Thursday, June 14, 2007

പപ്പിക്കുട്ടിയ്ക്ക് പ്രണയപൂര്‍വം

വൈകുന്നേരം സ്കൂള്‍ വിട്ടുവരും വഴി കമ്യൂണിസ്റ്റുപച്ചക്കാടിന് ഇടയില്‍നിന്നാണ് അപ്പുക്കുട്ടന്‍ ആദ്യമവളുടെ കരച്ചില്‍ കേട്ടത്.

കരച്ചില്‍ കേട്ടിടത്തേക്കു നോക്കിയ അപ്പുക്കുട്ടന് ഒന്നും കാണാന്‍ കഴിഞ്ഞില്ല. തീര്‍ത്തും ദുര്‍ബലമായ ശബ്ദത്തിലുള്ള കരച്ചില്‍. പുസ്തകങ്ങള്‍ ഒതുക്കിപ്പിടിച്ച് അതിവേഗം വീട്ടിലേക്കുള്ള ഓട്ടത്തിലായിരുന്ന അപ്പുക്കുട്ടന്‍റെ ചങ്കില്‍ പക്ഷേ ആ കരച്ചിലൊരു കൊളുത്തിട്ടു.

അവിടേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കിയ അപ്പുക്കുട്ടന്‍ അവിടെ അവനെ നോക്കി തിളങ്ങുന്ന രണ്ടു കണ്ണുകള്‍ കണ്ടു. കൊച്ചു കണ്ണുകള്‍. അതില്‍ അനാഥത്വം, ഭയം, വിശപ്പ്, മരണഭീതി തുടങ്ങിയവയെല്ലാം ആറാംക്ളാസുകാരനായ അപ്പുക്കുട്ടന് ഒറ്റനോട്ടത്തില്‍ വായിച്ചെടുക്കാമായിരുന്നു. പുസ്തകം താഴെ വച്ച് അവന്‍ ആ കമ്മ്യൂണിസ്റ്റു പച്ചകളുടെ ഇടയിലേക്കു നടന്നു.

അവിടെ, ഒരു മരപ്പൊത്തിനോടു ചേര്‍ന്ന് തൊട്ടാവാടിക്കാട്. അതിന്നിടയില്‍ അവള്‍. അവനെ നോക്കി അവള്‍ വീണ്ടും ദുര്‍ബലമായി കരഞ്ഞു. ആ മുള്‍ക്കാട്ടില്‍നിന്ന് ഓടി രക്ഷപ്പെടുക അവള്‍ക്ക് എളുപ്പമായിരുന്നില്ല. വൈകിട്ടു പെയ്ത മഴയില്‍ അവളാകെ നനഞ്ഞു കുളിച്ചിരുന്നു.

ഭയം കൊണ്ടു വിറയ്ക്കുന്ന അവളെ കണ്ടപ്പോള്‍ അപ്പുക്കുട്ടനു സങ്കടം വന്നു. ഭയപ്പെടുത്താതെ, മെല്ലെ കുനിഞ്ഞ് അവളെ രണ്ടു കയ്യിലുമായി അവന്‍ കോരിയെടുത്തു. നനഞ്ഞൊട്ടിയ രോമങ്ങള്‍, വിറയ്ക്കുന്ന ശരീരം. വെളുത്ത രോമങ്ങള്‍. വാലില്‍ മാത്രമായി അല്‍പം ചുവന്ന രോമങ്ങള്‍. മുഖത്ത്, മീശരോമങ്ങള്‍ക്കു തൊട്ടരികെ ആരോ കുത്തിക്കൊടുത്ത പോലെ ഒരു കറുത്ത പൊട്ട്.

സുന്ദരിപ്പൂച്ച.

അവളെ അപ്പുക്കുട്ടന് ഒറ്റനോട്ടത്തില്‍ ഇഷ്ടമായി. അപ്പോളും ഭയം വിട്ടുമാറാതെ അവന്‍റെ കയ്യിലിരുന്നു വിറച്ച അവളെ അവന്‍ ചങ്കോട് അടുപ്പിച്ചു പിടിച്ചു. പിന്നെ, നിലത്തു വച്ച പുസ്തകവുമെടുത്ത് പതിയെ വീട്ടിലേക്കു നടന്നു. അവന്‍റെ കയ്യിലിരുന്നുള്ള യാത്ര അവള്‍ക്കു പുതിയ അനുഭവമായിരുന്നു. ഭയം തീര്‍ന്നില്ലെങ്കിലും അവള്‍ പിന്നെയൊന്നുകൂടി കരഞ്ഞില്ല. വിശപ്പിന്‍റെ ആധിക്യം അവളുടെ കൊച്ചുവയറിനെ പിടിച്ചുലയ്ക്കുന്നുണ്ടായിരുന്നു.

എങ്കിലും അപ്പുക്കുട്ടന്‍റെ കയ്യില്‍ അവള്‍ വിശപ്പുമറന്ന്, ഭയം മറന്നു യാത്ര തുടര്‍ന്നു.

വഴിയില്‍ ആരോ ഉപേക്ഷിച്ചുപോയൊരു പൂച്ചക്കുട്ടിയെയുമായി വീട്ടിലേക്കു കയറി വന്ന മകനെ കണ്ടപ്പോള്‍ അപ്പുക്കുട്ടന്‍റെ അമ്മയ്ക്കു ദേഷ്യം വന്നു.

കൊണ്ടുപോയി കളയെടാ അതിനെ.. നിന്നോടാരാ പറഞ്ഞത് ഇതിനെയൊക്കെ ചുമന്നോണ്ടു വരാന്‍? വല്ല പേയും പിടിക്കും. ഇപ്പോള്‍ കൊണ്ടു പോയി കളഞ്ഞോണം....

അപ്പുക്കുട്ടന്‍ അതു കേട്ടില്ല. അവന്‍ അടുക്കളയിലേക്കു നടന്നു. അടുക്കളയില്‍ അവനായി വച്ചിരുന്ന പാലെടുത്തു. ഇവള്‍ക്ക് എങ്ങനെ പാലുകൊടുക്കും?

അടുക്കളയുടെ കോണില്‍നിന്നു പഴയ ഒരു സ്റ്റീല്‍ പിഞ്ഞാണം അവന്‍ കണ്ടെത്തി. അതിലേക്ക് അവന്‍റെ ഗ്ളാസിലെ പകുതിയോളം പാലൊഴിച്ചു. അവള്‍ക്കായി അവന്‍റെ ആദ്യത്തെ ത്യാഗം...

വിശപ്പു വലിച്ചു കുടയുന്നുണ്ടെങ്കിലും അവള്‍ ആ പാലിലേക്കു നോക്കിയതല്ലാതെ കുടിച്ചില്ല. അപ്പുക്കുട്ടന്‍ നിലത്തിരുന്നു. അവളുടെ പുറത്ത് പതിയെ തലോടി. ആ സ്നേഹത്തിനു മുന്‍പില്‍ ശേഷിച്ചിരുന്ന അവളുടെ ഭയവും അലിഞ്ഞില്ലാതായി. അവള്‍ കണ്ണടച്ച് ആ പാലു കുടിച്ചു തുടങ്ങി. അപ്പുക്കുട്ടന്‍ അതു നോക്കിയിരുന്നു. ഇതുവരെ വൈകുന്നേരങ്ങളില്‍ എത്ര ഗ്ളാസ് പാലു കുടിച്ചാലും ഉണ്ടാകാത്തയത്ര സംതൃപ്തിയായിരുന്നു അവന്.

അവളതു മുഴുവന്‍ കുടിച്ചു. ആ പാത്രം നക്കിത്തുടച്ചു. എന്നിട്ട് നന്ദിയോടെ അപ്പുക്കുട്ടന്‍റെ നേര്‍ക്കൊന്നു നോക്കി. പതിയെ അടുത്തുവന്ന്, നനഞ്ഞ രോമങ്ങളാല്‍ അവന്‍റെ കാലിനെയുരുമ്മി അവിടെത്തന്നെ നിന്നു. അപ്പോള്‍ അവളുടെ കണ്ണുകള്‍ക്ക് ഇരട്ടി തിളക്കമുണ്ടായിരുന്നു.

ഇവള്‍ക്കെന്തു പേരിടും?

അതായി പിന്നീട് അപ്പുക്കുട്ടന്‍റെ ആലോചന. എല്ലാവരും പതിവായി വിളിക്കുന്ന പേരുകള്‍ പൂച്ചക്കുട്ടിക്ക് ഇടാന്‍ അവനു മനസ്സുവന്നില്ല. പേരിലും വേണം ഒരു വ്യത്യസ്ത. ആലോചനകളുടെ അവസ്ഥാന്തരങ്ങള്‍ക്കൊടുവില്‍ അവന്‍ അവളെ പദ്മിനി എന്നുവിളിക്കാന്‍ തീരുമാനിച്ചു.
അമ്മേ, ഇവളെ നമുക്ക് പദ്മിനി എന്നു വിളിക്കാം? അമ്മയതു കേട്ടെങ്കിലും ഒന്നും മറുപടി പറഞ്ഞില്ല. വഴിയില്‍നിന്നു കിട്ടിയ പൂച്ചയുമായി മകന്‍ ചങ്ങാത്തം കൂടുന്നത് അവര്‍ക്കിഷ്ടപ്പെട്ടിരുന്നില്ല. അമ്മയുടെ മറുപടി അപ്പുക്കുട്ടന്‍ പ്രതീക്ഷിച്ചതുമില്ല. അവന്‍ വീണ്ടും അവളെ എടുത്ത് മടിയില്‍ വച്ചു. പതിയ തലയില്‍ തലോടി. അവളുടെ കൊച്ചു ചെവികളോട് മുഖം ചേര്‍ത്തു.
പദ്മിനിക്കുട്ടി....
ആ വിളി അവള്‍ക്കും ഇഷ്ടപ്പെട്ടു കാണും. അവള്‍ ചെവി വട്ടം പിടിച്ചു. അപ്പുക്കുട്ടന്‍ വീണ്ടും അവളുടെ ചെവിയോടു ചേര്‍ത്ത് വിളിച്ചു. പദ്മിനിക്കുട്ടീ....
ചെറിയൊരു കാര്‍ഡ്ബോര്‍ഡ് കൂടില്‍ പഴന്തുണികളിട്ട് അവന്‍ അവള്‍ക്കായി കിടക്കയൊരുക്കി. ഗ്ളാസില്‍ ബാക്കിയുണ്ടായിരുന്ന പാലുകൂടി അവളുടെ സ്റ്റീല്‍ പാത്രത്തിലേക്ക് ഒഴിച്ചു. പഴന്തുണി കൊണ്ട് അവളെ പുതപ്പിച്ചു. പതിയെ ആ കാര്‍ഡ് ബോര്‍ഡ് പെട്ടി തന്‍റെ കട്ടിലിന്നടിയിലേക്കു നീക്കി വച്ചു.


അന്നു രാത്രി പദ്മിനിക്കുട്ടി സുഖമായുറങ്ങി. അവളുടെ ജീവിതത്തിലെ സുരക്ഷിതമായ ആദ്യത്തെ ഉറക്കം. പിറ്റേന്ന് വളരെ നേരത്തെ അപ്പുക്കുട്ടന്‍ ഉറക്കമെണീറ്റു.

തലേന്നു രാത്രി വൈകി വന്ന അച്ഛന്‍ പദ്മിനിക്കുട്ടിയെ കട്ടിലനിന്നടിയില്‍ കിടത്തിയിരിക്കുന്ന വിവരം അറി‍ഞ്ഞു കാണില്ല. അമ്മ രാവിലെ തന്നെ അച്ഛനോട് അക്കാര്യം പറയും. അച്ഛന്‍ തന്നെ ചൂരലെടുത്ത് പിടയ്ക്കും. പൂച്ചക്കുട്ടിയെ ചെവിയില്‍ തൂക്കിയെടുത്ത് ദൂരേയ്ക്കെറിയും...

അതോര്‍ത്തപ്പോള്‍ അപ്പുക്കുട്ടനു സങ്കടം വന്നു. സങ്കടത്തോടെ അവന്‍ കട്ടിലന്നടിയിലേക്കു നോക്കി. കാര്‍ഡ് ബോര്‍ഡ് പെട്ടിയും പദ്മിനിക്കുട്ടിയെയും കാണാനില്ല!!

അവന്‍ നേരെ അടുക്കളയിലേക്ക് ഓടി. അച്ഛന്‍ നേരത്തെ എണീറ്റിരിക്കുന്നു. അടുക്കളയില്‍നിന്നു പുറത്തേക്കിറങ്ങാന്‍ തുടങ്ങിയ അച്ഛന്‍ ഓടിവരുന്ന അപ്പുക്കുട്ടനെ കണ്ട് നിന്നു.

കട്ടിലിന്നടിയിലാണോടാ കണ്ട പൂച്ചക്കുട്ടിയെയൊക്കെ കയറ്റി വയ്ക്കുന്നത്. ഞാനതിനെ ഈ ചായ്പില്‍ എടുത്തു വച്ചിട്ടുണ്ട്. അവിടെ ഇരുന്നാല്‍ മതി..

അപ്പുക്കുട്ടനു സന്തോഷമായി. അവന്‍ ചായ്പിലേക്ക് ഓടി. അവിടെ കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ പദ്മിനിക്കുട്ടി. അവളുടെ മുഖത്ത് പരിചയത്തിന്‍റെ ഒരു പുഞ്ചിരി കണ്ടോ?

അച്ചന്‍ നോക്കുന്നില്ല എന്നുറപ്പായപ്പോള്‍ അവന്‍ പതിയെ ആ പെട്ടിയില്‍നിന്ന് അവളെ കയ്യിലെടുത്തു. അപ്പോഴേയ്ക്കും അവര്‍ക്കിടയില്‍ അപരിചിതത്വങ്ങള്‍ അലിഞ്ഞില്ലാതായിരുന്നു. അവള്‍ അവന്‍റെ കൈവെള്ളയില്‍ നക്കാന്‍ തുടങ്ങി.അവള്‍ക്കു വിശക്കുന്നുണ്ടാവണം. തനിക്കായി അമ്മ എടുത്തു വച്ചിരിക്കുന്ന പാല്‍ എടുക്കാനായി അവന്‍ അടുക്കളയിലേക്കു നടന്നു.

പാല്‍ ഗ്ളാസ് എടുത്ത് തിരിച്ചു നടക്കുന്നതിനിടെ അമ്മ..

ആ പൂച്ചയ്ക്കു കൊടുക്കാനാണെങ്കില്‍ അതിനിവിടെ വേറെ പാലുണ്ട്. നിനക്കുള്ളതു നീ കുടിച്ചോ...

അമ്മയുടെ വിദ്വേഷവും ഇല്ലാതായിരിക്കുന്നു. ഇനി പദ്മിനിക്കുട്ടിക്ക് സസുഖം ഇവിടെ താമസിക്കാം. അവന്‍ അവളെ നോക്കി. അവള്‍ അടുക്കളയിലൂടെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു തുടങ്ങിയിരുന്നു.

പദ്മിനി..

എടാ ആ പേരിനു ഭയങ്കര നീളം. നമുക്കിവിളെ പപ്പിക്കുട്ടി എന്നു വിളിക്കാം.. അമ്മ അമ്മയങ്ങനെ പറഞ്ഞെങ്കിലും അപ്പുക്കുട്ടന് അതിഷ്ടപ്പെട്ടില്ല.

അപ്പോള്‍ അമ്മ പറഞ്ഞു- നിന്‍റെ ഇഷ്ടം പോലെ നീ വിളിച്ചോ..ഞാനിവളെ പപ്പിക്കുട്ടി എന്നാണു വിളിക്കാന്‍ പോകുന്നത്. നീ സ്കൂളില്‍ പോയിക്കഴിഞ്ഞാല്‍ പിന്നെ ഞാന്‍ വിളിക്കുന്നതു വേണമല്ലോ ഇവള്‍ കേള്‍ക്കാന്‍..

അതു ശരിയാണെന്ന് അപ്പുക്കുട്ടനു മനസ്സിലായി. അവന്‍ പറഞ്ഞു

അമ്മേ, നമുക്കിവളെ വീട്ടില്‍ പപ്പിക്കുട്ടിയെന്നു വിളിക്കാം. സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ പദ്മിനി എന്നു പേരിട്ടാല്‍ മതി..!

അവന്‍റെ അമ്മ ഒരു നിമിഷം അപ്പുക്കുട്ടന്‍റെ മുഖത്തേക്കു നോക്കി. പിന്നെ ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ട് അച്ഛന്‍റെ അടുത്തേക്ക് ഓടി. പുരയിടത്തില്‍ വാഴ്യ്ക്കു തടം വെട്ടുകയായിരുന്ന അച്ഛന്‍റെ ഉറക്കെയുള്ള ചിരി അല്‍പസമയത്തിനകം അപ്പുക്കുട്ടന്‍ കേട്ടു.

പപ്പിക്കുട്ടി പതിയെപ്പതിയെ അപ്പുക്കുട്ടന്‍റെ ജീവിതത്തിന്‍റെ ഭാഗമായി മാറി. അപ്പുക്കുട്ടന്‍റെ വീട്ടില്‍ ആളനക്കം കേട്ടുതുടങ്ങി. സ്കൂളില്‍ പോകും വരെയും പോയി മടങ്ങി വന്ന ശേഷവും അപ്പുക്കുട്ടന്‍റെ ചിരിയും കളിയും പപ്പിക്കുട്ടിയോടായി മാറി.

സാധാരണ പൂച്ചകള്‍ കഴിക്കുന്നതൊന്നും പപ്പിക്കുട്ടിക്ക് ഇഷ്ടമല്ലായിരുന്നു. അപ്പുക്കുട്ടന്‍ അവളെ പഠിപ്പിച്ചതും അങ്ങനെയായിരുന്നു. രാവിലെയുണ്ടാക്കുന്ന മുട്ടക്കറിയില്‍ മുട്ടയുടെ മഞ്ഞയുണ്ണി മാത്രമേ പപ്പിക്കുട്ടി കഴിക്കൂ. വെള്ളയുണ്ണി കൊടുത്താല്‍ മണത്തുനോക്കും. കഴിക്കില്ല. വീട്ടില്‍ മേടിക്കുന്ന പച്ചമീനിന്‍റെ തല കൊടുത്താല്‍ പപ്പിക്കുട്ടി പിണങ്ങും. അമ്മയോട് കരഞ്ഞു നിലവിളിച്ച് മീന്‍ തന്നെ അവളു മേടിക്കും. അടുത്ത വീട്ടിലെ പൂച്ചകള്‍ക്കു പപ്പിക്കുട്ടിയോട് അഹങ്കാരം തോന്നിത്തുടങ്ങിയിട്ടുണ്ടാവും.

എന്തൊക്കെ കഴിച്ചിട്ടും പപ്പിക്കുട്ടി വലിയ പൂച്ചയായില്ല. സ്ലിം ആയി സുന്ദരിയായി അവള്‍ വളര്‍ന്നു. ഒരു ദിവസം അപ്പുക്കുട്ടന്‍ അവളുടെ നെറ്റിയില്‍ ചുവന്ന സ്കെച്ചു പേന കൊണ്ട് നീളന്‍ ഒരു പൊട്ടു കുത്തി. കഴുത്തില്‍ മുത്തു മാലയൊരെണ്ണം കോര്‍ത്തിട്ടു. അതോടെ അവളുടെ സൗന്ദര്യം പിന്നെയും കൂടി.

അപ്പുക്കുട്ടന്‍ സ്കൂളില്‍ പോയി വരുമ്പോള്‍ മിക്കവാറും പുരയിടത്തിന്‍റെ തെക്കേ കോണിലോ മറ്റോ പപ്പിക്കുട്ടിയുണ്ടാവും. അല്ലെങ്കില്‍ അടുത്ത പുരയിടത്തില്‍. അവനെ കാണുന്നതും അവള്‍ വീട്ടിലേക്കു വെച്ചടിക്കും. അപ്പുക്കുട്ടന്‍ വീട്ടിലെത്തുമ്പോള്‍ വീടിന്‍റെ മുന്‍വശത്ത്, ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ അവളുണ്ടാകും.

കൊക്കോത്തോട്ടത്തില്‍ അണ്ണാന്‍മാരുടെ ശല്യം മൂത്തപ്പോള്‍ അപ്പുക്കുട്ടന്‍റെ അച്ഛന്‍ പറഞ്ഞു. ഏതായാലും ഈ പൂച്ച അണ്ണാനെ പിടിക്കുമോയെന്നു നമുക്കു നോക്കാം. രാവിലെ കഴുത്തില്‍ തൂക്കിയെടുത്ത് പപ്പിക്കുട്ടിയെ കൊക്കോകളില്‍ ഒന്നില്‍ കയറ്റിയിരുത്തുന്നത് അപ്പുക്കുട്ടന്‍ കണ്ടു. അവള്‍ കൊക്കോ മരത്തിന്‍റെ ചില്ലകളിലൂടെ നടന്നതല്ലാതെ താഴോട്ട് ഇറങ്ങിയില്ല. പൂച്ചയെ കണ്ടതോടെ അതുവരെ കലപില ശബ്ദമുണ്ടാക്കിയ അണ്ണാന്‍മാര്‍ പിന്നെ അവിടേക്കു വരാതായി. രാവിലെ അപ്പന്‍ വേഷം മാറി ടൗണിലേക്കു പോകുന്നതു കാണുമ്പോള്‍ പപ്പിക്കുട്ടി പതിയെ താഴെയിറങ്ങും. അടുക്കള വശത്തുകൂടി മാര്‍ജാര പാദങ്ങളോടെ ശബ്ദമുണ്ടാക്കാതെ വീട്ടിന്നകത്തേക്കു കടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇത് ആവര്‍ത്തിച്ചു പോന്നു.

ആയിടയ്ക്കാണ്, അപ്പുക്കുട്ടന്‍ പപ്പിക്കുട്ടിയെയും ഭീകരനായ ഒരു പൂച്ചയെയുംകൂടി അപ്പുറത്തെ പുരയിടത്തില്‍ കണ്ടത്. അടുത്തെങ്ങുമുള്ള പൂച്ചയല്ല. കാഴ്ചയിലേ മനസ്സിലായി, ഒരു കണ്ടന്‍ പൂച്ച. പപ്പിക്കുട്ടിയുടെ ലൈനായിരിക്കും. അപ്പുക്കുട്ടന്‍ മനസ്സിലോര്‍ത്തു. പപ്പിക്കുട്ടിക്കു ലൈനൊക്കെയായി. അപ്പുക്കുട്ടനു വിഷാദമായി.

പക്ഷേ, ഒരിക്കലും ആ കണ്ടന്‍ പൂച്ച പപ്പിക്കുട്ടിയെ അന്വേഷിച്ചു വീട്ടിലേക്കു വന്നില്ല. ഒരിക്കല്‍ പറമ്പിന്‍റെ അതിര്‍ത്തിയില്‍ വച്ച് പപ്പിക്കുട്ടി അവനോട് ഉറക്കെ എന്തൊക്കെയോ മുരളുന്നത് അപ്പുക്കുട്ടന്‍ കേട്ടു. അപ്പുക്കുട്ടനെ കണ്ടപാടെ അവള്‍ ആ കണ്ടന്‍ പൂച്ചയുടെ നേര്‍ക്ക് ദേഷ്യത്തോടെ ചാടുന്നതും കണ്ടു. അപ്പുക്കുട്ടനെ കണ്ണുരുട്ടി നോക്കിയ ശേഷം ആ കണ്ടന്‍ പൂച്ച എങ്ങോട്ടോ പാഞ്ഞുപോയി.

ഒരു ദിവസം സ്കൂള്‍ വിട്ടു വരും വഴി അപ്പുക്കുട്ടന്‍ അടുത്ത വീട്ടിലെ മതിലില്‍ ഇരിക്കുന്ന പപ്പിക്കുട്ടിയെ കണ്ടു. ആ വീട്ടിലെ പെണ്‍കുട്ടി അവളെ മടിയില്‍ വച്ചിരിക്കുകയാണ്. പപ്പിക്കുട്ടിയുടെ കഴുത്തിലെ മാലയിലും ചുവന്ന പൊട്ടിലുമൊക്കെ അവള്‍ ‍എന്തൊക്കെയോ ചെയ്യുന്നുമുണ്ട്.

തന്‍റെ പപ്പിക്കുട്ടി....

വീട്ടിലെത്തിയപ്പോള്‍ പപ്പിക്കുട്ടിയതാ അവിടെയുണ്ട്. അവന്‍ ആദ്യമായി അവളെ ഉയര്‍ത്തിയെടുത്ത് രോമം നിറഞ്ഞ ആ മുഖം നോക്കി ഒരുമ്മ കൊടുത്തു. പിന്നെ ഇടയ്ക്കിടെ ഓരോ ഉമ്മ കൊടുക്കാതിരുന്നാലായി അപ്പുക്കുട്ടനു വിഷമം. ഇടയ്ക്കെന്നോ അപ്പുക്കുട്ടന്‍റെ അമ്മ അതു കണ്ടുപിടിച്ചു.

എടാ... പൂച്ചയെ ഉമ്മവയ്ക്കരുത്..വേണ്ടാത്ത അസുഖമൊക്കെ വരും..

പിന്നീട്, പപ്പിക്കുട്ടിയുടെ വയറു വീര്‍ത്തു വരുന്നത് അപ്പുക്കുട്ടന്‍ കണ്ടു. അവളുടെ വയറു നിറയെ പിള്ളേരായിരിക്കും. ഇനിയിപ്പം ഇവിടെ ആകെപ്പാടെ ജഗപൊഗയായിരിക്കും. അപ്പുക്കുട്ടനു സന്തോഷമായി. പപ്പിക്കുട്ടിക്ക് മുട്ട പുഴുങ്ങിയതിന്‍റെ മഞ്ഞയുണ്ണി അപ്പാടെ കൊടുക്കാന്‍ അപ്പുക്കുട്ടന്‍ തീരുമാനിച്ചു. തന്‍റെ പപ്പിക്കുട്ടി ക്ഷീണിക്കരുത് എന്ന് അവനു നിര്‍ബന്ധമായിരുന്നു.

പപ്പിക്കുട്ടിയുടെ വയറു വീര്‍ത്തു വീര്‍ത്തു വലുതായി. ആര്‍ക്കും ഒറ്റനോട്ടത്തില്‍ മനസ്സിലാവും.

ഒരു ദിവസം രാത്രി കാലില്‍ തണുപ്പടിച്ചതിനെത്തുടര്‍ന്ന് അപ്പുക്കുട്ടന്‍ മയക്കം വിട്ടെണീറ്റു. നോക്കുമ്പോള്‍ പപ്പിക്കുട്ടി. ചെറിയ കുറുകലോടെ അവള്‍ അപ്പുക്കുട്ടന്‍റെ കിടക്കയുടെ കോണില്‍ അവന്‍റെ കാലിനോടു ചേര്‍ന്ന് കിടന്നു. അച്ഛന്‍ കണ്ടാല്‍ വഴക്കുപറയും- അപ്പുക്കുട്ടന്‍ ഓര്‍ത്തു. അവന്‍ ഒന്നും മിണ്ടാന്‍ പോയില്ല. അവള്‍ അവിടെ കിടക്കട്ടെ. അപ്പുക്കുട്ടന്‍ രാവിലെ ഉണര്‍ന്നപ്പോള്‍ കാല്‍ ചുവട്ടില്‍ പപ്പിക്കുട്ടിയില്ല. അവന്‍ നേരെ അടുക്കളയിലേക്കു നടന്നു. അതാ കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ പപ്പിക്കുട്ടിയുണ്ട്.

പിന്നീട് എന്നും രാത്രികളില്‍ പപ്പിക്കുട്ടി അപ്പുക്കുട്ടന്‍റെ കട്ടിലിന്നൊരു കോണില്‍ ഉറക്കം പിടിച്ചു തുടങ്ങി. നേരം വെളുത്ത് എല്ലാവരും എണീല്‍ക്കും മുന്‍പേ പപ്പിക്കുട്ടി സ്ഥലം കാലിയാക്കും. അപ്പുക്കുട്ടന് അടി കിട്ടരുതെന്ന് അവള്‍ക്കും നിര്‍ബന്ധമുള്ള പോലെ.

അധിക ദിവസങ്ങള്‍ കഴിഞ്ഞില്ല. പപ്പിക്കുട്ടി പ്രസവിച്ചു.

നാലു കുഞ്ഞുങ്ങള്‍.

കാണാന്‍ അവളെപ്പോലെ തന്നെയിരിക്കുന്നവയാണു മൂന്നും. നാലാമത്തേതിനു മുന്‍പു കണ്ടിട്ടുള്ള വൃത്തികെട്ട കണ്ടന്‍ പൂച്ചയുടെ രൂപം. അപ്പുക്കുട്ടന് അതിനെയൊഴികെ മറ്റു മൂന്നു കുഞ്ഞുങ്ങളെയും ഇഷ്ടമായി. കണ്ണു തുറക്കാന്‍ മൂന്നാല് ആഴ്ചയെടുക്കുമെന്ന് അമ്മ പറയുന്നത് അപ്പുക്കുട്ടന്‍ കേട്ടു.

അമ്മേ, നമ്മുക്ക് ഈ കുഞ്ഞുങ്ങളെയും വളര്‍ത്താം..? അപ്പുക്കുട്ടന്‍ ചോദിച്ചു.

എന്തു വേണമെന്ന് അച്ഛന്‍ തീരുമാനിച്ചോളും. നീ അന്വേഷിക്കേണ്ട- അമ്മയുടെ കനത്തിലുള്ള മറുപടി അപ്പുക്കുട്ടന് ഇഷ്ടമായില്ല.

പിറ്റേന്ന് രാവിലെ അപ്പുക്കുട്ടന്‍ ഉറക്കമെണീറ്റപ്പോള്‍ അമ്മയും അച്ഛനും പറമ്പിലാണ്. രാവിലെ തൂമ്പ കൊണ്ട് അച്ഛന്‍ കുഴിയെടുക്കുന്നു. എന്താണു കാര്യമെന്നറിയാന്‍ അപ്പുക്കുട്ടന്‍ അങ്ങോട്ടുചെന്നു. അവിടെ ഒരു പഴന്തുണിയില്‍ പൊതിഞ്ഞ് പപ്പിക്കുട്ടിയുടെ നാലുകുഞ്ഞുങ്ങളും. കണ്ണു തുറന്നിട്ടില്ല. എന്താണു സംഭവിക്കാന്‍ പോകുന്നതെന്നറിയാത്ത നിലയില്‍.

പപ്പിക്കുട്ടിയെ അവിടെയെങ്ങും കാണാനില്ല.

കുഴിക്ക് അത്യാവശ്യം വലിപ്പമായെന്ന് തോന്നിയപ്പോള്‍ അപ്പുക്കുട്ടന്‍റെ അച്ഛന്‍ കുഴിയെടുക്കുന്നതു നിര്‍ത്തി. പിന്നെ, പഴന്തുണി കൂട്ടി ആ കുഞ്ഞുങ്ങളെയെടുത്ത് ആ കുഴിയിലേക്കിട്ടു.

അയ്യോ അച്ഛാ വേണ്ട...അപ്പുക്കുട്ടന്‍ കരഞ്ഞു.

അച്ഛന്‍ അപ്പുക്കുട്ടനെ കണ്ണുരുട്ടി നോക്കി. അപ്പുക്കുട്ടന്‍ പക്ഷേ കരച്ചില്‍ നിര്‍ത്തിയില്ല. അമ്മ അവനെ അവിടെനിന്നു പിടിച്ചു മാറ്റാന്‍ നോക്കി. പക്ഷേ, അപ്പുക്കുട്ടന്‍ മാറിയില്ല.

അച്ഛന്‍ ഒരു വലിയ കല്ലെടുത്ത് ആ പഴന്തുണിക്കൂട്ടത്തിന്‍റെ മുകളിലേക്കിട്ടു. അപ്പുക്കുട്ടന്‍റെ കരച്ചില്‍ നിലച്ചു. എല്ലാം നഷ്ടപ്പെട്ടു ശരീരം തളര്‍ന്ന് അവന്‍ അവിടെ കുത്തിയിരുന്നു.

അപ്പോഴേയ്ക്കും അപ്പുക്കുട്ടന്‍റെ അച്ഛന്‍ ആ കുഴി മൂടിക്കഴിഞ്ഞിരുന്നു.

അപ്പുക്കുട്ടന് അപ്പോളും അവിടെനിന്ന് എവുന്നേല്‍ക്കാന്‍ തോന്നിയില്ല.

എടാ, പൂച്ച ഒന്നു മതി വീട്ടില്‍. ഒരുപാട് എണ്ണമായാല്‍ വല്യ ശല്യമാ..

അച്ഛന്‍റെ വിശദീകരണം അപ്പുക്കുട്ടന്‍റെ സങ്കടത്തിന്‍മേല്‍ മുളകുപുരട്ടി. അപ്പുക്കുട്ടന്‍ തിരികെ വീട്ടിലേക്കു നടന്നു. പപ്പിക്കുട്ടിയെ അന്വേഷിച്ച് അവന്‍റെ കണ്ണോടി. അടുക്കളയില്‍ അമ്മ കൊടുത്ത പാലുകുടിക്കുകയാണ് അവള്‍. കുടിച്ചു കഴിഞ്ഞ് തന്‍റെ കുഞ്ഞുങ്ങള്‍ക്കായി പാലു ചുരത്താന്‍ അവള്‍ ഇപ്പോള്‍ ആ കാര്‍ഡ് ബോര്‍ഡ് പെട്ടിയ്ക്കരികിലേക്കു പോവും....

അപ്പുക്കുട്ടന്‍ വേഗം മുറിയില്‍ കയറി വാതിലടച്ചു. കുറച്ചുകഴിഞ്ഞ് പപ്പിക്കുട്ടിയുടെ നീളത്തിലുള്ള കരച്ചില്‍ അപ്പുക്കുട്ടന്‍ കേട്ടു. അമ്മ എന്തൊക്കെയോ പറയുന്നതും അവന്‍ കേട്ടു. അവന്‍ പുറത്തേക്കിറങ്ങിയില്ല. അല്‍പം കഴിഞ്ഞപ്പോള്‍ വീടിന്‍റെ മച്ചിന്‍മുകളില്‍നിന്ന് അവളുടെ കരച്ചില്‍ അവന്‍ വീണ്ടും കേട്ടു. കുഞ്ഞുങ്ങളെ അന്വേഷിച്ചു നടക്കുകയാണവള്‍.

തലയിണ കെട്ടിപ്പിടിച്ചു കിടന്ന് അപ്പുക്കുട്ടന്‍ ഏറെ നേരം കരഞ്ഞു. ഇടയ്ക്കെപ്പോളോ ഇടക്കതക് ചാടി പപ്പിക്കുട്ടി അപ്പുക്കുട്ടന്‍റെ അരികിലുമെത്തി. അവന്‍ കിടക്കുന്ന കിടക്കയുടെ നാലുകോണിലും അവള്‍ തിരഞ്ഞു. അപ്പുക്കുട്ടനു വേദനയുണ്ടാക്കാത്ത വിധം കാലില്‍ കടിച്ചു...

എന്‍റെ കുട്ടികളെവിടെ? അവളുടെ ചോദ്യമതായിരിക്കുമെന്ന് അപ്പുക്കുട്ടന് അറിയാമായിരുന്നു. അവള്‍ക്കു നേരെ നോക്കാന്‍ പോലും ധൈര്യമില്ലാതെ അപ്പുക്കുട്ടന്‍ ആ മുറി വിട്ട് പുറത്തിറങ്ങി.

അന്നു സ്കുളില്‍ പഠിപ്പിച്ചതൊന്നും അപ്പുക്കുട്ടന്‍ കേട്ടില്ല. യാന്ത്രികമായി വൈകുന്നേരം വരെ സ്കൂളിലിരുന്ന അവന്‍ വൈകുന്നേരത്തെ ഫുട്ബോള്‍ കളിക്കു പോലും നില്‍ക്കാതെ നേരെ വീട്ടിലേക്കു നടന്നു.

വീടിനു മുന്‍പിലെത്തിയപ്പോള്‍ അതാ അമ്മ.

അപ്പുക്കുട്ടന്‍റെ നേര്‍ക്ക് അമ്മ വിഷാദഭാവത്തോടെ നോക്കി. ആ നോട്ടത്തിന്‍റെയര്‍ഥം അപ്പുക്കുട്ടനു പിടികിട്ടിയില്ല. അവന്‍ പുസ്തകം വച്ചശേഷം നേരെ ചായ്പിലേക്കു നടന്നു.

കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍ പപ്പിക്കുട്ടിയുണ്ട്. അവള്‍ ഉറങ്ങുകയാണ്.

അപ്പുക്കുട്ടന്‍ രണ്ടു കൈകൊണ്ടും അവളെ ഉയര്‍ത്തിയെടുക്കാന്‍ തുനിഞ്ഞു. ഒരു നിമിഷം, അപ്പുക്കുട്ടന്‍ ഞെട്ടി പിന്‍മാറി. പപ്പിക്കുട്ടിയുടെ കൈകാലുകള്‍ മരച്ചിരിക്കുന്നു. തന്നെത്തന്നെ തുറിച്ചുനോല്‍ക്കുന്ന കണ്ണുകള്‍. ചെവിയില്‍ അവിടവിടെയായി വട്ടംകൂടിയ ഉറുമ്പുകള്‍....

അപ്പുക്കുട്ടന്‍.......

അവന്‍റെ കൊച്ചു മനസ്സു പിടച്ചു.

തൊട്ടരികില്‍ അമ്മ. അവന്‍ അമ്മയുടെ നേര്‍ക്കു നോക്കി.

അമ്മയുടെ കണ്‍കോണുകളില്‍ രണ്ടു തുള്ളി കണ്ണീര്‍ ഇറ്റുവീഴാന്‍ അവന്‍റെ അനുവാദം ചോദിച്ച് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

17 comments:

SUNISH THOMAS said...

എനിക്ക് ആക്ഷേപഹാസ്യം മാത്രമല്ല എഴുതാന്‍ അറിയാവുന്നത് എന്നെനിക്കു തന്നെ ബോധ്യമാവാന്‍ ഒരു പോസ്റ്റ്.

ടി. പദ്മനാഭന്‍റെ ശേഖൂട്ടിയാണു പ്രചോദനം. പ്രചോദനം മാത്രം. കഥ എന്‍റെ സ്വന്തം.

കുറുമാന്‍ said...

സുനീഷേ, ഇത് കൊള്ളാം നന്നായിട്ടുണ്ട്. അപ്പോ വിത്യസ്ഥമായ വിഷയങ്ങളില്‍ കൈവച്ച് വിജയിപ്പിക്കാനുള്ള കഴിവ് ജന്മ സിദ്ധം ആണല്ലെ. ഭാവുകങ്ങള്‍. പാവം പപ്പികുട്ടി.

Anonymous said...

മുടിഞ്ഞ നീളം.. പിന്നെ, വെറുതെ മനുഷ്യന്റെ സമാധാനം കളയാന്‍ ഓരോ കഥകള്. ചുമ്മാ വല്ല കള്ളുകുടിയന്മാരേടം പരാജയപ്പെട്ട കാമുകന്മാരുടേം കഥ എഴുതിക്കോണം. എനിക്കൊന്നും പറയാനില്ല. കഥ ഗംഭീരം തന്നെ. പക്ഷെ ഇങ്ങനത്തെ കഥകള്‍ എനിക്കിഷ്ടമല്ല.

Mr. K# said...

ബെര്‍ളി പറഞ്ഞതെല്ലാം ഒന്നു കൂടി പറഞ്ഞിരിക്കുന്നു.

Mr. K# said...

ഇവിടെ ഒരു അഴിച്ചു പണി നടന്നിട്ടുണ്ടല്ലോ :-)

സാജന്‍| SAJAN said...

സുനീഷിന്റെ കഥകളില്‍ വച്ചേറ്റവും ഇഷ്ടപ്പെട്ടത്:)
qw_er_ty

SUNISH THOMAS said...

ഹലോ... ഹലോ....
മലയാള മൊഴി ടെസ്റ്റിങ്... ടെസ്റ്റിങ്....

കേട്ടാല്‍ ആരേലും ഒന്നു തിരിച്ചു കമന്‍റണേ...

SUNISH THOMAS said...

ഗഡികളേ...
ഒരു നല്ല കഥയെഴുതാനും ആരും സമ്മതിക്കില്ല അല്ലേ? എങ്കില്‍ അടുത്ത കഥ ബെര്‍ളി പറഞ്ഞമാതിരിയുള്ളതായിരിക്കും. വെറുതെ എന്നെ വാശിപിടിപ്പിക്കരുത്...!1

SUNISH THOMAS said...

test. is it dere in marumozhi?

plz reply here...

sunish

Unknown said...

സൂപ്പര്‍ കഥ എന്ന് പറഞ്ഞാല്‍ ഈ പഹയന്‍ ഈ സൈസ് കഥ ഇനിയും എഴുതിയാലോ എന്നാ പേടി. ബെര്‍ളി പറഞ്ഞത് വായിച്ചല്ലോ? നമ്മള്‍ക്ക് കള്ളുകുടിയന്മാരുടെ കഥയൊക്കെയായി ജോളിയായി പോകാമെന്നേ. ഇത് വല്ലാത്ത ഒരു നീറല്‍ അവശേഷിപ്പിക്കുന്നു.

ചേര്‍ത്തലക്കാരന്‍ said...

Suneeshe
Kollam, nalla kadha. Ithrakkum kazhivundennu vicharichilla.

Suneeshinte ee kadhayil mathram kallu shappu kandilla, maha bhagyam

Unknown said...

Sunish
Is it your own experience???

കൊച്ചുത്രേസ്യ said...

എന്തിത്!! നദി ഗതി മാറി ഒഴുകുന്നോ!!
ഈ കഥ കുഴപ്പമൊന്നുമില്ല..എഴുതാനറിയും എന്നു ഞാന്‍സര്‍ട്ടിഫൈ ചെയ്തിരിക്കുന്നു.

എന്നാലും പഴയ തല്ലുകൊള്ളിപോസ്റ്റുകള്‍ അങ്ങു മുഴുവനായും വിട്ടുകളയണ്ട കേട്ടോ..

Unknown said...

nalla katha kannu niranju poyi...

Unknown said...

nalla katha kannu niranju..manasum..

oru pazhaya orma said...

Good..

സുധി അറയ്ക്കൽ said...

തമാശക്കഥ പ്രതീക്ഷിച്ചെങ്കിലും വായന മോശമായില്ല.സങ്കടം വന്നുപോയി.

Powered By Blogger