Saturday, October 13, 2007

ചാണ്ടിച്ചേട്ടന്‍റെ വായ്നാറ്റം


മൂക്കറ്റം മൂടിപ്പുതച്ചു കിടന്നുറങ്ങുകയായിരുന്ന ബേബിച്ചന്‍ അതിരാവിലെ ഒരു അലറി വിളി കേട്ടാണുണര്‍ന്നത്.

കട്ടിലില്‍നിന്നു നിലത്തേക്കു കാലുകുത്താന്‍ ശ്രമിച്ചപ്പോളാണു ബേബിച്ചന്‍ ഞെട്ടിക്കുന്ന ആ സത്യം തിരിച്ചറിഞ്ഞത്. മീനച്ചിലാറ്റില്‍നിന്നു വീട്ടില്‍വരെ വെള്ളം കയറിയിരിക്കുന്നു.

ദൈവമേ.. ഭരണങ്ങാനത്ത് ഒന്നാന്തരം കുന്നിന്‍റെ മേലുള്ള തന്‍റെ വീട്ടില്‍ വെള്ളം കയറണമെങ്കില്‍ എന്നാ മാതിരി പ്രളയമായിരിക്കും അതെന്ന് ആലോചിച്ചുകൊണ്ട്, കണ്ണു ശരിക്കും വലിച്ചുതുറന്നപ്പോളാണു ബേബിച്ചനു മറ്റൊരു കാര്യം കൂടി പിടികിട്ടിയത്.

കിടപ്പു വീട്ടിലല്ല.

ഇന്നലെ രാത്രി വൈകിയും അന്തിക്കള്ള് മോന്തിയിരുന്ന താനിപ്പോളും അമ്പാറ ഷാപ്പില്‍ത്തന്നെയാണ്. ഷാപ്പിലെ കാലുപോവാത്ത ഒരു മേശമേലായിരുന്നു ഉറക്കം. പുതപ്പെന്നു നിനച്ചു മൂടിപ്പുതച്ചിരുന്നത് സ്വന്തം ഉടുതുണി തന്നെ!!

എടാ ഉവ്വേ, ബേബി ഇറങ്ങിവാടാ... അടുക്കത്ത് ഉരുളുപൊട്ടി. വെള്ളമിപ്പം പൊങ്ങും...വിളിച്ചുപറഞ്ഞതു ഷാപ്പുകാരന്‍ ദേവസ്യാപ്പി.

ബേബിച്ചനു നിരാശ തോന്നി. സ്വന്തം വീടിനെക്കാള്‍ പ്രിയപ്പെട്ട കള്ളുഷാപ്പിപ്പോള്‍ മുങ്ങും. മാത്രമല്ല, ഇന്നു ഷാപ്പിന് അവധിയുമായിരിക്കും. എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ ഷാപ്പിനെ നോക്കി നിന്ന ബേബിച്ചനോടു പോകാന്‍ നേരം ദേവസ്യാപ്പി ഇത്രയുംകൂടി പറഞ്ഞു- എടാ ഇന്നു ഷാപ്പില്ല. പകരം കള്ളുകച്ചവടം പട്ടിസാറിന്‍റെ ഇടകഴിയില്‍ വച്ചാ.. നീ അങ്ങോട്ടുവന്നാല്‍ മതി. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും കള്ള്

ഉറക്കം പകുതി മുറിഞ്ഞതിന്‍റെ വിഷമത്തോടെ വീട്ടിലോട്ടുള്ള കുന്നുകയറാന്‍ തുടങ്ങവേയാണു ബേബിച്ചന്‍ അയലോക്കത്തെ ചാണ്ടിച്ചേട്ടന്‍റെ വീടിനു മുന്‍പില്‍വലിയൊരു ആള്‍ക്കൂട്ടം കണ്ടത്.

ദുബായിയിലുള്ള ചാണ്ടിച്ചേട്ടന്‍റെ വീട്ടിലാണേല്‍ ഭാര്യേം പ്രായമായ മൂന്നുപെണ്‍പിള്ളേരും മാത്രമേയുള്ളൂ. അവര്‍ക്കെന്തേലും അത്യാഹിതം പറ്റിക്കാണുമോ ദൈവമേ...!

ഭരണങ്ങാനത്തിന്‍റെ നാനാഭാഗത്തുനിന്നും അതിരാവിലെ വെള്ളപ്പൊക്കം കാണാന്‍ ഇറങ്ങിത്തിരിച്ച ജനം മുഴുവന്‍ ചാണ്ടിച്ചേട്ടന്‍റെ വീടിനു മുന്‍പിലുണ്ടെന്നു കണ്ടതോടെ എന്തെങ്കിലും ദുരന്തം നടന്നിട്ടുണ്ടാവുമെന്നു ബേബിച്ചന്‍ ഉറപ്പിച്ചു. അതിവേഗം ആള്‍ക്കൂട്ടം കണ്ടിടത്തേക്കു ബേബിച്ചന്‍ പാഞ്ഞു. പെണ്‍പിള്ളേരു വല്ലതും വല്ല വെള്ളത്തിലും മുങ്ങിപ്പോയിക്കാണുമോയെന്നും അങ്ങനെയെങ്കില്‍ ഫയര്‍ഫോഴ്സിനെ വിളിക്കേണ്ടി വരുമല്ലോ എന്നുമൊക്കെ ഓര്‍ത്തും പേര്‍ത്തും ഒരുവിധം വെള്ളത്തിലൂടെ ബേബിച്ചന്‍ ആള്‍ക്കൂട്ടത്തിന്‍റെ ഒപ്പമെത്തി.

തൊട്ടിപ്പുറത്തെ റബര്‍ത്തോട്ടം നിറഞ്ഞുനില്‍ക്കുന്ന ജനക്കൂട്ടം ഒന്നും സംസാരിക്കുന്നില്ല. എല്ലാവരും എന്തോ സംഭവിച്ച പോലെ ചാണ്ടിച്ചേട്ടന്‍റെ വീടിന്‍റെ ഉമ്മറത്തേക്കു നോക്കിനില്‍ക്കുന്നു. ബേബിച്ചനും അവിടേക്കു നോക്കി. അവിടെ, ചാണ്ടിച്ചേട്ടന്‍റെ മൂന്നു സുന്ദരിപ്പിള്ളേരും വീടിന്‍റെ മുറ്റം വരെയെത്തിനില്‍ക്കുന്ന മലവെള്ളത്തില്‍ ചാടിമറിയുന്നു. വല്ലപ്പോഴും വരുന്ന വെള്ളപ്പൊക്കം പിള്ളേര് ആസ്വദിക്കുകയാണ്. നാട്ടുകാരു മുഴുവന്‍ മരിച്ചടക്കു കൂടുന്ന നേരത്തുപോലുമില്ലാത്ത വല്ലാത്തൊരു നിശബ്ദതയോടെ അതുനോക്കി നില്‍ക്കുന്നു.

ബേബിച്ചന് നാട്ടുകാരുടെ രോഗം മനസ്സിലായി. നോക്കിനില്‍ക്കെ അവിടെനിന്നു പോകാന്‍ എന്തുകൊണ്ടോ എന്തോ ബേബിച്ചനും മനസ്സുവന്നില്ല. നല്ലയൊരു നൂറ്റഞ്ച് റബര്‍മരത്തില്‍ ചാരിനിന്നു മുട്ടൊപ്പം വെള്ളത്തില്‍ ബേബിച്ചനും ആ കാഴ്ച കണ്ടുനില്‍ക്കെയാണു ചെറിയൊരു തണുപ്പ് അദ്ദേഹത്തി‍ന്‍റെ ചെവിയില്‍ അരിച്ചെത്തിയത്.

ചാണ്ടിച്ചേട്ടന്‍റെ വീട്ടിലെ കാഴ്ചയില്‍ മതിമറന്നുനിന്ന ബേബിച്ചനെന്തോ ആ തണുപ്പത്ര അസുഖകരമായി തോന്നിയതുമില്ല. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ തണുപ്പ് ബേബിച്ചന്‍റെ കഴുത്തുവരെയായി. ചെവിയും കഴുത്തുമെല്ലാം തൊട്ടരിക്കുന്ന തണുപ്പിനു വല്ലാത്തൊരു മാര്‍ദ്ദവവുമുണ്ടായിരുന്നു.

കഴുത്തിനോടു ചേര്‍ന്ന് എന്തോ തണുത്ത വസ്തു അരിച്ചിറങ്ങുന്നതുപോലെ തോന്നിയ ബേബിച്ചന്‍ മനസ്സുകൊണ്ടു ചാണ്ടിച്ചേട്ടന്‍റെ വീട്ടുമുറ്റത്തെങ്കിലും വെറുതെ കയ്യെടുത്ത് കഴുത്തൊന്നു ചൊറിഞ്ഞു.

അങ്ങനെയങ്ങനെ തണുപ്പടിച്ചു നില്‍ക്കേ, തന്‍റെ കഴുത്തില്‍ ആരോ ഒരു ഉമ്മ തന്ന പോലെ ബേബിച്ചനു തോന്നി. ഓര്‍ക്കാപ്പുറത്ത് ഒരുമ്മ കിട്ടിയതിന്‍റെ ആശ്ചര്യത്തോടെ ഇടത്തുഭാഗത്തേക്കു ഞെട്ടിത്തിരിഞ്ഞ ബേബിച്ചന്‍ ഞെട്ടിത്തെറിച്ചുപോയി...

വലിയൊരു മുഖം, തന്‍റെ മുഖത്തോടു ചേര്‍ന്ന്...

മുന്‍പെങ്ങും കണ്ടുപരിചയമില്ലാത്ത മുഖം. മുഖത്തുമീശയില്ല, മാത്രമല്ല, ചെറിയൊരു മക്കുമണവും...

ആരാ കക്ഷിയെന്നറിയാന്‍ ചെറിയൊരു വെപ്രാളത്തോടെ ഒന്നുകൂടി നോക്കിയ ബേബിച്ചന് അടിമുടി ഒരു വിറയല്‍ വന്നതും തനിക്ക് ഉമ്മ തന്ന മുഖത്തിന്‍റെ ഉടമസ്ഥനു നിലത്തു നിന്നുതുടങ്ങുന്ന ഒരു ഉടലിലെന്നു തിരിച്ചറിഞ്ഞതും ഒരുമിച്ചായിരുന്നു.

എന്താ സംഗതിയെന്നു പൂര്‍ണമായും മനസ്സിലായില്ലെങ്കിലും അയ്യോ എന്നൊരു വിളിയോടെ ബേബിച്ചന്‍ റബര്‍തോട്ടത്തിലെ വെള്ളത്തിലോട്ടു മലച്ചു. അയ്യോ എന്ന വിളികേട്ടു തിരിഞ്ഞുനോക്കിയ ജനവും വെള്ളത്തിലോട്ട് അലച്ചുവീണ ബേബിച്ചന്‍ കിടന്ന കിടപ്പിലും ആ കാഴ്ച കണ്ടു- റബര്‍ മരത്തിന്‍റെ കൊമ്പില്‍ തൂങ്ങിക്കിടക്കുന്നു, ഒന്നാന്തരമൊരു മലമ്പാമ്പ്...!!!

മുട്ടൊപ്പം വെള്ളത്തില്‍ കാത്തി ഫ്രീമാന്‍ തോറ്റുപോകുന്ന വേഗത്തില്‍ ജനക്കൂട്ടം പലവഴിക്കു പാഞ്ഞു. ബേബിച്ചനും രക്ഷപ്പെട്ടു.

തലേന്നു രാത്രിയിലെ ഉരുളുപൊട്ടിവന്ന വെള്ളത്തില്‍ ഒലിച്ചു വന്ന മലമ്പാമ്പിനു മാത്രം കാര്യമൊന്നും പിടികിട്ടിയില്ല. ഇത്രയധികം മനുഷ്യരെ തന്നെ അത് ആദ്യമായിട്ടു കാണുകയായിരുന്നു...

ചാണ്ടിച്ചേട്ടന്‍റെ റബര്‍തോട്ടത്തില്‍ മലമ്പാമ്പ്. - വാര്‍ത്ത നാടാകെ പാട്ടായി.

പാമ്പിനെ എങ്ങനെ പിടിക്കും?

ദുബായില്‍നിന്നു ചാണ്ടിച്ചേട്ടന്‍ വരെ വിളിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു. തന്‍റെ ഭാര്യയെയും മൂന്നുമക്കളെയും പാമ്പു വിഴുങ്ങിയാലുണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചോര്‍ത്ത് അന്നു രാത്രി തന്നെ കൊള്ളപ്പണം കൊടുത്തു ടിക്കറ്റ് ഒപ്പിച്ചു ചാണ്ടിച്ചേട്ടന്‍ നെടുമ്പാശേരിയിലിറങ്ങി.

അച്ചാച്ചന്‍റെ ഒച്ച കേട്ട പെണ്‍കൊച്ചുങ്ങള്‍ ചാടിപ്പിടഞ്ഞെണീറ്റുവന്ന് ചാണ്ടിച്ചേട്ടനെ കെട്ടിപ്പിടിച്ചു. ശ്രീമതിക്കും അങ്ങനെയൊരാഗ്രഹമുണ്ടായിരുന്നെങ്കിലും പിള്ളേരെയോര്‍ത്ത് വേണ്ടെന്നു വച്ചു. .

എവിടെടീ പാമ്പ്? ചാണ്ടിച്ചേട്ടന്‍ അലറി..

ആ അലര്‍ച്ച കേട്ടിട്ടാണോ എന്തോ ഞാനിവിടെയുണ്ടേ എന്നുപറയാന്‍ പാകത്തിനു പാമ്പ് ചാണ്ടിച്ചേട്ടന്‍റെ വീട്ടിലേക്കുള്ള വഴിയിലായിരുന്നു. തണുപ്പടിച്ച് ഒരു പരുവമായ സ്ഥിതിക്ക് ഇനിയിപ്പോള്‍ എവിടെയേലും അല്‍പം ചൂടുള്ളിടം നോക്കിപ്പിടിക്കാം എന്ന തീരുമാനത്തിലായിരുന്നു ഭവാന്‍. രണ്ടുദിവസമായി വയറും കാലി. വന്നപാടെ പാമ്പണ്ണന്‍ ചാണ്ടിച്ചേട്ടന്‍രെ വീടിനു പിന്നില്‍നിന്നു രണ്ടു കോഴികളെ പുസ്പം പോലെ അകത്താക്കി. അകത്തുപോയ കോഴികളുപോലുമറിഞ്ഞില്ല!!

പട്ടിസാറിന്‍റെ ഇടകഴിയിലെ വെള്ളം കയറാത്ത ഭാഗത്തിരുന്നു കളളുകുടിക്കുമ്പോളും ബേബിച്ചന്‍റെ മനസ്സില്‍ മലമ്പാമ്പിന്‍റെ രൂപം തെളിഞ്ഞുവന്നുകൊണ്ടിരുന്നു. ഒപ്പം അതിന്‍റെ മക്കുമണവും. അതോര്‍ക്കുമ്പോളൊക്കെ ഒരുതരം കുളിരു ബേബിച്ചനെ കീഴടക്കിക്കൊണ്ടിരുന്നു.

ആ പാമ്പിനെ എങ്ങനെ പിടിക്കും? ബേബിച്ചന്‍ ആരോടെന്നില്ലാതെ ചോദിച്ചു.

ആര് കുറച്ചു മുന്‍പ് ഇവിടെനിന്നു പോയ അന്തോണിയെയയാണോ? അവന്‍ എവിേടലും പോയി തുതലയെട്ടെടാ...... ആരോ കൂട്ടിച്ചേര്‍ത്തു.

അതല്ല, മലമ്പാമ്പ്.....

എല്ലാവരുമൊന്നു ഞെട്ടി. കോളജിന് അവധിയായതുകൊണ്ട് അല്‍പം മോന്താനിറങ്ങിയ ഉത്തരാധുനികനൊരുത്തന്‍ ഇടപെട്ടു.

നമുക്കൊരു മിസ്ഡ് കോളിട്ടുനോക്കിയാലോ? എവിടെയാണു സാധനമെന്നറിയാമല്ലോ...

കാണാതെ പോയതു മൊബൈലല്ലെടാ കോപ്പേ...പാമ്പാ....

പിന്നെ ആരുമൊന്നും മിണ്ടിയില്ല. ഒടുവില്‍ ബേബിച്ചന്‍ തന്നെ കാര്യം കണ്‍ക്ളൂഡു ചെയ്തു.

പാമ്പു പിടിത്തക്കാരന്‍ കുഞ്ഞുമാനെ കൊണ്ടുവരാം....

രാത്രി വൈകി ചാണ്ടിച്ചേട്ടന്‍റെ വീട്ടില്‍നിന്നു നൂറ്റമ്പത്തുമൂന്നുമണി ജപം ഉയര്‍ന്നു കേട്ടു തുടങ്ങിയ നേരത്താണു ബേബിച്ചനും കുഞ്ഞുമോനും മുട്ടൊപ്പം വെള്ളത്തില്‍ നീന്തി അവിടെത്തുന്നത്.

ഇനിയിപ്പം പാമ്പിനെ പിടിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. എന്തായാലും നിങ്ങളു വന്നതല്ലേ, ഒരു ധൈര്യത്തിന് ഇവിടെയിരിക്ക്. രാത്രി നമുക്കിവിടെ കൂടാം. - ചാണ്ടിച്ചേട്ടന്‍ നിര്‍ബന്ധിച്ചു.

നിര്‍ബന്ധത്തിനു വിഎസ്ഒപിയുടെ മണംകൂടിയുണ്ടായിരുന്നതിനാല്‍ ഇരുവരും അതങ്ങു സമ്മതിച്ചുപോയി.

ആ സമയത്ത് രണ്ടുദിവസത്തെ ഉറക്കംപോയതിന്‍റെ ക്ഷീണത്തില്‍ ചാണ്ടിച്ചേട്ടന്‍റെ ബെഡ്റൂമിലെ കമ്പിളിപ്പുതപ്പിനുള്ളില്‍ കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു മലമ്പാമ്പ്.

രാജ്യത്തുള്ള വിവിധതരം പാമ്പുകളെക്കുറിച്ചു കുഞ്ഞുമാന്‍റെ പ്രസംഗം തെറ്റില്ലാത്ത വിധം ബോറായിക്കഴിഞ്ഞപ്പോളാണ് ചാണ്ടിച്ചേട്ടന്‍റെ ശ്രീമതിക്ക് ഉറങ്ങിയാല്‍ കൊള്ളാമെന്നു തോന്നിയത്.

നേരെ ബെഡ്റൂമിലേക്കെത്തിയ ശ്രീമതി ആരോ കൂര്‍ക്കം വലിക്കുന്നതുപോലൊരു ശബ്ദം കേള്‍ക്കാതിരുന്നില്ല.
മഴയുെട ശബ്ദവും ഉറക്കത്തിന്റെ ആലസ്യവും നിമിത്തം അതു ശ്രദ്ധിക്കാതെ ശ്രീമതി നേരെ കട്ടിലേക്കു മറിഞ്ഞു.

ആ സമയത്ത് ഗാഢനിദ്രയുെട രണ്ടാം പാതിയില്‍, താനിപ്പോഴും തന്‍റെ പ്രിയപ്പെട്ട ഭവനമായ അടുക്കം മലയിലെ ഇഞ്ചക്കാട്ടിലാണെന്നും ഒപ്പമുള്ളതു തന്‍റെ പ്രാണപ്രേയസിയാണെന്നും ഉള്ള ധാരണയില്‍ ഉറങ്ങുന്ന ഉറക്കത്തില്‍ മലമ്പാമ്പ് ചാണ്ടിച്ചേട്ടന്‍രെ ശ്രീമതിയെ കെട്ടിവരിഞ്ഞു.

ശ്രീമതിയും ഉറക്കം പിടിച്ചിരുന്നു.

ഗള്‍ഫില്‍നിന്നെത്തിയ ഭര്‍ത്താവിന്‍റെ സ്നേഹസ്മരണകളാല്‍ ഉറങ്ങാന്‍ കിടന്ന ശ്രീമതിയാകട്ടെ പാതിയുറക്കത്തില്‍ അത് എതിര്‍ത്തതുമില്ല.

പുലര്‍ച്ചെയോടെ പാന്പുപിടിത്തത്തിന്റെ വീരസ്യങ്ങള്‍ കേട്ടു തഴമ്പിച്ച കാതുമായി ചെറുതായൊന്നു മയങ്ങാന്‍ ബെഡ്രൂമിലേക്കെത്തിയ ചാണ്ടിച്ചേട്ടന്‍ ആ കാഴ്ച കണ്ടു സ്തംഭിച്ചു നിന്നു.

പാമ്പുപിടിത്തക്കാരന്‍ കുഞ്ഞുമാനും വേര്‍പെടുത്താനാകുമായിരുന്നില്ല ആ ബന്ധം.

തന്‍റെ ഭര്‍ത്താവിന്‍റെ അപാരമായ വായിനാറ്റത്തിനു നാളെത്തന്നെ മരുന്നു വാങ്ങിക്കണമെന്ന ദൃഢനിശ്ചയത്തോടെ പതിവ്രതാരത്നവും രണ്ടുകോഴിയെ തിന്നതിന്റെ ക്ഷീണത്തില്‍ നാഗമാണിക്യവും ഉറക്കം തുടരുകയായിരുന്നു അപ്പോള്‍!!!!

16 comments:

SUNISH THOMAS said...

ഓര്‍ക്കാപ്പുറത്ത് ഒരുമ്മ കിട്ടിയതിന്‍റെ ആശ്ചര്യത്തോടെ ഇടത്തുഭാഗത്തേക്കു ഞെട്ടിത്തിരിഞ്ഞ ബേബിച്ചന്‍ ഞെട്ടിത്തെറിച്ചുപോയി...

വലിയൊരു മുഖം, തന്‍റെ മുഖത്തോടു ചേര്‍ന്ന്...

മുന്‍പെങ്ങും കണ്ടുപരിചയമില്ലാത്ത മുഖം. മുഖത്തുമീശയില്ല, മാത്രമല്ല, ചെറിയൊരു മക്കുമണവും...


:)

sandoz said...

എന്റെ തമ്പുരാനേ....ഇതെന്താ ആദ്യപാപം സുനീഷ്‌ സ്റ്റൈയിലിലോ....
കാത്തോണേ കര്‍ത്താവേ.....

കുഞ്ഞന്‍ said...

ഹഹ..വായ് നാറ്റം ഉഗ്രന്‍..! ആളുകള്‍ വായ് നാറ്റത്തില്‍ അസ്വസ്ഥരാകുമ്പോള്‍, സുനീഷിന്റെ ‘വായ് നാറ്റം’ ആസ്വാദ്യതയുള്ളതാകുന്നു..!

മലമ്പാമ്പിനു വേണ്ടി ഒരു തേങ്ങയുടക്കുന്നു..!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:എന്നിട്ട് ആ മാറാബാധയെ ഒഴിപ്പിച്ചോ?

അവിടൊക്കെ ഓര്‍ബിറ്റ് വൈറ്റ് വിതറിയിടാന്‍ പറ.

SUNISH THOMAS said...

സാന്ഡോസേ... ആദ്യപാപവും ഹാസ്യഭാവവും തമ്മിലൊരു നൂല്‍പ്പാലം മാത്രമേയുള്ളൂ കഥയില്‍. അതു പൊട്ടിക്കരുതേ...

:)

വിഷ്ണു പ്രസാദ് said...

സുനീഷേ... :)

ഉപാസന || Upasana said...

“ദൈവമേ.. ഭരണങ്ങാനത്ത് ഒന്നാന്തരം കുന്നിന്‍റെ മേലുള്ള തന്‍റെ വീട്ടില്‍ വെള്ളം കയറണമെങ്കില്‍ എന്നാ മാതിരി പ്രളയമായിരിക്കും അതെന്ന് ആലോചിച്ചുകൊണ്ട്, കണ്ണു ശരിക്കും വലിച്ചുതുറന്നപ്പോളാണു ബേബിച്ചനു മറ്റൊരു കാര്യം കൂടി പിടികിട്ടിയത്.

കിടപ്പു വീട്ടിലല്ല.“

കൊള്ളാം ഭായ്. ഒരുപാട് ചിരിച്ചു.
:)
ഉപാസന

ഗുപ്തന്‍ said...

ചാണ്ടിച്ചേട്ടനെയും ചേട്ടത്തിയെയും വിട്.. ഒരു എഴുത്തുകാരന്‍ കൂടി ഐഡന്റിറ്റി ക്രൈസിസില്‍ ആയ ഒരു ലുക്കുണ്ട് കുറച്ച് പോസ്റ്റുകളായിട്ട്. അതൊരു നല്ല ലക്ഷണമാണ്. ആശംസകള്‍ :)

Mr. K# said...

ഹ ഹ എന്നിട്ട് :-)

ശ്രീ said...

:)

ദിലീപ് വിശ്വനാഥ് said...

കുഴപ്പമില്ല. പക്ഷെ പഴയ പോസ്റ്റുകളുടെ ആ ഒരു ഇത് കിട്ടിയില്ല.

Jay said...

ആരാ ഈ പട്ടിസാര്‍...?

SUNISH THOMAS said...

അജേഷേ,
അങ്ങനെയൊരാളില്ല!!!

അരവിന്ദ് :: aravind said...

"ആ പാമ്പിനെ എങ്ങനെ പിടിക്കും? ബേബിച്ചന്‍ ആരോടെന്നില്ലാതെ ചോദിച്ചു.

ആര് കുറച്ചു മുന്‍പ് ഇവിടെനിന്നു പോയ അന്തോണിയെയയാണോ? അവന്‍ എവിേടലും പോയി തുതലയെട്ടെടാ...... ആരോ കൂട്ടിച്ചേര്‍ത്തു."

ultimate :-)

അനീഷ് രവീന്ദ്രൻ said...

തന്‍റെ ഭര്‍ത്താവിന്‍റെ അപാരമായ വായിനാറ്റത്തിനു നാളെത്തന്നെ മരുന്നു വാങ്ങിക്കണമെന്ന ദൃഢനിശ്ചയത്തോടെ പതിവ്രതാരത്നവും രണ്ടുകോഴിയെ തിന്നതിന്റെ ക്ഷീണത്തില്‍ നാഗമാണിക്യവും ഉറക്കം തുടരുകയായിരുന്നു അപ്പോള്‍!!!!

തകർപ്പൻ ക്ലൈമാക്സ്!

സുധി അറയ്ക്കൽ said...

ചിരിച്ചു പണ്ടാരടങ്ങി.ഇഷ്ടപ്പെട്ട ഭാഗം ഇതാ.

തലേന്നു രാത്രിയിലെ ഉരുളുപൊട്ടിവന്ന വെള്ളത്തില്‍ ഒലിച്ചു വന്ന മലമ്പാമ്പിനു മാത്രം കാര്യമൊന്നും പിടികിട്ടിയില്ല. ഇത്രയധികം മനുഷ്യരെ തന്നെ അത് ആദ്യമായിട്ടു കാണുകയായിരുന്നു...

Powered By Blogger