Thursday, April 26, 2007

ഒരു ഞായറാഴ്ച ഉപദേശത്തിന്റെ അന്ത്യം

ഞങ്ങളുടെ നാട്ടില്‍ പണ്ടു പണ്ട് ഒരു ഉപദേശിയുണ്ടായിരുന്നു.

ഉപദേശിക്കൊപ്പം ഒരു സഹ ഉപദേശിയുമുണ്ടായിരുന്നു.

ഞായറാഴ്ചകളില്‍ ജനങ്ങളെ ഉപദേശിക്കുക എന്നതായിരുന്നു രണ്ടു പേരുടെയും പണി. വേറെ പണിയൊന്നുമില്ലാതിരുന്നതിനാലും മറ്റേതു പണിക്കു പോകുന്നതിനെക്കാള്‍ വരുമാനം ഈ പണിയില്‍ നിന്നു കിട്ടുമെന്നതിനാലുമാണ് ഇരുവരും ഈ പണി തിരഞ്ഞെടുത്തതു തന്നെ.

സീനിയര്‍ ഉപദേശിക്കു പ്രായം നാല്‍പത്.

പൂര്‍വാശ്രമത്തില്‍ (ഉപദേശിയാകും മുന്‍പ്) ആട്, പശു മുതലായവയെ കറക്കുന്ന ജോലിയായിരുന്നു. നാട്ടിലുള്ള സകല പശുക്കളുടെയും ചവിട്ടും തൊഴിയും കൊണ്ട് ജീവിതം ചാണകപ്പരുവമായപ്പോഴാണ് അദ്ദേഹം ഉപദേശിയുടെ വെള്ളക്കുപ്പായമണിയാന്‍ തീരുമാനിച്ചത്. അക്കാലം കൊണ്ട് നാട്ടുകാര്‍ക്കിടയില്‍ ഉണ്ടാക്കി വച്ച വലിയ കടങ്ങളില്‍നിന്നു രക്ഷപ്പെടാനും അതൊരു മാര്‍ഗമായി.

കടം വാങ്ങിയ പണം തിരികെ ചോദിച്ചുവരുന്നവര്‍ കൈവയ്ക്കില്ലല്ലോ..! ഉപദേശിയല്ലേ?

സഹ ഉപദേശിക്ക് ഇരുപതു വയസ്. സീനിയര്‍ ഉപദേശിക്കൊപ്പം ഉപദേശയോഗങ്ങളില്‍ പോവുക, ഉപദേശിയുടെ വായിലെ വെള്ളം പറ്റിക്കഴിയുമ്പോള്‍ അല്‍പ നേരം ജനങ്ങളെ ഉദ്ബുദ്ധരാക്കുക, ഓരോ യോഗത്തില്‍നിന്നും കിട്ടുന്ന സ്തോത്രക്കാഴ്ച (നേര്‍ച്ചപ്പണം) കൃത്യമായി കണക്കെഴുതി സൂക്ഷിക്കുക, അതില്‍നിന്നു കയ്യിട്ടുവാരാതിരിക്കുക തുടങ്ങിയവയായിരുന്നു കൊച്ചുപദേശിയുടെ ഉത്തരവാദിത്തങ്ങള്‍. ഇതില്‍ അവസാനം പറഞ്ഞവയൊഴികെ, മറ്റെല്ലാം അദ്ദേഹം നൂറുശതമാനം കൃത്യതയോടെ ചെയ്തു പോന്നു!

ഇരുവരും അവിവാഹിതരായിരുന്നു. ഉപദേശിയാണേല്‍ കല്യാണം കഴിക്കാന്‍ പാടില്ലെന്നായിരുന്നു നാട്ടിലെ നിയമം. കല്യാണം കഴിക്കാത്തതിനാല്‍ അവരുടെ ജീവിതത്തില്‍ സമാധാനം, ശാന്തി, സ്വസ്ഥത തുടങ്ങിയ സ്ഥിരമായി കുടികൊണ്ടിരുന്നു. അവിവാഹിതരായിരുന്നതിനാല്‍ കുടുംബജീവിതത്തിലെ വലിയ പ്രശ്നങ്ങളുമായി കഷ്ടപ്പെടുന്നവരെ ഉപദേശിക്കുകയായിരുന്നു ഇവരുട ഇഷ്ടവിനോദം.

തലയില്‍ കൈവച്ചു പ്രാര്‍ഥിക്കുക, നാട്ടുകാരു പണിതു കൊടുത്ത സ്കൂളില്‍ തലവരിപ്പണം വാങ്ങി നിയമനം നടത്തുക, ചെകുത്താനെ ഓടിക്കുക തുടങ്ങിയവയായിരുന്നു ഞായറാഴ്ച അല്ലാത്ത ദിവസങ്ങളില്‍ ഇരുവരുടെയും ജോലികള്‍. ഇടയ്ക്ക് വീട്ടില്‍നിന്നുകാണാന്‍ വരുന്ന പെങ്ങന്മാര്‍ക്കും അവരുടെ മക്കള്‍ക്കും കൈനിറെയ പണവും പണ്ടാരങ്ങളും കൊടുത്തുവിടാനും ഇരുവരും മറന്നിരുന്നില്ല.

നാട്ടില്‍ എന്തു കാര്യമുണ്ടായാലും അതില്‍ അവസാന വാക്ക് സീനിയര്‍ ഉപദേശിയുടേതായിരുന്നു. ജൂനിയര്‍ ഉപദേശിക്കും അഭിപ്രായം പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്കിലും അതിനു സീനിയര്‍ അനുവദിച്ചിരുന്നില്ല. ഇതുമൂലം സീനിയറിനോടു ജൂനിയറിനു കടുത്ത വിദ്വേഷവും ഈഗോ, ലോഗോ മുതലായ പ്രശ്നങ്ങളുമുണ്ടായിരുന്നു. എന്കിലും ഇരുവരും ഭയന്കര സ്നേഹത്തിലായിരുന്നു.

ഞായറാഴ്ചകളിലെ സീനിയര്‍ ഉപദേശി പ്രസംഗിക്കും പോലെ പ്രസംഗിക്കുക എന്നതായിരുന്നു ജൂനിയറിന്റെ ജീവിതോദ്ദേശ്യം. അതിനായി, ഒരുപാട് പ്രസംഗപ്പുസ്തകങ്ങള്‍ അദ്ദേഹം കാണാതെ പഠിച്ചെന്കിലും പ്രസംഗിക്കുവാന്‍ എഴുന്നേല്‍ക്കുന്പോള്‍ മുതല്‍ കാല്‍മുട്ടില്‍നിന്നു തുടങ്ങുന്ന ഒരുതരം പ്രത്യേക വിറയല്‍ അദ്ദേഹത്തെ കീഴ്പ്പെടുത്തിപ്പോന്നു.

അന്യനാട്ടിലെ മറ്റൊരു ഉപദേശിയെ കണ്ടപ്പോള്‍ സഭാകമ്പം എന്നാണ് ഈ അസുഖത്തിന്റെ പേരെന്നും സീനിയര്‍ ഉപദേശിയുടെ പക്കല്‍ ഇതിനുള്ള മരുന്ന് ഉണ്ടാവുമെന്നും അദ്ദേഹം ജൂനിയറിനോടു പറഞ്ഞു.

സീനിയറുമായി ഉടക്കിട്ടിട്ടു കാര്യമില്ലെന്ന് അതോടെ ജൂനിയറിനു മനസ്സിലായി. ഒരു ഞായറാഴ്ച ഉപദേശം കഴിഞ്ഞതിന്റെ ക്ഷീണത്തില്‍ കപ്പവേയിച്ചതും പോത്തിറച്ചി വറുത്തതും മൂക്കുമുട്ടെ അടിച്ചുകൊണ്ടിരുന്ന സീനിയര്‍ ഉപദേശിയുടെ അടുത്ത് നമ്മുടെ ജൂനിയര്‍ ഉപദേശിയെത്തി.

ഉപദേശി എന്നെ ഒന്നു സഹായിക്കണം - ജൂനിയര്‍ കാര്യം പറഞ്ഞു

എന്തു സഹായം? - സീനിയര്‍ ആശ്ചര്യപ്പെട്ടു.

ഉപദേശിയുടെ പ്രസംഗത്തിന് എന്താ ഉശിര്!! എനിക്ക് അതുപോലെ പ്രസംഗിക്കണമെന്നുണ്ട്. പക്ഷേ ഞാന്‍ എത്ര ശ്രമിച്ചിട്ടും അതു നടക്കുന്നില്ല. ഉപദേശിയെങ്ങനെയാ ഇത്ര മനോഹരമായി പ്രസംഗിക്കുന്നത്?

സീനിയറിനു കാര്യം മനസ്സിലായി...ജൂനിയര്‍ അവസാനം അടിയറവു പറഞ്ഞിരിക്കുന്നു. ഇത്രയും കാലും തന്റെ സഹായമില്ലാതെ വല്യ ഉപദേശിയാകാനായിരുന്നു ചെക്കന്റെ അത്യാഗ്രഹം. ഒടുവില്‍ രക്ഷയില്ലെന്നു മനസ്സിലായപ്പോള്‍ തന്റെയടുക്കല്‍ത്തന്നെ എത്തിയിരിക്കുന്നു.

സീനിയര്‍ ഉപദേശി ഒന്ന് ആലോചിച്ച ശേഷം മറുപടി അരുള്‍ ചെയ്തു- അതിച്ചിരി ചെലവുള്ള ഏര്‍പ്പാടാ കൊച്ചേ...എത്ര ചെലവായാലും വേണ്ടില്ല, ഞാന്‍ മുടക്കിക്കൊള്ളാം, അതിനു വേണ്ടി എന്റെ പേരിലുള്ള സ്ഥലം പോലും വില്‍ക്കാന്‍ ഞാന്‍ തയ്യാറാ...

ജൂനിയറിന്റെ ആവേശം സീനിയറിന് ഇഷ്ടപ്പെട്ടു.

അത്രയുമൊന്നും വേണ്ട കൊച്ചനേ... നിനക്ക് എന്നൊക്കെ മിടുക്കനായി പ്രസംഗിക്കണമെന്നു തോന്നുന്നോ, അന്നൊക്കെ നൂറു രൂപ വച്ചു മുടക്കിയാല്‍ മതി. ഒരു പ്രത്യേക തരം കഷായമുണ്ട്. അതു വാങ്ങി ഉപദേശത്തിനു മുന്‍പ് രണ്ട് ഔണ്‍സ് കഴിക്കണം. കഴിച്ചാല്‍പ്പിന്നെ നമുക്കു പിടിത്തം കിട്ടില്ല. പ്രസംഗം സ്മാര്‍ട്ടായി ഫ്ളോ ചെയ്തുകൊണ്ടിരിക്കും, ഒന്നും ആലോചിച്ചു നേരത്തെ കാണാതെ പഠിക്കുക പോലും വേണ്ട, തന്നെ മനസ്സില്‍നിന്നു വന്നോളും.

അതു കേട്ട് ജൂനിയറിനു സന്തോഷമായി..

എന്താ ആ കഷായത്തിന്റെ പേര്? ജൂനിയറിന് ആകാംക്ഷയേറി.

കഷായത്തിന്റെ പേര്... സീനിയര്‍ അതു പറയാന്‍ മടിച്ചു.

ഉപദേശി, പറയൂ... എനിക്കും വേണം ആ കഷായം.ജൂനിയര്‍ വാശി പിടിക്കാന്‍ തുടങ്ങി.

ഒടുവില്‍ ഉപദേശി കഷായത്തിന്റെ പേരും കിട്ടുന്ന സ്ഥലവും പറഞ്ഞുകൊടുത്തു.

പാലാ പട്ടണത്തിന്റെ ഒത്തനടുക്ക് തൈക്കാട്ട് മൂസ്സതിന്റെ ഒരു ഔഷധ വില്‍പനശാലയുണ്ട്. അതിനോടു ചേര്‍ന്നിരിക്കുന്ന മരുന്നുകടയില്‍ ഇതുകിട്ടും. രാവിലെ മുതല്‍ കട അടയ്ക്കുന്നിടം വരെ ഇവിടെ ഭയന്കര ക്യൂ കാണാന്‍ സാധ്യതയുണ്ട്. അതിനാല്‍, കൊച്ചുപദേശി അതു വാങ്ങാന്‍ നേരിട്ടു പോകേണ്ട, ഇവിടെ, കുന്തിരിക്കം ആട്ടാന്‍ വരുന്ന ആ ചെക്കനെ പറഞ്ഞുവിട്ടാല്‍ മതി. പിന്നെ, കൊണ്ടുവരുന്ന കഷായം മുഴുവന്‍ ഒരുദിവസം കഴിച്ചാല്‍ പ്രശ്നമാവും. ചെറിയ കുപ്പിയില്‍ കിട്ടുന്ന ഒന്ന് ആദ്യം വാങ്ങുക. ഒരു മാസത്തേക്ക് അതുമതി.

കൊച്ചുപദേശിക്ക് കാര്യം പിടികിട്ടി. തന്റെ അപ്പന്‍ ഈ കഷായത്തിന്റെ കടുത്ത ആരാധകനാണ്. കഷായം കഴിച്ചാല്‍പിന്നെ അച്ചനും ഉപദേശിയാണ്. ഉപദേശത്തിന്റെ ഭാഷ നാട്ടുകാര്‍ക്ക് അത്ര ഇഷ്ടമാവാത്തതു കൊണ്ട് നാട്ടുകാര് അങ്ങേരുടെ രണ്ടു കാലും തല്ലിയൊടിച്ചു!!

ആ ഗതി തനിക്കും വരുമോ?

ഇങ്ങനെ ആശന്കപ്പെട്ടു നില്‍ക്കേ, സീനിയര്‍ ഉപദേശി വീണ്ടും ചോദിച്ചു- അല്ലാ, ഉപദേശിക്കൊച്ചന്‍ ഇതിനു മുന്‍പ് ഈ സാധനം കഴിച്ചിട്ടുണ്ടോ?


ഇല്ല,ആദ്യമായിട്ടാ... ജൂനിയര്‍ വിനീതനായി..

ങാ.. എന്കില്‍ സൂക്ഷിക്കണം...!!

സീനിയര്‍ തീറ്റ മതിയാക്കി, ഇനി ഉച്ചയാകും വരെ വേറെയൊന്നും തിന്നാല്‍ കിട്ടില്ലല്ലോ എന്ന സന്കടവുമായി ഉറങ്ങാന്‍ പോയി.

>>>>>> >>>>

മറ്റൊരു ഞായറാഴ്ച.

ഇത്തവണ സീനിയറിനു പകരം പ്രസംഗിക്കുന്നത് ജൂനിയര്‍. തൈക്കാട്ട് മൂസ്സതിന്റെ സമീപസ്ഥാപനത്തിലെ കഷായം നേരത്തെ തന്നെ അദ്ദേഹം ചെലുത്തിയിരുന്നു. കഷായത്തിന്റെ വീര്യം കാരണം, ഉടുത്തിരിക്കുന്ന വെള്ളമുണ്ട് പറിച്ചു തലയില്‍ കെട്ടിയാല്‍ കൊള്ളാമെന്ന് അദ്ദേഹത്തിനു കൂടെക്കൂടെ തോന്നിക്കൊണ്ടിരുന്നു. എന്കിലും, അണ്ടര്‍ വെയര്‍ അത്ര നല്ലതല്ലാത്തതിനാല്‍ അതുവേണ്ടെന്ന് അദ്ദേഹം സ്വയം തീരുമാനിച്ചു മനസ്സിനെ ശാസിച്ചു നിര്‍ത്തി. മനസ്സ് തല്‍ക്കാലത്തേക്ക് അടങ്ങി.

പ്രസംഗത്തിന്റെ സമയമായി. ജൂനിയര്‍ ഉപദേശി പ്രസംഗം തുടങ്ങി.

ഉഗ്രന്‍, കിടിലന്‍, ഗംഭീരന്‍, അലക്കന്‍, കലക്കന്‍, ഉലക്കന്‍ എന്നു തുടങ്ങി എന്തൊക്കെ വിശേഷിപ്പിച്ചാലും മതിയാകാത്ത പ്രസംഗം. അരമണിക്കൂര്‍ അതു നീണ്ടു. ജൂനിയറിന്റെ അരങ്ങേറ്റം കാണാന്‍ നേരത്തെ കസേരയില്‍ ഇടം പിടിച്ച സീനിയര്‍ അതുകേട്ട് ഞെട്ടി. ഇവന്‍ എന്നെയും കടത്തിവെട്ടുമല്ലോ എന്നോര്‍ത്ത് അസൂയപ്പെട്ടു. അത്രയ്ക്കു കിടിലമായിരുന്നു ആപ്രസംഗം. ജൂനിയര്‍ ഉപദേശിയുടെ പ്രസംഗം കേട്ട് ജനം ആശ്ചര്യപ്പെട്ടു. പ്രസംഗം കഴിഞ്ഞു, ഉപദേശം കഴിഞ്ഞു. ഉപദേശത്തിനെത്തിയവര്‍ വീട്ടിലേക്കു മടങ്ങി.

ജീവിതത്തില്‍ ആദ്യമായി പ്രസംഗിച്ചു തകര്‍ത്തതിന്റെ സന്തോഷവും കഷായം കുടിച്ചതിന്റെ ചെറിയൊരു ആട്ടവുമായി പ്രസംഗശേഷം ജൂനിയര്‍ സീനിയറിനെ കാണാനെത്തി.

ഉപദേശി എന്റെ പ്രസംഗം എങ്ങനെയുണ്ടായിരുന്നു?

നീ കലക്കിയില്ലേടാ കൊച്ചനേ..

സീനിയര്‍ എഴുന്നേറ്റ് ജൂനിയറിനെ ആലിംഗനംചെയ്തു. ജൂനിയര്‍ സന്തോഷത്താല്‍ വീര്‍പ്പുമുട്ടി. വീര്‍പ്പുമുട്ടല്‍ തുടരുന്നതിനിടെയാണ് സീനിയര്‍ അക്കാര്യം പറഞ്ഞത്.

ജൂനിയര്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിക്കണം. ഇനിയും പ്രസംഗത്തില്‍ ഇത്തരം തെറ്റുകള്‍ വരാതിരിക്കാന്‍ വേണ്ടിയാണ്...

പ്രസംഗത്തില്‍ തെറ്റോ? ജൂനിയര്‍ ഞെട്ടി!

എന്തായിരുന്നു തെറ്റ്?

ഒന്നല്ല മൂന്നു തെറ്റുകള്‍- സീനിയര്‍ മുഖം ചുളിച്ചു.

ജൂനിയറിന്റെ തലകുനിഞ്ഞു.

സാരമില്ല, ഇനി ശ്രദ്ധിച്ചാല്‍ മതി.. സീനിയര്‍ ആശ്വസിപ്പിച്ചു.

ആട്ടെ, എത്ര ഔണ്‍സ് കഷായം കഴിച്ചിരുന്നു?

ജൂനിയര്‍ വിനയാന്വിതനായി ഉള്ള സത്യം പറഞ്ഞു. - ആ കുപ്പിയിലുണ്ടായിരുന്നതു മുഴുവന്‍കുടിച്ചു.

ഇത്തവണ ഞെട്ടിയത് സീനിയര്‍ ആയിരുന്നു.

വെറുതെയല്ല, സംഗതി ഇങ്ങനെയൊക്കെയായത്....

ജൂനിയറിനു വീണ്ടും ആശന്കയേറി. എന്താണു സംഭവിച്ചതെന്നു സീനിയര്‍ പറയുന്നില്ല.

പ്ളീസ് ഉപദേശി, എന്താണു സംഭവിച്ചതെന്നു പറ.. അല്ലേല്‍ എനിക്കു വല്ല ഹാര്‍ട്ട് അറ്റാക്കും വരും..

സീനിയര്‍ പറയാന്‍ തുടങ്ങി.

സകല കൊച്ചുപിള്ളേര്‍ക്കും അറിയാവുന്ന കാര്യമാണ് ഉപദേശി ആദ്യം തെറ്റിച്ചത്. അതായത് നമ്മുടെ കര്‍ത്താവീശോമിശിഹായെ കുരിശില്‍ തറച്ചാണു കൊന്നത്, വെടിവച്ചല്ല!!

അതു സാരമില്ല,

പക്ഷേ, അദ്ദേഹത്തെ കുരിശില്‍ തറച്ചുകൊന്ന സ്ഥലത്തിന്റെ പേര് ഇന്നാട്ടിലെ എല്ലാ മതക്കാര്‍ക്കും വരെ അറിയാം. കാല്‍വരിയില്‍ കുരിശില്‍ തറച്ചുകൊന്ന എന്നു പറയേണ്ടതിനു പകരം ജൂനിയര്‍ പറഞ്ഞത് കല്‍ക്കട്ടയില്‍ വെടിവച്ചുകൊന്ന കര്‍ത്താവീശോമിശിഹാ എന്നല്ലേ?

ഭൂമിപിളര്‍ന്നാല്‍ ഒളിക്കാന്‍ അല്‍പം സ്ഥലം കിട്ടിയേനെ എന്നു ജൂനിയര്‍ ചിന്തിച്ചു പോയി.

അതൊന്നും സാരമില്ലായിരുന്നു- സീനിയര്‍ വിടാന്‍ ഭാവമില്ല.

നമ്മള്‍ ഉപദേശികള്‍ പ്രസംഗിക്കുമ്പോള്‍ ഉറങ്ങുന്ന ശീലക്കാരാണ് എല്ലാവരും. പക്ഷേ, നമ്മള്‍ പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ അവരെല്ലാം ഉണരും. അതുറപ്പാ... അതുകൊണ്ട്, നമ്മള്‍ പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

നമ്മള്‍ ഉപദേശികള്‍ എല്ലാവരും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമേന്‍ എന്നു പറഞ്ഞുവേണം പ്രസംഗം അവസാനിപ്പിക്കാന്‍ എന്നറിയാവുന്നതാണല്ലോ...

പക്ഷേ, കൊച്ചനേ.. നീ പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ പിതാവിന്റെയും പുത്രന്റെയും കാര്യം പറഞ്ഞില്ല.

പകരം പറഞ്ഞതു ചിയേഴ്സ് എന്നായിരുന്നു...!!!!


Tuesday, April 24, 2007

ഹോട്ടല്‍ എപി സാറ/ HOTEL A P SARA

രാവിലെ എഴുന്നേറ്റയുടന്‍ പച്ചവെള്ളം പോലും കുടിക്കുന്നതിനു മുന്‍പ് ഒരു ഗ്ളാസ് അകത്താക്കുക. എന്നിട്ടു രണ്ടുമിനിട്ട് നടക്കുക. രണ്ടുമിനിട്ടില്‍ കൂടുതല്‍ നടക്കാന്‍ ശ്രമിക്കരുത്, ചിലപ്പോള്‍ അതു സാധിച്ചെന്നു വരില്ല....

എല്ലാ ദിവസവും ഇത് ആവര്‍ത്തിക്കുക. നിങ്ങളെ അലട്ടുന്ന പ്രശ്നത്തിനു ശാശ്വത പരിഹാരം ഇതേയുള്ളൂ...

പതിനെട്ടു മൂലികകള്‍ ചേര്‍ത്തുണ്ടാക്കിയ ഈ സിദ്ധൗഷധത്തിന്റെ പേര് ചായ!!!


അതും അതിരാവിലെ കിട്ടുന്ന ഞങ്ങളുടെ നാട്ടിലെ പരമുച്ചേട്ടന്റെ കടയിലെ ചായ. വര്‍ഷങ്ങളായി സ്ഥലത്തെ പ്രധാന ഡോക്ടര്‍മാര്‍ വയറൊഴിയാന്‍ പ്രിസ്ക്രൈബ് ചെയ്തിരുന്നത് ഈ ചായയായിരുന്നു.

എന്നും അതിരാവിലെ രാവിലെ ഹോട്ടല്‍ എ.പി. സാറയുടെ മുന്നില്‍ മറ്റെവിടെയുമില്ലാത്ത തിരക്കിനു പ്രധാന കാരണവും തലമുറകളായി പിന്തുടര്‍ന്നു പോന്ന ഈ വിശ്വാസവും കൈപ്പുണ്യവുമായിരുന്നു.

കൈപ്പുണ്യം എന്നു പറഞ്ഞാല്‍ പരമുച്ചേട്ടന്റെ കൈപ്പുണ്യം. പരമു എന്നത് അദ്ദേഹത്തിന്റെ വിളിപ്പേരാണ്. യഥാര്‍ഥ പേര് ആര്‍ക്കുമറിയില്ല.

വണ്‍സ് അപ്പോണ്‍ എ ടൈം എന്നു പറയുമ്പോലെ ഭരണങ്ങാനം ഉണ്ടായ കാലം മുതല്‍ പരമുച്ചേട്ടന്റെ സ്വന്തം ഹോട്ടലായ എ.പി. സാറയുണ്ട്.

അവിടുത്തെ ബോണ്ട, സുഖിയന്‍, ഏത്തയ്ക്കാ ബോളി, പരിപ്പുവട തുടങ്ങിയ അനുസാരികളുമുണ്ട്. പരമുച്ചേട്ടന് സ്വന്തം മക്കളെപ്പോലെയാണവര്‍. കാരണം, പരമുച്ചേട്ടന്‍ കല്യാണം കഴിച്ചിരുന്നില്ല.

പഴയകാലമായിരുന്നതിനാല്‍, അക്കാലത്ത് കല്യാണം കഴിക്കാത്തവര്‍ക്കു കുട്ടികള്‍ ഉണ്ടാവില്ലായിരുന്നു...!

അതിനാല്‍ പരമുച്ചേട്ടനും മക്കളുണ്ടായിരുന്നില്ല.

ഹോട്ടലിലെ ചായയടികാരന്‍ ബെര്‍ക്കുമാന്‍ ആണു പരമുച്ചേട്ടന്റെ ഒരേയൊരു സ്റ്റാഫ്. വര്‍ഷങ്ങള്‍ക്കു മുന്‍പ്, നാട്ടിലെ പശുക്കച്ചവടക്കാരനായ ഒരു അണ്ണാച്ചിയാണ് അവനെ അവിടെയേല്‍പിച്ചത്. അന്നവനു പതിനാലു വയസ്.

വന്നയുടന്‍ പരമുച്ചേട്ടന്‍ അവനോടു പേരു ചോദിച്ചു.

ബെര്‍ക്കുമാന്‍..!

വിനയം കൊണ്ട് പപ്പടം പോലെ പൊടിഞ്ഞുകൊണ്ടവന്‍ മറുപടി പറഞ്ഞു.

പക്ഷേ, പരമുച്ചേട്ടന് ആ പേരില്‍ പിടിത്തം വീണില്ല. അതുകൊണ്ട് അദ്ദേഹം അവനെ വിക്രമന്‍ എന്നു വിളിച്ചു.

സ്നേഹം കൂടുമ്പോള്‍ വിക്രു എന്നും ദേഷ്യം വരുമ്പോള്‍ ഇവിടെ എഴുതാന്‍ പറ്റില്ലാത്തതുമായ പല പേരുകളും അവനെ തോന്നുംപടി വിളിച്ചു. പക്ഷേ, ബെര്‍ക്കുമാന്‍ എന്ന അവന്റെ യഥാര്‍ഥ പേരുമാത്രം അദ്ദേഹം അവനെ വിളിച്ചില്ല.

പരമുച്ചേട്ടന്റെ കടയിലെ പ്രധാന കുക്കും ബെര്‍ക്കുമാന്‍ ആണ്.

വളിച്ചു നാശമായ തലേന്നത്തെ കിഴങ്ങുകറി കൊണ്ട് പിറ്റേന്ന് രുചികരമായ സാമ്പാര്‍, പത്തുദിവസം വരെ പഴക്കമുള്ള ഇറച്ചിക്കറി കൊണ്ട് നാവില്‍ രുചി തിളയ്ക്കുന്ന ബീഫ് ഫ്രൈ തുടങ്ങിയവയുണ്ടാക്കാം എന്ന് എ.പി. സാറയിലെ സ്ഥിരം ശാപ്പാടുകാരെ ബോധ്യപ്പെടുത്തിയതിന്റെ ക്രെഡിറ്റും പേറ്റന്റും വിക്രമനാണ്.

ഒരു വേനല്‍ക്കാലത്തിന്റെ നട്ടുച്ച നേരം.

കടയിലെ ചില്ലലമാരയില്‍ നിരന്നിരിക്കുന്ന രണ്ടുദിവസം പഴക്കമുള്ള ബോണ്ടകളുടെ നേര്‍ക്കു പരമുച്ചേട്ടന്‍ ദുഖത്തോടെ നോക്കി.

പുര നിറഞ്ഞുനില്‍ക്കുന്ന പെണ്‍മക്കളെ കല്യാണം കഴിപ്പിച്ചു പറഞ്ഞയക്കാന്‍ കഴിയാതെ വിഷമിക്കുന്ന ഒരു പിതാവിന്റെ ദുഖം ആ മുഖത്തുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ചെലവു പ്രതീക്ഷിച്ച് ഇല്ലാത്ത കാശിനു മൈദ മാവു വാങ്ങി ഉണ്ടാക്കി വച്ചവയാണവ.

രണ്ടുദിവസംകൂടി കഴിഞ്ഞ് ആരും വന്നില്ലെന്കില്‍ ഏതെന്കിലും അനാഥാലയത്തിലേക്കു സംഭാവന കൊടുക്കാനാണു തീരുമാനം. ബെര്‍ക്കുമാനും പണിയൊന്നുമില്ലാതെ വിഷമിച്ചിരിക്കുകയാണ്.

ഉച്ചനേരമായിട്ടും കടയില്‍ ഒരീച്ച പോലുമില്ല എന്നെഴുതുന്നില്ല, കാരണം അതു ശരിയാവില്ല. ഉച്ചനേരമായിട്ടും ഒരു മനുഷ്യന്‍ പോലും അവിടേക്കു വന്നില്ല.

ആരെന്കിലും വരുമായിരിക്കും എന്ന പ്രതീക്ഷയില്‍ പരമുച്ചേട്ടനും ബെര്‍ക്കുമാനും ആകാശത്തേക്കു കണ്ണെറിഞ്ഞ് കാത്തിരുന്നു. അകത്ത് അടുക്കളയില്‍ ഇറച്ചിപ്പാത്രത്തിലേക്കു കണ്ണുംനട്ട് അയലോക്കത്തെ കണ്ടന്‍പൂച്ചയും കാത്തിരുന്നു.

അപ്പോഴാണ്, കടയുടെ തൊട്ടുമുന്നില്‍ ഒരു ടൂറിസ്റ്റ് ബസ് വന്നു നിന്നത്. അതില്‍നിന്നു ആണേതാ, പെണ്ണേതാ എന്നു തിരിച്ചറിയാത്ത കോലത്തില്‍ പത്തുമുപ്പതു പിള്ളേരിറങ്ങി നേരെ എ.പി. സാറയിലേക്കു കയറി.

ദുര്‍ഗ എംബിഎ...!!

പരമുച്ചേട്ടന്‍ വളരെ പ്രയാസപ്പെട്ട് ആ വണ്ടിയുടെ ഇംഗ്ളീഷ് പേരു വായിച്ചെടുത്തു. അക്കാര്യം സാധിച്ചതിലുള്ള അഭിമാനത്തോടെ, അദ്ദേഹം ഉറക്കെ ഇങ്ങനെ പറയുക കൂടിയുണ്ടായി...ദൈവങ്ങള്‍ക്കും ഡിഗ്രിയൊക്കെയായോ?

അതുകേട്ട ബെര്‍ക്കുമാന്‍ പരമുച്ചേട്ടനെ തിരുത്തി..

ദുര്‍ഗാംബ എന്നാ വണ്ടിയുടെ പേര്...ഒന്നിച്ചു വായിക്കണം.

മുതലാളി തൊഴിലാളിയുടെ നേര്‍ക്കൊന്ന് ഇരുത്തി നോക്കി. നോട്ടത്തിന്റെ അര്‍ഥം മനസ്സിലായ ബെര്‍ക്കുമാന്‍ മുതലാളിയുടെ തൊഴി കൊള്ളാന്‍ നില്‍ക്കാതെ പതിയെ ചായത്തട്ടിലേക്കു നീങ്ങി.

കഴിക്കാനെന്തുണ്ട്?

കാലുറയ്ക്കാത്ത കസേരകളിലിരുന്ന കുട്ടികള്‍ പരമുച്ചേട്ടനോടായി ചോദ്യമെറിഞ്ഞു.

തന്റെ കെട്ടുപ്രായം കഴിഞ്ഞ ബോണ്ട മക്കളെ പിടിച്ചേല്‍പിക്കാന്‍ മാത്രം തണ്ടും ത്രാണിയുമുള്ള പത്തിരുപത് ചെറുപ്പക്കാരെ ഒന്നിച്ചുകണ്ട സന്തോഷത്തില്‍ അദ്ദേഹം അവയെല്ലാം അവര്‍ക്കു മുന്‍പില്‍ നിരത്തി.

വളരെ വേഗം അതു തീര്‍ന്നു.

തൊട്ടടുത്ത കടയിലെ വാഴക്കുല, ഉണ്ടാക്കുന്നതിനിടെ നിലത്തുവീണതിനാല്‍ മാറ്റിവച്ചിരുന്ന പൊറോട്ട എന്നു തുടങ്ങി,ആ ചായക്കടയില്‍ സ്റ്റോക്കുണ്ടായിരുന്ന ചായപ്പൊടി, അരിപ്പൊടി മുതലായവ വരെ അവരുടെ വിശപ്പിനു മുന്നില്‍ പരമുച്ചേട്ടന്‍ കാഴ്ചവച്ചു.

കുട്ടികള്‍ അവയെല്ലാം സസന്തോഷം കഴിച്ചു. പരമുച്ചേട്ടനും സന്തോഷം, ബെര്‍ക്കുമാനും സന്തോഷം. കഴിപ്പുകഴിഞ്ഞ് എഴുന്നേറ്റ സംഘത്തിലെ മുഖ്യന്‍ ക്യാഷ് കൗണ്ടറിനു മുന്നിലെത്തി. പരമുച്ചേട്ടന്‍ കണക്കുണ്ടാക്കുകയാണ്..

അപ്പോളാണു കൈ തുടയ്ക്കാന്‍ ഒന്നും കിട്ടാതിരുന്ന നേതാവിന്റെ ചോദ്യം.

നാപ്കിന്‍ ഇല്ലേ?

സംഗതി പിടികിട്ടാത്ത പരമുച്ചേട്ടന്‍ ബെര്‍ക്കുമാന്റെ മുഖത്തേക്കു നോക്കി.

ഇല്ല രക്ഷയില്ല!

പലഹാരങ്ങളിരുന്ന അലമാരയിലേക്കു നോക്കിക്കൊണ്ട് സംഘത്തിന്റെ നേതാവ് ചോദ്യം വീണ്ടുമെറിഞ്ഞു..

നാപ്കിന്‍ ഇല്ലേ?

പലഹാരങ്ങളിരുന്ന അലമാര കാലിയായിരുന്നു. അവിടേക്കു നോക്കി ധൈര്യസമേതനായി പരമുച്ചേട്ടന്‍ മറുപടി മൊഴിഞ്ഞു..

ചെലവു കുറവായതുകൊണ്ട് ആ പലഹാരമിപ്പോള്‍ ഞങ്ങള്‍ ഉണ്ടാക്കാറില്ല!!!


Monday, April 23, 2007

വാച്ച് കെട്ടിയ പന്നി..!

ക്ഷമിക്കണം.

ഈ കഥയിലെ നായകന് ഒരു ഒഫിഷ്യല്‍ പേരില്ല. സ്കൂളിലും സണ്‍ഡേ സ്കൂളിലും പാസ്പോര്‍ട്ടിലും വെവ്വേറെ ഒഫിഷ്യല്‍ പേരുകളുണ്ടെന്കിലും നാട്ടില്‍ ഇദ്ദേഹത്തിന് ഒരേയൊരു പേരേയുള്ളൂ.

വാച്ചുകെട്ടിയ പന്നി.


നേരിട്ടു കണ്ടാല്‍ പുലിയാണദ്ദേഹം. പക്ഷേ അങ്ങനെയാരും അദ്ദേഹത്തെ വിളിച്ചില്ല. പകരം, അദ്ദേഹത്തിന്റെ അഭാവത്തില്‍ വാച്ചുകെട്ടിയ പന്നി എന്ന അസുരനാമം പ്രചുരപ്രചാരം നേടി.


അദ്ദേഹമെങ്ങനെ വാച്ചുകെട്ടിയ പന്നിയായി?

അതാണു കഥ. വെറും കഥ മാത്രമല്ലിത്. ചരിത്രമുറങ്ങുന്ന കഥ!!!

പതിറ്റാണ്ടുകള്‍ മുന്‍പത്തെ പാലാ സെന്റ് തോമസ് കോളജ്.

സെന്റ് തോമസ് കോളജിന്റെ അതിരുകള്‍ക്ക് തൊട്ടപ്പുറത്ത് അല്‍ഫോന്‍സാ കോളജ്. ഇരുകോളജുകളുടെയും മതിലുകള്‍ക്കിടയിലൂടെ കോമണ്‍ സെന്‍സില്ലാതെ കടന്നു പോകുന്നതു കോട്ടയം-പാല ടാര്‍ റോഡ്. റോഡരികില്‍ നിറയെ വന്‍മരങ്ങള്‍. പരമുവിന്റെയും ഡീസല്‍ കൊച്ചാപ്പിയുടെയും ചായക്കടകള്‍.

ഓരോ വിദ്യാര്‍ഥി സമരവും തൊണ്ട കീറീ സെന്റ് തോമസ് വിജയിപ്പിച്ചിരുന്നത് അല്‍ഫോന്‍സയ്ക്കു വേണ്ടിയായിരുന്നു.

അല്‍ഫോന്‍സയുടെ മുന്നിലൂടെ നെഞ്ചുവിരിച്ചു നടക്കാമല്ലോ എന്നോര്‍ത്ത്.

ഇന്നിനി ക്ളാസില്ലെന്ന പ്രിന്‍സിപ്പലിന്റെ കുറിപ്പടി വരുമ്പോള്‍ സെന്റ് തോമസില്‍നിന്ന് ഉയര്‍ന്നിരുന്ന ആരവം പണ്ട് അല്‍ഫോന്‍സയുടെ അകത്തളങ്ങളെ വരെ കിടിലം കൊള്ളിക്കുമായിരുന്നു. ഓരോ സമരവിജയഘോഷയാത്രയും അല്‍ഫോന്‍സയുടെ മുന്നില്‍ ചെന്നു നെടുവീര്‍പ്പെട്ടു നില്‍ക്കും.

അപ്പോള്‍ അല്‍ഫോന്‍സയില്‍ നടന്നുകൊണ്ടിരിക്കുന്ന ക്ളാസുകളില്‍നിന്ന് ഒറ്റ പെണ്‍കുട്ടി പോലും പുറത്തേക്കു നോക്കില്ല. ഒടുവില്‍ സുന്ദരാംഗികളുടെ കടാക്ഷ മധുരം കിട്ടാതെ സെന്റ് തോമസുകാര്‍ യാത്ര തുടരും. മാമാന്കത്തിനെത്തിയ ചാവേറുകളെപ്പോലെ...

പിന്നെയതു നീളുക, പാലായിലെ മറ്റു വിദ്യഭ്യാസ സ്ഥാപനങ്ങളിലേക്കാണ്. അവിടെ സമാധാനപരമായി നടന്നുകൊണ്ടിരിക്കുന്ന പഠിപ്പുമുടക്കുക ഉദ്ദേശം. സെന്റ് തോമസ് ഹൈസ്കൂള്‍, സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍, സെന്റ് മേരീസ് പാരലല്‍ കോജജ്, മേരിമാതാ നഴ്സറി സ്കൂള്‍, കുറ്റിയാന്കല്‍ റബര്‍ നഴ്സറി എന്നു തുടങ്ങി പാലായിലെ സകലസ്ഥാപനങ്ങളിലും സമരത്തിന്റെ അലകളെത്തും.

ആകാശത്തേക്കു മുഷ്ടി ചുരുട്ടിയെറിഞ്ഞ് മീനിച്ചിലാറിനെ പുളകം കൊള്ളിച്ചു നീങ്ങുന്ന ആ ഘോഷയാത്ര അവസാനിക്കുക, പാലാപ്പട്ടണത്തിന്റെ കിഴക്കേയറ്റത്തെ മഹാറാണി തീയേറ്ററിനു മുന്നിലാണ്. പ്രകടനത്തില്‍ ബാക്കിയുള്ളവര്‍ അവിടെ സിനിമയ്ക്കു കയറുന്നതോടെ സമരവിജയ ഘോഷയാത്രയ്ക്ക് ഔദ്യോഗിക പരിസമാപ്തിയാകും.

തുടക്കത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍ മാര്‍ഗമധ്യേ കൊട്ടാരമറ്റം ഷാപ്പ്, രാജധാനി, മേരിയ, ബ്ളൂമൂണ്‍ ബാറുകള്‍, യൂണിവേഴ്സല്‍, ന്യൂ തീയേറ്ററുകള്‍ തുടങ്ങിയിടങ്ങളില്‍ അപ്പോഴേയ്ക്കും ഇരിപ്പുറപ്പിച്ചിട്ടുണ്ടാവും. ഇക്കൂട്ടത്തില്‍പെടാത്ത ചിലര്‍ അപ്പോഴും കോളജിന്റെ പരിസരങ്ങളിലൂടെ തുപ്പലു വിഴുങ്ങി നടക്കും. അവര്‍ പില്‍ക്കാലത്ത് ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമായി ജീവിതം കോഞ്ഞാട്ടയാക്കി...!

മൊബൈല്‍ ഫോണ്‍ എന്ന സാധനം പ്രണയത്തിന്റെ മധ്യവര്‍ത്തിയാകുന്നതിനു മുന്‍പത്തെ ആദര്‍ശ പ്രണയത്തിന്റെ നാളുകളായിരുന്നു അവ.

അക്കാലത്തു ചിലര്‍ പ്രണയപാരവശ്യത്താല്‍ കവികളായി. മീനിച്ചിലാറിന്റെ കരയില്‍ അവര്‍ കവിതകളെ പെറ്റു. റബര്‍ മണമുള്ള ആ കവിതകളുടെ കാറ്റേറ്റ് മീനിച്ചിലാര്‍ പൂസായൊഴുകി.

ആദര്‍ശം പോക്കറ്റിലിരിക്കട്ടെ എന്നു പറഞ്ഞു തിരസ്കരിക്കപ്പെട്ട ചില പ്രണയങ്ങള്‍ പുലിയന്നൂര്‍ ഷാപ്പിലിരുന്ന് ദുഖം കുടിച്ചിറക്കി. കപ്പാസിറ്റി കഴിഞ്ഞും ദുഖം അകത്താക്കിയവര്‍ പിന്നീട് സന്കടം ഛര്‍ദിച്ചു വഴിയരുകില്‍ കിടന്നു.

എണ്‍പതുകളുടെ അവസാനമായിരുന്നു അത്.

ഇലക്ഷന്റെ ചൂട് സെന്റ് തോമസിനെ ചുട്ടുപൊള്ളിക്കുന്നതിനിടെ രക്ഷയില്ലെന്നു മനസ്സിലാക്കിയ ഒരു സ്ഥാനാര്‍ഥിയദ്ദേഹമാണ് ആദ്യമായി ആ കടുംകൈയ്ക്കു തുനിഞ്ഞത്!

ഇന്‍സ്റ്റഡ് ഓഫ് വോട്ട്, വീ വാണ്ട് ബോട്ടില്‍ വിളികളുടെ മൂര്‍ധന്യത്തില്‍ കയ്യിലെ പണം തീരുമെന്നുറപ്പായപ്പോള്‍ ആശാന്‍ ചെയ്തൊരു കടുംകൈ-

എതിര്‍സ്ഥാനാര്‍ഥിയുടെ പേരില്‍ ഈയദ്ദേഹമിറക്കിയ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം ഇതായിരുന്നു

ഞാന്‍ ചെയര്‍മാനായാല്‍ സെന്റ് തോമസിനും അല്‍ഫോന്‍സയ്ക്കുമിടയില്‍ ഓവര്‍ബ്രിജ് പണിയും.!!!

അതുവരെ ആരും അത്തരമൊരു സാധ്യതയെക്കുറിച്ചു ചിന്തിച്ചിരുന്നില്ല.

പിന്നീട് എന്തു സംഭവിച്ചു?

ബ്ളോഗില്‍ വീഴുന്ന അനോണിമസ് കമന്റ് പോലെ, കല്യാണത്തേലന്ന് ചെക്കന്റെ വീട്ടില്‍കിട്ടുന്ന ഊമക്കത്തു പോലെ, അജ്ഞാതമായ ഈ പ്രകടനപത്രികയുടെ കര്‍ത്താവിനെത്തേടി അന്വേഷണമാരംഭിച്ചു.

അന്വേഷണം ഏതാണ്ടു പരിസമാപ്തിയിലെത്തി നില്‍ക്കേ, കോളജില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ അടി പൊട്ടി. ചെറിയ അടിയായി തുടങ്ങിയ അത് വലിയ അടിയായി വളര്‍ന്നു.

കാരണം അജ്ഞാത പ്രകടന പത്രിക.!

അടി കിട്ടിയവര്‍ കിട്ടിയ കാര്യം ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് പാഞ്ഞുകൊണ്ടിരിക്കെ, ക്യാംപസില്‍ പൊലീസെത്തി.

കോളജിന്റെ മുന്നില്‍ ബ്രേയ്ക്കിട്ടുനിന്ന വില്ലീസ് ജീപ്പിന്റെ മുന്‍സീറ്റില്‍നിന്ന് ആദ്യമിറങ്ങിയത് എസ് ഐ വവ്വാല്‍ പാപ്പച്ചന്‍.

തൊപ്പി നേരെയാക്കി, ജയന്‍ സ്റ്റൈലില്‍ പാപ്പച്ചന്‍ ഓര്‍ഡറിട്ടു.


നിര്‍ത്തെടാ പുല്ലുകളേ.. (തലയോട്ടി, കുരിശ്, നക്ഷത്രം....ഫാന്റം സ്റ്റൈല്‍ തെറി)

അതു കേട്ടതും അടി നിന്നു.

അഭിമാന പൂരിതമായ അന്തരംഗത്തോടെ, അദ്ദേഹം സബോര്‍ഡിനേറ്റ്സായ പിസികളെ നോക്കി മീശയില്‍ വിരലുകൊണ്ടു വീണ വായിക്കാന്‍ തുടങ്ങി.


അപ്പോഴാണ് അതു സംഭവിച്ചത്...!

അമ്മച്ചി അതിരാവിലെ സസ്നേഹം പൊതിഞ്ഞുകെട്ടിക്കൊടുത്ത പൊതിച്ചേറുകളിലൊന്ന് ഏതോ കുരുത്തംകെട്ടവന്‍ എസ് ഐ അദ്ദേഹത്തിന്റെ നെറുകം തല ഉന്നം വച്ചെറിഞ്ഞു.

ഉന്നം തെറ്റിയില്ല.

കല്ലേറിനെക്കാള്‍ ഭീകരമായ എന്തോ ഒന്ന് അപ്രതീക്ഷിതമായി തലയില്‍ പതിച്ച അദ്ദേഹം ബോധം വീണ്ടെടുക്കാന്‍ രണ്ടുനിമിഷമെടുത്തു.

അപ്പോഴേയ്ക്കും പൊതിയ്ക്കുള്ളിലെ മീന്‍ചാര്‍ കഴുത്തു വഴി താഴേയ്ക്ക് ഒലിച്ചിറങ്ങിയിരുന്നു. അപ്പന്‍ കാണാതെ കെട്ടിക്കൊടുത്ത ഉണക്കിറച്ചി വറുത്തത് ഒരെണ്ണം അദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ കോളറില്‍, തേങ്ങയിട്ടു പൊരിച്ച മുട്ടയൊന്നു തലയില്‍...!!

ദേഷ്യം കൊണ്ടു സംഹാരമൂര്‍ത്തി മഹേശ്വരനായ എസ് ഐ, ഐ.വി. ശശിയെപ്പോലെ അലറി...

ആക്ഷന്‍....!!!

പിന്നെയവിടെ നടന്നത് അടിയായിരുന്നു.

പൊലീസിന്റെ കയ്യില്‍ ലാത്തി. വിദ്യാര്‍ഥികളുടെ പ്രധാന ആയുധം പൊതിച്ചോര്‍.


ലാത്തി, പൊതിച്ചോര്‍... പൊതിച്ചോര്‍, ലാത്തി....

പൊതിച്ചോര്‍ തീര്‍ന്നിട്ടും ലാത്തി തീര്‍ന്നില്ല, അഥവാ ലാത്തിയടി തീര്‍ന്നില്ല.

അപ്പോഴേയ്ക്കും അടുത്ത രണ്ടു വണ്ടി പൊലീസ് കൂടി സ്ഥലത്ത് എത്തിയിരുന്നു.


ഇപ്പോഴാണു ആദ്യം പരാമര്‍ശിച്ച്, ബോധപൂര്‍വം ഉപേക്ഷിച്ച നമ്മുടെ കഥാനായകന്റെ രംഗപ്രവേശം.

അദ്ദേഹവും ആ കോളജിലെ വിദ്യാര്‍ഥിയായിരുന്നു. അടി തുടങ്ങിയപ്പോള്‍ ലൈബ്രറിയില്‍ വിലയം പ്രാപിച്ച അദ്ദേഹം വേഗം സഥലം വിടാനുള്ള ഒരുക്കത്തിലായിരുന്നു അവിടെ എത്തിയത്...

പരമുവിന്റെ ചായക്കടയിലേക്കു നീങ്ങിയ അദ്ദേഹത്തിന് ഒരു കാര്യം മനസ്സിലായി.. ഇനിയിവിടെ നില്‍ക്കുന്നതു പന്തിയല്ല...

കുരുട്ടുബുദ്ധി കണ്ടു പിടിച്ചത് അദ്ദേഹമായിരുന്നതിനാല്‍ മറ്റൊന്നും ചിന്തിച്ചില്ല, റോഡരികില്‍ കിടന്ന ഒരു പഴയ കുപ്പിയെടുത്ത് കയ്യില്‍ പിടിച്ചു, കയ്യിലുണ്ടായിരുന്ന പുസ്തകം ഓടയിലേക്കെറിഞ്ഞു, അവിടെ കിടക്കട്ടെ, ആരും എടുത്തോണ്ടു പോവില്ലല്ലോ...!

കയ്യില്‍ കുപ്പിയും കാലില്‍ മനപ്പൂര്‍വം ചെറിയ ചട്ടുമായി മുന്നോട്ടു നടന്ന അദ്ദേഹത്തിന്റെ മുന്നിലേക്ക് ഒരു പൊലീസുകാരന്‍ ചാടി വീണു...

കുപ്പിയുമായി എങ്ങോട്ടാടാ..

വിനയാന്വിതനായി അദ്ദേഹം മറുപടി മൊഴിഞ്ഞു...

ചാച്ചനു വാതത്തിന്റെ സൂക്കേട്... അല്‍പം കൊഴമ്പു വാങ്ങാന്‍ വന്നതാ സാറേ... ഞാനീ കോളജിലുള്ളതല്ല....

അതു പക്ഷേ ഏറ്റില്ല, സുഖസുന്ദരമായ വേദന സമ്മാനിച്ചുകൊണ്ട് ലാത്തിയൊന്ന് അദ്ദേഹത്തിന്റെ മുതുകത്തു തന്നെ വന്നുവീണു...

അയ്യോ...

പുറത്തുവന്ന കരച്ചില്‍ നൂറുകണക്കിനു സമാനമായ കരച്ചിലുകള്‍ക്കിടയില്‍പ്പെട്ട് ഡൈല്യൂട്ടായിപ്പോയി...!!

അദ്ദേഹം ഓടി. പിന്നാലെ പൊലീസും. അടിയുടെ വേദനയില്‍ അദ്ദേഹം ജെസ്സി ഓവന്‍സായി.. പൊലീസുകാരന് എത്ര ശ്രമിച്ചിട്ടും ഒളിംപ്യന്‍ സുരേഷ് ബാബുവാകാനേ കഴിഞ്ഞുള്ളൂ..


അങ്ങനെ ഓരോ സെക്കന്‍ഡിലും ലീഡുയുര്‍ത്തി അദ്ദേഹം കുതിക്കെ എതിരെ നിന്നു വരുന്നു അതാ ഒരു പൊലീസ് വാന്‍...!

പന്തം കൊളുത്തിപ്പട പാലായില്‍നിന്നോ എന്ന് ചിന്തിച്ചുകൊണ്ട് മറ്റൊന്നുമാലോചിക്കാതെ അദ്ദേഹം തൊട്ടടുത്തു കണ്ട മതിലുചാടി...

മതിലു ചാടിയ അദ്ദേഹത്തിനു മുന്നില്‍ മറ്റൊരു മതിലു വീണ്ടും..!!

അതും ചാടി.

അതൊരു പന്നിക്കൂടായിരുന്നു...

അപ്പോഴാണ് ചാട്ടത്തിന്റെ തകൃതിയില്‍ ആലോചിക്കാന്‍ സമയം കിട്ടാതിരുന്ന അദ്ദേഹം അതോര്‍ത്തത്...!

കന്യാസ്ത്രീമാര്‍ നടത്തുന്ന അസംപ്ഷന്‍ വനിതാ ഹോസ്റ്റലിന്റെ മതിലു ചാടിയ താനിപ്പോളിരിക്കുന്നത് അവിടുത്തെ പന്നിക്കൂട്ടിലാണ്.

ഇവിടെനിന്ന് ഇപ്പോഴെങ്ങാനും ഇറങ്ങിപ്പോകുന്നതു കണ്ടാല്‍ നാട്ടുകാരുടേതടക്കം അടി വേറെ കിട്ടും. രണ്ടായാലും അടി ഉറപ്പാണെന്ന് ഉറപ്പിച്ച അദ്ദേഹം പുറത്തെ ശബ്ദങ്ങള്‍ക്കു കാതോര്‍ത്തു...

റോഡില്‍ അടി തുടരുകയാണ്. അതൊന്നു ശമിച്ചിട്ടു രക്ഷപ്പെടലിനെക്കുറിച്ചാലോചിക്കാം...

പൊലീസുവക അടി കിട്ടിയ ഭാഗത്ത് തണുത്ത എന്തോ സ്പര്‍ശിച്ചതിന്റെ ഞെട്ടലില്‍ അദ്ദേഹം ചിന്തയില്‍നിന്നുണര്‍ന്നു. അതൊരു പന്നിയായിരുന്നു. തിന്നാനുള്ള ചക്കമടലോ മറ്റോ ആയിരിക്കുമെന്നു കരുതി ഓടിയെത്തിയ പന്നി നിരാശനായി.

സമയം, പന്നികളെപ്പോലെ പെറ്റുപെരുകി.

വെയിലു താണു, ഉച്ചകഴിഞ്ഞു. അദ്ദേഹത്തിന്റെ കയ്യിലെ വാച്ചില്‍ സമയം രണ്ടുമണി.

റോഡിലെ ബഹളം ശമിച്ചു. എന്കിലും രക്ഷപ്പെടാന്‍ മനസ്സുവരുന്നില്ല. വഴിയില്‍ കാണുന്ന പൊലീസുകാരന്‍ വീണ്ടും അടി തന്നാലോ....അല്‍പം കൂടി കഴിയട്ടെ...

കഥയുടെ ട്വിസ്റ്റ് അപ്പോഴാണുണ്ടായത്...!

കുട്ടികള്‍ക്കു വൈകിട്ടത്തെ ഭക്ഷണമായ ചക്ക വേയിച്ചതുണ്ടാക്കാനായി വെട്ടിയ ചക്കയുടെ മടലും കൂഞ്ഞിയും മറ്റുമായി കോണ്‍വെന്റിലെ വേലക്കാരി അച്ചമ്മച്ചേടത്തി പന്നിക്കൂടിന് അടുത്തെത്തി. അകത്തിരിക്കുന്നയാള്‍ അച്ചാമ്മ ചേടത്തിയെയോ അച്ചാമ്മ ചേടത്തി അകത്തിരിക്കുന്നയാളെയോ കണ്ടില്ല.

പതിവിന്‍ പടി, കയ്യിലിരുന്ന വലിയ കുട്ടയിലെ ചക്കമടല്‍ അച്ചാമ്മ ചേടത്തി പുറത്തുനിന്നു മതിലുവഴി പന്നിക്കൂട്ടിനകത്തേക്കു തള്ളി..

അതു വന്നു പതിച്ചത് അദ്ദേഹത്തിന്റെ തലയില്‍..!!

പെട്ടെന്നുണ്ടായ ഞെട്ടലില്‍ അദ്ദേഹം വലതു കൈ നിലത്തുകുത്തി ഇടതു കൈ മതിലില്‍ പിടിച്ച് ചാടിയെഴുന്നേറ്റു.

പുറത്തുനിന്ന അച്ചാമ്മ ചേടത്തി ആകെ കണ്ടത് ഒരു കൈ, ഒരേയൊരു ഇടംകൈ...അതു കണ്ടു ഞെട്ടിയ അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു....

സിസ്റ്ററേ.... ഓടി വായോ....


ഇതാണ്ടെയോ ഇവിടെയൊരു വാച്ചുകെട്ടിയ പന്നീ......!!!!!
(അങ്ങനെയദ്ദേഹം നാട്ടുകാരുടെ പ്രിയപ്പെട്ട വാച്ചുകെട്ടിയ പന്നി ആയി..!)

Thursday, April 19, 2007

പശു അപ്പച്ചന്‍ അഥവാ പാവങ്ങളുടെ മറഡോണ...

പ്രിയപ്പെട്ടവരേ...

ഭരണങ്ങാനം സ്റ്റാലിയന്‍ സോക്കര്‍ ക്ളബ് സംഘടിപ്പിക്കുന്ന അഖില കേരളാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിനോട് അനുബന്ധിച്ചു നടക്കുന്ന വെറ്ററന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഇന്നു വൈകിട്ട് കൃത്യം നാലുമണിക്ക് സെന്റ് മേരീസ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. കളരിക്കല്‍ കുട്ടപ്പന്‍ ചേട്ടന്‍ നയിക്കുന്ന ഭരണങ്ങാനവും ഇടകഴിയില്‍ പാപ്പൂഞ്ഞ് നയിക്കുന്ന അറവക്കുളവും തമ്മില്‍ നടക്കുന്ന അത്യധികം വാശിയേറിയെ ഈ മല്‍സരം കാണാന്‍ ഈ നാട്ടിലെ എല്ലാ ഫുട്ബോള്‍ പ്രേമികളെയും ഞങ്ങള്‍ സ്നേഹപൂര്‍വം സെന്റ് മേരീസ് ഹൈസ്കൂള്‍ ഗ്രൗണ്ടിലേക്കു സ്വാഗതം ചെയ്യുന്നു....

ഭരണങ്ങാനത്തിന്റെ ഗ്രാമവീഥികളിലൂടെ, രാജവീഥികളിലൂടെ, ടാറിടാത്ത കോട്ടവഴിയിലൂടെ അനൗണ്‍സ്മെന്റ് ശബ്ദം അലയടിച്ചു കടന്നുപൊയ്ക്കൊണ്ടിരുന്നു.

കളരിക്കല്‍ കുട്ടപ്പനെക്കാള്‍ പത്തുവയസിനു മൂത്തതാണ് ഇടകഴിയില്‍ പാപ്പൂഞ്ഞ്. എന്നിട്ടും അനൗണ്‍സ്മെന്റില്‍ കുട്ടപ്പന്‍ ചേട്ടനെന്നും വെറും പാപ്പൂഞ്ഞെന്നും. കാരണം, കുട്ടപ്പന്‍ ചേട്ടന്റെ വീട്ടില്‍ കാശുണ്ടായിരുന്നു. പാപ്പൂഞ്ഞിന്റെ വീട്ടില്‍ ഇല്ലാത്തതും അതായിരുന്നു.

ഭരണങ്ങാനം ടീം ഇത്തവണയെന്കിലും കളി ജയിക്കുമോ?

സംശയത്തിന് അടിസ്ഥാനമുണ്ടായിരുന്നു. കാരണം, വെറ്ററന്‍സ് മല്‍സരം തുടങ്ങി പത്തുവര്‍ഷമായിട്ടും ഇതുവരെ ഭരണങ്ങാനത്തിനു കളി ജയിക്കാനായിട്ടില്ല. കുറഞ്ഞത് പത്തുഗോളിന്റെയും വ്യത്യാസത്തില്‍ കളി ജയിക്കുക അറവക്കുളം ടീമാണ്. അന്നു മുതല്‍ ഇന്നു വരെ ഇരുടീമിന്റെയും ക്യാപ്റ്റന്മാര്‍ക്കും കളിക്കാര്‍ക്കും മാറ്റമുണ്ടായിട്ടില്ല.

തുടര്‍ച്ചയായി കളി തോറ്റുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുട്ടപ്പന്‍ ചേട്ടനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു മാറ്റണമെന്നും പകരം പൊലീസ് ഗോപിച്ചേട്ടനെ ക്യാപ്റ്റനാക്കണമെന്നും നാട്ടില്‍ അഭിപ്രായമുയര്‍ന്നിരുന്നു.


പക്ഷേ, പോക്കറ്റിലുണ്ടായിരുന്ന ജോര്‍ജുകുട്ടിയുടെയും മേരിഗിരി വളവിലെ മാടക്കടയില്‍ സുലഭമായിരുന്ന മൂലവെട്ടിയുടെയും പിന്ബലത്തില്‍ കുട്ടപ്പന്‍ ചേട്ടന്‍ ക്യപ്റ്റന്‍ സ്ഥാനം നിലനിര്‍ത്തിപ്പോന്നു.

ഉച്ചവെയിലു വന്നു, ഉച്ചകഴിഞ്ഞു, വെയിലു താണു, വൈകുന്നേരമായി. സമയം നാലര.

സ്കൂള്‍ മൈതാനത്തിന്റെ നാലുകോണിലുമായി ജനസാഗരം കളി കാണാന്‍ കാത്തുനിന്നു. മല്‍സരത്തിനു സമ്മാനദാനം നിര്‍വഹിക്കുന്നതു പള്ളിയിലെ വികാരിയച്ചനാണ്. അദ്ദേഹവും കളി കാണാന്‍ നേരത്തെയെത്തിയിട്ടുണ്ട്.

ഇരുടീമുകളും ഗ്രൗണ്ടില്‍ റിപ്പോര്‍ട്ടു ചെയ്യണമെന്ന അനൗണ്‍സ്മെന്റ് വന്നു. കാണികള്‍ക്ക് ആകാംക്ഷയേറി.


അറവക്കുളം ടീമാണ് ആദ്യം ഗ്രൗണ്ടിലിറങ്ങിയത്. ക്യാപ്റ്റന്റെ അഹന്കാരവും വയറ്റില്‍ വെട്ടിത്തിളയ്ക്കുന്ന മൂലവെട്ടിയുടെ ഗര്‍വുമായി മൈതാനത്തെ തൊട്ടുനമിച്ചു പാപ്പൂഞ്ഞ് ആദ്യമിറങ്ങി.

തൊട്ടുപിന്നാലെ ടീമംഗങ്ങളും...

ഗോള്‍കീപ്പര്‍ ദൈവസഹായം ദേവസ്യബായ്ക്ക് ലൈനില്‍ ചാലക്കുടി അച്ചന്‍, വെട്ടിക്കുഴി പീലി,നാഗം ബേബി.മിഡ്ഫീല്‍ഡില്‍ ഒരേയൊരാള്‍-ക്യാപ്റ്റന്‍ പാപ്പൂഞ്ഞ്. മുന്നേറ്റനിരയില്‍ പുലികള്‍ രണ്ടു പേര്‍- അറവക്കുളത്തിന്റെ ഗോളടിയന്ത്രം എല്‍ദോ, എല്‍ദോയുടെ ചേട്ടന്‍ പൊലീസില്‍നിന്നു പെന്‍ഷന്‍ പറ്റിയ മത്തായി സാര്‍...


സമയം,കാടുകയറിത്തുടങ്ങി. ഭരണങ്ങാനം ടീമിനെ മാത്രം കാണുന്നില്ല!!!

ഭരണങ്ങാനം ടീം എത്രയും വേഗം ഗ്രൗണ്ടില്‍റിപ്പോര്‍ട്ടു ചെയ്യണം.

ഒന്നല്ല, അനൗണ്‍സ്മെന്റ് തുടര്‍ച്ചയായി പലവട്ടം മുഴങ്ങി.അനൗണ്‍സ് ചെയ്തുകൊണ്ടിരുന്ന മണിക്കു വരെ ഒടുവില്‍ ദേഷ്യം വന്നു. കളരിക്കല്‍ കുട്ടപ്പന്‍ ചേട്ടന്‍ ഇവിടെ എവിടെയെന്കിലും ഉണ്ടെന്കില്‍ ഉടന്‍ ഗ്രൗണ്ടില്‍ കളിക്കിറങ്ങണം..

ഇല്ല, പ്രതികരണമില്ല.

ഭരണങ്ങാനത്തിന്റെ അഭിമാനമാകേണ്ട ടീമംഗങ്ങളില്‍ ആരെയും കാണാനില്ല. കളി കാണാനെത്തിയവര്‍ പരസ്പരം നോക്കി. പരസ്പരം നോക്കിയവര്‍ പിന്നെയും പിന്നെയും നോക്കി. സംഘാടര്‍ ആകാശത്തേക്കു നോക്കി. പള്ളീലച്ചന്‍ മണിമാളികയ്ക്കു മുകളിലേക്കു നോക്കി. മണിമാളികയ്ക്ക് എങ്ങോട്ടും നോക്കാന്‍ പറ്റാത്തതിനാല്‍ അതു മാത്രം പഴയ പടി നിന്നു.!!


തുടര്‍ച്ചയായ പതിനൊന്നാം തവണയും തോല്‍വി ഭയന്നു കുട്ടപ്പന്‍ ചേട്ടനും സംഘവും മുങ്ങിയതായിരിക്കുമോ? അങ്ങനെ സംശയിച്ചവരുമുണ്ടായിരുന്നു.
ഭരണങ്ങാനത്തുകാരുടെ അഭിമാനത്തിനാണു ക്ഷതമേറ്റത്...

കള്ളുകുടിച്ചു വഴിയില്‍ കിടന്നാല്‍ പിടിച്ചേല്‍പിച്ചു പൊലീസുകാരു തരുന്നതിനെക്കാള്‍ വലിയ ക്ഷതം! ഒരുമാതിരിപ്പെട്ട കുടിയന്മാരെല്ലാം ഇങ്ങനെ ഓരോന്ന് ആലോചിച്ചുകൊണ്ടിരിക്കെ, ആലോചിക്കാന്‍ ഒന്നുമില്ലാത്തവര്‍ ഇനിയെന്ത് ആലോചിക്കും എന്നാലോചിച്ചുകൊണ്ടിരിക്കെ, മൈതാനത്തിന്റെ കോണില്‍ ഒരു മഹീന്ദ്ര ഇന്റര്‍നാഷനല്‍ ജീപ്പ് വന്നു ബ്രേയ്ക്കിട്ടുനിന്നു!

അതിന്റെ മുന്‍പില്‍നിന്ന് വെള്ള ഷോര്‍ട്ട്സും വെള്ള ജഴ്സിയും വെള്ള കാന്‍വാസ് ഷൂവുമിട്ട് തലമുഴുവന്‍ തൂവെള്ളനിറത്തില്‍ നരച്ച ഒരാളിറങ്ങി..കളരിക്കല്‍ കുട്ടപ്പന്‍ ചേട്ടന്‍!ഭരണങ്ങാനത്തിന്റെ ക്യാപ്റ്റന്‍.

പിന്നില്‍നിന്ന് ആദ്യമിറങ്ങിയതു ഗോള്‍കീപ്പര്‍ കോലടി വാസു. കുട്ടപ്പന്‍ ചേട്ടനൊപ്പം ഡിഫന്‍സില്‍ കളിക്കുന്ന(സോറി, കാവല്‍ നില്‍ക്കുന്ന) പൊലീസ് ഗോപി, അപ്പൂപ്പന്‍ ഷാജി എന്നിവരും ഇറങ്ങി. തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരെ കാണികള്‍ ആദരപൂര്‍വം കയ്യടിച്ചു വരവേറ്റു. ആരാധകരുടെ ഹര്‍ഷാരവങ്ങള്‍ക്കു നേരെ കുട്ടപ്പന്‍ചേട്ടന്‍ കൈവീശി പ്രതിനന്ദി രേഖപ്പെടുത്തിക്കൊണ്ടിരിക്കെ, ഫോര്‍വേഡ് ലൈനില്‍ കളിക്കുന്ന രണ്ടുപേര്‍ കൂടി ജീപ്പില്‍നിന്നു മെല്ലെ താളം തെറ്റാതെ താഴെയിറങ്ങി. - കുഞ്ഞാപ്പന്‍ ചേട്ടനും ഗീവര്‍ഗീസും..

എല്ലാവരും ഹൈടെന്‍ഷന്‍ ലൈനില്‍നിന്നു വരുന്നതിനെക്കാള്‍ കറന്റില്‍. വെറുതെയല്ല, ടീം എത്താന്‍ വൈകിയത്. അസൂയ മൂത്ത കുടിയന്മാര്‍ പരസ്പരം പറഞ്ഞു.

ഇല്ല, ഒരാള്‍കൂടിയുണ്ടാവണമല്ലോ... മിഡ്ഫീല്‍ഡില്‍ ആരു കളിക്കും?

ഇതുവരെ മിഡ്ഫീല്‍ഡില്‍ ഒരാളെ മാത്രം നിര്‍ത്തിയാണു ഭരണങ്ങാനം കളിച്ചിട്ടുള്ളത്. അതു പഴയ പള്ളിവാച്ചര്‍ വര്‍ഗീസുചേട്ടനായിരുന്നു. അദ്ദേഹം, വാതസംബന്ധമായ അസ്കിതകളാല്‍ പെന്‍ഷന്‍ പറ്റിയതു കാരണം ഇത്തവണ ആ പൊസിഷനില്‍ ആരുകളിക്കുമെന്നറിയാനും കാണികള്‍ക്ക് ആകാംക്ഷയേറി...

ഏറ്റവുമൊടുവിലായി, രണ്ടുപേരുടെ സഹായത്തോടെ ഒരാള്‍കൂടി മൈതാനത്തേക്കിറങ്ങി. കാണികള്‍ ഞെട്ടി. കൈലിമുണ്ടും കള്ളി ബനിയനും വേഷം. നരച്ചതെന്കിലും പ്രതാപം പൊഴിയാത്ത കൊന്പന്‍ മീശ. ഉണ്ടക്കണ്ണുകള്‍, കോടാലി മൂക്ക്, വട്ടമുഖം...

പശു അപ്പച്ചന്‍....!!!

മൈതാനമൊന്നാകെ രോമാഞ്ചം കൊണ്ടു..

പശു എന്ന വിളിപ്പേരുകാരനായ ഭരണങ്ങാനത്തിന്റെ അഭിമാനതാരം അപ്പച്ചന്‍. സ്റ്റാലിയന്‍ സോക്കറിന്റെ സ്ഥിരം അറ്റാക്കിങ് മിഡ്ഫീല്‍‍ഡര്‍. പ്രായക്കൂടുതല്‍ ഉണ്ടെന്കിലും എതിര്‍ ടീമിലെ ചെറുപിള്ളേരെ വരെ വെട്ടിച്ചു ഗോളടിച്ചുകൂട്ടിയ അപ്പച്ചന്‍. ഈ വര്‍ഷം അപ്പച്ചന്‍ ആദ്യമായിതാ വെറ്ററന്‍സ് ടീമില്‍...!!

കളി തുടങ്ങി.

ഇരുപക്ഷത്തും വാശിയേറിയ കളി. ഇരുടീമംഗങ്ങളും ബോള്‍ കണ്‍ട്രോളിങ്ങിനെക്കാള്‍ സ്വയം കണ്‍ട്രോള്‍ ചെയ്യാനാണു ശ്രമിച്ചുകൊണ്ടിരുന്നത്.... ഇടയ്ക്കു ചിലര്‍ കൂട്ടിയിടിച്ചു വീണു. അവരെ വിളിച്ചെഴുന്നേല്‍പിച്ചു കളി തുടര്‍ന്നു.

ഇടയ്ക്ക്, പൊലീസു ഗോപിയെ വെട്ടിയിട്ട എല്‍ദോയ്ക്കു നേരെ റഫറി ചുവപ്പുകാര്‍ഡുയര്‍ത്തി. എല്‍ദോയ്ക്ക് അതു സഹിച്ചില്ല, കൊടുത്തു വീക്കനടിയൊന്ന് റഫറിക്ക്. അതു പ്രതീക്ഷിച്ചുനിന്ന അദ്ദേഹം അതിവേഗം കുനിഞ്ഞു. മൈതാനത്തു പന്പരം പോലെ രണ്ടുവട്ടം കറങ്ങിയ എല്‍ദോ വട്ടം വീണു. പത്തുമിനിട്ടുകഴിഞ്ഞാണ് അദ്ദേഹം പിന്നീടുണര്‍ന്നത്. അപ്പോള്‍ കളി രണ്ടാം പകുതി തുടങ്ങിയിരുന്നു.

ആരും ഗോളടിക്കുന്നില്ല. കാണികള്‍ക്കു സമനില തെറ്റി. ഇരുഗോള്‍മുഖത്തും ഉശിരന്‍ മുന്നേറ്റങ്ങള്‍. പക്ഷേ ഒന്നും ഗോളിലേക്കു വഴി തുറന്നില്ല.

ഇടയ്ക്കാണ് അതു സംഭവിച്ചത്. പോസ്റ്റിലേക്ക് ഉയര്‍ന്നു വന്ന ഒരു പന്ത് ക്യാപ്റ്റന്‍ കുട്ടപ്പന്‍ ചേട്ടന്‍ ഹെ‍ഡ് ചെയ്ത് പുറത്തേക്കു തള്ളി. തൊട്ടുപിന്നാലെ വെട്ടിയിട്ട വാഴ പോലെ അദ്ദേഹം വീണു. ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു അദ്ദേഹം പന്തു ഹെഡ് ചെയ്തത്. അതും നെറുകംതല കൊണ്ട്!!

കുട്ടപ്പന്‍ ചേട്ടന്റെ സ്വന്തം ജീപ്പ്, ഗ്രൗണ്ടിലേക്കു റിവേഴ്സ് വന്നു. ബോധംകെട്ടുകിടന്ന കുട്ടപ്പന്‍ ചേട്ടനെ അതിലെടുത്തിട്ടു. ആശുപത്രി ഉന്നംവച്ച് ജീപ്പ് പാഞ്ഞു.

കളി വീണ്ടും മുറുകി. കളി തീരാന്‍ ഒരു മിനിറ്റു മാത്രം. അറവക്കുളത്തിന്റെ ഗോള്‍മുഖത്ത് പശുഅപ്പച്ചന്റെ മിന്നല്‍ മുന്നേറ്റം. ഇല്ല അതും ഗോളായില്ല. കളിക്കു ഫൈനല്‍ വിസില്‍...!

ഇനി ടൈബ്രേക്കര്‍. ഭരണങ്ങാനത്തിന് ആദ്യഅവസരം. കിക്കെടുത്തത് അപ്പച്ചന്‍. സംഗതി സുഖസുന്ദരമായി ഗോള്‍.

അടുത്ത അവസരം അറവക്കുളത്തിന്. കിക്കെടുക്കുന്നത് അവരുടെ ഗോള്‍കീപ്പര്‍ ദൈവസഹായം ദേവസ്യ. ഗോള്‍വല കാക്കാന്‍ ഭരണങ്ങാനത്തിന്റെ സ്വന്തം ഗോളി കോലടി വാസു തയ്യാറെടുക്കുന്നതിനിടെ പശു അപ്പച്ചന്‍ പോസ്റ്റില്‍ കൈവിരിച്ചു നിന്നു.

കാണികള്‍ ഞെട്ടി!!

താന്‍ ഗോളിയാണെന്ന് അപ്പച്ചന്‍ സ്വയം പ്രഖ്യാപിച്ചു.

ആരും അത് എതിര്‍ത്തില്ല.

ദൈവസഹായം ദേവസ്യയുടെ ആദ്യകിക്ക് വലത്തേക്കു പറന്ന് അപ്പച്ചന്‍ പിടിച്ചു.

സ്റ്റാലിയന്‍ യൂത്ത് ടീമിന്റെ ഗോളി ഷാജിക്കുട്ടന്‍അടക്കം ഒരുപാടു പേര്‍ ഞെട്ടി. അത്രയ്ക്കു ഭീകരമായിരുന്നു അപ്പച്ചന്റെ പ്രകടനം. മറുഭാഗത്ത് ഭരണങ്ങാനത്തിന്റെ താരങ്ങള്‍ ഗോളടി തുടര്‍ന്നു. ഇപ്പുറത്ത് അപ്പച്ചന്റെ സുന്ദരന്‍ സേവുകളും. ഒടുവില്‍ എല്ലാവരെയും അതിശയിപ്പിച്ച് ഭരണങ്ങാനം ചാംപ്യന്മാരുടെ കിരീടമുയര്‍ത്തി!!

പശു അപ്പച്ചനെ മികച്ച കളിക്കാരനായി തിരഞഞെടുത്തു.

ട്രോഫി നല്‍കിയ വികാരിയച്ചന്‍ അപ്പച്ചനെ കെട്ടിപ്പിടിച്ചു. പിടിത്തം വിട്ട അച്ചന്‍ കള്ളിന്റെ മണമടിച്ചു തലയ്ക്കു നേരിയ മന്ദാരവുമായി കസേരയില്‍തന്നെയിരുന്നപോയി..

ഭരണങ്ങാനം ജയിച്ച വാര്‍ത്ത നാടെങ്ങും പരന്നു. അപ്പച്ചന്‍ സൂപ്പര്‍ സ്റ്റാറായി. ആശുപത്രിക്കിടക്കയില്‍ വച്ച് ആ വാര്‍ത്ത കേട്ട കുട്ടപ്പന്‍ ചേട്ടന്‍ വീണ്ടും ബോധംകെട്ടു. അറവക്കുളത്തിന്റെ ക്യാപ്റ്റന്‍ പാപ്പൂഞ്ഞ് ഉള്‍പ്പെടെ പലരും തലയില്‍ കൈവച്ചു. അപ്പച്ചന്റെ തകര്‍പ്പന്‍ സേവുകളെക്കുറിച്ചായിരുന്നു നാടെങ്ങും സംസാരം.

പിറ്റേന്ന്, അന്പാറ ഷാപ്പില്‍ കണ്ടുമുട്ടിയപ്പോള്‍ അപ്പച്ചനോടായി പാപ്പൂഞ്ഞു ചോദിച്ചു. അല്ലെടാ, അപ്പച്ചാ, നീയെങ്ങനെയാ ആ ഷോട്ടുകളെല്ലാം പറന്നുപിടിച്ചത്?

രണ്ടു കുപ്പിക്കള്ളിന്റെ തകൃതിയിലായിരുന്ന അപ്പച്ചന്‍ ഒന്നുമാലോചിക്കാതെ മറുപടി പറഞ്ഞു.

പെനല്‍റ്റിക്കു തൊട്ടുമുന്‍പ് ഞാന്‍ ഒരു കഞ്ചാവു ബീഡി വലിച്ചു.
ആദ്യമായിട്ടു വലിക്കുന്നതാ...
അതില്‍പ്പിന്നെ മുന്നോട്ടുവരുന്ന പന്തിനെല്ലാം ആനേടെ വലിപ്പം. പിടിക്കാതെ ഞാനെന്നാ ചെയ്യും...?

പാപ്പൂഞ്ഞു ചേട്ടന്‍ പറ!!!

Tuesday, April 17, 2007

ലാസറിനെ ഉയര്‍പ്പിച്ച ലേസര്‍പ്രേതം...!


ഞാന്‍ പൊയ്ക്കാളാമേ.......

കഴിഞ്ഞ 15 വര്‍ഷമായി ചാലയ്ക്കല് ‍രാജു എന്ന പാവപ്പെട്ട ഞങ്ങളുടെ നാട്ടുകാരനെ രാത്രിയില്‍ ഒളിച്ചിരുന്ന് ആരെന്കിലുമൊക്കെ പേടിപ്പിക്കുന്പോള്‍ മരണവെപ്രാളത്തോടെയുള്ള ഓട്ടത്തിനിടയില്‍ അദ്ദേഹം വിളിച്ചുപറഞ്ഞിരുന്നത് ഈ വാക്കുകളായിരുന്നു.

ഞാനൊരു പാവമാണേ... ഞാന്‍ പൊയ്ക്കോളാമേ.... എന്നു മുഴുവന്‍ രൂപം!

ഭരണങ്ങാനം അല്‍ഫോന്‍സാ ചാപ്പലിന്റെ കിഴക്കുഭാഗത്തായാണു സെമിത്തേരി. ആയിരം വര്‍ഷം പഴക്കവും ആയിരത്തിലേറെ ഇടവകാംഗങ്ങളുമുള്ള പള്ളിയായതിനാല്‍ പള്ളിയെക്കാള്‍ വലുതാണു സെമിത്തേരി എന്നു പറയാം.

മുന്‍പ് നാടുഭരിച്ചിരുന്ന കനിഷ്ക മഹാരാജാവിന്റെ കണക്കപ്പിള്ളമാര്‍ വരെ അന്ത്യനിദ്ര കൊള്ളുന്ന സ്ഥലമെന്നും വേണമെന്കില്‍ പറയാം. ഭരണങ്ങാനം എന്ന കര്‍ഷക കോമള ഗ്രാമത്തിന്റെ ഹില്‍സ്റ്റേഷനായ ചിറ്റാനപ്പാറ, ഔദ്യോഗിക കള്ളുഷാപ്പ് കുടികൊള്ളുന്ന അയ്യന്പാറ, പിന്നെ ഞങ്ങളൊക്കെ താമസിക്കുന്ന പാതാളം നഗര്‍ (ജങ്ഷനില്‍ കട നടത്തുന്നവന്‍ മാവേലി, അതിനാല്‍ സ്ഥലം പാതാളം എന്നു വിവക്ഷ!) തുടങ്ങിയടങ്ങളിലേക്കുള്ള സാധാരണ ജനങ്ങളുടെ സഞ്ചാര മാര്‍ഗം ഈ ശവക്കോട്ടയുടെ അരികിലൂടെയാണ്.

കൊച്ചി നെഹ്റു സ്റ്റേഡിയത്തിലെ ഫ്ളഡ് ലൈറ്റുകള്‍ തോറ്റുപോകുന്ന തരത്തിലുള്ള പ്രകാശം ഒരു കാലത്ത് സെമിത്തേരിയുടെ അരികിലൂടെയുള്ള വഴിയില്‍ ഉണ്ടായിരുന്നു.

അടുത്തകാലത്ത് അറുത്ത കയ്യില്‍ കുന്തിരിക്കം തേയ്ക്കുന്ന കാര്യമോര്‍ത്താല്‍ ബി പി കൂടുന്ന സ്വഭാവമുള്ള ഒരു വൈദിക ശ്രേഷ്ഠന്‍ ഭരണങ്ങാനത്തിന്റെ അജപാലന ദൗത്യമേറ്റെടുത്തതോടെയാണു കാര്യങ്ങള്‍ തകിടം മറിഞ്ഞത്.

സെമിത്തേരി വഴിയിലെ പ്രകാശമണഞ്ഞു. ചാലയ്ക്കല്‍ രാജുവിനെ പോലെ വിരലില്‍ എണ്ണിയാല്‍ തീരാത്തത്ര പാവങ്ങളായ പേടിത്തൊണ്ടന്മാരുടെ മനസ്സിലും പ്രകാശമണഞ്ഞു.

പത്താംക്ളാസില്‍ പഠിക്കുന്പോള്‍ കോപ്പിയടിച്ചതു പിടിച്ചതിന് പ്രതികാരമായി നായ്ക്കുരണപ്പൊടി എറിഞ്ഞ് ആശുപത്രിയിലാക്കിയ പഴയ ഡ്രില്ലുസാര്‍ ചേറപ്പായി വരെ അന്ത്യനിദ്ര കൊള്ളുന്ന സ്ഥലമാണ്. രാത്രി വൈകി വെളിച്ചമില്ലാത ശവക്കോട്ടയുടെ അരികിലൂടെ പോവുകയെന്നു വച്ചാല്‍ ബുദ്ധിമുട്ടാണ്.

അച്ചനോടു വെളിച്ചക്കുറവിന്റെ കാര്യം പറയാന്‍ ചെന്ന ചില കുഞ്ഞാടുകളോട് ( പ്രേയിങ് ആന്‍ഡ് പേയിങ് പാര്‍ട്ട് ഓഫ് ദ് ചര്‍ച്ച് എന്ന് ആംഗലേയം) ഉള്ള കഞ്ഞി നേരത്തെ കുടിച്ചു കിടന്നുറങ്ങിക്കൊള്ളാന്‍ അച്ചന്‍ ഇടയലേഖനം വഴി അരുള്‍ ചെയ്തു. രാത്രി വൈകിയുള്ള നടപ്പു നാട്ടുകാരു നിര്‍ത്തുന്നതാണു നല്ലതെന്നും.

പക്ഷേ എന്തു ചെയ്യാം, പാലമ്മൂട് ഷാപ്പ് അടയ്ക്കുന്പോള്‍ രാത്രി പത്തുമണിയാകും. ഷാപ്പടയ്ക്കാതെ വീട്ടില്‍ പോയാല്‍ ഉറക്കം വരാത്ത ചാലയ്ക്കല്‍ രാജുവിനെപ്പോലുള്ള ആത്മാര്‍ഥ കുടിയന്മാര്‍ക്കു നേരത്തെ കിടന്നുറങ്ങുന്ന കാര്യവും ആലോചിക്കാന്‍ വയ്യ. വെളിച്ചമില്ലെന്കിലും ഗത്യന്തരമില്ലാതെ അതുവഴി പോകാന്‍ രാജുവിനെപ്പോലുള്ളവര്‍ തീരുമാനിച്ചതും അങ്ങനെയായിരുന്നു.

വിറയ്ക്കുന്ന കൈയില്‍ കത്തിച്ചുപിടിച്ച മെഴുകുതിരിയുമായി അവര്‍ ശവക്കോട്ട അഥവാ സെമിത്തേരിക്കു സമീപത്തുകൂടി രാത്രിവൈകിയും വീട്ടിലേക്കു പൊയ്ക്കൊണ്ടിരുന്നു. തൊട്ടടുത്തുള്ള റബര്‍ത്തോട്ടത്തിലൂടെ പന്നിയെലി ഓടുന്ന ശബ്ദം പോലും അവരെ ഞെട്ടിച്ചു.
പേടി പുറത്തു കാണിക്കാതിരിക്കാന്‍,
ആരെടാ അത്? തട്ടിക്കളയും, ചുണയുണ്ടേല്‍ നേരില്‍ വാടാ...

തുടങ്ങിയ ക്ഷത്രിയ വീര്യമുള്ള പദാനുപദ സാഹിത്യം ശുദ്ധമായ നാട്ടിന്‍പുറത്തെറികളാല്‍ ആലേപനം ചെയ്ത് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് അവര്‍ നടപ്പു തുടരുക.

അങ്ങനെയൊരു ദിവസം രാത്രി എട്ടുമണി.

വീട്ടിലേക്കുള്ള പത്തുകിലോ റേഷനരിയും തലയില്‍ വച്ച് കയ്യില്‍ ഒരു മെഴുകുതിരി പോലുമില്ലാതെ വീട്ടിലേക്കു വരികയാണു ചേലയ്ക്കല്‍ രാജു.
സെമിത്തേരിയുടെ തൊട്ടടുത്ത് എത്തിയപ്പോള്‍ എതിരെ വന്ന നാട്ടുകാരന്‍ ആ വലിയസത്യം രാജുവിന്റെ മുന്നിലേക്കു ലോബ് ചെയ്തിട്ടുകൊടുത്തു...

വെള്ളിയാഴ്ചയായിട്ടെന്താ രാജുച്ചേട്ടാ ഒറ്റയ്ക്ക്...?!!!

രാജുവിന്റെ അകവാളു വെട്ടി. ഇനി പത്തടി കൂടി നടന്നാല്‍ സെമിത്തേരിയാണ്.
അതുവഴി രണ്ടുമിനിട്ട് നടക്കണം. ഓടുകയാണേല്‍ ഒരുമിനിട്ട്. രണ്ടായാലും, അത്രയും സമയം പോലും ധൈര്യമായി ഒറ്റയ്ക്ക് അതുവഴി പോകാനുള്ള ധൈര്യം തനിക്കില്ലെന്നു തികട്ടി വന്ന അന്തിക്കള്ളിന്റെ അരുചിയോടെ രാജു ഓര്‍ത്തു.

പേരറിയാവുന്നതും അറിയാത്തതുമായ സകല ദൈവങ്ങളെയും മനസ്സില്‍ വിളിച്ച് രാജു ധൈര്യമായി സെമിത്തേരി വഴിയിലേക്ക് ഇടതുകാലെടുത്തു വച്ചു. (വലതു കാലില്‍ കഴിഞ്ഞദിവസമൊരു പട്ടികടിച്ചതിനാല്‍ മുറിവ്! സ്വാധീനക്കുറവ്!)


നെഞ്ചിനകത്ത് മട്ടന്നൂര്‍ ശന്കരന്‍കുട്ടിയുടെയും മക്കളുടെയും ട്രിപ്പിള്‍ തായന്പക! പുറത്ത് ട്രിപ്പിള്‍ ജഗപൊക!

രാജു മുന്പോട്ടു നടന്നു. ഓരോ കാലും ശ്രദ്ധയോടെ, അതീവശ്രദ്ധയോടെ, പതിയെ, ശബ്ദമുണ്ടാക്കാതെ, തലയില്‍ തേങ്ങ വീണു ചത്ത താമരക്കുഴിയില്‍ അന്ത്രപ്പന്റെ ആത്മാവു കേള്‍ക്കാതെ, രാജു മുന്പോട്ടു നടന്നുകൊണ്ടിരുന്നു.
അപ്പോഴാണ്... കാലിന്റെ ചുവട്ടിലൊരു ചുവന്ന ജീവി. രാജു ഞെട്ടി. ജീവി ഒറ്റക്കുതിപ്പിനു സെമിത്തേരിയുടെ മതിലില്‍. അവിടെനിന്നു സമീപത്തെ 105 റബറിനറെ ഏരത്തില്‍, വീണ്ടും രാജുവിന്റെ കാല്‍ചുവട്ടില്‍. ഒറ്റരൂപത്തുട്ടിന്റെ വലിപ്പം, നല്ല ചെഞ്ചുവപ്പ്, ഒസിആര്‍ റം തോറ്റുപോകുന്ന നിറം...

രാജുവിന്റെ മനസ്സു പിടച്ചു. തലയിലിരുന്ന അരിച്ചാക്ക് വിറച്ചു.

ഉറക്കെ കരയാന്‍ ആപാവം വാ പൊളിച്ചെന്കിലും ശബ്ദം പുറത്തുവന്നില്ല... താഴെ മാവേലിയുടെ പച്ചക്കറിക്കടയില്‍ ലൈറ്റണഞ്ഞിട്ടില്ല. അവസാനത്തെ കച്ചിത്തുരുന്പ് കണ്ട ആശ്വാസത്തില്‍ രാജു സര്‍വശക്തിയുമെടുത്ത് ഓടി...
ഞാന്‍ പൊയ്ക്കോളാമേ......
അതുറക്കെ വിളിച്ചു പറയാന്‍ അദ്ദേഹം മറന്നില്ല!
ഓടിയെത്തിയത് മാവേലിയുടെ കടയില്‍ത്തന്നെ. മാവേലി എന്ന പേരുകാരനായ സണ്ണി മാത്രം കടയില്‍.
പതിവില്‍നിന്നു വിരുദ്ധമായി കസേരയില്‍ രണ്ടുകാലുമെടുത്തു വച്ചാണിരിപ്പ്. സണ്ണിയുടെ മുഖത്ത് അടൂര്‍ ഗോപാലകൃഷ്ണന്റെ പടം ബ്ളായ്ക്കില്‍ ടിക്കറ്റെടുത്തു കണ്ടിറങ്ങി വന്നവന്റെ നിര്‍വികാരത.
എന്തു പറ്റി രാജുച്ചേട്ടാ...
എന്റെ സണ്ണീ... ഒരു ജീവി.. ആ സെമിത്തേരിയുടെ അരികത്ത്, അതെന്റെ കാലില്‍ കടിക്കാന്‍ നോക്കി. ഞാന്‍ ഓടി... എന്തോ വിഷമുള്ള ഇനമാണെന്നു തോന്നുന്നു...
ജീവി ഇവിടെയും വന്നിരുന്നു.. -സണ്ണി പറഞ്ഞു
ഈ പച്ചക്കറികളിലൊക്കെ കയറി. എന്റെ ദേഹത്തു കയറാന്‍ നോക്കി. ഞാന്‍ ഉറക്കെ തെറിവിളിച്ചു പോയി, പേടിച്ചിട്ടാണ്, പക്ഷേ അതോടെ അതു പോയി...
അതു വന്നതിനു ശേഷം കാലിനൊരു ചൊറിച്ചില്‍.. സണ്ണി സന്കടപ്പെട്ടു..സാരമില്ല, രാജുച്ചേട്ടാ...ഇനിയും വന്നാല്‍ രണ്ടു തെറി വിളിച്ചാല്‍ മതി... പിന്നെ വരില്ല.!!

എന്നാലും സണ്ണി, അതു വല്ല പ്രേതവുമായിരിക്കുമോ? രാജുവിനു സംശയം വീണ്ടും കാടുകയറി...
ഹേയ്, പ്രേതമോ... രാജുച്ചേട്ടന്‍ ധൈര്യമായിട്ടു പൊയ്ക്കോ... ഞാനിവിടെയില്ലേ?ഉള്ളിലുരുണ്ടുകൂടിയ പേടി ഭദ്രമായി മൂടിവച്ചു സണ്ണി രാജുവിനെ സ്വാന്ത്വനിപ്പിച്ചു...

എന്നാല്‍ സണ്ണി അരക്കിലോ തുണ്ടം മീന്‍കൂടി തന്നേര്... പിള്ളേര്‍ക്കു പള്ളിക്കൂടത്തില്‍ പൊതികെട്ടിക്കൊടുത്തു വിടാന്‍ഒന്നുമില്ലെന്നു രാവിലെയും പെന്പറന്നോത്തി പറ‍ഞ്ഞതേയൂള്ളൂ..
പ്രേതപ്പേടി കച്ചവടമായതിന്റെ പൊടിസന്തോഷത്തോടെ, നാടുമുഴുവന്‍ നാറാന്‍ പര്യാപത് മായ ഉണക്കമീന്‍ അരക്കിലോ സണ്ണി പൊതിഞ്ഞുകെട്ടി കൊടുത്തു..
സകലദൈവങ്ങളെയും വീണ്ടും വിളിച്ച് രാജു യാത്ര തുടര്‍ന്നു..

ഇല്ല, ശല്യമില്ല, ഒരു ജീവിയുടെയും ശല്യമില്ല...

അങ്ങനെയാണു രാജു കരുതിയതെന്കിലും അതു സത്യമായിരുന്നില്ല. വഴി മുന്നോട്ടുപോകവേ രാജു ആ കാഴ്ച കണ്ടു.
റോഡരികില്‍ രണ്ടുപേര്‍ പുല്ലില്‍ മലക്കം മറിയുന്നു.
ആരാ അത്? രാജു ഇല്ലാത്ത ധൈര്യം എവിടെനിന്നോ ഉണ്ടാക്കി ചോദിച്ചു.
ഞങ്ങളാ.. അയ്യപ്പനും മണികണ്ഠനും... മറുപടി.
രണ്ടും ഒരേ ആളുടെ രണ്ടുപേരല്ലേയെന്നു മനസ്സിലാവര്‍ത്തിച്ചുകൊണ്ടിരുന്ന ഹരിനാമ കീര്‍ത്തനത്തിന്റെ ലഹരിയില്‍ രാജു പേടിയോടെ മനസ്സിലോര്‍ത്തു.
അവിടേക്കു വിറച്ചു നടക്കുന്നതിനിടയില്‍, രാജുവിനു കാര്യം മനസ്സിലായി. അയലോക്കത്തെ അയ്യപ്പന്‍, പെയിന്റര്‍. ഒപ്പം അയ്യപ്പന്റെ അയലോക്കത്തെ മണികണ്ഠന്. മേസ്തിരി. രണ്ടുപേരും എന്തോ തപ്പുകയാണ്.
രാജുവിനും ധൈര്യമായി. മൂന്നുപേരായല്ലോ.ഇനി പേടിക്കാനില്ല. അഥവാ ഉള്ള പേടി ധൈര്യമായി ഷെയറു ചെയ്യാമല്ലോ...!
എന്താ അയ്യപ്പാ തപ്പുന്നത്- രാജു ചോദിച്ചു.
അതോ, ഒരു ജീവി, ഇപ്പം ഇവിടെയുണ്ടായിരുന്നു. നല്ല ചുവപ്പു നിറം. ഈ പുല്ലിനടയില്‍ ഉണ്ടോയെന്നു നോക്കുകയാ...
രാജു വീണ്ടും ഞെട്ടി.
ജീവി ഇവിടെയും. മനുഷ്യനെ വിടുന്ന ലക്ഷണമില്ല. കൊണ്ടേ പോകൂ...
വീട്ടില്‍ തന്നെ കാത്തിരിക്കുന്ന ഭാര്യയെയും ദ്വാരക ഹോട്ടലില്‍നിന്നു വാങ്ങിയ ഏത്തക്ക ബോളി കാത്തിരിക്കുന്ന മക്കളെയും ഓര്‍ത്തപ്പോള്‍ രാജുവിനു സന്കടം വന്നു. സാധാരണയായി ഷാപ്പില്‍ കള്ളുതീര്‍ന്നുവെന്നു കച്ചവടക്കാരന്‍ പറയുന്പോള്‍ മാത്രമാണു രാജുവിനു സന്കടം വരാറ്... പുല്ലില്‍ ആഞ്ഞുതപ്പുന്നതിനിടെ, അവരെ ഞെട്ടിച്ചുകൊണ്ട് ജീവി വീണ്ടും വന്നു.
ഇത്തവണ രാജുവിന്റെ മീന്പൊതിയിലാണു ജീവിവന്നിരുന്നത്. അതവിടെത്തന്നെയിരുന്നു. രാജു കയ്യിലിരുന്ന മീന്‍പൊതിയിലേക്കു നോക്കിക്കരഞ്ഞു.
അയ്യപ്പാ ഇതു പ്രേതമാടാ....അതുകേട്ട്, അയ്യപ്പന്‍ ഉറക്കെ നിലവിളിച്ചുപോയി...
(ശബ്ദം പുറത്തു വരാതിരുന്നതിനാല്‍ വാ പൊളിഞ്ഞതു മാത്രമേ രാജു കണ്ടള്ളൂ...)
ആരുടെയും മറുപടിക്കു കാക്കാതെ രാജു ഓടി...
വന്നവഴിയിലേക്കു തന്നെ മാവേലിയുടെ കട ഉന്നംവച്ച് രാജു ഓടി. കൂടെ അയ്യപ്പനും മണികണ്ഠനും...
മുംബൈ മാരത്തണിന്റെ ആദ്യലാപ്പു പോലെ അതിവേഗം, ബഹുവേഗം...
ഞാന്‍ പൊയ്ക്കോളാമേ....അതു പറയാന്‍ രാജു മറന്നില്ല!സണ്ണി കടയടയ്ക്കാന്‍ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. ഓടിയെത്തിയ രാജു കയ്യിലിരുന്ന മീന്‍പൊതി സണ്ണിയുടെ കടയിലേക്കെറിഞ്ഞു. അതുകണ്ടു ഞെട്ടിയ സണ്ണി വിറച്ചുകൊണ്ടു ചോദിച്ചു- എന്തുപറ്റി രാജുച്ചേട്ടാ...?
സണ്ണീ, അതു പ്രേതമാ... തന്റെ മീന്‍ വാങ്ങിയതു കൊണ്ട് അത് എന്നെ വിടുന്നില്ല.
എനിക്കു തന്റെ മീന്‍ വേണ്ട, അതു കയ്യിലിരിക്കട്ടെ...!
രാജു നയം വ്യക്തമാക്കി.
അയ്യപ്പനും മണികണ്ഠനും സ്കൂള്‍കുട്ടികളെപ്പോലെ ഭവ്യതയോടെ നിന്നു. സണ്ണിയും..!
എന്തു ചെയ്യും. അരക്കിലോമീറ്റര്‍ കൂടിയുണ്ട് വീട്ടിലേക്ക്. ഓട്ടോറിക്ഷ പോലും വരുന്നില്ല, രക്ഷപ്പെടാന്‍ ഒരുമാര്‍ഗവുമില്ല.
ഇതികര്‍ത്തവ്യ മൂഡരായി അവരങ്ങനെ നില്‍ക്കുന്പോഴാണ് ചെറിയ ശബ്ദത്തിലുള്ള പൊട്ടിച്ചിരി എവിടെനിന്നോ അവരുടെ കാതില്‍ ചെറുതായി പതിച്ചത്.ചിരി തന്നെ. പൊട്ടിച്ചിരി.
കര്‍ത്താവേ.. വല്ല ചുടല പനന്പാല യക്ഷിയുമായിരിക്കുമോ?
ഇവിടേയാണേല്‍ ചുണ്ണാന്പുമുണ്ട്. പച്ചക്കറികള്‍ക്കൊപ്പം മുറുക്കാന്‍ കച്ചവടംകൂടി തുടങ്ങാനെടുതത തീരുമാനത്തെ ശപിച്ചുകൊണ്ട് സണ്ണി നെടുവീര്‍പ്പെട്ടു.
രാജുവിന് നെടുവീര്‍പ്പെടണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്കിലും അതിനുള്ള ഊര്‍ജം ആ ശരീരത്തില്‍ ബാക്കിയുണ്ടായിരുന്നില്ല. വീണ്ടും പൊട്ടിച്ചിരി...!
ശബ്ദം കേട്ടിടത്തേക്കു സര്‍വശക്തിയുമെടുത്തു നോക്കിയ മണികണ്ഠന്‍ ആ കാഴ്ച കണ്ടു!റോഡരികിലെ ചാക്കോച്ചേട്ടന്റെ വീടിന്റെ ടെറസില്‍ രണ്ടുപേര്‍.
മങ്ങിയ വെളിച്ചത്തില്‍ മണികണ്ഠന്‍ അവരെ നേരില്‍ കണ്ടു. തലേന്നു ലീവിനു നാട്ടിലെത്തിയ ചാക്കോച്ചേട്ടന്റെ മകന്‍ ബ്രിട്ടാസും ഭാര്യയും.
ബ്രിട്ടാസിന്റെ കയ്യില്‍ പേനയുടെ വലിപ്പമുള്ള എന്തോ ഒന്ന്.
അതില്‍നിന്നാണ് തങ്ങളെ ഇത്രയും നേരം പേടിപ്പിച്ച ചുവപ്പുനിറം വരുന്നതെന്നും എട്ടാം ക്ളാസു വരെയേ പഠിച്ചിട്ടുള്ളെന്കിലും മണികണ്ഠനു മനസ്സിലായി.
എന്തോ ഒരു തരം ടോര്‍ച്ചാണത്. പക്ഷേ, സാധാരണ ടോര്‍ച്ചിനുള്ളതു പോലെ വെളിച്ചം വരുന്ന വഴി കാണുന്നില്ല. എവിടെ പതിക്കുന്നോ അവിടെ നല്ല ചുവപ്പുനിറം.
ലേസര്‍ ടോര്‍ച്ച്.
തീയേറ്ററില്‍ ചില കോളജു പിള്ളേരു സ്ക്രീനിലടിച്ചു പണിയൊപ്പിക്കുന്നതു താന്‍ കണ്ടിട്ടുണ്ട്... മണികണ്ഠന്‍ ഓര്‍ത്തു. കാര്യങ്ങളിങ്ങനെയെന്നു മനസ്സിലാക്കി, അത് ഒപ്പമുള്ളവരെക്കൂടി മനസ്സിലാക്കിക്കൊടുക്കാന്‍ അവര്‍ക്കുനേരെ തിരിയുന്ന നേരത്താണ് ആ ചുവന്ന വെളിച്ചം വീണ്ടും അവര്‍ക്കിടയിലേക്കു വന്നത്.
ഒറ്റ അലര്‍ച്ചയായിരുന്നു അവിടെ പിന്നീടു ണ്ടായത്.
ചേലയ്ക്കല്‍ രാജു, മാവേലി സണ്ണി, അയ്യപ്പന്‍... മൂന്നുപേരുടെയും കോറസ് നിലവിളി സെമിത്തേരിയുടെ മതിലില്‍ ചെന്നു തട്ടിതിരികെ വന്നു.
മൂന്നുപേരും അടുത്ത നിമിഷം ബോധംകെട്ട് അവിടെ വീണു. മ
ണികണ്ഠന്‍ മാത്രം അവിടെനിന്നു. എന്തു ചെയ്യണമെന്നറിയാതെ, ചുള്ളിക്കാടിന്റെ കവിതയിലെ നരകം കണ്ട ധര്‍മപുത്രരെപ്പോലെ മണികണ്ഠന്‍ ആ കുരുക്ഷേത്രത്തില്‍ ബാക്കിയായി.
നേരം ഇരുട്ടി വെളുക്കും വരെ അതുവഴി പിന്നീടാരും വന്നില്ല.
കയ്യിലുണ്ടായിരുന്ന ജ്യോതിമാന്‍ ബീഡി വലിച്ചുതീരും വരെ മണികണ്ഠന്‍ ബോധം കെട്ടുകിടക്കുന്നവര്‍ക്കൊപ്പമിരുന്നു.
പിന്നീട് പതിയെ എഴുന്നേറ്റു വീട്ടിലേക്കു നടന്നു. ചാക്കോച്ചേട്ടന്റെ വീട്ടില്‍ തോക്കുണ്ടെന്നു കേട്ടിട്ടുണ്ട്. ഇല്ലേല്‍ രണ്ടു തെറിയെന്കിലും വിളിക്കാമായിരുന്നു.!
പിറ്റേന്ന് നേരം വെളുത്തപ്പോള്‍ നാട്ടില്‍ ഒരു വാര്‍ത്ത പരന്നു.
ചാലയ്ക്കല്‍ രാജു, മാവേലി സണ്ണി, അയ്യപ്പന്‍ എന്നിവര്‍ പാല ഗവണ്‍മെന്റ് ആശുപത്രിയില്‍.
ബോധം തെളിഞ്ഞപ്പോള്‍ മുതല്‍ പിച്ചും പേയും...
രാജു മാത്രമല്ല, മറ്റുമൂന്നുപേരും ഇടയ്ക്ക് ആംബുലന്‍സിന്റെ ചുവപ്പുവെട്ടം കാണാനിടയായപ്പോള്‍ ഇങ്ങനെ ഉറക്കെ വിളിച്ചുപറഞ്ഞത്രേ...
ഞങ്ങളു പൊയ്ക്കോളാമേ......!!!

Monday, April 16, 2007

ചുട്ടകോഴി പറക്കുന്നത് എങ്ങനെ?

ചുട്ടകോഴി പറക്കുന്നത് എങ്ങനെ?


കോഴിയെ ആദ്യം തല്ലിക്കൊല്ലുക.
പിന്നീട് അതിന്റെ വയറു കീറി കുടലും പണ്ടവും പുറത്തെടുത്തു കളയുക...
സുന്ദരക്കുട്ടപ്പനായ പൂവന്‍ കോഴിയായിരിക്കണം ഭവാന്‍. കാലിയായ വയറിലേക്ക് കയ്യും കാലും ചെറിയ ചരടുകെണ്ടു കെട്ടിയ അത്യാവശ്യം വലിപ്പമുള്ള ഒരു തവളയെ ഇടുക. കോഴിയുടെ വയറു മനോഹരമായി സ്റ്റിച്ചു ചെയ്യുക. പുറമേനിന്നു നോക്കിയാല്‍ വയറു കീറിയതായി തോന്നുകയേ അരുത്!ഇനി ഹോമം ആരംഭിക്കാം. ദ്രവ്യഹോമ കലശങ്ങള്‍ പതിവിന്‍പടി ഹോമകുണ്ഡത്തിലേക്കിടുക..
നെയ്യ് ഒഴിച്ചു തീപിടിപ്പിക്കുക. തീഉയരുന്നതനുസരിച്ച് മന്ത്രവാദതന്ത്രവാദ സൂത്രവാദ മന്ത്രങ്ങള്‍ വായില്‍ത്തോന്നുന്നത് അതേപടി ഉരുക്കഴിച്ചുകൊണ്ടേയിരിക്കുക....
ഭക്തര്‍ ലഹരിയിലേക്ക് അടുത്തുകഴിഞ്ഞെന്നു മനസ്സിലാകുന്പോള്‍ പതിയെ ഹോമകുണ്ഡ‍ത്തിനു സമീപത്തേക്കു കോഴിയെ കൊണ്ടു വന്നിടുക. ഹോമകുണ്ഡത്തില്‍ തീ പടരുന്നതിന്റെ ചൂടു കയ്യും കാലും കെട്ടിയ നിലയില്‍ കോഴിയുടെ വയറ്റില്‍ കിടക്കുന്ന തവളയിലേക്ക് ആവേശിച്ചു തുടങ്ങും.
കയ്യും കാലും കെട്ടിയ നിലയിലായതിനാല്‍ പാവത്തിന് അനങ്ങാന്‍ വയ്യല്ലോ... എന്കിലും ഗത്യന്തരമില്ലാതെ വരുന്പോള്‍ കക്ഷി കയ്യും കാലും കെട്ടിയ നിലയിലും കോഴിയുടെ വയറ്റില്‍കിടന്നു മരണവെപ്രാളത്തോടെ ചാടാന്‍ ശ്രമിക്കും....
തവളയുടെ ചാട്ടത്തിനൊപ്പം ഹോമകുണ്ഡത്തിനു സമീപത്തിട്ട കോഴിയും പതിയെ ഒന്നനങ്ങി നീങ്ങും....മതി... ഭക്തര്‍ക്ക് അതുമതി...
ചുട്ടകോഴി പറന്നു കഴിഞ്ഞിരിക്കുന്നു....

(ഒരു മന്ത്രവാദി വെളിപ്പെടുത്തിയത്...!)

Sunday, April 15, 2007

നഷ്ടപ്രണയത്തിന്റെ വിഷുക്കൈനീട്ടം (ഓട്ടിക്കു കിട്ടിയത്....)

എല്ലാവര്ക്കും വിഷു ആശംസകള്

നഷ്ടപ്രണയത്തിന്റെ വിഷുക്കൈനീട്ടം

(ഓട്ടിക്കു കിട്ടിയത്....)

ഓട്ടിസം എന്ന പേര് കുടിയേറ്റക്കാരുടെ ഹോം ടൌണായ പാലായെയും സമീപത്തെ ഭരണങ്ങാനത്തെയും സ്പര്ശിക്കാതെ കടന്നു പോയ കാലത്താണ് ജോസ് എന്ന പേരുകാരനായ ആ ചെറുപ്പക്കാരനു നാട്ടുകാര് ഓട്ടി എന്നു പേരിട്ടത്. കാഴ്ചയിലും പെരുമാറ്റത്തിലും ഓട്ടിസം പ്രകടമായിരുന്ന അദ്ദേഹത്തിന് ആ പേരിട്ടത് ആരായാലും അയാളെ നമിക്കാതെ വയ്യ.

(മുഖത്തിന് അല്പം കോട്ടമുള്ള കോളജ് അധ്യാപകനു കോടീശ്വരന് എന്നുപേരിട്ടവരുടെ നാടാണ്. ഇരട്ടപ്പേരു കഥകള് പിന്നാലെ വരും.)
ഓട്ടി കാഴ്ചയില് സുന്ദരനാണ് എന്നു പറഞ്ഞാല് ജനം എന്നെ തല്ലും. പല്ലുകളാണ് ആ പാവത്തിന്റെ ഹൈലൈറ്റ്. മുന് നിരയില് രണ്ടെണ്ണം പരപ്പനങ്ങാടിക്കാണേല് അടുത്ത രണ്ടെണ്ണം ഉന്നം വച്ചു നില്ക്കുന്നതു ചടയമംഗലത്തേക്കാണ്. പരശുരാമന്റെ മഴുവേറു പോലും തോറ്റുപോകുന്ന ഉന്നം ആ പല്ലുകള്ക്കുണ്ട്.
ഇത്രയും ഓട്ടി ജോസ്. ഇനി കഥയിലേക്ക്. ഭരണങ്ങാനം പള്ളി മുറ്റം. വിഷു ദിവസം ഞായറാഴ്ച.
രാധാകൃഷ്ണ ഹോട്ടലിലെ കാലിച്ചായ കുടിക്കാന് കയ്യിലുണ്ടയിരുന്ന അവസാനത്തെ പത്തുരൂപ നോട്ടും കഴിഞ്ഞെന്നു മനസ്സിലായ ഓട്ടിക്കു ആരുടെയെന്കിലും കൈനീട്ടം വാങ്ങാതെ തരമില്ലായിരുന്നു. അപ്പനും അമ്മയും പണ്ടേ മരിച്ചു പോയ ഓട്ടിക്ക് അതായിരുന്നു ഏക ആശ്രയവും. കുര്ബാന കഴിഞ്ഞിറങ്ങിയ കുഞ്ഞച്ചന്മാരില് പലരെയും നോക്കി തന്റെ മനോഹരമായ പല്ലുകളുടെ അകന്പടിയോടെ ചിരിയാലുഴിഞ്ഞെന്കിലും ആരും അടുത്തില്ല. തട്ടിപ്പറിച്ചു വാങ്ങാനാണേല് ഓട്ടിക്ക് അറിയത്തുമില്ല. രാവിലെ എട്ടേകാലിന്റെ കുര്ബാന മുതല് തുടങ്ങിയ നില്പ് പത്തുമണിക്ക് സണ്ഡേ സ്കൂള് പിള്ളേരുടെ കുര്ബാന വരെ നീണ്ടു. ആരും വന്നില്ല. ഒന്നും തന്നതുമില്ല. സിനിമേല് നെടുമുടി വേണുപറയുന്നതു പോലെ ഇവിടെ ഒന്നും തന്നില്ല എന്നു പലവട്ടം പറഞ്ഞുനോക്കി.
പന്ത്രണ്ടുമണിക്ക് കൃത്യം ചോറുണ്ണാന്഼ വീട്ടിലേക്കു വെച്ചടിച്ച ചില അച്ചായന്മാരെയും ഓട്ടി പരിചയം കൊണ്ടു വീഴ്തതാന് നോക്കി.
ആരുമടുക്കാത്തതിനാല് ഓട്ടിക്കു സന്കടം വന്നു. സന്കടം വിശപ്പായി മാറുന്നതും ആ പാവമറിഞ്ഞു. വയറു വിശന്നാല്പിന്നെ ഓട്ടിക്കു പിടിത്തം കിട്ടില്ല.
അല്ഫോന്സാമ്മയുടെ കബറിടത്തിനു നേരെ ഓട്ടിപാഞ്ഞു. എന്തിനെന്ന് ഓട്ടിക്കു തന്നെ നിശ്ചയമുണ്ടായിരുന്നില്ല. ചുട്ടുപഴുത്ത മണല് വിരിപ്പിലൂടെ അല്ഫോന്സാ ചാപ്പലിന്റെ കുത്തനെയുള്ള നടകയറി ഓട്ടി കബറിടത്തിനു സമീപമെത്തി.
അപ്പോഴാണ്.....
മണി കിലുങ്ങും പോലൊരു ചിരി....
ഓട്ടിക്കു സംശയം-വാഴ്ത്തപ്പെട്ട അല്ഫോന്സാമ്മ ആയിരിക്കുമോ ?
ഹേയ്, നാട്ടിലുള്ള മററുപലരെക്കാളും ഓട്ടി ബുദ്ധിമാനായിരുന്നു.
ആരാണെന്നു നോക്കിയിട്ടു തന്നെ...
ചാപ്പലിന്റെ പിന്ഭാഗത്തു സന്കീര്ത്തിയുടെ സമീപത്തുനിന്നാണ് ആ ചിരി കേട്ടത്. ദാ വീണ്ടും... അതേ ചിരി....
നേരം നട്ടുച്ച, വെയിലിന്റെ ചൂടാല് വിയര്ത്ത ഓട്ടി ആശന്ക മൂലം വീണ്ടും വിയര്഼ത്തു. പള്ളിക്കു പിന് വശത്തെ പഴയ സെമത്തിരിയില് രണ്ടു ചെറുപ്പക്കാര്...
ഓട്ടി സൂക്ഷിച്ചു നോക്കി.
ആണും പെണ്ണും.
കുഴിമാടങ്ങള്ക്കു മേല് നട്ട ജമന്തിപ്പൂക്കളുടെ ഇല നുള്ളിനുള്ളി ഇരുവരും സംസാരിക്കുന്നു. ഇടയ്കകു പെണ്കുട്ടി ആഞ്ഞുചിരിക്കുന്നു. അവളെ ചിരിപ്പിക്കാന് കൂടെയുള്ളവന് കഷ്ടപ്പെട്ട് കോപ്രായങ്ങള് വീണ്ടും വീണ്ടും കാട്ടിക്കൂട്ടുന്നു. അതു കണ്ട് അവള് വീണ്ടും ചിരിക്കുന്നു. സംഗതി കണ്ടപ്പോള് ഓട്ടിക്കു നാണമായി...
അഞ്ചാം ക്ളാസില് മൂന്നാം തവണ പഠിക്കുന്പോള് തനിക്കും പ്രേമം വന്നിട്ടുണ്ട്. അതും അയലോക്കത്തെ വലിയ വീട്ടിലെ സുന്ദരിയും സൌമ്യ ശീലയും കട്ടപ്പല്ലുകളോടു കൂടിയവളുമായവളോട്...

(പിന്നീട് അവളുടെ കട്ടപ്പല്ലുകള് പറിച്ചുകളഞ്ഞു കന്പിയിട്ടതു കണ്ടപ്പോള് ഓട്ടിക്കു കരച്ചില് വന്നിട്ടുണ്. കാരണം, ഓട്ടിക്ക് അത്ര ഇഷ്ടമായിരുന്നു അവ...)
പാത്തും പതുങ്ങിയും, അവള് സ്കൂളില്നിന്നു വരുംവരെ താണോലിപ്പള്ളിയുടെ വഴിയരികില് കാത്തുനില്ക്കും. അവള് മുന്നിലൂടെ കടന്നുപോയിക്കഴിഞ്ഞേ താനും പോകൂ... മുന്നോട്ടു നടന്നു പോയി കുറേദൂരം ചെന്നു കഴിയുന്പോള് അവളു തിരിഞ്ഞുനോക്കും. പാവം, ഓട്ടി.. അയാള് വിചാരിച്ചു, അവള്ക്ക് അവനോട് പ്രേമമായിരിക്കുമെന്ന്. !!!
കാരണം ഓട്ടി മണ്ടനായിരുന്നു. കാലങ്ങളങ്ങനെ കടന്നു പോയി...
അഞ്ചാം ക്ളാസില്഼ അഞ്ചുതവണയില്഼ കൂടതല് പഠിപ്പിക്കില്ലെന്ന കാരണം പറഞ്ഞ് ഓട്ടിയെ സ്കൂളില്നിന്നു പുറത്താക്കി.
പാലാ സെന്റ് തോമസ് കോളദ്, അരുവിത്തുറ സെന്് ജോര്഼ജ് കോജജ് എന്നിവിടങ്ങളില് അഡ്മിഷനു ശ്രമിച്ചെന്കിലും പത്താം ക്ളാസില്഼ പഠിക്കാത്തവരെ കോളജില്഼ ചേര്഼ക്കില്ലെന്ന കാരണം പറഞ്ഞ് അവിടെനിന്നു മടക്കി.
ആയിടക്ക് ഓട്ടി തീരുമാനിച്ചു. അവളോട് പ്രണയം തുറന്നു പറയണം. തനിക്കു നേരിട്ട് അതിനാവില്ല. അടുത്ത കൂട്ടുകാരനോട് കാര്യം പറഞ്ഞു. ആരുമറിയാതെ അക്കാര്യം അവളോട് തുറന്നു പറയാമെന്നവന് സമ്മതിച്ചു.
ഓട്ടി മണ്ടനായിരുന്നു. പിന്നീട് സംഭവിച്ചത് അവനറിഞ്ഞില്ല.
ഒരു ദിവസം രാവിലെ റബര് വെട്ടാന് പോയ അപ്പന് മടങ്ങിവന്ന വഴി ഓട്ടിയുടെ കരണത്ത് നല്ല വീക്കനടി ഒന്നു പാസാക്കി.

കാരണം ചോദിക്കും മുന്പേ ചോദ്യമുണ്ടായി..."നിനക്കു വേറേ ആരെയും കണ്ടില്ല അല്ലേടാ....?"
ഓട്ടിക്കു കാര്യം മനസ്സിലായി. അവളുടെ വീട്ടില് കാര്യമറിഞ്ഞിരിക്കുന്നു. അത് തന്റെ അപ്പന് അറിഞ്ഞിരിക്കുന്നു.
ഓട്ടി പിന്നെയും പില കാര്യങ്ങളറിഞ്ഞു... അവള്ക്കു തന്നെ പേടിയാണത്രേ. മുന്നോട്ടു തള്ളിനില്ക്കുന്ന തന്റെ പല്ലുകളാണത്രേ അവളുടെ പേടി...പേരാത്തതിന് ചേന മുളച്ചുനില്ക്കുന്നതു പോലെ മുഖം മുഴുവന് മുഖക്കുരുവും....
ഓട്ടിക്കു കരച്ചില് വന്നില്ല. താന് തോറ്റുപോയെന്ന് ഓട്ടിക്കു മനസ്സിലായി. ഈ ജന്മം കൊണ്ടു ജയിക്കാന് പറ്റില്ലെന്നും....
പിന്നെയാരെയും ഓട്ടി പ്രേമിച്ചിട്ടില്ല. ആരും ഓട്ടിയെയും....
അടിവയറില്നിന്നു വന്ന കനപ്പെട്ട മൂളല് ഓട്ടിയെ ചിന്തകളില് നിന്നുണര്ത്തി...വിശപ്പാണു മുഖ്യം...പ്രേമമല്ല, പെണ്ണുമല്ല... ഓട്ടി മണ്ടനായിരുന്നേലും സാമാന്യ ബോധമുണ്ടായിരുന്നു...

ഇവരോട് എന്നതേലും ചോദിച്ചിട്ടു തനനെ കാര്യ...
കിട്ടാതിരിക്കില്ല...
ഓട്ടി മുരടനക്കി...
യഥാര്ഥത്തില് ഓട്ടി അത്രയേ ഉദ്ദേശിച്ചുള്ളുവെന്കിലും ഉണ്ടായതു വലിയ ശബ്ദമായിരുന്നു. അതുകേട്ട് ജമന്തിപ്പൂക്കളില്഼ മുഖമൊളിപ്പിച്ചു നിന്ന സുന്ദരി ഞെട്ടി..
തിരിഞ്ഞുനോക്കിയ ആ കുട്ടി വീണ്ടും ഞെട്ടി.
ഓട്ടിയും ഞെട്ടി... കാരണം അതു മറ്റാരുമായിരുന്നില്ല...
അത് അവളു തന്നെയായിരുന്നു...
ഭൂമി പിളര്ന്നു താനിറങ്ങിപ്പോയിരുന്നെന്കില് എന്ന് ഓട്ടിയുടെ പാഴ്മനസ്സും ആഗ്രഹിച്ചുപോയി..
എന്തു വേണം ?
ചോദ്യം അപ്പുറത്തുനിന്ന്. സുമുഖനായ ചെറുപ്പക്കാരന്.
അവനു മുഖക്കുരുവില്ല, നല്ല വടിവുള്ള പല്ലുകള്.. നല്ല ഷര്ട്ട്, പാന്റ്, ചെരുപ്പ്...
എന്തു വേണമെന്നാ ചോദിച്ചത്.....
ഓട്ടിക്കു ശബ്ദം കുടുങങി.
അവളില് നിന്നു കണ്ണെടുക്കാന് തോന്നുന്നില്ല...
അല്പനിമിഷങ്ങള് കൂടി...
തന്റെ കണ്ണുകള് നിറയുന്നത് ഓട്ടി മനസ്സിലാക്കി....
അപ്പന്റ അപ്പന് മരിച്ച ശേഷം താന് കരഞ്ഞിട്ടില്ലെന്നും ഓട്ടി ഓര്ത്തു....
വല്ലാതെ വിശക്കുന്നു... ചായ കുടിക്കാന് .....
പാന്റസിന്റെ പോക്കറ്റില് നിന്ന് കനപ്പെട്ട പഴ്സ് എടുത്തുതുറുന്ന് അയാള് ഓട്ടിക്ക് അന്പതു രൂപ എടുത്തു നല്കി....
അതുമേടിച്ച് കൈയില് തെരുപ്പിടിപ്പിച്ചു നില്ക്കേ അയാള് വീണ്ടും ഓട്ടിയെ നോക്കിപ്പറഞഞു... ങും വേഗം സഥലം വിട്ടോ....
ഒരിക്കല്഼ക്കൂടി ഓട്ടിക്ക് അവളുടെ വലിപ്പമുള്ള ആ കണ്ണുകളിലേക്കു നോക്കണമെന്നുണ്ടായിരുന്നു. പക്ഷേ, നിറഞ്ഞ കണ്ണുകള് ഓട്ടിയെ അതിന് അനുവദിച്ചില്ല....
തിരിഞ്ഞുനടക്കുന്പോള് അവളുടെ ശബ്ദം ഓട്ടി കേട്ടു...
ഭ്രാന്തനാ...
പക്ഷേ, ആളു പാവമാ....
അതു കേട്ട് ഓട്ടി തരിച്ചു നിന്നു.
ഉള്ളില് പെരുന്പറ മുഴക്കം..
ഓട്ടിക്കു അതു മതിയായിരുന്നു.
അയാള് തന്നെ 50 രൂപ നോട്ട് വലിച്ചുകീറി ആകാശത്തേക്ക് എറിഞ്ഞ് ഭ്രാന്തനെപ്പോലെ അട്ടഹസിച്ച് അയാള് പള്ളിനട തിരികെയിറങ്ങി റോഡിലേക്ക് ഓടി.....


(ഓട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വിഷുക്കൈനീട്ടം ആയിരുന്നു അത്. )

Saturday, April 14, 2007

മീനച്ചിലാറും കൂടോത്രവും

മീനച്ചിലാറും കൂടോത്രവും

- അധ്യായം 1

അഞ്ചു തലമുറ മുന്പാണ്.
മീനച്ചിലാറ് കുലംകുത്തിയൊഴുകി തുടങ്ങിയ മഴക്കാലസന്ധ്യ. അവസാനത്തെ കടത്തുകഴിഞഞു വഞ്ചി പൂട്ടാന് തീരം നോക്കിത്തുഴയുകയാണു കുഞ്ഞാണ്ടി. പത്താമുദയം നോക്കി ഇത്തവണയും മഴ വന്നു. മേടം പത്തിനു മുന്പേ കപ്പ, ചേന, ചേന്പ്, കാച്ചില് തുടങങിയ നടേണ്ടവരെല്ലാം നട്ടു. ഇനിയും മഴ പെയ്താല് ആറ്റുവക്കില് നട്ടവരുടെ കപ്പയും ചേന്പും ആറേ പോകും. വെള്ളത്തിന്റെ വരവ് അങ്ങനെയാണ്.

വിലങ്ങുപാറ കള്ളുഷാപ്പില് തനിക്കായി കാത്തിരിക്കുന്ന ഈച്ച വീണു ചത്ത രണ്ടുകുപ്പി അന്തിക്കള്ളിനെക്കുറിച്ച് ഓര്ത്തപ്പോള് കുഞ്ഞാണ്ടിയുടെ തുഴച്ചിലിനു വേഗം കൂടി. കൂറ്റ്നാല് കടവിന്റ കിഴക്കേകോണില് ആറ്റുവഞ്ചിയുടെ മലവെള്ളം പിടിക്കാത്ത ഏരം നോക്കി കുഞ്ഞാണ്ടി കയറെറിഞ്ഞു. വള്ളം പൂട്ടാനായുന്പോഴാണ് അക്കരെ നിന്ന് കയ്യടി.
ആരാടാ ഈ സന്ധ്യക്ക്. ആറ്റില് വെള്ളം വരവാണെന്ന് അറിയാന്മേലേ?മറുപടിയില്ല.
കുഞ്ഞാണ്ടിക്കു ദേഷ്യം വന്നു. അക്കരെയാണേല്഼ ആരെയും കാണാനുമില്ല.
സന്ധ്യ ഇരുട്ടുവിരിച്ചു തുടങ്ങിയിരിക്കുന്നു. വള്ളം പൂട്ടിയിട്ടു പോയാല് ആരും ചോദിക്കാനില്ല. എന്നാലും വേണ്ടില്ല, അക്കരെ നില്഼ക്കുന്നവനെക്കൂടി ഇക്കരെകടത്തിവിട്ടിട്ടു പോയേക്കാം.
കുഞ്ഞാണ്ടിയുടെ നല്ല മനസ്സ് വീണ്ടും തുഴ ഗയ്യിലെടുത്തു.ഒഴുക്കു കൂടുതലായിനാല് വളരെ വേഗം വള്ളം കരയിലെത്തി. പക്ഷേ, അവിടെയാരുമില്ല!കുഞ്ഞാണ്ടിക്കു കലിമൂതതു. ആരെടാ കയ്യടിച്ചത് ?
സന്ധ്യക്കു മനുഷ്യനേ പറ്റിക്കുകയാ?ചോദ്യം ആറ്റുവെള്ളത്തില് മുഴങ്ങിത്തീരും മുന്പേ വീണ്ടും കയ്യടി. ഇത്തവണ ആറിന്റെ മറുകരയില് നിന്ന്.
വള്ളവുമായി ഇക്കരെയെത്തിയപ്പോഴേയ്ക്കും ഇക്കരെ നിന്നവന് അക്കരയ്ക്കു നീര്ക്കാംകുഴിയിട്ടുകാണും. മനുഷ്യനെ പറ്റിക്കാന് ഓരോ നാറികള്....!!!!
കുഞ്ഞാണ്ടി ഉറക്കെയാണ് അതുപറഞ്ഞത്. എന്നിട്ട് വന്നതിലും വേഗത്തില് അക്കരയ്ക്കു തുഴയാന് തുടങങി. നേരിയ മഴ ചാറിത്തുടങ്ങി അപ്പോഴേയ്ക്കും. മൂന്നിലവ് മലയില് ഇടിവെട്ടിപ്പെയുന്ന മഴ ആകാശത്ത് കൊള്ളിയാനുകളെ സൃഷ്ടിച്ച് കൊണ്ടിരുന്നു.
അക്കരെയെത്തിയപ്പോള് അവിടെയും ആളനക്കമില്ല. കടവിന്റെ നട കയറി ഓടി രക്ഷപ്പെട്ടിരിക്കും.
ഇല്ലേല് തന്റെ തെറി വിളി അവന്഼ കേട്ടേനേ
പററിക്കപ്പെട്ടതിന്റെ ക്ഷീണം തീര്ക്കാന് കുഞ്ഞാണ്ടി തെറുപ്പുബിഡിയെടുത്തു കത്തിച്ചു. രണ്ടു പുക, രണ്ടേ രണ്ടു പുക ഉള്ളിലേക്കെടുത്തു തിരിച്ചുവിട്ടപ്പോളേക്കും വീണ്ടും കയ്യടി. അത്തവണ അത് അക്കരെ നിന്നായിരുന്നില്ല. പിന്നെവിടെനിന്ന്?കുഞ്ഞാണ്ടി ചുറ്റും നോക്കി.
ഇല്ല ഇവിടെങ്ങും ആരുമില്ല. ബീഡി ഒന്നുകൂടി ആഞ്ഞുവലിച്ച്, ആറ്റിലേക്കു വലിച്ചെറിഞ്ഞു. ആരെന്കിലും കാറിത്തുപ്പിയതാകാമെന്നു കരുതി തുപ്പലുവെട്ടാന് പാഞ്ഞെത്തിയ കല്ലേമുട്ടികള്ക്കു തെറ്റി- ബീഡിക്കുറ്റി!!വീണ്ടും കയ്യടി. ഇത്തവണ കുഞ്ഞാണ്ടി വ്യക്തമായി കേട്ടു.
ഇരുകരമുറ്റി ഒഴുകുന്ന ആറിന്റെ ഒത്ത നടുക്കുനിന്ന്. ആരെടാ അത്? കുഞ്ഞാണ്ടിയുടെ ശബ്ദം വിറച്ചോ?അടുത്ത നിമിഷം കയ്യടി വീണ്ടും... ഇത്തവണ പിന്നില്നിന്ന്.
കഴിഞ്ഞ തോറാനപ്പെരുനാള് ദിവസം മരോട്ടിക്കല് ചാണ്ടിയുടെ പെന്പറന്നോത്തി കുഞ്ഞുപെണ്ണ് മുങ്ങിച്ചത്ത വട്ടോളിക്കയത്തിനു അടുത്തുനിന്ന്. കുഞ്ഞാണ്ടിയുടെ ശ്വാസം മുട്ടി. കര്ത്താവേ പരീക്ഷിക്കരുതേ...!!!!ആ പ്രാര്ഥന ആരും കേട്ടുകാണില്ല.
അതിനു മുന്പേ കുഞ്ഞാണ്ടിയുടെ തോളില് ഒരു കൈവീണു.
പത്താമുദയം കഴിഞ്ഞു, ഉദയാസ്തമനങ്ങള് പലതു കഴിഞ്ഞു....
തെങ്ങില് നിന്നു വീണു ചത്ത ചേരനാനിക്കല് കോവാലന്റെ മൂത്തമകന്഼ കുഞ്ഞാണ്ടിയെ പിന്നെയാരും കണ്ടിട്ടില്ല....!!!!!
Powered By Blogger