Sunday, August 26, 2007

ഓണമില്ലാതെന്തു ഭരണങ്ങാനം?

ഞാന്‍ വീട്ടില്‍ വെറുതെ കിടന്നുറങ്ങുകയായിരുന്നു. ചെവികളില്‍ വന്നലച്ചുനിന്ന ആരവം കേട്ടാണുണര്‍ന്നത്. നേരം നട്ടുച്ച. ഈ സമയത്ത് ആര് എവിടെ എന്തിന് ഒച്ചയുണ്ടാക്കുന്നുവെന്നറിയാന്‍ ചെവി വട്ടം പിടിച്ചപ്പോള്‍ മനസ്സിലായി, ശബ്ദം കേള്‍ക്കുന്നതു ഞാന്‍ പഠിച്ച, ഇപ്പോളും അനേകം പേര്‍ പഠിച്ചുകൊണ്ടിരിക്കുന്ന എന്‍റെ മാതൃവിദ്യാലയമായ സെന്‍റ് മേരീസ് ഹൈസ്കൂളില്‍നിന്നാണു ശബ്ദം കേള്‍ക്കുന്നത്.

എന്തായിരിക്കും ശബ്ദം?

പിള്ളേരു സമരം വല്ലതും....?!!!

ഞങ്ങളൊക്കെ പഠിച്ചിറങ്ങിയ ശേഷം സ്കൂളിലിതു വരെ സമരം നടന്നിട്ടില്ല. സമരം സമരം സമരം.... എനിക്കങ്ങു ത്രില്ലായി. ഞാനിറങ്ങിയോടി. നേരെ സ്കൂളിലേക്ക്. അവിടെ ചെന്നപ്പോള്‍ സ്കൂളില്‍ ആരുമില്ല. പിള്ളേരു സമരവും വിജയിപ്പിച്ചു വീട്ടില്‍പ്പോയിക്കാണുമോ?

നേരെ സ്കൂളിലേക്കു നടന്നു കയറിയപ്പോളാണു കണ്ടത്, ദേണ്ടെ കിടക്കുന്നു അതിഗംഭീരമായ ഒരു ഓണപ്പൂക്കളം.
കാര്യങ്ങളുടെ കിടപ്പ് പൂക്കളത്തിന്‍റെ കിടപ്പു കണ്ടപ്പോളാണ് എനിക്കു പിടികിട്ടയത്.പിള്ളേര് ഒച്ചയുണ്ടാക്കിയതു വെറുതെയല്ല. ഓണാഘോഷമാണ്. സ്കൂള്‍ അടയ്ക്കുന്ന ദിവസം സ്കൂള്‍ വക ഓണാഘോഷം. ഞങ്ങളു പഠിക്കുന്ന കാലത്ത് ഓണം പോയിട്ട് ക്രിസ്മസ്, വിഷു, റംസാന്‍ തുടങ്ങിയ അനേകം ആഘോഷങ്ങള്‍ വന്നിട്ടും സ്കൂളില്‍ ആര്‍ക്കും ഒരു കോലുമുട്ടായി പോലും കിട്ടിയിട്ടില്ല. എനിക്കു സ്കൂളില്‍ പഠിക്കുന്നവരോടും പഠിപ്പിക്കുന്നവരോടും കടുത്ത അസൂയ തോന്നിയില്ലെങ്കില്‍ ഞാനൊരു മനുഷ്യനാണോ? വന്ന സ്ഥിതിക്ക് പിള്ളേരുടെ ഓണാഘോഷം കണ്ടിട്ടു തന്നെ കാര്യം!! നേരെ നടന്നു. അപ്പോളതാ, വിശാലമായ പള്ളിമുറ്റത്ത് ഉഗ്രനൊരു വടംവലി മല്‍സരം നടക്കുന്നു. വടം വലിക്കുന്നതു ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പെണ്‍കുട്ടികള്‍. ആരവം മുഴക്കി ആണ്‍കുട്ടികള്‍.


പെണ്‍കുട്ടികളുടെ വടംവലി മല്‍സരം കഴിഞ്ഞു. ഇനി ഘടാഘടിയന്‍മാരായ ആണ്‍കുട്ടികളുടെ മല്‍സരം. ആവേശം കുന്നുകയറിയപ്പോള്‍, കൂട്ടത്തില്‍ പഠിക്കുന്നവന്‍മാരെ പ്രോല്‍സാഹിപ്പിക്കുന്ന പെണ്‍കുട്ടി. ഈ ഡിപിഇപി നടപ്പാക്കിയവന്‍മാര്‍ക്ക് ഒരു പത്തുവര്‍ഷം മുന്‍പ് ഇതു നടപ്പാക്കിക്കൂടായിരുന്നോ?!!!


വടംവലി വിജയികള്‍ക്കെന്താണു സമ്മാനം? ദേണ്ടെ വാഴക്കുല. ഇതിനെയൊക്കെ വാഴക്കുല എന്ന വിളിക്കുന്നതിനെതിരെ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയില്‍ കേസിനു പോകാവുന്നതാണ്. ഓണമായതിനാല്‍ ഇതുപോലെ രണ്ടെണ്ണം തന്നെ സംഘടിപ്പിച്ചതു കഷ്ടപ്പെട്ടാണെന്നു കണ്‍വീനര്‍ സാറു പറയുന്നു. വലിപ്പം കുറഞ്ഞാലും കുല വാഴക്കുല തന്നെ.

ഞങ്ങളുടെ പിന്‍മുറക്കാരും ക്രിയേറ്റിവിറ്റിയുടെ കാര്യത്തില്‍ പിന്നോട്ടല്ലെന്നു പിടികിട്ടി. ഇന്‍ഡ്യന്‍ ടീം വല്ലപ്പോഴുമൊരിക്കല്‍ ക്രിക്കറ്റ് ജയിക്കുമ്പോള്‍ ഷാംപെയിന്‍ പൊട്ടിച്ചു രസിക്കുന്നതിന്‍റെ പടം പത്രത്തില്‍ കണ്ടിട്ടാവണം, ലവന്‍മാര്‍ രണ്ടുകുപ്പിയില്‍ വെള്ളം നിറച്ച് അതു പൊട്ടിച്ചു തെറിപ്പിച്ചു രസിക്കുന്നത്.

അങ്ങനെ ഓണാഘോഷം കൊടിയിറങ്ങി. ഇനി അടുത്ത വര്‍ഷം വരെ നാവിലും മനസ്സിലും മധുരമൂറുന്ന ഓണസ്മൃതികള്‍ ബാക്കിനിര്‍ത്തി പായസവിതരണം.
ഹും.... അതും കഴിഞ്ഞു. പായസച്ചെമ്പ് അടുത്ത ഓണം വരെ ഇനിയിങ്ങനെ കഴിഞ്ഞകാല ഓര്‍മകളുടെ മധുരവുമായി തപസ്സിരിക്കും.

17 comments:

SUNISH THOMAS said...

ഇത്തവണത്തെ ഓണാഘോഷം ഇങ്ങനെയായിരുന്നു. കുറേ ചിത്രങ്ങള്‍.

ക്യാമറ- നിക്കോണ്‍ ഡി 50

എല്ലാവര്‍ക്കും ഓണാശംസകള്‍!!!

Anonymous said...

:) .... Anchanikkalachanetha athinidakku oru puttukachavadam???

കൊച്ചുത്രേസ്യ said...

ഓണപ്പൂക്കളത്തില്‍ പച്ചില ഇടാന്‍ പാടില്ലെന്ന്‌ ആ പിള്ളരോടൊന്നു പറയണം (ഞങ്ങടെ സ്കൂളിലൊക്കെ അങ്ങനൊരു നിയമമുണ്ടായിരുന്നു‌).

ങ്ഹാ അതൊക്കെ ഒരു കാലം..(ദീര്‍ഘനിശ്വാസം).

എന്തായാലും ഇത്തരം ഫോട്ടോയിട്ട്‌ സെന്റിയടിപ്പിച്ചെങ്കിലും സുനീഷിന് ഓണാശംസകള്‍....
ഞാന്‍പോയി ഇവിടെവിടെങ്കിലും ഒരു കന്നടമാവേലിയെ എങ്കിലും കിട്ടുമോന്നു നോക്കട്ടെ :-)

SUNISH THOMAS said...

കൊച്ചുത്രേസ്യാക്കൊച്ചേ, അന്നൊക്കെ പൂക്കളമിടാന്‍ ഇഷ്ടം പോലെ പൂ കിട്ടുമായിരുന്നു. ഇപ്പോള്‍ മരുന്നിനുപോലും സംഗതി തമിഴ്നാട്ടില്‍നിന്നാണു കൊണ്ടുവരുന്നത്. അതോണ്ടായിരിക്കും, ഇലകളും ചേര്‍ത്തത്.

ഓഫ്-

കന്നടമാവേലിമാര്‍ ജാഗ്രതൈ...!! നിങ്ങളുടെ ഓണം കുളമാകാന്‍ സാധ്യത :)

കുഞ്ഞന്‍ said...

സുനീഷ് ടി..

സ്കൂളില്‍ പോകാതെ,ആ സമയം കശുന‍ണ്ടി കളിച്ചു നാലു കാശുണ്ടാക്കാന്‍ പോണോ അതൊ ഓണാഘോഷത്തില്‍ പങ്കെടുത്താല്‍ എന്തു കിട്ടും എന്ന ചോദ്യത്തില്‍, കശുനണ്ടിക്കളിക്കു മുന്‍‌തൂക്കം കൊടുത്ത എനിക്കിതു കാണുമ്പോള്‍ അത്ഭുതം!

“ഇന്‍ഡ്യന്‍ ടീം വല്ലപ്പോഴുമൊരിക്കല്‍ ക്രിക്കറ്റ് ജയിക്കുമ്പോള്‍ ഷാംപെയിന്‍ പൊട്ടിച്ചു രസിക്കുന്നതിന്‍റെ പടം പത്രത്തില്‍ കണ്ടിട്ടാവണം, ലവന്‍മാര്‍ രണ്ടുകുപ്പിയില്‍ വെള്ളം നിറച്ച് അതു പൊട്ടിച്ചു തെറിപ്പിച്ചു രസിക്കുന്നത്“

തകര്‍പ്പന്‍ മച്ചാ‍...

വിഷ്ണു പ്രസാദ് said...

സുനീഷേ,ഓണാശംസകള്‍...
പോസ്റ്റ് നന്നായി.

Nikhilvishnupv said...

ഓണാശംസകള്‍

സഹയാത്രികന്‍ said...

സുനീഷ്ജീ...

എല്ലാ ഭരണിങ്ങാനം നിവാസികള്‍ക്കും, സന്ദര്‍ശകര്‍ക്കും ഓണാശംസകള്‍...

Mubarak Merchant said...

ഭരണങ്ങാനം കരയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഇവര്‍ക്കായി കള്ളു ചുരത്തുന്ന സകല പനകള്‍ക്കും ചെത്തുകാരന്‍ സുനീഷിനും സന്തോഷം നിറഞ്ഞ ഓണം ആശംസിക്കുന്നു.

ദിവാസ്വപ്നം said...

"ക്യാമറ- നിക്കോണ്‍ ഡി 50"

nalla patangngal pOratte :-)

SUNISH THOMAS said...

ദിവച്ചേട്ടാ,
ഡി 50 ആയിരുന്നെങ്കിലും എന്‍റെ കയ്യില്‍ ഒറ്റ ലൈന്‍സേ ഉണ്ടായിരുന്നൊള്ളൂ. കുറേ ദൂരേന്ന് എടുത്ത പടങ്ങളാണിതെല്ലാം. ടൈറ്റ് ക്രോപ്പ് കൊടുത്ത് അഡ്ജസ്റ്റു ചെയ്തതാ.....
ഒരു ടെലി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പൂശിയേനെ.

ഓണം കഴിഞ്ഞാലുടന്‍ വേറെ കുറേ പടങ്ങള്‍ പോസ്റ്റുന്നുണ്ട്. അതുകൂടിയൊന്നു നോക്കണേ...

Mr. K# said...

അപ്പൊ ക്യാമറ വാങ്ങിയോ? ഒരു കള്ളുഷാപ്പിന്റെ പടമായിരുന്നു ഏറ്റവും ആദ്യം ഇടേണ്ടിയിരുന്നത് :-)

ഗുപ്തന്‍ said...

നല്ല പോസ്റ്റ് സുനീഷേ. ഈ നാട്ടുവിശേഷങ്ങള്‍ വായിക്കുന്നതില്‍ മറ്റൊരു വായനക്കും തരാ‍നാകാത്ത സുഖമുണ്ട്. ഓണാശംസകള്‍.

ഏ.ആര്‍. നജീം said...

ഓണാശംസകള്‍....
:)

സാല്‍ജോҐsaljo said...

റീഡര്‍ മുഴുവന്‍ ഓണപോസ്റ്റുകള്‍ കൊണ്ട് ജാമായിക്കിടക്കുവാ... എല്ലായിടത്തും കണ്ടതില്‍ നിന്നും വ്യത്യസ്തമാണ് താങ്കളുടെ ഭരണങ്ങാനത്തെ ഓണം മാഷെ. കണ്ടപ്പോള്‍ ശരിക്കും പുറംകടലില്‍ വാറ്റുന്ന നൊസ്റ്റാള്‍ജിയ അടിച്ചപോലെ.

പടങ്ങള്‍ ഇഷ്ടമായി. ഓണവും.

ഓണാശംസകള്‍ കൂട്ടുകാരാ...

Areekkodan | അരീക്കോടന്‍ said...

നന്‍മനിറഞ്ഞ പൊന്നോണം ആശംസിക്കുന്നു...

എതിരന്‍ കതിരവന്‍ said...

പായസം? മധുരം? ഒഴിഞ്ഞപായസച്ചെമ്പി? അടുത്തഓണത്തിന് കാത്തിരിപ്പ്?

ഹതഭാഗ്യനായ കാമുകന്‍ എവിടെ? അതില്ലാതെ സുനീഷിന്റെ പോസ്റ്റുകള്‍ ആര്‍ക്കു വേണം?

സാരമില്ല. ഓണമല്ലെ. ഇച്ചിരെ ശുഭാപ്തിവിശ്വാസം ഒരു ഗ്ലാസ് കുടിച്ചാട്ടെ.

Powered By Blogger