Sunday, October 14, 2007

പെണ്ണുകാണല്‍


എന്‍റെ സുഹൃത്തും സന്തതസഹചാരിയും സഹപാഠിയുമാണു ലെനിന്‍.

(തല്ലുകൊള്ളി, താന്തോന്നി, തെമ്മാടി തുടങ്ങിയ വിശേഷണങ്ങള്‍, അതിന് ഉപോദ്ബലകമായ വിശദാംശങ്ങള്‍ തുടങ്ങിയവ ഇനിയാവശ്യമില്ലല്ലോ... രക്ഷപ്പെട്ടു!).

ഭരണങ്ങാനത്തെ അറിയപ്പെടുന്ന കര്‍ഷകപ്രമുഖനും ധനികനും ഈശ്വരവിശ്വാസിയുമായ അവിരാമാപ്പിളയുടെ ഇളയ മകനായിരുന്നു അവന്‍.

ആയകാലത്ത് അവിരാമാപ്പിള കടുത്ത കമ്യൂണിസ്റ്റായിരുന്നു. അതായിരുന്നു മകനു ലെനിന്‍ എന്ന പേരിടാന്‍ കാരണം. പിന്നീട് കൊളസ്ട്രോള്‍, ബി.പി, പ്രമേഹം, ഹാര്‍ട്ട് അറ്റാക്ക് തുടങ്ങിയ ചെറിയചെറിയ രോഗങ്ങള്‍ നിത്യസംഭവമായതോടെ അവിരാമാപ്പിള കമ്മ്യൂണിസം നിര്‍ത്തി കരിസ്മാറ്റിക്കായി. ലെനിന്‍ വര്‍ഗശത്രുവും മഹാപാപിയുമായി. പക്ഷേ, എന്തു ചെയ്യാം, എസ്എസ്എല്‍സി ബുക്കില്‍ ഉള്‍പ്പെടെയുള്ള മകന്‍റെ പേരുമാറ്റാന്‍ മാര്‍ഗമൊന്നുമില്ലല്ലോ...

അങ്ങനെ കയ്ച്ചിട്ട് ഇറക്കാനും കൊതിച്ചിട്ടു തുപ്പാനും പറ്റാത്ത മിലിട്ടറി റം പോലെ അവിരാമാപ്പിളയുടെ ഇളയമകന്‍ ലെനിന്‍ ലെനിനായിത്തന്നെ തുടര്‍ന്നു. അവന്‍റെ പ്രായം പയറുവള്ളിപോലെ ഇരുപത്താറിലെത്തിയപ്പോളാണ് അവിരാമാപ്പിളയ്ക്കു ബോധോധയമുണ്ടായത്.

മകനെ എത്രയും പെട്ടെന്നു പിടിച്ചു പെണ്ണുകെട്ടിക്കണം. തന്‍റെ കാറ്റുപോകും മുന്‍പു വീട്ടിലൊരു അനന്തരാവകാശി കൂടി വേണം.

അപ്പനോടിതെങ്ങനെ പറയും എന്നാലോചിച്ചു വര്‍ഷങ്ങളായി താടി നീട്ടി നടക്കുകയായിരുന്ന ലെനിനും കാര്യങ്ങളുടെ പുരോഗതി കണ്ടു സന്തോഷമായി.
പെണ്ണുകാണല്‍ നിശ്ചയിച്ചു.

അടുക്കത്തിനടുത്താണു പെണ്ണുവീട്.

അവിരാമാപ്പിളയുടെ ഇളയപെങ്ങള്‍ മോനിക്കാചേട്ടത്തിയുടെ മൂത്തമരുമകളുടെ അമ്മവീടിന് അടുത്ത് ആടിനെ തീറ്റാന്‍ വന്നുകൊണ്ടിരുന്ന ചേട്ടത്തിയുടെ മകളെ കെട്ടിയോന്റെ അനിയത്തിയാണു കുട്ടി. പത്താം ക്ളാസ് വരെ പഠിച്ചു. രണ്ടുവര്‍ഷം മഠത്തില്‍പ്പോയെങ്കിലും വീട്ടുകാരു നിര്‍ബന്ധിച്ചു തിരിച്ചുകൊണ്ടുവന്നു. ദൈവവിളിയും ജീവിതത്തിലെ വെല്ലുവിളിയും ഏറ്റെടുക്കാന്‍ തന്റേടമുള്ള കുട്ടി. ലെനിനു ചേരുമെന്ന് അവന്‍റെ അമ്മച്ചി പറഞ്ഞു.

ഒരു ഞായറാഴ്ചയായിരുന്നു പെണ്ണുകാണല്‍.

വെള്ളിയാഴ്ച വൈകിട്ട് അവിരാമാപ്പിള വീട്ടില്‍വന്നു.
എടാ ലെനിന്‍റെ കൂടെ നീയും കൂടിപ്പോണം. അവന് ഇഷ്ടമായോ എന്ന് അന്വേഷിച്ചു നീ വേണം പറയാന്‍. അവനിഷ്ടമായില്ലെങ്കില്‍ വേണ്ട, വേറെ നോക്കാം. - അവിരാമാപ്പിള പറഞ്ഞു.

ഞാനെതിര്‍ക്കാന്‍ പോയില്ല. എന്തിന് എതിര്‍ക്കണം, എനിക്കുമൊരു പ്രാക്ടീസാവുമല്ലോ.

പെണ്ണുകാണല്‍ തലേന്നായി.

പെണ്ണ് എങ്ങനെയുള്ളതായിരിക്കുമോ ആവോ? - അല്‍പം ഉച്ചത്തിലായിരുന്നു അവന്‍റെ ആത്മഗതം!!!

ഓ....പെണ്ണുകാണാന്‍ പോവുന്പോള്‍ എല്ലാവര്‍ക്കും തോന്നുന്നതാ ഇങ്ങനെ. പെണ്ണുങ്ങള്‍ എല്ലാം ഒരേ ജനുസ്സാ. പഴുപ്പിച്ച ഇരുന്പുകന്പി പോലെ. നമ്മളു വളയ്ക്കുന്നതു പോലെ വളയും. എന്നുവച്ച്, ഇടയ്ക്കിടെ പഴുപ്പിച്ചു വളയ്ക്കാമെന്നു വിചാരിക്കരുത്. ആദ്യം നമ്മളു കസ്റ്റമൈസ് ചെയ്തു വച്ചതുപോലെ ഷട്ട്ഡൗണാകും വരെയിരുന്നോളും. പക്ഷേ, ഇടയ്ക്കിടെ കസ്റ്റമൈസ് ചെയ്യാന്‍ പോയാല്‍ സിസ്റ്റം ഹാങ്ങാവും....- ഞാന്‍ ആധികാരികനായി..

ഉറപ്പാണോടാ? നിനക്കെങ്ങനെ ഈ വിവരങ്ങളൊക്കെയുണ്ടായി????

അതാ പറയുന്നത്, കല്യാണം കഴിച്ചവര്‍ക്കൊപ്പം കള്ളുകുടിക്കണമെന്ന്!!! ഫ്രീയായിട്ട് ഉപദേശവും കിട്ടും കള്ളും കിട്ടും.

ലെനിന്റെ സംശയങ്ങള്‍ പക്ഷേ തീര്‍ന്നിരുന്നില്ല.


എന്നാലും ഇതുങ്ങളുടൊയക്കെ തലക്കനം അപാരമായിരിക്കും. വടക്കേടത്തെ സൂസിയെപ്പോലുള്ളതുങ്ങളൊന്നും ആവാതെയിരുന്നാല്‍ മതിയായിരുന്നു...

ഓ...സൂസിടെ കല്യാണം കഴിയുന്നിടം വരെയല്ലായിരുന്നോ തലക്കനം. അവളെ കെട്ടിച്ചുവിട്ടടുത്തുനിന്ന് അമ്മായിമ്മ ചെരവയ്ക്കു നാലെണ്ണം കൊടുത്തപ്പോള്‍ ഡീസന്റായി. പണ്ടു നമ്മളെ കണ്ടപ്പോള്‍ മൈന്‍റ് ചെയ്യാതെ നടന്നവള്‍ ഇന്നലെ എന്നെ കണ്ടപ്പോള്‍ ചിരിച്ചായിരുന്നല്ലോ... അതൊക്കെ അതിന്റെ മട്ടം പോലെ നീയങ്ങു ഡീലു ചെയ്താല്‍ മതി!!!

എന്നാലും എന്‍റെ അമ്മച്ചിയുടെ നേര്‍ക്കെങ്ങാനും ചാടിക്കേറുന്ന ഇനമായിരിക്കുമോടാ???

കുറേയൊക്കെ നമ്മളു കണ്ടില്ലെന്നു നടിച്ചാല്‍ മതിയെന്നേ....നമ്മുടെ അമ്മച്ചിമാരു നമ്മുടെ വല്യമ്മച്ചിമാര്‍ക്കിട്ടു ചെറിയ പണികളു കൊടുക്കുന്നതു നമ്മളു ചെറുപ്പത്തില്‍ കണ്ടിട്ടുള്ളതല്ലേ. അതിന് പകരം അവര്‍ക്കിട്ടും കിട്ടിയില്ലേല്‍ സ്വര്‍ലോകത്തില്‍ ചെല്ലുമ്പോള്‍ ദൈവം തമ്പുരാന്‍ വേറെ കൊടുക്കും. അതുകൊണ്ട് അത്യാവശ്യം ഒന്നുരണ്ടെണ്ണം കിട്ടുന്നതില്‍ ഒരു തെറ്റുമില്ലെടാ...

കെട്ടിവരുന്നവളു നമ്മുടെ തുണിയൊക്കെ അലക്കി തരുമായിരിക്കുമോടാ...???

അലക്കി കിട്ടാന്‍ സാധ്യത കുറവാടാ. അതുകൊണ്ട്, സ്ത്രീധനം കിട്ടുമ്പോള്‍ തന്നെ നീയൊരു വാഷിങ് മെഷീന്‍ േമടിച്ചു വീട്ടില്‍ വച്ചേര്. ആ പ്രശ്നവും ഒഴിഞ്ഞുപൊയ്ക്കോളും.

വല്ലതും തിന്നാന്‍ ഉണ്ടാക്കുന്ന ഇനമായിരിക്കുമോടേയ്????

പെണ്ണുകാണാന് ചെല്ലുന്പോള്‍ നിന്റെ ഭാവി അമ്മായിഅപ്പനെ നോക്കിയാല്‍ മതി. മൂപ്പരു മുഴുത്തു കൊഴുത്താണിരിക്കുന്നതെങ്കില്‍ കുഴപ്പമില്ല. മെലിഞ്ഞുണങ്ങി അയ്യോ പാവമേ എന്ന ഷേപ്പിലാണെങ്കില്‍, ഉറപ്പാ അവിടെ അതിയാനു കഞ്ഞിപോലും കിട്ടുന്നു കാണുകേല. നിന്‍രെ കാര്യവും ഭാവിയില്‍ ആ ഗതിയാവും....

ഏതായാലും നമ്മളു നാളെ പെണ്ണുകാണാന്‍ പോകുവാണല്ലോ. ഞാനുമുണ്ടല്ലോ. നിനക്കിഷ്ടമായില്ലെങ്കില്‍ വേറെ പെണ്‍പിള്ളേരെ നോക്കാമെന്നു നിന്‍റെ അപ്പന്‍ ഇന്നലെ എന്നോടു പറഞ്ഞിരുന്നു. - ഞാന്‍ അവനു ധൈര്യം കൊടുത്തു.

പക്ഷേ, ലെനിന്‍രെ മുഖത്തു ധൈര്യം തെളിഞ്ഞില്ല.

എന്നാലും അവളു ക്ളാരെയെപ്പോലെ തന്നെ ആയിരിക്കുമോ ആവോ????

ക്ളാര....????? ആ പേര് ഞാനാദ്യം കേള്‍ക്കുകയായിരുന്നു. ഇത്രയും കാലത്തെ കളളുകുടി, മാട്ടംപറിക്കല്‍ ഇടപാടുകള്‍ക്കിടയൊന്നും അവന്‍റെ വായില്‍നിന്ന് ഞാന്‍ ആ പേരു കേട്ടിരുന്നില്ല.... ഞാന്‍ ശരിക്കും ഞെട്ടി!

ക്ളാരയോ??? അതാരാടാ????

ലെനിന്‍ എന്നെ ദയനീയമായൊന്നു നോക്കി. ഇനിയതൊന്നും പറഞ്ഞിട്ടു കാര്യമില്ല. എല്ലാം പഴയ കഥകള്‍. ക്ളാരയെപ്പോലെ ഒരു പെണ്ണിനെ കെട്ടണമെന്നതാണ് എന്‍റെ സ്വപ്നം.

അതും പറഞ്ഞ് അവന്‍ വീട്ടിലോട്ടു പോയി. രാത്രി തിരിഞ്ഞും മറിഞ്ഞും തലകുത്തിയും കിടന്നു നോക്കിയിട്ടും എനിക്കുറക്കം വന്നില്ല. ആരായിരിക്കും ഈ ക്ളാരയെന്നാലോചിച്ച് എന്‍റെ തലമണ്ട പുകഞ്ഞു.

ഇത്രയും കാലും ലെനിന് ഒപ്പം നടന്നിട്ടും ഇവനിങ്ങനെ ഒരു കണക്ഷനുണ്ടായിരുന്നതോ അതു കൈവിട്ടുപോയതോ പറയാതിരുന്നതിനെക്കുറിച്ചോര്‍ത്ത് ഞാന്‍ സങ്കടപ്പെട്ടു. അവന് സംഗതി കൈവിട്ടുപോയതിലായിരുന്നില്ല എനിക്കു ദുഖം. എന്‍റെ മഹത്തായ ഇരുപത്താറരവര്‍ഷങ്ങള്‍ വേസ്റ്റായിപ്പോയതിന് ആരു നഷ്ടപരിഹാരം തരും????

ആരു തരാന്‍?

നേരം വെളുത്തു. അതിരാവിലെ മിടുമിടുക്കനായി ലെനിന്‍ വീട്ടിലെത്തി. എനിക്കത്ര ഉല്‍സാഹം തോന്നിയില്ല. എങ്കിലും പെണ്ണുകാണലാണല്ലോ എന്നോര്‍ത്ത് രാവിലെ അവനൊപ്പം ഇറങ്ങി. ഞാന്‍ ഷേവു ചെയ്യാതിരിക്കാനും പരമാവധി മോശം ഷര്‍ട്ടും മുണ്ടുമുടുക്കാനും അവന്‍ പ്രത്യേക നിഷ്കര്‍ഷ പുലര്‍ത്തുന്നതു കണ്ടപ്പോളേ എനിക്കു കാര്യം പിടികിട്ടി. കാര്യത്തോട് അടുക്കുമ്പോള്‍ എല്ലാ അവന്‍മാരും ഇങ്ങനെയാണ്.

വലിയൊരു മലകയറി അതിറങ്ങി പിന്നെയുമൊന്നു പകുതി കയറി പെണ്ണുവീട്ടിലെത്തയിപ്പോള്‍ നേരം ഉച്ചയായി.

അകത്തുനിന്ന് പെണ്ണിന്റെയപ്പന്‍ ഇറങ്ങിവന്നു. ഞാന്‍ കൈ കൊടുക്കും മുന്‍പേ ലെനിന്‍ ചാടിച്ചെന്നു കൈകൊടുത്ത് പരിചയപ്പെട്ടു.

അത്രയും നേരം എന്നോടു സംസാരിച്ച അവന്‍ എന്നെ മൈന്‍ഡു ചെയ്യാതായി. വീട്ടുകാര്‍ക്കും എന്നോടൊരു മൈന്‍ഡുമില്ല. ഇനിയൊരിക്കലും പെണ്ണുകാണാന്‍ ആരുടെയും കൂട്ടത്തില്‍ പ്പോകരുത്. പട്ടീടെ വില പോലും കിട്ടത്തില്ല- ഞാന്‍ മനസ്സില്‍ തീരുമാനിച്ചു
കഴിഞ്ഞിരുന്നു.

നട്ടുച്ചയ്ക്ക് തിളയ്ക്കുന്ന ചായയുമായി പെണ്ണുവന്നു.

ഒറ്റനോട്ടത്തിലേ എനിക്കിഷ്ടമായി. ഞാന്‍ ഏറുകണ്ണിട്ട് ലെനിനെ നോക്കി. അതുവരെ ഊര്‍ജസ്വലനായിരുന്ന അവന്‍ പെണ്ണിനെ കണ്ടതും ഡിം ആയ പോലെ.
കൊച്ചു ചായ ലെനിനു കൊടുത്തു. എനിക്കുള്ളതു മേശപ്പുറത്തു വച്ചിട്ടു പോയി.

ലെനിന്‍ നിലത്തോട്ടു നോക്കിയിരിപ്പു തുടര്‍ന്നു. പെണ്‍കുട്ടി അപ്പന്‍റെ അടുത്തുപോയി സെറ്റിയില്‍ കൈപിടിച്ച് നിലത്തു കാല്‍ വിരല്‍ കൊണ്ടു മാര്‍ത്തോമ്മാ കുരിശുവരച്ച് നില്‍പുതുടര്‍ന്നു.

സാധാരണ ചോദിക്കാറുള്ള ചോദ്യം ലെനിന്‍ ചോദിച്ചില്ല. ചോദിക്കുന്ന മട്ടുമില്ല. നിമിഷങ്ങള്‍ ഗള്‍ഫുകാരന്‍റെ വീടിനു മുന്നില്‍ക്കാണാറുള്ള ബ്രോക്കര്‍മാരെപ്പോലെ പെരുകി.

അവന്‍ ചോദിക്കുന്ന മട്ടില്ല. ആ സാഹചര്യത്തില്‍ ഞാനതു ചോദിച്ചു.

എന്താ പേര്?

നിര്‍മല- നിര്‍മലമായി അവള്‍ മൊഴിഞ്ഞു.

നല്ല കുട്ടി. ശാലീനത്വം, സൗമ്യത, ശാന്തത, സൗന്ദര്യം എല്ലാം ചേരും പടി. പെണ്ണിന്റെ അമ്മയും നല്ലയൊരു സ്ത്രീയാണെന്നു മുഖത്ത് എഴുതി വച്ചിട്ടുണ്ടായിരുന്നു.
പക്ഷേ, അവനു പെണ്ണിനെ ഇഷ്ടപ്പെട്ടില്ലെന്ന് എനിക്കുറപ്പായി.എനിക്കാണേല്‍ പെണ്ണിനെ ഇഷ്ടമാവുകയും ചെയ്തു. എനിക്കിഷ്ടമായിട്ടെന്ത്?

അടിക്കാന്‍ അറിയാവുന്നവന്‍റെ കയ്യില്‍ തമ്പുരാന്‍ വടി കൊടുക്കില്ലല്ലോ!!!

നിങ്ങള്‍ക്ക് എന്നതേലും മിണ്ടാനും പറയാനും മറ്റുമുണ്ടാവുമല്ലോ- പെണ്ണിന്‍റെ അപ്പന്‍ ആ ക്ളീഷേ ചോദ്യമെടുത്തിട്ടു.

എനിക്കൊന്നും പറയാനില്ല. ഞങ്ങളിറങ്ങട്ടെ...- ലെനിന്‍ ചായ പോലും കുടിക്കാതെ ചാടിയിറങ്ങി.

ഞാന്‍ ഐസായിപ്പോയി. ചേട്ടാ.. വരട്ടെ എന്നു മാത്രം പറഞ്ഞ് പെണ്ണിന്റെയും അവളുടെ അമ്മയുടെയും അപ്പന്‍റെയും മുഖത്തു നോക്കാതെ ഞാനുമിറങ്ങി.

തിരിച്ചുപോരുമ്പോള്‍ അവന്‍ തന്നെയാണതു പറഞ്ഞത്. അവള്‍ക്കു ക്ളാരയുടെ അത്രയും മുടിയില്ല. ക്ളാരയുടേത് ഉണ്ടക്കണ്ണുകളാ... ഇവളുടേത് അങ്ങനെയല്ല. ക്ളാര ചിരിക്കുമ്പോള്‍ കാണാന്‍ നല്ല രസമാ. ഇവളു ചിരിച്ചാല്‍ നമ്മളു കരഞ്ഞുപോവും. ക്ളാര നടക്കുന്നതു കാണാനും നല്ല ശേലാ. ഇവള്‍ക്കു ചെറിയ ചട്ടുണ്ടോയെന്നു സംശയമുണ്ട്.

തങ്കപ്പെട്ട ആ പെണ്‍കൊച്ചിനെക്കുറിച്ച് ഇങ്ങനെയൊരോ അപഖ്യാതി പറയുന്നതു കേട്ടപ്പോള്‍ എനിക്കവന്‍റെ നെഞ്ചിന്‍കൂടു നോക്കിയൊന്നു പെരുക്കാന്‍ തോന്നിപ്പോയി.

നിനക്കിഷ്ടമായില്ലെങ്കില്‍ വേണ്ട. കൂടുതല്‍ പറയേണ്ട- ഞാന്‍ വിലക്കി.

വീണ്ടും അവന്‍റെയൊരു ക്ളാര. പറയെടാ ആരാ ഈ ക്ളാര. ജീവിച്ചിരിപ്പുണ്ടോ? കല്യാണം കഴിഞ്ഞോ? ഇല്ലേല്‍ നമുക്കൊന്നാലോചിക്കാമെടാ....

ഒരു നെടുവീര്‍പ്പ് മാത്രമായിരുന്നു അവന്‍റെ മറുപടി.
ഇനി പെണ്ണുകാണാന്‍ ഒരിടത്തും പോവില്ലെന്ന് ലെനിന്‍ അന്നുതന്നെ വീട്ടില്‍ പ്രഖ്യാപിച്ചു. പെണ്‍കുട്ടികളുടെ ഫോട്ടോ കണ്ട ശേഷം, കാണാന്‍ പോവണോ എന്നു തീരുമാനിക്കുമത്രേ.

അവിരാമാപ്പിള നാട്ടിലുള്ള സകല ബ്രോക്കര്‍മാരെയും വിളിച്ചു ഫോട്ടോകള്‍ക്ക് ഓര്‍ഡര്‍ ചെയ്തു.

പാസ്പോര്‍ട്ട് ൈസസു മുതലുള്ള ചിത്രങ്ങള്‍ പിറ്റേന്നു മുതല്‍ ലെനിന്‍റെ മുന്‍പില്‍ വന്നു വീണു തുടങ്ങി. വൈകിട്ട് അതുമായി അവന്‍ എന്‍റെയടുത്തു വരും.
ഓരോന്നിനും ഓരോ കുറ്റം പറഞ്ഞ് അവന്‍ തള്ളിക്കളഞ്ഞുകൊണ്ടിരുന്നു. എല്ലാറ്റിനും അവനൊരു കാരണമുണ്ടായിരുന്നു. ക്ളാര!!!!!

ദിവസങ്ങളും മാസങ്ങളും മുന്‍പോട്ടു പോയി. ഒരുദിവസം രാവിലെ അവിരാമാപ്പിള വീട്ടില്‍വന്നു.

മകനു പെണ്‍കുട്ടികളെയൊന്നും ഇഷ്ടമാവാത്തതില്‍ അദ്ദേഹത്തിനു കടുത്ത വിഷമുണ്ടായിരുന്നു.

എന്താ മോനേ അവന്‍റെ പ്രശ്നം???

ആ ചോദ്യത്തിനു മുന്നില്‍ എത്ര പിടിച്ചുനിന്നിട്ടും എനിക്കു മറുപടി പറയാതെ നിവൃത്തിയുണ്ടായിരുന്നില്ല.

അവിരാച്ചേട്ടന്‍ അവനോടു ദേഷ്യപ്പെടരുത്. അവന്‍റെ മനസ്സില്‍ ക്ളാര എന്നൊരു പെണ്‍കൊച്ചാ. എത്ര ചോദിച്ചിട്ടും അതാരാണെന്ന് അവന്‍ പറയുന്നില്ല. ക്ളാരയെപ്പോലെ ഒന്നിനേയേ കെട്ടുകയുള്ളൂവെന്നാണ് അവന്‍റെ പിടിവാശി. - ഞാനുണര്‍ത്തിച്ചു.

ക്ളാര എന്ന പേര് അവിരാച്ചേട്ടനും ആദ്യമായിട്ടു കേള്‍ക്കുകയായിരുന്നു.

ഏതായാലും ഇന്നു വൈകിട്ട് മോന്‍ വീട്ടിലോട്ടൊന്നു വാ.... ചങ്കും തടവി പോകും മുന്‍പ് അവിരാച്ചേട്ടന്‍ പറഞ്ഞു.

വൈകിട്ടായി. ഞാന്‍ ലെനിന്റെ വീട്ടില്‍ച്ചെന്നു. ഉമ്മറത്തെ ഇളംതിണ്ണയിലിരുന്ന് പാക്കുവെട്ടുകയായിരുന്നു അവിരാമാപ്പിള.

അവനില്ലേടീ ഇവിടെ? - പുള്ളിക്കാരന്‍ അകത്തോട്ടു വിളിച്ചു ചോദിച്ചു.

ഉണ്ടേ... ലെനിന്‍ ഇറങ്ങി വന്നു.

നീയിരിക്ക്.

ലെനിന്‍ ഇരിക്കാതെ അവിടെയകലെ നിന്നു.

നിനക്ക് കല്യാണമൊന്നും ശരിയാകുന്നില്ലല്ലോ. എന്തു ചെയ്യും?

അവന്‍ മറുപടി പറഞ്ഞില്ല. എന്‍റെ മുഖത്തേക്ക് ഒന്നു നോക്കുക മാത്രം ചെയ്തു.

ഉത്തരം കിട്ടാതെ വന്നതോടെ അവിരാ മാപ്പിള എന്‍റെ മുഖത്തേക്കൊന്നു നോക്കി.

എന്നിട്ട് അവന്‍റെ മുഖത്തടിച്ച പോലെ ആ ചോദ്യമങ്ങു ചോദിച്ചു.

ആരാടാ ക്ളാര????

ലെനിന്‍ ഞെട്ടിയില്ല. പകരം അപ്രതീക്ഷിതമായ ആ ചോദ്യത്തില്‍ ‍ഞാന്‍ ഞെട്ടി.

നിശ്ശബ്ധത തുടര്‍ന്നു.

ആരാന്നാ ചോദിച്ചത്???

ഒരാളാ...

അതു മനസ്സിലായി. അതാരാന്ന്?

എനിക്കിഷ്ടമാ....

എവിടെയുള്ളതാ... നമ്മക്കു പറ്റുന്നതാണോ?

മറുപടിയില്ല.

നമ്മക്കു പറ്റുന്നതാണേല്‍ പത്തുകാശു കുറവാണേലും വേണ്ടുകേല. പിടിച്ചു കെട്ടിച്ചേക്കാം.

അതിനും മറുപടിയില്ല.

എടാ പെണ്ണ് എവിടെയുള്ളതാണെന്ന്...???
മറുപടിയില്ല.

സംഗതി ഏകപക്ഷീയമായതോടെ ഞാനിടപെട്ടു.
എടാ അവളുടെ പടമുണ്ടോ?

അതൊരു പ്രതീക്ഷയായിരുന്നു. അതിനവന്‍ ഉത്തരം പറഞ്ഞു. ഉണ്ട്.

എന്നാല്‍ എടുത്തോണ്ടു വാടാ.... അവിരാമാപ്പിളയ്ക്കു ദേഷ്യം കയറി.

അവന്‍ അകത്തേക്കു പോയി. മൂന്നു മിനിറ്റു കഴിഞ്ഞ് തിരികെ വന്നു.

കയ്യില്‍ ഭദ്രമായി മടക്കിപ്പിടിച്ച ഒരു ഡയറി ഉണ്ടായിരുന്നു.

അത് അവന്‍ എന്റെ കയ്യില്‍ ത്തന്നു. ആദ്യത്തെ പേജിലുണ്ട്.

ഞാന്‍ പ്രതീക്ഷയോടെ അതു തുറന്നുനോക്കി.
ഡയറിയുടെ ആദ്യത്തെ പേജില്‍, പത്തിരുപതു വര്‍ഷം മുന്‍പത്തെ നാനാ സിനിമാവാരികയുടെ ഒരു താള്‍ കീറി വച്ചിരിക്കുന്നു.

അതില്‍, എന്തോ ഹെയര്‍ ഓയിലിന്റെ പരസ്യം. ക്ളാര ഹെയര്‍ ഓയില്‍. മോഡലായി നിറയെ മുടിയുള്ള ചിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം. ഇരുപതു വര്ഷമെങ്കിലും പഴക്കം കാണും കടലാസു കഷ്ണത്തിന്. അതിലെ ക്ളാരയുടെ മക്കള്‍ ഇപ്പോള്‍ ഇതുപോലെയായിട്ടുണ്ടാവും!!!

ഹൃദയസ്തംഭനത്തിന്‍റെ തൊട്ടുമുന്‍പത്തെ അവസ്ഥാവിശേഷങ്ങളില്‍ എന്‍റെ ബുദ്ധിമറ‍ഞ്ഞപോലെ.

ഞാനാ ഡയറി അവിരാമാപ്പിളയ്ക്കു നേര്‍ക്കു നീട്ടി.

അദ്ദേഹം അതു കണ്ട് മകന്‍റെ നേര്‍ക്കൊന്നു നോക്കി.

ആ പടത്തിലെ പെണ്ണിനെപ്പോലത്തെ ഒന്നിനെ മതിയെനിക്ക് അപ്പാ....- ലെനിന് അപ്പോഴും തെല്ലും കൂസലില്ലായിരുന്നു!!!

33 comments:

SUNISH THOMAS said...

എന്നാലും അവളു ക്ളാരെയെപ്പോലെ തന്നെ ആയിരിക്കുമോ ആവോ????


:)

Sherlock said...

തേങ്ങ എന്റെ വക...ഇനി വായിക്കട്ടേ...

simy nazareth said...

ഹെന്റമ്മോ!

സുനീഷിന്റെ കൂട്ടുകാരൊക്കെ സുനീഷിനെപ്പോലെ തന്നേ?

ശ്രീ said...

സുനീഷേട്ടാ...
കൊള്ളാം.
ഞാന്‍‌ കരുതി അവസാനം മനസ്സിനക്കരെ സിനിമയുടെ സിഡി എങ്ങാനുമ്ം കൊണ്ടു കൊടുക്കുമെന്ന്. (അതിലുമുണ്ടല്ലോ ഏതൊ ഒരു ക്ലാര!)
;)

uthpreksha said...

too good!

കൊച്ചുത്രേസ്യ said...

ഇതു കൊള്ളാം ...

ആ ക്ലാരയെ എങ്ങനെയെങ്കിലും തപ്പിയെടുക്കാമോന്ന്‌ ഒരു ഗൂഗിള്‍സെര്‍ച്ച്‌ നടത്തി നോക്ക്‌.കൂട്ടുകാരന്‍ ആഗ്രഹിച്ചു പോയതല്ലേ :-)

പിന്നെ ഈ കാല്‍വിരല്‍ കൊണ്ട്‌ മാര്‍ത്തോമാകുരിശെങ്ങനെയാ വരക്കുക?? ചുമ്മാ ഒന്നു പഠിച്ചിരിക്കാനാ. എപ്പഴാ ആവശ്യം വരികാന്ന്‌ പറയാന്‍ പറ്റില്ലല്ലോ..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഫസ്റ്റ് ഹാഫ് ആ പെണ്ണുകാണല്‍ ലൈവ് വിവരണം കൊള്ളാം മോനേ ദിനേശ് ആ ചെറുക്കന്‍ ചാടിയോടിയപ്പോള്‍ ചമ്മിയിരുന്ന ആ സുഹൃത്തിനെയും നല്ല പരിചയം തോന്നുന്നു.;)

സുനീഷ് said...

ഞാനിങ്ങനെയൊന്നുമല്ല സിമീ...

കുറുമാന്‍ said...

ക്ലാര പുരാണം കലക്കി സുനീഷേ :)

റീനി said...

വായിക്കുവാന്‍ രസമുള്ളകഥ.
ഇടത്തെ തള്ളവിരല്‍കൊണ്ട്‌ വരച്ചാല്‍ മര്‍ത്തോമകുരിശും വലത്തേതുകൊണ്ട്‌ വരച്ചാല്‍ യാക്കോബകുരിശും ആവുമോ?

Harold said...

ആദ്യം നമ്മളു കസ്റ്റമൈസ് ചെയ്തു വച്ചതുപോലെ ഷട്ട്ഡൗണാകും വരെയിരുന്നോളും. പക്ഷേ, ഇടയ്ക്കിടെ കസ്റ്റമൈസ് ചെയ്യാന്‍ പോയാല്‍ സിസ്റ്റം ഹാങ്ങാവും....-

ഹോ..എന്തൊരു അനുഭവജ്ഞാനി..:)

sandoz said...

ഹ.ഹ.ഹാ
അച്ചായോ...ഹെയര്‍ ഓയിലിന്റെ പരസ്യമായത്‌ നന്നായി....
വല്ല വനിതാ മാസികേലേം പരസ്യമായിരുന്നേല്‍ അപ്പച്ചന്‍ ലെനിനെ ഇടിച്ച്‌ മാവേല്‍ സേതൂങ്ങ്‌ ആക്കി കളഞ്ഞേനേ...

ഉപാസന || Upasana said...

സുനീഷ് പകുതി വരെ കൊള്ളാമായിരുന്നു. ക്ലൈമാക്സ് ചീറ്റിപ്പോയി.
കൂട്ടപ്പൊരി പ്രതീക്ഷിച്ചത് തെറ്റ്...
:)
ഉപാസന

SUNISH THOMAS said...

ഉപാസനേ....
നാലുവട്ടം ക്ളൈമാക്സ് മാറ്റിയെഴുതിയതാ.
ഈ കഥയിങ്ങനെയേ പറയാന് പറ്റൂ. ഇല്ലേല്‍ കൈവിട്ടു പോകും....കൈവിട്ട്??????

:)

Mr. K# said...

ഇതു കലക്കി. ഈ ക്ലൈമാക്സ് പ്രതീക്ഷിച്ചില്ല.

Jay said...

മച്ചാ...ഷേവും ചെയ്ത്, നല്ല മുണ്ടും ഷര്‍ട്ടും മനഃപ്പൂര്‍വ്വം ഇട്ട് ലവന്റെ കൂടെപ്പോയി, അവളെത്തന്നെ അങ്ങ് കെട്ടാന്‍ മേലാരുന്നോ?. നിങ്ങടെ മനോവിഷമം എനിക്കറിയാം. പക്ഷേ പിന്നെ ആലോചിച്ചപ്പോഴാ ഒരു കാര്യം ഓര്‍ത്തേ. സുനിച്ചന്‍ കെട്ടിയാപ്പിന്നെ ഇത്തരം കിടിലന്‍ ബാച്ചിക്കഥകള്‍ ആരെഴുതും. നിങ്ങളും വെറുതെ ഭാര്യയുടെ ഗര്‍ഭകാലവും, പ്രസവവും ഒക്കെ വിവരിച്ചെഴുതുന്ന ഒരു ‘റിപ്പോര്‍ട്ട’റായിപ്പോവില്ലേ. അതുവേണ്ട..അതുമാത്രം ഞങ്ങള്‍ സഹിക്കൂല്ല. ഒടനെയൊന്നും കെട്ടണ്ടന്നേ. പറയുന്ന കേക്ക്. എന്നാപ്പിന്നെ ഞാനങ്ങോട്ട്.......

ദിലീപ് വിശ്വനാഥ് said...

ഇതു ലെനിന്റെ കഥ തന്നെ ആണോ? ആ പടം ഇപ്പോഴും കയ്യിലുണ്ടോ ചേട്ടാ?

Anoop Technologist (അനൂപ് തിരുവല്ല) said...

കലക്കി കടുവറത്തു !!

G.MANU said...

തിരിച്ചുപോരുമ്പോള്‍ അവന്‍ തന്നെയാണതു പറഞ്ഞത്. അവള്‍ക്കു ക്ളാരയുടെ അത്രയും മുടിയില്ല. ക്ളാരയുടേത് ഉണ്ടക്കണ്ണുകളാ... ഇവളുടേത് അങ്ങനെയല്ല. ക്ളാര ചിരിക്കുമ്പോള്‍ കാണാന്‍ നല്ല രസമാ. ഇവളു ചിരിച്ചാല്‍ നമ്മളു കരഞ്ഞുപോവും.

ithu nannayitto

ആഷ | Asha said...

ഞാന്‍ കരുതി അവസാനം തൂവാനത്തുമ്പികളിലെ ക്ലാരയെങ്ങാനമാവുമോന്നു.

രസായിരിക്കുന്നു സുനീഷ്.

Sethunath UN said...

കൊള്ളാം സുനീഷേ.. പക്ഷേ...

krish | കൃഷ് said...

:)

ധ്വനി | Dhwani said...

നല്ല വിവരണം!
''ഒറ്റനോട്ടത്തിലേ എനിക്കിഷ്ടമായി.... അവന്‍ ചോദിക്കുന്ന മട്ടില്ല. ആ സാഹചര്യത്തില്‍ ഞാനതു ചോദിച്ചു. എന്താ പേര്? ''

ഹഹ! ഈ ഭാഗമാണേറ്റവും ആസ്വദിച്ചത്.

സാല്‍ജോҐsaljo said...

കിടു സാധനങ്ങളാണല്ലോടോ! നല്ല അവതരണം. ഇഷ്ടമായി... തോമസ് പാലായുടെ കഥകളിലേതുപോലെ ചില പ്രയോഗങ്ങള്‍. നന്നായിരിക്കുന്നു.

സാല്‍ജോҐsaljo said...

തന്റെ നാട്ടില്‍ മെയിലൊന്നും വര്‍ക്ക് ചെയ്യില്ലേ?

Unknown said...

കൊള്ളാം...

ക്ലാര എന്നു പറഞ്ഞപ്പോ ഞാന്‍ കരുതി നമ്മടെ തൂവാനത്തുമ്പികളിലെ ക്ലാര ആയിരിക്കുമെന്ന്!

സഹയാത്രികന്‍ said...

നന്നായി മാഷേ ഈ പെണ്ണുകാണല്‍...

:)

സഹയാത്രികന്‍ said...

ഓ:ടോ: സുനീഷ് ജി... ഇതൊന്ന് നോക്കൂ... അറിയോ ഈ കക്ഷിയെ...?

കൊച്ചുമുതലാളി said...

കക്ഷിയുടെ ഇപ്പോഴത്തെ സ്റ്റാറ്റസ്സ് എന്താണ് സുനീഷേ.

ഒടുക്കം ക്ലാരെയെ തന്നെ കെട്ടിയൊ??

ശ്രീവല്ലഭന്‍. said...

സുനീഷ്,
വളരെ രസമായിരിക്കുന്നു താങ്കളുടെ എല്ലാ കഥകളും.....

കോട്ടയത്തിന്റെ സ്വന്തം താന്തോന്നി said...

ക്ളാരയോ??? അതാരാടാ????

ഇതൊരു ട്വിസ്റ്റ്‌ ആയിരുന്നു...!! ഈശ്വര...

എന്തായാലും പെണ്ണ് കാണാന്‍ പോകുമ്പോള്‍ ഇത് സഹായകരമാകുമായിരിക്കും...!!

സുധി അറയ്ക്കൽ said...

ജയകൃഷ്ണന്റെ ക്ലാരയെ ഓർത്ത്‌ പോയി.

fabiannaeagleburger said...

Microtouch Titanium trim as seen on tv - Tioga-Arts
In addition, the titanium wood stove microtouch titanium sponge titanium trim is suitable for new-school or young learners. Its fine size will titanium knee replacement reduce guy tang titanium toner the pressure to price of titanium a suitable

Powered By Blogger