Thursday, October 11, 2007

രണ്ടു കാലുകളുടെ കഥ

കുട്ടപ്പന്‍റെ വല്യമ്മച്ചിക്കായിരുന്നു ഏറ്റവും വലിയ ആഗ്രഹം.

അവന്‍റെ കൈവളരുന്നോ കാലുവളരുന്നോ എന്നു നോക്കി കാലം കഴിക്കുകയായിരുന്ന അവര്‍ ഒരുദിവസം ആ ആഗ്രഹം ആദ്യമായി ഉറക്കെ പ്രഖ്യാപിച്ചു. ഇവന്‍ ഒന്‍പത് ഇഞ്ചിന്‍റെ ചെരിപ്പെങ്കിലും ഇടുന്നതു കണ്ടിട്ട് എനിക്കു മരിച്ചാല്‍ മതിയാരുന്നു ദൈവമേ....

അങ്ങനെയെങ്കിലും ദൈവം തന്‍റെ ആയുസ്സു നീട്ടിത്തരുമല്ലോ എന്നുള്ള പ്രതീക്ഷകൂടിയായിരുന്നു ആ പ്രാര്‍ഥന. കാരണം, കുട്ടപ്പന്‍റെ കാലിന്റെ വലിപ്പം അവന്‍റെ ശരീരവുമായി തട്ടിച്ചു നോക്കുമ്പോള്‍ അത്രയ്ക്കു ചെറുതായിരുന്നു. കുട്ടപ്പന്‍റെ സ്വന്തം അമ്മച്ചി ഒറോതച്ചേടത്തിയുടെ ചെരിപ്പുപോലും ആറടി പൊക്കക്കാരനായ കുട്ടപ്പനു വലുതായിരുന്നു. അത്രയ്ക്കും ചെറിയ കാലുകള്‍.

കുട്ടപ്പന്‍റെ അപ്പന്‍ പൊറിഞ്ചു ചേട്ടന്‍, ചേട്ടന്മാരായ പാപ്പച്ചി, തങ്കച്ചന്‍ തുടങ്ങിയവര്‍ക്കൊക്കെ വലിയ കാലുകളുണ്ടായിരുന്നു. അവസാനത്തെ ആണ്‍തരിയായ കുട്ടപ്പനു മാത്രം കാലു കുഞ്ഞായി. വെറും മൂന്നിഞ്ച്!!!


തന്‍റെ കാലുമാത്രം ചെറുതായിപ്പോയതില്‍ കുട്ടപ്പനും ചെറുതല്ലാത്ത ആശങ്കയുണ്ടായിരുന്നു. എങ്ങനെയെങ്കിലും കാല്‍പാദത്തിന്‍റെ വലിപ്പം കൂട്ടുകയെന്നതായിരുന്നു കുട്ടപ്പന്‍റെ ലക്ഷ്യം. ഈ ഉദ്ദേശ്യം കാരണം, പത്താം ക്ളാസ് പാസാകുന്ന കാര്യം പോലും കുട്ടപ്പന്‍ മറന്നുപോയി. പത്തില്‍ ഒപ്പം പഠിച്ചവരുടെ കാലിനൊക്കെ ഒത്ത വലിപ്പം. ഓരോരുത്തന്‍മാരുടെ വലിപ്പത്തിനനുസരിച്ച്, ഏഴ്, എട്ട്, ഒന്‍പത്, പത്ത്, പത്തര എന്നു തുടങ്ങിയ സൈസിലുള്ള ചെരിപ്പിട്ടാണ് അവന്‍മാരുടെയൊക്കെ വരവ്.

അംസംബ്ളിക്ക് ലൈനില്‍ ഏറ്റവും പിന്നില്‍ നില്‍കുന്ന കുട്ടപ്പന്‍റെ കാലിലേതിനെക്കാള്‍ വലിയ ചെരിപ്പിട്ട്, മുന്നില്‍ നില്‍ക്കുന്ന ഉണ്ട സന്തോഷ്. കുട്ടപ്പന് ഇന്‍ഫീരിയോറിറ്റി കോംപ്ളക്സ് എന്നു പറയുന്ന സാധനം രണ്ടുകാലിലൂടെയും മേലോട്ടു കയറി ചെവി വഴി പുറത്തേക്കു പൊയ്ക്കോണ്ടിരുന്നു.

എങ്ങനെ കാല്‍പാദത്തിനു വലിപ്പം കൂട്ടും?

കുട്ടപ്പന്‍ ആലോചിക്കാതിരുന്നില്ല. കുട്ടപ്പന്‍റെ മൂത്തചേട്ടന്‍ പാപ്പച്ചിയുടെ അഞ്ചാം ക്ളാസില്‍ പഠിക്കുന്ന മൂത്ത മോളു പാറുക്കുട്ടി വരെയിപ്പോള്‍ നാലിഞ്ചിന്‍റെ ചെരിപ്പാണിടുന്നത്. അവളുടെ പേരപ്പനായ താന്‍ ഇനിയുമിങ്ങനെ മുന്നോട്ടുപോയാല്‍ ശരിയാവില്ല. ഞായറാഴ്ച പള്ളിയില്‍ പോകുമ്പോളാണ് ഏറ്റവും പ്രയാസം. സ്ഥിരമായി ചെരിപ്പു കാണാതെ പോകുന്നു. കണ്ടുപിടിച്ചു ചെല്ലുമ്പോല്‍ ആരൊക്കെയോ മാറിയിട്ടുകൊണ്ടുപോകുന്നതാണ്. മാറിയെടുത്തവനെ അന്വേഷിച്ചു ചെല്ലുമ്പോളാണു നാറിപ്പോകുന്നത്.അഞ്ചിലോ ആറിലോ പഠിക്കുന്ന ഏതെങ്കിലും പീക്കിരിപ്പിള്ളേരുടെ കാലിലായിരിക്കും ചെരിപ്പ്. കുട്ടപ്പനു ചത്താല്‍ മതിയെന്നായി?

കാല്‍പാദത്തിനു വലിപ്പംകൂട്ടാന്‍ മാര്‍ഗമുണ്ടോ?

കുട്ടപ്പന്‍ ഒറ്റയ്ക്കും സമയം കിട്ടുമ്പോളൊക്കെ തെറ്റയ്ക്കും ആലോചിക്കാതിരുന്നില്ല. ആയിടയ്ക്കാണു കുട്ടപ്പനോട് പ്രിയ സുഹൃത്ത് ഉണ്ണിക്കുട്ടന്‍ ആ സത്യം പറയുന്നത്.

കുട്ടപ്പാ, വലിയ ചെരിപ്പിട്ടു നടന്നാല്‍ മതി, കാലു തനിയെ വലുതായിക്കോളും!!!

പിറ്റേന്നു തന്നെ കുട്ടപ്പന്‍ ആറിഞ്ചിന്റെ ഒരു റബര്‍ ചെരിപ്പു വാങ്ങി.


പതിയെ നടപ്പു തുടങ്ങി.

മുന്‍പോട്ടുള്ളതിനേക്കാള്‍ പിന്നോട്ട്. പുറകില്‍ അത്യാവശ്യം വേണമെങ്കില്‍ ഒരു ഷോപ്പിങ് കോംപ്ളക്സ് പണിയാനുള്ള സ്ഥലം ബാക്കി. എങ്കിലും കുട്ടപ്പന്‍ നടപ്പു തുടര്‍ന്നു. പിന്നോട്ടു ബാക്കിനില്‍ക്കുന്ന മൂന്നിഞ്ചുഭാഗം കുട്ടപ്പന്‍റെ കാലിന്‍റെ ഉപ്പൂറ്റിയിലടിച്ച് പ്രത്യേക ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. ആ ശബ്ദത്തിനൊപ്പം കുട്ടപ്പന്‍ മനസ്സില്‍ പ്രാര്‍ഥിച്ചുകൊണ്ടുമിരുന്നു.

ദൈവമേ കാല് ഈ ചെരിപ്പിന്‍റെ വലിപ്പത്തിലെങ്കിലുമാക്കിത്തരണമേ.....

എന്നും രാവിലെ എഴുന്നേല്‍ക്കുന്നയുടന്‍ കുട്ടപ്പന്‍ ഇന്‍സ്ട്രുമെന്‍റ് ബോക്സ് തുറക്കും. അതില്‍നിന്നു സ്കെയില്‍ എടുത്ത് കാലിന്‍റെ പിറകില്‍ കഷ്ടപ്പെട്ടു പിടിച്ച് അളവെടുക്കും. അരയിഞ്ചെങ്കില്‍ അത്രയും, വലിപ്പം കൂടിയോ എന്നറിയാമല്ലോ....

ഇതിങ്ങനെ മറുപോലെ തുടര്‍ന്നുകൊണ്ടിരുന്നു. ആറിഞ്ച് ചെരിപ്പ്, മൂന്നിഞ്ചു പിന്‍ഭാഗമൊഴികെ ബാക്കി തേഞ്ഞുതീര്‍ന്നു. പക്ഷേ, കുട്ടപ്പന്‍റെ കാലുമാത്രം വളര്‍ന്നില്ല!!!

കുട്ടപ്പനു ദേഷ്യം വന്നു. രണ്ടു കാലും വെട്ടിക്കളഞ്ഞിട്ടു നിരങ്ങിനീങ്ങുകയാണിതിലും നല്ലത് എന്നു പോലും കുട്ടപ്പനു തോന്നി. ആയിടയ്ക്കാണു കുട്ടപ്പന്‍ പത്രത്തില്‍ ഒരു പരസ്യം കണ്ടത്....

കുടവയറ് കുറച്ചു തരും... കഷണ്ടിയില്‍ മുടി കിളിര്‍പ്പിക്കും.... പൊക്കം കൂട്ടും...

ആ പരസ്യത്തിലെങ്ങും കാല്‍പാദത്തിന്‍റെ നീളം കൂട്ടുന്ന കാര്യമില്ലായിരുന്നു. എന്നിട്ടും കുട്ടപ്പന്‍ ആ പരസ്യം വന്ന പേപ്പറും പൊക്കിപ്പടിച്ച്, അതില്‍ കണ്ട വിലാസക്കാരനെ തപ്പിപ്പോയി.

കുടവയറന്‍മാരും കുള്ളന്‍മാരും കഷണ്ടിക്കാരും തിങ്ങിനിറഞ്ഞ ഒരു ലോഡ്ജുമുറിയുടെ വരാന്തയില്‍ മേല്‍പ്പറഞ്ഞ ഒരു കുഴപ്പവുമില്ലാത്ത കുട്ടപ്പനും. വന്നവരും കണ്ടവരും ആദ്യം കുട്ടപ്പനെ ഒന്നായി നോക്കി. നല്ല പൊക്കം. വയറ്റിലോട്ടു നോക്കി. വാഴയില പോലെ ഫ്ളാറ്റ്. തലയിലേക്കു നോക്കി. പനങ്കുല പോലെ മുടി. പിന്നെയെന്തിനാണ് ഇയാളിവിടെ..???

തന്‍റെ മുന്‍പിലിരുന്ന രോഗിയെ കണ്ട്പ്പോള്‍ സിദ്ധവൈദ്യന്‍ ജോസഫ് മൂസ്സതിനുമുണ്ടായി ഇതേ സംശയം

ങും...????? ചോദ്യം കൊണ്ടദ്ദേഹം രോഗിയെ അളന്നു.

അടുത്തു നിമിഷം ഇരുന്ന ഇരിപ്പില്‍ കുട്ടപ്പന്‍ തന്‍റെ രണ്ടുകാലുമെടുത്ത് വൈദ്യന്‍റെ മുന്‍പിലത്തെ മേശമേല്‍ വച്ചു.

വൈദ്യന്‍റെ കണ്‍മുന്നില്‍ ലംബമായി നില്‍ക്കുന്ന രണ്ടു കാല്‍പാദങ്ങള്‍. വൈദ്യന്‍ മൂസ്സതിന്‍റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പേ അരുളിപ്പാടുണ്ടായി.

കുട്ടപ്പന്‍- ഈ കാല്‍പാദം കണ്ടോ?
വൈദ്യന്‍- കണ്ടു
കുട്ടപ്പന്‍- എന്തു തോന്നുന്നു?
വൈദ്യന്‍- എന്തു തോന്നാന്‍?
കുട്ടപ്പന്‍- ലജ്ജ തോന്നുന്നില്ലേ?
വൈദ്യന്‍ - എന്തിന്?
കുട്ടപ്പന്‍- ഇത്രയും ചെറിയതായതിന്?
വൈദ്യന്‍- ഞാനെന്തിനു ലജ്ജിക്കണം?
കുട്ടപ്പന്‍- എന്നാല്‍ എനിക്കുണ്ടു ലജ്ജ
വൈദ്യന്‍- അതിന്?
കുട്ടപ്പന്‍- മരുന്നു വേണം?
വൈദ്യന്‍- എന്തിന്?
കുട്ടപ്പന്‍- കാല്‍പാദം വലുതാക്കാന്‍...
വൈദ്യന്‍- അതിനു മരുന്നില്ല
കുട്ടപ്പന്‍- ഉണ്ട്.
വൈദ്യന്‍- ഇല്ല
കുട്ടപ്പന്‍ വീണ്ടും കാലെടുത്തു മേശമേല്‍ ലംബമായി വച്ചു.
കുട്ടപ്പന്‍- ഇനി നോക്കിക്കേ...
വൈദ്യന്‍- നോക്കി.
കുട്ടപ്പന്‍- കണ്ടോ? കാലു കണ്ടോ?
വൈദ്യന്‍- കണ്ടു
കുട്ടപ്പന്‍- അതിന്‍റെ പൊക്കം കൂട്ടാനുള്ള മരുന്നു മതി. അതില്ലേ?

വൈദ്യന്‍റെ ഉത്തരം മുട്ടി!!!

പൊക്കം കൂട്ടാനുള്ള മരുന്ന് കാലിന്‍റെ അടിയില്‍ ഉപ്പൂറ്റി മുതല്‍ പെരുവിരല്‍ വരെ തേ‍ച്ചുപിടിപ്പിക്കാന്‍ വൈദ്യന്‍ മനസ്സില്ലാ മനസ്സോടെ കുട്ടപ്പനോടു നിര്‍ദേശിച്ചു. രണ്ടുമാസത്തേക്കുള്ള മരുന്ന് ഒറ്റയടിക്കു മേടിച്ച് കുട്ടപ്പന്‍ വീട്ടിലേക്കു തിരിച്ചു.
പിറ്റേന്നു മുതല്‍ മരുന്നു തേല്‍പും കാലിന്‍റെ അളവെടുപ്പുമായിരുന്നു കുട്ടപ്പന്‍റെ പ്രധാനപ്പെട്ട ജോലികള്‍. മരുന്നു തേപ്പു തുടര്‍ന്നു.

കുട്ടപ്പന്‍റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് കാല്‍പാദം വളര്‍ന്നു തുടങ്ങി. ചെറിയ സ്കെയിലും വളര്‍ന്നു കാലു വളര്‍ന്നു തുടങ്ങി. കുട്ടപ്പന്‍ മരുന്നു തേപ്പു തുടര്‍ന്നു.

മൂന്നിഞ്ചില്‍നിന്ന് ഒറ്റയടിക്ക് അഞ്ച് ഇഞ്ചിലേക്കു വളര്‍ന്ന കാല് അവിടെനിന്നും വളര്‍ന്നു. ആറ്, ഏഴ്, എട്ട്, ഒന്‍പത്....

കാല് ഒന്‍പതിഞ്ചിലേക്കെത്തിയപ്പോള്‍ കുട്ടപ്പന്‍ മരുന്നു തേപ്പു നിര്‍ത്തി. പക്ഷേ, കാലിനു നില്‍ക്കാന്‍ പ്ളാനില്ലായിരുന്നു. കാല്‍പാദം വീണ്ടും വളര്‍ന്നു. ഒന്‍പതില്‍നിന്നു പത്തിലേക്ക്. പതിനൊന്ന്, പന്ത്രണ്ട്....

കുട്ടപ്പന്‍റെ ചങ്കിടിപ്പും വളര്‍ന്നുകൊണ്ടിരുന്നു. കാലിനു തന്നെക്കാള്‍ വലിപ്പമാകുന്ന ദിവസമോര്‍ത്ത് ഒരുദിവസം കുട്ടപ്പന്‍ ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്നു. അപ്പോളും കുട്ടപ്പന്‍റെ കാലുവളരുകയായിരുന്നു. ഒടുവില്‍, കുട്ടപ്പന്‍റെ പ്രാര്‍ഥനകളെയും ആശങ്കകളെയും അതിശയിപ്പിച്ചുകൊണ്ട് കാലി‍ന്‍റെ വളര്‍ച്ച നിന്നു.

പതിനഞ്ച് ഇഞ്ച്.

കുട്ടപ്പന് അതൊരു അധികപ്പറ്റായിരുന്നു. നാട്ടുകാര്‍ അവനെ കാലന്‍ കുട്ടപ്പന്‍ എന്നു വിളിച്ചു.

കാലിന്‍റെ നീളം കുറയ്ക്കാനായി പിന്നെ കുട്ടപ്പന്‍റെ ആലോചന. കാല്‍പാദം നീളം കുട്ടാന്‍ മരുന്നുതന്നെ മൂസ്സതിനെ കുട്ടപ്പന്‍ തേടിപ്പിടിച്ചു. കുട്ടപ്പന്‍ നീളന്‍ കാലുകളുമായി വരുന്നതു കണ്ടതേ, മൂസ്സത് ഭയഭക്തി ബഹുമാനത്തോടെ എഴുന്നേറ്റു നിന്നു.

ചെന്നതേ കുട്ടപ്പന്‍ കാര്യം പറഞ്ഞു

പാദത്തിന്‍റെ നീളം കുറച്ചു കൂടിപ്പോയി. കുറച്ചുതരണം.

സാധ്യമല്ലെന്നു മൂസ്സതു പറഞ്ഞില്ല. പറഞ്ഞിട്ടു കാര്യമില്ലല്ലോ. പകരം, എന്തോ ലായനി കലക്കിക്കൊടുത്തു.

കുട്ടപ്പന്‍ അതുമായി വീട്ടിലെത്തി. മരുന്ന് തേപ്പു തുടങ്ങി. ഉപ്പൂറ്റി മുതല്‍ പെരുവിരലു വരെ. കാലിന്‍രെ വലിപ്പം കുറയുന്നില്ല. കുട്ടപ്പനു നിരാശയയായിത്തുടങ്ങി.

ഒരു സുപ്രഭാതത്തില്‍ ഉറക്കമുണര്‍ന്നു കാലിലേക്കു നോക്കിയ കുട്ടപ്പന്‍ ഞെട്ടിത്തരിച്ചു.....

പതിനഞ്ച് ഇഞ്ച് വലിപ്പമുണ്ടായിരുന്ന, തന്‍റെ കാല്‍പാദങ്ങള്‍ കാണാനില്ല. പകരം, അവിടെ, പഴയ മൂന്നിഞ്ചിന്‍റെ രണ്ടുകാല്‍പാദങ്ങള്‍ മാത്രം!!!!!!!

19 comments:

SUNISH THOMAS said...

ഇവന്‍ ഒന്‍പത് ഇഞ്ചിന്‍റെ ചെരിപ്പെങ്കിലും ഇടുന്നതു കണ്ടിട്ട് എനിക്കു മരിച്ചാല്‍ മതിയാരുന്നു ദൈവമേ....

അങ്ങനെയെങ്കിലും ദൈവം തന്‍റെ ആയുസ്സു നീട്ടിത്തരുമല്ലോ എന്നുള്ള പ്രതീക്ഷകൂടിയായിരുന്നു ആ പ്രാര്‍ഥന. കാരണം, കുട്ടപ്പന്‍റെ കാലിന്റെ വലിപ്പം അവന്‍റെ ശരീരവുമായി തട്ടിച്ചു നോക്കുമ്പോള്‍ അത്രയ്ക്കു ചെറുതായിരുന്നു. കുട്ടപ്പന്‍റെ സ്വന്തം അമ്മച്ചി ഒറോതച്ചേടത്തിയുടെ ചെരിപ്പുപോലും ആറടി പൊക്കക്കാരനായ കുട്ടപ്പനു വലുതായിരുന്നു. അത്രയ്ക്കും ചെറിയ കാലുകള്‍.

:)

കുഞ്ഞന്‍ said...

മൂഷിക സ്ത്രീ പിന്നെയും മൂഷിക സ്ത്രീ...

ഞാന്‍ നേരത്തെ വായിച്ചപ്പോള്‍ ‘കാലന്‍’ കണ്ടില്ല.

എന്തായാലും കാലന്‍ കലക്കി, പക്ഷെ കുഞ്ഞു കാലായിരുന്നപ്പോള്‍ നാട്ടുകാരൊരു പേരിട്ടു കാണുമല്ലൊ..അതു കുഞ്ഞന്‍ എന്നും മറ്റുമാണോ??

സുമുഖന്‍ said...

സുനീഷേ,

വലതു വശത്തെ സുനീഷിന്റെ കാരിക്കേച്ചറില്‍ കാലിന്റെ നീളം എത്രയാ 3 ഇഞ്ചോ അതൊ 15 ഇഞ്ചോ :-)))

കുട്ടന്‍സ്‌ | S.i.j.i.t.h said...

:)

ശ്രീ said...

പാവം കാലന്‍‌!

അരവിന്ദ് :: aravind said...

:-).കൊള്ളാം.

(ആശാനേ ആ കാലുകള്‍ എന്റേതാണാശാനേ...

എന്ന് ഈ കുട്ടപ്പനോടാണോ മൂസത് ഡയലോഗടിച്ചത്?)

വിഷ്ണു പ്രസാദ് said...

ദൈവത്തിന്റെ കരിനാക്കിനുശേഷം വീണ്ടും നല്ലൊരു കഥ ഈ ബ്ലോഗില്‍ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.കഥ പ്രതീകാത്മകമാണൊ സുനീഷേ?ഏതായാലും പല തലങ്ങളില്‍ വായിക്കപ്പെടാവുന്ന ഒരു കഥയാണിത്.

sandoz said...

സുനീഷേ...
മാരകമായ പരീക്ഷണങ്ങള്‍ ആണല്ലോ..
നടക്കട്ടേ..നടക്കട്ടെ....

ഗിരീഷ്‌ എ എസ്‌ said...

സുനീഷേട്ടാ..
ഇഷ്ടമായി
അഭിനന്ദനങ്ങള്‍

Murali K Menon said...

:)) മനുഷ്യന്റെ ഓരോ മോഹങ്ങളേ!

“ഇതിങ്ങനെ മറുപോലെ തുടര്‍ന്നുകൊണ്ടിരുന്നു“ -

“മുറപോലെ“ എന്നായിരിക്കും ഉദ്ദേശിച്ചത്...എങ്കില്‍ എഡിറ്റ് ചെയ്തോളു.

Cartoonist said...

ഞാനും ആലോചനയോടാലോചനയായിരുന്നു.
അവസാനം സ്വപ്ന സീന്‍ കൊണ്ടുവന്നില്ലെങ്കില്‍ പ്രൊഡ്യൂസറുടെ കാറ്റു പോയതുതന്നെ !

പിന്നെ,
കയ്യ് കാലായാ ഞാനായി. അന്ന് കൊച്ചീല് വെച്ച് എന്റെ കൈ ശ്ര്ദ്ധിച്ചാരുന്നോ ? വഴീല്ല. ഉടനീളം പോക്കറ്റിലിട്ടിരിയ്ക്ക്വായിരുന്നു.

ആശംസകള്‍! :)

ദിലീപ് വിശ്വനാഥ് said...

ആത്മകഥാംശം ഒരുപാടുണ്ട് കേട്ടോ. നന്നായിട്ടുണ്ട്.

സൂര്യോദയം said...

സുനീഷേ... കൊള്ളാം :-)

Mr. K# said...

ഇതു കൊള്ളാം, കാലിന്റെ പൊക്കം കൂട്ടുന്ന ഐഡിയ കലക്കി.

ഇടിവാള്‍ said...

കാലിന്റെ പൊക്കം കൂട്ടുന്ന ടെക്ക്നിക്ക് കൊള്ളാം .. ;)

ഈ പാലാക്കാരെക്കൊണ്ടു പൊറുതിമുട്ടായല്ലാ കര്‍ത്താവേ ;)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അഡ്രസ് കൊടടെ ആ വൈദ്യന്റെ, കാലിന്റെയല്ല മൊത്തം നീളം കൂട്ടാനാ. നീ പരീക്ഷിച്ച് കഴിഞ്ഞാ?

കൊച്ചുത്രേസ്യ said...

കാലു വളര്‍ന്നതു വായിച്ചപ്പോള്‍ ബഷീറിന്റെ 'വിശ്വവിഖ്യാതമായ മൂക്ക്‌ 'ഓര്‍മ്മ വന്നു. എന്താന്നറിയില്ല എനിക്ക്‌ പൊതുവെ ഇങ്ങനത്തെ കഥകള്‍ വായിക്കാന്‍ പേടിയാണ്‌. വായിച്ചു കഴിഞ്ഞാല്‍ ഉറപ്പാണ്‌ ഉറക്കത്തില്‌ മൂക്കോ കയ്യോ കാലോ ഒക്കെ നീണ്ടു നീണ്ടു പോവുന്നത്‌ സ്വപ്നം കാണും :-(

ദിലീപ് വിശ്വനാഥ് said...

ഇതെന്താ ഇതാരും കണ്ടില്ലേ ഇതുവരെ?
http://viswanadhan.blogspot.com/

http://www-rahulaugustine.blogspot.com/

സുധി അറയ്ക്കൽ said...

വൈദ്യനുമായി നടന്ന സംഭാഷണം .എന്റമ്മോ ചിരിച്ചവശനായി.

Powered By Blogger