Saturday, July 07, 2007

വര്‍ക്കിച്ചന്‍റെ മദ്യാന്വേഷണ പരീക്ഷണങ്ങള്‍


ഭരണങ്ങാനത്തെ അറിയപ്പെടുന്ന മദ്യപാനിയായിരുന്നു വര്‍ക്കിച്ചന്‍.

പ്രത്യേകിച്ച് വര്‍ക്കൊന്നും ചെയ്യാതെ വീട്ടിലിരിക്കുകയും വൈകുന്നേരമാകുമ്പോള്‍ പാലായിലെ ഏതെങ്കിലും ബാറില്‍ പോയി മുന്തിയ ഇനത്തിലുള്ള സ്കോച്ച് വിസ്കിയോ പ്രീമിയം ബ്രാണ്ടിയോ കഴിച്ച് വര്‍ക്കത്താവുകയും ചെയ്യുക എന്നതായിരുന്നു വര്‍ക്കിച്ചന്‍റെ ഒരു ഇത്. വീട്ടില്‍ ഇട്ടുമൂടാന്‍ കാശുണ്ടായിരുന്നതിനാലും ഭാര്യ ശോശാമ്മയ്ക്ക് അത്യാവശ്യം കാര്യപ്രാപ്തിയുണ്ടായിരുന്നതിനാലും വര്‍ക്കിച്ചന് ഒരിക്കലും ഒരു പ്രോജക്ട് ലീഡറുടെ ഡ്യൂട്ടി ചെയ്യേണ്ടി വന്നിട്ടില്ല. മാസത്തിലൊരിക്കല്‍ വീട്ടിലേക്ക് അത്യാവശ്യമുള്ള സാധനങ്ങള്‍ വാങ്ങിക്കൊടുക്കുക, എല്ലാ ഞായറാഴ്ചയും കുര്‍ബാനയ്ക്കു പള്ളിയില്‍ പോകും മുന്‍പേ ഇറച്ചിക്കറിയാച്ചേട്ടന്‍റെ കശാപ്പുശാലയില്‍നിന്നു രണ്ടുകിലോ പശള വാങ്ങുക, ആഴ്ചയിലൊരിക്കല്‍ ബാര്‍ബര്‍ ചിന്നപ്പന്‍റെ കടയില്‍ പോയി തലമുടി ഡൈ ചെയ്യുക എന്നീ കാര്യങ്ങള്‍ മാത്രമായിരുന്നു വര്‍ക്കിച്ചന്‍റെ വര്‍ക്ക് അസൈന്‍മെന്‍റുകള്‍.

ഇതുമൂലം വര്‍ക്കു കഴിഞ്ഞും ധാരാളം വര്‍ക്കിങ് ടൈം വേസ്റ്റായിപ്പോകുന്നതിന്‍റെ വിഷമം തീര്‍ക്കാനെന്ന വ്യാജേനെയാണു വര്‍ക്കിച്ചന്‍ എന്നും ഉച്ചകഴിഞ്ഞ് പാലായ്ക്കു വണ്ടിയെടുത്തു പോകുന്നത്. പോകുന്നതിനു മുന്‍പ് ഒന്നെങ്കില്‍ വീട്ടില്‍നിന്നോ ഇല്ലെങ്കില്‍ ടൗണിലെ റബര്‍ കടയില്‍നിന്നോ അത്യാവശ്യം മണി അണ്ടര്‍ വെയറിന്‍റെ പോക്കറ്റില്‍ കരുതിയിരിക്കും. അതുതീരും വരെയോ അല്ലെങ്കില്‍ നാക്കു മരയ്ക്കും വരെയോ എന്നതായിരുന്നു വര്‍ക്കിച്ചന്‍റെ ലിമിറ്റ്.

നാളിതുവരെയായി പോക്കറ്റിലെ കാശു തീരുവോളവും കള്ളുകുടിച്ചാലും വര്‍ക്കിച്ചന്‍റെ നാക്കു മരയ്ക്കാറില്ലായിരുന്നു. നാക്കു മരച്ചാല്‍ പിന്നെ വീട്ടിലെത്തി ഭാര്യ ശോശാമ്മയെയും മക്കളെയും പുലരുവോളം എന്‍ഗറേജ് ചെയ്യാന്‍ പറ്റില്ലല്ലോ എന്നോര്‍ത്തായിരുന്നു വര്‍ക്കിച്ചന്‍ നാക്കുമരയ്ക്കും മുന്‍പ് മദ്യപാനം അവസാനിപ്പിച്ചിരുന്നത്.

ബാറടയ്ക്കുന്നതിനു തൊട്ടുമുന്‍പ് വര്‍ക്കിച്ചനെ ബാറിലെ പിള്ളേര്‍ക്കൂടിയാണ് എടുത്തു കാറില്‍ വയ്ക്കുക. അതിന്ന് അവര്‍ക്ക് എന്നും വര്‍ക്കിച്ചന്‍ പ്രത്യേക ടിപ്പും നല്‍കാറുണ്ടായിരുന്നു. സ്റ്റിയറിങ് കൈയില്‍പ്പിടിപ്പിച്ചാല്‍പ്പിന്നെ വര്‍ക്കിച്ചന് വഴി ക്ളിയറാണ്.

പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍നിന്ന് അരമണിക്കൂറുകൊണ്ടു വേണമെങ്കില്‍ ന്യൂഡല്‍ഹിയിലെ പാര്‍ലമെന്‍റ് മന്ദിരത്തില്‍ വണ്ടി ഓടിച്ചെത്തിക്കും. അതായിരുന്നു ഇനം. വണ്ടി സ്റ്റാര്‍ട്ടാക്കി മൂന്നു മിനിറ്റിനകം വര്‍ക്കിച്ചന്‍ ഭരണങ്ങാനത്ത് എത്തിയിരിക്കും. വഴി ബ്ളോക്കായാലും ഇല്ലെങ്കിലും ഇക്കാര്യത്തില്‍ മാറ്റമൊന്നും ഉണ്ടാകാറില്ല. ഇടയ്ക്കു വണ്ടിയുടെ ബോണറ്റ്, ബമ്പര്‍, എതിരെ വന്ന വണ്ടിയുടെയും സമാനപ്രദേശങ്ങള്‍‍, രാത്രി വൈകി വീട്ടിലേക്കു നടന്നു പോവുകയായിരുന്ന പാവപ്പെട്ട കാല്‍നടക്കാരുടെ കൈകാലുകള്‍ തുടങ്ങിയവയ്ക്കു മാത്രം മാറ്റം സംഭവിച്ച ചരിത്രമേ അതല്ലാതുള്ളൂ.

പണത്തിനു മുകളില്‍ പരുന്തും അഭ്യാസം കാണിക്കില്ലാത്തിനാല്‍ എംഎസിടിയുടെ പടി കയറാതെ വര്‍ക്കിച്ചന്‍ അതെല്ലാം പിറ്റേന്നു പലുരുന്നതിനും മുന്‍പേ സോള്‍വാക്കിപ്പോന്നു. അതായിരുന്നു വര്‍ക്കിച്ചന്‍. !!

ഇതൊക്കെയായിരുന്നേലും വര്‍ക്കിച്ചന്‍ ഡീസന്‍റായിരുന്നു. കള്ളുകുടിക്കും ബീഡിവലിക്കും പക്ഷേ തെമ്മാടിത്തരം കാട്ടുകേല എന്ന ലൈന്‍.

തെമ്മാടിത്തരം കാട്ടിയില്ലെങ്കിലും വീട്ടിലോട്ടും സ്ളോട്ടറു വെട്ടാറായ റബര്‍ തോട്ടത്തിലോട്ടും തിരിഞ്ഞുനോട്ടം നഷ്ടപ്പെട്ട്, എപ്പോളും അല്‍പം സ്കോച്ചു വിസ്കി കിട്ടിയിരുന്നെങ്കില്‍ എന്ന ആലോചനയുമായി നടക്കുന്ന വര്‍ക്കിച്ചനെക്കുറിച്ച് ഓരോ ദിവസവും സഹധര്‍മിണി ശോശാമ്മയ്ക്കാണ് ആശങ്കയേറിവന്നത്.

മക്കളു മൂന്നുപേര്‍. അതില്‍ രണ്ടും പെണ്‍കുട്ടികള്‍. ഇളയവന്‍ അപ്പന്‍റെ അതേഗതിയിലാകില്ലെന്ന് ആരുകണ്ടു?

അതുകൊണ്ട്, റബര്‍തോട്ടം സ്ലോട്ടറിനു മറിക്കും മുന്‍പേ പെണ്‍മക്കളെ രണ്ടിനേം കെട്ടിച്ചു വിടണമെന്നായിരുന്നു ശോശാമ്മയുെ മനസ്സിലുണ്ടായിരുന്ന പ്ളാന്‍. പലവട്ടം ഇതേ പ്ളാനിന്‍റെ ബ്ളൂ പ്രിന്‍റുമായി ശോശാമ്മ വര്‍ക്കിച്ചനെ സമീപിച്ചെങ്കിലും അതിനു വേണ്ടി വരുന്ന വര്‍ധിച്ച എസ്റ്റിമേറ്റ് കേട്ടു വര്‍ക്കിച്ചന്‍ ഞെട്ടി പിന്‍മാറുകയായിരുന്നു.


അത്രയും കാശുമുടക്കുകയാണെങ്കില്‍ സ്വന്തമായി ഒരു ഡിസ്റ്റിലറി തുടങ്ങിക്കൂടേ എന്നതായിരുന്നു വര്‍ക്കിച്ചന്‍റെ മറുചോദ്യം!

കരഞ്ഞു കാണിച്ചിട്ടും ക‍ഞ്ഞികുടിക്കാതെയിരുന്നിട്ടും കഞ്ഞികൊടുക്കാതെ നോക്കിയിട്ടും വര്‍ക്കിച്ചന്‍ സുപ്രീംകോടതി ജഡ്ജിമാരെപ്പോലെ എല്ലാം നിസ്സംഗനായി കണ്ടും കേട്ടും നിന്നതല്ലാതെ തീരുമാനത്തില്‍നിന്നിളകിയില്ല- മദ്യപാനം നിര്‍ത്തുന്ന പ്രശ്നമില്ല!

സകല വിശുദ്ധരുടെയും ഇപ്പോള്‍ നാട്ടില്‍ ഫാഷനായി മാറിക്കഴിഞ്ഞ അസാധ്യകാര്യങ്ങളുടെ മധ്യസ്ഥന്‍ വി.യൂദാശ്ളീഹായുടെയും നൊവേന കൂടിയിട്ടും മുട്ടുകുത്തിനിന്നു മുഴുവന്‍ കുര്‍ബാന മുട്ടിപ്പായി കണ്ടുനോക്കിയിട്ടും ശോശാമ്മ വരച്ച വരയില്‍ കാര്യങ്ങള്‍ എത്തിയില്ല. പ്രായമായി വരുന്ന പെണ്‍മക്കളെ ഓര്‍ത്തപ്പോള്‍ ശോശാമ്മയ്ക്കു തലയില്‍ പെരുപ്പു കയറിത്തുടങ്ങി.

കടാമുട്ടന്‍മാരായ ആങ്ങളമാരെ മലബാറില്‍നിന്നു വരുത്തി വര്‍ക്കിച്ചനെ വിരട്ടി നോക്കി. വന്നവര്‍ വന്നതിനു മൂന്നാം ദിവസം വീലായി മടങ്ങിയെന്നല്ലാതെ വര്‍ക്കിച്ചനു മാറ്റമൊന്നും വന്നില്ല.

ഒടുവില്‍ അനുനയിപ്പിച്ച് വര്‍ക്കിച്ചനെ ഒരു ധ്യാനം കൂടാന്‍ ശോശാമ്മ സമ്മതിപ്പിച്ചെടുത്തു. മക്കളെയുംകൂട്ടി ധ്യാനത്തിനു പോകാന്‍ വര്‍ക്കിച്ചന് കുടുംബപരമായ ചില ഒത്തുതീര്‍പ്പുകളുടെ പേരില്‍ ഒടുവില്‍ സമ്മതിക്കേണ്ടി വന്നു എന്നു തന്നെ പറയാം. അ‍ഞ്ചുദിവസത്തെ ഘനഗംഭീര ധ്യാനം.

ധ്യാനം നടന്ന ദിവസം മുതല്‍ അഞ്ചുദിവസം വര്‍ക്കിച്ചന്‍ മദ്യം എന്നല്ല, അതേനിറമുള്ള കരിങ്ങാലി വെള്ളം പോലും കുടിച്ചില്ല. ശോശാമ്മയുടെ മനസ്സില്‍ പ്രതീക്ഷയുടെ മെഴുകുതിരികള്‍ കത്തിത്തുടങ്ങി. തന്‍റെ ഭര്‍ത്താവ് മദ്യപാനം നിര്‍ത്തി നാട്ടിലെ കരിസ്മാറ്റിക് ചേട്ടന്‍മാരുടെ കൂടെ കൂട്ടാകുന്നതും അവരൊന്നിച്ചു സല്‍പ്രവൃത്തികള്‍ ചെയ്തു നാടിന് അലങ്കാരമായി മാറുന്നതും ശോശാമ്മ സ്വപ്നം കണ്ടു.

സ്വപ്നത്തിനു മൂന്നാം നാള്‍ ധ്യാനം തീര്‍ന്നു.

ഹല്ലേലൂയ, പ്രെയ്സ് ദ ലോര്‍ഡ് വിളികളുമായി വര്‍ക്കിച്ചനും കുടുംബവും വീണ്ടും ഭരണങ്ങാനത്തു തിരിച്ചെത്തി. എന്നും രാവിലെ പള്ളിയില്‍ പോകുന്ന വര്‍ക്കിച്ചന്‍ കരിസ്മാറ്റിക് പ്രസ്ഥാനത്തില്‍ അംഗത്വമെടുത്തു. വൈകുന്നേരം വരെ വിവിധയിടങ്ങളില്‍ സല്‍പ്രവൃത്തികള്‍ ചെയ്തു സന്ധ്യമയങ്ങിയാലേ തിരികയെത്തൂ എന്നതായി അവസ്ഥ.

അപ്പോളും വീട്ടുകാരും തഥൈവ. വന്നാലുടന്‍ ടിവി ഓഫാക്കി മക്കളെയും കൂട്ടിയിരുന്നു കുരിശുവരയ്ക്കും. കുരിശു വരച്ചുകഴിഞ്ഞാലുടന്‍ ഭക്ഷണം കഴിക്കും. ഭക്ഷണം കഴിച്ചു തീര്‍ന്നാലുടന്‍ ഏമ്പക്കം, പിന്നെയുറക്കം- ഇതായി വര്‍ക്കിച്ചന്‍റെ ജീവിത ചര്യ.

എല്ലാം നല്ല നിലയിലേക്കു പോകുന്നതു നോക്കി സന്തോഷത്തോടെ ചോറും കറിയും വച്ചു ജീവിച്ച ശോശാമ്മയുടെ ജീവിതത്തിലേക്ക് ഇടിത്തീ പോലെ ആ വാര്‍ത്ത എത്തിയത് വളരെ വൈകിയായിരുന്നു. വര്‍ക്കിച്ചന്‍റെ വരവോടെ നാട്ടിലെ കരിസ്മാറ്റിക് പ്രസ്ഥാനത്തിനു സംഭവിച്ച മാറ്റത്തെക്കുറിച്ചായിരുന്നു ആ വാര്‍ത്ത. എന്നും രാവിലെ സല്‍പ്രവൃത്തികള്‍ക്കായി എന്നും പറഞ്ഞു പോകുന്ന തന്‍റെ ഭര്‍ത്താവ് രാവിലെ മുതല്‍ ഉച്ചവരെ ബാറിലാണെന്നും കഴിച്ചതിന്‍റെ കിക്കു വിട്ടു കഴിഞ്ഞാണു വൈകുന്നേരം വീട്ടിലെത്തുന്നതും ഞെട്ടലോടെ അവര്‍ കേട്ടുനിന്നു.

ഡീസന്‍റായി കരിസ്മാറ്റിക് പ്രസ്ഥാനത്തില്‍ അംഗമായ ഒരു റിട്ടയര്‍ കുടിയന്‍റെ ഭാര്യയായിരുന്നു ഈ വിവരം ശോശാമ്മയുടെ ചെവിയിലെത്തിച്ചത്. ഒരിക്കലും കള്ളുകുടിക്കാത്ത കരിസ്മാറ്റിക്കുകാര്‍ പോലും വര്‍ക്കിച്ചന്‍റെ സാമീപ്യം കൊണ്ടു മുഴുക്കുടിയന്‍മാരായെന്നും ഇങ്ങനെ പോയാല്‍ പള്ളീലച്ചന്‍ പോലും ചിലപ്പോള്‍ പിടിവിട്ടു പോയേക്കാമെന്നും അവര്‍ ശോശാമ്മയെ ഏഷണിയുടെ തരിമ്പുമില്ലാതെ ഉണര്‍ത്തിച്ചു.

ബാറില്‍നിന്ന് ഇറക്കിവിട്ടപ്പോള്‍ ഡിസ്റ്റിലറിയിലായി കിടപ്പ് എന്നതു പോലെയായി കാര്യങ്ങള്‍. വര്‍ക്കിച്ചന്‍ നന്നാവുന്ന ലക്ഷണമില്ലെന്നു ശോശാമ്മയ്ക്കു മനസ്സിലായി. നാട്ടിലെ കരിസ്മാറ്റിക് പ്രസ്ഥാനമെങ്കിലും രക്ഷപ്പെടട്ടെ എന്ന ഉദ്ദശേത്തോടെ അവര്‍ സ്വഭര്‍ത്താവിന്‍റെ അതിരാവിലത്തെ പള്ളീല്‍ പോക്കിന് വിലക്കിട്ടു. പള്ളീല്‍പ്പോക്ക് നിലച്ചതോടെ വര്‍ക്കിച്ചന്‍ വീണ്ടും പഴയ പടിയായി. ബാറിലേക്കുളള പോക്ക് ഉച്ചകഴിഞ്ഞത്തേക്കു മാറ്റി.

ഭര്‍ത്താവിനെ നിലയ്ക്കു നിര്‍ത്താന്‍ ശോശാമ്മ പല മാര്‍ഗങ്ങളെക്കുറിച്ചും ആലോചിച്ചുകൊണ്ടിരുന്നു.

ആയിടയ്ക്കാണു പത്രത്തില്‍ പരസ്യം കണ്ടത്.- മദ്യപാനികള്‍ അറിയാതെ മദ്യപാനം നിര്‍ത്താന്‍ എളുപ്പവഴി. പരസ്യത്തില്‍പ്പറയുന്ന ഗുളിക മദ്യപാനി അറിയാതെ കഴിക്കുന്ന ഭക്ഷണത്തില്‍ കലക്കിക്കൊടുക്കുക. മൂന്നു ദിവസത്തിനകം ആളു കുടിനിര്‍ത്തിരിക്കും!

ശോശാമ്മയ്ക്കു പ്രതീക്ഷയായി. ഒരു കെട്ടു ഗുളിക വാങ്ങിച്ച് അടുക്കളയില്‍ എലിവിഷവും പാഷാണവും വയ്ക്കുന്ന പെട്ടിയില്‍ വച്ചൂപൂട്ടി. രാവിലെയും ഉച്ചയ്ക്കും കൃത്യമായി ഭക്ഷണം കഴിക്കാറുള്ള വര്‍ക്കിച്ചന് അവര്‍ മരുന്നു മുറ പോലെ കലക്കിക്കൊടുത്തു തുടങ്ങി. (മുന്‍കരുതല്‍ എന്ന നിലയ്ക്ക് പത്താം ക്ളാസില്‍ പഠിക്കുന്ന ഇളയ ആണ്‍ സന്താനത്തിനും മരുന്ന് അല്‍പംവീതം കലക്കിക്കൊടുത്തുകൊണ്ടിരുന്നു.)

ഒരു മാസം മരുന്നു കഴിച്ചിട്ടും വര്‍ക്കിച്ചനില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. തന്‍റെ ഭര്‍ത്താവ് മദ്യം കുടിച്ചിരുന്നത് നിര്‍ത്തി കഴിക്കുന്ന അവസ്ഥയിലേക്കാണു കാര്യങ്ങളെത്തി നില്‍ക്കുന്നത് എന്നു ശോശാമ്മയ്ക്കു മനസ്സിലായി.

ഇനിയിപ്പോള്‍ എന്തു ചെയ്യും?

ശോശാമ്മ ഇക്കാര്യം വേണ്ടപ്പെട്ട പലരുമായും സംസാരിച്ചു. ഒടുവില്‍ വര്‍ക്കിച്ചന്‍റെ കെട്ടിച്ചു വിട്ട മൂത്തപെങ്ങളു കുഞ്ഞേലിയാണ് ആ സജഷന്‍ മുന്നോട്ടു വച്ചത്പള്ളീലെ അച്ചനെക്കൊണ്ട് ഒന്ന് ഉപദേശിപ്പിച്ചു നോക്ക്. ചിലപ്പോള്‍ രക്ഷപ്പെട്ടേക്കും!അതു ശരിയാണെന്നു ശോശാമ്മയ്ക്കും തോന്നി. വര്‍ക്കിച്ചനെ പളളീയില്‍ കൊണ്ടുപോയി അച്ചനു ഉപദേശിക്കാന്‍ പാകത്തിനു മുന്നില്‍ പിടിച്ചു നിര്‍ത്തിക്കൊടുക്കുക നടക്കില്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അതിനാല്‍, മറ്റൊരു സൂത്രപ്പണി ശോശാമ്മ ഒപ്പിച്ചു.

ഒരു ശനിയാഴ്ച ദിവസം രാവിലെ ഏഴുമണിയുടെ കുര്‍ബാന കഴിഞ്ഞപ്പോള്‍ പള്ളിയിലെ കൊച്ചച്ചന്‍ വര്‍ക്കിച്ചനെ ഞെട്ടിച്ചുകൊണ്ട് വീട്ടില്‍.വികാരിയച്ചനെയായിരുന്നു ശോശാമ്മ പ്രതീക്ഷിച്ചിരുന്നതെങ്കിലും ചില്ലറ അനാരോഗ്യം നിമിത്തം വികാരിയച്ചന്‍ ആ ഉത്തരവാദിത്തം കൊച്ചച്ചനെ ഏല്‍പിക്കുകയായിരുന്നു. വര്‍ക്കിച്ചനൊപ്പമിരുന്നു കൊച്ചച്ചന്‍ ഭക്ഷണം കഴിച്ചു. കൊച്ചച്ചനെ കണ്ടപ്പോളേ വര്‍ക്കിച്ചന് അപകടം മണത്തെങ്കിലും അവിടെനിന്നു മുങ്ങാന്‍ ഗൃഹനാഥന്‍ എന്ന നിലയ്ക്കുള്ള നിലയും വിലയും വച്ചു വര്‍ക്കിച്ചനു പറ്റില്ലായിരുന്നു.

ബ്രേയ്ക്ക് ഫാസ്റ്റ് കഴിഞ്ഞുള്ള ബ്രേക്കില്‍ കൊച്ചച്ചന്‍ വന്ന കാര്യം പറ‍ഞ്ഞു.

വര്‍ക്കിച്ചനെ ഉപദേശിക്കുകയാണു തന്‍റെ ആഗമനോദ്യേശ്യം. മദ്യപാനം ആപത്താണ്, ഹാനികരമാണ്, വിഷമാണ്, വിഷമകരമാണ്. മദ്യം മനുഷ്യനെ വഴിതെറ്റിക്കും, വട്ടനാക്കും, വട്ടിപ്പലിശക്കാര്‍ക്കു പണയക്കാരനാക്കും. സര്‍വോപരി മദ്യപാനിയെ നാട്ടുകാര്‍ പുച്ഛിക്കും.....കൊച്ചച്ചന്‍റെ അച്ചടിപ്പുസ്തക പ്രഭാഷണം അരമണിക്കൂര്‍ നീണ്ടു. അനുനയത്തിന്‍റെ ആദ്യഅധ്യായത്തിനു ശേഷവും വര്‍ക്കിച്ചനു കുലുക്കമില്ല.

മദ്യം കഴിച്ചാല്‍ ഹാര്‍ട്ട് അറ്റാക്കുണ്ടാകും, ബി.പി, കൊളസ്ട്രോള്‍, ഹൈപ്പര്‍ ടെന്‍ഷന്‍, മാനസികരോഗം, സിറോസിസ്... മദ്യപാനികള്‍ക്കു പതിവായി വരാറുള്ള രോഗങ്ങള്‍ വച്ച് കൊച്ചച്ചന്‍ ഭീഷണിയുടെ സ്വരമുയര്‍ത്തി നോക്കി.

നോ രക്ഷ. രണ്ടാം അധ്യായവും പാഴായി.

പിന്നെ വിരട്ടല്‍ എന്നതു മാത്രമേയുള്ളായിരുന്നു അച്ചന്‍റെ കയ്യില്‍. തന്നെ മഹറോന്‍ ചൊല്ലും, പള്ളിയില്‍ അടുക്കുവേല, മക്കളുടെ കല്യാണം നടത്തിത്തരുവേല, മാനേജ്മെന്‍റ് ക്വോട്ടയില്‍ അഡ്മിഷന്‍ എന്നെങ്ങാനും പറഞ്ഞുവന്നാല്‍ എറിഞ്ഞോടിക്കും, അടുത്ത ഞായറാഴ്ച പ്രസംഗത്തില്‍ വര്‍ക്കിച്ചന്‍റെ പേരെടുത്തു പറഞ്ഞ് നാറ്റിക്കും...ഇല്ല അതും രക്ഷയില്ല.

നീ പോടാ കൊച്ചനെ നമ്മളിതു കുറേ കണ്ടതാടാ ഉവ്വേ എന്ന ലൈനില്‍ത്തന്നെയായിരുന്നു വര്‍ക്കിച്ചന്‍. കൊച്ചച്ചന്‍ നിരാശനായി. തന്‍റെ കൈവശമുണ്ടായിരുന്ന അസ്ത്രങ്ങള്‍ കഴിഞ്ഞു. ആവനാഴി ഒഴിഞ്ഞ മദ്യക്കുപ്പി പോലെ ശൂന്യം.

ഇടവേള കണക്കാക്കി കൊച്ചച്ചന്‍ മനസ്സില്‍ ദൈവത്തെ വിളിച്ചു പ്രാര്‍ഥിച്ചു. ആ പ്രാര്‍ഥന ദൈവം കേട്ടുകാണും.

അപ്പോളാണു വര്‍ക്കിച്ചനു കാര്യമായ ഒരു സംശയം കൊച്ചച്ചനോടു ചോദിക്കണമെന്നു തോന്നിയത്...

അച്ചാ, ഒരുകാര്യം, ഈ പ്രമേഹം എങ്ങനെയുള്ളവര്‍ക്കു വരുന്ന സൂക്കേടാ? വരാതിരിക്കാന്‍ നമ്മള് എന്നതാ ചെയ്യേണ്ടത്?

ആ ചോദ്യം കേട്ടതും കൊച്ചച്ചന്‍റെ കൊച്ചുമനസ്സില്‍ ബള്‍ബ് കത്തി. വര്‍ക്കിച്ചനു പ്രമേഹം കാണും. അതായിരിക്കണം ഇങ്ങനെയൊരു ചോദ്യത്തിനു പിന്നിലെ പ്രേരകശക്തി. ദൈവത്തിനു സ്തോത്രം പറഞ്ഞുകൊണ്ട് കൊച്ചച്ചന്‍ വര്‍ക്കിച്ചനു നേരെ തിരിഞ്ഞു.

പ്രമേഹമോ, അതീ നാട്ടിലെ തനിചെറ്റകള്‍ക്കു വരുന്ന അസുഖമാ വര്‍ക്കിച്ചാ... കള്ളും കുടിച്ച് പെമ്പറന്നോത്തിയെയും പിള്ളേരെയും തല്ലി, കുടുംബോം നോക്കാതെ വല്ലവന്‍റെയും തല്ലും കൊണ്ടു തെറിയും വിളിച്ചു നടക്കുന്ന മഹാ എരപ്പാളികള്‍ക്കേ ആ അസുഖം വരൂ. അസുഖം വരാതിരിക്കണമെങ്കില്‍ കള്ളുകുടി നിര്‍ത്തണം. അതല്ലാതെ വേറെയൊരു വഴിയുമില്ല!

ഒറ്റശ്വാസത്തിലാണു കൊച്ചച്ചന്‍ അത്രയും പറഞ്ഞൊപ്പിച്ചത്. പറഞ്ഞുകഴിഞ്ഞപ്പോള്‍ ഡോസ് അല്‍പം കൂടി കൂട്ടിയക്കാമായിരുന്നു എന്നുപോലും അച്ചനു തോന്നിപ്പോയി. അച്ചന്‍റെ വിശദീകരണം കേട്ടതും അതുവരെ കൂളായിരുന്ന വര്‍ക്കിച്ചന്‍റെ മുഖം വിവര്‍ണമായി. കണ്ണുകള്‍ തുറിച്ചു വന്നു. ആകെപ്പാടെ ജഗപൊഗയുടെ ലക്ഷണം.

ഈ പറഞ്ഞതൊക്കെ നേരാണോ അച്ചോ? കള്ളുകുടിച്ചു വെളിവില്ലാതെ നടക്കുന്നവര്‍ക്കു വരുന്നതാണോ പ്രമേഹം?

വര്‍ക്കിച്ചന്‍ തന്‍റെ വഴിയേ വരുന്നുവെന്നുറപ്പിച്ചു കൊച്ചച്ചന്‍ വീണ്ടും തട്ടിവിട്ടു. കള്ളുകുടി മാത്രമല്ല, ബീഡി വലിക്കരുത്. കൃത്യസമയത്തു ഭക്ഷണം കഴിക്കണം, നാട്ടുകാരെ തെറിവിളിക്കരുത്. ഞായറാഴ്ച ഉറക്കം തൂങ്ങിനിന്നു കുര്‍ബാന കൂടാതെ ഭക്തിപൂര്‍വം വിശുദ്ധകര്‍മങ്ങളില്‍ പങ്കെടുക്കണം... എങ്കില്‍ നിങ്ങള്‍ക്കു പ്രമേഹം വരില്ല. അതും കൂടി കേട്ടതോടെ വര്‍ക്കിച്ചന് ശ്വാസം മുട്ടുന്നതുപോലെ കൊച്ചച്ചനു തോന്നി.

തന്‍റെ പ്രയത്നം ഒടുവില്‍ വിജയിച്ചിരിക്കുന്നു. വര്‍ക്കിച്ചന്‍ വളഞ്ഞുവര്‍ക്കിച്ചന്‍ വല്ലാതെ വളഞ്ഞുപോയി. ഓരോന്ന് ആലോചിച്ചെന്ന പോലെ ഇരിക്കുന്ന വര്‍ക്കിച്ചന്‍റെ നേര്‍ക്ക് കൊച്ചച്ചന്‍ സൗമ്യഭാവം മുഖത്തു തേച്ചുപിടിപ്പിച്ച് നടന്നു ചെന്നു.

അല്ലാ, എന്താ വര്‍ക്കിച്ചാ അങ്ങനെ ചോദിക്കാന്‍ കാരണം?

നടുക്കം വിട്ടുമാറാത്ത മുഖത്തോടെ വര്‍ക്കിച്ചന്‍ മറുപടി പറ‍ഞ്ഞു.

കഴിഞ്ഞ ദിവസം ബോഡി ചെക്കപ്പിനു ഞാന്‍ മേരിഗിരി ആശുപത്രിയില്‍ പോയിരുന്നു. അവിടെ വച്ച് നമ്മുടെ പള്ളീലെ വികാരിയച്ചനെയും കണ്ടാരുന്നു. അങ്ങേരു പ്രമേഹത്തിനു മരുന്നു വാങ്ങിക്കാന്‍ വന്നതായിരുന്നു അത്രേ!!

21 comments:

SUNISH THOMAS said...

മഹാ മദ്യപാനികള്‍ക്കും മദ്യപാനത്തില്‍നിന്നു രക്ഷ നേടണമെന്നാഗ്രഹിക്കുന്നവര്‍ക്കും വായിക്കാം. വായിച്ചിട്ടും കുടി നിന്നില്ലെങ്കില്‍.... ഇല്ല, നില്‍ക്കുമെന്നുറപ്പാ!!!

സാജന്‍| SAJAN said...

സുനീഷേ, വര്‍ക്കിച്ചന്‍ നല്ല ഭംഗിയായി ചിരിപ്പിച്ചു:)

അഞ്ചല്‍ക്കാരന്‍ said...

എന്തേ ഷാപ്പീന്ന് ഇറക്കി വിട്ടോ? ഒരു മദ്യവിരുദ്ധ ലൈന്‍.
സംഗതി കൊള്ളാം.

വേണു venu said...

ഒടുവിലും വര്‍ക്കിച്ചന്‍‍ തന്നെ വിജയിച്ചു.:)

sandoz said...

ലാസ്റ്റ് വരിയില്‍ ആണ് ചിരിയുടെ കാമ്പ് ഇരിക്കുന്നത്....
അതിലേക്ക് വര്‍ക്കൌട്ട് ചെയ്തുകൊണ്ടുവന്ന രീതി കലക്കി...
എന്തിനാ ആള്ക്കാരിങ്ങനെ കള്ള് കുടിച്ച് നശിക്കണത്..
യുവതലമുറ വഴിതെറ്റി പോകുന്നു....
[വഴി തെറ്റാതെ നേരേ ബാറിലോട്ട് പോടാപ്പാ..]

സാല്‍ജോҐsaljo said...

ഡോ കോപ്പെ ( ഐ മീന്‍ കോപ്പ അമേരിക്ക!), കൊള്ളാം. പക്ഷേ തനിക്കീ കള്ളുകഥയല്ലാതൊന്നുമില്ലേ.? തനിക്കാരേലും കള്ളില്‍ കൈവിഷം തന്നോ? എന്നാലും ഇഷ്ടപെട്ടേ അത് വേറെ കാര്യം! :)

അല്ല മാഷെ ഒരു ഡൌട്ട്, ആ പെങ്കൊച്ചുങ്ങളെ കെട്ടിച്ചു വിട്ടാ? ഞാന്‍ ഫ്രീയാണ്. വക്കച്ചനൊരു കമ്പനി, പെണ്‍കുട്ടിക്കൊരു തുണ. സ്ലോട്ടറു വെട്ടാന്‍ ഒരാള്‍ ത്രേ ള്ളൂ. നേരിട്ടു സ്നാനം കിട്ടിയ നസ്രാണിയാ...

മുസ്തഫ|musthapha said...

ഈ വര്‍ക്കിച്ചന്‍ ഇനിയും ജനിക്കാനിരിക്കുന്നതേയുള്ളൂ എന്നോര്‍ക്കുമ്പോള്‍ സമാധാനം :)

asdfasdf asfdasdf said...

രസികന്‍ പോസ്റ്റ്. :)

SUNISH THOMAS said...

സാല്‍ജോ,
കള്ളിന്‍റെയും ഹതാശരായ കാമുകന്‍മാരുടേതുമല്ലാതെ ഒരു കഥയും എഴുതിയേക്കരുത് എന്നു ബൂലോഗത്തെ ചില പുലികള്‍ വാണിങ് തന്നിട്ടുണ്ട്. അവരെ അനുസരിക്കാതിരിക്കുന്നതു ശരിയല്ലല്ലോ...

സാല്‍ജോയ്ക്കു വേണ്ടി ഉടന്‍ ‍ഞാനൊരു ഹൈറേഞ്ച് മണമുള്ള ലോറേഞ്ച് പ്രണയകഥ എഴുതുന്നുണ്ട്. കാത്തിരിക്കുക.

സാല്‍ജോҐsaljo said...

വേണ്ടി വരും!.

ഒരു സാഫല്യം ജസ്റ്റ് നടന്നതേയുള്ളൂ...

ഒന്നു പോയി നോക്കൂ ബ്ലോഗ്ഗം.!

ഉറുമ്പ്‌ /ANT said...

അണ്ഡകടാഘം മുഴുവനുമുള്ള എല്ലാ കുടിയന്മാരും ഇതോടെ കുടി നിര്‍ത്തും............
നന്നായി ബോധിച്ചു.

Vish..| ആലപ്പുഴക്കാരന്‍ said...



:)

ഇടിവാള്‍ said...

ഹഹ! സുനീഷേ..
അവസാനം ഉഗ്രന്‍!

എതിരന്‍ കതിരവന്‍ said...

എന്റെ അപ്പനെപ്പറ്റി ഇങ്ങനെ വേണ്ടാതീനം പറഞ്ഞല്ലൊ സുനീഷ്ചേട്ടാ.പത്താംക്ലാസില്‍ പഠിയ്ക്കുന്ന എന്നെ കമ്പനിയ്ക്കു വിളിച്ച് “നീ ഇതൊന്നു രുചിച്ചു നോക്ക്യേ, നല്ലതാടാ” എന്നും പറഞ്ഞ് “ഇനിഷ്യേറ്റ്” ചെയ്യിച്ചിട്ട് ഇപ്പം അപ്പനെ കുറ്റം പറയുന്നോ? അമ്മച്ചി വാങ്ങിച്ച ഗുളിക മാറ്റി ക്രോസിന്‍ വയ്ക്കാന്‍ പറഞ്ഞ്തും ചേട്ടനല്ലേ? ആ ക്രോസിന് ന്നല്ല എഫെക്റ്റാ, ഒരൌണ്‍സ് മറ്റേതിന്റെ കൂടെ. (ബെര്‍ളിച്ചായനും ഈ ക്രോസിന്‍ പ്രയൊഗമുണ്ടെന്നു പറഞ്ഞു).

പിന്നെ ചേച്ചിമാരുടെ കാര്യം. അതൊക്കെ നടക്കുമെന്നെ. ഇപ്പൊത്തന്നെ സാല്‍ജൊചേട്ടനെ അളിയനായിട്ട് സങ്കല്‍പ്പിക്കാന്‍ എന്തു രസം! (പുള്ളിക്കാരനെങ്ങനെയാ, നമ്മടെ കൂട്ടൊക്കെയാണോ?)

ചേട്ടന്റെ പുതിയ ഫോട്ടൊയില്‍ മൂക്കിന്റെ നേരെ കയ് പിടിച്ചിരിക്കുന്നത് കുമു കുമാ മണം അടിയ്ക്കുന്നത് തടയാനല്ലെ. രാവിലെ തന്നെ ഒന്നു മിനുങ്ങിയിട്ട് ജോലിയ്ക്കു പോകുന്ന ചേട്ടന്റെ ഫാഗ്യം.

Anonymous said...

വര്‍ക്കിച്ചനാണെന്റെ ഗുരു. അങ്ങേരുടെ പെങ്കൊച്ചുങ്ങളിലൊന്നിനെ കെട്ടി ആ അപൂര്‍വമൊതലിനെ അമ്മായിപ്പനാക്കി അഭിമാനിക്കൂ സുനീഷേ.

SUNISH THOMAS said...

അടുത്തുനില്‍ക്കുന്നവന്‍റെ വായില്‍നിന്നു ഗുമുഗുമാ മണം അടിക്കാതെ കൈ പിടിച്ചതാ എതിരന്‍ അനിയാ...
വൈകിട്ടെന്താ പരിപാടി എന്നൊരു പരസ്യം കേട്ടിട്ടുണ്ടോ? ഞങ്ങളിവിടെ പാലായില്‍ അതുമാറ്റി.
രാവിലെ മുതല്‍ എന്താ പരിപാടി എന്നാ ഇപ്പം ചോദ്യം!

അയ്യയ്യോ ബെര്‍ളീ...
അവരുടെ കല്യാണമെല്ലാം കഴിഞ്ഞു. അല്ലേലും സ്കൂളില്‍ പോകാത്തവര്‍ക്ക് അവരെ കുട്ടികളെ കെട്ടിച്ചു കൊടുക്കത്തില്ല. അതുകൊണ്ട് നിങ്ങളും ആ വഴിക്കു പോവേണ്ടേ...!

Unknown said...

ഉപദേശിക്കാന്‍ വര്‍ക്കിച്ചന്റെ വീട്ടില്‍ ചെന്ന അച്ചനെ വരെ രണ്ടെണ്ണം അടിപ്പിച്ചാ വര്‍ക്കിച്ചന്‍ വിടുന്നത് അല്ലേ? കൊള്ളാം. :-)

Mr. K# said...

:-)

സാല്‍ജോҐsaljo said...

ദേണ്ടെ, എതിരവനെക്കൊണ്ടാകുന്ന പണി പുള്ളീം തന്നേച്ചും പോയി..

...........

ആ ഐ ഡി ഒന്നു താ..

ഇവിടുത്തെ ഓര്‍ക്കുട്ട് അറബിക്കു പിടിച്ചില്ല. തൊണ്ടക്കുപിടിച്ച് ബ്ലോക്കി.

ദിവാസ്വപ്നം said...

അച്ചായാ

തേണ്ടെ ഈ പോസ്റ്റ് ഒരുത്തന്‍ അടിച്ചുമാറ്റി

http://vinupanthalani.blogspot.com/2008/08/dance.html

സുധി അറയ്ക്കൽ said...

ഹ ഹ ഹ.


മുന്‍കരുതല്‍ എന്ന നിലയ്ക്ക് പത്താം ക്ളാസില്‍ പഠിക്കുന്ന ഇളയ ആണ്‍ സന്താനത്തിനും മരുന്ന് അല്‍പംവീതം കലക്കിക്കൊടുത്തുകൊണ്ടിരുന്നു.)
ഹോ.എന്നാ തള്ളൊക്കയാ തള്ളുന്നത്???

Powered By Blogger