Friday, July 20, 2007

ജീവിതത്തിന്‍റെ മൂന്നാം ചലനനിയമം

അവന് അവളെ ഇഷ്ടമായിരുന്നു.

അവളെ ജീവനായിരുന്നു.

പള്ളിയില്‍ രാവിലെ കുര്‍ബാനയ്ക്കും വൈകിട്ട് ജപമാല നമസ്കാരത്തിനും അവന്‍ വന്നുപോയത് അവളെ ഓര്‍ത്തായിരുന്നു.

സ്കൂള്‍ മൈതാനത്തു വോളീബോള്‍ കളിക്കുമ്പോള്‍, എടുക്കുന്ന ഒരോ ജംപ്‍ സര്‍വീസും ഇതു തന്‍റെ പ്രിയപ്പെട്ടവള്‍ക്കുവേണ്ടി എന്നോര്‍ത്തായിരുന്നു. മിക്കദിവസവും അവനും അവളും തമ്മില്‍ക്കണ്ടു. അവള്‍ എതിരെ വരുമ്പോള്‍ അവന്‍ അവളുടെ വലിയ കണ്ണുകളിലേക്കു നോക്കും. അവള്‍ തിരിച്ചും.

കണ്ണുകളിലേക്കു നോക്കി അവര്‍ പരസ്പരം കടന്നു പോകും. എന്തെങ്കിലും സംസാരിക്കണമെന്ന് അവന് ആഗ്രഹമില്ലായിരുന്നു. കാരണം, അവന്‍ അവളുടെ കണ്ണുകളോട് എല്ലാം സംസാരിച്ചുകഴിഞ്ഞിരുന്നു. നടന്നു മറയും മുന്‍പ് അവന്‍ അവളെ തിരിഞ്ഞുനോക്കാറുണ്ടായിരുന്നു. ആ സമയത്തുതന്നെ അവളും തിരിഞ്ഞുനോക്കും. ഓരോ തിരിഞ്ഞുനോട്ടവും അവളിലെ ജി‍ജ്ഞാസയെ ഉണര്‍ത്തി. അവനിലെ പ്രണയത്തെയും.

കാലവും അവര്‍ക്കൊപ്പം നടന്നുപോയി.

അവളില്‍ കാലം കൗമാരത്തിന്‍റെ കലകള്‍ വീഴ്ത്തി. അവളുടെ കണ്ണുകളിലേക്കു മാത്രം നോക്കി ശീലിച്ച അവനതു കാണാതെപോയി. അവനപ്പോള്‍ യൗവ്വനത്തിന്‍റെ പടിവാതില്‍ക്കലായിരുന്നു.

എന്നോ ഒരിക്കല്‍, പിടിവിട്ടുപോയ ഒരു കല്ലേറിന്‍റെ പശ്ചാത്താപത്തോടെ അവന്‍ തന്‍റെ ഉള്ളിലെ തിരയടിക്കുന്ന കടല്‍ തന്‍റെ പ്രിയപ്പെട്ടതെന്നു വിചാരിച്ച സുഹൃത്തിനു മുന്നില്‍ അനാവൃതമാക്കി. അതുവരെ ശാന്തമായിരുന്ന ഒരു മനസ്സിന്‍റെ ഉള്ളിലെ ഒച്ചയനക്കവും തിരയടിയും സുഹൃത്തിന് അപരിചിതമായിരുന്നു. അതുവരെ ഒറ്റയ്ക്കു നീറിയ അവനുവേണ്ടി സുഹൃത്ത് ഹംസമാവുകയാണെന്നു പ്രഖ്യാപിച്ചു.

തന്‍റെ ജീവിതത്തെക്കുറിച്ചോ അതിന്‍റെ നീക്കിയിരിപ്പുകളെക്കുറിച്ചോ ആലോചിച്ചു തുടങ്ങാത്ത പ്രായത്തില്‍ അവന്‍ അതു സമ്മതിച്ചു. ആകാംക്ഷയുടെ ദിനങ്ങള്‍. നെഞ്ചിടിപ്പിന് ജീവിതത്തിന്‍റെ താളമാണെന്നു തിരിച്ചറിഞ്ഞ ദിനരാത്രങ്ങള്‍.

കൊളളിയാനുകള്‍ ഇടവിടാതെ മിന്നിയ ഒരു സന്ധ്യയില്‍ മഴ നനഞ്ഞു കയറിവന്ന സുഹൃത്ത് അവന്‍റെ ചങ്കുപറിച്ചെടുത്തു കടന്നുപോയി. സുഹൃത്ത് എന്ന വാക്കിന്‍റെ അര്‍ഥം തിരയാന്‍ ഏറ്റവും നല്ലതു ജീവിതത്തിന്‍റെ ശബ്ദതാരാവലിയാണെന്ന തിരിച്ചറിവോടെ അവന്‍ ശേഷിക്കുന്ന ജീവിതത്തിലേക്കു പൊളളുന്ന ചുവടുകള്‍വച്ചു. എങ്ങും കനല്‍പ്പാടങ്ങള്‍. വഴിക്കിരുപുറവും തണല്‍ വിരിച്ചുനിന്ന വന്‍മരങ്ങള്‍ തന്‍റെ സങ്കല്‍പം മാത്രമായിരുന്നല്ലോ എന്നോര്‍ത്തപ്പോള്‍ അവന്‍റെ കണ്ണുകള്‍ നിറഞ്ഞു. ജീവിതത്തിനും കണ്ണീരിനും ഉപ്പുരസമാണെന്ന് അവനറിയുന്നതും അന്നായിരുന്നു.

സ്കൂളില്‍ പഠിക്കുമ്പോള്‍ ഫിസിക്സ് ആയിരുന്നു അവന്‍റെ ഇഷ്ടവിഷയം. അതില്‍ ഐസക് ന്യൂട്ടന്‍റെ ചലനനിയമം. എല്ലാ പ്രവര്‍ത്തനത്തിനും സമവും വിപരീതവുമായ ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടായിരിക്കും.- എല്ലാ ജീവിതത്തിലും ന്യൂട്ടന്‍റെ നിയമം ബാധകമാമെന്നവനു തോന്നി. നല്ലതൊന്നിന് വിപരീതമായ പ്രതിപ്രവര്‍ത്തനം. മോശമായൊന്നിന് നല്ല പ്രതിപ്രവര്‍ത്തനം. പ്രകൃതി നിയമത്തെ നോക്കി ന്യൂട്ടന്‍റെ നിയമം കൊഞ്ഞനം കുത്തി.

കാലം മുന്നോട്ടു പോയപ്പോളും അവന്‍ തിരിച്ചുപോക്കിനെക്കുറിച്ചു മാത്രമായിരുന്നു ആലോചിച്ചത്. ഒരിക്കലും ഇനിയതിനാവില്ലെന്ന ബോധം അവന്‍റെ മനസ്സില്‍ ഒരിക്കലുമുണങ്ങാത്ത ഒരു മുറിവായി ശേഷിച്ചു. തന്‍റെ ഹ‍ൃദയത്തില്‍ ഒരു മുള്ളുകൊണ്ടിരിക്കുന്നു. അത് അവിടെയിരിക്കുന്നതും പറിച്ചു ദൂരെക്കളയുന്നതും ഒരു പോലെ വേദനാജനകവും. എങ്കില്‍പ്പിന്നെ ആ മുള്ളവിടെയിരിക്കട്ടെയെന്നവനു തോന്നി. ഉള്ളില്‍ നീറ്റല്‍ മാത്രം ബാക്കിയാക്കി അവന്‍ കനല്‍പ്പാടത്തിലുടെ നടന്നു തുടങ്ങി.

കരയാന്‍ തുടങ്ങുമ്പോളും ചുണ്ടിലൊരു പുഞ്ചിരി വേണമെന്ന തത്വം അവനെ ആരും പഠിപ്പിച്ചതായിരുന്നില്ല. ജീവിതത്തിന്‍റെ അതുവരെയുള്ള തുച്ഛമായ അറിവുകള്‍ക്കിടയില്‍ അവനില്‍ തന്നെ ആര്‍ജിതമായ വികാരമായിരുന്നു അത്.

അവനു സമാന്തരമായി അവളും യൗവനത്തിന്‍റെ ഏണിപ്പടികള്‍ കയറിത്തുടങ്ങി. അവന്‍ ജീവിതത്തിന്‍റെ പുറംപോക്കുകളിലൂടെ അലഞ്ഞുതുടങ്ങിയപ്പോള്‍ അവള്‍ പാരമ്പര്യാര്‍ജിതമായ സമൃദ്ധിയുടെ സുഖസുഷുപ്തിയിലായിരുന്നു. അലച്ചിലിനും ഒരു ലക്ഷ്യം വേണമെന്ന് അവനു തോന്നിയത് പിന്നിടെപ്പോളോ ആണ്. വായിച്ചു തള്ളിയ കഥകളിലും കവിതകളിലും നോവലുകളിലും തന്‍റെ ജീവിതത്തെ കണ്ടുപിഠിക്കാനാവുമോയെന്ന അന്വേഷണത്തിനിടെയാണ് അവന് അങ്ങനെയൊരു തോന്നലുദിച്ചത്. അവന്‍റെ വഴിയില്‍ മുള്ളുകള്‍ കൂടിനിറഞ്ഞു. കനലുചവിട്ടി നടന്ന കാലിലെ പൊള്ളല്‍ക്കുമിളകളില്‍ മുള്ളുകള്‍ കയറി. വേദന തോന്നിയില്ല.

പക്ഷേ അവനു വാശി തോന്നി, ജീവിതത്തോട്, പിന്നെ തന്നോടു തന്നെയും.

ജീവിതത്തിന്‍റെ രണ്ടാംഭാവത്തില്‍ അവന്‍ സ്വയാര്‍ജിതമായ ഏതോ ഒരു കുന്നിന്‍റെ മുകളിലായിരുന്നു. തനിക്കിരുപുറവുമുള്ള വന്‍മലകളോടും മഹാമേരുക്കളോടുമുള്ള അവന്‍റെ ബഹുമാനം കൂടിയതല്ലാതെ കുറഞ്ഞില്ല.

അവളെ ഒരിക്കല്‍ക്കൂടി കാണണമെന്നുണ്ടായിരുന്നു. താനറിയുന്ന മഹാനഗരത്തില്‍ താനറിയാതെ എവിടെയോ ഉള്ള അവളെത്തേടിയുള്ള അവന്‍റെ അന്വേഷണയാത്ര..

പലവട്ടം കണ്ടുപരിചയിച്ച നഗരത്തിന്‍റെ തിരക്കുകളെ അന്നാദ്യമായി അവന് അപരിചിതമായി തോന്നി. അവളും അവന് എറെക്കുറെ അപരിചിതയായിരുന്നു.

വല്ലാതെ ചൂടുകാറ്റു വീശിയ മണല്‍പ്പരപ്പില്‍ പൊള്ളുന്ന ചൂടില്‍ ഒരു ചിരിയകലത്തില്‍ അവര്‍ നേരില്‍കണ്ടു. നീണ്ട വര്‍ഷങ്ങള്‍ക്കിടയിലെ കൊല്ലുന്ന നിശബ്ദത ഭഞ്ജിച്ച് അവളാണ് ആദ്യം ചിരിച്ചത്.

അവന്‍ അമ്പരന്നുപോയി. വര്‍ഷങ്ങളുടെ അകലത്തിലും മഹാനഗരത്തിന്‍റെ അലച്ചിലുകള്‍ക്കിടയിലും അവളുടെ കണ്ണുകള്‍ക്ക് അവന്‍ പ്രാര്‍ഥിച്ചിരുന്ന തിളക്കമുണ്ടായിരുന്നു. ആകാശത്ത് ഓര്‍മകളുടെ മൂടിക്കെട്ടിയ മേഘത്തലപ്പുകള്‍ പെയ്ത്തിനു കോപ്പുകൂട്ടിക്കൊണ്ടിരുന്നു.

അലച്ചിലിന്‍റെ ദുരിതം അവന്‍റെ കണ്ണുകള്‍ക്കുചുറ്റും കറുപ്പു പറ്റിച്ചിരുന്നു. പക്ഷേ, അവള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു.

കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന ഗോപുരത്തിന്‍റെ തൂണുകളും ചിതലെടുത്തു തുടങ്ങിയ അതിന്‍റെ ജനല്‍പാളികളും അവര്‍ക്കടുത്തുതന്നെയുണ്ടായിരുന്നു. അവള്‍ അതിലേക്കു നോക്കി അവനോടു സംസാരിച്ചു തുടങ്ങി. അവന്‍ അവളുടെ കണ്ണുകളിലേക്കു നോക്കിയെങ്കിലും, അതിന്‍റെ തിളക്കം അവനു പിടികിട്ടുന്നതിനും ഏറെയകലെയായിരുന്നു.

അവന്‍ സംസാരിച്ചില്ല. കാതങ്ങള്‍ക്കും മുന്‍പേ അവനു ശബ്ദം നഷ്ടമായിരുന്നു.

മിനിറ്റുകള്‍ കൊണ്ട് അവള്‍ ഇതുവരെയുള്ള അവന്‍റെ ജീവിതത്തെ ഉപസംഹരിച്ചു. അവളുടെ ജീവിതത്തെ നോക്കി പുഞ്ചിരിച്ച്, അവന്‍ തിരിഞ്ഞു നടന്നു. അതുവരെ പെയ്യാനൊരുങ്ങിനിന്ന മേഘത്തെ ദിക്കുതെറ്റി വന്ന ഒരു കാറ്റ് മറ്റെങ്ങോട്ടോ പറപ്പിച്ചകൊണ്ടുപോയി.

പക്ഷേ, ഒരു കൊള്ളിയാന്‍ മാത്രം പെട്ടെന്ന് എവിടെനിന്നോ മിന്നിയൊടുങ്ങി.അതിന്‍റെ ഞെട്ടലില്‍ അവന്‍ കണ്ണുതുറന്നു.

അവള്‍ ലെറ്റു തെളിച്ചതാണ്. മൂടിപ്പുതച്ചുറങ്ങുകായിരുന്ന അവന് അവള്‍ ബെഡ്കാഫിയുമായി കണ്‍മുന്നില്‍.

അത് അവരുടെ ജീവിതത്തിലെ ആദ്യത്തെ പ്രഭാതമായിരുന്നു.

26 comments:

SUNISH THOMAS said...

അവന് അവളെ ഇഷ്ടമായിരുന്നു. അവളെ ജീവനായിരുന്നു.
ഈ കഥ എന്‍റെ പ്രിയപ്പെട്ട സുഹൃത്തിന്.
വായിക്കുക.

കുട്ടന്‍സ്‌ | S.i.j.i.t.h said...

സുനീഷ്‌ജി,
വളരെ മനോഹരമായിരിക്കുന്നൂ...ഈ കഥ ഇഷ്ടമായി...ഒരു പാരക്കഥ പ്രതീക്ഷിച്ചായിരുന്നൂ വായിച്ചു തുടങ്ങിയത്..പ്രതീക്ഷകളെത്തെറ്റിച്ച പ്രണയകഥ...
:)

കറുമ്പന്‍ said...

മുന്‍വിധിയുടെ ഒരു പ്രശ്നമിതാണ്... ഞാന്‍ ഈ കഥ തീരും വരെ പ്രതീക്ഷിച്ചു എന്തെങ്കിലും ഒരു പാര ലാസ്റ്റില്‍ കാണും എന്ന്... :)

കഥ നന്നായിട്ടുണ്ട് സുനീഷ് !!

എതിരന്‍ കതിരവന്‍ said...

കൊള്ളിയാനുകള്‍ പലവട്ടം ഒടുങ്ങിയമര്‍ന്നു. ഇരുണ്ട മേഘങ്ങള്‍‍ ആര്‍ത്തലച്ച് പെയ്തും പെയ്യാതെയും ഒളിച്ചുകളി നൂറ്റൊന്നും ആയിരത്തൊന്നും ആവര്‍ത്തിച്ചു.

മൂന്നാമത്തെ കുട്ടീ ഇന്റെന്‍സീവ് കെയര്‍ യൂണിറ്റില്‍ കിടക്കുമ്പോഴും അയാള്‍ പൈങ്കിളി സ്വപ്നങ്ങളില്‍ മുഴുകിയത് അവളെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു. ആറുവയസ്സുള്ള മൂത്ത മകന്‍ വീണ് പല്ലു പോയപ്പോഴും രണ്ടാമത്തെ മകള്‍ വീട്ടിനു പുറകിലെ ചാലില്‍ വീണ് അലറിക്കരഞ്ഞപ്പോശ്ഴും അയാള്‍ മാനം നോക്കിയിരുന്നത് അവള്‍ അത്ര കാര്യമാക്കിയിരുന്നില്ല. അവളുടെ കൂട്ടുകാരി ജേര്‍ണലിസ്റ്റ് “പൈങ്കിളി വാരികള്‍ക്കു ആണുങ്ങളിലുള്ള സ്വാധീനം” എന്ന റിസേര്‍ച്ചിനു അവളുടെ കുടുംബം തന്നെ തെരഞ്ഞെടുത്തതും അവളെ അലോസരപ്പെടുത്തിയില്ല.

പക്ഷേ ഇനി?

ബലക്കുറവുള്ള ഇളയകുഞ്ഞിനെ അവള്‍ തോളില്‍ കിടത്തി. സ്വപ്നങ്ങളില്‍ ഉറങ്ങുന്ന അയാളുടെ മുഖം പ്രകാശമാനവും ജാജ്വല്യവുമായിരുന്നത് അവള്‍ ശ്രദ്ധിച്ചു. വീണ്ടൂം കുറെ പൈങ്കിളി വാരികകള്‍ കൊണ്ടു അയാളെ പ്രേമ പൂര്‍വം പുതപ്പിച്ചു.

മറ്റു രണ്ടു കുഞ്ഞുങ്ങളെ വിരലുകളാല്‍ ബന്ധിച്ച് പടിയിറങ്ങുമ്പോള്‍ അവള്‍ ഒന്നു കൂടി തിരിഞ്ഞു നോക്കി.
ആയിരം പൈങ്കിളികള്‍ ആ വീടിനു ചുറ്റും വട്ടമിട്ട് പറക്കുന്നത് കണ്ടു.

ഇപ്പോള്‍ അവള്‍ക്ക് തീരെ പേടിയുണ്ടായിരുന്നില്ല.

Dinkan-ഡിങ്കന്‍ said...

ഇതു കലക്കീണ്ട് ട്ടാ :)
ഈ എഴുത്തും വഴങ്ങും അല്ലേ?

ബാജി ഓടംവേലി said...

ഇത്‌ എനിക്കറിയാവുന്ന പലര്‍ക്കും അനുഭവമാണ്‌
സുനീഷിന് ഇത്‌ കഥ മാത്രമാണെന്ന്‌ വിശ്വസിക്കാന്‍ സ്രമിക്കുന്നു.
ബാജി

myexperimentsandme said...

നന്നായിരിക്കുന്നു.

നല്ലതൊന്നിന് വിപരീതമായ പ്രതിപ്രവര്‍ത്തനം. മോശമായൊന്നിന് നല്ല പ്രതിപ്രവര്‍ത്തനം

ടോട്ടല്‍ ഈസ് എ കോണ്‍‌സ്റ്റന്റ് എന്നും പറയാം. ഒരു കയറ്റത്തിന് ഒരു ഇറക്കം-അതോടെ അത് കോണ്‍സ്റ്റന്റ് ആയി :)

SUNISH THOMAS said...

എതിരന്‍ ചേട്ടാ,
കമന്‍റ് ഇഷ്ടപ്പെട്ടു.
ശ്രദ്ധിക്കാം.
:-)

അഞ്ചല്‍ക്കാരന്‍ said...

അപ്പോ ഇതും വഴങ്ങും? കൊള്ളാം.

Anonymous said...

നല്ലതെന്നോ ചീത്തയെന്നോ അറിയില്ല..
രണ്ടു തുള്ളി കണ്ണീര്‍ പൊഴിച്ച്...
ബാക്കി നോവിന്റെ ചോരയെ പിറക്കാത്തൊരു കവിതയിലൊളിപ്പിച്ച്..
എനിക്കും വഴങ്ങും നിരാശയുടെ തണലില്‍ വെറുതെ കൂട്ടിരിക്കാം കൂട്ടുകാരാ നിനക്ക്...
വെറുതെ.. അടുത്ത നോവിന്റെ ആദ്യതുള്ളികളെത്തുവോളം...

Anonymous said...

എതിരന്‍ജി... ഞാനും യോജിക്കുന്നു...
ഇപ്പോള്‍ അവള്‍ക്ക് തീരെ പേടി തോന്നുന്നുണ്ടാവില്ല !!

Mr. K# said...

കൊള്ളാം കൂട്ടുകാരാ, എതിരന്റെ കമന്റ് കൂടി പോസ്റ്റില്‍ വേണ്ടതായിരുന്നു :-)

സാജന്‍| SAJAN said...

പതിവ് വഴിയില്‍ നിന്നും മാറി നടന്നത് ഹൃദ്യമായി:)

സാരംഗി said...

ഈ കഥ ഇഷ്ടമായി സുനീഷെ.

കുറുമാന്‍ said...

ഇത് വളരെ നന്നായിരിക്കുന്നു സുനീഷ്. അപ്പോ നര്‍മ്മവും, പാരയും മാത്രമല്ല എന്തും വഴങ്ങും മല്ലെ.

Areekkodan | അരീക്കോടന്‍ said...

നന്നായിട്ടുണ്ട് സുനീഷ് !!

asdfasdf asfdasdf said...

സുനീഷേ,മനോഹരം.

സാല്‍ജോҐsaljo said...

വാഹ്,,വാഹ് ജീ.. ക്യാ ബാത് ഹെ! ദില്‍ തോഡ് ദിയാ ആപ്നെതോ, ദില്പെ ലഗാദിയാ, ശുരുവാദ് മെ മെനെ ജൊ സോചാ വൊ തോ ബില്‍കുല്‍ ഗലത് നികലാ.!


മുബാരക് ഹോ.. മുബാരക്..

ഐസീ ഫിര്‍ ലിഖോ, ബഡിയാ ഹെ... ബഹുത് ബഡിയാ‍!!

സാല്‍ജോҐsaljo said...

every action has an equal or opposite reaction???!!!!

G.MANU said...

eeyideyaayi serious ayallao suneeshe....

SUNISH THOMAS said...

സാല്‍ജോ അളിയാ...
എനിക്കൊന്നും മനസ്സിലായില്ല.
കുഴപ്പില്ലല്ലോ അല്ലേ?

സീരിയസ് ആയിട്ടൊന്നുമില്ല. ഇനിയങ്ങോട്ട് പാരലല്‍ ആയിക്കോളാം.

if dere is an action, it has equal and opposite reaction!!!

ഇടിവാള്‍ said...

വായിച്ചു വരുമ്പോള്‍ ഞാനോര്‍ത്തു.. ഈ സുനീഷിനിതെന്തു പറ്റി എന്നു!
സംഭവം കൊള്ളാം ട്ടോ

SUNISH THOMAS said...

ഇടിവാളേ.. എനിക്കൊന്നും പറ്റിയിട്ടില്ല!!
ഇടയ്ക്കൊന്നു മാറി പരീക്ഷിച്ചതാ..
അടുത്തതു നമ്മുടെ പതിവന്‍ സാധനം. ഉടന്‍.
വായിച്ചതും കമന്‍റിട്ടതുമായ എല്ലാവര്‍ക്കും നന്ദി.

Sijo said...

എടാ കൊപ്പേ, പറയാനുള്ളതു വൃത്തിയായിട്ടു പറയെടാ. വാക്യങ്ങള്‍ വളച്ചുകെട്ടാതെ. ഇതൊരുമാതിരി പണ്ടാരോ മൂക്കേല്‍ പിടിച്ചപോലേ

Sijo said...

വാസ്തവത്തില്‍ നിന്റെ എഴുത്തിന്റെ പ്രധാന ആകര്‍ഷണം സരളമായ ഭാഷയാണ്‌

SUNISH THOMAS said...

എന്നെ വെറുതേ വിടോ....
കഥാപാത്രങ്ങളെയും കഥാകാരനെയും താരതമ്യപ്പെടുത്തിത്തുടങ്ങിയാല്‍ മഹാരാജ്യത്തിലെ കള്ളിന്‍റെ പകുതിയും ഞാന്‍ തന്നെ കുടിച്ചുതീര്‍ക്കേണ്ടി വരും!!!!

:-)

Powered By Blogger