അടുത്തെങ്ങും ബ്ലോഗില്‍ ഒരു പോസ്റ്റ് പോലും എഴുതാതിരുന്നത് എന്തുകൊണ്ടാണ് എന്നു ഞാന്‍ എന്നോടു തന്നെ ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇത്രയും കാലം. എഴുതാന്‍ ഒന്നും ഇല്ലാത്ത അവസ്ഥയാണ് ആദ്യത്തെ പ്രശ്നം. എഴുതണം എന്ന ആഗ്രഹമില്ലാതാവുന്നതു രണ്ടാമത്തെ പ്രശ്നം. മൂന്നാമത്തേതും അവസാനത്തേതുമായ പ്രശ്നം എന്റെ മടി തന്നെ.
ഒരുപക്ഷേ, ആദ്യം പറഞ്ഞ രണ്ടു പ്രശ്നങ്ങളുമുണ്ടാക്കുന്നത് അവസാനം പറഞ്ഞ മടി എന്ന സംഗതി തന്നെയായിരിക്കും. എഴുത്തും എഴുത്തുകാരനും (രണ്ടും എത്ര തറയാണെങ്കിലും മഹത്തരമാണെങ്കിലും) മരിച്ചു തുടങ്ങിക്കഴിഞ്ഞ ആസുരകാലത്ത് അവസാനത്തെ ആളിക്കത്തലാണു ബ്ളോഗുകള് എന്നതില്‍ സംശയമില്ല. ഭാഷയും ലിപിയും മരിച്ചു പോയിക്കഴിയുമ്പോള്‍ എക്കാലവും ശേഷിക്കുന്ന തെളിവുകളായി ഈ ബ്ലോഗുകള്‍ ഓണ്‍ലൈനില്‍ തുടരും.
മലയാളം മൃതഭാഷയായി മാറാതിരിക്കണമെങ്കില്‍ കുട്ടികളെ ഇംഗീഷ് മീഡിയത്തില്‍ വിടാതിരിക്കണം എന്നാരൊക്കെയോ പറയുന്നതു കേട്ടു. അതു ശരിയാണോ? കുട്ടികള്‍ (വലിയവരും) ഏതു ഭാഷയും പഠിക്കട്ടെ, സംസാരിക്കട്ടെ, ഒപ്പം മലയാളം മരിക്കാതിരിക്കണമെങ്കില്‍ നമ്മുടെ ഭാഷയുടെ ലിപി ഇവിടെ ജീവിച്ചിരിക്കണം.
ഇരുപത്തഞ്ചുവര്‍ഷം കഴിഞ്ഞ് ക്ഷ എന്ന അക്ഷരം കണ്ടിട്ട് ഏതെങ്കിലുമൊരു പത്താം ക്ളാസുകാരന് ‘’അമ്മേ ദേണ്ടെ ജീപ്പിന്റെ പടം” എന്നു പറഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി?
ഭാഷയും ലിപിയും മരിക്കാതിരിക്കണമെങ്കില്‍ ഞാന്‍ എഴുത്തു തുടരേണ്ടതുണ്ടോ എന്നതിലേക്ക് ചിന്ത വഴിമാറുകയാണ്. ആധാരമെഴുത്ത് വരെ നിലച്ചുപോയ കാലമാണിത്. മലയാളമെഴുത്തിന്റെ ഏറ്റവും മികച്ച സാഹിത്യരൂപങ്ങളിലൊന്നായിരുന്ന ആധാരമെഴുത്ത് കംപ്യൂട്ടറിലേക്കു മാറിക്കഴിഞ്ഞു. ഇപ്പോള്‍ ഡിടിപിക്കാരുടെ കൈകളിലാണ് ആധാരങ്ങളുടെ ഭാവി. ആധാരങ്ങള്‍ക്കു മാത്രം സ്വന്തമായിരുന്ന പഴകിയ മണമുള്ള മലയാളവും വൈകാതെ കീബോര്‍ഡുകളില്‍ കൊട്ടിപ്പാടുന്ന ഡിടിപിക്കാരുടെ കൈകള്‍ക്കിടയിലൂടെ ചോര്‍ന്നു പോകും.
ആരൊക്കെ എഴുതിയാലും എഴുതാതിരുന്നാലും ഭാഷയ്ക്ക് ഒരു ചുക്കും സംഭവിക്കുകയില്ല എന്നത് ഇതിന്റെ മറുപുറമാണ്. എന്നാല്‍, വായന നിലച്ചാല്‍ പിന്നെയെന്തു ഭാഷ? പിന്നെയെന്തു ലിപി? സംസാരഭാഷയില്നിന്നു വ്യാകരണ ഭാഷയിലേക്കുള്ള മാറ്റം തന്നെ വായനയെ ഉദ്ദേശിച്ചുള്ളതായിരുന്നു. എഴുത്ത് രണ്ടാം സ്ഥാനത്തു മാത്രമേ വരൂ. വായിക്കാനായി എഴുതിയവയാണ് എല്ലാ എഴുത്തുകളും.
ഭാഷയും ലിപിയും എഴുത്തും വായനയും വായനക്കാരനുമെല്ലാമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഈ സമ്പ്രദായത്തിന്റെ ഇങ്ങേത്തലയ്ക്കല്‍ നില്ക്കുന്ന ഒരാളാണ് എഴുത്താള്‍. കര്‍ത്താവ്, കര്‍മം, ക്രിയ എന്ന് ഒരു വാക്യത്തെ പിരിച്ചെഴുതുന്ന പോലെ ഇതിനെ കാണാം. എഴുതുന്നവന് കര്‍ത്താവ്, എഴുത്ത് കര്‍മം, വായന ക്രിയ. ക്രിയയില്ലെങ്കില്‍ പിന്നെയെന്തു കര്‍ത്താവ്, കര്‍മം എന്നു നിസ്സാരമായി ആര്‍ക്കും ചോദിക്കാം.
വായന കുറയുമ്പോള്‍ ഭാഷയും ലിപിയും ഊര്‍ധ്വന്‍ വലിക്കുന്നതു നമുക്ക് അനുഭവിച്ചറിയാം. അത്തരമൊരു ദുരന്തത്തിന്റെ സെക്കന്‍ഡറി സ്റ്റേജിനോട് നമ്മള് അടുത്തുകൊണ്ടിരിക്കുന്നു.
ടെലിവിഷനിലെ റിയാലിറ്റി ഷോകളിലൂടെ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ഇംഗീഷ് കലര്‍ന്ന മലയാളമല്ല ഈ പരാജയത്തിനു കാരണം. ഒരു കാലത്തും ഭാഷയ്ക്കു സ്വന്തമായി നിലനില്‍പ്പില്ല. മലയാളത്തില്‍ അടുത്തകാലം വരെ സംസ്കൃതത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇപ്പോള്‍ ആ റോള്‍ ഇംഗീഷിനാണെന്നു മാത്രം. പല മലയാളം വാക്കുകളും ഇംഗീഷില്നിന്നുള്ള തത്സമ രൂപങ്ങളാണ് എന്നതാണ് അതിനുള്ള തെളിവ്.
ഇംഗീഷിന്റെ ആഗോള അധിനിവേശത്തിന്റെ ഏറ്റവും വലിയ തെളിവ് ഇപ്പോള്‍ ബെയ്ജിങ്ങില്‍ കാണാം. ഒളിംപിക്സ് ഒരുക്കങ്ങളുടെ ഭാഗമായി ബെയ്ജിങ് നഗരത്തെ തൂത്തുതുടച്ചു വൃത്തിയാക്കിയ ചൈനക്കാര്‍ അവിടുത്തെ ടാക്സി ഡ്രൈവര്‍മാരെ അടക്കം ഇംഗീഷ് പഠിപ്പിച്ചു കഴിഞ്ഞു. ഇംഗീഷിന്റെ ആധിപത്യം ഒരിക്കലും അവിടെ ചൈനീസ് ഭാഷയുടെ മരണത്തിനു കാരണമാവുമെന്ന് ഇപ്പോള്‍ കരുതാനേ വയ്യ. അതുപോലെ ഇവിടെയും ഈ മലയാളത്തിനും അതിജീവനം നേടാന്‍ കഴിയണം.
മലയാളത്തോടു സ്നേഹമുണ്ടെങ്കില്‍ എഴുതുകയല്ല, വായിക്കുകയാണു വേണ്ടതെന്നു ഞാന്‍ വിചാരിക്കുന്നു. എഴുതിയില്ലെങ്കിലും നിര്‍ബന്ധമായും വായിക്കണം എന്നു മനസ്സിലാക്കുന്നു. എഴുത്ത് ഒരു നിര്ബന്ധമേയല്ലാത്ത സാഹചര്യത്തില്‍ അതിനായി ഏറെ സമയം കളയുന്നതില്‍ അര്‍ഥമില്ലെന്നും മനസ്സിലാക്കുന്നു.
അതിനാല്‍, ഒന്നരവര്‍ഷത്തോളം ഓണ്‍ലൈനിലും ഓഫ്ലൈനിലും എന്റെ സമയത്തിന്റെ നല്ലൊരു പങ്ക് കളഞ്ഞ ബ്ലോഗെഴുത്ത് അവസാനിപ്പിക്കാമെന്നു ഞാന്‍ വിചാരിക്കുന്നു. എഴുത്ത് അവസാനിപ്പിക്കുന്നു എന്നതു ബ്ലോഗില്‍നിന്നുള്ള കുടിയിറക്കമല്ല. ബ്ലോഗില്‍ത്തന്നെ ഞാനുണ്ടാവും, പക്ഷേ, എഴുത്ത് ഇനി വേണ്ട എന്നു തല്ക്കാലം തീരുമാനിക്കുന്നു, അഥവാ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു.
ഭരണങ്ങാനവും ഞാനും എന്ന പേരില്‍ ബ്ലോഗില്‍ എഴുതിക്കൂട്ടിയവയൊക്കെ കുറച്ചുകാലംകൂടി ഇവിടെയുണ്ടാവും. അതുകഴിഞ്ഞ് അവ അപ്രത്യക്ഷമാവും. പിന്നീടെപ്പോഴെങ്കിലും എഴുതണമെന്നു തോന്നിയാല്‍ അപ്പോള്‍ തിരിച്ചുവരാന്‍ പാകത്തിനു ബ്ലോഗ് അവിടെ ബാക്കിയുണ്ടാവും.ലിപി അപ്പോഴും മരിച്ചിട്ടില്ലെങ്കില്‍ ഈ എഴുത്താള്‍ മടങ്ങിവരും. ഇപ്പോള്‍ മടുത്താള്‍ മടങ്ങട്ടെ.
നന്ദി.