Thursday, June 25, 2009

ബെഞ്ചമിന്റെ പണിക്കാര്‍ - നാല്

രജനീകാന്തിനായി തമിഴങ്ങാനം കണ്ണില്‍ കടുകെണ്ണയൊഴിച്ചു കാത്തിരിപ്പു തുടങ്ങി. ആറോണ്‍ എലിയാസ് അരുണ്‍ തന്നെയുമായി തെങ്കാശിയിലെ വിരിപ്പുപാടങ്ങളിലൂടെ ഡ്യൂയറ്റ് പാടി നടക്കുന്നതു സ്വപ്നം കണ്ടുകണ്ടു പ്രേയസി ചമയത്തില്‍ തനി തമിഴ്നാട്ടുകാരിയായി
രജനീകാന്ത് നാട്ടുകാരെ ഇളക്കിമറിക്കുന്ന സമയത്ത് ആരുമറിയാതെ ഹൌസ് ഓണറുടെ പിന്നാമ്പുറത്തെ വാച്ചിലില്‍ക്കൂടി പ്രേയസിയെയുമായി മുങ്ങണം. ഇതായിരുന്നു അരുണിന്റെ പ്ളാന്‍. തന്റെ മോഡസ് ഓപ്പറാണ്ടി അരുണ്‍ പ്രേയസിയെയും അറിയിച്ചിരുന്നു. പ്രേയസിക്കും നൂറുസമ്മതം.
കാതലന്‍ എന്ന സിനിമയില്‍ നഗ്മയുടെ കയ്യും പിടിച്ചു പ്രഭുദേവ ഓടുന്നതും പിന്നെ ബൈക്കില്‍ കയറി മരണപ്പാച്ചില്‍ പായുന്നതുമെല്ലാം സ്വപ്നം കണ്ട പ്രേയസി അറിയാതെ ചിലപ്പോഴൊക്കെ 'എന്നവളേ അടി എന്നവളേ' എന്ന പാട്ടു മൂളി.
ഒടുവില്‍ ആ ദിവസം വന്നു. രജനീകാന്ത് വരുന്ന ദിവസം. അതിരാവിലെ പൊങ്കലും സാമ്പാറും തട്ടി ഏമ്പക്കവും വിട്ടു തമിഴന്മാര്‍ ടൌണില്‍ ഫോളിനായി. വൈകാതെ തനിനാട്ടുകാരും. പ്രേയസിയുടെ ആദ്യകുര്‍ബാനയ്ക്കു തയ്പിച്ച വെള്ള ഷര്‍ട്ടും കസവുകരമുണ്ടും കോടിത്തോര്‍ത്തുമിട്ടു ഹൌസ് ഓണറും വില്ലീസ് ജീപ്പില്‍ വേദിയ്ക്കരികിലെത്തി. രാവിലെ തന്നെ രണ്ടുവണ്ടി പൊലീസ് പ്രദേശത്തു റോന്തുചുറ്റിത്തുടങ്ങിയിരുന്നു. നാട്ടുകാര്‍ ആശങ്കയോടെയും തമിഴന്മാര്‍ ആകാംക്ഷയോടെയും രജനിയണ്ണന്റെ വരവിനായി കാത്തിരുന്നു. പാലായില്‍ മാത്രം കിട്ടുന്ന ആനമയക്കികള്‍ വഴിയേ പോകുന്ന വണ്ടികളെ വെല്ലുവിളിച്ചുകൊണ്ടേയിരുന്നു. മരങ്ങാടന്‍ ജോയിച്ചേട്ടന്റെ ഓട്ടോറിക്ഷയില്‍ രാവിലെ മുതലാരംഭിച്ച അനൌണ്‍സ്മെന്റ് അമ്പാറ ഷാപ്പില്‍നിന്നു റിഫ്രഷ്മെന്റിനു ശേഷം പുനരാരംഭിച്ചു.


''പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങള്‍ കാത്തിരിക്കുന്ന, നിങ്ങളുടെ ആരാധ്യപുരുഷന്‍ രജനികാന്ത് ഏതാനും നിമിഷങ്ങള്‍ക്കകം ഈ ഭരണങ്ങാനത്തിന്റെ വിരിമാറിലൂടെ കടന്നുവരുന്നതാണ്. ആരാധകലക്ഷങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് രജനിയണ്ണന്‍ ഇതാ ഉടന്‍ ഇവിടെയെത്തും....'' നാട്ടിലെ സകല ഊടുവഴികളിലൂടെയും ഓട്ടോറിക്ഷ മൂളിപ്പാഞ്ഞുകൊണ്ടിരുന്നു. കൊച്ചുപിച്ചടക്കം സകലരും ഭരണങ്ങാനത്തു തമ്പടിച്ചതോടെ ചരിത്രത്തിലാദ്യമായി ഭരണങ്ങാനത്തിന്റെ പെരുവഴി ജനസാന്ദ്രമായി. അല്‍ഫോന്‍സാമ്മയുടെ പെരുന്നാളിനുപോലും കാണാത്ത ജനത്തിരക്ക്. മന്ത്രിമാരെപ്പോലെ ആളെ കാത്തുനിര്‍ത്തി ഊശിയാക്കുന്ന പരിപാടി രജനിയണ്ണനില്ല. കൃത്യസമയത്തുതന്നെ മൂപ്പരു സ്ഥലത്തെത്തും.

ലോക്കല്‍ ലിവിങ് വിക്കിപീഡിയയായ പീടികയില്‍ കുറുപ്പുചേട്ടന്‍ സംഗതി പറഞ്ഞുതീരുകയും എവിടെനിന്നോ ആംബുലന്‍സിന്റെ മാതിരിയൊരു നിലവിളിശബ്ദം നാട്ടുകാരുടെ ചെവിയില്‍ അലച്ചുവീണു.
എന്നതാടാ ആ ചെത്തം? - ആരോ ചോദിച്ചു. ആരുടെയോ ഡെഡ്ബോഡി വരുന്നതായിരിക്കും- ആരോ പറഞ്ഞു. പറഞ്ഞുതീരും മുന്‍പേ അംഗരക്ഷകരാല്‍ അലങ്കരിച്ച ഒരു എമണ്ടന്‍ പാണ്ടിലോറി വന്നു ബ്രേക്കിട്ടു നിന്നു. ജനം തരിച്ചുനില്‍ക്കെ ഇരട്ടക്കുഴല്‍ തുപ്പാക്കി തൂക്കി തടിമാടന്മാര്‍ ഏഴെട്ടെണ്ണം റോഡില്‍ ചാടി. ബാക്കി തുപ്പാക്കിബൊമ്മന്മാരുമായി ലോറി ടൌണിനു മുകളിലേക്കു പോയി. അവിടെയും ഏഴെട്ടണ്ണത്തെ അണ്‍ലോഡ് ചെയ്തു. പിന്നെയും മുന്നോട്ട്, പിന്നെയും അണ്‍ലോഡ്. മുന്നോട്ട് അണ്‍ലോഡ്. ടൌണ്‍മുഴുവന്‍ തുപ്പാക്കിമയം.
രജനിയണ്ണന്റെ സെക്യൂരിറ്റിക്കാരാ.. സെക്യൂരിറ്റിക്കാരെ കണ്ടതോടെ കൈകാലിട്ടടിച്ച് ആവേശം കാട്ടിയ തമിഴ്മക്കളും തനിനാട്ടുകാരും അമൈതിയായി.


അഞ്ചുമിനിറ്റു കഴിഞ്ഞില്ല, സെബസ്ത്യാനോസു പുണ്യാളന്റെ പെരുന്നാളിനു മാത്രം പുറത്തെടുക്കുന്ന തേരിന്റെ വലിപ്പമുള്ള വലിയൊരു കാര്‍ ഭരണങ്ങാനത്തിന്റെ പടിഞ്ഞാറേക്കോണില്‍ വഴിയരികില്‍ പ്രത്യക്ഷപ്പെട്ടു. തൂവെള്ള നിറം. മുന്‍പിലെ ലൈറ്റുകള്‍ മുഴുവന്‍ കത്തുന്നുണ്ട്. പട്ടാപ്പകലും തൂവെള്ള വെളിച്ചം. രജനിയണ്ണന്‍ അതാ വരുന്നു...... അനൌണ്‍സ്മെന്റിനു പോലും ശ്വാസം നിലച്ചു. തമിഴ്ങ്ങാനം രജനിയണ്ണനെ കാണാന്‍ ശ്വാസം പിടിച്ചു കാത്തുനിന്നു. ജനസഞ്ചയം ഒരു നിമിഷം ശ്വാസം പിടിച്ച വകയില്‍ അന്തരീക്ഷം ലാഭിച്ചത് എത്ര കോടി ഓക്സിജന്‍? ചിന്തിക്കാന്‍ സമയമില്ല, രജനിയണ്ണന്‍ മന്ദംമന്ദം ഉദ്ഘാടന വേദി ലക്ഷ്യമാക്കി വരികയാണ്. കറുത്ത ചില്ലിട്ട കാറിന്റെ ജാലകത്തിനുള്ളിലൂടെ അവ്യക്തമായി പിന്‍സീറ്റില്‍ ആരോ ഇരിക്കുന്നതു കാണാം. അതു താന്‍ നമ്മുടെ അന്‍പെഴും അണ്ണന്‍, രജനിയണ്ണന്‍......

രജനിയണ്ണന്‍ വാഴ്കെ... രജനിയണ്ണന്‍ വാഴ്കെ....

തമിഴ്മനം കുലപാരമ്പര്യം കൈവിടാതെ മുദ്രാവാക്യം വിളി തുടങ്ങി. ഹൌസ് ഓണര്‍ വേദിയിലെത്തി. വേദിക്കരികിലായി ആരുടെയും ശ്രദ്ധയില്‍ പെടാതെ ആറോണ്‍ എലിയാസ് അരുണും നില്‍പുണ്ടായിരുന്നു. ഒളിച്ചോടുംമുന്‍പ് രജനിയണ്ണനെ നേരില്‍ കണ്ട് അനുഗഹം വാങ്ങാനായി പ്രേയസിയും സ്ഥലത്തെത്തിയിരുന്നു. രജനിയണ്ണനെ കണ്ട് അനുഗഹം വാങ്ങി വീട്ടില്‍ച്ചെന്നു കായസഞ്ചിയുമെടുത്തു നാടുവിടാം എന്ന പദ്ധതി പുതിയതായി അവതരിപ്പിച്ചതും പ്രേയസിയായിരുന്നു.

അണ്ണന്റെ കാര്‍ വേദിക്കു താഴെ വന്നു നിന്നു. പിന്‍വശത്തെ ഡോര്‍ തുറക്കുന്നതും കാത്ത് അണ്ണന്റെ ആരാധകര്‍ കണ്ണുചിമ്മാതെ മിഴിച്ചുനിന്നു.

വേദിക്കുമുകളില്‍ പരിപാടിയുടെ പണംമുടക്കിയും സംഘാടകനുമായ ഹൌസ് ഓണര്‍ മൈക്ക് കയ്യിലെടുത്തു.

പ്രിയപ്പെട്ടവരേ, ഒരുവാക്ക്.

അവസാന നിമിഷമാണ് നിങ്ങളെ സങ്കടത്തിലാക്കുന്ന ആ കാര്യം ഞങ്ങളറിഞ്ഞത്. രജനീകാന്തിനെ അടിയന്തിരമായി കരുണാനിധി വിളിപ്പിച്ച കാരണം അദ്ദേഹത്തിനു ഭരണങ്ങാനത്ത് എത്താന്‍ കഴിഞ്ഞില്ല. രജനികാന്ത് വരുമെന്ന് അവസാന നിമിഷം വരെ അനൌണ്‍സ്മെന്റ് നടത്തുകയും ആയിരക്കണക്കിന് ആരാധകര്‍ ആ ചരിത്രനിമിഷത്തിനു സാക്ഷികളാവാന്‍ ഇവിടെ എത്തിച്ചേരുകയും ചെയ്ത സാഹചര്യത്തില്‍ രജനിയണ്ണനെക്കാള്‍ ഒട്ടും മോശമല്ലാത്ത ഒരാളെ ഇവിടെ എത്തിക്കേണ്ടത് എന്റെ അഭിമാനത്തിന്റെ പ്രശ്നമായിരുന്നു. അതിനാലാണ്, ഒട്ടേറെ കഷ്ടപ്പെട്ട്, കാശുമുടക്കി, ഭരണങ്ങാനത്തു മാത്രമല്ല ലോകത്തു മുഴുവനും രജനീകാന്തിനോളം തന്നെ ആരാധകരുള്ള ഒരു മഹദ് വ്യക്തിയെ ആണു ഞാന്‍ ഈ സിനിമാ കൊട്ടകയുടെ ഉദ്ഘാടനത്തിനായി ഇവിടെയെത്തിച്ചിരിക്കുന്നത്. ആ വിശിഷ്ട വ്യക്തിക്കു ഭരണങ്ങാനത്തേക്കു സ്വാഗതം.
നിരാശ മറന്ന ജനങ്ങള്‍ ആകാംക്ഷയോടെ കാറിലേക്കു നേക്കിനില്‍ക്കെ പതിയെ പിന്‍ഭാഗത്തെ ഡോര്‍ തുറന്നു.

വെള്ള പാന്റിട്ട ഒരു കാല്‍ ആദ്യം പുറത്തേക്ക്. കാലില്‍ വെളുത്ത ഷൂ.


കരിയോയിലിന് വാര്‍ണീഷടിച്ച നിറത്തിലുള്ള കൈ ഒന്നു കാറിന്റെ ഡോറില്‍ തെളിഞ്ഞു. അടുത്ത നിമിഷം കറുത്ത കണ്ണട ധരിച്ച ഒരു രൂപം ഡോര്‍ തുറന്ന് പുറത്തിറങ്ങി. ഹുപ്.....!! എടുത്ത ശ്വാസം പലരും വിഴുങ്ങി. അതിനു പറ്റാത്ത ചിലര്‍ മിഴുങ്ങി. ഇതാ നിങ്ങളുടെ ആരാധ്യനായ ശ്രീമാന്‍ ബെര്‍ളി തോമസ്. ഭരണങ്ങാനത്തിന്റെ അയല്‍ദേശമായ ഇടമറുകിന്റെ കണ്ണിലുണ്ണി ശ്രീ ബെര്‍ളി. ലോകം മുഴുവന്‍ ആരാധകരും വായനക്കാരുമുള്ള ജനപ്രിയ ബ്ളോഗര്‍ ശ്രീ ബെര്‍ളി.

എഴുത്തും വായനയുമറിയാത്ത തമിഴന്മാര്‍ പരസ്പരം നോക്കിനില്‍ക്കെ തനിനാട്ടുകാര്‍ ആഹ്ളാദം കൊണ്ടു വീര്‍പ്പുമുട്ടി. രജനിയണ്ണനെ അവസാനമായി ഒരു നോക്കു കാണാന്‍ വന്ന അരുണിന് കാര്യങ്ങളുടെ കിടപ്പുവശം പിടികിട്ടിയില്ല. ബെര്‍ളിയോ? അതാര് എന്നാലോചിച്ച് അരുണ്‍ നില്‍ക്കുമ്പോള്‍ ഗതകാല സ്മരണകളുടെ തേരില്‍ക്കയറി എഡി 1992ലേക്കു തിരിച്ചുപായുകയായിരുന്നു പ്രേയസി.


പാലായില്‍ സണ്‍ഡേ സ്കൂള്‍ രൂപതാ കലോല്‍സവം നടക്കുമ്പോള്‍ ആദാമിന്റെ രൂപത്തിലെത്തി തനിക്കു പ്രേമലേഖനം നീട്ടിയ പൊടിമീശക്കാരന്‍. ക്രിസ്മസ് തലേന്നു കന്യാസ്ത്രീമഠത്തിന്റെ മതില്‍ക്കെട്ടിനടത്തുനിന്നു തനിക്കു പൊട്ടിക്കാന്‍ രണ്ടുകെട്ട് ഗ•ുണ്ട് സമ്മാനമായി തന്ന ധൈര്യശാലി. സാമൂഹ്യദ്രോഹികള്‍ ആരോ മഠത്തിലോട്ടു വാണം വിട്ടതിന് പൊലീസ് പിടിച്ചു ലോക്കപ്പിലിട്ട തന്റെ പ്രിയപ്പെട്ട ബെര്‍ളിച്ചായന്‍. തന്റെ ആദ്യത്തെ കാമുകന്‍. മറ്റാരെ മറന്നാലും മറ്റെന്തു മറന്നാലും പ്രേയസി ബെര്‍ളിച്ചായനെ മറക്കുന്നതെങ്ങനെ?


കാക്കോളിക്കയത്തിലെ കുളിസീന്‍ കണ്ടതിനു നാട്ടുകാരു പിടിച്ചു തല്ലിയതിന്റെ നാണക്കേടില്‍ നാടുവിട്ടശേഷം പിന്നെ കാണുന്നതിപ്പോഴാണ്. ഉശിരന്‍ തിരിച്ചുവരവ്. പൊടിമീശ കറുത്തുകട്ടിവച്ചിരിക്കുന്നു. പണ്ടു മുഖക്കുരു പൂത്തുനിന്ന മുഖത്തിപ്പോള്‍, റബര്‍തോട്ടത്തിനു നടുവിലൂടെ പോകുന്ന ടാര്‍ റോഡിലേതു പോലെ ചന്നം പിന്നം കുഴികള്‍. ബെര്‍ളി വേദിയിലെത്തി. മൈക്ക് കയ്യിലെടുത്തു.
പ്രിയപ്പെട്ടവരെ, ഞാനിതാ എന്നെ നിങ്ങള്‍ക്കു സമര്‍പ്പിക്കുന്നു. എന്റെ എഴുത്തിനെ നിങ്ങള്‍ക്കു സമര്‍പ്പിക്കുന്നു. ആയിരം കാമുകിമാരെക്കാള്‍ എനിക്കു പ്രിയപ്പെട്ടതാണ് എന്റെ ബ്ളോഗ•്. എങ്കിലും ആദ്യകാമുകിയെക്കാള്‍ പ്രിയപ്പെട്ടതല്ല മറ്റൊന്നും.
പ്രിയപ്പെട്ടവരേ, ഭരണങ്ങാനത്തിന്റെ പേര് തമിഴങ്ങാനം എന്നാക്കി മാറ്റാന്‍ ഒരുമ്പെട്ടിരിക്കുന്ന കുറേ തമിഴന്മാരുടെ കയ്യിലാണ് ഈ പുണ്യഭൂമി എന്നു സുനീഷിന്റെ പൊട്ടബ്ളോഗ•ില്‍നിന്നാണെങ്കിലും ഞാനറിഞ്ഞു. അതിനുകൂടിയാണ് ഈ വരവ്. എന്റെ അമ്മായിയുടെ മൂത്ത ആങ്ങളയുടെ ഭാര്യവീട്ടിലെ മൂത്തമരുമകന്റെ അനിയനാണല്ലോ ഈ നില്‍ക്കുന്ന ഹൌസ് ഓണര്‍ അങ്കിള്‍. അദ്ദേഹത്തിന്റെ വീടുമായി എനിക്കു പണ്ടുമുതലേ അടുത്ത ബന്ധമുണ്ടായിരുന്നു. എന്റെ സെക്യൂരിറ്റിക്കാരുടെ വേഷത്തില്‍ റോഡിലെമ്പാടും റോന്തു ചുറ്റുന്ന കറുത്ത വേഷക്കാരെ ഞാന്‍ കോഴിക്കോട്ട് അങ്ങാടിയില്‍നിന്നു കൊണ്ടു വന്നതാണ്. ഖലാസികള്‍. അവര്‍ ഇന്നാട്ടിലെ തമിഴ് ആധിപത്യം ഇന്നത്തോടെ അവസാനിപ്പിച്ചുകൊള്ളും.


സംഗതി പുലിവാലായെന്നു മനസ്സിലായ ഘട്ടത്തില്‍ അരുണ്‍ പ്രേയസിയെ പ്രേമപൂര്‍വം നോക്കി. നമുക്കു മുങ്ങാം എന്നു കണ്‍കള്‍ ഇരണ്ടാലും ആംഗ•്യം കാട്ടി.

പ്രേമവതിയായ പ്രേയസി അരുണിന്റെ അടുത്തേക്കു പതിയെ നടന്നെത്തി. വെപ്രാളത്തിനിടയിലും പ്രേമപരവശനായ അരുണ്‍ അവള്‍ക്കായി കാത്തുനിന്നു.


പതിയെ അടുത്തെത്തിയ പ്രേയസി അരുണിനോടായി ഇങ്ങനെ പറഞ്ഞു: പോടാ പാണ്ടീ..... എനിക്കെന്റെ ബെര്‍ളിച്ചായനുണ്ട്....!!!


(ഒരുവിധം) അവസാനിച്ചു!!!

24 comments:

SUNISH THOMAS said...

അവസാനിപ്പിക്കാന്‍ പെട്ട പാട് എനിക്കറിയാം.

sujoy said...

innale orukut profile kandappol vicahrichullo entha mashey kathayonnumiilee ennu. appo da innu katha... anyway tanxxxxx

sujoy said...

appo paranjathu pole thanne " ORU VIDHAM AVASANIPPIKUKAYANU " cheythathu alle

kollammm. appol nale berlichayate kidilan aduthu thanne pratheekshikkam alle

Anjaly said...

enthayalum avasanippichallo...
kollam...

ചെലക്കാണ്ട് പോടാ said...

നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും വണക്കം...അഭിപ്രായം വായിച്ചിട്ട് പറയാം..

അരുണ്‍ കായംകുളം said...

ആ പെണ്ണിന്‍റെ മനസിലും പ്രേമം കേറിയോ...?
?????

(ഒരുവിധം) അവസാനിച്ചു!!!
അവസാനിച്ചോ...??
എനിക്ക് തോന്നുന്നില്ല..

സാക്ഷാല്‍ കടമറ്റത്തച്ഛന്‍ നേരിട്ട് വന്ന് ബാധ ഒഴിപ്പിക്കേണ്ടി വരുമെന്നാ തോന്നുന്നത്.
:)

തോമ്മ said...

കോട്ടയം കുഞ്ഞച്ചനില്‍ ലാലിന് പകരം പച്ചക്കുളം വാസു (കൃഷ്ണനകുട്ടിനയര്‍ ) വന്നത് പോലുണ്ടല്ലോ.....
എന്തായാലും ഇടവേളയ്ക്കു ശേഷം തിരിച്ചു വന്നല്ലോ..സന്തോഷമായി ..ഇനിയും ഭരങ്ങാനം കഥകളെഴുതി തകര്‍ക്കൂ......

കുഞ്ഞാവ said...

(ഒരുവിധം)അവസാനിപ്പിച്ചു...

Eddy said...
This comment has been removed by the author.
aan said...

തിരിച്ചെത്തിയല്ലോ.. സന്തോഷമായി!
ഇനി എഴുതു... എഴുതിച്ചിരിപ്പിക്കൂ!

haaari said...

):-

Tomkid! said...

വെല്‍ക്കം ബാക്ക്...

ഒരിടവേളക്ക് ശേഷം മാസ്റ്റര്‍ പീസുകളുമായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കട്ടെ?

SUNISH THOMAS said...

yes kid. :)
master is back, but not sure abt masterpieces

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചു വരവ് നന്നായി...
വീണ്ടും കൂടുതൽ എഴുതുക.

ഓ.ടോ: അന്ന് ഭരണങ്ങാനത്തു വച്ച് സൂരജിനോടൊപ്പം കണ്ട ആളാണ്.

Sureshkumar Punjhayil said...

Manoharamayirikkunnu...! Thudaruka ...!

Ashamsakal...!

Rinu said...
This comment has been removed by the author.
Rinu said...

puthiya post idaar ayille,dear...??/

ചേര്‍ത്തലക്കാരന്‍ said...

കടുത്തുപോയണ്ണാ ഇതു...... ബെർളിയുടെ സ്വയം പൊക്കൽ കണ്ട്മടുത്തപ്പോളാ ഇങനെ ഒരെണം........


ചുമ്മാതാ............

tintumon said...

pooda....
www.tintumon555.blogspot.com
ph 9037725883

Sheena said...

അല്ലാ.... എനിക്ക് മനസ്സിലാവാഞ്ഞു ചോദിക്കുവാ... നീ എന്തിനാടെ ആ ബെര്‍ളിയുടെ ചന്തി കഴുകുന്നെ ??

മേഘമല്‍ഹാര്‍(സുധീര്‍) said...

:)

Sulfi Manalvayal said...

ഇവിടെ ഇങ്ങിനെ ഒരാളുണ്ടെന്ന് ഞാനറിയുന്നത് ഇപ്പോഴാ.
രസകരമായി വായിച്ചു. തുടര്‍വായനയില്‍ പറയാം ബാക്കി.

Eldho Mathew Thomas said...

കലക്കി..!!

മാണിക്യം said...

"പോടാ പാണ്ടീ.....
എനിക്കെന്റെ ബെര്‍ളിച്ചായനുണ്ട്....!!! "

:) :) :)