Wednesday, June 13, 2007

ഗാനാഞ്ജലി ലൂക്കോസ് കുമാര്‍



(ലൂക്കോസ് കുമാര്‍ എന്ന പേരിലെ കുമാര്‍ വാല്യു അഡീഷനാണ്. ഞാന്‍ കയ്യീന്നിട്ടതാണെന്നും പറയാം. )

ലൂക്കോസിന് കാഴ്ചയില്‍ ഒരേയൊരു സംഗതിയുടെ കുറവേയുണ്ടായിരുന്നുളളൂ. അതു രണ്ടു കുപ്പി ഗ്ലൂക്കോസിന്‍റേതായിരുന്നു.

കാഴ്ചയില്‍ മെലിഞ്ഞിട്ടായിരുന്നെങ്കിലും സ്വഭാവം കൊണ്ടു തടിയനും കുടിയനും മടിയനുമൊക്കെയായിരുന്നു ലൂക്കോസ്. പ്രത്യേകിച്ചു പണിയൊന്നുമില്ല എന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാനപണി. വയസ്സ് ഇരുപത്താറ്. കാഴ്ചയില്‍ മുപ്പതു പറയും. വീട്ടില്‍ അപ്പനും അമ്മയും കൂടാതെ രണ്ടു ചേട്ടന്‍മാര്‍. അവരുടെ കല്യാണം കഴിഞ്ഞു. അടുത്ത പ്രസുദേന്തി എന്ന നിലയില്‍ കല്യാണം കഴിക്കാന്‍ മാനസികമായി തയ്യാറെടുത്തു വരുന്ന കാലം. നല്ല കല്യാണാലോചനകളൊന്നും ലൂക്കോസിനെത്തേടി വരാത്തതിന്‍റെ ചെറിയ നിരാശ ആമുഖത്തു പ്രതിഫലിച്ചിരുന്നു.

പണിയെന്തെന്നു ചോദിക്കുമ്പോള്‍ വീട്ടിലെ ജഴ്സിപ്പശുവിനെ കറക്കലും പുല്ലുചെത്തലുമാണ് എന്നു പറയുന്നതെങ്ങനെ എന്നോര്‍ത്ത് ഒന്നും മിണ്ടാതെ നില്‍ക്കും. അതുകാണുമ്പോള്‍ കല്യാണം ആലോചിച്ചു വന്ന കൂട്ടര് ഒന്നും മിണ്ടാതെ മടങ്ങിപ്പോവും. എത്ര നന്നായിട്ടും കാര്യമില്ല, തനിക്ക് മാന്യമായൊരു ജീവിതഗതിയുണ്ടാവില്ലെന്നായിരുന്നു ലൂക്കോസിന്‍റെ കണക്കുകൂട്ടല്‍.

ആ കണക്കുകൂട്ടലാകെ തെറ്റിച്ചത് ഇടവക പള്ളിയിലെ വികാരിയച്ചനാണ്.വികാരിച്ചയന്‍റെയടുത്ത് അബദ്ധവശാല്‍ കുമ്പസാരിക്കാന്‍ പോയ ലൂക്കോസ് എണ്ണിയെണ്ണിപ്പറഞ്ഞ പാപങ്ങളുടെ പട്ടികയില്‍ ഒന്നില്‍ വികാരിയച്ചന്‍റെ കണ്ണുടക്കി- നാലാഴ്ചയായി ഞായറാഴ്ച കുര്‍ബാന കണ്ടിട്ടില്ല!!

ലൂക്കോസിനെ സംബന്ധിച്ച് അതു പുതിയ കാര്യമല്ലായിരുന്നെങ്കിലും വികാരിയച്ചന് അതു പുതിയ സംഭവമായിരുന്നു. മഹാപാപിക്ക് ഒരു പണി കൊടുക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. പ്രായ്ശ്ചിത്തങ്ങള്‍ അക്കമിട്ടു പറഞ്ഞ കൂട്ടത്തില്‍ വികാരിയച്ചന്‍ ലൂക്കോസിനോടായി പറഞ്ഞു. - അടുത്ത നാലു ഞായറാഴ്ചകളില്‍ രാവിലെ സണ്‍ഡേ സ്കൂള്‍ പിള്ളേരുടെ കുര്‍ബാന നീ കാണണം. കുര്‍ബാന കഴിഞ്ഞ് എന്നെ വന്നു കാണുകയും വേണം.

അടി കിട്ടിയ പോലെയായിപ്പോയി ലൂക്കോസിന്. സാധാരണ കുര്‍ബാന ഒരു മണിക്കൂറെങ്കില്‍ സണ്‍ഡേ സ്കൂള്‍ പിള്ളേരുടെ കുര്‍ബാന ഒന്നരമണിക്കൂറാണ്. പക്ഷേ എന്തു ചെയ്യാം? പ്രായ്ശ്ചിത്തം ചെയ്യാതെ മാര്‍ഗമില്ലല്ലോ..!!
അങ്ങനെ, അടുത്ത ഞായറാഴ്ച ദിവസംരാവിലെ ഒന്‍പതേ മുക്കാലോടെ ലൂക്കോസ് കുളിച്ചു കുട്ടപ്പനായി

വെള്ളമുണ്ടും വെള്ളഷര്‍ട്ടുമിട്ട് ഒരു മാലാഖനെപ്പോലെ കുര്‍ബാനയ്ക്കു വന്നു. സങ്കീര്‍ത്തിയോടു ചേര്‍ന്ന്, ഗായകസംഘത്തിന്‍റെ നേരെ എതിര്‍ഭാഗത്തായി നിലയുറപ്പിച്ച ലൂക്കോസിനെക്കൂടതെ അവിടെ വേറെയും ചില യുവാക്കളുണ്ടായിരുന്നു.അവരില്‍ പലരും ലൂക്കോസിന്‍റെ സുഹൃത്തുക്കളായിരുന്നു. - ഇവന്‍മാര്‍ക്കും കിട്ടിക്കാണും വികാരിയച്ചന്‍ വക പ്രായ്ശ്ചിത്തം.. ലൂക്കോസ് മനസ്സിലോര്‍ത്തു.

ലൂക്കോസ് മനസ്സിലോര്‍ത്തതല്ലായിരുന്നു സുഹൃത്തക്കള്‍ മനസ്സിലോര്‍ത്തത്..! ഇനി ഇവനെക്കൂടി നേരിടണമല്ലോ ദൈവമേ എന്നായിരുന്നു അവരുടെ ചിന്ത.കാരണമുണ്ടായിരുന്നു. ഗായക സംഘത്തിലെ പ്രധാന ഗായികയുടെ ആരാധകരായിരുന്നു അവര്‍. കാഴ്ചയിലും സ്വരമാധുരിയിലും ശരീരത്തിലും ശാരീരത്തിലും എന്നും പറയാം) സൗമ്യസൗന്ദര്യമൊളിപ്പിച്ചു വച്ച അവളുടെ കടാക്ഷമധുരം കാത്തായിരുന്നു ആ യുവനിരയുടെ നില്‍പ്. അവര്‍ക്കിടയിലേക്കായിരുന്നു ലൂക്കോസിന്‍റെ വരവ്.

ഏകദേശം പത്തോളം പേരുണ്ടായിരുന്നു അവിടെ.

ഗായക നിര കുര്‍ബാനയ്ക്കു മുന്‍പുള്ള ഗാനമാലപിച്ചു തുടങ്ങി. നല്ല പാട്ട്. ലൂക്കോസും അറിയാതെ മനസ്സൂകൊണ്ട് ആ പാട്ടുമൂളി. കൂട്ടത്തിലെ പത്തുപേരുടെയും കണ്ണുകള്‍ ഗായകനിരയിലെ മുന്‍നിര ഗായികയെത്തേടിപ്പോയപ്പോള്‍ ലൂക്കോസിന്‍റെ കണ്ണുടക്കിയത് മുന്‍നിര ഗായികയുടെ ഇടതുവശത്ത് ഹമ്മിങ് മൂളിനിന്ന പെണ്‍കുട്ടിയിലാണ്.

മുന്‍പും എവിടെയോ കണ്ടിട്ടുള്ള മുഖം.

പക്ഷേ എവിടെയെന്നോര്‍മയില്ല. പൂര്‍വജന്‍മത്തിലായിരിക്കുമോ?

ദൈവമേ...! അതൊരു സ്പാര്‍ക്കായിരുന്നു!! ആ തീപ്പൊരിയില്‍ ലൂക്കോസ് ഒന്നുലഞ്ഞു. അടുത്ത നിമിഷം ലൂക്കോസിന്‍റെ മനസ്സു പുകഞ്ഞു തുടങ്ങി. പ്രണയത്തിന്‍റെ നീറ്റല്‍ എന്നു വിശേഷിപ്പിക്കാവുന്ന ആ നീറ്റല്‍ അല്‍പം സുഖകരമായിത്തോന്നി ലൂക്കോസിന്. പിന്നെ, അവിടെ നടന്ന പാട്ടുകളൊന്നും ലൂക്കോസ് കേട്ടില്ല. ആകെ കേട്ടത് അവളുടെ മധുരമനോഹരമായ ഹമ്മിങ് മാത്രം.

കുര്‍ബാന കഴിഞ്ഞു. വികാരിയച്ചന്‍റെ അടുത്തു ഹാജര്‍വച്ചു മടങ്ങിയ ലൂക്കോസ് മനസ്സിലൊരു തീരുമാനമെടുത്തിരുന്നു. ഇനിയൊരു നല്ല ജീവിതമുണ്ടെങ്കില്‍ അത് അവള്‍ക്കൊപ്പമായിരിക്കും...!

ആരോടും പ്രത്യേകിച്ച് അവളോടു തന്നെയും ചോദിക്കാതെ അങ്ങനെയൊരു തീരുമാനമെടുത്തിന്‍റെ സാംഗത്യം ലൂക്കോസിനു തന്നെ പിടികിട്ടിയില്ല. ഒന്നു തീരുമാനിച്ചാല്‍ അതു നടപ്പാക്കുക എന്നതായിരുന്നു ലൂക്കോസിന്‍റെ പതിവ്.

അതോടെ ലൂക്കോസ് നല്ലവനായിത്തുടങ്ങി. പ്രണയം തലയ്ക്കു പിടിച്ചു കഴിഞ്ഞതോടെ മദ്യം തലയ്ക്കു പിടിക്കില്ലെന്നായി. ലൂക്കോസിന്‍റെ വരവു നിലച്ചതോടെ മേരിഗിരി ഉപഷാപ്പ് പൂട്ടുന്നതിനെക്കുറിച്ചുപോലും കോണ്‍ട്രാക്ടര്‍ ആലോചിച്ചു തുടങ്ങി. അത്രയ്ക്കായിരുന്നു ആ മാറ്റം. രണ്ടുദിവസത്തില്‍ ഒരിക്കല്‍ മാത്രം കുളിച്ചിരുന്ന പതിവും ലൂക്കോസ് നിര്‍ത്തി. ദിവസവും രാവിലെയും വൈകിട്ടും കുളി. ചുണ്ടില്‍ പതിവായി എരിഞ്ഞിരുന്ന ദിനേശ് ബീഡി എന്നെന്നേയ്ക്കുമായി വലിച്ചെറിഞ്ഞു. പകരം, അവളുടെ കര്‍ണപുളകിതമായ ഹമ്മിങ് ഒന്നു ചുണ്ടില്‍ ഫിറ്റു ചെയ്തു. എപ്പോഴും മൂളിപ്പാട്ട്.

ലൂക്കോസിന്‍റെ അമ്മച്ചി അച്ചാമ്മച്ചേടത്തിക്കുപോലും കാര്യം പിടികിട്ടിയില്ല. മകന്‍ ഡീസന്‍റായതിന്‍റെ സന്തോഷം പക്ഷേ അവരെ വല്ലാതാക്കി. മൂത്തതു രണ്ടും തല്ലിപ്പൊളിയായപ്പോളും അവര്‍ക്കു പ്രതീക്ഷ ഇളയതിലായിരുന്നു. ആ പ്രാര്‍ഥന ദൈവം കേട്ടിരിക്കുന്നു....

ലൂക്കോസ് നന്നായ വാര്‍ത്തയറിഞ്ഞ ജനം അതു കേട്ടപാടെ മൂടിവച്ചു. ഒരുത്തന്‍ നന്നാവുന്നത് ആര്‍ക്കും സഹിക്കില്ലല്ലോ..!

വെറുതെ മൂളിപ്പാട്ടും പാടി നടക്കുന്നതില്‍ അര്‍ഥമില്ല എന്ന് ലൂക്കോസിന് അറിയാമായിരുന്നു. തന്‍റെ ഹൃദയരാഗമായി മാറിക്കഴിഞ്ഞ ആ ഗാനകോകിലത്തെ നേരില്‍ കണ്ട് ഇംഗിതം അറിയിക്കണം. എങ്കിലേ തുടര്‍ന്നുള്ള പദ്ധതികള്‍ നടപ്പാക്കാനാവൂ..

നേരിട്ടു പറയാനുള്ള വിഷമം കാരണം ലൂക്കോസ് ഒരു കത്തെഴുതാന്‍ തീരുമാനിച്ചു.

പ്രിയപ്പെട്ട സാറാമ്മയ്ക്ക്,

ഹൃദയം പ്രണയസുരഭിലവും മനസ്സ് പ്രണയകോകിലവുമായി മാറിക്കഴിഞ്ഞ ഈ യൗവ്വനകാലത്ത് എന്‍റെ പ്രിയ സുഹൃത്ത് അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു. ഞാനാണെങ്കില്‍ സാറാമ്മയെക്കുറിച്ചുള്ള മധുര മനോഹര മനോജ്ഞ സ്വപ്നങ്ങളില്‍ അഭിരമിച്ച് ഇങ്ങനെ വല്ലാതായിക്കൊണ്ടിരിക്കുകയാണ്.

- വൈക്കം മുഹമ്മദ് ബഷീറിന്‍റെ പഴയ പ്രണയകഥയ്ക്കൊരു പാരഡിയെന്നു വായിക്കുന്നവര്‍ക്കു തോന്നും. അങ്ങനെ തോന്നിയാല്‍ അതു തികച്ചും യാദൃശ്ചികം മാത്രം.

ബഷീര്‍ ചെയ്യാതിരുന്ന ഒരു കാര്യം കൂടി ലൂക്കോസ് ആ കത്തില്‍ ചെയ്തു- എന്നെ ഇഷ്ടമാണെങ്കില്‍ അടുത്ത ‍‍ഞായറാഴ്ച പച്ച ചുരിദാര്‍ ധരിച്ചു വരുമല്ലോ...

കത്ത് കൈമാറിയ ശേഷമുള്ള ദിനങ്ങള്‍ ലൂക്കോസ് ഉന്തിതള്ളിനീക്കാന്‍ ഒരുപാട് പ്രയാസപ്പെട്ടു. ഒടുവില്‍ ശനിയാഴ്ച വന്നു. രാത്രിയായി. ഞായറാഴ്ചയായി. പള്ളിയില്‍ എല്ലാവര്‍ക്കും മുന്‍പേ വന്നതു ലൂക്കോസ്. ഗായകസംഘം നേരത്തെ എത്തിയിട്ടുണ്ട്.

പക്ഷേ ഹമ്മിങ്ങിനു ശ്രുതി പകരാന്‍ സാറാമ്മ മാത്രമില്ല!!

ലൂക്കോസിനു സങ്കടമായി. തന്നോട് ഇഷ്ടമാണെന്നു പറയാന്‍ ഇട്ടോണ്ടു വരാന്‍ അവള്‍ക്കു പച്ച ചുരിദാര്‍ ഇല്ലായിരിക്കുമോ? അത് അന്വേഷിച്ചിട്ടു മതിയായിരുന്നു അങ്ങനെ എഴുതാന്‍... ഇനി എന്തു ചെയ്യാന്‍..?

അങ്ങനെ ആലോചിച്ചുനില്‍ക്കെ ലൂക്കോസ് അവളെ കണ്ടു. സാറാമ്മ. മഞ്ഞ ചുരിദാര്‍.

ലൂക്കോസിനു സങ്കടമായി. അവള്‍ക്കു തന്നെ ഇഷ്ടമായില്ല. അല്ലെങ്കിലും അവള്‍ക്ക് ഇഷ്ടപ്പെടാന്‍ മാത്രം തനിക്ക് എന്തു കുന്തമാണുള്ളത്? അതു നേരത്തെ ഓര്‍ക്കേണ്ടതായിരുന്നു. ലൂക്കോസ് അങ്ങനെ ആലോചിച്ചു നില്‍ക്കെ അവള്‍ പള്ളിയില്‍ മുട്ടുകുത്തി.

കയ്യിലുണ്ടായിരുന്ന പ്ളാസ്റ്റിക് കൂടില്‍നിന്ന് പച്ച നിറത്തിലുള്ള നെറ്റ് എടുത്ത് തലമൂടി... അണഞ്ഞുപോയ ലൂക്കോസിന്‍റെ ഹൃദയബള്‍ബുകള്‍ ഇരട്ടി പ്രകാശത്തോടെ കത്തി.

ഇതില്‍നിന്നു താനെന്താണു മനസ്സിലാക്കേണ്ടത്? അവള്‍ക്കു തന്നെ ഇഷ്ടമാണെന്നോ അല്ലെന്നോ? അതോ പകുതി ഇഷ്ടമാണെന്നോ? എന്തായാലും മുന്‍പോട്ടു പോവുക തന്നെ... വികാരിയച്ചന്‍റെ ലിസ്റ്റിലുണ്ടായിരുന്ന നാലു ഞായറാഴ്ചകളും കഴിഞ്ഞു. പിന്നെയും ലൂക്കോസ് പള്ളിയില്‍ സ്ഥിരക്കാരനായി.

ഞായറാഴ്ചകള്‍ക്കു പുറമേ എല്ലാ ഇടദിവസങ്ങളിലും സാറാമ്മയെ കാണാന്‍ ലൂക്കോസ് എത്തിക്കൊണ്ടിരുന്നു.ഇതു കണ്ട് സന്തോഷിച്ചതു വികാരിയച്ചനായിരുന്നു. തന്‍റെ ഒറ്റ ഉപദേശം കൊണ്ട് ചെറുക്കന്‍ ഡീസന്‍റായിരിക്കുന്നു. അച്ചന് തന്നോടുതന്നെ ജീവിതത്തിലാദ്യമായി അഭിമാനം തോന്നി. ഇവനെ പള്ളിയിലെ കപ്യാരാക്കുക തന്നെ. ഒഴിഞ്ഞുകിടന്ന കപ്യാര്‍ പോസ്റ്റിലേക്ക് ലൂക്കോസിനെ വികാരിയച്ചന്‍ നിയമിച്ചു.

സാറാമ്മയുമായി അടുക്കാന്‍ അതൊരു അവസരമാകുമെന്നു മനസ്സിലാക്കിയ ലൂക്കോസ് പൂര്‍ണസന്തോഷത്തോടെ ആ ജോലി ഏറ്റെടുത്തു. സാറാമ്മയുടെ സംഗീതത്തിനൊപ്പം ലൂക്കോസിന്‍റെ വക പള്ളിമണികള്‍ കൂടി. പള്ളിമണികളും ഹല്ലേല്ലൂയ ഗീതവുംകൂടിച്ചേര്‍ന്നു പളളിമുറ്റം വരെ ഭക്തിസാന്ദ്രമായ ദിനങ്ങള്‍.

പക്ഷേ, ലൂക്കോസിന്‍റെ മനസ്സില്‍ ആശങ്ക തളം കെട്ടിക്കിടന്നിരുന്നു. സാറാമ്മ ഒരിക്കലും ഒരു ഉത്തരവും തരാത്തതിലായിരുന്നു ലൂക്കോസിന്‍റെ ആശങ്ക.

ഒരുപക്ഷേ, പള്ളി കപ്യാരെ പ്രേമിക്കാന്‍ അവള്‍ക്കു വട്ടുണ്ടോ? - ലൂക്കോസിന്‍റെ ഇന്‍ഫീരിയോറിറ്റി കോംപ്ളക്സ് വര്‍ക്കു ചെയ്തു തുടങ്ങി. അവളോട് നേരിട്ട് ഇഷ്ടമാണോ എന്നു ചോദിക്കുക തന്നെ.

ഇഷ്ടമല്ലെന്നേ അവള്‍ പറയൂ.. എങ്കിലും വേണ്ടില്ല. അതവളുടെ വായില്‍നിന്നു തന്നെ കേള്‍ക്കാമല്ലോ..അവള്‍ ഇഷ്ടമല്ലെന്നു പറയുന്ന അന്ന് താന്‍ പഴയ ലൂക്കോസ് ആയിമാറുമല്ലോ എന്നോര്‍ത്തപ്പോള്‍ ലൂക്കോസിനു വിഷമം വന്നു. വിഷമിച്ചിട്ടു കാര്യമില്ല. ഒരു പ്രയോജനവുമില്ലാതെ ഇതു മനസ്സില്‍ വച്ചു കൊണ്ടു നടക്കുന്നതാണ് അതിലേറെ വിഷമം..- ലൂക്കോസ് പള്ളിയിലെ കപ്യാര്‍ ആയിരുന്നെങ്കിലും മെത്രാനച്ചനേക്കാള്‍ കോമണ്‍ സെന്‍സ് ഉണ്ടായിരുന്നു.

ഞായറാഴ്ച ദിവസം കുര്‍ബാന കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാനൊരുങ്ങിയ സാറാമ്മയെ ലൂക്കോസ് പിന്നില്‍നിന്നു വിളിച്ചു. അതു കേട്ട് സാറാമ്മ ചോദ്യഭാവത്തില്‍ തിരിഞ്ഞുനിന്നു.

സാറാമ്മേ എനിക്കൊരു കാര്യമറിയണം. കഴിഞ്ഞ ഒന്നരവര്‍ഷമായി ഞാന്‍ ഏകദേശം നൂറോളം കത്തുകള്‍ സാറാമ്മയ്ക്കു നല്‍കി. അവയ്ക്കൊന്നും ഇതുവരെ കൃത്യമായ ഒരു മറുപടി എനിക്കു കിട്ടിയിട്ടില്ല. എനിക്കിപ്പോള്‍ ഒരു കാര്യമറിയണം. സാറാമ്മയ്ക്ക് എന്നെ ഇഷ്ടമാണോ? യേസ് എന്നോ നോ എന്നോ പറയാം. എന്തായാലും എനിക്കു പിണക്കമില്ല. നോ എന്നാണ് ഉത്തരമെങ്കില്‍ അതു പറയാന്‍ മടിക്കരുത്. ഇനിയും ഇത് ഇങ്ങനെ നീറ്റലായി നീട്ടിക്കൊണ്ടുപോകാന്‍ എനിക്കു താല്‍പര്യമില്ല.

സാറാമ്മയുടെ സുന്ദരശബ്ദത്തില്‍ വരുന്ന നോ എന്ന വാക്കു കേള്‍ക്കാന്‍ മനസ്സുകൊണ്ട് ലൂക്കോസ് തയ്യാറെടുത്തു നിന്നു.

നിമിഷങ്ങളുടെ ഇടവേള...

യേസ്...!!

എന്താ പറഞ്ഞത്?

യേസ് എന്ന്. എന്താ കേട്ടില്ലേ?

ആ നിമിഷം ലൂക്കോസ് അവിടെ ബോധം കെട്ടുവീണു..! കുര്‍ബാന കഴിഞ്ഞിറങ്ങിയ വികാരിയച്ചന്‍ ആനാംവെള്ളം തളിച്ചാണു ലൂക്കോസിനെ ഉണര്‍ത്തിയത്.

അപ്പോളും ലൂക്കോസ് പക്ഷേ സ്വപ്നലോകത്തായിരുന്നു. സാറാമ്മ പറഞ്ഞിട്ടു പോയ കാര്യം ലൂക്കോസിന്‍റെ ചങ്കിലൂടെ ഒന്‍വിയുടെ കവിതയില്‍ പറയുന്ന മാതിരിയുള്ള പൊന്നരിവാള്‍ ഒന്നു കടത്തിവിട്ടു. സാറാമ്മയ്ക്ക് തന്നെ ഇഷ്ടമാണെന്ന്. അതായത് ഇത്രയും കാലം അവള്‍ക്കു തന്നെ ഇഷ്ടമായിരുന്നു എന്ന്. സന്തോഷം സഹിക്കാന്‍ വയ്യാതെ ഒരു കുര്‍ബാന ചൊല്ലിയാലോ എന്നു പോലും വെറും കപ്യാരായ ലൂക്കോസ് ആലോചിച്ചുപോയി.

ലൂക്കോസിന്‍റെ പ്രണയം പതിയെ നാടറിഞ്ഞു തുടങ്ങി. ആദ്യമറിഞ്ഞത് പള്ളിയിലെ പ്രധാന ഗായികയും നാട്ടിലെ മുഴുവന്‍ ചെറുപ്പക്കാരുടെയും ആരാധനപാത്രവും ബക്കറ്റുമൊക്കെയായ ആ സുന്ദരാംഗിയാണ്. അവള്‍ക്ക് അതു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എസ്ഐ ആയ താനിവിടെയുള്ളപ്പോള്‍ കോണ്‍സ്റ്റബിള്‍ ആയ അവള്‍ക്ക് സമന്‍സ് കൊടുക്കാന്‍ എന്തധികാരം എന്ന ലൈനില്‍ സ്ത്രീസഹജമായ കുശുമ്പും കുന്നായ്മയും സുന്ദരാംഗിയുടെ ഉറക്കം കെടുത്തി.

ഉറക്കമില്ലാത്ത രാവുകളില്‍ ദുസ്വപ്നമായി അവളുടെ സ്വപ്നങ്ങളില്‍ സാറാമ്മയും ലൂക്കോസും നിറഞ്ഞുനിന്നു. ഒടുവില്‍ അവളാ കടുംകൈ ചെയ്തു.

ലൂക്കോസ് - സാറാമ്മ പ്രണയം തന്‍റെ പാട്ടിനെക്കാള്‍ മനോഹരമായ പാട്ടാക്കി നാട്ടിലാകെ പാട്ടാക്കി. വികാരിയച്ചന്‍ വിവരമറിഞ്ഞു. സാറാമ്മയുടെ അപ്പച്ചന്‍ അന്തോണിച്ചേട്ടനറിഞ്ഞു. ലൂക്കോസിന്‍റെ അപ്പന്‍ കുര്യന്‍ചേട്ടനറിഞ്ഞു. എല്ലാവരുമറിഞ്ഞു. സാറാമ്മയും ലൂക്കോസും... ങ്ക്കും... ഞാന്‍പറയുവേലാ ലൈനില്‍ ആ പ്രണയം നാട്ടുകാര്‍ ആഘോഷിച്ചു.

സാറാമ്മയ്ക്ക് അപ്പന്‍, അമ്മ, ആങ്ങളമാര്‍ എന്നിവരുടെ വകയായി ഇഷ്ടം പോലെ അടി കിട്ടി. ലൂക്കോസിനെ കണ്ടാല്‍ കുത്തി മലര്‍ത്തുമെന്ന് അവളുടെ മൂത്ത ആങ്ങള പ്രഖ്യാപിക്കുക പോലുമുണ്ടായി. അതോടെ സംഗതി വഷളായി.

എന്തു സംഭവിച്ചാലും ആരെതിര്‍ത്താലും ഞാനവളെ കെട്ടുമെന്നു ലൂക്കോസ്.

നീ ഞൊട്ടുമെന്ന് സാറാമ്മയുടെ ആങ്ങളമാര്‍.

പണ്ട് പാലമ്മൂട് ഷാപ്പില്‍ വച്ച് രണ്ടു കുപ്പി കള്ളുമേടിച്ചു തന്നതിന്‍റെ നന്ദിയെങ്കിലും വേണമെന്നു ലൂക്കോസ്.

അതിനു നന്ദിയായി അന്നു നിന്നെ ഞങ്ങളു വീട്ടില്‍ വരെ ചുമന്നതല്ലേ എന്നവര്‍..

വാഗ്വാദവും ഗ്വാ ഗ്വാ വിളിയും അങ്ങനെ നീളെ സാറാമ്മയുടെ അപ്പന്‍ അന്തോണിച്ചേട്ടന്‍ മകളെയുമായി നാടുവിട്ടു. ലൂക്കോസ് ആ വാര്‍ത്ത വൈകിയാണ് അറിഞ്ഞത്. എവിടേക്കാണു പോയതെന്ന് ആര്‍ക്കുമറിയില്ല. മകളെ രഹസ്യ സങ്കേതത്തിലാക്കി മടങ്ങിയെത്തിയ അന്തോണിച്ചേട്ടന്‍ ഒരു പ്രഖ്യാപനവും നടത്തി.

എന്‍റെ മകളെ അവന്‍ കെട്ടുന്നത് എനിക്കൊന്നു കാണണം. - ഞാനവളെ മഠത്തില്‍ ചേര്‍ത്തു...!!

അതു കേട്ട ലൂക്കോസിന്‍റെ മനസ്സുരുകി. തന്‍റെ മണവാട്ടിയാകേണ്ടവള്‍ കര്‍ത്താവിന്‍റെ മണവാട്ടിയാകും. കര്‍ത്താവേ.. ഈ ചതി...?!!!

ഒരു സുപ്രഭാതത്തില്‍ ഭരണങ്ങാനം മറ്റൊരു വാര്‍ത്ത കൂടി കേട്ടു. ലൂക്കോസ് നാടുവിട്ടു.

എങ്ങോട്ടാണു പോയതെന്നറിയില്ല. സാറാമ്മയില്ലാത്ത തന്‍റെ ജീവിതം കമ്പി പൊട്ടിയ വയലിന്‍ പോലെയായി എന്നു കത്തെഴുതി വച്ചിട്ടായിരുന്നു ലൂക്കോസിന്‍റെ നാടുവിടല്‍. തന്നെ ഇനി അന്വേഷിക്കരുതെന്നും...ലൂക്കോസിനെ അനുനയിപ്പിക്കാനും കണ്ടെത്താനുമായി നാടിന്‍റെ നാനാഭാഗങ്ങളിലേക്ക് ആളു പോയി. നല്ല കല്യാണാലോചനകള്‍ പലതുമായി ലൂക്കോസിന്‍റെ അപ്പന്‍ പലയിടത്തും കറങ്ങി. ലൂക്കോസിനെ മാത്രം കണ്ടെത്തിയില്ല.

>>> >>>>

വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മഴക്കാല സന്ധ്യ...

നാട്ടില്‍നിന്നു റബ്ബര്‍ത്തടിയുമായി ഓട്ടം പോയ ലോറി ഡ്രൈവര്‍ കുഞ്ഞാണ്ടി ലൂക്കോസിനെ കണ്ടു. വാളയാര്‍ ചെക് പോസ്റ്റില്‍. ചായക്കടയില്‍ സപ്ളയറാണ്. പഴയ രൂപവും ഭാവവും തന്നെ. ഒരു മാറ്റവുമില്ല.

ലൂക്കോസിനെ കണ്ട കുഞ്ഞാണ്ടി സൗഹൃദം പുതുക്കാന്‍ ചെന്നെങ്കിലും കണ്ട ഭാവം നടിക്കാതെ ലൂക്കോസ് അവിടെനിന്നു മാറി. എങ്കിലും വിട്ടുകൊടുക്കാന്‍ കുഞ്ഞാണ്ടി തയ്യാറല്ലായിരുന്നു. ലൂക്കോസിന്‍റെ പിന്നാലെ അയാളും ചെന്നു.

ലൂക്കോസ് നടത്തത്തിനു വേഗം കൂട്ടി. പിടി കൊടുക്കാതിരിക്കാന്‍ ചെറുതായി ഓടിത്തുടങ്ങി. തനിക്കു മുന്‍പില്‍ ഓടിക്കൊണ്ടിരുന്ന ലൂക്കോസിനെ പിടിച്ചുനിര്‍ത്താന്‍ കുഞ്ഞാണ്ടിക്ക് ആവുമായിരുന്നില്ല.

അയാള്‍ ഓട്ടം നിര്‍ത്തി.

എടാ ലൂക്കോസേ.. നീ പൊയ്ക്കോ. പക്ഷേ ഇതുകൂടി കേട്ടിട്ടു പോ...നീ നാടുവിടാന്‍ കാരണമായ പെണ്ണുണ്ടല്ലോ...

ശ്വസമെടുക്കാന്‍ കുഞ്ഞാണ്ടി നിര്‍ത്തി.

ലൂക്കോസിന്‍റെ ഓട്ടം പെട്ടെന്നു നിലച്ചു. അവന്‍ തിരിഞ്ഞുനിന്നു.

അവളുണ്ടല്ലോ... നിന്‍റെ സാറാമ്മ. അവളെ മഠത്തില്‍ച്ചേര്‍ത്തെന്ന് അവളുടെ തന്ത നുണ പറ‍ഞ്ഞതാ.. അവള് മഠത്തില്‍ ചേര്‍ന്നിട്ടില്ല. അയാളുടെ പെങ്ങടെ വീട്ടില്‍ കൊണ്ടുപോയി ഒളിവില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. ഇപ്പം നാട്ടിലുണ്ട്. നിന്നെയല്ലാതെ വേറെയാരെയും കെട്ടില്ലെന്നു പറ‍ഞ്ഞ് അവളു ബലംപിടിച്ചു നില്‍ക്കുവാ... നിനക്കു നല്ല സൗകര്യമുണ്ടേല് അവളെപ്പോയി കെട്ടെടാ ഉവ്വേ....

കുഞ്ഞാണ്ടി തിരിച്ചു നടന്നു. ലൂക്കോസ് തരിച്ചുനിന്നു.

പിറ്റേന്ന് ഉച്ചയോടെ വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ലൂക്കോസ് ഭരണങ്ങാനത്തു വീണ്ടും കാലു കുത്തി. സ്വന്തം വീട്ടില്‍പ്പോലും വരാതെ അവന്‍ നേരെ പോയതു സാറാമ്മയുടെ വീട്ടിലേക്കായിരുന്നു. അവളുടെ വീട്ടിലേക്കുള്ള കുത്തനെയുള്ള നട കയറുമ്പോള്‍ മുറ്റത്തുനില്‍ക്കുകയായിരുന്ന അന്തോണിച്ചേട്ടന്‍ അവനെ കണ്ടു.

അടുത്തുണ്ടായിരുന്ന സാറാമ്മയുടെ ആങ്ങളമാര്‍ അവനെ കണ്ടു. ഒടുക്കം,പുറത്തെ കാല്‍പെരുമാറ്റം കേട്ട് വഴിക്കണ്ണുമായി കാത്തിരുന്ന വേഴാമ്പലിനെപ്പോലെ അകത്തെ മുറിയില്‍നിന്നു സാറാമ്മയും പുറത്തേക്കു ജനാല വഴിയൊന്നു പാളി നോക്കി.

ലൂക്കോസ്.....

ജാലകമിഴിയിലൂടെ ലൂക്കോസ് അവളെ കണ്ടു.

അടുത്ത നിമിഷം ഈലോകത്തിലെ സകല ബന്ധനങ്ങളെയും തകര്‍ത്തെറിഞ്ഞുകൊണ്ട് എന്ന പോലെ ലൂക്കോസിന്‍റെ അടുത്തേക്ക് അവള്‍ ഓടിയെത്തി.

അവന്‍റെ ഇടതുതോളിനു പിന്നിലൊളിച്ച അവളെ തടയാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. നിശബ്ദതകളുടെ കൂറ്റന്‍ കല്‍ഭിത്തികള്‍ തകര്‍ക്കും വിധം ലൂക്കോസ് സംസാരിച്ചു.

ഇവളെ ഞാന്‍ കൊണ്ടുപോവുകയാണ്. പൊന്നു പോലെ നോക്കും. എന്നെക്കാള്‍ സ്നേഹിക്കും...

അവളുടെ കഴുത്തിലും കാതിലും കയ്യിലുമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ അവന്‍ ഊരിയെടുത്ത് അവളുടെ അപ്പന്‍റെ മുഖത്തേക്കെറിഞ്ഞു.

എനിക്ക് ഇവളെ മാത്രം മതി... ഈ ആഭരണങ്ങള്‍ നിങ്ങളെടുത്തോ....

അവളുടെ കൈ പിടിച്ച് അവന്‍ ആ നടകള്‍ തിരികയെറിങ്ങി. അപ്പോള്‍ ഭരണങ്ങാനം പള്ളിയുടെ മണിമാളികയില്‍നിന്ന് പന്ത്രണ്ടു മണി മുഴങ്ങി. അതിനു സാറാമ്മയുടെ ഹമ്മിങ്ങിന്‍റെ അതേ മാധുര്യമുണ്ടായിരുന്നു...



(അവരുടെ കല്യാണം കഴിഞ്ഞ ശേഷമുള്ള കാര്യം അന്വേഷിക്കരുത്. അവരായി അവരുടെ പാടായി. അവരു പഞ്ഞം കിടന്നോ ആത്മഹത്യ ചെയ്തോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കാനും എഴുതാനും എഴുത്തുകാരനോ വായനക്കാരനോ ബാധ്യതയില്ല. താല്‍പര്യവുമില്ല!!! )

18 comments:

SUNISH THOMAS said...

കുതിരവട്ടാ, സാജന്‍ ചേട്ടാ, ബെര്‍ളീ... അവസാനം എന്‍റെ കഥയിലെ നായകന്‍ വിജയിച്ചു. ഒരുവിധം വിജയിപ്പിച്ചെടുത്തു...!

മനോജ് കുമാർ വട്ടക്കാട്ട് said...

ഭരണങ്ങാനത്തുകാരൊക്കെ കൂടി സുനീഷിനെ കൈകാര്യം ചെയ്ത വാര്‍ത്ത കേള്‍ക്കാന്‍ കാത്തിരിക്കുകയാണ്‌ ഞാന്‍ :)

(നന്നായിരിക്കുന്നു ലൂക്കോസ്‌ കഥ)

Mr. K# said...

അവസാനം നായകന്‍ വിജയിച്ചു. :-) കഥയും കൊള്ളാം. ചങ്കൂറ്റമുള്ള നായകന്‍, സിനിമയിലെപ്പോലെ.

ഇതിലെ നായകനു 26 വയസ്. നിനക്കെത്ര വയസായി ;-) ആത്മകഥാംശം?????

TonY Kuttan said...

നന്നായിരിക്കുന്നു :)

സാജന്‍| SAJAN said...

സുനീഷേ, അങ്ങനെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഒരു കഥ ശുഭമാക്കീയെടുത്തു അല്ലേ, കലക്കന്‍ കലകലക്കന്‍:)

ഇടിവാള്‍ said...

വായനക്കാരുടെ അഭ്യര്‍ത്ഥന മാനിച്ചാവും അല്ലേ ഇതൊരു ശുഭപര്യവസാനിയാക്കിയത്?

വായിച്ചു വന്നപ്പ്ല് ഞാനോര്‍ത്തു.. “ഇയാളു പിന്ന്ന്യേം പഴേ ലൈiനില്‍ തന്നെയാണലോ” എന്ന്!

സമാധാനമായി!

Anonymous said...

ha ha...kollaamm... avasaanam adukkarayappolum viswasam vannilla katha ingane avasanikkum ennu... as usual nairashyam-thilaanodukkam ennu vichaarichu.enthayaalum nannayi... oru aathmaavu gathykitta pretham aayi...

Kudiyan gkutty said...

Ithu thanneyavatte nammude climaxum. Avasana kurippozhich...

SUNISH THOMAS said...

കുഡിയന്‍ കുട്ടീ...

അങ്ങനെയൊരു കഥയുണ്ടായിരുന്നല്ലേ? അത് എനിക്കറിയില്ലായിരുന്നു.
കഥയിലെ അവസാന കുറിപ്പ് നിന്നെയുദ്ദേശിച്ചല്ല.
എല്ലാ സിനിമകളിലും നായകനും നായികയും കൈ പിടിച്ച് പടിയിറങ്ങിപ്പോകുമ്പോള്‍ കഥയവസാനിക്കും. പിന്നീട് എന്തു സംഭവിച്ചു എന്നറിയാന്‍ ആര്‍ക്കും താല്‍പര്യമില്ല. കഥയില്‍ കഴമ്പില്ല എന്നും പറയാം. അതിനിട്ട് ഒന്നു കൊട്ടാന്‍ വേണ്ടി കുറിപ്പിട്ടതാണ്. നിനക്കു വേദനിച്ചോ?

നിനക്കൊരു കുഴപ്പവും വരില്ലെടാ... പേടിക്കേണ്ട...!

Adithyan said...

ഇതിപ്പോ ക്ലൈമാസ്ക് പറഞ്ഞുറപ്പിച്ച് എഴുതിയതാണല്ലേ? ;)

പരിചയക്കാരുടെ കമന്റൊക്കെ വായിച്ചിട്ട് ആത്മകഥാംശത്തിന്റെ ഒരു അംശമില്ലേന്ന് സംശയത്തിന്റെ ഒരു അംശം :))

ഭരണങ്ങാനത്തെ സ്ഥലമൊക്കെ വിറ്റുകാണുമല്ലോ അല്ലേ?... ഇനി സൂപ്പര്‍ ഫാസ്റ്റില്‍ ഇരുന്നു പോലും ആ വഴിക്കു പോകൂല്ലാന്ന് ഉറപ്പിച്ചോണ്ടൊള്ള എഴുത്താണല്ലോ ;)

SUNISH THOMAS said...

ഹ.. ഹ. ഹ...
ആദിത്യാ..
ഈ കഥകളുടെ പശ്ചാത്തലം മാത്രമേ ഭരണങ്ങാനം ആകുന്നുള്ളൂ. കഥ കേട്ടാല്‍ ഭരണങ്ങാനത്തുകാരും ചിരിക്കം. കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ അല്ല... ജനിക്കാനിരിക്കുന്നവരാണ്...!!
പോരേ?

myexperimentsandme said...

ഒരു വിധത്തില്‍ ശുഭസ്യ ശീഘ്രസ്യ പര്യസ്യ അവസ്യായിയാക്കിയല്ലേ :) അതും അതുവേണോ ഇതുവേണോ അതാവുമോ ഇതാവുമോ എന്നുള്ള കണ്ണടിച്ച് ഫ്യൂസാക്കലെല്ലാം കഴിഞ്ഞ് :)

കൊള്ളാം...സന്തോഷിക്കുന്ന ഒരു ഭരണിയങ്ങാടിക്കാരനെയെങ്കിലും കണ്ടല്ലോ :)

ആദിത്യോ സംഗതി നേരേ തിരിച്ചാണെന്ന് തോന്നുന്നു. സുനീഷ് എഴുത്ത് തുടങ്ങിയതില്‍ പിന്നെ ഭരണങ്ങാനം കാരെല്ലാം സ്ഥലം വിറ്റ് സ്ഥലം കാലിയാക്കി. കേരളത്തില്‍ ആരും കൈയ്യേറാതെ കിടക്കുന്ന ഒരേയൊരു പ്രദേശമായി ഭരണങ്ങാനത്തിനെ ഉടന്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കും. പിന്നെ രണ്ട് മാസം കഴിയുമ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ ഗോസ്റ്റ് പഞ്ചായത്തായും രണ്ടാമത്തെ ഗോസ്റ്റുള്ള പഞ്ചായത്തായും :)

വള്ളുവനാടന്‍ said...

സുനീഷേ... നീ തിരികൊളുത്തി തുടങ്ങിയല്ലേ???... കൊള്ളാടാ...

വിശദമായ വിമര്‍ശനങ്ങളുമായി പന്നാലെ കാണാം.

Dinkan-ഡിങ്കന്‍ said...

സുനീഷേ :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ഭരണങ്ങാനത്തൂന്ന് തല്ല് കിട്ടീലെങ്കിലും തന്റെ പേര് ദുര്‍വിനിയോഗം ചെയ്യുന്നൂന്ന് പറഞ്ഞ് കുമാറേട്ടന്റെ വഹ കിട്ടാനിടയുണ്ട്...

Jay said...

ആരാധനപാത്രവും ബക്കറ്റും....അതു തകര്‍ത്തു...

oru pazhaya orma said...

kalakkan.......

സുധി അറയ്ക്കൽ said...

താങ്കളുടെ ഇതുവരെയുള്ള പോസ്റ്റുകളിലെ പ്രധാനവിഷയം അവിവാഹിതന്മാരുടെ ദീനരോദനമാണല്ലോ.ഇപ്പോ എങ്ങനെയായോ ആവോ????

Powered By Blogger