പ്രിയപ്പെട്ട നാട്ടുകാരെ,
വി. സെബസ്ത്യാനോസിന്‍റെ തിരുനാളിനോട് അനുബന്ധിച്ച്, കെസിവൈഎം ഭരണങ്ങാനം യൂണിറ്റ് സംഘടിപ്പിക്കുന്ന ടാബ്ളോ മല്‍സരം ഏതാനും നിമിഷങ്ങള്‍ക്കകം ഈ രാജവീഥികളെ ധന്യമാക്കി കടന്നുവരികയാണ്. അമ്പാറ കുരിശുപള്ളി ജങ്ഷനില്‍നിന്നാരംഭിക്കുന്ന ടാബ്ളോ മേരിഗിരി ജങ്ഷനില്‍ അവസാനിക്കുന്നതാണ്. ഈ കലാവിരുന്നുകാണാന്‍ ഈ നാട്ടിലെ എല്ലാ കലാസ്നേഹികളെയും ഞങ്ങള്‍ സ്നേഹപൂര്‍വം ഭരണങ്ങാനത്തേക്കു സ്വാഗതം ചെയ്തുകൊള്ളുന്നു.........
കോളമ്പി കെട്ടിയ ഓട്ടോറിക്ഷകളിലൊന്ന് ഭരണങ്ങാനം ടൗണിലൂടെ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരുന്നു. ടാബ്ളോ മല്‍സരം കാണാന്‍ ഭരണങ്ങാനത്തെ പൗരപ്രമുഖരും അവരുടെ ഭാര്യപ്രമുഖരും പൗരക്കുഞ്ഞുങ്ങളും റോഡിനിരുവശത്തുമായി നില്‍പ്പുറപ്പിച്ചു. ഭരണങ്ങാനത്തു വല്ലപ്പോഴും മാത്രം കണ്ടുകിട്ടുന്നയത്ര പുരുഷാരവും സ്ത്രീയാരവും.
സംഘാടകരായ കെസിവൈഎമ്മുമാര്‍ ബാഡ്ജുകുത്തി, ബൈക്കില്‍ കയറി നാലുപാടും വെറുതെ പറന്നുകൊണ്ടിരുന്നു. റോക്കറ്റ് വിക്ഷേപണത്തിനു മുന്‍പ് എല്ലാം ഒകെയല്ലേ എന്നുനോക്കുന്ന കൊടികെട്ടിയ സയന്‍റിസ്റ്റുകളെപ്പോലെ ഡയറക്ടറച്ചന്‍, ഫ്ളാഗ് ഓഫ് ചെയ്യാനുള്ള കൊടിയില്‍ മുറക്കെപ്പിടിച്ച് പള്ളിമുറ്റത്തുകൂടെ ഉലാത്തിക്കൊണ്ടിരുന്നു.
ഈ സമയത്ത്, ഭരണങ്ങാനം കുരിശുപള്ളി ജങ്ഷനിലെ അമ്പാറ ഷാപ്പില്‍ കച്ചവടം പൊടിപൊടിക്കുകയായിരുന്നു. ടാബ്ളോ മല്‍സരം തുടങ്ങുന്നിടത്തുതന്നെ കാണാന്‍ എത്തിയ വലിയൊരു കുടിയാരം ഷാപ്പിലുണ്ടായിരുന്നു. കൂടാതെ, ടാബ്ളോയില്‍ പങ്കെടുക്കുന്നവരെ ഒരുക്കാനും മെരുക്കാനുമായി വന്നവരും അവിടുത്തെ കാലുറയ്ക്കാത്ത ബഞ്ചുകളില്‍ നേരത്തെ തന്നെ സ്ഥാനം പിടിച്ചിരുന്നു.
ഉച്ചവെയില്‍ ഉച്ചിവിട്ടിറങ്ങുന്ന നേരമായതോടെ, സ്റ്റാര്‍ട്ടിങ് പോയിന്‍റില്‍ അനൗണ്‍സ്മെന്റ് മുഴങ്ങി.
ടാബ്ളോ മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ എത്രയും വേഗം ഈ മൈക്ക് പോയിന്‍റില്‍ റിപ്പോര്‍ട്ടു ചെയ്യേണ്ടതാണ്.....
കര്‍ത്താവിന്‍റെ കാല്‍വരി മരണം ചിത്രീകരിക്കുന്ന ടാബ്ളോയിലെ യേശുക്രിസ്തു ആ സമയത്ത് അമ്പാറ ഷാപ്പിലെ കള്ളുചാറയ്ക്കടുത്ത് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ആരെങ്കിലുമൊന്നു സഹായിക്കണേ എന്ന ഷേപ്പില്‍ കുത്തിയിരിക്കുകയായിരുന്നു.
മഗ്ദലനമറിയവും കുന്തക്കാരും റെഡിയായിട്ടും കുരിശു വേക്കന്‍റായി കിടക്കുന്നതു കണ്ട സംഘാടകര്‍ യേശുക്രിസ്തുവിനായി അന്വേഷണം തുടങ്ങി.
ശ്രീ യേശുക്രിസ്തു ഇവിടെ എവിടെയെങ്കിലുമുണ്ടെങ്കില്‍ ഉടന്‍ ഈ കുരിശിന്‍റെ ചോട്ടിലെത്തണം. ആണിയടിക്കാന്‍ ആശാരി വെയ്റ്റു ചെയ്യുന്നു....
ഇതുവരെ തന്‍റെയൊപ്പമുണ്ടായിരുന്ന പന്ത്രണ്ടു ശിഷ്യന്മാരും ഒരുമിച്ചു തന്നെ ഒറ്റിക്കൊടുത്തല്ലോ എന്നോര്‍ത്ത് യേശുക്രിസ്തു ഷാപ്പിലിരുന്നു ഞെരങ്ങി.
ആ സമയത്ത്, മുടിയനായ പുത്രന്‍ എന്ന ടാബ്ളോയുടെ അണിയറക്കാരും അന്വേഷണത്തിലായിരുന്നു. മുടിയനായ പുത്രന്‍റെ തിരിച്ചുവരവും പുത്രക്ഷേമതല്‍പരനും സര്‍വോപരി സല്‍സ്വഭാവിയും നന്‍മനിറഞ്ഞവനുമായ പിതാവിന്‍റെ സ്നേഹത്തോടെയുള്ള സ്വീകരണവുമാണു ടാബ്ളോ. ധനികയനായ പിതാവ്, ധനികനായ പിതാവിന്‍റെ ഭാര്യ, മുടിയനായ പുത്രന്‍, മുടിയനായ പുത്രന്‍റെ ഭാര്യ എന്നിവരായിരുന്നു വേഷക്കാര്‍.
ധനികനായ പിതാവായി വേഷമിടുന്നതു സെമിനാരിയില്‍ പത്തുകൊല്ലം പഠിച്ച്, അച്ചന്‍ പട്ടത്തിനു തലേന്നു മതിലുചാടി വീട്ടിലെത്തിയ ചാക്കോച്ചേട്ടന്‍. അറിയപ്പെടുന്ന നാടകനടന്‍കൂടിയായ ചാക്കോച്ചേട്ടന്‍ മേക്കപ്പിട്ടു റെഡിയായിക്കഴിഞ്ഞു. മുടിയനായ പുത്രനായി വേഷമിടുന്നത് ചാക്കോച്ചേട്ടന്‍റെ തന്നെ പ്രിയസന്താനം അവിരാക്കുട്ടി. ധനികനായ പിതാവിന്‍റെ ഭാര്യയായി വേഷമിടുന്നത് ചാക്കോച്ചേട്ടന്‍റെ വീട്ടിലെ വെട്ടുകാരനായ പൊന്നപ്പന്‍. മുടിയനായ പുത്രന്‍റെ ഭാര്യയായി വേഷമിടുന്നതു ചാക്കോച്ചേട്ടന്‍റെ വീട്ടിലെ കറവക്കാരന്‍ കുട്ടന്‍.
ധനികനായ പിതാവിന്‍റെ ഭാര്യയും മുടിയനായ പുത്രന്‍റെ ഭാര്യയും റെഡിയായിക്കഴിഞ്ഞു. മുടിയനായ പുത്രനും ധനികനായ പിതാവും റെഡിയായിക്കഴിഞ്ഞു. അവര്‍ക്കു സഞ്ചരിക്കേണ്ട ടാബ്ളോ വാഹനമായ ടാറ്റാ 407 ലോറിയും റെഡിയായിക്കഴിഞ്ഞു.
എല്ലാം റെഡിയായിക്കഴിഞ്ഞപ്പോള്‍ സംഘാടകര്‍ പറഞ്ഞു,
റെഡിയായി തുടരട്ടെ, അരമണിക്കൂര്‍കൂടി കഴിഞ്ഞേ പരിപാടി തുടങ്ങൂ.....
ആ അരണിക്കൂര്‍ വല്ലാത്തൊരു പ്രലോഭനമായിരുന്നു. തൊട്ടടുത്തു കുരിശുപള്ളി. അതിന്നടുത്ത് കള്ളുഷാപ്പ്. ധനികനായ പിതാവിന്‍റെ ധനികയായ ഭാര്യയും മുടിയനായ പുത്രന്‍റെ സുന്ദരിയായ ഭാര്യയും പ്രലോഭനത്തിന്‍റെ വിളി കേട്ടു. ചട്ടയും മുണ്ടും കുണുക്കുമിട്ട ധനികയായ ഭാര്യ. കസവുസാരിയണിഞ്ഞു മുടിയനായ പുത്രന്‍റെ ഭാര്യ....
പുറത്ത് അവരങ്ങനെയായിരുന്നെങ്കിലും അകത്ത് അവരുടെ പഴയ പൊന്നപ്പനും കുട്ടനും തന്നെയായിരുന്നു. പ്രലോഭനത്തിന്‍റെ വിളി തങ്ങളെ വിട്ടുപിരിയാതെ ചുറ്റിക്കറങ്ങുന്നതു സഹിക്കാതെ വന്നപ്പോള്‍, ധനികനായ പിതാവിന്‍റെ ധനികയായ ഭാര്യ മുടിയനായ പുത്രന്‍റെ സുന്ദരിയായ ഭാര്യയോടു പറഞ്ഞു-
എടാ, വാ...വേഗം ഷാപ്പില്‍ വരെ ഒന്നു കേറീട്ടുവരാം. പരിപാടി കഴിഞ്ഞുവരുമ്പോള്‍ ഒന്നും കിട്ടുമെന്നു തോന്നുന്നില്ല. അമ്മാതിരിയാ ഓരോരുത്തന്‍മാരു കേറ്റിക്കോണ്ടിരിക്കുന്നത്.
മേയ്ക്കപ്പുകാരന്‍ മേസ്തിരി കുട്ടപ്പന്‍ ചേട്ടന്‍ കാണാതെ, ധനികനായ പിതാവു കാണാതെ, മുടിയനായ പുത്രന്‍ കാണാതെ രണ്ടു ഭാര്യമാരും പതിയെ ടാബ്ളോവണ്ടിക്കരുകില്‍നിന്നു സ്കൂട്ടി.
യാത്ര തുടങ്ങാന്‍ റെഡിയായി നില്‍ക്കുകയായിരുന്ന മറ്റു ടാബ്ളോക്കാരുടെ ഇടിയിലൂടെയായിരുന്നു അവരുടെ യാത്ര. മേയ്ക്കപ്പുകാരന്‍, മേസ്തിരി കുട്ടപ്പന്‍ ചേട്ടന്‍റെ കൈപ്പുണ്യത്തെ കുറ്റം പറയരുതല്ലോ..പ്രായമായ ഒരു ചേട്ടത്തിയും ഇളംപ്രായത്തിലുള്ള ഒരുയുവതിയും നടന്നുവരുന്നതു കണ്ടു പലരും വഴിമാറിക്കൊടുത്തു.
ഏദന്‍ തോട്ടത്തില്‍ പഴം തിന്നുകൊണ്ടിരുന്ന ആദത്തിന് പഴം തിന്നതുകൊണ്ടോ ചേട്ടത്തിയെയും കൂടെയുള്ള പെണ്‍കിടാവിനെയും കണ്ടതു കൊണ്ടോ എന്നറിയില്ല ജീവിതത്തിലാദ്യമായി നാണം തോന്നി.
ലോറിയുടെ പ്ളാറ്റ് ഫോമില്‍ ഒളിച്ച ആദം ആദ്യമായി ഹവ്വായോടു പറഞ്ഞു.
എനിക്കു പറ്റില്ല, ആദമാകാന്‍.......
പിന്നെ തനിക്കെന്തു പറ്റും? - ഹവ്വാ തിരിച്ചടിച്ചു...
തുണിയുടുക്കാത്ത വേഷം കെട്ടാന്‍ എനിക്കു നാണമാകുന്നു. ഞാന്‍ പഴം തരുന്ന സീനിലെ പാമ്പായിക്കൊള്ളാം....
ഉവ്വ. എനിക്കു മനസ്സിലായി. എന്നാല്‍ വേഗം ഷാപ്പിലോട്ടു ചെല്ല്. പെട്ടെന്നു പാമ്പായിക്കിട്ടും. ബാക്കിയുള്ളോന്‍ ഇവിടെ കടിച്ചുപിടിച്ചു നില്‍ക്കുവാ...അപ്പോഴാ അവന്‍റെയൊരു പാമ്പുപ്രേമം... വലിച്ചുകൊണ്ടിരുന്ന കാജാബീഡി വലിച്ചെറിഞ്ഞു ഹവ്വാ ധര്‍മസങ്കടം വെളിപ്പെടുത്തി.
അപ്പോഴേയ്ക്കും ധനികയായ ഭാര്യയും സുന്ദരിയായ ഭാര്യയും അമ്പാറ ഷാപ്പിന്‍റെ പിന്‍ഭാഗത്ത് എത്തിയിരുന്നു. ധനികയായ ഭാര്യ സുന്ദരിയായ ഭാര്യയോടു പറഞ്ഞു.-
നീയിവിടെ നില്‍ക്ക്, ഞാന്‍ മേടിച്ചോണ്ടു വരാം.....!!!
അതുശരിയാണെന്നു സുന്ദരിയായ ഭാര്യയ്ക്കും തോന്നി.
ധനികയായ ഭാര്യ രണ്ടും കല്‍പിച്ചു പിന്‍വാതിലിലൂടെ ഷാപ്പിലേക്ക് കാലെടുത്തുവച്ചു. അപ്പോള്‍ അവിടെ കണ്ട കാഴ്ച അങ്ങേയറ്റം ഭയാനകമായിരുന്നു. ഒറ്റയെണ്ണത്തിനും വെളിവ് എന്നതിന്‍റെ ആദ്യക്ഷരം പോലുമില്ലെന്ന് ധനികയായ ഭാര്യക്കു പിടികിട്ടി.
ശബ്ദമുണ്ടാക്കാതെ, ധനികയായ ഭാര്യ തന്‍റെ പതിവുസീറ്റായ കള്ളുചാറയ്ക്കടുത്തേക്കു നീങ്ങി.
അപ്പോഴാണ്, ചട്ടയും മുണ്ടുമുടുത്ത ഒരു രൂപത്തെ കുടിയന്‍മാരിലൊരാള്‍ കാണുന്നത്. കണ്ണടച്ചു തുറന്ന്, ഒന്നുകൂടി ആഞ്ഞുനോക്കിയ കുടിയനു തെറ്റിയില്ല.
ആരെയോ അന്വേഷിച്ചു വന്നതായിരിക്കും.... അദ്ദേഹം കരുതി!!
ആരുടെയെങ്കിലും അമ്മച്ചിയാണാടോ ഇത്? ദാണ്ടേ, ആരാണ്ടെയോ അന്വേഷിച്ച് ഒരു പാവം അമ്മച്ചി ഈ ഷാപ്പില്‍ വന്നുനില്‍ക്കുന്നു. ഈ അമ്മച്ചിയുടെ മക്കളാരുമില്ലേ ഇവിടെ????
അമ്മച്ചിയോ...എവിടെ?
അകത്തുനിന്നും സീമന്തപുത്രന്മാരിലൊരാള്‍ ഇഴഞ്ഞിഴഞ്ഞു പുറത്തേക്കുവന്നു.
അയ്യോ ഇതെന്‍റെ അമ്മച്ചിയാ...പെരുന്നാള്‍ കുര്‍ബാന കൂടാന്‍ ഞാന്‍ പള്ളീലാക്കിച്ചും പോന്നതാ... കുര്‍ബാന കഴിഞ്ഞോ അമ്മച്ചി?
ധനികയായ ഭാര്യ ഞെട്ടി. ഒന്നും സംസാരിക്കാതെ നില്‍ക്കുകയാണു ബുദ്ധിയെന്ന് ധനികയായ ഭാര്യക്കു പിടികിട്ടി.
ധനികയായ ഭാര്യ സീമന്തനു നേരെ തലയാട്ടി.
അമ്മച്ചിക്കും കള്ളു വേണേല്‍ പറഞ്ഞാല്‍ പോരാരുന്നോ? ഞാന്‍ വീട്ടിക്കൊണ്ടെ തന്നേനെ....
എടാ അന്ത്രപ്പാ...കൊടെടാ എന്‍റെമ്മച്ചിക്ക് രണ്ടുകുപ്പി തെങ്ങ്!!!
കൈക്കാശു കൊടുക്കാതെ കള്ളുകിട്ടുമല്ലോയെന്നോര്‍ത്തപ്പോള്‍ സ്ഥിരമായി ഈ വേഷമിട്ടാലോ എന്നും ധനികയായ ഭാര്യ ആലോചിച്ചു.
സീമന്തന്‍റെ അമ്മച്ചിക്കു ഫ്രീയായി കള്ളുകിട്ടിക്കൊണ്ടിരുന്നു. വന്നവരും പോയവരും അമ്മച്ചിക്ക് ഒരു ഗ്ളാസ്, രണ്ടുഗ്ളാസ്, ഒരു കുപ്പി എന്ന തോതില്‍ കള്ളു വാങ്ങിക്കൊടുത്തുകൊണ്ടിരുന്നു. ഇടയ്ക്ക് അമ്മച്ചി മുടിയനായ പുതന്‍റെ സുന്ദരിയായ ഭാര്യയെക്കുറിച്ചോര്‍ക്കും.
ഒതുക്കത്തില്‍ ഷാപ്പില്‍നിന്നിറങ്ങി സുന്ദരിയായ ഭാര്യക്കും അമ്മച്ചി കള്ളെത്തിച്ചുകൊണ്ടിരുന്നു. അങ്ങനെ, ധനികയായ ഭാര്യയും സുന്ദരിയായ ഭാര്യയയും പതിയെപ്പതിയെ പൂസായിക്കൊണ്ടിരുന്നു. കാലുനിലത്തുറയ്ക്കാതെ ധനികയായ അമ്മച്ചി ബാലന്‍സിനു ചട്ടയില്‍ മുറക്കെപ്പിടിച്ചു. സുന്ദരിയായ ഭാര്യ സാരി മടക്കിക്കുത്താന്‍ സംവിധാനമുണ്ടോ എന്നാലോചിച്ചുകൊണ്ടിരുന്നു....
ആസമയം സ്റ്റാര്‍ട്ടിങ് പോയിന്‍റില്‍ ധനികനായ പിതാവ്, അഥവാ ചാക്കോച്ചട്ടന്‍ തന്‍റെ ഭാര്യയെയും മരുമകളെയും അന്വേഷിച്ചുള്ള പരക്കം പാച്ചിലിലായിരുന്നു. രണ്ടുപേരെയും കാണാനില്ല. ടാബ്ളോ തുടങ്ങാന്‍ സമയമാവുകയും ചെയ്തു.
രണ്ടുപേരുമെവിടെപ്പോയി?
അന്വേഷണങ്ങള്‍ക്കിടെ മുടിയനായ പുത്രനാണ് അക്കാര്യം പറഞ്ഞത്- നമുക്കു ഷാപ്പിലൊന്നു നോക്കിയാലോ ചാച്ചാ???
കള്ളുകുടി ശീലമില്ലാത്ത ധനികനായ പിതാവ് ഒടുക്കം അതിനു തയ്യാറായി. മുടിയനായ പുത്രനെ അങ്ങോട്ടു പറഞ്ഞുവിടാന്‍ അദ്ദേഹം തയ്യാറായില്ല. പകരം, ഒറ്റയ്ക്കു ഷാപ്പിലെത്തിയ അദ്ദേഹം കണ്ട കാഴ്ച അതിഭീകരമായിരുന്നു. തന്‍റെ ഭാര്യയ്ക്കു ചുറ്റും, അഥവാ വെട്ടുകാരന്‍ പൊന്നപ്പനു ചുറ്റും കുടിയന്‍മാര്‍ നൃത്തം വയ്ക്കുന്നു. കാലുറയ്ക്കാത്ത താളത്തില്‍ അവരെ പ്രോല്‍സാഹിപ്പിച്ചുകൊണ്ട് ധനികയായ ഭാര്യ.....
ധനികനായ പിതാവിന്‍റെ വേഷത്തിലും ചാക്കോച്ചേട്ടനു ദേഷ്യമിരച്ചു കയറി..
എടീ...... അദ്ദേഹമലറി!!!
ഷാപ്പുഞടുങ്ങി. ധനികയായ ഭാര്യ ഞടുങ്ങി.
ദേണ്ടെ നില്‍ക്കുന്നു അമ്മച്ചിയുടെ കെട്ടിയോന്‍!! അമ്മച്ചി രണ്ടെണ്ണം വീശിയതു അങ്ങേര്‍ക്കിഷ്ടമായില്ലെന്നു തോന്നുന്നു. - ആരോ അങ്ങനെ പറഞ്ഞു.
എവിടെടീ മറ്റവള്‍? - ചാക്കോച്ചേട്ടനു വീണ്ടും നാക്കുപിഴച്ചു. അദ്ദേഹമുദ്ദേശിച്ചത് മുടിയനായ പുതന്‍റെ ഭാര്യയായി വേഷമിടുന്ന കറവക്കാരന്‍ കുട്ടനെയായിരുന്നെങ്കിലും നാക്കുപോയത് അങ്ങനെയായിരുന്നില്ല.
ധനികയായ ഭാര്യയും തന്‍രെ ഒപ്പമുണ്ടായിരുന്ന മരുമോളെക്കുറിച്ച് ഓര്‍ത്തത് അപ്പോളായിരുന്നു.
അവര്‍ ഷാപ്പിന്‍റെ പിന്‍ഭാഗത്തേക്കു നടന്നു. ആ മറ്റവള്‍ ആരെന്നറിയാനുള്ള ആകാംക്ഷയോടെ മറ്റു കുടിയന്‍മാരും.
അവിടെ, ഒരു തെങ്ങിന്‍തൈയില്‍ പിടിച്ചിരുന്നു മുടിയനായ പുത്രന്‍റെ സുന്ദരിയായ ഭാര്യ സുന്ദരമായി ഛര്‍ദിക്കുകയായിരുന്നു.
അയ്യോ, ഇങ്ങനെയൊന്ന് ഇവിടെയുണ്ടായിരുന്നോ? അമ്മച്ചി കൊള്ളാമല്ലോ. എന്നിട്ടെന്താ ഞങ്ങളോടു പറയാതിരുന്നത്? - കുടിയന്‍സിലാരോ ഒരാള്‍ വീണ്ടും ചോദിച്ചു.
ഓ കൊച്ചിനു വയറ്റിലുണ്ടെന്നു തോന്നുന്നു. അതാ ഓക്കാനിക്കുന്നത്- വേറെ ആരോ വാല്യു ആഡ് ചെയ്തു.
ചാക്കോച്ചേട്ടന്‍ അയാളെ രൂക്ഷമായൊന്നു നോക്കി.
സ്വന്തം ഭാര്യയെയും മകന്‍റെ ഭാര്യയെയും ഒരു വിധം താങ്ങിപ്പിടിച്ച് ധനികനായ പിതാവായ ചാക്കോച്ചേട്ടന്‍ ഒരുവിധത്തില്‍ ടാബ്ളോ വണ്ടിക്കരികിലെത്തി.
കഷ്ടപ്പെട്ട്, രണ്ടുമൂന്നുപേരുടെ സഹായത്തോടെ, ധനികയായ ഭാര്യയെയും സുന്ദരിയായ ഭാര്യയെയും ഒരുവിധം ടാബ്ളോ പ്ളോട്ടിലേക്ക് എടുത്തുകയറ്റി.
ഒരു വീടിന്‍റെ മുന്‍വശമാണു പ്ളോട്ട്. മടങ്ങിയെത്തുന്ന മുടിയനായ പുത്രനെ സ്വീകരിക്കുന്ന പിതാവ്, തൊട്ടരികില്‍ ആനന്ദാശ്രുക്കളോടെ ധനികനായ പിതാവിന്‍റെ ഭാര്യ, മടങ്ങിയെത്തിയ പ്രിയതമനെ നോക്കി കണ്ണീരില്‍ കുതിര്‍ന്ന് സുന്ദരിയായ ഭാര്യ- ഇതായിരുന്നു പ്ളാന്‍.
അമ്പാറഷാപ്പിലെ കള്ള് ഉള്ളില്‍ തിളയ്ക്കുന്നതിനാല്‍ രംഗം മോശമായി.
അവിടുള്ള കസേരയില്‍ സുന്ദരിയായ ഭാര്യയെ ഒരുവിധം പിടിച്ചിരുത്തി.
വാളുവച്ചുതീരാത്തതിന്‍റെ വിമ്മിട്ടത്തോടെ സുന്ദരിയായ ഭാര്യയുടെ തല ഒരുവശത്തേക്കു ചെരിഞ്ഞു.
ഓസിനു കിട്ടിയതെല്ലാം തുള്ളിവിടാതെ അകത്താക്കിയതിനാല്‍ ധനികയായ ഭാര്യയുടെ കാലുനിലത്തുറയ്ക്കുന്നില്ലായിരുന്നു.
ടാബ്ളോ തുടങ്ങി. വണ്ടി പതിയെ നീങ്ങിത്തുടങ്ങി.
കഥാപാത്രങ്ങള്‍ അനങ്ങാതെ നില്‍ക്കണമെന്നായിരുന്നു നിയമം. പക്ഷേ, എത്ര ശ്രമിച്ചിട്ടും, ധനികയായ ഭാര്യക്ക് ബാലന്‍സ് കിട്ടിയില്ല. അവര്‍, വണ്ടിയുടെ പ്ളാറ്റ് ഫോം അളന്നു നാലുദിക്കും ആടിയാടി നടന്നുകൊണ്ടിരുന്നു.
വണ്ടി ജനലക്ഷങ്ങള്‍ കാത്തുനില്‍ക്കുന്ന ഭരണങ്ങാനം ടൗണിലെത്തി.
ചാക്കോച്ചേട്ടന്‍റെ ദയനീയാവസ്ഥ കണ്ടു ജനത്തിനു ചിരിപൊട്ടി. എന്തു ചെയ്യണമെന്നറിയാതെ മിഴുങ്ങസ്യാ നില്‍ക്കുന്ന മകന്‍.
ധനികനായ പിതാവിന്‍റെ ഭാര്യ വീടിന്‍റെ മുറ്റം അഥവാ വണ്ടിയുടെ പ്ളാറ്റ് ഫോമിലൂടെ എമ്പാടും ആടിയാടി നടന്നുകൊണ്ടിരുന്നു. ഇടയ്ക്കിട പരിചയക്കാരായ ഒന്നുരണ്ടുപേരുടെ നേര്‍ക്ക് എന്നാ ഉണ്ടെടാ എന്നമട്ടില്‍ അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു.
ഹല്ലോ അമ്മച്ചീ എന്നു വിളിച്ച ഒന്നു രണ്ടുപിള്ളേര്‍ക്കു ഫ്ളയിങ് കിസ് കൊടുക്കാനും ധനികയായ ഭാര്യ മറന്നില്ല.
അപ്പോളാണ് അതുസംഭവിച്ചത്.
നല്ല മഴക്കാലത്ത് ചെറുതോണി ഡാമില്‍ സംഭവിക്കുന്നതുപോലെ അതുവരെ പിടിച്ചുവച്ചതെല്ലാംകൂടി കിര്‍ലോസ്കര്‍ പമ്പില്‍നിന്ന് എന്നോണം, സുന്ദരിയായ ഭാര്യയുടെ വായില്‍നിന്നു പുറത്തേക്ക്.
വാാാാള്‍!!!
ടാബ്ളോ ആണെന്നോര്‍ക്കാതെ, ധനികയായ ഭാര്യ സുന്ദരിയായ ഭാര്യയുടെ മുതുകു തിരുമ്മിക്കൊടുത്തുകൊണ്ടിരുന്നു.
അതുകണ്ട് ജനം കയ്യടിച്ചു.
ജനം കയ്യടിക്കുന്നതു കണ്ട് എന്തോ മഹത്തായ സംഭവമാണെന്നു കരുതി പരിപാടി കാണാനെത്തിയ കന്യാസ്ത്രീയമ്മമാരും അച്ചന്‍കുഞ്ഞുങ്ങളും കയ്യടിച്ചു. അതുകണ്ട് വികാരിയച്ചനും കൈയ്യടിച്ചു. വികാരിയച്ചന്‍ കൈയടിച്ച സാഹചര്യത്തില്‍ പള്ളീലെ കൈക്കാരന്‍മാരും കയ്യടിച്ചു. അവരെല്ലാം കയ്യടിക്കുന്നതു കണ്ടപ്പോള്‍ പള്ളീലെ കപ്യാര്‍ക്കും കയ്യടിക്കാതിരിക്കാനായില്ല!!!
മഴപെയ്യുന്ന പോലത്തെ കയ്യടികള്‍ക്കിടയിലൂടെ, നിരങ്ങിനീങ്ങുന്ന ടാബ്ളോ വാഹനത്തില്‍നിന്ന ചാക്കോച്ചേട്ടന്, ധനികനായ പിതാവിന്‍റെ ഈ വേഷത്തോടെ തന്നെ അങ്ങു സ്വര്‍ഗത്തിലേക്ക് എടുത്താല്‍ മതിയെന്നു തോന്നിപ്പോയി. മുടിയനായ പുത്രന്‍ അപ്പോഴും മിഴുങ്ങസ്യാ നില്‍പ്പു തുടരുകയായിരുന്നു.
ഒരുവിധം ടാബ്ളോ അവസാനിച്ചു.
അപ്പോഴേയ്ക്കും ധനികയായ ഭാര്യയും സുന്ദരിയായ ഭാര്യയും ഓഫായിക്കഴിഞ്ഞിരുന്നു. അവരുടെ നടക്കു തലയ്ക്കും കൈയ്യും കൊടുത്ത് ചാക്കോച്ചേട്ടന്‍ ഇരുന്നു. ആരൊക്കെയോ വന്ന് എത്തിനോക്കി.
ആര് ഇത് എന്ന് ചിലരൊക്കെ ചോദിക്കുന്നതു കേട്ടപ്പോള്‍ തോളില്‍ കിടന്ന മുണ്ടെടുത്ത് ചാക്കോച്ചേട്ടന്‍ മുഖംമറച്ചു.
അടുത്തത് സമ്മാനപ്രഖ്യാപനം.
ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങള്‍ക്കു പുറമേ പങ്കെടുത്ത എല്ലാവര്‍ക്കും പ്രോല്‍സാഹന സമ്മാനങ്ങളുമുണ്ട്.- അനൗണ്‍സ്മെന്‍റ് മുഴങ്ങി.
പ്രതീക്ഷയോടെ ആയിരങ്ങള്‍ മുടക്കി ടാബ്ളോ കെട്ടിയൊരുക്കിയ ചാക്കോച്ചേട്ടന്‍റെ കണ്ണിലൂടെ പൊന്നീച്ച പറന്നുകൊണ്ടിരുന്നു. പത്തുപൈസ കിട്ടില്ലെന്നുറപ്പ്. ഇനിയിപ്പം പ്രോല്‍സാഹനമായി കിട്ടുന്ന തുക കൊണ്ട് വണ്ടിക്കൂലിയെങ്കിലും കൊടുക്കാം!!
എത്രപെട്ടെന്നാണ് ഓരോരുത്തരു പാപ്പരാകുന്നത് എന്നോര്‍ത്തു ധനികനായ പിതാവ് കുത്തിയിരിപ്പു തുടര്‍ന്നു.
സമ്മാനദാന സമ്മേളനം തുടങ്ങി. വികാരിയച്ചന്‍ വിജയികളെ ഓരോരുത്തരെയായി വേദിയിലേക്കു വിളിച്ചു തുടങ്ങി.
പ്രിയപ്പെട്ടവരേ......
ഇന്നിവിടെ നടന്ന മഹത്തായ, മനോഹരമായ, മനോജ്ഞമായ ഈ ടാബ്ളോ മല്‍സരം എല്ലാവര്‍ക്കും ഇഷ്ടമായെന്നു കരുതുന്നു. മല്‍സരത്തിലെ ഒന്നാം സമ്മാനമായ പതിനായിരത്തൊന്നുരൂപ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നതു നമ്മുടെ കുരിശുപള്ളിയോടു ചേര്‍ന്നു കള്ളുഷാപ്പു നടത്തുന്ന അന്ത്രപ്പനാണ്. അന്ത്രപ്പനു പ്രത്യേകം നന്ദി പറഞ്ഞു കൊണ്ട് ഞാന്‍ മല്‍സരഫലം പരിശോധിക്കട്ടെ.
പലവിധത്തില്‍ വ്യത്യസ്തമായിരുന്നു ടാബ്ളോ ഓരോന്നും. എങ്കിലും മൂല്യങ്ങള്‍ക്കു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വിധിനിര്‍ണയണാണു ജഡ്ജസ് നടത്തിയിരിക്കുന്നത്.
ആധുനിക സമൂഹത്തിലെ ജീര്‍ണതകളും അസ്തിത്വപ്രശ്നങങളും മനോഹരമായ തുറന്നുകാട്ടുന്ന ടാബ്ളോയ്ക്കാവണം ഒന്നാം സ്ഥാനമെന്ന് അവര്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നു.
അതുകൊണ്ട്, ധനികയായ ഒരുപിതാവിന്‍റെയും സല്‍സ്വഭാവിയായ ഒരുമകന്‍റെയും ഉറക്കം കെടുത്തുന്ന, സ്ഥിരമായി മദ്യപിക്കുന്ന അവരുടെ ഭാര്യമാരെയും അതുവഴി കുടുംബത്തു സംഭവിക്കുന്ന അന്തഛിദ്രങ്ങളെയും വളരെ സ്വാഭാവികമായി വരച്ചുകാട്ടിയ ശ്രീ ചാക്കോയുടെ ടാബ്ളോയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നതായി ഞാന്‍ പ്രഖ്യാപിച്ചുകൊള്ളുന്നു!!!!
ഇരുന്നിടത്തുനിന്ന് ആരൊക്കെയോ ചേര്‍ന്ന് ഒന്നാം സമ്മാനക്കാരാനായ ചാക്കോച്ചേട്ടനെ അഥവാ ധനികനും നിസ്സഹായനുമായ പിതാവിനെ ആര്‍പ്പുവിളികളിലേക്ക് എടുത്ത് ഉയര്‍ത്തിക്കൊണ്ടിരുന്നു. ഒന്നുമങ്ങു പിടികിട്ടാത്ത ചാക്കോച്ചേട്ടന്‍ ആരവങ്ങളുടെ കൈച്ചിറകേറി സ്റ്റേജിലെത്തി ഒന്നാം സമ്മാനമായ പതിനായിരം രൂപ ഏറ്റുവാങ്ങി.
അപ്പോഴും ഭാവാഭിനയം മതിയാക്കാതെ ധനികയായ ഭാര്യയും സുന്ദരിയായ ഭാര്യയും വീട്ടുമുറ്റത്ത് അഥവാ പ്ളാറ്റ് ഫോമില്‍ ഫുള്‍ഫോമില്‍ ഓഫായിക്കിടക്കുക തന്നെയായിരുന്നു!
29 comments:
ശ്രീ യേശുക്രിസ്തു ഇവിടെ എവിടെയെങ്കിലുമുണ്ടെങ്കില്‍ ഉടന്‍ ഈ കുരിശിന്‍റെ ചോട്ടിലെത്തണം. ആണിയടിക്കാന്‍ ആശാരി വെയ്റ്റു ചെയ്യുന്നു....
മുടിയനായ പുത്രന്‍റെ പുതിയ കഥ. വായിക്കുക!!!
ഠേ.........
വായിക്കല്‍ പിന്നെ. ഒരു തേങ്ങ അടിച്ചിട്ട് കുറെ നാളായി.
വായിച്ചു. കൊള്ളാം... ഇത്ര പ്രതീക്ഷിച്ചില്ല. നീളം കുറയുന്നേയില്ല. സുനീഷിന്റെ പോസ്‍റ്റ് പോലെ.. എന്നൊരു പ്രയോഗം തന്നെ ഉണ്ടായാലും അദ്ഭുതപ്പെടാനില്ല.
അടുത്ത പ്രേമകഥ ഉടനെ പ്രതീക്ഷിക്കുന്നു..
ഒരു യേശുക്രിസ്തുവിനെയേ അന്വേഷിച്ചുള്ളൂ...
അപ്പോഴേയ്ക്കും ആണിയടിച്ചോളാനും പറഞ്ഞു രണ്ടുപേരെത്തിയോ?
ബെര്‍ളിക്രിസ്തുവിനും കുതിരവട്ടനെയും ഉടന്‍ കുരിശില്‍ തൂക്കുന്നതാണ്.
വായിച്ചു. കഥ കൊള്ളാം. പക്ഷേ വിവരണം അധുനാധുനികത്തിന്റെ അത്ര ഗുമ്മായില്ല :-)
കഥ ഇഷ്‌ടമായി...
വീണ്ടും കള്ളാണ് താരം.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തിലെ നമ്മുടെ സ്ഥാനാര്‍ഥി..ശ്രീ. സുനീഷ് തോമസ്. ഞാന്‍ പ്രചാരണം ഇപ്പൊഴേ തുടങ്ങി. പറയട്ടെ, ബഹളം വയ്‌ക്കാതെ, എക്‌സൈസ് വകുപ്പ് നിങ്ങള്‍ക്ക് തന്നെ തരാം. കേന്ദ്രത്തില്‍ എനിക്കുള്ള സ്വാധീനം അറിയാമല്ലോ. നില്‌ക്കാന്‍ സമയമില്ല. ഒരു കാല്‍നടപ്രചരണ ജാഥയുണ്ട്. പോട്ടോ.....
ഹഹാ..
അങ്ങിനെ ഭരണങ്ങാനം ചരിതം സൂപ്പര്‍
ഇപ്രാവശ്യം എന്തായാലും ചിരിക്കില്ല, ചിരിക്കില്ല എന്നു വിചാരിച്ചിട്ട് അവസാനത്തെ രണ്ടു മൂന്ന് പാരഗ്രാഫ് കൊണ്ട് എന്നെ ചിരിപ്പിച്ച് കളഞ്ഞല്ലോ നിങ്ങള്. ഇനി നിങ്ങളെ ഞാനൊരു പേര് വിളിക്കട്ടെ…. ദേ ഞാന് വിളിക്കും….”കള്ളീഷേ….”
ഓഫ്: ഭരണങ്ങാനത്തിന് “കള്ളങ്ങാനം” എന്ന് വല്ല ഇരട്ടപ്പേരും ഉണ്ടോ?
“
ശ്രീ യേശുക്രിസ്തു ഇവിടെ എവിടെയെങ്കിലുമുണ്ടെങ്കില്‍ ഉടന്‍ ഈ കുരിശിന്‍റെ ചോട്ടിലെത്തണം. ആണിയടിക്കാന്‍ ആശാരി വെയ്റ്റു ചെയ്യുന്നു....“
ഇതു കലക്കി സുനീഷേട്ടാ...
:)
സുനീഷേ,
ഇത് വായിച്ച് വായിച്ച് കിക്കായി ഓഫീസില്‍ വാളു വെയ്ക്കുംന്നാ തോന്നുന്നേ..
കൊള്ളാം കള്ളു കഥകള്‍
കള്ളിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആവാനുള്ള പോക്കാണോ..ഇപ്പോ എവിടെയെങ്കിലും മദ്യദുരന്തമുണ്ടായീന്നു വായിച്ചാല്‍ എനിക്ക് സുനീഷിനെ ഓര്‍മ്മവരും..ഇതൊരു രോഗമാണോ ഡോക്ടര്‍.
ചാത്തനേറ്: യേശുവിനെ അന്വേഷിച്ചോ. കുരിശിനു വേണ്ടി ഏതായാലും അന്വേഷിക്കേണ്ട, ഈ ബ്ലോഗിനെ മുകളില്‍ വലത്ത് ഭാഗത്തായി ഒരെണ്ണം ഇത്തിരി ചെരിച്ച് പതിപ്പിച്ചിട്ടുണ്ടല്ലോ.
ഓടോ: ഇക്കണക്കിനു പോയാല്‍ നിന്നെ നേരില്‍ കാണുന്ന നിമിഷം കണ്ടവരു കണ്ടവരു വാളു വയ്ക്കും എന്ന സ്ഥിതിയാവും,
സഖാക്കളേ,
ഒരു സത്യം പറഞ്ഞുകൊള്ളട്ടെ.
ഈ കഥയിലെ ചില സന്ദര്‍ഭങ്ങള്‍ക്കു ശ്രീ തോമസ് പാലായുടെ അടി എന്നടി കാമാച്ചി എന്ന ഹാസ്യനോവലുമായി സാമ്യം ഉണ്ട്. അങ്ങനെയോര്‍ത്ത് എഴുതിയതല്ല, പക്ഷേ, എഴുതി വന്നപ്പോള്‍, പണ്ടെങ്ങോ വായിച്ചതിന്‍റെ സ്വാധീനം കൊണ്ട് അങ്ങനെയായിപ്പോയതാണ്. ചേട്ടത്തിയുടെ വേഷത്തില്‍ കള്ളുകുടിക്കാന്‍ പോകുന്ന സീന്‍, അതിലുണ്ട്. പള്ളിപ്പെരുനാളിനോട് അനുബന്ധിച്ച് നാടകത്തില്‍ വേഷമിട്ട ചേടത്തിയായിരുന്നു അത്. പക്ഷേ, കഥയുടെ ത്രെഡ് എന്‍റേതാണ്. എന്‍റേതു മാത്രം!!!
അടി എന്നടി കാമാച്ചിയുടെ കഥ നടക്കുന്നതു കീഴങ്ങാനം എന്ന ഗ്രാമത്തിലാണ്. യശ്ശശരീനായ തോമസ് പാല ഭരണങ്ങാനത്തെ മനസ്സില്‍ കണ്ട് എഴുതിയ നോവലാണത്.
ഈ കഥയെ അതിനാല്‍ ശ്രീ തോമസ് പാലായുടെ ഉല്‍ക്കൃഷ്ട കലാസൃഷ്ടിയില്‍നിന്ന് അടിച്ചുമാറ്റിയ ഒന്നുമാത്രമായി കാണാന്‍ അപേക്ഷ.
ബെര്‍ളി,
അടുത്തതു മുതല്‍ ഒന്നുകില്‍ എഴുത്തിന്‍റെ നീളം കുറയ്ക്കും, അല്ലെങ്കില്‍ എഴുത്ത് കുറയ്ക്കും. ഉറപ്പ്!
സുനീഷേ... തരക്കേടില്ല... സത്യം പറയുന്നതില്‍ വിഷമം തോന്നില്ലെന്ന് കരുതുന്നു. താങ്കളുടെ മറ്റ് പോസ്റ്റുകളുടെയത്രയും ഗുമ്മ് ആയില്ല... അല്ല, എല്ലാം പോസ്റ്റും ഭയങ്കര ഗുമ്മ് ആവണമെന്ന് വാശിപിടിക്കാന്‍ പറ്റുമോ അല്ലേ? :-)
സൂര്യോദയമേ....
സത്യം പറഞ്ഞാല്‍, സത്യം പറയുന്നതാണെനിക്കിഷ്ടം. എല്ലാം നന്നായി എന്നു പറയുന്നതിനെക്കാള്‍ ശരിയാവാത്തത് അങ്ങനെത്തന്നെ ചൂണ്ടിക്കാട്ടുന്നതാണു നല്ലത്. അങ്ങനെയാവുമ്പോള്‍,അടുത്തതു നന്നാക്കാന്‍ നമുക്കൊരു വാശിയൊക്കെ തോന്നും.
ആ നിലയ്ക്ക് അടുത്തതു നമുക്കു പൊളിച്ചടുക്കിയേക്കാം!!
പോരേ??????
“മഗ്ദലനമറിയവും കുന്തക്കാരും റെഡിയായിട്ടും കുരിശു വേക്കന്‍റായി കിടക്കുന്നതു കണ്ട സംഘാടകര്‍ യേശുക്രിസ്തുവിനായി അന്വേഷണം തുടങ്ങി.
ശ്രീ യേശുക്രിസ്തു ഇവിടെ എവിടെയെങ്കിലുമുണ്ടെങ്കില്‍ ഉടന്‍ ഈ കുരിശിന്‍റെ ചോട്ടിലെത്തണം. ആണിയടിക്കാന്‍ ആശാരി വെയ്റ്റു ചെയ്യുന്നു....“
രസകരമായ അനൌണ്‍സ്മെന്റ്. ഇത് വായിച്ചപ്പോള്‍ പണ്ട് കേരളവര്‍മ്മ കോളേജില്‍ കൂട്ടുകാര്‍ “അവസാനത്തെ അത്താഴം” നാടകം കളിച്ചതിന്റെ ഓര്‍മ്മ വന്നു. മേശക്കു ചുറ്റും ശിഷ്യന്മാര്‍ നിരന്നീട്ടും യേശുവിനെ കാണാനില്ല. ഒടുക്കം കാണികള്‍ക്ക് നടുവിലൂടെ ആരുടേയോ സ്കൂട്ടറിന്റെ പുറകിലിരുന്നു വരുന്ന യേശുവും, ലേറ്റാവാനുള്ള കാരണം നല്ല സ്വയമ്പന്‍ സാധനം കിട്ടിയപ്പോള്‍ കഴിക്കുകയും വിമല കോളേജിന്റെ അടുത്ത് നിന്ന് പോരാന്‍ താമസിക്കുകയും ചെയ്തുവെന്ന പ്രസ്താവനയുമൊക്കെയാണ്.
രണ്ടു പോസ്റ്റിനുള്ള വകയുണ്ടായിരുന്നുവെന്നതൊഴിച്ചാല്‍ സംഗതി ഗംഭീരമായിരുന്നു.
'കര്‍ത്താവിന്‍റെ കാല്‍വരി മരണം ചിത്രീകരിക്കുന്ന ടാബ്ളോയിലെ യേശുക്രിസ്തു ആ സമയത്ത് അമ്പാറ ഷാപ്പിലെ കള്ളുചാറയ്ക്കടുത്ത് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ആരെങ്കിലുമൊന്നു സഹായിക്കണേ എന്ന ഷേപ്പില്‍ കുത്തിയിരിക്കുകയായിരുന്നു'
കര്‍ത്താവെ വന്നു വന്നു നിനക്കും സഹായം വേണംന്നായോ?
സുനീഷേ ഉഗ്രന്‍ പ്രയോഗങ്ങള്.ചിരിച്ച് ചിരിച്ച് ഞാനൊരു വഴിയ്ക്കായി.
ഒരു സംശയം: ഈ സ്ത്രീയാരം എന്ന വാക്ക് മലയാളഭാഷേല് എപ്പം കേറിപറ്റി??ഞാനറിഞ്ഞില്ല!!
കൊച്ചുത്രേസ്യേ
അതു പുരുഷാരത്തിന്‍റെ സ്ത്രീലിംഗപദമാണ്. കുടിയാരം എന്നും എഴുതിയിട്ടുണ്ട്. അതും നാളെ മുതല്‍ ഡിക്ഷണറിയില്‍ ഉണ്ടായിരിക്കുന്നതായിരിക്കുന്നതാണ്.
:)
മക്കളേ നന്നായി... അല്ലാതെ ഒന്നും പറയനില്ല....
ഇക്കണക്കിനു പോയാല്‍ 'ഭരണങ്ങാനം' എന്നത് 'കള്ളുങ്ങാനം' അല്ലേല്‍ 'മദ്യങ്ങാനം' എന്നെങ്ങാനും ആക്കി മാറ്റുമോ...
മുടിയനായ പുത്രാ കൊള്ളാം.
പള്ളിക്കടുത്തുള്ള കള്ള്‌ഷാപ്പ് നടത്തുന്നത് അന്ത്രപ്പനാണെങ്കിലും ലൈസന്‍സ് എടുത്തിരിക്കുന്നത് പള്ളിക്കാരാരെങ്കിലുമാണോ. കച്ചവടം പൊടിപൊടിക്കുകയല്ലോ.
വീണ്ടും കള്ളു കഥ എഴുതീന്നു കേട്ടപ്പോ തല്ലാന്‍ വടീം കൊണ്ടു വന്നതാ..പക്ഷെ വായിച്ചു ചിരിച്ചു ഞാനും പറ്റായിപ്പോയി.. :) ഒരു കുപ്പി കള്ളിന് ഒരു കൊട്ട പ്രേമം അതല്ലേ കണക്ക് അപ്പൊ ഇനി പ്രേമം ഉടനേ കാണുമല്ലോ അല്ലേ.. സുന്ദരിയായ ഭാര്യയെ കുടിയന്‍മാരാരും ടാബ്ലോ ചെയ്യാതിരുന്നതു ഭാഗ്യം..!
വെര്‍തേ അല്ല നിന്നെ എല്ലാരും ഷാപ്പ് മുതലാളി എന്ന് വിളിക്കുന്നത് നിനക്ക് അങ്ങനെ തന്നെ വേണം.
പ്ണ്ട് ഇത് പോലെ വെള്ള മടിച്ച് കുരിശില്‍ കയറിയ ടാബ്ലോക്കാരന്‍ യേശു ബാലന്‍സ് തെറ്റി വീഴാറായപ്പോള്‍
“ഈശോ മറിയോ യൌസേപ്പേ?” എന്നതാണ് ഈ.മ.യോ എന്ന് പറയുന്നത് നേരാണോ സുനീഷേ?
(അത്യാവശ്യം വര്‍ഗീയം ആയില്ലെ ഇനി ഞാന്‍പോട്ടെ)
സുനീഷേ
ചിരിക്കാന്‍ ഒരുപാടുണ്ടാരുന്നു ;) സംഭവം കലക്കീ ട്ടാ ;)
കര്‍ത്താവ് സഹായം അന്വേഷിച്ചത് കലക്കി
ആരുപറഞ്ഞു എനിയ്ക്ക് കള്ളു തരാന്‍? പണ്ട് കുറച്ചു വെള്ളം വീഞ്ഞാക്കീന്നും കരുതി ഞാന്‍ അങ്ങനെ കുടിയുക്കുമെന്നെന്നാത്തിനാ കരുതിയേ? അന്ന് ഞാന്‍ അങ്ങനെ കുടിച്ചൊന്നുമില്ലാരുന്നു.
എന്ന്,
യേശുക്രിസ്തു.
ഹഹ നന്നായിട്ടുണ്ട്
എന്തായാലും ഭരണങ്ങാനം ജഡ്ജ്മെന്റ് ഒരു ജഡ്ജുമെന്റ് തന്നെയാണേ..
ഞാനും ഒരു സത്യം പറയട്ടെ.
അടുത്തകാലത്ത് താനെഴുതിയതില്‍ നല്ല ഭാവനയുള്ള കഥ. പോരട്ടെ അടുത്തത്..
ശ്രീ യേശുക്രിസ്തു ഇവിടെ എവിടെയെങ്കിലുമുണ്ടെങ്കില്‍ ഉടന്‍ ഈ കുരിശിന്‍റെ ചോട്ടിലെത്തണം. ആണിയടിക്കാന്‍ ആശാരി വെയ്റ്റു ചെയ്യുന്നു....
ഏദന്‍ തോട്ടത്തില്‍ പഴം തിന്നുകൊണ്ടിരുന്ന ആദത്തിന് പഴം തിന്നതുകൊണ്ടോ ചേട്ടത്തിയെയും കൂടെയുള്ള പെണ്‍കിടാവിനെയും കണ്ടതു കൊണ്ടോ എന്നറിയില്ല ജീവിതത്തിലാദ്യമായി നാണം തോന്നി.
"ഇത് ഗംഭീരം...!! ഉഗ്രന്‍...ഉശിരന്‍...!!
"
Post a Comment