Thursday, July 26, 2007

ഭരണങ്ങാനത്ത് വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍

പ്രിയപ്പെട്ടവരെ,

ഭരണങ്ങാനത്ത് വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 19ന്ആരംഭിച്ചു. 27, 28 തീയതികളിലാണു പ്രധാന തിരുനാള്‍. 28നു രാവിലെ ആറുമണി മുതല്‍ പള്ളിഅങ്കണത്തില്‍ നേര്‍ച്ചഭക്ഷണ വിതരണം ആരംഭിക്കും.
അടുത്ത വര്‍ഷം ജൂലൈ 28നു മുന്‍പ് വത്തിക്കാന്‍ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കും. മിക്കവാറും ഈ ഡിസംബറില്‍. അതിനാല്‍ ഈ വര്‍ഷത്തെ തിരുനാളിന് പ്രധാന്യമേറെയുണ്ട്.

ജൂലൈ 28ന് എല്ലാവരെയും ഭരണങ്ങാനത്തേക്കു സ്വാഗതം ചെയ്യുന്നു. പെരുന്നാള്‍ത്തിരക്കുകള്‍ക്കിടയില്‍ രാവിലെ മുതല്‍ രാത്രി വരെ ഞാനുമുണ്ടാകും. വരുന്നവര്‍ നേര്‍ച്ച ഭക്ഷണം കഴിച്ചേ മടങ്ങാവൂ എന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു.

Tuesday, July 24, 2007

കൊച്ചന്നാമ്മയും ജി- എട്ട് ഉച്ചകോടിയും

കൊച്ചന്നാമ്മയ്ക്കു കല്യാണ പ്രായമായി.

കൊച്ചന്നാമ്മയുടെ അപ്പച്ചന്‍ അവുസേപ്പുചേട്ടനും അമ്മച്ചി മേരിച്ചേട്ടത്തിയും കൊച്ചന്നാമ്മയ്ക്കു പറ്റിയ കൊച്ചന്‍മാരെ കണ്ടെത്താനുള്ള പരക്കം പാച്ചില്‍ തുടങ്ങി. ഭരണങ്ങാനത്തെ അറിയപ്പെടുന്ന തറവാട്ടുകാരായതിനാല്‍ കൊച്ചിനു നാട്ടില്‍നിന്നെങ്ങും ചെക്കന്‍മാരു വേണ്ടെന്നു തീരുമാനിച്ചത് അവരുടെ കുടുംബയോഗമായിരുന്നു. കുടുംബദ്രോഹക്കാരുടെ തീരുമാനം കൊച്ചന്നാമ്മയുടെ അപ്പച്ചനും അമ്മച്ചിയും ശിരസാ വഹിക്കാനും തീരുമാനിച്ചു. അതുമൂലം പാലാ രൂപത വിട്ട് സമീപത്തെ ചങ്ങനാശേരി, എറണാകുളം, കോതമംഗലം, കാഞ്ഞിരപ്പള്ളി തുടങ്ങിയ രൂപതകളിലെ ഏതേലും തറവാട്ടില്‍പ്പിറന്ന കൊച്ചന്‍മാരുടെ കയ്യില്‍ കൊച്ചന്നാമ്മയെ പിടിച്ചേല്‍പ്പിക്കാനായിരുന്നു അവരുടെ പ്ളാന്‍.

പാവം കൊച്ചന്നാമ്മ. അവളിതൊന്നും അറിയാതെ അങ്ങു തിരുവനന്തപുരത്ത് ടെക്നോ പാര്‍ക്കില്‍ പ്രോജക്ട് ലീഡറെ ഒടുക്കത്തെ പ്രാക്കും പ്രാകി, വൈകിട്ട് കാര്യവട്ടം ക്യാംപസിനു മുന്നില്‍ കാറ്റുകൊളളാനിറങ്ങുന്ന വായിനോക്കികളെ മനസ്സില്‍ അടച്ചാക്ഷേപിച്ച് അടിച്ചുപൊളിച്ചു ജീവിച്ചുവരികയായിരുന്നു.

വീട്ടിലെ വിളിപ്പേരായ കൊച്ചന്നാമ്മ എന്ന മാമോദീസാപ്പേര് പുറം ലോകമറിയാതിരിക്കാന്‍ വീട്ടുകാരു തന്നെ അവള്‍ക്കിട്ട മറ്റൊരു പേരുണ്ടായിരുന്നു. അന്ന. ഫയദോര്‍ ദസ്തയേവസ്കിയുടെ ഭാര്യയായിരുന്ന അന്ന സ്ക്രോട്ട്നിവിച്ച മുതല്‍ യേശുക്രിസ്തുവിന്‍റെ അമ്മ മറിയത്തിന്‍റെ മാതാവ് അന്ന വരെ നീളുന്ന പ്രമാണ്യവനിതാര്തനങ്ങളുടെ നിരയില്‍ അങ്ങനെ അവളുടെ പേരും എഴുതപ്പെട്ടിരുന്നു. കൊച്ചന്നാമ്മയെന്നു നാട്ടുകാരു കേള്‍ക്കെ ആരെങ്കിലും വിളിച്ചാല്‍ പൊട്ടിത്തെറിക്കുമെങ്കിലും കൊച്ചിന് ഉള്ളില്‍ കൊച്ചന്നാമ്മയെന്ന പേരായിരുന്നു കൂടുതല്‍ ഇഷ്ടം.

കൊച്ചന്നാമ്മയ്ക്കു നാട്ടിലെ കണ്‍ട്രികളായ പെണ്‍കൊച്ചുങ്ങളോടൊക്കെ ഒരുതരം പുച്ഛമായിരുന്നു. ഭരണങ്ങാനത്തെ ഒരുവിധപ്പെട്ട തറവാട്ടില്‍പ്പിറന്ന പെണ്‍കൊച്ചുങ്ങള്‍ക്കൊന്നും തന്‍റെയത്ര ഇന്‍റലിജന്‍റ് ക്വോഷ്യന്‍റോ ഇമോഷണല്‍ ക്വോഷ്യന്‍റോ ഇല്ലെന്നു കൊച്ചന്നാമ്മയ്ക്കു നല്ലപോലെ അറിയാമായിരുന്നു. ആണ്‍പിറപ്പുകളുടെ കാര്യത്തിലും അങ്ങനെത്തന്നെ. തന്‍റെ ഒരേയൊരു ഉടപ്പിറന്നോന്‍ കൊച്ചുതൊമ്മന്‍ മുതല്‍ ഊട്ടി ഗുഡ്ഷെപ്പേര്‍ഡില്‍ തന്‍റെയൊപ്പം പഠിച്ച, ഒലിപ്പിച്ച റിച്ചാര്‍ഡ് വരെ ഒരുമാതിരിപ്പെട്ട ഒരുത്തനും തന്‍റെ നിലവാരമില്ലെന്നും കൊച്ചന്നാമ്മയ്ക്കു തൃപ്തിയായിട്ട് അറിയാമായിരുന്നു.

നാട്ടില്‍ച്ചെന്നാല്‍ അപ്പച്ചനും അമ്മച്ചിയുംകൂടി വൈകുന്നേരം ലയണ്‍സ് ക്ളബ് എന്നും പറഞ്ഞു വണ്ടിയെടുത്തു മണ്ടുന്നതിനോടും അവള്‍ക്കു പുച്ഛമായിരുന്നു. കാരണം, യഥാര്‍ഥ ജീവിതം അവിടെയല്ലിരിക്കുന്നതെന്ന് സമൃദ്ധിയുടെ മടിത്തട്ടില്‍ പിറന്നു വീണിട്ടും എങ്ങനെയോ കൊച്ചിന്‍റെ മനസ്സില്‍ എഴുതപ്പെട്ടു പോയി. കൊച്ചന്നാമ്മയെ വീട്ടില്‍ എല്ലാവര്‍ക്കും കാര്യമായിരുന്നു. അതിലുപരി അവളുടെ നാക്കിനെയായിരുന്നു എല്ലാവര്‍ക്കും പെരുത്തിഷ്ടം. അതങ്ങനെ വിളയാടിത്തിമിര്‍ക്കുമ്പോള്‍, ചുഴലിക്കാറ്റടിച്ച ഏത്തവാഴത്തോട്ടം പോലെ പരാമര്‍ശവിഷയരായവരെല്ലാം തകര്‍ന്നു തരിപ്പണമായിരിക്കും. ഇതുമൂലം, കൊച്ചന്നാമ്മയോട് കുടുംബത്തിലെ തന്നെ സമപ്രായക്കാരായ ആണ്‍കൊച്ചുങ്ങളെല്ലാം ഒരു ഈസ്തറ്റിക് ഡിസ്റ്റന്‍സ് കീപ്പു ചെയ്തുപോന്നു. കൊച്ചന്നാമ്മയ്ക്കും അതായിരുന്നു ഇഷ്ടം. അതുകൊണ്ട് അവള്‍ക്കും അവളുടെ നാക്കിനെ വല്ലാത്ത ഇഷ്ടമായിരുന്നു.

ഭരണങ്ങാനം പള്ളീലെ പെരുന്നാളിനു കൊച്ചു വീട്ടില്‍ വന്നപ്പോളാണ്, അമ്മച്ചി മേരിച്ചേടത്തി തഞ്ചത്തില്‍ കൊച്ചിനോടു കാര്യം പറഞ്ഞത്.

അതേ, നിനക്കു ഞങ്ങളൊരു ചെറുക്കനെ തപ്പി കണ്ടു വച്ചിട്ടുണ്ട്. അവനെ നിനക്കിഷ്ടമായാല്‍, നമുക്ക് ഇതങ്ങു നടത്താം...

കണ്ണുകാണാത്ത വിശപ്പില്‍ മുന്‍പിലിരുന്ന അപ്പോം പോത്തിറച്ചിക്കറീം ആഞ്ഞുവെട്ടുകായിരുന്ന കൊച്ചന്നാമ്മ മൂട്ടിന് കൂടത്തിന് അടികിട്ടിയ പോത്തിനെയെന്ന പോലെ ഞെട്ടി!!

എനിക്കു തന്നെ നടക്കാനറിയാം...!!

കൊച്ചിന്‍റെ മറുപടി കേട്ട് മേരിച്ചേടത്തി ഇരുന്നപോയി.

നിനക്കു കല്യാണമൊന്നും വേണ്ടേ? ഇങ്ങനെ നില്‍ക്കാനാണോ പ്ളാന്‍?

കല്യാണം വേണ്ടെന്നു ഞാന്‍ പറഞ്ഞില്ലല്ലോ. എനിക്ക് ഇപ്പോള്‍ വേണമെന്നു തോന്നുന്നില്ല എന്നേ പറഞ്ഞുളളൂ..

ഇപ്പോഴല്ലേല്‍ പിന്നെയെപ്പോളാ... ഇപ്പോള്‍ത്തന്നെ നീ തടിച്ച് ഒരുപരുവമായി. ഒരു രണ്ടുവര്‍ഷംകൂടി കഴിഞ്ഞാല്‍പ്പിന്നെ നിന്നെക്കെട്ടാന്‍ ഒരുത്തനും ഈ വീടിന്‍റെ വഴിയേ പോലും വരില്ല... ഓര്‍ത്തോ...

ഓ അതു സാരമില്ല. അദ്നാന്‍ സാമിക്കു തടികുറയ്ക്കാമെങ്കിലാണോ എനിക്കു പറ്റാത്തത്? കല്യാണം കഴിക്കാറാവുമ്പോള്‍ ഞാന്‍ യോഗ ചെയ്തു തടികുറയ്ക്കും. അമ്മച്ചി നോക്കിക്കോ....

കൊച്ചന്നാമ്മ വിട്ടുകൊടുക്കാന്‍ പ്ളാനില്ലായിരുന്നു...

ഒടുവില്‍ പതിവുപോലെ മേരിച്ചേട്ടത്തി അങ്കത്തില്‍ തോല്‍വി സമ്മതിച്ച് രംഗം വിട്ടു. അപ്പവും കറിയും തീരാത്തതിനാല്‍ കൊച്ചന്നാമ്മ രംഗം വിടാന്‍ പിന്നെയും പത്തുമിനിട്ടുകൂടിയെടുത്തു.

അന്നു രാത്രി, അവുസേപ്പുചേട്ടനോടു കൊച്ചന്നാമ്മ കാര്യം പറഞ്ഞു. പുള്ളിക്കാരനു സംഗതിയുടെ ഗൗരവം പിടികിട്ടി. അമര്‍ത്തിയുള്ള ഒരു മൂളലായിരുന്നു മൂപ്പിലാന്‍റെ മറുപടി. മേരിച്ചേടത്തിക്ക് ഒരു ചുക്കുംപിടികിട്ടിയില്ല.

കൊച്ചന്നാമ്മ പെരുന്നാളുകൂടി. തിരിച്ചുപോകാന്‍ സമയമായി.

കോട്ടയത്തുനിന്നു ട്രെയിനിനാണു കൊച്ചന്നാമ്മയുടെ തിരിച്ചുപോക്ക്. അപ്പച്ചന്‍ അവുസേപ്പുചേട്ടന്‍ കാറില്‍ കോട്ടയം വരെ കൊണ്ടാക്കി. റയില്‍വേ സ്റ്റേഷനില്‍ ചെന്നിറങ്ങിയപ്പോള്‍ അവിടെ അതാ സുമുഖനായൊരു ചെറുപ്പക്കാരന്‍. കൊച്ചന്നാമ്മയെ നോക്കി അയാള്‍ ചിരിച്ചു. കൊച്ചന്നാമ്മയ്ക്കു ചിരിക്കണമെന്നില്ലായിരുന്നെങ്കിലും ചുമ്മാ ഒന്നങ്ങു ചിരിച്ചുകൊടുത്തു. അപ്പോളതാ, അവുസേപ്പുചേട്ടനും ചിരിക്കുന്നു. കൊച്ചന്നാമ്മയ്ക്ക് അപ്പച്ചന്‍റെ ചിരിയുടെ അര്‍ഥം പിടികിട്ടിയില്ല.

അവുസേപ്പുചേട്ടന്‍ അവിടെക്കണ്ട മരമോന്തയോട് (സത്യത്തില്‍ അങ്ങനെയല്ലെങ്കിലും) വിശേഷം തിരക്കി.
മോന്‍ നേരത്തെ വന്നായിരുന്നോ?

അല്‍പം നേരമായി.

ട്രെയിന്‍ വരാറായോ?

ഇല്ല, അരമണിക്കൂര്‍ കൂടിയുണ്ട്...

എന്നാല്‍ വാ.. അകത്തോട്ടു പോയേക്കാം..

കൊച്ചന്നാമ്മയുടെ ബാഗും തൂക്കി, അപ്പോള്‍ കണ്ടവന്‍റെ തോളില്‍ കയ്യുമിട്ട് അവുസേപ്പുചേട്ടന്‍ മുന്‍പില്‍ നടന്നു. കൊച്ചന്നാമ്മയ്ക്കു ദേഷ്യം വന്നെങ്കിലും അത്തരം സന്ദര്‍ഭങ്ങളില്‍ പതിവായി ചെയ്യാറുള്ളതു പോലെ എ.ആര്‍. റഹ്മാന്‍റെ ഒരു പാട്ടുംമൂളി അവളും പിന്നാലെ നടന്നു.
പ്ളാറ്റ് ഫോമിലെ ബെഞ്ചില്‍ ബാഗു വച്ച അവുസേപ്പുചേട്ടന്‍ കൊച്ചന്നാമ്മയെ നോക്കി പറഞ്ഞു.

ഇതു ജോസുകുട്ടി. നമ്മുടെ ചങ്ങനാശേരിലുള്ള നിന്‍റെ അമ്മാച്ചന്‍ പീലിപ്പോസിന്‍റെ പരിചയക്കാരന്‍റെ മോനാ.. തിരുവനന്തപുരത്തു തന്നെയാ ജോലിയും. നിന്നെ ഈ ജോസുകുട്ടിക്ക് ഞങ്ങളു കല്യാണമാലോചിച്ചിരുന്നു. നീ സമ്മതിക്കുവേല എന്നല്ലേ പറയുന്നത്. അതുകൊണ്ട് ഇങ്ങനെയൊരു കൂടിക്കാഴ്ച തന്നെ ആയിക്കോട്ടെ എന്നു ഞാനുമങ്ങു വിചാരിച്ചു. നിങ്ങളു സംസാരിച്ചിരിക്ക്. ഞാനങ്ങോട്ടു പോയേക്കാം. ജോസുകുട്ടിയും തിരുവനന്തപുരത്തിനാ. യാത്രയിലും നിനക്കു ബോറഡിക്കാതിരിക്കാന്‍ ഒരാളായല്ലോ...

നല്ല ഒന്നാന്തരം ആര്‍എസ് എസ് - 4 റബര്‍ഷീറ്റിന്‍റെയത്ര തെളിച്ചമുള്ള ചിരിയും പാസാക്കി അവുസേപ്പുചേട്ടന്‍ സ്ഥലം കാലിയാക്കി.

സുമുഖന്‍ ജോസുകുട്ടിയെ ഒറ്റകാഴ്ചയിലേ കൊച്ചന്നാമ്മ വായിച്ചെടുത്തു. പാവത്താന്‍. ഒടിഞ്ഞുതൂങ്ങിയുള്ള നില്‍പ്. ആയുഷ്ക്കാലം വിധേയനായിക്കോളാമേ എന്ന ഭാവം.
കൊച്ചന്നാമ്മ ഇരുന്നു. ബെഞ്ചിന്‍റെ നടുക്കോട്ട് എടുത്താല്‍ പൊങ്ങാത്ത ഒരു ബാഗും വലിച്ചുകേറ്റിവച്ച് അതിന്നപ്പുറത്തായി ജോസുകുട്ടിയും ഇരുന്നു...ഇരുന്നില്ല എന്ന മട്ടില്‍ ഇരുന്നു.
കൊച്ചന്നാമ്മയപ്പോള്‍ നിലത്ത് പെരുവിരലൂന്നി സിനിമാപ്പേര് എഴുതിക്കളിക്കുകയായിരുന്നു. പാവം, ജോസുകുട്ടി അതുകണ്ടപ്പോള്‍ പണ്ടു ശകുന്തള ആദ്യമായി ദുഷ്യന്തനെ കണട് നിമിഷം പോലെ എന്നങ്ങു മനസ്സിലോര്‍ത്തു പോയി.

കൊച്ചന്നാമ്മ എന്നാണല്ലേ വീട്ടിലെ പേര്?

ആദ്യ അടി തന്നെ മര്‍മ്മത്തായിരുന്നു. കൊച്ചന്നാമ്മയ്ക്ക് അതത്ര ഇഷ്ടപ്പെട്ടില്ല. അപ്പോളും അവളു മനസ്സില്‍ എ.ആര്‍ റഹ്മാന്‍റെ പാട്ടുപാടി. പുറത്തേക്ക് അതിന്‍റെ ഹമ്മിങ് മാത്രമേ കേട്ടുള്ളു...

ങും..!!

എനിക്കും ആ പേരാ ഇഷ്ടം!! വായില്‍ അങ്ങനെ വഴക്കിയെടുക്കാന്‍ പെട്ട പാട് അവനോര്‍ത്തു. എങ്കിലും അവനതു കഷ്ടപ്പെട്ട് മനസ്സിലൊതുക്കി.

കര്‍ത്താവേ, കുരിശാവുമോ? അവളു മനസ്സിലോര്‍ത്തു. ആയുഷ്ക്കാലം ഈ കാലമാടന്‍റെ കൊച്ചന്നാമ്മേന്നുള്ള നീട്ടിവിളിയേക്കുറിച്ചോര്‍ത്തപ്പോള്‍ താനിനി ചട്ടേം അടുക്കിട്ട മുണ്ടും കൂടി ഉടുക്കേണ്ടി വരുമോയെന്നും അവളു ചിന്തിച്ചുപോയി.

എന്താ ഒന്നും പറയാത്തത്?

ഞാന്‍ അധികം സംസാരിക്കുന്ന ടൈപ്പല്ല- അവളതു പെട്ടെന്നു പറഞ്ഞ് വളരെ കഷ്ടപ്പെട്ടു വായടച്ചു.

അവനതങ്ങു വിശ്വസിച്ചു. കാര്യപ്പെട്ട പഠിപ്പും ഉദ്യോഗവുമൊക്കെയുണ്ടെങ്കിലും ജോസുകുട്ടി അങ്ങനെയൊരു ടൈപ്പായിരുന്നു. ഈശ്വരവിശ്വാസത്തിന്‍റെ കാര്യത്തില്‍ മുതല്‍ എല്ലാക്കാര്യത്തിലും ജോസുകുട്ടി അങ്ങനെയായിരുന്നു..

ഈശ്വരവിശ്വാസമൊക്കെ...?

ഞാന്‍ ഭയങ്കര ഈശ്വരവിശ്വാസിയാ...പരീക്ഷ അടുക്കുമ്പോളും പനി വരുമ്പോളുമേ പള്ളീല്‍ പോകത്തൂള്ളൂ. അല്ലാത്തപ്പം വീട്ടിലിരുന്ന് തനിയെ കുര്‍ബാന ചൊല്ലും. കുര്‍ബാനപ്പുസ്തകം വീട്ടിലുള്ളതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമാ...

ജോസുകുട്ടി അഡ്ജസ്റ്റ്മെന്‍റിനു തയ്യാറായിരുന്നു. അങ്ങനെ വേണമെന്ന് ഏതോ പുസ്തകത്തില്‍ വായിച്ചത് അവനോര്‍ത്തു.

ട്രെയിന്‍ വരാന്‍ ഇനിയും സമയമുണ്ട്. നമുക്കൊരു കാപ്പികുടിക്കാം. റയില്‍വേ സ്റ്റേഷന്‍റെ അടുത്തുള്ള കാപ്പിക്കടയിലേക്ക് ഇരുവരും ഒന്നിച്ചു നടന്നു. അപ്പോള്‍ അവര്‍ക്കടുത്തുകൂടി ജീന്‍സും ടോപ്പും ധരിച്ച ഒന്നുരണ്ടു പിള്ളേര്‍ ചുകുചുകാന്ന് ഒച്ചേം വച്ചു പ്രാഞ്ചിപ്രാഞ്ചിപ്പോയി. ജോസുകുട്ടി അതുകണ്ടില്ല.

അന്നാമ്മയ്ക്ക് അതു വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. അതുകൊണ്ട് അവളതു വിശ്വസിച്ചില്ല. പകരം, ഇയാളു തന്‍റെയടുത്ത് അടവെടുക്കുകയാണെന്ന് അവളങ്ങു വിചാരിച്ചു.

പിള്ളേരൊക്കെ സ്ളിം ആണല്ലോ എന്നോര്‍ത്തപ്പോള്‍ അവളുടെ മനസ്സു മുറിഞ്ഞു. തനിക്ക് ഇനി അങ്ങനെയൊന്നാവാന്‍ പറ്റുമോന്നും അവളോര്‍ക്കാതിരുന്നില്ല. അദ്നാന്‍ സ്വാമിയുടെ ലിഫ്റ്റ് കരേദോ ആണ് അപ്പോള്‍ അവളുടെ മനസ്സിലേക്ക് ഓടിയെത്തിയത്.

കാപ്പി കുടിപ്പു തുടങ്ങിയെങ്കിലും അവളുടെ കണ്ണുകള്‍ കണ്ണാടിപ്പെട്ടിയിലിരിക്കുന്ന സുഖിയന്‍റെ നേര്‍ക്കായിരുന്നു. അതു മുഴുവന്‍ കമ്മതി വിലപറഞ്ഞു മേടിച്ചു ബാഗില്‍ വയ്ക്കാന്‍ മനസ്സില്‍ തോന്നിയതാണെങ്കിലും എ.ആര്‍. റഹ്മാന്‍റെ പാട്ട് പാടി അതുവേണ്ടെന്ന് അവളങ്ങുവച്ചു.

കല്യാണത്തെക്കുറിച്ചും ഭര്‍ത്താവിനെക്കുറിച്ചുമുള്ള സങ്കല്‍പ്പങ്ങള്‍??

ആ ചോദ്യത്തിനുകൂടി ഉത്തരം പറയാന്‍ അവള്‍ക്ക് ശേഷിയുണ്ടായിരുന്നില്ല.

എനിക്കങ്ങനെ സങ്കല്‍പ്പങ്ങളൊന്നുമില്ല.

ജോസുകുട്ടിക്ക് ആശ്വാസമായി. ആത്മവിശ്വാസമായി. സങ്കല്‍പ്പങ്ങള്‍ പറഞ്ഞു പെണ്ണു തന്നെ പ്ളാറ്റ്ഫോമില്‍ വീഴ്ത്തുമോയെന്ന പേടിയും ജോസുകുട്ടിയില്‍നിന്ന് ഓടിയകന്നു.

കാപ്പി കുടിപ്പു കഴിഞ്ഞു.

എന്നതേലുമൊന്നു പറഞ്ഞാല്‍ ഉപകാരമായിരുന്നു.

അല്‍പം സ്വാതന്ത്ര്യത്തോടെയുള്ള ജോസുകുട്ടിയുടെ ആ പറച്ചിലിന് അവളുടെ മറുപടി അല്‍പം ക്രൂരമായിരുന്നു.

കാപ്പീടെ കാശു ഞാന്‍ കൊടുത്തോളാം..!!!

തൊട്ടടുത്ത നിമിഷം മലബാര്‍ എക്സ്പ്രസ് പ്ളാറ്റ്ഫോം നമ്പര്‍ ഒന്നില്‍ വന്നു നിന്നു. സോനാമ്പുലിസം ബാധിച്ചവനെപ്പോലെനടന്നുനീങ്ങുന്ന ജോസുകുട്ടിയെ അവള്‍ കണ്ടു. കോച്ച് തെറ്റി ട്രെയിനിന്‍റെ പാന്‍ട്രിയിലേക്ക് കയറാന്‍ തുടങ്ങിയ അയാളെ അവള്‍ തിരികെ വിളിച്ചില്ല.
കൊച്ചന്നാമ്മ എസ്-2 കോച്ചിനു നേര്‍ക്കു നടന്നു.


ആറ്റുനോറ്റു കൊണ്ടു വന്ന ആലോചന പാളം തെറ്റിപ്പോയത് ഓര്‍ത്തപ്പോളൊക്കെ അവുസേപ്പുചേട്ടന്‍റെ ബൈപാസിലോടുന്ന ഹൃദയം വീക്കായിത്തുടങ്ങി.

തോറ്റുകൊടുക്കാന്‍ അവുസേപ്പുചേട്ടന്‍ തച്ചോളി ചന്തുവായിരുന്നില്ല.

മലബാര്‍ എക്സ്പ്രസിന്‍റെ ബോഗിപോലെ ഓരോന്നോരോന്നായി ആലോചനകള്‍ വന്നുകൊണ്ടിരുന്നു. കൊച്ചന്നാമ്മ ഒക്കെയും അപായച്ചങ്ങല പിടിച്ചുവലിച്ച് നിര്‍ത്തിക്കൊണ്ടും. കൊച്ചന്നാമ്മയ്ക്കു പുരുഷ പ്രജകളോടു വിരോധമുണ്ടായിട്ടായിരുന്നില്ല ഇതൊന്നും.

തന്‍റെ പ്രൊഫൈലിനു മാച്ചാകുന്ന ഒന്നും ഭൂമി മലയാളത്തില്‍ ഇല്ലെന്ന് അവള്‍ക്കുറപ്പായിരുന്നു.
തനിക്കു പറ്റിയ പാതിയെക്കുറിച്ച് അവളും അന്വേഷിക്കാതിരുന്നില്ല. ബോള്‍ഡ് ബട്ട് ഇറ്റാലിക് എന്ന മട്ടില്‍ ഏതെങ്കിലുമൊരു കക്ഷിയെ കണ്ടെത്തും വരെ താന്‍ മുടക്കല്‍- തിങ്കള്‍ വ്രതങ്ങള്‍ തുടരുമെന്നു മനസ്സില്‍ കൊച്ചന്നാമ്മ പ്രഖ്യാപിച്ചതിന്‍റെ കൃത്യം മൂന്നാം നാളാണു യാഹു ചാറ്റില്‍ അവള്‍ ആ പേരു കണ്ടത്.....

മിസ്റ്റര്‍ പെരേര...!!!

ആ പേരില്‍ത്തന്നെ ഷേക്സ്പിയറു തോറ്റുപോയി. ആ പേരില്‍ ഒരുപാടു സംഗതികളുണ്ടെന്നു കൊച്ചന്നാമ്മയ്ക്കു തോന്നി.

ഹായ്...

കൊച്ചന്നാമ്മയുടെ ചാറ്റിനു നേരെ കുറച്ചുനേരത്തേക്കു മറുപടിയൊന്നും ചീറ്റിയില്ല.
ചീറ്റിങ്ങായിപ്പോയെന്നു കൊച്ചന്നാമ്മയ്ക്കു തോന്നി. വേണ്ടാരുന്നെന്നും...

അടുത്ത നിമിഷം, മറുപടി വന്നു.

ചെറിയൊരു ഹായ്.

എന്തു ചെയ്യുന്നുവെന്ന ചോദ്യത്തിനു നേര്‍ക്കും ആദ്യം മൗനം. പിന്നെ, മറുപടി.

ചാറ്റു ചെയ്യുന്നു...

കൊച്ചന്നാമ്മയുടെ അഭിമാനത്തിന്‍റെ ഇനാമല്‍ പെയിന്‍റ് ഇളകിത്തുടങ്ങി.
കക്ഷി ബോള്‍ഡ് തന്നെ!! അല്‍പം ചമ്മലോടെയും കൊച്ചന്നാമ്മ മനസ്സിലോ‍ര്‍ത്തു.

എവിടെയാ വീട്?

തിരുവനന്തപുരത്ത്!!

കൊച്ചന്നാമ്മ ഞെട്ടി!!

ഞാനും അവിടെത്തന്നെ!!

വളരെ സന്തോഷം!!!

മറുപടിയിലും ആകെപ്പാടെ ബോര്‍ഡ്നെസ്. പോരാത്തതിന് അടിച്ചുവിടുന്നതെല്ലാം നല്ല ബോള്‍ഡ് ലെറ്റേഴ്സില്‍.

വരമൊഴിയില്‍ മലയാളം അടിക്കുന്നപോലെ ആദ്യം വളരെ കഷ്ടപ്പെട്ട് കൊച്ചന്നാമ്മ ചാറ്റ് തുടര്‍ന്നു. ഇടയ്ക്ക് നിലച്ചും, ഇടയ്ക്ക് ചെറുതായി മറുപടി പറഞ്ഞുമൊക്കെ പെരേരയും ചാറ്റില്‍ത്തുടര്‍ന്നു...

ഒടുവില്‍ ഇന്‍റര്‍നെറ്റുകാരു കട അടയ്ക്കുകയാണെന്നു പ്രഖ്യാപിച്ച നിമിഷം കൊച്ചന്നാമ്മ മനസ്സില്ലാമനസ്സോടെ പെരേരയോടു യാത്ര പറഞ്ഞു.

നാളെ കാണാം....

അയ്യോ സോറി, നാളെ ഞാന്‍ സിംഗപ്പൂരാ... മറ്റന്നാളു കാണാം. തിരിച്ചുവരും...!!

കൊച്ചന്നാമ്മ പിന്നെയും ഞെട്ടി. പെരേര സിങ്കം തന്നെ!! താനിതു വരെ കണ്ട ആട്, മാട്, പൂച്ച, മരപ്പട്ടി തുടങ്ങിയവയോടൊക്കെ കൊച്ചന്നാമ്മയ്ക്ക് അതിയായ പുച്ഛം തോന്നി.

അന്നു രാത്രി കൊച്ചന്നാമ്മ ഉറങ്ങിയില്ല. ഉറങ്ങാതെ കിടന്ന കൊച്ചന്നാമ്മയുടെ തലയ്ക്കുമുകളില്‍ക്കൂടി ശംഖുമുഖത്തുനിന്നും വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്തുകൊണ്ടിരുന്നു. ഓരോ വിമാനത്തിന്‍റെയും ഇരമ്പല്‍ കേള്‍ക്കുമ്പോള്‍ കൊച്ചന്നാമ്മയോര്‍ത്തു...
ഇതില്‍ പെരേരയുണ്ടാവും!!!

കടിച്ചുപിടിച്ച് ഒരുദിവസം കഴിഞ്ഞുപോയി. കൊച്ചന്നാമ്മ പിറ്റേന്നൊരു ലീവ് പറഞ്ഞു.
രാവിലെ ചാറ്റ്റൂമില്‍ കയറി കതകടച്ച കൊച്ചന്നാമ്മ ലോഗിന്‍ ചെയ്തപ്പോളേ പെരേര അതാ ചാറ്റില്‍...

തിരിച്ചെത്തിയോ?

സോറി, ഇല്ല. ഇപ്പം ബാംഗോക്കിലാ.. അത്യാവശ്യം ഒരു മെയില്‍ അയക്കാന്‍ കേറിയതാ.. ഉടന്‍ സൈന്‍ ഔട്ട് ആകും..!!

കൊച്ചന്നാമ്മയ്ക്ക് അതിയായ സങ്കടം തോന്നി.

എന്താ പെരേരയുടെ പരിപാടി?

ബിസിനസ്.

എന്തു ബിസിനസ്?

ഇന്നതെന്നില്ല. എന്തും?

എന്തും??

ങും, ഒട്ടുപാലു മുതല്‍ മൈക്രോപ്രോസസര്‍ വരെ....

അതും കൊച്ചന്നാമ്മയ്ക്കിഷ്ടപ്പെട്ടു.

ആളു ഭയങ്കര കൂള്‍ ആണല്ലോ...

ആദ്യമായി പെരേര ഒന്നിളകി!

ഹയ്യോ... ആരു പറഞ്ഞു? എല്ലാവരും ഞാന്‍ ഭയങ്കര ബോള്‍ഡ് ആണെന്നാ പറയാറ്...!!

എനിക്കങ്ങനെ തോന്നിയില്ല. ആദ്യം മുതലേ എനിക്കറിയാമായിരുന്നു...

എന്ത്???

ഇതു ഭയങ്കര കൂളാണെന്ന്....

ഇതോ.. അതെന്താ?????

പേരു പറയാന്‍ മടിയായതു കൊണ്ടാ...

പേരു പറയാതിരുന്നാല്‍ എന്തു ചെയ്യും???

ഇത്, അത് എന്നൊക്കെ വിളിച്ചോളാം....

എത്രകാലം അങ്ങനെ വിളിക്കും???
പിന്നെ, ഞാന്‍ പിള്ളേരുടെ അച്ഛാ എന്നു വിളിച്ചോളാം...!!!!!!!

ബാംഗോക്കില്‍ ഇരുന്നു പെരേര ചിരിച്ചു. പൊട്ടിച്ചിരിച്ചു...

വളയാതെ നിന്ന കൊന്നത്തെങ്ങു വളച്ചൊതുക്കി ഇപ്പുറത്തെ പ്ളാവേല്‍ കെട്ടിവച്ചതിന്‍റെ അഹങ്കാരത്തോടെ കൊച്ചന്നാമ്മയും ചിരിച്ചു.

പെരേര...അതാണു പേര്. ബിസിനസ്മാനാണ്. നാട്ടില്‍ മാത്രമല്ല. ഗ്ളോബല്‍ ബിസിനസ്മാന്‍!!!

തന്‍റെ കണ്ടെത്തല്‍ കൊച്ചന്നാമ്മ അമ്മച്ചി മേരിക്കുട്ടിയോടു പറ‍ഞ്ഞു. മേരിച്ചേട്ടത്തി അങ്ങ് ഹാപ്പിയായി.

അവുസേപ്പുചേട്ടന്‍ പക്ഷേ ഹാപ്പിയായില്ല... നമുക്ക് അതൊക്കെ വേണോ?

മോളുടെ ആഗ്രഹമല്ലേ... അങ്ങു നടത്തിയേരെന്നേ...

ഒടുക്കം അവുസേപ്പുചേട്ടന്‍ തച്ചോളി ചന്തുവായി...തോറ്റുകൊടുത്തു!!

കൊച്ചന്നാമ്മ ചാറ്റ്റൂമിലേക്കു നേരെ പാഞ്ഞു.

പെരേരയോടു കാര്യം പറഞ്ഞു.

ഞാന്‍ ഭയങ്കര ബിസിയാ.. കഴിഞ്ഞ മാസം ജര്‍മനിയില്‍ നടന്ന ജി-എട്ട് ഉച്ചകോടിയില്‍ പ്രബന്ധം അവതരിപ്പിച്ചതു ഞാനാ... അതിന്‍റെ ഫോളോ അപ് കുറേപ്പണിയുണ്ട്...കല്യാണം നിശ്ചയിച്ചോ...കൃത്യദിവസം ഞാനങ്ങെത്തിക്കോളാം...

ഒരിക്കല്‍പ്പോലും നേരില്‍ക്കാണാത്ത ഫാവി വരനോട് കൊച്ചന്നാമ്മ മറ്റൊരു ചോദ്യം കൂടിയെറിഞ്ഞു...

ആദ്യമായിട്ട് എന്നെ കാണുമ്പോള്‍ ഇഷ്ടപ്പെട്ടില്ലെങ്കിലോ...??

പെരേരയ്ക്ക് ആ ചോദ്യം ഇഷ്ടപ്പെട്ടില്ല.

മുഖം മനസ്സിന്‍റെ കണ്ണാടി എന്നല്ലേ? ആ മുഖം ഞാനെപ്പോളേ കണ്ടിരിക്കുന്നു. എനിക്കിഷ്ടമാവും...!!

കൊച്ചന്നാമ്മേടെ മനസ്സുനിറഞ്ഞു. മുഖം തെളിഞ്ഞു.

കല്യാണദിവസമായി. നാട്ടിലെ സകലരെയും അവുസേപ്പുചേട്ടന്‍ കല്യാണത്തിനു വിളിച്ചു. ചെക്കനെ ഇതുവരെ നേരില്‍ കണ്ടിട്ടില്ലെങ്കിലും പത്തുമുപ്പതു വട്ടം ഒന്നിച്ചു ഫ്ളൈ ചെയ്തിട്ടുണ്ടെന്ന ആംഗിളില്‍ അവുസേപ്പുചേട്ടന്‍ അലക്കിക്കൊണ്ടിരുന്നു.

ഭരണങ്ങാനം പളളീല്‍ പുതിയ കുടുംബത്തിന്‍ കതിരുകളുയരുന്നു എന്ന ക്വയര്‍ ഗാനം കേട്ടു തുടങ്ങി. കല്യാണപ്പെണ്ണ് നേരത്തെ ഹാജര്‍.

അപ്പോളതാ... കല്യാണത്തിരക്കുകളെ കീറിമുറിച്ചുകൊണ്ട് ഒരു സ്കോര്‍പ്പിയോ, പിന്നിലൊരു സ്കോഡ, അതിനു പിന്നിലൊരു മെഴ്സിഡസ് എന്നിവ വന്നുനിന്നു.

കൊച്ചന്നാമ്മയടക്കം ആകാംക്ഷയോടെ നോക്കിയ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് കറുത്ത കോട്ടും കറുത്ത ഷൂവുമൊക്കെ ധരിച്ച അത്രയൊന്നും സുമുഖനല്ലാത്ത ഒരാളുമിറങ്ങി...

പെരേര...

ഓടിച്ചെന്ന അവുസേപ്പുചേട്ടനോട് അയാള്‍ സ്വയം പരിചയപ്പെടുത്തി.

അതുപിന്നെ എനിക്കറിയത്തില്ലേടാ മരുമോനെ എന്ന മട്ടില്‍ അവുസേപ്പുചേട്ടന്‍ പേരേരയെ കെട്ടിപ്പിടിച്ചു.

പെണ്ണും ചെറുക്കനും പള്ളീലോട്ടു വലത്തുകാലുവച്ചു കയറും മുന്‍പ് തുരുതുരെ ക്യാമറ ഫ്ളാഷുകള്‍ മിന്നി.

മിന്നിലിന്‍റെ ഇടയ്ക്കാണു പുറകില്‍ ഒരു മഹീന്ദ്ര ജീപ്പ് ബ്രേയ്ക്കിട്ടുനിന്നത്.
അതില്‍നിന്നിറങ്ങിയ കാക്കിയിട്ട ചേട്ടായിമാര്‍ പെരേരയുടെ കോളറിനുപിടിച്ചു പൊക്കി.

കൊച്ചന്നാമ്മ, അവുസേപ്പുചേട്ടന്‍, മേരിച്ചേട്ടത്തി, കൊച്ചുതൊമ്മന്‍ എന്നിവര്‍ തുടങ്ങി ജനസാമാന്യം ഒന്നടങ്കം ഞടുങ്ങി.

ഇവന്‍ കോടാലി പെരേര.. വിവാഹത്തട്ടിപ്പു വീരനാ... എറണാകുളത്തും തിരുവനന്തപുരത്തുമായിട്ടാ വിലസല്‍. പെണ്‍പിള്ളേരോട് ദുബായിലാന്നും സിംഗപ്പൂരാന്നമൊക്കെ പറയും....!!

പെരേരയെയും എടുത്തിട്ടു പൊലീസ് ജീപ്പ് പാലായ്ക്കു തിരിച്ചു പാഞ്ഞു.

ബൈപ്പാസ് ഹൃദയവും താങ്ങി അവുസേപ്പുചേട്ടന്‍ പള്ളിനടയില്‍ കുത്തിയിരുന്നു. മേരിച്ചേട്ടത്തി നെഞ്ചിനിട്ട് ഇടി തുടങ്ങി. ക്ഷണിക്കപ്പെട്ട നാട്ടുകാര്‍ പാരിഷ് ഹാളില്‍ തങ്ങളെ നോക്കി ചിരിക്കുന്ന ആടും പോത്തും പന്നിയുമൊക്കെ വേസ്റ്റ് ആവുമോ എന്നോര്‍ത്ത് വിഷാദപ്പെട്ടു.
കൊച്ചന്നാമ്മ തകര്‍ന്നു തരിപ്പണമായി അവിടെ നിന്നു...

ഇനിയെന്തു ചെയ്യുമെന്നാലോചിച്ച് തലയുയര്‍ത്താതെ അവിടെയിരുന്ന അവുസേപ്പുചേട്ടന്‍റെ തോളില്‍ തണുത്ത ഒരു കൈ വന്നു വീണു.

അവുസേപ്പുചേട്ടന്‍ തല ഉയര്‍ത്തി നോക്കി.

ജോസുകുട്ടി!!!

കൊച്ചന്നാമ്മയ്ക്ക് എതിര്‍പ്പില്ലെങ്കില്‍ ഞാന്‍ അവളെ കെട്ടിക്കോളാം.....!!!!

ഭരണങ്ങാനം പള്ളിയില്‍ അപ്പോള്‍ മണി പന്ത്രണ്ടു മുഴങ്ങി.

മലബാര്‍ എക്സ്പ്രസ് സര്‍വീസ് തുടങ്ങുന്ന സമയം- ജോസുകുട്ടി മനസ്സിലോര്‍ത്തു!!!

Monday, July 23, 2007

ഒരു ഭാസനാടകത്തിന്‍റെ അന്ത്യം


ദീനാമ്മ സുന്ദരിയായിരുന്നു.

കഴിഞ്ഞ പത്തുവര്‍ഷമായി ഞങ്ങളുടെ ചെറിയ ഗ്രാമത്തിലെ ഒരേയൊരു മിസ് യൂണിവേഴ്സ് ആണു ദീനാമ്മ. ദീനാമ്മയുടെ സീനിയേഴ്സും ജൂനിയേഴ്സുമായ അനവധി വനിതാരത്നങ്ങള്‍ ഭരണങ്ങാനത്തുകൂടി നടന്നിട്ടും ദീനാമ്മയ്ക്കുള്ളയത്ര ഹിറ്റ് വേറെയൊരു ബ്ളോഗിനും സോറി, വനിതാരത്നത്തിനും നാട്ടുകാരില്‍നിന്നു കിട്ടിയില്ല.

ഇതുമൂലം ഒരുമാതിരിപ്പെട്ട സ്ത്രീരത്നങ്ങള്‍ക്കൊന്നും തന്നെ ദീനാമ്മയെ കണ്ണെടുത്താല്‍ കാണത്തില്ലായിരുന്നു. ദീനാമ്മയും മേല്‍പ്പറഞ്ഞ ജനുസ്സില്‍പ്പെട്ടതായിരുന്നതിനാല്‍ നാട്ടിലെ മറ്റൊരു സ്ത്രീരത്നത്തെയും ദീനാമ്മയ്ക്കും കാണുന്നതിഷ്ടമില്ലായിരുന്നു. എന്നാല്‍, നാട്ടിലെ ആണുങ്ങടെ സ്ഥിതി അതായിരുന്നില്ല. ദീനാമ്മയെ കാണാതിരുന്നാലായിരുന്നു അവര്‍ക്കു വിഷാദം.

ദീനാമ്മയ്ക്കായി ഭരണങ്ങാനത്ത് ഒരു ഫാന്‍സ് അസോസിയേഷന്‍ പോലുമുണ്ടായിരുന്നു. ദീനാമ്മ സ്വിച്ചിട്ടാല്‍ എത്ര വേഗത്തിലും കറങ്ങുമെന്നു സ്വയം പ്രഖ്യാപിച്ച ആ ആബാലവൃദ്ധസമൂഹത്തിന്‍റെ എണ്ണം ഭരണങ്ങാനത്തെ ഗ്രാമസഭകളുടെ ഹാജറിന്‍റെ ഇരട്ടിയോളം വരുമായിരുന്നു. അതില്‍ പ്രമുഖനായിരുന്നു സര്‍വകലാ വല്ലഭനും സ‍ര്‍വോപരി സല്‍സ്വഭാവിയുമായ ചാക്കോച്ചന്‍ കുന്നിനാകുഴി.

സിനിമാ സംവിധായകനാവുക എന്നതായിരുന്നു ചാക്കോച്ചന്‍റെ ജീവിതാഭിലാഷം. പത്താം ക്ളാസ് പാസായില്ലെങ്കിലും ചാക്കോച്ചന്‍ ഒരു സിനിമാ സംവിധായകനു വേണ്ട എല്ലാ യോഗ്യതകളുമുള്ള വ്യക്തി, അഥവാ വ്യക്തിത്വം അതുമല്ലെങ്കില്‍ പ്രസ്ഥാനം പോലുമായിരുന്നു. കാശുള്ളവരെ കറക്കിവീഴ്ത്തുകയെന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ മിടുക്ക്.

വലിക്കുന്നതു ദിനേശ് ബീഡിയാണെങ്കിലും ചാക്കോച്ചന്‍റെ പോക്കറ്റില്‍ എപ്പോഴും ഒരു പായ്ക്ക് വില്‍സ് ഉണ്ടാവും. സ്ഥലത്തെ പ്രധാന വ്യക്തികളോടു സംസാരിക്കുമ്പോളൊക്കെ അതില്‍നിന്ന് ഒരു വില്‍സ് എടുത്തു കയ്യില്‍പ്പിടിക്കുകയും പലവട്ടം അതില്‍തീപിടിപ്പിക്കാന്‍ ശ്രമിക്കുകയും അപ്പോഴൊക്കെ സംസാരത്തിന്‍റെ വ്യഗ്രതയില്‍ അതു മറന്നുപോയതായി ഭാവിക്കുകയും ഒടുവില്‍ സംസാരം അവസാനിപ്പിക്കും വരെ അതു കത്തിക്കാതിരിക്കുകയും കക്ഷി സ്ഥലം വിട്ടുകഴിഞ്ഞാലുടന്‍ അതു വീണ്ടും പോക്കറ്റിലേക്കു തന്നെ നിക്ഷേപിക്കുകയുമായിരുന്നു ചാക്കോച്ചന്‍റെ സ്റ്റൈല്‍.

ഒരു വില്‍സ് കൊണ്ട ചാക്കോച്ചന്‍ ഇങ്ങനെയുണ്ടാക്കിയെടുത്ത ഇമേജ് നാട്ടില്‍ വളരെ വലുതായിരുന്നു. അമ്മച്ചിയും അപ്പച്ചനും ചേര്‍ന്നു കഷ്ടപ്പെട്ടു സമ്പാദിക്കുന്ന കാശുകൊണ്ടു മേടിക്കുന്ന റേഷനരിക്കഞ്ഞിയാണു കുടിക്കുന്നതെങ്കിലും ദിവസവും ഫ്രൈഡ് റൈസ് കഴിച്ചു വളര്‍ന്നവന്‍റെ തലയെടുപ്പുണ്ടായിരുന്നു ചാക്കോച്ചന്.

താന്‍ സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുന്ന കാലം വിദൂരമല്ലെന്നും തന്‍റെ ആദ്യസിനിമയില്‍ ദീനാമ്മയെ നായികയാക്കുന്ന കാര്യം ഇപ്പോഴേ തീരുമാനിച്ചു കഴിഞ്ഞതായും ചാക്കോച്ചന്‍ തന്‍റെ ആരാധകരായ എല്‍പി സ്കൂള്‍ കുട്ടികളോട് എപ്പോഴും പറയുമായിരുന്നു. ദീനാമ്മയോടു ചാക്കോച്ചനു പ്രണയമായിരുന്നു.

ആയിടെയാണു ഭരണങ്ങാനത്തെ ശ്രീകൃഷ്ണക്ഷേത്രത്തിലെ ഉല്‍സവം വന്നത്. ഭരണങ്ങാനത്തിന് ഉല്‍സവമെന്നോ പള്ളിപ്പെരുനാള്‍ എന്നോ വ്യത്യാസമില്ലായിരുന്നു. രണ്ടായാലും പരിസരത്തെ ഷാപ്പുകളില്‍ ആവശ്യത്തിനു കള്ളുണ്ടാവണം, പിന്നെ നാലിടത്തെങ്കിലും ചുക്കിണി, കറക്കിക്കുത്ത് എന്നീ അലുക്കുലുത്തുകളും വേണം. അതുമാത്രമായിരുന്നു നാട്ടുകാര്‍ക്കു നിര്‍ബന്ധം.


ഉല്‍സവത്തിനു ഡാന്‍സ്, ബാലെ ഐറ്റങ്ങള്‍ക്കൊപ്പം ഭരണങ്ങാനത്തിന്‍റെ കലകാകാരന്‍മാര്‍ അവതരിപ്പിക്കുന്ന പുണ്യപുരാണ നാടകവും അനൗണ്‍സ് ചെയ്യപ്പെട്ടു.

നാടകത്തിന്‍റെ പേര്- സീതേ നീയെവിടെ?

രാമായണം ഉത്തരകാണ്ഡമായിരുന്നു കഥാ വിഷയം. ശ്രീരാമന്‍റെ സീതാ പരിത്യാഗവും തുടര്‍ന്നു വാല്‍മീകിയുടെ ആശ്രമത്തില്‍വച്ചു സീതയെ ശ്രീരാമന്‍ കണ്ടു മുട്ടുന്നതുമാണു കഥാവിഷയം.

ഡല്‍ഹിയില്‍നിന്നു നാട്ടിലെത്തിയ ഭാസ്കന്‍ പിള്ളയായിരുന്നു നിര്‍മാതാവ്. സ്വന്തമായി ഒരു സിനിമ നിര്‍മിക്കുകയെന്ന ഉദ്ദേശ്യവുമായി ജീവിക്കുന്ന ഭാസ്കരന്‍ പിള്ളേച്ചനെ മാട്ടേല്‍ ഷാപ്പില്‍ വച്ചു കറക്കിവീഴ്ത്തിയതു ചാക്കോച്ചന്‍ തന്നെയായിരുന്നു. തന്‍റെ കൈയില്‍ ഒരു കഥയുണ്ടെന്നും അത് ഇത്തവണത്തെ ഉല്‍സവത്തിനു സ്റ്റേജില്‍ കയറ്റിയാല്‍ ഗംഭീരമായിരിക്കും എന്നും മറ്റുമുള്ള ചാക്കോച്ചന്‍റെ വാചകമടിയിലും ഒപ്പം നടന്നുകൊണ്ടിരുന്ന കള്ളടിയിലും പെട്ട് പാവം പിള്ളേച്ചന്‍ വീണു പോയി.

ചാക്കോച്ചന്‍റെ കൈയിലിരുന്ന കഥയേതായാലും കയ്യില്‍ത്തന്നെയിരിക്കട്ടെ, നമുക്കു പുണ്യപുരാതനനാടകം വല്ലതും മതിയെന്ന് അമ്പലക്കമ്മറ്റിക്കാര്‍. ഒടുവില്‍, ചാക്കോച്ചന്‍ മറ്റെല്ലാ സംവിധായകരെയും പോലെ ഒത്തുതീര്‍പ്പിനു വഴങ്ങി. പുണ്യപുരാതനമെങ്കില്‍ അങ്ങനെ. അമ്പലത്തിലെ കഴകക്കാരില്‍ ഒരാളായ ശങ്കുണ്ണിച്ചേട്ടന്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി.

പ്രഫഷനല്‍ നാടകങ്ങള്‍ തോറ്റുപോകുന്ന തരത്തിലുള്ള ക്ളൈമാക്സും എഴുതിക്കേറ്റി.

സംവിധായകനെന്ന നിലയില്‍ താനീ നാടകത്തെ ഒരു വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്നു ചാക്കോച്ചന്‍ പ്രഖ്യാപിച്ചു. റിഹേഴ്സല്‍ തുടങ്ങുന്ന തീയതിയും പ്രഖ്യാപിച്ചു. ഇനി കഥാപാത്രങ്ങളെ കണ്ടെത്തണം.

ആരു സീതയാവും?എല്ലാവരും മുഖത്തോടുമുഖം നോക്കി. ചാക്കോച്ചന്‍ എങ്ങോട്ടും നോക്കാതെ ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞു- ദീനാമ്മ.

ദീനാമ്മയോ? ചാക്കോച്ചനു സംശയം ഒട്ടുമില്ലായിരുന്നു. ദീനാമ്മ തന്നെ.
നല്ലോരു ക്രിസ്ത്യാനിയായ ആ കൊച്ച് സീതയായിട്ടൊക്കെ വേഷമിടുമോ?


ഹെന്‍റെ മോളു സീതയാവുന്നതിലൊന്നും എനിക്കൊരു വിരോധവുമില്ല. പക്ഷേ അതങ്ങു സിനിമേലാണേല്‍ മാത്രം!

ദീനാമ്മയുടെ അപ്പന്‍ ഗീവര്‍ഗീസു ചേട്ടന്‍ മാട്ടേല്‍ഷാപ്പിലിരുന്നു കട്ടായം പറഞ്ഞു. അനുനയത്തിനായി ചാക്കോച്ചന്‍ ഒരു കുപ്പു കള്ളുകൂടി ഓര്‍ഡര്‍ ചെയ്തു.

അതിപ്പം, വര്‍ഗീസുചേട്ടാ, നാടകത്തീന്നാവുമ്പോള്‍ സിനിമേലോട്ടു കയറാന്‍ എളുപ്പമാ... എന്‍റെ കാര്യം നോക്ക്. അടുത്ത മാസം ഒരു പുതിയ പ്രോജക്ട് തുടങ്ങാനുള്ളതാ. അതിനു മുന്‍പ് ടൈംപാസിനൊരു നാടകം. പടം തുടങ്ങട്ടെ അപ്പോ നോക്കാം...

കള്ളിന്‍റെ ലഹരിയില്‍ ഗീവര്‍ഗീസു ചേട്ടന് ചാക്കോച്ചന്‍റെ ആഞ്ഞുള്ള തള്ള് പിടികിട്ടിയില്ല. എങ്കിലും സ്ഥായിയായ ബോധത്തോടെ അദ്ദേഹം മറുചോദ്യമെറിഞ്ഞു.

ആരാ സംവിധാനം? ഞാന്‍- ചാക്കോച്ചന്‍

നായകന്‍?

ഞാന്‍ തന്നെ

വര്‍ഗീസു ചേട്ടന് ഭാവിയില്‍ സംഭവിച്ചേക്കാവുന്നയുടെ തിരക്കഥ ഏതാണ്ട് പിടികിട്ടി.

അതു നടക്കത്തില്ല കൊച്ചനേ. നീ ഈ ഷാപ്പു മേടിച്ചു തരാമെന്നു പറഞ്ഞാലും നടക്കത്തില്ല. നീ സംവിധാനം ചെയ്ത് നീ നായനകായി എന്‍റെ മോളെ നിന്‍റെ നായികയാക്കീട്ട്... വേണ്ട ചാക്കോച്ചാ.. നിന്നോട് ഇഷ്ടമില്ലാഞ്ഞിട്ടില്ല, നാടകമൊക്കെയാവുമ്പോള്‍ എന്‍റെ മോളുടെ നായകാനായിട്ട് പുറത്തുനിന്നാരും വേണ്ട. എന്‍റെ മോന്‍ ഈനാശു തന്നെ നായകനായിക്കോളും..!ആങ്ങളേം പെങ്ങളുമാവുമ്പോള്‍ നായകനും നായികയുമാവുന്നതിനു കുഴപ്പമില്ലല്ലോ...

തൊട്ടിപ്പുറത്ത് പാലമ്മൂട് ഷാപ്പിലിരുന്നാണ് ഈനാശു ആ വാര്‍ത്ത കേട്ടത്. ഈനാശുവിനെ നാടകത്തില്‍ എടുത്തു. അതും നായകനായിട്ട്. ശ്രീരാമന്‍ ആയിട്ട് അഭിനയിക്കണമത്രേ. ശ്രീരാമന്‍റെ അപ്പന്‍ ദശരഥനാവാന്‍ പറ‍ഞ്ഞാലും ഈനാശു റെഡിയായിരുന്നു. കാരണം, ഒരു നടനാവുകയെന്നതായിരുന്നു ഈനാശുവിന്‍റെയും ജീവിതോദ്ദേശ്യം. അങ്ങനെ നാട്ടുകാരു കള്ളുപാച്ചന്‍ എന്നു പേടിയോടെ വിളിക്കുന്ന ഈനാശു ശ്രീരാമന്‍ ആകുന്നു. അത്യാവശ്യം ഉന്തിനില്‍ക്കുന്ന കുടവയറും തള്ളിനില്‍ക്കുന്ന രണ്ടു പല്ലുകളുമൊഴിച്ചാല്‍ ഈനാശു സുന്ദരനായിരുന്നു.

റിഹേഴ്സല്‍ തുടങ്ങി.

തലയില്‍ തൊപ്പിയും കൈയില്‍ എരിയുന്ന സിഗററ്റുമായി സംവിധായകന്‍ ചാക്കോച്ചന്‍ ഓരോ സീനും വിശദീകരിച്ച് അഭിനയിച്ചു കാണിച്ചുകൊടുത്തു കൊണ്ടിരുന്നു. ദീനാമ്മ അഭിനയിക്കുന്നതു കാണാന്‍ ഭരണങ്ങാനം മുഴുവന്‍ റിഹേഴ്സല്‍ ക്യാംപിനു പുറത്തു തമ്പടിച്ചെങ്കിലും ചാക്കോച്ചന്‍ എല്ലാവരെയും ഓടിച്ചു. ക്ളൈമാക്സിന്‍റെ സസ്പെന്‍സ് പോകുമെന്നായിരുന്നു വിശദീകരണം.


ദീനാമ്മ അതിവേഗം സീതയായി. പക്ഷേ, ശ്രീരാമന്‍ നേരെ തിരിച്ചായിരുന്നു. ഡയലോഗ് പ്രോംപ്റ്റു ചെയ്യുന്നവര്‍ നാടകം നാലുവട്ടം കാണാപ്പാഠം പഠിച്ചിട്ടും ഈനാശു ഒരു ഡയലോഗു പോലും തെറ്റാതെ പറയാന്‍ പഠിച്ചില്ല.രാവിലെ മുതല്‍ മുഴുക്കള്ളില്‍ റിഹേഴ്സലിനു വരുന്ന ഈനാശുവിനെ മെരുക്കിയിട്ട് നാടകം മുന്നോട്ടു പോവില്ലെന്നു ചാക്കോച്ചനു തോന്നി.

പക്ഷേ എന്തു ചെയ്യാം?

ഈനാശു എന്ന കള്ളുപാച്ചനില്ലെങ്കില്‍ ദീനാമ്മയില്ല. ദീനാമ്മയില്ലെങ്കില്‍ താനില്ല. താനില്ലെങ്കില്‍ പിന്നെ ഒരു കോപ്പുമില്ല- അതുകൊണ്ട് അതു വേണ്ടെന്നു ചാക്കോച്ചന്‍ തീരുമാനിച്ചു.

ഒടുവില്‍, നാടകം അരങ്ങേറേണ്ട ദിവസമായി. വാല്‍മീകിയുടെ ആശ്രമത്തില്‍വച്ചു സീതയെ വീണ്ടും കണ്ടുമുട്ടുന്ന ശ്രീരാമന്‍ സീതയെ രാജധാനിയിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നതും സീത വിസമ്മതിക്കുന്നതും ഭൂമിദേവി സീതയെ തിരികെയെടുക്കുന്നതുമാണു ക്ളൈമാക്സ്. അവസാന സീനില്‍ ഭൂമി പിളര്‍ന്ന് സീത അപ്രത്യക്ഷയാവുന്നിടത്താണു സംവിധായകനും നിര്‍മാതാവും അണിയറക്കാരുമെല്ലാം കയ്യടി പ്രതീക്ഷിക്കുന്നത്.

ഭൂമി പിളര്‍ക്കുന്ന കാര്യം പലവട്ടം ആലോചിച്ചെങ്കിലും നിര്‍മാതാവ് അതു സമ്മതിക്കാത്തതിനാലും അതിനുള്ള എക്യുപ്മെന്‍റ് കിട്ടാനില്ലാത്തതിനാലും മറ്റെന്തെങ്കിലും തട്ടിപ്പു വിദ്യ വഴി അതു നടപ്പാക്കാമെന്നായിരുന്നു പ്ളാന്‍. അതനുസരിച്ച് പലക അടിച്ചുണ്ടാക്കിയ സ്റ്റേജിന്‍റെ ഏകദേശം നടുക്കു ഭാഗത്തായി ഒരു അടപ്പുപോലെ പലക അടിച്ച് അതിന് കൊളുത്ത് അഥവാ ഏറുസാക്ഷാ പിടിപ്പിച്ചു.

സ്റ്റേജിന്നടിയില്‍നിന്ന് ഈ കൊളുത്ത് ഊരിയാല്‍ പലക സ്റ്റേജിന് അടിയിലേക്കു വാതിലുപോലെ തുറക്കും. ഭൂമിപിളര്‍ന്നു സീത അപ്രത്യക്ഷയാവുന്ന സീനില്‍ തട്ടില്‍ സീത നില്‍ക്കേണ്ടത് കൊളുത്ത് ഉള്ള ഭാഗത്താണ്. കൃത്യസമയമാകുമ്പോള്‍ സീതേ നീ പോകരുത് എന്നു ശ്രീരാമന്‍ പറയും. അപ്പോള്‍ അണിയറയില്‍നിന്നു ചെറിയ ശബ്ദത്തില്‍ മണി മുഴക്കും. അതാണു സിഗ്നല്‍. സ്റ്റേജിനു താഴെയിരിക്കുന്നവര്‍ ഏറു സാക്ഷാ വലിക്കും. സീത ഇട്ടപ്പൊത്തോന്നു താഴെ വരും. സ്റ്റേജിനു മുകളില്‍നിന്നുള്ള വീഴ്ചയായതിനാല്‍ ഒന്നും പറ്റാതിരിക്കാനും സീതയെ സംരക്ഷിക്കാനുമായി വലിയൊരു കച്ചിക്കൂന തന്നെ സ്റ്റേജിന് അടിയില്‍ അടുക്കിയിരുന്നു.

ഏറു സാക്ഷാ വലിക്കാന്‍ തന്‍റെ വിശ്വസ്തരായ സുഹൃത്തുക്കളെയാണു ചാക്കോച്ചന്‍ ഏര്‍പ്പെടുത്തിയിരുന്നത്. ക്ളൈമാക്സില്‍ ഇങ്ങനെയൊരു ഏര്‍പ്പാടുണ്ടെന്നു ദീനാമ്മയുടെ അപ്പന്‍ ഗീവര്‍ഗീസു ചേട്ടനോടു പറഞ്ഞിരുന്നില്ല. കള്ളുപാച്ചന്‍ ഈനാശുവിനോടു പറഞ്ഞിരുന്നെങ്കിലും ആശാനു സംഗതി പിടികിട്ടിയിരുന്നുമില്ല.

നാടകം തുടങ്ങാനുള്ള മണി മുഴങ്ങി.

സര്‍വാഡംബര വിഭൂഷിതനായി ശ്രീരാമന്‍, സീത, വാല്‍മീകി, കുശന്‍, ലവന്‍, മറ്റേലവന്‍, ലവന്‍റെ അപ്പന്‍, അമ്മ എന്നു തുടങ്ങി പടയാളികള്‍ വരെ പത്തുമുപ്പതു പേരു അണിയറയില്‍ റെഡിയായി. സദസ്സ് ആകാംക്ഷയോടെ കാത്തിരുന്നു. തൊട്ടപ്പുറത്തെ പറമ്പില്‍ ചക്ക വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത.

കലാസ്നേഹികളെ...

ഭരണങ്ങാനം പുഞ്ചിരി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് അവതരിപ്പിക്കുന്ന ഞങ്ങളുടെ ഈവര്‍ഷത്തെ പുതിയ നാടകം

സീതേ നീ എവിടെ.....????? (എക്കോ)

സംവിധാനം- ജേക്കബ് കുന്നിനാകുഴി

(അതാരെന്നോര്‍ത്തു ജനം മൂക്കത്തു വിരല്‍വച്ചു. പേരിനൊരു ഗരിമ കിട്ടാന്‍ ചാക്കോച്ചന്‍ തന്നെയാണ് തന്‍റെ പേര് ഇംഗ്ളീഷിലാക്കിയത്. ജേക്കബ്ബ്.)

നാടകം തുടങ്ങി. കുടവയറിനുമേല്‍ കഷ്ടിച്ചുടുപ്പിച്ച കോടിത്തുണി ചുറ്റി തലയില്‍ കിരീടവും വച്ച് ശ്രീരാമന്‍. സ്റ്റേജിലോട്ടു കയറുന്നതിനു തൊട്ടുമുന്‍പ് ചെറിയ വിറ വന്നു തുടങ്ങിയതിനാല്‍ ശ്രീരാമനായി വേഷമിടുന്ന ഈനാശു അത്യാവശ്യം കനപ്പെട്ട കണക്കില്‍ രണ്ടെണ്ണം അകത്താക്കിയിരുന്നു. അതോടെ, വിറ മാറി ആട്ടമായി.

ശ്രീരാമചരിതം ബാലെയിലെ നടനെപ്പോലെ നാടകത്തിലെ നായകനായ ഈനാശു സ്റ്റേജ് അളന്നു നടന്നുകൊണ്ടിരുന്നു. ഇടയ്ക്കിടെ ഡയലോഗുകള്‍ തെറ്റി. അതുകേട്ടു ജനം കൂവി. ജനം കൂവിയ ചില സമയങ്ങളില്‍ സ്റ്റേജില്‍ തൂക്കിയിരുന്ന മൈക്രോഫോണിലൂടെ ഈനാശുവും തിരിച്ചുകൂവി. ജനം നിശ്ശബ്ദരായി.

ഒടുവില്‍ സീതയുടെ അപ്പിയറന്‍സിനു സമയമായി. അതുവരെ ദീനാമ്മയ്ക്ക് അടുത്തായിരുന്നു ഡയറക്ടര്‍ ചാക്കോച്ചന്‍. വേഷങ്ങളും ആടയാഭരണങ്ങളുമെല്ലാം അണിഞ്ഞതോടെ സീത, സോറി ദീനാമ്മ കൂടുതല്‍സുന്ദരിയായിരിക്കുന്നുവെന്നു ചാക്കോച്ചനു തോന്നി. ദീനാമ്മയ്ക്കും അങ്ങനെ തോന്നിയെങ്കിലും പുറത്തുപറഞ്ഞില്ല.

ഇനി ദീനാമ്മയുടെ രംഗമാണ്. ദീനാമ്മ അഥവാ സീത സ്റ്റേജില്‍. ഭരണങ്ങാനം ഒന്നടങ്കം പ്രതീക്ഷിച്ചിരുന്ന സുവര്‍ണ നിമിഷം. സദസ്സിന്‍റെ പുറകില്‍നിന്ന് ആരൊക്കെയോ നേരത്തെ ആസൂത്രണം ചെയ്തതു പ്രകാരം ഗുണ്ടുകള്‍ക്കു തീകൊളുത്തി. ആകെപ്പാടെ ജഗപൊഗയായി സീതയുടെ രംഗപ്രവേശം.

ഈ സമയത്ത് ചാക്കോച്ചന്‍ സ്റ്റേജിന് അടിയിലേക്ക് ഊളയിട്ടുകൊണ്ടിരിക്കുകായിരുന്നു. ദീനാമ്മ വീണ്ടും സോറി, സീത താഴേക്കു വരുമ്പോള്‍ അവളെ പിടിക്കാന്‍ വേറൊരുത്തനേം അനുവദിക്കരുത്. ഏറുസാക്ഷ വലിക്കുകയും സീതയെ മറ്റാരും തൊടാതെ സുരക്ഷിതയായി പിടിച്ചുവൈക്കോലിലേക്ക് കിടത്തുകയെന്നതാണു തന്‍റെ ഡ്യൂട്ടിയെന്നു സംവിധായകനും സര്‍വോപരി സല്‍സ്വഭാവിയും കൂടിയായ ചാക്കോച്ചന്‍ മനസ്സിലാവര്‍ത്തിച്ചുകൊണ്ടിരുന്നു.
സ്റ്റേജിന് അടിയില്‍ ഏറു സാക്ഷ പിടിപ്പിച്ച ഭാഗത്ത് ചാക്കോച്ചന്‍റെ സുഹൃത്തുക്കള്‍ രണ്ടും സജീവരായുണ്ട്. മണിയടി കേള്‍ക്കുന്ന നിമിഷം ഏറുസാക്ഷ വലിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് അവര്‍ക്ക്.

സ്റ്റേജിനു മുകളില്‍ ക്ളൈമാക്സിനുള്ള സമയമായി. സീതയ്ക്ക് അഥവാ ദീനാമ്മയ്ക്ക് സ്റ്റേജിലെ തന്‍റെ പൊസിഷന്‍ കീപ്പു ചെയ്യേണ്ട നേരമായി. മൈക്കിനു മുന്‍പിലേക്ക് അഥവാ ഏറുസാക്ഷ പിടിപ്പിച്ചടത്തേക്ക് സീത നീങ്ങിനിന്നു.

താഴെ ചങ്കിടിപ്പോടെ ചാക്കോച്ചന്‍ കാത്തിരുന്നു.

മുകളില്‍ സീത, താഴെ ചങ്കിടിപ്പ്. താഴെ ചങ്കിടിപ്പ് കൂടിക്കൂടി വന്നെങ്കിലും മുകളില്‍ സീതയുടെ എണ്ണം കൂടിയില്ല.

ഒടുവില്‍ സീതയ്ക്കു താഴോട്ടു പോകാന്‍ സമയമായി. മണിയടിക്കാന്‍ ഉത്തരവാദിത്തമുള്ളവന്‍ അതിനു തയ്യാറെടുത്തു. പെട്ടെന്നാണു സദസ്സിനു മുന്നില്‍നിന്ന് അതുണ്ടായത്.

എടാ കള്ളുപാച്ചാ, കള്ളശ്രീരാമാ.....

ഈനാശുവിന് അതു സഹിച്ചില്ല, സീതയെ പിടിച്ചു മാറ്റി ഈനാശു മൈക്കിനു മുന്നിലേക്കു കയറി

കള്ളുപാച്ചന്‍ നിന്‍റെ തന്തായാടാ....

ഈ നിമിഷം അറിയാതെ മണി മുഴങ്ങി.

താഴെ ഏറുസാക്ഷ വലിച്ചു.

തന്‍റെ പ്രണയിനിയാണല്ലോ ഈ പറന്നുവരുന്നതെന്നോര്‍ത്തു രണ്ടുകയ്യും വിരിച്ചു കുളിരോടെ കാത്തിരുന്ന ചാക്കോച്ചന്‍റെ കൈയിലേക്ക് ഒന്നാന്തരമൊരു ചാക്കുകെട്ട് അലച്ചുവീണു.
വന്നുവീണപാടെ പ്രണയിനിക്കു കൊടുക്കാന്‍ കാത്തുവച്ചിരുന്നത് ചാക്കോച്ചന്‍ ആ സാധനത്തിനു കൊടുത്തു.

ഈനാശുവിന് അതൊരു പുതിയ അനുഭവമായിരുന്നു. തുടര്‍ന്നങ്ങോട്ട് ചാക്കോച്ചനും......!!!!

Friday, July 20, 2007

ജീവിതത്തിന്‍റെ മൂന്നാം ചലനനിയമം

അവന് അവളെ ഇഷ്ടമായിരുന്നു.

അവളെ ജീവനായിരുന്നു.

പള്ളിയില്‍ രാവിലെ കുര്‍ബാനയ്ക്കും വൈകിട്ട് ജപമാല നമസ്കാരത്തിനും അവന്‍ വന്നുപോയത് അവളെ ഓര്‍ത്തായിരുന്നു.

സ്കൂള്‍ മൈതാനത്തു വോളീബോള്‍ കളിക്കുമ്പോള്‍, എടുക്കുന്ന ഒരോ ജംപ്‍ സര്‍വീസും ഇതു തന്‍റെ പ്രിയപ്പെട്ടവള്‍ക്കുവേണ്ടി എന്നോര്‍ത്തായിരുന്നു. മിക്കദിവസവും അവനും അവളും തമ്മില്‍ക്കണ്ടു. അവള്‍ എതിരെ വരുമ്പോള്‍ അവന്‍ അവളുടെ വലിയ കണ്ണുകളിലേക്കു നോക്കും. അവള്‍ തിരിച്ചും.

കണ്ണുകളിലേക്കു നോക്കി അവര്‍ പരസ്പരം കടന്നു പോകും. എന്തെങ്കിലും സംസാരിക്കണമെന്ന് അവന് ആഗ്രഹമില്ലായിരുന്നു. കാരണം, അവന്‍ അവളുടെ കണ്ണുകളോട് എല്ലാം സംസാരിച്ചുകഴിഞ്ഞിരുന്നു. നടന്നു മറയും മുന്‍പ് അവന്‍ അവളെ തിരിഞ്ഞുനോക്കാറുണ്ടായിരുന്നു. ആ സമയത്തുതന്നെ അവളും തിരിഞ്ഞുനോക്കും. ഓരോ തിരിഞ്ഞുനോട്ടവും അവളിലെ ജി‍ജ്ഞാസയെ ഉണര്‍ത്തി. അവനിലെ പ്രണയത്തെയും.

കാലവും അവര്‍ക്കൊപ്പം നടന്നുപോയി.

അവളില്‍ കാലം കൗമാരത്തിന്‍റെ കലകള്‍ വീഴ്ത്തി. അവളുടെ കണ്ണുകളിലേക്കു മാത്രം നോക്കി ശീലിച്ച അവനതു കാണാതെപോയി. അവനപ്പോള്‍ യൗവ്വനത്തിന്‍റെ പടിവാതില്‍ക്കലായിരുന്നു.

എന്നോ ഒരിക്കല്‍, പിടിവിട്ടുപോയ ഒരു കല്ലേറിന്‍റെ പശ്ചാത്താപത്തോടെ അവന്‍ തന്‍റെ ഉള്ളിലെ തിരയടിക്കുന്ന കടല്‍ തന്‍റെ പ്രിയപ്പെട്ടതെന്നു വിചാരിച്ച സുഹൃത്തിനു മുന്നില്‍ അനാവൃതമാക്കി. അതുവരെ ശാന്തമായിരുന്ന ഒരു മനസ്സിന്‍റെ ഉള്ളിലെ ഒച്ചയനക്കവും തിരയടിയും സുഹൃത്തിന് അപരിചിതമായിരുന്നു. അതുവരെ ഒറ്റയ്ക്കു നീറിയ അവനുവേണ്ടി സുഹൃത്ത് ഹംസമാവുകയാണെന്നു പ്രഖ്യാപിച്ചു.

തന്‍റെ ജീവിതത്തെക്കുറിച്ചോ അതിന്‍റെ നീക്കിയിരിപ്പുകളെക്കുറിച്ചോ ആലോചിച്ചു തുടങ്ങാത്ത പ്രായത്തില്‍ അവന്‍ അതു സമ്മതിച്ചു. ആകാംക്ഷയുടെ ദിനങ്ങള്‍. നെഞ്ചിടിപ്പിന് ജീവിതത്തിന്‍റെ താളമാണെന്നു തിരിച്ചറിഞ്ഞ ദിനരാത്രങ്ങള്‍.

കൊളളിയാനുകള്‍ ഇടവിടാതെ മിന്നിയ ഒരു സന്ധ്യയില്‍ മഴ നനഞ്ഞു കയറിവന്ന സുഹൃത്ത് അവന്‍റെ ചങ്കുപറിച്ചെടുത്തു കടന്നുപോയി. സുഹൃത്ത് എന്ന വാക്കിന്‍റെ അര്‍ഥം തിരയാന്‍ ഏറ്റവും നല്ലതു ജീവിതത്തിന്‍റെ ശബ്ദതാരാവലിയാണെന്ന തിരിച്ചറിവോടെ അവന്‍ ശേഷിക്കുന്ന ജീവിതത്തിലേക്കു പൊളളുന്ന ചുവടുകള്‍വച്ചു. എങ്ങും കനല്‍പ്പാടങ്ങള്‍. വഴിക്കിരുപുറവും തണല്‍ വിരിച്ചുനിന്ന വന്‍മരങ്ങള്‍ തന്‍റെ സങ്കല്‍പം മാത്രമായിരുന്നല്ലോ എന്നോര്‍ത്തപ്പോള്‍ അവന്‍റെ കണ്ണുകള്‍ നിറഞ്ഞു. ജീവിതത്തിനും കണ്ണീരിനും ഉപ്പുരസമാണെന്ന് അവനറിയുന്നതും അന്നായിരുന്നു.

സ്കൂളില്‍ പഠിക്കുമ്പോള്‍ ഫിസിക്സ് ആയിരുന്നു അവന്‍റെ ഇഷ്ടവിഷയം. അതില്‍ ഐസക് ന്യൂട്ടന്‍റെ ചലനനിയമം. എല്ലാ പ്രവര്‍ത്തനത്തിനും സമവും വിപരീതവുമായ ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടായിരിക്കും.- എല്ലാ ജീവിതത്തിലും ന്യൂട്ടന്‍റെ നിയമം ബാധകമാമെന്നവനു തോന്നി. നല്ലതൊന്നിന് വിപരീതമായ പ്രതിപ്രവര്‍ത്തനം. മോശമായൊന്നിന് നല്ല പ്രതിപ്രവര്‍ത്തനം. പ്രകൃതി നിയമത്തെ നോക്കി ന്യൂട്ടന്‍റെ നിയമം കൊഞ്ഞനം കുത്തി.

കാലം മുന്നോട്ടു പോയപ്പോളും അവന്‍ തിരിച്ചുപോക്കിനെക്കുറിച്ചു മാത്രമായിരുന്നു ആലോചിച്ചത്. ഒരിക്കലും ഇനിയതിനാവില്ലെന്ന ബോധം അവന്‍റെ മനസ്സില്‍ ഒരിക്കലുമുണങ്ങാത്ത ഒരു മുറിവായി ശേഷിച്ചു. തന്‍റെ ഹ‍ൃദയത്തില്‍ ഒരു മുള്ളുകൊണ്ടിരിക്കുന്നു. അത് അവിടെയിരിക്കുന്നതും പറിച്ചു ദൂരെക്കളയുന്നതും ഒരു പോലെ വേദനാജനകവും. എങ്കില്‍പ്പിന്നെ ആ മുള്ളവിടെയിരിക്കട്ടെയെന്നവനു തോന്നി. ഉള്ളില്‍ നീറ്റല്‍ മാത്രം ബാക്കിയാക്കി അവന്‍ കനല്‍പ്പാടത്തിലുടെ നടന്നു തുടങ്ങി.

കരയാന്‍ തുടങ്ങുമ്പോളും ചുണ്ടിലൊരു പുഞ്ചിരി വേണമെന്ന തത്വം അവനെ ആരും പഠിപ്പിച്ചതായിരുന്നില്ല. ജീവിതത്തിന്‍റെ അതുവരെയുള്ള തുച്ഛമായ അറിവുകള്‍ക്കിടയില്‍ അവനില്‍ തന്നെ ആര്‍ജിതമായ വികാരമായിരുന്നു അത്.

അവനു സമാന്തരമായി അവളും യൗവനത്തിന്‍റെ ഏണിപ്പടികള്‍ കയറിത്തുടങ്ങി. അവന്‍ ജീവിതത്തിന്‍റെ പുറംപോക്കുകളിലൂടെ അലഞ്ഞുതുടങ്ങിയപ്പോള്‍ അവള്‍ പാരമ്പര്യാര്‍ജിതമായ സമൃദ്ധിയുടെ സുഖസുഷുപ്തിയിലായിരുന്നു. അലച്ചിലിനും ഒരു ലക്ഷ്യം വേണമെന്ന് അവനു തോന്നിയത് പിന്നിടെപ്പോളോ ആണ്. വായിച്ചു തള്ളിയ കഥകളിലും കവിതകളിലും നോവലുകളിലും തന്‍റെ ജീവിതത്തെ കണ്ടുപിഠിക്കാനാവുമോയെന്ന അന്വേഷണത്തിനിടെയാണ് അവന് അങ്ങനെയൊരു തോന്നലുദിച്ചത്. അവന്‍റെ വഴിയില്‍ മുള്ളുകള്‍ കൂടിനിറഞ്ഞു. കനലുചവിട്ടി നടന്ന കാലിലെ പൊള്ളല്‍ക്കുമിളകളില്‍ മുള്ളുകള്‍ കയറി. വേദന തോന്നിയില്ല.

പക്ഷേ അവനു വാശി തോന്നി, ജീവിതത്തോട്, പിന്നെ തന്നോടു തന്നെയും.

ജീവിതത്തിന്‍റെ രണ്ടാംഭാവത്തില്‍ അവന്‍ സ്വയാര്‍ജിതമായ ഏതോ ഒരു കുന്നിന്‍റെ മുകളിലായിരുന്നു. തനിക്കിരുപുറവുമുള്ള വന്‍മലകളോടും മഹാമേരുക്കളോടുമുള്ള അവന്‍റെ ബഹുമാനം കൂടിയതല്ലാതെ കുറഞ്ഞില്ല.

അവളെ ഒരിക്കല്‍ക്കൂടി കാണണമെന്നുണ്ടായിരുന്നു. താനറിയുന്ന മഹാനഗരത്തില്‍ താനറിയാതെ എവിടെയോ ഉള്ള അവളെത്തേടിയുള്ള അവന്‍റെ അന്വേഷണയാത്ര..

പലവട്ടം കണ്ടുപരിചയിച്ച നഗരത്തിന്‍റെ തിരക്കുകളെ അന്നാദ്യമായി അവന് അപരിചിതമായി തോന്നി. അവളും അവന് എറെക്കുറെ അപരിചിതയായിരുന്നു.

വല്ലാതെ ചൂടുകാറ്റു വീശിയ മണല്‍പ്പരപ്പില്‍ പൊള്ളുന്ന ചൂടില്‍ ഒരു ചിരിയകലത്തില്‍ അവര്‍ നേരില്‍കണ്ടു. നീണ്ട വര്‍ഷങ്ങള്‍ക്കിടയിലെ കൊല്ലുന്ന നിശബ്ദത ഭഞ്ജിച്ച് അവളാണ് ആദ്യം ചിരിച്ചത്.

അവന്‍ അമ്പരന്നുപോയി. വര്‍ഷങ്ങളുടെ അകലത്തിലും മഹാനഗരത്തിന്‍റെ അലച്ചിലുകള്‍ക്കിടയിലും അവളുടെ കണ്ണുകള്‍ക്ക് അവന്‍ പ്രാര്‍ഥിച്ചിരുന്ന തിളക്കമുണ്ടായിരുന്നു. ആകാശത്ത് ഓര്‍മകളുടെ മൂടിക്കെട്ടിയ മേഘത്തലപ്പുകള്‍ പെയ്ത്തിനു കോപ്പുകൂട്ടിക്കൊണ്ടിരുന്നു.

അലച്ചിലിന്‍റെ ദുരിതം അവന്‍റെ കണ്ണുകള്‍ക്കുചുറ്റും കറുപ്പു പറ്റിച്ചിരുന്നു. പക്ഷേ, അവള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു.

കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന ഗോപുരത്തിന്‍റെ തൂണുകളും ചിതലെടുത്തു തുടങ്ങിയ അതിന്‍റെ ജനല്‍പാളികളും അവര്‍ക്കടുത്തുതന്നെയുണ്ടായിരുന്നു. അവള്‍ അതിലേക്കു നോക്കി അവനോടു സംസാരിച്ചു തുടങ്ങി. അവന്‍ അവളുടെ കണ്ണുകളിലേക്കു നോക്കിയെങ്കിലും, അതിന്‍റെ തിളക്കം അവനു പിടികിട്ടുന്നതിനും ഏറെയകലെയായിരുന്നു.

അവന്‍ സംസാരിച്ചില്ല. കാതങ്ങള്‍ക്കും മുന്‍പേ അവനു ശബ്ദം നഷ്ടമായിരുന്നു.

മിനിറ്റുകള്‍ കൊണ്ട് അവള്‍ ഇതുവരെയുള്ള അവന്‍റെ ജീവിതത്തെ ഉപസംഹരിച്ചു. അവളുടെ ജീവിതത്തെ നോക്കി പുഞ്ചിരിച്ച്, അവന്‍ തിരിഞ്ഞു നടന്നു. അതുവരെ പെയ്യാനൊരുങ്ങിനിന്ന മേഘത്തെ ദിക്കുതെറ്റി വന്ന ഒരു കാറ്റ് മറ്റെങ്ങോട്ടോ പറപ്പിച്ചകൊണ്ടുപോയി.

പക്ഷേ, ഒരു കൊള്ളിയാന്‍ മാത്രം പെട്ടെന്ന് എവിടെനിന്നോ മിന്നിയൊടുങ്ങി.അതിന്‍റെ ഞെട്ടലില്‍ അവന്‍ കണ്ണുതുറന്നു.

അവള്‍ ലെറ്റു തെളിച്ചതാണ്. മൂടിപ്പുതച്ചുറങ്ങുകായിരുന്ന അവന് അവള്‍ ബെഡ്കാഫിയുമായി കണ്‍മുന്നില്‍.

അത് അവരുടെ ജീവിതത്തിലെ ആദ്യത്തെ പ്രഭാതമായിരുന്നു.

Monday, July 16, 2007

അപ്പിച്ചേട്ടന്‍ അലിയാസ് കുപ്പിച്ചേട്ടന്‍


അപ്പിച്ചേട്ടന്‍ അവിവാഹിതനായിരുന്നു. കുപ്പികളായിരുന്നു അപ്പിച്ചേട്ടന്‍റെ കാമുകിമാര്‍. ദിവസവും യൗവനയുക്തരായ നാലോ അഞ്ചോ കുപ്പികളുമായെങ്കിലും അപ്പിച്ചേട്ടനു സഹവാസമുണ്ടായിരുന്നു.

ഇതുമൂലം രാവിലെ നല്ല തേച്ചുമടക്കിയ വെള്ളമുണ്ടും ഷര്‍ട്ടുമിട്ട് ടൗണിലെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റു തുറക്കാന്‍ സൈക്കിളില്‍ വരുന്ന അപ്പിച്ചേട്ടന്‍ രാത്രിവൈകി സൈക്കിളും തലയില്‍ വച്ചാണു വീട്ടിലോട്ടു പോവുക.

അല്‍പംകൂടി കുടിച്ചിട്ട് കല്യാണം കഴിക്കാം എന്നതായിരുന്നു അപ്പിച്ചേട്ടന്‍റെ പ്ളാന്‍. പ്രായം മുപ്പത്തഞ്ചില്‍ എത്തി നില്‍ക്കുന്നു എന്നു പറയാന്‍ തുടങ്ങിയിട്ട് വര്‍ഷം പത്തുകഴിഞ്ഞു. എങ്കിലും അപ്പിച്ചേട്ടനിപ്പോളും ക്രോണിക് ബാച്ചിമാരുടെ ബൗണ്ടറിയായ മുപ്പത്തഞ്ചില്‍ നോട്ടൗട്ട് ആയിത്തുടരുകയാണെന്നാണ് അദ്ദേഹത്തിന്‍റെ തന്നെ ഭാഷ്യം.

രാവിലെ ഒന്‍പതു മണിക്ക് കട തുറന്നാല്‍ വൈകിട്ട് എട്ടുമണിക്ക് കച്ചവടം അവസാനിപ്പിക്കുംവരെ അപ്പിച്ചേട്ടനൊപ്പം കടയില്‍ അപ്പന്‍ പാപ്പിച്ചേട്ടനുമുണ്ടാവും. ആ സമയത്ത് അപ്പിച്ചേട്ടന്‍ എക്സ്ട്രീം ഡീസന്‍റായിരിക്കും. പാപ്പിച്ചേട്ടന്‍ അന്നത്തെ കലക്ഷനുമായി ഇറങ്ങിയാലുടന്‍ അപ്പിച്ചേട്ടന്‍ വിശ്വരൂപമണിയുകയായി.

അരിച്ചാക്കിന് അടിയില്‍ അപ്പന്‍ കാണാതെ പലപ്പോഴായി ഒളിപ്പിച്ചു വച്ച പത്തിന്‍റെയും അമ്പതിന്‍റെയും നോട്ടുകള്‍ കൂട്ടിയെണ്ണിത്തികയ്ക്കും. അപ്പോഴേയ്ക്കും അപ്പിച്ചേട്ടന്‍റെ സ്ഥിരം സുഹൃത്തുക്കളും സ്ഥലത്തെത്തിയിട്ടുണ്ടാവും. സാധനം കാര്‍ മാര്‍ഗമോ ബസ് മാര്‍ഗമോ പാലായില്‍നിന്നു കടയിലെത്തും.

കടയുടെ ഷട്ടര്‍ പകുതി താഴ്ത്തും. തൊട്ടടുത്ത മുറുക്കാന്‍ കടയില്‍നിന്നാണു സോഡ വാങ്ങല്‍. സ്വബോധമുള്ള സമയത്ത് അപ്പിച്ചേട്ടനെ സംബന്ധിച്ചു സോഡ വാങ്ങല്‍ അല്‍പം നാണക്കേടുള്ള പണിയാണ്. അതിനാല്‍, നാണക്കേടു മറയ്ക്കാനും സോഡക്കുപ്പി ഒളിപ്പിക്കാനുമായി അപ്പിച്ചേട്ടന്‍ ഒരു ബാഗ് കയ്യില്‍ കരുതും. അതു നിറയെ സോഡ വാങ്ങി പതിയെ കടയുടെ തിണ്ണയിലൂടെ നടന്ന് ഷട്ടറിന് അടിയിലൂടെ കടയില്‍ പ്രവേശിച്ചാലുടന്‍ അടി തുടങ്ങുകയായി.

ഒരു ലാര്‍ജ് തീര്‍ക്കാന്‍ ഒന്നര മണിക്കൂറെടുക്കുന്ന സായിപ്പുമാരുടെ പോളിസിയെ ശക്തമായി എതിര്‍ക്കുന്നയാളായിരുന്നു അപ്പിച്ചേട്ടന്‍. അരമണിക്കൂര്‍ കൊണ്ട് ഒരു ഫുള്‍ എന്ന കണക്കില്‍ ആദിവസത്തെ കലക്ഷന് അനുസരിച്ച് കുപ്പികള്‍ ഒഴിഞ്ഞുകൊണ്ടിരിക്കും.

ഇതിന്നിടയില്‍, സോഡ വാങ്ങാന്‍ രണ്ടാമതൊരു പോക്കുകൂടിയുണ്ട്. ആദ്യമുണ്ടായിരുന്ന നാണക്കേട് അപ്പോഴേയ്ക്കും അപ്പിച്ചേട്ടനെ വിട്ടൊഴിഞ്ഞു കഴിഞ്ഞിരിക്കും. കാലിയായ സോഡക്കുപ്പികള്‍ രണ്ടു കയ്യിലും കക്ഷത്തിലുമൊക്കെയായി അഡ്ജസ്റ്റു ചെയ്തു വച്ചാണ് യാത്ര. തിരിച്ച് നിറസോഡക്കുപ്പികളുമായും ഇതുതുടുരും. അപ്പോള്‍ ബാഗിന്‍റെ ആവശ്യമില്ല!

അര്‍ധരാത്രി വരെ ഇതുതുടരും. പരിപാടി അവസാന ഘട്ടത്തോട് അടുക്കുമ്പോളേയ്ക്കും അപ്പിച്ചേട്ടന്‍ അടക്കമുള്ളവര്‍ ഉരഗജന്‍മം പൂണ്ടു കഴിഞ്ഞിരിക്കും.

എങ്കിലും തന്‍റെ സന്തത സഹചാരിയായ ഹെര്‍ക്കുലീസ് സൈക്കിളിലേ അപ്പിച്ചേട്ടന്‍ വീട്ടില്‍പ്പോകൂ. ഹെഡ് ലൈറ്റ് ഇല്ലാത്ത സൈക്കിള്‍. അപ്പിച്ചേട്ടന്‍ എല്ലാം മനക്കണ്ണാല്‍ കണ്ടെന്ന പോലെ അങ്ങ് ഓടിക്കും...അത്ര തന്നെ!!!

ഒരു ദുഖവെള്ളിയാഴ്ച.

കര്‍ത്താവ് മരിച്ചുപോയതിനാല്‍ സ്വര്‍ഗത്തിന് അവധിയായിരിക്കുമെന്നും അന്ന് എന്തു പോക്രിത്തരം കാണിച്ചാലും പ്രശ്നമില്ലെന്നുമായിരുന്നു ചിലരുടെയൊക്കെ വിശ്വാസം. അത്തരം വിശ്വാസികളില്‍ ഒരാളായിരുന്നു അപ്പിച്ചേട്ടനും. ദുഖവെള്ളിയാഴ്ച ദിവസം വൈകിട്ടത്തെ കുരിശിന്‍റെ വഴികൂടിയ ശേഷം കടയില്‍ തുടങ്ങിയ സുരപാന മേളം രാത്രി എട്ടുമണിയോടെയാണ് അവസാനിപ്പിക്കേണ്ടി വന്നു.

ദുഖവെള്ളിയാഴ്ചയെങ്കിലും നേരത്തെ വീട്ടില്‍ കയറിയില്ലെങ്കില്‍ അമ്മച്ചി എന്തോര്‍ക്കുമെന്ന ആശങ്കമൂലം അപ്പിച്ചേട്ടന്‍റെ നിര്‍ബന്ധപ്രകാരം അന്നു പരിപാടികള്‍ നേരത്തെ കഴിഞ്ഞു. കൂട്ടുകാരോടു ബൈ പറഞ്ഞ്, സൈക്കിളെടുത്ത് അപ്പിച്ചേട്ടന്‍ വീട്ടിലേക്കു യാത്ര തുടങ്ങി.

സ്ഥിരം കറന്‍റ് ആവാത്തതിനാലോ എന്തോ സൈക്കിളിന് ഹെഡ് ലൈറ്റ് ഉണ്ടായിരുന്നാല്‍ കൊള്ളാമായിരുന്നു അപ്പിച്ചേട്ടന് തോന്നാതിരുന്നില്ല. സൈക്കിളിനു വെട്ടമില്ലാത്തതിനെക്കുറിച്ച് താനിതുവരെ ആലോചിക്കുക പോലും ചെയ്യാതിരുന്നത് എന്ത് എന്നും അദ്ദേഹം സൈക്കിളു ചവിട്ടുന്നതിനിടെ ആലോചിച്ചുകൊണ്ടിരുന്നു.

ഒടുവില്‍, താനിപ്പോളും സ്ഥിരം ഫ്രീസിങ് പോയിന്‍റില്‍ എത്തിയിട്ടില്ലെന്ന നിഗമനത്തിലെത്തി അപ്പിച്ചേട്ടന്‍ വടക്കേവളവിലെ ഇറക്കം ചവിട്ടിവിട്ടു തുടങ്ങി.

കുത്തിറക്കവും കൊടുംവളവും.

അതു ചവിട്ടി വിട്ടാല്‍ പിന്നെ വീട്ടിലെത്തും വരെ ചവിട്ടേണ്ടതില്ല.

ഉള്ളില്‍ ത്രിഗുണന്‍ തിളച്ചുതുടങ്ങിയിരിക്കുന്നു. മുന്നില്‍ കൂരിരുട്ടു മാത്രം.

അപ്പിച്ചേട്ടന്‍ കൊടുംവളവ് വീശിയെടുക്കുന്നതിനിടെയാണു തൊട്ടുമുന്‍പില്‍ ഒരു വെളുത്ത നിറം ശ്രദ്ധയില്‍പ്പെട്ടത്...

ഒരു നിമിഷത്തിന്‍റെ പകുതി.

മുന്നില്‍ ആരോ ഒരാള്‍, വെളുത്ത ഷര്‍ട്ടാണു കണ്ടത്. ഉള്ളില്‍ തിളച്ചുതുടങ്ങിയ ഹെര്‍ക്കുലീസ് ത്രിഗുണന്‍റെ ലഹരിയിലും അപ്പിച്ചേട്ടന്‍ തന്‍റെ ഹെര്‍ക്കുലീസ് സൈക്കിളിന്‍റെ ബ്രേയ്ക്ക് ആഞ്ഞുപിടിച്ചു. ഇല്ല, കിട്ടിയില്ല...

എന്താ സംഭവിച്ചതെന്നു മനസ്സിലാകും മുന്‍പ് ഭരണങ്ങാനം മുഴുവന്‍ മുഴങ്ങും വിധമൊരു കരച്ചിലുയര്‍ന്നു


അയ്യോ ... ആരാണ്ട് എന്നെ കമ്പിപ്പാരയ്ക്കു തല്ലിയേ...

വഴിയാത്രക്കാരനിട്ടു സൈക്കിളിടിച്ചിരിക്കുന്നു. അപ്പിച്ചേട്ടന്‍റെ കെട്ടിറങ്ങി. ഇടികൊണ്ടയാള്‍ക്കൊപ്പം അപ്പിച്ചേട്ടനും നിലത്തുവീണു. സൈക്കിള്‍ ദൂരേയ്ക്കു തെറിച്ചുപോയിരിക്കുന്നു.

അയ്യോ... ഓടി വരണേ...

ഇടികൊണ്ടു വീണയാള്‍ വീണ്ടും കരയുന്നു. കുറ്റാക്കൂരിരുട്ട്. ആരാണെന്നു വ്യക്തമല്ല. എങ്കിലും നല്ല പരിചയമുള്ള ശബ്ദം.

അയ്യോ എന്നെ സൈക്കിളിടിച്ചേ...

ഇടികൊണ്ടയാള്‍ക്ക് ആദ്യനിമിഷത്തെ തരിപ്പിനു ശേഷം കാര്യം മനസ്സിലായതായി അപ്പിച്ചേട്ടനു മനസ്സിലായി. ഈ സമയത്ത് സൈക്കിളില്‍ അധികം പേര്‍ പോവാത്തതിനാല്‍ തന്‍റെ പിടലിയില്‍ പിടിവീഴാന്‍ എളുപ്പമാണ്.
അതിവേഗം അപ്പിച്ചേട്ടന്‍ ചാടിയെഴുന്നേറ്റു... അപ്പോള്‍ ഇടികൊണ്ടു വീണയാള്‍ വീണ്ടും കരഞ്ഞു.ആരെങ്കിലുമൊന്ന് ഓടിവരണേ....

ഇനിയും ഈ കരച്ചില്‍ തനിക്ക് ആശാസ്യമല്ലെന്ന് അപ്പിച്ചേട്ടനു മനസ്സിലായി. ഇടികൊണ്ടു കിടക്കുന്നയാളുടെ മോന്ത നോക്കി അപ്പിച്ചേട്ടന്‍റെ ഭീമന്‍ കാലുയര്‍ന്നു.

അയ്യോ എന്ന അലര്‍ച്ചയോടെ അ‍ജ്ഞാതന്‍ റോഡരികിലെ ഓടയിലേക്കു മൂക്കും കുത്തി വീണു. കരച്ചില്‍ ഞരങ്ങലായി ഒടുങ്ങി.

ഒരുവിധം ഇരുട്ടില്‍നിന്നു സൈക്കിള്‍ തപ്പിപ്പിടിച്ചെടുത്ത് അപ്പിച്ചേട്ടന്‍ അതില്‍ക്കയറി വീട് ഉന്നം വച്ച് ആഞ്ഞുചവിട്ടിത്തുടങ്ങി. സകലസന്ധിബന്ധങ്ങളിലും വേദന. ഇടിയില്‍സൈക്കിളിനും പരുക്കേറ്റിരുന്നു. അതു കാര്യമാക്കാതെ, അപ്പിച്ചേട്ടന്‍ ഒരുവിധം വീട്ടിലെത്തി. ശേഷിക്കുന്ന കിക്കും അപ്പോഴേയ്ക്കും അപ്പിച്ചേട്ടനെ വിട്ടകന്നിരുന്നു. കൈയും കാലും നീറുന്നു. നടുവിനും താടിക്കും നല്ല വേദന.

ആകെ പരിക്ഷീണിതനായി കയറി വരുന്ന മകനെ കണ്ട് അമ്മച്ചി ഞെട്ടിപ്പോയി. വൈകിട്ട് പള്ളീലോട്ട് എന്നുംപറഞ്ഞ് ഇട്ടോണ്ടുപോയ വെള്ളമുണ്ടും ഷര്‍ട്ടും നിറയെ മണ്ണ്. കയ്യിലും കാലിലും താടിയിലും ചോര പൊടിഞ്ഞിരിക്കുന്നു...

എന്‍റെ മാതാവേ... എന്നാ പറ്റിയെടാ അപ്പി നിനക്ക്?

അത് അമ്മച്ചി, വീട്ടിലോട്ടു വരുന്ന വഴി ഏതോ ഒരു കാലമാടന്‍ എന്‍റെ സൈക്കിളിനു വിലങ്ങന്‍ ചാടി. ഒത്തനടുവുകൂട്ടി അവനെ ഇടിച്ചു. ഞാനും വീണു. അവനും വീണു. അവിടെ കിടന്നോണ്ട് അവന്‍ വീണ്ടും കരഞ്ഞു. പണി കിട്ടേണ്ട എന്നു കരുതി അവന്‍റെ കൂമ്പുനോക്കി ഞാനൊരു ചവിട്ടുംകൂടി കൊടുത്തു. ...

സംഭവം കേട്ട് അപ്പിച്ചേട്ടന്‍റെ അമ്മച്ചി മൂക്കത്തുവിരല്‍ വച്ചു. തന്‍െറ മകന്‍റെ സൈക്കിളിനു വിലങ്ങന്‍ ചാടിയവന്‍ ഇടിവെട്ടിച്ചാകത്തേയുള്ളൂവെന്ന് അവര്‍ ഉറക്കെ ആത്മഗതപ്പെട്ടു.
അപ്പിച്ചേട്ടനെ അമ്മച്ചി കൊച്ചുകുഞ്ഞിനെയെന്നപോലെ ശുശ്രുഷിച്ചു. കയ്യിലും കാലിലും മോന്തായത്തിലുമൊക്കെ ഡെറ്റോള്‍ ഒഴിച്ചു തുടച്ചു.
പത്തുമിനിട്ടിനകം അപ്പി വീണ്ടും പഴയ അപ്പിയായി. നീറ്റല്‍ മാത്രം ബാക്കി.

അപ്പനെന്തിയേ അമ്മച്ചി? ഓ, അങ്ങേര് പാലായ്ക്കെന്നും പറഞ്ഞു പോയതാ വൈകിട്ട്. വരേണ്ട സമയമായി...

ദുഖവെള്ളിയാഴ്ച ബസ് ഒക്കെ കുറവല്ലേ അമ്മച്ചീ, വന്നോളും...- അപ്പി

അടുത്ത നിമിഷം വീട്ടുമുറ്റത്തുനിന്ന് അപ്പിയുടെ സ്വന്തം അപ്പച്ചന്‍റെ ശബ്ദം.

തന്നെ ഈ പരുവത്തില്‍ കണ്ടാല്‍ അപ്പന്‍ വെറുതെ വിടുകേലെന്ന് അറിയാവുന്ന അപ്പി വേഗം സ്വന്തം മാളത്തിലൊളിച്ചു. തന്‍റെ പ്രിയഭര്‍ത്താവിനെ സ്വീകരിക്കാന്‍ വീടിന്‍റെ മുന്‍വശത്തേക്കു ചെന്ന അപ്പിച്ചേട്ടന്‍റെ അമ്മച്ചി അറിയാതെ നിലവിളിച്ചുപോയി..
മകനെക്കാള്‍ കഷ്ടമായ കോലത്തില്‍ ദാ നില്‍ക്കുന്നു അപ്പന്‍. ദേഹമാസകലം ചെളിയും പായലും. കയ്യിലും കാലിലും ചോരയൊലിക്കുന്നു. പോരാത്തതിന് മുഖത്ത് ആന ചവിട്ടിയതുപോലെ ഒരുപാടും...

ആയ്യോ നിങ്ങള്‍ക്കിതെന്നാ പറ്റി മനുഷ്യനേ...? അമ്മച്ചി നിലവിളിച്ചുപോയി..

ഒന്നു നീട്ടി ശ്വാസമെടുത്ത ശേഷം പാപ്പിച്ചേട്ടന്‍ വിഷമിച്ച് ഇത്രയും പറഞ്ഞു-

വടക്കേവളവു തിരിയാന്‍ നേരത്താ ഏതോ ഒരു എമ്പോക്കി തന്തയില്ലാത്തവന്‍ എന്‍റെ മേത്ത് സൈക്കിളുകൊണ്ടിപ്പിച്ചത്. ആരെങ്കിലും രക്ഷിക്കാന്‍ വരട്ടേന്നു കരുതി നെലോളിച്ചപ്പം ആ എരപ്പാളി എന്‍റെ മുഖം നോക്കി ഒരു ചവിട്ടും. ഓടേലാ വീണത്.

അവിടെനിന്ന് എഴുന്നേറ്റ് ഒരുവിധം ഇങ്ങെത്തിയതേയുളളൂ... അവനെപ്പോലുള്ളവന്‍റെയൊക്കെ തന്തേം തള്ളേം ആദ്യം തല്ലണം....!!!!

Saturday, July 14, 2007

എന്‍റെ നൂറാമത്തെ പോസ്റ്റ് _ എഴുതുന്നത് എക്സേട്ടന്‍....!!!

ചാര്‍ളിയുടെ വീട്. നട്ടുച്ച. ചാര്‍ളി പോത്തുപോലെ ഉറക്കത്തില്‍.
വീട്ടിലേക്കൊരു ഫോണ്‍കോള്‍.

ഹല്ലോ ചാര്‍ളിയുണ്ടോ?

ചാര്‍ളി ഉറങ്ങുവാണല്ലോ..

ഒന്നു വിളിക്കാമോ?

ഉറക്കത്തീന്നു വിളിച്ചാല്‍ അവന്‍ ചവിട്ടു തരും, ആരാ?

ഹതു ശരി. എന്നാല്‍ ഞാന്‍ പിന്നെ വിളിക്കാം. ഞാന്‍ സുപ്രസിദ്ധ സിനിമാ സംവിധായകന്‍ മിസ്റ്റര്‍ എക്സിന്‍റെ പിഎ ശ്രീകുമാര്‍. വിളിച്ചെന്നു പറഞ്ഞാല്‍ മതി

ഒരു നിമിഷമേ, ഞാനൊന്നു നോക്കിക്കൊട്ടെ,

ഡാ ചാര്‍ളി ദാണ്ടെ നിന്നെയേതോ സിനിമാക്കാരു വിളിക്കുന്നു...

മറുപുറത്ത് അരോ കട്ടിലും മറിച്ചിട്ട് പാഞ്ഞുവരുന്ന ശബ്ദം.

ഹല്ലോ... (നല്ല കിക്കായ ശബ്ദം)

ഉറങ്ങുവാരുന്നോ ചാര്‍ളീ...

ഹില്ല ഒന്നു മയങ്ങി

ഞാന്‍ ശ്രീകുമാര്‍, എക്സിന്‍റെ പിഎ, സാറു പറഞ്ഞിട്ടു വിളിക്കുവാ..

അതേ, ശ്രീകുമാര്‍ സാര്‍, എനിക്ക് ഒരു പച്ചക്കറിക്കട, സോറി ബ്ളോഗ് ഉണ്ട്. അതില്‍ എക്സ് സാറിനോട് എഴുതാന്‍ പറ്റുമോ എന്നു ചോദിക്കാനായിരുന്നു വിളിച്ചത്.

ബ്ളോഗോ അതെന്താ?

അതിപ്പം, ഈ തക്കാളിപ്പെട്ടി, സോറി, കംപ്യൂട്ടറില്‍, ഈ-മെയിലില്‍, ഗൂഗിളില്‍... പിന്നെ, ബ്ളോഗ് എന്ന് ഒരു സാധനമുണ്ട്, അത്ര തന്നെ!!

അതെന്താണെന്ന്?

സാറു തെഹല്‍ക്ക എന്നു കേട്ടിട്ടുണ്ടോ?

ഉലക്ക എന്നു കേട്ടിട്ടുണ്ട്

അതല്ല, തെഹല്‍ക്ക. വെബ് പോര്‍ട്ടലാണ്. അതിന്‍റെ ഒരു മിനിയേച്ചറാണ് എന്‍റെ ബ്ളോഗ്. നല്ല എരിവുള്ള ഒന്നാന്തരം സാധനം.

അതെന്തുമാവട്ടെ, ബ്ളോഗ് എന്നാണോ അതിന്‍റെ പേര്?

ബ്ലോഗ് എന്നത് അതിന്‍റെ കോമണ്‍ നെയിമാണു സാര്‍. അത് ഒരുപാട് എരപ്പാളികള്‍ക്കുണ്ട്. എന്‍റെ ബ്ളോഗിന്‍റെ പേര് ചാര്‍ളിത്തരങ്ങള്‍

എന്ത് പോക്രിത്തരങ്ങള്‍ എന്നോ?

അല്ല സാര്‍, ചാര്‍ളി, ഞാന്‍, ചാര്‍ളിത്തരങ്ങള്‍

അതെന്തു പേരാടോ?

അങ്ങനെ വീണു കിട്ടിയതാണു സാര്‍. പണ്ട് ഞാന്‍ തെഹല്‍ക്കയില്‍ എഴുതുന്ന കാലത്ത് ബ്ളോഗിലെ വല്യൊരു പുലിയിട്ട പേരാണു സാര്‍. പിന്നെ ഞാനതു എന്‍റെ ബ്ളോഗിന്‍റെ പേരാക്കി. സിനിമയില്‍ കീരിക്കാടന്‍ ജോസ്, ഇടവേള ബാബു, മണിയന്‍പിള്ള രാജു എന്നൊക്കെ പറയുംപോലെ...

ഇതൊക്കെ വല്ലോരും വായിക്കുവോടോ...

പിന്നെ, സാര്‍, എനിക്കു പതിനായിരം ഹിറ്റു കഴിഞ്ഞു

ഹെന്‍റമ്മോ.. സിനിമേല്‍ പോലും പത്തോ ഇരുപത്തഞ്ചോ ഹിറ്റു ചെയ്തവര്‍ കുറവാണല്ലോടോ...!

ആ ഹിറ്റല്ല സാര്‍ ഇത്. ഇതു ഞാനെഴുതിയതൊക്കെ വന്നു വായിച്ചു പോയവരുടെ എണ്ണമാ..

അതൊക്കെ കറക്ടാണോടോ...

കുറേയൊക്കെ സാര്‍

ശരി, എക്സ് സാര്‍ എന്തു വേണമെന്നാ താന്‍ കഴിഞ്ഞ ദിവസം സാറിന്‍റെ വീട്ടില്‍വിളിച്ച് അങ്ങേരില്ലാത്തപ്പോള്‍ പറഞ്ഞത്?

എന്‍റെ നൂറാമത്തെ പോസ്റ്റിന്...

പോസ്റ്റോ?

അതേ, പോസ്റ്റ്

നൂറാമത്തെ പോസ്റ്റോ..അതെന്താ വീട്ടിലോട്ടു കറന്‍റു കണക്ഷന്‍ വലിക്കുവാണോ?

അല്ല സാര്‍, എന്‍റെ നൂറാമത്തെ കഥ, അതിനുപോസ്റ്റ് എന്നാണു പറയുക. പോസ്റ്റേല്‍ പിടിപ്പിക്കുക എന്നു കേട്ടിട്ടില്ലേ? അതു പോലെആ പോസ്റ്റ്, സോറി കഥ എക്സ് സാര്‍ എഴുതിയാല്‍ എനിക്കു ഭയങ്കര അഭിമാനമാകുമായിരുന്നു...

ശരി, ശരി.. എന്താ എഴുതേണ്ടത്...?

അങ്ങനെ എനിക്കു പിടിവാശിയൊന്നുമില്ല സാര്‍. ഏതേലും സിനിമാ നടിമാരുടെ ജീവചരിത്രം എഴുതിയാലും മതി. ഞാന്‍ തുടരനായിട്ടു കൊടുത്തോളാം.

ഹോ.. ഇതിപ്പം കുരിശായല്ലോ!! എടോ അതൊക്കെ വല്യ പാടാ. സാറാണേല്‍ ഭയങ്കര തിരക്കിലും.
ചെറിയൊരു പീസു മതി സാര്‍

എടേ തന്നേ വേണേല്‍ അടുത്ത സിനിമേല്‍ നായകനാക്കാം. എന്നാലും ഈ കാര്യത്തിനിങ്ങനെ ബുദ്ധിമുട്ടിക്കരുതെടോ..

സിനിമേല്‍ അഭിനയിക്കണമെന്നുണ്ടായിരുന്നു, പക്ഷേ ഭാര്യ സമ്മതിക്കില്ല സാര്‍...അതുകൊണ്ട് അതു വേണ്ട, എക്സ് സാറിനോടു പറ‍ഞ്ഞ് ഒരു പോസ്റ്റ്, അല്ല കഥ വാങ്ങിത്തന്നാല്‍ മതി സാര്‍.

ശരി, ശരി, നോക്കട്ടെ...!!!

ശ്രീകുമാര്‍ ഫോണ്‍ വച്ചു. വിശ്വാസം വരാത്തവനെപ്പോലെ ചാര്‍ളി കുറച്ചുനേരംകൂടി അവിടെ നിന്നു. പിന്നെ ഇരുന്നു. അമേരിക്കയിലുള്ള പെങ്ങളെ വിളിച്ച് ഇക്കാര്യം ഇപ്പോള്‍ത്തന്നെ പറയണമെന്നു ചാര്‍ളിക്കു തോന്നി. അവിടെ അപ്പോള്‍ പാതിരാത്രിയായിരുന്നു. എങ്കിലും വേണ്ടില്ല, പറഞ്ഞിട്ടു തന്നെ കാര്യം.
ചാര്‍ളി ഫോണെടുത്തു. വിളിച്ചു,

ഹലോ അളിയനല്ലേ? ഞാനാ ചാര്‍ളി

ഈ പാതിരാത്രിയില്‍ എന്നാ പറ്റി?

എന്‍റെ നൂറാം പോസ്റ്റ് എഴുതാമെന്ന് എക്സേട്ടന്‍ സമ്മതിച്ചു.

അണോടാ...ഹയ്യോ... എടിയേ... നമ്മടെ അളിയന്‍റെ നൂറാംപോസ്റ്റ് നമ്മുടെ എക്സ് സാര്‍ എഴുതുമെന്ന്...

പെങ്ങളു ഫോണ്‍ പിടിച്ചു വാങ്ങി. നേരാണോടാ...

അതേ ചേച്ചി. എക്സേട്ടന്‍ ഇപ്പോ വിളിച്ചു വച്ചതേയുള്ളൂ. പുള്ളിക്കാരന്‍ ഇതു സ്ഥിരമായി വായിക്കാറുണ്ടത്രേ. ഡിങ്കന്‍ എന്ന പേരില്‍ കമന്‍റിട്ടോണ്ടു നടന്നതും പുള്ളിക്കാരനായിരുന്നത്രേ...

ഹാര് നമ്മടെ ഡിങ്കനോ...അങ്ങേരാണോ എക്സ്... ഹെന്‍റെ ദൈവമേ...എടാ ഞങ്ങള് അങ്ങോട്ടു വരുവാ.. എക്സ് സാറിനെ ഒന്നു നേരില്‍ കാണാമല്ലോ.. ഹയ്യോ...എനിക്കൊന്നും വിശ്വസിക്കാന്‍ പറ്റുന്നില്ല.

വിശ്വസിക്കേണ്ട, അടുത്ത ദിവസം നേരില്‍ കാണാം. ഞാന്‍ ഫോണ്‍വയ്ക്കുവാ.. റബറിനിപ്പം വല്യ വെലയില്ല!!!

ചാര്‍ളിക്ക് ഇരുന്നിട്ട് ഇരുപ്പുറച്ചില്ല. ചാര്‍ളി മൊബൈലെടുത്തു.
കപീഷ് ലൈനില്‍...

ആ നീയാണോടാ...

അതേ ഞാനാണ്.

ഞാനാരാന്നാ നിന്‍റെ വിചാരം?

ചാര്‍ളി തന്നെയല്ലേ?

അതേ, പക്ഷേ ഒരു കാര്യം. നിന്നെപ്പോലെ വെറും ഊച്ചാളി ബ്ളോഗറല്ല ഞാന്‍. എന്‍റെ നൂറാം പോസ്റ്റ് എഴുതുന്നതു എക്സേട്ടന്‍. ഇങ്ങോട്ട് വിളിച്ച് അപേക്ഷിക്കുകയായിരുന്നു. പാവമല്ലേ എന്നു വിചാരിച്ചു ഞാനങ്ങു സമ്മതിച്ചു.

സത്യം?

പിന്നല്ലാതെ. മൂപ്പര്‍ക്ക് ഇതുവല്യ താല്‍പര്യമാണത്രേ. നമ്മള് എഴുതുമെന്നല്ലാതെ വായിക്കുന്നതാര്, കമന്‍റിടുന്നത് ആര് എന്നൊക്കെ മൈന്‍ഡു ചെയ്യാറുണ്ടോ? എന്തായാലും മൂപ്പരു തന്നെയാണ് എഴുതുന്നത്. നുറു തികയ്ക്കാന്‍ ഞാന്‍ ഒരു കിടിലോല്‍ക്കിടിലന്‍ പോസ്റ്റ് എഴുതിവച്ചിട്ടുണ്ടായിരുന്നു.അത് നൂറ്റൊന്നായിട്ടു കൊടുക്കാം.

ചാ‍ര്‍ളിച്ചായാ...എന്ന് എഴുതിക്കിട്ടുമെന്നാ പറഞ്ഞത്?

അതുപറഞ്ഞില്ല. അടുത്ത ദിവസം പെങ്ങളും അളിയനും വരും. അവരൊന്നിച്ച് എക്സേട്ടനെ നേരിട്ടുപോയിക്കണ്ട് എഴുതി മേടിച്ചേക്കാമെന്നാണു പ്ളാന്‍...

കര്‍ത്താവേ... ചതിച്ചോ...

ഹെന്നാടാ...

ഒന്നുമില്ല, ഇവിടെപ്പറഞ്ഞതാ...

അവിടെ പറയാന്‍ എന്തിരിക്കുന്നു..?

ഒന്നുമില്ലെന്നേ... അല്ല നിങ്ങള് എന്നത്തേക്കാ പോകുന്നത്?

മിക്കവാറും അടുതത വെള്ളിയാഴ്ച.. എന്താ നീയും വരുന്നുണ്ടോ?

ഇല്ല, വെള്ളിയാഴ്ച എനിക്കു പനിയാ...

പനിയോ? അതെങ്ങനെ നിനക്കിപ്പോളേ അറിയാം?

അതു പിന്നെ, എനിക്ക് എല്ലാ വെള്ളിയാഴ്ചയുംപനി വരും. ഒണ്ടായപ്പോള്‍ മുതലേ അങ്ങനെയാ..

ആട്ടെ, കപീഷേ...ഈ എക്സേട്ടന്‍ ആളെങ്ങനെയാ.. നല്ല കക്ഷിയാണോ?

പിന്നെ, പറയേണ്ടതുണ്ടോ? ഉള്ളതിലേക്കും വച്ചേറ്റവും ഡീസന്‍റ്. അതാ എന്‍റെ പേടി

പേടിയോ എന്തു പേടി?

അല്ല അതിവിടെ പറഞ്ഞതാ...

അവിടെയാരാ ഉള്ളത്?

അല്ല, വീട്ടിലെ പട്ടിയോടു പറഞ്ഞതാ..

പട്ടിയോ.. ഞാന്‍ കഴിഞ്ഞ ദിവസം വന്നപ്പോള്‍ വീട്ടില്‍ പട്ടിയെ കണ്ടില്ലല്ലോ...

അല്ല ഉണ്ടായിരുന്നു. അപ്പോള്‍ പട്ടി കുളിക്കാന്‍ പോയതായിരുന്നു.

കുളിക്കാന്‍ പട്ടി തനിച്ചാണോടാ പോകുന്നത്?

അല്ല കുളിപ്പിക്കാന്‍ കൊണ്ടുപോയതായിരുന്നു.

ആരു കൊണ്ടുപോയി? ?

അമ്മച്ചി.

അമ്മച്ചി വീട്ടിലുണ്ടായിരുന്നല്ലോ....

അപ്പന്‍... പുള്ളിക്കാരനും വീട്ടിലുണ്ടായിരുന്നല്ലോ...

അപ്പോ പിന്നെ ആരു കൊണ്ടുപോയെടാ...പട്ടിയെ കുളിപ്പിക്കാന്‍ കൊണ്ടുപോകാന്‍ വീട്ടില്‍ വേറെ ആരാ ഉളളത്?

ഞാന്‍...

നീയും അവിടെ ഉണ്ടായിരുന്നില്ലേടേ...സത്യം പറ...ഉരുണ്ടു കളിക്കരുത്..നീയെവിടെയാ...

പള്ളീലാ... കൊന്ത നമസ്കാരം കൂടുവാ...

ഉച്ചയ്ക്കോ...അതേതു പള്ളി, സത്യം പറയണം..

സോറി ചേട്ടാ, അമ്പാറയുണ്ട്. കുരിശുപള്ളിക്കടുത്ത്..

ഷാപ്പിലോ...?

ങും...

അവിടെ എന്നാ പണി?

പാലു മേടിക്കാന്‍ വന്നതാ...

ഷാപ്പിലാണോടാ പാലു വില്‍ക്കുന്നത്?

കപീഷിന് ഉത്തരം മുട്ടുന്നു... നിശബ്ദത...

ചാര്‍ളിക്കു സംശയം കൂടുന്നു. ആകെപ്പാടെ വിയര്‍ക്കുന്നു...

സത്യം പറയണം, നീയെന്തു പണിയാ ഒപ്പിച്ചത്?

കപീഷിനു പേടിയാവുന്നു. ചാര്‍ളി വയലന്‍റാവുകയാണ്. പിന്നെ നോര്‍മലാവണേല്‍ ഷോക്കടിപ്പിക്കേണ്ടി വരും!

ഉള്ള സത്യം പറഞ്ഞാല്‍ ചാര്‍ളി തന്നെ വണ്ടിയിടിപ്പിച്ചു കൊല്ലും. സത്യം പറഞ്ഞില്ലേല്‍ ചാര്‍ളിക്കു നല്ല പണി കിട്ടും..

എന്തു ചെയ്യണമെന്നറിയാതെ കപീഷ് വിറച്ചു. ഒടുവില്‍ കപീഷ് സത്യം തുറന്നു പറഞ്ഞു.

ചാര്‍ളിച്ചായന്‍ സൗമനസ്യത്തോടെ കേള്‍ക്കണം. എക്സേട്ടന്‍ നിങ്ങളെ വിളിച്ചെന്ന് എന്നോടു നുണ പറഞ്ഞതല്ലേ? എക്സിന്‍റെ പിഎ ആണെന്നുംപറഞ്ഞ് കുറച്ചു മുന്‍പേ അങ്ങോട്ടു സ്വരം മാറ്റി വിളിച്ചതു ഞാനായിരുന്നു...

അപ്പുറത്ത് ഒരു ചാക്കുകെട്ടു നിലത്തുവീഴുന്ന ശബ്ദം..

മൊബൈല്‍ ഓഫായില്ല.

നിമിഷങ്ങള്‍ക്കകം ചാര്‍ളിയുടെ അമ്മച്ചി ഓടിവരുന്നതും അലമുറയിടുന്നതുമായ ശബ്ദങ്ങള്‍... അയ്യോടീ... ഓടിവന്നേ... ഇവനിതാണ്ടെ ബോധം കെട്ടു. !!!

ചാ‍ര്‍ളിക്ക് അവശേഷിച്ചിരുന്ന സ്വബോധംകൂടി നഷ്ടമായെന്നു കപീഷിനു മനസ്സിലായി. ആവനാഴിയലെ അവസാന അസ്ത്രം പ്രയോഗിക്കാതെ രക്ഷയില്ല. കപീഷ് ഉടന്‍ ഒരു ഓട്ടോറിക്ഷ വിളിച്ച് പാലായ്ക്കുപാഞ്ഞു. സിന്‍സിയര്‍ ബുക്സ്റ്റാളിനു മുന്‍പില്‍ അലച്ചുകെട്ടി നിന്ന ഓട്ടോയില്‍നിന്നു കപീഷ് ചാടിയിറങ്ങി. നേരെ കടയ്ക്കുള്ളിലേക്ക്. അവിടെ, കപീഷിനെ കാത്തന്നോണം എക്സ് സാര്‍ എഴുതിയ "വര്‍മകളുടെ പേരുമാറ്റം" എന്ന പുതിയ പുസ്തകം ഇരുപ്പുണ്ടായിരുന്നു. പറഞ്ഞകാശുകൊടുത്ത് പുസ്തകവുമായി കപീഷ് അടുത്തുകണ്ട ഇന്‍റര്‍നെറ്റ് കഫേയിലേക്ക് ഓടി. പുസ്തകമെടുത്ത്, നേരെ തുറന്നു വച്ചു. ആദ്യം കണ്ട കഥ, തലക്കെട്ടു സഹിതം യൂണിക്കോഡ് ലിപിയിലേക്കു പകര്‍ത്തി. അരമണിക്കൂറുകൊണ്ട് സംഗതി തീര്‍ത്ത് ചാര്‍ളിയുടെ മെയില്‍ ഐഡിയിലേക്കു സെന്‍ഡു ചെയ്തു.

കഫേയില്‍നിന്നിറങ്ങിയ കപീഷ് ചാര്‍ളിയെ ഫോണില്‍ വിളിച്ചു.

ഹല്ലോ...

ആ ഹല്ലോ...ചാര്‍ളിയുടെ അമ്മച്ചിയാണു ഫോണെടുത്തത്.

അമ്മച്ചീ ഞാന്‍ കപീഷാ...

ആ മോനെ.. നമ്മടെ ചാര്‍ളിക്കൊച്ചിനൊരു തലകറക്കം. ഇപ്പം ബോധം തെളിഞ്ഞാരുന്നു. ഒരു കംപ്യൂട്ടറിന്‍റെ പടം കണ്പ്പോള്‍ വീണ്ടും ബോധം പോയി. ഇടയ്ക്കിടെ പോസ്റ്റ് പോസ്റ്റ് എന്നൊക്കെ പറയുന്നുണ്ട്. എന്നതാണോ എന്‍റെ മാതാവേ...

അതേ, അമ്മച്ചി, ഉറക്കം ശരിയാവാത്തതുകൊണ്ടായിരിക്കും. പിന്നെ, ഇനി ബോധം തെളിയുമ്പോള്‍ എക്സേട്ടന്‍ കഥ അയച്ചിട്ടുണ്ട് എന്നൊന്നു പറഞ്ഞേക്കണേ...

കപീഷും ഫോണ്‍ വച്ചു.

ചാര്‍ളിക്കു വീണ്ടും ബോധം വന്നപ്പോള്‍ അമ്മച്ചി എക്സേട്ടന്‍റെ കഥയുടെ കാര്യം പറ‍ഞ്ഞു. അതോടെ, ചാര്‍ളിക്കു വീണ്ടും ബോധം പോയി.

രണ്ടുദിവസം കഴിഞ്ഞു. ചാര്‍ളി സാധാരണ ജീവിതത്തിലേക്കു തിരികെ വന്നു. എങ്കിലും മറ്റു പല കാര്യങ്ങളും അദ്ദേഹം ബോധക്ഷയത്തിന്‍റെ ആഘാതത്തില്‍ മറന്നുപോയിരുന്നു.അതിലൊന്നായിരുന്നു കപീഷിന്‍റെ കാര്യവും.

വീട്ടിലെ കംപ്യൂട്ടറില്‍നിന്ന് ഒരു ദിവസം അദ്ദേഹം ജിമെയില്‍ ലോഗിന്‍ ചെയ്തു. അതാ കിടക്കുന്നു എക്സേട്ടന്‍റെ മെയില്‍. മെയില്‍ തുറന്ന ചാര്‍ളി ഞെട്ടിപ്പോയി. എക്സേട്ടന്‍റെ അഭിവാദ്യം സഹിതം ഒരു കുറിപ്പ്.

നേരെ കണ്‍ട്രോള്‍ സി, കണ്‍ട്രോള്‍ വി കൊടുത്ത് ചാര്‍ളി അതിനെ തന്‍റെ ബ്ളോഗിലേക്കു പകര്‍ത്തി.

അതിനിങ്ങനെ ഒരു തലക്കെട്ടും അദ്ദേഹം തന്നെ കൊടുത്തു.

എന്‍റെ നൂറാമത്തെ പോസ്റ്റ് _എഴുതുന്നത് എക്സേട്ടന്‍....!!!

Wednesday, July 11, 2007

പനിപ്പേടി; പട്ടാളപ്പേടി


നാടുമുഴുവന്‍ പകര്‍ച്ചപ്പനി വന്നു മൂടിപ്പുതച്ചുനിന്ന സമയത്താണു മുഖ്യമന്ത്രി ഇങ്ങനെ പ്രഖ്യാപിച്ചത്- പനി പിടിക്കാന്‍, നാട്ടുകാരു പനി ഇനിയും പിടിപ്പിക്കാതിരിക്കാന്‍ പട്ടാളത്തെ ഇറക്കും!!!

പനിക്കിടക്കയില്‍കിടന്ന് ജനം ആ വാര്‍ത്ത കേട്ടു-

ഭരണങ്ങാനത്തും പട്ടാളം വരും. കൊതുകിനെ മൊത്തം വെടിവച്ചു പിടിക്കും. പട്ടാളമായതിനാല്‍ തെല്ലും മയം കാണില്ല. തൊട്ടുമുന്‍പില്‍ കാണുന്നതെല്ലാം വെടിവച്ചിടും. കൊതുകിനിട്ടു മാത്രമായി വെടികൊള്ളണമെന്നില്ല.

പട്ടാളത്തിന്‍റെ തോക്കിനു കൊതുകെന്നോ മനുഷ്യന്‍റെ മുതുകെന്നോ വല്ല വ്യത്യാസവുമുണ്ടോ?

നാട്ടുകാര്‍ക്കു പേടിയായിത്തുടങ്ങി. പനിപിടിച്ചു കിടക്കുന്നതായിരുന്നു ഭേദം. ഇതിപ്പം ഒരു കൊതുകെങ്ങാനും മൂളിപ്പറന്നു നമ്മടെ വീട്ടുമുറ്റത്തുകൂടിപ്പോയാല്‍ അതിനെ ഫോളോ ചെയ്തു വരുന്ന പട്ടാളക്കാരു നമ്മളേം വെടിവക്കുവേലെന്ന് ആരു കണ്ടു? പട്ടാളത്തിന്‍റെ വെടിയേറ്റായിരിക്കും മിക്കവാറും തങ്ങളുടെ മരണമെന്നു പോലും പലരും തീരുമാനിച്ചു.

പനിപ്പേടിയുടെ ദിനരാത്രങ്ങള്‍, പട്ടാളപ്പേടിയുടെ കാളരാത്രങ്ങളായി മാറി.

ഭരണങ്ങാനം പനികൊണ്ടും പട്ടാളപ്പേടികൊണ്ടും വിറച്ചുകൊണ്ടിരുന്നു. മഴ നിര്‍ത്താതെ കരഞ്ഞുപെയ്ത ഒരു രാത്രിയില്‍ ഭരണങ്ങാനത്ത് ആലൂമ്മൂടന്‍റെ പച്ചക്കറിക്കടയുടെ തട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കണ്ണപ്പനാണ് ആ ശബ്ദം ആദ്യമായി കേട്ടത്.

മേരിഗിരി ആശുപത്രിയുടെ ഭാഗത്തുനിന്നു മഴയ്ക്കൊപ്പം താളക്രമത്തില്‍ ബൂട്ടടി ശബ്ദം. പട്ടാളത്തിന്‍റെ ബൂട്ടിന്‍റെ ശബ്ദം. കണ്ണപ്പന്‍ പട്ടാളത്തെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും അവധിക്കു നാട്ടില്‍ വരുന്ന സുബേദാര്‍ രാജപ്പന്‍റെ വീരകഥകളിലൂടെ പട്ടാളത്തെ കുറേ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. ഇതു പട്ടാളത്തിന്‍റെ റൂട്ടുമാര്‍ച്ചു തന്നെ.

നട്ടപ്പാതിരയ്ക്കാണോ ഇവന്‍മാരു റൂട്ടു മാര്‍ച്ചിനു വരുന്നത്?

ഇവിടെ തന്നെ കണ്ടാല്‍ ചിലപ്പോള്‍ തനിക്കും വെടി കിട്ടിയെന്നിരിക്കും! കണ്ണപ്പനു പേടിയായി. ആലുമ്മൂടന്‍റെ പച്ചക്കറിത്തട്ടിന്‍റെ ഉള്ളിലേക്ക് ഇറങ്ങി ഒളിച്ചിരിക്കാമെന്നു കണ്ണപ്പന്‍ തീരുമാനിച്ചു. പനിമൂലം മടക്കാന്‍ വയ്യാതായ കാല് ഒരുവിധം മടക്കിയൊതുക്കി കണ്ണപ്പന്‍ തട്ടിനുള്ളിലേക്ക് ഇറങ്ങിയിരുന്നു.ബൂട്ടടി ശബ്ദം അടുത്തടുത്തു വരുന്നു.

ഭരണങ്ങാനം മുഴുവന്‍ കുലുങ്ങുന്ന ശബ്ദം. നൂറുപേരെങ്കിലും കാണുമായിരിക്കും- കണ്ണപ്പന്‍ ഓര്‍ത്തു.

ഒരു പട്ടാളക്കാരന്‍ ഒരു ദിവസം പത്ത് കൊതുകിനെ വെടിവച്ചാല്‍ നൂറു പട്ടാളക്കാരു ചേര്‍ന്ന് ആകെ ഒരുദിവസം ആയിരം കൊതുകിനെ തട്ടും. നൂറു കൊതുകിനൊപ്പം ചിലപ്പോള്‍ പത്തോ ഇരുപതോ മനുഷ്യര്‍ക്കിട്ടും തട്ടുകിട്ടാന്‍ സാധ്യതയുണ്ട്.

അങ്ങനെ നോക്കിയാല്‍ കുഴിവെട്ടുകാരന്‍ കുഞ്ചാക്കോയ്ക്കു കോളാണ്. പള്ളിയില്‍ എന്നും മിനിമം പത്ത് അടക്കെങ്കിലും വച്ചുണ്ടാവും!

അതുവഴി തനിക്കും സാമ്പത്തികമെച്ചമുണ്ടാവും. മരിച്ചടക്കു കഴിഞ്ഞ് പള്ളിനടയിലിരിക്കുന്ന ധര്‍മക്കാര്‍ക്ക് മിനിമം പത്തുരൂപ വച്ചു പടികിട്ടും. പട്ടാളം വന്നുപോകുന്നതു വരെ തന്‍റെ കാര്യം കുശാലായി. - ഭരണങ്ങാനത്തെ ഒരേയൊരു ധര്‍മക്കാരനായ കണ്ണപ്പനു സന്തോഷംകൊണ്ടു കണ്ണുനിറഞ്ഞു.

പട്ടാളത്തിന്‍റെ ബൂട്ടടി ശബ്ദം വീണ്ടുമടുത്തെത്തി. ആലൂമ്മൂടന്‍റെ കടയുടെ അടുത്തുകൂടി മെയിന്‍ റോഡ് വഴി ഇപ്പോള്‍ പട്ടാളം കടന്നുപോകും. ജീവിതത്തില്‍ ആദ്യമായി പട്ടാളത്തെ കാണാന്‍ തലയുയര്‍ത്തി നോക്കിയ കണ്ണപ്പന്‍ ഞെട്ടിപ്പോയി!

നല്ല ശബ്ദത്തില്‍ ഏതോ ഇംഗ്ളീഷ് പാട്ടും വച്ച് ഒരു ഓട്ടോറിക്ഷ അതുവഴി ഈരാറ്റുപേട്ട ഉന്നംവച്ചു പോകുന്നു. ദൂരെനിന്നു കണ്ണപ്പന്‍ കേട്ടത് നല്ല ബാസ് ടോണിലുള്ള പാട്ട്!!- ഇതായിരുന്നോ പട്ടാളം?!

കണ്ണപ്പന്‍റെ പ്രതീക്ഷകള്‍ താളം തെറ്റി. അന്നു രാത്രിയും പട്ടാളം വന്നില്ല. അന്നു രാത്രിയെന്നല്ല, പിറ്റേന്നു പകലും രാത്രിയും അതിന്നു പിറ്റേന്നുമൊന്നും പട്ടാളം വന്നില്ല. പട്ടാളത്തെ പേടിച്ചു നാടുവിട്ട പലരും നാട്ടിലേക്കു തിരിച്ചെത്തിത്തുടങ്ങി. പട്ടാളം വരുമെന്നു വെറുതെ പറ്റിക്കാന്‍ മുഖ്യമന്ത്രി പറ‍ഞ്ഞതാണ്.

അവന്‍മാര്‍ക്ക് കൊതുകിനെ വെടിവയ്ക്കലല്ലേ പണി!-നാട്ടുകാരു വട്ടംകൂടിന്നിടത്തൊക്കെ ഇതായി വര്‍ത്തമാനം. ഇങ്ങനെയൊക്കെയാണേലും പലര്‍ക്കും പട്ടാളപ്പേടി, പനിക്കു ശേഷമുളള കാലിലെ നീരുപോലെ മുഴുവനായിട്ടങ്ങു മാറിയിരുന്നില്ല!

ഒരു ‍തിങ്കളാഴ്ച ദിവസം വൈകിട്ട് ഭരണങ്ങാനത്തു ചൂടോടെയിറങ്ങിയ അന്തിപ്പത്രത്തില്‍ എല്ലാവരെയും പൊള്ളിക്കുന്ന ആ വാര്‍ത്തയുണ്ടായിരുന്നു.

അയ്യങ്കോലിപ്പാറയിലെ ഹെലിപ്പാഡില്‍ നാളെ ഉച്ചയ്ക്കു പട്ടാളമിറങ്ങും. ആദ്യം മൂന്നു ഹെലികോപ്ടറുകളിലായി 15പട്ടാളക്കാര്‍. പിന്നാലെ ബാക്കിയുള്ളവരെത്തും. ഇതുവരെ പനി പടര്‍ന്നുപിടിക്കാത്ത അയ്യങ്കോലിപ്പാറയിലായിരിക്കും പട്ടാളക്യാംപ്. ഒരാഴ്ച കൊണ്ടു പനി പരത്തുന്ന കൊതുകിനെ മൊത്തം വെടിവച്ചു കൊന്ന് പട്ടാളം അടുത്ത സ്ഥലത്തേക്കു പോകും.

പത്രവാര്‍ത്ത നാടുമുഴുവന്‍ പരന്നു.

പിറ്റേന്ന് ഉച്ചയ്ക്ക്, അയ്യങ്കോലിപ്പാറയില്‍ പട്ടാളമിറങ്ങി. മൂന്നു ഹെലികോപ്ടറുകള്‍ ജനം നേരില്‍ക്കണ്ടു. പട്ടാളമിറങ്ങിയ പാടേ, അവിടെയുണ്ടായിരുന്നവര്‍ ഓടിയെത്തി കൂട്ടത്തിലുണ്ടായിരുന്ന മൂത്ത പട്ടാളത്തിന്‍റെ കാലില്‍ വീണു

ക്യാ ബാത് ഹൈ?

നല്ല ബഹുത് അച്ഛാ ഹിന്ദിയില്‍ പട്ടാളമേധാവി ചോദ്യമെറിഞ്ഞു

ഹിന്ദിയറിയാത്ത ബഹുജനം കണ്ണുമിഴിച്ചു. അറ്റവും മുറിയും അറിയാവുന്ന നാട്ടുകാരിലൊരാള്‍ സങ്കടമുണര്‍ത്തിച്ചു.

ഹംകോ പനി ഹൈ. പര്‍ ഹമേം കൊതുക് നഹി ഹൈ. വെടിവയ്ക്കരുത് ഹൈ ഹും ഹോ...

പട്ടാളത്തിനു കാര്യം പിടികിട്ടിയില്ല.

ഹം ഗരീബ് ആദ്മിയോം കോ ഷൂട്ട് നഹി ...(ഹൈ ഹും... )

പട്ടാളത്തിനു കാര്യം പിടികിട്ടി. മേധാവി ചിരിച്ചു.

കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ മുന്നോട്ടു വന്നു. നല്ല മലയാളത്തില്‍ ജനത്തോടായി ഇങ്ങനെ പറഞ്ഞു

ഞങ്ങള് വന്നതു വെടി വയ്ക്കാനല്ല. പനി പിടിക്കാന്‍ വരുന്നതു പട്ടാളമാണെന്നു പറയുമെങ്കിലും ഞങ്ങളു മിലിട്ടറി മെഡിക്കല്‍ ടീമാണ്. ഞങ്ങള് ആരെയും വെടിവയ്ക്കില്ല. പനിയുടെ കാരണം കണ്ടെത്തി രോഗാണുവിനെയും കൊതുകിനെയും നശിപ്പിക്കുകയാണുദ്ദേശ്യം.

ജനസാമാന്യത്തിനു സമാധാനമായി.

പതിയെപ്പതിയെ പനിയുടെ അസ്കിത മറന്നും ജനം പട്ടാളത്തോട് ഇടപ്പെട്ടു തുടങ്ങി. ടെന്‍റുകള്‍ അടിക്കണം. ഭക്ഷണം പാകം ചെയ്യാന്‍ സംവിധാനം വേണം. വെള്ളം വേണം. മണിക്കൂറുകള്‍ക്കകം എല്ലാം റെഡിയായി.

പട്ടാളവും ഹാപ്പി. ജനവും ഹാപ്പി. പട്ടാളത്തോടു കൂട്ടുകൂടിയതോടെ ജനം ഹിന്ദിപഠിച്ചു എന്നു കരുതരുത്. പകരം പട്ടാളം മലയാളം പഠിച്ചു.

പിറ്റേന്നു രാവിലെ പട്ടാളത്തിന്‍റെ പി.ടി. പരേഡിന്‍റെ ശബ്ദം കേട്ടാണു നാടുണര്‍ന്നത്. ഉറക്കപ്പായില്‍നിന്നെഴുന്നേറ്റു വന്നു കണ്ണുതുറന്ന നാട്ടുകാരെ ഞെട്ടിച്ചുകൊണ്ടു പട്ടാളം ലെഫ്റ്റ് റൈറ്റ് വിളിച്ചു കോട്ടവഴിയേ കവാത്ത് നടത്തിപ്പോയി. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പട്ടാളം അതേപടി അയ്യങ്കോലിപ്പാറ ലക്ഷ്യമാക്കിയും ലെഫ്റ്റ് റൈറ്റ് ആയിപ്പോയി.
നേരെ ചൊവ്വേ നടക്കാന്‍ മേലെങ്കിലും നാട്ടുകാരും പട്ടാളത്തോടുള്ള ആദരവുമൂലം ലെഫ്റ്റ് റൈറ്റ് വച്ചു തുടങ്ങി.

പട്ടാളം നാളെ മുതല്‍ പണി തുടങ്ങും അതോടെ കൊതുകുകളുടെ പണി തീരും. ജനം ആശ്വസിച്ചു.
അന്നു രാത്രിയായി. ജനങ്ങളുറങ്ങി.പട്ടാളവും.

പിറ്റേന്നു രാവിലെയും പിടി പരേഡ്. തലേന്നത്തെ അത്ര ശബ്ദമില്ല.

ഉറക്കപ്പായ തട്ടിക്കുടഞ്ഞെണീറ്റുവന്ന നാട്ടുകാര്‍ പട്ടാളത്തെക്കണ്ടു ഞെട്ടി.

പരേഡു നടത്തുന്ന പകുതിപ്പേര്‍ക്കും കാലിനു ചട്ട്. ശരിക്കു പരേഡു വയ്യ. ലെഫ്റ്റ് റൈറ്റ് എന്നതിന്നിടയ്ക്ക് അയ്യോ അയ്യോ എന്നും കേള്‍ക്കുന്നുണ്ട്.
പട്ടാളത്തിനും പനി പിടിച്ചിരിക്കുന്നു.കോട്ടവഴിയേ അരമണിക്കൂര്‍ കഴിഞ്ഞു രണ്ടുകാലിലും ചട്ടുമായി പട്ടാളം തിരികെപ്പോയി.

അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നിലവിളി ശബ്ദവുമായി രണ്ട് ആംബുലന്‍സ് അയ്യങ്കോലിപ്പാറയിലേക്കു പാഞ്ഞുപോകുന്നതു നാട്ടുകാരു കണ്ടു.

പാറയില്‍ ടെന്‍റടിച്ചു കിടന്ന പട്ടാളക്കാരെ മുഴുവന്‍ എടുത്ത് അതില്‍ കയറ്റി വന്നതിലും വേഗത്തില്‍ അതു തിരിച്ചു പോയി.

ഇതു സംഭവിച്ചിട്ട് ഇപ്പോള്‍ പത്തുദിവസമായിരിക്കുന്നു.

പട്ടാളം വന്ന ഹെലികോപ്ടര്‍ ഉള്‍പ്പെടെയുള്ളവയെക്കുറിച്ച് അന്വേഷിച്ച് ആരും അതുവഴി വരാത്തതിനാല്‍ നാട്ടിലെ പനി വിട്ടുമാറിയ പിള്ളേരിപ്പോള്‍ അതിന്നകത്താണത്രേ സാറ്റു കളിക്കുന്നത്!!


Tuesday, July 10, 2007

പകര്‍ച്ചപ്പനി(ചട്ടു)കാലത്തെ കല്യാണം


നാട്ടുകാര്‍ക്കു മുഴുവന്‍ ചട്ടായിരുന്നു. നല്ല ഒന്നാം തരം ചട്ട്.

നാറാണത്തു ഭ്രാന്തന്‍റെ കാലിലെ മന്തുപോലെ നീരുവന്നുവീര്‍ത്ത കാലുമായിട്ടായിരുന്നു എല്ലാവരുടെയും നടപ്പ്. അതുവരെ നല്ല ഒന്നാന്തരമായി നടന്നിരുന്ന നാട്ടിലെ പ്രമുഖരും പ്രധാനികളും മുതല്‍ പാവങ്ങളും ദരിദ്രരും വരെ എല്ലാവരും ദുര്‍നടപ്പുകാരായി.

അവരെ അങ്ങനെ നടത്തിയതു മറ്റാരുമല്ലായിരുന്നു- പകര്‍ച്ചപ്പനി. ഡെംഗുപ്പനി, വൈറല്‍പ്പനി, ചിക്കുന്‍ ഗുനിയ എന്ന പലപേരില്‍ നാട്ടുകാരിതിനെ വിളിച്ചു. പനി പിടിക്കാത്തവരായി നാട്ടില്‍ കൊച്ചുപിച്ചടക്കം ആരും ബാക്കിയുണ്ടായിരുന്നില്ല.

വഴിയേ വെറുതേ നടന്നുപോകുമ്പോള്‍ വലത്തുകാലിലോ ഇടത്തുകാലിലോ മസിലു കയറുംപോലെ ഒരു പിടിത്തം. പനിയുടെ പിടിത്തം അവിടെ തുടങ്ങും. പത്തുനിമിഷങ്ങള്‍ക്കകം മസിലുകയറ്റം വന്ന പടിയിറങ്ങും. അരമണിക്കൂര്‍ കഴിയുമ്പോള്‍ എത്ര നട്ടുച്ചയ്ക്കും വിറ തുടങ്ങും. മുടിഞ്ഞ കുളിരും. അതോടെ, തീരുമാനിക്കാം പനി വരികയായി. മരുന്നു മേടിക്കാന്‍ നടന്നുപോകാമെന്നു വിചാരിക്കരുത്! അപ്പോളേയ്ക്കും തടി വീണു കഴിഞ്ഞിരിക്കും.

ഒരാഴ്ച കൊണ്ടു പനി പോകും. പക്ഷേ, കാലിലെ നീരുമാത്രം പോകില്ല. വലത്തേകാലില്‍നിന്ന് ഇടത്തേകാലിലേക്ക്, അവിടെ നിന്നു വീണ്ടും തിരിച്ച് എന്നിങ്ങനെ മാസങ്ങളോളം നീരു കാലില്‍ കാണും. നീരിന്‍റെ ഭാഗമായി ചട്ടും!

അങ്ങനെയാണു നാട്ടില്‍ എല്ലാവരും ചട്ടുകാരായത്. പഞ്ചായത്തുപ്രസിഡന്‍റും വില്ലേജ് ഓഫിസറും മുതല്‍ പള്ളീലച്ചനും കപ്യാര്‍ക്കും വരെ ചട്ടുപിടിച്ചു. സ്കൂളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ചട്ട്. കാണാന്‍ കൊള്ളാവുന്ന ഒരു വിധത്തില്‍പ്പെട്ട പെണ്‍കുട്ടികളൊക്കെ ചട്ടുകാരണം കോളജില്‍പ്പോക്കു വരെ നിര്‍ത്തി.

ചട്ടിയിട്ടാണേലും അവളെയൊന്നു കാണാമല്ലോ എന്നുകരുതി ചട്ടിച്ചട്ടി ഏന്തിവലിഞ്ഞു കോളജില്‍ വന്നുകൊണ്ടിരുന്ന പാവപ്പെട്ട കാമുകന്‍മാരും അതോടെ ഊട്ടി കിട്ടിയുമില്ല ചട്ടി കിട്ടുകയും ചെയ്തു എന്ന അവസ്ഥയിലായി.

നാട്ടുകാര്‍ക്കു മുഴുവ‍ന്‍ ചട്ടായതില്‍ സന്തോഷം പൂണ്ട ഒരാള്‍ മാത്രമേ ഭരണങ്ങാനത്ത് ഉണ്ടായിരുന്നുള്ളൂ. അതു കല്ലറയ്ക്കല്‍ മോനായിച്ചേട്ടനായിരുന്നു. ഇത്രയും കാലം എന്‍റെ പെമ്പറന്നോത്തി ചട്ടുകാലിയാണെന്നു നാട്ടുകാരു പറഞ്ഞു.
ഇപ്പോള്‍ ഈ നാട്ടുകാര്‍ക്കു മുഴുവന്‍ ചട്ടല്ലേ... ചട്ടട്ടെ... മോനായിച്ചേട്ടനു സന്തോഷം സഹിക്കാന്‍ പറ്റില്ലായിരുന്നു!

പതിയെപ്പതിയെ ചട്ട് മീനിച്ചില്‍താലൂക്കിന്‍റെ ചരിത്രത്തിലേക്കും രാഷ്ട്രീയഭൂപടത്തിലേക്കും അവിടെനിന്നു സാമുഹിക വ്യവസ്ഥിതിയിലേക്കും വരെ പരിണമിച്ചു. ഒന്നൊന്നരമാസം സ്തംഭിച്ചു കിടന്ന തൊഴില്‍-വ്യാപാര-വ്യവസായ മേഖല ചട്ട് പോകാത്ത അവസ്ഥയില്‍ മുടന്തിമുടന്തി മുന്നേറാന്‍ തുടങ്ങി.

ആയിടയ്ക്കാണു ചെറിയവീട്ടില്‍ പീലിയുടെ മകള്‍ക്കു കല്യാണ ആലോചന വന്നത്.ചെറുക്കന്‍ മീനിച്ചിലാറിന്‍റെ അങ്ങേക്കരയില്‍നിന്ന്. പ്രത്യേകിച്ചു പണിയൊന്നുമില്ലെങ്കിലും അതിന്‍റെ അഹംഭാവമില്ലാത്തവന്‍.

പിലീ പെണ്ണുകാണലിനു സമ്മതം മൂളി. പീലിയുടെ മകള്‍, സുന്ദരിയും സുശീലയുമായ മറിയക്കുട്ടി ഇപ്പോള്‍ ലേശം ചട്ടുണ്ട് എന്നതൊഴിച്ചാല്‍ എല്ലാം തികഞ്ഞവളായിരുന്നു. ഡിഗ്രിക്കു രണ്ടാം വര്‍ഷം പഠിച്ചുകൊണ്ടിരുന്ന അവള്‍ ചട്ടുകാരണം തല്‍ക്കാലം കോളജില്‍പ്പോക്കു വേണ്ടെന്നുവച്ച് വീട്ടിലിരുന്നതാണു പ്രശ്നമായത്. തന്‍റെ പെണ്‍സന്താനത്തെ പത്തുദിവസം മുഴുവനായി വീട്ടില്‍ കണ്ടതോടെ പീലിയുടെ ചങ്കിടിപ്പുകൂടി. എത്രയും വേഗം പെണ്ണിനെ കെട്ടിച്ചുവിടാന്‍ പീലിച്ചായന്‍ തീരുമാനിച്ചതു പോലും അതുകൊണ്ടായിരുന്നു!

പെണ്ണുകാണാന്‍ ചെറുക്കനും ബ്രോക്കറും മാത്രമാണെത്തിയത്. വണ്ടിയില്‍നിന്ന് ആദ്യമിറങ്ങിയതു ബ്രോക്കര്‍. പിന്നാലെ ചെറുക്കന്‍. ഇരുവരും ചട്ടോടുകൂടി വീട്ടിലേക്കു കടന്നു. ചെറുക്കനെ കണ്ടതും ചട്ടിച്ചട്ടി മുറിക്കകത്തുനിന്നും പുറത്തിറങ്ങിയ പീലിക്കു കാര്യം പിടികിട്ടി. പനിപിടിച്ചു കിടപ്പായിരുന്നു. ചട്ട് മാത്രം പോയിട്ടില്ല.


പനി കാരണമാണേലും തന്‍റെ മോളു ചട്ടിച്ചട്ടി വരുന്നതു കാണുമ്പോള്‍ ചെറുക്കന്‍ ജീവനും കൊണ്ട് ഇറങ്ങിയോടുമോ എന്ന അതുവരെയുണ്ടായിരുന്ന പീലിയുടെ പേടി വേറെ വഴിക്കുപോയി. പീലിക്കു സന്തോഷമായി.

എത്രദിവസം പനി പിടിച്ചു കിടന്നു?

പത്തുദിവസം- പയ്യന്‍സ് മറുപടിച്ചു.

ഇവിടെ മോള്‍ക്കും പനി പിടിച്ചാരുന്നു. അവളുടേത് ഒരാഴ്ച കൊണ്ടു മാറി.

പക്ഷേ കാലിലെ നീരു മാറിയില്ല. ലേശം....

ചട്ടുണ്ടായിരിക്കും- ചെറുക്കന്‍ പൂരിപ്പിച്ചു.
അതു സാരമില്ല. ഇപ്പോള്‍ എല്ലാവര്‍ക്കും അതുള്ളതല്ലേ?!!

പീലിച്ചായനു സന്തോഷമായി. ബ്രോക്കര്‍ക്കും.

മറിയക്കുട്ടി കട്ടന്‍കാപ്പിയുമായി ചെറുക്കനു കാണാന്‍ പാകത്തിനു പുറത്തേക്കിറങ്ങി വന്നു. ചട്ടുമൂലം ഗ്ളാസു തുളുമ്പി രണ്ടു തുടം കട്ടന്‍കാപ്പി തറയില്‍ വീണു.

ചെറുക്കന്‍ പെണ്ണിനെയും പെണ്ണിന്‍റെ ചട്ടും കണ്ടു. പെണ്ണും ചെറുക്കനെ കണ്ടു. ചെറുക്കനു പെണ്ണിനെ ഇഷ്ടമായി. പാവം പെണ്ണിന്‍റെ ഇഷ്ടം ആരും ചോദിച്ചതുമില്ല!

അങ്ങനെ കല്യാണമുറപ്പിച്ചു. മനസ്സമ്മതത്തിനു തീയതി നിശ്ചയിച്ചു. പള്ളിയില്‍ വിളിച്ചുപറഞ്ഞു. മനസ്സമ്മതത്തീയതിയായി. മറിയക്കുട്ടിയുടെ കാലിലെ ചട്ടു മാറുന്നില്ല. ഒപ്പം പനി വന്ന പലര്‍ക്കും ചട്ടുമാറിയിട്ടും പീലിച്ചേട്ടന്‍റെ തന്നെ ഭാര്യയും മറിയക്കുട്ടിയുടെ അമ്മയുമായ മാമിച്ചേടത്തി വരെ ചട്ടില്ലാതെ നടക്കാറായിട്ടും മറിയക്കുട്ടി ചട്ടച്ചട്ടിത്തന്നെ നടന്നു.

അതുകണ്ടതോടെ, പീലിച്ചേട്ടനു സങ്കടംകൂടി. മനസ്സമ്മത ദിവസവും പെണ്ണുചട്ടിയാല്‍ നാട്ടുകാര്‍ക്കിടയില്‍ നാണക്കേടാണ്. അറിയാവുന്ന സകലപുണ്യാവളന്‍മാരേയും വിളിച്ചു പീലിച്ചേട്ടന്‍ പ്രാര്‍ഥിച്ചെങ്കിലും അവരെല്ലാരും പനി പിടിച്ചു കിടപ്പാരുന്നു. ആരും പ്രാര്‍ഥന റിസീവു ചെയ്തില്ല.

മനസ്സമ്മത ദിവസം പെണ്ണു ചട്ടിച്ചട്ടി പള്ളിയിലെത്തി. വണ്ടിയില്‍നിന്നിറങ്ങിയ ചെറുക്കനും കാലില്‍ ചട്ട്. ദൈവമേ, നീ കാത്തു... പീലിച്ചേട്ടനു സമാധാനമായി. ചെറുക്കന്‍റെ ചട്ടും മാറിയിട്ടില്ല. മനസ്സമ്മതം കഴിഞ്ഞു രണ്ടാമത്തെ ആഴ്ച കല്യാണം നിശ്ചയിച്ചു. കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. മറിയക്കുട്ടിയുടെ കാലിലെ ചട്ടുമാറ്റാന്‍ ആയുര്‍വേദം, ആടലോടകം എന്നു തുടങ്ങി കുറുന്തോട്ടിവരെ പരീക്ഷിച്ചുതുടങ്ങി. രക്ഷയില്ല!!

മകളെ കല്യാണദിവസവും ചട്ടുള്ളവളായി കാണേണ്ടി വരുമോ ദൈവമേ?മറിയക്കുട്ടിയുടെ അമ്മച്ചി മാമ്മിച്ചേട്ടത്തി അരുവിത്തുറ വല്യച്ചനു വല്യവായില്‍ നാലു നേര്‍ച്ച നേര്‍ന്നു.

വല്യച്ചനോടു പറഞ്ഞാല്‍ പറഞ്ഞതാണെന്നു നാട്ടിലൊരു ചൊല്ലുണ്ടായിരുന്നു. അതുകൊണ്ടാവാം, ആശങ്കകളുടെ ചട്ടുകാലവും ചട്ടുകാലും നാട്ടുകാരെ മൊത്തം വിട്ടുപോയി. അല്‍പംകൂടി വ്യക്തമായിപ്പറഞ്ഞാല്‍ പനിയുടെ പേരില്‍ അതുവരെ ചട്ടിച്ചട്ടിനടന്ന നാട്ടുകാരില്‍നിന്ന് ആ ദുര്‍നടപ്പ് എന്നെന്നേയ്ക്കുമായി ഒഴിഞ്ഞുപോയി.

അരുവിത്തുറ വല്യച്ചന്‍റെ മഹാദ്ഭുതം. ചട്ടുവിട്ടുമാറിയതോടെ, നാട്ടുകാര്‍ക്കിടിയില്‍ നഷ്ടമായിരുന്ന ഉന്‍മേഷം തിരിച്ചുകിട്ടി. അമ്പാറ, പാലമ്മൂട്, ചിറ്റാനപ്പാറ, മേരിഗിരി, മാട്ടേല്‍ ഷാപ്പുകളും പഴയ പടി പ്രവര്‍ത്തിച്ചുതുടങ്ങി.

കല്യാണ ദിവസം വന്നെത്തി. മേരിക്കുട്ടി ചട്ടാതെ പള്ളിയിലെത്തി. ചട്ടുവിട്ടുമാറിയ മേരിക്കുട്ടിയും അമ്മച്ചി മാമ്മിക്കുട്ടിയും അപ്പന്‍ പീലിയും ബന്ധുക്കളും പള്ളിയിലെത്തി. പെണ്ണുകൂട്ടരുവന്നു പത്തുമിനിട്ടിന്നകം ചെറുക്കന്‍കൂട്ടരുമെത്തി. അവര്‍ക്കുമില്ല അശ്ശേഷം ചട്ട്.

എന്നാല്‍ കുര്‍ബാന തുടങ്ങാം? ചട്ടില്ലാതെ വന്ന വികാരിയച്ചന്‍ ചോദിച്ചു.

തുടങ്ങാമച്ചോ...ചെറുക്കന്‍റെ ചട്ടില്ലാത്ത അപ്പന്‍ ഐപ്പ് മൊഴിഞ്ഞു.
കല്യാണക്കുര്‍ബാനയ്ക്കായി വധുവും വരനും പള്ളിയിലേക്കു വലതുകാല്‍ വച്ചു കയറണം. പെണ്ണ് കാറില്‍നിന്നിറങ്ങി ചട്ടാതെ പള്ളിയുടെ ആനവാതില്‍ക്കലേക്കു നടന്നു. ചെറുക്കന്‍ കാറില്‍നിന്നിറങ്ങി.

ചട്ടില്ലാതെ നടക്കുന്ന ചെറുക്കനെ കാണാന്‍ നിറകണ്ണുകളോടെ കാത്തുനിന്നവരെ ഞെട്ടിച്ചുകൊണ്ട് ചെറുക്കന്‍ ചട്ടച്ചട്ടി പള്ളിമുറ്റത്തൂകൂടെ പെണ്ണിന്‍റെ അടുത്തേക്കു നടന്നെത്തി.

പെണ്ണുഞെട്ടി, പെണ്ണിന്‍റപ്പന്‍ ഞെട്ടി, പെണ്ണിന്‍റെയമ്മ ഞെട്ടി. പെണ്‍വീട്ടുകാരു മുഴുവന്‍ ഞെട്ടി!!

നാട്ടുകാരുടെ മുഴുവന്‍ ചട്ടുമാറിയിട്ടും ചെറുക്കന്‍റെ ചട്ടുമാറിയില്ലേ?

പെണ്ണിന്‍റപ്പന്‍ ചെറുക്കന്‍റയപ്പനെ ചോദ്യരൂപേണ നോക്കി. ചെറുക്കന്‍റെയപ്പനു കുലുക്കമില്ല. ബ്രോക്കറെ നോക്കി. അയാളു സ്ഥലത്തില്ല!

ചെറുക്കനും പെണ്ണും പള്ളീലേക്കു കയറി. പള്ളിയില്‍ കുര്‍ബാന തുടങ്ങും മുന്‍പ് പെണ്ണിന്‍റെയപ്പന്‍ പീലി, ചെറുക്കന്‍റെയപ്പനെ വിളിച്ചുമാറ്റി നിര്‍ത്തി രഹസ്യമായി ചോദിച്ചു...

അല്ലാ ചെറുക്കന്‍റെ ചട്ട് ഇനിയും മാറിയില്ലേ?

ചെറുക്കന്‍റെ അപ്പന്‍ ചിരിച്ചു-

ഓ...അതിപ്പം മാറുമെന്നു തോന്നുന്നില്ല. ജനിച്ചപ്പം മുതലേയുള്ളതാ...!!!

Saturday, July 07, 2007

വര്‍ക്കിച്ചന്‍റെ മദ്യാന്വേഷണ പരീക്ഷണങ്ങള്‍


ഭരണങ്ങാനത്തെ അറിയപ്പെടുന്ന മദ്യപാനിയായിരുന്നു വര്‍ക്കിച്ചന്‍.

പ്രത്യേകിച്ച് വര്‍ക്കൊന്നും ചെയ്യാതെ വീട്ടിലിരിക്കുകയും വൈകുന്നേരമാകുമ്പോള്‍ പാലായിലെ ഏതെങ്കിലും ബാറില്‍ പോയി മുന്തിയ ഇനത്തിലുള്ള സ്കോച്ച് വിസ്കിയോ പ്രീമിയം ബ്രാണ്ടിയോ കഴിച്ച് വര്‍ക്കത്താവുകയും ചെയ്യുക എന്നതായിരുന്നു വര്‍ക്കിച്ചന്‍റെ ഒരു ഇത്. വീട്ടില്‍ ഇട്ടുമൂടാന്‍ കാശുണ്ടായിരുന്നതിനാലും ഭാര്യ ശോശാമ്മയ്ക്ക് അത്യാവശ്യം കാര്യപ്രാപ്തിയുണ്ടായിരുന്നതിനാലും വര്‍ക്കിച്ചന് ഒരിക്കലും ഒരു പ്രോജക്ട് ലീഡറുടെ ഡ്യൂട്ടി ചെയ്യേണ്ടി വന്നിട്ടില്ല. മാസത്തിലൊരിക്കല്‍ വീട്ടിലേക്ക് അത്യാവശ്യമുള്ള സാധനങ്ങള്‍ വാങ്ങിക്കൊടുക്കുക, എല്ലാ ഞായറാഴ്ചയും കുര്‍ബാനയ്ക്കു പള്ളിയില്‍ പോകും മുന്‍പേ ഇറച്ചിക്കറിയാച്ചേട്ടന്‍റെ കശാപ്പുശാലയില്‍നിന്നു രണ്ടുകിലോ പശള വാങ്ങുക, ആഴ്ചയിലൊരിക്കല്‍ ബാര്‍ബര്‍ ചിന്നപ്പന്‍റെ കടയില്‍ പോയി തലമുടി ഡൈ ചെയ്യുക എന്നീ കാര്യങ്ങള്‍ മാത്രമായിരുന്നു വര്‍ക്കിച്ചന്‍റെ വര്‍ക്ക് അസൈന്‍മെന്‍റുകള്‍.

ഇതുമൂലം വര്‍ക്കു കഴിഞ്ഞും ധാരാളം വര്‍ക്കിങ് ടൈം വേസ്റ്റായിപ്പോകുന്നതിന്‍റെ വിഷമം തീര്‍ക്കാനെന്ന വ്യാജേനെയാണു വര്‍ക്കിച്ചന്‍ എന്നും ഉച്ചകഴിഞ്ഞ് പാലായ്ക്കു വണ്ടിയെടുത്തു പോകുന്നത്. പോകുന്നതിനു മുന്‍പ് ഒന്നെങ്കില്‍ വീട്ടില്‍നിന്നോ ഇല്ലെങ്കില്‍ ടൗണിലെ റബര്‍ കടയില്‍നിന്നോ അത്യാവശ്യം മണി അണ്ടര്‍ വെയറിന്‍റെ പോക്കറ്റില്‍ കരുതിയിരിക്കും. അതുതീരും വരെയോ അല്ലെങ്കില്‍ നാക്കു മരയ്ക്കും വരെയോ എന്നതായിരുന്നു വര്‍ക്കിച്ചന്‍റെ ലിമിറ്റ്.

നാളിതുവരെയായി പോക്കറ്റിലെ കാശു തീരുവോളവും കള്ളുകുടിച്ചാലും വര്‍ക്കിച്ചന്‍റെ നാക്കു മരയ്ക്കാറില്ലായിരുന്നു. നാക്കു മരച്ചാല്‍ പിന്നെ വീട്ടിലെത്തി ഭാര്യ ശോശാമ്മയെയും മക്കളെയും പുലരുവോളം എന്‍ഗറേജ് ചെയ്യാന്‍ പറ്റില്ലല്ലോ എന്നോര്‍ത്തായിരുന്നു വര്‍ക്കിച്ചന്‍ നാക്കുമരയ്ക്കും മുന്‍പ് മദ്യപാനം അവസാനിപ്പിച്ചിരുന്നത്.

ബാറടയ്ക്കുന്നതിനു തൊട്ടുമുന്‍പ് വര്‍ക്കിച്ചനെ ബാറിലെ പിള്ളേര്‍ക്കൂടിയാണ് എടുത്തു കാറില്‍ വയ്ക്കുക. അതിന്ന് അവര്‍ക്ക് എന്നും വര്‍ക്കിച്ചന്‍ പ്രത്യേക ടിപ്പും നല്‍കാറുണ്ടായിരുന്നു. സ്റ്റിയറിങ് കൈയില്‍പ്പിടിപ്പിച്ചാല്‍പ്പിന്നെ വര്‍ക്കിച്ചന് വഴി ക്ളിയറാണ്.

പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍നിന്ന് അരമണിക്കൂറുകൊണ്ടു വേണമെങ്കില്‍ ന്യൂഡല്‍ഹിയിലെ പാര്‍ലമെന്‍റ് മന്ദിരത്തില്‍ വണ്ടി ഓടിച്ചെത്തിക്കും. അതായിരുന്നു ഇനം. വണ്ടി സ്റ്റാര്‍ട്ടാക്കി മൂന്നു മിനിറ്റിനകം വര്‍ക്കിച്ചന്‍ ഭരണങ്ങാനത്ത് എത്തിയിരിക്കും. വഴി ബ്ളോക്കായാലും ഇല്ലെങ്കിലും ഇക്കാര്യത്തില്‍ മാറ്റമൊന്നും ഉണ്ടാകാറില്ല. ഇടയ്ക്കു വണ്ടിയുടെ ബോണറ്റ്, ബമ്പര്‍, എതിരെ വന്ന വണ്ടിയുടെയും സമാനപ്രദേശങ്ങള്‍‍, രാത്രി വൈകി വീട്ടിലേക്കു നടന്നു പോവുകയായിരുന്ന പാവപ്പെട്ട കാല്‍നടക്കാരുടെ കൈകാലുകള്‍ തുടങ്ങിയവയ്ക്കു മാത്രം മാറ്റം സംഭവിച്ച ചരിത്രമേ അതല്ലാതുള്ളൂ.

പണത്തിനു മുകളില്‍ പരുന്തും അഭ്യാസം കാണിക്കില്ലാത്തിനാല്‍ എംഎസിടിയുടെ പടി കയറാതെ വര്‍ക്കിച്ചന്‍ അതെല്ലാം പിറ്റേന്നു പലുരുന്നതിനും മുന്‍പേ സോള്‍വാക്കിപ്പോന്നു. അതായിരുന്നു വര്‍ക്കിച്ചന്‍. !!

ഇതൊക്കെയായിരുന്നേലും വര്‍ക്കിച്ചന്‍ ഡീസന്‍റായിരുന്നു. കള്ളുകുടിക്കും ബീഡിവലിക്കും പക്ഷേ തെമ്മാടിത്തരം കാട്ടുകേല എന്ന ലൈന്‍.

തെമ്മാടിത്തരം കാട്ടിയില്ലെങ്കിലും വീട്ടിലോട്ടും സ്ളോട്ടറു വെട്ടാറായ റബര്‍ തോട്ടത്തിലോട്ടും തിരിഞ്ഞുനോട്ടം നഷ്ടപ്പെട്ട്, എപ്പോളും അല്‍പം സ്കോച്ചു വിസ്കി കിട്ടിയിരുന്നെങ്കില്‍ എന്ന ആലോചനയുമായി നടക്കുന്ന വര്‍ക്കിച്ചനെക്കുറിച്ച് ഓരോ ദിവസവും സഹധര്‍മിണി ശോശാമ്മയ്ക്കാണ് ആശങ്കയേറിവന്നത്.

മക്കളു മൂന്നുപേര്‍. അതില്‍ രണ്ടും പെണ്‍കുട്ടികള്‍. ഇളയവന്‍ അപ്പന്‍റെ അതേഗതിയിലാകില്ലെന്ന് ആരുകണ്ടു?

അതുകൊണ്ട്, റബര്‍തോട്ടം സ്ലോട്ടറിനു മറിക്കും മുന്‍പേ പെണ്‍മക്കളെ രണ്ടിനേം കെട്ടിച്ചു വിടണമെന്നായിരുന്നു ശോശാമ്മയുെ മനസ്സിലുണ്ടായിരുന്ന പ്ളാന്‍. പലവട്ടം ഇതേ പ്ളാനിന്‍റെ ബ്ളൂ പ്രിന്‍റുമായി ശോശാമ്മ വര്‍ക്കിച്ചനെ സമീപിച്ചെങ്കിലും അതിനു വേണ്ടി വരുന്ന വര്‍ധിച്ച എസ്റ്റിമേറ്റ് കേട്ടു വര്‍ക്കിച്ചന്‍ ഞെട്ടി പിന്‍മാറുകയായിരുന്നു.


അത്രയും കാശുമുടക്കുകയാണെങ്കില്‍ സ്വന്തമായി ഒരു ഡിസ്റ്റിലറി തുടങ്ങിക്കൂടേ എന്നതായിരുന്നു വര്‍ക്കിച്ചന്‍റെ മറുചോദ്യം!

കരഞ്ഞു കാണിച്ചിട്ടും ക‍ഞ്ഞികുടിക്കാതെയിരുന്നിട്ടും കഞ്ഞികൊടുക്കാതെ നോക്കിയിട്ടും വര്‍ക്കിച്ചന്‍ സുപ്രീംകോടതി ജഡ്ജിമാരെപ്പോലെ എല്ലാം നിസ്സംഗനായി കണ്ടും കേട്ടും നിന്നതല്ലാതെ തീരുമാനത്തില്‍നിന്നിളകിയില്ല- മദ്യപാനം നിര്‍ത്തുന്ന പ്രശ്നമില്ല!

സകല വിശുദ്ധരുടെയും ഇപ്പോള്‍ നാട്ടില്‍ ഫാഷനായി മാറിക്കഴിഞ്ഞ അസാധ്യകാര്യങ്ങളുടെ മധ്യസ്ഥന്‍ വി.യൂദാശ്ളീഹായുടെയും നൊവേന കൂടിയിട്ടും മുട്ടുകുത്തിനിന്നു മുഴുവന്‍ കുര്‍ബാന മുട്ടിപ്പായി കണ്ടുനോക്കിയിട്ടും ശോശാമ്മ വരച്ച വരയില്‍ കാര്യങ്ങള്‍ എത്തിയില്ല. പ്രായമായി വരുന്ന പെണ്‍മക്കളെ ഓര്‍ത്തപ്പോള്‍ ശോശാമ്മയ്ക്കു തലയില്‍ പെരുപ്പു കയറിത്തുടങ്ങി.

കടാമുട്ടന്‍മാരായ ആങ്ങളമാരെ മലബാറില്‍നിന്നു വരുത്തി വര്‍ക്കിച്ചനെ വിരട്ടി നോക്കി. വന്നവര്‍ വന്നതിനു മൂന്നാം ദിവസം വീലായി മടങ്ങിയെന്നല്ലാതെ വര്‍ക്കിച്ചനു മാറ്റമൊന്നും വന്നില്ല.

ഒടുവില്‍ അനുനയിപ്പിച്ച് വര്‍ക്കിച്ചനെ ഒരു ധ്യാനം കൂടാന്‍ ശോശാമ്മ സമ്മതിപ്പിച്ചെടുത്തു. മക്കളെയുംകൂട്ടി ധ്യാനത്തിനു പോകാന്‍ വര്‍ക്കിച്ചന് കുടുംബപരമായ ചില ഒത്തുതീര്‍പ്പുകളുടെ പേരില്‍ ഒടുവില്‍ സമ്മതിക്കേണ്ടി വന്നു എന്നു തന്നെ പറയാം. അ‍ഞ്ചുദിവസത്തെ ഘനഗംഭീര ധ്യാനം.

ധ്യാനം നടന്ന ദിവസം മുതല്‍ അഞ്ചുദിവസം വര്‍ക്കിച്ചന്‍ മദ്യം എന്നല്ല, അതേനിറമുള്ള കരിങ്ങാലി വെള്ളം പോലും കുടിച്ചില്ല. ശോശാമ്മയുടെ മനസ്സില്‍ പ്രതീക്ഷയുടെ മെഴുകുതിരികള്‍ കത്തിത്തുടങ്ങി. തന്‍റെ ഭര്‍ത്താവ് മദ്യപാനം നിര്‍ത്തി നാട്ടിലെ കരിസ്മാറ്റിക് ചേട്ടന്‍മാരുടെ കൂടെ കൂട്ടാകുന്നതും അവരൊന്നിച്ചു സല്‍പ്രവൃത്തികള്‍ ചെയ്തു നാടിന് അലങ്കാരമായി മാറുന്നതും ശോശാമ്മ സ്വപ്നം കണ്ടു.

സ്വപ്നത്തിനു മൂന്നാം നാള്‍ ധ്യാനം തീര്‍ന്നു.

ഹല്ലേലൂയ, പ്രെയ്സ് ദ ലോര്‍ഡ് വിളികളുമായി വര്‍ക്കിച്ചനും കുടുംബവും വീണ്ടും ഭരണങ്ങാനത്തു തിരിച്ചെത്തി. എന്നും രാവിലെ പള്ളിയില്‍ പോകുന്ന വര്‍ക്കിച്ചന്‍ കരിസ്മാറ്റിക് പ്രസ്ഥാനത്തില്‍ അംഗത്വമെടുത്തു. വൈകുന്നേരം വരെ വിവിധയിടങ്ങളില്‍ സല്‍പ്രവൃത്തികള്‍ ചെയ്തു സന്ധ്യമയങ്ങിയാലേ തിരികയെത്തൂ എന്നതായി അവസ്ഥ.

അപ്പോളും വീട്ടുകാരും തഥൈവ. വന്നാലുടന്‍ ടിവി ഓഫാക്കി മക്കളെയും കൂട്ടിയിരുന്നു കുരിശുവരയ്ക്കും. കുരിശു വരച്ചുകഴിഞ്ഞാലുടന്‍ ഭക്ഷണം കഴിക്കും. ഭക്ഷണം കഴിച്ചു തീര്‍ന്നാലുടന്‍ ഏമ്പക്കം, പിന്നെയുറക്കം- ഇതായി വര്‍ക്കിച്ചന്‍റെ ജീവിത ചര്യ.

എല്ലാം നല്ല നിലയിലേക്കു പോകുന്നതു നോക്കി സന്തോഷത്തോടെ ചോറും കറിയും വച്ചു ജീവിച്ച ശോശാമ്മയുടെ ജീവിതത്തിലേക്ക് ഇടിത്തീ പോലെ ആ വാര്‍ത്ത എത്തിയത് വളരെ വൈകിയായിരുന്നു. വര്‍ക്കിച്ചന്‍റെ വരവോടെ നാട്ടിലെ കരിസ്മാറ്റിക് പ്രസ്ഥാനത്തിനു സംഭവിച്ച മാറ്റത്തെക്കുറിച്ചായിരുന്നു ആ വാര്‍ത്ത. എന്നും രാവിലെ സല്‍പ്രവൃത്തികള്‍ക്കായി എന്നും പറഞ്ഞു പോകുന്ന തന്‍റെ ഭര്‍ത്താവ് രാവിലെ മുതല്‍ ഉച്ചവരെ ബാറിലാണെന്നും കഴിച്ചതിന്‍റെ കിക്കു വിട്ടു കഴിഞ്ഞാണു വൈകുന്നേരം വീട്ടിലെത്തുന്നതും ഞെട്ടലോടെ അവര്‍ കേട്ടുനിന്നു.

ഡീസന്‍റായി കരിസ്മാറ്റിക് പ്രസ്ഥാനത്തില്‍ അംഗമായ ഒരു റിട്ടയര്‍ കുടിയന്‍റെ ഭാര്യയായിരുന്നു ഈ വിവരം ശോശാമ്മയുടെ ചെവിയിലെത്തിച്ചത്. ഒരിക്കലും കള്ളുകുടിക്കാത്ത കരിസ്മാറ്റിക്കുകാര്‍ പോലും വര്‍ക്കിച്ചന്‍റെ സാമീപ്യം കൊണ്ടു മുഴുക്കുടിയന്‍മാരായെന്നും ഇങ്ങനെ പോയാല്‍ പള്ളീലച്ചന്‍ പോലും ചിലപ്പോള്‍ പിടിവിട്ടു പോയേക്കാമെന്നും അവര്‍ ശോശാമ്മയെ ഏഷണിയുടെ തരിമ്പുമില്ലാതെ ഉണര്‍ത്തിച്ചു.

ബാറില്‍നിന്ന് ഇറക്കിവിട്ടപ്പോള്‍ ഡിസ്റ്റിലറിയിലായി കിടപ്പ് എന്നതു പോലെയായി കാര്യങ്ങള്‍. വര്‍ക്കിച്ചന്‍ നന്നാവുന്ന ലക്ഷണമില്ലെന്നു ശോശാമ്മയ്ക്കു മനസ്സിലായി. നാട്ടിലെ കരിസ്മാറ്റിക് പ്രസ്ഥാനമെങ്കിലും രക്ഷപ്പെടട്ടെ എന്ന ഉദ്ദശേത്തോടെ അവര്‍ സ്വഭര്‍ത്താവിന്‍റെ അതിരാവിലത്തെ പള്ളീല്‍ പോക്കിന് വിലക്കിട്ടു. പള്ളീല്‍പ്പോക്ക് നിലച്ചതോടെ വര്‍ക്കിച്ചന്‍ വീണ്ടും പഴയ പടിയായി. ബാറിലേക്കുളള പോക്ക് ഉച്ചകഴിഞ്ഞത്തേക്കു മാറ്റി.

ഭര്‍ത്താവിനെ നിലയ്ക്കു നിര്‍ത്താന്‍ ശോശാമ്മ പല മാര്‍ഗങ്ങളെക്കുറിച്ചും ആലോചിച്ചുകൊണ്ടിരുന്നു.

ആയിടയ്ക്കാണു പത്രത്തില്‍ പരസ്യം കണ്ടത്.- മദ്യപാനികള്‍ അറിയാതെ മദ്യപാനം നിര്‍ത്താന്‍ എളുപ്പവഴി. പരസ്യത്തില്‍പ്പറയുന്ന ഗുളിക മദ്യപാനി അറിയാതെ കഴിക്കുന്ന ഭക്ഷണത്തില്‍ കലക്കിക്കൊടുക്കുക. മൂന്നു ദിവസത്തിനകം ആളു കുടിനിര്‍ത്തിരിക്കും!

ശോശാമ്മയ്ക്കു പ്രതീക്ഷയായി. ഒരു കെട്ടു ഗുളിക വാങ്ങിച്ച് അടുക്കളയില്‍ എലിവിഷവും പാഷാണവും വയ്ക്കുന്ന പെട്ടിയില്‍ വച്ചൂപൂട്ടി. രാവിലെയും ഉച്ചയ്ക്കും കൃത്യമായി ഭക്ഷണം കഴിക്കാറുള്ള വര്‍ക്കിച്ചന് അവര്‍ മരുന്നു മുറ പോലെ കലക്കിക്കൊടുത്തു തുടങ്ങി. (മുന്‍കരുതല്‍ എന്ന നിലയ്ക്ക് പത്താം ക്ളാസില്‍ പഠിക്കുന്ന ഇളയ ആണ്‍ സന്താനത്തിനും മരുന്ന് അല്‍പംവീതം കലക്കിക്കൊടുത്തുകൊണ്ടിരുന്നു.)

ഒരു മാസം മരുന്നു കഴിച്ചിട്ടും വര്‍ക്കിച്ചനില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. തന്‍റെ ഭര്‍ത്താവ് മദ്യം കുടിച്ചിരുന്നത് നിര്‍ത്തി കഴിക്കുന്ന അവസ്ഥയിലേക്കാണു കാര്യങ്ങളെത്തി നില്‍ക്കുന്നത് എന്നു ശോശാമ്മയ്ക്കു മനസ്സിലായി.

ഇനിയിപ്പോള്‍ എന്തു ചെയ്യും?

ശോശാമ്മ ഇക്കാര്യം വേണ്ടപ്പെട്ട പലരുമായും സംസാരിച്ചു. ഒടുവില്‍ വര്‍ക്കിച്ചന്‍റെ കെട്ടിച്ചു വിട്ട മൂത്തപെങ്ങളു കുഞ്ഞേലിയാണ് ആ സജഷന്‍ മുന്നോട്ടു വച്ചത്പള്ളീലെ അച്ചനെക്കൊണ്ട് ഒന്ന് ഉപദേശിപ്പിച്ചു നോക്ക്. ചിലപ്പോള്‍ രക്ഷപ്പെട്ടേക്കും!അതു ശരിയാണെന്നു ശോശാമ്മയ്ക്കും തോന്നി. വര്‍ക്കിച്ചനെ പളളീയില്‍ കൊണ്ടുപോയി അച്ചനു ഉപദേശിക്കാന്‍ പാകത്തിനു മുന്നില്‍ പിടിച്ചു നിര്‍ത്തിക്കൊടുക്കുക നടക്കില്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അതിനാല്‍, മറ്റൊരു സൂത്രപ്പണി ശോശാമ്മ ഒപ്പിച്ചു.

ഒരു ശനിയാഴ്ച ദിവസം രാവിലെ ഏഴുമണിയുടെ കുര്‍ബാന കഴിഞ്ഞപ്പോള്‍ പള്ളിയിലെ കൊച്ചച്ചന്‍ വര്‍ക്കിച്ചനെ ഞെട്ടിച്ചുകൊണ്ട് വീട്ടില്‍.വികാരിയച്ചനെയായിരുന്നു ശോശാമ്മ പ്രതീക്ഷിച്ചിരുന്നതെങ്കിലും ചില്ലറ അനാരോഗ്യം നിമിത്തം വികാരിയച്ചന്‍ ആ ഉത്തരവാദിത്തം കൊച്ചച്ചനെ ഏല്‍പിക്കുകയായിരുന്നു. വര്‍ക്കിച്ചനൊപ്പമിരുന്നു കൊച്ചച്ചന്‍ ഭക്ഷണം കഴിച്ചു. കൊച്ചച്ചനെ കണ്ടപ്പോളേ വര്‍ക്കിച്ചന് അപകടം മണത്തെങ്കിലും അവിടെനിന്നു മുങ്ങാന്‍ ഗൃഹനാഥന്‍ എന്ന നിലയ്ക്കുള്ള നിലയും വിലയും വച്ചു വര്‍ക്കിച്ചനു പറ്റില്ലായിരുന്നു.

ബ്രേയ്ക്ക് ഫാസ്റ്റ് കഴിഞ്ഞുള്ള ബ്രേക്കില്‍ കൊച്ചച്ചന്‍ വന്ന കാര്യം പറ‍ഞ്ഞു.

വര്‍ക്കിച്ചനെ ഉപദേശിക്കുകയാണു തന്‍റെ ആഗമനോദ്യേശ്യം. മദ്യപാനം ആപത്താണ്, ഹാനികരമാണ്, വിഷമാണ്, വിഷമകരമാണ്. മദ്യം മനുഷ്യനെ വഴിതെറ്റിക്കും, വട്ടനാക്കും, വട്ടിപ്പലിശക്കാര്‍ക്കു പണയക്കാരനാക്കും. സര്‍വോപരി മദ്യപാനിയെ നാട്ടുകാര്‍ പുച്ഛിക്കും.....കൊച്ചച്ചന്‍റെ അച്ചടിപ്പുസ്തക പ്രഭാഷണം അരമണിക്കൂര്‍ നീണ്ടു. അനുനയത്തിന്‍റെ ആദ്യഅധ്യായത്തിനു ശേഷവും വര്‍ക്കിച്ചനു കുലുക്കമില്ല.

മദ്യം കഴിച്ചാല്‍ ഹാര്‍ട്ട് അറ്റാക്കുണ്ടാകും, ബി.പി, കൊളസ്ട്രോള്‍, ഹൈപ്പര്‍ ടെന്‍ഷന്‍, മാനസികരോഗം, സിറോസിസ്... മദ്യപാനികള്‍ക്കു പതിവായി വരാറുള്ള രോഗങ്ങള്‍ വച്ച് കൊച്ചച്ചന്‍ ഭീഷണിയുടെ സ്വരമുയര്‍ത്തി നോക്കി.

നോ രക്ഷ. രണ്ടാം അധ്യായവും പാഴായി.

പിന്നെ വിരട്ടല്‍ എന്നതു മാത്രമേയുള്ളായിരുന്നു അച്ചന്‍റെ കയ്യില്‍. തന്നെ മഹറോന്‍ ചൊല്ലും, പള്ളിയില്‍ അടുക്കുവേല, മക്കളുടെ കല്യാണം നടത്തിത്തരുവേല, മാനേജ്മെന്‍റ് ക്വോട്ടയില്‍ അഡ്മിഷന്‍ എന്നെങ്ങാനും പറഞ്ഞുവന്നാല്‍ എറിഞ്ഞോടിക്കും, അടുത്ത ഞായറാഴ്ച പ്രസംഗത്തില്‍ വര്‍ക്കിച്ചന്‍റെ പേരെടുത്തു പറഞ്ഞ് നാറ്റിക്കും...ഇല്ല അതും രക്ഷയില്ല.

നീ പോടാ കൊച്ചനെ നമ്മളിതു കുറേ കണ്ടതാടാ ഉവ്വേ എന്ന ലൈനില്‍ത്തന്നെയായിരുന്നു വര്‍ക്കിച്ചന്‍. കൊച്ചച്ചന്‍ നിരാശനായി. തന്‍റെ കൈവശമുണ്ടായിരുന്ന അസ്ത്രങ്ങള്‍ കഴിഞ്ഞു. ആവനാഴി ഒഴിഞ്ഞ മദ്യക്കുപ്പി പോലെ ശൂന്യം.

ഇടവേള കണക്കാക്കി കൊച്ചച്ചന്‍ മനസ്സില്‍ ദൈവത്തെ വിളിച്ചു പ്രാര്‍ഥിച്ചു. ആ പ്രാര്‍ഥന ദൈവം കേട്ടുകാണും.

അപ്പോളാണു വര്‍ക്കിച്ചനു കാര്യമായ ഒരു സംശയം കൊച്ചച്ചനോടു ചോദിക്കണമെന്നു തോന്നിയത്...

അച്ചാ, ഒരുകാര്യം, ഈ പ്രമേഹം എങ്ങനെയുള്ളവര്‍ക്കു വരുന്ന സൂക്കേടാ? വരാതിരിക്കാന്‍ നമ്മള് എന്നതാ ചെയ്യേണ്ടത്?

ആ ചോദ്യം കേട്ടതും കൊച്ചച്ചന്‍റെ കൊച്ചുമനസ്സില്‍ ബള്‍ബ് കത്തി. വര്‍ക്കിച്ചനു പ്രമേഹം കാണും. അതായിരിക്കണം ഇങ്ങനെയൊരു ചോദ്യത്തിനു പിന്നിലെ പ്രേരകശക്തി. ദൈവത്തിനു സ്തോത്രം പറഞ്ഞുകൊണ്ട് കൊച്ചച്ചന്‍ വര്‍ക്കിച്ചനു നേരെ തിരിഞ്ഞു.

പ്രമേഹമോ, അതീ നാട്ടിലെ തനിചെറ്റകള്‍ക്കു വരുന്ന അസുഖമാ വര്‍ക്കിച്ചാ... കള്ളും കുടിച്ച് പെമ്പറന്നോത്തിയെയും പിള്ളേരെയും തല്ലി, കുടുംബോം നോക്കാതെ വല്ലവന്‍റെയും തല്ലും കൊണ്ടു തെറിയും വിളിച്ചു നടക്കുന്ന മഹാ എരപ്പാളികള്‍ക്കേ ആ അസുഖം വരൂ. അസുഖം വരാതിരിക്കണമെങ്കില്‍ കള്ളുകുടി നിര്‍ത്തണം. അതല്ലാതെ വേറെയൊരു വഴിയുമില്ല!

ഒറ്റശ്വാസത്തിലാണു കൊച്ചച്ചന്‍ അത്രയും പറഞ്ഞൊപ്പിച്ചത്. പറഞ്ഞുകഴിഞ്ഞപ്പോള്‍ ഡോസ് അല്‍പം കൂടി കൂട്ടിയക്കാമായിരുന്നു എന്നുപോലും അച്ചനു തോന്നിപ്പോയി. അച്ചന്‍റെ വിശദീകരണം കേട്ടതും അതുവരെ കൂളായിരുന്ന വര്‍ക്കിച്ചന്‍റെ മുഖം വിവര്‍ണമായി. കണ്ണുകള്‍ തുറിച്ചു വന്നു. ആകെപ്പാടെ ജഗപൊഗയുടെ ലക്ഷണം.

ഈ പറഞ്ഞതൊക്കെ നേരാണോ അച്ചോ? കള്ളുകുടിച്ചു വെളിവില്ലാതെ നടക്കുന്നവര്‍ക്കു വരുന്നതാണോ പ്രമേഹം?

വര്‍ക്കിച്ചന്‍ തന്‍റെ വഴിയേ വരുന്നുവെന്നുറപ്പിച്ചു കൊച്ചച്ചന്‍ വീണ്ടും തട്ടിവിട്ടു. കള്ളുകുടി മാത്രമല്ല, ബീഡി വലിക്കരുത്. കൃത്യസമയത്തു ഭക്ഷണം കഴിക്കണം, നാട്ടുകാരെ തെറിവിളിക്കരുത്. ഞായറാഴ്ച ഉറക്കം തൂങ്ങിനിന്നു കുര്‍ബാന കൂടാതെ ഭക്തിപൂര്‍വം വിശുദ്ധകര്‍മങ്ങളില്‍ പങ്കെടുക്കണം... എങ്കില്‍ നിങ്ങള്‍ക്കു പ്രമേഹം വരില്ല. അതും കൂടി കേട്ടതോടെ വര്‍ക്കിച്ചന് ശ്വാസം മുട്ടുന്നതുപോലെ കൊച്ചച്ചനു തോന്നി.

തന്‍റെ പ്രയത്നം ഒടുവില്‍ വിജയിച്ചിരിക്കുന്നു. വര്‍ക്കിച്ചന്‍ വളഞ്ഞുവര്‍ക്കിച്ചന്‍ വല്ലാതെ വളഞ്ഞുപോയി. ഓരോന്ന് ആലോചിച്ചെന്ന പോലെ ഇരിക്കുന്ന വര്‍ക്കിച്ചന്‍റെ നേര്‍ക്ക് കൊച്ചച്ചന്‍ സൗമ്യഭാവം മുഖത്തു തേച്ചുപിടിപ്പിച്ച് നടന്നു ചെന്നു.

അല്ലാ, എന്താ വര്‍ക്കിച്ചാ അങ്ങനെ ചോദിക്കാന്‍ കാരണം?

നടുക്കം വിട്ടുമാറാത്ത മുഖത്തോടെ വര്‍ക്കിച്ചന്‍ മറുപടി പറ‍ഞ്ഞു.

കഴിഞ്ഞ ദിവസം ബോഡി ചെക്കപ്പിനു ഞാന്‍ മേരിഗിരി ആശുപത്രിയില്‍ പോയിരുന്നു. അവിടെ വച്ച് നമ്മുടെ പള്ളീലെ വികാരിയച്ചനെയും കണ്ടാരുന്നു. അങ്ങേരു പ്രമേഹത്തിനു മരുന്നു വാങ്ങിക്കാന്‍ വന്നതായിരുന്നു അത്രേ!!

Friday, July 06, 2007

എന്തുണ്ടു വിശേഷം കുഞ്ചെറിയാ?

മീനിച്ചിലാറു കുലംകുത്തിയൊഴുകിയ ഒരു മഴക്കാല സന്ധ്യയ്ക്കാണു ഭരണങ്ങാനം ടൗണില്‍ അജ്ഞാതനായ ഒരു മധ്യവയസ്കന്‍ ബസിറങ്ങിയത്. കയ്യിലുള്ള കാലന്‍ കുട നിവര്‍ത്തിപ്പിടിച്ച് അയാള്‍ നേരെ വിലങ്ങുപാറ റോഡിന്‍റെ ഓരം പറ്റി നടന്നു പോയി. ആദ്യദിവസം അതു കണ്ടിട്ട് ആര്‍ക്കുമൊന്നും തോന്നിയില്ല. പിന്നീട് പലദിവസങ്ങളിലും അജ്ഞാതന്‍ ബസിറങ്ങി നടപ്പു തുടര്‍ന്നു.

വഴിയില്‍ കാണുന്ന പലര്‍ക്കു നേരെയും ചിരികൊണ്ട് ഒരു ഫ്രണ്ട്ഷിപ് റിക്വസ്റ്റ് കൊടുത്തുനോക്കാനും ഇതിന്നിടയ്ക്ക് അജ്ഞാതന്‍ മറന്നില്ല. പക്ഷേ കണ്ട അനോണികളുടെയൊക്കെ ഫ്രണ്ട്ഷിപ്പ് റിക്വസ്റ്റ് അപ്രൂവ് ചെയ്യുക പതിവില്ലാത്ത ഭരണങ്ങാനത്തെ ജനുവിന്‍ പ്രൊഫൈലുകാര്‍ ആ റിക്വസ്റ്റുകള്‍ കണ്ണടച്ചു റിജക്ട് ചെയ്തു കളഞ്ഞു.

സ്ഥിരമായി സ്ക്രാപ്പുബുക്കില്‍ കയറി ഒളിഞ്ഞുനോക്കി ഇറങ്ങിപ്പോകുന്ന അ‍ജ്ഞാതനായ ഓര്‍ക്കുട്ടനെപ്പോലെ എന്നും വൈകുന്നേരങ്ങളില്‍ അയാള്‍ ഭരണങ്ങാനത്തിന്‍റെ ഹൃദയഭാഗത്ത് ബസിറങ്ങി നടപ്പു തുടര്‍ന്നു. എവിടെനിന്നു വരുന്നുവെന്നോ എങ്ങോട്ടു പോകുന്നുവെന്നോ ആര്‍ക്കും ഒരു എത്തും പിടിയും ഇല്ലാതിരിക്കെ ഒരു ദിവസം അന്തിമയങ്ങിയ നേരത്തു പാലമ്മൂട് ഷാപ്പിലും ഇതേ അ‍ജ്ഞാതന്‍ പ്രത്യക്ഷപ്പെട്ടു.

അജ്ഞാതനെ കണ്ടപാടെ അതുവരെ ഷാപ്പില്‍ ആടിയാടി വാചകമടിച്ചു നടന്ന ആനക്കാരന്‍ കൊച്ചാപ്പിയടക്കം പല പതിവു കുടിയന്‍മാരും കുടി നിര്‍ത്തി അ‍ജ്ഞാതനെ നിരീക്ഷിച്ചുതുടങ്ങി.

ചിക്കുന്‍ഗുനിയ പടര്‍ന്നു പിടിച്ചുകൊണ്ടിരുന്ന കാലമായിരുന്നതിനാല്‍, സിഐഎയുടെ പണം വാങ്ങി രോഗാണുവിനെ തള്ളാന്‍ വന്നവനാണോ ഇയാള്‍ എന്ന തരത്തില്‍പ്പോലും ആലോചനകള്‍ കാടുകയറി. ആരോടും ഒന്നും പറയാതെ അ‍ജ്ഞാതന്‍ രണ്ടുകുപ്പി തെങ്ങിന്‍ കള്ളിന് ഓര്‍ഡര്‍ ചെയ്തു. ഒരു പ്ളേറ്റ് പന്നി ഉലത്തിയതിനും.

കപ്പയും പന്നിയും കഴിക്കണമെങ്കില്‍ കക്ഷി, സിഐഎ ആയിരിക്കില്ല, വല്ല സിഐഡിയുമായിരിക്കും എന്ന രീതിയിലേക്കു കുടിയന്മാരുടെ മനോഗതം പിന്നെയും വഴിമാറി. അതുവരെ അരുവിത്തുറ പെരുന്നാളിനു പള്ളിക്കു പിന്നില്‍ നടക്കുന്ന ചുക്കിണിപ്പരിപാടിയ്ക്കിടയിലെ ഒച്ചപ്പാടു പോലെ സജീവമായിരുന്ന ഷാപ്പ് അജ്ഞാതന്‍റെ ആഗമനത്തോടെ വികാരിയച്ചനെ കണ്ട സങ്കീര്‍ത്തിപോലെ നിശബ്ദമായി.

രണ്ടുകുപ്പിക്കള്ള് രണ്ടു മിനിറ്റു കൊണ്ടു തീര്‍ത്ത് പന്നിഉലത്തിയത് പത്തേപത്തുപിടിക്ക് അകത്താക്കി അ‍ജ്ഞാതന്‍ പോകാന്‍ എഴുന്നേറ്റു. അപ്പോളും എല്ലാ കുടിയന്‍മാരും തന്താങ്ങളുടെ കുടി നിര്‍ത്തി അജ്ഞാതന്‍റെ കുടി വീക്ഷിക്കുകയായിരുന്നു.

വെള്ള മുണ്ടും അല്‍പം വില കൂടിയ കോട്ടണ്‍ ഷര്‍ട്ടുമാണു വേഷം. കണ്ടാല്‍ പത്തു കാശുള്ള വീട്ടിലേതാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകും. കയ്യില്‍ ചൂരലുകെട്ടിയ കാലന്‍ കുട. കയ്യില്‍ വലിയൊരു വാച്ചുമുണ്ട്. പോക്കറ്റിലെ മൊബൈല്‍ ഫോണില്‍ പടം പിടിക്കുന്ന ക്യാമറമുണ്ട്. ഇടയ്ക്ക് അതെടുത്ത് മുപ്പരു അങ്ങോട്ടുമിങ്ങോട്ടും കുത്തുന്നതും ആരെയൊക്കെയോ വിളിക്കാന്‍ ശ്രമിക്കുന്നതും നാശം ഷാപ്പിലും റേഞ്ചില്ലേ എന്നു പുലമ്പുന്നതുമൊക്കെ നാട്ടുകാരു കേട്ടിരുന്നു.

കണക്കു തീര്‍ത്ത് കാലിക്കുപ്പിയെടുക്കാന്‍ വന്ന കറിക്കാരന്‍ കോവാലന്‍ ചേട്ടനു പത്തുരൂപ ടിപ്പും കൊടുത്ത് ഷാപ്പില്‍നിന്നിറങ്ങാന്‍ തുടങ്ങിയ അജ്ഞാതന്‍ എല്ലാവരെയും നോക്കി ഒന്നു കൂടി ചിരിയമ്പ് എറിഞ്ഞു.

രണ്ടുകുപ്പി തെങ്ങിന്‍കള്ളിന്‍റെ ലഹരിയുണ്ടായിരുന്ന ആ ചിരിയില്‍ ഷാപ്പിലെ മറ്റ് കുടിയശ്രേഷ്ഠരുടെ അജ്ഞാതത്വമലിഞ്ഞ് തലേന്നത്തെ മീന്‍കറി പോലെ വറ്റിപ്പോയി.
കൂട്ടത്തില്‍ അല്‍പം ധൈര്യമുണ്ടായിരുന്ന ചട്ടുകാലന്‍ സാംകുട്ടിയാണ് അതു ചോദിച്ചത്-

സാറേതാ?

ആ ചോദ്യം അജ്ഞാതന്‍റെ തലക്കനത്തിനു ചെറിയൊരു ഇടിവുണ്ടാക്കിയോന്ന് സംശയം.
തലക്കനം തെല്ലൊന്നുലഞ്ഞതിന്‍റെ വിഷമത്തോടെ അജ്ഞാതന്‍ പേരു പറഞ്ഞു

ഞാന്‍ കുഞ്ചെറിയ

സാംകുട്ടിക്കു സന്തോഷമായി. ക്രിസ്ത്യാനിയാണ്. പോരാത്തതിനു നല്ല കാശുമുണ്ട്, കള്ളും കുടിക്കും. കൂടെക്കൂട്ടിയാല്‍ എന്നും കോളാ.

ഇവിടെ എവിടുത്തെയാ, ഇതിനു മുന്‍പു കണ്ടിട്ടില്ലല്ലോ.....
ഞാന്‍ ഇവിടെ അടുത്ത് അരുളികുന്നത്തുള്ളതാ... ഇപ്പോള്‍ ഇവിടെയടുത്തുള്ള കോട്ടേജില്‍ താമസിക്കുവാ...
എന്നതാ പണി
എഴുത്താ
ആധാരമെഴുത്താണോ?
അല്ല, കഥയും നോവലുമൊക്കെ എഴുതും.
ഓ... കവിയാണല്ലേ? വേറെ പണിയൊന്നുമില്ലേ?
കുഞ്ചെറിയാക്ക് ആ ചോദ്യം ഇഷ്ടപ്പെട്ടില്ല. എങ്കിലും ഷാപ്പിലെ ആദ്യപരിചയക്കാരനെ വിഷമിപ്പിക്കേണ്ടെന്നു കരുതി കുഞ്ചെറിയ അതിന്നും ഉത്തരം പറഞ്ഞു.
വേറെ പണിയുണ്ടായിരുന്നു. റിട്ടയര്‍ ആയി. അതാ നാട്ടിലോട്ടു പോന്നത്. കുറച്ചുകാലം ഇവിടെക്കാണും. ഇടയ്ക്കു കാണാം.

അതും പറഞ്ഞു സാംകുട്ടിയുടെ തോളില്‍ തട്ടി കുഞ്ചെറിയ ഇറങ്ങി നടന്നു.
ആകാശത്ത് ഇരുട്ടുവീണു തുടങ്ങിയിരിക്കുന്നു. അതുവരെ പ്രകാശം പരന്നു നിന്ന കുഞ്ചെറിയയുടെ മനസ്സിലും ഇരുട്ടുവീണുപോയി.

പാലമ്മൂട് ഷാപ്പിലേക്കു രണ്ടുംകല്‍പിച്ചാണു കളളുകുടിക്കാന്‍ കയറിയതെങ്കിലും തന്നെ അറിയുന്ന ഒരാളെങ്കിലും അവിടെയുണ്ടാകുമെന്നായിരുന്നു കുഞ്ചെറിയയുടെ വിചാരം. അതു തെറ്റാണെന്ന് ഇപ്പോള്‍ മനസ്സിലായിരിക്കുന്നു.

പ്രവാചകനു സ്വന്തം നാട്ടില്‍ വിലയില്ലെന്നത് എത്ര സത്യം. എന്നാ ഉണ്ട് വിശേഷം തോബിയാസേ എന്ന തന്‍റെ നോവലില്‍ എഴുതിയ കാര്യം അതേപടി അന്വര്‍ഥമായിരിക്കുന്നു.
ലോകമറിയുന്ന സാഹിത്യകാരനായിട്ടും നാട്ടില്‍ ഒരു പട്ടിപോലും തന്‍റെ വിശ്വസാഹിത്യ കൃതികള്‍ വായിക്കാത്തതിന്‍റെ ദുഖം കുഞ്ചെറിയായെ അനല്‍പമല്ലാത്തെ വിധം കുത്തിനോവിച്ചുകൊണ്ടിരുന്നു.

റോയല്‍റ്റി തരാതെ കുരങ്ങുകളിപ്പിക്കുന്ന പ്രസാധകരോടു തോന്നിയിട്ടുള്ളതിനെക്കാള്‍ വലിയ വിദ്വേഷം കുഞ്ചെറിയയ്ക്ക് ഈ നാട്ടുകാരോടു തോന്നിപ്പോയി.
എങ്കിലും കുഞ്ചെറിയ വൈകുന്നേരങ്ങളില്‍ പാലായില്‍നിന്നു ബസില്‍ കയറി ഭരണങ്ങാനത്തിറങ്ങി പാലമ്മൂട് ഷാപ്പു ടച്ച് ചെയ്ത് കോട്ടേജിലേക്കുളള യാത്ര മുടക്കിയില്ല. ഫ്രണ്ട് ഷിപ് റിക്വസ്റ്റുകള്‍ പെരുകിപ്പെരുകി വരവേ ഒരു ദിവസം ഭരണങ്ങാനം ടൗണില്‍ വായിനോക്കി നില്‍ക്കുകയായിരുന്ന പുഷ്പാഞ്ജലി ഗിരീഷ് കുമാറിനും കിട്ടി റിക്വസ്റ്റുകളിലൊന്ന്. ഗിരീഷ് കുമാറിന് ആളെ മനസ്സിലായില്ലെങ്കിലും ധൈര്യസമേതം ആ റിക്വസ്റ്റ് അങ്ങോട്ട് അപ്രൂവ് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു.

റിക്വസ്റ്റ് അപ്രൂവ് ചെയ്ത സാഹചര്യത്തില്‍ എന്നതേലും ഒരു സ്ക്രാപ്പ് ഇടണമല്ലോയെന്നു വിചാരിച്ച് ഗിരീഷ്കുമാര്‍ നേരെ അ‍ജ്ഞാതന്‍റെ അടുത്തോട്ടു നടന്നു. (കുഞ്ചെറിയ എന്ന പേര് ഭരണങ്ങാനം ടൗണിലോട്ട് എത്തിയിരുന്നില്ല. ഷാപ്പിലെ കുടിയന്മാര്‍ അവിടെത്തന്നെ കിടപ്പും മറ്റുമായിരുന്നതിനാല്‍ അവരാരും ടൗണിലോട്ടു വരിക പതിവില്ലായിരുന്നു)

ഗുഡ് ഈവനിങ്...- ഗിരീഷ്കുമാര്‍

യേസ് ഗുഡീവനിങ്..- കുഞ്ചെറിയാക്കു സന്തോഷമായി. തന്‍റെ റേഞ്ചിലുള്ള ഒരാളെയെങ്കിലും ഭരണങ്ങാനത്തു വച്ചു കണ്ടുമുട്ടിയല്ലോ.

കുഞ്ചെറിയാ റേഞ്ചിലായിരുന്നതിനാലാവണം, ആ നിമിഷം പോക്കറ്റില്‍കിടന്ന മൊബൈല്‍ മണിയടിച്ചു. അടുത്ത സ്ക്രാപ്പ് എന്തിടണം എന്നാലോചിച്ചു നിന്ന ഗിരീഷ്കുമാറിനെ സന്തോഷിപ്പിച്ചുകൊണ്ട് കുഞ്ചെറിയ ഫോണ്‍ എടുത്തു.

ങാ... കുഞ്ചെറിയായാ... ഇപ്പോള്‍ ഭരണങ്ങാനത്തു നില്‍ക്കുവാ...

ഗിരീഷ്കുമാറിനു സന്തോഷമായി. പേരു കുഞ്ചെറിയാ.. പക്ഷേ ആളാരാ എന്നു മാത്രം മനസ്സിലായില്ല. പതിയെ ചോദിച്ചു മനസ്സിലാക്കാമെന്നായി ഗിരീഷ്കുമാറിന്‍റെ വിചാരം.
എന്തൊക്കെയോ ഇംഗ്ളീഷില്‍ പറഞ്ഞു കുഞ്ചെറിയ ഫോണ്‍ പോക്കറ്റിലിട്ടു. ഇംഗ്ളീഷു കേട്ടതും ഗിരീഷിനു മറ്റൊരു കാര്യം കൂടി പിടികിട്ടി. ഈ നില്‍ക്കുന്ന കുഞ്ചെറിയ തന്‍റെ റേഞ്ചില്‍നില്‍ക്കുന്ന കക്ഷിയല്ല. ഇംഗ്ളീഷില്‍ വല്ലതും ഇങ്ങോട്ടു പറഞ്ഞാല്‍ തെണ്ടിപ്പോകും!!
അതുകൊണ്ട് അടുത്ത സ്ക്രാപ്പ് നേരെ അങ്ങോട്ടിടാന്‍ ഗിരീഷ്കുമാര്‍ തീരുമാനിച്ചു. അതും നല്ല പച്ചവെള്ളം പോലത്തെ മലയാളത്തില്‍...

കുഞ്ചെറിയാ സാറേ എന്നാ ഉണ്ടു വിശേഷം?

കുഞ്ചെറിയാക്കും സന്തോഷമായി. തന്നെ അറിയാവുന്ന, തന്‍റെ കഥകള്‍ വായിച്ചിട്ടുള്ള ഒരാളെങ്കിലും ഈ ഭരണങ്ങാനത്തു ജീവിച്ചിരിപ്പുണ്ടല്ലോ!

സുഖമായി പോകുന്നു മാഷേ.... ഒരു കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. അതു തീരും വരെ ഇവിടെയൊക്കെ കാണും?

അതു കേട്ടപ്പോള്‍ ഗിരീഷ്കുമാറിനു വീണ്ടും റേഞ്ച് പോയി. എങ്കിലും മറുപടിക്കായി എന്തെങ്കിലും പറയേണ്ടേ എന്നു വിചാരിച്ചു ഗിരീഷ്കുമാര്‍ മറുപടിയായി ഇങ്ങനെ തട്ടി
കഴിഞ്ഞ കഥ ഞാന്‍ വായിച്ചാരുന്നു. നന്നായിട്ടുണ്ടു സാറേ...

ഓ... താങ്ക്യു... ഈ ഗ്രാമപ്രദേശത്ത് എനിക്ക് ഒരുപാടു വായനക്കാരുള്ളതായി എനിക്കറിയാം. അവരില്‍ പലരും ഫോണില്‍ വിളിച്ചും കത്തെഴുതിയും ബന്ധപ്പെടാറുണ്ട്. തിരക്കുമൂലം പലര്‍ക്കും മറുപടിയെഴുതാന്‍ പറ്റാറില്ല. ഒരാളെക്കൂടി നേരില്‍ കണ്ടതില്‍ സന്തോഷം. - തന്‍റെ കഥകളിലേതു പോലെ ശുദ്ധനുണ അല്‍പം പോലും കറയില്ലാതെ കുഞ്ചെറിയ വെച്ചടിച്ചു.

അതുകേട്ടപ്പോള്‍ ഗിരീഷിനു കാര്യം കുറച്ചുകൂടി ക്ളിയറായി. ഏതോ സാഹിത്യകാരനാണ്. കുഞ്ചെറിയ എന്നു പേര്. പക്ഷേ മനോരമയിലോ മംഗളത്തിലോ ഈ പേരില്‍ എഴുതുന്ന ആരെയും താന്‍ കണ്ടിട്ടില്ല. ഇനിയിപ്പം സുധാകരന്‍ മംഗളോധയം എന്ന പേരിലും സിവി നിര്‍മല എന്ന പേരിലുമൊക്കെ എഴുതുന്നത് ഈ കുഞ്ചെറിയ ആയിരിക്കുമോ?
ആലോചനകള്‍ അങ്ങനെ നീളവേ ഗിരിഷിനു നേര്‍ക്ക് കുഞ്ചെറിയ ഒരു ചോദ്യമെറിഞ്ഞു
മാഷിന്‍റെ പേരുപറഞ്ഞില്ലല്ലോ...
കെബി ഗിരീഷ്കുമാര്‍.
എന്തു ചെയ്യുന്നു.
ചാച്ചന്‍റെ കൂടെയാ...
ചാച്ചന്‍ എന്തു ചെയ്യുന്നു?
ചാച്ചനു രാവിലെ ഫാനിന്‍റെ ബിസിനസും വൈകിട്ടു മോട്ടോറിന്‍റെ ബിസിനസുമാ...
അതെന്താ മനസ്സിലായില്ലല്ലോ...
രാവിലെ മുതല്‍ ഉച്ചവരെ കറക്കവും ഉച്ചകഴിഞ്ഞാല്‍ അന്തിവരെ വെള്ളമടിയുമാ...
അതു കേട്ടു കുഞ്ചെറിയ ചിരിച്ചു. ഗിരീഷ്കുമാറും ചിരിച്ചു. ഇരുവരും തന്താങ്ങളുടെ സ്ക്രാപ്പ് ബുക്കില്‍ അന്നത്തേക്കുള്ള സ്ക്രാപ്പിട്ട് സൈന്‍ ഔട്ടു ചെയ്തു പിരിഞ്ഞു.

രാത്രി ഉറങ്ങാന്‍ കിടന്നെങ്കിലും ഗിരീഷ്കുമാറിന് ഉറക്കം വന്നില്ല. സത്യത്തില്‍ കുഞ്ചെറിയ എന്ന മനുഷ്യനെ കണ്ടതു മുതല്‍ ഗിരീഷ്കുമാറിന്‍റെ ഉറക്കം പോയിരുന്നു. ഉറക്കമില്ലാതായതോടെ ഗിരീഷ്കുമാര്‍ അടുത്ത സുഹൃത്തും സാഹിത്യ വിഷയത്തില്‍ തല്‍പരനുമായ റോയിച്ചനെ ഫോണില്‍ വിളിച്ചു.

ഉറക്കത്തിന്‍റെ സെക്കന്‍ഡ് ഹാഫിലേക്കു കയറാന്‍ ഒരു കൂര്‍ക്കം വലിയകലം മാത്രം ബാക്കി നില്‍ക്കെയായിരുന്നു നട്ടപ്പാതിരയ്ക്കു റോയിച്ചന്‍റെ ഫോണ്‍ മണിയടിച്ചത്.
ആരാടാ ഈ നട്ടപ്പാതിരയ്ക്ക് എന്ന ചോദ്യവുമായി റോയിച്ചന്‍ ഫോണ്‍ കയ്യിലെടുത്തു. പരിചയമില്ലാത്ത നമ്പര്‍. വല്ല പെണ്‍പിള്ളേരുമാണേല്‍ അന്തസ്സു പോകാതിരിക്കാന്‍ പാകത്തിനു സ്വരം മധുരതരമാക്കി റോയിച്ചന്‍ ഇങ്ങനെ ഉച്ചരിച്ചു...
ഹലോ....
അപ്പുറത്തു ഗിരീഷ്കുമാര്‍
ആ പ്രതീക്ഷ പോയി.
എന്താടാ രാത്രിയില്‍?
ആരാടാ ഈ കഥയൊക്കെ എഴുതുന്ന കുഞ്ചെറിയ?
പാതിരാത്രിയിലാണാടോ കണ്ട കഥയെഴുത്തുകാരന്‍റെ കാര്യമൊക്കെ ചോദിക്കുന്നത്?
അതല്ലെടാ, ഞാനിന്നൊരു കുഞ്ചെറിയായെ പരിചയപ്പെട്ടു. കഥയെഴുത്താണു പണിയെന്നും മനസ്സിലായി. പക്ഷേ, കക്ഷി ആരാ?
റോയിച്ചന്‍റെ ഉറക്കം പോയി.
നീ കുഞ്ചെറിയായെ കണ്ടെന്നോ? എവിടെവച്ച്?
ഭരണങ്ങാനത്തു വച്ച്...
എടാ കുഞ്ചെറിയ എന്നുവച്ചാല്‍ കുഞ്ചെറിയ. ആധുനിക മലയാള സാഹിത്യത്തിലെ മിടുമിടുക്കന്‍. പ്രതിഭാശാലി. മന്ദബുദ്ധികളെക്കൊണ്ട് എന്നാ മെച്ചം? എന്ന അദ്ദേഹത്തിന്‍റെ ലേഖനസമാഹാരം നീ വായിച്ചിട്ടില്ലേ?
പൈന്‍റു കുപ്പി കാണ്മോളവും, ഭാസ്കരന്‍ മേസ്തിരിയും എന്‍റെ കേടായ ബൈക്കും എന്നു തുടങ്ങി അദ്ദേഹമെഴുതാത്ത എഴുത്തുണ്ടോ? നീയിതൊന്നും വായിച്ചിട്ടില്ലേ? എടാ നമ്മുടെ നാട്ടിലെ ആകെയുള്ള ഒരു സെലിബ്രിറ്റിയാണു കുഞ്ചെറിയാ സാറ്....
അത്രയും കേട്ടതും ഗിരീഷ്കുമാറിന്‍റെ സകല വെളിവും പോയി. സെലിബ്രിറ്റി എന്നു കേട്ടാല്‍ പിന്നെ ഒരു ഓട്ടോഗ്രാഫ് വാങ്ങിക്കുക എന്നത് ഒന്നാം ക്ളാസ് മുതല്‍ ഗിരീഷ്കുമാറിന്‍റെ ദുശ്ശീലങ്ങളില്‍ നമ്പര്‍ ഫോര്‍ ആയിരുന്നു. (ആദ്യ മൂന്നെണ്ണം ഇവിടെ പ്രസക്തമല്ല!)

പിറ്റേന്ന് രാവിലെ മിനിസ്റ്റൈല്‍ സ്റ്റേഷനറിക്കട തുറപ്പിച്ച് ഗിരിഷ്കുമാര്‍ പുതിയ ഓട്ടോഗ്രാഫ് ബുക്ക് ഒന്നു വാങ്ങി. കുഞ്ചെറിയായെ നേരില്‍ക്കാണാനുള്ള കൊതികൊണ്ടും ആരാധനകൊണ്ടും റോയിച്ചനും രാവിലെ തന്നെ ഭരണങ്ങാനത്തു ലാന്‍ഡു ചെയ്തു.
വല്യ സാഹിത്യകാരനാണെന്നല്ലാതെ കുഞ്ചെറിയായുടെ ഒരു കഥപോലും വായിക്കാത്തതിന്‍റെ കുറ്റബോധം അശേഷം ഗിരീഷ്കുമാറിനുണ്ടായിരുന്നില്ല.കഥ പോയിട്ട് അന്നന്നത്തെ പത്രം പോലും വായിക്കുന്ന പതിവില്ലാത്തതിനാല്‍ അതില്‍ ദുഖത്തിന്നര്‍ഥമില്ലല്ലോ...
രാവിലെ മുതലുള്ള ഗിരീഷ്കുമാറിന്‍റെ നില്‍പ്, വൈകിട്ടായതോടെ പാലമ്മൂട് ഷാപ്പിലെ ഇരിപ്പിലേക്കു മാറി. എന്തായാലും കുഞ്ചെറിയ സാറ് ഷാപ്പില്‍ വന്നിട്ടേ പോകൂ എന്നു ചില കുടിയന്മാര്‍ പറയുക കൂടിയായതോടെ ഗിരീഷ്കുമാറിനു സന്തോഷമായി. ഇന്നു സാറിനു രണ്ടു കുപ്പി തെങ്ങു വാങ്ങിക്കൊടുക്കണം. നാളെ മുതല്‍ പുള്ളിക്കാരനെ പതയടിച്ചുകൂടാം...
സമയം, ആറരയായി. ഗിരീഷ്കുമാറിനൊപ്പം ഷാപ്പിലെ കുടിയന്മാരും കുഞ്ചെറിയയെ കാത്തിരിക്കുകയാണ്. ഗിരീഷ്കുമാര്‍ പറഞ്ഞുള്ള വിവരം വച്ചാണ് ആനക്കാരന്‍ കൊച്ചാപ്പി, സാംകുട്ടി, പോത്തന്‍ ശശി തുടങ്ങിയവര്‍ ആകാംക്ഷയില്‍ തെങ്ങിന്‍കള്ളു ചേര്‍ത്ത് സേവിച്ചു സേവിച്ചുള്ള കാത്തിരിപ്പു തുടര്‍ന്നു. സമയം ആറേമുക്കാലിനോട് അടുത്തപ്പോള്‍ ഷാപ്പിനു പുറത്ത് കാലന്‍കുട തൂക്കി ഒരാള്‍ അകത്തേക്കു കയറിവന്നു.

കുഞ്ചെറിയ

അപ്പോള്‍ ഭരണങ്ങാനം പള്ളിയില്‍ കുരിശുമണിയടിച്ചു. വീടുകളില്‍ അമ്മച്ചിമാര്‍ ടിവി ഓഫാക്കി പ്രാക്കോടെ കുരിശുവരയ്ക്കാന്‍ പേനയും പേപ്പറും എടുക്കുന്ന സമയം.
കുരിശുമണിടയിച്ചതു കേട്ടതും കുഞ്ചെറിയ നാടന്‍ അച്ചായന്‍മാരെപ്പോലെ കുരിശുവരച്ച് ഒരുനിമിഷം മൗനായായി. നിമിഷമൊന്നു കഴിഞ്ഞു കണ്ണു തുറന്ന കുഞ്ചെറിയ അദ്ഭുതപ്പെട്ടു. ഷാപ്പില്‍ അതാ ഗിരീഷ്കുമാര്‍. തന്‍റെ ഒരേയൊരു ആരാധകന്‍!!
എന്താ ഗിരീഷേ ഷാപ്പില്‍?
സാറിനെ കാണാന്‍ വന്നതാ
സാറിന് ഇന്ന് എന്‍റെ വകയാണു ചെലവ്. - ഗിരീഷ്കുമാര്‍ പറഞ്ഞൊപ്പിച്ചു.
കുഞ്ചെറിയാക്ക് സന്തോഷമായി.
എന്നാല്‍പ്പിന്നെ അങ്ങനെ ആയിക്കോട്ടെ...
ആദ്യം രണ്ടുകുപ്പി പോരട്ടെ..
കുഞ്ചെറിയാക്ക് ഒപ്പം മറ്റു കുടിയന്‍മാരും കൂട്ടം കൂടി.
ഗിരീഷ്കുമാര്‍ പറഞ്ഞപ്പോളാണു സാറുവല്യ സാഹിത്യകാരനാണെന്നു ഞങ്ങളറിഞ്ഞത്. ക്ഷമിക്കണം.
സാംകുട്ടി നയം വ്യക്തമാക്കി. മറ്റുള്ളവരും അതില്‍ പങ്കുചേര്‍ന്നു.
കുഞ്ചെറിയാക്കു സന്തോഷമായി. താന്‍ ഇതുവരെ ഇവരെ എത്രമാത്രം അണ്ടര്‍ എസ്റ്റിമേറ്റു ചെയ്തു. മോശമായിപ്പോയി...

കുപ്പികള്‍ നിറഞ്ഞൊഴിഞ്ഞുകൊണ്ടിരുന്നു..കുഞ്ചെറിയായുടെ കണ്ണുകള്‍ ചുവന്നു. ഗിരീഷിന്‍റെ തലയ്ക്കകത്തു പെരുത്തു തുടങ്ങി. ബോധം പോകും മുന്‍പു ഓട്ടോഗ്രാഫ് വാങ്ങിക്കണം.
തലയ്ക്കകത്തു ഗുളികന്‍ ഇട്ടുപെരുപ്പിച്ച കലക്കുകള്ള് ബഹളം വച്ചുതുടങ്ങിയതിനാല്‍ ബെല്ലടിക്കുന്നതിനു തൊട്ടുമുന്‍പത്തെ എല്‍പിസ്കൂളുപോലെയായി ഗിരീഷ്കുമാറിന്‍റെ മനസ്സ്. ഒന്നുമങ്ങോട്ടു ക്ളിയാറാകുന്നില്ല. ഷാപ്പിലെ ബഹളങ്ങള്‍ മുഴുവന്‍ കണ്‍മുന്‍പില്‍ ഫിഷ് ഐ ലൈന്‍സില്‍ക്കൂടി നോക്കും പോലെ വളഞ്ഞുപുളഞ്ഞ് മഹാബോറായിത്തുടങ്ങിയിരിക്കുന്നു. താന്‍ വാറാകാന്‍ പോവുകയാണെന്നു മനസ്സിലായ ഗിരീഷ്കുമാര്‍ അതിനു മുന്‍പ് കുഞ്ചെറിയായോട് തന്‍റെ അന്ത്യാഗ്രഹം പറഞ്ഞു.

എനിക്ക് സാറിന്‍റെ ഒരു ലവ് ലെറ്റര്‍ വേണം....

ഉദ്ദേശിച്ചത് ഓട്ടോഗ്രാഫ് എന്നായിരുന്നെങ്കിലും വായില്‍ സരസ്വതി വിളയിച്ചെടുത്തത് അങ്ങനെയായിരുന്നു.
കുഞ്ചെറിയ അരപ്പൂസിലും ഞെട്ടി. തന്നെ കെട്ടിപ്പിടിച്ചിരിക്കുന്ന പയ്യന്‍സ് അബദ്ധം വലതും കാട്ടുമോ എന്ന ആകാംക്ഷയും കള്ളിനൊപ്പം തികട്ടി വരാതിരുന്നില്ല.
എന്തിനാ ഗിരീഷേ നിനക്കെന്‍റെ ലവ് ലെറ്റര്‍?
ഞാന്‍ പരിചയപ്പെടുന്ന എല്ലാ ആപ്പീസര്‍മാരുടെയം ലവ് ലെറ്റര്‍ മേടിക്കാറുണ്ടു സാറേ.... അതെന്‍റെയൊരു വീക്ക് നെസ്സാ... സാറും തന്നേ പറ്റൂ...
ലവ് ലെറ്റര്‍ എന്നതിന്‍റെ തദ്ദേശീയവും വിദേശീയവും ശ്ലൈഹികവും സാര്‍വത്രികവുമായ അര്‍ഥം മനസ്സിലായില്ലെങ്കിലും സഹകുടിയന്‍മാരും അതേറ്റുപിടിച്ചു.
സാറിന്‍റെ പുസ്തകങ്ങളെല്ലാം വായിച്ചപ്പം മുതലുള്ള ആരാധന കൊണ്ടാ... പൈന‍്റ് കുപ്പി കാണാതെ പോയ കഥ ഞാന്‍ പത്തുതവണ വായിച്ചു. സാറിന്‍റെ കേടായ ലാമ്പിയെക്കുറിച്ചോര്‍ത്ത് ഞാന്‍ പത്തുദിവസം കരഞ്ഞു. സാറ് എനിക്കൊരു ലവ് ലെറ്റര്‍ തന്നേ പറ്റൂ...

ഗിരീഷ്കുമാര്‍ സ്വയം വെളിപ്പെട്ടുകൊണ്ടിരുന്നു.

ഗിരീഷ്കുമാറിന്‍റെ ഓരോ വെളിപ്പെടുത്തലും കുഞ്ചെറിയാക്ക് ഓരോ ഇരുട്ടടിയായിരുന്നു.
നാട്ടില്‍ ഇക്കാലത്തിനിടെ കണ്ടുമുട്ടിയ ഒരേയൊരു ആരാധകന്‍റെയും യഥാര്‍ഥ അവസ്ഥ മനസ്സിലായ കുഞ്ചെറിയ പിന്നെയവിടെ ഇരുന്നില്ല. ലവ് ലെറ്റര്‍ നാളെ എഴുതിക്കൊണ്ടുവരാം എന്നു ഗിരീഷിനെ സമാശ്വസിപ്പിച്ച് അദ്ദേഹം പതിയെ ഷാപ്പില്‍നിന്നിറങ്ങി നടന്നു.
രാത്രി ഏറെ വൈകിയിരുന്നു. കോട്ടേജിലേക്കുള്ള നടപ്പിനിടെ കുഞ്ചെറിയായുടെ മനസ്സില്‍ തന്‍റെ പഴയ കഥാപാത്രങ്ങള്‍ പലരും വന്നും പോയുമിരുന്നു.
പിറ്റേന്ന് രാവിലെ പതിവില്ലെങ്കിലും പത്രമെടുത്തു നിവര്‍ത്തിയ ഗിരീഷ്കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഞെട്ടി.
ഒന്നാം പേജില്‍ ഒരു വാര്‍ത്ത

കുഞ്ചെറിയ എഴുത്ത് നിര്‍ത്തി!!!

Powered By Blogger