Wednesday, October 10, 2007

കുങ്കുമകോമളം ബ്യൂട്ടിപാര്‍ലര്‍


കത്തോലിക്കാ സഭയും കാത്തലിക്ക് സിറിയന്‍ ബാങ്കും തമ്മിലുള്ള ബന്ധം പോലെ ഗൂഢവും ഗാഢവുമായിരുന്നു അത്.

ഭരണങ്ങാനത്തെ ആബാലവൃദ്ധം പുരുഷന്‍മാരുടെ ആശ്രയവും അഭിലാഷവുമായിരുന്ന കോമളം ജെന്‍്സ് ബ്യൂട്ടിപാര്‍ലറിലെ കോമളന്‍ കൊച്ചാപ്പുവും ആബാലവൃദ്ധം സ്ത്രീകളുടെ ആശയും അഹങ്കാരവുമായിരുന്ന കുങ്കുമം ലേഡീസ് ബ്യൂട്ടിപാര്‍ലറിലെ സുന്ദരി ശോശന്നയുമായുള്ള പ്രണയം.

അഗാധവും അതിശക്തവും അതിഗംഭീരവുമായ ആ പ്രണയത്തിന്റെ തുടക്കം എവിടെയായിരുന്നുവെന്നു ഭരണങ്ങാനത്തെ ചരിത്രകാരന്‍മാര്‍ക്ക് ആര്‍ക്കും നിശ്ചയമില്ല. അത്രയ്ക്കു നേര്‍ത്ത നൂലുപോലെ, ചരിത്രത്തിന്റെ ഏതോ ഒരു ദശാസന്ധിയില്‍ പൂവിരിയുന്നതുപോലെയോ സൂര്യന്‍ ഉദിക്കുന്നതുപോലെയോ അതുസംഭവിച്ചു എന്നു മാത്രമാണു ചരിത്രം പറയുന്നത്.

സ്വന്തം ജോലിയെന്ത് എന്നു ചോദിക്കുന്പോള്‍ ബ്യൂട്ടീഷന്‍ എന്നു പറയാമെങ്കിലും ബാക്കിയുള്ളവരെ സോപ്പിടലും പതയടിക്കലും കത്തിവയ്ക്കലുമാണല്ലോ തന്റെ ജോലി എന്നു കൊച്ചാപ്പു ഓര്‍ക്കാതിരുന്നിട്ടില്ല. ശോശന്നയും ബ്യൂട്ടീഷനായിരുന്നു. എംസി റോഡുമുതല്‍ ദേശീയ പാത വരെ ഇപ്പോള്‍ മന്ത്രിമാര്‍ മുണ്ടുമടക്കിക്കുത്തിനിന്നു ചെയ്യുന്ന ഓട്ടയടക്കല്‍ തന്നെയായിരുന്നു ശോശന്നയുടെയും ജോലി. സുന്ദരാംഗികള്‍ എന്നു ജനം വിശ്വസിച്ചുപോന്നവരുടെ ഭീകരമായ മുഖത്തെ കുഴികള്‍ മൈദമാവുപോലത്തെ മിശ്രിതം കലക്കിയൊഴിച്ച് അടച്ച് സാന്‍ഡ്പേപ്പറിട്ടുമിനുക്കി പോളിഷടിക്കുന്ന പരിപാടിയായിരുന്നു അത്. ഫേഷ്യല്‍ എന്നോ മറ്റോ ആയിരുന്നു ഈസംഗതിയുടെ ഓമനപ്പേര്.

കൊച്ചാപ്പിയുടെ ജോലിയെന്താണെന്നതിെനക്കുറിച്ചു ശോശന്നയ്ക്കോ ശോശന്ന ബ്യൂട്ടിപാര്‍ലറിനുള്ളില്‍ എന്താണു ചെയ്യുന്നത് എന്നതിനെക്കുറിച്ചു കൊച്ചാപ്പിക്കോ പത്തുപൈസയുടെ വിജ്ഞാനമില്ലായിരുന്നു. ഇരുവര്‍ക്കും പരസ്പര ബഹുമാനമുണ്ടാവാനുള്ള പ്രധാന കാരണവും ഇതായിരുന്നു.

ബഹുമാനം വളര്‍ന്നു സ്നേഹമായി പരിണമിച്ചു എന്നാണു നാട്ടുകാരായ ചരിത്രകാരന്‍മാര്‍ പറയുന്നത്.

ഒരിക്കല്‍, മൂന്നുവയസ്സുള്ള പെണ്‍കൊച്ചിന്‍റെ തല മഷ്റൂം ക്രോപ്പടിക്കാന്‍ കോമളം മെന്‍സ് ബ്യൂട്ടിപാര്‍ലറില്‍ കൊണ്ടുചെന്ന ഭരണങ്ങാനത്തെ ഒരേയൊരു ധനികനായ ബ്രിട്ടാസു ചേട്ടനാണു കൊച്ചാപ്പിയുടെ പ്രണയം ആദ്യമായി കണ്ടുപിടിച്ചത്. മൂന്നു വയസ്സുള്ള കൊച്ചിന്‍റെ തലമുടി വെട്ടിയ ശേഷവും മനോരാജ്യത്തിലായിരുന്ന കൊച്ചാപ്പി സാധാരണ ചെയ്യുന്ന മുറയ്ക്കു കൊച്ചിന്റെ മുഖത്തു സോപ്പടിച്ചു. പതിയെ ഷേവു ചെയ്യാനായി കത്തിയെടുത്തു.

ആ നിമിഷം ബ്യൂട്ടിപാര്‍ലറിലേക്കു തിരിച്ചുകയറിയ ബ്രിട്ടാസു ചേട്ടന്‍ അതു കണ്ടെത്തിയില്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ മൂന്നുവയസുകാരി കൊച്ചിനു മൂന്നാലുവര്‍ഷത്തിനകം മുഖത്തു മീശയും താടിയുമായേനെ.

ഈസംഭവത്തിന്റെ തുടര്‍ച്ചയായാണു ഭരണങ്ങാനത്തെ അറിയപ്പെടുന്ന പാതി കഷണ്ടിക്കാരനായ അപ്പച്ചന്‍ ചേട്ടന്റെ തല കൊച്ചാപ്പി മൊട്ടയടിച്ചത്. തലമുടി വെട്ടുന്നതിനിടെ ഉറങ്ങിപ്പോകുന്ന ശീലമുള്ള അപ്പച്ചന് ചേട്ടന്‍ ഉറക്കമുണര്‍ന്നപ്പോള്‍ കണ്ണാടിക്കു മുന്നില്‍ കണ്ടത് അപരിചതനായ ഏതോ ഒരു മൊട്ടത്തലയനെ. പിന്നീടിതുവരെ അപ്പച്ചന്‍ ചേട്ടന്റെ തലയില്‍ മുടി കിളുത്തിട്ടില്ല.

കൊച്ചാപ്പി മാത്രമായിരുന്നില്ല മനോരാജ്യത്തില്‍. ശോശന്ന മേല്‍പ്പറഞ്ഞ രാജ്യത്തിന്റെ തലസ്ഥാനത്തായിരുന്നു.

നാല്‍പ്പതുകാരി പഞ്ചായത്തു പ്രസിഡന്റിന്റെ തലമുടി ഹെന്നയടിച്ചതു മുതല്‍ അതു തുടങ്ങുന്നു. നാട്ടിലെ അറിയപ്പെടുന്ന കരിസ്മാറ്റിക്കുകാരിയായ പെണ്ണമ്മച്ചേടത്തിയുെട നീളന്‍ മുടി ക്രോപ്പുചെയ്ത് അവരെ പ്രിയങ്കാഗാന്ധിയാക്കിയതും ശോശന്നയായിരുന്നു. ശോശന്നയും കൊച്ചാപ്പിയും ക്രൂരകൃത്യങ്ങള്‍ തുടരവേ ഭരണങ്ങാനം ആ സത്യം ഒടുവില്‍ തിരിച്ചറിഞ്ഞു.

ഇരുവരും പ്രണയത്തിലാണ്. പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും പോലെ, ബാലചന്ദ്രന്‍ ചുള്ളിക്കാടും വിജയലക്ഷി ടീച്ചറും പോലെ ബ്യൂട്ടീഷന്‍ കൊച്ചാപ്പുവും ബ്യൂട്ടീഷന്‍ ശോശന്നയും പ്രണയത്തിലാണ്. ആരെതിര്‍ത്താലും അവരു പ്രണയിക്കും. വിവാഹം കഴിക്കും. വിവാഹം കഴിക്കുന്നതോടെ കോമളം ബ്യൂട്ടിപാര്‍ലറും കുങ്കുമം ബ്യൂട്ടിപാര്‍ലരും ഒന്നാകും. ഹച്ച് വൊഡാഫോണായപോലെ, നെടുങ്ങാടി ബാങ്ക് പഞ്ചാബ് നാഷനല്‍ ബാങ്കായ പോലെ ഒന്ന് ഒന്നില്‍ ലയിക്കും. പിന്നെ ബാക്കി ഒന്നുമാത്രം. ഒരേയൊരു ഒന്ന്.

ആ ഒന്ന് എപ്പോള്‍ വരും എന്നതു മാത്രമായിരുന്നു എല്ലാവരുടെയും ആകാംക്ഷ.

ഏതോ ഒരു പരസ്യത്തില്‍ മിടുക്കനായൊരു ആങ്കൊച്ച് ചോദിക്കുന്ന പോലെ, എന്റെ നന്പര്‍ എപ്പോള്‍ വരും എന്നു കൊച്ചാപ്പി ശോശന്നയോടു ചോദിക്കാതിരുന്നിട്ടില്ല.

ചോദിച്ചു, പലവട്ടം.

പക്ഷേ, അപ്പോളൊക്കെയും ശോശന്ന മനോഹരമായ മനോരാജ്യത്തില്‍ തന്നെയായിരുന്നു. അവരുടെ മനോരാജ്യത്തില്‍ കുങ്കുമവും കോമളവും ഒന്നാകുന്ന ആ സുന്ദരനിമിഷമായിരുന്നു. അതവള്‍ കൊച്ചാപ്പിയോടു പറഞ്ഞു.

ആദ്യം കല്യാണം കഴിയട്ടെ,അതുകഴി‍ഞ്ഞുരണ്ടും ഒന്നാക്കാം.

എല്ലാവരും അറിഞ്ഞുകഴിഞ്ഞതല്ലേ, നമ്മുടെ പ്രണയം. അതുകൊണ്ട് ഇതിപ്പോളേ ഒന്നാക്കാം. നമുക്ക് കല്യാണം പിന്നീടു കഴിക്കാം. അതാ അതിന്റെയൊരു ശരി. - ശോശന്ന പറഞ്ഞു.

പെണ്‍ബുദ്ധി പിന്‍ബുദ്ധി എന്നു കൊച്ചാപ്പിയെ ഉപദേശിക്കാന്‍ ആരുമുണ്ടായിരുന്നില്ല. കൊച്ചാപ്പി എടുത്തുചാടി സമ്മതിച്ചു.

പിറ്റേന്റെ പിറ്റേന്ന് ഭരണങ്ങാനത്ത് ഒരുവലിയ ബോര്‍ഡു പൊങ്ങി.ഒരു മാറ്റം ആര്‍ക്കാണിഷ്ടമാകാകത്തത്, കോമളവും കുങ്കുമവും ഇന്നുമുതല്‍ ഒന്നാകുന്നു. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായി ഒരേയൊരു ബ്യൂട്ടിപാര്‍ലര്‍. കുങ്കുമ കോമളം ബ്യട്ടിപാര്‍ലര്‍ ഫോര്‍ ജെന്റ്സ് ആന്‍ഡ് ലേഡീസ്.

ചെറിയൊരു പീടികമുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന ശോശന്നയുടെ കുങ്കുമം അടച്ചുപൂട്ടി.

പകരം, ഷോപ്പിങ് കോംപ്ളക്സിന്റെ താഴത്തെ നിലയിലെ വിശാലമായ ഫ്ളോറില്‍ പ്രവര്‍ത്തിച്ചിരുന്ന കൊച്ചാപ്പിയുടെ കുങ്കുമം ബ്യൂട്ടിപാര്‍ലറിലേക്കു ശോശന്നയും അനുബന്ധ സാമഗ്രികളും കുടിയേറി. അതോടെ, ലയനം പൂര്‍ത്തിയായി.

പിന്നെയും മാറ്റങ്ങളുണ്ടായിരുന്നു. കൊച്ചാപ്പിക്കു മാനേജിങ് ഡയറക്ടര്‍ എന്നൊരു ഡെസിഗ്നേഷനും കറങ്ങുന്ന കസേരയും കൊടുത്തു.

ആണുങ്ങളുടെ തലമുടി വെട്ടാന്‍ എറണാകുളത്തുനിന്ന് അന്ത്രോസ് എന്ന ആംഗ്ലോ ഇന്ത്യനെ കൊണ്ടുവന്നു. വനിതകളുടെ ബ്യൂട്ടീഷന്‍ കം മാനേജരായി ശോശന്ന തന്നെ തുടര്‍ന്നു. കൊച്ചാപ്പി ജോലിയൊന്നും ചെയ്യേണ്ടതില്ലെന്നു ശോശന്ന കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. ജോലിയൊന്നും ചെയ്യാതെ വെറുതെ കസേരയും വലിച്ചിട്ടിരുന്നു കൊച്ചാപ്പിക്കു കുടവയറുചാടിത്തുടങ്ങി.

എന്നാണു നമ്മുടെ കല്യാണമെന്നു കൊച്ചാപ്പി എന്നും ശോശന്നയോടു ചോദിക്കും. ശോശന്ന പറയും- പ്ളീസ് വെയ്റ്റ്.

ഞാനിവിടെയുണ്ടല്ലോ, നമുക്കിനിയും സമയമില്ലേ?

സംയമനത്തിന്റെ നൂല്‍പ്പാലത്തിലൂടെ കൊച്ചാപ്പി മന്ദംമന്ദം നീങ്ങിക്കൊണ്ടിരുന്നു.

ആയിടയ്ക്കാണു ബ്യൂട്ടിപാര്‍ലര്‍ എയര്‍കണ്ടീഷന്‍ ആക്കിയാല്‍ നന്നായിരിക്കുമെന്നൊരു ഐഡിയ വെട്ടുകാരന്‍ അന്ത്രോസ് ഉന്നയിക്കുന്നത്. അതുകൊള്ളാമെന്നു ശോശന്ന യ്ക്കും തോന്നി. എയര്‍കണ്ടീഷനാക്കാന്‍ കാശുവേണം. ചില്ലറ പോര, വല്യറ തന്നെ വേണം. എന്തു ചെയ്യും??

ആലോചനകളുടെ അവസ്ഥാന്തരങ്ങള്‍ക്കൊടുവില്‍, കൊച്ചാപ്പിയും അമ്മച്ചിയും താമസിക്കുന്ന പത്തുസെന്റ് പുരയിടം ബാങ്കില്‍ പണയം വയ്ക്കാമെന്നു തീരുമാനമാകുന്നു. പണമെടുത്തു. എസിയാക്കി.

അതോടെ, എസിക്കുള്ളിലെ കറങ്ങുന്ന കസേരയിലായി കൊച്ചാപ്പിയുടെ ഇരിപ്പ്. കൊച്ചാപ്പി ഇരിപ്പു തുടര്‍ന്നു. ശോശന്ന ജോലി തുടര്‍ന്നു. പണം വാങ്ങുന്നതും കണക്കു നോക്കുന്നതും അന്ത്രോസിനു ശന്പളം കൊടുക്കുന്നതുമെല്ലാം ശോശന്നയായിരുന്നു. ഒന്നും കൊച്ചാപ്പി അറിയേണ്ടതില്ലെന്നു ശോശന്നയ്ക്കു നിര്‍ബന്ധമുണ്ടായിരുന്നു. അതില്‍ കൊച്ചാപ്പിക്കും തെല്ല് അഭിമാനം തോന്നാതിരുന്നില്ല.

അഭിമാനം കൂടിയും കുറഞ്ഞുമിരുന്നെങ്കിലും കൊച്ചാപ്പിക്ക് അനന്തമായി നീണ്ടുപോകുന്ന തന്റെ അവിവാഹിത ഭാവിയെക്കുറിച്ച് ആശങ്ക തോന്നാതിരുന്നില്ല.

ഒരുദിവസം രാവിലെ കടയിലേക്കു കയറി വന്ന ശോശന്നയെ കൊച്ചാപ്പി തടഞ്ഞുനിര്‍ത്തി.

എനിക്കിപ്പോള്‍ അറിയണം, എപ്പോളാണു നമ്മുടെ കല്യാണം. ഇനിയും കാത്തിരിക്കാന്‍ എനിക്കു വയ്യ- കൊച്ചാപ്പി കയറുപൊട്ടിച്ചു.

കല്യാണമോ, ആരുടെ കല്യാണം? - ശോശന്ന തിരിച്ചടിച്ചു.

ആ അടിയേറ്റു കൊച്ചാപ്പി വീണു. ശോശന്നയ്ക്കു തെല്ലും കൂസലുണ്ടായിരുന്നില്ല. അന്നു തന്നെ അവള്‍ കൊച്ചാപ്പിയെ കടയില്‍നിന്നു പുറത്താക്കി.

കൊച്ചാപ്പി പെരുവഴിയായി.

പിറ്റേന്നു രാവിലെ ഭരണങ്ങാനത്തെ സര്‍വീസ് സഹകരണബാങ്കുകാര്‍ ഒരു കാറില്‍ കൊച്ചാപ്പിയുടെ വീട്ടുമുറ്റത്തു വന്നിറങ്ങി. വെളുത്ത നിറത്തിലുള്ള ഒരു കടലാസ് അതിരാവിലെ കൊച്ചാപ്പിയുടെ കയ്യില്‍ കൊടുത്തു.

ജപ്തി!!!

കട എസിയാക്കാന്‍ ലോണെടുത്ത പണം പലിശയും കൂട്ടുപലിശയും ചേര്‍ന്നു ഭീകരമായിരിക്കുന്നു.

അന്നുവൈകിട്ട് നാട്ടിലൂടെ ലൈറ്റിട്ട്, ഓണടിച്ചു കടന്നുപോയ സോമന്‍ ചേട്ടന്റെ മഹീന്ദ്ര ജീപ്പില്‍ രണ്ടുപേരെ കണ്ടതായി ഭരണങ്ങാനത്തെ ചരിത്രകാരന്‍മാര്‍ പറയുന്നു. കൊച്ചാപ്പിയെ പിന്നെയാരും കണ്ടിട്ടില്ല.

ശോശന്ന ഇപ്പോളും ബ്യൂട്ടീഷനായി തുടരുന്നു. അന്ത്രോസ് അവളുടെ ഭര്‍ത്താവായും. ...!

19 comments:

SUNISH THOMAS said...

ബെര്‍ളിക്കുള്ള മറുപടി!!!!

:)

ആഷ | Asha said...

എങ്കിലും ശോശന്നേ അതൊരു വലിയ ചതിയായി പോയ്.
നന്നായിരിക്കുന്നു സുനീഷ്

ആഷ | Asha said...

ലിതിനാണ് കൊച്ചാപ്പീ പറയണത് ഉത്തരത്തിലുള്ളത് എടുക്കാനും സാധിച്ചില്ല കക്ഷത്തിലുള്ളത് പോവേം ചെയ്തു.

ശ്രീ said...

പാവം കൊച്ചാപ്പി!
:)

മെലോഡിയസ് said...

സുനീഷ് ജീ..കിടിലം പോസ്റ്റ് ട്ടാ..

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി ല്ലേ..

സാന്‍‌ഡ്‌പേപ്പറിട്ട് പോളീഷടിക്കുന്ന വിവരണം കലക്കീ.

G.MANU said...

എംസി റോഡുമുതല്‍ ദേശീയ പാത വരെ ഇപ്പോള്‍ മന്ത്രിമാര്‍ മുണ്ടുമടക്കിക്കുത്തിനിന്നു ചെയ്യുന്ന ഓട്ടയടക്കല്‍ തന്നെയായിരുന്നു ശോശന്നയുടെയും ജോലി. സുന്ദരാംഗികള്‍ എന്നു ജനം വിശ്വസിച്ചുപോന്നവരുടെ ഭീകരമായ മുഖത്തെ കുഴികള്‍ മൈദമാവുപോലത്തെ മിശ്രിതം കലക്കിയൊഴിച്ച് അടച്ച് സാന്‍ഡ്പേപ്പറിട്ടുമിനുക്കി പോളിഷടിക്കുന്ന പരിപാടിയായിരുന്നു അത്.

another cheers

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അപ്പോള്‍ നീ ഷാപ്പ് വിട്ട് ബ്യൂട്ടീപാര്‍ലറില്‍ കയറിത്തുടങ്ങിയോ?

ഓടോ:
ഇതേത് വകേലാ ബെര്‍ളിക്കുള്ള മറുപടിയാവുന്നേ?

ഉണ്ടാപ്രി said...

രണ്ടൂ ചെക്കന്മാരും, ഒരു പെണ്ണും , പിന്നെ വഴിതെറ്റിയ ഒരു പ്രേമോം.
പാലാ, ഭരണങ്ങാനം മൊത്തം ഇത്തരം കാര്യങ്ങളേ ഒള്ളോ..
പാലാക്കാരനാണേന്നു പറയാന്‍ നാണിക്കണോ..
മറുപടിയും, മറുപടിക്കു മറുപടിയും..എല്ലാം രസിക്കുന്നുണ്ട്.
ചെത്തുകാരന്‍, ബാര്‍ബര്‍, അലക്കുകാരന്‍...എല്ലായിടത്തും ത്രികോണപ്രേമം തന്നെ..!
ഇതിന്റെ ബാക്കി ഞാന്‍ അപ്പുറത്ത് വായിച്ചോളാം.

കെ said...

ഇപ്പോഴത്തെ രണ്ടു നേതാക്കളെക്കുറിച്ചൊരു പഴയ കഥയുണ്ട്. ഒരുത്തന്റെ കാമുകിയ്ക്ക് സുഹൃത്ത് ഹംസമായെന്നോ, ഹംസം പില്‍ക്കാലത്ത് കാമുകനായെന്നോ, കെട്ടിയെന്നോ പിളളാരായെന്നോ, പിളളാരുടെ പിളളാരുടെ ചോറൂണ് വിവാദമായെന്നോ ഒക്കെയാണ് കഥ.

രണ്ടും ഇപ്പോള്‍ രാഷ്ട്രീയത്തില്‍ തന്നെയുണ്ട്. കേന്ദ്രനില്‍ മന്ത്രിമാരായും വിലസുന്നു. ച്ചാല്‍ ഒരേ സ്ഥാപനം, ഒരേ പദവി, അതുപോലെയെങ്ങാനുമാണോ സുനീഷേ ഈ കഥ. (മന്ത്രിമാര്‍ മലയാളികളല്ലെന്ന് മിസ് കൈമള്‍)

സാല്‍ജോҐsaljo said...

അളിയാ, ഏറ്റവും കൂടുതല്‍ നിരാശാകാമുകന്മാരുള്ള സ്ഥലമായി ലിംക ബുക്കില്‍ ഭരണങ്ങാനത്തിന്റെ പേരു വരും! പോരാഞ്ഞിട്ടാ മണ്ഡലം പോലെ എപ്പഴും ഒരു ത്രികോണപ്രേമവും! അങ്ങനെ ഷാപ്പിലൊരാളുകൂടി..!

ഓ.ടോ: ചാത്താ എങ്ങനാ ബെര്‍ളിക്കുള്ള മറുപടിയാകുന്നേന്നൊ? മനസിലായില്ലേ? പുള്ളിക്ക് കാത്തലിക് സിറിയന്‍ ബാങ്കില്‍ അക്കൌണ്ടുണ്ട്.. വല്ലോം പുടിഞ്ചാ? ആ.. എനിക്കും!

Sanal Kumar Sasidharan said...

ആദ്യവാചകത്തില്‍ വീഴ്ത്തുക തുടര്‍ന്നുള്ള വരികളില്‍ അവസാനം വരെ വായനക്കരനെ ഒലിപ്പിച്ചുപോവുക.സമ്മതിച്ചുതന്നേ ഒക്കൂ.
എന്നാലും മധ്യ ഭാഗം കഴിഞ്ഞതോടെ കഥയുടെ കഥ കഴിഞ്ഞുപോയി എന്നു തോന്നി.ഒന്നുംകൂടി ഒന്നു മുറുക്കിയാല്‍ നൂറിനു നൂറ്റമ്പതും തരാം. :)

ഇടിവാള്‍ said...

(( എംസി റോഡുമുതല്‍ ദേശീയ പാത വരെ ഇപ്പോള്‍ മന്ത്രിമാര്‍ മുണ്ടുമടക്കിക്കുത്തിനിന്നു ചെയ്യുന്ന ഓട്ടയടക്കല്‍ തന്നെയായിരുന്നു ശോശന്നയുടെയും ജോലി))

ഹഹഹ! സുനീഷേ.. ഈ പൊസ്റ്റില്‍ ചില തകര്‍പ്പന്‍ നമ്പറുകളുണ്ട് കേട്ടാ ;)

ആശംസകള്‍

aneeshans said...

കലക്കി, അലക്കി, തകര്‍ത്തൂട്ടാ.

ബെര്‍ളിക്ക് ഒരു അന്‍ഞ്ചാറ് മറുപടി കൂടെ കൊടുക്ക് സുനീഷേ നമ്മക്ക് ബായിക്കാലാ

:)

കൊച്ചുത്രേസ്യ said...

നിങ്ങള്‍ടെ ഭരണങ്ങാനത്തെ എല്ലാ പെണ്ണുങ്ങളും ഇങ്ങനെ വില്ലികളാണോ :-)

പോസ്റ്റ്‌ കുത്തും കോമേം പോലും വിടാതെ രണ്ടു-മൂന്നു പ്രാവശ്യം വായിച്ചു. കുറെ ചിരിച്ചൂന്നല്ലാതെ തേടിയ ഉത്തരം കിട്ടീല്ല.. ഇതെലെവിടെയാ ബെര്‍ളിക്കുള്ള മറുപടി !!

കുറുമാന്‍ said...

പാവം കൊച്ചാപ്പി :)

Jay said...

സൂസന്ന തന്റെ കൂരയുടെ കീഴിലായിട്ടും, കാര്യം നടക്കാന്‍ കല്യാണം കഴിക്കണമെന്നു വാശി പിടിച്ച കൊച്ചാപ്പിയുടെ ആത്മാവിന് സ്‌തുതി. റ്റൈനിട്രീസ ചോദിച്ചപോലുള്ള ‘വില്ലീസ്’സൂസന്നമാര്‍ ഭരണങ്ങാനത്തെ കഴിഞ്ഞ തലമുറയില്‍ മാത്രമേയുള്ളൂ എന്ന് ഞാന്‍ ആശ്വസിക്കുന്നു.

ചാടോ* - സുനിക്കുട്ടാ, തന്റെ പോസ്‌റ്റുകളൊക്കെ ഭരണങ്ങാനത്തെ പെമ്പിള്ളേരാരെങ്കിലും വായിക്കാറുണ്ടോ?. ആത്മാര്‍ഥമായി മറുപടി പറയുക !

*ഓ:ടോ എന്ന് പറഞ്ഞാല്‍ ഓഫ് ടോപ്പിക് എന്നാണെന്നൊക്കെ എനിക്കറിയാം കേട്ടോ. ഇതു ചുമ്മാ ഒരു വെറൈറ്റിക്കു വേണ്ടി.

Mr. K# said...

:-)

SUNISH THOMAS said...

അജേഷേ,
ആരെങ്കിലുമൊക്കെ വായിക്കട്ടേയ്.
വായിച്ച എല്ലാവര്‍ക്കും നന്ദി

സുധി അറയ്ക്കൽ said...

ശ്ശോ!!!

Powered By Blogger