ചോരയുടെ നിറമായിരുന്നു ആ വെളിച്ചത്തിന്.
അയ്യങ്കോലിപ്പാറയുടെ മുകളില്‍ അര്‍ധരാത്രി മൂത്രമൊഴിക്കാന്‍ എഴുന്നേറ്റുനിന്ന അന്തോണിയാണ് ആദ്യം ആ കാഴ്ച കണ്ടത്. അങ്ങകലെ, ഏതാണ്ടു താണോലിപ്പള്ളിയുടെ ഭാഗത്തുനിന്നു ചുവന്ന നിറത്തിലുള്ള ഒരു വെളിച്ചം നേരെ അയ്യങ്കോലിപ്പാറ ഉന്നം വച്ചു പാഞ്ഞുവരുന്നു.
അയ്യോ എന്ന അലര്‍ച്ചയാണു പിന്നീടു നാട്ടുകാരു കേട്ടത്. അന്തോണി അവശനിലയില്‍ ആശുപത്രിയിലായി. ചുവന്ന വെളിച്ചം എന്ന് ഇടയ്ക്കിടെ പറയുന്നതൊഴിച്ചാല്‍ മറ്റൊന്നും ആരുമറിഞ്ഞില്ല. ചുവന്ന വെളിച്ചം എന്നു പറയാന്‍ മാത്രമായി അവനു ബോധം തെളിയും. അതു പറഞ്ഞുകഴിഞ്ഞാലുടന്‍ ബോധം മറയും. ഒരാഴ്ചയായി ഇതാണു സ്ഥിതി.
അന്തോണി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന്റെ മൂന്നാം ദിവസമാണ് അയ്യങ്കോലിപ്പാറയില്‍ മറ്റൊരു സംഭവമുണ്ടായത്. അയ്യപ്പനാശാന്റെ വീടിന്റെ അടുക്കളയോടുചേര്‍ന്ന് ഒരു ചുവന്ന വര . ഏതാണ്ട് അരയടി നീളത്തില്‍ മൂന്നിഞ്ചുകനത്തില്‍ ഒരു വര. തൊട്ടപ്പുറത്തുള്ള മേരിച്ചേടത്തിയുടെ വാളന്‍ പുളി മരത്തിലും ഏതാണ്ട് ഒരാള്‍ ഉയരത്തില്‍ അതുപോലെയൊരു വര.
ആരാണു വരച്ചതെന്ന് അയ്യപ്പനാശാന്‍ വൈകിട്ട് വീലായെത്തി നാട്ടുകാരോടു മുഴുവന്‍ ചോദിച്ചു. ഉത്തരം കിട്ടിയില്ല. അതിന്റെ ദുഖത്തിന് പെമ്പറന്നോത്തി കാര്‍ത്യാനിച്ചേടത്തീടെ മുടിക്കുത്തിനു പിടിച്ചു നിലത്തടിച്ചും അയ്യപ്പനാശാന്‍ ചോദിച്ചു.
ഏതു മറ്റവനാടീ ഇവിടെ ചെമന്ന വര വരച്ചത്? അതും ആണൊരുത്തന്‍ ഇവിടെ ജീവിച്ചിരിക്കുമ്പോള്‍???
ആ ചോദ്യം അയ്യങ്കോലിപ്പാറയില്‍ മാത്രമല്ല, താഴെ അങ്ങു ഭരണങ്ങാനം വരെ മുഴങ്ങി. പക്ഷേ ഉത്തരമുണ്ടായില്ല. പകരം മറ്റൊന്നുണ്ടായി.
അയ്യങ്കോലിപ്പാറയുടെ അടിവാരത്തെ മേസ്തിരി കുട്ടപ്പന്‍ ചേട്ടന്റെയും ഇറച്ചിവെട്ടുകാരന്‍ കറിയാച്ചേട്ടന്റെയും വീടിന്റെ ചുവരിലും ചുവന്ന വരകള്‍ പ്രത്യക്ഷപ്പെട്ടു. ഒരടിനീളം. മൂന്നിഞ്ചുകനം. ഗംഭീര വര. വരച്ചവനാരായാലും നന്നായി വരയ്ക്കാനറിയാവുന്നവനാണെന്നു അയല്പക്കത്തെ കുഞ്ഞാറാണപ്പണിക്കനും സാക്ഷയ്പ്പെടുത്തി. അത്രയ്ക്കു പെര്‍ഫക്ട് വര.
വര നാട്ടില്‍ വര്‍ത്തമാനമായിത്തുടങ്ങി. നാളെ ആരുടെ വീട്ടിലായിരിക്കും വര വീഴുകയെന്നറിയാന്‍ പാടില്ലാത്തതിനാല്‍ നാട്ടുകാര്‍ ഉണര്‍ന്നിരുന്നു. വീടുകളുടെ ചുവരില്‍ ചുവന്ന വരയിടുന്നവനെ പിടിച്ചിട്ടു തന്നെ കാര്യം.
സംഗതി, നാട്ടിലറിഞ്ഞതിനു പിന്നാലെ പള്ളിയിലുമെത്തി.
പെസഹാദിവസം, വിശ്വാസികളുടെ വീടുകളുടെ കട്ടിളപ്പടിയില്‍ മുട്ടനാടിനെ കൊന്ന ചോരകൊണ്ട് അടയാളമിടണമെന്ന പഴയനിയമവചനമാണു വികാരിയച്ചന്റെ ഓര്‍മയിലെത്തിയത്. ചോര കൊണ്ട് അടയാളപ്പെടുത്താത്ത വീടുകളെ ദൈവദൂതന്‍ നിഗ്രഹിച്ചു കടന്നുപോകും.
കര്‍ത്താവേ...???
പള്ളിമുറിയുടെ ചുവരില്‍ സ്വന്തം നിലയ്ക്ക് ഒന്നു വരച്ചാലോ എന്ന് അച്ചന് തോന്നിപ്പോയി!!!
എങ്കിലും, ഉള്ളിലെ പേടി മറച്ചുവച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു.
ആരും പേടിക്കേണ്ട, ഇപ്പോള്‍ നമ്മള്‍ പുതിയ നിയമമാണു ഫോളോ ചെയ്യുന്നത്. പഴയ നിയമമല്ല. അതുകൊണ്ട്, ചുവന്ന വരയോ ചോരയോ ഒന്നും നമുക്കു ഭൂഷണമല്ല. ഇതുവേറെയേതോ ചെകുത്താന്മാര്‍ ഒപ്പിക്കുന്ന വേലയാണ്.
നാട്ടില്‍ പിന്നെയും ചുവന്നവരകളുടെ എണ്ണം കൂടിവന്നു. എല്ലാത്തിനും ഒരേ സ്വഭാവമായിരുന്നു. ഒരേ നിറവും.
ഭരണങ്ങാനം ഒന്നടങ്കം രാത്രിയെ പകലാക്കി ഉണര്‍ന്നിരുന്നു തുടങ്ങി. പകലുറക്കം, രാത്രിയില്‍ ഉണര്‍ന്നിരിക്കല്‍. വീണ്ടും പകലുറക്കം രാത്രിയില്‍ ഉണര്‍ന്നിരിക്കല്‍. ഇതിനു സമാന്തരമായി വരകളുടെ എണ്ണവും കൂടിക്കൊണ്ടിരുന്നു.
ചെകുത്താന്‍ സേവയുടെ ഫലമാണു വര. ആരാണു ചെകുത്താനെ സേവിച്ചു പ്രീതിപ്പെടുത്തിയിരിക്കുന്നതെന്നു മാത്രമറിഞ്ഞു കൂടാ. നാട്ടുകാര്‍ തലപുകച്ചു. പുകഞ്ഞ കൊള്ളികള്‍ പുറത്തായതല്ലാതെ വരയിടുന്നവനെ പിടിക്കാന്‍ മാത്രം ആര്‍ക്കുമായില്ല. ഒപ്പം, എന്തിനു വേണ്ടിയാണു വരയിടുന്നതെന്നും ആര്‍ക്കും മനസ്സിലായില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം, അമ്പാറ ഷാപ്പിനു മുകളില്‍ ചുവന്ന വര വീണു. കുടിന്മാര്‍ ആശങ്കാകുലരായതിന്റെ പിറ്റേന്ന്, ആറിന്നക്കരെയുള്ള പാലമ്മൂട് ഷാപ്പിന്റെ ചുവരിലും വര വീണു. രണ്ടു ഷാപ്പുകളിലും കള്ളു തിളച്ചു മറിഞ്ഞു. കള്ളില്‍ വീണു ചത്ത പ്രാണികളുടെ ആത്മാക്കളോടൊപ്പം കുടിയന്മാരും തേങ്ങി. ആരാവും ഈ വര വരച്ചത്? എന്തിനാവും ഈ വര വരച്ചത്?
ഷാപ്പിനു മുകളില് വര വീണതോടെ നാട്ടുകാരില്‍ ചിലര്‍ക്കു ധൈര്യമായി. ഇതു ദൈവത്തിന്റെ വരയാണ്. നാട്ടിലെ പാപികളെ അപ്പാടെ പായിക്കാന്‍ ദൈവം ഏര്‍പ്പാടു ചെയ്ത പുതിയ പാക്കേജാണു സംഗതി. ചുവന്ന വര വീണയിടങ്ങളെ നിഗ്രഹിച്ച് ദൈവദൂതന്‍ കടന്നുപോകും. പുതിയ പെസഹാ...!!!
സംഗതി നാട്ടില്‍ ഫ്ളാഷായതോടെ, ചുവന്ന വര വീണ വീട്ടുകാര്‍ ഒറ്റപ്പെട്ടു. ഷാപ്പ് ഒറ്റപ്പെട്ടു. കുടിയന്മാര്‍ ഒറ്റപ്പെട്ടു. കറിക്കച്ചോടക്കാരന്‍ കോവാലന്‍ ചേട്ടന്‍ ഒറ്റപ്പെട്ടു.
സ്വര്‍ഗരാജ്യത്തില്‍ പ്രവേശനം കിട്ടാന്‍ യോഗ്യതയില്ലാത്ത വിധം തെറ്റു ചെയ്തവരാണ് അവരെന്നു നാടൊട്ടുക്കു പ്രചാരണമുണ്ടായി. ചുവന്നവരയുള്ള വീട്ടുകാരില്‍ പലരെയും പരസ്യമായി നാട്ടുകാര്‍ പരിഹസരിച്ചു, ആക്രമിച്ചു. ഭരണങ്ങാനത്തു ബാക്കിയുള്ള കള്ളുഷാപ്പുകള്‍ക്കു മുകളില്‍ക്കൂടി വര വീഴാന്‍ ദൈവം നടപടി സ്വീകരിക്കണമെന്ന് മദ്യവിരുദ്ധ അസോസിയേഷന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ദൈവത്തിനു ഫാക്സ് സന്ദേശം അയച്ചു.
പിറ്റേദിവസം വര വീണു. ഭരണങ്ങാനം കുരിശുപള്ളിക്കും തൊട്ടിപ്പുറത്തെ കന്യാസ്ത്രീ മഠത്തിനും!!!
അന്നുതന്നെ മദ്യവിരുദ്ധ സമിതി പിരിച്ചുവിട്ടു.
വരകളുടെ എണ്ണം അന്‍പതു തികഞ്ഞ ദിവസമാണ് അന്തോണി ആശുപത്രിയില്‍ നിന്നു ഡിസ്ചാര്ജ് ആയത്. നേരെ ഭരണങ്ങാനത്തു കാലുകുത്തിയ അപ്പോള്‍ത്തന്നെ അന്തോണി വരയെക്കുറിച്ചറിഞ്ഞു.
വരകളുടെ നിറം ചുവപ്പാണെന്നുകൂടി അറിഞ്ഞതോടെ അന്തോണിയുടെ തലകറങ്ങി. എങ്കിലും അന്തോണി ആ സത്യം വിളിച്ചു പറഞ്ഞു.
രാത്രി മൂത്രമൊഴിക്കാന്‍ എഴുന്നേറ്റുനിന്നപ്പോള്‍ താന്‍ ആകാശത്തു കണ്ട അതിഭയങ്കര വെളിച്ചത്തിന്റെ കഥ. രക്തത്തിന്റെ നിറമുള്ള ചുവന്ന വെളിച്ചം. അതുകേട്ടതോടെ, നാട്ടുകാരുടെ രക്തം കട്ടയായി.
സംഗതി യക്ഷിയാണ്.
ചുടല യക്ഷി. യക്ഷിയുടെ സഞ്ചാരസമയം രാത്രിയാണ്. യക്ഷി പോകുന്ന വഴിയിലെ വീടുകള്‍ക്കും മരങ്ങള്‍ക്കും മൈല്‍ക്കുറ്റികള്‍ക്കുമാണു ചുവന്നവര വീഴുന്നത്. അപ്പോള്‍ സംഗതി മനുഷ്യബന്ധമുള്ളതല്ല. ചുവന്ന വര വീണ വീടുകളില്‍ താമസിക്കുന്നവരുടെ കാര്യം കട്ടപ്പുക. അവരെ യക്ഷി സ്കെച്ചു ചെയ്തു കഴിഞ്ഞു.
ഇനി ഏതെങ്കലിുമൊരു രാത്രിയില്‍, പാലപ്പൂ മണം വീണു പരന്ന നിലാവില്‍ അവരുടെ അലര്‍ച്ച കേള്‍ക്കാം. യക്ഷി കോന്പല്ലുകള്‍ കോര്‍ത്ത് ചോര വലിച്ചു കുടിക്കുന്ന ഒച്ച കേള്‍ക്കാം. അതില്‍ മിച്ചം വരുന്ന ചോര കൊണ്ട് യക്ഷി അടുത്ത വീട്ടില്‍ അടയാളമിടും. അതങ്ങനെ നീണ്ടുപോകും....
ഇത്രയും കാലം ഇല്ലാതിരുന്ന യക്ഷി പെട്ടെന്ന് എവിടെനിന്നു വന്നു?
അയ്യങ്കോലിപ്പാറയില്‍ മാത്രമല്ല, അതിന്നപ്പുറത്തേക്കും ഇപ്പുറത്തേക്കും വരകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. സംഗതി ഭരണങ്ങാനത്തിന്റെ അതിര്‍ത്തിയും കടന്നു മുന്നേറിയതോടെ, ചുവന്ന വര വീണ വീട്ടുകാരില്‍ ചിലര്‍ കിട്ടിയ വിലയ്ക്കു സ്ഥലം വിട്ടു തടിരക്ഷിച്ചു.
ചുമ്മാ കൊടുക്കാമെന്നു പറഞ്ഞിട്ടും സ്ഥലം മേടിക്കാന്‍ ആരും കൂട്ടാക്കത്തത്തിനെത്തുടര്‍ന്നു ചിലര്‍ വീടും സ്ഥലവും ഉപേക്ഷിച്ചു പലായനം ചെയ്തു.
ഏതുനിമിഷവും പടര്‍ത്തിയിട്ട തലമുടിയും നീട്ടി വളര്‍ത്തിയ നഖങ്ങളും കോമ്പല്ലുമായി പറന്നെത്തുന്ന യക്ഷിയെ നേരിടാന്‍ ചിലര്‍ കാത്തിരുന്നു.
ഒടുവില്‍ ആ ദിവസം വന്നെത്തി. മേസ്തിരി കുട്ടപ്പന്‍ ചേട്ടന്റെ വീട്ടില്‍ അതിരാവിലെ ആറുമണിക്കു കേട്ട അലര്‍ച്ചയാണു നാട്ടുകാരെ ഉണര്‍ത്തിയത്.
ഉണര്‍ന്ന പാടെ നാട്ടുകാര്‍ സത്യം തിരിച്ചറിഞ്ഞു. കുട്ടപ്പന്‍ ചേട്ടനെ യക്ഷി പിടിച്ചു. ചോരയാണെന്നു കരുതി വലിച്ചു കുടിക്കുന്ന സാധനം യക്ഷിയെ വീലാക്കിയില്ലെങ്കില് ഭാഗ്യം!!
വീണ്ടും അലര്‍ച്ച കേട്ടു. കൂടെ ഓടിക്കോ എന്ന പുതിയ അലര്‍ച്ചയും...!!
യക്ഷി ഓടുമോ? അല്ലെങ്കിലും യക്ഷിക്ക് പുരുഷ ശബ്ദമാണോ??
ഇനി ഗന്ധര്‍വനായിരിക്കുമോ?
ഗന്ധര്‍വന്‍ നോണ്‍ വെജ് ആവാന്‍ സാധ്യതയില്ല. അപ്പോള്‍ പിന്നെ ആരായിരിക്കും???
പിടിയെടാ വിടരുത്.... കുട്ടപ്പന്‍ ചേട്ടന്റെ അലര്‍ച്ചയാണു കേട്ടത്..
ദൈവമേ.. കുട്ടപ്പന്‍ ചേട്ടന്‍ യക്ഷിയെ പിടിക്കാന് പായുകയാണോ? ഈ കുട്ടപ്പന്‍ ചേട്ടന്റെ ധൈര്യം...
പലരും അങ്ങനെ പലതും ഓര്‍ത്തും പേര്‍ത്തും തുടരവേയാണു നാട്ടുകാര് മറ്റൊരു ശബ്ദം കേട്ടത്.
അയ്യോ....
കുട്ടപ്പന് ചേട്ടന്റെ അലര്‍ച്ചയല്ല. യക്ഷിയുടെ അലര്‍ച്ചയല്ല. പിന്നെ ആരുടേത്???
തല്ലല്ലേ... ഞാനൊരു പാവമാണേ....
അലര്‍ച്ച ദീന രോദനമായി വഴിമാറി. സംഗതി യക്ഷിയല്ലെന്നു തിരിച്ചറിഞ്ഞതിന്റെ അടുത്ത നിമിഷം അലര്‍ച്ചയോടെ നാട്ടുകാര്‍ അങ്ങോട്ടു പാഞ്ഞു.
അയ്യങ്കോലിപ്പാറയുടെ മൂട്ടില്‍, കാഞ്ഞിരത്തുംമൂട്ടില്‍ പീലിയുടെ നരിതൂറി പ്ളാവിന്റെ ചുവട്ടില്‍ ഒരുത്തനെ കുത്തിനു പിടിച്ചു നിര്‍ത്തിയിരിക്കുകയാണു കുട്ടപ്പന് ചേട്ടന്.
കുത്തിനു പിടിക്കപ്പെട്ടവന്‍ നല്ല സിംപ്ളന്‍. പാന്റ്സും ഷര്‍ട്ടും ടൈയും വരെയുണ്ട്.
ഇവനാണു നാടുമുഴുവന്‍ നടന്നു വരച്ചത്...!!!മേസ്തിരി കുട്ടപ്പന്‍ ചേട്ടന്‍ അലറി.
നേരാണോടാ....- നാട്ടുകാരും അലറി.
അതേ എന്നവന്‍ തലയാട്ടി.
എന്നാത്തിനാടാ ഇവിടും മുഴുവന് വരച്ചത്.
കുത്തിനു പിടിക്കപ്പെട്ട അവസ്ഥയില്‍ അവന്‍ കരഞ്ഞുകൊണ്ട് കാര്യം പറഞ്ഞു.
പൊന്നു ചേട്ടന്മാരെ തല്ലരുത്. ഞാന്‍ അങ്കമാലി- ശബരി റയില്‍ പാതയുടെ സര്‍വേ ജോലി ചെയ്യുന്ന ആളാ. റയില്‍വേ ലൈന്‍ ഇതുവഴിയാണു കടന്നുപോകുന്നത്. സര്‍വേയുടെ ഭാഗമായാണു ചുവന്ന വരയിട്ടത്.
റയില്‍ വേ ലൈന്‍ വരുന്നതറിഞ്ഞാല്‍ നാട്ടുകാരുടെ എതിര്‍പ്പുണ്ടാവുമെന്നറിയാവുന്നതിനാല്‍ രഹസ്യമായി പുലര്‍ച്ചെ നേരത്തും മറ്റുമാണു ഞങ്ങളു സര്‍വേ നടത്തിപ്പോയത്. ഇപ്പോള്‍ അതൊന്നുകൂടി ക്രോസ് ചെക്ക് ചെയ്യാന്‍ വന്നതാണ്. എന്നെ തല്ലരുത്....
നാട്ടുകാര്‍ക്കു ശ്വാസം നേരെ വീണു. യക്ഷിയല്ല, വരാനിരിക്കുന്നതു റയില്‍വേയാണ്. മല പോലെ വന്നതു ട്രെയിന്‍ പോലെ പോയി. ഇനി ട്രെയിന് വന്നാലെന്ത്? യക്ഷി വരില്ലല്ലോ...
തല്ലാന്‍ പിടിച്ചവനെ കുട്ടപ്പന്‍ ചേട്ടന്‍ ആത്മാര്‍ഥമായി തലോടി. അവനും സന്തോഷമായി.
ഭരണങ്ങാനത്തെ ചൂഴ്ന്നുനിന്ന ചുവപ്പു വര നാടകത്തിന് അവസാനമായ ആ രാത്രിയില്‍ എത്ര കിടന്നിട്ടും പക്ഷേ അന്തോണിക്ക് മാത്രം ഉറക്കം വന്നില്ല.
വരാനിരിക്കുന്നതു ട്രെയിന്‍ ആണെങ്കില്‍ അന്നു താന്‍ കണ്ട ചുവന്ന വെളിച്ചം എന്തായിരിക്കും???
ആലോചിച്ച് ആലോചിച്ച് അന്തോണിക്കു മുള്ളാന്‍ മുട്ടി.
അര്‍ധരാത്രി. അര്‍ധനഗ്നനായി വീടിനുപുറത്തിറങ്ങിയ അന്തോണി കാര്യം സാധിച്ചുകൊണ്ടിരിക്കെ വീണ്ടും ആകാശത്തേക്കു നോക്കി.
താണോലിപ്പള്ളിയുടെ ഭാഗത്തുനിന്ന് തന്നെ ഉന്നം വച്ചിതാ പാഞ്ഞുവരുന്നു പഴയ ചുവപ്പുനിറം. ചോരയുടെ അതേനിറമുള്ള വെളിച്ചം. ഇത്തവണ അന്തോണിയുടെ അലര്‍ച്ചയ്ക്കു ശബ്ദം പുറത്തേക്കു വന്നില്ല.
നാട്ടുകാര്‍ ഒന്നും അറിഞ്ഞതുമില്ല!!!!