രാധാകൃഷ്ണ ഹോട്ടലിലെ ബീഫ് ഫ്രൈ ഇല്ലായിരുന്നെങ്കില്‍ തൊമ്മിക്കുഞ്ഞ് അല്‍ബേര്‍ കമ്യുവിനെക്കാള്‍ വലിയ അരാജകവാദിയാകുമായിരുന്നു.
ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ സദസ്സിനെ പുല്ലു പോലെ അഭിസംബോധന ചെയ്യാന്‍ തൊമ്മിക്കുഞ്ഞ് റെഡിയായിരുന്നു. പക്ഷേ, സമപ്രായക്കാരിയായ ഒരു പെണ്‍കുട്ടിയോട് ഒറ്റയ്ക്് അഞ്ചുമിനിട്ടു സംസാരിക്കാനുള്ള ആംപിയര്‍ തൊമ്മിക്കുഞ്ഞിനില്ലായിരുന്നു. ഇതുമൂലം തൊമ്മിക്കുഞ്ഞ് ഖിന്നനും വിരഹിയുമായിരുന്നു.
തൊമ്മിക്കുഞ്ഞ് അധ്വാനിയായിരുന്നു. നാട്ടിലെ വെട്ടിമറിക്കാറായ ഒട്ടുമിക്ക റബര്‍ തോട്ടങ്ങളും കടുംവെട്ട് പിടിച്ചിരുന്നത് തൊമ്മിക്കുഞ്ഞായിരുന്നു. പത്താം ക്ളാസില്‍ ഡിഗ്രിക്കു പഠിക്കുന്ന കാലത്ത് ഇനി പഠിച്ചിട്ടു കാര്യമില്ല എന്നു തോന്നിയതു മുതല്‍ തുടങ്ങിയ ഈ അഭ്യാസം തൊമ്മിക്കുഞ്ഞിനെ കോണല്‍ മരം പോലെ വളര്‍ത്തി. നൂറ്റഞ്ച് മരത്തിന്‍റെ പാലു പോലെ തൊമ്മിക്കുഞ്ഞിന്റെ മനസ്സു നിറയെ സ്നേഹം തിളച്ചുകിടന്നു.
ആരെങ്കിലും പ്രണയമാകുന്ന റബര്‍കത്തി കൊണ്ട് ഒരു മാര്‍ക്കിട്ടാല്‍ അതുവഴി കുതിച്ചൊഴുകാന്‍ പാകത്തിനു സ്നേഹം തൊമ്മിക്കുഞ്ഞിന്‍റെ മനസ്സിലുണ്ടായിരുന്നു. റബര്‍ കത്തികൊണ്ടു വേണ്ട ആരെങ്കിലുമൊന്നു കല്ലെടുത്ത് എറിഞ്ഞാല്‍ക്കൂടിയും മതിയെന്നു പോലും തൊമ്മിക്കുഞ്ഞ് ആശിക്കാതിരുന്നില്ല. എന്തു ചെയ്യാന്‍? ദൈവവും തൊമ്മിക്കുഞ്ഞും തമ്മിലുള്ള ബന്ധം വെട്ടുകാരനും റബര്‍ തോട്ടം മുതലാളിയും തമ്മിലുള്ളതിനെക്കാള്‍ വഷളായിരുന്നു.
തൊമ്മിക്കുഞ്ഞിന്‍റെ ജീവിതം മാറ്റിമറിച്ചത് ഒരു കംപ്യൂട്ടറായിരുന്നു. പണ്ട് എകെജി സെന്‍ററിന്‍റെ ജാതകം തിരുത്തിയെഴുതിയ അതേ ഇനത്തില്‍പ്പെട്ട കംപ്യൂട്ടറുകളിലൊന്ന്.
തറപ്പേല്‍ തൊമ്മച്ചന്‍ ചേട്ടന്‍റെ പലചരക്കുകടയില്‍, പൊടിയടിക്കാതിരിക്കാന്‍ പഞ്ചസാര ചാക്കിട്ടു മൂടിക്കെട്ടി വച്ചിരുന്ന നിലയിലാണ് തൊമ്മിക്കുഞ്ഞ് ആദ്യമായി കംപ്യൂട്ടര്‍ കാണുന്നത്. കണ്ടുകണ്ടങ്ങിരിക്കെ, അതുപോലൊരു കംപ്യൂട്ടര്‍ തനിക്കും വേണമെന്നു തൊമ്മിക്കുഞ്ഞിനും തോന്നി.
ആ മാസത്തെ ഒട്ടുപാലു വിറ്റ കാശും റബര്‍ക്കടയിലെ അഡ്വാന്‍സുമെല്ലാം ചേര്‍ത്തുകൂട്ടിക്കെട്ടി തൊമ്മിക്കുഞ്ഞ് അടുത്ത ദിവസം തന്നെ വീട്ടിലൊരു കംപ്യൂട്ടര്‍ എത്തിച്ചു. കംപ്യൂട്ടര്‍ വാങ്ങിയാല്‍ മാത്രം പോലെ ഇന്‍റര്‍ നെറ്റ് കണക്ഷനും എടുക്കണമെന്നാരോ ഉപദേശിച്ചു. എടുക്കുമ്പോള്‍ നല്ലതു തന്നെയാവട്ടെ എന്നു തീരുമാനിച്ച തൊമ്മിക്കുഞ്ഞ് ബ്രോഡ് ബാന്‍ഡ് കണക്ഷനും അപ്ളൈ ചെയ്തു.
റിലയന്‍സും എയര്‍ടെല്ലും കേറി മേളാങ്കിക്കുന്നതോടെ ഇരിക്കപ്പൊറുതി ഇല്ലാതായിട്ടാവാണം പിറ്റേന്നു തന്നെ ബിഎസ്എന്‍എല്ലുകാരു വീട്ടില്‍ കണക്ഷന്‍ കൊണ്ടെത്തന്നു തൊഴുതിട്ടു പോയി. തൊമ്മിക്കുഞ്ഞ് ഞെട്ടിപ്പോയി.
പിന്നെല്ലാം പെട്ടെന്നായിരുന്നു. തൊമ്മിക്കുഞ്ഞ് കംപ്യൂട്ടര്‍ ഓഫാക്കാനും ഓണാക്കാനും പഠിച്ചു. പാസ് വേഡ് മറക്കാതിരിക്കാന്‍ വീട്ടിലെ കലണ്ടറിന്‍റെ സൈഡില്‍ എഴുതിയിട്ടു- അതിങ്ങനെയായിരുന്നു- (ആരോടും പറയരുതേ..)
ചാണ്ടിച്ചേട്ടന്‍റെ തോട്ടത്തിലെ മൂന്നാമത്ത തൊട്ടിയില്‍ നില്‍ക്കുന്ന പട്ടമരച്ച നൂറ്റഞ്ച്.
തൊമ്മിക്കുഞ്ഞ് വളരെ വേഗം കംപ്യൂട്ടറുമായി അടുപ്പത്തിലായി. ഇന്‍റര്‍നെറ്റ് തൊമ്മിക്കുഞ്ഞിന്‍റെ ചങ്കിലും വലകെട്ടി. ആയിടയ്ക്കാണ് തൊമ്മിക്കുഞ്ഞ് ഓര്‍കുട്ട് എന്നു കേട്ടത്. വെട്ടുകാരന്‍ ചാത്തന്‍റെ മൂത്തമകന്‍ പോത്തന്‍ ഓര്‍കുട്ടില്‍ വല്യ പുള്ളിയാണത്രേ.
നാട്ടിലൂെട സൈക്കിളില്‍ റബര്‍ ഷീറ്റുമായി ചൂളംകുത്തിപ്പോകുന്ന ചെറുക്കനെ ഓര്‍കുട്ടില്‍ കണ്ട് തൊമ്മിക്കുഞ്ഞ് ഞെട്ടിപ്പോയി. പോത്തന്‍- ഫോര്‍ എവരിതിങ് എന്ന പേരില്‍ കോട്ടും സ്യൂട്ടും തൊപ്പിയും ബുള്‍ഗാനും വച്ച ഒരു മിടുക്കന്‍ രൂപം. ഇഷ്ടഭക്ഷണത്തിനു നേര്‍ക്ക് പോത്തന്‍ എഴുതിയിരിക്കുന്നു- ചൈനീസ്, കോണ്ടിനെന്റല്‍.
അറിയാവുന്ന ഭാഷകള്‍- ഇംഗ്ളീഷ് (യുഎസ്), ഹിന്ദി, തമിഴ്, തെലുങ്ക്. തുളു. മലയാളം മാത്രമില്ല. ടെസ്റ്റിമോണിയല്‍ എന്ന പേരിലും പത്തിരുപത് എണ്ണം പോത്തനു ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്. അതിലൊക്കെ പോത്തന്‍ ഭയങ്കര സംഭവമാണെന്നാണ് എഴുതിയിരിക്കുന്നത്.
ഇതൊക്കെ വായിച്ചപ്പോള്‍ തൊമ്മിക്കുഞ്ഞിനും ഓര്‍കുട്ടില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കണമെന്ന് അതിയായ ആഗ്രഹം. ഒട്ടും മോശമാക്കിയില്ല. തുടങ്ങിയൊന്ന്.
തൊമ്മിക്കുഞ്ഞ് എന്ന പേരു തല്‍ക്കാലം മാറ്റി. പകരം ടോം എന്നാക്കി. കൂട്ടത്തില്‍ വാലുപോലെ ഇത്രയും കൂടി എഴുതി. തണ്ടര്‍ നെവര്‍ എന്‍ഡ്സ്.
അതിന്‍റെ അര്‍ഥം എന്താണെന്നു തൊമ്മിക്കുഞ്ഞിന് അറിയത്തില്ലായിരുന്നു. പത്താംക്ളാസു കഴിഞ്ഞ് സെമിനാരിയില്‍ പോയി നാലുവര്‍ഷം ഇംഗ്ളീഷ് പഠിച്ചു മതിലുചാടിപ്പോന്ന പീയുസായിരുന്നു തൊമ്മിക്കുഞ്ഞിന്‍രെ ഇംഗ്ളീഷ് ദ്വിഭാഷി.
റിലേഷന്‍ ഷിപ് സ്റ്റാറ്റസ് എന്നു കണ്ടിടത്ത് എന്തെഴുതണം ??? സംശയം മൂത്തപ്പോള്‍ തൊമ്മിക്കുഞ്ഞ് നേരെ പോത്തന്‍റെ പ്രൊഫൈലില്‍ കേറി നോക്കി. കമ്മിറ്റഡ്. കക്ഷി ആരുമായോ പ്രണത്തിലാവാം, വിവാഹം ഉറപ്പിച്ചിരിക്കാം. തൊമ്മിക്കുഞ്ഞ് എന്തു ചെയ്യാന്‍?
കമ്മിറ്റഡ് ആവാന്‍ താല്‍പര്യമുണ്ടെന്ന് എഴുതാന്‍ പാകത്തിന് ഒാപ്ഷന്‍ ഒന്നും കാണുന്നുമില്ല. ആ നിലയ്ക്ക് സുഹൃത്തിന്‍റെ അഭിപ്രായത്തിനു വിലകൊടുത്തു. സിംഗിള്‍ എന്നാക്കി .
നാലാം ക്ളാസില്‍ കൂടെപ്പഠിച്ച അനിതാമേരി, എട്ടാം ക്ളാസില്‍ വച്ചു ലവ് ലെറ്റര് കൊടുത്തതിനു കരണത്തടിച്ച ശാന്തകുമാരി, ഒന്‍പതാം ക്ളാസില്‍ പഠിക്കുമ്പോള്‍ ഐ ലവ് യു എന്നു പറഞ്ഞതിന് ആങ്ങളയെ വിട്ട് തല്ലിച്ച ആന്‍മേരി, പത്താം ക്ളാസില്‍ പഠിക്കുമ്പോള്‍ റോസാപ്പൂവ് കൊടുത്തതിന്‍റെ പിറ്റേന്ന് സ്കൂളുമാറിപ്പോയ മേഴ്സിക്കുട്ടി, പ്രീഡിഗ്രി ക്ളാസില്‍ വച്ച് പരസ്യമായി കരണത്തടിച്ച ലവ്സി തുടങ്ങി എല്ലാ പെണ്ണുങ്ങളും ഓര്‍കുട്ടിലുണ്ടെന്നു കണ്ട് തൊമ്മിക്കുഞ്ഞ് വണ്ടറടിച്ചു.
സ്ലോ ആന്‍ഡ് സ്റ്റെഡി ഓരോരുത്തരുടെയും പ്രൊഫൈലില്‍ കേറി ഇറങ്ങുക തന്നെ. ആദ്യം അനിതാ മേരി. പടമില്ല. പകരം പരിശുദ്ധ കന്യകാമറിയത്തിന്‍റെ പടമൊന്ന്. ആല്‍ബത്തില്‍ നാലുപടമുണ്ട്. പ്രതീക്ഷ അതായി. അങ്ങോട്ടു ചെന്നു. പൂച്ചട്ടി, പൂച്ച, പൂച്ചസന്ന്യാസി തുടങ്ങി മനുഷ്യനെ വടിയാക്കുന്ന പടം.
തിരിച്ചിറങ്ങി, ഒരു റിക്വസ്റ്റ് അയക്കും മുന്‍പ് റിലേഷന്‍ ഷിപ് സ്റ്റാറ്റസ് നോക്കിയ തൊമ്മിക്കുഞ്ഞ് കിടുങ്ങി- കമ്മിറ്റഡ്.
റിക്വസ്റ്റ് അയക്കാതെ പുറത്തിറങ്ങി നേരെ ആന്‍മേരിയുടെ പ്രൊഫൈലിലേക്ക്. അവിടെ ആദ്യം നോക്കിയതു സ്റ്റാറ്റസ്. അതും കമ്മിറ്റഡ്.
നിരാശയോടെ ആന്‍മേരിയുടെ ഫ്രന്‍ഡ്സ് ലിസ്റ്റിലേക്കു നോക്കിയ തൊമ്മിക്കുഞ്ഞ് അവിടെ മേഴ്സിക്കുട്ടിയെയും ശാന്തകുമാരിയെയും കണ്ടു. ശാന്തകുമാരിയുടെ പ്രൊഫൈല്‍ പടത്തിന്‍റെ സ്ഥാനത്ത് ഒരു കൊച്ചു കൊച്ചിന്‍റെ പടം.
ലവളുടെ ചെറുപ്പത്തിലേ പടമായിരിക്കുമെന്നു കരുതി ചെന്ന തൊമ്മിക്കുഞ്ഞിനു വീണ്ടും പിഴച്ചു. ശാന്താകുമാരി മാര്യേഡ്. കണ്ട കുട്ടി, സ്വന്തം കുട്ടി. വയസ് ആറ്. ഇനി ആശ്രയം മേഴ്സിക്കുട്ടി മാത്രമായിരുന്നു. തൊമ്മിക്കുഞ്ഞ് സകലദൈവങ്ങളെയും വിളിച്ച് മേഴ്സിക്കുട്ടിയുെട പ്രൊഫൈലിലേക്ക് ഊളിയിട്ടു.
ഇത്തവണ രക്ഷപ്പെട്ടു. മേഴ്സിക്കുട്ടി ഇപ്പോളും സിംഗിളാണ്. സ്കൂളുമാറിപ്പോയതിന്‍രെ വിഷമവും വിഷാദവുമൊക്കെ തീര്‍ക്കും വിധമൊരു നെടുനീളന്‍ സ്ക്രാപ്പോടെ തൊമ്മിക്കുഞ്ഞ് അതിനു തുടക്കമിട്ടു. നേരിട്ടു സംസാരിക്കുമ്പോള്‍ സന്ധിബന്ധങ്ങളെ ബാധിക്കുന്ന വിറയല്‍ സ്ക്രാപ്പ് അടിക്കുമ്പോളില്ലെന്നും തൊമ്മിക്കുഞ്ഞ് സ്ന്തോഷത്തോടെ തിരിച്ചറിഞ്ഞു.
മേഴ്സിക്കുട്ടി മേഴ്സിപൂര്‍വം റിക്വസ്റ്റ് അപ്രൂവ ് ചെയ്തതോടെ തൊമ്മിക്കുഞ്ഞിന്‍രെ മനസ്സിലെ റബര്‍മരങ്ങള്‍ പൂത്തു. അന്നു തന്നെ, തൊമ്മിക്കുഞ്ഞ് എന്ന ടോം തണ്ടര്‍ നെവര്‍ എന്‍ഡ്സ് വെട്ടുകാര്‍ക്കു പത്തൂരൂപ വീതം ശമ്പളവും കൂട്ടി. വെട്ടുകാരും ഹാപ്പി.
മേഴ്സിക്കുട്ടിയുടെ സ്ക്രാപ്പില്ലാതെ തൊമ്മിക്കുഞ്ഞിനു ജീവിക്കാന്‍ പറ്റാത്ത സ്ഥിതി. മേഴ്സിക്കുട്ടിക്കു കാണാന്‍ മാത്രമായി തൊമ്മിക്കുഞ്ഞ് പല സൈസിലുള്ള പടങ്ങള്‍, പലവിധത്തില്‍ ആല്‍ബത്തില്‍ കുത്തിക്കയറ്റി.
ഡ്രിങ്കിങ് ഹൈവിലി, സ്മോക്കിങ് ഹെവിലി എന്നുണ്ടായിരുന്നതു മാറ്റി നോ, നോ എന്നാക്കി.
അതുംപോരാഞ്ഞ്, കര്‍ത്താവീശോമീശിഹായുടെ ഒരു വല്യപടം സ്കാന്‍ ചെയ്ത് ആല്‍ബത്തില്‍ ഒന്നാം സ്ഥാനത്തും പിടിപ്പിച്ചു. ക്ളീന്‍ ഇന്‍ ഹാബിറ്റ്സ് എന്നതു മേഴ്സിക്കുട്ടിക്കു നിര്‍ബന്ധമാണെന്ന് ഓര്‍ക്കുട്ടിന്‍റെ ചുവരില്‍ എഴുതിവച്ചിരിക്കുന്നതു തൊമ്മിക്കുഞ്ഞും കണ്ടിരുന്നു.
തൊമ്മിക്കുഞ്ഞിലെ വെട്ടുകാരന്‍ ഉണര്‍ന്നു തുടങ്ങിയിരുന്നു. വെട്ടിവെട്ടി ഒരു സൈഡ് തീരാറായ മരം പോലെയായിരുന്നു അവരുടെ ഓര്‍കുട് ബന്ധം. ഒരു സൈഡ് തീര്‍ന്നാല്‍ അപ്പുറത്തെ സൈഡില്‍ വെട്ടു തുടങ്ങണം. അതിനു ചിലപ്പോള്‍ പട്ടമരപ്പുണ്ടാവാം. അങ്ങനെ പട്ടമരയ്ക്കും മുന്‍പു കടുംവെട്ടിനു മരം മറിയക്കുന്നതാണുചിതം.
ആ സാഹചര്യത്തില്‍ ആ കടുംവെട്ട് തീരുമാനം മേഴ്സിക്കുട്ടിയെ നൈസായി അറിയിക്കാന്‍ തൊമ്മിക്കുഞ്ഞ് തീരുമാനിച്ചു. പീയൂസ് ഹാജരായി. തൊമ്മിക്കുഞ്ഞ് മലയാളത്തില്‍ പറഞ്ഞുകൊടുത്തത് പീയുസ് ഇംഗ്ളീഷിലാക്കി. അത് തൊമ്മിക്കുഞ്ഞ് ജിമെയിലിന്‍റെ ഡ്രാഫ്റ്റിലാക്കി.
സംഗതി െമയിലാക്കി പറത്തിവിടും മുന്‍പ് ഒരിക്കല്‍ക്കൂടി മേഴ്സിക്കുട്ടിയെ ഓര്‍കുട്ടില്‍ കാണണമെന്നൊരാഗ്രഹം.
മേഴ്സിക്കുട്ടിയുടെ പ്രൊഫൈലില്‍ അതുവരെയുണ്ടായിരുന്ന ജൂഹിചൗളയുടെ പടം കാണ്‍മാനില്ല. പകരം, വെട്ടാന്‍ വരുന്ന പോത്തിനെപ്പോലെ നില്‍ക്കുന്ന മേഴ്സിക്കുട്ടിയുടെ ചിത്രം. തൊമ്മിക്കുഞ്ഞ് ഞെട്ടി. എന്തു പറ്റി, മേഴ്സിക്കുട്ടിക്ക്.
സ്വന്തം ചിത്രം ഓര്‍കുട്ടിലിടാന്‍ മാത്രം ഇവള്‍ക്കിത്ര ധൈര്യമോ??? ഒരുപക്ഷേ, താന്‍ കൂടി കണ്ടോട്ടെയെന്നു കരുതി അവളൊപ്പിച്ച പണിയായിരിക്കും- കൊച്ചുകള്ളി.
കള്ളിപ്പെണ്ണേ.. നിന്നേ കാണാഞ്ഞിട്ടു വണ്‍ഡേയും ടെസ്റ്റുമുണ്ടേ എന്നു പാട്ടും പാടി പ്രൊഫൈലിലേക്കു വലതുകാലും വച്ചു കയറിയ തൊമ്മിക്കുഞ്ഞിന്‍റെ കണ്ണുതള്ളി- മേഴ്സിക്കുട്ടി കമ്മിറ്റിഡ്. ഇന്നലെ വരെ സിംഗിളായിരുന്ന പെണ്ണിതാ സുപ്രഭാതത്തില്‍ കമ്മിറ്റഡ്.
കംപ്യൂട്ടര്‍ എറിഞ്ഞുടയ്ക്കാന്‍ തൊമ്മിക്കുഞ്ഞിനു തോന്നി. ഏതോ ഒരുത്തനുമായി മേഴ്സിക്കുട്ടിയുടെയും കല്യാണമുറപ്പിച്ചിരിക്കുന്നു. ഇത്രയും കാലം താനയച്ച സ്ക്രാപ്പുകള്‍ തന്നെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെ തൊമ്മിക്കുഞ്ഞിനു തോന്നി.
മനസ്സിന്‍രെ അടിത്തട്ടില്‍നിന്നുയര്‍ന്നു വന്ന നിരാശ തൊമ്മിക്കുഞ്ഞിനെ വല്ലാതാക്കി.
കംപ്യൂട്ടര്‍ സ്ക്രീന്‍ പോലും ഓഫാക്കാതെ തൊമ്മിക്കുഞ്ഞ് മീനച്ചിലാറ്റിലെ വട്ടോളിക്കയം ഉന്നംവച്ചു നടന്നു. മുങ്ങിച്ചാവുക തന്നെ. ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ല. പിന്നില്‍ നിന്നു വിളിക്കാന്‍ തൊമ്മിക്കുഞ്ഞിന് ആരുമുണ്ടായിരുന്നില്ല. തൊമ്മിക്കുഞ്ഞ് അനാഥനായിരുന്നു. ആള്‍ക്കൂട്ടത്തിലും ഒറ്റയാനായിരുന്നു. ഒറ്റയാന്മാര്‍ക്കിടയിലും തൊമ്മിക്കുഞ്ഞ് ഒറ്റയാനായിരുന്നു.
ഭരണങ്ങാനം ടൗണിന്‍റെ തിരക്കുകളെ അവഗണിച്ചു തൊമ്മിക്കുഞ്ഞ് നടപ്പു തുടര്‍ന്നു . ആനേരത്താണു രാധാകൃഷ്ണ ഹോട്ടലില്‍നിന്നു വന്ന വല്ലാത്തൊരു ഗന്ധം തൊമ്മിക്കുഞ്ഞിനെ പിടിച്ചുലച്ചത്.
നല്ല ബീഫ് ഫ്രൈയുടെ മണം. മരിക്കും മുന്‍പ് അല്‍പം ബീഫ് കഴിച്ചേക്കാം.
പൊറോട്ടയും സവോളയിട്ടു വരട്ടിയ ബീഫ്് ഫ്രൈയും കഴിച്ചു തുടങ്ങിയപ്പോള്‍ തൊമ്മിക്കുഞ്ഞില്‍ കാലം തിരിച്ചൊഴുകിത്തുടങ്ങി. മീനച്ചിലാര്‍ തിരിച്ചൊഴുകി. തൊമ്മിക്കുഞ്ഞ് വീട്ടില്‍ തിരിച്ചെത്തി. കംപ്യൂട്ടറിനു മുന്നിലിരുന്നു.
തൊമ്മിക്കുഞ്ഞ് സ്വന്തം പ്രൊഫൈലില്‍ കയറി. ടോം തണ്ടര്‍ നെവര്‍ എന്‍ഡ്സ് എന്ന പേര് എഡിറ്റു ചെയ്തു.
അതിങ്ങനെയായിരുന്നു
തൊമ്മിക്കുഞ്ഞ്- കമ്മിറ്റഡ് സൂയിസൈഡ്.