Wednesday, October 24, 2007

പേപ്പട്ടിയുടെ കടി

പോത്തന്‍ ശശി.

ഇരുപത്തിനാലു മണിക്കൂറും പാലമ്മൂട് ഷാപ്പിലാണു ഡ്യൂട്ടി. പോത്തിറച്ചിയോടുള്ള അമിതവും അഗാധവുമായ ആരാധനമൂലമാണു പോത്തന്‍ ശശി എന്ന പേരു വീണത്. യഥാര്‍ഥ പേര് എം. ശശികുമാര്‍. വയസ് 45 ആയി. കണ്ടാല്‍ രണ്ടുവയസ്സുകൂടി കൂടുതല്‍ തോന്നുമെങ്കിലും ആളു ചെറുപ്പമാണ്. വീരപ്പന്‍ തോറ്റുപോകുന്ന ഒരു കൊമ്പന്‍ മീശയാണു ശശിയുടെ അഭിമാനസ്തംഭനം. മീശ മുളച്ചു തുടങ്ങിയതിനു ശേഷം ഇന്നു വരെ അദ്ദേഹം അതു വെട്ടിയിട്ടില്ലത്രേ.

വര്‍ധിച്ച പ്രതാപത്തോടെ വിസ്താരമായ മുഖത്തു കുടികൊള്ളുന്ന ആ മീശ മുറിക്കാന്‍ ശശി ഒരിക്കലും തയ്യാറല്ല താനും. ശശിയുടെ മുഖത്തുള്ള ആ കൊമ്പന്‍ മീശയോടുള്ള വിരോധം മൂലം മാത്രം ഭാര്യ പിണങ്ങി വീട്ടില്‍പ്പോയി നില്‍ക്കുകയാണ്. തന്നോടും കുട്ടികളോടും പുള്ളിക്കാരന് ഒരു സ്നേഹവുമില്ല എന്നാണു മൂപ്പത്തിയാരുടെ മെയിന്‍ പരാതി. സര്‍വ സ്നേഹവും ശശിക്കു തന്‍റെ മീശയോടാണ്. എം. ശശികുമാര്‍ എന്ന പേരിലെ എം. എന്നതു മീശ എന്നാണെന്നു പോലും നാട്ടില്‍ വര്‍ത്തമാനമുണ്ട്. അതിനാല്‍ പോത്തന്‍ ശശി എന്നു ശശിയെ വിളിക്കാന്‍ പേടിയുള്ളവര്‍ മീശ ശശി എന്നും അദ്ദേഹത്തെ വിളിച്ചുപോന്നു.

മീശ മാത്രമായിരുന്നില്ല ഭരണങ്ങാനത്തു ശശിക്ക് ആരാധകരുണ്ടാവാന്‍ കാരണം. അദ്ദേഹം അറിയപ്പെടുന്ന ഒരു ശിക്കാരി കൂടിയായിരുന്നു. കയ്യില്‍ മിക്കവാറും ഒരു നിറതോക്കുണ്ടാവും. വവ്വാല്‍, കാക്ക തുടങ്ങിയ പറവകളെ വെടിവച്ചു വീഴ്ത്തുന്നതിനോടായിരുന്നു ശശിക്കു കൂടുതല്‍ പ്രിയം.
കൂടാതെ നാട്ടുകാരു വളര്‍ത്തുന്ന നാടന്‍ പന്നി, ശീമപ്പന്നി തുടങ്ങിയവയെ കശാപ്പ് ആവശ്യത്തിനായി വെടിവയ്ക്കുന്നതും നാട്ടിലെ ഒരേയൊരു വെടിക്കാരനായ ശശി ആയിരുന്നു. അതിനാല്‍ത്തന്നെ ശശിയോട് നാട്ടിലെ സകല പന്നികള്‍ക്കും പട്ടികള്‍ക്കും പേടിയും ബഹുമാനവുമുണ്ടായിരുന്നു.

പോത്തന്‍ ശശിയെത്തേടി ഒരു ദിവസം ഭരണങ്ങാനത്തിന്‍റെ റസി‍ഡന്‍ഷ്യല്‍ ഏരിയായ കുന്നിനാകുഴിയില്‍നിന്ന് രണ്ടുപേരെത്തുന്നിടം വരെ അന്നത്തെ പ്രഭാതം അതീവശാന്തവും ഹൃദ്യവും വികാരപരവുമായിരുന്നു.

പല്ലുതേക്കുകയായിരുന്ന ശശിയോടു വന്നവര്‍ കാര്യമുണര്‍ത്തിച്ചു.

ശശിച്ചേട്ടാ, സഹായിക്കണം. നമ്മുടെ പീലിക്കലെ പട്ടിക്കു പേപിടിച്ചു. നാട്ടുകാരെ മുഴുവന്‍ ഓടിച്ചിട്ടു കടിക്കുകയാ... ശശിച്ചേട്ടന്‍ വന്ന് അവനെ ഒന്നു വെടിവെച്ചു കൊന്നു തരണം. ഇന്നലെ രാത്രി മുതല്‍ പട്ടി കാണുന്നവരെയൊക്കെ കടിക്കുകയാ... ഇതുവരെ പത്തുപശുവിനെയും എട്ട് ആടിനെയും നാലു മനുഷ്യരെയും കടിച്ചു. മനുഷ്യരൊക്കെ ഇപ്പം മെഡിക്കല്‍ കോളജില്‍ കുത്തുകൊണ്ടു കിടക്കുവാ..

പേപ്പട്ടി എന്നു കേട്ടതും ശശിക്കു തേലന്നത്തെ കിക്ക് അപ്പാടെ പോയി. പേപ്പട്ടിയെ വെടിവക്കാന്‍ പോകണോ...പണിയാകുമോ?

ആലോചിച്ചുനില്‍ക്കാന്‍ സമയമുണ്ടായിരുന്നില്ല. വന്നവര്‍ നേരെ ശശിയുടെ വീട്ടിലേക്കു കയറി. തോക്കും തിരയുമെടുത്തു പുറത്തിറങ്ങി. ശശിക്ക് മുറിക്കകത്തെ അയയില്‍നിന്ന് ഒരു ഷര്‍ട്ടും അവരുതന്നെ സംഘടിപ്പിച്ചു കൊടുത്തു. പിന്നെ ശശിക്കു നോ പറയാന്‍ നിവൃത്തിയുണ്ടായിരുന്നില്ല.

അങ്ങനെ അതിരാവിലെ കൈലിമുണ്ടും ഷര്‍ട്ടുമിട്ട് തോളില്‍തോക്കും തൂക്കി കുന്നിനാകുഴിയില്‍ പോത്തന്‍ ശശി എന്ന മീശ ശശി ഓട്ടോ റിക്ഷയിറങ്ങി.

മെയി‍ന്‍ റോഡ് വിജനം.

ഒരു പട്ടിയും അവിടെങ്ങുമുണ്ടായിരുന്നില്ല. എങ്കിലും തോക്ക് നേരെയാക്കി അദ്ദേഹം ഉന്നം പിടിച്ചു. കൈ വിറയ്ക്കുന്നുണ്ട്. രാവിലെ രണ്ടെണ്ണം ചെലുത്താതെ ഉന്നം ശരിയാകുമെന്നു തോന്നുന്നില്ല. ആരോടു പറയാന്‍?

തൊട്ടപ്പുറത്തുള്ള ചിറ്റാനപ്പാറ ഷാപ്പാണേല്‍ തുറക്കാനും നേരമായിട്ടില്ല.അങ്ങനെ വിഷാദിച്ചു നില്‍ക്കെ, ജനക്കൂട്ടം ഓടി വരുന്നത് ശശി കണ്ടു. അവര്‍ക്കു പിന്നിലായി പട്ടിയുമുണ്ട്. പേപ്പട്ടി എന്നു പറഞ്ഞെങ്കിലും ഒരിനം ചാവാലിപ്പട്ടി. അതിവേഗം അടുത്തു കണ്ട കയ്യാലമാടു ചാടിക്കയറിയ ശശി പട്ടിയെ ഉന്നം പിടിക്കാന്‍ നിലത്തു കിടന്നു.

ലൈന്‍ പൊസിഷനില്‍ തോക്ക് പിടിച്ച് ഉന്നം റെഡിയാക്കിത്തുടങ്ങി. തോക്കിന്‍റെ പരിധിയില്‍നിന്നു ജനക്കൂട്ടം മാറിയിട്ടു വേണം വെടിവയ്ക്കാന്‍. തോക്കുചൂണ്ടിക്കിടക്കുന്ന ശശിയെക്കൂടി കണ്ടതോടെ ജനത്തിന്‍റെ ആരവം ഇരട്ടിയായി. പട്ടിയുടെ കടിയും ശശിയുടെ വെടിയും കൊള്ളാതിരിക്കാന്‍പാകത്തിന് അവര്‍ വേഗം കൂട്ടി. ജനക്കൂട്ടം കടന്നുപോയി.

പാഞ്ഞുവന്ന പട്ടി കയ്യാലമാടിനു മുകളില്‍ക്കിടന്നു തന്‍റെ നേരെ തോക്കുചൂണ്ടുന്ന മനുഷ്യനെ കണ്ട് നിന്നു.
പതിയെ ചൂണ്ടിയ തോക്കിന്‍റെ തുമ്പിലേക്കു നോക്കി. അതു കണ്ടപ്പോള്‍ ശശിക്കു ചെറിയ രീതിയില്‍പേടി തോന്നി. കൈയ്യുടെ വിറ കൂടിവരുന്നു...

വെടിവയ്ക്കെടാ ഉവ്വേ എന്ന മട്ടില്‍ പട്ടി മാട്ടിനു താഴെ. വയ്ക്കാതെ തരമില്ല. വെടി വച്ചില്ലെങ്കില്‍ അവന്‍ തന്നെ അല്‍പം പോലും ബാക്കി വച്ചേക്കില്ലെന്നു ഉറപ്പായ സാഹചര്യത്തില്‍ അവിടെ കിടന്ന കിടപ്പില്‍ ഒന്നുറക്കെ കരയണമെന്നു പോലും ശശിക്കു തോന്നി. പട്ടി മുന്നോട്ടു നടക്കുകയാണ്.

ഇനി വേണമെങ്കില്‍ ഒറ്റച്ചാട്ടത്തിനു പട്ടിക്കു കയ്യാലമാട്ടിനു മുകളില്‍ കയറാം. അത് അനുവദിക്കാന്‍ പാടില്ല. ശശി സകല ദൈവങ്ങളെയും വിളിച്ച് പട്ടിയുടെ നെറുകം തല നോക്കി ഉന്നം പിടിച്ചു.

ഒന്ന്, രണ്ട്, മൂന്ന്..

രണ്ടും കല്‍പിച്ച് കാഞ്ചി വലിച്ചു...

ഠേ....

പടക്കം പൊട്ടുന്ന പോലുള്ള ഒച്ച നാട്ടുകാരു കേട്ടു. ശശിയും കേട്ടു. പട്ടിയും കേട്ടു!!!

വെടി കൊണ്ടില്ല!!!

ഓടിക്കോ...

ശശിയുടേതായിരുന്നു ആ കമാന്‍ഡ്.

അതു കേള്‍ക്കാന്‍ അടുത്തെങ്ങും ഒരു പട്ടിപോലുമില്ലെന്നു മനസ്സിലായ ശശി അതിവേഗം റബര്‍തോട്ടത്തിലൂടെ അടുത്ത വീടുനോക്കി പായാന്‍ തുടങ്ങി. ശശി ഒറ്റയ്ക്കായിരുന്നില്ല. പട്ടിയും പിന്നാലെയുണ്ടായിരുന്നു.

വീടു കാണും മുന്‍പു ശശി കണ്ടത് ഒരു കന്നാലിക്കൂടാണ്. നേരെ അതിന്നുള്ളിലേക്ക് ഓടിക്കയറിയ അദ്ദേഹം പട്ടിയെ വാച്ചു ചെയ്യാന്‍ തുടങ്ങി. വെടി കൊണ്ടില്ലെങ്കിലും പടക്കം പൊട്ടിയതിന്‍റെ പരിഭ്രാന്തിയുണ്ടായിരുന്നതിനാല്‍ പേപ്പട്ടി ആയിരുന്നെങ്കിലും അല്‍പസ്വല്‍പം കോമണ്‍സെന്‍സുണ്ടായിരുന്ന പട്ടി ഇനി അതിയാനെ ഫോളോ ചെയ്യണോ എന്ന ആലോചനയിലായിരുന്നു. ശശിക്ക് ആ സമയം ധാരാളമായിരുന്നു. തോക്കില്‍ അടുത്ത തിര നിറച്ച് പശുത്തൊഴുത്തിന്‍റെ അരികില്‍ ശശി വേട്ടക്കാരനെപ്പോലെ കാത്തിരുന്നു. ഇരയായ പട്ടി അടുത്തു കണ്ട റബര്‍മരത്തോടു കാലുപൊക്കി സലാം പറഞ്ഞ് തന്‍റെ ഇരയെത്തേടിയുള്ള നടപ്പിലായിരുന്നു.

തന്‍റെ ഷൂട്ടിങ് റേഞ്ചില്‍നിന്നു പട്ടി മാറിപ്പോകുന്നതു കണ്ടു ശശിക്കു നിരാശയായി. നേരം ഏതാണ് പരക്കെ വെളുത്തുകഴിഞ്ഞു. പാതിരാത്രി മുതല്‍ പട്ടിയുടെ പുറകേ കൂടിയ പലരും തങ്ങളുടെ നില്‍പ് സ്വന്തം വീട്ടില്‍നിന്നു രണ്ടുമൂന്നു കിലോമീറ്റര്‍ അകലെയാണെന്നതും ആ നില്‍പില്‍ ആകെയുള്ളത് കിടക്കേപ്പായേന്ന് എഴുന്നേറ്റ് ഓടിയ കൂട്ടത്തിലുണ്ടായിരുന്ന ഒരേയൊരു കൈലി മാത്രമാണെന്നുമൊക്കെ ഓര്‍ത്തു ജാള്യപ്പെട്ടു തുടങ്ങിയ സമയം. ആദ്യ വെടി കൊള്ളാതെ പോയതിന്‍റെ ജാള്യം ശശിക്കുമുണ്ടായിരുന്നു. വെടികൊള്ളാതിരുന്ന പട്ടിക്ക് ലജ്ജിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. കടിക്കാന്‍ ഒരു മത്തിത്തല പോലും കിട്ടാത്തതിന്‍റെ കനത്ത ബോറഡിയുമായി ശശിയുടെ കണ്ണുവെട്ടിച്ചു നടന്നുവന്ന പട്ടി കാണുന്നത്, തന്‍റെ തൊട്ടുമുന്‍പില്‍ പുറം തിരിഞ്ഞിരുന്നു തോക്കിന്‍റെ ഉന്നം ശരിയാക്കുന്ന ശശിയെയാണ്. ഒരുനിമിഷം- പട്ടി ആലോചിച്ചോ എന്നറിയില്ല.

ആലോചനയ്ക്കു വേണ്ട മിനിമം ടൈമിനും മുന്‍പ് പട്ടി, ശശിയുടെ ശരീരത്തില്‍ എടുത്തു ചാടിയൊന്നു കടിച്ചു.

അയ്യോ എന്ന അലര്‍ച്ചയോടെ തിരിഞ്ഞ ശശി, ആദ്യത്തെ കടി സുമാറാകാത്തതിനാല്‍ രണ്ടാമത്തെ കടിക്കായി ചാടുന്ന പേപ്പട്ടിയെയാണു കണ്ടത്.

പേപ്പട്ടി, പേ, കടി, തോക്ക്, വെടി, ശശി...!!!

ഒരു കുന്തവുമുണ്ടായില്ല.

പട്ടി കടി തുടര്‍ന്നു. ഒരു പട്ടി പോലും ആ ഭാഗത്തേക്കു തിരിഞ്ഞുനോക്കാത്തതില്‍ അതിയായ വിഷമമുണ്ടായിരുന്നതിന്നിടയ്ക്കും ശശി അതു ചെയ്തു.
തോക്കിന്റെ പാത്തികൊണ്ടു തന്നെ കടിക്കുന്ന പട്ടിയുടെ നടുവു നോക്കി ഒരു പൂശ്.

പട്ടി നിലത്തേക്കു മലച്ചു. അടുത്ത നിമിഷം ബാക്കിയുണ്ടായിരുന്ന ഉണ്ട പട്ടിയുടെ െനറുകം തല നോക്കി പായിച്ച ശശി ഒരു നിമിഷത്തേക്ക് ദീര്‍ഘശ്വാസമെടുത്തു. അടുത്ത നിമിഷം അദ്ദേഹം ആ സത്യം തിരിച്ചറിഞ്ഞു- തന്നെയും പേപ്പട്ടി കടിച്ചിരിക്കുന്നു. തനിക്കും പേ പിടിക്കും. അല്ലെങ്കില്‍ ഉടന്‍ ആശുപത്രിയിലെത്തി കുത്തിവയ്പെടുക്കണം.

പട്ടി ചത്തു എന്നറിഞ്ഞതോടെ, മരത്തിന്റെ മുകളിലും തട്ടിന്‍പുറത്തുമൊക്കെയായി സംഭവത്തിന്റെ ഏരിയല്‍ വ്യൂ ആസ്വദിച്ചിരുന്ന ജനങ്ങള്‍ വീണ്ടും നിലത്തിറങ്ങി.

ആരെങ്കിലും തന്നെയുടന്‍ ഏതെങ്കിലും ഷാപ്പില്‍ സോറി, ആശുപത്രിയിലെത്തിക്കുമെന്നു വിചാരിച്ച ശശിക്കു പക്ഷേ തെറ്റി, ആരും എവിടെയും എങ്ങും എത്തിക്കാനുദ്ദേശിക്കുന്നില്ല. മാത്രമല്ല, എല്ലാവരും തന്റെ ഒരു കടിയകലം മാറിയാണു നില്‍പും.
കാര്യം കഴിഞ്ഞപ്പോള്‍ തന്റെ കാര്യം നോക്കാന്‍ ഒരു പട്ടിയുമില്ലെന്ന സത്യം പട്ടികടിയുടെ കുത്തുന്ന വേദനയ്ക്കിടെയും അതിനെക്കാള് വേദനയോടെ ശശി തിരിച്ചറിഞ്ഞു.

എന്തു ചെയ്യും? പോകാന്‍ വണ്ടിയില്ല. കൈയില്‍ കാശില്ല. ഉണ്ടായിരുന്ന തോക്കിലായിരുന്നെങ്കില്‍ ഉണ്ടയും തീര്‍ന്നു. ഇല്ലായിരുന്നെങ്കില്‍ അതുചൂണ്ടി നാട്ടുകാരെ പേടിപ്പിച്ചെങ്കിലും കാര്യം നടത്താമായിരുന്നു. ഇനി െന്താണു വഴിയെന്ന് ഏറെ നേരം ആലോചിക്കേണ്ടി വന്നില്ല, ശശിക്ക്.

ശരീരമാസകം കുളിരു പോലെ. കുളിരു കൂടിക്കൂടി വരികയാണ്. കയ്യും കാലുമൊക്കെ വിറയ്ക്കുന്നു. താടി കൂട്ടിയിടിക്കുന്നു. എന്തെങ്കിലും കടിച്ചു പിടിച്ചാല്‍ നന്നായിരിക്കുമെന്നു തോന്നാതിരുന്നില്ല. കടിക്കാനെന്തു കിട്ടും???

ഇത്രയും നാട്ടുകാരിങ്ങനെ വടി പോലെ നില്‍ക്കുന്പോള്‍ പിന്നെന്തിനു നോക്കിനില്‍ക്കണമെടാ ഉവ്വേ എന്ന് കുറച്ചുനേരം മുന്‍പു വടിയായ പട്ടിയുടെ ആത്മാവ് ശശിയോടു ചോദിച്ചു. ശശിക്കും അതു ശരിയാണെന്നു തോന്നി.

അടുത്ത നിമിഷം കടി ഉദ്ഘാടനം ചെയ്യപ്പെട്ടു. കടി കിട്ടിയവര്‍ ആദ്യം നിലവിളിച്ചു. പിന്നെ കരഞ്ഞു. കടി കിട്ടാത്തവര്‍ രക്ഷപ്പെട്ട് ഓടാനുളള തിടുക്കത്തിലായിരുന്നു. ആദ്യമാദ്യം ശശിയുടെ കടി കിട്ടിയവര്‍ക്ക് അതൊട്ടും സുഖിച്ചില്ല. കടിപ്പരിപാടിക്ക് അവരും കൂടി. കടി കിട്ടിയവരുടെ എണ്ണം കൂടി വന്നു. കടി കൊടുക്കുന്നവരുടെ എണ്ണവും കൂടി വന്നു. ചുരുക്കിപ്പറഞ്ഞാല്‍, അരമണിക്കൂറുകൊണ്ട് കുന്നനാകുഴിയില്‍ മുഴുവന്‍ കടി കിട്ടിയവരും കടി കൊടുത്തുവരും മാത്രമായി മാറി.

സര്‍ക്കാര്‍ നേരിട്ടടപെട്ടു. അരമണിക്കൂറിനകം എല്ലാവരെയും ആശുപത്രിയിലെത്തിച്ചു. പൊക്കിളിനു ചുറ്റും പതിനാലു കുത്ത്. ചികില്‍സ. എല്ലാം സൗജന്യമായിരുന്നു.

മേഖലയില്‍ കടി നിരോധിച്ചു. പൊതു സ്ഥലത്തു കടി നിരോധിക്കണമെന്നു സ്ഥലത്തെ അംഗന്‍ വാടി ടീച്ചര്‍ ൈഹക്കോടതിയില്‍ അപ്പീലു കൊടുത്തു. ഹൈക്കോടതി മേല്‍പ്പടി ഉത്തരവവായി.

എല്ലാ ബഹളങ്ങളുമൊഴിഞ്ഞ് ആശുപത്രി വിടുമ്പോള്‍ ശശി മനസ്സിലോ‍ര്‍ത്തു. വെറുതെ ഒന്നു കടിക്കാന്‍ തനിക്കു തോന്നിയില്ലായിരുന്നെങ്കില്‍....!!!!

Sunday, October 21, 2007

വാവച്ചന്‍ ഫ്രം ലണ്ടന്‍

വാവച്ചന്‍ അത്യധ്വാനിയായിരുന്നു. ചെറുപ്പം മുതലേ അധ്വാനശീലം അവന്റെ കൂടെപ്പിറപ്പായിരുന്നു. കഠിനാധ്വാനികള്‍ ജീവിതത്തില്‍ പരാജയപ്പെടാറില്ല എന്ന യാഥാര്‍ഥ്യത്തിന്റെ ജീവിക്കുന്ന സാക്ഷിയും തൊണ്ടിമുതലും ജഡ്ജിയും കോടതിയും വരെയായിരുന്നു വാവച്ചന്‍.

സ്കൂളില്‍ പരീക്ഷക്കാലം വന്നാല്‍പ്പിന്നെ വാവച്ചന് ഉറക്കമില്ലാ രാവുകളാണ്. രാത്രി മുഴുവന്‍ അവന്റെ മുറിയില്‍ വെളിച്ചമുണ്ടാകും. ലേബര്‍ ഇന്ഡ്യയും പാഠപുസ്തകവും മാറിമാറിയെടുത്ത്, തലേവര്‍ഷത്തെ ചോദ്യപേപ്പറും മിഡ്ടേം പരീക്ഷകളുടെ ചോദ്യപേപ്പറും എടുത്തുവച്ച് വിശകലനം ചെയ്ത്, പരീക്ഷയ്ക്കു വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെ പട്ടിക തയ്യാറാക്കും.

പിന്നെ, അതിന്റെ ഉത്തരങ്ങള്‍ പാഠപുസ്തകത്തിലും ഗൈഡിലും നോക്കി കണ്ടെത്തും. എന്നിട്ട് പുതിയ സൂപ്പര്‍മാക്സ് ബ്ളെയിഡ് എടുത്ത് അതു കൃത്യമായി മുറിച്ച് കൈവള്ളയിലിരുന്നാല്‍ പരീക്ഷ നടത്താന്‍ വരുന്ന സാറു പോയിട്ട്, സാക്ഷാല്‍ ദൈവം തമ്പുരാന്‍ പോലും കാണുകേലാത്ത വിധം മടക്കിയെടുക്കും. അങ്ങനെ മടക്കിയെടുക്കുന്നവയ്ക്ക് ഓരോ നമ്പരിടും.

ആ നമ്പരുകള്‍ വേറൊരു പേപ്പറില്‍ എഴുതി അതിനു ചേര്‍ക്കു ചോദ്യങ്ങളുമെഴുതി ഇന്‍ഡക്സും തയ്യാറാക്കും. ഒന്നുമുതല്‍ അഞ്ചുവരെ ഇടത്തെ കൈമടക്കില്‍. ആറുമുതല്‍ 10 വരെ വലത്തേകൈമടക്കില്‍. 11 മുതല്‍ 15 വരെ മടിക്കുത്തില്‍. 16 മുതല്‍ 21 വരെ ഇന്‍സ്ട്രുമെന്‍റ് ബോക്സിനടയില്‍ എന്നിങ്ങനെ വിശദമായ രേഖയുണ്ടാക്കും. ഇതെല്ലാം വളരെ വ്യക്തമായി അറേന്‍ജു ചെയ്ത് രാവിലെ നേരത്തെ എഴുന്നേറ്റ് മുണ്ടുടുത്താണു വാവച്ചന്‍ പരീക്ഷയ്ക്കു വരിക.

വന്നാല്‍, ഒന്നും മിണ്ടാതെ ഒന്നും വായിക്കാതെ കണ്ണടച്ച് ധ്യാനിച്ചിരിക്കും. പരീക്ഷ തുടങ്ങിക്കഴിഞ്ഞാല്‍ ആദ്യ അരമണിക്കൂര്‍ വാവച്ചന്‍ ചോദ്യപേപ്പര്‍ വായിച്ച് വെറുതെ എന്തൊക്കെയോ നോട്ടുചെയ്യുന്നതു കാണാം.

അരമണിക്കൂര്‍ കഴിഞ്ഞാല്‍ വാവച്ചന്‍ പിന്നെ എഴുത്ത് തുടങ്ങുകയായി. അതിവേഗം ബഹുദൂരം എന്ന മട്ടില്‍ വാവച്ചന്‍ എഴുത്തു തുടങ്ങും. ഒരു കാര്യം പറയാന്‍ വിട്ടു, വാവച്ചന്‍ പരോപകാരി കൂടിയായിരുന്നു.

എഴുതിക്കഴിഞ്ഞ തുണ്ടുകള്‍ അടുത്തിരിക്കുന്നവരുടെ അഭ്യര്‍ഥന പ്രകാരം അവര്‍ക്കായി നല്‍കുന്ന കാര്യത്തിലും അവന്‍ വിശാലമനസ്കനായിരുന്നു. അങ്ങനെ വാവച്ചന്‍ നല്‍കിയ തുണ്ടുകള്‍ നോക്കി പരീക്ഷയെഴുതിയവരില്‍ ചിലര്‍ ആധാരമെഴുത്തുകാരായി. ചിലര്‍ ചുവരെഴുത്തുകാരായി. ചിലര്‍ ബ്ളോഗെഴുത്തുകാരായി.

പക്ഷേ, അടുത്തകാലം വരെ വാവച്ചന്‍ ഒന്നുമായിരുന്നില്ല.
പത്തുകഴിഞ്ഞ് പ്രീഡിഗ്രിയും ഡിഗ്രിയും പിജിയും പാസായിട്ടും വാവച്ചന് കാര്യമായൊരു പണി കിട്ടിയില്ല. അതില്‍ വാവച്ചന് വല്ലാത്ത ദുഖമുണ്ടായിരുന്നു. ജോലി കിട്ടിയില്ലെങ്കിലും വീട്ടില്‍ കഞ്ഞികുടിക്കാന്‍ വകുപ്പുണ്ടെങ്കിലും എത്രയും വേഗം ഒരു കല്യാണം കഴിക്കണമെന്ന കക്ഷിയുടെ സ്വപ്നങ്ങള്‍ കെട്ടാതെ നിന്നു പോയി. മോഹങ്ങള്‍ മുരടിച്ചും മോതിരക്കൈ മുരടിച്ചും ദിവസങ്ങള്‍ കൊഴിഞ്ഞുവീഴ്കെയാണു കഴിഞ്ഞ വര്‍ഷം വാവച്ചന്‍ ലണ്ടനു പോയത്.

എങ്ങനെ പോയെന്നു ചോദിക്കരുത്, അങ്ങുപോയി. നാട്ടിലെ മിടുക്കനായൊരു ചങ്ങാതിയുടെ പ്രഫഷണല്‍ സര്‍ട്ടിഫിക്കറ്റ് കാണാനെന്നു പറഞ്ഞ് വാവച്ചന്‍ മേടിച്ചോണ്ടു പോയതായിരുന്നു വഴിത്തിരിവ്. അതുപോലെ ഒരെണ്ണം കക്ഷിയുമുണ്ടാക്കി. നാട്ടുകാരില്‍ നല്ല സുന്ദരമായി ഒപ്പിടാനറിയാവുന്ന പലരെക്കൊണ്ടും അതീവ രഹസ്യമായി അതില്‍ ഒപ്പുവീഴ്ത്തിച്ചു. ഒപ്പിനു മുകളില്‍ സ്വന്തമായിട്ടുണ്ടാക്കിച്ച സീല്‍ പതിപ്പിച്ചു. സര്‍ട്ടിഫിക്കറ്റ് റെഡി. വാവച്ചന്‍ എംബിഎക്കാരനായി. എംഎക്കാരനായ വാവച്ചന് എംബിഎയുമായി.

ഒരു സുപ്രഭാതത്തില്‍ നെടുമ്പാശേരിയില്‍നിന്നു കോട്ടും സ്യൂട്ടും ടൈയും കെട്ടി വാവച്ചന്‍ ലണ്ടനിലേക്കു വിമാനം കയറി. പിന്നെ തിരിച്ചു വരുന്നത് ഇപ്പോളാണ്. ഈ കഴിഞ്ഞയാഴ്ച.

വാവച്ചന്‍ ആളാകെ മാറിപ്പോയിരിക്കുന്നു.

ഉണ്ണിയപ്പം അച്ചു പോലെ കുഴിഞ്ഞ അവന്‍റെ കവിളുകള്‍ ഇപ്പോള്‍ ടാറിങ് കഴിഞ്ഞ എംസി റോഡുപോലെ സുന്ദരമായിരിക്കുന്നു. മുഖത്തുണ്ടായിരുന്ന പഴുതാര മീശയില്ല. പകരം, താടിയില്‍ കുറച്ചുഭാഗത്തുമാത്രമായി കുറച്ചുരോമമുണ്ട്. അതാണത്രേ പുതിയ ഫാഷന്‍. വന്നപാടെ പുതിയൊരു കാറുവാങ്ങി. പഴയ ചങ്ങാതിമാരെയെല്ലാം വാവച്ചന്‍ വീട്ടില്‍ച്ചെന്നു കണ്ടു. അക്കൂട്ടത്തില്‍ അവന്‍ എന്റെ വീട്ടിലും വന്നു. വന്നപാടെ എന്നെ കെട്ടിപ്പിടിച്ചു.


പിന്നെ ഒരു ഒന്നൊന്നര പ്രയോഗമായിരുന്നു.

ഹല്ലോ ഹൗ ആര്‍ യു????

കൈലി മുണ്ടുടുത്തു ഷര്‍ട്ടിടാതെ നിന്ന എനിക്ക് വല്ലാത്ത അപകര്‍ഷബോധമായിപ്പോയി. മറുപടി പറയണമെന്നാഗ്രഹമുണ്ടെങ്കിലും എബിസിഡി കഴിഞ്ഞാല്‍ ഋഅംഅ എന്ന ലൈനില്‍പ്പെട്ട നമ്മളെങ്ങനെ ഇവനോടു മറുപടി പറയും.

ഒരു വിധം പറഞ്ഞൊപ്പിച്ചു.

ഐ ആം ഫൈന്...!!!

വേര്‍ ഈസ് യുവര്‍ മദര്‍?

എന്റെമ്മേ .... ഞാനറിയാതെ വിളിച്ചുപോയി. അതുകേട്ട് അമ്മച്ചി അടുക്കളയില്‍നിന്ന് പപ്പടം പൊരിച്ചുകൊണ്ടിരിക്കെ ചട്ടുകവുമായി വന്നു.

അമ്മച്ചിയെ കണ്ടപാടെ വാവച്ചന്‍ വീണ്ടുമലറി. ഹായ് മമ്മീ.....

അതു കേട്ടപാടെ മമ്മി ഛേ അല്ല, അമ്മച്ചി തിരിഞ്ഞോടി.


വീണ്ടും ഞാനൊറ്റയ്ക്കായി. ഈ കാലമാടന്‍ മലയാളം മറന്നുപോയിക്കാണുമോ?

എടാ ഉവ്വേ കണ്ടിട്ടെത്ര കാലമായി? വാവച്ചന്‍ വക തനിമലയാളം.രക്ഷപ്പെട്ടു.

ഞങ്ങള്‍ പെട്ടെന്നു പഴയ ചങ്ങാതിമാരായി. പറയുന്നതു മലയാളമാണെങ്കിലും വാവച്ചന്‍ ലിവര്‍പൂളിലും മാഞ്ചസ്റ്ററിലും ചുറ്റിക്കറങ്ങുകയായിരുന്നു. ഭരണങ്ങാനത്തെ സ്റ്റാലിയന്‍ സോക്കര്‍ ക്ളബില്‍ ഞങ്ങളൊന്നിച്ചു ഫുട്ബോളു കളിച്ചിട്ടുണ്ട്.

ഇപ്പോള്‍ അവന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സെവന്‍സ് ടീമില്‍ അംഗമാണത്രേ.

എടാ, നമ്മുടെ കൂടെ പഠിച്ച ആ സോഫിയ ഇപ്പോള്‍ എവിടെയാ? അവളുടെ കല്യാണം കഴിഞ്ഞോ?

വാവച്ചന്റെ ചോദ്യം കേട്ടു ഞാന്‍ വാപൊളിച്ചു. പണ്ടു സണ്‍ഡേ സ്കൂളില്‍ പഠിച്ചതല്ലേടാ. അവരു സ്ഥലം വിറ്റുപോയി. ഇപ്പം ഹൈറേഞ്ചില്‍ എങ്ങാണ്ടാണ്. കല്യാണം കഴിഞ്ഞിട്ടില്ല. ഇന്നാളം അല്‍ഫോന്‍സാമ്മേടെ പെരുന്നാളിനു വന്നിട്ടുണ്ടായിരുന്നു.

എന്നാല്‍ നമുക്കവളുടെ വീടൊന്നു കണ്ടുപിടിക്കണം.

എന്നാത്തിനാടാ?

അവളെ കല്യാണം ആലോചിക്കാന്‍...

വാവച്ചന്റെ വാക്കുകേട്ട് ഞാന്‍കോരിത്തരിച്ചു. ഇവന്‍ ആളു കൊള്ളാമല്ലോ. പണ്ടു സ്കൂളില്‍ പഠിച്ച കാലത്ത് വാവച്ചന് അവളെ ഇഷ്ടമായിരുന്നു. വിശ്വാസപ്രമാണം കോപ്പിയടിച്ച ശേഷം അവന്‍ ഞങ്ങളെല്ലാരും ചോദിച്ചിട്ടും തന്നില്ല. അവനതു സോഫിയയ്ക്ക് എറിഞ്ഞിട്ടു കൊടുത്തു. സോഫിയ അതു നോക്കി പരീക്ഷയെഴുതി. അന്നു കോപ്പിക്കടലാസിനൊപ്പം വാവച്ചന്റെ ഹൃദയവും അവളുടെ മുന്‍പില്‍ ചെന്നു വീണു. അവളാ കോപ്പിക്കടലാസെടുത്ത് എഴുതി. ഹൃദയം വീണകിടപ്പ് ഇപ്പോളും കിടക്കുകയാണ്. പക്ഷേ, ആ വീഴ്ചയ്ക്ക് ഉടനൊരു തീരുമാനാവും.


അവളുടെ വീടുകണ്ടുപിടിക്കണം, പിന്നെ അവളെ ഒന്നു കാണണം. കുറച്ചുനേരം സംസാരിക്കണം. നീയെന്നെ അതിനു സഹായിക്കണം. അതുവരെയുള്ള ഫുള്‍ ചെലവും എന്റെ വക.- വാവച്ചന്‍ വികാരീധനനായി.

പിറ്റേന്നു യാത്ര പുറപ്പെട്ടു. വാവച്ചന്റെ സ്വന്തം കാറില്‍.

അവളെ കെട്ടുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ, ഒരു കാര്യമോര്‍ക്കുന്പോള്‍ വേണ്ടെന്നോര്‍ക്കും...- വാവച്ചന്‍ സംസാരിച്ചു തുടങ്ങി...

അതേതു കാര്യമാ വാവച്ചാ???

അല്ല അവളുടെ തന്തയെ പിന്നെ പപ്പാ എന്നു ഞാനും വിളിക്കേണ്ടി വരുമല്ലോ എന്നോര്‍ക്കുന്പോള്‍ വേണ്ടെന്നു തോന്നിപ്പോകും....

അയാള്‍ക്കെന്താടാ കുഴപ്പം? ഞാനറിയുവേല, അതുകൊണ്ടു ചോദിക്കുവാ....

കുഴപ്പമൊന്നുമില്ല, പക്ഷേ, എനിക്കയാളെ ഇഷ്ടമില്ല. - വാവച്ചന്‍ കട്ടായം പറഞ്ഞു.

ഓ നീയങ്ങു ലണ്ടനിലല്ലേ, പുള്ളിക്കാരന്‍ ഇങ്ങിവിടെയും. വല്ലപ്പോളും കാണുന്പോള്‍ ചുമ്മാ വിളിയെടാ....

വണ്ടി വണ്ടിപ്പെരിയാറെത്തി. സോഫിയയുടെ വീട് തപ്പിപ്പിടിച്ചു. പക്ഷേ, സോഫിയ വീട്ടിലില്ല. കോട്ടയത്ത് ഒരു ഹോസ്പിറ്റലില്‍ നഴ്സാണ്.

വാവച്ചനു സന്തോഷമായി. നഴ്സാണേല്‍ കെട്ടിയാല്‍ കൊണ്ടുപോകാന്‍ എളുപ്പമാ...

വണ്ടി കോട്ടയത്തെത്തി. ഹോസ്പിറ്റലു തപ്പിപ്പിടിച്ചു. നഴ്സുമാര്‍ക്ക് വിസിറ്റേഴ്സിനോടു സംസാരിക്കാന്‍ പറ്റത്തില്ലത്രേ?

എന്തു ചെയ്യും? കഠിനാധ്വാനിയായ വാവച്ചന്‍ കഠിനമായി ആലോചിച്ചു.


വിസിറ്റേഴ്സിനോടല്ലേ, സംസാരിക്കാന്‍ പറ്റാതുള്ളൂ... രോഗിയോടു സംസാസിരിക്കാതിരിക്കാന്‍ പറ്റത്തില്ലല്ലോ...???

ശരിയാടാ......

എന്നാല്‍ ഇന്നാ പിടിച്ചോ....

ടപ്പേന്ന് വാവച്ചന്‍ എന്റെ കൈയിലോട്ടു തളര്‍ന്നു വീണു. എടാ എനിക്കു തലകറക്കം. കഠിനമായ തലവേദന. ഉള്ളില്‍ പനി. എന്നെ ആ കാഷ്വാലിറ്റിയിലേക്കു കൊണ്ടുപോക്കോ....

വാവച്ചന്‍ അഡ്മിറ്റായി. പേവാര്‍ഡില് സ്വന്തമായൊരു മുറിയെടുത്ത് വാവച്ചന്‍ കിടപ്പാരംഭിച്ചു. ചികില്‍സ തുടങ്ങി. സോഫിയയെ വാവച്ചന്‍ കണ്ടുമുട്ടി. അവരുടെ ഹൃദയങ്ങള്‍ കൂട്ടിമുട്ടി. ഇടിമിന്നി. മിന്നലേറ്റ് സോഫിയയുടെ അപ്പന്‍ വീണു. വീണപാടെ പുള്ളിക്കാരനെ ഇന്റന്‍സീവ് കൊറോണറി കെയര്‍ യൂണിറ്റിലേക്കു മാറ്റി.

അതിയാന്‍ തട്ടിപ്പോയാല്‍ പപ്പാ വിളി ഒഴിവാകുമല്ലോയെന്നോര്‍ത്തു വാവച്ചന്‍ ഉള്ളാലെ ജുംബലക്ക പാടി.

പക്ഷേ, മൂപ്പരു തട്ടിപ്പോയില്ല. ആലോചന മുടങ്ങിപ്പോയതുമില്ല. വാവച്ചന്‍ സോഫിയയുടെ കഴുത്തില്‍ മിന്നുകെട്ടി. സോഫിയ വാവച്ചന്റെ അരയിലൊരു മുഴുത്ത തുടലും കെട്ടി. അങ്ങനെ വാവച്ചന്‍ സോഫിയയുടെ ഭര്‍ത്താവായി.

വാവച്ചന്‍ ലണ്ടനിലെത്തി. അധികം വൈകാതെ സോഫിയയും.

ഇന്നലെ രാത്രി വീട്ടിലേക്കു വാവച്ചന്റെ ഫോണ്‍. ഫ്രം ലണ്ടന്‍.

എടാ.....

അവന്റെ വിളിയില്‍, ആ ശബ്ദത്തിലെ പതര്‍ച്ച ഏഴുകടലിന്നിപ്പുറത്തും വ്യക്തമായിരുന്നു.

എന്താടാ????

സോഫിയ........

എന്താടാ സോഫിയയ്ക്ക്???

അവളു പോയെടാ......

അയ്യോ... എങ്ങോട്ട്?????


അവളുടെ അപ്പനെ പപ്പാന്നു വിളിക്കാന്‍ സൗകര്യമില്ലെന്നു പറഞ്ഞതിന് അവളെന്നെ ഇട്ടേച്ച് വേറൊരുത്തന്റെ കൂടെപ്പോയെടാ.....

ഞാന്‍ സത്യമായിട്ടും ഞെട്ടി.

പപ്പാന്നു വിളിക്കാന്‍ പറ്റില്ലെന്നും പറ‍ഞ്ഞിത്രയും വലിയ പുകിലോ?

അതേടാ... പപ്പാന്നല്ലേല്‍ ഡാഡീന്നു വിളിക്കണമെന്നവള്‍. അതും പറ്റുകേലെന്നു ഞാന്‍.

പിന്നെയോ?

അപ്പച്ചാ എന്നു വിളിച്ചാല്‍ മതിയെന്നും അവളു പറഞ്ഞതായിരുന്നു.

അതു നീ സമ്മതിച്ചോ?

ഇല്ലെടാ... ഒടുവില്‍ കോംപ്രമൈസിന് അവളു പറഞ്ഞു, സോഫിയയുടെ അപ്പാന്നേലും വിളീന്ന്....

ഞാന്‍ അതും വിളിച്ചില്ലെടാ....

പിന്നെയോ....

നിവൃത്തികെട്ട് ഞാനയാളെ അയാളുടെ ഒഫിഷ്യല്‍ പേരുതന്നെ വിളിച്ചോളാമെന്നു പറഞ്ഞു. ഇന്നലെ ഇങ്ങോട്ടു ഫോണ്‍ വിളിച്ചപ്പം അങ്ങനെ വിളിക്കുകയും ചെയ്തു. അതോടെ അവളു പിണങ്ങി.

അയ്യോ അത്ര പുകിലോ? എന്നതാടാ അവളുടെ അപ്പന്റെ ഒഫിഷ്യല്‍പേര്????

ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം വാവച്ചന്‍ പറഞ്ഞു- ടിന്റുമോന്‍!!!!!

Sunday, October 14, 2007

പെണ്ണുകാണല്‍


എന്‍റെ സുഹൃത്തും സന്തതസഹചാരിയും സഹപാഠിയുമാണു ലെനിന്‍.

(തല്ലുകൊള്ളി, താന്തോന്നി, തെമ്മാടി തുടങ്ങിയ വിശേഷണങ്ങള്‍, അതിന് ഉപോദ്ബലകമായ വിശദാംശങ്ങള്‍ തുടങ്ങിയവ ഇനിയാവശ്യമില്ലല്ലോ... രക്ഷപ്പെട്ടു!).

ഭരണങ്ങാനത്തെ അറിയപ്പെടുന്ന കര്‍ഷകപ്രമുഖനും ധനികനും ഈശ്വരവിശ്വാസിയുമായ അവിരാമാപ്പിളയുടെ ഇളയ മകനായിരുന്നു അവന്‍.

ആയകാലത്ത് അവിരാമാപ്പിള കടുത്ത കമ്യൂണിസ്റ്റായിരുന്നു. അതായിരുന്നു മകനു ലെനിന്‍ എന്ന പേരിടാന്‍ കാരണം. പിന്നീട് കൊളസ്ട്രോള്‍, ബി.പി, പ്രമേഹം, ഹാര്‍ട്ട് അറ്റാക്ക് തുടങ്ങിയ ചെറിയചെറിയ രോഗങ്ങള്‍ നിത്യസംഭവമായതോടെ അവിരാമാപ്പിള കമ്മ്യൂണിസം നിര്‍ത്തി കരിസ്മാറ്റിക്കായി. ലെനിന്‍ വര്‍ഗശത്രുവും മഹാപാപിയുമായി. പക്ഷേ, എന്തു ചെയ്യാം, എസ്എസ്എല്‍സി ബുക്കില്‍ ഉള്‍പ്പെടെയുള്ള മകന്‍റെ പേരുമാറ്റാന്‍ മാര്‍ഗമൊന്നുമില്ലല്ലോ...

അങ്ങനെ കയ്ച്ചിട്ട് ഇറക്കാനും കൊതിച്ചിട്ടു തുപ്പാനും പറ്റാത്ത മിലിട്ടറി റം പോലെ അവിരാമാപ്പിളയുടെ ഇളയമകന്‍ ലെനിന്‍ ലെനിനായിത്തന്നെ തുടര്‍ന്നു. അവന്‍റെ പ്രായം പയറുവള്ളിപോലെ ഇരുപത്താറിലെത്തിയപ്പോളാണ് അവിരാമാപ്പിളയ്ക്കു ബോധോധയമുണ്ടായത്.

മകനെ എത്രയും പെട്ടെന്നു പിടിച്ചു പെണ്ണുകെട്ടിക്കണം. തന്‍റെ കാറ്റുപോകും മുന്‍പു വീട്ടിലൊരു അനന്തരാവകാശി കൂടി വേണം.

അപ്പനോടിതെങ്ങനെ പറയും എന്നാലോചിച്ചു വര്‍ഷങ്ങളായി താടി നീട്ടി നടക്കുകയായിരുന്ന ലെനിനും കാര്യങ്ങളുടെ പുരോഗതി കണ്ടു സന്തോഷമായി.
പെണ്ണുകാണല്‍ നിശ്ചയിച്ചു.

അടുക്കത്തിനടുത്താണു പെണ്ണുവീട്.

അവിരാമാപ്പിളയുടെ ഇളയപെങ്ങള്‍ മോനിക്കാചേട്ടത്തിയുടെ മൂത്തമരുമകളുടെ അമ്മവീടിന് അടുത്ത് ആടിനെ തീറ്റാന്‍ വന്നുകൊണ്ടിരുന്ന ചേട്ടത്തിയുടെ മകളെ കെട്ടിയോന്റെ അനിയത്തിയാണു കുട്ടി. പത്താം ക്ളാസ് വരെ പഠിച്ചു. രണ്ടുവര്‍ഷം മഠത്തില്‍പ്പോയെങ്കിലും വീട്ടുകാരു നിര്‍ബന്ധിച്ചു തിരിച്ചുകൊണ്ടുവന്നു. ദൈവവിളിയും ജീവിതത്തിലെ വെല്ലുവിളിയും ഏറ്റെടുക്കാന്‍ തന്റേടമുള്ള കുട്ടി. ലെനിനു ചേരുമെന്ന് അവന്‍റെ അമ്മച്ചി പറഞ്ഞു.

ഒരു ഞായറാഴ്ചയായിരുന്നു പെണ്ണുകാണല്‍.

വെള്ളിയാഴ്ച വൈകിട്ട് അവിരാമാപ്പിള വീട്ടില്‍വന്നു.
എടാ ലെനിന്‍റെ കൂടെ നീയും കൂടിപ്പോണം. അവന് ഇഷ്ടമായോ എന്ന് അന്വേഷിച്ചു നീ വേണം പറയാന്‍. അവനിഷ്ടമായില്ലെങ്കില്‍ വേണ്ട, വേറെ നോക്കാം. - അവിരാമാപ്പിള പറഞ്ഞു.

ഞാനെതിര്‍ക്കാന്‍ പോയില്ല. എന്തിന് എതിര്‍ക്കണം, എനിക്കുമൊരു പ്രാക്ടീസാവുമല്ലോ.

പെണ്ണുകാണല്‍ തലേന്നായി.

പെണ്ണ് എങ്ങനെയുള്ളതായിരിക്കുമോ ആവോ? - അല്‍പം ഉച്ചത്തിലായിരുന്നു അവന്‍റെ ആത്മഗതം!!!

ഓ....പെണ്ണുകാണാന്‍ പോവുന്പോള്‍ എല്ലാവര്‍ക്കും തോന്നുന്നതാ ഇങ്ങനെ. പെണ്ണുങ്ങള്‍ എല്ലാം ഒരേ ജനുസ്സാ. പഴുപ്പിച്ച ഇരുന്പുകന്പി പോലെ. നമ്മളു വളയ്ക്കുന്നതു പോലെ വളയും. എന്നുവച്ച്, ഇടയ്ക്കിടെ പഴുപ്പിച്ചു വളയ്ക്കാമെന്നു വിചാരിക്കരുത്. ആദ്യം നമ്മളു കസ്റ്റമൈസ് ചെയ്തു വച്ചതുപോലെ ഷട്ട്ഡൗണാകും വരെയിരുന്നോളും. പക്ഷേ, ഇടയ്ക്കിടെ കസ്റ്റമൈസ് ചെയ്യാന്‍ പോയാല്‍ സിസ്റ്റം ഹാങ്ങാവും....- ഞാന്‍ ആധികാരികനായി..

ഉറപ്പാണോടാ? നിനക്കെങ്ങനെ ഈ വിവരങ്ങളൊക്കെയുണ്ടായി????

അതാ പറയുന്നത്, കല്യാണം കഴിച്ചവര്‍ക്കൊപ്പം കള്ളുകുടിക്കണമെന്ന്!!! ഫ്രീയായിട്ട് ഉപദേശവും കിട്ടും കള്ളും കിട്ടും.

ലെനിന്റെ സംശയങ്ങള്‍ പക്ഷേ തീര്‍ന്നിരുന്നില്ല.


എന്നാലും ഇതുങ്ങളുടൊയക്കെ തലക്കനം അപാരമായിരിക്കും. വടക്കേടത്തെ സൂസിയെപ്പോലുള്ളതുങ്ങളൊന്നും ആവാതെയിരുന്നാല്‍ മതിയായിരുന്നു...

ഓ...സൂസിടെ കല്യാണം കഴിയുന്നിടം വരെയല്ലായിരുന്നോ തലക്കനം. അവളെ കെട്ടിച്ചുവിട്ടടുത്തുനിന്ന് അമ്മായിമ്മ ചെരവയ്ക്കു നാലെണ്ണം കൊടുത്തപ്പോള്‍ ഡീസന്റായി. പണ്ടു നമ്മളെ കണ്ടപ്പോള്‍ മൈന്‍റ് ചെയ്യാതെ നടന്നവള്‍ ഇന്നലെ എന്നെ കണ്ടപ്പോള്‍ ചിരിച്ചായിരുന്നല്ലോ... അതൊക്കെ അതിന്റെ മട്ടം പോലെ നീയങ്ങു ഡീലു ചെയ്താല്‍ മതി!!!

എന്നാലും എന്‍റെ അമ്മച്ചിയുടെ നേര്‍ക്കെങ്ങാനും ചാടിക്കേറുന്ന ഇനമായിരിക്കുമോടാ???

കുറേയൊക്കെ നമ്മളു കണ്ടില്ലെന്നു നടിച്ചാല്‍ മതിയെന്നേ....നമ്മുടെ അമ്മച്ചിമാരു നമ്മുടെ വല്യമ്മച്ചിമാര്‍ക്കിട്ടു ചെറിയ പണികളു കൊടുക്കുന്നതു നമ്മളു ചെറുപ്പത്തില്‍ കണ്ടിട്ടുള്ളതല്ലേ. അതിന് പകരം അവര്‍ക്കിട്ടും കിട്ടിയില്ലേല്‍ സ്വര്‍ലോകത്തില്‍ ചെല്ലുമ്പോള്‍ ദൈവം തമ്പുരാന്‍ വേറെ കൊടുക്കും. അതുകൊണ്ട് അത്യാവശ്യം ഒന്നുരണ്ടെണ്ണം കിട്ടുന്നതില്‍ ഒരു തെറ്റുമില്ലെടാ...

കെട്ടിവരുന്നവളു നമ്മുടെ തുണിയൊക്കെ അലക്കി തരുമായിരിക്കുമോടാ...???

അലക്കി കിട്ടാന്‍ സാധ്യത കുറവാടാ. അതുകൊണ്ട്, സ്ത്രീധനം കിട്ടുമ്പോള്‍ തന്നെ നീയൊരു വാഷിങ് മെഷീന്‍ േമടിച്ചു വീട്ടില്‍ വച്ചേര്. ആ പ്രശ്നവും ഒഴിഞ്ഞുപൊയ്ക്കോളും.

വല്ലതും തിന്നാന്‍ ഉണ്ടാക്കുന്ന ഇനമായിരിക്കുമോടേയ്????

പെണ്ണുകാണാന് ചെല്ലുന്പോള്‍ നിന്റെ ഭാവി അമ്മായിഅപ്പനെ നോക്കിയാല്‍ മതി. മൂപ്പരു മുഴുത്തു കൊഴുത്താണിരിക്കുന്നതെങ്കില്‍ കുഴപ്പമില്ല. മെലിഞ്ഞുണങ്ങി അയ്യോ പാവമേ എന്ന ഷേപ്പിലാണെങ്കില്‍, ഉറപ്പാ അവിടെ അതിയാനു കഞ്ഞിപോലും കിട്ടുന്നു കാണുകേല. നിന്‍രെ കാര്യവും ഭാവിയില്‍ ആ ഗതിയാവും....

ഏതായാലും നമ്മളു നാളെ പെണ്ണുകാണാന്‍ പോകുവാണല്ലോ. ഞാനുമുണ്ടല്ലോ. നിനക്കിഷ്ടമായില്ലെങ്കില്‍ വേറെ പെണ്‍പിള്ളേരെ നോക്കാമെന്നു നിന്‍റെ അപ്പന്‍ ഇന്നലെ എന്നോടു പറഞ്ഞിരുന്നു. - ഞാന്‍ അവനു ധൈര്യം കൊടുത്തു.

പക്ഷേ, ലെനിന്‍രെ മുഖത്തു ധൈര്യം തെളിഞ്ഞില്ല.

എന്നാലും അവളു ക്ളാരെയെപ്പോലെ തന്നെ ആയിരിക്കുമോ ആവോ????

ക്ളാര....????? ആ പേര് ഞാനാദ്യം കേള്‍ക്കുകയായിരുന്നു. ഇത്രയും കാലത്തെ കളളുകുടി, മാട്ടംപറിക്കല്‍ ഇടപാടുകള്‍ക്കിടയൊന്നും അവന്‍റെ വായില്‍നിന്ന് ഞാന്‍ ആ പേരു കേട്ടിരുന്നില്ല.... ഞാന്‍ ശരിക്കും ഞെട്ടി!

ക്ളാരയോ??? അതാരാടാ????

ലെനിന്‍ എന്നെ ദയനീയമായൊന്നു നോക്കി. ഇനിയതൊന്നും പറഞ്ഞിട്ടു കാര്യമില്ല. എല്ലാം പഴയ കഥകള്‍. ക്ളാരയെപ്പോലെ ഒരു പെണ്ണിനെ കെട്ടണമെന്നതാണ് എന്‍റെ സ്വപ്നം.

അതും പറഞ്ഞ് അവന്‍ വീട്ടിലോട്ടു പോയി. രാത്രി തിരിഞ്ഞും മറിഞ്ഞും തലകുത്തിയും കിടന്നു നോക്കിയിട്ടും എനിക്കുറക്കം വന്നില്ല. ആരായിരിക്കും ഈ ക്ളാരയെന്നാലോചിച്ച് എന്‍റെ തലമണ്ട പുകഞ്ഞു.

ഇത്രയും കാലും ലെനിന് ഒപ്പം നടന്നിട്ടും ഇവനിങ്ങനെ ഒരു കണക്ഷനുണ്ടായിരുന്നതോ അതു കൈവിട്ടുപോയതോ പറയാതിരുന്നതിനെക്കുറിച്ചോര്‍ത്ത് ഞാന്‍ സങ്കടപ്പെട്ടു. അവന് സംഗതി കൈവിട്ടുപോയതിലായിരുന്നില്ല എനിക്കു ദുഖം. എന്‍റെ മഹത്തായ ഇരുപത്താറരവര്‍ഷങ്ങള്‍ വേസ്റ്റായിപ്പോയതിന് ആരു നഷ്ടപരിഹാരം തരും????

ആരു തരാന്‍?

നേരം വെളുത്തു. അതിരാവിലെ മിടുമിടുക്കനായി ലെനിന്‍ വീട്ടിലെത്തി. എനിക്കത്ര ഉല്‍സാഹം തോന്നിയില്ല. എങ്കിലും പെണ്ണുകാണലാണല്ലോ എന്നോര്‍ത്ത് രാവിലെ അവനൊപ്പം ഇറങ്ങി. ഞാന്‍ ഷേവു ചെയ്യാതിരിക്കാനും പരമാവധി മോശം ഷര്‍ട്ടും മുണ്ടുമുടുക്കാനും അവന്‍ പ്രത്യേക നിഷ്കര്‍ഷ പുലര്‍ത്തുന്നതു കണ്ടപ്പോളേ എനിക്കു കാര്യം പിടികിട്ടി. കാര്യത്തോട് അടുക്കുമ്പോള്‍ എല്ലാ അവന്‍മാരും ഇങ്ങനെയാണ്.

വലിയൊരു മലകയറി അതിറങ്ങി പിന്നെയുമൊന്നു പകുതി കയറി പെണ്ണുവീട്ടിലെത്തയിപ്പോള്‍ നേരം ഉച്ചയായി.

അകത്തുനിന്ന് പെണ്ണിന്റെയപ്പന്‍ ഇറങ്ങിവന്നു. ഞാന്‍ കൈ കൊടുക്കും മുന്‍പേ ലെനിന്‍ ചാടിച്ചെന്നു കൈകൊടുത്ത് പരിചയപ്പെട്ടു.

അത്രയും നേരം എന്നോടു സംസാരിച്ച അവന്‍ എന്നെ മൈന്‍ഡു ചെയ്യാതായി. വീട്ടുകാര്‍ക്കും എന്നോടൊരു മൈന്‍ഡുമില്ല. ഇനിയൊരിക്കലും പെണ്ണുകാണാന്‍ ആരുടെയും കൂട്ടത്തില്‍ പ്പോകരുത്. പട്ടീടെ വില പോലും കിട്ടത്തില്ല- ഞാന്‍ മനസ്സില്‍ തീരുമാനിച്ചു
കഴിഞ്ഞിരുന്നു.

നട്ടുച്ചയ്ക്ക് തിളയ്ക്കുന്ന ചായയുമായി പെണ്ണുവന്നു.

ഒറ്റനോട്ടത്തിലേ എനിക്കിഷ്ടമായി. ഞാന്‍ ഏറുകണ്ണിട്ട് ലെനിനെ നോക്കി. അതുവരെ ഊര്‍ജസ്വലനായിരുന്ന അവന്‍ പെണ്ണിനെ കണ്ടതും ഡിം ആയ പോലെ.
കൊച്ചു ചായ ലെനിനു കൊടുത്തു. എനിക്കുള്ളതു മേശപ്പുറത്തു വച്ചിട്ടു പോയി.

ലെനിന്‍ നിലത്തോട്ടു നോക്കിയിരിപ്പു തുടര്‍ന്നു. പെണ്‍കുട്ടി അപ്പന്‍റെ അടുത്തുപോയി സെറ്റിയില്‍ കൈപിടിച്ച് നിലത്തു കാല്‍ വിരല്‍ കൊണ്ടു മാര്‍ത്തോമ്മാ കുരിശുവരച്ച് നില്‍പുതുടര്‍ന്നു.

സാധാരണ ചോദിക്കാറുള്ള ചോദ്യം ലെനിന്‍ ചോദിച്ചില്ല. ചോദിക്കുന്ന മട്ടുമില്ല. നിമിഷങ്ങള്‍ ഗള്‍ഫുകാരന്‍റെ വീടിനു മുന്നില്‍ക്കാണാറുള്ള ബ്രോക്കര്‍മാരെപ്പോലെ പെരുകി.

അവന്‍ ചോദിക്കുന്ന മട്ടില്ല. ആ സാഹചര്യത്തില്‍ ഞാനതു ചോദിച്ചു.

എന്താ പേര്?

നിര്‍മല- നിര്‍മലമായി അവള്‍ മൊഴിഞ്ഞു.

നല്ല കുട്ടി. ശാലീനത്വം, സൗമ്യത, ശാന്തത, സൗന്ദര്യം എല്ലാം ചേരും പടി. പെണ്ണിന്റെ അമ്മയും നല്ലയൊരു സ്ത്രീയാണെന്നു മുഖത്ത് എഴുതി വച്ചിട്ടുണ്ടായിരുന്നു.
പക്ഷേ, അവനു പെണ്ണിനെ ഇഷ്ടപ്പെട്ടില്ലെന്ന് എനിക്കുറപ്പായി.എനിക്കാണേല്‍ പെണ്ണിനെ ഇഷ്ടമാവുകയും ചെയ്തു. എനിക്കിഷ്ടമായിട്ടെന്ത്?

അടിക്കാന്‍ അറിയാവുന്നവന്‍റെ കയ്യില്‍ തമ്പുരാന്‍ വടി കൊടുക്കില്ലല്ലോ!!!

നിങ്ങള്‍ക്ക് എന്നതേലും മിണ്ടാനും പറയാനും മറ്റുമുണ്ടാവുമല്ലോ- പെണ്ണിന്‍റെ അപ്പന്‍ ആ ക്ളീഷേ ചോദ്യമെടുത്തിട്ടു.

എനിക്കൊന്നും പറയാനില്ല. ഞങ്ങളിറങ്ങട്ടെ...- ലെനിന്‍ ചായ പോലും കുടിക്കാതെ ചാടിയിറങ്ങി.

ഞാന്‍ ഐസായിപ്പോയി. ചേട്ടാ.. വരട്ടെ എന്നു മാത്രം പറഞ്ഞ് പെണ്ണിന്റെയും അവളുടെ അമ്മയുടെയും അപ്പന്‍റെയും മുഖത്തു നോക്കാതെ ഞാനുമിറങ്ങി.

തിരിച്ചുപോരുമ്പോള്‍ അവന്‍ തന്നെയാണതു പറഞ്ഞത്. അവള്‍ക്കു ക്ളാരയുടെ അത്രയും മുടിയില്ല. ക്ളാരയുടേത് ഉണ്ടക്കണ്ണുകളാ... ഇവളുടേത് അങ്ങനെയല്ല. ക്ളാര ചിരിക്കുമ്പോള്‍ കാണാന്‍ നല്ല രസമാ. ഇവളു ചിരിച്ചാല്‍ നമ്മളു കരഞ്ഞുപോവും. ക്ളാര നടക്കുന്നതു കാണാനും നല്ല ശേലാ. ഇവള്‍ക്കു ചെറിയ ചട്ടുണ്ടോയെന്നു സംശയമുണ്ട്.

തങ്കപ്പെട്ട ആ പെണ്‍കൊച്ചിനെക്കുറിച്ച് ഇങ്ങനെയൊരോ അപഖ്യാതി പറയുന്നതു കേട്ടപ്പോള്‍ എനിക്കവന്‍റെ നെഞ്ചിന്‍കൂടു നോക്കിയൊന്നു പെരുക്കാന്‍ തോന്നിപ്പോയി.

നിനക്കിഷ്ടമായില്ലെങ്കില്‍ വേണ്ട. കൂടുതല്‍ പറയേണ്ട- ഞാന്‍ വിലക്കി.

വീണ്ടും അവന്‍റെയൊരു ക്ളാര. പറയെടാ ആരാ ഈ ക്ളാര. ജീവിച്ചിരിപ്പുണ്ടോ? കല്യാണം കഴിഞ്ഞോ? ഇല്ലേല്‍ നമുക്കൊന്നാലോചിക്കാമെടാ....

ഒരു നെടുവീര്‍പ്പ് മാത്രമായിരുന്നു അവന്‍റെ മറുപടി.
ഇനി പെണ്ണുകാണാന്‍ ഒരിടത്തും പോവില്ലെന്ന് ലെനിന്‍ അന്നുതന്നെ വീട്ടില്‍ പ്രഖ്യാപിച്ചു. പെണ്‍കുട്ടികളുടെ ഫോട്ടോ കണ്ട ശേഷം, കാണാന്‍ പോവണോ എന്നു തീരുമാനിക്കുമത്രേ.

അവിരാമാപ്പിള നാട്ടിലുള്ള സകല ബ്രോക്കര്‍മാരെയും വിളിച്ചു ഫോട്ടോകള്‍ക്ക് ഓര്‍ഡര്‍ ചെയ്തു.

പാസ്പോര്‍ട്ട് ൈസസു മുതലുള്ള ചിത്രങ്ങള്‍ പിറ്റേന്നു മുതല്‍ ലെനിന്‍റെ മുന്‍പില്‍ വന്നു വീണു തുടങ്ങി. വൈകിട്ട് അതുമായി അവന്‍ എന്‍റെയടുത്തു വരും.
ഓരോന്നിനും ഓരോ കുറ്റം പറഞ്ഞ് അവന്‍ തള്ളിക്കളഞ്ഞുകൊണ്ടിരുന്നു. എല്ലാറ്റിനും അവനൊരു കാരണമുണ്ടായിരുന്നു. ക്ളാര!!!!!

ദിവസങ്ങളും മാസങ്ങളും മുന്‍പോട്ടു പോയി. ഒരുദിവസം രാവിലെ അവിരാമാപ്പിള വീട്ടില്‍വന്നു.

മകനു പെണ്‍കുട്ടികളെയൊന്നും ഇഷ്ടമാവാത്തതില്‍ അദ്ദേഹത്തിനു കടുത്ത വിഷമുണ്ടായിരുന്നു.

എന്താ മോനേ അവന്‍റെ പ്രശ്നം???

ആ ചോദ്യത്തിനു മുന്നില്‍ എത്ര പിടിച്ചുനിന്നിട്ടും എനിക്കു മറുപടി പറയാതെ നിവൃത്തിയുണ്ടായിരുന്നില്ല.

അവിരാച്ചേട്ടന്‍ അവനോടു ദേഷ്യപ്പെടരുത്. അവന്‍റെ മനസ്സില്‍ ക്ളാര എന്നൊരു പെണ്‍കൊച്ചാ. എത്ര ചോദിച്ചിട്ടും അതാരാണെന്ന് അവന്‍ പറയുന്നില്ല. ക്ളാരയെപ്പോലെ ഒന്നിനേയേ കെട്ടുകയുള്ളൂവെന്നാണ് അവന്‍റെ പിടിവാശി. - ഞാനുണര്‍ത്തിച്ചു.

ക്ളാര എന്ന പേര് അവിരാച്ചേട്ടനും ആദ്യമായിട്ടു കേള്‍ക്കുകയായിരുന്നു.

ഏതായാലും ഇന്നു വൈകിട്ട് മോന്‍ വീട്ടിലോട്ടൊന്നു വാ.... ചങ്കും തടവി പോകും മുന്‍പ് അവിരാച്ചേട്ടന്‍ പറഞ്ഞു.

വൈകിട്ടായി. ഞാന്‍ ലെനിന്റെ വീട്ടില്‍ച്ചെന്നു. ഉമ്മറത്തെ ഇളംതിണ്ണയിലിരുന്ന് പാക്കുവെട്ടുകയായിരുന്നു അവിരാമാപ്പിള.

അവനില്ലേടീ ഇവിടെ? - പുള്ളിക്കാരന്‍ അകത്തോട്ടു വിളിച്ചു ചോദിച്ചു.

ഉണ്ടേ... ലെനിന്‍ ഇറങ്ങി വന്നു.

നീയിരിക്ക്.

ലെനിന്‍ ഇരിക്കാതെ അവിടെയകലെ നിന്നു.

നിനക്ക് കല്യാണമൊന്നും ശരിയാകുന്നില്ലല്ലോ. എന്തു ചെയ്യും?

അവന്‍ മറുപടി പറഞ്ഞില്ല. എന്‍റെ മുഖത്തേക്ക് ഒന്നു നോക്കുക മാത്രം ചെയ്തു.

ഉത്തരം കിട്ടാതെ വന്നതോടെ അവിരാ മാപ്പിള എന്‍റെ മുഖത്തേക്കൊന്നു നോക്കി.

എന്നിട്ട് അവന്‍റെ മുഖത്തടിച്ച പോലെ ആ ചോദ്യമങ്ങു ചോദിച്ചു.

ആരാടാ ക്ളാര????

ലെനിന്‍ ഞെട്ടിയില്ല. പകരം അപ്രതീക്ഷിതമായ ആ ചോദ്യത്തില്‍ ‍ഞാന്‍ ഞെട്ടി.

നിശ്ശബ്ധത തുടര്‍ന്നു.

ആരാന്നാ ചോദിച്ചത്???

ഒരാളാ...

അതു മനസ്സിലായി. അതാരാന്ന്?

എനിക്കിഷ്ടമാ....

എവിടെയുള്ളതാ... നമ്മക്കു പറ്റുന്നതാണോ?

മറുപടിയില്ല.

നമ്മക്കു പറ്റുന്നതാണേല്‍ പത്തുകാശു കുറവാണേലും വേണ്ടുകേല. പിടിച്ചു കെട്ടിച്ചേക്കാം.

അതിനും മറുപടിയില്ല.

എടാ പെണ്ണ് എവിടെയുള്ളതാണെന്ന്...???
മറുപടിയില്ല.

സംഗതി ഏകപക്ഷീയമായതോടെ ഞാനിടപെട്ടു.
എടാ അവളുടെ പടമുണ്ടോ?

അതൊരു പ്രതീക്ഷയായിരുന്നു. അതിനവന്‍ ഉത്തരം പറഞ്ഞു. ഉണ്ട്.

എന്നാല്‍ എടുത്തോണ്ടു വാടാ.... അവിരാമാപ്പിളയ്ക്കു ദേഷ്യം കയറി.

അവന്‍ അകത്തേക്കു പോയി. മൂന്നു മിനിറ്റു കഴിഞ്ഞ് തിരികെ വന്നു.

കയ്യില്‍ ഭദ്രമായി മടക്കിപ്പിടിച്ച ഒരു ഡയറി ഉണ്ടായിരുന്നു.

അത് അവന്‍ എന്റെ കയ്യില്‍ ത്തന്നു. ആദ്യത്തെ പേജിലുണ്ട്.

ഞാന്‍ പ്രതീക്ഷയോടെ അതു തുറന്നുനോക്കി.
ഡയറിയുടെ ആദ്യത്തെ പേജില്‍, പത്തിരുപതു വര്‍ഷം മുന്‍പത്തെ നാനാ സിനിമാവാരികയുടെ ഒരു താള്‍ കീറി വച്ചിരിക്കുന്നു.

അതില്‍, എന്തോ ഹെയര്‍ ഓയിലിന്റെ പരസ്യം. ക്ളാര ഹെയര്‍ ഓയില്‍. മോഡലായി നിറയെ മുടിയുള്ള ചിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം. ഇരുപതു വര്ഷമെങ്കിലും പഴക്കം കാണും കടലാസു കഷ്ണത്തിന്. അതിലെ ക്ളാരയുടെ മക്കള്‍ ഇപ്പോള്‍ ഇതുപോലെയായിട്ടുണ്ടാവും!!!

ഹൃദയസ്തംഭനത്തിന്‍റെ തൊട്ടുമുന്‍പത്തെ അവസ്ഥാവിശേഷങ്ങളില്‍ എന്‍റെ ബുദ്ധിമറ‍ഞ്ഞപോലെ.

ഞാനാ ഡയറി അവിരാമാപ്പിളയ്ക്കു നേര്‍ക്കു നീട്ടി.

അദ്ദേഹം അതു കണ്ട് മകന്‍റെ നേര്‍ക്കൊന്നു നോക്കി.

ആ പടത്തിലെ പെണ്ണിനെപ്പോലത്തെ ഒന്നിനെ മതിയെനിക്ക് അപ്പാ....- ലെനിന് അപ്പോഴും തെല്ലും കൂസലില്ലായിരുന്നു!!!

Saturday, October 13, 2007

ചാണ്ടിച്ചേട്ടന്‍റെ വായ്നാറ്റം


മൂക്കറ്റം മൂടിപ്പുതച്ചു കിടന്നുറങ്ങുകയായിരുന്ന ബേബിച്ചന്‍ അതിരാവിലെ ഒരു അലറി വിളി കേട്ടാണുണര്‍ന്നത്.

കട്ടിലില്‍നിന്നു നിലത്തേക്കു കാലുകുത്താന്‍ ശ്രമിച്ചപ്പോളാണു ബേബിച്ചന്‍ ഞെട്ടിക്കുന്ന ആ സത്യം തിരിച്ചറിഞ്ഞത്. മീനച്ചിലാറ്റില്‍നിന്നു വീട്ടില്‍വരെ വെള്ളം കയറിയിരിക്കുന്നു.

ദൈവമേ.. ഭരണങ്ങാനത്ത് ഒന്നാന്തരം കുന്നിന്‍റെ മേലുള്ള തന്‍റെ വീട്ടില്‍ വെള്ളം കയറണമെങ്കില്‍ എന്നാ മാതിരി പ്രളയമായിരിക്കും അതെന്ന് ആലോചിച്ചുകൊണ്ട്, കണ്ണു ശരിക്കും വലിച്ചുതുറന്നപ്പോളാണു ബേബിച്ചനു മറ്റൊരു കാര്യം കൂടി പിടികിട്ടിയത്.

കിടപ്പു വീട്ടിലല്ല.

ഇന്നലെ രാത്രി വൈകിയും അന്തിക്കള്ള് മോന്തിയിരുന്ന താനിപ്പോളും അമ്പാറ ഷാപ്പില്‍ത്തന്നെയാണ്. ഷാപ്പിലെ കാലുപോവാത്ത ഒരു മേശമേലായിരുന്നു ഉറക്കം. പുതപ്പെന്നു നിനച്ചു മൂടിപ്പുതച്ചിരുന്നത് സ്വന്തം ഉടുതുണി തന്നെ!!

എടാ ഉവ്വേ, ബേബി ഇറങ്ങിവാടാ... അടുക്കത്ത് ഉരുളുപൊട്ടി. വെള്ളമിപ്പം പൊങ്ങും...വിളിച്ചുപറഞ്ഞതു ഷാപ്പുകാരന്‍ ദേവസ്യാപ്പി.

ബേബിച്ചനു നിരാശ തോന്നി. സ്വന്തം വീടിനെക്കാള്‍ പ്രിയപ്പെട്ട കള്ളുഷാപ്പിപ്പോള്‍ മുങ്ങും. മാത്രമല്ല, ഇന്നു ഷാപ്പിന് അവധിയുമായിരിക്കും. എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ ഷാപ്പിനെ നോക്കി നിന്ന ബേബിച്ചനോടു പോകാന്‍ നേരം ദേവസ്യാപ്പി ഇത്രയുംകൂടി പറഞ്ഞു- എടാ ഇന്നു ഷാപ്പില്ല. പകരം കള്ളുകച്ചവടം പട്ടിസാറിന്‍റെ ഇടകഴിയില്‍ വച്ചാ.. നീ അങ്ങോട്ടുവന്നാല്‍ മതി. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും കള്ള്

ഉറക്കം പകുതി മുറിഞ്ഞതിന്‍റെ വിഷമത്തോടെ വീട്ടിലോട്ടുള്ള കുന്നുകയറാന്‍ തുടങ്ങവേയാണു ബേബിച്ചന്‍ അയലോക്കത്തെ ചാണ്ടിച്ചേട്ടന്‍റെ വീടിനു മുന്‍പില്‍വലിയൊരു ആള്‍ക്കൂട്ടം കണ്ടത്.

ദുബായിയിലുള്ള ചാണ്ടിച്ചേട്ടന്‍റെ വീട്ടിലാണേല്‍ ഭാര്യേം പ്രായമായ മൂന്നുപെണ്‍പിള്ളേരും മാത്രമേയുള്ളൂ. അവര്‍ക്കെന്തേലും അത്യാഹിതം പറ്റിക്കാണുമോ ദൈവമേ...!

ഭരണങ്ങാനത്തിന്‍റെ നാനാഭാഗത്തുനിന്നും അതിരാവിലെ വെള്ളപ്പൊക്കം കാണാന്‍ ഇറങ്ങിത്തിരിച്ച ജനം മുഴുവന്‍ ചാണ്ടിച്ചേട്ടന്‍റെ വീടിനു മുന്‍പിലുണ്ടെന്നു കണ്ടതോടെ എന്തെങ്കിലും ദുരന്തം നടന്നിട്ടുണ്ടാവുമെന്നു ബേബിച്ചന്‍ ഉറപ്പിച്ചു. അതിവേഗം ആള്‍ക്കൂട്ടം കണ്ടിടത്തേക്കു ബേബിച്ചന്‍ പാഞ്ഞു. പെണ്‍പിള്ളേരു വല്ലതും വല്ല വെള്ളത്തിലും മുങ്ങിപ്പോയിക്കാണുമോയെന്നും അങ്ങനെയെങ്കില്‍ ഫയര്‍ഫോഴ്സിനെ വിളിക്കേണ്ടി വരുമല്ലോ എന്നുമൊക്കെ ഓര്‍ത്തും പേര്‍ത്തും ഒരുവിധം വെള്ളത്തിലൂടെ ബേബിച്ചന്‍ ആള്‍ക്കൂട്ടത്തിന്‍റെ ഒപ്പമെത്തി.

തൊട്ടിപ്പുറത്തെ റബര്‍ത്തോട്ടം നിറഞ്ഞുനില്‍ക്കുന്ന ജനക്കൂട്ടം ഒന്നും സംസാരിക്കുന്നില്ല. എല്ലാവരും എന്തോ സംഭവിച്ച പോലെ ചാണ്ടിച്ചേട്ടന്‍റെ വീടിന്‍റെ ഉമ്മറത്തേക്കു നോക്കിനില്‍ക്കുന്നു. ബേബിച്ചനും അവിടേക്കു നോക്കി. അവിടെ, ചാണ്ടിച്ചേട്ടന്‍റെ മൂന്നു സുന്ദരിപ്പിള്ളേരും വീടിന്‍റെ മുറ്റം വരെയെത്തിനില്‍ക്കുന്ന മലവെള്ളത്തില്‍ ചാടിമറിയുന്നു. വല്ലപ്പോഴും വരുന്ന വെള്ളപ്പൊക്കം പിള്ളേര് ആസ്വദിക്കുകയാണ്. നാട്ടുകാരു മുഴുവന്‍ മരിച്ചടക്കു കൂടുന്ന നേരത്തുപോലുമില്ലാത്ത വല്ലാത്തൊരു നിശബ്ദതയോടെ അതുനോക്കി നില്‍ക്കുന്നു.

ബേബിച്ചന് നാട്ടുകാരുടെ രോഗം മനസ്സിലായി. നോക്കിനില്‍ക്കെ അവിടെനിന്നു പോകാന്‍ എന്തുകൊണ്ടോ എന്തോ ബേബിച്ചനും മനസ്സുവന്നില്ല. നല്ലയൊരു നൂറ്റഞ്ച് റബര്‍മരത്തില്‍ ചാരിനിന്നു മുട്ടൊപ്പം വെള്ളത്തില്‍ ബേബിച്ചനും ആ കാഴ്ച കണ്ടുനില്‍ക്കെയാണു ചെറിയൊരു തണുപ്പ് അദ്ദേഹത്തി‍ന്‍റെ ചെവിയില്‍ അരിച്ചെത്തിയത്.

ചാണ്ടിച്ചേട്ടന്‍റെ വീട്ടിലെ കാഴ്ചയില്‍ മതിമറന്നുനിന്ന ബേബിച്ചനെന്തോ ആ തണുപ്പത്ര അസുഖകരമായി തോന്നിയതുമില്ല. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ തണുപ്പ് ബേബിച്ചന്‍റെ കഴുത്തുവരെയായി. ചെവിയും കഴുത്തുമെല്ലാം തൊട്ടരിക്കുന്ന തണുപ്പിനു വല്ലാത്തൊരു മാര്‍ദ്ദവവുമുണ്ടായിരുന്നു.

കഴുത്തിനോടു ചേര്‍ന്ന് എന്തോ തണുത്ത വസ്തു അരിച്ചിറങ്ങുന്നതുപോലെ തോന്നിയ ബേബിച്ചന്‍ മനസ്സുകൊണ്ടു ചാണ്ടിച്ചേട്ടന്‍റെ വീട്ടുമുറ്റത്തെങ്കിലും വെറുതെ കയ്യെടുത്ത് കഴുത്തൊന്നു ചൊറിഞ്ഞു.

അങ്ങനെയങ്ങനെ തണുപ്പടിച്ചു നില്‍ക്കേ, തന്‍റെ കഴുത്തില്‍ ആരോ ഒരു ഉമ്മ തന്ന പോലെ ബേബിച്ചനു തോന്നി. ഓര്‍ക്കാപ്പുറത്ത് ഒരുമ്മ കിട്ടിയതിന്‍റെ ആശ്ചര്യത്തോടെ ഇടത്തുഭാഗത്തേക്കു ഞെട്ടിത്തിരിഞ്ഞ ബേബിച്ചന്‍ ഞെട്ടിത്തെറിച്ചുപോയി...

വലിയൊരു മുഖം, തന്‍റെ മുഖത്തോടു ചേര്‍ന്ന്...

മുന്‍പെങ്ങും കണ്ടുപരിചയമില്ലാത്ത മുഖം. മുഖത്തുമീശയില്ല, മാത്രമല്ല, ചെറിയൊരു മക്കുമണവും...

ആരാ കക്ഷിയെന്നറിയാന്‍ ചെറിയൊരു വെപ്രാളത്തോടെ ഒന്നുകൂടി നോക്കിയ ബേബിച്ചന് അടിമുടി ഒരു വിറയല്‍ വന്നതും തനിക്ക് ഉമ്മ തന്ന മുഖത്തിന്‍റെ ഉടമസ്ഥനു നിലത്തു നിന്നുതുടങ്ങുന്ന ഒരു ഉടലിലെന്നു തിരിച്ചറിഞ്ഞതും ഒരുമിച്ചായിരുന്നു.

എന്താ സംഗതിയെന്നു പൂര്‍ണമായും മനസ്സിലായില്ലെങ്കിലും അയ്യോ എന്നൊരു വിളിയോടെ ബേബിച്ചന്‍ റബര്‍തോട്ടത്തിലെ വെള്ളത്തിലോട്ടു മലച്ചു. അയ്യോ എന്ന വിളികേട്ടു തിരിഞ്ഞുനോക്കിയ ജനവും വെള്ളത്തിലോട്ട് അലച്ചുവീണ ബേബിച്ചന്‍ കിടന്ന കിടപ്പിലും ആ കാഴ്ച കണ്ടു- റബര്‍ മരത്തിന്‍റെ കൊമ്പില്‍ തൂങ്ങിക്കിടക്കുന്നു, ഒന്നാന്തരമൊരു മലമ്പാമ്പ്...!!!

മുട്ടൊപ്പം വെള്ളത്തില്‍ കാത്തി ഫ്രീമാന്‍ തോറ്റുപോകുന്ന വേഗത്തില്‍ ജനക്കൂട്ടം പലവഴിക്കു പാഞ്ഞു. ബേബിച്ചനും രക്ഷപ്പെട്ടു.

തലേന്നു രാത്രിയിലെ ഉരുളുപൊട്ടിവന്ന വെള്ളത്തില്‍ ഒലിച്ചു വന്ന മലമ്പാമ്പിനു മാത്രം കാര്യമൊന്നും പിടികിട്ടിയില്ല. ഇത്രയധികം മനുഷ്യരെ തന്നെ അത് ആദ്യമായിട്ടു കാണുകയായിരുന്നു...

ചാണ്ടിച്ചേട്ടന്‍റെ റബര്‍തോട്ടത്തില്‍ മലമ്പാമ്പ്. - വാര്‍ത്ത നാടാകെ പാട്ടായി.

പാമ്പിനെ എങ്ങനെ പിടിക്കും?

ദുബായില്‍നിന്നു ചാണ്ടിച്ചേട്ടന്‍ വരെ വിളിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു. തന്‍റെ ഭാര്യയെയും മൂന്നുമക്കളെയും പാമ്പു വിഴുങ്ങിയാലുണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചോര്‍ത്ത് അന്നു രാത്രി തന്നെ കൊള്ളപ്പണം കൊടുത്തു ടിക്കറ്റ് ഒപ്പിച്ചു ചാണ്ടിച്ചേട്ടന്‍ നെടുമ്പാശേരിയിലിറങ്ങി.

അച്ചാച്ചന്‍റെ ഒച്ച കേട്ട പെണ്‍കൊച്ചുങ്ങള്‍ ചാടിപ്പിടഞ്ഞെണീറ്റുവന്ന് ചാണ്ടിച്ചേട്ടനെ കെട്ടിപ്പിടിച്ചു. ശ്രീമതിക്കും അങ്ങനെയൊരാഗ്രഹമുണ്ടായിരുന്നെങ്കിലും പിള്ളേരെയോര്‍ത്ത് വേണ്ടെന്നു വച്ചു. .

എവിടെടീ പാമ്പ്? ചാണ്ടിച്ചേട്ടന്‍ അലറി..

ആ അലര്‍ച്ച കേട്ടിട്ടാണോ എന്തോ ഞാനിവിടെയുണ്ടേ എന്നുപറയാന്‍ പാകത്തിനു പാമ്പ് ചാണ്ടിച്ചേട്ടന്‍റെ വീട്ടിലേക്കുള്ള വഴിയിലായിരുന്നു. തണുപ്പടിച്ച് ഒരു പരുവമായ സ്ഥിതിക്ക് ഇനിയിപ്പോള്‍ എവിടെയേലും അല്‍പം ചൂടുള്ളിടം നോക്കിപ്പിടിക്കാം എന്ന തീരുമാനത്തിലായിരുന്നു ഭവാന്‍. രണ്ടുദിവസമായി വയറും കാലി. വന്നപാടെ പാമ്പണ്ണന്‍ ചാണ്ടിച്ചേട്ടന്‍രെ വീടിനു പിന്നില്‍നിന്നു രണ്ടു കോഴികളെ പുസ്പം പോലെ അകത്താക്കി. അകത്തുപോയ കോഴികളുപോലുമറിഞ്ഞില്ല!!

പട്ടിസാറിന്‍റെ ഇടകഴിയിലെ വെള്ളം കയറാത്ത ഭാഗത്തിരുന്നു കളളുകുടിക്കുമ്പോളും ബേബിച്ചന്‍റെ മനസ്സില്‍ മലമ്പാമ്പിന്‍റെ രൂപം തെളിഞ്ഞുവന്നുകൊണ്ടിരുന്നു. ഒപ്പം അതിന്‍റെ മക്കുമണവും. അതോര്‍ക്കുമ്പോളൊക്കെ ഒരുതരം കുളിരു ബേബിച്ചനെ കീഴടക്കിക്കൊണ്ടിരുന്നു.

ആ പാമ്പിനെ എങ്ങനെ പിടിക്കും? ബേബിച്ചന്‍ ആരോടെന്നില്ലാതെ ചോദിച്ചു.

ആര് കുറച്ചു മുന്‍പ് ഇവിടെനിന്നു പോയ അന്തോണിയെയയാണോ? അവന്‍ എവിേടലും പോയി തുതലയെട്ടെടാ...... ആരോ കൂട്ടിച്ചേര്‍ത്തു.

അതല്ല, മലമ്പാമ്പ്.....

എല്ലാവരുമൊന്നു ഞെട്ടി. കോളജിന് അവധിയായതുകൊണ്ട് അല്‍പം മോന്താനിറങ്ങിയ ഉത്തരാധുനികനൊരുത്തന്‍ ഇടപെട്ടു.

നമുക്കൊരു മിസ്ഡ് കോളിട്ടുനോക്കിയാലോ? എവിടെയാണു സാധനമെന്നറിയാമല്ലോ...

കാണാതെ പോയതു മൊബൈലല്ലെടാ കോപ്പേ...പാമ്പാ....

പിന്നെ ആരുമൊന്നും മിണ്ടിയില്ല. ഒടുവില്‍ ബേബിച്ചന്‍ തന്നെ കാര്യം കണ്‍ക്ളൂഡു ചെയ്തു.

പാമ്പു പിടിത്തക്കാരന്‍ കുഞ്ഞുമാനെ കൊണ്ടുവരാം....

രാത്രി വൈകി ചാണ്ടിച്ചേട്ടന്‍റെ വീട്ടില്‍നിന്നു നൂറ്റമ്പത്തുമൂന്നുമണി ജപം ഉയര്‍ന്നു കേട്ടു തുടങ്ങിയ നേരത്താണു ബേബിച്ചനും കുഞ്ഞുമോനും മുട്ടൊപ്പം വെള്ളത്തില്‍ നീന്തി അവിടെത്തുന്നത്.

ഇനിയിപ്പം പാമ്പിനെ പിടിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. എന്തായാലും നിങ്ങളു വന്നതല്ലേ, ഒരു ധൈര്യത്തിന് ഇവിടെയിരിക്ക്. രാത്രി നമുക്കിവിടെ കൂടാം. - ചാണ്ടിച്ചേട്ടന്‍ നിര്‍ബന്ധിച്ചു.

നിര്‍ബന്ധത്തിനു വിഎസ്ഒപിയുടെ മണംകൂടിയുണ്ടായിരുന്നതിനാല്‍ ഇരുവരും അതങ്ങു സമ്മതിച്ചുപോയി.

ആ സമയത്ത് രണ്ടുദിവസത്തെ ഉറക്കംപോയതിന്‍റെ ക്ഷീണത്തില്‍ ചാണ്ടിച്ചേട്ടന്‍റെ ബെഡ്റൂമിലെ കമ്പിളിപ്പുതപ്പിനുള്ളില്‍ കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു മലമ്പാമ്പ്.

രാജ്യത്തുള്ള വിവിധതരം പാമ്പുകളെക്കുറിച്ചു കുഞ്ഞുമാന്‍റെ പ്രസംഗം തെറ്റില്ലാത്ത വിധം ബോറായിക്കഴിഞ്ഞപ്പോളാണ് ചാണ്ടിച്ചേട്ടന്‍റെ ശ്രീമതിക്ക് ഉറങ്ങിയാല്‍ കൊള്ളാമെന്നു തോന്നിയത്.

നേരെ ബെഡ്റൂമിലേക്കെത്തിയ ശ്രീമതി ആരോ കൂര്‍ക്കം വലിക്കുന്നതുപോലൊരു ശബ്ദം കേള്‍ക്കാതിരുന്നില്ല.
മഴയുെട ശബ്ദവും ഉറക്കത്തിന്റെ ആലസ്യവും നിമിത്തം അതു ശ്രദ്ധിക്കാതെ ശ്രീമതി നേരെ കട്ടിലേക്കു മറിഞ്ഞു.

ആ സമയത്ത് ഗാഢനിദ്രയുെട രണ്ടാം പാതിയില്‍, താനിപ്പോഴും തന്‍റെ പ്രിയപ്പെട്ട ഭവനമായ അടുക്കം മലയിലെ ഇഞ്ചക്കാട്ടിലാണെന്നും ഒപ്പമുള്ളതു തന്‍റെ പ്രാണപ്രേയസിയാണെന്നും ഉള്ള ധാരണയില്‍ ഉറങ്ങുന്ന ഉറക്കത്തില്‍ മലമ്പാമ്പ് ചാണ്ടിച്ചേട്ടന്‍രെ ശ്രീമതിയെ കെട്ടിവരിഞ്ഞു.

ശ്രീമതിയും ഉറക്കം പിടിച്ചിരുന്നു.

ഗള്‍ഫില്‍നിന്നെത്തിയ ഭര്‍ത്താവിന്‍റെ സ്നേഹസ്മരണകളാല്‍ ഉറങ്ങാന്‍ കിടന്ന ശ്രീമതിയാകട്ടെ പാതിയുറക്കത്തില്‍ അത് എതിര്‍ത്തതുമില്ല.

പുലര്‍ച്ചെയോടെ പാന്പുപിടിത്തത്തിന്റെ വീരസ്യങ്ങള്‍ കേട്ടു തഴമ്പിച്ച കാതുമായി ചെറുതായൊന്നു മയങ്ങാന്‍ ബെഡ്രൂമിലേക്കെത്തിയ ചാണ്ടിച്ചേട്ടന്‍ ആ കാഴ്ച കണ്ടു സ്തംഭിച്ചു നിന്നു.

പാമ്പുപിടിത്തക്കാരന്‍ കുഞ്ഞുമാനും വേര്‍പെടുത്താനാകുമായിരുന്നില്ല ആ ബന്ധം.

തന്‍റെ ഭര്‍ത്താവിന്‍റെ അപാരമായ വായിനാറ്റത്തിനു നാളെത്തന്നെ മരുന്നു വാങ്ങിക്കണമെന്ന ദൃഢനിശ്ചയത്തോടെ പതിവ്രതാരത്നവും രണ്ടുകോഴിയെ തിന്നതിന്റെ ക്ഷീണത്തില്‍ നാഗമാണിക്യവും ഉറക്കം തുടരുകയായിരുന്നു അപ്പോള്‍!!!!

Thursday, October 11, 2007

രണ്ടു കാലുകളുടെ കഥ

കുട്ടപ്പന്‍റെ വല്യമ്മച്ചിക്കായിരുന്നു ഏറ്റവും വലിയ ആഗ്രഹം.

അവന്‍റെ കൈവളരുന്നോ കാലുവളരുന്നോ എന്നു നോക്കി കാലം കഴിക്കുകയായിരുന്ന അവര്‍ ഒരുദിവസം ആ ആഗ്രഹം ആദ്യമായി ഉറക്കെ പ്രഖ്യാപിച്ചു. ഇവന്‍ ഒന്‍പത് ഇഞ്ചിന്‍റെ ചെരിപ്പെങ്കിലും ഇടുന്നതു കണ്ടിട്ട് എനിക്കു മരിച്ചാല്‍ മതിയാരുന്നു ദൈവമേ....

അങ്ങനെയെങ്കിലും ദൈവം തന്‍റെ ആയുസ്സു നീട്ടിത്തരുമല്ലോ എന്നുള്ള പ്രതീക്ഷകൂടിയായിരുന്നു ആ പ്രാര്‍ഥന. കാരണം, കുട്ടപ്പന്‍റെ കാലിന്റെ വലിപ്പം അവന്‍റെ ശരീരവുമായി തട്ടിച്ചു നോക്കുമ്പോള്‍ അത്രയ്ക്കു ചെറുതായിരുന്നു. കുട്ടപ്പന്‍റെ സ്വന്തം അമ്മച്ചി ഒറോതച്ചേടത്തിയുടെ ചെരിപ്പുപോലും ആറടി പൊക്കക്കാരനായ കുട്ടപ്പനു വലുതായിരുന്നു. അത്രയ്ക്കും ചെറിയ കാലുകള്‍.

കുട്ടപ്പന്‍റെ അപ്പന്‍ പൊറിഞ്ചു ചേട്ടന്‍, ചേട്ടന്മാരായ പാപ്പച്ചി, തങ്കച്ചന്‍ തുടങ്ങിയവര്‍ക്കൊക്കെ വലിയ കാലുകളുണ്ടായിരുന്നു. അവസാനത്തെ ആണ്‍തരിയായ കുട്ടപ്പനു മാത്രം കാലു കുഞ്ഞായി. വെറും മൂന്നിഞ്ച്!!!


തന്‍റെ കാലുമാത്രം ചെറുതായിപ്പോയതില്‍ കുട്ടപ്പനും ചെറുതല്ലാത്ത ആശങ്കയുണ്ടായിരുന്നു. എങ്ങനെയെങ്കിലും കാല്‍പാദത്തിന്‍റെ വലിപ്പം കൂട്ടുകയെന്നതായിരുന്നു കുട്ടപ്പന്‍റെ ലക്ഷ്യം. ഈ ഉദ്ദേശ്യം കാരണം, പത്താം ക്ളാസ് പാസാകുന്ന കാര്യം പോലും കുട്ടപ്പന്‍ മറന്നുപോയി. പത്തില്‍ ഒപ്പം പഠിച്ചവരുടെ കാലിനൊക്കെ ഒത്ത വലിപ്പം. ഓരോരുത്തന്‍മാരുടെ വലിപ്പത്തിനനുസരിച്ച്, ഏഴ്, എട്ട്, ഒന്‍പത്, പത്ത്, പത്തര എന്നു തുടങ്ങിയ സൈസിലുള്ള ചെരിപ്പിട്ടാണ് അവന്‍മാരുടെയൊക്കെ വരവ്.

അംസംബ്ളിക്ക് ലൈനില്‍ ഏറ്റവും പിന്നില്‍ നില്‍കുന്ന കുട്ടപ്പന്‍റെ കാലിലേതിനെക്കാള്‍ വലിയ ചെരിപ്പിട്ട്, മുന്നില്‍ നില്‍ക്കുന്ന ഉണ്ട സന്തോഷ്. കുട്ടപ്പന് ഇന്‍ഫീരിയോറിറ്റി കോംപ്ളക്സ് എന്നു പറയുന്ന സാധനം രണ്ടുകാലിലൂടെയും മേലോട്ടു കയറി ചെവി വഴി പുറത്തേക്കു പൊയ്ക്കോണ്ടിരുന്നു.

എങ്ങനെ കാല്‍പാദത്തിനു വലിപ്പം കൂട്ടും?

കുട്ടപ്പന്‍ ആലോചിക്കാതിരുന്നില്ല. കുട്ടപ്പന്‍റെ മൂത്തചേട്ടന്‍ പാപ്പച്ചിയുടെ അഞ്ചാം ക്ളാസില്‍ പഠിക്കുന്ന മൂത്ത മോളു പാറുക്കുട്ടി വരെയിപ്പോള്‍ നാലിഞ്ചിന്‍റെ ചെരിപ്പാണിടുന്നത്. അവളുടെ പേരപ്പനായ താന്‍ ഇനിയുമിങ്ങനെ മുന്നോട്ടുപോയാല്‍ ശരിയാവില്ല. ഞായറാഴ്ച പള്ളിയില്‍ പോകുമ്പോളാണ് ഏറ്റവും പ്രയാസം. സ്ഥിരമായി ചെരിപ്പു കാണാതെ പോകുന്നു. കണ്ടുപിടിച്ചു ചെല്ലുമ്പോല്‍ ആരൊക്കെയോ മാറിയിട്ടുകൊണ്ടുപോകുന്നതാണ്. മാറിയെടുത്തവനെ അന്വേഷിച്ചു ചെല്ലുമ്പോളാണു നാറിപ്പോകുന്നത്.അഞ്ചിലോ ആറിലോ പഠിക്കുന്ന ഏതെങ്കിലും പീക്കിരിപ്പിള്ളേരുടെ കാലിലായിരിക്കും ചെരിപ്പ്. കുട്ടപ്പനു ചത്താല്‍ മതിയെന്നായി?

കാല്‍പാദത്തിനു വലിപ്പംകൂട്ടാന്‍ മാര്‍ഗമുണ്ടോ?

കുട്ടപ്പന്‍ ഒറ്റയ്ക്കും സമയം കിട്ടുമ്പോളൊക്കെ തെറ്റയ്ക്കും ആലോചിക്കാതിരുന്നില്ല. ആയിടയ്ക്കാണു കുട്ടപ്പനോട് പ്രിയ സുഹൃത്ത് ഉണ്ണിക്കുട്ടന്‍ ആ സത്യം പറയുന്നത്.

കുട്ടപ്പാ, വലിയ ചെരിപ്പിട്ടു നടന്നാല്‍ മതി, കാലു തനിയെ വലുതായിക്കോളും!!!

പിറ്റേന്നു തന്നെ കുട്ടപ്പന്‍ ആറിഞ്ചിന്റെ ഒരു റബര്‍ ചെരിപ്പു വാങ്ങി.


പതിയെ നടപ്പു തുടങ്ങി.

മുന്‍പോട്ടുള്ളതിനേക്കാള്‍ പിന്നോട്ട്. പുറകില്‍ അത്യാവശ്യം വേണമെങ്കില്‍ ഒരു ഷോപ്പിങ് കോംപ്ളക്സ് പണിയാനുള്ള സ്ഥലം ബാക്കി. എങ്കിലും കുട്ടപ്പന്‍ നടപ്പു തുടര്‍ന്നു. പിന്നോട്ടു ബാക്കിനില്‍ക്കുന്ന മൂന്നിഞ്ചുഭാഗം കുട്ടപ്പന്‍റെ കാലിന്‍റെ ഉപ്പൂറ്റിയിലടിച്ച് പ്രത്യേക ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. ആ ശബ്ദത്തിനൊപ്പം കുട്ടപ്പന്‍ മനസ്സില്‍ പ്രാര്‍ഥിച്ചുകൊണ്ടുമിരുന്നു.

ദൈവമേ കാല് ഈ ചെരിപ്പിന്‍റെ വലിപ്പത്തിലെങ്കിലുമാക്കിത്തരണമേ.....

എന്നും രാവിലെ എഴുന്നേല്‍ക്കുന്നയുടന്‍ കുട്ടപ്പന്‍ ഇന്‍സ്ട്രുമെന്‍റ് ബോക്സ് തുറക്കും. അതില്‍നിന്നു സ്കെയില്‍ എടുത്ത് കാലിന്‍റെ പിറകില്‍ കഷ്ടപ്പെട്ടു പിടിച്ച് അളവെടുക്കും. അരയിഞ്ചെങ്കില്‍ അത്രയും, വലിപ്പം കൂടിയോ എന്നറിയാമല്ലോ....

ഇതിങ്ങനെ മറുപോലെ തുടര്‍ന്നുകൊണ്ടിരുന്നു. ആറിഞ്ച് ചെരിപ്പ്, മൂന്നിഞ്ചു പിന്‍ഭാഗമൊഴികെ ബാക്കി തേഞ്ഞുതീര്‍ന്നു. പക്ഷേ, കുട്ടപ്പന്‍റെ കാലുമാത്രം വളര്‍ന്നില്ല!!!

കുട്ടപ്പനു ദേഷ്യം വന്നു. രണ്ടു കാലും വെട്ടിക്കളഞ്ഞിട്ടു നിരങ്ങിനീങ്ങുകയാണിതിലും നല്ലത് എന്നു പോലും കുട്ടപ്പനു തോന്നി. ആയിടയ്ക്കാണു കുട്ടപ്പന്‍ പത്രത്തില്‍ ഒരു പരസ്യം കണ്ടത്....

കുടവയറ് കുറച്ചു തരും... കഷണ്ടിയില്‍ മുടി കിളിര്‍പ്പിക്കും.... പൊക്കം കൂട്ടും...

ആ പരസ്യത്തിലെങ്ങും കാല്‍പാദത്തിന്‍റെ നീളം കൂട്ടുന്ന കാര്യമില്ലായിരുന്നു. എന്നിട്ടും കുട്ടപ്പന്‍ ആ പരസ്യം വന്ന പേപ്പറും പൊക്കിപ്പടിച്ച്, അതില്‍ കണ്ട വിലാസക്കാരനെ തപ്പിപ്പോയി.

കുടവയറന്‍മാരും കുള്ളന്‍മാരും കഷണ്ടിക്കാരും തിങ്ങിനിറഞ്ഞ ഒരു ലോഡ്ജുമുറിയുടെ വരാന്തയില്‍ മേല്‍പ്പറഞ്ഞ ഒരു കുഴപ്പവുമില്ലാത്ത കുട്ടപ്പനും. വന്നവരും കണ്ടവരും ആദ്യം കുട്ടപ്പനെ ഒന്നായി നോക്കി. നല്ല പൊക്കം. വയറ്റിലോട്ടു നോക്കി. വാഴയില പോലെ ഫ്ളാറ്റ്. തലയിലേക്കു നോക്കി. പനങ്കുല പോലെ മുടി. പിന്നെയെന്തിനാണ് ഇയാളിവിടെ..???

തന്‍റെ മുന്‍പിലിരുന്ന രോഗിയെ കണ്ട്പ്പോള്‍ സിദ്ധവൈദ്യന്‍ ജോസഫ് മൂസ്സതിനുമുണ്ടായി ഇതേ സംശയം

ങും...????? ചോദ്യം കൊണ്ടദ്ദേഹം രോഗിയെ അളന്നു.

അടുത്തു നിമിഷം ഇരുന്ന ഇരിപ്പില്‍ കുട്ടപ്പന്‍ തന്‍റെ രണ്ടുകാലുമെടുത്ത് വൈദ്യന്‍റെ മുന്‍പിലത്തെ മേശമേല്‍ വച്ചു.

വൈദ്യന്‍റെ കണ്‍മുന്നില്‍ ലംബമായി നില്‍ക്കുന്ന രണ്ടു കാല്‍പാദങ്ങള്‍. വൈദ്യന്‍ മൂസ്സതിന്‍റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പേ അരുളിപ്പാടുണ്ടായി.

കുട്ടപ്പന്‍- ഈ കാല്‍പാദം കണ്ടോ?
വൈദ്യന്‍- കണ്ടു
കുട്ടപ്പന്‍- എന്തു തോന്നുന്നു?
വൈദ്യന്‍- എന്തു തോന്നാന്‍?
കുട്ടപ്പന്‍- ലജ്ജ തോന്നുന്നില്ലേ?
വൈദ്യന്‍ - എന്തിന്?
കുട്ടപ്പന്‍- ഇത്രയും ചെറിയതായതിന്?
വൈദ്യന്‍- ഞാനെന്തിനു ലജ്ജിക്കണം?
കുട്ടപ്പന്‍- എന്നാല്‍ എനിക്കുണ്ടു ലജ്ജ
വൈദ്യന്‍- അതിന്?
കുട്ടപ്പന്‍- മരുന്നു വേണം?
വൈദ്യന്‍- എന്തിന്?
കുട്ടപ്പന്‍- കാല്‍പാദം വലുതാക്കാന്‍...
വൈദ്യന്‍- അതിനു മരുന്നില്ല
കുട്ടപ്പന്‍- ഉണ്ട്.
വൈദ്യന്‍- ഇല്ല
കുട്ടപ്പന്‍ വീണ്ടും കാലെടുത്തു മേശമേല്‍ ലംബമായി വച്ചു.
കുട്ടപ്പന്‍- ഇനി നോക്കിക്കേ...
വൈദ്യന്‍- നോക്കി.
കുട്ടപ്പന്‍- കണ്ടോ? കാലു കണ്ടോ?
വൈദ്യന്‍- കണ്ടു
കുട്ടപ്പന്‍- അതിന്‍റെ പൊക്കം കൂട്ടാനുള്ള മരുന്നു മതി. അതില്ലേ?

വൈദ്യന്‍റെ ഉത്തരം മുട്ടി!!!

പൊക്കം കൂട്ടാനുള്ള മരുന്ന് കാലിന്‍റെ അടിയില്‍ ഉപ്പൂറ്റി മുതല്‍ പെരുവിരല്‍ വരെ തേ‍ച്ചുപിടിപ്പിക്കാന്‍ വൈദ്യന്‍ മനസ്സില്ലാ മനസ്സോടെ കുട്ടപ്പനോടു നിര്‍ദേശിച്ചു. രണ്ടുമാസത്തേക്കുള്ള മരുന്ന് ഒറ്റയടിക്കു മേടിച്ച് കുട്ടപ്പന്‍ വീട്ടിലേക്കു തിരിച്ചു.
പിറ്റേന്നു മുതല്‍ മരുന്നു തേല്‍പും കാലിന്‍റെ അളവെടുപ്പുമായിരുന്നു കുട്ടപ്പന്‍റെ പ്രധാനപ്പെട്ട ജോലികള്‍. മരുന്നു തേപ്പു തുടര്‍ന്നു.

കുട്ടപ്പന്‍റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് കാല്‍പാദം വളര്‍ന്നു തുടങ്ങി. ചെറിയ സ്കെയിലും വളര്‍ന്നു കാലു വളര്‍ന്നു തുടങ്ങി. കുട്ടപ്പന്‍ മരുന്നു തേപ്പു തുടര്‍ന്നു.

മൂന്നിഞ്ചില്‍നിന്ന് ഒറ്റയടിക്ക് അഞ്ച് ഇഞ്ചിലേക്കു വളര്‍ന്ന കാല് അവിടെനിന്നും വളര്‍ന്നു. ആറ്, ഏഴ്, എട്ട്, ഒന്‍പത്....

കാല് ഒന്‍പതിഞ്ചിലേക്കെത്തിയപ്പോള്‍ കുട്ടപ്പന്‍ മരുന്നു തേപ്പു നിര്‍ത്തി. പക്ഷേ, കാലിനു നില്‍ക്കാന്‍ പ്ളാനില്ലായിരുന്നു. കാല്‍പാദം വീണ്ടും വളര്‍ന്നു. ഒന്‍പതില്‍നിന്നു പത്തിലേക്ക്. പതിനൊന്ന്, പന്ത്രണ്ട്....

കുട്ടപ്പന്‍റെ ചങ്കിടിപ്പും വളര്‍ന്നുകൊണ്ടിരുന്നു. കാലിനു തന്നെക്കാള്‍ വലിപ്പമാകുന്ന ദിവസമോര്‍ത്ത് ഒരുദിവസം കുട്ടപ്പന്‍ ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്നു. അപ്പോളും കുട്ടപ്പന്‍റെ കാലുവളരുകയായിരുന്നു. ഒടുവില്‍, കുട്ടപ്പന്‍റെ പ്രാര്‍ഥനകളെയും ആശങ്കകളെയും അതിശയിപ്പിച്ചുകൊണ്ട് കാലി‍ന്‍റെ വളര്‍ച്ച നിന്നു.

പതിനഞ്ച് ഇഞ്ച്.

കുട്ടപ്പന് അതൊരു അധികപ്പറ്റായിരുന്നു. നാട്ടുകാര്‍ അവനെ കാലന്‍ കുട്ടപ്പന്‍ എന്നു വിളിച്ചു.

കാലിന്‍റെ നീളം കുറയ്ക്കാനായി പിന്നെ കുട്ടപ്പന്‍റെ ആലോചന. കാല്‍പാദം നീളം കുട്ടാന്‍ മരുന്നുതന്നെ മൂസ്സതിനെ കുട്ടപ്പന്‍ തേടിപ്പിടിച്ചു. കുട്ടപ്പന്‍ നീളന്‍ കാലുകളുമായി വരുന്നതു കണ്ടതേ, മൂസ്സത് ഭയഭക്തി ബഹുമാനത്തോടെ എഴുന്നേറ്റു നിന്നു.

ചെന്നതേ കുട്ടപ്പന്‍ കാര്യം പറഞ്ഞു

പാദത്തിന്‍റെ നീളം കുറച്ചു കൂടിപ്പോയി. കുറച്ചുതരണം.

സാധ്യമല്ലെന്നു മൂസ്സതു പറഞ്ഞില്ല. പറഞ്ഞിട്ടു കാര്യമില്ലല്ലോ. പകരം, എന്തോ ലായനി കലക്കിക്കൊടുത്തു.

കുട്ടപ്പന്‍ അതുമായി വീട്ടിലെത്തി. മരുന്ന് തേപ്പു തുടങ്ങി. ഉപ്പൂറ്റി മുതല്‍ പെരുവിരലു വരെ. കാലിന്‍രെ വലിപ്പം കുറയുന്നില്ല. കുട്ടപ്പനു നിരാശയയായിത്തുടങ്ങി.

ഒരു സുപ്രഭാതത്തില്‍ ഉറക്കമുണര്‍ന്നു കാലിലേക്കു നോക്കിയ കുട്ടപ്പന്‍ ഞെട്ടിത്തരിച്ചു.....

പതിനഞ്ച് ഇഞ്ച് വലിപ്പമുണ്ടായിരുന്ന, തന്‍റെ കാല്‍പാദങ്ങള്‍ കാണാനില്ല. പകരം, അവിടെ, പഴയ മൂന്നിഞ്ചിന്‍റെ രണ്ടുകാല്‍പാദങ്ങള്‍ മാത്രം!!!!!!!

Wednesday, October 10, 2007

കുങ്കുമകോമളം ബ്യൂട്ടിപാര്‍ലര്‍


കത്തോലിക്കാ സഭയും കാത്തലിക്ക് സിറിയന്‍ ബാങ്കും തമ്മിലുള്ള ബന്ധം പോലെ ഗൂഢവും ഗാഢവുമായിരുന്നു അത്.

ഭരണങ്ങാനത്തെ ആബാലവൃദ്ധം പുരുഷന്‍മാരുടെ ആശ്രയവും അഭിലാഷവുമായിരുന്ന കോമളം ജെന്‍്സ് ബ്യൂട്ടിപാര്‍ലറിലെ കോമളന്‍ കൊച്ചാപ്പുവും ആബാലവൃദ്ധം സ്ത്രീകളുടെ ആശയും അഹങ്കാരവുമായിരുന്ന കുങ്കുമം ലേഡീസ് ബ്യൂട്ടിപാര്‍ലറിലെ സുന്ദരി ശോശന്നയുമായുള്ള പ്രണയം.

അഗാധവും അതിശക്തവും അതിഗംഭീരവുമായ ആ പ്രണയത്തിന്റെ തുടക്കം എവിടെയായിരുന്നുവെന്നു ഭരണങ്ങാനത്തെ ചരിത്രകാരന്‍മാര്‍ക്ക് ആര്‍ക്കും നിശ്ചയമില്ല. അത്രയ്ക്കു നേര്‍ത്ത നൂലുപോലെ, ചരിത്രത്തിന്റെ ഏതോ ഒരു ദശാസന്ധിയില്‍ പൂവിരിയുന്നതുപോലെയോ സൂര്യന്‍ ഉദിക്കുന്നതുപോലെയോ അതുസംഭവിച്ചു എന്നു മാത്രമാണു ചരിത്രം പറയുന്നത്.

സ്വന്തം ജോലിയെന്ത് എന്നു ചോദിക്കുന്പോള്‍ ബ്യൂട്ടീഷന്‍ എന്നു പറയാമെങ്കിലും ബാക്കിയുള്ളവരെ സോപ്പിടലും പതയടിക്കലും കത്തിവയ്ക്കലുമാണല്ലോ തന്റെ ജോലി എന്നു കൊച്ചാപ്പു ഓര്‍ക്കാതിരുന്നിട്ടില്ല. ശോശന്നയും ബ്യൂട്ടീഷനായിരുന്നു. എംസി റോഡുമുതല്‍ ദേശീയ പാത വരെ ഇപ്പോള്‍ മന്ത്രിമാര്‍ മുണ്ടുമടക്കിക്കുത്തിനിന്നു ചെയ്യുന്ന ഓട്ടയടക്കല്‍ തന്നെയായിരുന്നു ശോശന്നയുടെയും ജോലി. സുന്ദരാംഗികള്‍ എന്നു ജനം വിശ്വസിച്ചുപോന്നവരുടെ ഭീകരമായ മുഖത്തെ കുഴികള്‍ മൈദമാവുപോലത്തെ മിശ്രിതം കലക്കിയൊഴിച്ച് അടച്ച് സാന്‍ഡ്പേപ്പറിട്ടുമിനുക്കി പോളിഷടിക്കുന്ന പരിപാടിയായിരുന്നു അത്. ഫേഷ്യല്‍ എന്നോ മറ്റോ ആയിരുന്നു ഈസംഗതിയുടെ ഓമനപ്പേര്.

കൊച്ചാപ്പിയുടെ ജോലിയെന്താണെന്നതിെനക്കുറിച്ചു ശോശന്നയ്ക്കോ ശോശന്ന ബ്യൂട്ടിപാര്‍ലറിനുള്ളില്‍ എന്താണു ചെയ്യുന്നത് എന്നതിനെക്കുറിച്ചു കൊച്ചാപ്പിക്കോ പത്തുപൈസയുടെ വിജ്ഞാനമില്ലായിരുന്നു. ഇരുവര്‍ക്കും പരസ്പര ബഹുമാനമുണ്ടാവാനുള്ള പ്രധാന കാരണവും ഇതായിരുന്നു.

ബഹുമാനം വളര്‍ന്നു സ്നേഹമായി പരിണമിച്ചു എന്നാണു നാട്ടുകാരായ ചരിത്രകാരന്‍മാര്‍ പറയുന്നത്.

ഒരിക്കല്‍, മൂന്നുവയസ്സുള്ള പെണ്‍കൊച്ചിന്‍റെ തല മഷ്റൂം ക്രോപ്പടിക്കാന്‍ കോമളം മെന്‍സ് ബ്യൂട്ടിപാര്‍ലറില്‍ കൊണ്ടുചെന്ന ഭരണങ്ങാനത്തെ ഒരേയൊരു ധനികനായ ബ്രിട്ടാസു ചേട്ടനാണു കൊച്ചാപ്പിയുടെ പ്രണയം ആദ്യമായി കണ്ടുപിടിച്ചത്. മൂന്നു വയസ്സുള്ള കൊച്ചിന്‍റെ തലമുടി വെട്ടിയ ശേഷവും മനോരാജ്യത്തിലായിരുന്ന കൊച്ചാപ്പി സാധാരണ ചെയ്യുന്ന മുറയ്ക്കു കൊച്ചിന്റെ മുഖത്തു സോപ്പടിച്ചു. പതിയെ ഷേവു ചെയ്യാനായി കത്തിയെടുത്തു.

ആ നിമിഷം ബ്യൂട്ടിപാര്‍ലറിലേക്കു തിരിച്ചുകയറിയ ബ്രിട്ടാസു ചേട്ടന്‍ അതു കണ്ടെത്തിയില്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ മൂന്നുവയസുകാരി കൊച്ചിനു മൂന്നാലുവര്‍ഷത്തിനകം മുഖത്തു മീശയും താടിയുമായേനെ.

ഈസംഭവത്തിന്റെ തുടര്‍ച്ചയായാണു ഭരണങ്ങാനത്തെ അറിയപ്പെടുന്ന പാതി കഷണ്ടിക്കാരനായ അപ്പച്ചന്‍ ചേട്ടന്റെ തല കൊച്ചാപ്പി മൊട്ടയടിച്ചത്. തലമുടി വെട്ടുന്നതിനിടെ ഉറങ്ങിപ്പോകുന്ന ശീലമുള്ള അപ്പച്ചന് ചേട്ടന്‍ ഉറക്കമുണര്‍ന്നപ്പോള്‍ കണ്ണാടിക്കു മുന്നില്‍ കണ്ടത് അപരിചതനായ ഏതോ ഒരു മൊട്ടത്തലയനെ. പിന്നീടിതുവരെ അപ്പച്ചന്‍ ചേട്ടന്റെ തലയില്‍ മുടി കിളുത്തിട്ടില്ല.

കൊച്ചാപ്പി മാത്രമായിരുന്നില്ല മനോരാജ്യത്തില്‍. ശോശന്ന മേല്‍പ്പറഞ്ഞ രാജ്യത്തിന്റെ തലസ്ഥാനത്തായിരുന്നു.

നാല്‍പ്പതുകാരി പഞ്ചായത്തു പ്രസിഡന്റിന്റെ തലമുടി ഹെന്നയടിച്ചതു മുതല്‍ അതു തുടങ്ങുന്നു. നാട്ടിലെ അറിയപ്പെടുന്ന കരിസ്മാറ്റിക്കുകാരിയായ പെണ്ണമ്മച്ചേടത്തിയുെട നീളന്‍ മുടി ക്രോപ്പുചെയ്ത് അവരെ പ്രിയങ്കാഗാന്ധിയാക്കിയതും ശോശന്നയായിരുന്നു. ശോശന്നയും കൊച്ചാപ്പിയും ക്രൂരകൃത്യങ്ങള്‍ തുടരവേ ഭരണങ്ങാനം ആ സത്യം ഒടുവില്‍ തിരിച്ചറിഞ്ഞു.

ഇരുവരും പ്രണയത്തിലാണ്. പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും പോലെ, ബാലചന്ദ്രന്‍ ചുള്ളിക്കാടും വിജയലക്ഷി ടീച്ചറും പോലെ ബ്യൂട്ടീഷന്‍ കൊച്ചാപ്പുവും ബ്യൂട്ടീഷന്‍ ശോശന്നയും പ്രണയത്തിലാണ്. ആരെതിര്‍ത്താലും അവരു പ്രണയിക്കും. വിവാഹം കഴിക്കും. വിവാഹം കഴിക്കുന്നതോടെ കോമളം ബ്യൂട്ടിപാര്‍ലറും കുങ്കുമം ബ്യൂട്ടിപാര്‍ലരും ഒന്നാകും. ഹച്ച് വൊഡാഫോണായപോലെ, നെടുങ്ങാടി ബാങ്ക് പഞ്ചാബ് നാഷനല്‍ ബാങ്കായ പോലെ ഒന്ന് ഒന്നില്‍ ലയിക്കും. പിന്നെ ബാക്കി ഒന്നുമാത്രം. ഒരേയൊരു ഒന്ന്.

ആ ഒന്ന് എപ്പോള്‍ വരും എന്നതു മാത്രമായിരുന്നു എല്ലാവരുടെയും ആകാംക്ഷ.

ഏതോ ഒരു പരസ്യത്തില്‍ മിടുക്കനായൊരു ആങ്കൊച്ച് ചോദിക്കുന്ന പോലെ, എന്റെ നന്പര്‍ എപ്പോള്‍ വരും എന്നു കൊച്ചാപ്പി ശോശന്നയോടു ചോദിക്കാതിരുന്നിട്ടില്ല.

ചോദിച്ചു, പലവട്ടം.

പക്ഷേ, അപ്പോളൊക്കെയും ശോശന്ന മനോഹരമായ മനോരാജ്യത്തില്‍ തന്നെയായിരുന്നു. അവരുടെ മനോരാജ്യത്തില്‍ കുങ്കുമവും കോമളവും ഒന്നാകുന്ന ആ സുന്ദരനിമിഷമായിരുന്നു. അതവള്‍ കൊച്ചാപ്പിയോടു പറഞ്ഞു.

ആദ്യം കല്യാണം കഴിയട്ടെ,അതുകഴി‍ഞ്ഞുരണ്ടും ഒന്നാക്കാം.

എല്ലാവരും അറിഞ്ഞുകഴിഞ്ഞതല്ലേ, നമ്മുടെ പ്രണയം. അതുകൊണ്ട് ഇതിപ്പോളേ ഒന്നാക്കാം. നമുക്ക് കല്യാണം പിന്നീടു കഴിക്കാം. അതാ അതിന്റെയൊരു ശരി. - ശോശന്ന പറഞ്ഞു.

പെണ്‍ബുദ്ധി പിന്‍ബുദ്ധി എന്നു കൊച്ചാപ്പിയെ ഉപദേശിക്കാന്‍ ആരുമുണ്ടായിരുന്നില്ല. കൊച്ചാപ്പി എടുത്തുചാടി സമ്മതിച്ചു.

പിറ്റേന്റെ പിറ്റേന്ന് ഭരണങ്ങാനത്ത് ഒരുവലിയ ബോര്‍ഡു പൊങ്ങി.ഒരു മാറ്റം ആര്‍ക്കാണിഷ്ടമാകാകത്തത്, കോമളവും കുങ്കുമവും ഇന്നുമുതല്‍ ഒന്നാകുന്നു. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായി ഒരേയൊരു ബ്യൂട്ടിപാര്‍ലര്‍. കുങ്കുമ കോമളം ബ്യട്ടിപാര്‍ലര്‍ ഫോര്‍ ജെന്റ്സ് ആന്‍ഡ് ലേഡീസ്.

ചെറിയൊരു പീടികമുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന ശോശന്നയുടെ കുങ്കുമം അടച്ചുപൂട്ടി.

പകരം, ഷോപ്പിങ് കോംപ്ളക്സിന്റെ താഴത്തെ നിലയിലെ വിശാലമായ ഫ്ളോറില്‍ പ്രവര്‍ത്തിച്ചിരുന്ന കൊച്ചാപ്പിയുടെ കുങ്കുമം ബ്യൂട്ടിപാര്‍ലറിലേക്കു ശോശന്നയും അനുബന്ധ സാമഗ്രികളും കുടിയേറി. അതോടെ, ലയനം പൂര്‍ത്തിയായി.

പിന്നെയും മാറ്റങ്ങളുണ്ടായിരുന്നു. കൊച്ചാപ്പിക്കു മാനേജിങ് ഡയറക്ടര്‍ എന്നൊരു ഡെസിഗ്നേഷനും കറങ്ങുന്ന കസേരയും കൊടുത്തു.

ആണുങ്ങളുടെ തലമുടി വെട്ടാന്‍ എറണാകുളത്തുനിന്ന് അന്ത്രോസ് എന്ന ആംഗ്ലോ ഇന്ത്യനെ കൊണ്ടുവന്നു. വനിതകളുടെ ബ്യൂട്ടീഷന്‍ കം മാനേജരായി ശോശന്ന തന്നെ തുടര്‍ന്നു. കൊച്ചാപ്പി ജോലിയൊന്നും ചെയ്യേണ്ടതില്ലെന്നു ശോശന്ന കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. ജോലിയൊന്നും ചെയ്യാതെ വെറുതെ കസേരയും വലിച്ചിട്ടിരുന്നു കൊച്ചാപ്പിക്കു കുടവയറുചാടിത്തുടങ്ങി.

എന്നാണു നമ്മുടെ കല്യാണമെന്നു കൊച്ചാപ്പി എന്നും ശോശന്നയോടു ചോദിക്കും. ശോശന്ന പറയും- പ്ളീസ് വെയ്റ്റ്.

ഞാനിവിടെയുണ്ടല്ലോ, നമുക്കിനിയും സമയമില്ലേ?

സംയമനത്തിന്റെ നൂല്‍പ്പാലത്തിലൂടെ കൊച്ചാപ്പി മന്ദംമന്ദം നീങ്ങിക്കൊണ്ടിരുന്നു.

ആയിടയ്ക്കാണു ബ്യൂട്ടിപാര്‍ലര്‍ എയര്‍കണ്ടീഷന്‍ ആക്കിയാല്‍ നന്നായിരിക്കുമെന്നൊരു ഐഡിയ വെട്ടുകാരന്‍ അന്ത്രോസ് ഉന്നയിക്കുന്നത്. അതുകൊള്ളാമെന്നു ശോശന്ന യ്ക്കും തോന്നി. എയര്‍കണ്ടീഷനാക്കാന്‍ കാശുവേണം. ചില്ലറ പോര, വല്യറ തന്നെ വേണം. എന്തു ചെയ്യും??

ആലോചനകളുടെ അവസ്ഥാന്തരങ്ങള്‍ക്കൊടുവില്‍, കൊച്ചാപ്പിയും അമ്മച്ചിയും താമസിക്കുന്ന പത്തുസെന്റ് പുരയിടം ബാങ്കില്‍ പണയം വയ്ക്കാമെന്നു തീരുമാനമാകുന്നു. പണമെടുത്തു. എസിയാക്കി.

അതോടെ, എസിക്കുള്ളിലെ കറങ്ങുന്ന കസേരയിലായി കൊച്ചാപ്പിയുടെ ഇരിപ്പ്. കൊച്ചാപ്പി ഇരിപ്പു തുടര്‍ന്നു. ശോശന്ന ജോലി തുടര്‍ന്നു. പണം വാങ്ങുന്നതും കണക്കു നോക്കുന്നതും അന്ത്രോസിനു ശന്പളം കൊടുക്കുന്നതുമെല്ലാം ശോശന്നയായിരുന്നു. ഒന്നും കൊച്ചാപ്പി അറിയേണ്ടതില്ലെന്നു ശോശന്നയ്ക്കു നിര്‍ബന്ധമുണ്ടായിരുന്നു. അതില്‍ കൊച്ചാപ്പിക്കും തെല്ല് അഭിമാനം തോന്നാതിരുന്നില്ല.

അഭിമാനം കൂടിയും കുറഞ്ഞുമിരുന്നെങ്കിലും കൊച്ചാപ്പിക്ക് അനന്തമായി നീണ്ടുപോകുന്ന തന്റെ അവിവാഹിത ഭാവിയെക്കുറിച്ച് ആശങ്ക തോന്നാതിരുന്നില്ല.

ഒരുദിവസം രാവിലെ കടയിലേക്കു കയറി വന്ന ശോശന്നയെ കൊച്ചാപ്പി തടഞ്ഞുനിര്‍ത്തി.

എനിക്കിപ്പോള്‍ അറിയണം, എപ്പോളാണു നമ്മുടെ കല്യാണം. ഇനിയും കാത്തിരിക്കാന്‍ എനിക്കു വയ്യ- കൊച്ചാപ്പി കയറുപൊട്ടിച്ചു.

കല്യാണമോ, ആരുടെ കല്യാണം? - ശോശന്ന തിരിച്ചടിച്ചു.

ആ അടിയേറ്റു കൊച്ചാപ്പി വീണു. ശോശന്നയ്ക്കു തെല്ലും കൂസലുണ്ടായിരുന്നില്ല. അന്നു തന്നെ അവള്‍ കൊച്ചാപ്പിയെ കടയില്‍നിന്നു പുറത്താക്കി.

കൊച്ചാപ്പി പെരുവഴിയായി.

പിറ്റേന്നു രാവിലെ ഭരണങ്ങാനത്തെ സര്‍വീസ് സഹകരണബാങ്കുകാര്‍ ഒരു കാറില്‍ കൊച്ചാപ്പിയുടെ വീട്ടുമുറ്റത്തു വന്നിറങ്ങി. വെളുത്ത നിറത്തിലുള്ള ഒരു കടലാസ് അതിരാവിലെ കൊച്ചാപ്പിയുടെ കയ്യില്‍ കൊടുത്തു.

ജപ്തി!!!

കട എസിയാക്കാന്‍ ലോണെടുത്ത പണം പലിശയും കൂട്ടുപലിശയും ചേര്‍ന്നു ഭീകരമായിരിക്കുന്നു.

അന്നുവൈകിട്ട് നാട്ടിലൂടെ ലൈറ്റിട്ട്, ഓണടിച്ചു കടന്നുപോയ സോമന്‍ ചേട്ടന്റെ മഹീന്ദ്ര ജീപ്പില്‍ രണ്ടുപേരെ കണ്ടതായി ഭരണങ്ങാനത്തെ ചരിത്രകാരന്‍മാര്‍ പറയുന്നു. കൊച്ചാപ്പിയെ പിന്നെയാരും കണ്ടിട്ടില്ല.

ശോശന്ന ഇപ്പോളും ബ്യൂട്ടീഷനായി തുടരുന്നു. അന്ത്രോസ് അവളുടെ ഭര്‍ത്താവായും. ...!

Saturday, October 06, 2007

മാത്തപ്പന്റെ തിരോധാനം


എടാ... മാത്തപ്പന്‍ മിസ്സിങ് ആണ്!


അതിരാവിലെ ജോര്‍ജുകുട്ടിയാണു വിളിച്ചേല്‍പിച്ചത്. രാവിലത്തെ മഞ്ഞിന്‍തണുപ്പത്തും അവന്‍ നന്നായി വിയര്‍ത്തിട്ടുണ്ട്. വിയര്‍പ്പിന് ഒസിആര്‍ മണം.

ഞാന്‍ കുറ്റം പറഞ്ഞില്ല. കാരണം, എനിക്കും കാണുമല്ലോ അതേ മണം!

മാത്തപ്പന്‍ മിസ്സിങ്. അവന്‍വീണ്ടും പറഞ്ഞു. എനിക്കതില്‍ അതിശയം തോന്നിയില്ല. ഞാന്‍ അടുക്കളയിലേക്കു നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.

രണ്ടു കട്ടന്‍ കാപ്പി.

അമ്മച്ചീ മുട്ട പുഴുങ്ങിയതുണ്ടേല്‍ അതും- ജോര്‍ജുകുട്ടി പൂരിപ്പിച്ചു.

ഇനിയിപ്പം എന്തു ചെയ്യും?

എന്തു ചെയ്യാന്‍? എന്തായാലും അവളുടെ കല്യാണത്തിനു പോകണം. അവളു വിളിച്ചില്ലേലും അവളുടെ അപ്പന്‍ വിളിച്ചതാണ്. - ഞാന് സംശയലേശമന്യേ പറഞ്ഞു.

എടാ അപ്പം മാത്തപ്പന്? അവന്‍റെ അപ്പന്‍ രാവിലെ വീട്ടിലോട്ടു വിളിച്ചിരുന്നു. അവന്‍ അവിടെയുണ്ടോന്നും ചോദിച്ച്. ഇന്നലെ രാത്രി പിരിഞ്ഞിട്ട് അവന്‍ വീട്ടില്‍ച്ചെന്നില്ലെന്ന്. എവിടെപ്പോയിക്കാണും? ജോര്‍ജുകുട്ടി കൂടുതല്‍ സീരിയസായിക്കൊണ്ടിരുന്നു.

ഞാനപ്പോള്‍ പാരലല്‍ ആയി മറ്റൊരു കാര്യമാണാലോചിച്ചുകൊണ്ടിരുന്നത്. ഒന്നിച്ചു പഠിച്ച പെണ്ണിന്‍റെ കല്യാണത്തിനു പോകാതിരുന്നാല്‍ മോശം.

അവളു കല്യാണം വിളിച്ചിട്ടില്ലെന്നതു മറ്റൊരു കാര്യം.

എക്സ് മിലിട്ടറിക്കാരനായ അവളുടെ അപ്പന്‍ പക്ഷേ വിളിച്ചു. ഒന്നല്ല, രണ്ടുതവണ.

തലേന്നേ ചെല്ലണമെന്നും പറഞ്ഞതാണ്. പോകാന്‍ പറ്റിയില്ല. ആ നിലയ്ക്ക് ഇന്നെങ്കിലും പോയില്ലേല്‍ അങ്ങേര് എന്തു വിചാരിക്കും.

നീ എന്താ അലോചിക്കുന്നത്? മാത്തപ്പനെ തപ്പേണ്ടേ?

എനിക്കു ദേഷ്യം വന്നു.

എടാ അവന്‍ എവിടെയേലും പോയി പണ്ടാരമടങ്ങട്ടെ. ഇന്നലേംകൂടി പറഞ്ഞതല്ലേ അവനോട് അവളെ വിളിച്ചിറക്കാന്‍. അതിന് ആംപിയറില്ലാത്തവന്‍ നാടുവിട്ടാലെന്ത്? കാട്ടില്‍പോയാലെന്ത്? കടലില്‍ ചാടി ചത്താലെന്ത്? -

വിളിച്ചിറക്കാന്‍ ചെന്നാല്‍ അതിന്നവള് എറങ്ങിവരുമോടാ? - ജോര്‍ജുകുട്ടിക്കും ദേഷ്യമായി.

അതുനീ എന്നോടാണോ ചോദിക്കുന്നത്. അതിന് അവള് എന്നെങ്കിലും അവനോട് ഇഷ്ടമാണെന്നു പറഞ്ഞിട്ടുണ്ടോ? -

അവന്‍ അവളോട് എന്നെങ്കിലും അങ്ങനെയൊരു കാര്യം നേരിട്ടെഴുന്നെള്ളിച്ചിട്ടുണ്ടോ? - എനിക്കും ദേഷ്യം മൂത്തു.

എടാ, കാപ്പി വേണേല്‍ വന്നുകുടി. ഇവിടെ എടുത്തു വച്ചിട്ടു കുറേനേരമായി. തണുത്തുപോകും.- അമ്മച്ചിയുടെ വാണിങ്.

പല്ലുതേക്കാന്‍ നില്‍ക്കാതെ നേരെ കാപ്പിക്കരികിലേക്കു നീങ്ങി.

കാപ്പി കുടിക്കുന്നതിനിടയില്‍ അവന്‍ വീണ്ടും കാര്യമെടുത്തിട്ടു.

എടാ, മാത്തപ്പന്‍ വല്ല കടുംകൈയും....

ഞാന്‍ തിരിച്ചു ചോദിച്ചു. എടാ മണ്ടന്‍ കൊണാണ്‍ട്രാ... ഒരു പെങ്കൊച്ചിന്‍റെ നേരെ നോക്കാന്‍ തന്‍റേടമില്ലാത്ത അവന്‍ എന്തു കടുംകൈ ചെയ്യാനാടാ? അതിനും വേണ്ടേ ധൈര്യം???

അതു ശരിയാണെന്ന് ജോര്‍ജുകുട്ടിക്കും തോന്നിക്കാണും.

എന്നാലും ഒരു നിമിഷത്തെ ആവേശത്തില്‍...??

ഒരുനിമിഷത്തെ ആവേശത്തില്‍ പോയി പണ്ടാരമടങ്ങിയാല്‍ അവന്‍ പോയി തുലയട്ടെ. നീയിരിക്ക്. ഞാന്‍ കുളിച്ചിട്ടു വരാം.

ഞാന്‍ അകത്തേക്കു പോയി. കുളിക്കുന്പോള്‍ ഓര്‍ത്തു. കഴിഞ്ഞതവണ മാത്തപ്പന്‍വീട്ടില്‍ വന്നപ്പോള്‍ കുറേ നേരം സംസാരിച്ചിരുന്നു.

ജീവിതത്തിന്റെ നിസ്സഹായതയെക്കുറിച്ചും ആയുസ്സിന്റെ നശ്വരതയെക്കുറിച്ചുമൊക്കെയാണവന്‍ സംസാരിച്ചത്. ഇഷ്ടവിഷയമായിരുന്നതുകൊണ്ട് ഏറെ നേരം ഓരോ കാര്യങ്ങള്‍ സംസാരിച്ചിരുന്നു. ചില നേരങ്ങളി‍ല്‍ അവന്‍ മാത്രം സംസാരിച്ചു. ചിലനേരത്ത് അവന്‍ എല്ലാം കേട്ടിരുന്നു.

ഒന്നും തിരിച്ചു പറയാതെ ഒരായുസ്സിന്റെ ശ്രവണം പോലെ തോന്നിപ്പിക്കുംവിധം അവന്‍ എന്നെ നോക്കി കുറേനേരം മിണ്ടാതിരുന്നു. എനിക്കും ഒന്നും മിണ്ടാനുണ്ടായിരുന്നില്ല.

ചര്‍ച്ച അവസാനിപ്പിച്ചിട്ടും അവനൊന്നും മിണ്ടിയില്ല. മാത്തപ്പന്റെ പ്രണയം പോലും അങ്ങനെയൊന്നായിരുന്നല്ലോ.

വെളിപ്പെടുത്തപ്പെടാതിരിക്കുന്നതിന്റെ ലഹരിയിലും സൗന്ദര്യ വിശ്വാസങ്ങളിലുമായിരുന്നു മാത്തപ്പന്റെ മനസ്സ്.

പക്ഷേ, എല്ലാം ഉള്ളിലൊതുക്കിയ അണക്കെട്ട് എന്നോ ഒരിക്കല്‍ ചെറുതായൊന്നു ചോര്‍ന്നു.

പിന്നീടതു പൊട്ടിത്തെറിച്ചു.

അതില്‍ അപഹാസ്യനും നിരാലംബനും കേവലനുമായിപ്പോയ മാത്തപ്പനെയായിരുന്നു അധികം വൈകാതെ ചിക്കുന്‍ഗുനിയ കൂടി പിടിച്ചു കുടഞ്ഞത്. അതോടെ അവന്‍ മനുഷ്യക്കോലം പോലുമല്ലാതായി. മനസ്സുകൊണ്ടു വൃദ്ധനായ പോലെ.

അവളുടെ കല്യാണമുറപ്പിച്ച കാര്യം കേട്ടപ്പോള്‍ മുതല്‍ മാത്തപ്പന്‍ നെട്ടോട്ടത്തിലായിരുന്നു. പലപ്പോഴും പള്ളിയില്‍നിന്ന് ഒറ്റയ്ക്കിറങ്ങി വരുന്നതു കണ്ടിട്ടുണ്ട്. ഒരു ദിവസം പണ്ടെന്നോ മേടിച്ച 150 രൂപ എനിക്കു തിരികെ തന്നു.

ഇപ്പോള്‍ എനിക്കാവശ്യമില്ലെന്നു പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു- ഇനിയിപ്പം കണ്ടില്ലെങ്കിലോ?

അന്നൊരിക്കല്‍ വീട്ടില്‍നിന്ന് ഇറങ്ങാന്‍ നേരത്ത് മറ്റൊന്നുകൂടി അവന്‍ ചോദിച്ചിരുന്നു. ഏറ്റുമാനൂരില്‍ സ്റ്റോപ്പില്ലാത്ത എത്ര ട്രെയിനുകളുണ്ട് എന്നായിരുന്നു ആ ചോദ്യം.

നെഞ്ചു കിടുങ്ങി. ഇത്രയും നേരം തമാശ പറഞ്ഞതു കാര്യമാവുമോ? ദൈവമേ??

കുളി വേഗം അവസാനിപ്പിച്ചു. ഡാ , വേഗം പുറപ്പെടാം.

ജോര്‍ജുകുട്ടി മടിച്ചു. ഞാനില്ലെടാ കല്യാണത്തിന്. എനിക്കു താല്‍പര്യമില്ല.

ഞാന്‍ അവനെ പിടിച്ചു മുറ്റത്തേക്കിറക്കി.

കല്യാണത്തിനല്ലെടാ പോകേണ്ടത്. ആദ്യം അവനെ കണ്ടുപിടിക്കണം. എന്‍റെ കണ്ണുകളിലെ ഭയം അവനിലേക്കും പകര്‍ന്ന പോലെ. വീട്ടിനു പുറത്തേക്കിറങ്ങി.

മൊബൈല്‍ ഫോണെടുത്ത് വിളിച്ചു.

ഇന്ന് അണ്‍ ഐഡന്‍റിഫൈഡ് വല്ലതും???

ഇല്ലെന്ന് അങ്ങേത്തലയ്ക്കല്‍ നിന്നു മറുപടി. ആശ്വാസം പകുതിയായി.

അടുത്തത് എപ്പോളാ?

ഒന്‍പതര. വഞ്ചിനാട്.

വാച്ചില്‍ നോക്കി. ഒന്‍പതു മണി.

ഒന്‍പതര, ഏറ്റുമാനൂര്‍...

അതിവേഗം, ടൗണിലെത്തി. ഓട്ടോ വിളിച്ചു. ഏറ്റുമാനൂര്‍. ജോര്‍ജുകുട്ടി ഒന്നും മിണ്ടുന്നില്ല. ഓട്ടോ ഡ്രൈവറും. ഉള്ളില്‍ ചങ്കിടിപ്പു കൂടി. ഓട്ടോയ്ക്കു വേഗം പോരെന്നു തോന്നി. വഞ്ചിനാട് പാസു ചെയ്യും മുന്‍പ് അവിടെയെത്തണം. ഞാന്‍ യാന്ത്രികമായി പറഞ്ഞുകൊണ്ടിരുന്നു.

ഒന്‍പത് ഇരുപത്തേഴ്. ട്രെയിന്‍ ഇരുപത് മിനിട്ടു ലേറ്റാണ്. നേരെ ട്രാക്കിലേക്കിറങ്ങി.

എറണാകുളം ഭാഗേത്തക്കു ജോര്‍ജുകുട്ടിയെ അയച്ചു. ഞാന്‍ കോട്ടയം ഭാഗത്തേക്കും നടന്നു. കരിങ്കല്‍ കഷ്ണങ്ങളില്‍ ചവിട്ടി കാലുമുറിഞ്ഞും മടിഞ്ഞും അതിവേഗമായിരുന്നു നടപ്പ്. ട്രാക്കിന് സമീപത്തും പരിസരങ്ങളിലുമൊന്നും ആരും ഒളിച്ചിരിപ്പുണ്ടായിരുന്നില്ല.

മാത്തപ്പനെ കണ്ടില്ല.

ജോര്‍ജുകുട്ടിയെ മൊബൈലില്‍ വിളിച്ചു. ഡാ കണ്ടോടാ.....

ഇല്ല.

ട്രെയിനു സമയമായി. വേഗം തിരിച്ചു നടന്നു. സ്റ്റേഷനില്‍ എത്തിയപ്പോഴേയ്ക്കും സിഗ്നലായി.

പ്ളാറ്റ്ഫോമിലേക്കു കയറി.

മാത്തപ്പന്റെ ഓര്‍മകളുടെ ഇരന്പലും വല്ലാത്ത കുലുക്കവുമായി നെഞ്ചിടിപ്പു പെരുക്കിക്കൊണ്ടു ട്രെയിന്‍ വന്നു.

സ്റ്റേഷനില്‍ വണ്ടി സ്ലോ ആയി. ഓടി മറയുന്ന കോച്ചുകളില്‍ വെറുതെ കണ്ണുകൊരുത്തുവച്ചു.

അല്ലാതിനി എന്തു ചെയ്യാന്‍?

നിരാശയോടും വല്ലാത്തൊരു ഭാരത്തോടുംകൂടി അവിടുത്തെ സൈഡ് ബെഞ്ചിലേക്ക് അമര്‍ന്നിരുന്നു. ജോര്‍ജുകുട്ടി അപ്പോഴും വിയര്‍ക്കുകയായിരുന്നു. കോച്ചുകള്‍ ഒരോന്നായി നീങ്ങിക്കൊണ്ടിരുന്നു.

ട്രെയിന്‍ കടന്നുപോയിക്കഴിഞ്ഞപ്പോളും പാളങ്ങള്‍ അനന്തതയിലേക്കു തലനീട്ടി അലസമായിക്കിടന്നു.

ഇനി എവിടെപ്പോയി അന്വേഷിക്കാന്‍?

ഓട്ടോറിക്ഷ ഭരണങ്ങാനത്തു തിരിച്ചെത്തി. പള്ളിയില്‍ അവളുടെ കല്യാണം.മാത്തപ്പനെക്കുറിച്ചോര്‍ത്തപ്പോള്‍ മനസ്സു നീറി.

ജോര്‍ജുകുട്ടി തളര്‍ന്നു കഴിഞ്ഞിരുന്നു.

ഓട്ടോക്കാരനു പണം കൊടുത്ത് പതിയെ പാരിഷ് ഹാളിലേക്കു നടന്നു.

കല്യാണപ്പെണ്ണും ചെറുക്കനും ഹാളിന്റെ അങ്ങേത്തലയ്ക്കലെ സ്റ്റേജില്‍ നിര്‍മിച്ച കല്യാണമണ്ഡപത്തില്‍ ചിരിച്ചും സൊറപറഞ്ഞും ഭക്ഷണം കഴിച്ചും സമയം കളയുന്നു.

ബഹളങ്ങള്‍ നാനാവിധം വേറെ.

കണ്ണിലും ചെവിയിലുമെല്ലാം ഇരച്ചുവരുന്ന ട്രെയിനിന്റെ ശബ്ദം മാത്രമാണു ബാക്കി.

എടാ തിരിച്ചുപോകാം....- ജോര്‍ജുകുട്ടി പറഞ്ഞു.

മാത്തപ്പനെയോര്‍ത്ത് അവിടെനിന്നു തിരിഞ്ഞിറങ്ങി പുറത്തേ വെയിലിലേക്ക് കാലുകുത്തി.

എടാ ബെര്‍ളീ... ജോര്‍ജുകുട്ടീ....

പരിചയമുള്ള ശബ്ദം. തിരിഞ്ഞുനോക്കി.

ഞെട്ടിപ്പോയി.

മാത്തപ്പന്‍- ജോര്‍ജുകുട്ടി വിറച്ചുകൊണ്ട് പറഞ്ഞു

സൂക്ഷിച്ചുനോക്കി. അതേ മാത്തപ്പന്‍.

അവന്‍ അടുത്തേക്കു വന്നു. കല്യാണത്തിന്റെ റിസപ്ഷന്‍ കഴിഞ്ഞ് കൈതുടച്ച് മാത്തപ്പന്‍. അവന്റെ കൈയ്ക്കു വല്ലാത്ത തണുപ്പ്.

ബെര്‍ളീ നീ കഴിച്ചില്ലേ? ഞാന്‍ ആദ്യട്രിപ്പിനു തന്നെ ഇരുന്നു. എന്തിനു പാഴാക്കണം?
ഒരു കാര്യം ചെയ്യ്, നീ അടുത്ത ട്രിപ്പിന് ഇരിക്ക്, ഞാന്‍ ടൗണില്‍ കാണും. - ഉയര്‍ന്നു വന്നൊരു ഏന്പക്കത്തോടെ മാത്തപ്പന്‍ അത്രയും പറഞ്ഞു റോഡിലേക്കിറങ്ങി നടന്നു.
അപ്പോള്‍ കല്യാണ മണ്ഡപത്തിലെ ബഹളങ്ങളും വിരുന്നുകാരുടെ കലപിലയും കടന്നു മനസ്സിലൂടെ ഒരു ട്രെയിന്‍ മൂളിപ്പാഞ്ഞുപോയി.

Powered By Blogger