Thursday, August 30, 2007

ഭാരതപര്യടനം (അധുനാധുനികം)


അവന് അവളോടു പ്രേമമൊന്നുമില്ലായിരുന്നു.

പക്ഷേ, അവന്‍ അവളെ പ്രേമിക്കണമെന്നു നിര്‍ബന്ധം ഞങ്ങള്‍ക്കായിരുന്നു. ഞങ്ങളെന്നു പറഞ്ഞാല്‍ ഞങ്ങള്‍ നാലുപേര്‍. അവനും കൂടിയാകുമ്പോള്‍ അഞ്ചുപേര്‍. പഞ്ചപാണ്ഡവര്‍. പക്ഷേ, പാഞ്ചാലി എന്ന സെറ്റപ്പിനോടു ഞങ്ങള്‍ക്കു യോജിപ്പില്ലായിരുന്നു.

അവന് അവളോടു പ്രേമമൊന്നുമില്ലായിരുന്നു എന്ന് ആവര്‍ത്തിക്കട്ടെ. എന്നിട്ടും അവന്‍ അവളെ പ്രേമിച്ചു തുടങ്ങി. ആദ്യം മനസ്സില്ലാമനസ്സോടെ തുടങ്ങിയ സംഗതി ഒടുവില്‍ അവള മറക്കാന്‍ എനിക്കു മനസ്സില്ലെടാ എന്നു പറയുന്നിടം വരെയെത്തിച്ചപ്പോളാണു ഞങ്ങള്‍ വിജയിച്ചതായി ഞങ്ങള്‍ക്കു തന്നെ തോന്നിയത്.

ലെവനെ ചുമക്കാന്‍ എനിക്കു മനസ്സില്ലെടാ എന്നതായിരുന്നു അവളുടെ ലൈന്‍. പക്ഷേ, കൂട്ടത്തിലെ അനുഭവസമ്പന്നനും ധൈര്യശാലിയുമായ ഭീമന്‍ പറഞ്ഞു-

എടാ അര്‍ജുനാ, നീ ധൈര്യമായിട്ടു പ്രേമിച്ചോ... ഞങ്ങളുണ്ടു കൂടെ...

എടാ അവളുടെ അപ്പന്‍?

ഒന്നുപോടാ... ഞാനില്ലേ കൂടെ? പോരെങ്കില്‍, കരാട്ടെ ബ്ളായ്ക്ക് ബെല്‍റ്റായ യുധിഷ്ഠിരന്‍, കളരിയഭ്യാസിയായ നകുലന്‍, ഗുസ്തിക്കാരനായ സഹദേവന്‍ പോരേ?? പോരേന്ന്???

എടാ അവളുടെ നാല് ആങ്ങളമാര്‍???

അതിനെന്താ? അവളുടെ മൂത്തചേട്ടനെ ഞാന്‍ നോക്കിക്കൊള്ളാം. ബാക്കി മൂന്നെണ്ണത്തിനേം യെവന്‍മാരു മൂന്നും നോക്കിക്കൊള്ളുമെടേയ്.. പിന്നെന്തിനാ പേടിക്കുന്നത്?

എടാ എന്‍റെ അപ്പന്‍?

അതു സില്ലി മാറ്ററല്ലേ? നിന്‍റെ അമ്മയോടു പറഞ്ഞാല്‍ പോരേ???

അപ്പം അമ്മയെ ആരു നോക്കുമെടേയ്?

അതിനു നീയില്ലേ? അവളെത്തന്നെ കെട്ടണമെന്നു നീ പിടിവാശിയില്‍ തുടരുമ്പോള്‍ ഏതമ്മയാണെടാ പിടിവിട്ടുപോകാത്തത്?

നേരാണല്ലേ?

പിന്നെ, സംശയമുണ്ടോ?

സംശയമുണ്ട്!!

എന്തു സംശയം?

അവള്‍ക്ക് എന്നെ ഇഷ്ടമാണോന്ന്!!!

ഒറ്റച്ചവിട്ടു തന്നാലുണ്ടല്ലോ!! എടാ അവള് ഇഷ്ടമില്ലെന്നേ പറയൂ... ഇഷ്ടമാണെന്നു പറഞ്ഞാലേ നമ്മളു സംശയിക്കേണ്ടതുള്ളൂ.

അതെന്തിനാ സംശയിക്കുന്നത്?

ചുമ്മാ ഒരു രസത്തിന്. ഒരു പെണ്ണും ചാടിക്കേറി ഇഷ്ടമാണെന്നു പറയത്തില്ലെടാ ഉവ്വേ?

ഉറപ്പാണോ?

എനിക്കു നല്ല ഉറപ്പാ...

അതിനു നീ പ്രേമിച്ചിട്ടില്ലല്ലോ..
.
പ്രേമിച്ചിട്ടില്ലെങ്കിലെന്താ? നിന്നെപ്പോലുള്ളവര്‍ക്കു പ്രേമിക്കാന്‍ ഒത്താശ ചെയ്തുചെയ്തു എനിക്കിപ്പം വല്യ വിവരമായെടേയ്!!

ഓ അതു ശരി. എന്നാല്‍പ്പിന്നെ പ്രേമിക്കാമല്ലേ?

തീര്‍ച്ചയായും. - ഭീമനൊപ്പം യുധിഷ്ഠരനും നകുലനും സഹദേവനും യേസ് മൂളി.

അര്‍ജുനന് ആത്മവിശ്വാസമായി.

പ്രേമിക്കാനുള്ള പത്തുവഴികള്‍ എന്ന പുസ്തകം ലൈബ്രറിയില്‍നിന്നെടുത്തു. പ്രാക്ടിക്കല്‍ ക്ളാസു കട്ടു ചെയ്തിരുന്നു വായിച്ചു പഠിക്കാന്‍ തുടങ്ങി. വായന പൂര്‍ത്തിയായതിന്‍റെ പിറ്റേന്ന്, അവള് രാവിലെ വീട്ടില്‍നിന്നു വരുംവഴി കോളജ് കവാടത്തിനു പുറത്തുനിന്ന് അര്‍ജുനന്‍ ജീവിതത്തിലാദ്യമായി ആ കടുംകൈ ചെയ്തു.

അവളു നേരെ മുന്നിലെത്തിയപ്പോള്‍ കയ്യിലിരുന്ന പുസ്തകം വിറയാര്‍ന്ന കയ്യാല്‍ അപേക്ഷയെന്നോണം പിടിച്ച് അവളോട് നേരിട്ടങ്ങു പറഞ്ഞു.

എനിക്കുനിന്നെ ഇഷ്ടമാണ്. ഇപ്പം കല്യാണം കഴിക്കണം!!!

അവളതുകേട്ടു ഞെട്ടി. (ഞെട്ടല്‍ ഭാവിച്ചതാണോ എന്നറിയില്ല. കാരണം, നകുലനും സഹദേവനും ഭീമനും യുധിഷ്ഠിരനും ഒളിച്ചിരുന്ന റബര്‍ത്തോട്ടത്തില്‍നിന്നു നോക്കിയാല്‍ സംഗതി ഒന്നുമങ്ങു വ്യക്തമല്ലായിരുന്നു!)

കോളേജിലേക്കു വന്ന അവളു കരഞ്ഞുകൊണ്ടു നേരെ വീട്ടിലേക്കോടി.

രണ്ടുദിവസം അവളെ കോളജില്‍ കണ്ടില്ല. അന്വേഷിച്ചപ്പോള്‍ പനി പിടിച്ചു കിടക്കുകയാണെന്നു കേട്ടു. അര്‍ജുനനും കോളജില്‍ വന്നില്ല. അടികൊണ്ടു ചാകാന്‍ ഞാനില്ലെന്നായിരുന്നു വിളിച്ചപ്പോള്‍ കിട്ടിയ മറുപടി.

പേടിച്ചുണ്ടായ പനി മാറി അവളു വീണ്ടും കോളജില്‍ വന്നു തുടങ്ങി.

എന്നിട്ടും അവന്‍, അര്‍ജുനന്‍ വന്നില്ല. ഒടുക്കം, പത്തുമുപ്പതുരൂപ ഓട്ടോറിക്ഷക്കൂലി കൊടുത്ത് ഒരുവിധം വീട്ടിലെത്തി പഞ്ചപാണ്ഡവരിലെ ബാക്കിനാലുപേരും ചേര്‍ന്ന് അര്‍ജുനനെ അനുനയിപ്പിച്ച് കോളജില്‍ വരാന്‍ കഷ്ടപ്പെട്ടു സമ്മതിപ്പിച്ചു.

അവളും കോളജില്‍. പിറ്റേന്നു മുതല്‍ അവനും കോളജില്‍. എന്തും സംഭവിക്കാം...!!

യുധിഷ്ഠിരനും ഭീമനും ത്രില്ലിലായിരുന്നു. നകുലനും സഹദേവനും അത്ര ത്രില്ലുപോരായിരുന്നു. എങ്കിലും, അടി കിട്ടുകയാണേല്‍ ഒന്നിച്ചല്ലേ കിട്ടുകയൊളളു എന്നോര്‍ത്തപ്പോള്‍ ധൈര്യം കൂടിയപോലെ.

പിറ്റേന്ന്, ക്ളാസില്‍ ആദ്യമെത്തിയത് അവളായിരുന്നു. അര്‍ജുനന്‍റെ പാഞ്ചാലി.

അര്‍ജുനന്‍ എത്താന്‍ ഒരുപാടു വൈകി. ആരുടെയും മുഖത്തുനോക്കാതെ അര്‍ജുനന്‍, ഒരു വശത്തുകൂടി വന്ന് ക്ളാസില്‍ ഏറ്റവും പിന്നിലെ പഞ്ചപാണ്ഡവരുടെ ബെഞ്ചില്‍ വന്നിരുന്നു. പേടിയോടെ അവള്‍ അര്‍ജുനന്‍റെ മുഖത്തേക്കൊന്നു നോക്കി. അര്‍ജുനന്‍ അതിനെക്കാള്‍ പേടിയോടെ അവളുടെ മുഖത്തേക്കും.

ഇരുവരും ഈവിധത്തില്‍ പരസ്പരം നോക്കാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ട നാള്‍ ഭീമനു ക്ഷമകെട്ടു.

അങ്ങോട്ടുമിങ്ങോട്ടും നോക്കിക്കൊണ്ടിരുന്നാല്‍ ക്ളാസു തീരുമ്പോള്‍ അവള്‍ അവളുടെ പാട്ടിനു പോകും. നീ അവളോട് ഇന്നാളം പറഞ്ഞത് ഒന്നൂടെ പറയെടാ....

ഞാന്‍ ഇനീം പറയണോ?

പറയാതെ പിന്നെ കാര്യം നടക്കുമോ?

നടക്കും. ഇല്ലേല്‍ ഓടും!!

ആര്?

ആരുമല്ല. നീ പറ!!!

പറയാമെന്ന് അവന്‍ വീണ്ടും തീരുമാനിച്ചു.

പിറ്റേന്ന് അവള്‍ കോളജ് വിട്ടു വീട്ടിലോട്ടു പോകുംവഴി അവന്‍ കാര്യം പറ‍ഞ്ഞു. കഴിഞ്ഞതവണത്തേക്കാള്‍ അല്‍പംകൂടി മയത്തില്‍!!

എനിക്കു തന്നെ ഇഷ്ടമാണ്. ലോകത്തില്‍ ആര്‍ക്കും തോന്നാത്തത്ര ഇഷ്ടം. എന്നെ ഇഷ്ടമാണോ എന്നറിയണം.ആലോചിച്ച് ഒരു മറുപടി പറഞ്ഞാല്‍ മതി!

അവള് ആലോചിക്കാതെ തന്നെ മറുപടി പറഞ്ഞു.

അല്ല!!!

അര്‍ജുനന്‍റെ ആത്മവിശ്വാസം അപ്പാടെ പോയി. അവന്‍, അവളു പോയ വഴിയില്‍ അതേ പടി കുത്തിയിരുന്നു. പക്ഷേ, ബാക്കിനാലിനും ആത്മവിശ്വാസമേറി.

ഇത്തവണ മുന്‍കൈയെടുത്തത് നകുലനായിരുന്നു.

എടാ, അവള്‍ക്കു നിന്നെ ഇഷ്ടമല്ലെന്നല്ലേ പറഞ്ഞത്? അതേ അവളെക്കൊണ്ട് നിന്നെ ഇഷ്ടമാണെന്നു പറയിക്കുന്ന കാര്യം ഞാനേറ്റു!!

നകുലന്‍ കുശാഗ്രബുദ്ധിയുടെ രാജാവായിരുന്നു. അക്കാര്യത്തില്‍ ഭീമനും യുധിഷ്ഠിരനും സഹദേവനും പോലും അവനോടു ബഹുമാനായിരുന്നു.

അന്നു വൈകിട്ട്, ക്ളാസില്‍നിന്ന് എല്ലാവരും പോയിക്കഴിഞ്‍പ്പോള്‍ കോളജിനടുത്ത കടയില്‍നിന്നു വാങ്ങിയ പുതിയ റേസര്‍ ബ്ളേഡുമായി നകുലനും ഭീമനും ക്ളാസ് മുറിയില്‍ പ്രവേശിച്ചു. ക്ളാസില്‍ അവളിരിക്കുന്ന ഡെസ്കില്‍ അവളിരിക്കുന്ന ഭാഗം വളരെ വൃത്തിയായി ചുരണ്ടി വെളുപ്പിച്ചു. വീട്ടില്‍നിന്ന് അന്നു രാവിലെ പൊക്കിക്കൊണ്ടുവന്ന കല്യാണക്കുറി ഒരെണ്ണം എടുത്തു നിവര്‍ത്തിവച്ചു. എന്നിട്ടു നല്ല വടിവൊത്ത അക്ഷരത്തില്‍, അത് അതേപടി ഡെസ്കിലോട്ടു പകര്‍ത്തി.

ചെറിയ ചില മാറ്റങ്ങള്‍ മാത്രം. വധുവിന്‍റെ സ്ഥാനത്ത് അവളുടെ പേര്!!

വരന്‍റെ സ്ഥാനത്ത് ക്ളാസിലെ ഒന്നാം നമ്പര്‍ അലമ്പനും തനിചെറ്റയും എന്നു വിളിപ്പേരുള്ള യുധിഷ്ഠിരന്‍റെ പേരും എഴുതപ്പെട്ടു.

പിറ്റേന്ന് അതിരാവിലെ ക്ളാസില്‍ എത്തുന്ന അവളിതു കാണും. യുധിഷ്ഠരന്‍ വേണോ അര്‍ജുനന്‍ വേണോ എന്ന സംശയം അവള്‍ക്കുണ്ടാവും. അതില്‍, അര്‍ജുനനു നറുക്കുവീഴും. തല്‍ക്കാലം ഇക്കാര്യം യുധിഷ്ഠിരനോടു പറയേണ്ട. -

നകുലന്‍ മൊഴിഞ്ഞു.

ഭീമനു സന്തോഷമായി. തനിക്കില്ലാത്തതു നകുലനു സമൃദ്ധമായുണ്ട്!!

പിറ്റേന്നു പാണ്ഡവര്‍ എത്താന്‍ അല്‍പം വൈകി. ക്ളാസില്‍ വലിയൊരു ആള്‍ക്കൂട്ടം.
പെട്ടെന്നു നകുലനും ഭീമനും വലിഞ്ഞു. കാര്യമറിയാതെ ക്ളാസിലേക്കു ചെന്ന യുധിഷ്ഠിരന്‍റെ നേര്‍ക്കു ക്ളാസ് ഒന്നടങ്കം വെട്ടിത്തിരിഞ്ഞു.

ദേണ്ടെ അവന്‍!!

ആള്‍ക്കൂട്ടത്തിനു നടക്കുനിന്ന് പ്രിന്‍സിപ്പലച്ചന്‍ വെട്ടിത്തിരിഞ്ഞു.

യുധിഷ്ഠിരന്‍ വായ് പൊളിച്ചു നിന്നു. നിന്ന നില്‍പില്‍ അച്ചന്‍ അവനെയും പിടിച്ചുകൊണ്ട് ഓഫിസ് റൂമിലേക്കു പോയി!!

അച്ചന്‍ പോയ പിന്നാലെ, ആള്‍ക്കൂട്ടവും പോയി. ആള്‍ക്കൂട്ടമൊഴിഞ്ഞ ക്ളാസ് റൂമില്‍ സഹദേവനും അര്‍ജുനനും ബാക്കിയായി.

അവിടെ, ഡെസ്കില്‍ തല വച്ചു പൊട്ടിക്കരയുന്നു അവള്‍!!

അര്‍ജുനന്‍ഞെട്ടി.

എന്താണു കാര്യം????

ക്ളാസിലുള്ള മറ്റാരോ പറഞ്ഞു.

നിന്‍റെ കൂട്ടത്തില്‍ നടക്കുന്ന മറ്റവനില്ലേ? യുധിഷ്ഠിരന്‍. അവന് ഇവളോടു പ്രേമമാണത്രേ. പോരാത്തതിന് അവന്‍റെയും ഇവളുടെയും പേരെഴുതിയ കല്യാണക്കുറി ഇതാ ആ ഡെസ്കില്‍ എഴുതിയിടുകയും ചെയ്തു.

അര്‍ജുനന്‍ വീണ്ടും ഞെട്ടി.

ശബ്ദമുണ്ടാക്കാതെ കരയുന്ന അവളുടെ അടുക്കലേക്ക് ശബ്ദമുണ്ടാക്കാതെ അവന്‍ നടന്നെത്തി. പതിയെ കുനിഞ്ഞു ഡെസ്കിലേക്കു നോക്കി. ശരിയാണ്, കല്യാണക്കുറി...

പക്ഷേ കയ്യക്ഷരം?!!!

ഇത്രയും മനോഹരമായി എഴുതാന്‍ യുധിഷ്ഠിരന് അറിയില്ല. എങ്കിലും നല്ല പരിചയമുള്ള കയ്യക്ഷരം!!

അര്‍ജുനന്‍റെ ചിന്ത കറങ്ങിത്തിരിഞ്ഞ് നകുലന്‍റെ അടുക്കലെത്തി.

അപ്പോള്‍ യുധിഷ്ഠിരന്‍ ചെയ്യാത്ത കുറ്റത്തിനു കുരിശിലേറ്റപ്പെടാന്‍ പോകുന്ന യേശുക്രിസ്തുവിനെപ്പോലെ, പീലാത്തോസായ പ്രിന്‍സിപ്പിലച്ചന്‍റെ മുറിയില്‍ അവസാനത്തെ ലാപ്പ് കരുണയും യാചിച്ചുകഴിഞ്ഞിരുന്നു.

അച്ചോ, ഞാനല്ല, എന്‍റെ ക്ളാസിലെ അര്‍ജുനനും അവളും തമ്മില്‍ പ്രേമത്തിലാ... അതു കലക്കാന്‍ വേറെ ആരോ ചെയ്ത പണിയാ....

പ്രേമമെന്നു കേട്ടതും അച്ചനു തലകറങ്ങി..

നീയൊക്കെ വരുന്നതു പഠിക്കാനോ പ്രേമിക്കാനോ?

ഞാന്‍ വരുന്നതു പഠിക്കാനാ അച്ചാ, പ്രേമിക്കാന്‍ വരുന്നത് അവനാ... അര്‍ജുനന്‍..

ഓ ശരി ശരി ശരി... നിന്‍റെ അപ്പനെന്നതാ പണിയെന്നാ പറഞ്ഞേ?

പണിയൊന്നുമില്ലച്ചോ....

അതെന്നാടാ അങ്ങനെ?

പ്ളാന്‍ററാ അച്ചോ....

അതുശരി. നമ്മുടെ ലൈബ്രറി ഫണ്ടിലേക്ക് നാളെ വരുമ്പോള്‍ അഞ്ഞൂറുരൂപ അടച്ചേക്കണം. അതുകഴിഞ്ഞു ക്ളാസില്‍ കയറിക്കോ. ഇപ്പം പൊയ്ക്കോ....!!


അടുത്തഷോട്ടില്‍ പ്രിന്‍സിപ്പിലച്ചന്‍റെ മുറിയില്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അവള്‍ പ്രത്യക്ഷപ്പെട്ടു. അടുത്ത നിമിഷം അവനും. അര്‍ജുനന്‍!!!

ഈ സമയം, കരാട്ടെ ബ്ളായ്ക്ക് ബെല്‍റ്റായ ശ്രീ യുധിഷ്ഠിരന്‍ ഭീമനെയും നകുലനെയും സഹദേവനെയും അടുത്തുള്ള റബര്‍തോട്ടത്തില്‍ വച്ച് എടുത്തിട്ടു പൂശുകയായിരുന്നു. സഹദേവനാണ് ഏറ്റവുമധികം ഇടികൊണ്ടത്. കാരണം, എനിക്കൊന്നുമറിയില്ലേ എന്ന് ഏറ്റവുമധികം കരഞ്ഞുപറഞ്ഞത് അവനായിരുന്നു. അതുകൊണ്ടു തന്നെ ഇടിയുടെ എണ്ണവും കൂടി.

ഒടുവില്‍ ഭീമന്‍, നകുലനെ ചൂണ്ടി ഉള്ള സത്യങ്ങള്‍ വിളിച്ചു പറഞ്ഞു. എല്ലാം അര്‍ജുനനു വേണ്ടിയാണല്ലോ എന്നോര്‍ത്തപ്പോള്‍ വിശാലമനസ്കനായ യുധിഷ്ഠിരന്‍ തണുത്തു.

അപ്പോള്‍ പക്ഷേ, പ്രിന്‍സിപ്പിലച്ചന്‍റെ മുറിയില്‍ അങ്ങേരു ചുട്ടുപഴുത്തു നില്‍ക്കുകയായിരുന്നു.

നീയും ഇവനും തമ്മില്‍ പ്രേമത്തിലാണോ?

അച്ചന്‍റെ ചോദ്യം കേട്ട് അവളു ഞെട്ടി!!

അര്‍ജുനനോടായി അടുത്ത ചോദ്യം.

എടാ, നിനക്ക് ഇവളോടു പ്രേമമാണോ?

അതേ- അര്‍ജുനന്‍ മൊഴിഞ്ഞു.

അച്ചന് അതുമതിയായിരുന്നു.

അവള്‍ക്ക് അവനോട് പ്രേമമാണോ എന്ന് അച്ചന്‍ ചോദിച്ചില്ല. അതിന്‍റെ ആവശ്യമുണ്ടെന്ന് ആ പാവത്തിനു തോന്നിയില്ല. അച്ചനല്ലേ?!!

അടുത്ത നിമിഷം കരഞ്ഞുവീങ്ങിയ കണ്ണുമായി പോയവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് വീട്ടില്‍പ്പോയി.

സംഗതി കുളമായിരിക്കുന്നു.

പിറ്റേന്ന് അര്‍ജുനന്‍ കോളജില്‍ വന്നപ്പോള്‍ ഭീമനെയും നകുലനെയും വിളിച്ചു മാറ്റിനിര്‍ത്തി ഷര്‍ട്ട് പൊക്കിക്കാട്ടി.

അരയില്‍ ഒന്നാന്തരമൊരു പിച്ചാത്തി.

അവളുടെ ആങ്ങളമാരു വന്നാല്‍ അവന്‍മാരെ ഞാന്‍ തട്ടും. ജയിലില്‍ കിടന്നാല്‍ അവളു വേറെ കല്യാണം കഴിക്കാതെ നിങ്ങളു നോക്കിക്കൊള്ളണം...!!

പക്ഷേ, ആരും വന്നില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മുതല്‍ അവള്‍ ക്ലാസില്‍ വരാന്‍ നോക്കി.


യുധിഷ്ഠിരനും അര്‍ജുനനും മുന്നിലൂടെ ഒരു കൂസലുമില്ലാതെ അവള്‍ കടന്നുപൊയ്ക്കൊണ്ടിരുന്നു. യുധിഷ്ഠിരന് അതു പ്രശ്നമല്ലായിരുന്നു. പക്ഷേ, പാവം അര്‍ജുനന്‍, അവനത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. അവളുടെ ലക്ഷ്യവും അതായിരുന്നു.

പരീക്ഷയുടെ അവസാന ദിവസം.

പരീക്ഷയും പ്രണയവും തോറ്റുപോയെന്നുറപ്പിച്ച അര്‍ജുനന്‍റെ മുന്‍പിലെത്തി അവള്‍ ആദ്യമായി ചിരിച്ചു.

അര്‍ജുനന് ഇനിയെന്താ പ്ളാന്‍?

അങ്ങനെയൊന്നുമില്ല.

അതെന്താ അങ്ങനെ?

ഓ...പഠിച്ചിട്ട് എന്തിനാ?

അയ്യോ അങ്ങനെ പറയരുത്. ഞാന്‍ ഇവിടെത്തന്നെ ഡിഗ്രിക്കു ചേരുവാ... പറ്റുമെങ്കില്‍ ഇവിടെത്തന്നെ ചേരാന്‍ നോക്ക്!!

അര്‍ജുനന് അവളു മനോഹരമായി സമ്മാനിച്ച സിഗ്നല്‍ പിടികിട്ടി. അവന്‍റെ ഉള്ളുകാളി!

പഠിപ്പിച്ച സാറിനെയും പഠിച്ച കോളജിനെയുമുള്‍പ്പെടെ 'സഭ്യ'ഭാഷയില്‍ ഉപന്യസിച്ചിരിക്കുന്ന ആ ഉത്തരപ്പേപ്പറുകള്‍ ഒന്നാകെ പിടിച്ചുവാങ്ങി തീയിട്ട ശേഷം പുതിയതായി ഒന്നുകൂടി പരീക്ഷയെഴുതാന്‍ ആ നിമിഷം അവനു തോന്നിപ്പോയി.

പക്ഷേ എന്തു ചെയ്യാം

അങ്ങനെ അര്‍ജുനന്‍ , പരീക്ഷയില്‍ തോറ്റു. അവളു ജയിച്ചു. ഭീമനും യുധിഷ്ഠിരനും നകുലനും സഹദേവനും പരീക്ഷയില്‍ ജയിച്ചു. അര്‍ജുനന്‍ മാത്രം ഒറ്റയ്ക്കായി.

എല്ലാ പരീക്ഷകളും തോറ്റതിന്‍റെ വിഷാദത്തില്‍ അര്‍ജുനന്‍ നാടുവിട്ടു. പിന്നെയാരും അര്‍ജുനനെ കണ്ടിട്ടില്ല. കേട്ടിട്ടില്ല!!!


>>> >>> >>>


ഇന്നലെ നട്ടുച്ചയ്ക്കു കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്ന നകുലന്‍റെ സെല്‍ ഫോണ്‍ ശബ്ദിച്ചു.

എടാ ഇതു ഞാനാ, ആര്‍ജുനന്‍. ഞാനിപ്പം ബഹ്റൈനിലാ. അവധിക്കു നാട്ടില്‍ വന്നതാടാ...

ഇത്രയും കാലം നീയെവിടാരുന്നെടാ??

അതൊക്കെ നേരിട്ടു കാണുമ്പോള്‍ പറയാം. നീ നാട്ടിലോട്ടു വാ...

എന്തൊക്കെയാടാ വിശേഷങ്ങള്‍?

എന്‍റെ കല്യാണമാണ് അടുത്ത ഒന്‍പതിന്. നീ വരണം.

എവിടെനിന്നാടാ പെണ്ണ്?

എടാ അവളു തന്നെ. നമ്മുടെ പാഞ്ചാലി....!!!

ബാറ്ററിയുടെ ചാര്‍ജ് തീര്‍ന്ന് നകുലന്‍റെ ഫോണ്‍ അടുത്ത നിമിഷം സ്വിച്ചോഫായി!!!!!

26 comments:

SUNISH THOMAS said...

ശബ്ദമുണ്ടാക്കാതെ കരയുന്ന അവളുടെ അടുക്കലേക്ക് ശബ്ദമുണ്ടാക്കാതെ അവന്‍ നടന്നെത്തി. പതിയെ കുനിഞ്ഞു ഡെസ്കിലേക്കു നോക്കി. ശരിയാണ്, കല്യാണക്കുറി...

പക്ഷേ കയ്യക്ഷരം?!!!

പുതിയ പരീക്ഷണം. വായിക്കുക.

:)

Jay said...

ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു. സീതയുടെ മാറുപിളര്‍ന്നു രക്തം കുടിച്ചു ദുര്യോധനന്‍. അമ്പലത്തിലെ കല്‍വിളക്കുകള്‍ തെളിയുന്ന സന്ധ്യയില്‍ അവള്‍ അവനോടു ചോദിച്ചു "ഇനിയും നീ ഇതു വഴി വരില്ലേ, ആനകളേയും തെളിച്ചു കൊണ്ട്‌." സാറ്‌ ആധുനികം എന്നു പറഞ്ഞതു കൊണ്ട്‌ സ്വല്‌പ്പം കഞ്ചാവടിച്ചോണ്ടെഴുതിയതാ...എങ്ങനൊണ്ട്‌.
യുധിഷ്ഠിരനെ ഞാനറിയും. പക്ഷേ അങ്ങേര്‍ എന്നെ അറിയില്ല.

G.MANU said...

പ്രേമിക്കാനുള്ള പത്തുവഴികള്‍ എന്ന പുസ്തകം ലൈബ്രറിയില്‍നിന്നെടുത്തു. പ്രാക്ടിക്കല്‍ ക്ളാസു കട്ടു ചെയ്തിരുന്നു വായിച്ചു പഠിക്കാന്‍ തുടങ്ങി. വായന പൂര്‍ത്തിയായതിന്‍റെ പിറ്റേന്ന്, അവള് രാവിലെ വീട്ടില്‍നിന്നു വരുംവഴി കോളജ് കവാടത്തിനു പുറത്തുനിന്ന് അര്‍ജുനന്‍ ജീവിതത്തിലാദ്യമായി ആ കടുംകൈ ചെയ്തു

hahah ivide njaan "froo" nnu vachu poyi :)

സൂര്യോദയം said...

നകുലോ...... കലക്കീട്ടോ.... അപ്പോ അര്‍ജ്ജുനന്‍ നിങ്ങളറിയാണ്ട്‌ വേറേതോ ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് ലൈന്‍ വലിച്ചിരുന്നു എന്നര്‍ത്ഥം :-)

ശ്രീ said...

ഇത് അത്യാധുനികന്‍‌ തന്നെ...

അജേഷ് ചെറിയാന്റെ കമന്റ് എനിക്കിഷ്ടപ്പെട്ടു
:)

എതിരന്‍ കതിരവന്‍ said...

അപ്പൊ ബഹ്രീനില്‍ പോയി വന്നാലുടന്‍ കല്യാ‍ണമാണോ സുനീഷേ?
വളരെ സന്തോഷം.

പ്രേമകഥകള്‍ അതോടെ തീര്‍ന്നല്ലൊ.
ഇനി പെണ്ണു കെട്ടിയിട്ട് അവള്‍ വീട്ടില്‍ പോകുമ്പോള്‍ ഒരു അനുഭവം എഴുതാം.
(കൈപ്പള്ളി എഴുതുന്നതൊന്നും ഞാന്‍ വായിക്കാറില്ല കേട്ടോ.)

കുഞ്ഞന്‍ said...

ശ്രീകൃഷ്ണന്‍ എവിടെ??

ഒരു പാഞ്ചാലി വസ്ത്രാക്ഷേപം കാണാന്‍ പറ്റീലല്ലൊ.

പ്രാക്റ്റിക്കല്‍ നോളെഡ്ജുള്ള അര്‍ജ്ജുനന്‍, കൊടുകൈ.

സുനീഷ് said...

സൈക്കോ അനാലിസിസ് ഭാഗം-1

“നമസ്ക്കാരം ഡോക്ടര്“
“നമസ്ക്കാരം ഇരിക്കൂ”
“എന്താണസുഖം”
“അയ്യോ എനിക്കല്ല ഡോക്ടര്”
“എല്ലാ രോഗികളും ഇങ്ങനെയൊക്കെത്തന്നെയാണ് പറയാറുള്ളത്”
“അശ്വത്ഥാമാവേ പിണ്ടമിട്ടോ. അര്ജ്ജുനാ പക്കിയെ അമ്പെയ്യൂ”.
“അതു ശരി. ഇദ്ദേഹമാണല്ലേ. നിങ്ങളുടെ-?”
“ഭര്‍ത്താവെന്ന ദുഷ്ടനാണ് ഡോ.”
“എന്താണ് പ്രശ്നം?”
“മാനസികമാണ് ഡോ.”
“എന്താണ് പേര്?“
“കമലാക്ഷി”
നൈസ് നെയിം. നിങ്ങളുടെയല്ല, ഭര്ത്താവിന്റെയാണ് ചോദിച്ചത്.”
“കുനീഷ് ലോപ്പസ്”
“ശരി എപ്പോഴാണ് അസുഖം തുടങ്ങിയത്?”
“കള്ളാണെന്ന് വിചാരിച്ച് കക്കൂസ് കഴുകാനുള്ള ലോഷന് എടുത്ത് കുടിച്ച തിരുവാതിര ഞാറ്റുവേല പെയ്തു കൊണ്ടിരുന്ന ആ സന്ധ്യയില്…”
“ഉം… പറയൂ.”
“അഡ്മിറ്റായ ആശുപത്രിയിലെ ബില്ല് കണ്ടപ്പോള് തുടങ്ങിയതാണ് ഡോ. രാത്രിയില് ഞെട്ടിയുണര്‍ന്ന് അര്ജ്ജുനനാണെന്ന് പറഞ്ഞ് വട്ടം ചുറ്റിപ്പിടിച്ച് വട്ടം കറങ്ങുക, ശക്തിശാലിയായ ഭീമനാണെന്ന് പറഞ്ഞ് കൊതുകുകളെ അടിച്ചു കൊല്ലുക, ബുദ്ധിമാനായ നകുലനാണെന്ന് പറഞ്ഞ് ഒരു പുസ്തകമെടുത്ത് വയറിന് റൂഫാക്കി തലയ്ക്ക് കൈയ്യും കൊടുത്ത് ചാരുകസേരയില് വായ് തുറന്നിരുന്നുറങ്ങി ഈച്ചകള്ക്കുദ്യാനമൊരുക്കുക, ഇതൊക്കെയാണ് ചെയ്തികള്. എനിക്ക് വയ്യ ഡോ.”
“ങും. ശരി മി. കുനീഷ് ഈ കസേരയില് വന്നിരിക്കൂ.”
“ആജ്ഞാപിക്കരുത്, അപേക്ഷിക്കൂ. അല്ലെങ്കില് ഒറ്റച്ചവിടിന് തന്റെ ഖാണ്ഢീവം ഞാനൊടിച്ച് കളയും.”
“ശരി. ഈ സിംഹാസനത്തില് വന്ന് ആസനസ്ഥനാകൂ.”
“കുനീഷ്, താങ്കള് ഉറങ്ങുകയാണ്, ഉറങ്ങുകയാണ്…”
“ഒന്നു പോടാപ്പാ, ഞാനുറങ്ങീട്ടു വേണം നിനക്കരക്കില്ലത്തില് ബീഡി വലിക്കാനല്ലേ?”
“ശ്ശെടാ, ഈ പണ്ടാരത്തിനെ എങ്ങനാ ഒന്നുറക്കുന്നെ”
(വൈകുന്നേരമടിക്കാന് വച്ച പൈന്റെടുത്ത് ഡോക്ടര് കുനീഷിന്റെ വായില് ഒഴിച്ച് കുനീഷിനെ മയക്കുന്നു).
(ഹിപ്നോട്ടൈസേഷനു ശേഷം ഡോക്ടരുടെ ഡയറിയില് നിന്ന് കുനീഷിന് കിട്ടിയ കുറിപ്പ്,
“പ്രിയപ്പെട്ട കുനീഷ്,
താങ്കള്‍ക്ക് മള്ട്ടിപ്പിള് പേര്സണാലിറ്റി ഡിസോര്‍ഡര് അതായത് ദ്വന്ദ വ്യക്തിത്വം, അല്ലെങ്കില് അപര വ്യക്തിത്വം അതുമല്ലെങ്കില് മന:ശാസ്ത്രത്തിന്റെ ഭാഷയില് പിശാച് കൂടിയത് എന്ന് പറയപ്പെടുന്ന അസുഖമാണ്. ഒരു പാട് കള്ളത്തരങ്ങള് എഴുതിയെഴുതി ആള്‍ക്കാരെ പറ്റിക്കുന്നത് കൊണ്ട് മനസ്സിലുണ്ടാകുന്ന ആ സന്തോഷത്തിന്റെ സബ്കോണ്ഷ്യസ് മൈന്ഡില് ഉണ്ടാകുന്ന വിപരീത ധ്വനി ആണ് താങ്കളിലുള്ള സത്യവാനായ യുധിഷ്ഠിരന്. പണ്ടത്തെ പല പ്രേമോദ്യമങ്ങളില് ശരീരത്തിലടയാളങ്ങള് പതിച്ച് തന്നവര്‍ക്കെതിരെ തന്റെ തന്നെ മനസ്സിലുള്ള അടങ്ങാത്ത പ്രതികാരമാണ് ഭീമന് എന്ന അതീവ ശക്തിയുള്ള സ്വരൂപമായി തന്റെ മറ്റൊരു വ്യക്തിത്വമായി മാറിയത് (നാഗവല്ലി ഇഫ്ഫക്റ്റ് എന്നാണ് ആധുനിക മന:ശാസ്ത്രത്തില് ഇതിനെ വിളിക്കുന്നത്). പരാജയപ്പെട്ട പ്രേമങ്ങള് മനസ്സില് ഏല്‍പ്പിച്ച അതിശക്തമായ ആഘാതത്തില് നിന്നാണ് താങ്കള് പാഞ്ചാലിക്ക് ഏറ്റവും പ്രിയപ്പെട്ടവനായ അര്ജ്ജുനന് എന്ന സ്വത്വമായി രൂപാന്തരം പ്രാപിച്ചത് (റിമോ ഇഫ്ഫക്ട് എന്നും പറയും). പല പെണ്‍കുട്ടികളുടെ ആങ്ങളമാരും പെണ്‍കുട്ടികളുടെ മുന്‍പിലിട്ട് താങ്കളെ പെരുമാറിയതിന്റെ ചമ്മലും ഇച്ഛാഭംഗവും താങ്കളില് സൃഷ്ടിച്ച കോമ്പ്ലക്സ് ആണ് സബ്കോണ്ഷ്യസ് മൈന്ഡില് താങ്കളെ വില്ലാളിവീരനായി അവരോധിച്ചത് (അന്യന് ഇഫ്ഫക്ട്-റഫറന്സ് ഇത്തിത്താനം ജേര്‍ണല് ഓഫ് മുഴുവട്ട്). തന്റെ തന്നെ ബുദ്ധിയില് വേണ്ടത്ര കോണ്ഫിഡന്സ് കോണ്ഷ്യസ് മൈന്ഡില് ഇല്ലാതെ വന്നതിന്റെ അനന്തരഫലമാണ് അതിബുദ്ധിമാനായ നകുലന് താന് തന്നെയാണെന്ന് കോണ്‍ഷ്യസ് മൈന്ഡില് തന്നെക്കൊണ്ട് തോന്നിച്ചത്. താങ്കളില് സഹദേവന് എന്ന ബാധ എങ്ങനെ കേറി എന്നതിനെക്കുറിച്ച് ഒരു നാര്ക്കോ അനാലിസിസ് നടത്തി നോക്കിയാലേ പറയാന് പറ്റൂ.
അപ്പോള് പറഞ്ഞ് വരുന്നത് അര്‍ദ്ധരാത്രിക്ക് തെക്കിനിയില് പോസ്റ്റിടുന്ന, ചറപറാ പോസ്റ്റുകള് കൊണ്ട് അഗ്ഗ്രിഗേറ്ററുകള് എറിഞ്ഞുടയ്ക്കുന്ന, ബാധ കേറിയാല് ബ്ലോഗേര്സിനെ പരക്കെ ചീത്ത പറയുന്ന, കള്ള് കള്ള് എന്ന് ഏതു നേരവും പിറുപിറുക്കുന്ന ആ ബാധ നീങ്ങള് കരുതുന്നത് പോലെ ചാറ്ലി ഗോമസ് അല്ല, മറിച്ച് അത് കുനീഷ് ലോപ്പസ് ആണ്. ഈ രോഗത്തിന് ചികിത്സ ഒന്നെയുള്ളൂ – ബ്ലോഗെഴുത്ത്. കള്ളിനെക്കുറിച്ച് മാത്രമെഴുതി വായനക്കാരെ മത്തു പിടിപ്പിച്ച് കിറുക്കരാക്കി കിറുങ്ങി നടക്കാന് വിടുക, അപ്പോള് താങ്കള് നോര്‍മല് ആയിക്കൊള്ളൂം.

N.B : താങ്കളുടെ പാഞ്ചാലിയുടെ ദുരവ്സ്ഥയില് മനമലിഞ്ഞ് ഞാനവളെ ഏറ്റെടുക്കുന്നു. ഞങ്ങള് ഇന്നത്തെ കേരളാ എക്സ്പ്രെസ്സിന് നാടു വിടുന്നു ബ്രിജ് വിഹാറിലേക്ക്,

എന്ന്,
ഡോ. കീചകന്

കുട്ടന്‍സ്‌ | S.i.j.i.t.h said...

നകുലന്‍ തോമസ്സേ..
ഉം..ഉം...

:)

krish | കൃഷ് said...

അഞ്ചുപേരും കൊള്ളാമല്ലോ.
കിച്ചന്‍സിന്റെ സൈക്കോ അനലൈസിന്‍ കമന്റാണ് കലക്കിയത്.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“പ്രേമിക്കാന്‍ ഒത്താശ ചെയ്തുചെയ്തു എനിക്കിപ്പം വല്യ വിവരമായെടേയ്!!“

അതേ ഒരു വിലാപകാവ്യം എഴുതാനുള്ള വിവരം ആയാ?

സുല്‍ |Sul said...

പരീക്ഷണം വായിച്ചു.
സുനീഷും കൊള്ളാം കിച്ചന്‍സും കൊള്ളാം. കിച്ചന്‍സും കൊള്ളാം കപീഷും കൊള്ളാം. കപീഷും കൊള്ളാം കനീഷും കൊള്ളാം. :)

ശാലിനി said...

സുനീഷേ, ഈ പോസ്റ്റ് വായിച്ചു കുറേ ചിരിച്ചു. നന്നായി എഴുതിയിട്ടുണ്ട്.

aneeshans said...

സുനീഷേ ,

ഇതു ശരിക്കും നടന്നതാണോ ? ഇവിടെ എന്റെ ഡിഗ്രി ജീവിതത്തിലും ഏതാണ്ട് ഇതു പോലെ ഒരു സംഭവം നടന്നിരുന്നു.ഞാന്‍ വിളിക്കാം സംഗതി ഡീറ്റെയില്‍ ആയി അറിയണം :)

ഉണ്ണിക്കുട്ടന്‍ said...

സുനീഷേ കഥ കലക്കി. തല നിറയ കഥകള്‍ സ്റ്റോക്ക് ചെയ്തിരിക്കുവാ അല്ലേ..

അടുത്ത കഥയില്‍ 'പ്രേമം', 'കള്ള്' ഇതില്‍ ഏതെങ്കിലും ഒരു വാക്കു കണ്ടാല്‍ ഞാനങ്ങു വരും ഭരണങ്ങാനത്തേക്ക്..കേട്ടാ..

SUNISH THOMAS said...

കിച്ചന്‍സേ,
കൊടുകൈ. കേരളാ എക്സ്പ്രസിനു ഞാന്‍ ബോംബുവയ്ക്കും!
ഉണ്ണിക്കുട്ടാ,
ഇനി പ്രേമം, കള്ള് എന്നിവയെഴുതില്ല. പകരം, പ്രണയം, മദ്യം എന്നിവയെക്കുറിച്ചെഴുതാം.
ആരോ ഒരാളെ,
ഇതു മുഴുവന്‍ നടന്നതാ,
ആ കല്യാണക്കുറി എഴുതിയിട്ടതു ഞാന്‍ തന്നെയാ. അടുത്തയാഴ്ച അവന്‍റെ കല്യാണവുമാ...
അജേഷേ, നീ പുലിയാണെന്നറിഞ്ഞിരുന്നില്ല കെട്ടോ...!

വായിച്ച എല്ലാവര്‍ക്കും നന്ദികള്‍.

Unknown said...

കഥ കലക്കി. ചിരിച്ച് മറിഞ്ഞു. ഷാപ്പ് മുതലാളി കസറുന്നുണ്ട്.

കൊച്ചുത്രേസ്യ said...

അതു ശരി.. കളിച്ചു കളിച്ച്‌ മഹാഭാരത്തിലെ താരങ്ങളെ വെച്ചാ കളി അല്ലേ?? എന്തായാലും ഒരു കാര്യത്തില്‍ സമാധാനമുണ്ട്. ആദ്യമായിട്ടാ ഭരണങ്ങാനത്തെ ഒരു പ്രണയകഥയെങ്കിലും ഹാപ്പി എന്‍ഡിങ്ങിലെത്തുന്നത് :-)

അധുനാധുനികം എന്നൊക്കെ കണ്ട്‌ പേടിച്ചു വിറച്ചാ വന്നത്‌. പക്ഷെ കഥ ഇഷ്ടപ്പെട്ടു..

സഹയാത്രികന്‍ said...

ഹ...ഹ..ഹ.. എനിക്ക് വയ്യ.....

"പക്ഷേ, അവന്‍ അവളെ പ്രേമിക്കണമെന്നു നിര്‍ബന്ധം ഞങ്ങള്‍ക്കായിരുന്നു. ഞങ്ങളെന്നു പറഞ്ഞാല്‍ ഞങ്ങള്‍ നാലുപേര്‍. അവനും കൂടിയാകുമ്പോള്‍ അഞ്ചുപേര്‍.

അത് അവന്റെ ജീവിതം തകര്‍ക്കാന്‍ തന്നെ തീരുമാനിച്ചുറപ്പിക്കലായിരുന്നു...

കൊള്ളാം മാഷേ...

Mr. K# said...

"ഈ സമയം, കരാട്ടെ ബ്ളായ്ക്ക് ബെല്‍റ്റായ ശ്രീ യുധിഷ്ഠിരന്‍ ഭീമനെയും നകുലനെയും സഹദേവനെയും അടുത്തുള്ള റബര്‍തോട്ടത്തില്‍ വച്ച് എടുത്തിട്ടു പൂശുകയായിരുന്നു."

:-)
അധുനാധുനികം കലക്കി.

ഓടോ:
അര്‍ജുനന്റെ ഒറ്റക്കുള്ള ഭാര്യയുടെ പേരു സുഭദ്ര എന്നാണ് കേട്ടോ :-)

വാണി said...

അധുനാധുനികം സൂപ്പര്‍..:)

Anonymous said...

ഒന്നും പറയുന്നില്ല...
അടുത്തത് ഷാപ്പുകഥയായിരിക്കും...

ജാസൂട്ടി said...
This comment has been removed by the author.
ജാസൂട്ടി said...

നകുലനെന്നു സ്വയം പ്രഖ്യാപിച്ചിരികുന്നത് കണ്ടു. പിന്നെവിടെയോ ഇങ്ങനെയും . ഭീമനു സന്തോഷമായി. തനിക്കില്ലാത്തതു നകുലനു സമൃദ്ധമായുണ്ട്!! അങ്ങനെയെങ്കില്‍ നകുലനെന്നു കരുതാന്‍ അല്പം അങ്കലാപ്പ്...:)

ചിരിച്ചു പോയി പോസ്റ്റ് വായിച്ച്...ഇനി ഈ പോസ്റ്റില്‍ കയറാത്ത ആരെങ്കിലും ഭരണങ്ങാനത്ത് ബാക്കിയുണ്ടോ?

Indu said...

ഒറ്റ സംശയം ... എങ്ങനാ ഇങ്ങനെ എഴുതുന്നേ...

സുധി അറയ്ക്കൽ said...

അതുശരി. നമ്മുടെ ലൈബ്രറി ഫണ്ടിലേക്ക് നാളെ വരുമ്പോള്‍ അഞ്ഞൂറുരൂപ അടച്ചേക്കണം. അതുകഴിഞ്ഞു ക്ളാസില്‍ കയറിക്കോ. ഇപ്പം പൊയ്ക്കോ....!!*******
ഹാ ഹാ ഹാാാാ.

Powered By Blogger