട്ടുമായിരുന്നു. മദ്യം കഴിച്ചാല്‍ ഓരോരുത്തരുടെയും കപ്പാസിറ്റിക്ക് അനുസരിച്ച് ഉള്ളിലിരുപ്പ് പുറത്തുചാടുമായിരുന്നു. അങ്ങനെ കൈക്കാശ് മുടക്കാതെ ഉള്ളിലിരുപ്പ് പുറത്തുചാടിച്ചു തരാന്‍ ആരെങ്കിലുമൊക്കെ വരണേ എന്നു പ്രാര്‍ഥിച്ച് രാവിലെ മുതല്‍ ഭരണങ്ങാനത്ത് വെറുതെയിരുന്ന് വഴിയേ പോകുന്ന വണ്ടിയെണ്ണുന്നവരുടെ കണ്ണിലുണ്ണിയും കണ്‍കണ്ട ദൈവവുമൊക്കെയായിരുന്നു ജോണി.

ആ ജോണിയാണ് ഈ കുപ്പിയിലെ സോറി, കഥയിലെ നായകന്‍. ഒരു നായകനു ചേരുന്ന എല്ലാഗുണഗണങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ആറടി പൊക്കം. നല്ല തടി. ആരോഗ്യദൃഢഗാത്രന്‍. ഒരു ബക്കറ്റ് വെള്ളമൊക്കെ ഈസിയായി കയ്യിലെടുക്കാന്‍ പോന്ന ആരോഗ്യം.

ജോണി അവിവാഹിതനായിരുന്നു. കുടുംബത്തിലെ മൂത്തവനായിരുന്നു. ജോണിയുടെ ഇളയവര്‍ മടി എന്ന മാറാരോഗത്തിന്‍റെ അടിമകളായിരുന്നു. അതിനാല്‍, കുടുംബത്തിന്‍റെ ഭാരം, കിലോക്കണക്കിനു ജോണിയുടെ ചുമലിലായി. ഇളയവര്‍ മൂത്ത് മൂത്ത് ഒരു പരുവമായിട്ടും ജോണിയുടെ തോളിലിരിക്കുന്ന കുടുംബഭാരം ഏറ്റെടുക്കാന്‍ തയ്യാറായില്ല. അതോടെ, തോള് ഒന്നൊഴിഞ്ഞിട്ടു വേണമല്ലോ മറ്റൊരു ഭാരം കയറ്റിവയ്ക്കാന്‍ എന്നു പരിതപിച്ച് ജോണി കെട്ടാതെ നിന്നു. ജോണിയുടെ തന്നെ ഭാഷയില്‍ അങ്ങനെയങ്ങു നിന്നുപോയി.

ഇളയവൃകോദരങ്ങള്‍ മൂത്ത് മൂത്ത് കല്യാണം വരെ മൂത്തു. അവരെ കെട്ടിച്ച് വിട്ടെങ്കിലും ഇപ്പോഴും അവരുടെ കുടുംബങ്ങളിലെയും പലചരക്കു കടകളിലെ പറ്റുതീര്‍ക്കുന്നതു ജോണിയായിരുന്നു. പാവം ജോണി. മറ്റുള്ളവര്‍ക്കായി ജീവിച്ച യേശുക്രിസ്തുവിന്‍റെ പ്രതിരൂപമായിരുന്നു അദ്ദേഹം.

നാട്ടിലെ അറിയപ്പെടുന്ന പെയിന്‍റിങ് കോണ്‍ട്രാക്ടര്‍ കൂടിയായിരുന്നു ജോണി.

മഴയത്തും വെയിലത്തും ഒരു പോലെ തിളങ്ങുന്ന എമര്‍ഷന്‍ പെയിന്‍റ് പോലെ എല്ലാ സീസണിലും ഓഫ് സീസണിലും പെയിന്‍റിങ് കോണ്‍ട്രാക്ടുള്ള നാട്ടിലെ ഒരേയൊരു കോണ്‍ട്രാക്ടര്‍ ആയിരുന്നു അദ്ദേഹം.

ഭരണങ്ങാനത്ത് വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയുടെ മഠത്തില്‍ പെയിന്‍റിങ്ങിനിടെ, തിരുശേഷിപ്പായി കണക്കാക്കി സൂക്ഷിച്ചിരുന്ന അല്‍ഫോന്‍സാമ്മയുടെ കട്ടില്‍ സാന്‍ഡ് പേപ്പറിട്ടു മിനുക്കി പോളിഷ് ചെയ്ത് മഠത്തിലെ അന്തേവാസികളുടെ വരുമാനമാര്‍ഗം മുട്ടിച്ചതൊഴികെ ജോണിയുടെ കയ്യില്‍ നിന്നു സംഭവിച്ച പിടിപ്പുകേടുകള്‍ അധികമൊന്നും ഉണ്ടായിരുന്നില്ല.

ഒരേസമയം, കുറഞ്ഞത് ആറോ ഏഴോ സ്ഥലങ്ങളില്‍ പെയിന്‍റിങ് പണി സംഘടിപ്പിക്കുക, അവിടങ്ങളിലെല്ലാം മിന്നല്‍ സന്ദര്‍ശനം നടത്തി എല്ലാവരുടെയും ക്ഷേമവിവരങ്ങള്‍ അന്വേഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹം മുടക്കം കൂടാതെ നടത്തിപ്പോന്നു. പെയിന്‍റിങ് പണി കൊടുത്തവര്‍ എല്ലാവരും ജോണിയുടെ ആരാധകരായി മാറി. കാരണം, അത്രയ്ക്കു പണി പഠിച്ചവനായിരുന്നു ജോണി!

ജോണിയുടെ യാത്രാവാഹനം ഒരു ഓട്ടോറിക്ഷയായിരുന്നു. മൂന്നു ചക്രവും പത്തുചക്രത്തിന്‍റെ അഹങ്കാരവുമുള്ള പ്രത്യേക ജനുസ്സില്‍പ്പെട്ട ആ വാഹനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ദേശാന്തര യാത്രകള്‍.

സ്ഥിരമായി ഒരു ബ്രാന്‍ഡേ കഴിക്കൂ എന്നതു പോലെ തന്നെ സ്ഥിരമായി അദ്ദേഹം ഒരേയൊരാളുടെ വാഹനത്തിലേ യാത്ര ചെയ്യാറുമുണ്ടായിരുന്നുള്ളൂ.

അതു ഭരണങ്ങാനം ടൗണില്‍ മണ്ണെണ്ണ വിപ്ളവം നടപ്പിലാക്കിയ സുകുമാരന്‍റെ ഓട്ടോറിക്ഷയായിരുന്നു. രാവിലെ ഏഴുമണിക്ക് ജോണിയുടെ വീട്ടില്‍നിന്നു ഫുള്‍ടാങ്ക് മണ്ണെണ്ണയില്‍ സര്‍വീസ് ആരംഭിക്കുന്ന സുകുമാരന്‍ ജോണിയുടെ വിവിധ പണി സൈറ്റുകളിലും നാട്ടിലെ സകല മദ്യപാനശാലകളിലും കയറിയിറങ്ങി ഹാജര്‍ വച്ചു തിരികയെത്തുമ്പോള്‍ സന്ധ്യമയങ്ങിയിട്ടുണ്ടാവും.

പിന്‍ സീറ്റില്‍ മയങ്ങിയ മട്ടില്‍ ജോണിയുമുണ്ടാവും.

രാവിലെ ചവ്വരി പശമുക്കി തേച്ചു വടിയാക്കിയ ഷര്‍ട്ടും മുണ്ടുമുടത്തിറങ്ങുന്ന ജോണി, ജോണി വാക്കറാലാല്‍ ആവേശിതനായി പരസഹായം കൂടാതെ വാക്ക് ചെയ്യാനാവാതെ ഓട്ടോയുടെ പിന്നില്‍ ചാരിവച്ച പടിയോ, പിടത്തിയിട്ട നിലയിലോ ഉണ്ടാവും.

വണ്ടി നേരെ ജോണിയുടെ വീട്ടിലേക്കോടും. ജോണിയെ വീട്ടിലെത്തിക്കും. വീട്ടിലെത്തിയാല്‍ ഉടന്‍ ജോണി തലയുയര്‍ത്തും. പിന്നെ, തല ആഞ്ഞൊന്നു കുടയും. തലമുടിയില്‍ വിരല്‍ കടത്തി നാലുപാടുമൊന്നു കശക്കും. മുഖമൊന്നു കഴുകും. തീര്‍ന്നു... കഥ. അതുവരെ കഴിച്ചതെല്ലാം ആവിയായി അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കും.!

അങ്ങോട്ടു ചെന്ന സുകുമാരന്‍റെ അതേ ശകടത്തില്‍ തിരികെ ഭരണങ്ങാനത്തേക്ക്.

രാവിലെ മുതല്‍ വായില്‍ കയറിയ ഈച്ചകളെ ഭക്ഷണമാക്കി വായിനോക്കിയിരിക്കുന്ന കുടിയാര്‍ഥികളില്‍ കയറ്റാന്‍ പറ്റുന്നയത്രയും ആളുകളെ ഉള്‍ക്കൊള്ളിച്ചു വണ്ടി നേരെ പാലായിലേക്ക്. അവിടെ പിന്നെ, സുരപാന മേളം, തല്ല്, തെറിവിളി, കൂട്ടയോട്ടം, പൊലീസ് സ്റ്റേഷന്‍ തുടങങിയ സ്ഥിരം കലാപരിപാടികള്‍.

എല്ലാം കഴിഞ്ഞ് രാത്രി പന്ത്രണ്ടു മണിയോടെ ഓട്ടോ വീണ്ടും ഭരണങ്ങാനത്ത് എത്തും. ഡ്രൈവര്‍ സുകുമാരന്‍ ഉള്‍പ്പെടെ ഓട്ടോയിലുള്ളവര്‍ക്കെല്ലാം മനസ്സും വയറും നിറച്ച് മദ്യം വാങ്ങിച്ചു കൊടുക്കാന്‍ കഴിഞ്ഞതിന്‍റെ നിര്‍വൃതിയോടെ ജോണി അവിടെയിറങ്ങും.

തീര്‍ന്നില്ല കഥ.

ഓട്ടോക്കൂലി അണാ പൈ തെറ്റാതെ ജോണി സുകുമാരനു കൈമാറും. സുകുമാരന്‍ യാതൊരു ഉളുപ്പും കൂടാതെ കൈ നീട്ടി വാങ്ങും. ജോണിയില്ലതെ എനിക്കെന്താഘോഷം എന്ന് ഉറക്കെ ഉദ്ഘോഷിച്ച് ഓട്ടോ പായിച്ചു പോകും.

അങ്ങനെയാണു നാട്ടുകാര്‍ സുകുമാരന്‍റെ ഓട്ടോറിക്ഷയ്ക്ക് പുറത്ത് ഇങ്ങനെയൊരു പണി ഒപ്പിച്ചു വച്ചത്.

- ഈ വാഹനത്തിന്‍റെ ഐശ്വര്യം ജോണി..!

ഈ വാഹനത്തിന്‍റെ ഐശ്വര്യം കാലന്‍ എന്നോ മറ്റോ ആലേഖനം ചെയ്തിരുന്ന സ്റ്റിക്കറുകളിലൊന്നില്‍ നടത്തിയ മറിമായം. സംഗതി കണ്ടിട്ടും സുകുമാരന്‍ അതു പറിച്ചുകളഞ്ഞില്ല. എന്തിനു കളയണം, സംഗതി സത്യമല്ലേ? ജോണിയും അതു കണ്ടു. പറിച്ചു കളയാന്‍ സുകുമാരോട് പറഞ്ഞില്ല- താന്‍ ഐശ്വര്യമാണെന്ന് ഉദ്ഘോഷിക്കുന്ന ലോകത്തെ ആദ്യത്തെയും അവസാനത്തെയും വ്യക്തിയല്ലേ സുകുമാരന്‍ എന്നദ്ദേഹം ഓര്‍ത്തുപോയി. കൂടാതെ, സുകുമാരനോടുള്ള സ്നേഹം മൂത്ത് എല്ലാദിവസവും ഓട്ടം അവസാനിപ്പിക്കുമ്പോള്‍ ടിപ്പ് ഇനത്തില്‍ പത്തുരൂപ കൂടുതല്‍ ഓട്ടക്കൂലി നല്‍കാനും അദ്ദേഹം മറന്നില്ല.

അങ്ങനെ, സുകുമാരനും ജോണിയും സൂത്രനും ഷേരുവും പോലെ ജീവിച്ചുപോന്നു. ഇരുവരും ഇണപിരിയാത്ത സുഹൃത്തുക്കള്‍.

ജോണിയുടെ ഓട്ടം കൊണ്ടുമാത്രം സുകുമാരന്‍ ഭരണങ്ങാനത്തു മീനിച്ചിലാറിന്‍റെ അക്കരെ അരയേക്കര്‍ റബര്‍തോട്ടം വാങ്ങി. സുകുമാരന്‍ അരയേക്കര്‍ വാങ്ങിയപ്പോള്‍ ജോണി അരയേക്കര്‍ പണയം വച്ച് ബ്ളേഡില്‍നിന്ന് അമ്പതിനായിരം കടംവാങ്ങി. എങ്കിലും, സുകുമാരന്‍റെ ഓട്ടോയായിരുന്നു തന്‍റെ ജീവിത വിജയങ്ങള്‍ക്കു കാരണമെന്നു ജോണിയും കണക്കുകൂട്ടി.

പക്ഷേ, ഒരു ദിവസം അര്‍ധരാത്രിയോടെ പെട്ടെന്നാണു നാടിനെ നടുക്കിക്കൊണ്ട് ആ വാര്‍ത്ത പ്രചരിച്ചത്.

ജോണിയെ കാണാനില്ല!!!

രാത്രി പന്ത്രണ്ടുമണിയായിട്ടും പ്രിയ കടിഞ്ഞൂല്‍ സന്താനത്തെ കാണാതെ വന്നതോടെ, ജോണിയുടെ അമ്മച്ചി ത്രേസ്യാമ്മച്ചേടത്തിയാണ് ആദ്യം ഒച്ചവച്ചത്.

അതു നാട്ടുകാരു കേട്ടു.

ജോണിയെ കാണാനില്ല. ജോണിയെ കാണാനില്ലെന്നു കേട്ടവര്‍ സുകുമാരനെ അന്വേഷിച്ചു. സുകുമാരനെയും കാണാനില്ല.

രണ്ടുപേരും എവിടെപ്പോയി?

ജോണിയുടെ പെയിന്‍റിങ് തൊഴിലാളികളുടെ ഇടിയിലെമ്പാടും അന്വേഷിച്ചു. ആര്‍ക്കുമറിയില്ല. ജോണി ഇന്ന് ഒരു പണിസ്ഥലത്തും ചെന്നിട്ടില്ല.

അര്‍ധരാത്രിയിലും ആ വാര്‍ത്ത അതിവേഗം പരന്നു.


ജോണിയെയും സുകുമാരനെയും അന്വേഷിച്ച് ആളുകളിറങ്ങി.


ഒന്നോ രണ്ടോ തവണ ജോണിയുടെ വക മദ്യം ഫ്രീയായി കഴിക്കാത്തവരായി കുടിയന്‍മാര്‍ ആരും ഭരണങ്ങാനം കരയിലേ ഉണ്ടായിരുന്നില്ല. എന്തിനെറെപ്പറയുന്നു, ഭരണങ്ങാനത്തെ പള്ളീലച്ചന്‍ വരെ ജോണിയെ കാണ്‍മാനില്ലെന്ന വാര്‍ത്ത കേട്ടു കണ്ണീര്‍ വാര്‍ത്തു.

ഭരണങ്ങാനം മുതല്‍ പാലാ വരെയ റോഡ് സൈഡിലെ ഓട മുഴുവന്‍ ചിലര്‍ അരിച്ചുപെറുക്കി. പാലായിലെ മദ്യഷാപ്പുകള്‍ക്കു മുന്നില്‍ വിരിവച്ചു കിടക്കുന്നവരില്‍ ജോണിയുടെ ഛായയുള്ളവരുണ്ടോെന്ന് അന്വേഷിച്ച് ചിലര്‍ പരക്കം പാഞ്ഞു. പൊലീസ് സ്റ്റേഷനില്‍ അന്വേഷിച്ചു. അന്ന് ജോണി എന്നു പേരുള്ള ഒരു കുടിയനും സ്റ്റേഷനില്‍ വന്നിട്ടില്ലെന്നു പൊലീസ്.

രണ്ടു പേരും അപ്പോള്‍ എവിടെപ്പോയി?

ആര്‍ക്കും ഒരു പിടിയും കിട്ടാതിരിക്കെ, തൈക്കാട്ട് മൂസ്സതിന്‍റെ കടയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ബവ്റിജസ് കോര്‍പറേഷന്‍റെ ചില്ലറ വില്‍പനശാലയ്ക്കു മുന്നില്‍ ആളനക്കമില്ലാതെ പാര്‍ക്കു ചെയ്തിരിക്കുന്ന ഒരു ഓട്ടോറിക്ഷ നാട്ടുകാരിലാരുടെയോ കണ്ണില്‍പ്പെട്ടു.

ഈ വാഹനത്തിന്‍റെ ഐശ്വര്യം ജോണി...!

വെണ്ടയ്ക്ക അക്ഷരം കണ്ട് വണ്ടറടിച്ച പൊതുജനം അങ്ങോട്ടു പാഞ്ഞു.

ഓട്ടോ ശൂന്യം!!

ഓട്ടോയില്‍നിന്ന് ആരൊക്കെയോ ചേര്‍ന്നു നമ്മുടെ ജോണിയെയും സുകുമാരനെയും തട്ടിക്കൊണ്ടു പോയെടാ..


ആരാണങ്ങനെ പറഞ്ഞതെന്നറിയില്ല. പറഞ്ഞുതീരും മുന്‍പ് അതു പാട്ടായി. ആപാട്ട് ജോണിയുടെ വീട്ടില്‍ കേട്ടു. ജോണിയുടെ അമ്മച്ചി നെഞ്ചത്തടിച്ച് അതിനു താളമിട്ടു.

ജോണിയെ ആരു തട്ടിക്കൊണ്ടുപോകാന്‍? അത്രയ്ക്കും വിവരമില്ലാത്തവര്‍ നാട്ടില്‍ ആരുണ്ട്? ചിലപ്പോള്‍ കയ്യിലെ കാശു തട്ടിയെടുത്ത് എവിടെയെങ്കിലും കൊന്നു തള്ളിക്കാണും...

നാക്കിന് എല്ലില്ലാത്തവരില്‍ ആരോ അങ്ങനെയും പറഞ്ഞു. ജനം അതും വിശ്വസിച്ചു.

നേരം പുലരാറായി. ജോണി പോകാറുള്ള സകല വഴിയിലും ആളുപോയി. നിരാശ ഫലം.

പുലര്‍ച്ചെയും ജോണിയെക്കുറിച്ചോ സുകുമാരനെക്കുറിച്ചോ ഒരു വിവരവുമില്ല. ഒടുവില്‍ അര്‍ധരാത്രിയെ പകലാക്കി തെരച്ചിലിനിറങ്ങിയ ഭരണങ്ങാനത്തെ ജനസാമാന്യം ഇങ്ങനെയൊരു നിഗമനത്തിലെത്തി.

കോണ്‍ട്രാക്ടറേയും ഓട്ടോ ഡ്രൈവറെയും കൊന്ന് അ‍ജ്ഞാതര്‍ പണം കവര്‍ന്നു.

എട്ടുകോളം വലിപ്പത്തില്‍ നാല്‍പതു പോയിന്‍റു തലക്കെട്ടില്‍ വാര്‍ത്ത നാടാകെ പരന്നു. രാവിലെ പത്രമിടാന്‍ ഓരോ വീട്ടിലും കയറിയിറങ്ങിയ ഏജന്‍റു കുട്ടപ്പായി പത്രത്തിനൊപ്പം ഫ്രീ സപ്ളിമെന്‍റു പോലെ ഇക്കാര്യവും പറഞ്ഞു പോയി..

ഭരണങ്ങാനം ദുഖസാന്ദ്രമായ അന്തരീക്ഷത്തിലേക്കാണു കണ്ണു തുറന്നത്. ടൗണിലാകെ ശ്മശാന മൂകത. റോഡരികിലെ ഇലക്ട്രിക് പോസ്റ്റുകളില്‍ കരിങ്കൊടികള്‍ പാറി.
ജോണിക്ക് ആദരാ‍ഞ്ജഴികള്‍ എന്നെഴുതിയ ബോര്‍ഡ് പലയിടത്തും ഉയര്‍ന്നു.

നേരം രാവിലെ ഒന്‍പതു മണി.

ഭരണങ്ങാനത്തിന്‍റെ സ്വത്തായ പത്രാസു മേരി പാലായിലെ പ്രശസ്ത ബാറായ ബ്ളൂമൂണിന്‍റെ റിസപ്ഷനില്‍ ജോലിക്കെത്തി. ജോണിയുടെ തിരോധാനത്തില്‍ ദുഖസൂചകമായി കറുത്ത സാരി, കറുത്ത ചെരിപ്പ്, കറുത്ത കുപ്പിവള, കറുത്ത തൂവാല തുടങ്ങിയ മാച്ചിങ് വേഷവിധാനത്തിലായിരുന്നു പത്രാസു മേരിയുടെ നില്‍പ്.

അവിവാഹിതനായ ജോണിയുടെ തിരോധാനം അവിവാഹിതയായ മേരിയെ ദുഖിപ്പിച്ചിരുന്നു. എന്തുകൊണ്ടെന്നു ചോദിക്കരുത്. (അതവരുടെ പഴ്സനല്‍ കാര്യം, നമ്മളിടപെടുന്നതു ശരിയല്ലല്ലോ!)

സമയം 9.10
ഹോട്ടല്‍ റിസപ്ഷനിലേക്ക് ഒരു കോള്‍.
മേരിയല്ലേ?
ഞാന്‍ ജോണിയാ, ബാര്‍ എപ്പോള്‍ തുറക്കും?
പത്രാസു മേരി ഞെട്ടി.
തന്‍റെ പ്രിയപ്പെട്ട ജോണിച്ചേട്ടന്‍...
ജോണിച്ചേട്ടാ ഇതെവിടെയാ? നിങ്ങളെ കാണാതെ നാടു മുഴുവന്‍...
പിന്നെപ്പറയാം, ബാറ് എപ്പോ തുറക്കും? അതു പറ?
പത്തുമണിക്ക് തുറക്കും ജോണിച്ചേട്ടാ...

ഫോണ്‍ കട്ടായി.

മേരിക്കു സന്തോഷമായി. നേരെ ഭരണങ്ങാനത്തെ അറിയാവുന്ന സകല നമ്പരുകളിലേക്കും വിളിച്ചു. ജോണി മരിച്ചിട്ടില്ല. ബാര്‍ എപ്പോള്‍ തുറക്കുമെന്ന് ദേ ഇപ്പോള്‍ വിളിച്ച് അന്വേഷിച്ചതേയുള്ളൂ.

സമയം 9. 20
ഹോട്ടല്‍ റിസപ്ഷനിലേക്ക് വീണ്ടും കോള്‍

മേരിയല്ലേ? ജോണിയാ...

വീണ്ടും അതേ ശബ്ദം, അല്‍പം നാക്കു കുഴഞ്ഞിട്ടുണ്ടോ? ഹേയ്.. തോന്നിയതായിരിക്കും..!

ബാറ് എപ്പോ തുറക്കുമെന്നാ പറഞ്ഞത്..

പത്തുമണി ജോണിച്ചേട്ടാ...
കൂടുതല്‍ എന്തെങ്കിലും ചോദിക്കും മുന്‍പേ ഫോണ്‍ വീണ്ടും കട്ടായി.

തന്‍റെ പ്രിയപ്പെട്ട ജോണിച്ചേട്ടന്‍ രണ്ടാമതും വിളിച്ചിരിക്കുന്നു. ഇനി പേടിക്കാനില്ല. പത്തുമണിയാകുമ്പോള്‍ ജോണിച്ചേട്ടന്‍ ബാറിലെത്തും. അപ്പോള്‍ തനിക്കു കാണാം. റിസപ്ഷന്‍ വഴിയേ ജോണിച്ചേട്ടന്‍ പോകൂ...

സമയം 9. 45
വീണ്ടും ഫോണ്‍

ഹഴോ.. മേഴിയല്ലേ?
ഇത്തവണ ശബ്ദം കുഴഞ്ഞിട്ടുണ്ടായിരുന്നു.
ഞാ... ജോണിഴാ...
ബാഴ് എപ്പ ദുറഗ്ഗുമെന്നാ പഴഞ്ഞേ?

പത്രാസു മേരിക്കൊച്ചിനു സങ്കടം വന്നു. ബാറു തുറക്കും മുന്‍പേ മൂപ്പരു കണ്ട വെട്ടിക്കൂട്ട് എവിടുന്നോ തട്ടിക്കൂട്ടിയടിച്ചു പൂസായി നില്‍ക്കുകയാണ്. ഇനിയിപ്പം ബാറില്‍നിന്നു കൂടി കേറ്റണം. സഹിക്കുന്നില്ല എനിക്കിതൊന്നും...
എങ്കിലും എല്ലാം സഹിച്ച്, ദേഷ്യം നിയന്ത്രിച്ച് അവള്‍ മറുപടി പറഞ്ഞു.

ജോണിച്ചേട്ടാ, ഞാന്‍ മൂന്നാം തവണയും പറയുന്നു, നിങ്ങള്‍ക്കു കൃത്യം പത്തുമണിക്ക് ബാറിന്നകത്തു കേറാം..

മറുപുറത്ത് ഒരു ഗ്ളാസ് വീണുടയുന്ന ശബ്ദം.

ഹയ്യോ ചതിച്ചല്ലോ...

എഴീ... ബാറിന്നകത്തോട്ടു കയറാനല്ല, ഞാനും സുകുമാരനും ഇന്നലെ ഇതിന്നകത്തു പെട്ടുപോയി..

ഞങ്ങക്കു പൊറദ്ദോട്ടു പോകാനാ...

വന്നു ബാറു തുറക്കെടീ....!!!


(ശുഭം)

Friday, May 18, 2007

കാമുകമോക്ഷം കല്യാണത്തുള്ളല്‍

ഡും ഡും ഡും....

വീട്ടില്‍ അമ്മച്ചി ഉണക്കിറച്ചി ഇടിച്ച് വറക്കാന്‍ തുടങ്ങുകയാണെന്നു തോന്നുന്നു.

ഉണക്കിറച്ചി ശരിക്കും ഇടിച്ചൊതുക്കി നല്ല മസാല തേച്ച് എണ്ണയില്‍ വറുത്തെടുക്കട്ടെ. സവാളയും വിനാഗിരിയും അല്‍പം തക്കാളിയും കറിവേപ്പിലയും ചേര്‍ത്തുണ്ടാക്കുന്ന സാലഡും പിന്നെ കപ്പ വേയിച്ചതും കൂടിയാകുമ്പോള്‍ ബ്രേയ്ക് ഫാസ്റ്റ് സൂപ്പര്‍ ഫാസ്റ്റാകും.

വായില്‍ വെള്ളൂമൂറിക്കിടക്കെ ദേണ്ടെ വീണ്ടും മുട്ട്.

മുട്ടിന്റെ സ്വരലയതാളത്തില്‍ മുഴുകി ഞാനങ്ങനെ സുഖകരമായ ഉറക്കം പിടിക്കെ വീണ്ടും മുട്ട്. നല്ല താളം. ദ്രുതതാളം.

ഉണക്ക പോത്തിറച്ചി ഇടിച്ചൊരു പരുവത്തിലാക്കണം. അത് ഇടിച്ചൊതുക്കി വറുത്തു തരുന്ന അമ്മച്ചിയ്ക്ക് അടുത്ത ദിവസം തന്നെ ഒന്നരപ്പവന്റെ ഒരു മാല വാങ്ങിക്കൊടുക്കണം. സ്വപ്നം കാണാന്‍ ഏതു പിച്ചക്കാരനും അവകാശമുണ്ടല്ലോ...!

മുട്ടിന്റെ താളം ഇടയ്ക്കെപ്പോഴോ നിലച്ചു. ഇനിയിപ്പോള്‍ ഉണക്കിറച്ചി വറുക്കാന്‍ എണ്ണയിലിടും. മസാലയും ഇറച്ചിയും ചേര്‍ന്നു വയറിനെ വിശപ്പിലേക്കു വിളിച്ചുണര്‍ത്തുന്ന ആ മണം ഇപ്പോഴിങ്ങെത്തും. പിന്നാലെ അമ്മച്ചി വന്നു വിളിക്കും.

ടാ... സുനിയേ... വന്നു കഴിക്കെടാ....

ഡാ... എഴുന്നേക്കെടാ... കോപ്പേ... എന്നാ ഉറക്കമാടാ...

വിളിച്ചത് അമ്മയല്ല. കാരണം അമ്മച്ചിയ്ക്കു പുരുഷ ശബ്ദമല്ല.

എഴുന്നേക്കെടാ ഉവ്വേ... ഇല്ലേ കതകു ഞങ്ങളു ചവിട്ടിപ്പൊളിക്കും..

കടം വാങ്ങിയ കാശു പലിശ സഹിതം തിരിച്ചുകൊടുക്കാനുള്ള സകലരെയും മനസ്സിലോര്‍ത്തുകൊണ്ടു ഞാന്‍ കണ്ണു തുറന്നു. കിടക്കുന്നത് ഭരണങ്ങാനത്തെ സ്വന്തം വീട്ടിലല്ല!!

കിടപ്പ് ഓഫിസ് വക ക്വാര്‍ട്ടേഴ്സില്‍. ആരായിരിക്കും ഈ അതിരാവിലെയെന്നോര്‍ത്തു കൊണ്ട് ഞാന്‍ ചാടിയെഴുന്നേറ്റു. കതകു തുറന്നു.

ദേണ്ടെ നില്‍ക്കുന്നു നാട്ടിലെ രണ്ട് ആത്മാര്‍ഥന്മാര്‍... ജോര്‍ജുകുട്ടി, സുമേഷ് ...

രണ്ടുപേരും രാവിലെ തന്നെ നല്ല കറന്റിലാണ്.

അതിരാവിലെ എന്നാടാ വിശേഷം. ഒരു മുന്നറിയിപ്പുമില്ലാതെ...

നീ വേഗം ലീവെടുക്ക്. നാട്ടില്‍ വരെ പോകണം. ഒരു അത്യാവശ്യമുണ്ട്. അവരിലാരോ പറഞ്ഞു.

അമ്മിണിപ്പിള്ളാച്ചന്റെ അംബാസിഡര്‍ കാര്‍ എന്‍എച്ച് 17ലൂടെ അതിവേഗം തിരികെ ഭരണങ്ങാനത്തേക്കു പറക്കുകയാണ്. ഇടയ്ക്കു വഴിയിലെവിടെയോ വണ്ടി നിര്‍ത്തി. ഒരുത്തന്‍ ഇറങ്ങി. ഒരു വലിയ കുപ്പി സോഡ വാങ്ങി.

ബാക്കിസാധനം കാറില്‍ ആവശ്യം പടി സ്റ്റോക്കുണ്ടായിരുന്നു. ഒരു ഗ്ളാസ് എനിക്കു നേരെ നീട്ടി. അതിരാവിലെ അതത്ര ശീലമില്ലെങ്കിലും ചുമ്മാ കിട്ടിയതല്ലേ എന്നോര്‍ത്തു കൈനീട്ടി വാങ്ങി. കുടിച്ചു.

നല്ല കയ്പ്. ഏതാടാ ബ്രാന്‍ഡ്?

ബ്രാന്‍ഡ് ഒന്നുമില്ല. മൂന്നെണ്ണം വാങ്ങി. മുന്നൂറു രൂപ.. ഇന്നലെ രാത്രി തുടങ്ങിയതാ....

തലയ്ക്കു പിന്നിലാരോ കനത്തയൊരു അടി തന്നതോര്‍മയുണ്ട്. ഞാന്‍ കാറിന്റെ സീറ്റിലേക്കു ചാഞ്ഞു. ബോധം തെളിഞ്ഞപ്പോള്‍ വണ്ടി പാലായിലെത്തി. സുഹൃത്തുക്കള്‍ രണ്ടും അപ്പോഴും ഫുള്‍ സ്വിങ്ങിലാണ്. ഒറ്റ ഗ്ളാസിനു മനുഷ്യനെ അപ്പാടെ വീഴിക്കുന്ന ആ സാധനം അവസാനത്തെ തുള്ളിയും തീര്‍ന്നിരിക്കുന്നു. നമോ നമ...!!

വണ്ടി നേരെ പോയതു വീട്ടിലേക്കല്ല. അടുത്തുള്ള ബാറുകളിലേക്കുമല്ല.

ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ജെന്റ്സ് ബ്യൂട്ടി പാര്‍ലറിനു മുന്‍പില്‍ വണ്ടി നിര്‍ത്തി. എന്റെ നാട്ടുകാരായ സുഹൃത്തുക്കള്‍ മുഴുവന്‍ അവിടെയുണ്ടായിരുന്നു. അവരെല്ലാംകൂടി ആരവത്തോടെ ഓടിയെത്തി എന്നെ പൊക്കിയെടുത്തു.

കോളജില്‍ പഠിക്കുമ്പോള്‍ അടുത്തുള്ള പാടത്തു നട്ടിരുന്ന കരിമ്പ് പറിച്ചതിനു നാട്ടുകാരു ചേര്‍ന്നു പൊക്കിയെടുത്തതിനു ശേഷം ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്തെയും എന്റെ പൊണ്ണത്തടിയെയും ചോദ്യം ചെയ്ത സംഭവമായിരുന്നു ഇത്.

എല്ലാവരും കൂടി എന്നെ ബ്യൂട്ടി പാര്‍ലറിലേക്കു കയറ്റി. അവിടെ എന്നെ കാത്ത് ബ്യൂട്ടീഷന്‍. വലിയൊരു കസേരയിലിരുത്തി മേയ്ക്കപ്പ് തുടങ്ങി. മുഖത്ത് എന്തൊക്കെയോ തേച്ചു. തലയില്‍ എന്തൊക്കെയോ കാട്ടി. അവിടവിടെ നരച്ചുതുടങ്ങിയ മുടികളെല്ലാം കരിയോയില്‍ പോലെ എന്തോ തേച്ചു കറുപ്പിച്ചു.

എല്ലാം കഴിഞ്ഞപ്പോള്‍ ഞാന്‍ സുന്ദരനായെന്നു കൂട്ടുകാര്‍ പറഞ്ഞു. കണ്ണാടിയില്‍ നോക്കിയപ്പോള്‍ പത്തു വയസു കൂടിയ പോലെ... മേയ്ക്കപ്പിനും പരിധിയുണ്ടല്ലോ...

കൂട്ടുകാരു ചേര്‍ന്ന് എന്റെ നരച്ചു നാശമായ ജീന്‍സും കോര്‍ഡ്രോയി കുപ്പായവും ഊരിച്ച് മിനുമിനപ്പുള്ള പുതിയ ഷര്‍ട്ടും പാന്റ്സും ഷൂവും ഇടുവിച്ചു. കഴുത്തു മുറുക്കി ടൈ കെട്ടിച്ചു. കൂടാതെ ഒരു ഓവര്‍ക്കോട്ടും ഇടുവിച്ചു.

സംഗതി എനിക്കു പിടികിട്ടി. എന്നെ കല്യാണച്ചെറുക്കനാക്കി ഇവന്മാര്‍ വേഷം കെട്ടിച്ചിരിക്കുകയാണ്. എന്റെ സമ്മതമില്ലാതെ എന്റെ കല്യാണം നടത്തുകയാണു പരിപാടി.

ഞാന്‍ പ്രതിഷേധിക്കും... തീര്‍ച്ച...

ഞാനവിടെനിന്ന് പുറത്തേക്കിറങ്ങിയോടി...

ഇറങ്ങിയോടിയ എന്നെ ജോര്‍ജുകുട്ടിയും സുമേഷും ചേര്‍ന്നു പിടിച്ചുനിര്‍ത്തി. ഇങ്ങോട്ടു വന്ന കാറു മാറ്റി പുതിയ മഹീന്ദ്ര ലോഗന്‍ ഒരെണ്ണം ദാണ്ടെ കിടക്കുന്നു. കാറു മുഴുവന്‍ അലങ്കരിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍കൂടി ചേര്‍ന്ന് എന്നെ ബലമായി കാറില്‍ കയറ്റി.


വണ്ടി നേരെ ഭരണങ്ങാനത്തേക്ക്...

എനിക്കു കല്യാണം കഴിക്കേണ്ടെന്ന് ഞാന്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. പക്ഷേ ആരു കേള്‍ക്കാന്‍...!!

ഭരണങ്ങാനം ആനക്കല്ലു ഫൊറോന പള്ളിയിലേക്കു വണ്ടി തിരിയാന്‍ നേരത്ത് എനിക്ക് എന്റെ അമ്മച്ചിയേയും അപ്പച്ചനെയും കാണണമെന്നു ഞാന്‍ കരഞ്ഞു പറഞ്ഞു. പക്ഷേ ആരും കേട്ടില്ല.

വണ്ടി പള്ളിമുറ്റത്ത് നിര്‍ത്തി. ആരോ വന്നു ഡോര്‍ തുറന്നു. ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണിന്റെ അപ്പനോ ആങ്ങളയോ ആയിരിക്കുമെന്നു ഞാനോര്‍ത്തു. ആരായാലും നല്ല ആരോഗ്യം. പിടിത്തം വീണത് എന്റെ കഴുത്തിനാണ്. ഒറ്റവലിക്കു പുറത്തു ചാടിച്ചു.

നോക്കിയപ്പോള്‍ നാട്ടിലെ കുപ്രസിദ്ധ റൗഡികളിലൊരാള്‍..!


ദൈവമേ... ഇവനു പെങ്ങളില്ലല്ലോ... ഞാനപ്പം ആരെയാ കെട്ടേണ്ടത്?!!

ആരെയും കെട്ടേണ്ടി വന്നില്ല. അതിനു മുന്‍പ് ആരൊക്കെയോ ചേര്‍ന്ന് എന്റെ കയ്യും കാലും കൂച്ചിക്കെട്ടി. അതുവരെ ഒപ്പമുണ്ടായിരുന്ന ഒരുത്തനെയും കാണാനില്ല. അവിടെയുണ്ടായിരുന്നവരില്‍ എന്റെ അയല്‍പക്കക്കാരും പരിചയക്കാരുമായവരെല്ലാം വെറുതേ നോക്കിനില്‍ക്കുന്നതല്ലാതെ എന്റെ രക്ഷയ്ക്കു വരുന്നില്ല.

ഞാന്‍ ഉറക്കെ കരയാന്‍ നോക്കി. ആരോ ഒരാള്‍ വന്ന് കഴുത്തിലുണ്ടായിരുന്ന ടൈ അഴിച്ചെടുത്ത് വായില്‍ തിരുകി.. ആ സാധ്യതയും അസ്തമിച്ചു.

പള്ളിമുറ്റത്തുനിന്ന് പൊക്കിയെടുത്ത് അവരെന്നെ ഒരു പെട്ടി ഓട്ടോറിക്ഷയുടെ പ്ളാറ്റ് ഫോമിലേക്കിട്ടു. എങ്ങോട്ടെന്നില്ലാതെ ഓട്ടോ പാഞ്ഞു. ഞാന്‍ കണ്ണടച്ചു കിടന്നു...

കണ്ണു തുറന്നപ്പോള്‍ ഏതോ ഒരു റബ്ബര്‍തോട്ടത്തില്‍ വണ്ടി കിടക്കുന്നു. കെട്ടഴിച്ച് എന്നെയവര്‍ സ്വതന്ത്രനാക്കി. ഇട്ടിരുന്ന പുത്തന്‍ കോട്ടും മറ്റു വസ്ത്രങ്ങളും ഊരിക്കളഞ്ഞു. പകരം ക്രിസ്മസ് പപ്പാ മോഡല്‍ പക്ഷേ കറുപ്പു നിറമുള്ള ഒരു ഗൗണ്‍ ഇടുവിച്ചു. മേയ്ക്കപ്പ് മുഴുവന്‍ മാറ്റി. ചാരവും മുട്ടയും കലക്കിത്തേച്ച് തലമുടി പെരുന്തച്ചന്‍ പരുവത്തിലാക്കി. ഒരു നാരങ്ങമുറിച്ച് മൂക്കില്‍ ചേര്‍ത്തുവച്ചു. കയ്യില്‍കുരിശാകൃതിയില്‍ (സാന്‍ഡോസ് മോ‍ഡല്‍) കെട്ടിവച്ച കപ്പത്തണ്ട് തന്നു.

പെട്ടി ഓട്ടോയുടെ പ്ളാറ്റ് ഫോമില്‍ എന്ന കയറ്റിനിര്‍ത്തി. വണ്ടി തിരിച്ചു ഭരണങ്ങാനം പള്ളിയിലേക്കു പാഞ്ഞു.

ഗേറ്റിനു മുന്നില്‍ എന്നെയിറക്കി. എനിക്ക് കരയണമെന്നു തോന്നി. പരിചയക്കാര്‍ ഒരുപാടാളുകള്‍ വന്നു പരിഹാസച്ചിരിയോടെ കടന്നു പോയി. അപ്പോളാണ് നീണ്ട ഹോണ്‍ മുഴക്കി രണ്ടു വിദേശ നിര്‍മിത കാറുകള്‍ ഗേറ്റിനു സമീപം ബ്രേയ്ക്കിട്ടുനിന്നത്.

അതില്‍നിന്ന് ആദ്യം മനോഹരമായ കോട്ടും സ്യൂട്ടുമിട്ട ഒരുത്തന്‍ ഇറങ്ങി. കൂടെ അവന്റെ അപ്പന്‍, അമ്മ, പെങ്ങള്‍, പിന്നെ ഫോട്ടോഗ്രഫര്‍, വീഡിയോഗ്രഫര്‍...

അവന്‍ നേരെ വന്ന് എനിക്കൊരു ഷെയ്ക്ക് ഹാന്‍ഡ് തന്നു. ഞാനതു മേടിച്ചു.

പിന്നിലെ കാറില്‍നിന്നു മാലാഖപ്പരുവത്തില്‍ മേലാകെ നെറ്റിലും ഐവറിസാരിയിലും പൊതിഞ്ഞ മറ്റൊരാള്‍ക്കൂടിയിറങ്ങി. ആളെ എനിക്കു മനസ്സിലായി. ഇനിയിപ്പം എന്തു ചെയ്യാന്‍..!

ഞാനൊന്നും മിണ്ടിയില്ല.

നവവധുവിനെ വരന്റെ അടുക്കലേക്കു ബന്ധുക്കള്‍ ചേര്‍ന്നു നീക്കിനിര്‍ത്തി. ഇപ്പം ഒരു ഷെയ്ക്ക് ഹാന്‍ഡ് കൂടി കിട്ടുമായിരിക്കുമെന്നു ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല!!

ഗേറ്റില്‍നിന്നു പള്ളിയിലേക്ക് നൂറുമീറ്ററോളം ദൂരമുണ്ട്. അവിടേക്കു നടന്നാണു പോകുന്നത്. എന്നെ ആ വിവാഹ സംഘത്തിന്റെ മുന്നില്‍ പിടിച്ചു നിര്‍ത്തി.

ചെവിക്കു പിടിച്ച് ആരോ ഒരാള്‍ നന്നായൊന്നു കിഴുക്കി.


നന്നായി തുള്ളിക്കോണം, ഇല്ലേല്‍ തല്ലുമേടിക്കും, ഇനിയവസരം കിട്ടില്ല....

അപ്പോളാണ് എനിക്ക് എന്റെ റോളിനെക്കുറിച്ചു പൂര്‍ണമായ ബോധ്യം വന്നത്. കല്യാണച്ചെറുക്കനും പെണ്ണിനും മുന്നില്‍ കോമാളി വേഷം കെട്ടിയ ഞാന്‍ ‍‍ഡാന്‍സു കളിക്കണം..


അത്രയ്ക്കു വലിയ തെറ്റെന്താണു ചെയ്തതെന്ന് എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല. അല്ലേലും എവിടെ എത്തിപ്പിടിക്കാന്‍?! ആരുമൊട്ടു സഹായത്തിനു വരുന്നുമില്ല.

എല്ലാവരുംകൂടി പരിഹാസച്ചിരി വീണ്ടും മുഴക്കി.

ഞാന്‍ തുള്ളിക്കൊണ്ടു മുന്നോട്ടു നീങ്ങി. പിന്നാലെ നവവരന്‍, വധു, വിവാഹസംഘം എന്നിവരും ...

തുള്ളിത്തുള്ളി ഞാന്‍ പള്ളിയുടെ ആനവാതില്‍ക്കല്‍ എത്തി. വരനും വധുവും വലതുകാല്‍ വച്ചു പള്ളിയിലേക്കു കയറി.

തുള്ളാതെ പതിയെ പള്ളിയിലേക്കു കയറാന്‍ പോയ എന്നെ ആരോ ഒരാള്‍ വന്ന് പള്ളിയുടെ പുറകിലേക്കു പിടിച്ചുവലിച്ചുകൊണ്ടുപോയി. നല്ല രണ്ട് ഇടിയും കിട്ടി. വേദന തോന്നിയില്ല. മനസ്സിനായിരുന്നു വേദന.

പള്ളിയില്‍ കല്യാണ കുര്‍ബാന തുടങ്ങി. ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ല എന്നെനിക്കു മനസ്സിലായി.

പള്ളിയുടെ പിന്നലെ അത്യാവശ്യം വലിപ്പമുള്ള തെങ്ങിലേക്കു കഷ്ടപ്പെട്ട് ഞാന്‍ വലിഞ്ഞു കയറി.

ഒരു വിധമാണു മുകളിലെത്തിയത്. താഴേയ്ക്കു നോക്കി. ആകെപ്പാടെ പേടി തോന്നി. കയ്യും കാലും വിറയ്ക്കുന്നു. വിറ കൂടിക്കൂടി വരികയാണ്.



രണ്ടും കല്‍പിച്ച് ഞാന്‍ തെങ്ങിന്റെ മുകളില്‍നിന്നു പിടിവിട്ടു.

നടുവിടിച്ചാണു വീണത്. വല്ലാത്ത വേദനയോടെ ഞാനേറ്റു.

നേരം പതിനൊന്നുമണി.

ആരോടും ഒന്നും പറയാതെ വാതില്‍ തുറന്ന് പുറത്തിറങ്ങി.

നേരെ വീട്ടിലേക്കു വിളിച്ചു. വിശേഷമൊന്നുമില്ലല്ലോ.....

ഓ.. എന്നാ വിശേഷം? നീയിപ്പോഴാണോ ഉറങ്ങിയെഴുന്നേറ്റത്... വെറുതെയല്ല, തടികൂടുന്നത്... സസ്നേഹം അമ്മച്ചി...

കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ ഫോണ്‍ വച്ച് കുളിക്കാനായി ഞാന്‍ ബാത്ത് റൂമിലേക്കു നടന്നു.

Tuesday, May 15, 2007

പുഷ്പാഞ്ജലി ഗിരീഷ്കുമാര്‍

ഗിരീഷ് കുമാര്‍. പ്രായം മുപ്പത്തിമൂന്ന്.

പതിമൂന്നുവര്‍ഷമായി പ്രണയത്തിലാണ്. പതിമൂന്നുവര്‍ഷമായിട്ടും പ്രണയത്തിനു കാര്യമായ വളര്‍ച്ചാ നിരക്കില്ല. കഴിഞ്ഞ പത്തുവര്‍ഷമായി പ്രണയത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ഗിരീഷ് പറയുക ഒരേ മറുപടിയാണ്.

അമ്പതു ശതമാനം ഒകെയായിട്ടുണ്ട്. ഇനി ബാക്കി കൂടി....
ശരിയാണ്. ഗിരീഷിന്റെ ഭാഗത്തുനിന്നു നോക്കുമ്പോള്‍ അമ്പതു ശതമാനം ഒകെയാണ്. ബാക്കി അമ്പതു ശതമാനം എതിര്‍കക്ഷിയില്‍നിന്നു കൂടി ഉണ്ടാകുന്ന അന്ന്, ആ നിമിഷം, ആ പ്രണയം പൂവണിയും.

ശ്രമിക്കാഞ്ഞിട്ടല്ല. ശ്രമിച്ചിട്ടും നടന്നില്ല എന്നു പറയുന്നതാണു ശരി.

പല വഴിക്കു ശ്രമിച്ചു.
സ്കൂളില്‍ പഠിക്കുന്ന കാലത്ത് ആ കുട്ടിയെ കണ്ട് ഇഷ്ടപ്പെട്ടതാണ്. അന്നുമുതല്‍ ഗിരീഷ് ഡയറിയെഴുതി തുടങ്ങി. ഡയറിയില്‍ തനിക്കിഷ്ടപ്പെട്ട കവിതാശകലങ്ങളും അതിനൊപ്പമെഴുതി. പ്രണയത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ആ ഡയറിയുമായി ഗിരീഷ് അവളെ കാണാന്‍ കാത്തുനിന്നു. സ്കൂള്‍ വിട്ടു വന്ന കുട്ടികള്‍ക്കിടയില്‍നിന്ന് അവളെ ഗിരീഷ് കണ്ണുകളാല്‍ കൊത്തിയെടുത്തു.
(ഇഷ്ടപ്പെടുന്നവരെ ഏത് ആള്‍ക്കൂട്ടത്തിനിടയില്‍നിന്നും ഒറ്റനോട്ടത്തില്‍ കണ്ടെത്താനാവുമെന്നു പറയുന്നതു ശരിയാണോ?!)

അവന്‍ അവളുടെ നേര്‍ക്കു നടന്നു. തന്റെ ശരീരത്തില്‍ പ്രവര്‍ത്തനക്ഷമമായ ഒരു അവയവും കൂടിയുണ്ടെന്നു ഗിരീഷ് തിരിച്ചറിയുന്നതും അന്നാണ്.
ഹൃദയം.
അതു വല്ലാതെ ഇടിച്ചു തുടങ്ങി. ഒരു തരം ഭയം ഉള്ളംകാലില്‍നിന്നു തുടങ്ങി മുട്ടുവഴി കയ്യിലും തലയിലും എത്തിനിന്നു. അവിടെനിന്ന് പിന്നെയും പോകാന്‍ സ്ഥലമില്ലാത്തതിനാലാവണം, ഭയം തലയില്‍ ഉരുണ്ടുകൂടി. കണ്ണില്‍ ഇരുട്ടുകയറി. ഗിരീഷ് അവളുടെ മുമ്പിലെത്തിയപ്പോഴേയ്ക്കും വല്ലാതെ വിയര്‍ത്തു കുളിച്ചിരുന്നു.
സ്കൂള്‍കുട്ടിക്കു പ്രണയലേഖനം (സോറി, ലേഖനസമാഹാരമായ ഡയറി)കൈമാറാന്‍ പോയ ആ കാമുകന്‍ അവളുടെ തൊട്ടുമുന്‍പില്‍ തളര്‍ന്നു വീണു. തകര്‍ന്നു വീണു.

അവള്‍ സ്കൂളിലല്ലേ പഠിക്കുന്നത് അല്‍പം കൂടി മുതിര്‍ന്നിട്ടാവാം തന്റെ പരിശുദ്ധ പ്രണയം അവളെ അറിയിക്കലെന്ന് പിന്നീട് ആ പാവപ്പെട്ടവന്‍ തീരുമാനിച്ചു. അവള്‍ക്കായി എന്നും ജാഗരണം ചെയ്ത കണ്ണുകളും മനസ്സുനിറയെ സ്നേഹവുമായി അവന്‍ വഴിയരികില്‍ കാത്തുനിന്നു.

അതുവഴി അവള്‍ കടന്നു പോകുമ്പോള്‍ ഏതെങ്കിലും കഴുകന്‍ കണ്ണുകള്‍ അവളെ വല്ലാതെ കൊത്തിനോവിക്കുന്നുണ്ടോയെന്നറിയാന്‍ അവിടെമാകെ അവന്റെ സൂക്ഷമദൃഷ്ടി പരതിനടന്നു. ചിലദിവസങ്ങളില്‍ അവള്‍ കടന്നുപോയപ്പോള്‍ ഹോണടിച്ച ഓട്ടോ ഡ്രൈവര്‍മാരെ രാത്രി വൈകി ഓട്ടം വിളിച്ചുകൊണ്ടുപോയി ആളില്ലാത്ത സ്ഥലങ്ങളില്‍ നിര്‍ത്തി താക്കീതു ചെയ്തു വിട്ടയച്ചു. താക്കീതു കൈപ്പറ്റിയവര്‍ അക്കാര്യം അറിയാത്തവരെക്കൂടി അറിയിച്ചു. അങ്ങനെ നാടാകെ ആ പ്രണയം പാട്ടായി.

ഗിരീഷ്കുമാറും സവിതയും പ്രണയത്തിലാണ്...!

സവിത കോളജില്‍ ചേര്‍ന്നു. ആദ്യദിവസം ഭരണങ്ങാനത്തുനിന്ന് കോളജില്‍ പോകാനായി അവള്‍ ബസ് കാത്തുനിന്ന മരത്തിന്റെ ഇപ്പുറത്തെ അരികില്‍ അവനുമുണ്ടായിരുന്നു. ബസ് വന്നു. കുട്ടികള്‍ ഓരോരുത്തരായി ബസില്‍കയറി. അവസാനം കയറിയ അവളുടെ ശരീരത്തില്‍ കിളിയുടെ വിരല്‍സ്പര്‍ശം. അത്രയേ ഉണ്ടായുള്ളൂവെങ്കിലും ഗിരീഷിന്റെ കാമുകഹൃദയത്തിന് അതു സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.

പിന്നിലെ ഡോറില്‍ക്കൂടി അവനും ആ ബസില്‍കയറി. ബസ് പാലാ കൊട്ടാരമറ്റം സ്റ്റാന്‍ഡില്‍ ട്രിപ്പ് അവസാനിച്ചു. യാത്രക്കാര്‍ എല്ലാവരും ഇറങ്ങിക്കഴിഞ്ഞ് ഗിരീഷ് പതിയെ ആ കിളിയുടെ അടുത്തുചെന്നു. ബസിന്റെ ഡോറിലേക്കു ചേര്‍ത്തുനിര്‍ത്തി അവന്റെ മുഖമടച്ച് ഒറ്റയടി...!

മേലാല്‍ എന്റെ പെണ്ണിന്റെ ദേഹത്തു കൈ വച്ചുപോകരുത്..!

കേവലം അഞ്ചരയടി പൊക്കവും കാറ്റടിച്ചാല്‍ പറന്നുപോകുന്ന ശരീരവുമുള്ള ഗിരീഷ് അങ്ങനെ ആദ്യമായി റൗഡിയുമായി. എല്ലാം അവള്‍ക്കുവേണ്ടിയായിരുന്നു.

ഗിരീഷിന്റെ മനസ്സില്‍ നാദസ്വരക്കച്ചേരി മുഴങ്ങിത്തുടങ്ങി. പുടവ കൊടുത്ത് അവളെ തന്റെ ഹൃദയത്തിലേക്കു വലതുകാല്‍ വച്ചു കയറ്റുന്നതു മാത്രം സ്വപ്നം കണ്ട് ആ ചെറുപ്പക്കാരന്‍ ഉറങ്ങി.
മൂകാംബിക ക്ഷേത്രം മുതല്‍ ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം വരെയുള്ളയിടങ്ങളിലെ സകല ദൈവങ്ങള്‍ക്കും ഗിരീഷിനെ പരിചയമായിരുന്നു. കാരണം, അവരുടെ മുന്‍പില്‍ വിനീതവിധേയനായി തൊഴുകൈകളോടെ ആ ചെറുപ്പക്കാരന്‍ മിക്ക ദിവസങ്ങളിലും വന്നുനില്‍ക്കുമായിരുന്നു. എല്ലാം അവള്‍ക്കുവേണ്ടിയാരുന്നു.

അശ്വതി നക്ഷത്രത്തില്‍ പിറന്ന അവള്‍ക്കുവേണ്ടി അവിടങ്ങളിലെല്ലാം അവന്‍ പുഷ്പാഞ്ജലികള്‍ കഴിപ്പിച്ചു. അതിന്റെ രസീത് കളയാതെ സൂക്ഷിച്ചു വച്ചു. കല്യാണം കഴിഞ്ഞ് ഒരുദിവസം ഇതെല്ലാം എടുത്തു കാട്ടി അവളെ ഞെട്ടിക്കണം.

പ്രണയത്തിന്റെ കണക്കുപുസ്തകത്തില്‍ ഗിരീഷിന് ഇന്‍കം ഒന്നുമുണ്ടായില്ലെങ്കിലും എക്സ്പന്‍ഡിച്ചര്‍ കാര്യത്തില്‍ നോ ഹാന്‍ഡ് ആന്‍ഡ് നോ മാത്തമാറ്റിക്സ് എന്നതായിരുന്നു അവസ്ഥ.

എല്ലാം അവള്‍ക്കു വേണ്ടിയായിരുന്നു.

കൂട്ടുകാര്‍ വഴി ഗിരീഷിന്റെ പ്രണയകഥ നാട്ടുകാര്‍ മുഴുവന്‍ അറിഞ്ഞുപോന്നു.
അക്കാര്യമറിയാത്തതായി ഒരാള്‍ മാത്രമേ ആ നാട്ടിലുണ്ടായിരുന്നുള്ളൂ. അത് അവള്‍ തന്നെയായിരുന്നു...!

സവിതയുടെ ഇരുപതാം പിറന്നാള്‍. കൗമാരപ്രായം പിന്നിട്ട അവള്‍ ഇന്നു മുതല്‍ യുവതിയാണ്. അവള്‍ക്കായി എന്തെങ്കിലുമൊരു സമ്മാനം നല്‍കണം. അതും ആരുമറിയാതെ തനിക്കു നേരിട്ടുതന്നെ അവളുടെ കൈകളില്‍ അത് ഏല്‍പിക്കണം. അങ്ങനെ വര്‍ഷങ്ങള്‍ നീണ്ട പ്രണയം അവള്‍ക്കു മുന്‍പില്‍ പ്രഖ്യാപിക്കണം.

അവള്‍ക്കായി ഗിരീഷ് കണ്ടെത്തിയത്, കൊത്തുപണികളാല്‍ മനോഹരമാക്കിയ ഒരു കൊതുമ്പുവള്ളത്തിന്റെ ശില്‍പമായിരുന്നു. വര്‍ണക്കടലാസുകളാല്‍ പൊതിഞ്ഞ്, ഉള്ളില്‍ ഹാപ്പി ബര്‍ത്ത്ഡേ ടു മൈ ഹേര്‍ട്ട് മേറ്റ് എന്നു ചോരയാല്‍ എഴുതി അവന്‍ സൂക്ഷിച്ചു വച്ചു.

(ക്ഷമിക്കണം, സ്വന്തം ചോരയില്‍ അല്ല അദ്ദേഹം ഈ സാഹസം ഒപ്പിച്ചത്, വീട്ടിലെ കോഴിയെ ഒന്നിനെ രാവിലെ പിടിച്ചു തല്ലിക്കൊന്നു. അതിന്റെ ചോരയെടുത്തു...!)

കോളജ് വിട്ടു വരും വഴി സവിതയ്ക്കു മുന്‍പില്‍ ഗിരീഷ് അവതരിച്ചു. തന്റെ പ്രണയോപഹാരം അവള്‍ക്കു നേരെ നീട്ടി. അപരിചിതനായ ഒരു ചെറുപ്പക്കാരന്‍ വച്ചുനീട്ടിയ വലിയ പൊതിയിലേക്ക് ചോദ്യഭാവത്തില്‍ അവള്‍ നോക്കി.

ഇതെന്റെ ജന്‍മദിന സമ്മാനമാണ്, സവിത സ്വീകരിക്കണം..ഒരുവിധം അത്രയും പറഞ്ഞൊപ്പിച്ചു. അവള്‍ ഒന്നുകൂടി ഗിരീഷിന്റെ മുഖത്തേക്കു നോക്കി.
അവനെത്തന്നെ ഞെട്ടിച്ചുകൊണ്ട്, അതു വാങ്ങി അവള്‍ വീട്ടിലേക്കു നടന്നു.

ഗിരീഷിന്റെ മനസ്സില്‍ ആയിരം തൃശൂര്‍ പൂരങ്ങള്‍ ഒന്നിച്ചണിനിരന്നു. പ്രണയവര്‍ണങ്ങളുടെ കുടമാറ്റം.

രാത്രി കിടന്നിട്ടും അവനുറക്കം വന്നില്ല. എങ്ങനെ ഉറങ്ങാന്‍?
അവള്‍ ആ സമ്മാനം എന്തു ചെയ്തിട്ടുണ്ടാവും?

ഏറ്റവുംപ്രിയപ്പെട്ടവന്‍ നല്‍കിയ പ്രണയോപാഹരത്തെ അവള്‍ തിരിച്ചറിഞ്ഞപ്പോള്‍ എന്തായിരിക്കും അവളുടെ മനസ്സില്‍ തോന്നിയിട്ടുണ്ടാവുക?
എന്റെ ജീവിതം നിനക്കു വേണ്ടിയാണ് എന്നുകൂടി അതില്‍ എഴുതാമായിരുന്നു എന്നവന്‍ ഓര്‍ത്തതും അപ്പോളാണ്...എന്തു ചെയ്യാം?

അയച്ച ഇ-മെയിലും എറിഞ്ഞ കല്ലും ഒരു പോലെയാണല്ലോ... ഇനിയതു തിരിച്ചുകിട്ടില്ലല്ലോ...!!

പക്ഷേ ആ ധാരണ തെറ്റായിരുന്നു. കൊടുത്ത സമ്മാനം അതിരാവിലെ തന്നെ തിരിച്ചുകിട്ടി. തിരിച്ചേല്‍പിക്കാന്‍ രാവിലെ ഓട്ടോ പിടിച്ച് വീട്ടിലെത്തിയത് സവിതയുടെ അച്ഛന്‍ രാമകൃഷ്ണന്‍ നായര്‍ തന്നെയായിരുന്നു.

ഓട്ടോയില്‍ അതിരാവിലെ വീട്ടിലെത്തിയ അപരിചതനെ കണ്ട് പല്ലുപോലും തേയ്ക്കാതെ കട്ടന്‍കാപ്പികുടിച്ചുകൊണ്ടിരുന്ന ഗിരീഷിന്റെ പ്രിയപിതാവ് കൃഷ്ണന്‍കുട്ടി ചേട്ടന്‍ അദ്ഭുതപ്പെട്ടു.
ഇത് ഇവിടുത്തെ ഗിരീഷ് എന്ന പയ്യന്‍ എന്റെ മകള്‍ക്കു നല്‍കിയതാണ്. അവള്‍ക്കു കഴിഞ്ഞ ദിവസം ഇതിനെക്കാള്‍ സ്വല്‍പം കൂടി വലിയ ഒരു ചുണ്ടന്‍ വള്ളം ഞാന്‍ വാങ്ങിക്കൊടുത്തിരുന്നു...അതുകൊണ്ട് ഇത് ഇവിടെത്തന്നെയിരിക്കട്ടെ...

എവിടെ ഗിരീഷ്..? ഒന്നു പരിചയപ്പെടാനാണ്...ആളെ ഇതുവരെ കണ്ടിട്ടില്ല...!

ഭാവി അമ്മായിഅപ്പന്റെ ചോദ്യം കേട്ടതും തുറന്നിട്ടിരുന്ന അടുക്കള വാതില്‍ വഴി ഉടുത്തിരുന്ന ബെഡ്ഷീറ്റ് മടക്കിക്കുത്തി ഗിരീഷ് കുമാര്‍ ഇറങ്ങിയോടി...
ആ ഓട്ടത്തിന്റെ തുടര്‍ച്ചയായി അയല്‍പക്കക്കാര്‍ വലിയൊരു ശബ്ദം മാത്രം കേട്ടു..!
പ്രണയകാര്യങ്ങളില്‍ വ്യാപൃതനായിരുന്നതിനാല്‍ വീടിന്റെ പുറകില്‍ കക്കൂസിന് പുതിയൊരു കുഴിയെടുത്ത കാര്യം ഹതഭാഗ്യനായ ആ ചെറുപ്പക്കാരന്‍ അറിഞ്ഞിരുന്നില്ല. മൂക്കും കുത്തി വീണത് അതിലേക്ക്. കൈയും കാലും ഒടിഞ്ഞു. നടുവ് ഉളുക്കി.

ഗിരീഷ് കുമാര്‍ ആശുപത്രിയിലായി.

നീണ്ട നാല്‍പതു ദിവസങ്ങള്‍. ആശുപത്രിയിലും വീട്ടിലുമായി ഗിരീഷ് റെസ്റ്റിലായിപ്പോയി. അപ്പോഴും പുഷ്പാഞ്ജലികള്‍ക്കു മുടക്കം വരാതിരിക്കാന്‍ അവന്‍ ശ്രദ്ധിച്ചു.

ഗിരീഷിന്റെ ശല്യം ഇനി വേണ്ടെന്നു തീരുമാനിച്ച രാമകൃഷ്ണന്‍ നായര്‍ സവിതയെ ബാംഗ്ളൂരിലേക്കു പഠിക്കാന്‍ അയച്ച് സംഗതി ഭദ്രമാക്കി.

സവിത ബാംഗ്ളൂരിനു പോകുന്നെന്ന വിവരം ഗിരീഷ് അറിഞ്ഞു. പ്ളാസ്റ്റര്‍ അഴിക്കാന്‍ പത്തുദിവസം കൂടി വേണം. അതിനു മുന്‍പ് അവളെ കാണാന്‍ പറ്റില്ല. സാരമില്ല, ബാംഗ്ലൂരിലെങ്കില്‍ അവിടെ, ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അവളെ കണ്ടെത്തിയിരിക്കും..!

എല്ലാം അവള്‍ക്കുവേണ്ടിയല്ലേ...?

കയ്യും കാലും നേരെയായി. ഗിരീഷ് ബാംഗ്ളൂരിനു വണ്ടി കയറി. അവിടെ ദിക്കറിയാതെ നാലഞ്ചുദിവസം കറങ്ങിനടന്നു. മഹാനഗരത്തിന്റെ തിരക്കുകള്‍ക്കിടയില്‍ പ്രിയപ്പെട്ടവളുടെ മുഖം മാത്രം അവനു കണ്ടെത്താനായില്ല. ഒടുവില്‍ നിരാശനായി, ക്ഷീണിതനായി അവന്‍ തിരികെ നാട്ടിലെത്തി.

പുഷ്പാഞ്ജലികളിലൂടെ അവന്റെ പ്രണയം തുടര്‍ന്നു. വര്‍ഷങ്ങള്‍ കടന്നുപോവുക തന്നെ ചെയ്തു.

ഇടയ്ക്ക് അവധിക്ക് അവള്‍ വീട്ടില്‍ വരും. പക്ഷേ, ഒരിക്കലും അവള്‍ ഭരണങ്ങാനത്തേക്കു വന്നില്ല.

അവള്‍ വീട്ടിലുണ്ടെന്നറിഞ്ഞ ഒരു ദിവസം അവന്‍ അവളുടെ വീട്ടിലേക്കു ഫോണ്‍ ചെയ്തു. ഫോണെടുത്തത് അവള്‍ തന്നെയായിരുന്നു.

ഫോണിന്റെ മറുപുറത്ത് പ്രണയം കുറുകുന്ന ശബ്ദത്തോടെ ഗിരീഷ് ചോദിച്ചു- സവിതയല്ലേ?
അതേ ആരാ?

ഞാന്‍... ഞാന്‍ ഗിരീഷാ...

മറുപുറത്ത് നിശബ്ദത...

മൗനം അനുവാദമെന്ന് മനസ്സില്‍ കുറിച്ച് ഗിരീഷ് തുടര്‍ന്നു..

എനിക്ക് തന്നെ ഒന്നു നേരില്‍ കാണണം. നാളെ വൈകിട്ട് ദീപാരാധന തൊഴാന്‍ ഭരണങ്ങാനം അമ്പലത്തില്‍ വരാമോ?

നിശബ്ദത മാത്രം...

മറുപടിക്കായി വിറയ്ക്കുന്ന കൈകളില്‍ റിസീവര്‍ പിടിച്ച് ഗിരീഷ് കാത്തുനിന്നു.

ഹൃദയത്തെ കീറിമുറിച്ച നിശബ്ദതയ്ക്കൊടുവില്‍ അവള്‍ പറഞ്ഞു...

ഞാന്‍ വരാം.. പക്ഷേ, ഗിരീഷ് ഒറ്റയ്ക്കുവരണം, കൂട്ടുകാരെ കൂട്ടരുത്...

ചാകാന്‍ പോകുമ്പോഴും പ്രേമിക്കാന്‍ പോകുമ്പോളും ഒറ്റയ്ക്കു പോകണമെന്ന പഴമൊഴി അവനോര്‍ത്തു..

ദീപാരാധനയ്ക്കായി ക്ഷേത്രം വിളക്കുകളാല്‍ പൂത്തുനില്‍ക്കെ, ഗിരീഷ് സവിതയെ ആല്‍മരച്ചുവട്ടില്‍ വച്ചുകണ്ടു.

അതുവരെയുള്ള തന്റെ പ്രണയം അവന്‍ അവളോടു തുറന്നു പറഞ്ഞു. അവള്‍ക്കായി എഴുതിയ ഡയറിക്കുറിപ്പുകള്‍ അവളെ കാട്ടിക്കൊടുത്തു.

എല്ലാം നിശബ്ദം അവള്‍ കേട്ടുനിന്നു....

ഒടുവില്‍ അവള്‍ അവനോടായി പറഞ്ഞു....

മേലില്‍ എന്റെ പിന്നാലെ നടക്കരുത്...
എന്റെ കല്യാണമുറപ്പിച്ചു..അടുത്തയാഴ്ച നിശ്ചയം, ഉടന്‍ കല്യാണവുമുണ്ട്. ഗള്‍ഫിലാണ് ആള്‍. ലീവ് കുറവായതുകൊണ്ടാണു വേഗം നടത്തുന്നത്. കല്യാണം കഴിഞ്ഞാല്‍ എന്നെയും കൊണ്ടുപോകും..

അമ്പലമതില്‍ക്കെട്ടിനുള്ളില്‍നിന്നും പതിനായിരം പുഷ്പാഞ്ജലികളുട സുഗന്ധമുള്ള ഒരു കാറ്റുവന്ന് ഗിരീഷിനെ തൊട്ടു കടന്നുപോയി..

ഇല്ല, ഒന്നുമവന്‍ അറിഞ്ഞില്ല. അവളുടെ കണ്ണുകളിലേക്ക് നോക്കി നില്‍ക്കെ കണ്ണുനീര്‍ കാഴ്ചയെ അവ്യക്തമാക്കി. നിറഞ്ഞ കണ്ണുകളും ശൂന്യമായ മനസ്സുമായി അവന്‍ തിരികെ നടന്നു...

എങ്ങോട്ടെന്നില്ലാതെ, എന്തു ചെയ്യണമെന്നറിയാതെ....

ഗിരീഷ് നടന്നുപോകുന്നതു നോക്കിനില്‍ക്കാതെ സവിത അമ്പലത്തിനുള്ളിലേക്ക് തൊഴാനായി നടന്നു.

കൂട്ടുകാര്‍ക്ക് പിടികൊടുക്കാതെ ഗിരീഷ് വീട്ടിനുള്ളില്‍ത്തന്നെയിരുന്നു. ഹൃദയത്തിനുള്ളില്‍ കടന്നു കയറിയ ഒരു മുള്ളായിരുന്നു തന്റെ പ്രണയമെന്ന് അവന്‍ തിരിച്ചറിഞ്ഞത് അപ്പോളായിരുന്നു. അത് അവിടെയിരുന്ന കഴിഞ്ഞ 13 വര്‍ഷവും ആ പ്രണയം സമ്മാനിച്ചത് നീറ്റലായിരുന്നു. ഇന്നിപ്പോള്‍, അതു വലിച്ചൂരിക്കളയണം..എങ്കിലും ബാക്കിയാവുക വേദന മാത്രം..

അവളുടെ കല്യാണദിവസം .....

പകലു മുഴുവന്‍ അവന്‍ വീട്ടിലിരുന്നു. സന്ധ്യയായി.. വഴിയിലെമ്പാടും ഇരുട്ടുവീണു.
മുറിയില്‍ നേരത്തെ തയ്യാറാക്കി വച്ചിരുന്ന ഒരു ചെറിയ പൊതിയുമായി ഗിരീഷ് വീട്ടില്‍നിന്നിറങ്ങി.

ചെരിപ്പുപോലുമിടാതെ, വൈരാഗിയായ ഒരു സന്ന്യാസിയെപ്പോലെ ആ നടപ്പ് അവളുടെ വീട്ടിലേക്കായിരുന്നു. കല്യാണത്തിരക്കുകള്‍ ഒഴിഞ്ഞ് ബാക്കിയായ ബന്ധുക്കളെല്ലാം വീട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കുന്നതിനിടയിലേക്ക് ഒരു ഭ്രാന്തനെപ്പോലെ ഗിരീഷ് കടന്നു ചെന്നു.

ങും എന്തു വേണം?

ചോദിച്ചത് രാമകൃഷ്ണന്‍ നായര്‍, സവിതയുടെ അച്ഛന്‍

ഗിരീഷിനെ നേരത്തെ നേരില്‍ കണ്ടിട്ടില്ലാത്തതിനാല്‍ അദ്ദേഹത്തിന് അതിഥിയുടെ ആഗമനോദ്ദേശ്യം മനസ്സിലായില്ല.

എനിക്ക് സവിതയുടെ ഹസ്ബെന്‍ഡിനെ ഒന്നു കാണണം.. പഴയ സുഹൃത്താ...

ആരുമൊന്നും മിണ്ടിയില്ല. ആദ്യരാത്രിയുടെ ഒരുക്കങ്ങളുമായി മണിയറയിലായിരുന്ന നവവരന്‍ പുറത്തേക്കിറങ്ങിവന്നു. വെളുത്തു സുന്ദരനായ അയാള്‍ക്കുനേരെ ഗിരീഷ് നോക്കി. തന്നെക്കാള്‍ പൊക്കവും ഭംഗിയുമുണ്ട്. അവള്‍ക്കു നന്നായി ചേരും.. ഒരു പക്ഷേ തന്നെക്കാളും... !

ആരാ മനസ്സിലായില്ല...

സവിതയുടെ ഹസ്ബെന്‍ഡിന്റെ ചോദ്യം ഗിരീഷിനെ ചിന്തകളില്‍ നിന്നുണര്‍ത്തി..

ഞാന്‍... ഞാന്‍ ഗിരീഷ്.

സവിതയുടെ പഴയ സുഹൃത്താണ്. കല്യാണത്തിനു വരാന്‍ പറ്റിയില്ല. ഈ ഗിഫ്റ്റ് നേരില്‍ ഏല്പിച്ചു പോകാമെന്നു കരുതി...

ഇത്രയും പറഞ്ഞ് ഗിരീഷ് ആ വീടിന്റെ പടികളിറങ്ങി ഇരുട്ടിലേക്കു നടന്നു.
തന്റെ കയ്യിലേല്‍പിച്ച പൊതിയുമായി ഒരു നിമിഷം സവിതയുടെ ഭര്‍ത്താവ് അവിടെനിന്നു. പിന്നീട്, നേരെ മണിയറയിലേക്കു നടന്നു. അവിടെ, ആരുമുണ്ടായിരുന്നില്ല. സവിത എത്തുന്നതേയുണ്ടായിരുന്നുള്ളൂ..

കട്ടിലിന്റെ ഒരു കോണിലിരുന്ന് അയാള്‍ ആ പൊതി പൊട്ടിച്ചു.

ഒരു കവര്‍ നിറയെ പുഷ്പാഞ്ജലിയുടെ രസീതുകള്‍.
എല്ലാം സവിത, അശ്വതി നക്ഷത്രം..!

ഒപ്പം, ഒരു ചെറിയ നോട്ടുബുക്ക്.

അതിന്റെ ആദ്യ പേജില്‍ മനോഹരമായ ഒരു മയില്‍പ്പീലി.

അയാള്‍ അടുത്ത പേജു മറിച്ചു. അവയിലും മനോഹരമായ മയില്‍പ്പീലികള്‍. ഓരോ പേജും സൂക്ഷമതോടെ അയാള്‍ മറിച്ചുകൊണ്ടിരുന്നു. എല്ലാത്തിലും മയില്‍പ്പീലികള്‍.

മയില്‍പ്പീലികളുടെ വര്‍ണസാഗരത്തില്‍നിന്ന് അയാള്‍ ആ ബുക്കിന്റെ അവസാനത്തെ പേജിലേക്ക് താള്‍ മറിച്ചു. അവിടെ ചെറിയ അക്ഷരങ്ങളില്‍ വിറച്ച കയ്യക്ഷരങ്ങളില്‍ ഇങ്ങനെ എഴുതിയിരുന്നു...

"മയില്‍പ്പീലിത്താളുകളുടെ ഈ പുസ്തകം
നീ അവള്‍ക്കു നല്‍കുക
പ്രേമിക്കാനറിയാതെ പോയ
ഒരു കവിയുടെ സമ്മാനമാണിതെന്നു പറയുക
ഓര്‍ക്കാപ്പുറത്ത്, ഒരൊറ്റ ഉമ്മ കൊണ്ട്
അവളെ ഒരു മയില്‍പ്പീലിയാക്കുക...!!! "





(കവിതയ്ക്കു കടപ്പാട് സിവിക് ചന്ദ്രനോട് )

Saturday, May 12, 2007

തീര്‍ഥാടകരേ ഇതിലേ ഇതിലേ...(ടിഎസ് നമ്പര്‍- 47, മാട്ടേല്‍ കള്ളുഷാപ്പ്)

കാലുറയ്ക്കാത്ത ബഞ്ചുകള്‍,
നാലു കാലി‍ല്‍ നില്‍ക്കാന്‍ പ്രയാസപ്പെടുന്ന മേശകള്‍,
അതിന്റെ മുകളിലിരുന്ന് ആടുന്ന കുപ്പികള്‍..
ഇത്രയുമായാല്‍ ടി. എസ്. നമ്പര്‍ 47, മാട്ടേല്‍ കള്ളുഷാപ്പ് ആയി.

റോഡരികിലെ വലിയൊരു കയ്യാലമാടിന്റെ മുകളിലാണു ഷാപ്പിന്റെ ഇരിപ്പ്. അങ്ങോട്ടു കയറാന്‍ പ്രത്യേകിച്ച് വഴിയൊന്നുമില്ല. ചെറിയൊരു ഏണി ചാരി വച്ചിരിക്കും.

സൂക്ഷിച്ച് അതേല്‍ പിടിച്ചുവേണം കയറാനും ഇറങ്ങാനും. കള്ളുകുടിക്കാന്‍ അങ്ങോട്ടു പോകുന്നവര്‍ക്ക് ആ ഏണി ഒരു പ്രശ്നമേ ആയിരുന്നില്ല. തണ്ടും തടിയുമുള്ളവര്‍ ഏണിയുടെ സഹായമില്ലാതെ ഒറ്റച്ചാട്ടത്തിനും ഷാപ്പിന്റെ തിരുമുറ്റത്ത് എത്തിയിരുന്നു.

പക്ഷേ, ഇവരെല്ലാം മെയിന്‍ റോഡിലേക്കിറങ്ങാനുള്ള ഏണിയുടെ ബലക്ഷയത്തെക്കുറിച്ചും അതിലൂടെ ഇറങ്ങുന്നതിലെ റിസ്കിനെക്കുറിച്ചും ആലോചിക്കുന്നതു മടക്കയാത്രയിലാണ്. നാലോ അഞ്ചോ കുപ്പി കള്ള് അകത്താക്കിക്കഴിയുന്പോള്‍ ഷാപ്പിലോട്ടു കയറാന്‍ നേരത്തുണ്ടായിരുന്ന അതേ ഗ്രിപ്പ് തിരിച്ചിറങ്ങുമ്പോഴും കിട്ടുമോന്ന് ഒരു സംശയം!

അതോടെ, സംശയം വല്ലാത്ത ഒരാധിയായി അവരെ കീഴ്പ്പെടുത്തും. ആധി മൂത്ത് രണ്ടു കുപ്പി കള്ളുകുടി ഓര്‍ഡര്‍ ചെയ്യും. അതുകൂടി കഴിച്ചു കഴിയുമ്പോള്‍ പൂസു വിടാതെ താനിനി ഷാപ്പ് വിട്ടിറങ്ങില്ലെന്നു തീരുമാനിക്കും. അങ്ങനെ, ഷാപ്പടയ്ക്കാന്‍ നേരമാവുമ്പോളും തലയിലെ കെട്ടിറങ്ങാത്ത അവസ്ഥയില്‍ അനേകം മാപ്പിളമാര്‍ മിക്കദിവസങ്ങളിലും ഷാപ്പില്‍ അന്തിയുറങ്ങിപ്പോന്നു.

രാവിലെ മുതല്‍ രാത്രി വരെ ഷാപ്പില്‍. ഏണിയുടെ ബലക്ഷയമോര്‍ത്ത് വീട്ടില്‍പ്പോക്കില്ല. ഭാര്യയും മക്കളും ഷാപ്പില്‍ വന്ന് അവരെ സന്ദര്‍ശിച്ചു മടങ്ങിപ്പോക്കു തുടര്‍ന്നു.

തിരിച്ചിറങ്ങാന്‍നേരത്ത് ഏണി വേണ്ടെന്നു സ്വമേധയാ തീരുമാനിച്ച ചില ബഹുമാന്യ കുടിയന്മാര്‍ ഇതിന്നിടയ്ക്ക് പത്തടിയോളം പൊക്കമുള്ള കയ്യാലമാട്ടേന്നു താഴെ വീണു കയ്യും കാലും ഒടിഞ്ഞ് ഗവ. ആശുപത്രിത്തിണ്ണകളില്‍ കൊതുകിന്റെ ഇന്‍ജക്ഷനേറ്റ് കിടന്നു.

ഇങ്ങനെയൊക്കെയാണെന്കിലും മാട്ടേല്‍ ഷാപ്പിലെ കള്ളിനെക്കുറിച്ച് കുടിയന്മാരും അല്ലാത്തവരുമായ ആര്‍ക്കും എതിരഭിപ്രായമില്ലായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ മാട്ടേല്‍ ഷാപ്പിലെ കള്ളിന്റെ ആരാധകരായിരുന്നു.

ഈസ്റ്ററിനും ക്രിസ്മസിനും ഉണ്ടാക്കുന്ന സ്പെഷല്‍ വെള്ളയപ്പത്തിനു അരിമാവു കുഴച്ചുവയ്ക്കാന്‍ നേരത്ത് അവര്‍ ഭര്‍ത്താക്കന്മാരോടായി പറയും. അതേയ്, നിങ്ങളാ ഷാപ്പില്‍ വരെ ഒന്നു ചെല്ല്, കുറച്ചു കള്ളു വാങ്ങിക്കൊണ്ടുവാ...

ജീവിതത്തില്‍ ഒരിക്കല്‍പ്പോലും കള്ളുകുടിക്കാത്ത വെറും പാലുകുടിയന്മാരായ ഗൃഹനാഥന്മാരും അങ്ങനെ ഭാര്യമാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മാട്ടേല്‍ ഷാപ്പില്‍ സന്ദര്‍ശകരായി.

അത്രയും സല്‍പ്പോരും പ്രവര്‍ത്തന പാരമ്പര്യവുമുള്ള മാട്ടേല്‍ ഷാപ്പ് ഇപ്പോള്‍ ഒരു തീര്‍ഥാടന കേന്ദ്രമാണ്!!

കള്ളുകച്ചവടം നിര്‍ത്തി. കള്ളുചാറയ്ക്ക് ഒരു മൂടി പിടിപ്പിച്ച് നേര്‍ച്ചപ്പെട്ടിയാക്കി. കറുത്ത ബോര്‍ഡിലെ വെളുത്ത അക്ഷരത്തില്‍ രേഖപ്പെടുത്തിയിരുന്ന കള്ള് എന്ന ബോര്‍ഡ് കാണാതായി. പകരം, ഷാപ്പിന്റെ തൊട്ടുതാഴെ റോഡരികില്‍ വലിയൊരു കുരിശും അതിനോടു ചേര്‍ന്ന് വല്ലോം തന്നേച്ചും പോയോ എന്ന രീതിയില്‍ വാപൊളിച്ചു നില്‍ക്കുന്ന നേര്‍ച്ചപ്പെട്ടിയും സ്ഥാപിച്ചു.

ഷാപ്പില്‍ അന്തിയുറങ്ങിയിരുന്ന കുടിയന്മാര്‍ അനാഥരായി. മീനിച്ചിലാറു നിറെയ പനം കള്ള് ഒഴുകി വരുന്നതും താന്‍ അതിലൂടെ നീന്തിനടന്ന് മതിവരുവോളം ആ കുള്ളുമുഴുവന്‍ അകത്താക്കി രണ്ടോ മൂന്നു കന്നാസു നിറയെ കള്ള് വീട്ടിലോട്ടു ചുമന്നു കൊണ്ടുപോകുന്നതും സ്വപ്നം കണ്ടുറങ്ങിയിരുന്ന കുടിയന്മാര്‍ മറ്റൊരു ഷാപ്പുകിട്ടാതെ ഗതികിട്ടാ പ്രേതങ്ങളായി.

ഷാപ്പിലെ കറിക്കച്ചവടക്കാരന്‍ കോവാലന്റെ വീട്ടില്‍ അടുപ്പു പുകയാതായി
(കഴിഞ്ഞ ദിവസം അവര് ഒരു ഗ്യാസ് സ്റ്റൗ വാങ്ങി!!)

കഴിഞ്ഞ ക്രിസ്മസിനു തലേന്നാണ് അതു സംഭവിച്ചത്. പതിവു പരിപാടികള്‍ കഴിഞ്ഞ് ഷാപ്പ് നേരത്തെ അടച്ച് വീട്ടില്‍പ്പോയതാണു മാനേജര്‍ ദേവസ്യ. ക്രിസ്മസ് ദിവസം രാവിലെ പള്ളിയില്‍ പോയി മടങ്ങിവന്നു ഷാപ്പു തുറന്ന ദേവസ്യ കിടുങ്ങിപ്പോയി.

പിള്ളക്കച്ചകളാല്‍ പൊതിഞ്ഞ്, തണുത്തു വിറച്ചു ഷാപ്പിലെ കാലുറയ്ക്കാത്ത മേശമേല്‍ ഒന്നില്‍ ദാണ്ടെ കിടക്കുന്നു നമ്മുടെ ഉണ്ണീശോ!

രാവിലെ ചെത്തിയ കള്ളു വൈകിട്ടു കുടിച്ചാലുണ്ടാകുന്ന പൂസുപോലെ വാര്‍ത്ത അതിവേഗം നാടാകെ പരന്നു. മാട്ടേല്‍ ഷാപ്പില്‍ ഉണ്ണീശോ പിറന്നു.

ഷാപ്പുകാരന്‍ ദേവസ്യ ബോധം കെട്ടുവീണു. തലേന്നത്തെ ലഹരിയില്‍ അന്തംവിട്ടുറങ്ങുകയായിരുന്ന ഷാപ്പിലെ സ്ഥിരം കുടിയന്മാര്‍ സംഗതിയറിയാന്‍ വൈകി. അറിഞ്ഞവര്‍ കേട്ടവര്‍ വണ്ടി പിടിച്ചു ഷാപ്പിലേക്കു പാഞ്ഞു. വണ്ടിയില്ലാത്തവര്‍ സ്വന്തം നിലയിലും പാഞ്ഞു.

ഷാപ്പിനു മുന്നില്‍ വന്‍ ആള്‍ക്കൂട്ടം. ബോധം തെളിഞ്ഞയുടന്‍ ഷാപ്പുകാരന്‍ ദേവസ്യ തൊട്ടടുത്തുനിന്ന പള്ളി കപ്യാരുടെ അനിയന്‍ ബിജുവിന്റെ കഴുത്തിലുണ്ടായിരുന്ന കൊന്ത വാങ്ങി സ്വന്തം കഴുത്തിലിട്ടു. തലേന്നു മിച്ചം വന്ന രണ്ടു കുപ്പിക്കള്ള് അതേപടി ഒഴുക്കിക്കളഞ്ഞ് (മഹാപാപി!!) അതില്‍ രണ്ടു മെഴുകുതിരി കത്തിച്ചുവച്ചു. കുന്തിരിക്കം സ്റ്റോക്കില്ലാത്തതിനാലും കള്ളിന്റെ മണമകറ്റാന്‍ മറ്റു മാര്‍ഗമില്ലാതിരുന്നതിനാലും ഷാപ്പില്‍ ബാക്കിയുണ്ടായിരുന്ന കൊതുകുതിരി നാലുകോണിലും പുകഞ്ഞു.

വിവരമറിഞ്ഞ പാടെ പാലാ രൂപതയുടെ നാലതിരുകളില്‍നിന്നും തീര്‍ഥാടക സംഘങ്ങള്‍ മിഷന്‍ ലീഗ്, കെസിവൈഎം, മാതൃജ്യോതി, ലീജിയന്‍ ഓഫ് മേരി തുടങ്ങിയ ബാനറകളെഴുതിയ ടൂറിസ്റ്റ് ബസില്‍ സിനിമ കണ്ടുല്ലസിച്ച് ഷാപ്പിലെത്തി തീര്‍ഥാടനം നടത്തി മടങ്ങി.

സമീപത്തെ പത്തു ഷാപ്പില്‍ കിട്ടുന്ന ആകെ വരുമാനം ഒരുദിവസം കൊണ്ടു മാട്ടേല്‍ ഷാപ്പിലെ നേര്‍ച്ചപ്പെട്ടികളില്‍ വീണു തുടങ്ങി. ഷാപ്പുകാരന്‍ ദേവസ്യയ്ക്കു പകരം സമീപ ഇടവകയായ ഭരണങ്ങാനത്തെ വൈദിക പ്രമുഖരില്‍ ഒരാള്‍ അവിടെ താമസം ആരംഭിച്ചു.

നിലവിലുള്ള ഷാപ്പ് ജീര്‍ണാവസ്ഥയിലായതിനാല്‍ അവിടെ പുതിയ പള്ളി പണിയാന്‍ പള്ളിക്കമ്മിറ്റി തീരുമാനമെടുത്തു. അതിനായി പിരിവു തുടങ്ങി. പിരിവു തുടങ്ങിയ വിവരമറിഞ്ഞതോടെ, നാട്ടിലെ പല പ്രമാണിമാരും ഒളിവില്‍പോയി.

മാട്ടേല്‍ഷാപ്പ് തീര്‍ഥാടന കേന്ദ്രം, മദ്യപാനം നിര്‍ത്താന്‍ ഇവിടെയെത്തുക തുടങ്ങിയ ക്യാച്ച് വേഡുകളോടെ നാടെങ്ങും ബോര്‍ഡുകള്‍ ഉയര്‍ന്നു. കെട്ടിയവന്‍മാരുടെ കുടികൊണ്ടു പൊറുതി മുട്ടിയ പാവം വീട്ടമ്മമാര്‍ മാട്ടേല്‍ ഷാപ്പില പഴയ കറിക്കലങ്ങളില്‍ തലയടിച്ചു പ്രാര്‍ഥിച്ചു.

തലയില്‍ അല്‍പമെങ്കിലും ബോധം ബാക്കിയുണ്ടായിരുന്ന ചിലര്‍ നാട്ടിലുണ്ടായിരുന്നു. അവര്‍ സംഗതികളെക്കുറിച്ച് അന്വേഷിച്ചു. കള്ളുകച്ചവടക്കാരന്‍ ദേവസ്യ ക്രിസ്മസ് ദിവസം രാവിലെ ഷാപ്പു തുറക്കാനെത്തിയപ്പോള്‍ ഷാപ്പിലെ മേശയിലൊന്നില്‍ ഉണ്ണീശോയുടെ രൂപം കണ്ടെവെന്നാണ് ഐതിഹ്യം. പിറന്നത് യഥാര്‍ഥ ഉണ്ണീശോയല്ല, ഉണ്ണീശോയുടെ കളിമണ്‍ രൂപം. അതെങ്ങനെ ഷാപ്പില്‍ വന്നു?

ആര്‍ക്കും ഒരു എത്തും പിടിയും കിട്ടിയില്ല. ഉണ്ണീശോയ്ക്കു പകരം ഉണ്ണിമേരിയുടെ പടമോ മറ്റോ ആയിരുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നാട്ടില്‍ അനേകം കുടിയന്മാര്‍ ഉണ്ടായനേനെ. പക്ഷേ, ഉണ്ണീശോയുമായി ആര്‍ക്കും അത്രവലിയ പരിചയമോ ബന്ധമോ ഇല്ലാതിരുന്നതിനാല്‍ ആരും ഉത്തരവാദിത്തമേറ്റെടുക്കാന്‍ മുന്നോട്ടുവന്നില്ല.

ഒടുവില്‍ പള്ളിയിലെ കൈക്കാരന്മാരില്‍ ഒരാളും മാട്ടേല്‍ ഷാപ്പിലെ പറ്റുപിടിക്കാരില്‍ മുഖ്യനുമായിരുന്ന അയര്‍ക്കുന്നത്തു ചാണ്ടിയാണ് അക്കാര്യം അബദ്ധവശാല്‍ പുറത്തുവിട്ടത്.

മാട്ടേല്‍ ഷാപ്പിലെ പറ്റുപിടി അവസാനിച്ചതോടെ സമീപത്തെ പാലമ്മൂട് ഷാപ്പിലേക്കു ട്രാന്‍സ്ഫര്‍ വാങ്ങിയ അദ്ദേഹം ഒരുദിവസം പത്തുകുപ്പി കള്ളിന്റെ ലഹരിയില്‍ അക്കാര്യം അറിയാതെ പറഞ്ഞു പോയി. ക്രിസ്മസിനു തലേന്നത്തെ കരോള്‍ പരിപാടിയുടെ നേതാവായിരുന്നു ചാണ്ടി.

രാത്രി എട്ടുമണിക്കു തുടങ്ങിയ കരോള്‍ വീടുവീടാന്തരം പാടിയിറങ്ങി മാട്ടേല്‍ ഷാപ്പിന്റെ പരിസരത്ത് എത്തിയപ്പോള്‍ ഷാപ്പ് അടയ്ക്കുന്നതേയുള്ളൂ. എങ്കില്‍പ്പിന്നെ, രണ്ടുകുപ്പി കള്ളു കുടിച്ചിട്ടു തന്നെ ബാക്കി കരോള്‍ എന്നു സംഘം ഒന്നടങ്കം തീരുമാനിച്ചു. പെട്ടെന്നുള്ള ആവേശത്തില്‍ ക്രിസ്മസ് പപ്പായും പരിവാരങ്ങളും ഒറ്റച്ചാട്ടത്തിനു ഷാപ്പിനു മുന്നിലെ കയ്യാലമാടു ചാടിക്കയറി.

കള്ളുകുടി തുടങ്ങി. 25 നോയമ്പു കാരണം കഴിഞ്ഞ 25 ദിവസമായി ഡ്രൈ ആയിരുന്നതിനാലുള്ള കേടു തീര്‍ത്ത് കള്ള് ഓര്‍ഡര്‍ ചെയ്തു. കേവലം ഒരു മണിക്കൂര്‍ കൊണ്ടു ഷാപ്പിലുണ്ടായിരുന്ന മുഴുവന്‍ കള്ളും അവര്‍ കുടിച്ചു തീര്‍ത്തു.

ഷാപ്പടയ്ക്കാന്‍ ദേവസ്യ ധൃതി കൂട്ടിയതോടെ എഴുന്നേല്‍ക്കാന്‍ പറ്റുന്ന വിധമുണ്ടായിരുന്നവര്‍ അതിവേഗം പുറത്തിറങ്ങി. തലയില്‍ പത്തുകിലോ അരിച്ചാക്ക് എടുത്തു വച്ചാലെന്ന പോലത്തെ കനം. കള്ളിന്റെ ലഹരി അത്രയ്ക്കു ഗംഭീരമായിരുന്നു.

തിരിച്ചു റോഡിലേക്ക് ഇറങ്ങാന്‍ കെല്പുള്ളവര്‍ ആരും അക്കൂട്ടത്തിലുണ്ടായിരുന്നില്ല. പൂസു വിടുന്നതു വരെ ഷാപ്പിന്റെ മുറ്റത്തു കഴിച്ചുകൂട്ടാമെന്ന് അവര്‍ തീരുമാനിച്ചു. അപ്പോഴാണു പറ്റു ബുക്കില്‍ കണക്കെഴുതിച്ചു കഴിഞ്ഞു ചാണ്ടിയും പുറത്തേക്കു വരുന്നത്. കരോള്‍ സംഘത്തിന്റെ അതേ അവസ്ഥയിലായിരുന്നു അദ്ദേഹവും.

ഒടുവില്‍ എല്ലാവരും ചേര്‍ന്നു ഷാപ്പിന്റെ മുറ്റത്ത് വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ തീരുമാനിച്ചു. ഇതിന്നിടെ, ഷാപ്പുപൂട്ടി ദേവസ്യ വീട്ടില്‍ പോയിരുന്നു.

നേരം പാതിരാത്രിയായി. പള്ളിയില്‍ പാതിരാ കുര്‍ബാനയ്ക്കുള്ള മണിയടിച്ചു. തലയിലെ കെട്ടിറങ്ങിത്തുടങ്ങിയ ചാണ്ടി വേഗം പള്ളിയില്‍ തിരിച്ചെത്തേണ്ടതിനെക്കുറിച്ചോര്‍ത്തു. അപ്പോളാണ്, അതുവരെ തന്റെ കയ്യിലുണ്ടായിരുന്ന ഉണ്ണീശോയുടെ രൂപത്തെക്കുറിച്ചും ഓര്‍ത്തത്.

അതു ഷാപ്പില്‍ വച്ചു മറന്നു പോയിരിക്കുന്നു. തിരിച്ചെടുക്കാന്‍ മാര്‍ഗമില്ല.

കാരണം ഷാപ്പുപൂട്ടി ദേവസ്യ വീട്ടില്‍പ്പോയി ഉറക്കം പിടിച്ചുകഴിഞ്ഞിരുന്നു. എന്തു ചെയ്യുമെന്ന് ചാണ്ടി ഒറ്റയ്ക്ക് ആലോചിച്ചു. കൂടെയുള്ള കുടിയന്മാരോടു പറഞ്ഞിട്ടു കാര്യമില്ല. വേഗം തീര്‍പ്പുണ്ടാക്കിയില്ലെങ്കില്‍ പള്ളീലച്ചന്‍ തന്നെ അടിച്ചുപുറത്താക്കും.

പള്ളിയിലെ തിരുക്കര്‍മങ്ങള്‍ക്ക് ഉണ്ണീശോയുടെ രൂപം വേണം. അതേ ഉണ്ണീശോയാണിപ്പോള്‍ മാട്ടേല്‍ ഷാപ്പില്‍....ഒരുവിധം കയ്യാല മാട് എടുത്തുചാടി ചാണ്ടി ഭരണങ്ങാനത്തേക്ക് ഓടി.

ഓടുന്നതിനിടെയും ചാണ്ടി ആലോചിച്ചുകൊണ്ടിരുന്നു. അങ്ങനെ ആലോചിച്ചു കൊണ്ട് ഓടുന്നതിനിടെ, ഓടിക്കൊണ്ട് ആലോചിക്കുന്നതിനിടെ, വഴിയരികിലെ തെക്കേല്‍ ജോസുചേട്ടന്റെ വീട്ടില്‍ നല്ല വെളിച്ചം.

ചാണ്ടി സൂക്ഷിച്ചു നോക്കി. ജോസുചേട്ടന്റെ മക്കളും മക്കടെ മക്കളും ചേര്‍ന്നുണ്ടാക്കിയ മനോഹരമായ ഒരു പൂല്‍ക്കൂട് വീട്ടുമുറ്റത്ത്. അതിന്നകത്ത്,തനിക്കു കൈമോശം വന്ന അതേ വലിപ്പത്തിലും അതേ രൂപത്തിലുമുള്ള ഉണ്ണീശോയും.

ഒന്നുമാചോലിച്ചില്ല, ചാണ്ടി. ശബ്ദമുണ്ടാക്കാതെ നേരെ അവിടേക്കു നടന്നു. പിന്നെ ഉണ്ണീശോയെ ഹൈജാക്ക് ചെയ്ത് പള്ളിയിലേക്ക് ഒറ്റ ഓട്ടം. കൃത്യ സമയത്ത് ഉണ്ണീശോ പള്ളിയിലെത്തി.

തിരുക്കര്‍മങ്ങള്‍ തുടങ്ങി. വീടുകളില്‍ ചേടത്തിമാര്‍ പോത്തിറച്ചി വരട്ടിയതും കള്ളപ്പം ചുട്ടതും ഉണ്ടാക്കിത്തുടങ്ങി. രാത്രിയിലെ ബഹളവും ഓട്ടവും കാരണമുള്ള ക്ഷീണത്താല്‍ കിടന്നുറങ്ങിപ്പോയ ചാണ്ടി ഉണര്‍ന്നെണീല്‍ക്കുന്നത് അന്നു വൈകിട്ടാണ്.

അപ്പോഴേയ്ക്കും ഷാപ്പില്‍ ഉണ്ണീശോ പിറന്ന വിവരം നാടാകെ എആര്‍ റഹ്മാന്റെ പാട്ടായിക്കഴിഞ്ഞിരുന്നു. സംഗതിയുടെ നിജസ്ഥിതി അറിയുന്നയാള്‍ എന്ന നിലയ്ക്കും അതുവരെയുണ്ടായിരുന്ന മനസ്സമാധാനം നഷ്ടമായ സാഹചര്യത്തിലും ഒരു ദിവസം ചാണ്ടി പള്ളിയിലെ വികാരിയച്ചനെ കാണാന്‍ ചെന്നു.

മാട്ടേല്‍ഷാപ്പിലെ നേര്‍ച്ചക്കാശ് എണ്ണുന്നതിന്റെ തിരക്കിലായിരുന്ന അദ്ദേഹം ചോദ്യപൂര്‍വം ചാണ്ടിയുടെ നേര്‍ക്ക് കണ്ണെറിഞ്ഞു. വികാരിയച്ചനോട് ചാണ്ടി എല്ലാക്കഥകളും ഏങ്ങലടിച്ചുകൊണ്ട് വിളിച്ചുപറഞ്ഞു.

എല്ലാം കഴിഞ്ഞപ്പോള്‍ വികാരിയച്ചന്‍ ചാണ്ടിയെ പള്ളിക്കുശിനിയുടെ അടുത്തേക്കു മാറ്റിനിര്‍ത്തി സ്വകാര്യമായി ഇങ്ങനെ പറഞ്ഞു.

നമ്മുടെ സമുദായത്തിനു പത്തു കാശുകിട്ടുന്നത് ചാണ്ടിയായിട്ട് കളയേണ്ട. താനൊന്നും കണ്ടിട്ടും കേട്ടിട്ടും ഇല്ല. പുതിയ മെഡിക്കല്‍ കോളജും എന്‍ജിനീയറിങ് കോളജുമൊക്കെ തുടങ്ങിയ വകയില്‍ എത്ര രൂപയാ കടം? നമുക്ക് അതൊക്കെയൊന്നു തീര്‍ക്കേണ്ടേ..?

ഇതിപ്പം ദൈവമായിട്ടു കാണിച്ചു തന്നെ ഒരു വഴിയാണെന്നങ്ങു ചാണ്ടി കരുതിയാല്‍ മതി!!!

Tuesday, May 08, 2007

വണ്ടാളന്‍ ദേവസ്യയും യൗസേപ്പ് പിതാവും


വണ്ടാളന്‍ ദേവസ്യ.

വണ്ടാളത്ത് എന്നതു വീട്ടുപേരാണ്. നാട്ടുകാര്‍ പക്ഷേ അത് ഇരട്ടപ്പേരാക്കി. ദേവസ്യയുടെ കേള്‍ക്കലും അല്ലാത്തപ്പോഴുമായി ഈ പേരു ഭരണങ്ങാനത്തും സമീപപ്രദേശങ്ങിലും പ്രചുര പ്രചാരം നേടി.

നാട്ടിലെ അറിയപ്പെടുന്ന റൗഡിയായിരുന്നു ദേവസ്യ. ദേവസ്യ അബദ്ധത്തില്‍ കഠാര വീശിയത് പള്ളയ്ക്കു കൊണ്ട് പണ്ടൊരാള്‍ മരിച്ചതിനുശേഷമാണ് അദ്ദേഹം റൗഡിയായത്. നാട്ടുകാര്‍ റൗഡിക്കസേരയില്‍ അദ്ദേഹത്തെ ബലംപിടിച്ച് അവരോധിതനാക്കുകയായിരുന്നു എന്നതാണു ശരി.

സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വണ്ടാളനെ ശിക്ഷിക്കാതെ വിട്ടയക്കുക കൂടിചെയ്തതോടെ അദ്ദേഹം എന്തുകൊണ്ടും ഒരു റൗഡിക്കു വേണ്ട എല്ലാ യോഗ്യതകളും തികഞ്ഞവനായി.

വിവാഹപ്രായം കഴിഞ്ഞിട്ടും ദേവസ്യ അവിവാഹിതനായിരുന്നു. സ്ത്രീവിദ്വേഷമായിരുന്നില്ല കാരണം. നാട്ടിലും അയല്‍നാട്ടിലും മാന്യദ്ദേഹത്തിനു പെണ്ണുകൊടുക്കാന്‍ മാത്രം ഹൃദയവിശാലയതയുള്ള കാര്‍ന്നോന്മാര്‍ അക്കാലത്തുണ്ടായിരുന്നില്ല. അതുമൂലം വണ്ടാളന്‍ ദേവസ്യ വണ്ടാളത്തു തറവാടിന്റെ ഉതതരവും കഴുക്കോലും തകര്‍ത്തു പുരനിറഞ്ഞു പൂത്തുനിന്നു.

കരയുന്ന കുഞ്ഞുങ്ങളുടെ കരച്ചില്‍ നിര്‍ത്താന്‍ എന്നതിലുപരി, കള്ളുകുടിച്ചു വന്നു തലമുടിക്കുത്തിനു പിടിച്ച് നിലത്തിടിച്ചു രസിക്കുന്ന മുഴുക്കുടിയന്‍മാരായ ഭര്‍ത്താക്കന്‍മാരെ നിലയ്ക്കു നിര്‍ത്താന്‍ ഭാര്യമാര്‍ വണ്ടാളനെയാണു വിളിക്കുക.

വസ്ത്രാക്ഷേപ സമയത്തു പാഞ്ചാലി ഭഗവാന്‍ കൃഷ്ണനെ വിളിച്ച പോലെ, ഇടി മൂക്കുമ്പോള്‍ അവരിങ്ങനെ വിളിച്ചു പറയും...

ദേണ്ടെ, വണ്ടാളന്‍ വരുന്നു....

അതു കേള്‍ക്കേണ്ട താമസം, തലമുടിയുടെ ബലം പരീക്ഷിച്ചു രസിച്ചിരുന്ന ഞങ്ങളുടെ നാട്ടിലെ സാഹസികളും സര്‍വോപരി ധൈര്യശാലികളുമായ കുടിയപ്രമാണിമാര്‍ ഒന്നയയും.

പതിയെ, സാധിക്കുന്നിടത്തോളം നിവര്‍ന്നുനിന്ന് തലയില്‍ കെട്ടിയ മുണ്ടുപറിച്ച് നേരെ ചൊവ്വേ ഉടുത്തു ഡീസന്റായി നില്‍ക്കും. ഈ ചെറിയ ഗ്യാപ്പില്‍ പാവം ചേടത്തിമാര്‍ അടുക്കളയില്‍ ചിരവയിരിക്കുന്ന സുരക്ഷിത സ്ഥലത്തെത്തിയിട്ടുണ്ടാവും.

വര്‍ഷങ്ങളായി വണ്ടാളന്‍ നാട്ടിലെ വീട്ടമ്മമാര്‍ക്ക് സകലപുണ്യവാന്‍മാരുടെയും പ്രതിരൂപമായിപ്പോന്നു. ഒരിക്കലും ഇവരാരും ഈ വണ്ടാളന്‍ ദേവസ്യയെ നേരില്‍ കണ്ടിട്ടില്ലായിരുന്നു എന്നതാണു മറ്റൊരു സത്യം.

അതിനു കാരണം മറ്റൊന്നുമല്ല. പകല്‍ മുഴുവന്‍ വണ്ടാളന്‍ ദേവസ്യ ഡീസന്റായിരിക്കും. ദാറ്റ് മീന്‍സ് കൂര്‍ക്കം വലിച്ചുറക്കം!!

ഉറക്കത്തില്‍ ദേവസ്യായോളം ഡീസന്റായി ഭരണങ്ങാനത്തും സമീപകരയിലും മറ്റാരുമുണ്ടായിരുന്നില്ല. ദേവസ്യയുടെ കൂര്‍ക്കം വലി തുടങ്ങിയാല്‍ സമീപ പ്രദേശങ്ങിലെ പട്ടികള്‍ക്ക് ഉറക്കെ കുരയ്ക്കുന്നതുപോലും നാണക്കേടായിരുന്നു. കാരണം, അവയെയെല്ലാം തോല്‍പിക്കും വിധം സ്വരശുദ്ധിയും ശ്രുതിഭദ്രതയുമുള്ളതായിരുന്നു ആ കുംഭകര്‍ണരാഗാലാപനം!

വണ്ടാളന് പ്രായം അറുപതു കടന്നു.

പുതിയ തലമുറയിലെ റൗഡികള്‍ ദേവസ്യായുടെ സിംഹാസനം പിടിച്ചടക്കിയതോടെ പാവത്തിന്റെ ഗതി അച്യുതാനന്ദന്റെ പോലെയായി.

"ആരെടാ" എന്നു ചോദിച്ചാല്‍ "നീ പോടാ" എന്നു തിരിച്ചുകിട്ടും.

"കുത്തി മലര്‍ത്തിക്കളയും" എന്നു വീമ്പിളക്കിയാല്‍ "അതിനിത്തിരി പുളിക്കും" എന്നുടന്‍ വരും മറുപടി.

വണ്ടാളനു നാട്ടില്‍ വിലയില്ലാതായി!!

പക്ഷേ നാട്ടില്‍ നിത്യോപയോഗ സാധനങ്ങള്‍ക്കൊക്കെ വന്‍ വിലക്കയറ്റമായിരുന്നു. വണ്ടാളനു രാവിലെ ചായ കുടിക്കണം, ഉച്ചയ്ക്കു ചോറുണ്ണണം, വൈകുന്നേരമായാല്‍ ഫുള്‍ടാന്ക് കള്ളുകുടിക്കണം. ജീവിതനിലവാര സൂചി വണ്ടാളനെ വല്ലാതെ കുത്തിനോവിച്ചുകൊണ്ടിരുന്നു. കയ്യിലാണേല്‍ പത്തുനയാപ്പൈസ ഉണ്ടാകുന്നതു വല്ലപ്പോഴും. നാട്ടിലെ പ്രമാണിമാരുടെ കരുണയിലും പാവങ്ങളായ പേടിത്തൊണ്ടന്‍മാരുടെ ദയാവായ്പിലും വളരെ പ്രയാസപ്പെട്ടതായി ദേവസ്യയുടെ ജീവിതം.

അങ്ങനെയിരിക്കെ ഒരു ദിവസം നട്ടുച്ചയ്ക്ക്, പൊരിവെയിലത്ത് അമ്പാറ ഷാപ്പില്‍നിന്ന് ആരോ മേടിച്ചുകൊടുത്ത കള്ളും അകത്താക്കി ദേവസ്യ ഭരണങ്ങാനം ടൗണില്‍ വണ്ടിയിറങ്ങി. ഉച്ചയായതിനാല്‍ ടൗണ്‍ ശൂന്യമായിരുന്നു.

കൊമ്പന്‍ മീശ തടവി നാലുപാടും നോക്കിയെന്കിലും പറ്റിയ ഒരു ഇരയെ കിട്ടാത്ത വിഷാദത്തില്‍ ദേവസ്യ അടുത്ത കുപ്പി കള്ളിനുള്ള വഴിയാലോചിച്ചു തുടങ്ങി.

ആരും അടുക്കുന്നില്ല. ദേവസ്യയ്ക്കു സന്കടമായി. ഉള്ളില്‍ നുരയ്ക്കുന്ന കള്ള് ദേവസ്യയുടെ സന്കടത്തിന് ഇടയ്ക്കിടെ ഓരോ ഏമ്പക്കത്തിന്റെ ശ്രുതി പകര്‍ന്നുകൊണ്ടിരുന്നു.
എന്തു ചെയ്യണം?

ദേവസ്യക്ക് ആലോചിച്ചിട്ട് ഉത്തരം കിട്ടിയില്ല. ഒടുവില്‍ അശരണരുടെ ആശ്രയമായ ഭരണങ്ങാനം പള്ളിയിലേക്കുതന്നെ പോകാന്‍ അദ്ദേഹം തീരുമാനിച്ചു.

പള്ളിയിലെത്തി. ആനവാതില്‍ തുറന്നു കിടക്കുന്നു. മുണ്ട് അഴിച്ചിട്ടു ദേവസ്യ അകത്തു കയറി. ആരുമില്ല.

ആദ്യത്തെ വലിയ തൂണിനുസമീപം അതാ യൗസേപ്പ് പിതാവിന്റെ വലിയ രൂപം ഇരിക്കുന്നു. മുന്‍പില്‍ വലിയൊരു നേര്‍ച്ചപ്പെട്ടിയും. അതില്‍ നിറയെ കാശു കാണും. വേണേല്‍ അമ്പാറ ഷാപ്പുതന്നെ വിലയ്ക്കു മേടിക്കാം. - ദേവസ്യ ഓര്‍ത്തു

നേരെ, യൗസേപ്പ് പിതാവിന്റെ രൂപത്തിനരികെ ദേവസ്യ എത്തി. നേര്‍ച്ചപ്പെട്ടിയിലേക്കു നോക്കി. അതു വലിയ താഴിട്ടു പൂട്ടിയിരിക്കുന്നു.

ദ്രോഹികള്‍!!!

എന്തു ചെയ്യും? യൗസ്സേപ്പ് പിതാവിനോടു സന്കടം പറയുക തന്നെ.
ദേവസ്യ പറ‍ഞ്ഞുതുടങ്ങി.

എന്റെ പൊന്ന് യൗസേപ്പിതാവേ...

നിങ്ങള്‍ക്കറിയാവുന്നതാണല്ലോ കാര്യങ്ങള്‍. എന്റെ കയ്യിലാണേല്‍ പത്തുപൈസയില്ല. കള്ളുകുടിക്കുകയും വേണം. ദേവസ്യയ്ക്കു പെണ്ണും പിടക്കോഴിയുമൊന്നുമില്ലാത്തതിനാല്‍ കുടുംബം നോക്കേണ്ട കാര്യമില്ല. ആകെയുള്ള ഈ തടി നന്നായി നോക്കിയാല്‍ മതി. പക്ഷേ ഇപ്പോള്‍ അതും നേരെ ചൊവ്വേ നോക്കി നടത്താന്‍ പറ്റുന്നില്ല. അതുകൊണ്ട്, അങ്ങ് എനിക്കൊരു ഉപകാരം ചെയ്യണം.

ഇന്നു വേണ്ട, നാളെ മതി...

എനിക്ക് ഒരു നൂറു രൂപ കടം തരണം, ഉണ്ടാകുമ്പോള്‍ ഞാന്‍ തിരിച്ചു തന്നോളാം. നേര്‍ച്ചപ്പെട്ടി കുത്തിത്തുറക്കുന്ന ശീലം ദേവസ്യയ്ക്കില്ല. അതുകൊണ്ട്, യൗസേപ്പ് പിതാവ് എന്നെയൊന്നു സഹായിക്കണം. നാളെ ഈ നേരത്തു ഞാന്‍ വരും. ഇല്ലെന്നു മാത്രം പറഞ്ഞേക്കരുത്...!

അത്രയും പറഞ്ഞ്, യൗസേപ്പ് പിതാവിനു നേര്‍ക്ക് ഭക്തിപുരസ്സരം ഒരു നോട്ടമെറിഞ്ഞ് ദേവസ്യ പതിയെ തിരികെ നടന്നു.

അതുവരെ അവിടെ നടന്ന സംഭവങ്ങള്‍ക്ക് യൗസേപ്പ് പിതാവിനും ദേവസ്യയ്ക്കും പുറമേ മറ്റൊരാള്‍കൂടി സാക്ഷിയായിരുന്നു.

പള്ളികപ്യാര്‍ അന്തോനീസു ചേട്ടന്‍.

ദേവസ്യ പറയുന്നതു മുഴുവന്‍ സന്കീര്‍ത്തിയിലിരുന്ന് ഒതുക്കത്തില്‍ വീഞ്ഞു കുടിക്കുകയായിരുന്ന അന്തോനീസുചേട്ടന്‍ ഞെട്ടലോടെ കേട്ടു. ദേവസ്യ പറഞ്ഞാല്‍ പറ‍ഞ്ഞതാണ്. നാളെ വരുമ്പോള്‍ അവിടെ നൂറു രൂപ കണ്ടില്ലെന്കില്‍ അയാള്‍ നേര്‍ച്ചപ്പെട്ടി തല്ലിപ്പൊട്ടിക്കും. ഉറപ്പ്. വികാരിയച്ചനാണേല്‍ സ്ഥലത്തുമില്ല. സ്വയം എന്തെന്കിലും ചെയ്തിട്ടേ കാര്യമുള്ളൂ.
അന്തോനീസു ചേട്ടന്‍ തലപുകഞ്ഞാലോചിച്ചു. ആലോചിച്ച് ആലോചിച്ച്, തല പുകഞ്ഞ് പുകഞ്ഞ് അദ്ദേഹം അവിടെയിരുന്ന് ഉറങ്ങിപ്പോയി.

പിറ്റേന്ന് ഉച്ചനേരമായി.

വണ്ടാളന്‍ എത്തുമെന്ന പറഞ്ഞ നേരമായി. ആലോചിച്ചിട്ട് കാര്യമായൊന്നും ബുദ്ധിയില്‍ ഉദിക്കാതിരുന്ന അന്തോനീസു ചേട്ടന്‍ അറ്റകൈക്ക് നേര്‍ച്ചപ്പെട്ടി എടുത്തുമാറ്റാന്‍ ചെറിയ ഒരു ശ്രമം നടത്തിനോക്കി. നടന്നില്ല. തള്ളിനീക്കാന്‍ നോക്കി. അതും നടന്നില്ല. മുടിഞ്ഞകനം.

പിന്നെ മാറ്റാന്‍ പാകത്തിന് അവിടെയുണ്ടായിരുന്നത് യൗസേപ്പ് പിതാവിന്റെ രൂപമായിരുന്നു. ഒരുവിധം അന്തോനീസുചേട്ടന്‍ അതു പൊക്കിയെടുത്ത് സന്കീര്‍ത്തി വരെയെത്തിച്ചു.

യൗസേപ്പ് ഇരുന്ന സ്ഥലം വേക്കന്റായി കിടക്കേണ്ടെന്നു വച്ച് അവിടെ ഉണ്ണീശോയുടെ ചെറിയ രൂപവും എടുത്തു വച്ചു.

പുറത്ത് ആരോ തുമ്മുന്ന ശബ്ധം കേട്ട് അന്തോനീസു ചേട്ടന്‍ ഞെട്ടിത്തിരിഞ്ഞുനോക്കി. തെറ്റിയില്ല, വണ്ടാളന്‍ വരുന്നു. ...

ഇന്നലത്തെക്കാള്‍ പൂസിലാണു വരവ്. കയ്യിലും കാലിലും നില്‍ക്കാന്‍ കഴിയാതെ സാഹസപ്പെട്ട് വണ്ടാളന്‍ പള്ളിനട കയറിത്തുടങ്ങി. അന്തോനീസുചേട്ടന്‍ സകലദെവങ്ങളെയും വിളിച്ചുകൊണ്ട് സമീപത്തെ വലിയ തൂണിനു സമീപമൊളിച്ചു.

ദേവസ്യ പള്ളിയിലെത്തി. എത്ര ശ്രമിച്ചിട്ടും തല നേരെ നില്‍ക്കുന്നില്ല. കാശെടുത്തു വച്ചേക്കണമെന്നു പറഞ്ഞിട്ടു പോയ യൗസേപ്പ് പിതാവിന്റെ രൂപത്തിനു നേര്‍ക്ക് അദ്ദേഹം നടന്നു.
അവിടെയെത്തി തലയുയര്‍ത്തി നോക്കിയ വണ്ടാളന് ആദ്യം കാര്യം പിടികിട്ടിയില്ല.

യൗസേപ്പ് പിതാവിനെ കാണാനില്ല.

അദ്ദേഹം സ്ഥലത്തില്ല. മുന്‍പിലെ നേര്‍ച്ചപ്പെട്ടി അതേ പടി ഇരിപ്പുണ്ട്.
പക്ഷേ യൗസേപ്പ് പിതാവ് എവിടെപ്പോയി?

ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോഴാണ് ദേവസ്യ മറ്റൊന്നു കൂടി കണ്ടത്.

യൗസേപ്പ് പിതാവ് നിന്നിരുന്ന സ്ഥലത്ത് ഉണ്ണീശോ!!

ങ്ഹാ... മോനെ, നീയാരുന്നോടാ... ദേവസ്യാച്ചേട്ടന് ആദ്യം മനസ്സിലായില്ല കെട്ടോ...ചാച്ചന്‍ എന്തിയേടാ ഉവ്വേ? എങ്ങോട്ടു പോയി...?

ഉണ്ണീശോയുടെ ഭാഗത്തുനിന്നു മറുപടിയില്ല.

എന്കിലും ചോദിക്കേണ്ടതു തന്റെ കടമയല്ലേ എന്നു ചിന്തിച്ച ദേവസ്യ പിന്നെ മടിച്ചില്ല. ഉണ്ണീശോയുടെ നേര്‍ക്ക് അടുത്ത ചോദ്യമെറിഞ്ഞു.

ചാച്ചന്‍ പോകാന്നേരത്ത് എന്റെ കാര്യം വല്ലതും പറഞ്ഞായിരുന്നോ? എനിക്കു തരാന്‍ വല്ലോം തന്നേച്ചാണോ പുള്ളിക്കാരന്‍ പോയത്??!!

Powered By Blogger