Friday, July 06, 2007

എന്തുണ്ടു വിശേഷം കുഞ്ചെറിയാ?

മീനിച്ചിലാറു കുലംകുത്തിയൊഴുകിയ ഒരു മഴക്കാല സന്ധ്യയ്ക്കാണു ഭരണങ്ങാനം ടൗണില്‍ അജ്ഞാതനായ ഒരു മധ്യവയസ്കന്‍ ബസിറങ്ങിയത്. കയ്യിലുള്ള കാലന്‍ കുട നിവര്‍ത്തിപ്പിടിച്ച് അയാള്‍ നേരെ വിലങ്ങുപാറ റോഡിന്‍റെ ഓരം പറ്റി നടന്നു പോയി. ആദ്യദിവസം അതു കണ്ടിട്ട് ആര്‍ക്കുമൊന്നും തോന്നിയില്ല. പിന്നീട് പലദിവസങ്ങളിലും അജ്ഞാതന്‍ ബസിറങ്ങി നടപ്പു തുടര്‍ന്നു.

വഴിയില്‍ കാണുന്ന പലര്‍ക്കു നേരെയും ചിരികൊണ്ട് ഒരു ഫ്രണ്ട്ഷിപ് റിക്വസ്റ്റ് കൊടുത്തുനോക്കാനും ഇതിന്നിടയ്ക്ക് അജ്ഞാതന്‍ മറന്നില്ല. പക്ഷേ കണ്ട അനോണികളുടെയൊക്കെ ഫ്രണ്ട്ഷിപ്പ് റിക്വസ്റ്റ് അപ്രൂവ് ചെയ്യുക പതിവില്ലാത്ത ഭരണങ്ങാനത്തെ ജനുവിന്‍ പ്രൊഫൈലുകാര്‍ ആ റിക്വസ്റ്റുകള്‍ കണ്ണടച്ചു റിജക്ട് ചെയ്തു കളഞ്ഞു.

സ്ഥിരമായി സ്ക്രാപ്പുബുക്കില്‍ കയറി ഒളിഞ്ഞുനോക്കി ഇറങ്ങിപ്പോകുന്ന അ‍ജ്ഞാതനായ ഓര്‍ക്കുട്ടനെപ്പോലെ എന്നും വൈകുന്നേരങ്ങളില്‍ അയാള്‍ ഭരണങ്ങാനത്തിന്‍റെ ഹൃദയഭാഗത്ത് ബസിറങ്ങി നടപ്പു തുടര്‍ന്നു. എവിടെനിന്നു വരുന്നുവെന്നോ എങ്ങോട്ടു പോകുന്നുവെന്നോ ആര്‍ക്കും ഒരു എത്തും പിടിയും ഇല്ലാതിരിക്കെ ഒരു ദിവസം അന്തിമയങ്ങിയ നേരത്തു പാലമ്മൂട് ഷാപ്പിലും ഇതേ അ‍ജ്ഞാതന്‍ പ്രത്യക്ഷപ്പെട്ടു.

അജ്ഞാതനെ കണ്ടപാടെ അതുവരെ ഷാപ്പില്‍ ആടിയാടി വാചകമടിച്ചു നടന്ന ആനക്കാരന്‍ കൊച്ചാപ്പിയടക്കം പല പതിവു കുടിയന്‍മാരും കുടി നിര്‍ത്തി അ‍ജ്ഞാതനെ നിരീക്ഷിച്ചുതുടങ്ങി.

ചിക്കുന്‍ഗുനിയ പടര്‍ന്നു പിടിച്ചുകൊണ്ടിരുന്ന കാലമായിരുന്നതിനാല്‍, സിഐഎയുടെ പണം വാങ്ങി രോഗാണുവിനെ തള്ളാന്‍ വന്നവനാണോ ഇയാള്‍ എന്ന തരത്തില്‍പ്പോലും ആലോചനകള്‍ കാടുകയറി. ആരോടും ഒന്നും പറയാതെ അ‍ജ്ഞാതന്‍ രണ്ടുകുപ്പി തെങ്ങിന്‍ കള്ളിന് ഓര്‍ഡര്‍ ചെയ്തു. ഒരു പ്ളേറ്റ് പന്നി ഉലത്തിയതിനും.

കപ്പയും പന്നിയും കഴിക്കണമെങ്കില്‍ കക്ഷി, സിഐഎ ആയിരിക്കില്ല, വല്ല സിഐഡിയുമായിരിക്കും എന്ന രീതിയിലേക്കു കുടിയന്മാരുടെ മനോഗതം പിന്നെയും വഴിമാറി. അതുവരെ അരുവിത്തുറ പെരുന്നാളിനു പള്ളിക്കു പിന്നില്‍ നടക്കുന്ന ചുക്കിണിപ്പരിപാടിയ്ക്കിടയിലെ ഒച്ചപ്പാടു പോലെ സജീവമായിരുന്ന ഷാപ്പ് അജ്ഞാതന്‍റെ ആഗമനത്തോടെ വികാരിയച്ചനെ കണ്ട സങ്കീര്‍ത്തിപോലെ നിശബ്ദമായി.

രണ്ടുകുപ്പിക്കള്ള് രണ്ടു മിനിറ്റു കൊണ്ടു തീര്‍ത്ത് പന്നിഉലത്തിയത് പത്തേപത്തുപിടിക്ക് അകത്താക്കി അ‍ജ്ഞാതന്‍ പോകാന്‍ എഴുന്നേറ്റു. അപ്പോളും എല്ലാ കുടിയന്‍മാരും തന്താങ്ങളുടെ കുടി നിര്‍ത്തി അജ്ഞാതന്‍റെ കുടി വീക്ഷിക്കുകയായിരുന്നു.

വെള്ള മുണ്ടും അല്‍പം വില കൂടിയ കോട്ടണ്‍ ഷര്‍ട്ടുമാണു വേഷം. കണ്ടാല്‍ പത്തു കാശുള്ള വീട്ടിലേതാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകും. കയ്യില്‍ ചൂരലുകെട്ടിയ കാലന്‍ കുട. കയ്യില്‍ വലിയൊരു വാച്ചുമുണ്ട്. പോക്കറ്റിലെ മൊബൈല്‍ ഫോണില്‍ പടം പിടിക്കുന്ന ക്യാമറമുണ്ട്. ഇടയ്ക്ക് അതെടുത്ത് മുപ്പരു അങ്ങോട്ടുമിങ്ങോട്ടും കുത്തുന്നതും ആരെയൊക്കെയോ വിളിക്കാന്‍ ശ്രമിക്കുന്നതും നാശം ഷാപ്പിലും റേഞ്ചില്ലേ എന്നു പുലമ്പുന്നതുമൊക്കെ നാട്ടുകാരു കേട്ടിരുന്നു.

കണക്കു തീര്‍ത്ത് കാലിക്കുപ്പിയെടുക്കാന്‍ വന്ന കറിക്കാരന്‍ കോവാലന്‍ ചേട്ടനു പത്തുരൂപ ടിപ്പും കൊടുത്ത് ഷാപ്പില്‍നിന്നിറങ്ങാന്‍ തുടങ്ങിയ അജ്ഞാതന്‍ എല്ലാവരെയും നോക്കി ഒന്നു കൂടി ചിരിയമ്പ് എറിഞ്ഞു.

രണ്ടുകുപ്പി തെങ്ങിന്‍കള്ളിന്‍റെ ലഹരിയുണ്ടായിരുന്ന ആ ചിരിയില്‍ ഷാപ്പിലെ മറ്റ് കുടിയശ്രേഷ്ഠരുടെ അജ്ഞാതത്വമലിഞ്ഞ് തലേന്നത്തെ മീന്‍കറി പോലെ വറ്റിപ്പോയി.
കൂട്ടത്തില്‍ അല്‍പം ധൈര്യമുണ്ടായിരുന്ന ചട്ടുകാലന്‍ സാംകുട്ടിയാണ് അതു ചോദിച്ചത്-

സാറേതാ?

ആ ചോദ്യം അജ്ഞാതന്‍റെ തലക്കനത്തിനു ചെറിയൊരു ഇടിവുണ്ടാക്കിയോന്ന് സംശയം.
തലക്കനം തെല്ലൊന്നുലഞ്ഞതിന്‍റെ വിഷമത്തോടെ അജ്ഞാതന്‍ പേരു പറഞ്ഞു

ഞാന്‍ കുഞ്ചെറിയ

സാംകുട്ടിക്കു സന്തോഷമായി. ക്രിസ്ത്യാനിയാണ്. പോരാത്തതിനു നല്ല കാശുമുണ്ട്, കള്ളും കുടിക്കും. കൂടെക്കൂട്ടിയാല്‍ എന്നും കോളാ.

ഇവിടെ എവിടുത്തെയാ, ഇതിനു മുന്‍പു കണ്ടിട്ടില്ലല്ലോ.....
ഞാന്‍ ഇവിടെ അടുത്ത് അരുളികുന്നത്തുള്ളതാ... ഇപ്പോള്‍ ഇവിടെയടുത്തുള്ള കോട്ടേജില്‍ താമസിക്കുവാ...
എന്നതാ പണി
എഴുത്താ
ആധാരമെഴുത്താണോ?
അല്ല, കഥയും നോവലുമൊക്കെ എഴുതും.
ഓ... കവിയാണല്ലേ? വേറെ പണിയൊന്നുമില്ലേ?
കുഞ്ചെറിയാക്ക് ആ ചോദ്യം ഇഷ്ടപ്പെട്ടില്ല. എങ്കിലും ഷാപ്പിലെ ആദ്യപരിചയക്കാരനെ വിഷമിപ്പിക്കേണ്ടെന്നു കരുതി കുഞ്ചെറിയ അതിന്നും ഉത്തരം പറഞ്ഞു.
വേറെ പണിയുണ്ടായിരുന്നു. റിട്ടയര്‍ ആയി. അതാ നാട്ടിലോട്ടു പോന്നത്. കുറച്ചുകാലം ഇവിടെക്കാണും. ഇടയ്ക്കു കാണാം.

അതും പറഞ്ഞു സാംകുട്ടിയുടെ തോളില്‍ തട്ടി കുഞ്ചെറിയ ഇറങ്ങി നടന്നു.
ആകാശത്ത് ഇരുട്ടുവീണു തുടങ്ങിയിരിക്കുന്നു. അതുവരെ പ്രകാശം പരന്നു നിന്ന കുഞ്ചെറിയയുടെ മനസ്സിലും ഇരുട്ടുവീണുപോയി.

പാലമ്മൂട് ഷാപ്പിലേക്കു രണ്ടുംകല്‍പിച്ചാണു കളളുകുടിക്കാന്‍ കയറിയതെങ്കിലും തന്നെ അറിയുന്ന ഒരാളെങ്കിലും അവിടെയുണ്ടാകുമെന്നായിരുന്നു കുഞ്ചെറിയയുടെ വിചാരം. അതു തെറ്റാണെന്ന് ഇപ്പോള്‍ മനസ്സിലായിരിക്കുന്നു.

പ്രവാചകനു സ്വന്തം നാട്ടില്‍ വിലയില്ലെന്നത് എത്ര സത്യം. എന്നാ ഉണ്ട് വിശേഷം തോബിയാസേ എന്ന തന്‍റെ നോവലില്‍ എഴുതിയ കാര്യം അതേപടി അന്വര്‍ഥമായിരിക്കുന്നു.
ലോകമറിയുന്ന സാഹിത്യകാരനായിട്ടും നാട്ടില്‍ ഒരു പട്ടിപോലും തന്‍റെ വിശ്വസാഹിത്യ കൃതികള്‍ വായിക്കാത്തതിന്‍റെ ദുഖം കുഞ്ചെറിയായെ അനല്‍പമല്ലാത്തെ വിധം കുത്തിനോവിച്ചുകൊണ്ടിരുന്നു.

റോയല്‍റ്റി തരാതെ കുരങ്ങുകളിപ്പിക്കുന്ന പ്രസാധകരോടു തോന്നിയിട്ടുള്ളതിനെക്കാള്‍ വലിയ വിദ്വേഷം കുഞ്ചെറിയയ്ക്ക് ഈ നാട്ടുകാരോടു തോന്നിപ്പോയി.
എങ്കിലും കുഞ്ചെറിയ വൈകുന്നേരങ്ങളില്‍ പാലായില്‍നിന്നു ബസില്‍ കയറി ഭരണങ്ങാനത്തിറങ്ങി പാലമ്മൂട് ഷാപ്പു ടച്ച് ചെയ്ത് കോട്ടേജിലേക്കുളള യാത്ര മുടക്കിയില്ല. ഫ്രണ്ട് ഷിപ് റിക്വസ്റ്റുകള്‍ പെരുകിപ്പെരുകി വരവേ ഒരു ദിവസം ഭരണങ്ങാനം ടൗണില്‍ വായിനോക്കി നില്‍ക്കുകയായിരുന്ന പുഷ്പാഞ്ജലി ഗിരീഷ് കുമാറിനും കിട്ടി റിക്വസ്റ്റുകളിലൊന്ന്. ഗിരീഷ് കുമാറിന് ആളെ മനസ്സിലായില്ലെങ്കിലും ധൈര്യസമേതം ആ റിക്വസ്റ്റ് അങ്ങോട്ട് അപ്രൂവ് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു.

റിക്വസ്റ്റ് അപ്രൂവ് ചെയ്ത സാഹചര്യത്തില്‍ എന്നതേലും ഒരു സ്ക്രാപ്പ് ഇടണമല്ലോയെന്നു വിചാരിച്ച് ഗിരീഷ്കുമാര്‍ നേരെ അ‍ജ്ഞാതന്‍റെ അടുത്തോട്ടു നടന്നു. (കുഞ്ചെറിയ എന്ന പേര് ഭരണങ്ങാനം ടൗണിലോട്ട് എത്തിയിരുന്നില്ല. ഷാപ്പിലെ കുടിയന്മാര്‍ അവിടെത്തന്നെ കിടപ്പും മറ്റുമായിരുന്നതിനാല്‍ അവരാരും ടൗണിലോട്ടു വരിക പതിവില്ലായിരുന്നു)

ഗുഡ് ഈവനിങ്...- ഗിരീഷ്കുമാര്‍

യേസ് ഗുഡീവനിങ്..- കുഞ്ചെറിയാക്കു സന്തോഷമായി. തന്‍റെ റേഞ്ചിലുള്ള ഒരാളെയെങ്കിലും ഭരണങ്ങാനത്തു വച്ചു കണ്ടുമുട്ടിയല്ലോ.

കുഞ്ചെറിയാ റേഞ്ചിലായിരുന്നതിനാലാവണം, ആ നിമിഷം പോക്കറ്റില്‍കിടന്ന മൊബൈല്‍ മണിയടിച്ചു. അടുത്ത സ്ക്രാപ്പ് എന്തിടണം എന്നാലോചിച്ചു നിന്ന ഗിരീഷ്കുമാറിനെ സന്തോഷിപ്പിച്ചുകൊണ്ട് കുഞ്ചെറിയ ഫോണ്‍ എടുത്തു.

ങാ... കുഞ്ചെറിയായാ... ഇപ്പോള്‍ ഭരണങ്ങാനത്തു നില്‍ക്കുവാ...

ഗിരീഷ്കുമാറിനു സന്തോഷമായി. പേരു കുഞ്ചെറിയാ.. പക്ഷേ ആളാരാ എന്നു മാത്രം മനസ്സിലായില്ല. പതിയെ ചോദിച്ചു മനസ്സിലാക്കാമെന്നായി ഗിരീഷ്കുമാറിന്‍റെ വിചാരം.
എന്തൊക്കെയോ ഇംഗ്ളീഷില്‍ പറഞ്ഞു കുഞ്ചെറിയ ഫോണ്‍ പോക്കറ്റിലിട്ടു. ഇംഗ്ളീഷു കേട്ടതും ഗിരീഷിനു മറ്റൊരു കാര്യം കൂടി പിടികിട്ടി. ഈ നില്‍ക്കുന്ന കുഞ്ചെറിയ തന്‍റെ റേഞ്ചില്‍നില്‍ക്കുന്ന കക്ഷിയല്ല. ഇംഗ്ളീഷില്‍ വല്ലതും ഇങ്ങോട്ടു പറഞ്ഞാല്‍ തെണ്ടിപ്പോകും!!
അതുകൊണ്ട് അടുത്ത സ്ക്രാപ്പ് നേരെ അങ്ങോട്ടിടാന്‍ ഗിരീഷ്കുമാര്‍ തീരുമാനിച്ചു. അതും നല്ല പച്ചവെള്ളം പോലത്തെ മലയാളത്തില്‍...

കുഞ്ചെറിയാ സാറേ എന്നാ ഉണ്ടു വിശേഷം?

കുഞ്ചെറിയാക്കും സന്തോഷമായി. തന്നെ അറിയാവുന്ന, തന്‍റെ കഥകള്‍ വായിച്ചിട്ടുള്ള ഒരാളെങ്കിലും ഈ ഭരണങ്ങാനത്തു ജീവിച്ചിരിപ്പുണ്ടല്ലോ!

സുഖമായി പോകുന്നു മാഷേ.... ഒരു കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. അതു തീരും വരെ ഇവിടെയൊക്കെ കാണും?

അതു കേട്ടപ്പോള്‍ ഗിരീഷ്കുമാറിനു വീണ്ടും റേഞ്ച് പോയി. എങ്കിലും മറുപടിക്കായി എന്തെങ്കിലും പറയേണ്ടേ എന്നു വിചാരിച്ചു ഗിരീഷ്കുമാര്‍ മറുപടിയായി ഇങ്ങനെ തട്ടി
കഴിഞ്ഞ കഥ ഞാന്‍ വായിച്ചാരുന്നു. നന്നായിട്ടുണ്ടു സാറേ...

ഓ... താങ്ക്യു... ഈ ഗ്രാമപ്രദേശത്ത് എനിക്ക് ഒരുപാടു വായനക്കാരുള്ളതായി എനിക്കറിയാം. അവരില്‍ പലരും ഫോണില്‍ വിളിച്ചും കത്തെഴുതിയും ബന്ധപ്പെടാറുണ്ട്. തിരക്കുമൂലം പലര്‍ക്കും മറുപടിയെഴുതാന്‍ പറ്റാറില്ല. ഒരാളെക്കൂടി നേരില്‍ കണ്ടതില്‍ സന്തോഷം. - തന്‍റെ കഥകളിലേതു പോലെ ശുദ്ധനുണ അല്‍പം പോലും കറയില്ലാതെ കുഞ്ചെറിയ വെച്ചടിച്ചു.

അതുകേട്ടപ്പോള്‍ ഗിരീഷിനു കാര്യം കുറച്ചുകൂടി ക്ളിയറായി. ഏതോ സാഹിത്യകാരനാണ്. കുഞ്ചെറിയ എന്നു പേര്. പക്ഷേ മനോരമയിലോ മംഗളത്തിലോ ഈ പേരില്‍ എഴുതുന്ന ആരെയും താന്‍ കണ്ടിട്ടില്ല. ഇനിയിപ്പം സുധാകരന്‍ മംഗളോധയം എന്ന പേരിലും സിവി നിര്‍മല എന്ന പേരിലുമൊക്കെ എഴുതുന്നത് ഈ കുഞ്ചെറിയ ആയിരിക്കുമോ?
ആലോചനകള്‍ അങ്ങനെ നീളവേ ഗിരിഷിനു നേര്‍ക്ക് കുഞ്ചെറിയ ഒരു ചോദ്യമെറിഞ്ഞു
മാഷിന്‍റെ പേരുപറഞ്ഞില്ലല്ലോ...
കെബി ഗിരീഷ്കുമാര്‍.
എന്തു ചെയ്യുന്നു.
ചാച്ചന്‍റെ കൂടെയാ...
ചാച്ചന്‍ എന്തു ചെയ്യുന്നു?
ചാച്ചനു രാവിലെ ഫാനിന്‍റെ ബിസിനസും വൈകിട്ടു മോട്ടോറിന്‍റെ ബിസിനസുമാ...
അതെന്താ മനസ്സിലായില്ലല്ലോ...
രാവിലെ മുതല്‍ ഉച്ചവരെ കറക്കവും ഉച്ചകഴിഞ്ഞാല്‍ അന്തിവരെ വെള്ളമടിയുമാ...
അതു കേട്ടു കുഞ്ചെറിയ ചിരിച്ചു. ഗിരീഷ്കുമാറും ചിരിച്ചു. ഇരുവരും തന്താങ്ങളുടെ സ്ക്രാപ്പ് ബുക്കില്‍ അന്നത്തേക്കുള്ള സ്ക്രാപ്പിട്ട് സൈന്‍ ഔട്ടു ചെയ്തു പിരിഞ്ഞു.

രാത്രി ഉറങ്ങാന്‍ കിടന്നെങ്കിലും ഗിരീഷ്കുമാറിന് ഉറക്കം വന്നില്ല. സത്യത്തില്‍ കുഞ്ചെറിയ എന്ന മനുഷ്യനെ കണ്ടതു മുതല്‍ ഗിരീഷ്കുമാറിന്‍റെ ഉറക്കം പോയിരുന്നു. ഉറക്കമില്ലാതായതോടെ ഗിരീഷ്കുമാര്‍ അടുത്ത സുഹൃത്തും സാഹിത്യ വിഷയത്തില്‍ തല്‍പരനുമായ റോയിച്ചനെ ഫോണില്‍ വിളിച്ചു.

ഉറക്കത്തിന്‍റെ സെക്കന്‍ഡ് ഹാഫിലേക്കു കയറാന്‍ ഒരു കൂര്‍ക്കം വലിയകലം മാത്രം ബാക്കി നില്‍ക്കെയായിരുന്നു നട്ടപ്പാതിരയ്ക്കു റോയിച്ചന്‍റെ ഫോണ്‍ മണിയടിച്ചത്.
ആരാടാ ഈ നട്ടപ്പാതിരയ്ക്ക് എന്ന ചോദ്യവുമായി റോയിച്ചന്‍ ഫോണ്‍ കയ്യിലെടുത്തു. പരിചയമില്ലാത്ത നമ്പര്‍. വല്ല പെണ്‍പിള്ളേരുമാണേല്‍ അന്തസ്സു പോകാതിരിക്കാന്‍ പാകത്തിനു സ്വരം മധുരതരമാക്കി റോയിച്ചന്‍ ഇങ്ങനെ ഉച്ചരിച്ചു...
ഹലോ....
അപ്പുറത്തു ഗിരീഷ്കുമാര്‍
ആ പ്രതീക്ഷ പോയി.
എന്താടാ രാത്രിയില്‍?
ആരാടാ ഈ കഥയൊക്കെ എഴുതുന്ന കുഞ്ചെറിയ?
പാതിരാത്രിയിലാണാടോ കണ്ട കഥയെഴുത്തുകാരന്‍റെ കാര്യമൊക്കെ ചോദിക്കുന്നത്?
അതല്ലെടാ, ഞാനിന്നൊരു കുഞ്ചെറിയായെ പരിചയപ്പെട്ടു. കഥയെഴുത്താണു പണിയെന്നും മനസ്സിലായി. പക്ഷേ, കക്ഷി ആരാ?
റോയിച്ചന്‍റെ ഉറക്കം പോയി.
നീ കുഞ്ചെറിയായെ കണ്ടെന്നോ? എവിടെവച്ച്?
ഭരണങ്ങാനത്തു വച്ച്...
എടാ കുഞ്ചെറിയ എന്നുവച്ചാല്‍ കുഞ്ചെറിയ. ആധുനിക മലയാള സാഹിത്യത്തിലെ മിടുമിടുക്കന്‍. പ്രതിഭാശാലി. മന്ദബുദ്ധികളെക്കൊണ്ട് എന്നാ മെച്ചം? എന്ന അദ്ദേഹത്തിന്‍റെ ലേഖനസമാഹാരം നീ വായിച്ചിട്ടില്ലേ?
പൈന്‍റു കുപ്പി കാണ്മോളവും, ഭാസ്കരന്‍ മേസ്തിരിയും എന്‍റെ കേടായ ബൈക്കും എന്നു തുടങ്ങി അദ്ദേഹമെഴുതാത്ത എഴുത്തുണ്ടോ? നീയിതൊന്നും വായിച്ചിട്ടില്ലേ? എടാ നമ്മുടെ നാട്ടിലെ ആകെയുള്ള ഒരു സെലിബ്രിറ്റിയാണു കുഞ്ചെറിയാ സാറ്....
അത്രയും കേട്ടതും ഗിരീഷ്കുമാറിന്‍റെ സകല വെളിവും പോയി. സെലിബ്രിറ്റി എന്നു കേട്ടാല്‍ പിന്നെ ഒരു ഓട്ടോഗ്രാഫ് വാങ്ങിക്കുക എന്നത് ഒന്നാം ക്ളാസ് മുതല്‍ ഗിരീഷ്കുമാറിന്‍റെ ദുശ്ശീലങ്ങളില്‍ നമ്പര്‍ ഫോര്‍ ആയിരുന്നു. (ആദ്യ മൂന്നെണ്ണം ഇവിടെ പ്രസക്തമല്ല!)

പിറ്റേന്ന് രാവിലെ മിനിസ്റ്റൈല്‍ സ്റ്റേഷനറിക്കട തുറപ്പിച്ച് ഗിരിഷ്കുമാര്‍ പുതിയ ഓട്ടോഗ്രാഫ് ബുക്ക് ഒന്നു വാങ്ങി. കുഞ്ചെറിയായെ നേരില്‍ക്കാണാനുള്ള കൊതികൊണ്ടും ആരാധനകൊണ്ടും റോയിച്ചനും രാവിലെ തന്നെ ഭരണങ്ങാനത്തു ലാന്‍ഡു ചെയ്തു.
വല്യ സാഹിത്യകാരനാണെന്നല്ലാതെ കുഞ്ചെറിയായുടെ ഒരു കഥപോലും വായിക്കാത്തതിന്‍റെ കുറ്റബോധം അശേഷം ഗിരീഷ്കുമാറിനുണ്ടായിരുന്നില്ല.കഥ പോയിട്ട് അന്നന്നത്തെ പത്രം പോലും വായിക്കുന്ന പതിവില്ലാത്തതിനാല്‍ അതില്‍ ദുഖത്തിന്നര്‍ഥമില്ലല്ലോ...
രാവിലെ മുതലുള്ള ഗിരീഷ്കുമാറിന്‍റെ നില്‍പ്, വൈകിട്ടായതോടെ പാലമ്മൂട് ഷാപ്പിലെ ഇരിപ്പിലേക്കു മാറി. എന്തായാലും കുഞ്ചെറിയ സാറ് ഷാപ്പില്‍ വന്നിട്ടേ പോകൂ എന്നു ചില കുടിയന്മാര്‍ പറയുക കൂടിയായതോടെ ഗിരീഷ്കുമാറിനു സന്തോഷമായി. ഇന്നു സാറിനു രണ്ടു കുപ്പി തെങ്ങു വാങ്ങിക്കൊടുക്കണം. നാളെ മുതല്‍ പുള്ളിക്കാരനെ പതയടിച്ചുകൂടാം...
സമയം, ആറരയായി. ഗിരീഷ്കുമാറിനൊപ്പം ഷാപ്പിലെ കുടിയന്മാരും കുഞ്ചെറിയയെ കാത്തിരിക്കുകയാണ്. ഗിരീഷ്കുമാര്‍ പറഞ്ഞുള്ള വിവരം വച്ചാണ് ആനക്കാരന്‍ കൊച്ചാപ്പി, സാംകുട്ടി, പോത്തന്‍ ശശി തുടങ്ങിയവര്‍ ആകാംക്ഷയില്‍ തെങ്ങിന്‍കള്ളു ചേര്‍ത്ത് സേവിച്ചു സേവിച്ചുള്ള കാത്തിരിപ്പു തുടര്‍ന്നു. സമയം ആറേമുക്കാലിനോട് അടുത്തപ്പോള്‍ ഷാപ്പിനു പുറത്ത് കാലന്‍കുട തൂക്കി ഒരാള്‍ അകത്തേക്കു കയറിവന്നു.

കുഞ്ചെറിയ

അപ്പോള്‍ ഭരണങ്ങാനം പള്ളിയില്‍ കുരിശുമണിയടിച്ചു. വീടുകളില്‍ അമ്മച്ചിമാര്‍ ടിവി ഓഫാക്കി പ്രാക്കോടെ കുരിശുവരയ്ക്കാന്‍ പേനയും പേപ്പറും എടുക്കുന്ന സമയം.
കുരിശുമണിടയിച്ചതു കേട്ടതും കുഞ്ചെറിയ നാടന്‍ അച്ചായന്‍മാരെപ്പോലെ കുരിശുവരച്ച് ഒരുനിമിഷം മൗനായായി. നിമിഷമൊന്നു കഴിഞ്ഞു കണ്ണു തുറന്ന കുഞ്ചെറിയ അദ്ഭുതപ്പെട്ടു. ഷാപ്പില്‍ അതാ ഗിരീഷ്കുമാര്‍. തന്‍റെ ഒരേയൊരു ആരാധകന്‍!!
എന്താ ഗിരീഷേ ഷാപ്പില്‍?
സാറിനെ കാണാന്‍ വന്നതാ
സാറിന് ഇന്ന് എന്‍റെ വകയാണു ചെലവ്. - ഗിരീഷ്കുമാര്‍ പറഞ്ഞൊപ്പിച്ചു.
കുഞ്ചെറിയാക്ക് സന്തോഷമായി.
എന്നാല്‍പ്പിന്നെ അങ്ങനെ ആയിക്കോട്ടെ...
ആദ്യം രണ്ടുകുപ്പി പോരട്ടെ..
കുഞ്ചെറിയാക്ക് ഒപ്പം മറ്റു കുടിയന്‍മാരും കൂട്ടം കൂടി.
ഗിരീഷ്കുമാര്‍ പറഞ്ഞപ്പോളാണു സാറുവല്യ സാഹിത്യകാരനാണെന്നു ഞങ്ങളറിഞ്ഞത്. ക്ഷമിക്കണം.
സാംകുട്ടി നയം വ്യക്തമാക്കി. മറ്റുള്ളവരും അതില്‍ പങ്കുചേര്‍ന്നു.
കുഞ്ചെറിയാക്കു സന്തോഷമായി. താന്‍ ഇതുവരെ ഇവരെ എത്രമാത്രം അണ്ടര്‍ എസ്റ്റിമേറ്റു ചെയ്തു. മോശമായിപ്പോയി...

കുപ്പികള്‍ നിറഞ്ഞൊഴിഞ്ഞുകൊണ്ടിരുന്നു..കുഞ്ചെറിയായുടെ കണ്ണുകള്‍ ചുവന്നു. ഗിരീഷിന്‍റെ തലയ്ക്കകത്തു പെരുത്തു തുടങ്ങി. ബോധം പോകും മുന്‍പു ഓട്ടോഗ്രാഫ് വാങ്ങിക്കണം.
തലയ്ക്കകത്തു ഗുളികന്‍ ഇട്ടുപെരുപ്പിച്ച കലക്കുകള്ള് ബഹളം വച്ചുതുടങ്ങിയതിനാല്‍ ബെല്ലടിക്കുന്നതിനു തൊട്ടുമുന്‍പത്തെ എല്‍പിസ്കൂളുപോലെയായി ഗിരീഷ്കുമാറിന്‍റെ മനസ്സ്. ഒന്നുമങ്ങോട്ടു ക്ളിയാറാകുന്നില്ല. ഷാപ്പിലെ ബഹളങ്ങള്‍ മുഴുവന്‍ കണ്‍മുന്‍പില്‍ ഫിഷ് ഐ ലൈന്‍സില്‍ക്കൂടി നോക്കും പോലെ വളഞ്ഞുപുളഞ്ഞ് മഹാബോറായിത്തുടങ്ങിയിരിക്കുന്നു. താന്‍ വാറാകാന്‍ പോവുകയാണെന്നു മനസ്സിലായ ഗിരീഷ്കുമാര്‍ അതിനു മുന്‍പ് കുഞ്ചെറിയായോട് തന്‍റെ അന്ത്യാഗ്രഹം പറഞ്ഞു.

എനിക്ക് സാറിന്‍റെ ഒരു ലവ് ലെറ്റര്‍ വേണം....

ഉദ്ദേശിച്ചത് ഓട്ടോഗ്രാഫ് എന്നായിരുന്നെങ്കിലും വായില്‍ സരസ്വതി വിളയിച്ചെടുത്തത് അങ്ങനെയായിരുന്നു.
കുഞ്ചെറിയ അരപ്പൂസിലും ഞെട്ടി. തന്നെ കെട്ടിപ്പിടിച്ചിരിക്കുന്ന പയ്യന്‍സ് അബദ്ധം വലതും കാട്ടുമോ എന്ന ആകാംക്ഷയും കള്ളിനൊപ്പം തികട്ടി വരാതിരുന്നില്ല.
എന്തിനാ ഗിരീഷേ നിനക്കെന്‍റെ ലവ് ലെറ്റര്‍?
ഞാന്‍ പരിചയപ്പെടുന്ന എല്ലാ ആപ്പീസര്‍മാരുടെയം ലവ് ലെറ്റര്‍ മേടിക്കാറുണ്ടു സാറേ.... അതെന്‍റെയൊരു വീക്ക് നെസ്സാ... സാറും തന്നേ പറ്റൂ...
ലവ് ലെറ്റര്‍ എന്നതിന്‍റെ തദ്ദേശീയവും വിദേശീയവും ശ്ലൈഹികവും സാര്‍വത്രികവുമായ അര്‍ഥം മനസ്സിലായില്ലെങ്കിലും സഹകുടിയന്‍മാരും അതേറ്റുപിടിച്ചു.
സാറിന്‍റെ പുസ്തകങ്ങളെല്ലാം വായിച്ചപ്പം മുതലുള്ള ആരാധന കൊണ്ടാ... പൈന‍്റ് കുപ്പി കാണാതെ പോയ കഥ ഞാന്‍ പത്തുതവണ വായിച്ചു. സാറിന്‍റെ കേടായ ലാമ്പിയെക്കുറിച്ചോര്‍ത്ത് ഞാന്‍ പത്തുദിവസം കരഞ്ഞു. സാറ് എനിക്കൊരു ലവ് ലെറ്റര്‍ തന്നേ പറ്റൂ...

ഗിരീഷ്കുമാര്‍ സ്വയം വെളിപ്പെട്ടുകൊണ്ടിരുന്നു.

ഗിരീഷ്കുമാറിന്‍റെ ഓരോ വെളിപ്പെടുത്തലും കുഞ്ചെറിയാക്ക് ഓരോ ഇരുട്ടടിയായിരുന്നു.
നാട്ടില്‍ ഇക്കാലത്തിനിടെ കണ്ടുമുട്ടിയ ഒരേയൊരു ആരാധകന്‍റെയും യഥാര്‍ഥ അവസ്ഥ മനസ്സിലായ കുഞ്ചെറിയ പിന്നെയവിടെ ഇരുന്നില്ല. ലവ് ലെറ്റര്‍ നാളെ എഴുതിക്കൊണ്ടുവരാം എന്നു ഗിരീഷിനെ സമാശ്വസിപ്പിച്ച് അദ്ദേഹം പതിയെ ഷാപ്പില്‍നിന്നിറങ്ങി നടന്നു.
രാത്രി ഏറെ വൈകിയിരുന്നു. കോട്ടേജിലേക്കുള്ള നടപ്പിനിടെ കുഞ്ചെറിയായുടെ മനസ്സില്‍ തന്‍റെ പഴയ കഥാപാത്രങ്ങള്‍ പലരും വന്നും പോയുമിരുന്നു.
പിറ്റേന്ന് രാവിലെ പതിവില്ലെങ്കിലും പത്രമെടുത്തു നിവര്‍ത്തിയ ഗിരീഷ്കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഞെട്ടി.
ഒന്നാം പേജില്‍ ഒരു വാര്‍ത്ത

കുഞ്ചെറിയ എഴുത്ത് നിര്‍ത്തി!!!

18 comments:

SUNISH THOMAS said...

ഇടവേളയ്ക്കു ശേഷം പുതിയ പോസ്റ്റ്. കുഞ്ചെറിയായെ എനിക്കറിയില്ല. അങ്ങനെയൊരാളില്ല!!!

G.MANU said...

ചിക്കുന്‍ഗുനിയ പടര്‍ന്നു പിടിച്ചുകൊണ്ടിരുന്ന കാലമായിരുന്നതിനാല്‍, സിഐഎയുടെ പണം വാങ്ങി രോഗാണുവിനെ തള്ളാന്‍ വന്നവനാണോ ഇയാള്‍ എന്ന തരത്തില്‍പ്പോലും ആലോചനകള്‍ കാടുകയറി. ആരോടും ഒന്നും പറയാതെ അ‍ജ്ഞാതന്‍ രണ്ടുകുപ്പി തെങ്ങിന്‍ കള്ളിന് ഓര്‍ഡര്‍ ചെയ്തു. ഒരു പ്ളേറ്റ് പന്നി ഉലത്തിയതിനും.

thani graaameena vivaranam

സാജന്‍| SAJAN said...

സുനീഷേ, നിങ്ങളുടെ നാട്ടിലെ കഥയും കഥാപാത്രങ്ങളും തീരാത്ത സ്റ്റോക്ക് പോലാണല്ലൊ ...
അതോ ഇത് ഗമ്പ്ലീറ്റ് ഭാവനയാണോ?
എന്തായാലും ഗലഗലക്കന്‍ കിഡു കിഡുക്കന്‍:):)

sandoz said...

സുനീഷേ...
ഇത് നമ്മുടെ കണ്ണാടികാണ്മോളത്തിനിട്ട് മനസ്സറിഞ് താങീതല്ലേ....
ഗിരീഷിനെ ചുമ്മാ ഇടയില്‍ കേറ്റി എന്ന് മാത്രം......
എന്തായാലും സംഭവം എറ്റു...
അല്ലാ..പുള്ളി എഴുത്ത് നിര്‍ത്തിയോ....

SUNISH THOMAS said...

കണ്ണാടി കാണ്മോളമോ? അതാരാ? യൂദാസ് സക്കറിയാത്തയാണേല്‍ എനിക്കറിയില്ല!!

വേണു venu said...

സുനീഷേ,
കുഞ്ചെറിയാ ആരോ ആവട്ടെ. എഴുത്തു് രസാവഹം.:)

krish | കൃഷ് said...

“അപ്പോള്‍ ഭരണങ്ങാനം പള്ളിയില്‍ കുരിശുമണിയടിച്ചു. വീടുകളില്‍ അമ്മച്ചിമാര്‍ ടിവി ഓഫാക്കി പ്രാക്കോടെ കുരിശുവരയ്ക്കാന്‍ പേനയും പേപ്പറും എടുക്കുന്ന സമയം.“ (പേപ്പറില്‍ കുരിശുവരക്കാന്‍ ടി.വി. ഓഫാക്കണോ)

“കുഞ്ചെറിയാക്കും സന്തോഷമായി. തന്നെ അറിയാവുന്ന, തന്‍റെ കഥകള്‍ വായിച്ചിട്ടുള്ള ഒരാളെങ്കിലും ഈ ഭരണങ്ങാനത്തു ജീവിച്ചിരിപ്പുണ്ടല്ലോ!“
(അതു സുനീഷാണോ..?)
ഫാവന കൊള്ളാം.

Anonymous said...

സുനീഷേ, ഇടവേള മുതലാക്കിയിട്ടുണ്ട്. കലക്കന്‍ പോസ്റ്റ്. ഗ്ലൈമാഗ്സില്‍ നിങ്ങളുടെ പതിവു ശൈലിയില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റുകളൊന്നുമില്ലെങ്കിലും മുഴുനീള കോമഡി കലക്കിയിട്ടുണ്ട്. നിങ്ങളുടെ ശൈലി നീണാള്‍ വാഴട്ടെ.

നമ്മുടെ സക്കറിയയുടെ നടുവിനു നോക്കി തന്നെ താങ്ങി അല്ലിയോ ? പാവം ഗിരീഷ് കുമാറിനെ അങ്ങ് കത്തിച്ചു കളഞ്ഞു. ടമാര്‍ പടാര്‍ !!!

Visala Manaskan said...

"മീനിച്ചിലാറു കുലംകുത്തിയൊഴുകിയ ഒരു മഴക്കാല സന്ധ്യയ്ക്കാണു ഭരണങ്ങാനം ടൗണില്‍ അജ്ഞാതനായ ഒരു മധ്യവയസ്കന്‍ ബസിറങ്ങിയത്"

എനിക്ക് ഈ സ്റ്റൈല്‍ തുടക്കങ്ങള്‍ ഭയങ്കര ഭയങ്കര ഇഷ്ടമാണ്. ഒരു പ്രത്യേക രസമാണതിന്.

കുരിശുവരക്കാന്‍ ടൂള്‍സ് എടുത്തതുമെല്ലാം രസായിട്ടുണ്ട്.

ആഷംഷകള്‍.

SUNISH THOMAS said...

വിശാലാ, ചാര്‍ളീ, അഞ്ചല്‍, മനു, സാജന്‍, സാന്‍റോ, വേണുജി, കൃഷ് എല്ലാവര്‍ക്കും ഗൂപ്പുഗൈ.
എഴുത്തിനു കുറച്ചുദിവസമായി ഫ്ളോ ഇല്ല. അതാണ് എഴുതാതിരുന്നത്. കഥകള്‍ കുറേക്കിടപ്പുണ്ട്. പക്ഷേ, എഴുതിവരുമ്പോള്‍ ഡിലീറ്റ് ചെയ്യാന്‍ തോന്നും...ഇതൊരു രോഗമാണോ?!!!

പോക്കിരി said...

സുനീഷ്ജി സ്വയം തിരിച്ചറിയുന്നിടത്താണു വിദ്യഭ്യാസം ആരംഭിക്കുന്നതെന്നു പണ്ടെങ്ങാണ്ടോ ആരോ പറഞിട്ടുണ്ടെന്നു തോന്നുന്നു..അതു വെച്ചു നോക്കുമ്പോള്‍ ഇതൊരു രോഗമല്ല...തിരിച്ചറിവു മാത്രമാണ്...

എന്തായാലും എഴുത്തു നന്നായിട്ടുണ്ട്..തുടരട്ടെ യാത്ര...

ഉറുമ്പ്‌ /ANT said...

നന്നായി..................!!

SUNISH THOMAS said...

കുഞ്ചെറിയ ലൗ ലൈറ്റര്‍ കൊടുത്തോ? ആ കഥ ബെര്‍ളി പറയട്ടെ!!!

myexperimentsandme said...

പത്തുപിടി പന്നി്മലത്തിയത് എന്ന് പറയുമ്പോള്‍ ഷാപ്പിലെ പാത്രം ഒരു “കുട്ട”കം ആണോ എന്ന് വരെ ഓര്‍ത്തു.

ഫാനും മോട്ടറോളയും മനസ്സില്‍ തട്ടി. കുഞ്ഞ് ചെറിയായുടെ ദുഃഖത്തില്‍ പങ്ക് കള്ള് കുടിച്ച് പങ്ക് ചേരുമ്പോഴും അദ്ദേഹത്തിന്റെ ഉഗ്രശപഥം മൂലം ജനകോടികള്‍ക്കുണ്ടായ ആശ്വാസത്തില്‍ ആഹ്ലാദിക്കുകയും ചെയ്യുന്നു.

(ആശയാമാശയം തലയില്‍ മാത്രമല്ല വയറിലുമുണ്ടെന്ന് ആ ഫോട്ടം തെളിയിക്കുന്നു) :)

Unknown said...

ഈ പോസ്റ്റ് രസിപ്പിച്ചു. :-)

Mr. K# said...

:-)

Rachel Abraham said...

by the time i finish readg ur write up,ente 'final days' akuvayirikkum....one thing,i agree u hv gud creativity ;)

yousufpa said...

ആ‍നുകാലിക പ്രസക്തിയുള്ള പലതും നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചു. രസിച്ചൂട്ടൊ.

Powered By Blogger