Showing posts with label ബ്ളോഗ് വാര്‍ഷികം. Show all posts
Showing posts with label ബ്ളോഗ് വാര്‍ഷികം. Show all posts
Friday, April 04, 2008
ആണ്ടു കുന്പസാരം
ചെയ്ത എല്ലാ തെറ്റുകളും ആദ്യം ഓര്‍ത്തെടുക്കണം.
നിസാര കാര്യമല്ലത്. ശരിക്കും പിന്നോട്ട് ആലോചിക്കണം. ആലോചിച്ച് ആലോചിച്ച് തെറ്റുകളെല്ലാം ഓര്ത്തെടുത്ത് അതിന്റെ മുന്ഗണനാ ക്രമത്തില്‍ സോര്‍ട്ട് ചെയ്യണം.
പലവിധത്തില്‍ സോര്‍ട്ട് ചെയ്യുന്നവരുണ്ട്- ആദ്യം ചെറിയ പാപം പറഞ്ഞു തുടങ്ങി ഒടുക്കം കുമ്പസാരിപ്പിക്കാനിരിക്കുന്ന അച്ചന് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാക്കും വിധം ആഞ്ഞടിക്കുന്ന രീതിയാണ് ഒന്ന്. ആദ്യം മാരകങ്ങള്‍ പറഞ്ഞ് അച്ചനെ പതിയെ സമരസപ്പെടുത്തി നിസാര തെറ്റുകളില്‍ വൈന്ഡ് അപ് ചെയ്യുന്ന രീതിയാണ് അടുത്തത്.
മാരകപാപങ്ങളും നിസാരപാപങ്ങളും മിക്സ് ചെയ്ത് അവിയല്‍ പരുവത്തില്‍ അങ്ങ് അവതരിപ്പിക്കുന്ന രീതിയുമുണ്ട്. ഏതു വിധത്തിലായാലും കുമ്പസാരത്തിനു മുന്‍പ് അതെല്ലാം ഓര്‍ത്തെടുക്കുക െചറുതല്ലാത്ത പണിയാണ്. പോരാത്തതിന് എന്റെ പിഴ എന്റെ പിഴ എന്നിടയ്ക്കിടെ പറയുന്ന കുമ്പസാരത്തിനുള്ള ജപവും ചൊല്ലണം. അതു കാണാതെ പഠിക്കണേലും ബുദ്ധിമുട്ടാണ്. കുമ്പസാരം കഴിഞ്ഞ്, പ്രായശ്ചിത്തതിനു പുറമേ മനസ്താപപ്രകരണവും ചൊല്ലണം.
ഈ ബുദ്ധിമുട്ടുകളെല്ലാമോര്ത്തിട്ടാണ് ഞാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി കുമ്പസാരിക്കാത്തത്- പിന്നെ, മാരകപാപങ്ങളൊന്നും ചെയ്തു ശീലമില്ലാത്തയാളായതു കൊണ്ട് അച്ചന്‍മാരും എന്നെ കുമ്പസാരിക്കാന്‍ നിര്‍ബന്ധിക്കാറുമില്ല.
അതിനാല്‍, വീട്ടിലെല്ലാവരും ആണ്ടുകുമ്പസാരത്തിനു പോകുമ്പോള്‍ ഞാന്‍വ ീടിനു കാവലിരിക്കുകയാണു പതിവ്. കുമ്പസാരവും കഴിഞ്ഞ് വീട്ടുകാര്‍ തിരിച്ചു വരുമ്പോളേക്കും എന്തെങ്കിലും പരോപകാരം ചെയ്താല്‍ അത്രയുമായി.
അപ്പുറത്തെ പറമ്പിലെ കൊച്ചുതെങ്ങില്‍ കരിക്കുണ്ടെങ്കില്‍ അതിട്ടു കുടിക്കുക, ഇപ്പുറത്തെ പറമ്പില്‍ നിന്നു തലയെത്തിച്ച് നമ്മുടെ പറമ്പിലെ പുല്ലു തിന്നുന്ന പശുവിനെ പതുങ്ങിച്ചെന്നു കെട്ടഴിച്ചു വിടുക തുടങ്ങിയ എന്തെങ്കിലും പരോപകാര പുണ്യപ്രവര്‍ത്തികള്‍ക്കായി ആ സമയം നമുക്കു നീക്കി വയ്ക്കാമല്ലോ. കൂടുതല്‍ സമയം കിട്ടുകയാണേല്‍, ആരും എടുക്കുകേലെന്നു കരുതി അമ്മച്ചി ബൈബിളിലോ സന്ധ്യാനമസ്കാര പുസ്തകത്തിലോ ഒളിപ്പിച്ചു വയ്ക്കുന്ന കാശു മുഴുവന്‍ എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്യാം. (അതില്‍നിന്ന് ഒന്നുമെടുക്കുന്ന സ്വഭാവം എനിക്കില്ല. എനിക്കെന്തിനാ കാശ്???)
ഇക്കൊല്ലവും ആണ്ടുകുമ്പസാര കാലമായി. പള്ളിയ്ക്കു പുറത്ത്, വിശാലമായ നടയില്‍ ഞാന്‍ വെറുതെയിരുന്നപ്പോളാണ്, ഏതാണ്ട് ഒന്നരവര്‍ഷം മുന്‍പ് കയ്യില്‍ കിട്ടിയ ഒരു മാസികയെക്കുറിച്ച് വെറുതെയോര്‍ത്തത്.
തൃശൂര്‍ കറന്റ് ബുക്സിന്റെ ന്യൂസ് ലെറ്റര്‍.
അതില്‍ സജീവ് എടത്താടന്‍ എന്ന പേരു കണ്ടത് പെട്ടെന്നു ശ്രദ്ധിച്ചു. സജീവ് എന്ന പേരു ഞാന്‍ ഇഷ്ടം പോലെ കേട്ടിട്ടുണ്ട്. ചീങ്കല്ലേല്‍ ഷാപ്പിലൊരു ചെത്തുകാരനുണ്ട് സജീവ്.ഭരണങ്ങാനത്തെ ഫൈവ് സ്റ്റാര്‍ തട്ടുകടയുടെ ഓണറും ഒരു സജീവാണ്. എന്റെ കൂടെ പഠിച്ചവനുണ്ട് ഒരു സജീവ്. അയല്‍പക്കത്തുനിന്ന് ബോംബെയ്ക്കു കുടിയേറിയവനുണ്ട് ഒരു സജീവ്. അങ്ങനെ സജീവുമാര്‍ ചിരപരിചിതരാണെനിക്ക്. എന്നാല്‍ എടത്താടന്‍ എന്ന പേര് ഞാനാദ്യം കേള്‍ക്കുകയായിരുന്നു. ഇടത്ത്, വലത്ത് എന്നു കേട്ടിട്ടുണ്ട്.
എടത്താടന്‍ എന്നു പറഞ്ഞാലെന്തായിരിക്കും?
പേരിലൊരു ആട്ടം ഉള്ളതുകൊണ്ട് നല്ല സ്മോളായിരിക്കുമെന്ന് അപ്പോളേ ഉറപ്പിച്ചു. ആ പേരിലെ അവലക്ഷണം എന്താണെന്നു നോക്കാന്‍ ന്യൂസ് ലെറ്ററിന്റെ താളു മറിച്ചു നോക്കിയപ്പോളാണറിയുന്നത്, കക്ഷിക്കു വിശാലമനസ്കന്‍ എന്നൊരു ഇരട്ടപ്പേരുകൂടിയുണ്ടെന്ന്. അതെനിക്ക് ഇഷ്ടമായി. വിശാലമനസ്ക്കന്‍. എന്നെപ്പോലെ വേറൊരാളെങ്കിലും കൂടി ഈ ലോകത്തുണ്ടല്ലോ. സന്തോഷമായി ഗോപിയേട്ടാ, സന്തോഷമായി.
കൊടകര പുരാണം എന്ന പേരില്‍ കക്ഷി ഇന്റര്നെറ്റില്‍ എഴുതിയ കഥകള്‍ കറന്റ് ബുക്സ് പുസ്തകമാക്കുന്നതിന്റെ പരസ്യവും പുസ്തകത്തിലെ ഒരുകഥയുമായിരുന്നു ന്യൂസ് ലെറ്ററില്‍. തൂലികാ സൗഹൃദം വഴി പരിചയപ്പെട്ട സുഹൃത്ത് അവസാനം കട്ടപ്പാരയായി വീട്ടില്‍വന്നു കയറുന്നതിനെ ശ്രീ വിശാലം അതിവിശാലമായി എഴുതിയിരിക്കുന്നതു വായിച്ചപ്പോഴേ എനിക്കൊരു ശ്രീനിവാസന്റെ മണമടിച്ചു. സംഗതി കൊള്ളാമല്ലോ. ഈ പുസ്തകം വായിക്കണം. തീരുമാനിച്ചു.
തീരുമാനം അവിെട നില്‍ക്കട്ടെ. അങ്ങനെ ഒരുച്ചനേരത്ത് ഓഫിസിലിരുന്നു പകല്‍ക്കിനാവു കാണുകയായിരുന്ന എനിക്ക് ഞങ്ങളുടെ ഇന്‍ഹൗസ് മെയിലില്‍ ശ്രീ ബെര്ളിയുടെ വകയൊരു മെയില്‍. അതിങ്ങനെയായിരുന്നു.
പ്രിയപ്പെട്ട സുനീഷ് സാര്‍,
മലയാളത്തില്‍ എനിക്കൊരു ബ്ളോഗുണ്ട്. ബെര്‍ളിത്തരങ്ങള്‍. സാര്‍ സമയം കിട്ടുമ്പോള്‍ വായിക്കുമല്ലോ.
എന്ന്, വിശ്വസ്തന്‍ ബെര്‍ളി.
ബ്ളോഗ് യുആര്‍എല്ലും ഒപ്പം. ഞാന്‍ ഇന്റര്‍നെറ്റിലേക്ക് ഊളിയിട്ടു. ബെര്‍ളി മുന്നില് തെളിഞ്ഞു. ആദ്യം കണ്ട കഥ- ചൊച്ചിസം. വായിച്ചു. മൊത്തത്തില്‍ ഒന്നു റീസ്റ്റാര്ട്ടായ പോലെ. ബെര്ളിയുടെ ബ്ളോഗിലെ ഓരോ പോസ്റ്റും അത്രയ്ക്ക ് ഊര്‍ജമാണ് ഇപ്പോളും സമ്മാനിച്ചുകൊണ്ടിരിക്കുന്ന്.
ഞാന്‍ ബെര്‍ളിയെ വിളിച്ചു.
ബെര്‍ളീ, ബ്ളോഗ് കണ്ടു. എനിക്കിഷ്ടമായി.
താങ്ക്യുസാര്‍. താങ്ങളെപ്പോലെയുള്ളവര്‍ ഇങ്ങനെ പറയുമ്പോള്‍ എന്റെ മനസ്സു നിറയും. ഇതാണ് ശരിക്കും ഞങ്ങളെപ്പോലുള്ളവര്‍ക്കുള്ള അംഗീകാരം.
ഓ അങ്ങനെയൊന്നുമില്ല, എനിക്കും ഈ ബ്ളോഗെഴുത്ത് പഠിക്കണമെന്നുണ്ട്.
അതിനെന്താ സാര്‍, ഞാന്‍ പഠിപ്പിച്ചു തരാം.
ഒരുദിവസം രാവിലെ മലപ്പുറത്തുനിന്നു ഞാന്‍ കോഴിക്കോടിനു പുറപ്പെട്ടു. ബെര്‍ളിയെ കാണാന്‍, ബ്ളോഗ് എഴുത്ത് പഠിക്കാന്‍.
കോഴിക്കോട് നടക്കാവിലെ നെറ്റ് കഫേയില്‍ ഞങ്ങള്‍ കണ്ടുമുട്ടി.
മനുഷ്യനെ എട്ടായി മടക്കിയെടുത്താല്‍ അകത്തു സുഖമായിരിക്കാവുന്ന വിധമൊരു ക്യുബിക്കിളില്‍ ഞങ്ങളു രണ്ടും ഇരുന്നു.
ബെര്ളി ബ്ളോഗ് തുറന്നു. ഓരോന്നു പറഞ്ഞു തന്നു. മലയാളത്തിലടിക്കാന്‍ ഹൈഗോപിസൈറ്റും കാട്ടിത്തന്നു.
ഞാന്‍ പടപടാന്നു കാര്യങ്ങള്‍ പഠിച്ചു. മലയാളത്തില്‍ കംപോസു ചെയ്യുക മാത്രമായിരുന്നു ഏക ബുദ്ധിമുട്ട്. എങ്കിലും കഥയെഴുതാമല്ലോ എന്നോര്‍ത്തപ്പോള്‍, സംഗതി ബുദ്ധിമുട്ടായി തോന്നിയില്ല. ഇഫ് യു ചൂസ് എ ജോബ് യു ലവ്, ദെന്‍ യു വില്‍ നെവര്‍ ഹാവ് ടു വര്‍ക്ക് എന്നാണല്ലോ.
അന്നു രാത്രി ഓഫിസിലിരുന്ന് ഞാന്‍ ആദ്യത്തെ പോസ്റ്റെഴുതി. - മീനച്ചിലാറും കൂടോത്രവും. കമന്റ് അഗ്രിഗേറ്റര്‍ അന്ന് പിന്മൊഴിയായിരുന്നു. അതു ബെര്‍ളി ശരിയാക്കിയിരുന്നു.
ആദ്യത്തെ കമന്റ് - ഓസ്ട്രേലിയയില്‍നിന്നു സാജന്റേതായിരുന്നു അത്. ആദ്യചുംബനവും ആദ്യകമന്റും ഒരിക്കലും മറക്കില്ലെന്നാണല്ലോ.( കമന്റ് ഇനി മറക്കത്തില്ല. മറ്റേത് ആരേലും തന്നാല്‍ മറക്കാതിരിക്കാം.)
പിന്നെ, എനിക്ക് ആവേശമായി. ആവേശം മൂത്ത് നാട്ടിലുള്ള സകലരെയും വേഷം കെട്ടിച്ചുബ്ളോഗില്‍ എഴുന്നള്ളിച്ചു കൊണ്ടു വന്നു. അതിന്നിടയ്ക്കാണ്, മറ്റൊരു പ്രിയപ്പെട്ടവന്‍ അനൂപ് എന്നെ ഫോണില് വിളിക്കുന്നത്.
അളിയാ, ബ്ളോഗ് തുടങ്ങിയല്ലേ?
ഞാന്‍ മൂളി. നീയെങ്ങനെ അറിഞ്ഞെടേ?
അതൊക്കെ അറിഞ്ഞു. മലയാളത്തില്‍ അടിക്കാന്‍ നീ വിഷമിക്കേണ്ട.
അവന്‍ എനിക്കു വേണ്ടി, ഓഫിസിലെ കീ ഇന്‍ ഫോര്‍മാറ്റ് അനുസരിച്ച്, യൂണിക്കോഡ് കംപോസു ചെയ്യാന്‍ ഒരു പ്ളാറ്റ് ഫോം ഉണ്ടാക്കിത്തന്നു. അതിന് എനി്ക്കു യൂസര്‍നെയിമും പാസ് വേഡും വരെ തന്നു ഭവാന്‍.
പിന്നെ ഒരു തരം അലക്കായിരുന്നു. നാട്ടുകാരു മുഴുവന്‍ കോടതി കയറി. എന്റെ വിചാരണക്കോടതിയില്‍ എനിക്കു വിരോധമുള്ളവരെയും സ്നേഹമുള്ളവരെയും ഞാന്‍ കയറ്റിനിര്‍ത്തി വിചാരണ ചെയ്തു. അവ കഥകളായി. പലതിലും നിറയെ കള്ളൊഴുകി. ചിലതില്‍ നിറയെ പ്രണയവും. ഏറെയും നഷ്ടപ്രണയങ്ങളായിരുന്നു. അതോടെ,ഞാന്‍ തികഞ്ഞ മദ്യപാനിയും നിരാശാകാമുകനുമാണെന്നു ബൂലോഗര്‍ വിശ്വസിച്ചു. ഞാനെതിര്‍ത്തിട്ടില്ല, ഇനിയും എതിര്‍ക്കുകയുമില്ല.
കൊച്ചിയില്‍ കുറുമാന്റെ പുസ്തക പ്രകാശനത്തിനു പോയപ്പോള്‍ ബൂലോഗത്തെ പുലികളെ പലരെയും നേരില്‍ പരിചയപ്പെട്ടു. പിന്നീടൊരിക്കല്‍, തൃശൂരില്‍ ഇടിവാളും കുട്ടന്‍മേനോനും ചേര്‍ന്നൊരുക്കിയ പരിപാടിയിലും പങ്കെടുത്തു.
പുതിയ ഒരുപാടു േപരെ പരിചയപ്പെട്ടു. എല്ലാവരും നല്ലവര്‍. കൊച്ചിയില്‍ വച്ച് എന്നെക്കൊണ്ട് ഒരെണ്ണം കഴിപ്പിക്കാന്‍ ശ്രീ തഥാഗതനു േനരിടേണ്ടി വന്ന പങ്കപ്പാട് ഓര്‍ക്കുമ്പോള്‍ ഇപ്പോളും ചിരി വരും.
ബ്ലോഗ് വഴി സമാന്തരമായി വലിയൊരു സൗഹൃദവലയം അങ്ങനെ രൂപപ്പെട്ടു. ഇനിയും നേരില്‍കാണാതെ ഫോണ്‍ വഴിയും മെയിലിലൂടെയും സൗഹൃദം തുടരുന്നവരുണ്ട്. എതിരന്‍ കതിരവനും കുതിരവട്ടനും സാല്‍ജോയുമൊക്കെ ഈ വിഭാഗത്തില്‍പ്പെടും.
അകലങ്ങള്‍ അലിഞ്ഞില്ലാതാകുമ്പോള്‍ ഫിന്‍ലന്‍ഡും അമേരിക്കയും ദുബായിയുമൊക്കെ ഇങ്ങടുത്തു നില്‍ക്കുന്ന തോന്നലാണുണ്ടാക്കുക.
പെരുവഴിയില്‍ വച്ചും ചില ബ്ളോഗെഴുത്തുകാരെ പരിചയപ്പെട്ടു. കല്യാണി, കൊച്ചുത്രേസ്യ, കുട്ടന്‍സ്...
അതിന്നിടയ്ക്ക് ഞാന്‍ പ്രധാനപ്പെട്ട ഒരു കാര്യം മറന്നുപോയിരുന്നു. എന്റെ സ്വന്തം നാട്ടുകാര്‍. അവരാരും ഈ ബ്ളോഗ് കാണുന്നേയില്ലെന്ന എന്റെ മിഥ്യാധാരണ പിഴച്ചുപോയി. ഒന്നല്ല, ഒരുപിടി നാട്ടുകാര്‍ ഇപ്പോള്‍ ഈ ബ്ളോഗ് വായിക്കുന്നുണ്ട്. അവരില്‍ പലര്‍ക്കും, ഇതിലെ പല കഥാപാത്രങ്ങളെയും നേരില്‍ അറിയാം. ഇനി കഥാപാത്രങ്ങള്‍ കൂടി ഈ കഥ വായിക്കുന്നതോടെ, എന്റെ കഥ പൂര്‍ത്തിയാകും.
ഇതിലെഴുതിയതും ഇനി എഴുതാനിരിക്കുന്നതുമായ കഥകള്‍ ഒരിക്കലുംയഥാര്‍ഥ സംഭവങ്ങളല്ല. ചിലതിനു യാഥാര്‍ഥ്യവുമായി ചിലബന്ധങ്ങളുണ്ട്. ത്രെഡ് എന്ന നിലയ്ക്ക് അതിനെ ഏറ്റെടുത്ത ശേഷം അതിലേക്ക് ആവശ്യത്തിനും അനാവശ്യത്തിനും ഫാന്റസി കുത്തിവയ്ക്കുന്നതാണ് എന്റെ എഴുത്തുരീതി. റിയലസ്റ്റിക്ക് ഫാന്റസി എന്നു വേണേല്‍ വിളിക്കാം. എനിക്കു വിരോധമില്ല.
തമാശ എഴുത്തുകാര്‍ക്കു സാഹിത്യരംഗത്തും ബ്ളോഗ് രംഗത്തും വലിയ വിലയൊന്നുമില്ല.നാലുവരി കവിത (മോശമാണെന്നല്ല) എഴുതുന്നവര്‍ക്കും നേരേ ചൊവ്വേ കഥകളെഴുതുന്നവര്‍ക്കുമൊക്കെയാണ് ഡിമാന്ഡ്. നല്ല ഒരു കവിത എഴുതുന്നതിനെക്കാള്‍ മെന്റല്‍ സ്ട്രെയിന്‍ വേണം നല്ല ഒരു തമാശക്കഥ നന്നായി എഴുതിയവസാനിപ്പിക്കാന്‍ എന്നതാണ് ഏറ്റവും വലിയ തമാശ. പക്ഷേ, ബ്ളോഗില്‍ അതു നന്നായി കൈകാര്യം ചെയ്യുന്നവരുണ്ട്. എന്റെ വായന പരിമിതമാണ്- അതില്‍ എനിക്കു ബെര്‍ളിയും വിശാലനും കഴിഞ്ഞാല്‍ ഇടിവാള്‍, സാന്‍ഡോസ്, ജി മനു, കൊച്ചുത്രേസ്യ തുടങ്ങിയവരുടെ എഴുത്താണിഷ്ടം. അനായാസതയാണ് അവരുടെ ഹൈലൈറ്റ്. എഴുത്ത് അനായാസമാകുമ്പോള്‍ വായന അതിലേറെ ആയാസരഹിതമായിരിക്കും.
അങ്ങനെ എന്റെ തെറ്റുകള്‍ എല്ലാം ഞാനോര്‍ത്തെടുത്തുകൊണ്ടിരിക്കെ, പള്ളിനടയുടെ അങ്ങേപ്പുറത്ത്, പാറേപ്പള്ളിയുടെ മതിലിന്നു താഴെ സൂര്യനസ്തമിച്ചു. ഇത്രയുമൊക്കെ ഞാന്‍ ചിന്തിക്കാനും എഴുതാനും എന്താണിപ്പോള്‍ പ്രകോപനമെന്ന് എല്ലാവരും ചിന്തിക്കുന്നുണ്ടാവും.
കാരണമുണ്ട്. ഈ ഏപ്രില്‍ 14ന് ഞാന്‍ ബ്ളോഗ് തുടങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കാണിച്ച പോക്രിത്തരങ്ങള്‍ ബൂലോഗര്‍ക്കു മുന്‍പില്‍ ഏറ്റുപറഞ്ഞുകഴിഞ്ഞു. ശിക്ഷയും പ്രായശ്ചിത്തവും നിങ്ങള്‍ക്കു നിശ്ചയിക്കാം.
സലാം!!!!
(വാര്‍ഷിക പോസ്റ്റ് എഴുതുന്നതു ഞാനല്ല. സത്യന്‍ അന്തിക്കാടോ വിശാലനോ അല്ല. അതു മറ്റൊരാളായിരിക്കും. കാത്തിരിക്കുക)
Subscribe to:
Posts (Atom)
