Saturday, February 09, 2008

ഒടുക്കത്തെ ചവിട്ടിടി!!!


ചെറുപ്പത്തില്‍ ഞാന്‍ ഭയങ്കര വിപ്ളവകാരിയായിരുന്നു.

വ്യവസ്ഥാപിതമായ ഒന്നിനോടും എനിക്കു യോജിപ്പില്ലായിരുന്നു. ഇതുമൂലം എഴുത്തുപരീക്ഷ, ഞായറാഴ്ച കുര്ബാന,സണ്‍േഡ സ്കൂള്‍, മാനുവല്‍ ബുക്ക് പൂരിപ്പിക്കല്, കുമ്പസാരം തുടങ്ങിയവയോടൊക്കെ ആന്‍ ഈസ്തറ്റിക്ക് ഡിസ്റ്റന്‍സ് ഞാന്‍ സൂക്ഷിച്ചിരുന്നു. കോളജ് കാലഘട്ടമായതോടെ, വിപ്ളവം രക്തത്തിലേക്കുകൂടി കേറിപ്പിടിച്ചു. ശ്രീനിവാസന്‍ പറയും പോലെ, ഏതുനിമിഷവും അണ്ടര്‍ ഗ്രൗണ്ടില്‍ പോകാനും വര്‍ഗശത്രുക്കള്‍ക്കെതിരെ യുദ്ധം നയിക്കാനും തയ്യാറെടുത്തു തുടങ്ങി.

അതിന്‍റെ ഭാഗമായിട്ടായിരുന്നു ഹരിയാശാന്റെ കളരിയില്‍ പയറ്റു പഠിക്കാന്‍ ചേര്‍ന്നത്. ഒരു പ്രീഡിഗ്രിക്കാലത്ത് അതിരാവിലെ ‍കാവിമുണ്ടും അരയില്‍ പുതിയ വെള്ളത്തോര്‍ത്തും കെട്ടി ഞാന്‍ ആശാനു ദക്ഷിണ വച്ചു. അന്‍പത്തൊന്നുരൂപ, വെറ്റില, അടയ്ക്ക. ഒറ്റയ്ക്കായിരുന്നില്ല, കൂട്ടത്തില്‍ ബാബു, ബിനോയി, ജോയി....

കെസിവൈഎം എന്ന പ്രസ്ഥാനം ഇടവകയില്‍ തുടങ്ങിയ കാലം. തുടക്കം മുതലേ ചിലരോട് ആശയപരമായുള്ള എതിര്‍പ്പ് ഇനി തല്ലിത്തീര്‍ത്താലേ തീരൂ എന്ന നിലയിലേക്ക് എത്തുന്നതുകൂടി മനസ്സില്‍ കണ്ടുകൊണ്ടായിരുന്നു കളരി പഠനത്തിനു ഞങ്ങള്‍ തീരുമാനമെടുത്തത്.

പഠിക്കുന്നത് കളരിപ്പയറ്റ് ആണെന്നുള്ള അഭിമാനവും അതിന്‍റെഭാഗമായി ചില്ലറ അഹങ്കാരവുമൊക്കെ ഇക്കാലത്ത് കൂടെക്കൂടി. ചെറിയ ചില തല്ലുകേസുകളില്‍ ഇടപെടാതെ മാറിനില്‍ക്കുകയെന്നതായിരുന്നു തുടക്കത്തിലേ രീതി. നമ്മളു ഭയങ്കരമായി പയറ്ററിയാവുന്നവന്‍ ആണെന്നും, അറിയാതെ അടിവല്ലതും യവന്‍റെ മര്‍മത്തുകൊണ്ടാലോ എന്നധാരണയിലുമായിരുന്നു ഈ പിന്‍മാറ്റം!!! .

ചുവട് രണ്ടെണ്ണം പഠിച്ചു കഴിഞ്ഞ ശേഷം ആശാന്‍ പറ‍ഞ്ഞു- ഇനി അടിതടല

ആദ്യത്തേതു പഠിപ്പിച്ചു. വലത്തുകൈ കൊണ്ടു കരണക്കുറ്റിക്കുനേരെ വരുന്ന അടി ഇടംകൈ കൊണ്ടു തടുക്കണം. അടുത്ത സ്റ്റൈപ്പില്‍ ഒന്നു വട്ടം തിരിച്ച് വലത്തു കൈകൊണ്ട് എതിരാളിയുടെ കരണത്തടി, അടുത്ത ചുവടില്‍ വലംകാല്‍ പൊക്കി നാഭിനോക്കി നല്ല ഒന്നാന്തം തൊഴി. ഇതായിരുന്നു അടി. തടലയില്‍ ആദ്യം അടി, പിന്നെ, കറസ്പോണ്ടിങ് അടിയുടെയും തൊഴിയുടെയും തട...

ഗംഭീര പരിപാടി. അടിതെറ്റാതെ അടിതടല തുടങ്ങാന്‍ ഒരാഴ്ച എടുത്തു. അടിയെന്നൊക്കെ വച്ചാല്‍, നല്ല പൊരിഞ്ഞ അടിയാണ്. അടി തടുക്കുന്ന ഇടത്തുകൈ നീരുവച്ചു വീര്‍ത്തു വരും. അങ്ങനെ നീരുവച്ച്, നീരുവച്ച് കൈയുടെ മസില്‍ ഉറയ്ക്കുമെന്നു സീനിയേഴ്സ് പറഞ്ഞുതന്നു. എന്നും പറഞ്ഞ് ഒരുമയവുമില്ലാത്ത അടിയാണു കാലന്മാരുടേത്.

വര്‍ഗശത്രുക്കളെ വഴിയില്‍ പിടിച്ചു നിര്‍ത്തി അടി കൊടുക്കുന്ന ഭാസുരകാലം സ്വപ്നം കണ്ട് ഞങ്ങള്‍ പഠനം പുരോഗമിപ്പിച്ചു.മാസത്തില്‍ കൃത്യമായി ഫീസ് കൊടുക്കാന്‍ ഒരുത്തനും നിവൃത്തിയില്ലായിരുന്നു. എങ്കിലും ആശാന്റെ വിശാലമനസ്സുകാരണം ഞങ്ങളു പഠനം തുടര്‍ന്നു. ആശാനു ഞങ്ങളെ ഭയങ്കര കാര്യമായിരുന്നു. അതുകൊണ്ട്, സാധാരണ ശിഷ്യന്മാരെക്കാള്‍ ആഴ്ചകള്‍ കഴിഞ്ഞാണ് ഞങ്ങളെ ഓരോ പുതിയ അടവും ചുവടും പഠിപ്പിച്ചിരുന്നത്. ഒപ്പം ദക്ഷിണ വച്ചവന്‍ ഒറ്റച്ചുവടു കഴിഞ്ഞ് കൂട്ടച്ചുവടിലേക്കു കൂടുമാറുന്നത് ഏഴാം ക്ളാസില്‍ മൂന്നുവട്ടം തോറ്റവന്‍ ഒപ്പം പഠിച്ചവന്‍ പത്താം ക്ളാസില്‍ പരീക്ഷയെഴുതുന്നതു കാണുന്പോളുള്ള നിര്‍വൃതിയോടെ നോക്കിനില്‍ക്കാനായിരുന്നു ഞങ്ങളുടെ വിധി.

എന്നിട്ടും ഞങ്ങളു തോറ്റില്ല.

മുറിവൈദ്യം പോലെയാണു മുറിയഭ്യാസവുമെന്ന് എന്നും ആശാന്‍ പറയും. എനിക്കങ്ങനെ തോന്നിയിരുന്നില്ല. ഒരുമാസം കഴിഞ്ഞ് ഒരു വൈകുന്നേരം കളരി കഴിഞ്ഞ് വീര്‍ത്ത കൈയുമായി ഭരണങ്ങാനത്തു ബസിറങ്ങിയ നേരം. ഫുട്ബോള്‍ കളി കഴിഞ്ഞു വിശ്രമിക്കുന്ന ചങ്ങാതിമാര്‍. കൂട്ടത്തിലൊരുത്തനെ ഞാന്‍ അല്‍പം അഹങ്കാരത്തോടെ അടുത്തുവിളിച്ചു.

എടാ, ഇവിടെ വാ... തല്ലിനോക്ക്, ഞാന്‍ തടുക്കാം.

അല്‍പം ബഹുമാനത്തോടെ അവന്‍ അടുത്തുവന്നു. എന്നെക്കാള്‍ ഒരടികൂടി പൊക്കം കാണും.

ഞാന്‍ പറഞ്ഞു.

നീ എന്റെ കരണത്തിനു വീശിയടിച്ചോ... ഞാന്‍ തടുക്കും.

അവന്‍ ചോദിച്ചു- അതുവേണോ?

ഞാന്‍ പറഞ്ഞു- ഇത്തരം നിസ്സാരമായ കാര്യങ്ങള്‍ ചോദിക്കരുത്, അടിക്കാന്‍ പറഞ്ഞാല്‍ അടിച്ചോണം...

അവന്‍ അടിക്കാന്‍ തയ്യാറെടുത്തു. ഞാന്‍ തടുക്കാനും. മൈതാനത്തു ബാക്കിയുണ്ടായിരുന്നവര്‍ അതുകാണാനും.

അവന്‍ വലത്തുകൈ ഉയര്‍ത്തി അടിക്കും. ഞാന്‍ ഇടത്തുകൈ ഉയര്‍ത്തി തടയുകയും അടുത്ത നിമിഷം അതുവരെ പുറത്തുകാണിക്കാത്ത പുതിയ വിദ്യയായ നേരെ മുന്നോട്ടുകയറി, അവന്‍റെ വലത്തുകാലിന്‍റെ പിന്നില്‍ പൂട്ടിട്ട് കഴുത്തില്‍ പിടിച്ചു നേരെ മൈതാനത്ത് അലക്കുകയുമാണ് എന്റെ ഉദ്ദേശ്യം.

അവന്‍റെ വലംകൈ അടി തടുക്കാന്‍ എന്‍റെ ഇടംകൈയെ സജ്ജമാക്കി ഞാന്‍ നിന്നു.

അടുത്ത നിമിഷം അടി വീണു.

വലത്തുകൈയ്ക്കല്ല, ഇടത്തുകൈയ്ക്ക്.....!!!

വലംകൈയ്യനടി പ്രതീക്ഷിച്ചുനിന്ന എനിക്കു തെറ്റി. ബ്ളോക്കാന്‍ അവിടെ എന്റെ വലം കൈ റെഡിയായിരുന്നില്ല. ഒന്നുരണ്ടു നക്ഷത്രങ്ങള്‍ മിന്നിയതോര്‍ക്കുന്നുണ്ട്. പിന്നെ ഒരു എരന്പലും...

സ്റ്റേഷന്‍ തിരിച്ചുകിട്ടിയപ്പോളേക്കും ചാനലു മൊത്തം മാറിയപോലെ...
ആരും ഒന്നും മിണ്ടാതെ അവരവരുടെ വീടുകളിലേക്കു പോയി. ഞാനും...!!!

ബസിലാണു യാത്ര. അങ്ങോട്ടുപോകുന്പോള്‍ അഹങ്കാരം ചില്ലറയല്ല. കൃത്യം സ്റ്റോപ്പില്‍ നിര്‍ത്താത്ത ബസിന്റെ കിളിയെ ഭീഷണിപ്പെടുത്തും.
സൂക്ഷിച്ചുനിന്നോണം, ഇല്ലേല്‍ പത്തുമുപ്പതുദിവസം എണ്ണത്തോണീല്‍ കിടക്കേണ്ടിവരും...

എന്നിട്ടു സുരേഷ് ഗോപി സ്റ്റൈലില്‍ കളരിയിലേക്കു പോവും.
തിരിച്ച് അടിതടല കഴിഞ്ഞ് ദേഹമാസകലം വേദനയുമായി വരുമ്പോള്‍ നമ്മുടെ വിധിയാണോ എന്തോ ഇതേ ബസ് അടുത്ത ട്രിപ്പുമായി നമ്മുടെ മുന്നില്‍ വന്നുനില്‍ക്കും. അതേ ബസ്, അതേ കിളി.

എണ്ണത്തോണിയില്‍ കിടക്കാന്‍ പരുവത്തിനാണു ബസേല്‍ കയറുക. ഏതേലും സീറ്റില്‍ പോയി അമ്മേ എന്ന വിളിയോടെ ഇരിപ്പേ നിവൃത്തിയുള്ളൂ. അപ്പോള്‍ പഴയ കോഡിന് മറുകോഡുമായി കിളി വന്നാല്‍ അടി മേടിക്കുകയേ നിവൃത്തിയുള്ളൂ എന്ന സ്ഥിതി.പക്ഷേ ഇതുകൊണ്ടൊന്നും കളരി പഠിക്കുന്നവര്‍ എന്ന ഞങ്ങളുടെ അഹങ്കാരത്തിനു മാത്രം കുറവുണ്ടായില്ല.

എന്നും രാവിലെ എഴുന്നേറ്റ് വീട്ടുമുറ്റത്ത് സൂര്യനമസ്കാരവും ചുവടും എടുക്കുക എന്‍റെ ഹോബിയായിരുന്നു. അപ്പനെയും അമ്മയെയും അഭ്യാസമുറകള്‍ കാട്ടിക്കൊടുക്കുകയായിരുന്നു ലക്ഷ്യം. അപ്പന്‍ അങ്ങോട്ടു നോക്കുക പോലും ചെയ്യാതെ സ്ഥലം വിടും. പക്ഷേ അമ്മ അങ്ങനെയായിരുന്നില്ല.

തിണ്ണയില്‍ വന്നിരുന്ന് എന്റെ അഭ്യാസം മുഴുവന്‍ കാണും. ആശാനെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ പഠിപ്പിക്കാത്ത പലവേലകളും കാട്ടും. അടുത്തുനില്‍ക്കുന്ന മരത്തില്‍ കയറി കാലു കൊന്പിലുടക്കി തൂങ്ങിക്കിടന്നു തല്ലുന്നതായി കാട്ടും. അതൊക്കെ കാണുന്പോള്‍ അമ്മ പറയും... ഇത്രയൊക്കെ മതിയെടാ.. നീ ഇനി കളരി പഠിക്കാന്‍ പോവേണ്ട...

ഞാന്‍ പറയും... അതല്ല, ഇനി കത്തികൂടി പഠിക്കാനുണ്ട്.

കത്തിയോ?

അതേ, ഒറ്റക്കത്തി, ഇരട്ടക്കത്തി. അതിനു വേറെ ദക്ഷിണവയ്ക്കണം, അന്പതുരൂപ കൂടി വേണം....

അതുകേള്‍ക്കുന്നതും അമ്മ എഴുന്നേറ്റ് അടുക്കളയിലേക്കു പോവും. അതായിരുന്നു പതിവ്.

ആരേയെലും കൊന്നിട്ടാണേലും കത്തി കൂടി പഠിക്കണമെന്നു ഞങ്ങള്‍ തീരുമാനിച്ചിരുന്നു. എങ്കിലേ വര്‍ഗസമരം അതിന്റെ ലക്ഷ്യം കൈവരിക്കൂ എന്നും ഞങ്ങള്‍ വിശ്വസിച്ചു. പക്ഷേ, കാലം ചെല്ലുംന്തോറും ആവേശം കുറഞ്ഞുവന്നു.

കളരിപഠനം നാലുവര്‍ഷം മുന്നോട്ടുപോയി. അപ്പോളേയ്ക്കും സ്വഭാവത്തിലൊക്കെ വലിയമാറ്റം. പരസ്യപ്രകടനങ്ങളൊക്കെ പതിയെ നിലച്ചുതുടങ്ങി. കളരി എന്നു കേട്ടാല്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടിലേക്കു മാറി കാര്യങ്ങള്‍.

അതെന്തുകൊണ്ടായിരുന്നു എന്ന് ഇപ്പോളും എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല. എത്തും പിടിയും അവിടെ നില്‍ക്കുന്പോളും എനിക്ക് ഒരു കാര്യം ഉറപ്പാണ്.

നമ്മളെ തല്ലാന്‍ ഒരുത്തന്‍ തീരുമാനിക്കുന്നു. അവന്‍ നേരിട്ടു വരും, മിക്കവാറും വെറുംകയ്യാല്‍. എന്നാല്‍ നമുക്ക് തല്ല് അറിയാമെന്ന് അവന്‍ അറിഞ്ഞാല്‍ കൂട്ടത്തില്‍ രണ്ടുപേരെക്കൂടി കൂട്ടാനാണു സാധ്യത. അതും വെറുംകയ്യോടെ ആവണമെന്നുമില്ല. വല്ല കത്തിയോ വടിവാളോ...

ഓടുന്ന കാര്യത്തില്‍ കളരിയില്‍ പ്രത്യേക പരിശീലനമൊന്നും കിട്ടിയിട്ടില്ല. അതു നമ്മുടെ മിടുക്കുപോലെ വേണം...

വര്‍ഷം നാലുകഴിഞ്ഞു. ഒന്നരവര്‍ഷംകൂടി കഴിഞ്ഞാല്‍ അരങ്ങേറ്റം. കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. കൂടെപ്പഠിച്ചവരില്‍ പലരും റെഗുലര്‍ ആയിരുന്നതുകൊണ്ട് അരങ്ങേറാന്‍ മുട്ടിനില്‍ക്കുന്നു. ഞങ്ങളുകൂടി മൂത്തിട്ടുമതി അരങ്ങേറ്റമെന്ന് ആശാനും.

അക്കാലത്തു പുതിയതായി അധികം വിദ്യകള്‍ പഠിക്കുന്ന പരിപാടിയില്ല. ആശാന്‍ മാസത്തിലൊരിക്കലാണ്, പുതിയ ഒരു അടവോ മറ്റോ പറഞ്ഞുതരിക. അല്ലാത്തപ്പോള്‍ പുതിയ ള്‍ക്കാരെ ചുവടുപഠിപ്പിക്കലും അവരുമായി അടിതടല എടുക്കലുമാണു പരിപാടി. ഒരുതരം ഗസ്റ്റ് ലക്ചററുടെ ഡ്യൂട്ടി.

അങ്ങനെ ശാന്തസ്വച്ഛന്ദമായി, വര്‍ഗസമരവും ആവശ്യം വന്നാല്‍ അട്ടിമറിയും കൂട്ടത്തല്ലും സ്വപ്നം കണ്ട് ഞങ്ങളു തല്ലിത്തുടരവേയാണ് ഒരു സുപ്രഭാതത്തില്‍ ഒരു തടിയന്‍ കളരിയിലേക്കു വലംകാലു വച്ചു കേറി വന്നത്.

നേരെ ആശാനെ കണ്ടു, പരിചയപ്പെട്ടു.

ഷോട്ടോക്കാന്‍ ബ്ളായ്ക്ക് ബെല്‍റ്റുകാരനാണ്. കളരികൂടി പഠിക്കണമത്രേ. അരങ്ങേറാനില്ല. കുറച്ചു ചുവടുകളും മറ്റുമൊക്കെ. ആശാന്‍ അര്‍ധസമ്മതംമൂളി. നോക്കാമെന്നു മാത്രം പറഞ്ഞു.

അടുത്ത ദിവസം അതിയാന്‍ ദക്ഷിണ വച്ചു.

ഏഴടിപൊക്കം. അതിനുചേര്‍ന്ന തടി. ആജാനബാഹു എന്നു വിളിപ്പേരുള്ളവര്‍ അങ്ങേരുടെ അനിയന്മാരായിട്ടു വരും. അതായിരുന്നു ഇനം.

അടുത്തുപോയി നിന്നാല്‍ നമുക്കു ഭയങ്കര ഇന്‍ഫീരിയോറിറ്റി കോംപ്ളക്സ് വരും. അത്രേമുണ്ടു പൊക്കം.

പക്ഷേ, അളിയന്‍ പാവമായിരുന്നു.

കരാട്ടെ ബ്ളായ്ക്ക് ബെല്‍റ്റും കളരി നാലാംവര്‍ഷവും മാര്‍ഷ്യല്‍ ആര്‍ട്സ് പ്രോട്ടോക്കോള്‍ പ്രകാരം ഐപിഎസും ഐഎഎസും പോലെ ഇക്വലന്റാണെന്ന് അക്കാലത്താണ് ആരോ പറഞ്ഞത്. ഞാനതങ്ങു വിശ്വസിക്കുകയും ചെയ്തു.

ഒരു ദിവസം ആശാന്‍ വിളിപ്പിച്ചു. എന്നിട്ട് ആ വെട്ടുപോത്തനെ ചൂണ്ടിക്കാട്ടീട്ടു പറഞ്ഞു. ചവിട്ടിടി പഠിപ്പിക്കണം, പതിയെ എടുത്താല്‍ മതി...

ബ്ളായ്ക്ക് ബെല്‍റ്റുകാരന്‍രെ ഗുരുവായ അഹങ്കാരത്തോടെ ഞാന്‍ ലവനെ ചൂണ്ടി വിളിച്ചു. ലവന്‍ അടുത്തു വന്നു.

ചുവടുറപ്പുണ്ടോ... ഇല്ലെന്ന് അവന്‍ തലയാട്ടി.

ഞാന്‍ ഗൗരവം കൂട്ടി. ആദ്യം ചുവടുറയ്ക്കട്ടെ. ഒരുകാര്യം ചെയ്യ്, ഒന്നുമുതല്‍ മൂന്നു ചുവടുവരെ നിര്‍ത്താതെ ചെയ്തോ...

അവന്‍ പണി തുടങ്ങി. ഞാന്‍ നോക്കിനിന്ന് ആനന്ദിച്ചുകൊണ്ടിരുന്നു.
ഇതിന്നിടയ്ക്ക് ഒരു സത്യം പറയാം, (കരാട്ടെയ്ക്കാരു കോപിച്ചാലും വേണ്ടില്ല), കരാട്ടെ പഠിച്ചവര്‍ക്കു കളരി പഠിക്കുന്നവരെക്കാള്‍ താരതമ്യേന സ്റ്റാമിന കുറവായിരിക്കും.

സ്റ്റെപ്പുകള്‍ കുറവും പഞ്ചിങ്, കിക്കിങ് പോലെയുള്ള അറ്റാക്കിങ് സാധനങ്ങള്‍ കൂടുതലുമാണു മിക്ക കരാട്ടെ അസോസിേയഷനുകള്‍ക്കും. എന്നാല്‍, കളരിക്കു ചുവടാണു പ്രധാനം. ആക്രമണത്തെക്കാള്‍ പ്രതിരോധവും ഒഴിഞ്ഞുമാറലുമാണു മുഖ്യം.
അവന്‍രെ സ്റ്റാമിന കരിന്തിരി കത്തിത്തുടങ്ങി. അവന്‍ ഇടംകണ്ണുകൊണ്ട്, എന്നെ ക്രൂരമായി നോക്കുന്നത് ഒരു തരം ആനന്ദത്തോടെ ഞാന്‍ കണ്ടു.
അവന്‍ മടുത്തെന്ന് എനിക്കു മനസ്സിലായപ്പോള്‍ ഞാന്‍ പറ‍ഞ്ഞു- ഇനി നിര്‍ത്താം.
കിതപ്പോടെ, അവന്‍ നിന്നു.
ഞാന്‍ പതിെയ അടുത്തുചെന്നു. പല്ലിറുമ്മന്നതു പോലെ ഒരു ശബ്ദം കേട്ടോ..??
ഏയ് തോന്നിയതായിരിക്കും.
ഇനി ചവിട്ടിടി പഠിപ്പിക്കാം.
അവന്‍ തലയാട്ടി.
സംഗതി അല്‍പം കോംപ്ളിക്കേറ്റഡാണ്.
ആദ്യം കരണത്തിനടി വരുന്നത് ഇടം കൈയ്ക്ക് ബ്ളോക്ക് ചെയ്ത് അടുത്ത നിമിഷാര്‍ത്തം വലംകാലും വലംകൈയും ഒന്നിച്ച് എതിരാളിയുടെ ചങ്കിനുനേര്‍ക്ക് അറ്റാക്ക് ചെയ്യണം. അടുത്തസെക്കന്‍ഡില്‍ ബ്ളോക്ക് ചെയ്ത കൈപ്പാകത്തിന് ഇടം വെട്ടിത്തിരിച്ച്എതിരാളിയുടെ ചവിട്ടുകൊണ്ട നെഞ്ചില്‍ത്തന്നെ കൈകൊണ്ട് വെട്ട്. പിന്നാലെ വീണ്ടും വെട്ടിത്തിരിഞ്ഞ് അടി.
ഇതിന് തുല്യമായ ബ്ളോക്കുകളും ചേരുന്നതായിരുന്നു അടിതടല.
പഠിപ്പിച്ചു തുടങ്ങി. ആശാനെക്കാള്‍ മിടുക്കന്‍ ശിഷ്യനായിരുന്നു. വേഗം പഠിച്ചു.
അടിതടലയുടെ മറ്റൊരു പ്രധാനപ്പെട്ട സംഗതി, അത്, ബ്ളോക്ക് വരാതിരുന്നാല്‍ ദേഹത്തു കൊള്ളരുത് എന്നതായിരുന്നു. കൃത്യം ശരീരദൂരം പാലിച്ച് എത്ര പവറിലുള്ള അടിയാണേലും ചവിട്ടാണേലും നില്‍ക്കണം.

അതും അവനെ ആദ്യം മുതലേ പറഞ്ഞുബോധിപ്പിച്ചിരുന്നതാണ്.
അവന്‍ അടി തുടങ്ങി. സ്റ്റാമിനക്കുറവുമൂലം ഇടയ്ക്കിടെ അവനു ചുവടുപിഴച്ചു. ഞാന്‍ നിര്‍ത്താന്‍കൂട്ടാക്കിയില്ല. നല്ല അമറന്‍ കീറുകള്‍ അങ്ങോട്ടുകൊടുത്തുകൊണ്ടിരുന്നു. അവനു വേദനിക്കുന്നുണ്ടെന്ന്എനിക്കു നല്ല നിശ്ചയമായിരുന്നു.
എന്റെ തഴന്പുവീണ കൈകള്‍ക്ക് അവന്റെ അടി ഏല്‍ക്കില്ലെന്നുറപ്പായിരുന്നു.

അഹങ്കാരം മൂത്തുവന്ന സമയത്ത് എപ്പോളോ അതിവേഗത്തില്‍ ഞാന്‍ ചവിട്ടിടിക്കായി വെട്ടിത്തിരിഞ്ഞു. അപ്രതീക്ഷിതമെങ്കിലും അവന്‍ ആ വേഗം മനക്കണ്ണാല്‍ക്കൂട്ടി തത്തുല്യമായി ബ്ളോക്ക് ചെയ്തു.

അടുത്തത് അവന്റെ അടി , തൊഴി.സമയം തെല്ലും കളയാതെ അവന്‍ ചാടിയടിച്ചു. ഞാന്‍ ബ്ളോക്ക് ചെയ്തു. ബ്ളോക്കുചെയ്ത കൈ സഹിതം അവന്റെ എമണ്ടന്‍ അടി എന്റെ ഒന്നാന്തരം ചങ്കിന്റെ മധ്യഭാഗത്ത് വന്നലച്ചുവീണു.

ശ്വാസം പോയി. ആകാശത്തു നക്ഷത്രം വിരിഞ്ഞു. ഭൂമി കറ‍ങ്ങി. കാറ്റുനിലച്ചു. സൂര്യനസ്തമിച്ചു. ഞാന്‍ നിലത്തുവീണു.
പിന്നെ എഴുന്നേല്‍ക്കുന്പോള്‍ തല ആശാന്റെ മടിയിലാണ്.
എന്തു പറ്റി??

അവന്‍ തെറ്റിച്ചടിച്ചു...

പറയണമെന്നുണ്ട്, സ്വരം പുറത്തോട്ടു വരുന്നില്ല. എല്ലാവരും ചേര്‍ന്നു തിരുമ്മി. രണ്ടുപേര്‍ ചേര്‍ന്ന് എടുത്തുയര്‍ത്തി നിലത്തിട്ടു.അതോടെ, ശ്വാസം നേരെ വീണു.

ആശാന്‍ അവനെ അടുത്തു വിളിച്ചു. ചവിട്ടിടി എടുക്കാന്‍ പറഞ്ഞു.
ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്കു പുറത്ത് എന്നത് ആദ്യമായി നേരില്‍ക്കണ്ടു.

അടിച്ച് അടിച്ച് ആശാന്‍ അവനെ തോല്‍പിച്ചു. കളരിക്കു പുറത്താക്കി. ഇനി വരേണ്ടതില്ലെന്ന താക്കീതും നല്‍കി. കുനിഞ്ഞ തലയുമായി നടന്നുനീങ്ങുന്ന അവനെ നോക്കി ഞാന്‍ കിടന്ന കിടപ്പു കിടന്നു.

അന്നു വൈകിട്ട് വീട്ടില്‍ ചെന്നിട്ടും എന്റെ വിഷമം മാറിയില്ല. ശരിക്കും അവനെ വല്ലാതെ പീ‍ഡിപ്പിച്ചിട്ടാണ് അവന്‍ പിടിവിട്ടടിച്ചത്. ഞാനാണു കുറ്റക്കാരന്‍. അവന് ബ്ളായ്ക്ക് ബെല്‍റ്റുകാരനാണേല്‍ ഞാന്‍ അവനെക്കാള്‍ പുലിയാണെന്നു വരുത്തിത്തീര്‍ക്കാന്‍ ചെയ്ത പണി. എന്റെതാണു തെറ്റ് എന്നു‍ ഞാന്‍ മനസ്സില്‍ പലവട്ടം പറ‍ഞ്ഞു. പക്ഷേ, പുറത്തുപറഞ്ഞില്ല.

പിറ്റേന്നു തന്നെ പുതിയ തീരുമാനമെടുത്തു. കളരി പഠനം നിര്‍ത്തി. ആവേശവും വര്‍ഗസമരാഗ്രഹവുമൊക്കെ അതിനും മുന്‍പേ കളം വിട്ടിരുന്നു. പിന്നെ എന്തിന് അഭ്യാസം പഠിക്കണം? അങ്ങനെ അരങ്ങേറ്റം പോലും നടത്താതെ കളരിയെ ‍‍ഞാന്‍ കളരിക്കു പുറത്താക്കി.
ശുഭം.

Saturday, February 02, 2008

കോഴിക്കോട് മുതല്‍ പാലാ വരെ

നിങ്ങള്‍ വിചാരിക്കുന്നതു പോലെ ഞാന്‍ മഹാ ബുദ്ധിമാനും സുന്ദരനും വിവേകിയും ധര്‍മിഷ്ഠനും മാത്രമല്ല. വിശാലഹൃദയനും അനുകന്പയുള്ളവനും സഹജീവികളോടു സ്നേഹമുള്ള മാതൃകാഹൃദയമുള്ള ഒരു വ്യക്തികൂടിയാണ്. രണ്ടാമതു പറ‍ഞ്ഞ കാര്യങ്ങള്‍ ഒരുപക്ഷേ എന്നെ ഇത്രയും കാലമായി പരിചയമുള്ള ആര്‍ക്കും തോന്നിയിട്ടുണ്ടാവില്ല. കാരണം, ഇക്കാര്യം അവരില്‍നിന്നൊക്കെ മനപ്പൂര്‍വം ഞാനൊളിച്ചു വച്ചിരിക്കുകയായിരുന്നു. എന്നെങ്കിലുമൊരിക്കല്‍, അവസരം വരുമ്പോള്‍ മാത്രം ഇത്തരം കാര്യങ്ങള്‍ അവരറിയുന്നതിലാണൊരു ത്രില്‍ എന്നെന്നിക്കറിയാമായിരുന്നു. അതുകൊണ്ട്, പലപ്പോഴും അവരുടെ മുന്‍പില്‍ ഞാന്‍ ദേഷ്യക്കാരനും എടുത്തുചാട്ടക്കാരനും വായില്‍ വരുന്നതെന്തോ അതൊക്കെ അപ്പാടെ വിളിച്ചുപറയുകയും രണ്ടിലൊന്നാലോചിക്കാതെ ബ്ളോഗില്‍ എഴുതിവയ്ക്കുകയും ഒക്കെ ചെയ്യുന്ന ഒരു സാധാരണക്കാരന്‍ മാത്രമാണിപ്പോളും. ഇതു വായിക്കുമ്പോള്‍ കുറേപ്പേര്‍ സത്യത്തിലുള്ള എന്നെ തിരിച്ചറിയുമായിരിക്കും. അതിലെനിക്കു സങ്കടമില്ല. എന്നായാലും ഇതൊക്കെ തിരിച്ചറിയപ്പെടേണ്ടതു തന്നെയല്ലേ????

പറഞ്ഞുവന്നത് എന്റെ വിശാലമനസ്സിനെക്കുറിച്ചും ദീനാനുകമ്പയെക്കുറിച്ചുമാണ്. എനിക്കു ശത്രുക്കളേ ഇല്ലായിരുന്നു. പക്ഷേ, പലര്‍ക്കും ഞാനൊരു ശത്രുവായിട്ടുണ്ടാകാം.അതെന്‍റെ കുറ്റമല്ലല്ലോ.

ആരാണു നമ്മുടെ ശത്രു?


സിനിമാതീയേറ്ററില്‍ നമ്മള്‍ നില്‍ക്കുന്ന ക്യൂവിനു മുന്‍പില്‍ നില്‍ക്കുന്നവരെല്ലാം നമ്മുടെ ശത്രുക്കളാണെന്നൊരു അഭിപ്രായമുണ്ട്. പക്ഷേ എനിക്ക് അങ്ങനെയൊരു തോന്നലില്ല. ഞാന്‍ അവരിലാരെയെങ്കിലും എന്റെകൂടി ടിക്കറ്റിനു കാശ് ഏല്‍പിച്ച് ഏതേലും തണലത്തുപോയി സ്വപ്നം കണ്ടു നില്‍ക്കും.


ബസില്‍ നമ്മുടെ തൊട്ടടുത്തിരിക്കുന്നയാള്‍ നമ്മുടെ ശത്രുവാണെന്നും തോന്നുന്നവരുമുണ്ടാവും. ലോകത്ത് ഏറ്റവും അധികം അകലം സീറ്റില്‍ അടുത്തിരിക്കുന്ന രണ്ടുപേരുടെ മനസ്സുകള്‍ തമ്മിലാണെന്ന് അടുത്തയിടെ ഞാന്‍ കൂടിയ ധ്യാനത്തില്‍ ധ്യാനഗുരു പറഞ്ഞതിപ്പോഴും ഓര്‍ക്കുന്നുണ്ട്. (ഹൊ.. എന്തൊരു മഹത്തായ ധ്യാനമായിരുന്നു അത്!!)

രണ്ടുപേര്‍ക്കിരിക്കാവുന്ന സീറ്റിന്‍റെ ഒരു സൈഡില്‍ ബാഗ് വച്ച് ബാക്കിയുള്ള ഭാഗത്ത് അമര്‍ന്നിരിക്കുന്ന ചില വിരുതന്മാരുണ്ട്. പിന്നെ നമുക്കിരിക്കാനായി ബാക്കിയിട്ടിരിക്കുന്ന സ്ഥലത്ത് ഒന്നാം ക്ളാസില്‍ പഠിക്കുന്ന ഒരു കൊച്ചിനു പോലും നേരെചൊവ്വേ ഇരിക്കാനുള്ള സ്ഥലം കാണത്തില്ല. നമ്മള്‍ അവിടെ പോയി ഇരുന്നാലും കാലന്മാര്‍ ബാഗ് എടുത്ത് മടിയില്‍ വയ്ക്കുകയോ സീറ്റില്‍ ഒതുങ്ങിയിരിക്കുകയോ ചെയ്യത്തില്ല. സ്വാഭാവികമായും ആര്‍ക്കും ദേഷ്യം വരും. പോക്രിത്തരമല്ലേടാ പുല്ലേ എന്നു മനസ്സില്‍ നൂറ്റമ്പതു വട്ടമെങ്കിലും ചോദിക്കും. ഒച്ച പുറത്തോട്ടു വരികേലെന്നു മാത്രം. എന്നാല്‍ എനിക്കങ്ങനെയൊരു പ്രശ്നമേയില്ല.

ഞാന്‍ നൈസായിട്ട് പുള്ളിക്കാരനെ തോണ്ടും. എന്നിട്ട് ചിരിച്ചുകൊണ്ടു പറയും, ചേട്ടാ, ആ ബാഗ് എടുക്ക്. എനിക്ക് ഇരിക്കാന്‍ ഈ സ്ഥലം തികയില്ല.

ആയിരം വാട്ട് ബള്‍ബ് തോറ്റുപോകുന്ന വിധത്തില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ചിരിക്കാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. ആ ചിരിയില്‍ ആരും തിരിച്ചു തെറിപറയില്ല എന്ന് എനിക്കുറപ്പായിരുന്നു. ഇതുവരെ അതു തെറ്റിയിട്ടുമില്ല.

ഇനി ആ സീറ്റില്‍ ആദ്യമിരിക്കുന്നയാള്‍ നമ്മളാണെന്നു വിചാരിക്കുക. അപ്പോള്‍ മുതല്‍ നമ്മള്‍ പ്രാര്‍ഥിച്ചു തുടങ്ങും. ദൈവമേ, മെലിഞ്ഞുണങ്ങി എല്ലുപരുവത്തിലായ ഏതേലും ഒരു കക്ഷിയെ എനിക്കൊപ്പം ഇരുത്തിത്തരണേ...

ദൈവം ചിലപ്പോള്‍ നമ്മുടെ പ്രാര്‍ഥന കേള്‍ക്കും. നമ്മള്‍ കൃത്യം പകുതിഭാഗം അവകാശപ്പെടുത്തിയിരിക്കുന്നതിന്റെ മറുപാതിയില്‍ പിന്നെയും സ്ഥലം ബാക്കിയിടാന്‍ മാത്രം ചെറുതായ വണ്ണം കുറഞ്ഞ ആരെങ്കിലും വന്നിരിക്കും. അവരുടെ വില അപ്പോള്‍ നമുക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. അടുത്ത സ്റ്റോപ്പില്‍ അദ്ദേഹം ഇറങ്ങുകയും പകരം നല്ലതടിയും കുടവയറുമുള്ള ഏതേലും ഒരുത്തന്‍ പകരം അവിടെ ഇരിക്കുകയും ചെയ്യുന്ന നിമിഷം നാം ആദ്യത്തെ നല്ല മനുഷ്യനു കൊടുക്കാതെ കരുതിവച്ച സ്നേഹം വേസ്റ്റായല്ലോ എന്നോര്‍ത്തു നിരാശപ്പെടുകയും ചെയ്യും.

അതുകൊണ്ടാവണം, ബസില്‍ പ്രത്യേകിച്ചു ദീര്‍ഘദൂര യാത്രകളില്‍ നമുക്ക് മെലിഞ്ഞ മനുഷ്യരോട് വലിയ സ്നേഹം തോന്നാന്‍ കാരണം. രാത്രി യാത്രയാണെങ്കില്‍ അതുകൂടും. കാരണം, മെലിഞ്ഞ മനുഷ്യരില്‍ കൂര്‍ക്കം വലി പൊതുവേ ഒരു രോഗമല്ല. അതുകൊണ്ട് ശാന്തമായി നമുക്കുറങ്ങാം. കൂര്‍ക്കം വലിക്കാം.
ഞാന്‍ ഈക്കാര്യത്തിലും വിശാലനായിരുന്നു.

തടികൂടിയ മനുഷ്യരോട് എനിക്കു യാതൊരു വിരോധവുമില്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. കാരണം, എനിക്ക് അത്യാവശ്യം തടിയുള്ളതാണെന്നു തെറ്റിദ്ധരിക്കരുത്.

എനിക്കു തടിയുണ്ടായിട്ട് വര്‍ഷം ഒന്നോ രണ്ടോ മാത്രമേ ആയിട്ടുള്ളൂ. അതിനു മുന്‍പും എനിക്കു ദീര്‍ഘദൂര രാത്രിയാത്രകള്‍ വേണ്ടി വന്നിട്ടുണ്ട്. അന്നും ‍ഞാന്‍ എന്റെ ശരീരത്തെക്കാള്‍ വിശാലമായ മനസ്സുള്ളവനായിരുന്നു. അതൊക്കെ പറ‍ഞ്ഞിട്ടിനിെയന്തുകാര്യം?

കിട്ടിയ തടി ആന പിടിച്ചാല്‍ പോകുമോ?

കോഴിക്കോട്ടേക്കു സ്ഥലം മാറിപ്പോയി കൃത്യം മാസം ഒന്നുകഴിഞ്ഞ് വീട്ടിലേക്കു വരാന്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുകയാണു ഞാന്‍. ഒരുമാസം വീട്ടില്‍നിന്നു മാറിനില്‍ക്കുകയെന്നത് ആദ്യസംഭവമായിരുന്നതിനാല്‍, ഭരണങ്ങാനം എന്നു പറയുന്ന പട്ടണം ഇപ്പോള്‍ എങ്ങനെയായിരിക്കും, അവിടെ ഗോപിച്ചേട്ടന്റെ മുറുക്കാന്‍ കടയും ദ്വാരക ഹോട്ടലുമൊക്കെ പഴയ പടി കാണുമോ? രാരിച്ചന്റെ പട്ടികള്‍ എല്ലാത്തിനെയും നാട്ടുകാരു തല്ലിക്കൊന്നിട്ടുണ്ടാവുമോ തുടങ്ങിയ ഒരുപിടി ആശങ്കകളും ആകുലതകളും മനസ്സിലുണ്ടായിരുന്നു.

അതിനിടെ, ആരോടും പറയാതെ ബസ് വന്നു.

സര്‍വൈവല്‍ ഓഫ് ദ് ഫിറ്റസ്റ്റ് എന്ന ഡാര്‍വിന്‍ സിദ്ധാന്തത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഞാന്‍ പാഞ്ഞുചെന്ന് പുഷ്പം പോലെ രണ്ടാമനോ മൂന്നാമനോ ആയി വണ്ടിക്കകത്തു കയറി.

കയറുന്നതിനിടെയില്‍ പ്രായമുള്ള ഏതോ ഒന്നുരണ്ടുപേര്‍ കരയുന്നതോ പ്രാകുന്നതോ ആയ ചില ശബ്ദങ്ങള്‍ കേട്ടുകാണും. സര്‍വൈവ് ചെയ്യാന്‍ നമ്മളെന്തൊക്കെ സഹിച്ചാല്‍?

അവരാരെങ്കിലും വീണുപോയിട്ടുണ്ടാവുമോ എന്നുപോലും നോക്കാതെ ഞാന്‍ ഒരു സീറ്റ് പിടിച്ചു. സൈഡ് സീറ്റ്.

മെലിഞ്ഞ ഒരു സഹയാത്രികനെ മനസ്സില്‍ ധ്യാനിച്ച് അങ്ങനെയിരിക്കെ എന്റെ അടുത്ത് ഒരു നിഴലുവന്നുനിന്നു. ഞാന്‍ തല ഉയര്‍ത്തി നിഴലിന്റെ ഉടമസ്ഥനെ നോക്കി. ഞെട്ടിപ്പോയി.

കര്‍ണങ്ങളെ എച്ചിലാക്കുന്ന വായ് എന്നു ചന്ത്രക്കാരനെക്കുറിച്ചു പറയുമെങ്കില്‍ കാലുകളെ നിസ്സാരമാക്കുന്ന കുംഭ എന്ന് ഇദ്ദേഹത്തെക്കുറിച്ചു പറയേണ്ടി വരും. ഞങ്ങളെന്തു തെറ്റു ചെയ്തു എന്നു വിലപിക്കുന്ന രണ്ടുകാലുകളിലായിരുന്നു അദ്ദേഹത്തിന്റെ വയറ് സ്ഥിതി ചെയ്തിരുന്നത്. ഒട്ടും തടിയില്ലാത്തതായി രണ്ടുകൈകളും കാലുകളും മാത്രമാണുണ്ടായിരുന്നത്. തലയും ചെറുത്. പക്ഷേ വയറു മാത്രം....

എന്തിനേറെ പറയുന്നു?

അടുത്ത നിമിഷം, അങ്ങേര് എന്റെ സീറ്റിലിരുന്നു. ഞാന്‍ അമര്‍ന്നു. ആദ്യം ശ്വാസം കിട്ടാത്തപോലെ തോന്നിയെങ്കിലും പിന്നീട് അതൊരു ശീലമായതോടെ കുഴപ്പമില്ലാതായി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഞാന്‍ മറ്റൊരു പോളിസി ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു.

ഒരാളെ തികച്ചും സഹിക്കാന്‍ പറ്റാതെ വരുമ്പോള്‍ അദ്ദേഹത്തെ നമ്മുടെ ഭാര്യയായി സങ്കല്‍പിക്കുക. അതോടെ, സഹനം താനെ വന്നോളും. അവിവാഹിതനാണെങ്കിലും ഈ പോളിസി കൊണ്ടുമാത്രം രക്ഷപ്പെട്ട സംഭവങ്ങള്‍ അനവധി.

വന്നു ഇരുന്നു കീഴടക്കി. ഞാന്‍ കീഴടങ്ങി. അടുത്ത നിമിഷം അദ്ദേഹം ഉറക്കത്തിനും കീഴടങ്ങി. പിന്നാലെ കൂര്‍ക്കം വലി അദ്ദേഹത്തെ കീഴടക്കി. സൈലന്‍സറില്ലാത്ത ലാംപി സ്കൂട്ടര് പോലെ സംഗതി ഉയര്‍ന്നു തുടങ്ങി.

അപ്പുറത്തും ഇപ്പുറത്തുമുള്ള സീറ്റുകളില്‍ ഇരുന്നുറങ്ങിയവര്‍ ഞെട്ടലോടെ എഴുന്നേറ്റ് നോക്കുന്നു. ഞാന്‍ അവരെ നോക്കി ദയനീയമായി രിച്ചു. എന്റെ ഗതിയോര്‍ത്ത് സന്തോഷത്തോടെ അവര്‍ വീണ്ടുമിരുന്നു.

വണ്ടി സ്റ്റാര്‍ട്ടായിരുന്നെങ്കില്‍, ഏതെങ്കിലുമൊരു വളവ് വീശിയിരുന്നെങ്കില്‍ ഈ കാലമാടനെ, സോറി നല്ല മനുഷ്യനെ ഒന്നു ചെറുതായി തള്ളിനീക്കി അല്‍പം സ്പേസ് ഉണ്ടാക്കമല്ലോ എന്ന ധാരണയോടെ ഞാനിരുന്നു. വണ്ടി പുറപ്പെട്ടു.

ഫറോക്ക് പാലം മുതല്‍ കക്കാട് വലിയ വളവു വരെ പല വളവുകളിലും ‍ഞാന്‍ കഠിനപരിശ്രമം നടത്തിനോക്കി. കക്ഷി അനങ്ങിയതു പോലുമില്ല. ഒന്നുറങ്ങാന്‍ പോലും കഴിയാതെ ഒടിഞ്ഞുനുറുങ്ങി ഇരിക്കുകയാണു ‍ഞാന്‍. അടുത്തിരിക്കുന്നതു ഭാര്യയാണേലും അടുത്ത നിമിഷം ഡൈവോഴ്സ് ചെയ്തേനെ എന്ന തീരുമാനത്തില്‍ ആരുമെത്തിപ്പോകും.

അതായിരുന്നു എന്റെ അവസ്ഥ. പക്ഷേ, ഞാന്‍ ഭയങ്കര വിശാലമനസ്കനാണെന്ന് ആദ്യമേ പറഞ്ഞിരുന്നല്ലോ.

ഇനി വട്ടപ്പാറ വളവുണ്ട്. അവിടെ വച്ച് ഇവനെ ഞാന്‍ വട്ടം കറക്കും എന്ന് തീരുമാനിച്ചു. വട്ടപ്പാറയിറക്കം തുടങ്ങി. വളവ് വന്നു. വണ്ടി ചെറുതായൊന്നു വീശി. ഞാന്‍ വലുതായും...

അടുത്ത നിമിഷം ചീമപ്ളാവില്‍നിന്നു കൂഴച്ചക്ക വീഴുന്നപോലെയൊരു ശബ്ദം വണ്ടിയില്‍ മുഴങ്ങി. അതുകേട്ട് പേടിച്ചു ഡ്രൈവര്‍ അറിയാതെ രണ്ട് ഹോണടിച്ചു. ലൈറ്റിട്ടു. എന്റെ സഹസീറ്റന്‍ വീണിതല്ലോ കിടക്കുന്നു ധരണിയില്‍.

ഉറക്കത്തില്‍നിന്നു ചാടിയെഴുന്നേറ്റ അദ്ദേഹം എന്നെ രൂക്ഷമായി നോക്കുമെന്നു ഞാന്‍ പ്രതീക്ഷിച്ചു.ഞാന്‍ കണ്ണടച്ച് അതിഭയങ്കരമായ ഉറക്കം നടിച്ചു. ഒരു കണ്ണ്, രഹസ്യമായി തുറന്നുനോക്കി. മൂട്ടിലെ പൊടിതട്ടിയെഴുന്നേറ്റ അണ്ണന്‍, അപ്പുറത്തെ സീറ്റിലിരുന്ന ചേട്ടനോടു പറ‍യുന്നതു വ്യക്തമായും കേട്ടു-

ഉറക്കത്തില്‍ അറിയാതെ കൈ വിട്ടുപോയതാ...
രക്ഷപ്പെട്ടു.

ഇല്ല, രക്ഷപ്പെട്ടില്ല. മുന്‍പ് ഇരുന്നതിനെക്കാള്‍ സ്ഥലം എന്‍ക്രോച്ച് ചെയ്ത് മൂപ്പരു വീണ്ടും ഇരുന്നു.ഇതോടെ അടിച്ചില്ലിന് അടിയില്‍പ്പെട്ട പന്നിയെലിയുടെ അവസ്ഥയായി എന്റേത്.

ആരോടു പറയാന്???

കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം മുന്‍പ് സംഭവിച്ച അബദ്ധം ആവര്‍ത്തിക്കാതിരിക്കാനോ എന്തോ എന്രെ സൈഡിലേക്ക് ബലം നല്‍കി ഇരിപ്പു തുടങ്ങി. കൂര്‍ക്കം വലി എന്റെ കാതില്‍ വന്നലച്ചു തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ ആ തല വന്ന് എന്റെ തോളിലിടിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ അതവിടെ ഇരിപ്പായി. കൂര്‍ക്കംവലി, ഉറക്കം...

എനിക്കു സഹികെട്ടു. ഞാന്‍ ഒളിച്ചു വയ്ക്കാറുളള വിശാലവിമല ഹൃദയം കൊണ്ട് ഒരു കാര്യവുമില്ലെന്നു മനസ്സിലായി. ഇനി രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം. വര്‍ഷങ്ങളായി ഞാന്‍ കഴിച്ചുപോരുന്ന കപ്പയും പോത്തിറച്ചിയും എന്റെ ഉള്ളില്‍ക്കിടന്നു തിളച്ചു. ജെനിറ്റിക്കലായി കൂടെയുള്ള ജനുവിന്‍ വികാരമായ ദേഷ്യം എന്റെ മൂക്കിന്‍ തുന്പത്തുവന്ന് ഹോണടിച്ചു തുടങ്ങി. മൂക്കുചുവന്നു. കണ്ണുചുവന്നു.

ഉറക്കത്തിന്റെ അടുത്ത ഘട്ടത്തില്‍, സ്വപ്നത്തില്‍ ടാന്‍സാനിയായിലോ ടാജ്മഹലിലോ ഒക്കെ ചുറ്റിക്കറങ്ങുകയായിരുന്നിരുന്ന ആ മഹാത്മാവിനെ കേലവം ഒരു വിരലുകൊണ്ട് യാഥാര്‍ഥ്യത്തിലേക്കു ‍ഞാന്‍ മടക്കി വിളിച്ചു. ഉറക്കത്തില്‍നിന്നുണര്‍ന്ന അദ്ദേഹത്തോട് ഞാന്‍ കടിച്ചുപിടിച്ച് ഇത്രയും പറഞ്ഞു

പാലാ വരെ പോകാനുള്ളതാ. നിങ്ങളിങ്ങനെ അമര്‍ന്നിരുന്നു കൂര്‍ക്കം വലിച്ചുറങ്ങിയാല്‍ എന്റെ എല്ലെല്ലാം ഒടിയും. അതു സാരമില്ലെന്നു വയ്ക്കാം, തോളേലോട്ടു തല വച്ച് ഉറങ്ങാന്‍ കൂടി തുടങ്ങിയാല്‍?

ആരെങ്കിലും കേള്‍ക്കുന്നുണ്ടോ എന്നദ്ദേഹം ചുറ്റും നോക്കി. എന്നിട്ട് എന്നെ നോക്കിയൊന്നു ചിരിച്ചു.

ക്ഷമിക്കണം. നല്ല ഉറക്കക്ഷീണം. അതുകൊണ്ടാ. ഇനി മോന്‍ ഉറങ്ങിക്കോ. ഞാന്‍ ഉറങ്ങാതിരിക്കാം...

ആ മോന്‍ വിളി എനിക്കത്ര രുചിച്ചില്ല. എങ്കിലും ഞാന്‍ വിശാലമനസ്കനായതു കൊണ്ടും മല പോലെ കിട്ടുമെന്നു പ്രതീക്ഷിച്ചത് ഫ്ളാഷ് സിനിമ പോലെ പെട്ടെന്ന് അപ്രത്യക്ഷമായതുകൊണ്ടും ഞാനൊന്നു ചമ്മി. ചമ്മലു കാണിക്കാതിരിക്കാന്‍ ഞാന്‍ സ്ട്രെയിറ്റായിരുന്ന് ഉറക്കം ഭാവിച്ചു തുടങ്ങി.

സഹസീറ്റന്‍ സീറ്റില്‍ സ്ട്രെയിറ്റായിട്ടാണിരിക്കുന്നത്. എനിക്കിരിക്കാന്‍ ഇഷ്ടം പോലെ ഗ്യാപ്. സന്തോഷം കൊണ്ട് എനിക്കു തുള്ളിച്ചാടാന്‍ തോന്നിയെങ്കിലും വേണ്ടെന്നു വച്ച് കണ്ണടച്ചിരിപ്പാണ്.

വണ്ടി ചങ്ങരംകുളം കഴിഞ്ഞു. തൃശൂരിന് ഒരുമണിക്കൂര്‍കൂടി. ഇടയ്ക്കെപ്പോളോ ഞാനുറങ്ങിപ്പോയി.

ഉറക്കത്തില്‍ ഞാന്‍ ഭരണങ്ങാനം വരെയെത്തി. വീട്ടില്‍ച്ചെന്നു കയറുന്നതും കോഴിക്കോടന്‍ ഹല്‍വയുമായി അടുക്കളയില്‍ കയറുന്നതും അയലോക്കത്തെ അലന്പു പിള്ളേരെ വിളിച്ച് അതൊക്കെ അല്‍പാല്‍പം കൊടുക്കുന്നതുമൊക്കെ സ്വപ്നം കണ്ടുറങ്ങുമ്പോളാണ് ആരോ എന്നെ പിന്നില്‍നിന്നു തോണ്ടിയത്.

ഞാനുണര്‍ന്നു. ഞാന് ബസില്‍. വീട്ടിലായിരിക്കുമെന്നാണു ഞാന്‍ വിചാരിച്ചത്. അതുപോലെ സുഖകരമായ ഉറക്കം.
തലയിണയുമുണ്ട്.

തലയിണയോ? ഞാന്‍ പതിയെ തല ഉയര്‍ത്തി നോക്കി.
കുറച്ചു മുന്‍പ് ദേഷ്യപ്പെട്ട വലിയ മനുഷ്യന്റെ തോളില്‍ തലവച്ചായിരുന്നു എന്റെ ഉറക്കം!!! അദ്ദേഹത്തിന്റെ മുഖത്തോട്ടു നോക്കാന്‍ മടി. എന്തു ചെയ്യാന്‍?

നേരെയിരുന്ന് ഉറങ്ങണമെന്നുപദേശിച്ച മനുഷ്യന്റെ തോളില്‍ തലവച്ചുറങ്ങിയ ഞാനിനി എന്തു വിശദീകരണം കൊടുക്കാന്‍.

വാ... ഒരു ചായ കുടിക്കാം. അദ്ദേഹം സ്നേഹപൂര്‍വം വിളിച്ചു.

അനുസരണയോടെ ഞാന്‍ ഇറങ്ങി. പരിചയപ്പെട്ടു. കണ്ണൂരുകാരനാണ്. തൊടുപുഴ വരെ. ബിസിനസ് ആവശ്യം. ഞാന്‍ എല്ലാം കേട്ടു. അല്ലാതെന്തു ചെയ്യാന്‍?

ചായയുെട കാശു മൂപ്പരു കൊടുത്തു.

ബസില്‍ തിരിച്ചു കയറി. ബസ് പുറപ്പെട്ടു. അങ്ങേര് ഉറക്കം തുടങ്ങി. പതിയെ തല എന്റെ തോളിലേക്കു ചാഞ്ഞു. എനിക്ക് ബുദ്ധിമുട്ടൊന്നും തോന്നിയില്ല.

പതിയെ തല സൈഡ് ഗ്ലാസിലേക്കു വച്ച് ഞാനും ഉറക്കം തുടങ്ങി. സുഖസുന്ദരമായ ഉറക്കം.

അങ്ങേരുടെ തടിയോ കൂര്‍ക്കം വലിയോ എനിക്കപ്പോളൊരു പ്രശ്നമേ ആയിരുന്നില്ല!!!!!!!

Powered By Blogger