Monday, July 16, 2007

അപ്പിച്ചേട്ടന്‍ അലിയാസ് കുപ്പിച്ചേട്ടന്‍


അപ്പിച്ചേട്ടന്‍ അവിവാഹിതനായിരുന്നു. കുപ്പികളായിരുന്നു അപ്പിച്ചേട്ടന്‍റെ കാമുകിമാര്‍. ദിവസവും യൗവനയുക്തരായ നാലോ അഞ്ചോ കുപ്പികളുമായെങ്കിലും അപ്പിച്ചേട്ടനു സഹവാസമുണ്ടായിരുന്നു.

ഇതുമൂലം രാവിലെ നല്ല തേച്ചുമടക്കിയ വെള്ളമുണ്ടും ഷര്‍ട്ടുമിട്ട് ടൗണിലെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റു തുറക്കാന്‍ സൈക്കിളില്‍ വരുന്ന അപ്പിച്ചേട്ടന്‍ രാത്രിവൈകി സൈക്കിളും തലയില്‍ വച്ചാണു വീട്ടിലോട്ടു പോവുക.

അല്‍പംകൂടി കുടിച്ചിട്ട് കല്യാണം കഴിക്കാം എന്നതായിരുന്നു അപ്പിച്ചേട്ടന്‍റെ പ്ളാന്‍. പ്രായം മുപ്പത്തഞ്ചില്‍ എത്തി നില്‍ക്കുന്നു എന്നു പറയാന്‍ തുടങ്ങിയിട്ട് വര്‍ഷം പത്തുകഴിഞ്ഞു. എങ്കിലും അപ്പിച്ചേട്ടനിപ്പോളും ക്രോണിക് ബാച്ചിമാരുടെ ബൗണ്ടറിയായ മുപ്പത്തഞ്ചില്‍ നോട്ടൗട്ട് ആയിത്തുടരുകയാണെന്നാണ് അദ്ദേഹത്തിന്‍റെ തന്നെ ഭാഷ്യം.

രാവിലെ ഒന്‍പതു മണിക്ക് കട തുറന്നാല്‍ വൈകിട്ട് എട്ടുമണിക്ക് കച്ചവടം അവസാനിപ്പിക്കുംവരെ അപ്പിച്ചേട്ടനൊപ്പം കടയില്‍ അപ്പന്‍ പാപ്പിച്ചേട്ടനുമുണ്ടാവും. ആ സമയത്ത് അപ്പിച്ചേട്ടന്‍ എക്സ്ട്രീം ഡീസന്‍റായിരിക്കും. പാപ്പിച്ചേട്ടന്‍ അന്നത്തെ കലക്ഷനുമായി ഇറങ്ങിയാലുടന്‍ അപ്പിച്ചേട്ടന്‍ വിശ്വരൂപമണിയുകയായി.

അരിച്ചാക്കിന് അടിയില്‍ അപ്പന്‍ കാണാതെ പലപ്പോഴായി ഒളിപ്പിച്ചു വച്ച പത്തിന്‍റെയും അമ്പതിന്‍റെയും നോട്ടുകള്‍ കൂട്ടിയെണ്ണിത്തികയ്ക്കും. അപ്പോഴേയ്ക്കും അപ്പിച്ചേട്ടന്‍റെ സ്ഥിരം സുഹൃത്തുക്കളും സ്ഥലത്തെത്തിയിട്ടുണ്ടാവും. സാധനം കാര്‍ മാര്‍ഗമോ ബസ് മാര്‍ഗമോ പാലായില്‍നിന്നു കടയിലെത്തും.

കടയുടെ ഷട്ടര്‍ പകുതി താഴ്ത്തും. തൊട്ടടുത്ത മുറുക്കാന്‍ കടയില്‍നിന്നാണു സോഡ വാങ്ങല്‍. സ്വബോധമുള്ള സമയത്ത് അപ്പിച്ചേട്ടനെ സംബന്ധിച്ചു സോഡ വാങ്ങല്‍ അല്‍പം നാണക്കേടുള്ള പണിയാണ്. അതിനാല്‍, നാണക്കേടു മറയ്ക്കാനും സോഡക്കുപ്പി ഒളിപ്പിക്കാനുമായി അപ്പിച്ചേട്ടന്‍ ഒരു ബാഗ് കയ്യില്‍ കരുതും. അതു നിറയെ സോഡ വാങ്ങി പതിയെ കടയുടെ തിണ്ണയിലൂടെ നടന്ന് ഷട്ടറിന് അടിയിലൂടെ കടയില്‍ പ്രവേശിച്ചാലുടന്‍ അടി തുടങ്ങുകയായി.

ഒരു ലാര്‍ജ് തീര്‍ക്കാന്‍ ഒന്നര മണിക്കൂറെടുക്കുന്ന സായിപ്പുമാരുടെ പോളിസിയെ ശക്തമായി എതിര്‍ക്കുന്നയാളായിരുന്നു അപ്പിച്ചേട്ടന്‍. അരമണിക്കൂര്‍ കൊണ്ട് ഒരു ഫുള്‍ എന്ന കണക്കില്‍ ആദിവസത്തെ കലക്ഷന് അനുസരിച്ച് കുപ്പികള്‍ ഒഴിഞ്ഞുകൊണ്ടിരിക്കും.

ഇതിന്നിടയില്‍, സോഡ വാങ്ങാന്‍ രണ്ടാമതൊരു പോക്കുകൂടിയുണ്ട്. ആദ്യമുണ്ടായിരുന്ന നാണക്കേട് അപ്പോഴേയ്ക്കും അപ്പിച്ചേട്ടനെ വിട്ടൊഴിഞ്ഞു കഴിഞ്ഞിരിക്കും. കാലിയായ സോഡക്കുപ്പികള്‍ രണ്ടു കയ്യിലും കക്ഷത്തിലുമൊക്കെയായി അഡ്ജസ്റ്റു ചെയ്തു വച്ചാണ് യാത്ര. തിരിച്ച് നിറസോഡക്കുപ്പികളുമായും ഇതുതുടുരും. അപ്പോള്‍ ബാഗിന്‍റെ ആവശ്യമില്ല!

അര്‍ധരാത്രി വരെ ഇതുതുടരും. പരിപാടി അവസാന ഘട്ടത്തോട് അടുക്കുമ്പോളേയ്ക്കും അപ്പിച്ചേട്ടന്‍ അടക്കമുള്ളവര്‍ ഉരഗജന്‍മം പൂണ്ടു കഴിഞ്ഞിരിക്കും.

എങ്കിലും തന്‍റെ സന്തത സഹചാരിയായ ഹെര്‍ക്കുലീസ് സൈക്കിളിലേ അപ്പിച്ചേട്ടന്‍ വീട്ടില്‍പ്പോകൂ. ഹെഡ് ലൈറ്റ് ഇല്ലാത്ത സൈക്കിള്‍. അപ്പിച്ചേട്ടന്‍ എല്ലാം മനക്കണ്ണാല്‍ കണ്ടെന്ന പോലെ അങ്ങ് ഓടിക്കും...അത്ര തന്നെ!!!

ഒരു ദുഖവെള്ളിയാഴ്ച.

കര്‍ത്താവ് മരിച്ചുപോയതിനാല്‍ സ്വര്‍ഗത്തിന് അവധിയായിരിക്കുമെന്നും അന്ന് എന്തു പോക്രിത്തരം കാണിച്ചാലും പ്രശ്നമില്ലെന്നുമായിരുന്നു ചിലരുടെയൊക്കെ വിശ്വാസം. അത്തരം വിശ്വാസികളില്‍ ഒരാളായിരുന്നു അപ്പിച്ചേട്ടനും. ദുഖവെള്ളിയാഴ്ച ദിവസം വൈകിട്ടത്തെ കുരിശിന്‍റെ വഴികൂടിയ ശേഷം കടയില്‍ തുടങ്ങിയ സുരപാന മേളം രാത്രി എട്ടുമണിയോടെയാണ് അവസാനിപ്പിക്കേണ്ടി വന്നു.

ദുഖവെള്ളിയാഴ്ചയെങ്കിലും നേരത്തെ വീട്ടില്‍ കയറിയില്ലെങ്കില്‍ അമ്മച്ചി എന്തോര്‍ക്കുമെന്ന ആശങ്കമൂലം അപ്പിച്ചേട്ടന്‍റെ നിര്‍ബന്ധപ്രകാരം അന്നു പരിപാടികള്‍ നേരത്തെ കഴിഞ്ഞു. കൂട്ടുകാരോടു ബൈ പറഞ്ഞ്, സൈക്കിളെടുത്ത് അപ്പിച്ചേട്ടന്‍ വീട്ടിലേക്കു യാത്ര തുടങ്ങി.

സ്ഥിരം കറന്‍റ് ആവാത്തതിനാലോ എന്തോ സൈക്കിളിന് ഹെഡ് ലൈറ്റ് ഉണ്ടായിരുന്നാല്‍ കൊള്ളാമായിരുന്നു അപ്പിച്ചേട്ടന് തോന്നാതിരുന്നില്ല. സൈക്കിളിനു വെട്ടമില്ലാത്തതിനെക്കുറിച്ച് താനിതുവരെ ആലോചിക്കുക പോലും ചെയ്യാതിരുന്നത് എന്ത് എന്നും അദ്ദേഹം സൈക്കിളു ചവിട്ടുന്നതിനിടെ ആലോചിച്ചുകൊണ്ടിരുന്നു.

ഒടുവില്‍, താനിപ്പോളും സ്ഥിരം ഫ്രീസിങ് പോയിന്‍റില്‍ എത്തിയിട്ടില്ലെന്ന നിഗമനത്തിലെത്തി അപ്പിച്ചേട്ടന്‍ വടക്കേവളവിലെ ഇറക്കം ചവിട്ടിവിട്ടു തുടങ്ങി.

കുത്തിറക്കവും കൊടുംവളവും.

അതു ചവിട്ടി വിട്ടാല്‍ പിന്നെ വീട്ടിലെത്തും വരെ ചവിട്ടേണ്ടതില്ല.

ഉള്ളില്‍ ത്രിഗുണന്‍ തിളച്ചുതുടങ്ങിയിരിക്കുന്നു. മുന്നില്‍ കൂരിരുട്ടു മാത്രം.

അപ്പിച്ചേട്ടന്‍ കൊടുംവളവ് വീശിയെടുക്കുന്നതിനിടെയാണു തൊട്ടുമുന്‍പില്‍ ഒരു വെളുത്ത നിറം ശ്രദ്ധയില്‍പ്പെട്ടത്...

ഒരു നിമിഷത്തിന്‍റെ പകുതി.

മുന്നില്‍ ആരോ ഒരാള്‍, വെളുത്ത ഷര്‍ട്ടാണു കണ്ടത്. ഉള്ളില്‍ തിളച്ചുതുടങ്ങിയ ഹെര്‍ക്കുലീസ് ത്രിഗുണന്‍റെ ലഹരിയിലും അപ്പിച്ചേട്ടന്‍ തന്‍റെ ഹെര്‍ക്കുലീസ് സൈക്കിളിന്‍റെ ബ്രേയ്ക്ക് ആഞ്ഞുപിടിച്ചു. ഇല്ല, കിട്ടിയില്ല...

എന്താ സംഭവിച്ചതെന്നു മനസ്സിലാകും മുന്‍പ് ഭരണങ്ങാനം മുഴുവന്‍ മുഴങ്ങും വിധമൊരു കരച്ചിലുയര്‍ന്നു


അയ്യോ ... ആരാണ്ട് എന്നെ കമ്പിപ്പാരയ്ക്കു തല്ലിയേ...

വഴിയാത്രക്കാരനിട്ടു സൈക്കിളിടിച്ചിരിക്കുന്നു. അപ്പിച്ചേട്ടന്‍റെ കെട്ടിറങ്ങി. ഇടികൊണ്ടയാള്‍ക്കൊപ്പം അപ്പിച്ചേട്ടനും നിലത്തുവീണു. സൈക്കിള്‍ ദൂരേയ്ക്കു തെറിച്ചുപോയിരിക്കുന്നു.

അയ്യോ... ഓടി വരണേ...

ഇടികൊണ്ടു വീണയാള്‍ വീണ്ടും കരയുന്നു. കുറ്റാക്കൂരിരുട്ട്. ആരാണെന്നു വ്യക്തമല്ല. എങ്കിലും നല്ല പരിചയമുള്ള ശബ്ദം.

അയ്യോ എന്നെ സൈക്കിളിടിച്ചേ...

ഇടികൊണ്ടയാള്‍ക്ക് ആദ്യനിമിഷത്തെ തരിപ്പിനു ശേഷം കാര്യം മനസ്സിലായതായി അപ്പിച്ചേട്ടനു മനസ്സിലായി. ഈ സമയത്ത് സൈക്കിളില്‍ അധികം പേര്‍ പോവാത്തതിനാല്‍ തന്‍റെ പിടലിയില്‍ പിടിവീഴാന്‍ എളുപ്പമാണ്.
അതിവേഗം അപ്പിച്ചേട്ടന്‍ ചാടിയെഴുന്നേറ്റു... അപ്പോള്‍ ഇടികൊണ്ടു വീണയാള്‍ വീണ്ടും കരഞ്ഞു.ആരെങ്കിലുമൊന്ന് ഓടിവരണേ....

ഇനിയും ഈ കരച്ചില്‍ തനിക്ക് ആശാസ്യമല്ലെന്ന് അപ്പിച്ചേട്ടനു മനസ്സിലായി. ഇടികൊണ്ടു കിടക്കുന്നയാളുടെ മോന്ത നോക്കി അപ്പിച്ചേട്ടന്‍റെ ഭീമന്‍ കാലുയര്‍ന്നു.

അയ്യോ എന്ന അലര്‍ച്ചയോടെ അ‍ജ്ഞാതന്‍ റോഡരികിലെ ഓടയിലേക്കു മൂക്കും കുത്തി വീണു. കരച്ചില്‍ ഞരങ്ങലായി ഒടുങ്ങി.

ഒരുവിധം ഇരുട്ടില്‍നിന്നു സൈക്കിള്‍ തപ്പിപ്പിടിച്ചെടുത്ത് അപ്പിച്ചേട്ടന്‍ അതില്‍ക്കയറി വീട് ഉന്നം വച്ച് ആഞ്ഞുചവിട്ടിത്തുടങ്ങി. സകലസന്ധിബന്ധങ്ങളിലും വേദന. ഇടിയില്‍സൈക്കിളിനും പരുക്കേറ്റിരുന്നു. അതു കാര്യമാക്കാതെ, അപ്പിച്ചേട്ടന്‍ ഒരുവിധം വീട്ടിലെത്തി. ശേഷിക്കുന്ന കിക്കും അപ്പോഴേയ്ക്കും അപ്പിച്ചേട്ടനെ വിട്ടകന്നിരുന്നു. കൈയും കാലും നീറുന്നു. നടുവിനും താടിക്കും നല്ല വേദന.

ആകെ പരിക്ഷീണിതനായി കയറി വരുന്ന മകനെ കണ്ട് അമ്മച്ചി ഞെട്ടിപ്പോയി. വൈകിട്ട് പള്ളീലോട്ട് എന്നുംപറഞ്ഞ് ഇട്ടോണ്ടുപോയ വെള്ളമുണ്ടും ഷര്‍ട്ടും നിറയെ മണ്ണ്. കയ്യിലും കാലിലും താടിയിലും ചോര പൊടിഞ്ഞിരിക്കുന്നു...

എന്‍റെ മാതാവേ... എന്നാ പറ്റിയെടാ അപ്പി നിനക്ക്?

അത് അമ്മച്ചി, വീട്ടിലോട്ടു വരുന്ന വഴി ഏതോ ഒരു കാലമാടന്‍ എന്‍റെ സൈക്കിളിനു വിലങ്ങന്‍ ചാടി. ഒത്തനടുവുകൂട്ടി അവനെ ഇടിച്ചു. ഞാനും വീണു. അവനും വീണു. അവിടെ കിടന്നോണ്ട് അവന്‍ വീണ്ടും കരഞ്ഞു. പണി കിട്ടേണ്ട എന്നു കരുതി അവന്‍റെ കൂമ്പുനോക്കി ഞാനൊരു ചവിട്ടുംകൂടി കൊടുത്തു. ...

സംഭവം കേട്ട് അപ്പിച്ചേട്ടന്‍റെ അമ്മച്ചി മൂക്കത്തുവിരല്‍ വച്ചു. തന്‍െറ മകന്‍റെ സൈക്കിളിനു വിലങ്ങന്‍ ചാടിയവന്‍ ഇടിവെട്ടിച്ചാകത്തേയുള്ളൂവെന്ന് അവര്‍ ഉറക്കെ ആത്മഗതപ്പെട്ടു.
അപ്പിച്ചേട്ടനെ അമ്മച്ചി കൊച്ചുകുഞ്ഞിനെയെന്നപോലെ ശുശ്രുഷിച്ചു. കയ്യിലും കാലിലും മോന്തായത്തിലുമൊക്കെ ഡെറ്റോള്‍ ഒഴിച്ചു തുടച്ചു.
പത്തുമിനിട്ടിനകം അപ്പി വീണ്ടും പഴയ അപ്പിയായി. നീറ്റല്‍ മാത്രം ബാക്കി.

അപ്പനെന്തിയേ അമ്മച്ചി? ഓ, അങ്ങേര് പാലായ്ക്കെന്നും പറഞ്ഞു പോയതാ വൈകിട്ട്. വരേണ്ട സമയമായി...

ദുഖവെള്ളിയാഴ്ച ബസ് ഒക്കെ കുറവല്ലേ അമ്മച്ചീ, വന്നോളും...- അപ്പി

അടുത്ത നിമിഷം വീട്ടുമുറ്റത്തുനിന്ന് അപ്പിയുടെ സ്വന്തം അപ്പച്ചന്‍റെ ശബ്ദം.

തന്നെ ഈ പരുവത്തില്‍ കണ്ടാല്‍ അപ്പന്‍ വെറുതെ വിടുകേലെന്ന് അറിയാവുന്ന അപ്പി വേഗം സ്വന്തം മാളത്തിലൊളിച്ചു. തന്‍റെ പ്രിയഭര്‍ത്താവിനെ സ്വീകരിക്കാന്‍ വീടിന്‍റെ മുന്‍വശത്തേക്കു ചെന്ന അപ്പിച്ചേട്ടന്‍റെ അമ്മച്ചി അറിയാതെ നിലവിളിച്ചുപോയി..
മകനെക്കാള്‍ കഷ്ടമായ കോലത്തില്‍ ദാ നില്‍ക്കുന്നു അപ്പന്‍. ദേഹമാസകലം ചെളിയും പായലും. കയ്യിലും കാലിലും ചോരയൊലിക്കുന്നു. പോരാത്തതിന് മുഖത്ത് ആന ചവിട്ടിയതുപോലെ ഒരുപാടും...

ആയ്യോ നിങ്ങള്‍ക്കിതെന്നാ പറ്റി മനുഷ്യനേ...? അമ്മച്ചി നിലവിളിച്ചുപോയി..

ഒന്നു നീട്ടി ശ്വാസമെടുത്ത ശേഷം പാപ്പിച്ചേട്ടന്‍ വിഷമിച്ച് ഇത്രയും പറഞ്ഞു-

വടക്കേവളവു തിരിയാന്‍ നേരത്താ ഏതോ ഒരു എമ്പോക്കി തന്തയില്ലാത്തവന്‍ എന്‍റെ മേത്ത് സൈക്കിളുകൊണ്ടിപ്പിച്ചത്. ആരെങ്കിലും രക്ഷിക്കാന്‍ വരട്ടേന്നു കരുതി നെലോളിച്ചപ്പം ആ എരപ്പാളി എന്‍റെ മുഖം നോക്കി ഒരു ചവിട്ടും. ഓടേലാ വീണത്.

അവിടെനിന്ന് എഴുന്നേറ്റ് ഒരുവിധം ഇങ്ങെത്തിയതേയുളളൂ... അവനെപ്പോലുള്ളവന്‍റെയൊക്കെ തന്തേം തള്ളേം ആദ്യം തല്ലണം....!!!!

27 comments:

SUNISH THOMAS said...

അപ്പിച്ചേട്ടന്‍ അലിയാസ് കുപ്പിച്ചേട്ടന്‍...
പുതിയ കഥ. വായിക്കുക

Anonymous said...

കൊള്ളാം !!!
ബാക്കി കമന്റു കണ്ടിട്ട് അടുത്ത കമന്റ് !!

അഞ്ചല്‍ക്കാരന്‍ said...

സുനീഷിപ്പോഴും ബാച്ചിക്ലബ്ബിലെ പയ്യനായി തുടരുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോഴാ മനസ്സിലായേ. പിന്നെന്നാ ആയി. അപ്പന്‍ അന്ന് തന്നെ സുനീഷിനെ കണ്ടുപിടിച്ചോ?

SUNISH THOMAS said...

ഹ...ഹ... അ‍ഞ്ചല്‍ക്കാരോ...
കൊട്ടിഷ്ടായി...

ഞാനിപ്പോളും ബാച്ചി ക്ളബില്‍ തുടരുന്നതിന്‍റെ രഹസ്യം മുന്‍പേ പറഞ്ഞിട്ടുണ്ടല്ലോ!!!

Mr. K# said...

:-)

എതിരന്‍ കതിരവന്‍ said...

അമ്മച്ചി അതിരാവിലെ എഴുനേറ്റു. പുറത്തുപോകാന്‍ റെഡിയായി.

നീ എങ്ങോട്ടാടീ ഈ കൊച്ചുവെളുപ്പാന്‍ കാലത്ത്?

അന്തീനാട് വരെ . എളാമ്മേടെ മോള്‍ക്ക് സൂക്കേട് കൂടുതലാണെന്ന്. ഉച്ചയാകുമ്പൊഴേയ്ക് എത്തിയേക്കുമെന്നേ.

അമ്മച്ചി ഉറങ്ങുന്ന അപ്പിക്കുഞ്ഞിനെ ദയനീയമായി നോക്കി. ഇനി ഇവനെ ജീവനോടെ കാണുമോ? ഒന്നിനും സാക്ഷിയാകാന്‍ ഇടവരാതെ സ്ഥലം കാലിയാക്കുകയാണ് നല്ലതെന്ന അവരുടെ പാലാ പെണ്‍ബുദ്ധി കാലുകള്‍ക്ക് വേഗത നല്‍കി.

പാപ്പിച്ചേട്ടന്‍ മുറ്റത്തു വന്നു. ഒടിഞ്ഞു മടങ്ങിയ സൈക്കിള്‍ ഒന്നു കണ്ടതേ ഉള്ളു. അപ്പിക്കുഞ്ഞിന്റെ മുറിയിലെത്തി. മകനെ വലിച്ചു താഴെയിട്ടു.

ഒറ്റച്ചവിട്ട്.

അപ്പിക്കുഞ്ഞ് കല്യാണം കഴിക്കേണ്ടെന്ന്, കഴിച്ചിട്ട് കാര്യമില്ലെന്ന് അന്ന് തീരുമാനമായി.

സാല്‍ജോҐsaljo said...

ഹ ഹ...അതുകൊള്ളാം.
കഥ പകുതിവായിച്ചപ്പോള്‍ ഞാന്‍ വിചാരിച്ചത് ദുഃഖവെള്ളിയാഴ്ചകഴിഞ്ഞു മൂന്ന് ദിവസം കഴിഞ്ഞ് ഉയിര്‍പ്പിനു പള്ളില്‍ ചെന്നപ്പോള്‍ കര്‍ത്താവീശോമിശിഹായുടെ മുഖത്തിനു നീരു കണ്ടു.! എന്ന് എഴുതും എന്ന്. ക്ലൈമാക്സ് മാറി!

ബെര്‍ളീ, ആരെങ്കിലും സുനീഷിനെ ചവിട്ടി താഴെയിടുമ്പോള്‍ തനിക്കു ചവിട്ടാനല്ലേ! ഐഡിയാ കൊള്ളാം. നോക്കി നിന്നോ...(എട്ടുമണികഴിയാതെ, സോഡ മേടിക്കാതെ, സുനീഷുവീഴില്ലാ‍!)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
സുനീഷണ്ണന്റെ വയസ്സ് എത്രയാ 35 കഴിഞ്ഞില്ലേ ഇതുവരെ?

“അരമണിക്കൂര്‍ കൊണ്ട് ഒരു ഫുള്‍ എന്ന കണക്കില്‍“ സാന്‍ഡോ കേള്‍ക്കേണ്ടാ കളിയാക്കും..29 മിനിറ്റ് വേസ്റ്റാക്കുന്നോ?

ഇടിവാള്‍ said...

സുനീഷെ.. പോരാട്ടോ!

എതിരവന്‍ സാര്‍, ബെര്‍ളി/സുനീഷ്തരങ്ങളുടെ തുടര്‍കഥകളെഴുതുന്നതില്‍ ഉസ്താദ് ആണല്ലോ!

SUNISH THOMAS said...

ഇടിവാളേ,
കഥ പോരെന്നു പറഞ്ഞതു ശരിയാണ്.എനിക്കും അങ്ങനെ തോന്നി. തൃപ്തിയായില്ല. അതുകൊണ്ട് വാശികൂടും. അടുത്തതു കലക്കും. (ഹെന്‍റെയൊരു കാര്യമേ...)

കുട്ടന്‍സ്‌ | S.i.j.i.t.h said...

:)

ഉണ്ണിക്കുട്ടന്‍ said...

ക്ലൈമാക്സ് പകുതിക്കു വച്ചു തന്നെ പിടികിട്ടിപ്പോയി. എന്നാലും രസമായിട്ടു വായിച്ചൂ..
ഈ കഥേലെ പാട്ടാണോ.."അപ്പീ..അപ്പച്ചാ.."

ഇടിവാള്‍ said...

അത്താണു സുനീഷേ സ്പിരിട്ട്...

താങ്കളില്‍ നിന്നും മികച്ചതു പ്രതീക്ഷിക്കുന്നതിനാലാണു അങ്ങനൊരു തുറന്ന കമന്റടിച്ചത്.

അടുത്തതു കലക്കൂ..

Unknown said...

ഹ ഹ ഹ... സ്വാമി കുതിരവാനന്ദയുടെ കുറിപ്പാണ് ഇപ്രാവശ്യം കലക്കിയത്. :-)

സാജന്‍| SAJAN said...

സുനീഷേ, ഇതും നന്നായിട്ടുണ്ട്,
പക്ഷേ, ഈ ഷാപ്പും, കുടിയന്‍ മാരും ഭരണങ്ങാനം ഒക്കെ വിട്ടിട്ട് സുനീഷിനൊരു കളിയില്ല അല്ലേ?

SUNISH THOMAS said...

ഷാപ്പില്‍ ലാപ്ടോപ്പ് തുറന്നുവച്ചാണ് ഇതെഴുതുന്നത്. അതുകൊണ്ടാ മൊത്തം കഥകളിലും കള്ളിലേതു പോലെ ഈച്ചയും ഉറുമ്പും വീണു കിടക്കുന്നത്. ഫുള്‍ടൈം ഷാപ്പിലല്ലിയോ....!!!!

krish | കൃഷ് said...

കൊള്ളാം അപ്പീഷേ..സ്വാറീ..സുനീഷേ.

പോക്കിരി said...

ഹ ഹ ഹ...സുനീഷ്ജി കലക്കി...
ഇതും അടിപൊളി....

Dinkan-ഡിങ്കന്‍ said...

:)

qw_er_ty

ഉണ്ണിക്കുട്ടന്‍ said...

ഓഫ്:

സുനീഷേ മെയില്‍ അയച്ചൂന്നു പറഞ്ഞു പറ്റിക്കുന്നോ..? ഏതു ഐഡിയിലാ അയച്ചേ..

Rasheed Chalil said...

:)

Areekkodan | അരീക്കോടന്‍ said...

ഹ ഹ ഹ...

Kudiyan gkutty said...

kuppichettan ente suhrutha... pakshe njangal orumichirunnu oru thulli madyam polum kazhichittilla. pullikkaran kazhikkunnathu kothiyode nokki ninnitteyullu....

Katha kalakki....

ettukannan | എട്ടുകണ്ണന്‍ said...

നല്ല എഴുത്തു രീതി! ..:)

Unknown said...

നിങ്ങൾ ഒരു സംഭവം ആണുട്ടോ ... നമിച്ചു ചേട്ടാ ....

സുധി അറയ്ക്കൽ said...

ബ്ലോഗൊളിപ്പിച്ച്‌ വെച്ച്‌ മോയ്‌ലാളീീ.…………

സുധി അറയ്ക്കൽ said...

അത്‌ കലക്കി.

Powered By Blogger