Friday, August 31, 2007

മുടിയനായ പുത്രന്‍

പ്രിയപ്പെട്ട നാട്ടുകാരെ,

വി. സെബസ്ത്യാനോസിന്‍റെ തിരുനാളിനോട് അനുബന്ധിച്ച്, കെസിവൈഎം ഭരണങ്ങാനം യൂണിറ്റ് സംഘടിപ്പിക്കുന്ന ടാബ്ളോ മല്‍സരം ഏതാനും നിമിഷങ്ങള്‍ക്കകം ഈ രാജവീഥികളെ ധന്യമാക്കി കടന്നുവരികയാണ്. അമ്പാറ കുരിശുപള്ളി ജങ്ഷനില്‍നിന്നാരംഭിക്കുന്ന ടാബ്ളോ മേരിഗിരി ജങ്ഷനില്‍ അവസാനിക്കുന്നതാണ്. ഈ കലാവിരുന്നുകാണാന്‍ ഈ നാട്ടിലെ എല്ലാ കലാസ്നേഹികളെയും ഞങ്ങള്‍ സ്നേഹപൂര്‍വം ഭരണങ്ങാനത്തേക്കു സ്വാഗതം ചെയ്തുകൊള്ളുന്നു.........

കോളമ്പി കെട്ടിയ ഓട്ടോറിക്ഷകളിലൊന്ന് ഭരണങ്ങാനം ടൗണിലൂടെ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരുന്നു. ടാബ്ളോ മല്‍സരം കാണാന്‍ ഭരണങ്ങാനത്തെ പൗരപ്രമുഖരും അവരുടെ ഭാര്യപ്രമുഖരും പൗരക്കുഞ്ഞുങ്ങളും റോഡിനിരുവശത്തുമായി നില്‍പ്പുറപ്പിച്ചു. ഭരണങ്ങാനത്തു വല്ലപ്പോഴും മാത്രം കണ്ടുകിട്ടുന്നയത്ര പുരുഷാരവും സ്ത്രീയാരവും.

സംഘാടകരായ കെസിവൈഎമ്മുമാര്‍ ബാഡ്ജുകുത്തി, ബൈക്കില്‍ കയറി നാലുപാടും വെറുതെ പറന്നുകൊണ്ടിരുന്നു. റോക്കറ്റ് വിക്ഷേപണത്തിനു മുന്‍പ് എല്ലാം ഒകെയല്ലേ എന്നുനോക്കുന്ന കൊടികെട്ടിയ സയന്‍റിസ്റ്റുകളെപ്പോലെ ഡയറക്ടറച്ചന്‍, ഫ്ളാഗ് ഓഫ് ചെയ്യാനുള്ള കൊടിയില്‍ മുറക്കെപ്പിടിച്ച് പള്ളിമുറ്റത്തുകൂടെ ഉലാത്തിക്കൊണ്ടിരുന്നു.

ഈ സമയത്ത്, ഭരണങ്ങാനം കുരിശുപള്ളി ജങ്ഷനിലെ അമ്പാറ ഷാപ്പില്‍ കച്ചവടം പൊടിപൊടിക്കുകയായിരുന്നു. ടാബ്ളോ മല്‍സരം തുടങ്ങുന്നിടത്തുതന്നെ കാണാന്‍ എത്തിയ വലിയൊരു കുടിയാരം ഷാപ്പിലുണ്ടായിരുന്നു. കൂടാതെ, ടാബ്ളോയില്‍ പങ്കെടുക്കുന്നവരെ ഒരുക്കാനും മെരുക്കാനുമായി വന്നവരും അവിടുത്തെ കാലുറയ്ക്കാത്ത ബഞ്ചുകളില്‍ നേരത്തെ തന്നെ സ്ഥാനം പിടിച്ചിരുന്നു.

ഉച്ചവെയില്‍ ഉച്ചിവിട്ടിറങ്ങുന്ന നേരമായതോടെ, സ്റ്റാര്‍ട്ടിങ് പോയിന്‍റില്‍ അനൗണ്‍സ്മെന്റ് മുഴങ്ങി.

ടാബ്ളോ മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ എത്രയും വേഗം ഈ മൈക്ക് പോയിന്‍റില്‍ റിപ്പോര്‍ട്ടു ചെയ്യേണ്ടതാണ്.....

കര്‍ത്താവിന്‍റെ കാല്‍വരി മരണം ചിത്രീകരിക്കുന്ന ടാബ്ളോയിലെ യേശുക്രിസ്തു ആ സമയത്ത് അമ്പാറ ഷാപ്പിലെ കള്ളുചാറയ്ക്കടുത്ത് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ആരെങ്കിലുമൊന്നു സഹായിക്കണേ എന്ന ഷേപ്പില്‍ കുത്തിയിരിക്കുകയായിരുന്നു.

മഗ്ദലനമറിയവും കുന്തക്കാരും റെഡിയായിട്ടും കുരിശു വേക്കന്‍റായി കിടക്കുന്നതു കണ്ട സംഘാടകര്‍ യേശുക്രിസ്തുവിനായി അന്വേഷണം തുടങ്ങി.

ശ്രീ യേശുക്രിസ്തു ഇവിടെ എവിടെയെങ്കിലുമുണ്ടെങ്കില്‍ ഉടന്‍ ഈ കുരിശിന്‍റെ ചോട്ടിലെത്തണം. ആണിയടിക്കാന്‍ ആശാരി വെയ്റ്റു ചെയ്യുന്നു....

ഇതുവരെ തന്‍റെയൊപ്പമുണ്ടായിരുന്ന പന്ത്രണ്ടു ശിഷ്യന്മാരും ഒരുമിച്ചു തന്നെ ഒറ്റിക്കൊടുത്തല്ലോ എന്നോര്‍ത്ത് യേശുക്രിസ്തു ഷാപ്പിലിരുന്നു ഞെരങ്ങി.

ആ സമയത്ത്, മുടിയനായ പുത്രന്‍ എന്ന ടാബ്ളോയുടെ അണിയറക്കാരും അന്വേഷണത്തിലായിരുന്നു. മുടിയനായ പുത്രന്‍റെ തിരിച്ചുവരവും പുത്രക്ഷേമതല്‍പരനും സര്‍വോപരി സല്‍സ്വഭാവിയും നന്‍മനിറ‍ഞ്ഞവനുമായ പിതാവിന്‍റെ സ്നേഹത്തോടെയുള്ള സ്വീകരണവുമാണു ടാബ്ളോ. ധനികയനായ പിതാവ്, ധനികനായ പിതാവിന്‍റെ ഭാര്യ, മുടിയനായ പുത്രന്‍, മുടിയനായ പുത്രന്‍റെ ഭാര്യ എന്നിവരായിരുന്നു വേഷക്കാര്‍.

ധനികനായ പിതാവായി വേഷമിടുന്നതു സെമിനാരിയില്‍ പത്തുകൊല്ലം പഠിച്ച്, അച്ചന്‍ പട്ടത്തിനു തലേന്നു മതിലുചാടി വീട്ടിലെത്തിയ ചാക്കോച്ചേട്ടന്‍. അറിയപ്പെടുന്ന നാടകനടന്‍കൂടിയായ ചാക്കോച്ചേട്ടന്‍ മേക്കപ്പിട്ടു റെഡിയായിക്കഴിഞ്ഞു. മുടിയനായ പുത്രനായി വേഷമിടുന്നത് ചാക്കോച്ചേട്ടന്‍റെ തന്നെ പ്രിയസന്താനം അവിരാക്കുട്ടി. ധനികനായ പിതാവിന്‍റെ ഭാര്യയായി വേഷമിടുന്നത് ചാക്കോച്ചേട്ടന്‍റെ വീട്ടിലെ വെട്ടുകാരനായ പൊന്നപ്പന്‍. മുടിയനായ പുത്രന്‍റെ ഭാര്യയായി വേഷമിടുന്നതു ചാക്കോച്ചേട്ടന്‍റെ വീട്ടിലെ കറവക്കാരന്‍ കുട്ടന്‍.

ധനികനായ പിതാവിന്‍റെ ഭാര്യയും മുടിയനായ പുത്രന്‍റെ ഭാര്യയും റെഡിയായിക്കഴിഞ്ഞു. മുടിയനായ പുത്രനും ധനികനായ പിതാവും റെഡിയായിക്കഴിഞ്ഞു. അവര്‍ക്കു സഞ്ചരിക്കേണ്ട ടാബ്ളോ വാഹനമായ ടാറ്റാ 407 ലോറിയും റെഡിയായിക്കഴിഞ്ഞു.

എല്ലാം റെഡിയായിക്കഴിഞ്ഞപ്പോള്‍ സംഘാടകര്‍ പറഞ്ഞു,

റെഡിയായി തുടരട്ടെ, അരമണിക്കൂര്‍കൂടി കഴിഞ്ഞേ പരിപാടി തുടങ്ങൂ.....

ആ അരണിക്കൂര്‍ വല്ലാത്തൊരു പ്രലോഭനമായിരുന്നു. തൊട്ടടുത്തു കുരിശുപള്ളി. അതിന്നടുത്ത് കള്ളുഷാപ്പ്. ധനികനായ പിതാവിന്‍റെ ധനികയായ ഭാര്യയും മുടിയനായ പുത്രന്‍റെ സുന്ദരിയായ ഭാര്യയും പ്രലോഭനത്തിന്‍റെ വിളി കേട്ടു. ചട്ടയും മുണ്ടും കുണുക്കുമിട്ട ധനികയായ ഭാര്യ. കസവുസാരിയണിഞ്ഞു മുടിയനായ പുത്രന്‍റെ ഭാര്യ....

പുറത്ത് അവരങ്ങനെയായിരുന്നെങ്കിലും അകത്ത് അവരുടെ പഴയ പൊന്നപ്പനും കുട്ടനും തന്നെയായിരുന്നു. പ്രലോഭനത്തിന്‍റെ വിളി തങ്ങളെ വിട്ടുപിരിയാതെ ചുറ്റിക്കറങ്ങുന്നതു സഹിക്കാതെ വന്നപ്പോള്‍, ധനികനായ പിതാവിന്‍റെ ധനികയായ ഭാര്യ മുടിയനായ പുത്രന്‍റെ സുന്ദരിയായ ഭാര്യയോടു പറഞ്ഞു-

എടാ, വാ...വേഗം ഷാപ്പില്‍ വരെ ഒന്നു കേറീട്ടുവരാം. പരിപാടി കഴിഞ്ഞുവരുമ്പോള്‍ ഒന്നും കിട്ടുമെന്നു തോന്നുന്നില്ല. അമ്മാതിരിയാ ഓരോരുത്തന്‍മാരു കേറ്റിക്കോണ്ടിരിക്കുന്നത്.

മേയ്ക്കപ്പുകാരന്‍ മേസ്തിരി കുട്ടപ്പന്‍ ചേട്ടന്‍ കാണാതെ, ധനികനായ പിതാവു കാണാതെ, മുടിയനായ പുത്രന്‍ കാണാതെ രണ്ടു ഭാര്യമാരും പതിയെ ടാബ്ളോവണ്ടിക്കരുകില്‍നിന്നു സ്കൂട്ടി.

യാത്ര തുടങ്ങാന്‍ റെഡിയായി നില്‍ക്കുകയായിരുന്ന മറ്റു ടാബ്ളോക്കാരുടെ ഇടിയിലൂടെയായിരുന്നു അവരുടെ യാത്ര. മേയ്ക്കപ്പുകാരന്‍, മേസ്തിരി കുട്ടപ്പന്‍ ചേട്ടന്‍റെ കൈപ്പുണ്യത്തെ കുറ്റം പറയരുതല്ലോ..പ്രായമായ ഒരു ചേട്ടത്തിയും ഇളംപ്രായത്തിലുള്ള ഒരുയുവതിയും നടന്നുവരുന്നതു കണ്ടു പലരും വഴിമാറിക്കൊടുത്തു.

ഏദന്‍ തോട്ടത്തില്‍ പഴം തിന്നുകൊണ്ടിരുന്ന ആദത്തിന് പഴം തിന്നതുകൊണ്ടോ ചേട്ടത്തിയെയും കൂടെയുള്ള പെണ്‍കിടാവിനെയും കണ്ടതു കൊണ്ടോ എന്നറിയില്ല ജീവിതത്തിലാദ്യമായി നാണം തോന്നി.

ലോറിയുടെ പ്ളാറ്റ് ഫോമില്‍ ഒളിച്ച ആദം ആദ്യമായി ഹവ്വായോടു പറഞ്ഞു.

എനിക്കു പറ്റില്ല, ആദമാകാന്‍.......

പിന്നെ തനിക്കെന്തു പറ്റും? - ഹവ്വാ തിരിച്ചടിച്ചു...

തുണിയുടുക്കാത്ത വേഷം കെട്ടാന്‍ എനിക്കു നാണമാകുന്നു. ഞാന്‍ പഴം തരുന്ന സീനിലെ പാമ്പായിക്കൊള്ളാം....

ഉവ്വ. എനിക്കു മനസ്സിലായി. എന്നാല്‍ വേഗം ഷാപ്പിലോട്ടു ചെല്ല്. പെട്ടെന്നു പാമ്പായിക്കിട്ടും. ബാക്കിയുള്ളോന്‍ ഇവിടെ കടിച്ചുപിടിച്ചു നില്‍ക്കുവാ...അപ്പോഴാ അവന്‍റെയൊരു പാമ്പുപ്രേമം... വലിച്ചുകൊണ്ടിരുന്ന കാജാബീഡി വലിച്ചെറിഞ്ഞു ഹവ്വാ ധര്‍മസങ്കടം വെളിപ്പെടുത്തി.

അപ്പോഴേയ്ക്കും ധനികയായ ഭാര്യയും സുന്ദരിയായ ഭാര്യയും അമ്പാറ ഷാപ്പിന്‍റെ പിന്‍ഭാഗത്ത് എത്തിയിരുന്നു. ധനികയായ ഭാര്യ സുന്ദരിയായ ഭാര്യയോടു പറഞ്ഞു.-

നീയിവിടെ നില്‍ക്ക്, ഞാന്‍ മേടിച്ചോണ്ടു വരാം.....!!!

അതുശരിയാണെന്നു സുന്ദരിയായ ഭാര്യയ്ക്കും തോന്നി.

ധനികയായ ഭാര്യ രണ്ടും കല്‍പിച്ചു പിന്‍വാതിലിലൂടെ ഷാപ്പിലേക്ക് കാലെടുത്തുവച്ചു. അപ്പോള്‍ അവിടെ കണ്ട കാഴ്ച അങ്ങേയറ്റം ഭയാനകമായിരുന്നു. ഒറ്റയെണ്ണത്തിനും വെളിവ് എന്നതിന്‍റെ ആദ്യക്ഷരം പോലുമില്ലെന്ന് ധനികയായ ഭാര്യക്കു പിടികിട്ടി.

ശബ്ദമുണ്ടാക്കാതെ, ധനികയായ ഭാര്യ തന്‍റെ പതിവുസീറ്റായ കള്ളുചാറയ്ക്കടുത്തേക്കു നീങ്ങി.
അപ്പോഴാണ്, ചട്ടയും മുണ്ടുമുടുത്ത ഒരു രൂപത്തെ കുടിയന്‍മാരിലൊരാള്‍ കാണുന്നത്. കണ്ണടച്ചു തുറന്ന്, ഒന്നുകൂടി ആഞ്ഞുനോക്കിയ കുടിയനു തെറ്റിയില്ല.

ആരെയോ അന്വേഷിച്ചു വന്നതായിരിക്കും.... അദ്ദേഹം കരുതി!!

ആരുടെയെങ്കിലും അമ്മച്ചിയാണാടോ ഇത്? ദാണ്ടേ, ആരാണ്ടെയോ അന്വേഷിച്ച് ഒരു പാവം അമ്മച്ചി ഈ ഷാപ്പില്‍ വന്നുനില്‍ക്കുന്നു. ഈ അമ്മച്ചിയുടെ മക്കളാരുമില്ലേ ഇവിടെ????

അമ്മച്ചിയോ...എവിടെ?

അകത്തുനിന്നും സീമന്തപുത്രന്മാരിലൊരാള്‍ ഇഴഞ്ഞിഴഞ്ഞു പുറത്തേക്കുവന്നു.

അയ്യോ ഇതെന്‍റെ അമ്മച്ചിയാ...പെരുന്നാള്‍ കുര്‍ബാന കൂടാന്‍ ഞാന്‍ പള്ളീലാക്കിച്ചും പോന്നതാ... കുര്‍ബാന കഴിഞ്ഞോ അമ്മച്ചി?

ധനികയായ ഭാര്യ ഞെട്ടി. ഒന്നും സംസാരിക്കാതെ നില്‍ക്കുകയാണു ബുദ്ധിയെന്ന് ധനികയായ ഭാര്യക്കു പിടികിട്ടി.

ധനികയായ ഭാര്യ സീമന്തനു നേരെ തലയാട്ടി.

അമ്മച്ചിക്കും കള്ളു വേണേല്‍ പറഞ്ഞാല്‍ പോരാരുന്നോ? ഞാന്‍ വീട്ടിക്കൊണ്ടെ തന്നേനെ....
എടാ അന്ത്രപ്പാ...കൊടെടാ എന്‍റെമ്മച്ചിക്ക് രണ്ടുകുപ്പി തെങ്ങ്!!!

കൈക്കാശു കൊടുക്കാതെ കള്ളുകിട്ടുമല്ലോയെന്നോര്‍ത്തപ്പോള്‍ സ്ഥിരമായി ഈ വേഷമിട്ടാലോ എന്നും ധനികയായ ഭാര്യ ആലോചിച്ചു.

സീമന്തന്‍റെ അമ്മച്ചിക്കു ഫ്രീയായി കള്ളുകിട്ടിക്കൊണ്ടിരുന്നു. വന്നവരും പോയവരും അമ്മച്ചിക്ക് ഒരു ഗ്ളാസ്, രണ്ടുഗ്ളാസ്, ഒരു കുപ്പി എന്ന തോതില്‍ കള്ളു വാങ്ങിക്കൊടുത്തുകൊണ്ടിരുന്നു. ഇടയ്ക്ക് അമ്മച്ചി മുടിയനായ പുതന്‍റെ സുന്ദരിയായ ഭാര്യയെക്കുറിച്ചോര്‍ക്കും.

ഒതുക്കത്തില്‍ ഷാപ്പില്‍നിന്നിറങ്ങി സുന്ദരിയായ ഭാര്യക്കും അമ്മച്ചി കള്ളെത്തിച്ചുകൊണ്ടിരുന്നു. അങ്ങനെ, ധനികയായ ഭാര്യയും സുന്ദരിയായ ഭാര്യയയും പതിയെപ്പതിയെ പൂസായിക്കൊണ്ടിരുന്നു. കാലുനിലത്തുറയ്ക്കാതെ ധനികയായ അമ്മച്ചി ബാലന്‍സിനു ചട്ടയില്‍ മുറക്കെപ്പിടിച്ചു. സുന്ദരിയായ ഭാര്യ സാരി മടക്കിക്കുത്താന്‍ സംവിധാനമുണ്ടോ എന്നാലോചിച്ചുകൊണ്ടിരുന്നു....

ആസമയം സ്റ്റാര്‍ട്ടിങ് പോയിന്‍റില്‍ ധനികനായ പിതാവ്, അഥവാ ചാക്കോച്ചട്ടന്‍ തന്‍റെ ഭാര്യയെയും മരുമകളെയും അന്വേഷിച്ചുള്ള പരക്കം പാച്ചിലിലായിരുന്നു. രണ്ടുപേരെയും കാണാനില്ല. ടാബ്ളോ തുടങ്ങാന്‍ സമയമാവുകയും ചെയ്തു.

രണ്ടുപേരുമെവിടെപ്പോയി?

അന്വേഷണങ്ങള്‍ക്കിടെ മുടിയനായ പുത്രനാണ് അക്കാര്യം പറഞ്ഞത്- നമുക്കു ഷാപ്പിലൊന്നു നോക്കിയാലോ ചാച്ചാ???

കള്ളുകുടി ശീലമില്ലാത്ത ധനികനായ പിതാവ് ഒടുക്കം അതിനു തയ്യാറായി. മുടിയനായ പുത്രനെ അങ്ങോട്ടു പറഞ്ഞുവിടാന്‍ അദ്ദേഹം തയ്യാറായില്ല. പകരം, ഒറ്റയ്ക്കു ഷാപ്പിലെത്തിയ അദ്ദേഹം കണ്ട കാഴ്ച അതിഭീകരമായിരുന്നു. തന്‍റെ ഭാര്യയ്ക്കു ചുറ്റും, അഥവാ വെട്ടുകാരന്‍ പൊന്നപ്പനു ചുറ്റും കുടിയന്‍മാര്‍ നൃത്തം വയ്ക്കുന്നു. കാലുറയ്ക്കാത്ത താളത്തില്‍ അവരെ പ്രോല്‍സാഹിപ്പിച്ചുകൊണ്ട് ധനികയായ ഭാര്യ.....

ധനികനായ പിതാവിന്‍റെ വേഷത്തിലും ചാക്കോച്ചേട്ടനു ദേഷ്യമിരച്ചു കയറി..

എടീ...... അദ്ദേഹമലറി!!!

ഷാപ്പുഞടുങ്ങി. ധനികയായ ഭാര്യ ഞടുങ്ങി.

ദേണ്ടെ നില്‍ക്കുന്നു അമ്മച്ചിയുടെ കെട്ടിയോന്‍!! അമ്മച്ചി രണ്ടെണ്ണം വീശിയതു അങ്ങേര്‍ക്കിഷ്ടമായില്ലെന്നു തോന്നുന്നു. - ആരോ അങ്ങനെ പറഞ്ഞു.

എവിടെടീ മറ്റവള്‍? - ചാക്കോച്ചേട്ടനു വീണ്ടും നാക്കുപിഴച്ചു. അദ്ദേഹമുദ്ദേശിച്ചത് മുടിയനായ പുതന്‍റെ ഭാര്യയായി വേഷമിടുന്ന കറവക്കാരന്‍ കുട്ടനെയായിരുന്നെങ്കിലും നാക്കുപോയത് അങ്ങനെയായിരുന്നില്ല.

ധനികയായ ഭാര്യയും തന്‍രെ ഒപ്പമുണ്ടായിരുന്ന മരുമോളെക്കുറിച്ച് ഓര്‍ത്തത് അപ്പോളായിരുന്നു.
അവര്‍ ഷാപ്പിന്‍റെ പിന്‍ഭാഗത്തേക്കു നടന്നു. ആ മറ്റവള്‍ ആരെന്നറിയാനുള്ള ആകാംക്ഷയോടെ മറ്റു കുടിയന്‍മാരും.

അവിടെ, ഒരു തെങ്ങിന്‍തൈയില്‍ പിടിച്ചിരുന്നു മുടിയനായ പുത്രന്‍റെ സുന്ദരിയായ ഭാര്യ സുന്ദരമായി ഛര്‍ദിക്കുകയായിരുന്നു.

അയ്യോ, ഇങ്ങനെയൊന്ന് ഇവിടെയുണ്ടായിരുന്നോ? അമ്മച്ചി കൊള്ളാമല്ലോ. എന്നിട്ടെന്താ ഞങ്ങളോടു പറയാതിരുന്നത്? - കുടിയന്‍സിലാരോ ഒരാള്‍ വീണ്ടും ചോദിച്ചു.

ഓ കൊച്ചിനു വയറ്റിലുണ്ടെന്നു തോന്നുന്നു. അതാ ഓക്കാനിക്കുന്നത്- വേറെ ആരോ വാല്യു ആഡ് ചെയ്തു.

ചാക്കോച്ചേട്ടന്‍ അയാളെ രൂക്ഷമായൊന്നു നോക്കി.

സ്വന്തം ഭാര്യയെയും മകന്‍റെ ഭാര്യയെയും ഒരു വിധം താങ്ങിപ്പിടിച്ച് ധനികനായ പിതാവായ ചാക്കോച്ചേട്ടന്‍ ഒരുവിധത്തില്‍ ടാബ്ളോ വണ്ടിക്കരികിലെത്തി.

കഷ്ടപ്പെട്ട്, രണ്ടുമൂന്നുപേരുടെ സഹായത്തോടെ, ധനികയായ ഭാര്യയെയും സുന്ദരിയായ ഭാര്യയെയും ഒരുവിധം ടാബ്ളോ പ്ളോട്ടിലേക്ക് എടുത്തുകയറ്റി.

ഒരു വീടിന്‍റെ മുന്‍വശമാണു പ്ളോട്ട്. മടങ്ങിയെത്തുന്ന മുടിയനായ പുത്രനെ സ്വീകരിക്കുന്ന പിതാവ്, തൊട്ടരികില്‍ ആനന്ദാശ്രുക്കളോടെ ധനികനായ പിതാവിന്‍റെ ഭാര്യ, മടങ്ങിയെത്തിയ പ്രിയതമനെ നോക്കി കണ്ണീരില്‍ കുതിര്‍ന്ന് സുന്ദരിയായ ഭാര്യ- ഇതായിരുന്നു പ്ളാന്‍.

അമ്പാറഷാപ്പിലെ കള്ള് ഉള്ളില്‍ തിളയ്ക്കുന്നതിനാല്‍ രംഗം മോശമായി.

അവിടുള്ള കസേരയില്‍ സുന്ദരിയായ ഭാര്യയെ ഒരുവിധം പിടിച്ചിരുത്തി.

വാളുവച്ചുതീരാത്തതിന്‍റെ വിമ്മിട്ടത്തോടെ സുന്ദരിയായ ഭാര്യയുടെ തല ഒരുവശത്തേക്കു ചെരിഞ്ഞു.

ഓസിനു കിട്ടിയതെല്ലാം തുള്ളിവിടാതെ അകത്താക്കിയതിനാല്‍ ധനികയായ ഭാര്യയുടെ കാലുനിലത്തുറയ്ക്കുന്നില്ലായിരുന്നു.

ടാബ്ളോ തുടങ്ങി. വണ്ടി പതിയെ നീങ്ങിത്തുടങ്ങി.

കഥാപാത്രങ്ങള്‍ അനങ്ങാതെ നില്‍ക്കണമെന്നായിരുന്നു നിയമം. പക്ഷേ, എത്ര ശ്രമിച്ചിട്ടും, ധനികയായ ഭാര്യക്ക് ബാലന്‍സ് കിട്ടിയില്ല. അവര്‍, വണ്ടിയുടെ പ്ളാറ്റ് ഫോം അളന്നു നാലുദിക്കും ആടിയാടി നടന്നുകൊണ്ടിരുന്നു.

വണ്ടി ജനലക്ഷങ്ങള്‍ കാത്തുനില്‍ക്കുന്ന ഭരണങ്ങാനം ടൗണിലെത്തി.

ചാക്കോച്ചേട്ടന്‍റെ ദയനീയാവസ്ഥ കണ്ടു ജനത്തിനു ചിരിപൊട്ടി. എന്തു ചെയ്യണമെന്നറിയാതെ മിഴുങ്ങസ്യാ നില്‍ക്കുന്ന മകന്‍.

ധനികനായ പിതാവിന്‍റെ ഭാര്യ വീടിന്‍റെ മുറ്റം അഥവാ വണ്ടിയുടെ പ്ളാറ്റ് ഫോമിലൂടെ എമ്പാടും ആടിയാടി നടന്നുകൊണ്ടിരുന്നു. ഇടയ്ക്കിട പരിചയക്കാരായ ഒന്നുരണ്ടുപേരുടെ നേര്‍ക്ക് എന്നാ ഉണ്ടെടാ എന്നമട്ടില്‍ അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു.

ഹല്ലോ അമ്മച്ചീ എന്നു വിളിച്ച ഒന്നു രണ്ടുപിള്ളേര്‍ക്കു ഫ്ളയിങ് കിസ് കൊടുക്കാനും ധനികയായ ഭാര്യ മറന്നില്ല.

അപ്പോളാണ് അതുസംഭവിച്ചത്.

നല്ല മഴക്കാലത്ത് ചെറുതോണി ഡാമില്‍ സംഭവിക്കുന്നതുപോലെ അതുവരെ പിടിച്ചുവച്ചതെല്ലാംകൂടി കിര്‍ലോസ്കര്‍ പമ്പില്‍നിന്ന് എന്നോണം, സുന്ദരിയായ ഭാര്യയുടെ വായില്‍നിന്നു പുറത്തേക്ക്.

വാാാാള്‍!!!

ടാബ്ളോ ആണെന്നോര്‍ക്കാതെ, ധനികയായ ഭാര്യ സുന്ദരിയായ ഭാര്യയുടെ മുതുകു തിരുമ്മിക്കൊടുത്തുകൊണ്ടിരുന്നു.

അതുകണ്ട് ജനം കയ്യടിച്ചു.

ജനം കയ്യടിക്കുന്നതു കണ്ട് എന്തോ മഹത്തായ സംഭവമാണെന്നു കരുതി പരിപാടി കാണാനെത്തിയ കന്യാസ്ത്രീയമ്മമാരും അച്ചന്‍കുഞ്ഞുങ്ങളും കയ്യടിച്ചു. അതുകണ്ട് വികാരിയച്ചനും കൈയ്യടിച്ചു. വികാരിയച്ചന്‍ കൈയടിച്ച സാഹചര്യത്തില്‍ പള്ളീലെ കൈക്കാരന്‍മാരും കയ്യടിച്ചു. അവരെല്ലാം കയ്യടിക്കുന്നതു കണ്ടപ്പോള്‍ പള്ളീലെ കപ്യാര്‍ക്കും കയ്യടിക്കാതിരിക്കാനായില്ല!!!

മഴപെയ്യുന്ന പോലത്തെ കയ്യടികള്‍ക്കിടയിലൂടെ, നിരങ്ങിനീങ്ങുന്ന ടാബ്ളോ വാഹനത്തില്‍നിന്ന ചാക്കോച്ചേട്ടന്, ധനികനായ പിതാവിന്‍റെ ഈ വേഷത്തോടെ തന്നെ അങ്ങു സ്വര്‍ഗത്തിലേക്ക് എടുത്താല്‍ മതിയെന്നു തോന്നിപ്പോയി. മുടിയനായ പുത്രന്‍ അപ്പോഴും മിഴുങ്ങസ്യാ നില്‍പ്പു തുടരുകയായിരുന്നു.

ഒരുവിധം ടാബ്ളോ അവസാനിച്ചു.

അപ്പോഴേയ്ക്കും ധനികയായ ഭാര്യയും സുന്ദരിയായ ഭാര്യയും ഓഫായിക്കഴിഞ്ഞിരുന്നു. അവരുടെ നടക്കു തലയ്ക്കും കൈയ്യും കൊടുത്ത് ചാക്കോച്ചേട്ടന്‍ ഇരുന്നു. ആരൊക്കെയോ വന്ന് എത്തിനോക്കി.

ആര് ഇത് എന്ന് ചിലരൊക്കെ ചോദിക്കുന്നതു കേട്ടപ്പോള്‍ തോളില്‍ കിടന്ന മുണ്ടെടുത്ത് ചാക്കോച്ചേട്ടന്‍ മുഖംമറച്ചു.

അടുത്തത് സമ്മാനപ്രഖ്യാപനം.

ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങള്‍ക്കു പുറമേ പങ്കെടുത്ത എല്ലാവര്‍ക്കും പ്രോല്‍സാഹന സമ്മാനങ്ങളുമുണ്ട്.- അനൗണ്‍സ്മെന്‍റ് മുഴങ്ങി.

പ്രതീക്ഷയോടെ ആയിരങ്ങള്‍ മുടക്കി ടാബ്ളോ കെട്ടിയൊരുക്കിയ ചാക്കോച്ചേട്ടന്‍റെ കണ്ണിലൂടെ പൊന്നീച്ച പറന്നുകൊണ്ടിരുന്നു. പത്തുപൈസ കിട്ടില്ലെന്നുറപ്പ്. ഇനിയിപ്പം പ്രോല്‍സാഹനമായി കിട്ടുന്ന തുക കൊണ്ട് വണ്ടിക്കൂലിയെങ്കിലും കൊടുക്കാം!!

എത്രപെട്ടെന്നാണ് ഓരോരുത്തരു പാപ്പരാകുന്നത് എന്നോര്‍ത്തു ധനികനായ പിതാവ് കുത്തിയിരിപ്പു തുടര്‍ന്നു.

സമ്മാനദാന സമ്മേളനം തുടങ്ങി. വികാരിയച്ചന്‍ വിജയികളെ ഓരോരുത്തരെയായി വേദിയിലേക്കു വിളിച്ചു തുടങ്ങി.

പ്രിയപ്പെട്ടവരേ......

ഇന്നിവിടെ നടന്ന മഹത്തായ, മനോഹരമായ, മനോജ്ഞമായ ഈ ടാബ്ളോ മല്‍സരം എല്ലാവര്‍ക്കും ഇഷ്ടമായെന്നു കരുതുന്നു. മല്‍സരത്തിലെ ഒന്നാം സമ്മാനമായ പതിനായിരത്തൊന്നുരൂപ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നതു നമ്മുടെ കുരിശുപള്ളിയോടു ചേര്‍ന്നു കള്ളുഷാപ്പു നടത്തുന്ന അന്ത്രപ്പനാണ്. അന്ത്രപ്പനു പ്രത്യേകം നന്ദി പറഞ്ഞു കൊണ്ട് ഞാന്‍ മല്‍സരഫലം പരിശോധിക്കട്ടെ.

പലവിധത്തില്‍ വ്യത്യസ്തമായിരുന്നു ടാബ്ളോ ഓരോന്നും. എങ്കിലും മൂല്യങ്ങള്‍ക്കു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വിധിനിര്‍ണയണാണു ജഡ്ജസ് നടത്തിയിരിക്കുന്നത്.
ആധുനിക സമൂഹത്തിലെ ജീര്‍ണതകളും അസ്തിത്വപ്രശ്നങങളും മനോഹരമായ തുറന്നുകാട്ടുന്ന ടാബ്ളോയ്ക്കാവണം ഒന്നാം സ്ഥാനമെന്ന് അവര്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നു.

അതുകൊണ്ട്, ധനികയായ ഒരുപിതാവിന്‍റെയും സല്‍സ്വഭാവിയായ ഒരുമകന്‍റെയും ഉറക്കം കെടുത്തുന്ന, സ്ഥിരമായി മദ്യപിക്കുന്ന അവരുടെ ഭാര്യമാരെയും അതുവഴി കുടുംബത്തു സംഭവിക്കുന്ന അന്തഛിദ്രങ്ങളെയും വളരെ സ്വാഭാവികമായി വരച്ചുകാട്ടിയ ശ്രീ ചാക്കോയുടെ ടാബ്ളോയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നതായി ഞാന്‍ പ്രഖ്യാപിച്ചുകൊള്ളുന്നു!!!!

ഇരുന്നിടത്തുനിന്ന് ആരൊക്കെയോ ചേര്‍ന്ന് ഒന്നാം സമ്മാനക്കാരാനായ ചാക്കോച്ചേട്ടനെ അഥവാ ധനികനും നിസ്സഹായനുമായ പിതാവിനെ ആര്‍പ്പുവിളികളിലേക്ക് എടുത്ത് ഉയര്‍ത്തിക്കൊണ്ടിരുന്നു. ഒന്നുമങ്ങു പിടികിട്ടാത്ത ചാക്കോച്ചേട്ടന്‍ ആരവങ്ങളുടെ കൈച്ചിറകേറി സ്റ്റേജിലെത്തി ഒന്നാം സമ്മാനമായ പതിനായിരം രൂപ ഏറ്റുവാങ്ങി.

അപ്പോഴും ഭാവാഭിനയം മതിയാക്കാതെ ധനികയായ ഭാര്യയും സുന്ദരിയായ ഭാര്യയും വീട്ടുമുറ്റത്ത് അഥവാ പ്ളാറ്റ് ഫോമില്‍ ഫുള്‍ഫോമില്‍ ഓഫായിക്കിടക്കുക തന്നെയായിരുന്നു!

Thursday, August 30, 2007

ഭാരതപര്യടനം (അധുനാധുനികം)


അവന് അവളോടു പ്രേമമൊന്നുമില്ലായിരുന്നു.

പക്ഷേ, അവന്‍ അവളെ പ്രേമിക്കണമെന്നു നിര്‍ബന്ധം ഞങ്ങള്‍ക്കായിരുന്നു. ഞങ്ങളെന്നു പറഞ്ഞാല്‍ ഞങ്ങള്‍ നാലുപേര്‍. അവനും കൂടിയാകുമ്പോള്‍ അഞ്ചുപേര്‍. പഞ്ചപാണ്ഡവര്‍. പക്ഷേ, പാഞ്ചാലി എന്ന സെറ്റപ്പിനോടു ഞങ്ങള്‍ക്കു യോജിപ്പില്ലായിരുന്നു.

അവന് അവളോടു പ്രേമമൊന്നുമില്ലായിരുന്നു എന്ന് ആവര്‍ത്തിക്കട്ടെ. എന്നിട്ടും അവന്‍ അവളെ പ്രേമിച്ചു തുടങ്ങി. ആദ്യം മനസ്സില്ലാമനസ്സോടെ തുടങ്ങിയ സംഗതി ഒടുവില്‍ അവള മറക്കാന്‍ എനിക്കു മനസ്സില്ലെടാ എന്നു പറയുന്നിടം വരെയെത്തിച്ചപ്പോളാണു ഞങ്ങള്‍ വിജയിച്ചതായി ഞങ്ങള്‍ക്കു തന്നെ തോന്നിയത്.

ലെവനെ ചുമക്കാന്‍ എനിക്കു മനസ്സില്ലെടാ എന്നതായിരുന്നു അവളുടെ ലൈന്‍. പക്ഷേ, കൂട്ടത്തിലെ അനുഭവസമ്പന്നനും ധൈര്യശാലിയുമായ ഭീമന്‍ പറഞ്ഞു-

എടാ അര്‍ജുനാ, നീ ധൈര്യമായിട്ടു പ്രേമിച്ചോ... ഞങ്ങളുണ്ടു കൂടെ...

എടാ അവളുടെ അപ്പന്‍?

ഒന്നുപോടാ... ഞാനില്ലേ കൂടെ? പോരെങ്കില്‍, കരാട്ടെ ബ്ളായ്ക്ക് ബെല്‍റ്റായ യുധിഷ്ഠിരന്‍, കളരിയഭ്യാസിയായ നകുലന്‍, ഗുസ്തിക്കാരനായ സഹദേവന്‍ പോരേ?? പോരേന്ന്???

എടാ അവളുടെ നാല് ആങ്ങളമാര്‍???

അതിനെന്താ? അവളുടെ മൂത്തചേട്ടനെ ഞാന്‍ നോക്കിക്കൊള്ളാം. ബാക്കി മൂന്നെണ്ണത്തിനേം യെവന്‍മാരു മൂന്നും നോക്കിക്കൊള്ളുമെടേയ്.. പിന്നെന്തിനാ പേടിക്കുന്നത്?

എടാ എന്‍റെ അപ്പന്‍?

അതു സില്ലി മാറ്ററല്ലേ? നിന്‍റെ അമ്മയോടു പറഞ്ഞാല്‍ പോരേ???

അപ്പം അമ്മയെ ആരു നോക്കുമെടേയ്?

അതിനു നീയില്ലേ? അവളെത്തന്നെ കെട്ടണമെന്നു നീ പിടിവാശിയില്‍ തുടരുമ്പോള്‍ ഏതമ്മയാണെടാ പിടിവിട്ടുപോകാത്തത്?

നേരാണല്ലേ?

പിന്നെ, സംശയമുണ്ടോ?

സംശയമുണ്ട്!!

എന്തു സംശയം?

അവള്‍ക്ക് എന്നെ ഇഷ്ടമാണോന്ന്!!!

ഒറ്റച്ചവിട്ടു തന്നാലുണ്ടല്ലോ!! എടാ അവള് ഇഷ്ടമില്ലെന്നേ പറയൂ... ഇഷ്ടമാണെന്നു പറഞ്ഞാലേ നമ്മളു സംശയിക്കേണ്ടതുള്ളൂ.

അതെന്തിനാ സംശയിക്കുന്നത്?

ചുമ്മാ ഒരു രസത്തിന്. ഒരു പെണ്ണും ചാടിക്കേറി ഇഷ്ടമാണെന്നു പറയത്തില്ലെടാ ഉവ്വേ?

ഉറപ്പാണോ?

എനിക്കു നല്ല ഉറപ്പാ...

അതിനു നീ പ്രേമിച്ചിട്ടില്ലല്ലോ..
.
പ്രേമിച്ചിട്ടില്ലെങ്കിലെന്താ? നിന്നെപ്പോലുള്ളവര്‍ക്കു പ്രേമിക്കാന്‍ ഒത്താശ ചെയ്തുചെയ്തു എനിക്കിപ്പം വല്യ വിവരമായെടേയ്!!

ഓ അതു ശരി. എന്നാല്‍പ്പിന്നെ പ്രേമിക്കാമല്ലേ?

തീര്‍ച്ചയായും. - ഭീമനൊപ്പം യുധിഷ്ഠരനും നകുലനും സഹദേവനും യേസ് മൂളി.

അര്‍ജുനന് ആത്മവിശ്വാസമായി.

പ്രേമിക്കാനുള്ള പത്തുവഴികള്‍ എന്ന പുസ്തകം ലൈബ്രറിയില്‍നിന്നെടുത്തു. പ്രാക്ടിക്കല്‍ ക്ളാസു കട്ടു ചെയ്തിരുന്നു വായിച്ചു പഠിക്കാന്‍ തുടങ്ങി. വായന പൂര്‍ത്തിയായതിന്‍റെ പിറ്റേന്ന്, അവള് രാവിലെ വീട്ടില്‍നിന്നു വരുംവഴി കോളജ് കവാടത്തിനു പുറത്തുനിന്ന് അര്‍ജുനന്‍ ജീവിതത്തിലാദ്യമായി ആ കടുംകൈ ചെയ്തു.

അവളു നേരെ മുന്നിലെത്തിയപ്പോള്‍ കയ്യിലിരുന്ന പുസ്തകം വിറയാര്‍ന്ന കയ്യാല്‍ അപേക്ഷയെന്നോണം പിടിച്ച് അവളോട് നേരിട്ടങ്ങു പറഞ്ഞു.

എനിക്കുനിന്നെ ഇഷ്ടമാണ്. ഇപ്പം കല്യാണം കഴിക്കണം!!!

അവളതുകേട്ടു ഞെട്ടി. (ഞെട്ടല്‍ ഭാവിച്ചതാണോ എന്നറിയില്ല. കാരണം, നകുലനും സഹദേവനും ഭീമനും യുധിഷ്ഠിരനും ഒളിച്ചിരുന്ന റബര്‍ത്തോട്ടത്തില്‍നിന്നു നോക്കിയാല്‍ സംഗതി ഒന്നുമങ്ങു വ്യക്തമല്ലായിരുന്നു!)

കോളേജിലേക്കു വന്ന അവളു കരഞ്ഞുകൊണ്ടു നേരെ വീട്ടിലേക്കോടി.

രണ്ടുദിവസം അവളെ കോളജില്‍ കണ്ടില്ല. അന്വേഷിച്ചപ്പോള്‍ പനി പിടിച്ചു കിടക്കുകയാണെന്നു കേട്ടു. അര്‍ജുനനും കോളജില്‍ വന്നില്ല. അടികൊണ്ടു ചാകാന്‍ ഞാനില്ലെന്നായിരുന്നു വിളിച്ചപ്പോള്‍ കിട്ടിയ മറുപടി.

പേടിച്ചുണ്ടായ പനി മാറി അവളു വീണ്ടും കോളജില്‍ വന്നു തുടങ്ങി.

എന്നിട്ടും അവന്‍, അര്‍ജുനന്‍ വന്നില്ല. ഒടുക്കം, പത്തുമുപ്പതുരൂപ ഓട്ടോറിക്ഷക്കൂലി കൊടുത്ത് ഒരുവിധം വീട്ടിലെത്തി പഞ്ചപാണ്ഡവരിലെ ബാക്കിനാലുപേരും ചേര്‍ന്ന് അര്‍ജുനനെ അനുനയിപ്പിച്ച് കോളജില്‍ വരാന്‍ കഷ്ടപ്പെട്ടു സമ്മതിപ്പിച്ചു.

അവളും കോളജില്‍. പിറ്റേന്നു മുതല്‍ അവനും കോളജില്‍. എന്തും സംഭവിക്കാം...!!

യുധിഷ്ഠിരനും ഭീമനും ത്രില്ലിലായിരുന്നു. നകുലനും സഹദേവനും അത്ര ത്രില്ലുപോരായിരുന്നു. എങ്കിലും, അടി കിട്ടുകയാണേല്‍ ഒന്നിച്ചല്ലേ കിട്ടുകയൊളളു എന്നോര്‍ത്തപ്പോള്‍ ധൈര്യം കൂടിയപോലെ.

പിറ്റേന്ന്, ക്ളാസില്‍ ആദ്യമെത്തിയത് അവളായിരുന്നു. അര്‍ജുനന്‍റെ പാഞ്ചാലി.

അര്‍ജുനന്‍ എത്താന്‍ ഒരുപാടു വൈകി. ആരുടെയും മുഖത്തുനോക്കാതെ അര്‍ജുനന്‍, ഒരു വശത്തുകൂടി വന്ന് ക്ളാസില്‍ ഏറ്റവും പിന്നിലെ പഞ്ചപാണ്ഡവരുടെ ബെഞ്ചില്‍ വന്നിരുന്നു. പേടിയോടെ അവള്‍ അര്‍ജുനന്‍റെ മുഖത്തേക്കൊന്നു നോക്കി. അര്‍ജുനന്‍ അതിനെക്കാള്‍ പേടിയോടെ അവളുടെ മുഖത്തേക്കും.

ഇരുവരും ഈവിധത്തില്‍ പരസ്പരം നോക്കാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ട നാള്‍ ഭീമനു ക്ഷമകെട്ടു.

അങ്ങോട്ടുമിങ്ങോട്ടും നോക്കിക്കൊണ്ടിരുന്നാല്‍ ക്ളാസു തീരുമ്പോള്‍ അവള്‍ അവളുടെ പാട്ടിനു പോകും. നീ അവളോട് ഇന്നാളം പറഞ്ഞത് ഒന്നൂടെ പറയെടാ....

ഞാന്‍ ഇനീം പറയണോ?

പറയാതെ പിന്നെ കാര്യം നടക്കുമോ?

നടക്കും. ഇല്ലേല്‍ ഓടും!!

ആര്?

ആരുമല്ല. നീ പറ!!!

പറയാമെന്ന് അവന്‍ വീണ്ടും തീരുമാനിച്ചു.

പിറ്റേന്ന് അവള്‍ കോളജ് വിട്ടു വീട്ടിലോട്ടു പോകുംവഴി അവന്‍ കാര്യം പറ‍ഞ്ഞു. കഴിഞ്ഞതവണത്തേക്കാള്‍ അല്‍പംകൂടി മയത്തില്‍!!

എനിക്കു തന്നെ ഇഷ്ടമാണ്. ലോകത്തില്‍ ആര്‍ക്കും തോന്നാത്തത്ര ഇഷ്ടം. എന്നെ ഇഷ്ടമാണോ എന്നറിയണം.ആലോചിച്ച് ഒരു മറുപടി പറഞ്ഞാല്‍ മതി!

അവള് ആലോചിക്കാതെ തന്നെ മറുപടി പറഞ്ഞു.

അല്ല!!!

അര്‍ജുനന്‍റെ ആത്മവിശ്വാസം അപ്പാടെ പോയി. അവന്‍, അവളു പോയ വഴിയില്‍ അതേ പടി കുത്തിയിരുന്നു. പക്ഷേ, ബാക്കിനാലിനും ആത്മവിശ്വാസമേറി.

ഇത്തവണ മുന്‍കൈയെടുത്തത് നകുലനായിരുന്നു.

എടാ, അവള്‍ക്കു നിന്നെ ഇഷ്ടമല്ലെന്നല്ലേ പറഞ്ഞത്? അതേ അവളെക്കൊണ്ട് നിന്നെ ഇഷ്ടമാണെന്നു പറയിക്കുന്ന കാര്യം ഞാനേറ്റു!!

നകുലന്‍ കുശാഗ്രബുദ്ധിയുടെ രാജാവായിരുന്നു. അക്കാര്യത്തില്‍ ഭീമനും യുധിഷ്ഠിരനും സഹദേവനും പോലും അവനോടു ബഹുമാനായിരുന്നു.

അന്നു വൈകിട്ട്, ക്ളാസില്‍നിന്ന് എല്ലാവരും പോയിക്കഴിഞ്‍പ്പോള്‍ കോളജിനടുത്ത കടയില്‍നിന്നു വാങ്ങിയ പുതിയ റേസര്‍ ബ്ളേഡുമായി നകുലനും ഭീമനും ക്ളാസ് മുറിയില്‍ പ്രവേശിച്ചു. ക്ളാസില്‍ അവളിരിക്കുന്ന ഡെസ്കില്‍ അവളിരിക്കുന്ന ഭാഗം വളരെ വൃത്തിയായി ചുരണ്ടി വെളുപ്പിച്ചു. വീട്ടില്‍നിന്ന് അന്നു രാവിലെ പൊക്കിക്കൊണ്ടുവന്ന കല്യാണക്കുറി ഒരെണ്ണം എടുത്തു നിവര്‍ത്തിവച്ചു. എന്നിട്ടു നല്ല വടിവൊത്ത അക്ഷരത്തില്‍, അത് അതേപടി ഡെസ്കിലോട്ടു പകര്‍ത്തി.

ചെറിയ ചില മാറ്റങ്ങള്‍ മാത്രം. വധുവിന്‍റെ സ്ഥാനത്ത് അവളുടെ പേര്!!

വരന്‍റെ സ്ഥാനത്ത് ക്ളാസിലെ ഒന്നാം നമ്പര്‍ അലമ്പനും തനിചെറ്റയും എന്നു വിളിപ്പേരുള്ള യുധിഷ്ഠിരന്‍റെ പേരും എഴുതപ്പെട്ടു.

പിറ്റേന്ന് അതിരാവിലെ ക്ളാസില്‍ എത്തുന്ന അവളിതു കാണും. യുധിഷ്ഠരന്‍ വേണോ അര്‍ജുനന്‍ വേണോ എന്ന സംശയം അവള്‍ക്കുണ്ടാവും. അതില്‍, അര്‍ജുനനു നറുക്കുവീഴും. തല്‍ക്കാലം ഇക്കാര്യം യുധിഷ്ഠിരനോടു പറയേണ്ട. -

നകുലന്‍ മൊഴിഞ്ഞു.

ഭീമനു സന്തോഷമായി. തനിക്കില്ലാത്തതു നകുലനു സമൃദ്ധമായുണ്ട്!!

പിറ്റേന്നു പാണ്ഡവര്‍ എത്താന്‍ അല്‍പം വൈകി. ക്ളാസില്‍ വലിയൊരു ആള്‍ക്കൂട്ടം.
പെട്ടെന്നു നകുലനും ഭീമനും വലിഞ്ഞു. കാര്യമറിയാതെ ക്ളാസിലേക്കു ചെന്ന യുധിഷ്ഠിരന്‍റെ നേര്‍ക്കു ക്ളാസ് ഒന്നടങ്കം വെട്ടിത്തിരിഞ്ഞു.

ദേണ്ടെ അവന്‍!!

ആള്‍ക്കൂട്ടത്തിനു നടക്കുനിന്ന് പ്രിന്‍സിപ്പലച്ചന്‍ വെട്ടിത്തിരിഞ്ഞു.

യുധിഷ്ഠിരന്‍ വായ് പൊളിച്ചു നിന്നു. നിന്ന നില്‍പില്‍ അച്ചന്‍ അവനെയും പിടിച്ചുകൊണ്ട് ഓഫിസ് റൂമിലേക്കു പോയി!!

അച്ചന്‍ പോയ പിന്നാലെ, ആള്‍ക്കൂട്ടവും പോയി. ആള്‍ക്കൂട്ടമൊഴിഞ്ഞ ക്ളാസ് റൂമില്‍ സഹദേവനും അര്‍ജുനനും ബാക്കിയായി.

അവിടെ, ഡെസ്കില്‍ തല വച്ചു പൊട്ടിക്കരയുന്നു അവള്‍!!

അര്‍ജുനന്‍ഞെട്ടി.

എന്താണു കാര്യം????

ക്ളാസിലുള്ള മറ്റാരോ പറഞ്ഞു.

നിന്‍റെ കൂട്ടത്തില്‍ നടക്കുന്ന മറ്റവനില്ലേ? യുധിഷ്ഠിരന്‍. അവന് ഇവളോടു പ്രേമമാണത്രേ. പോരാത്തതിന് അവന്‍റെയും ഇവളുടെയും പേരെഴുതിയ കല്യാണക്കുറി ഇതാ ആ ഡെസ്കില്‍ എഴുതിയിടുകയും ചെയ്തു.

അര്‍ജുനന്‍ വീണ്ടും ഞെട്ടി.

ശബ്ദമുണ്ടാക്കാതെ കരയുന്ന അവളുടെ അടുക്കലേക്ക് ശബ്ദമുണ്ടാക്കാതെ അവന്‍ നടന്നെത്തി. പതിയെ കുനിഞ്ഞു ഡെസ്കിലേക്കു നോക്കി. ശരിയാണ്, കല്യാണക്കുറി...

പക്ഷേ കയ്യക്ഷരം?!!!

ഇത്രയും മനോഹരമായി എഴുതാന്‍ യുധിഷ്ഠിരന് അറിയില്ല. എങ്കിലും നല്ല പരിചയമുള്ള കയ്യക്ഷരം!!

അര്‍ജുനന്‍റെ ചിന്ത കറങ്ങിത്തിരിഞ്ഞ് നകുലന്‍റെ അടുക്കലെത്തി.

അപ്പോള്‍ യുധിഷ്ഠിരന്‍ ചെയ്യാത്ത കുറ്റത്തിനു കുരിശിലേറ്റപ്പെടാന്‍ പോകുന്ന യേശുക്രിസ്തുവിനെപ്പോലെ, പീലാത്തോസായ പ്രിന്‍സിപ്പിലച്ചന്‍റെ മുറിയില്‍ അവസാനത്തെ ലാപ്പ് കരുണയും യാചിച്ചുകഴിഞ്ഞിരുന്നു.

അച്ചോ, ഞാനല്ല, എന്‍റെ ക്ളാസിലെ അര്‍ജുനനും അവളും തമ്മില്‍ പ്രേമത്തിലാ... അതു കലക്കാന്‍ വേറെ ആരോ ചെയ്ത പണിയാ....

പ്രേമമെന്നു കേട്ടതും അച്ചനു തലകറങ്ങി..

നീയൊക്കെ വരുന്നതു പഠിക്കാനോ പ്രേമിക്കാനോ?

ഞാന്‍ വരുന്നതു പഠിക്കാനാ അച്ചാ, പ്രേമിക്കാന്‍ വരുന്നത് അവനാ... അര്‍ജുനന്‍..

ഓ ശരി ശരി ശരി... നിന്‍റെ അപ്പനെന്നതാ പണിയെന്നാ പറഞ്ഞേ?

പണിയൊന്നുമില്ലച്ചോ....

അതെന്നാടാ അങ്ങനെ?

പ്ളാന്‍ററാ അച്ചോ....

അതുശരി. നമ്മുടെ ലൈബ്രറി ഫണ്ടിലേക്ക് നാളെ വരുമ്പോള്‍ അഞ്ഞൂറുരൂപ അടച്ചേക്കണം. അതുകഴിഞ്ഞു ക്ളാസില്‍ കയറിക്കോ. ഇപ്പം പൊയ്ക്കോ....!!


അടുത്തഷോട്ടില്‍ പ്രിന്‍സിപ്പിലച്ചന്‍റെ മുറിയില്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അവള്‍ പ്രത്യക്ഷപ്പെട്ടു. അടുത്ത നിമിഷം അവനും. അര്‍ജുനന്‍!!!

ഈ സമയം, കരാട്ടെ ബ്ളായ്ക്ക് ബെല്‍റ്റായ ശ്രീ യുധിഷ്ഠിരന്‍ ഭീമനെയും നകുലനെയും സഹദേവനെയും അടുത്തുള്ള റബര്‍തോട്ടത്തില്‍ വച്ച് എടുത്തിട്ടു പൂശുകയായിരുന്നു. സഹദേവനാണ് ഏറ്റവുമധികം ഇടികൊണ്ടത്. കാരണം, എനിക്കൊന്നുമറിയില്ലേ എന്ന് ഏറ്റവുമധികം കരഞ്ഞുപറഞ്ഞത് അവനായിരുന്നു. അതുകൊണ്ടു തന്നെ ഇടിയുടെ എണ്ണവും കൂടി.

ഒടുവില്‍ ഭീമന്‍, നകുലനെ ചൂണ്ടി ഉള്ള സത്യങ്ങള്‍ വിളിച്ചു പറഞ്ഞു. എല്ലാം അര്‍ജുനനു വേണ്ടിയാണല്ലോ എന്നോര്‍ത്തപ്പോള്‍ വിശാലമനസ്കനായ യുധിഷ്ഠിരന്‍ തണുത്തു.

അപ്പോള്‍ പക്ഷേ, പ്രിന്‍സിപ്പിലച്ചന്‍റെ മുറിയില്‍ അങ്ങേരു ചുട്ടുപഴുത്തു നില്‍ക്കുകയായിരുന്നു.

നീയും ഇവനും തമ്മില്‍ പ്രേമത്തിലാണോ?

അച്ചന്‍റെ ചോദ്യം കേട്ട് അവളു ഞെട്ടി!!

അര്‍ജുനനോടായി അടുത്ത ചോദ്യം.

എടാ, നിനക്ക് ഇവളോടു പ്രേമമാണോ?

അതേ- അര്‍ജുനന്‍ മൊഴിഞ്ഞു.

അച്ചന് അതുമതിയായിരുന്നു.

അവള്‍ക്ക് അവനോട് പ്രേമമാണോ എന്ന് അച്ചന്‍ ചോദിച്ചില്ല. അതിന്‍റെ ആവശ്യമുണ്ടെന്ന് ആ പാവത്തിനു തോന്നിയില്ല. അച്ചനല്ലേ?!!

അടുത്ത നിമിഷം കരഞ്ഞുവീങ്ങിയ കണ്ണുമായി പോയവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് വീട്ടില്‍പ്പോയി.

സംഗതി കുളമായിരിക്കുന്നു.

പിറ്റേന്ന് അര്‍ജുനന്‍ കോളജില്‍ വന്നപ്പോള്‍ ഭീമനെയും നകുലനെയും വിളിച്ചു മാറ്റിനിര്‍ത്തി ഷര്‍ട്ട് പൊക്കിക്കാട്ടി.

അരയില്‍ ഒന്നാന്തരമൊരു പിച്ചാത്തി.

അവളുടെ ആങ്ങളമാരു വന്നാല്‍ അവന്‍മാരെ ഞാന്‍ തട്ടും. ജയിലില്‍ കിടന്നാല്‍ അവളു വേറെ കല്യാണം കഴിക്കാതെ നിങ്ങളു നോക്കിക്കൊള്ളണം...!!

പക്ഷേ, ആരും വന്നില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മുതല്‍ അവള്‍ ക്ലാസില്‍ വരാന്‍ നോക്കി.


യുധിഷ്ഠിരനും അര്‍ജുനനും മുന്നിലൂടെ ഒരു കൂസലുമില്ലാതെ അവള്‍ കടന്നുപൊയ്ക്കൊണ്ടിരുന്നു. യുധിഷ്ഠിരന് അതു പ്രശ്നമല്ലായിരുന്നു. പക്ഷേ, പാവം അര്‍ജുനന്‍, അവനത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. അവളുടെ ലക്ഷ്യവും അതായിരുന്നു.

പരീക്ഷയുടെ അവസാന ദിവസം.

പരീക്ഷയും പ്രണയവും തോറ്റുപോയെന്നുറപ്പിച്ച അര്‍ജുനന്‍റെ മുന്‍പിലെത്തി അവള്‍ ആദ്യമായി ചിരിച്ചു.

അര്‍ജുനന് ഇനിയെന്താ പ്ളാന്‍?

അങ്ങനെയൊന്നുമില്ല.

അതെന്താ അങ്ങനെ?

ഓ...പഠിച്ചിട്ട് എന്തിനാ?

അയ്യോ അങ്ങനെ പറയരുത്. ഞാന്‍ ഇവിടെത്തന്നെ ഡിഗ്രിക്കു ചേരുവാ... പറ്റുമെങ്കില്‍ ഇവിടെത്തന്നെ ചേരാന്‍ നോക്ക്!!

അര്‍ജുനന് അവളു മനോഹരമായി സമ്മാനിച്ച സിഗ്നല്‍ പിടികിട്ടി. അവന്‍റെ ഉള്ളുകാളി!

പഠിപ്പിച്ച സാറിനെയും പഠിച്ച കോളജിനെയുമുള്‍പ്പെടെ 'സഭ്യ'ഭാഷയില്‍ ഉപന്യസിച്ചിരിക്കുന്ന ആ ഉത്തരപ്പേപ്പറുകള്‍ ഒന്നാകെ പിടിച്ചുവാങ്ങി തീയിട്ട ശേഷം പുതിയതായി ഒന്നുകൂടി പരീക്ഷയെഴുതാന്‍ ആ നിമിഷം അവനു തോന്നിപ്പോയി.

പക്ഷേ എന്തു ചെയ്യാം

അങ്ങനെ അര്‍ജുനന്‍ , പരീക്ഷയില്‍ തോറ്റു. അവളു ജയിച്ചു. ഭീമനും യുധിഷ്ഠിരനും നകുലനും സഹദേവനും പരീക്ഷയില്‍ ജയിച്ചു. അര്‍ജുനന്‍ മാത്രം ഒറ്റയ്ക്കായി.

എല്ലാ പരീക്ഷകളും തോറ്റതിന്‍റെ വിഷാദത്തില്‍ അര്‍ജുനന്‍ നാടുവിട്ടു. പിന്നെയാരും അര്‍ജുനനെ കണ്ടിട്ടില്ല. കേട്ടിട്ടില്ല!!!


>>> >>> >>>


ഇന്നലെ നട്ടുച്ചയ്ക്കു കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്ന നകുലന്‍റെ സെല്‍ ഫോണ്‍ ശബ്ദിച്ചു.

എടാ ഇതു ഞാനാ, ആര്‍ജുനന്‍. ഞാനിപ്പം ബഹ്റൈനിലാ. അവധിക്കു നാട്ടില്‍ വന്നതാടാ...

ഇത്രയും കാലം നീയെവിടാരുന്നെടാ??

അതൊക്കെ നേരിട്ടു കാണുമ്പോള്‍ പറയാം. നീ നാട്ടിലോട്ടു വാ...

എന്തൊക്കെയാടാ വിശേഷങ്ങള്‍?

എന്‍റെ കല്യാണമാണ് അടുത്ത ഒന്‍പതിന്. നീ വരണം.

എവിടെനിന്നാടാ പെണ്ണ്?

എടാ അവളു തന്നെ. നമ്മുടെ പാഞ്ചാലി....!!!

ബാറ്ററിയുടെ ചാര്‍ജ് തീര്‍ന്ന് നകുലന്‍റെ ഫോണ്‍ അടുത്ത നിമിഷം സ്വിച്ചോഫായി!!!!!

Wednesday, August 29, 2007

ചിത്രസത്യങ്ങള്‍, അക്ഷരക്കള്ളങ്ങള്‍


ഭരണങ്ങാനം.
മാമലകള്‍ക്കപ്പുറത്ത്, മരതകപ്പട്ടുടുത്ത് ഭരണങ്ങാനം എന്നൊരു ഗ്രാമമുണ്ട്. എന്‍റെ കഥകള്‍(?) പിറവിയെടുക്കുന്ന പുണ്യഭൂമി. കഥകളിലെ കള്ളില്‍ സ്ഥിരമായി വെള്ളം ചേര്‍ക്കുന്നതുപോലെ എനിക്കെന്‍റെ പ്രിയപ്പെട്ട നാടിന്‍റെ മഹത്തായ ചരിത്രത്തില്‍ വെള്ളം ചേര്‍ക്കാനാവില്ലല്ലോ. കഥയിലെ അക്ഷരക്കള്ളങ്ങള്‍ക്ക് അടിത്തറയാകുന്ന ഭരണങ്ങാനം എന്ന സത്യം തെളിവുകളായ ചിത്രങ്ങളിലൂടെ......

ഏറ്റുമാനൂര്‍- പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ പാലായില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെ ഭരണങ്ങാനം. ഭരണങ്ങാനത്തിന്‍റെ പെരുവഴി. ഞാനും എന്‍റെ സമപ്രായക്കാരുമുള്‍പ്പെടെ അനേകര്‍ ജീവിതം പഠിച്ച, ജീവിതങ്ങളെ പഠിച്ച പെരുവഴി. ഏവിടെയാണു പഠിച്ചതെന്നു ചോദിച്ചാല്‍, ഞാനിപ്പോഴും പറയും- മെയിന്‍ റോഡ് സ്കൂള്‍ ഓഫ് ജേണലിസം!! ആ സ്കൂള്‍ ഇതാ...!!!


ഇതാണ് ഭരണങ്ങാനത്തെ ആനക്കല്ല് സെന്‍റ് മേരീസ് ഫൊറോനാ പള്ളി. ആനക്കല്ല് എന്ന പേരുവരാന്‍ ഒരു കാരണമുണ്ട്. ഒരു സഹസ്രാബ്ദത്തിനും മുന്‍പ്, ഭരണങ്ങാനത്ത് ഒരു പള്ളി പണിയണമെന്നു തീരുമാനിച്ചപ്പോള്‍ നാട്ടുകാര്‍ തമ്മില്‍ തര്‍ക്കമായി. പള്ളി എവിടെ നിര്‍മിക്കും എന്നതായിരുന്നു തര്‍ക്കവിഷയം. ചര്‍ച്ചകളിലൂടെ രഞ്ജിപ്പ് ഉണ്ടാവില്ലെന്നുറപ്പായതോടെ, മധ്യസ്ഥര്‍ ഒരു തീരുമാനമെടുത്തു. അവിടെയുണ്ടായിരുന്ന ആനയുടെ തുമ്പിക്കൈയില്‍ പള്ളി നിര്‍മിക്കേണ്ട മൂലക്കല്ല് കെട്ടിക്കൊടുക്കുക. ആന കല്ല് എവിടെ വയ്ക്കുന്നുവോ അവിടെ പള്ളി പണിയും. ഇരുകൂട്ടര്‍ക്കും ആ വ്യവസ്ഥ സ്വീകാര്യമായിരുന്നു. അങ്ങനെ, ആയിരം വര്‍ഷങ്ങള്‍ക്കും മുന്‍പ് ആന നടന്നെത്തി ആ കല്ലു വച്ചത് ഇവിടെ, എന്‍റെ വീടിനോടടുത്ത് ഈ പ്രിയപ്പെട്ട ഭൂമിയിലായിരുന്നു. അങ്ങനെ അവിടെ പള്ളി നിര്‍മിക്കപ്പെട്ടു. അടുത്തയിടെയായിരുന്നു പള്ളിയുടെ സഹസ്രാബ്ദി ആഘോഷം.


ഭരണങ്ങാനത്തെക്കുറിച്ചു പറയുമ്പോള്‍, ഈ പള്ളിനടകളെക്കുറിച്ച് പറയാതിരിക്കുന്നതെങ്ങനെ? വൈകുന്നേരമായാല്‍ ഈ പടവുകളിലെമ്പാടും അസ്തമനസൂര്യനോടു മുഖാമുഖത്തീനായി തലമുറകള്‍ നിരന്നിരിക്കും. അവരുടെ ദൈനംദിന ചര്‍ച്ചകളില്‍ ലോനപ്പന്‍ ചേട്ടന്‍റെ കടയിലെ മൈദമാവിലെ പുഴു മുതല്‍ ഇന്ത്യയുടെ ആണവനയം വരെ എന്തൊക്കെ വിഷയങ്ങള്‍. രാത്രിയേറെയാകും വരെ ഈ നടകളില്‍ പ്രായഭേദമില്ലാതെ ഒച്ചയനക്കങ്ങളുണ്ടാവും. ഇവിടെനിന്നു ഞാന്‍ കേട്ട കഥകളാണ് ഈ ബ്ളോഗില്‍ അക്ഷരജന്‍മമെടുക്കുന്നത്.

അല്‍ഫോന്‍സാമ്മയുടെ പള്ളിയിലേക്കുള്ള വഴി. വലിയ പള്ളിയുടെ കോംപൗണ്ടില്‍ത്തന്നെയാണ് അല്‍ഫോന്‍സാ ചാപ്പലും പൂന്തോട്ടവുമെല്ലാം. അല്‍ഫോന്‍സാമ്മയെ ദൈവദാസിയായി പ്രഖ്യാപിക്കുന്നതിനും മുന്‍പ് വലിയപള്ളിയുടെ സെമിത്തേരിചാപ്പലായിരുന്നു ഇത്. അവിടെ അടക്കം ചെയ്യപ്പെട്ട മഹതി പിന്നീട് കത്തോലിക്കാ സഭയുടെ അഭിമാനദീപകമായി തെളിഞ്ഞപ്പോള്‍ സെമിത്തേരി ചാപ്പല്‍ അല്‍ഫോന്‍സാമ്മ ചാപ്പലായി രൂപാന്തരപ്പെട്ടു. ഈ വഴിയില്‍ പ്രണയിച്ചു നില്‍ക്കുന്നവരെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. സ്കൂളില്‍ പഠിക്കുന്ന കാലത്ത്, ഉച്ചയൂണിനു വീട്ടിലേക്കു വെച്ചടിക്കുമ്പോള്‍, ഞങ്ങള്‍ക്കു കളിയാക്കാനും പേടിപ്പിച്ചു വിടാനും (പേടിച്ചോടാനും!) കുറേ കമിതാക്കള്‍ നാടിന്‍റെ നാനാഭാഗങ്ങളില്‍നിന്ന് ഇവിടെയെത്തുമായിരുന്നു. ഇതുവഴി പ്രണയിച്ചുനടന്നു വിവാഹം കഴിച്ചവരില്‍ ചിലരൊക്കെ ഈ ബ്ളോഗ് വായിക്കുന്നുമുണ്ടാകും. ഏതായാലും ഇപ്പോള്‍ കുറേക്കാലമായി ഇതുവഴിയാരെയും കാണാറില്ല. പ്രണയവും മരിച്ചുവോ???



ആദ്യകാഴ്യില്‍, അകലക്കാഴ്ചയില്‍ ഇതാണ് വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയുടെ ചാപ്പല്‍. അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതോടെ ഈ സുന്ദരക്കാഴ്ചയ്ക്ക് ഇനിയും പ്രസക്തിയേറും. കേരളത്തില്‍ ഏറ്റവും ഭംഗിയായി സംരക്ഷിക്കപ്പെടുന്ന കത്തോലിക്കാ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഇവിടം.


അല്‍ഫോന്‍സാ ചാപ്പലിന്‍റെ മുഖം. ആകാശമിങ്ങടുത്ത്. അല്ലേ?


അല്‍ഫോന്‍സാ ചാപ്പലിന്‍റെ ഉള്‍വശം.

ചാപ്പലിനുള്ളിലെ അല്‍ഫോന്‍സാമ്മയുടെ കബറിടം.

പാപ്പാവേദി. 1986 ഫെബ്രുവരി എട്ടിന്, കോട്ടയത്ത് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയും അല്‍ഫോന്‍സാമ്മയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത് ഈ വേദിയില്‍ വച്ചായിരുന്നു. നാമകരണച്ചടങ്ങിനു ശേഷം ആ വേദി അതേപടി ഭരണങ്ങാനത്ത് അല്‍ഫോന്‍സാ ചാപ്പലിനു തൊട്ടുമുന്‍പിലായി പുനര്‍നിര്‍മിച്ചു. ഇരുപതു വര്‍ഷത്തിലേറെയായി ഇപ്പോള്‍ ഇതിവിടെയുണ്ട്.

സെമിത്തേരി അഥവാ ശവക്കോട്ട. ഞങ്ങളുടെയൊക്കെ അപ്പനപ്പൂന്‍മാര്‍ മുതലുള്ളവര്‍ ഇവിടെയുണ്ട്. ഇതിനു സൈഡിലൂടെയാണ് നാട്ടുകാരുടെ നടപ്പുവഴി. യാഥാര്‍ഥ്യങ്ങളും കഥകളുമായി ഭരണങ്ങാനത്തെ ചിരിപ്പിക്കുന്ന ഒരുപാടു കഥകള്‍ക്ക് കാരണമായ സ്ഥലമാണിവിടം. ഞാനുമെഴുതിയിട്ടുണ്ട് കുറേ. (ലാസറിനെ ഉയര്‍പ്പിച്ച ലേസര്‍ പ്രേതം, നഷ്ടപ്രണയത്തിന്‍റെ വിഷുക്കൈനീട്ടം, പ്രഫസര്‍ ഇടപ്പാടി)


അകലെ കാണുന്നതു ഭരണങ്ങാനം സെന്‍റ് മേരീസ് ഹൈസ്കൂളിന്‍റെ പിന്‍ഭാഗം. ഞങ്ങളുടെയൊക്കെ (ഞങ്ങളുടെ അപ്പന്‍മാരുടെയും)മാതൃവിദ്യാലയം. വലിയ പള്ളിയോടു ചേര്‍ന്നാണു സ്കൂള്‍. അല്‍ഫോന്‍സാ ചാപ്പലിന്‍റെ അടുത്തുനിന്നാണ് ഈ പടമെടുത്തത്. ഇടയ്ക്കു കാണുന്ന വിശാലമായ മൈതാനം പണ്ടു ഫുട്ബോള്‍ കളിക്കളമായിരുന്നു. ഭരണങ്ങാനം സ്റ്റാലിയന്‍ സോക്കര്‍ ക്ളബ്ബിന്‍റെ ഹോം ഗ്രൗണ്ട്. അടുത്ത കാലത്ത് കളി നിന്നു.



സംഘാടകര്‍ പരസ്പരം നോക്കി, പള്ളീലച്ചന്‍ മണിമാളികയ്ക്കു മുകളിലേക്കു നോക്കി, മണിമാളികയ്ക്കു മാത്രം എങ്ങോട്ടും നോക്കാന്‍ പറ്റാത്തതിനാല്‍ അതു പഴയ പടി നിന്നു - (പശു അപ്പച്ചന്‍ അഥവാ പാവങ്ങളുടെ മറഡോണ)

പള്ളിയുടെ മണിമാളിക. ഒരു ചക്രമണി, മൂന്നു കൂട്ടമണികള്‍, ഒരു ഒറ്റമണി എന്നിവയാണിവിടെയുള്ളത്. വര്‍ഷത്തില്‍ നടക്കുന്ന മൂന്നുപെരുന്നാളുകള്‍ക്കും ഈ മണികളെല്ലാം മുഴങ്ങും. രണ്ടാം നിലയില്‍ കയറി നിന്നാണു കൂട്ടമണിയടിക്കുക. അതിത്തിരി ബുദ്ധിമുട്ടുള്ള പണിയാണ്. കയറില്‍ ഉയരത്തില്‍ പിടിച്ചു തൂങ്ങണം. അല്‍പം അധ്വാനം വേണ്ട പണി. ഒന്നൊന്നര മണിക്കൂര്‍ നീളുന്ന തിരുനാള്‍ പ്രദക്ഷിണം തീരുമ്പോളേയ്ക്കും കൈകള്‍ പൊട്ടി ഒരു പരുവമായിരിക്കും. (അടുത്തകാലത്താണ് ഒരു സത്യം മനസ്സിലാക്കിയത്. താഴത്തെ നിലയില്‍നിന്നു രണ്ടാം നിലയിലേക്കു കയറാന്‍ ചാരിവച്ചിരിക്കുന്ന ഏണി യഥാര്‍ഥത്തില്‍ ഏണി അല്ലായിരുന്നത്രേ. പണ്ടു കാലത്ത് ആളുകള്‍ മരിച്ചുകഴിയുമ്പോള്‍ ചുമക്കാന്‍ ഉപയോഗിക്കുന്ന പല്ലക്കു പോലത്തെ കുന്ത്രാണ്ടമായിരുന്നത്രേ അത്. അതില്‍ ചവിട്ടിയായിരുന്നല്ലോ കയറ്റം എന്നോര്‍ത്തപ്പോള്‍ അറിയാതെ കാലിലൊരു പെരുപ്പ്!!)

ഭരണങ്ങാനത്തിന്‍റെ ചിത്രപുരാണം തുടരും. ഇനിയെപ്പോഴെങ്കിലുമൊക്കെയായി!!!

Tuesday, August 28, 2007

അന്‍പതു ശതമാനം പന!

ജനകീയാസൂത്രണം വരുന്നതിനും മുന്‍പുള്ള കാലം. ജനകീയാസൂത്രണം എന്ന ചിന്തയ്ക്കു തന്നെ വിത്തുപാകിയ വിധമൊരു ഓണാഘോഷം ഭരണങ്ങാനത്തു നടക്കുന്നു.

സ്ഥലം ഭരണങ്ങാനം ആനക്കല്ല് സെന്‍റ് മേരീസ് ഫൊറോന പള്ളിവക റബ്ബര്‍ത്തോട്ടം. അധ്യക്ഷനില്ല, ഉദ്ഘാടകനില്ല,പ്രസംഗകരില്ല. ഉള്ളത് ഒരു മണ്ണെണ്ണ സറ്റൗ, രണ്ടു ലിറ്റര്‍ മണ്ണെണ്ണ, ഒരു ചീനച്ചട്ടി, ഇരുപതു കോഴിമുട്ട, കുറച്ച് വെളിച്ചെണ്ണ. പങ്കെടുക്കുന്നവരുടെ എണ്ണം കൃത്യമായി പറയാന്‍ പറ്റാത്ത സ്ഥിതി.

കാര്യപരിപാടി

സ്റ്റൗവില്‍ തീ കത്തിക്കൊണ്ടിരിക്കുന്നു. ചീനച്ചട്ടി ചൂടായി നില്‍ക്കുന്നു. സമീപത്തെ പച്ചക്കറിക്കടയുടമസ്ഥന്‍ അന്ത്രപ്പന്‍റെ നേതൃത്വത്തില്‍ വഴിയേ പോകുന്ന നാട്ടുകാര്‍ക്ക് ഓണാശംസ നേരുന്നു. നേരെ റബ്ബര്‍ തോട്ടത്തിലേക്കു ക്ഷണിക്കുന്നു. റബ്ബര്‍ തോട്ടത്തിലെത്തുന്ന നാട്ടുകാരനെ അതിശയിപ്പിച്ചുകൊണ്ട്, ചീനച്ചട്ടിയില്‍ ഓംലൈറ്റുകള്‍ പിറവി കൊള്ളുന്നു.

എന്നതാ അന്ത്രപ്പാ... നട്ടുച്ചയ്ക്ക് മൊട്ട പൊരിച്ചു തിന്നാന്‍ തലയ്ക്കു വട്ടുണ്ടോ?

അന്ത്രപ്പന്‍ മറുപടി പറയില്ല. പകരം, അന്ത്രപ്പന്‍റെ ശിങ്കിടികള്‍ സമീപത്തെ കാനയിലെ കരിയലികള്‍ക്കിടയില്‍നിന്ന് ഒരു സാധനം പൊക്കിയെടുക്കും. നല്ല ചന്തമുള്ളോരു കുപ്പി. കുപ്പി നിറയെ നല്ല വീഞ്ഞുനിറമുള്ള വിദേശ മദ്യം. വിസ്കി മാത്രം കഴിച്ചു ശീലമുള്ളവര്‍ അതിനെ ചാത്തനെന്നും വെട്ടിക്കൂട്ടെന്നുമൊക്കെ വിളിക്കുമെങ്കിലും നല്ല മൊരിയന്‍ സാധനം.
ഗ്ളാസിലേക്കു പകര്‍ത്തപ്പെടുന്ന വിദേശിക്ക് മേമ്പൊടിയായി അല്‍പം വെള്ളം. കുടിച്ചിറക്കുന്ന ഇറക്കില്‍ ടച്ചിങ്സായി അല്‍പം ഓംലൈറ്റ്.

നാട്ടുകാരന്‍റെ തോളില്‍ത്തട്ടുന്നു. അന്ത്രപ്പന്‍ വക ഹാപ്പി ഓണം ആശംസകള്‍.

രണ്ടു കൈയും വീശി വെറുതെയങ്ങുപോകാന്‍ നാട്ടുകാരൊക്കെ ആരാ മക്കള്‍?!!

എന്നാപ്പിന്നെ അന്ത്രപ്പാ ആശംസ ഒന്നോ രണ്ടോകൂടിപ്പോരട്ടെ... ഇതാ എന്‍റെ വക ഷെയറു പിടിച്ചോ....

സമാനമനസ്കരായ നാട്ടുകാരുടെ എണ്ണം ഭരണങ്ങാനത്തു ഭീകരമാം വിധം കൂടുതലായിരുന്നു. അതുകൊണ്ട് സംഭാവനകള്‍ കൂമ്പാരമായി. ഇടയ്ക്കിടെ ഭരണങ്ങാനത്തിന്‍റെ വിരിമാറിലൂടെ പാലാനഗരത്തിലെ ആയിരങ്ങള്‍ ക്യൂ നില്‍ക്കുന്ന വിദേശ മെഡിക്കല്‍ ഷാപ്പുതേടി ഓട്ടോറിക്ഷകള്‍ പാഞ്ഞുകൊണ്ടിരുന്നു.

റബര്‍തോട്ടത്തില്‍ ഓണാശംസ മേടിച്ചു മേടിച്ചു തലകുമ്പിട്ടു മാര്‍പ്പാപ്പമാരായവരുടെ എണ്ണവും പെരുകിക്കൊണ്ടിരുന്നു. സാക്ഷാല്‍ മാവേലി മുതല്‍ വാമനന്‍ വരെ മനുഷ്യരെല്ലാം ഒന്നുപോലെ റബര്‍മരത്തില്‍ ചാരിയിരുന്ന് മധുരോദാരമായ ഓണസ്മരകള്‍ അയവിറിക്കിക്കൊണ്ടിരുന്നു. ചിലരുടെ സ്മരണകള്‍ വാളിന്‍റെയും പരിചയുടെയും രൂപത്തിലായിരുന്നു. അവരങ്ങനെയങ്ങനെ ഏറിക്കൊണ്ടിരുന്നു.

ഭരണങ്ങാനം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ഓണാഘോഷത്തിന്‍റെ കണ്‍വീനര്‍ സ്ഥാനം അലങ്കരിച്ചുകൊണ്ടിരുന്ന അന്ത്രപ്പന്‍റെ കടയില്‍ സ്റ്റോക്കുണ്ടായിരുന്ന കോഴിമുട്ടകള്‍ തീര്‍ന്നുകൊണ്ടിരുന്നു. അന്ത്രപ്പന്‍റെ മേശവലിപ്പില്‍ കാശു വന്നു വീണുകൊണ്ടുമിരുന്നു. നാട്ടുകാര്‍ക്ക് ഫ്രീയായി ഓണാശംസയും ഓംലൈറ്റും കൊടുക്കാന്‍ അന്ത്രപ്പന്‍ അന്തോനീസുപുണ്യാളന്‍റെ ചേട്ടന്‍റെ മോനൊന്നുമല്ലല്ലോ....!

മുട്ട തീരുമെന്ന ഘട്ടമെത്തിയപ്പോള്‍ അന്ത്രപ്പന്‍ പ്രഖ്യാപിച്ചു.

നാട്ടുകാരേ...
നമുക്ക് ആഘോഷം മതിയാക്കാം. എനിക്കു വീട്ടില്‍ ഓണസദ്യയുണ്ണേണ്ട നേരമായി. നിങ്ങള്‍ക്കും ഓണമുണ്ണേണ്ടതാണല്ലോ. അതുകൊണ്ട് നമുക്ക് ഈ ആഘോഷമവസാനിപ്പിക്കാം. കടയിലുണ്ടായിരുന്ന മുട്ടയും തീര്‍ന്നുകഴിഞ്ഞിരുന്നു. സ്റ്റൗവും ചീനച്ചട്ടിയും വെളിച്ചെണ്ണയുമെത്തിച്ച നല്ലവനായ ചാക്കോപ്പിക്ക് ഈ അവസരത്തില്‍ എന്‍റെ ആയിരമായിരം നന്ദി, നന്ദി...

അതുവരെ, ജ്വലിച്ചുനിന്ന ആഘോഷത്തെ അത്രവേഗം ചവിട്ടി പാതാളത്തിലേക്കു താഴ്ത്താന്‍ വന്ന വാമനനായി മാറിയ അന്ത്രപ്പനെ നാട്ടുകാരില്‍ ചിലര്‍ക്കു പിടിച്ചില്ല.

അന്ത്രപ്പാ.... മുട്ട തീര്‍ന്നെങ്കില്‍ തീരട്ടെ. ബാക്കി സാധനം ഇനിയുമുണ്ട്. വേണേല്‍ ഇനിയും വരുത്തുകയും ചെയ്യാം. ആ നിലയ്ക്ക് ആഘോഷം തുടരട്ടെ. മാത്രമല്ല, ഓണസദ്യയുണ്ടാക്കാനുള്ള സാധനവും വാങ്ങി രാവിലെ വീട്ടിലേക്കു വിട്ടവരെ വരെ നമ്മളിവിടെ കുളിപ്പിച്ചു കിടത്തിയിട്ടുണ്ട്. ആ നിലയ്ക്ക്, അവര്‍ക്കു ബോധം തെളിയും വരെയെങ്കിലും ഈ ആഘോഷം തുടരേണ്ടതായുണ്ട്.

അന്ത്രപ്പന്‍ ചിരിച്ചു.

എങ്കില്‍ പ്രിയപ്പെട്ടവരേ നിങ്ങള്‍ ആഘോഷം തുടരുക. ഞാന്‍ വിടവാങ്ങട്ടെ.....

നാട്ടുകാരില്‍ ചിലര്‍ക്ക് അപ്പോഴും അതങ്ങിഷ്ടപ്പെട്ടില്ല. അവര്‍ പറഞ്ഞു

അല്ല, അന്ത്രപ്പാ.. ഇവിടെ ഇത്രയും വലിയ ആഘോഷം നടന്നിട്ടും താനൊരു തുള്ളി വിദേശിയെപ്പോലും അകത്താക്കിയില്ലല്ലോ... അതുകൊണ്ട് ഒരല്‍പം സേവിച്ചിട്ടു പോടോ.. താനിതുവരെ ഷെയറു തന്നില്ല. അതു തരികയും വേണ്ട. സാധനം ആവശ്യത്തിനുണ്ട്. ഞങ്ങളുടെ സന്തോഷത്തിനെങ്കിലും....

അന്ത്രപ്പന്‍റെ ദുരഭിമാനത്തിന്‍റെ മൂട്ടിലാണ് അതു ചെന്നുകൊണ്ടത്.അന്ത്രപ്പന്‍ തിരിച്ചടിച്ചു.

ഹും... ഷെയറിടാതെ അന്ത്രപ്പന്‍ ഈ പണിക്കു നിക്കത്തില്ല. ഷെയറിടാതെ അന്ത്രപ്പന് ഒരു തുള്ളി പോലും വേണ്ട. അതുകൊണ്ട് ഇന്നാ പിടി എന്‍റെ വക നൂറു രൂപ...!!

ജനസഹസ്രം കയ്യടിച്ചു. നൂറു പോയതിന്‍റെ ദുഖത്തില്‍ അന്ത്രപ്പന്‍ ആദ്യരണ്ടുലാപ്പില്‍ത്തന്നെ അതിവേഗം മുന്നേറി. മിനിട്ടുകള്‍ക്കകം അടുത്തുള്ള റബര്‍ച്ചോട്ടില്‍ അന്ത്രപ്പന്‍ സീറ്റിങ്ങായി.
വിദേശി അകത്തോട്ടു ചെന്നപ്പോളാണ്, അപ്പനപ്പൂന്‍മാരു മുതലുള്ള കാലത്തേ കുടുംബപരമായി കൈവശമുള്ള, ജനിതമായിട്ടുള്ളതായിട്ടുള്ള വിദേശവിരുദ്ധ വികാരം അന്ത്രപ്പനില്‍ തെകട്ടി വന്നത്.
അന്ത്രപ്പന്‍ പൊട്ടിത്തെറിച്ചു.

ഹും മാവേലി, കേരളം, ഓണം.... എന്നിട്ടിവിടെയോ വിദേശി മാത്രം!! എനിക്കിതു സഹിക്കില്ല.

വേറെ ചിലര്‍ക്കും അതു സഹിച്ചില്ല. വിദേശിയെ കുറ്റം പറയുന്നതു കേട്ടാല്‍ ചോര തിളയ്ക്കുന്ന നല്ലയിനം കോണ്‍ഗ്രസുകാരുടെ ജനുസ്സില്‍പ്പെട്ടവരായിരിക്കാം അവര്‍.

അന്ത്രപ്പന്‍ വീണ്ടും തുടര്‍ന്നു- വിദേശി കഴിച്ച സാഹചര്യത്തില്‍ ആ തെറ്റു മായ്ക്കാനായി എനിക്കല്‍പം സ്വദേശികൂടി വേണം. നല്ല തെങ്ങിന്‍കള്ള് കുറച്ചു വേണം. ആരുണ്ട് മേടിച്ചോണ്ടു വരാന്‍...? കാശിന്നാ പിടിച്ചോ.....!!!

അന്ത്രപ്പനു തെങ്ങിന്‍കള്ളു വേണം. എവിടെ കിട്ടാന്‍?

ഉത്തരവും അന്ത്രപ്പന്‍ തന്നെ പറഞ്ഞു. പാലമ്മൂട്ടിലോട്ടു വിട്ടോ. അവിടാകുമ്പോള്‍ ഒറിജിനലു തന്നെ കിട്ടും...

അന്ത്രപ്പന്‍റെ സ്വദേശിപ്രേമത്തിന്‍റെ ഭാഗമായി കള്ളുമേടിക്കാന്‍ ഓട്ടോറിക്ഷയൊന്ന് പാലമ്മൂട്ടിലേക്കു പാഞ്ഞു. അതുവരെയുള്ളതിന്‍റെ കിക്കില്‍ അന്ത്രപ്പന്‍ റബര്‍മരച്ചോട്ടിലേക്കും ചാഞ്ഞു. അന്ത്രപ്പന്‍റെ കണ്‍മുന്നില്‍ ഭൂമി വട്ടം കറങ്ങി. ആരൊക്കെയോ വന്ന് തന്നെ പാതാളത്തിലേക്കു ചവിട്ടിത്താക്കുന്നതുപോലെയും അന്ത്രപ്പനു തോന്നി.

പാലമ്മൂട്ടിലേക്കു പോയ ഓട്ടോറിക്ഷയില്‍ രണ്ടു കോണ്‍ഗ്രസുകാരായിരുന്നു.

വിദേശിപ്രേമികളെങ്കിലും രഹസ്യമായി സ്വദേശിയെയും പ്രേമിക്കുന്ന തനി കോണ്‍ഗ്രസുകാര്‍. ഷാപ്പെത്തിയപ്പോളേയ്ക്കും അവരിലും സ്വദേശി പ്രേമം മുളപൊട്ടി.

അന്ത്രപ്പനു വേണ്ടതു തെങ്ങിന്‍കള്ള്. കുപ്പിക്കു വില നാല്‍പ്പതുരൂപ. കോണ്‍ഗ്രസുകാര്‍ക്കു പനയാണെങ്കിലും മതി. അതിനു വേണം കുപ്പിക്ക് ഇരുപത്തിനാലു രൂപ. ഖദര്‍ഷര്‍ട്ടിന്‍റെ പല കോണിലും തെറുത്തുവച്ച കൈമടക്കിലും തപ്പിയിട്ടും കിട്ടിയതു പത്തുരൂപ. ബാക്കി സംഘടിപ്പിക്കാന്‍ ഒരു മാര്‍ഗവുമില്ല. എന്തു ചെയ്യാന്‍?

അന്ത്രപ്പന്‍ വക പണം അവരുടെ കയ്യിലിരുന്നു തുടിച്ചു. അതേ, അതു തന്നെ.

അന്ത്രപ്പനു തെങ്ങു വേണ്ട. പകരം അന്ത്രപ്പനും തങ്ങള്‍ക്കും പന. ഇഷ്ടം പോലെ പന.
തെങ്ങിന്‍കള്ളിനു കാശുകൊടുത്തുവിട്ട അന്ത്രപ്പനെ മനപ്പൂര്‍വം മറന്ന കോണ്‍ഗ്രസുകാര്‍ പന ആവശ്യം പോലെ അകത്താക്കി.

ഒടുക്കം മിച്ചം വന്നത് അന്ത്രപ്പനു കൊടുക്കാന്‍ കുപ്പിയുടെ പകുതി മാത്രം പന.

സ്വദേശികളായ കോണ്‍ഗ്രസുകാര്‍ നേരെ മീനച്ചിലാറ്റിലേക്കു വച്ചടിച്ചു. അന്ത്രപ്പനായുള്ള അരക്കുപ്പിയില്‍ ആറ്റിലെ പരിശുദ്ധമായ പച്ചവെള്ളം നിറച്ചു. ഓട്ടോ തിരികെ പാഞ്ഞു.
അങ്കവും കണ്ടു താളിയുമൊടിച്ചതിന്‍റെ ആവേശത്തില്‍ ഓട്ടോറിക്ഷയില്‍നിന്ന് ജയ് ഗാന്ധി, ജയ് ജെപി വിളികള്‍ മുഴങ്ങി.

ഓണദിവസം ഏതോ മദ്യവിരുദ്ധ സമിതിയുടെ പ്രവര്‍ത്തകര്‍ ജാഥയ്ക്കു പോവുകയാണെന്നു കരുതി നാട്ടുകാര്‍ സംഗതി വിട്ടുകളഞ്ഞു.

ഓട്ടോ റബര്‍ത്തോട്ടമണഞ്ഞു. റബര്‍മരത്തില്‍ കെട്ടിപ്പിടിച്ചു കിടക്കുകായിരുന്ന അന്ത്രപ്പനെ സംഘം വിളിച്ചുണര്‍ത്തി. അദ്ദേഹത്തിനായി പാലമ്മൂട്ടില്‍നിന്നെത്തിച്ച പന അല്ല തെങ്ങ് നിവേദിച്ചു.
അന്ത്രപ്പനു സന്തോഷമായി. കൊതിയോടെ തന്നെ നോക്കുന്ന ആയിരം കണ്ണുകളെ തൃണവല്‍ഗണിച്ച് അന്ത്രപ്പന്‍ കുടി തുടങ്ങി.

ചങ്കിടിപ്പോടെ കോണ്‍ഗ്രസ് സംഘം കാത്തുനിന്നു.

കുപ്പി പകുതിയാക്കിയ അന്ത്രപ്പന്‍ അതിശക്തമായൊരു ഏമ്പക്കം വിട്ടു. അതിന്‍റെ കാറ്റടിച്ച് അടുത്തുകിടന്നവര്‍ ഞെട്ടിയെണീറ്റു കണ്ണുതുടച്ചു.

ഓ ഞാന്‍ ഷാപ്പിലല്ല അല്ലേ എന്ന ചോദ്യവുമായി അവര്‍ വീണ്ടും മലച്ചു.

അന്ത്രപ്പന്‍ കുപ്പിയിലേക്കും അതുമായെത്തിവരുടെ കണ്ണുകളിലേക്കും രൂക്ഷമായൊന്നു നോക്കി. എന്നിട്ടു പറഞ്ഞു.

കുഴപ്പമൊന്നുമില്ല. എങ്കിലും പാലമ്മൂടുകാരും കളിപ്പിക്കല്‍ തുടങ്ങിയിരിക്കുന്നു. ഓണമായിട്ടായിരിക്കും. അവന്‍മാരവിടെ തെങ്ങിന്‍കള്ള് എന്നും പറഞ്ഞു വില്‍ക്കുന്ന സാധനം അത്രയ്ക്കങ്ങു വിശ്വസിക്കാനൊരു പ്രയാസം.

ഇതിലൊരു അന്‍പതു ശതമാനമെങ്കിലും പനം കള്ളാണെന്നേ......!!!!

Sunday, August 26, 2007

ഓണമില്ലാതെന്തു ഭരണങ്ങാനം?

ഞാന്‍ വീട്ടില്‍ വെറുതെ കിടന്നുറങ്ങുകയായിരുന്നു. ചെവികളില്‍ വന്നലച്ചുനിന്ന ആരവം കേട്ടാണുണര്‍ന്നത്. നേരം നട്ടുച്ച. ഈ സമയത്ത് ആര് എവിടെ എന്തിന് ഒച്ചയുണ്ടാക്കുന്നുവെന്നറിയാന്‍ ചെവി വട്ടം പിടിച്ചപ്പോള്‍ മനസ്സിലായി, ശബ്ദം കേള്‍ക്കുന്നതു ഞാന്‍ പഠിച്ച, ഇപ്പോളും അനേകം പേര്‍ പഠിച്ചുകൊണ്ടിരിക്കുന്ന എന്‍റെ മാതൃവിദ്യാലയമായ സെന്‍റ് മേരീസ് ഹൈസ്കൂളില്‍നിന്നാണു ശബ്ദം കേള്‍ക്കുന്നത്.

എന്തായിരിക്കും ശബ്ദം?

പിള്ളേരു സമരം വല്ലതും....?!!!

ഞങ്ങളൊക്കെ പഠിച്ചിറങ്ങിയ ശേഷം സ്കൂളിലിതു വരെ സമരം നടന്നിട്ടില്ല. സമരം സമരം സമരം.... എനിക്കങ്ങു ത്രില്ലായി. ഞാനിറങ്ങിയോടി. നേരെ സ്കൂളിലേക്ക്. അവിടെ ചെന്നപ്പോള്‍ സ്കൂളില്‍ ആരുമില്ല. പിള്ളേരു സമരവും വിജയിപ്പിച്ചു വീട്ടില്‍പ്പോയിക്കാണുമോ?

നേരെ സ്കൂളിലേക്കു നടന്നു കയറിയപ്പോളാണു കണ്ടത്, ദേണ്ടെ കിടക്കുന്നു അതിഗംഭീരമായ ഒരു ഓണപ്പൂക്കളം.
കാര്യങ്ങളുടെ കിടപ്പ് പൂക്കളത്തിന്‍റെ കിടപ്പു കണ്ടപ്പോളാണ് എനിക്കു പിടികിട്ടയത്.പിള്ളേര് ഒച്ചയുണ്ടാക്കിയതു വെറുതെയല്ല. ഓണാഘോഷമാണ്. സ്കൂള്‍ അടയ്ക്കുന്ന ദിവസം സ്കൂള്‍ വക ഓണാഘോഷം. ഞങ്ങളു പഠിക്കുന്ന കാലത്ത് ഓണം പോയിട്ട് ക്രിസ്മസ്, വിഷു, റംസാന്‍ തുടങ്ങിയ അനേകം ആഘോഷങ്ങള്‍ വന്നിട്ടും സ്കൂളില്‍ ആര്‍ക്കും ഒരു കോലുമുട്ടായി പോലും കിട്ടിയിട്ടില്ല. എനിക്കു സ്കൂളില്‍ പഠിക്കുന്നവരോടും പഠിപ്പിക്കുന്നവരോടും കടുത്ത അസൂയ തോന്നിയില്ലെങ്കില്‍ ഞാനൊരു മനുഷ്യനാണോ? വന്ന സ്ഥിതിക്ക് പിള്ളേരുടെ ഓണാഘോഷം കണ്ടിട്ടു തന്നെ കാര്യം!! നേരെ നടന്നു. അപ്പോളതാ, വിശാലമായ പള്ളിമുറ്റത്ത് ഉഗ്രനൊരു വടംവലി മല്‍സരം നടക്കുന്നു. വടം വലിക്കുന്നതു ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പെണ്‍കുട്ടികള്‍. ആരവം മുഴക്കി ആണ്‍കുട്ടികള്‍.


പെണ്‍കുട്ടികളുടെ വടംവലി മല്‍സരം കഴിഞ്ഞു. ഇനി ഘടാഘടിയന്‍മാരായ ആണ്‍കുട്ടികളുടെ മല്‍സരം. ആവേശം കുന്നുകയറിയപ്പോള്‍, കൂട്ടത്തില്‍ പഠിക്കുന്നവന്‍മാരെ പ്രോല്‍സാഹിപ്പിക്കുന്ന പെണ്‍കുട്ടി. ഈ ഡിപിഇപി നടപ്പാക്കിയവന്‍മാര്‍ക്ക് ഒരു പത്തുവര്‍ഷം മുന്‍പ് ഇതു നടപ്പാക്കിക്കൂടായിരുന്നോ?!!!


വടംവലി വിജയികള്‍ക്കെന്താണു സമ്മാനം? ദേണ്ടെ വാഴക്കുല. ഇതിനെയൊക്കെ വാഴക്കുല എന്ന വിളിക്കുന്നതിനെതിരെ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയില്‍ കേസിനു പോകാവുന്നതാണ്. ഓണമായതിനാല്‍ ഇതുപോലെ രണ്ടെണ്ണം തന്നെ സംഘടിപ്പിച്ചതു കഷ്ടപ്പെട്ടാണെന്നു കണ്‍വീനര്‍ സാറു പറയുന്നു. വലിപ്പം കുറഞ്ഞാലും കുല വാഴക്കുല തന്നെ.

ഞങ്ങളുടെ പിന്‍മുറക്കാരും ക്രിയേറ്റിവിറ്റിയുടെ കാര്യത്തില്‍ പിന്നോട്ടല്ലെന്നു പിടികിട്ടി. ഇന്‍ഡ്യന്‍ ടീം വല്ലപ്പോഴുമൊരിക്കല്‍ ക്രിക്കറ്റ് ജയിക്കുമ്പോള്‍ ഷാംപെയിന്‍ പൊട്ടിച്ചു രസിക്കുന്നതിന്‍റെ പടം പത്രത്തില്‍ കണ്ടിട്ടാവണം, ലവന്‍മാര്‍ രണ്ടുകുപ്പിയില്‍ വെള്ളം നിറച്ച് അതു പൊട്ടിച്ചു തെറിപ്പിച്ചു രസിക്കുന്നത്.

അങ്ങനെ ഓണാഘോഷം കൊടിയിറങ്ങി. ഇനി അടുത്ത വര്‍ഷം വരെ നാവിലും മനസ്സിലും മധുരമൂറുന്ന ഓണസ്മൃതികള്‍ ബാക്കിനിര്‍ത്തി പായസവിതരണം.
ഹും.... അതും കഴിഞ്ഞു. പായസച്ചെമ്പ് അടുത്ത ഓണം വരെ ഇനിയിങ്ങനെ കഴിഞ്ഞകാല ഓര്‍മകളുടെ മധുരവുമായി തപസ്സിരിക്കും.

Wednesday, August 22, 2007

ബോബനും മോളിയും (ഒരു പട്ടിയും!)

ബോബനും മോളിയും അടയും ചക്കരയും പോലെയായിരുന്നു. അടയും ചക്കരയും അധികം കഴിച്ചാല്‍ ഉണ്ടാകുന്ന അസുഖമാണു പ്രമേഹം. പക്ഷേ, ബോബനും മോളിക്കും പിടിച്ചതു പ്രമേഹമായിരുന്നില്ല, പകരം ഒരക്ഷരം തെറ്റി-പ്രേമം!!

ബോബന്‍ മിടുക്കനായിരുന്നു. ചക്കരയായ മോളിയെ ഫിഷ്മോളിയെപ്പോലെ അവന്‍ സ്നേഹിച്ചു. മോളിയാകട്ടെ ബോബനെ കുഞ്ചാക്കോ ബോബനെപ്പോലെയും. മോളിയെ സ്നേഹിക്കുക എന്നതു മാത്രമായിരുന്നു ബോബന്‍റെ ജോലി. അവള്‍ക്ക് അതുപോലെ തന്നെ സ്നേഹിക്കാന്‍ വീട്ടിലൊരു പട്ടിയുമുണ്ടായിരുന്നു. പട്ടിക്കും അവള്‍ ബോബന്‍ എന്നു പേരിട്ടു. പലപ്പോഴും, ബോബനു കൊടുക്കാന്‍ കഴിയാതെ പോകുന്ന സ്നേഹം അവള്‍ പട്ടിക്കു കൊടുത്തു. പട്ടിയാകുന്ന ബോബന്‍ കുരച്ചും കടിച്ചും തിരിച്ചും മോളിയെ സ്നേഹിച്ചുകൊണ്ടിരുന്നു. അങ്ങനെ, രണ്ടു ബോബന്‍മാരുടെയും സ്നേഹപ്രകടനത്താല്‍ വീര്‍പ്പുമുട്ടിക്കഴി‍യുകയായിരുന്നു മോളി.

ബോബന്‍ ഭരണങ്ങാനം പള്ളിയിലെ ആസ്ഥാന ഗായകന്‍കൂടി ആയിരുന്നു. എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ എട്ടുമണിക്കുള്ള കുര്‍ബാനയ്ക്കു നൂറുകണക്കിനു മോളിമാര്‍ ബോബന്‍റെ സ്വരമാധുരി ആസ്വദിക്കാന്‍ മാത്രമായി തിക്കിത്തിരക്കിയെത്തുമായിരുന്നു. അതിന്നിടയ്ക്കും ബോബന്‍, പള്ളിയുടെ ആനവാതിലിനോടു ചേര്‍ന്നുള്ള തൂണില്‍ ചാരിയിരുന്നുറങ്ങുന്ന തന്‍റെ സ്വന്തം മോളിക്കായി പാട്ടുകള്‍ പാടിക്കൊണ്ടിരുന്നു. മോളിയാകട്ടെ ആ പാട്ടുകള്‍ കേട്ടുറങ്ങിക്കൊണ്ടും. പാട്ടും പ്രണയവും കഴിഞ്ഞുള്ള ഇടവേളകളില്‍ ബോബനും ഉറങ്ങിക്കൊണ്ടിരുന്നു.

ചുരുക്കം പറഞ്ഞാല്‍, മോളിയെ പ്രേമിക്കുക, പള്ളിയില്‍ പാട്ടുപാടുക, ഉറങ്ങുക എന്നീ ഇടപാടുകള്‍ക്കപ്പുറത്ത് ബോബനു മറ്റൊന്നുമില്ലായിരുന്നു.
കോളജില്‍ ഒന്നിച്ചു പ്രീഡിഗ്രി പഠിക്കുന്ന കാലത്തായിരുന്നു ബോബനു മോളിയെയും മോളിക്കു ബോബനെയും ഇഷ്ടമാകുന്നത്.

അന്ന് ഇരുവരുമൊന്നിച്ചുള്ള ഫ്രെയിമില്‍ ആദ്യം പറഞ്ഞ പട്ടിയില്ലായിരുന്നു. പകരം, മോളിയുടെ അപ്പനാകുന്ന കുട്ടപ്പന്‍ ചേട്ടനായിരുന്നു ആ റോള്‍.

തന്‍റെ ആദ്യത്തെ കണ്‍മണിയും വീടിന്‍റെ വിളക്കുമായിരുന്നവള്‍ ഒരു തമിഴന്‍റെ കൂടെ ഒളിച്ചോടിപ്പോയതിനുശേഷം കുട്ടപ്പന്‍ ചേട്ടന്‍ അവശേഷിക്കുന്ന സന്താനമായ മോളിക്കു മേല്‍ ഒരു കണ്ണുസ്ഥിരമായി വച്ചിരുന്നു. മോളിയാകട്ടെ, അപ്പനും അമ്മയും കഴിഞ്ഞേയുള്ളൂ എനിക്കു സിന്തോള്‍ സോപ്പുപോലും എന്ന നിലപാടിലും.

മോളിയെ പഠിപ്പിച്ച് ഒരു നഴ്സാക്കുകയും അവളെ അമേരിക്കയിലോ ഇംഗ്ളണ്ടിലോ പറഞ്ഞുവിട്ട് പത്തുകാശുണ്ടാക്കി നാട്ടില്‍ ഞെളിയുകയും വേണമെന്ന നിലപാടിലായിരുന്നു കുട്ടപ്പന്‍ ചേട്ടന്‍. .

അറിയപ്പെടുന്ന ഒരു കുടുംബത്തിലേക്കു മകളെ അല്‍പം വൈകിയിട്ടാണേലും കെട്ടിച്ചുവിടണമെന്നുമുള്ള കുട്ടപ്പന്‍ ചേട്ടന്‍റെ വെരിസിംപിള്‍ ആഗ്രഹങ്ങളുടെ നേര്‍ക്കായിരുന്നു അതുവരെ ഫ്രെയിമിലില്ലാതിരുന്ന അയലോക്കത്തെ പട്ടിയായ ബോബന്‍ കുരച്ചുകൊണ്ടു ചാടിവീഴുന്നത്.

അല്‍പം വൈകിയിട്ടാണേലും കുട്ടപ്പന്‍ ചേട്ടന്‍ ആ സത്യമറിഞ്ഞു.

ബോബനും മോളിയും പ്രണയത്തിലാണ്. തന്‍റെ മോളു പ്രേമിക്കുന്നതില്‍ കുട്ടപ്പന്‍ ചേട്ടനു വിരോധമില്ലായിരുന്നു. അവള്‍ക്കു പ്രേമിക്കാന്‍ കുന്നേല്‍ കുഞ്ചെറിയാ ചേട്ടന്‍റെയും തെക്കേല്‍ അവിരാച്ചേട്ടന്‍റെയും ആണ്‍മക്കള്‍ വടിവടിപോലെ നാട്ടിലൂടെ തെക്കും വടക്കും നടക്കുമ്പോള്‍ ഈ കുരുത്തം കെട്ടവള്‍ക്ക് ഇവനെ മാത്രമേ കണ്ടൊള്ളോ എന്നായിരുന്നു ആ പാവപ്പെട്ട വയോധികന്‍റെ ആദ്യത്തെ ആത്മഗതം. നാട്ടിലെ, പത്തുകാശുള്ള ഏതെങ്കിലും വീട്ടിലെ ചെറുക്കന്‍മാരെ പ്രേമിക്കാന്‍ മേലായിരുന്നോ പെണ്ണേ നിനക്ക് എന്നായിരുന്നു ആ ആത്മഗതത്തിന്‍റെ പൊരുള്‍!!!

ഇരുളും പൊരുളും തിരിച്ചറിയാവുന്ന പ്രായത്തില്‍ അല്ലാതിരുന്നതു കൊണ്ട് മോളി തറപ്പിച്ചു പറഞ്ഞു.

എനിക്കു ബോബനെ ഇഷ്ടമാണ്. ആരെതിര്‍ത്താലും ഞങ്ങളു കല്യാണം കഴിക്കും.

അതു കേട്ട് മോളിയുടെ പട്ടിയാകുന്ന ബോബന്‍ വാലാട്ടി.

അതു കണ്ട്, അന്നുരാത്രി തന്നെ കുട്ടപ്പന്‍ ചേട്ടന്‍ ആ പട്ടിയെ തട്ടി.

അവളുടെയൊരു ബോബന്‍!! ഇതുപോലെ തട്ടും ഞാന്‍ അവനേയും...!!

ഒറിജനല്‍ ബോബന്‍ അതറിഞ്ഞു ഞെട്ടി. എന്തു ചെയ്യും????

ഒന്നെങ്കില്‍ മോളി, അല്ലെങ്കില്‍ സ്വന്തം ജീവന്‍- ഇതായിരുന്നു ബോബന്‍റെ മുന്നിലുണ്ടായിരുന്ന ഓപ്ഷന്‍.

മെഡിക്കലു വേണോ എന്‍ജിനീയറിങ്ങു വേണോ എന്ന ചോദ്യം പോലെ അത്ര സിംപിളായിരുന്നില്ല ആ ചോദ്യമെങ്കിലും കറക്കിക്കുത്തി കണക്കുപരീക്ഷയെഴുതുന്നവന്‍റെ ലാഘവത്തോടെ കറക്കിക്കുത്താതെ ബോബന്‍ ആ ഉത്തരം തിരഞ്ഞെടുത്തു.

ജീവന്‍... സ്വന്തം ജീവന്‍!!!

അങ്ങനെ, തന്‍റെ ജീവന്‍റെ ജീവനെന്നും ജീവനെക്കാള്‍ ജീവനെന്നുമൊക്കെ പലവട്ടം വിശേഷിപ്പിച്ച മോളിയെ മറന്ന്, മോളിയുടെ അപ്പനെ പേടിച്ച് ബോബന്‍ നാടുവിട്ടു.

അതോടെ, നാടെങ്കിലും രക്ഷപ്പെടുമല്ലോ എന്നോര്‍ത്ത് അവന്‍റെ അപ്പനും അമ്മയും ആശ്വസിച്ചു.

തട്ടിക്കളയും എന്ന വാക്കിന് ഇത്രയും പവ്വറുണ്ടായിരുന്നല്ലേ എന്നോര്‍ത്ത് കുട്ടപ്പന്‍ ചേട്ടന്‍ ആദ്യം അദ്ഭുതപ്പെട്ടു. പിന്നീട് സന്തോഷിച്ചു.

ഇതികര്‍ത്തവ്യ മൂഢയായി മൂന്നു ദിവസം മോളി പട്ടിണികിടന്നു. മൂന്നുദിവസത്തെ പട്ടിണിക്കും കരച്ചിലിനും പിഴിച്ചിലിനും ഉഴിച്ചിലിനും ശേഷം കണ്ണാടിക്കു മുന്നില്‍ചെന്നു നിന്ന മോളിക്കൊച്ചു തന്നെ ഞെട്ടിപ്പോയി- താനൊരു സ്ളിംബ്യൂട്ടിയായിരിക്കുന്നു!!

എങ്കിലും ബോബനെ മറക്കുന്ന കാര്യം മാത്രം അവള്‍ക്കു ചിന്തിക്കാന്‍ പറ്റില്ലായിരുന്നു. ബോബനെക്കുറിച്ചുള്ള ഓര്‍മകള്‍ക്കു മുന്നില്‍ അവള്‍ വിങ്ങിപ്പൊട്ടി. അപ്പന്‍ തല്ലിക്കൊന്നു കുഴിച്ചിട്ട തന്‍റെ പ്രിയപ്പെട്ട ബോബന്‍റെ കുഴിമാടമാകുന്ന തെങ്ങിന്‍ച്ചോട്ടില്‍ അവള്‍ ദിവസവും ഓരോ മെഴുകുതിരി കത്തിച്ചു പ്രാര്‍ഥിച്ചു.

ഉടയതമ്പുരാനേ, ഇനിയും ബാക്കിയുള്ള ബോബന് ആപത്തൊന്നും വരുത്തരുതേ...

ദൈവം പ്രാര്‍ഥന കേട്ടോ എന്നറിയില്ല, പക്ഷേ, മോളിയുടെ അപ്പന്‍ കുട്ടപ്പന്‍ ചേട്ടന്‍ ഈ പ്രാര്‍ഥന പലവട്ടം കേട്ടു. മകളുടെ കാമുകന്‍ നാടുവിട്ടെങ്കിലും മകളില്‍നിന്ന് അവനെക്കുറിച്ചുള്ള ഓര്‍മകള്‍ കപ്പലുകയറിയിട്ടില്ലെന്ന്, കുട്ടപ്പന്‍ ചേട്ടന്‍ ഞെട്ടലോടെ മനസ്സിലാക്കി.

പിന്നെയെല്ലാം പെട്ടെന്നായിരുന്നു.

രണ്ടുമൂന്നു ട്രങ്കീസു പെട്ടിയിലാക്കി മോളിക്കുട്ടിയെ കോട്ടയത്തേക്കു പായ്ക്കു ചെയ്തു- നഴ്സിങ് പഠിക്കാന്‍.

കന്യാസ്ത്രീമാര്‍ നടത്തുന്ന ആശുപത്രി. കാര്‍ഗിലിലേതിനെക്കാള്‍ സുരക്ഷ. മോളി നഴ്സിങ് പഠനം തുടങ്ങി.

ബോബന്‍ അപ്പോളും അലയുകയായിരുന്നു. പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലാതിരുന്നിട്ടും ബോബന്‍റെ മനസ്സില്‍ മോളി എന്ന ഒരു ലക്ഷ്യം മാത്രം തിരയടിച്ചു. നാട്ടിലേക്കുള്ള ആന്‍റിനകള്‍ തിരിച്ചുവച്ച ബോബന് അവിടെനിന്നു സിഗ്നലുകള്‍ കിട്ടിത്തുടങ്ങി.

മോളിയെ അവളുടെ അപ്പന്‍ നാടുകടത്തി. അവളുടെ താമസവും പഠനവുമെല്ലാം കന്യാസ്ത്രീമാര്‍ നടത്തുന്ന ഹോസ്പിറ്റലില്‍. നഴ്സിങ് സ്കൂളിലേക്ക് ഈച്ച പോലും കടക്കത്തില്ല.

ഉറക്കം വരാത്ത രാത്രികളില്‍ മോളി ബോബന്‍റെ പാട്ടുകള്‍ മനസ്സില്‍ കേട്ടു. ആ പാട്ടുകള്‍ക്ക് എന്നും ഒരേഭാവമായിരുന്നു എന്നവള്‍ തിരിച്ചറിഞ്ഞു. മോളിക്കുട്ടി ഉണരുമ്പോഴും പാട്ടുണ്ടായിരിക്കും. അവന്‍ അവന്‍റെ പാട്ടിനു പോയിട്ടും തനിക്കു മാത്രമെന്തേ മാറ്റമുണ്ടാകാത്തത് എന്നു തികട്ടിവന്ന പാട്ടുമൂളിക്കൊണ്ടും മോളി ഓര്‍ത്തു.

ഹോസ്പിറ്റലില്‍ മോളി വളരെ വേഗം താരമായി. ഡോക്ടര്‍മാര്‍ക്കിടയിലും രോഗികള്‍ക്കിടയിലുമെല്ലാം എല്ലാ ഫ്രെയിമിലും മുന്‍പു പറ‍ഞ്ഞിട്ടുള്ള യശ്ശശരീനായ പട്ടിയെപ്പോലെ മോളിക്കുട്ടിയുണ്ടായിരുന്നു.

അപ്രതീക്ഷിതമായി ഒരു ദിവസമാണതു സംഭവിച്ചത്.

നഴ്സിങ് സ്കൂള്‍ ഹോസ്റ്റല്‍ വാര്‍ഡനായ കന്യാസ്ത്രീയമ്മയെ കാണാന്‍ ചെറുപ്പക്കാരനായ ഒരാളെത്തി.

എന്തു വേണം?

ഇവിടെ പഠിക്കുന്ന മോളിക്കുട്ടിയെ ഒന്നു കാണണം.
എന്താ ആവശ്യം?

ഞാന്‍ അവളുടെ അപ്പന്‍റെ പെങ്ങളുടെ മകനാ....

എന്നതാ?

എന്‍റെ അമ്മാവന്‍റെ മകളാ....

ഓ... അതുശരി. എന്നതാ അമ്മാവന്‍റെ മകന്‍റെ പേര്?

ഔസേപ്പ്.

ഔസേപ്പിരിക്ക്. ഞാന്‍ വിളിക്കാം.

കന്യാസ്ത്രീ അകത്തേക്കു പോയി. പത്തുമിനിറ്റുകഴിഞ്ഞ് മോളിക്കുട്ടിയുമായി അവര്‍ തിരിച്ചെത്തി.
ഔസേപ്പിനെ വിറച്ചു തുടങ്ങി. മോളി തന്നെ കണ്ടിരിക്കുന്നു. മോളിയും കണ്ടു- ഔസേപ്പിനെയല്ല ബോബനെ...

ഞാനല്ലാതെ നിന്‍റെ അപ്പനേതാടീ വേറെ പെങ്ങള്‍? - കന്യാസ്ത്രീയമ്മയുടെ ചോദ്യം മോളിയോട്.

മോളി ഞെട്ടി. ബോബന്‍ ഞെട്ടിയില്ല. പകരം ഓടി.

കുട്ടപ്പന്‍ ചേട്ടന്‍റെ ഒരേയൊരു പെങ്ങള്‍ കന്യാസ്ത്രീയാണെന്ന് ഇതുവരെ മനസ്സിലാക്കാതിരുന്നതിലുള്ള കുണ്ഠിതത്തോടെ അവന്‍ ഓട്ടം തുടര്‍ന്നു.

വിവരം കുട്ടപ്പന്‍ ചേട്ടനറിഞ്ഞു.

അടുത്ത നിമിഷം വണ്ടിപിടിച്ച് കുട്ടപ്പന്‍ ചേട്ടന്‍ ഹോസ്പിറ്റലിലെത്തി.

അവനിവിടേം വന്നോ????

മോളി പരുങ്ങി.

എന്നാടീ നിന്‍റെ നാക്കെവിടെ?

മോളി ധൈര്യം സംഭരിച്ച്, രണ്ടും കല്‍പിച്ച്, കന്യാസ്ത്രീമഠത്തിന്‍റെയും സമീപത്തെ ആശുപത്രിയുടെയും കല്‍മതിലുകളിളക്കുന്ന ശബ്ദത്തില്‍ ഇങ്ങനെ പ്രസ്താവിച്ചു

ആരൊക്കെ എതിര്‍ത്താലും ഞാനും ബോബനും ഒന്നിച്ചു ജീവിക്കും. ഞങ്ങള്‍ അതിനു തീരുമാനിച്ചു.
എങ്കില്‍ അവനെ ഞാന്‍ തട്ടും!!!

തട്ടിയാല്‍ നിങ്ങളുടെ മകളു വിധവയാകും!!- രണ്ടും കല്‍പിച്ചു മോളി അങ്ങനെതന്നെയങ്ങു തട്ടി.
കുട്ടപ്പന്‍ ചേട്ടന്‍ ഞെട്ടി. - ഇത്തവണ ശരിക്കും.

ഞങ്ങളു റജിസ്റ്റര്‍ മാര്യേജ് നടത്തി. ഇനി ആരും എതിര്‍ത്തിട്ടു കാര്യമില്ല. അപ്പന്‍ എന്നോടു ക്ഷമിക്കണം.

കുട്ടപ്പന്‍ ചേട്ടന്‍ ക്ഷമിച്ചു. നാലുപേരറിയും മുന്‍പ് ഔദ്യോഗികമായി പള്ളിയില്‍ വച്ചു കെട്ടിച്ചു നാണക്കേടില്‍നിന്നു തലയൂരണം.

അവനോടു വീട്ടുകാരെക്കൂട്ടി നാളെത്തന്നെ വീട്ടിലോട്ടു വരാന്‍ പറ!!

മോളി തലയാട്ടി.

ആന്‍റിനകള്‍ വീണ്ടും മിന്നി. ഹോസ്റ്റലില്‍നിന്നിറങ്ങി ഓടുകയായിരുന്ന ബോബനു സിഗ്നല്‍ കിട്ടി. ബോബന്‍ ഓട്ടം നാട്ടിലേക്കു തിരിച്ചുവിട്ടു. അവളുടെ ബുദ്ധിയില്‍ അവന്‍ അതിശയിച്ചു. പെണ്ണുങ്ങള്‍ക്ക് ഇത്രയും ബുദ്ധിയുണ്ടോ?

പിറ്റേന്ന് രാവിലെ...

ബോബന്‍ വീട്ടുകാര്‍ ആരുമില്ലാതെ നേരെ മോളിയുടെ വീട്ടിലേക്കു കടന്നു ചെന്നു.
അകത്ത് വന്‍ ആള്‍പ്പെരുമാറ്റം. ബന്ധുക്കള്‍ മുഴുവനും വന്നിട്ടുണ്ടെന്നു തോന്നുന്നു. വീട്ടില്‍നിന്ന് അപ്പനെക്കൂടി വിളിച്ചേക്കാമായിരുന്നു- ബോബന്‍ മനസ്സിലോര്‍ത്തു.

കുട്ടപ്പന്‍ ചേട്ടന്‍ ബോബനെ കണ്ടു. ചിരിയോടെ അടുത്തെത്തി.

ആ നീ വന്നോ? നീ വരുമെന്നു ഞാന്‍ കരുതിയില്ല. വന്ന സ്ഥിതിക്ക് ഇവിടെ നേരത്തെയെത്തിയോരെ ഒക്കെ പരിചയപ്പെടുത്താം.

സെറ്റിയില്‍ ഒറ്റയ്ക്കിരുന്ന ചെറുപ്പക്കാരനെയാണ് ആദ്യം പരിചയപ്പെടുത്തിയത്.

ഇതു ബോബന്‍. ആസ്പത്രീലെ പുതിയ ഡോക്ടറാ.. എന്‍റെ മോളെ ഈ ബോബനാണു കല്യാണം കഴിക്കുന്നത്.

ആ ബോബനെ കണ്ട് ശേഷിക്കുന്ന ബോബനു തല പെരുത്തു.

ബോബന്‍ എന്നു എന്ന പേരു കേട്ടിട്ടോ എന്തോ വീട്ടുവളപ്പിലെ തെങ്ങിന്‍ ചോട്ടില്‍ അന്ത്യനിദ്രയിലാണ്ട പട്ടിയായ ബോബന്‍റെ ആത്മാവ് വിളി കേട്ടു.

കിടന്നകിടപ്പില്‍ ആത്മാവ് അവിടെനിന്നൊരു ഓലിയിട്ടു. അത് ആത്മാവു നഷ്ടപ്പെട്ടവനായ ബോബന്‍റെ തകര്‍ന്ന ചങ്കിന്‍കൂടിന്നകത്തുചെന്നു കൊണ്ടു.

അപ്പോള്‍, ആ ഫ്രെയിമില്‍ കുറവുണ്ടായിരുന്ന പട്ടിയുടെ സ്ഥാനം തികയ്ക്കാന്‍ അവനെക്കാള്‍ പറ്റിയ മറ്റാരുമുണ്ടായിരുന്നില്ല!!!


Tuesday, August 21, 2007

ശുദ്ധോധനന്‍ സാറും കുറേ ശുദ്ധന്‍മാരും



പണ്ടു പണ്ടു പണ്ട്.......

പത്തുരൂപ കൊടുത്താല്‍ അഞ്ച് വില്‍സ് കിട്ടുന്ന കാലം.

ശുദ്ധോധന‍ന്‍ സാറ് പക്ഷേ അന്ന് പത്തുരൂപ കൊടുത്ത് അഞ്ചുപായ്ക്കറ്റ് ദിനേശ് ബിഡിയായിരുന്നു വാങ്ങിയിരുന്നത്. പത്തുരൂപയ്ക്ക് അ‍ഞ്ച് വില്‍സ് വലിക്കുന്നതോ അമ്പത് ദിനേശ്ബീഡി വലിക്കുന്നതോ ലാഭകരം എന്ന കാര്യത്തില്‍ ശുദ്ധോധനന്‍ സാറിന്‍റെ പ്രാക്ടിക്കല്‍ ബുദ്ധിക്ക് അമ്പത് ദിനേശ് എന്നതായിരുന്നു ഉത്തരം!

സ്റ്റാറ്റിസ്റ്റിക്സ് എന്ന ഘടഘടിയന്‍ വിഷയത്തിലെ സകല ഇനിക്വാലിറ്റികളെയും സാറു പുല്ലുപോലെ കൈകാര്യം ചെയ്തിരുന്നതും ഇതേ പ്രാക്ടിക്കല്‍ ബുദ്ധി ഉപയോഗിച്ചായിരുന്നു. സാറിന്‍റെ പ്രാക്ടിക്കല്‍ ബുദ്ധി കാരണം, ക്ളാസില്‍ നേരെ ചൊവ്വേ ഉഴപ്പാന്‍ കഴിയാതെ ഉഴലുന്ന ഒരു സംഘമുണ്ടായിരുന്നു.


ക്ളാസിലെ ആകെയുള്ള 23 പേരില്‍ 22പേരും ആ സംഘത്തില്‍ അംഗമായിരുന്നു. ബാക്കിയുള്ള ഒരേയൊരാള്‍ ക്ളാസിന്‍റെ മോണിട്ടര്‍ ആയിരുന്നു. കുറുന്തോട്ടിക്കും വാതം പിടിക്കണം എന്ന അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും വിധി അതിന് എതിരായിരുന്നു എന്നു പറയാവുന്ന പോലെ, ക്ളാസിലെ ഒന്നാം നമ്പറുകാരനായ അവനുമാത്രമായിരുന്നു ഉഴപ്പാന്‍ പറ്റാത്തത്. രാവിലെ ക്ളാസ് തുടങ്ങുമ്പോള്‍ മുതല്‍ വൈകിട്ട് അവസാനിക്കുമ്പോള്‍ വരെ അറ്റന്‍ഡന്‍സ് ബുക്ക് എന്ന വിലപ്പെട്ട പുസ്തകം കൈവശം വയ്ക്കേണ്ടതും ഉത്തരവാദിത്തത്തോടെ വൈകിട്ട് ഓഫിസില്‍ തിരിച്ചേല്‍പ്പിക്കേണ്ടതും ടിയാന്‍റെ കടമയായിരുന്നു.

ആ കടമ മൂലം വാതം പിടിക്കാതെ പോയ ഒരു കുറുന്തോട്ടിയൊഴിച്ച് ബാക്കിയുള്ള നിലംതെങ്ങ്, തഴുതാമ, ആടലോടകം ഇനത്തില്‍പ്പെട്ട സകലത്തിനും നല്ല ഒന്നാന്തരം വാതമായിരുന്നു. ഉഴപ്പ് എന്നായിരുന്നു ആ വാതത്തിനു പേര്. ആ പ്രായത്തില്‍ പിടിപെടുന്ന ഈ വാതത്തിനു പ്രത്യേക മരുന്ന് കണ്ടുപിടിക്കപ്പെട്ടിരുന്നില്ല.

ശുദ്ധോധനന്‍ സാറായിരുന്നു ആ ക്ളാസിന്‍റെ ട്യൂട്ടര്‍ അഥവാ ക്ളാസ് ടീച്ചര്‍.

പേരു സൂചിപ്പിക്കും പോലെ തന്നെ നല്ല ഒന്നാന്തരം പനവീഞ്ഞുപോലെ ശുദ്ധനായിരുന്നു ശുദ്ധോധനന്‍ സാര്‍. രാവിലെ ക്ളാസില്‍ കാണുമ്പോഴുള്ള അയിത്തമൊന്നും വൈകിട്ടു പുലിയന്നൂര്‍ഷാപ്പില്‍ വച്ചു കാണുമ്പോള്‍ അദ്ദേഹത്തിനില്ലായിരുന്നു.

വാതം പിടിച്ച് വീട്ടില്‍പ്പോകാന്‍ മടിച്ചു ഷാപ്പിലും കോളജിലുമായി കറങ്ങിയിരുന്ന സകല കുറുന്തോട്ടികളുടെയും കറിപ്പാത്രത്തില്‍നിന്നും പോട്ടിക്കഷ്ണം പെറുക്കാന്‍ അനുവാദമുണ്ടായിരുന്ന ഒരേയൊരാളും ശുദ്ധോധനന്‍ സാറുമാത്രമായിരുന്നു.

പൈകജൂബിലിക്കും പുലിയന്നൂര്‍ ഉല്‍സവത്തിനും മുതല്‍ ജംബോ സര്‍ക്കസിനു വരെ തോളില്‍ക്കയ്യിട്ടു, ഷെയറിട്ടു പോകാനുള്ള സ്വാതന്ത്ര്യവും ശുദ്ധോധനന്‍ സാറു സകല കുറുന്തോട്ടികള്‍ക്കും നല്‍കിയിട്ടുണ്ടായിരുന്നു.

പ്രാക്ടിക്കലായി ചിന്തിക്കുമ്പോള്‍ നമ്മളൊക്കെ തമ്മില്‍ എന്തു വ്യത്യാസം എന്ന മാര്‍ക്സിയന്‍ ചിന്ത എല്ലാ കുറുന്തോട്ടികളെയും ആദ്യം പഠിപ്പിച്ചതും അദ്ദേഹമായിരുന്നു. പക്ഷേ അദ്ദേഹം ഈ ഇക്വാലിറ്റി ചിന്ത കോളജിന്‍റെ അകത്തേക്കു കൂടെക്കയറ്റിയിരുന്നില്ല.

കോജളില്‍ അദ്ദേഹം, ഇനിക്വാലിറ്റികളുടെ രാജാവായിരുന്നു. അവിടെ ഇക്വാലിറ്റികള്‍ക്കു സ്ഥാനമില്ലായിരുന്നു.

വീട് എവിടെ? മക്കള്‍ എത്ര പേര്‍? ഭാര്യയ്ക്കെന്തു ജോലി? വീട്ടില്‍ ആരൊക്കെയുണ്ട്? തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും സാറ് ഒരിക്കലും ഉത്തരം പറഞ്ഞിട്ടില്ല.- ഷാപ്പില്‍ വച്ചു പോലും!


അതേസമയം, ഒരുകുത്തു ചീട്ടില്‍ എത്ര ജോക്കറുണ്ട്, മൂന്നു പേരു കളിക്കുമ്പോള്‍ പരിയലു വന്നാല്‍ എന്തു ചെയ്യണം, പന്നി മലത്തുമ്പോള്‍ സദസ്സറിയാതെ എങ്ങനെ കള്ളക്കളി കളിക്കാം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഒന്നല്ല, ഒന്നിലധികം ഉത്തരങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അവിടെയും പ്രാക്ടിക്കലായിരുന്നു അദ്ദേഹം.

ഇങ്ങനെയൊക്കെ ആയിരുന്നതിനാലാവണം, ക്ളാസില്‍ ഈശ്വരതുല്യനായിരുന്നു ശുദ്ധോധനന്‍ സാര്‍, ഷാപ്പില്‍ എല്ലാവരുടെയും ഗുരുവും!


ശുദ്ധോധനന്‍ സാറു കോളജിലുള്ള ദിവസങ്ങളില്‍ അദ്ദേഹത്തിന്‍റെ സ്വന്തം ക്ളാസ് റൂം ഒന്നാം തീയതിയിലെ കള്ളുഷാപ്പു പോലെ ശാന്തമായിരുന്നു. അല്ലാത്ത ദിവസങ്ങളില്‍ ക്രിസ്മസ് തലേന്നത്തെ ബവ്റിജസ് ഷാപ്പുപോലെ ശബ്ദമുഖരിതവും.

ഇടയ്ക്കിടെ ലീവെടുക്കുന്ന സ്വഭാവം ശുദ്ധോധനന്‍ സാറിനില്ലായിരുന്നു.ഇതായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്ന ഒരേയൊരു ദൂഷ്യവും.


ഈ ദുഷ്യത്തിന്‍റെ പ്രതിപ്രവര്‍ത്തനമെന്നോണം, ആണ്ടിനും സംക്രാന്തിക്കും ലീവെടുക്കുമ്പോള്‍ കുറഞ്ഞതു രണ്ടാഴ്ചയെങ്കിലും ലീവെടുക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ മോഡിസോപ്രാണ്ടി!!
ആ രണ്ടാഴ്ചകളെ സ്വപ്നം കണ്ടായിരുന്നു ക്ളാസ് ഒന്നടങ്കം പ്രതീക്ഷയോടെ ജീവിച്ചു പോന്നിരുന്നത്.

അങ്ങനെ, ആ കാലം വന്നെത്തി. ശുദ്ധോധനന്‍ സാറു ലീവില്‍. അതും മൂന്നാഴ്ച!!!

ക്ളാസു സന്തോഷത്താല്‍ പൊട്ടിത്തെറിച്ചു. ശുദ്ധോധനന്‍ സാറില്ലാത്ത മൂന്നാഴ്ചകള്‍. അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു തീരുമാനിക്കാന്‍ ലാസ്റ്റ് അവര്‍ മാസ് കട്ടു ചെയ്ത് അടിയന്തര യോഗം ചേര്‍ന്നു.

മോണിട്ടര്‍ ഉള്‍പ്പെട്ടെ ഉഴപ്പുവാതം ഞരമ്പില്‍ പിടിച്ചുപോയ എല്ലാകുറുന്തോട്ടികളും ഹാജര്‍!!

സാറു പോയ സ്ഥിതിക്ക് നമ്മക്കും പോകാം. ഒരു ടൂര്‍... എന്തു പറയുന്നു???

ഭേദപ്പെട്ട ഉഴപ്പുപ്രസ്ഥാനങ്ങളിലെവിടെനിന്നോ ആയിരുന്നു ആ ഐഡിയ ഉറവ പൊട്ടിയത്. വോട്ടിനിടാതെ ടി പ്രമേയം പാസാക്കപ്പെട്ടു.

എങ്ങോട്ടു പോകണം????

ആലോചനകള്‍ കുറ്റാലം, കുമരകം, അതിപ്പിള്ളി, വാഴച്ചാല്‍, ഊട്ടി, കൊടൈക്കനാല്‍, മധുര, തേനി, കമ്പം, തേക്കടി, കുമളി വഴി അതുവരെ അധികമാരും കേട്ടിട്ടില്ലാത്ത ഒരിടത്തു വന്നിടിച്ചു നിന്നു.
രാമല്‍ക്കല്‍മേട്.

ഭയങ്കര സംഭവമാ അവിടെ. തമിഴ്നാടിന്‍റെ ബോര്‍ഡര്‍. കാറ്റുകൊള്ളുകയാണേല്‍ അവിടുത്ത കാറ്റുകൊള്ളണം. അവിടെയാകുമ്പോള്‍ നാട്ടുകാരുടെ ശല്യവുമില്ല. ഒരു രാത്രി നമുക്ക് സൗകര്യം പോലെ ആഘോഷിക്കാം.

ആലോചനകള്‍ ഒടുവില്‍ രാമക്കേല്‍ മേട്ടില്‍ അവസാനിച്ചു.

വണ്ടി, ഒന്നാന്തരമൊരു ഇരുപത്തിരണ്ടു സീറ്റു ടൂറീസ്റ്റ് മിനി ബസ് ബുക്കു ചെയ്യപ്പെട്ടു. പിരിവു കമ്മിറ്റിയായി. പിരിവു തുടങ്ങി.

ലോഗരിതം ടേബിളിന്‍റെ കാലൊടിഞ്ഞതു മാറ്റിപിടിപ്പിച്ച വകയില്‍ ആശാരിക്കു കൊടുക്കാനുള്ള കാശിന്‍റെ കണക്കില്‍ ടൂറുപോകാനും വാട്ടീസു വാങ്ങാനുമുള്ള കാശ് എല്ലാരുടെയും കയ്യില്‍ തടഞ്ഞു.

സംഭാവനകള്‍ കൂമ്പാരമായി. പരിപാടി ഗംഭീരമാവുമെന്നുറപ്പായി.

ഇടപ്പാടി ഷാപ്പില്‍ രണ്ടുകന്നാസ് കള്ള് ബുക്കു ചെയ്യപ്പെട്ടു. കോളജിന്‍റെ തൊട്ടിപ്പുറത്തെ നാഷനല്‍ ഹോട്ടലില്‍, പത്തുകിലോ കപ്പയും നാലുകിലോ പോത്തിറച്ചിയും വൃത്തിയായി ഒണ്ടാക്കി വയ്ക്കാന്‍ ഓര്‍ഡര്‍ കൊടുക്കപ്പെട്ടു.

ഒരു വെള്ളിയാഴ്ച മാസ് കട്ട്.

വെള്ളിയും ശനിയും രാമക്കല്‍മേട്ടില്‍. ശനിയാഴ്ച വൈകിട്ടു തിരിച്ചെത്തുന്നു. പോകുംവഴി തീക്കോയി, വഴിക്കടവ്, വാഗമണ്‍, കോലാഹലമേട്, ഏലപ്പാറ, തൂക്കൂപാലം ഷാപ്പുകളിലും സാമാന്യം നല്ല ലോക്കല്‍ പട്ട കിട്ടുന്നയിടങ്ങളിലും മിനി സന്ദര്‍ശനങ്ങള്‍. വൈകിട്ടോടെ രാമക്കല്‍മേട്ടില്‍. അന്നു രാത്രി തീകത്തിച്ച് കള്ളുകുടിക്കല്‍. സംഘഗാനാലാപനം, നൃത്തം തുടങ്ങിയ പരിപാടികളും തീരുമാനിക്കപ്പെട്ടു.

പരിപാടികളുടെ കണ്‍വീനറായി ക്ളാസ് മോണിട്ടര്‍ തിരഞ്ഞെടുക്കപ്പെട്ടു. കൂട്ടത്തില്‍ കള്ളുകുടിക്കാത്തതായി ആരെങ്കിലുമൊരാള്‍ ഉണ്ടാവണമെന്ന പ്രകൃതി നിയമം അവനെ അതിനു തിരഞ്ഞെടുത്തു. പരിപാടിയുടെ കണക്കപ്പിള്ളയായും ടി ആശാന്‍ തിരഞ്ഞെടുക്കപ്പെട്ടു.

എല്ലാം പെട്ടെന്നായിരുന്നു.

വെള്ളിയാഴ്ച.

ചേര്‍പ്പുങ്കല്‍ പള്ളിയില്‍ ഉണ്ണീശോയുടെ നൊവേന കൂടിവന്ന അല്‍ഫോന്‍സാകുട്ടികള്‍ക്കു സലാം പറഞ്ഞ് മിനി ബസ് യാത്രയാരംഭിച്ചു. ഇടപ്പാടി ഷാപ്പില്‍നിന്നു രണ്ടു കന്നാസ് കള്ളും കയറ്റപ്പെട്ടു.
ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ മദ്യപാനം അടുത്ത നിമിഷം ആരംഭിക്കപ്പെട്ടു. ഗ്രഹണി പിടിച്ച പിള്ളേരു ചക്കക്കൂട്ടാന്‍ കാണും പോലെ എന്ന മട്ടില്‍ കള്ളുകന്നാസു കാലിയാക്കപ്പെട്ടുകൊണ്ടിരുന്നു.

ഉള്ളതില്‍ പകുതി ഒഴിക്കാതെ പോയി, ഒഴിച്ചതില്‍ പകുതി തുളുമ്പിയും പോയി എന്ന മട്ടിലായിരുന്നു ഓടിക്കൊണ്ടിരുന്ന വാഹനത്തിലെ മദ്യപാനക്കച്ചേരി.

വളരെ വേഗം എല്ലാവരും സാച്ചുറൈസേഷന്‍ പോയിന്‍റിലെത്തി. വണ്ടി വാഗമണ്ണിലും.

വാഗമണ്ണിലെ തണുപ്പില്‍ ചൂടാറിത്തുടങ്ങിയ കപ്പ എവിടെനിന്നോ സംഘടിപ്പിക്കപ്പെട്ട വാഴയിലകളിലേക്കു പകര്‍ത്തപ്പെട്ടു. ഇറച്ചിക്കറിയും കപ്പ വേയിച്ചതും മുന്‍പു കണ്ടിട്ടില്ലാത്ത വിധം വേഗത്തില്‍ ഫിനിഷ് ചെയ്യപ്പെട്ടുകൊണ്ടിരുന്നു.

കാലിയായ കന്നാസുകളിലൊന്ന് കൊക്കയിലേക്കു പറന്നുപോയി.

കോലാഹലമേട്ടില്‍നിന്നു നല്ല ഒന്നാന്തരം പാണ്ടിച്ചാരായം വണ്ടികയറി. അതുംകൂടിയായതോടെ എല്ലാവരുടെയും ക്രിയേറ്റിവിറ്റി ലിമിറ്റ് ടെന്‍ഡ്സ് ടു ഇന്‍ഫിനിറ്റി എന്ന മട്ടിലായി.

പോകുന്നതു രാമക്കല്‍മേട്ടില്‍ കാറ്റുകൊള്ളാന്‍. ആനിലയ്ക്ക് കാറ്റില്‍ ആരംഭിക്കുന്ന പാട്ടുകള്‍ പാടണം. ഏറ്റവുമധികം പാട്ടു പാടുന്നവന് രണ്ടൗണ്‍സ് ചാരായം ബോണസ്!!

പാട്ടു തുടങ്ങി. അതിവേഗം പാട്ടുകഴിഞ്ഞു. അടുത്തതു പാട്ടകൊട്ട്. അതുകഴിഞ്ഞ് കാറ്റുള്ള സിനിമകള്‍.

പിന്നെ, കാറ്റുമായി ബന്ധമുള്ള കടങ്കഥകള്‍!!!

കാറ്റത്തേ തൂറ്റാവൂ....

അങ്ങനെയുമൊരു കടങ്കഥയുണ്ടെന്നാരോ പറഞ്ഞു!!

അതുകേള്‍ക്കേണ്ട താമസം, കൂട്ടത്തിലൊരുത്തന്‍ എഴുന്നേറ്റു.

എനിക്കിപ്പം പോണം.....

എങ്ങോട്ട്? വീട്ടിലോട്ടാണാടോ? ഇരിക്കെടാ അവിടെ!

ഇരുന്നാല്‍ പറ്റത്തില്ല, എനിക്കിപ്പം പോണം....

എവിടെ???

പിടിത്തം കിട്ടുന്നില്ല. കാറ്റുള്ളിടം വരെയെത്തില്ല. അതിനു മുന്‍പേ പോണം...

കണ്‍ട്രോളുപോയ കണ്‍ട്രിയുടെ മുഖം ചുമന്നു.

മൊബൈല്‍ കള്ളുഷാപ്പില്‍ അങ്ങനെയൊന്നിനു സൗകര്യമില്ലെന്നു ബസിന്‍റെ ക്ളീനര്‍ വിനയാന്വിതനായി പറഞ്ഞു.

നിനക്കെന്നാടാ ഇതിന്നകത്ത് ഒരു കക്കൂസുകൂടി പിടിപ്പിച്ചാല്‍???

ഉത്തരമുണ്ടായില്ല.

അടുത്തെവിടെയെങ്കിലും വല്ല തോടോ പുഴയോ കണ്ടാല്‍ നിര്‍ത്താം. അതിന്നടുത്ത് എവിടെയേലും സ്ഥാപിച്ചോ... രാവിലെതന്നെ ഒള്ള കപ്പയും പോത്തിറച്ചിയും കേറ്റിയപ്പോള്‍ ഓര്‍ക്കണമായിരുന്നു.

വണ്ടീടെ പൈലറ്റിനറിയില്ലല്ലോ അങ്ങാടിവാണിഭത്തിനു പോകാന്‍ നില്‍ക്കുന്ന ആടിന്‍റെ മനോവേദന..
.
ആ ദുനിയാവിലെങ്ങും പുഴയോ തോടോ പോയിട്ട് ഒരു പഞ്ചായത്തു കിണറുപോലും ആരുടെയും ദൃഷ്ടിയില്‍പ്പെട്ടില്ല!!

ഇനിയിപ്പം പുഴയും തോടും നോക്കിയിട്ടു കാര്യമില്ല. എനിക്കിപ്പം പോണം.....!!!

കുഞ്ഞാടു ബലം പിടിച്ചുതുടങ്ങി. ഇനിയും അധികം ബലം പിടിക്കാനുള്ള ഊര്‍ജം മാന്യദ്ദേഹത്തിനില്ലെന്ന് അദ്ദേഹത്തിന്‍റെ മുഖത്തുനിന്നു വ്യക്തമായിരുന്നു.

ആ മുഖം വായിക്കാന്‍ മാത്രം സ്ഥിരബുദ്ധി അപ്പോള്‍ ആര്‍ക്കുമില്ലായിരുന്നു. അതു മനസ്സിലാക്കിയിട്ടോന്നണം അടുത്ത നിമിഷം കുഞ്ഞാട് ബാക്കിയുള്ള ഊര്‍ജം അപ്പാടെ എടുത്ത് ഡ്രൈവറോട് അലറി...

നിര്‍ത്തെടാ വണ്ടി!!!

വണ്ടി നിന്നു. വണ്ടിയില്‍നിന്നു മാന്യദ്ദേഹം ചാടിയിറങ്ങി.

തൊട്ടുമുന്‍പില്‍ ഒരു വീട്. മുറ്റത്തിനിരുപുറത്തും കുരുമുളകു കൊടികള്‍ കായ്ച്ചുകിടക്കുന്നു. ഗേറ്റുതുറന്ന് അദ്ദേഹം നേരെ വീടിന്‍റെ നേര്‍ക്കുനടന്നു.

രണ്ടു കാലില്‍ കഷ്ടപ്പെട്ട് പരിചയമില്ലാത്ത ഒരാള്‍ വീട്ടിലോട്ടു വരുന്നതും പരിചയമില്ലാത്ത ഒരു സംഘം ഗേറ്റിനു പുറത്ത് സ്വല്‍പം പ്രയാസപ്പെട്ടിട്ടാണേലും നാലുകാലില്‍ നില്‍ക്കുന്നതും കണ്ട് വീട്ടമ്മയെന്നു നെറ്റിയില്‍ എഴുതിവച്ചിട്ടുള്ള സ്ത്രീ പരുങ്ങി.

എന്താ കാര്യം???

ആഗതന്‍ തെല്ലും കൂസിലില്ലാതെ കാര്യമുണര്‍ത്തിച്ചു- എവിടെയാ കക്കൂസ്? എനിക്കിപ്പം പോണം.

ഉള്ളില്‍ തികട്ടിവന്ന ചിരിയൊതുക്കി വീട്ടമ്മമാഡം വീടിനു സൈഡിലേക്കു വിരല്‍ ചൂണ്ടി.

തെല്ലും സമയം പാഴാക്കാതെ, മാന്യദ്ദേഹം അവിടേക്കുപാഞ്ഞു.

അഞ്ച്, പത്ത്... മിനിട്ടുകള്‍ പെരുകിവന്നു.

അകത്തോട്ടുപോയവന്‍ പുറത്തോട്ടുവരാന്‍ സമയമെടുക്കുന്നതില്‍ സംഘത്തിനു സങ്കടം തോന്നി. ആതിഥേയ കുടുംബത്തോടുള്ള നന്ദി പ്രകാശിപ്പിക്കാന്‍ ഈ സമയം വിനിയോഗിക്കാമെന്നു കരുതിയ ഒരു സംഘം വീട്ടമ്മയ്ക്കരികിലേക്കു നീങ്ങി.

കുരുമുളകു ചെടി മുരിക്കു മരത്തിലാണല്ലേ കയറ്റി വിട്ടിരിക്കുന്നത്?

അതേ, എന്താ ചോദിച്ചത്?

അല്ലാ, ചാരിനിന്നപ്പം പിടികിട്ടി. അതുകൊണ്ടു ചോദിച്ചതാ. ഇവിടെ മുരിങ്ങയൊന്നും പിടിക്കത്തില്ലായിരിക്കും അല്ലേ? അതേ കേറ്റി വിട്ടാരുന്നേല്‍ ചാരിനില്‍ക്കുമ്പോള്‍ മുതുകത്തു മുള്ളുകൊള്ളത്തിലായിരുന്നു...!!

മാഡം ചിരിച്ചു. നിങ്ങളെങ്ങോട്ടാ?

അങ്ങനെയൊന്നുമില്ല. രാമക്കല്‍മേടു വരെ പോകാനിറങ്ങിയതാ.. അപ്പോളാ ഇതിങ്ങനെയായത്...

എവിടെനിന്നാ നിങ്ങളു വരുന്നത്?

ഞങ്ങളു പാലാ സെന്‍റ് തോമസ് കോളജില്‍ പഠിക്കുന്നവരാ....

അതു കേട്ടപ്പോള്‍ വീട്ടമ്മ മാഡത്തിന്‍റെ മുഖം തെളിഞ്ഞു.

ചേച്ചി സെന്‍റ് തോമസ് കോളജ് ഒക്കെ അറിയുമോ?

ഉം കേട്ടിട്ടുണ്ട്. പക്ഷേ അതുവഴിയൊന്നും വന്നിട്ടില്ല...

എന്നാല്‍, ഒരുതവണ വാ... ഞങ്ങളൊക്കെ അവിടെയുണ്ടല്ലോ.

ചേച്ചി വീണ്ടും ചിരിച്ചു- ഇത്തവണ നന്ദിയോടെ. മുഖം വീണ്ടും തെളിഞ്ഞു.

ചേട്ടനെന്തിയേ?

അകത്തുണ്ട് വിളിക്കാം.

ചേച്ചി അകത്തോട്ടു പോയി. അതിനും മുന്‍പേ അകത്തോട്ടു പോയവന്‍ എന്താ പുറത്തോട്ടു വരാത്തത് എന്നാലോചിച്ചു സംഘം മുറ്റത്തു തന്നെ നിന്നു.

കള്ളിമുണ്ടും ഷര്‍ട്ടുമിട്ട് ബീഡി പുകച്ച് ഒരാള്‍ വീടിനു പുറത്തേക്കു വന്നു.

ഹലോ ചേട്ടാ...

ഹലോ.... ..............

അടുത്ത നിമിഷം സംഘം ഞെട്ടി. അങ്ങേത്തലയ്ക്കലും ഞെട്ടല്‍.

ശുദ്ധോധനന്‍ സാര്‍. സാറിന്‍റെ വീട്....

ദിനേശ്ബീഡിയുടെ പുക.

ജീവിതം കട്ടപ്പുക.

സംഘം ഓടി. വണ്ടി സ്റ്റാര്‍ട്ടായി.

തിരിച്ചു പാലായ്ക്കു വിടെടാ......

കംഫര്‍ട്ട് സ്റ്റേഷന്‍ ഇന്ന് ആ കുന്ത്രാണ്ടത്തിനു പേരിട്ടവനു മനസ്സാസ്മരാമി ചൊല്ലി, അടച്ചിട്ട കതകിന്നപ്പുറത്ത് ഗതകാല സ്മരണകള്‍ അയവിറക്കി ഒരാള്‍ അപ്പോളുമുണ്ടായിരുന്നു.

ശേഷം അചിന്ത്യം!!!

Saturday, August 18, 2007

ഒരു ഷാപ്പ് മൊതലാളി എഴുതിയ കഥ (ചില്ലറ കാര്യങ്ങളും)


ഞാനെങ്ങനെ ഞാനായി എന്നത് എനിക്കു പോലുമറിയില്ല, പിന്നല്ലേ നിങ്ങള്‍ക്ക്.

എന്നാലും ഞാനൊരു കഥയെഴുതാന്‍ തീരുമാനിച്ചു. മഴ പെയ്ത് മീനച്ചിലാറ്റില്‍ വെള്ളം പൊങ്ങിയ നേരത്താണ് എനിക്കീ ബുദ്ധി ഉദിച്ചത്. വെള്ളപ്പൊക്കത്തില്‍ ഷാപ്പിലെ കള്ളുചാറയടക്കം ആറേ പോയി. രണ്ടുദിവസം ഷാപ്പു പൂട്ടിക്കിടന്നു.

കോണ്‍ട്രാക്ടര്‍ ബൈജു എന്ന, എന്‍റെ സ്വന്തം പേരെഴുതിയ ഷാപ്പിന്‍റെ ബോര്‍ഡടക്കം വെള്ളത്തില്‍ മുങ്ങിക്കിടന്നു. ഷാപ്പില്‍ കിടന്നുറങ്ങുകയായിരുന്ന ഒന്നുരണ്ടു സ്ഥിരം പറ്റുപിടിക്കാരും ഉരുളുപൊട്ടി വന്ന വെള്ളത്തില്‍ ഒലിച്ചു പോവേണ്ടതായിരുന്നു. അവരെയൊക്കെ ഒരു വിധം വിളിച്ചേല്‍പ്പിച്ച്, തലേന്നത്തെ വളിച്ച കള്ളു വേസ്റ്റാക്കാതെ അവരുടെ അണ്ണാക്കിലൊഴിച്ചു കൊടുത്തിട്ട്, ഒലിച്ചുപോകാതെ അയലോക്കത്തെ രാജപ്പന്‍ ചേട്ടന്‍റെ വീട്ടുമുറ്റത്ത് എടുത്തിട്ട കാലുറയ്ക്കാതെ ഒരു ബെഞ്ചിലിരുന്നാണ് ഞാന്‍ എഴുതുന്നത്.

കറിക്കച്ചോടക്കാരന്‍ കോവാലന്‍ അപ്പോഴും ആറേപോയ കപ്പച്ചട്ടിക്കായി അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അയാള്‍ക്കതു വേണം. നാലുദിവസം വരെ പഴക്കമുള്ള പോത്തിറച്ചി വെറുതെ രണ്ടുപായ്ക്കറ്റ് കുരുമുളകു പൊടി തൂകി ഷാപ്പില്‍ വന്ന സകല കുടിയന്‍മാര്‍ക്കും ഒരു പുളിപ്പുമില്ലാതെ വെളമ്പിക്കൊടുത്ത് കുറേക്കാശുണ്ടാക്കിയതല്ലേ, അയാള്‍ടെ കപ്പപ്പാത്രമെങ്കിലും ആറേ പോട്ടെ.....

വെള്ളം പൊങ്ങിയത് എനിക്കേതായാലും അനുഗ്രഹമായി.

കഴിഞ്ഞ അഞ്ചാറുവര്‍ഷം ഓരോ അലവലാതികളു ഷാപ്പിന്നകത്തുവച്ച വാളും വാക്കത്തിയുമൊക്കെ മലവെള്ളത്തില്‍ പൊക്കോളുമല്ലോ. കുടിയന്‍മാരെക്കുറിച്ചു പറയുമ്പോള്‍ ആദ്യം ഓര്‍മവരിക ഇത്തരം ചില അലവലാതികളെക്കുറിച്ചാണ്. അവരെക്കുറിച്ചും അവര്‍ക്കാവശ്യമുള്ള കള്ളിനെക്കുറിച്ചും അതുണ്ടാക്കുന്ന രീതികളെക്കുറിച്ചുമൊക്കെയായിക്കോട്ടെ എന്‍റെ കഥ. ഇതു പ്രസിദ്ധീകരിക്കാമെന്ന് എന്‍റെ ഷാപ്പിലെ സ്ഥിരം സന്ദര്‍ശകനും ഷെയര്‍ഹോള്‍ഡറുമായ ശ്രീ സുനീഷ് പറഞ്ഞിട്ടുള്ളതുകൊണ്ടുമാത്രമാണ് ഇപ്പോള്‍ ഇങ്ങനെയൊരു എഴുത്ത്.

കുടിയന്‍മാര്‍ പലവിധമുണ്ട്. ചിലര്‍ വളരെ മര്യാദക്കാരായിരിക്കും. ഷാപ്പിലെത്തുമ്പോള്‍ കൗണ്ടറിലിരിക്കുന്ന ഷാപ്പോണറെയൊക്കെ നല്ല സ്നേഹത്തില്‍തൊട്ടു തലോടി അങ്ങനെ നിക്കും. രണ്ടെണ്ണം ചെന്നുകഴിഞ്ഞാല്‍ പിന്നെ ലവന്‍റെയൊക്കെ വിധം മാറും.

അതുവരെ കണ്ട പരിചയമൊന്നും പിന്നെ കാണത്തില്ല. വീട്ടിലിരിക്കുന്നവര്‍ക്കു വിളിച്ചായിരിക്കും തുടക്കം. അതുകേള്‍ക്കുമ്പോള്‍ അതേപടി പഴുത്തിരിക്കുന്ന ചിലര്‍ക്കു സഹിക്കത്തില്ല. അവന്‍മാരു തമ്മില്‍ കേറിയങ്ങു കോര്‍ക്കും. പിന്നെ അടി. കള്ളടിച്ചു പഴുത്തവര്‍ തമ്മില്‍ അടിച്ചടിച്ച് ചീയും. ചീഞ്ഞ് നാറും. ആ നാറ്റത്തില്‍ നമ്മുടെയും ഷാപ്പിന്‍റെയും സല്‍പ്പേരും നാറും. ഡീസന്‍റായ കുടിയന്‍മാര്‍ പിന്നെ ഷാപ്പിലോട്ടു വരാതാവും.

ഡീസന്‍റായ കുടിയന്‍മാര്‍ എന്നുദ്ദേശിച്ചത്, സ്വഭാവത്തിലെ ഡീസന്‍സി കൊണ്ടല്ല. കാര്യം പറഞ്ഞാല്‍ എന്‍റെ ഷാപ്പിലെ ഏറ്റവും ഡീസന്‍റായ കുടിയന്‍മാര്‍ ഭരണങ്ങാനം ടൗണിലെ അറിയപ്പെടുന്ന റൗഡികളാണ്. രണ്ടുകുപ്പി അന്തി അകത്തുചെന്നാല്‍ അവര്‍ പിന്നെ കുട്ടികളാണ്. ശോശന്നപ്പൂക്കള്‍ പോലെ മനോഹരവും മൃദുലവുമാകും അവരുടെ മനസ്സ്. പാട്ട്, ഡാന്‍സ് മുതലായവയുമായി ഷാപ്പിനെ ഒരു കലാമണ്ഡലമാക്കി മാറ്റുന്നത് അവരാണ്.

നേര്‍ബോധമുള്ളപ്പോള്‍ അവരുടെ ഈ സ്വഭാവം എവിടെയാണെന്നു ഞാന്‍ പലപ്പോഴും അതിശയിച്ചിട്ടുണ്ട്. കുടിക്കാന്‍ ഷാപ്പിലോട്ടു വലത്തുകാലെടുത്തുവയ്ക്കുന്ന നേരത്ത് നമ്മളെ നോക്കിയൊന്നു വിരട്ടാന്‍ അവര്‍ മടിക്കാറില്ല. പിരിച്ചുവച്ച മീശ ഒന്നുകൂടി പിരിച്ചുവച്ച് നേരെ കള്ളുകുടി തുടങ്ങുന്ന അവര്‍ രണ്ടാമത്തെ കുപ്പിയില്‍ അയഞ്ഞു തുടങ്ങും.

പോകാന്‍ നേരത്ത് പത്തുപന്ത്രണ്ട് ഉമ്മയെങ്കിലും തന്നിട്ടേ പോകൂ എന്നത് അവരില്‍ പലര്‍ക്കും നിര്‍ബന്ധമാണ്. പക്ഷേ, ഇതിന്നിടയ്ക്കു വേറൊരു പ്രശ്നമുണ്ട്. പത്തുകുപ്പി കുടിച്ചാല്‍ സ്നേഹം പറഞ്ഞ് അഞ്ചുകുപ്പിയുടെ കാശേ ലെവന്‍മാരു തരത്തൊള്ളൂ. ആദ്യമൊക്കെ ഇതുമൂലം ഒരുപാട് അക്കിടി പറ്റിയിട്ടുണ്ട്. പിന്നീട് അതൊരു പതിവായതോടെ, ആദ്യത്തെ രണ്ടു കുപ്പിക്കള്ളിനു ശേഷം പിന്നീടു കൊടുക്കുന്നതിലെല്ലാം വെള്ളവും കള്ളും സമാസമം ചേര്‍ത്തു താങ്ങിയേക്കാന്‍ ഞാന്‍ അളവുകാരനെ പ്രത്യേകം പറഞ്ഞേല്‍പ്പിക്കാറുണ്ട്.

കള്ളിലെ മായം പക്ഷേ എല്ലായ്പോഴും ഏല്‍ക്കണമെന്നില്ല. അതിനു മാത്രം വിരുതുള്ള കുറേ ചെറ്റകള്‍ വേറെയുമുണ്ട്. നാട്ടില്‍ ചെത്തുന്ന തെങ്ങിന്‍റെയും പനയുടെയും അടിവേരുവരെ പിഴിഞ്ഞാലും കിട്ടാത്തയത്ര കള്ളിന്‍റെ നാലിരട്ടിയും പത്തിരട്ടിയുമൊക്കെയാണ് ഓരോ ദിവസത്തെയും ചെലവ് എന്നറിയാമല്ലോ.

കുടിക്കാന്‍ വരുന്നവനൊക്കെ എട്ടും പത്തും കുപ്പി ലാവിഷായി കേറ്റുമ്പോള്‍ കള്ളുകിട്ടാനില്ലെന്ന നല്ല വര്‍ത്തമാനം പറഞ്ഞാല്‍ നല്ല ആട്ടു കിട്ടും.അതുകൊണ്ടാണു ഞങ്ങളു കോണ്‍ട്രാക്ടര്‍മാര്‍ ചേര്‍ന്നു കലക്കുകള്ളു വ്യവസായം തന്നെ തുടങ്ങിയത്. ശരിക്കും പറ‍ഞ്ഞാല്‍ ഒറിജനല്‍ കള്ളിനെ വെല്ലുന്ന വില്ലനാണവന്‍. ഇതു കണ്ടുപിടിക്കാന്‍ മാത്രം മെനക്കെട്ടു ഷാപ്പിലോട്ടു വരുന്ന ചില വൃത്തികെട്ടവന്‍മാരുണ്ട്. അവന്‍മാരു ശരിക്കും നമ്മുടെ കച്ചവടം പൂട്ടിക്കാന്‍ ജനിച്ചവരാണ്.

കള്ളുകൊണ്ടുപോയി മുന്നോട്ടു വയ്ക്കുമ്പോളെ അവന്‍മാര്‍ക്കു സംശയം തുടങ്ങും. ആദ്യം കുപ്പിയെടുത്ത് മൂട്ടിലോട്ടു നോക്കും- മട്ടുണ്ടോയെന്ന്. പിന്നെ, മോളിലോട്ടു നോക്കും.പതയുണ്ടോന്ന്.

തെങ്ങിന്‍കള്ളാണേലും പനംകള്ളാണേലും എപ്പോളും പൊട്ടിക്കൊണ്ടിരിക്കണമെന്നാണു നല്ല കള്ളിന്‍റെ ലക്ഷണശാസ്ത്രം. കലക്കുകള്ള് പൊട്ടത്തില്ല. പൊട്ടുക എന്നുദേശിച്ചത് കുമിള വന്നുചെറുതായി പൊട്ടിപ്പൊട്ടി പോകുന്ന സ്ഥിതിവിശേഷത്തെയാണു കെട്ടോ. പക്ഷേ, ഇവനെയൊക്കെ വിറ്റ കാശു നമ്മുടെ പോക്കറ്റിലുള്ളതുകൊണ്ട് പൊട്ടിക്കാന്‍ വേറെയൊരു വിദ്യ ഞാനും കണ്ടുപിടിച്ചു.

ഇത്തരം കെമിസ്റ്റുകള്‍ക്കുള്ള കള്ള് കയ്യിലെടുത്തുപിടിച്ച് കുപ്പിയടക്കം ശരിക്കൊന്നു കുലുക്കണം. അപ്പോള്‍ പതിയെ കലക്കാണേലും കള്ളു കലക്കനായി പൊട്ടിത്തുടങ്ങും. അഞ്ചുമിനിറ്റു നേരത്തേക്കൊക്കെ അതു പൊട്ടിക്കൊണ്ടിരിക്കും. പാവങ്ങള്‍ക്ക് അതുമതി. യഥാര്‍ഥനാണെന്നു കരുതി വച്ചുകീച്ചും. ഒടുവില്‍ വല്ല വഴിവക്കിലും വിരിവയ്ക്കുകയും ചെയ്യും. അതവന്‍മാരുടെ വിധി.

രണ്ടുകുപ്പി ഒറിജനല്‍ കള്ളുണ്ടെങ്കില്‍ നമുക്ക് ഒരു കന്നാസ് കലക്കുകള്ളുണ്ടാക്കാം. പാലാ അങ്ങാടിയിലെ ഒട്ടുമിക്ക മരുന്നുകടകളിലും ഇതിനുള്ള പ്രധാന സംഗതി കിട്ടും. അതിന്‍റെ പേര് ആത്മകഥയില്‍ എഴുതുന്നില്ല.

രണ്ടുകുപ്പി ഒറിജനല്‍ കള്ള്, നല്ല പരിശുദ്ധമായ ഇരുപത് ലിറ്റര്‍ വെള്ളത്തിലോട്ടു പകര്‍ത്തുക. പിന്നെ, കള്ളുഗുളിക ലിറ്ററിന് ഒരെണ്ണം കണക്കില്‍ ഇരുപതെണ്ണം പൊടിച്ച് വെള്ളത്തില്‍ കലക്കണം. ലിറ്ററിന് അരക്കിലോ കണക്കില്‍ റേഷന്‍ പഞ്ചസാര കൂടി ചേര്‍ക്കുക. തലേന്നത്തെ കള്ളുമട്ട് ഇരിപ്പുള്ളത് എടുത്ത് രണ്ടു മഗ് കലക്കി അതിലൊഴിക്കുക. മട്ട് എത്ര കൂടുതല്‍ ഒഴിക്കുന്നുവോ അതനുസരിച്ച് ഒറിജനലുമായുള്ള യെവന്‍റെ സാമ്യം കൂടിക്കൊണ്ടിരിക്കും.

പെരുന്നാള്‍, ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഈ കള്ളുഗുളികയ്ക്കൊപ്പം ഞങ്ങളു രണ്ടോ മൂന്നോ പാരസെറ്റമോള്‍കൂടി വാങ്ങും. അഥവാ കലക്കുകൂട്ടു മാറിപ്പോയാലും ആളു തട്ടിപ്പോകാതിരിക്കാന്‍ അതങ്ങട്ടു കള്ളിലോട്ടു പൊടിച്ചു ചേര്‍ക്കും.ബാക്കി ദൈവം നോക്കിക്കൊള്ളും.

ഒറ്റ ഗ്ളാസിനു ദൈവം പോലും പൂസായിപ്പോകുന്ന ഇനത്തിലുള്ള കള്ള് റെഡിയായിക്കഴിഞ്ഞു. രാവിലെ മുതല്‍ രാത്രി വരെ ഇരുന്നാലും ഈ കള്ളു മൂക്കത്തില്ലെന്നതാണ് മറ്റൊരു പ്രത്യേകത. വേണമെങ്കില്‍ പിറ്റേന്നും ധൈര്യമായിട്ടു വില്‍ക്കാം. വളിച്ചുപോകത്തില്ല. പക്ഷേ, രാവിലത്തെ കള്ള് ഇളവനെന്നു പറഞ്ഞു വില്‍ക്കും. വൈകിട്ടാകുമ്പോള്‍ കള്ളു മൂക്കണമല്ലോ. മൂക്കാത്ത കള്ളു വൈകിട്ടു കൊടുത്താല്‍ അതിനും വിളിക്കും നാട്ടുകാരു തെറി.

അതിനും ചില ചില്ലറ വേലകള്‍ ഞങ്ങളു പാവങ്ങളു ഷാപ്പുകാര് കാട്ടാറുണ്ട്.

മൂലവെട്ടി, മിശിഹാ, പോസ്റ്റേല്‍ച്ചാരി തുടങ്ങിയ പേരുകളിലൊക്കെ നാട്ടില്‍സുലഭമായ ചാരായമാണ് ഇക്കാര്യത്തില്‍ ഞങ്ങളുടെ അടുത്ത ആശ്രയം. ഉച്ചക്ക് ഒരുമണിയാകുന്നതോട ഇരുപത് ലിറ്റര്‍ കള്ളില്‍ ഒരുലിറ്റര്‍ ചാരായം കണക്കില്‍ ഒരു താങ്ങങ്ങ് താങ്ങും. അതിലേക്ക് പത്തുലിറ്റര്‍ പച്ചവെള്ളവും മൂന്നുകിലോ പഞ്ചസാരയുംകൂടി ചേര്‍ത്ത് ഒന്നുകൂടി കലക്കും. വൈകിട്ടത്തേക്കുള്ള മൂപ്പനും റെഡി.

ഇനി ഇതുകൊണ്ടും പ്രശ്നം തീരാത്തവരുണ്ട്.

രാത്രി ഷാപ്പടയ്ക്കാന്‍ നേരത്ത്, മറ്റ് എവിടെനിന്നെങ്കിലും കണ്ട വെട്ടിക്കൂട്ടും അടിച്ചുകേറ്റി ഒന്നുമാവാതെ കുറച്ചുകള്ളുംകൂടി കേറ്റാന്‍ വരുന്ന തനിതാന്തോന്നികള്‍. നല്ല പാന്‍റ്സും ഷര്‍ട്ടും ഷൂവുമൊക്കെയായിരിക്കും യെവന്‍മാരുടെ വേഷം.പകല്‍ വെളിച്ചത്തില്‍ ഷാപ്പിന്‍റെ നിഴല്‍വെട്ടത്തുപോലും ഇക്കൂട്ടത്തില്‍പ്പെട്ട ഒരുത്തനേയും കാണില്ല. വൈകുന്നേരമായാല്‍ ഏതേലും ബാറിന്‍റെ കൗണ്ടറിലൊക്കെ നല്ല രാജാപ്പാര്‍ട്ടു ശൈലിയില്‍നിന്നു വല്ല വിസ്കിയോ വോഡ്കയോ ഒക്കെ രണ്ടോ മൂന്നോ ലാര്‍ജുകേറ്റീട്ടും പിന്നെ മരുങ്ങാവാനുള്ള വരവാണ് യെവന്‍മാരുടേത്.

ഇവന്‍മാര്‍ക്കു മൂപ്പന്‍ കള്ളും പോര. മുതുമൂപ്പന്‍ എന്നു ഞാന്‍ തന്നെ പേരിട്ട പ്രത്യേക സാധനം തന്നെ വേണം. ഒരുഗ്ളാസ് കൂടിച്ചാല്‍ത്തന്നെ കിട്ടണം തലയ്ക്കടി. അതിന് ഒരുവഴിയേയുള്ളൂ. വൈകിട്ടത്തേക്കു റെഡിയാക്കിയ മൂപ്പന്‍ കള്ളില്‍ അല്‍പം തമ്പാക്കു പൊടിച്ചു ചേര്‍ക്കുക. നല്ലവണ്ണം ഇളക്കുക. സംഗതി ക്ളീന്‍.

മൂന്നാമത്തെ ഗ്ളാസിനു എത്ര വലിയവനും വാളുവച്ചു വീണില്ലെങ്കില്‍ ഈ പണി ഞാന്‍ അന്നു നിര്‍ത്തും!!!

കല്ലുവാതുക്കല്‍ താത്തയാണേല്‍ സത്യം!!!!


Thursday, August 16, 2007

പ്രണയത്തിന്‍റെ നാനാര്‍ഥങ്ങള്‍

ഞാനും അവളും തമ്മില്‍ മുടിഞ്ഞ പ്രേമമായിരുന്നു.

സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇന്‍റര്‍വെല്‍ സമയത്ത് നടയിറങ്ങി ഓടിവന്ന അവളും നടകയറി ഓടിപ്പോവുകയായിരുന്ന ഞാനും തമ്മില്‍ കൂട്ടിയിടിച്ചു വീണതിനു പിറ്റേന്നു മുതലായിരുന്നു പ്രേമത്തിന്‍റെ തുടക്കം.

വീഴ്ചയുടെ ഓര്‍മയ്ക്കായി എന്നോണം അവളുടെ നെറ്റിയില്‍ മുറിവിന്‍റെ ഒരു പാടു വീണു. അതോടെ, അവളുടെ സൗന്ദര്യം മുഴുവന്‍ പോയി എന്ന് അവളുടെ വല്യമ്മ സ്കൂളില്‍ വന്നു കരഞ്ഞു നെലോളിച്ചു പറയുന്നതു ‍ഞാന്‍ കേട്ടു.

ഞാനെന്തു ചെയ്യാന്‍?, ഇങ്ങോട്ടുവന്നിടിച്ചതല്ലേ എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അന്നതിനു ത്രാണിയില്ലാതിരുന്നതിനാല്‍ അതു ചെയ്തില്ല. അവളുടെ സൗന്ദര്യം എന്നു പറയുന്ന സാധനത്തെക്കുറിച്ച് അന്ന് എനിക്കു വല്യ ധാരണയുണ്ടായിരുന്നില്ല. എങ്കിലും അങ്ങനെയെന്തോ ഒന്ന് കുറഞ്ഞുപോയി എന്ന് അവളുടെ വല്യമ്മ പറഞ്ഞതിനാലാവണം അവള്‍ക്കു സൗന്ദര്യമുണ്ടായിരുന്നു, കുറഞ്ഞതോതിലാണെങ്കിലും ഇപ്പോളുമുണ്ട് എന്നു ഞാനങ്ങു വിശ്വസിച്ചു.

അവിടെയായിരിക്കണം തുടക്കം.

ചന്ദ്രക്കല പോലെ നെറ്റിയുടെ ഇടത്തുഭാഗത്ത് ഒരിക്കലും മായ്ക്കാത്ത പാടായി വീണ ആ മുറിവായിരുന്നു എന്‍റെ പ്രണയം. അതിന്‍റെ നീറ്റലും വേദനയും മാറിക്കഴിഞ്ഞ്,അവള്‍ വീണ്ടും സ്കൂളില്‍ വരാന്‍ തുടങ്ങിയ അന്നുമുതല്‍ ഞാനവളെ പ്രേമിച്ചു തുടങ്ങി. എന്‍റെ കൂട്ടത്തില്‍ പഠിക്കുന്ന ഒരുത്തനും അന്ന് പ്രേമം എന്താണെന്നറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് എന്നോട്ടു ഭയങ്കര ബഹുമാനവും സ്നേഹവും തോന്നി. പക്ഷേ, അവള്‍ക്ക് എന്നോടില്ലാത്തതും അതായിരുന്നു.

അന്നത്തെ ആ കുട്ടിയിടിക്കു ശേഷം കണ്ണുകള്‍ കൊണ്ടുപോലും കൂട്ടിയിടിക്കാതിരിക്കാന്‍ ശ്രദ്ധിച്ചായി അവളുടെ നടപ്പ്. അതെന്‍റെ മനസ്സില്‍ അവളുടെ നെറ്റിയിലുള്ളതിനെക്കാള്‍ വലിയ മുറിപ്പാടുകള്‍ വീഴ്ത്തി.

ആ മുറിവുകളില്‍നിന്ന് ഒലിച്ചിറങ്ങിയ ചുടുചോരയില്‍ ഞാന്‍ നട്ട പ്രണയമെന്ന ചെമ്പകം വളരാന്‍ തുടങ്ങി. ആരുമറിയാതെ, അവള്‍ പോലുമറിയാതെ, അതങ്ങനെ വളര്‍ന്നു പന്തലിച്ചു തുടങ്ങിയതോടെ ഇനിയെന്നീ ചെമ്പകം പുഷ്പിക്കുമെന്ന ചോദ്യവും എന്നെ അലട്ടിത്തുടങ്ങി.

മിക്സ്ഡ്സ്കൂളിന്‍റെ സ്വാതന്ത്ര്യങ്ങളില്‍നിന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെവ്വേറെ പഠിക്കുന്ന ഹൈസ്കൂള്‍ എന്ന കാരാഗ്രഹത്തിലേക്ക് പഠനം മാറിയപ്പോളായിരുന്നു പുഷ്പിക്കാതെ നില്‍ക്കുന്ന ആ ചെമ്പകത്തിന്‍റെ വേരോട്ടവും വലിപ്പവും ഞാനറിഞ്ഞത്.
അവളെ എങ്ങനെയും വളച്ചെടുക്കുക എന്നതായിരുന്നു എന്‍റെ അടുത്ത ഉന്നം.

തുടര്‍ച്ചയായി തിരമാലയടിച്ചാല്‍ മായാത്തതായി ശിലാലിഖിതം പോലുമുണ്ടോ എന്ന കുമാരനാശാന്‍ കവിതയെ മനസ്സില്‍ ധ്യാനിച്ച് എന്നുമവള്‍ക്കു ഞാന്‍ പ്രണയലേഖനമെഴുതിത്തുടങ്ങി. പത്തെണ്ണം എഴുതുമ്പോള്‍ അതില്‍ മികച്ച ഒരെണ്ണം എന്ന തോതില്‍ അവള്‍ക്ക് നല്‍കിപ്പോരുകയും ചെയ്തു.

ആഴ്ചകളും മാസങ്ങളും അതു തുടര്‍ന്നു. ഞാന്‍ അങ്ങോട്ടുകൊടുത്ത പ്രണയലേഖനങ്ങളുടെ എണ്ണം നൂറ് തികഞ്ഞ അന്ന് അവള്‍ എനിക്കൊരു പ്രണയലേഖനം തിരിച്ചു തന്നു. ഞെട്ടലോടെ അതേറ്റുവാങ്ങി, രണ്ടും കല്‍പിച്ചു വീട്ടിലോട്ട് ഓടിയ ഞാന്‍ പുസ്തകം എവിടെയോ വലിച്ചെറിഞ്ഞ്, കപ്പക്കാലായില്‍ പോയിരുന്ന് ആ വിശുദ്ധലേഖനം പൊട്ടിച്ചു.

ആര്‍ത്തിയോടെ ആതിലേക്കു നോക്കിയ എനിക്ക് ഒരേയൊരു വാചകമായിരുന്നു കാണാന്‍ കഴിഞ്ഞത്. അതിങ്ങനെയായിരുന്നു.

മേലാല്‍ എന്‍റെ പുറകേ നടക്കരുത്....!!

അതൊരു മുന്നറിയിപ്പായി എനിക്കു തോന്നിയില്ല. അവള്‍ക്ക് ഞാനൊരു മറുപടി കത്തെഴുതി. പിറ്റേന്ന് അവള്‍ വരുന്ന വഴിയില്‍ കാത്തുനിന്ന് അവള്‍ക്കതു കൈമാറി.

ഇന്നലത്തെ കത്തിനുള്ള മറുപടി ഇതിലുണ്ട്. വായിക്കുമല്ലോ.

അവള്‍ വായിച്ചു കാണും. അതിങ്ങനെയായിരുന്നു

നാളെ മുതല്‍ ഞാന്‍ മുന്‍പേ നടന്നോളാം....!!

അതവള്‍ക്കങ്ങിഷ്ടപ്പെട്ടു. അതോടെ, എന്‍റെ കഷ്ടപ്പാടുകള്‍ക്ക് ഒരറുതിയായി. വളച്ചെടുക്കുകയെന്ന ദുഷ്കരമായ ദൗത്യം ‍ഞാനങ്ങനെ വര്‍ഷങ്ങള്‍ നീണ്ട തപസ്യയിലൂടെ നേടിയെടുത്തു എന്നു തന്നെ പറയാം. വളച്ചെടുത്തു കഴിഞ്ഞ് പിന്നെ മേയ്ച്ചോണ്ടു നടക്കാനായിരുന്നു അതിലേറെ കഷ്ടം. വല്ലാതെ ബുദ്ധിമുട്ടി, പെടാപ്പാടു പെട്ട് കഴിഞ്ഞ ആറേഴുവര്‍ഷം ഞങ്ങള് ആത്മാര്‍ഥമായി പ്രണയിച്ചു.

എല്ലാ പ്രണയങ്ങളുടെയും ഒടുവില്‍ സംഭവിക്കുന്ന ട്രാജഡി പോലെ ഞങ്ങളു കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അവളെത്തന്നെ കെട്ടണമെന്ന് എനിക്കപ്പോഴും ഒരു നിര്‍ബന്ധവുമില്ലായിരുന്നു. പക്ഷേ, ഇത്രയും കാലം ഞാന്‍ കഷ്ടപ്പെട്ടു സംരക്ഷിച്ചു പ്രണയിച്ചതിനാലാവണം അവള്‍ക്കു ഭയങ്കര നിര്‍ബന്ധം- കല്യാണം കഴിച്ചേ തീരു...

അവളുടെ വീട്ടില്‍ കല്യാണാലോചനകള്‍ മുറപോലെ നടക്കുന്നു. എന്‍റെ വീട്ടില്‍ ചേട്ടന്‍മാരുടെ കല്യാണം പോലും ആലോചിച്ചു തുടങ്ങിയിട്ടില്ല. അവളുടെ അപ്പന്‍ ഓരോ ദിവസവും എന്ന മട്ടില്‍ ആലോചനകളുമായി എത്തിയതോടെ കൊച്ചിന്‍റെ കോളജില്‍പ്പോക്കു നിന്നു. എന്നും കട്ടന്‍കാപ്പിയും പരിപ്പുവടയുമായി ഓരോരുത്തരുടെ മുന്നില്‍ച്ചെന്ന് ചമഞ്ഞുനില്‍ക്കാനും പിന്നീട് ആട്ടിന്‍കൂടിനടുത്തുവച്ചു നടക്കുന്ന സൗഹൃദഅഭിമുഖത്തില്‍ പഞ്ചപാവം അഭിനയിക്കാനും മാത്രമായി അവളുടെ സമയം ചുരുങ്ങി.

എനിക്കായിരുന്നു തിരക്കേറെ. എല്ലാ കല്യാണവും കൃത്യമായി മുടക്കുകയെന്ന ഉത്തരവാദിത്തം ഉദ്ദേശിച്ചതിലും ഭാരിച്ചതായിരുന്നു. ഊമക്കത്ത് അഥവാ മുടക്കത്തപാല്‍ മുതല്‍ ഭീഷണി വരെ പല പല സമീപനങ്ങളിലൂടെ ഒരു വിധത്തില്‍ ആ കല്യാണാലോചനകളെല്ലാം ഞാന്‍ മുടക്കിപ്പോന്നു.


ദൈവത്തിനു നന്ദി!

ഈ ദൈവം മാത്രമായിരുന്നു ഞങ്ങളുടെ ഏക പ്രതീക്ഷ.

അവളുടെ അപ്പന്‍ ഇറച്ചിവെട്ടുകാരന്‍ അന്ത്രോസു ചേട്ടനു മുന്നില്‍ ഞാനൊരു പുഴുവായിരുന്നു. അവളുടെ അങ്ങളമാരുടെ മുന്നില്‍ ഞാന്‍ ഒരു പാഴായിരുന്നു. സ്വന്തമായി കൂലിയും വേലയുമില്ലാത്ത എനിക്ക് അവളെയെന്നല്ല, ലോകത്ത് ആരും പെണ്ണുതരുകേല എന്നതായിരുന്നു അവസ്ഥ.

ഈ ദുരവസ്ഥയില്‍ പലവഴിക്കു മണിയടിക്കാന്‍ നോക്കിയിട്ടും ദൈവം കനിഞ്ഞില്ല.

അവളുടെ സമ്മതമില്ലാതെ അവളുടെ കല്യാണമുറപ്പിച്ചു. അവളു കയറുപൊട്ടിക്കാന്‍ തുടങ്ങി. എന്‍റെ ചങ്കുപൊട്ടി.

ഇനിയിപ്പോള്‍ അവളെ വിളിച്ചിറക്കുക മാത്രമാണ് പോംവഴി. അതിനു മുന്‍പ് ഒഫിഷ്യലായി അവളുടെ വീട്ടില്‍പ്പോയി പെണ്ണുചോദിക്കണം. അതിനു മുന്‍പ് തന്‍റെ വീട്ടില്‍ കാര്യമറിയിക്കണം. ഇപ്പോള്‍ പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ച് അസാധ്യകാര്യങ്ങള്‍ തന്നെയായിരുന്നു. എന്‍റെ വീട്ടില്‍ എതിര്‍പ്പുണ്ടായില്ലെങ്കിലും അവളുടെ അപ്പന്‍ സമ്മതിച്ചാലും അവളെ വിളിച്ചിറക്കിയാലും ജീവിതം കട്ടപ്പുകയാകുമെന്നുറപ്പിച്ച ഘട്ടത്തിലാണ് ഞാന്‍ അവളോട് അങ്ങനെ പറഞ്ഞത്.

നമുക്ക് ആത്മഹത്യ ചെയ്യാം....?!!!

ഈ ലോകത്തില്‍ നമുക്കു സ്വൈര്യമായി ജീവിക്കാന്‍ പറ്റില്ല. ആ നിലയ്ക്ക് മരിച്ച് സ്വര്‍ഗത്തിലോ നരകത്തിലോ പോയി നമുക്കു സുഖമായി ജീവിക്കാമല്ലോ...

അവളതു കേറിയങ്ങു സമ്മതിച്ചു കളഞ്ഞു. എന്‍റെ ഉള്ള ജീവന്‍ അതോടെ പോയിക്കിട്ടി!!!

പിറ്റേന്നു മുതല്‍ എന്നാണ് ആത്മഹത്യ, എങ്ങനെയാണുചാകുന്നത് എന്നീ ചോദ്യങ്ങളായി കൂടുതല്‍. ഞാന്‍ അങ്ങോട്ടിട്ട ഐഡിയ ആയതിനാല്‍ ഞാന്‍ തന്നെ എങ്ങനെ തട്ടിത്തെറിപ്പിക്കും?!!
ഒടുവില്‍ മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.

എങ്ങനെ മരിക്കണം???

തുങ്ങിച്ചാകാന്‍ അവള്‍ക്കു പേടിയായിരുന്നു. എനിക്കും. വിഷം കഴിച്ചാല്‍ മരിക്കുമെന്നുറപ്പില്ല. കടലില്‍ ചാടിയാലും അതുതന്നെ സ്ഥിതി. ആ നിലയ്ക്ക് ട്രെയനിനു തലവച്ചു ചാകുകയാണ് ഉചിതമായ വഴി എന്ന് അവള്‍ തന്നെപറഞ്ഞുതന്നു. അതാവുമ്പോള്‍ ഒറ്റസെക്കന്‍ഡില്‍ തീരുമാനമാവും!!

മനസ്സില്ലാമനസ്സോടെ ഞാന്‍ സമ്മതിച്ചു. ട്രെയിന്‍ വരുന്നതു വരെ പാളത്തില്‍ തലവച്ചു കിടക്കുന്നതു വല്ലവരും കണ്ടാല്‍???

തലവച്ചു കിടക്കുന്നതൊക്കെ പഴയ സ്റ്റൈല്‍. ട്രെയിന്‍ വരുമ്പോള്‍ മുന്നോട്ടു ചാടുന്നതാണ് പുതിയ സ്റ്റൈല്‍. അവള്‍ തിരുത്തിത്തന്നു.

പിന്നെയൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. സകലദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് കൂകിപ്പാഞ്ഞുവന്ന ട്രെയിനിനു മുന്നിലേക്ക് എന്നെയും പിടിച്ചുകൊണ്ട് അവള്‍ എടുത്തു ചാടി.

ഡും!!

ഞങ്ങളു മരിച്ചു.

പത്തു സെക്കന്‍ഡിനകം ഞങ്ങളു സ്വര്‍ഗത്തില്‍ ചെന്നു. വിമാനത്തേല്‍ കേറി മുംബൈയില്‍ എത്തണേല്‍ വേണം ഒന്നരമണിക്കൂര്‍. സ്വര്‍ഗത്തിലേക്ക് അത്രയും പോലും ദൂരമില്ലെന്ന് അപ്പോള്‍ ആണു മനസ്സിലായത്.


ചെന്നാപാടെ ദൈവത്തെ കേറിക്കണ്ടു.

ഭൂമിയില്‍ ഒരുമിച്ചു ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ലാത്തതിനാല്‍ വന്നതാണ്. ഇവിടെ വച്ച് ഞങ്ങളുടെ കല്യാണം നടത്തിത്തരണം.

ദൈവം ഞങ്ങളെ രണ്ടുപേരെയും നോക്കി.

ശരി. ഒരുവര്‍ഷം ഇതിലേ പ്രേമിച്ചു നടക്ക്. ഇവിടെയാവുമ്പോള്‍ ആരുടെയും ശല്യമില്ലല്ലോ. അതുകഴിഞ്ഞാവാം കല്യാണം.

ദൈവം റൊമാന്‍റിക്കായ കക്ഷിയാണെന്നു പിടികിട്ടി. ചുമ്മാ അടിച്ചുപൊളിച്ചോളാനും പറ‍ഞ്ഞ് ഒരുവര്‍ഷത്തെ ഓഫറാണു തന്നിരിക്കുന്നത്.

പിറ്റേന്നു മുതല്‍ ടിപരിപാടി തുടങ്ങി.

രാവിലെ മുതല്‍ ഉച്ചവരെ പ്രണയം. ഉച്ചകഴിഞ്ഞ് വൈകിട്ടുവരെ പ്രണയം. വൈകിട്ടു മുതല്‍ രാത്രി ഉറങ്ങാന്‍ പിരിയും വരെ പ്രണയം. ഉറക്കത്തിലും പ്രണയം. സ്വപ്നത്തിലും പ്രണയം.

ആദ്യ ഒരാഴ്ച വല്യ കുഴപ്പമില്ലായിരുന്നു. പിന്നെ, പതിയെപ്പതിയെ ബോറഡി തുടങ്ങി.

പ്രണയമല്ലാതെ വേറൊന്നുമില്ലാത്ത സ്ഥിതി. വല്ലതും നാലു വര്‍ത്തമാനം പറയുന്നതിന്നിടയ്ക്ക് പരിചയക്കാര്‍ ആരേലും കാണുന്നുണ്ടോ എന്ന പേടിച്ചുള്ള നോട്ടം പോലുമില്ലാത്ത പ്രണയം. നാലുപാടും അവളുടെ അപ്പനേയും ആങ്ങളമാരെയും പ്രതീക്ഷിച്ചുകൊണ്ടുള്ള ആ പ്രണയത്തിന്‍റെ ത്രില്ല് ഈ പ്രണയത്തിനില്ലെന്നു സങ്കടത്തോടെ ഞാന്‍ മനസ്സിലാക്കി.

എന്നിരുന്നാലും, ദൈവം എന്തു വിചാരിക്കും, അവള്‍ എന്തു വിചാരിക്കും എന്നു കരുതി ഞാന്‍ വീണ്ടും പ്രണയം തുടര്‍ന്നു. അവളും.

എത്രകാലം ഇതു സഹിക്കും. പ്രണയത്തിനിടെ കലഹം പതിവായിത്തുടങ്ങി. ഞാനാണേല്‍ പിടിവാശിക്കാരന്‍. അവളാണേല്‍ മുന്‍ശുണ്ഠിക്കാരി. ഇത്രയും കാലം ഇതൊന്നും പുറത്തുവന്നിരുന്നില്ല. പുറത്തുകാണിക്കാന്‍ സമയവുമുണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോളതല്ലല്ലോ സ്ഥിതി. രാവിലെ മുതല്‍ രാത്രി വരെ ഇത്തിള്‍ക്കണ്ണി പോലെ അവളു കൂട്ടത്തില്‍. എവിടെപ്പോയാലും സ്വൈര്യം തരില്ലെന്നു വച്ചാല്‍....

എനിക്കു ദേഷ്യവും സങ്കടവും നിരാശയും തോന്നിയെങ്കിലും അതു പുറത്തുകാട്ടിയില്ല. അവളെന്തു വിചാരിക്കും?!! അവളൊന്നും വിചാരിക്കില്ലെന്നു മനസ്സിലായത് പിന്നീടൊരു ദിവസമായിരുന്നു. എന്തോ പറഞ്ഞ് പറഞ്ഞുണ്ടായ കോപത്തിന്‍റെ തുടര്‍ച്ചയെന്നോണം അന്ന് അവളെന്നെ ചെരിപ്പൂരി അടിച്ചുകളഞ്ഞു.

പിന്നെയൊരു ഭീഷണിയും- ഇനി മേലാല്‍ താന്‍ എന്‍റെ പിന്നാലെ നടക്കരുത്!!!

നാളെ മുതല്‍ ഞാന്‍ മുന്നാലെ നടന്നോളാം എന്നു പറയാന്‍ ഞാന്‍ പോയില്ല. എന്‍റെ പട്ടിപോകും!!!

പിറ്റേന്ന് ഞാനും അവളുംകൂടി ദൈവത്തെ ചെന്നു കണ്ടു.

എന്തു പറ്റി? ആറുമാസമല്ലേ ആയൂള്ളൂ. അതിനും മുന്‍പേ കല്യാണം നടത്തണമെന്ന നിര്‍ബന്ധമായോ? ചിരിച്ചുകൊണ്ടു ദൈവം ചോദിച്ചു.

കരഞ്ഞുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞു- കല്യാണം നടത്തേണ്ടെന്‍റെ ഒടേതമ്പുരാനേ.......ഇതൊന്നു ഡിവോഴ്സ് ആക്കിത്തന്നാ മതി!!!!

Sunday, August 12, 2007

പ്രഫസര്‍ ഇടപ്പാടി

ഇടപ്പാടിക്കാരന്‍ ചാക്കോച്ചേട്ടന്‍ ഏതു കോളജിലെ പ്രഫസര്‍ ആണെന്നു ചോദിച്ചേക്കരുത്. ആ ചോദ്യം അങ്ങേരു കേട്ടാല്‍ നമ്മളെ വല്ല ആടും പട്ടിയും പൂച്ചയുമൊക്കെയാക്കി വിടും. പിന്നെ വല്ല കാടിവെള്ളമോ മീന്‍തലയോ തിന്നു ജീവിതത്തിന്‍റെ ശിഷ്ടഭാഗം കഴിക്കാനായിരിക്കും നമുക്കു നിയോഗം!!

മനസ്സിലായില്ല അല്ലേ?

പ്രഫസര്‍ ഇടപ്പാടി എന്നു പറഞ്ഞാല്‍, ഭരണങ്ങാനത്തിന്‍റെ പ്രിയപ്പെട്ട മാന്ത്രികന്‍. കണ്‍കെട്ട് ആണുപ്രധാന ആയുധം.

രണ്ടു മക്കളുള്ളവര്‍ കൈവൈട്ട്, കാല്‍വെട്ട് കേസുകളിലായി ജയിലിലാണ്. പ്രഫസര്‍ ഇടപ്പാടിയാകട്ടെ, കണ്ണുകെട്ടിയും കെട്ടഴിച്ചും ഭരണങ്ങാനത്തിന്‍റെ ഗ്രാമവീഥികളെ മായാജാലത്തിന്‍റെ മാന്ത്രികപ്പിടിത്തങ്ങളിലങ്ങനെ വിലയം കൊള്ളിച്ചും വിറപ്പിച്ചും കഴിഞ്ഞുപോന്നു.

പ്രഫസര്‍ക്ക് രണ്ടേ രണ്ടു കാര്യങ്ങളോടുമാത്രമായിരുന്നു ലോകത്തു വെറുപ്പ്. മദ്യം, പുകയില. രണ്ടിനോടുമുള്ള വിരോധം കാരണം അദ്ദേഹം തന്‍റെ രണ്ടുമക്കളെയും പണ്ടേ വീട്ടില്‍നിന്നു പുറത്താക്കിയിരുന്നു. ബാക്കി നാട്ടുകാരെ പുറത്താക്കണെന്നും ആഗ്രഹമുണ്ടായിരുന്നെങ്കിലും അവരാരും പ്രഫസറുടെ വീട്ടിലെ താമസക്കാരല്ലാത്തതിനാല്‍ അതു നടന്നില്ല.

കള്ളുകുടിച്ചു പ്രഫസറുടെ മുന്നില്‍ച്ചാടിയ പലരുമിപ്പോള്‍ റോഡരികിലെ മൈല്‍ക്കുറ്റി കണ്ടാല്‍ ഒരു കാലു പൊക്കി അടയാളമൊഴിച്ചു കടന്നു പോകുന്നവരായി മാറിക്കഴിഞ്ഞു, ഭരണങ്ങാനത്ത്. അത്രയ്ക്കു ശക്തവും ഭീകരവുമായിരുന്നു പ്രഫസറുടെ കണ്‍കെട്ട്.

പള്ളിപ്പെരുനാള്‍, സ്കൂളുകളിലെ സാഹിത്യസമാജം തുടങ്ങിയ പരിപാടികള്‍ക്കു പ്രഫസറിന്‍റെ മാജിക്ക് നിര്‍ബന്ധമാണ്. മാജിക്ക് നടത്താന്‍ സമ്മതിച്ചില്ലേല്‍ വല്ല പട്ടിയുമായി നിന്നു കുര്‍ബാന ചൊല്ലേണ്ടി വരുമോയെന്ന ആധികാരണം ‍ഞങ്ങളുടേതും സമീപത്തേതുമായ ഇടവകയിലെ വികാരിയച്ചന്‍മാരൊക്കെ പ്രഫസറിന്‍റെ മാജിക്കിനു രണ്ടുകണ്ണുമടച്ചു സമ്മതംമൂളുമായിരുന്നു.

നാട്ടിലെ സകല മനുഷ്യരെയും കണ്‍കെട്ടി മണ്ടന്‍മാരാക്കാന്‍ പ്രഫസര്‍ വിദഗ്ധനായിരുന്നു.

ഒരിക്കല്‍, ഭരണങ്ങാനം പളളിമുറ്റത്ത് സെബസ്ത്യാനോസു പുണ്യാളന്‍റെ പെരുന്നാളിന്‍റെ തലേന്നു വൈകിട്ട് പ്രഫസറുടെ മായാജാലം നടക്കുന്നു.

സ്റ്റേജിന്‍റെ നടക്കുനിന്ന് വലിയ ഒരു പെരുമ്പാമ്പിനെ വിഴുങ്ങുകയാണു പ്രഫസര്‍. അദ്ദേഹത്തിന്‍റെ സഹധര്‍മിണി ശോശാമ്മച്ചേച്ചിയടക്കമുള്ള ജനം ശ്വാസമടക്കിപ്പിടിച്ചിരുന്ന് ആ കാഴ്ച കാണുന്നു. പാമ്പിനെ പകുതി വിഴുങ്ങിയപ്പോളേയ്ക്കും പ്രഫസര്‍ ഒന്നാന്തരമൊരു മലമ്പാമ്പിനെപ്പോലെ പുളയാന്‍ തുടങ്ങി. പതിവായി പാമ്പാകാറുള്ളവര്‍ക്കു പോലും അതുകണ്ടപ്പോള്‍ ഞെട്ടലായി. ജീവിതത്തില്‍ ഒരിക്കലും തങ്ങളിനി പാമ്പാകില്ലെന്ന് മനസ്സാ ഉറപ്പിച്ച്, പേടികൊണ്ടു വിറയ്ക്കുന്ന മനസ്സിനെ സമാധാനിപ്പിച്ച്, കണ്ണുമുറുക്കെ തുറന്നുപിടിച്ച് അവര്‍ കാത്തിരുന്നു. ബാക്കി പകുതിയോളം പാമ്പിനെക്കൂടി പ്രഫസര്‍ വിഴുങ്ങേണ്ടതുണ്ട്.

പാമ്പിന്‍റെ തല പ്രഫസറുടെ ആമാശയത്തിലെത്തിയിട്ടുണ്ടാവും.... ബാക്കി പകുതി കൂടി വിഴുങ്ങിയാല്‍ പ്രഫസറുടെ അവസ്ഥയെന്താവും? വിഴുങ്ങിയില്ലെങ്കില്‍ പാമ്പിന്‍റെ അവസ്ഥയെന്താവും?

ഇങ്ങനെയോരോന്ന് ആലോചിച്ചാലോചിച്ച് അവരങ്ങനെയങ്ങനെ ഇരിക്കവേയാണു എല്ലാവരുടെയും തലയ്ക്കുമുകളില്‍നിന്ന് ഒരു അശരീരി കേട്ടത്...

അയാളു പാമ്പിനെ വിഴുങ്ങുകയൊന്നുമല്ലെടാ മണ്ടന്‍മാരെ..

സദസ്സ് ഞെട്ടി, പ്രഫസറു ഞെട്ടി.

ശബ്ദം കേട്ട ഭാഗത്തേക്കു ജനം തല തിരിച്ചുനോക്കി. ആരെയും കാണാനില്ല. അന്തരീക്ഷത്തില്‍നിന്നു സംസാരിക്കുന്ന യെവന്‍ ആര്? കര്‍ത്താവെങ്ങാനുമായിരിക്കുമോ?

പള്ളീലച്ചനും ഞെട്ടി

കര്‍ത്താവേ നിങ്ങളു ചുമ്മാ പരീക്ഷിക്കരുതേ...

അച്ചന്‍ ഒന്നുകൂടി തലയുയര്‍ത്തി നോക്കി. അപ്പോളതാ പള്ളീമൈതാനത്തിന്‍റെ അതിരേലുള്ള കുന്നേല്‍ കുട്ടിച്ചന്‍ചേട്ടന്‍റെ തെങ്ങേല്‍ ചെത്തുകാരന്‍ കോവാലന്‍ ചേട്ടന്‍....

അന്തി ചെത്താന്‍ കയറിയ കോവാലന്‍റേതായിരുന്നു ആ അശരീരി. ജനം അതു കണ്ടു. പ്രഫസറും കോവലനെ കണ്ടു.

അയാളു വായിലോട്ടു കുറേ കടലാസു ചുരുളു കുത്തിക്കേറ്റുന്നത് എനിക്കിവിടെയിരുന്നാല്‍ കാണാം, കണ്‍കെട്ടാ, വെറും കണ്‍കെട്ട്....!!

ജനം അദ്ഭുതപ്പെട്ടു നേരെ പ്രഫസറുടെ അടുത്തേക്കു നോക്കി. ഇല്ല, പ്രഫസറുടെ വായില്‍നിന്നു പുറത്തേക്ക് അതാ നീണ്ടു കിടക്കുന്നു, ഒന്നാന്തരമൊരു മലമ്പാമ്പ്!!!

കോവാലന്‍ ചുമ്മാ പറയുകയാണെന്നു ജനം വിശ്വസിച്ചു.

പക്ഷേ പ്രഫസര്‍ക്കു കാര്യം പിടികിട്ടി. തെങ്ങിന്‍റെ മണ്ടയ്ക്കിരുന്ന കോവാലനു കണ്‍കെട്ട് ഏറ്റിട്ടില്ല. അയാള്‍ക്കു സംഗതി പിടികിട്ടിയിരിക്കുന്നു.

കോവാലനു ചെറിയൊരു പണി കൊടുക്കുക തന്നെ.

പ്രഫസര്‍ തെങ്ങിന്‍റെ പകുതിക്കലിരുന്ന കോവാലനെ നോക്കിയൊന്നു ചിരിച്ചു. പിന്നെ, കോവാലന്‍റെ നെറുകംതല ഉന്നംവച്ച് കൈയാലെന്തോ വിക്രിയ കാട്ടി!! അതുകണ്ടിരുന്ന ജനത്തിന് ഒരു ചുക്കും പിടികിട്ടിയില്ല.

അടുത്ത നിമിഷം, എവിടെനിന്നാണെന്നറിയില്ല, അതിശക്തമായ പ്രളയം ഭരണങ്ങാനത്തെ വിഴുങ്ങിത്തുടുങ്ങുന്നതു തെങ്ങിന്‍റെ മുകളിലിരുന്നു കോവാലന്‍ കണ്ടു.

തെങ്ങിന്‍റെ ചുവട്ടില്‍ നിന്നു പ്രളയം കോവാലന്‍ ചേട്ടനിരിക്കുന്ന ഉയരത്തിലേക്കു പൊങ്ങിക്കൊണ്ടിരുന്നു. ഭരണങ്ങാനം പള്ളിയും മൈതാനവും മണിമാളികയുമൊക്കെ മുങ്ങിത്താഴുന്നതു കോവാലന്‍ കണ്‍മുന്നില്‍ക്കണ്ടു. ഇനിയിപ്പം താനിരിക്കുന്ന തെങ്ങുമാത്രമാണു വെള്ളത്തില്‍ താഴാനുള്ളത്. എന്താണിങ്ങനെ ഇത്രപെട്ടെന്നൊരു പ്രളയമുണ്ടാകാന്‍ കാരണം എന്നു കോവാലന് ഒരുപിടിയും കിട്ടിയില്ല. ഭരണങ്ങാനം പഞ്ചായത്തില്‍ ഇനി മുങ്ങാത്തതായി താനും താനിരിക്കുന്ന തെങ്ങും മാത്രമേയുള്ളൂ എന്ന് കോവാലനു മനസ്സിലായി.

വെള്ളം പൊങ്ങിക്കൊണ്ടിരുന്നു. കോവാലനും ഓരോ സ്റ്റെപ്പ് തെങ്ങിനു മുകളിലേക്കു കയറിക്കൊണ്ടിരുന്നു. കയറിക്കയറി കോവാലന്‍ തെങ്ങിന്‍റെ കവിളില്‍ വരെയെത്തി. വെള്ളം താഴെ, കോവാലന്‍റെ കാല്‍ചുവട്ടില്‍ വരെയെത്തിക്കഴിഞ്ഞിരുന്നു. ഭരണങ്ങാനത്തിനു പുറമേ, താനിരിക്കുന്ന തെങ്ങുകൂടി ഇപ്പോള്‍ മുടുമെന്നുറപ്പായ സാഹചര്യത്തില്‍ കോവാലന്‍റെ മനസ്സില്‍ ആധിമൂത്തു.

പ്രളയജലത്തിന്‍റെ കൊടുംതണുപ്പ് കോവാലന്‍റെ കാലുകളെ തൊട്ടു.

ഇനിയൊന്നേ ചെയ്യാനുണ്ടായിരുന്നൊള്ളൂ. കോവാലന്‍ അതു ചെയ്തു. രണ്ടും കല്‍പിച്ച്, തെങ്ങിന്‍റെ മുകളില്‍നിന്നു കോവാലന്‍ നിലയില്ലാത്ത ആവെള്ളത്തിലേക്ക് ഊളിയിട്ടു.
പള്ളിമൈതാനം ഞെട്ടലോടെ ആ കാഴ്ച കണ്ടു.

എന്തോ കണ്ടു ഭയന്നിട്ടെന്നോണം, തെങ്ങിന്‍റെ മുകളിലേക്കു കയറിപ്പോയ ചെത്തുകാരന്‍ കോവാലന്‍ തെങ്ങിന്‍റെ ഒത്തമുകളില്‍ക്കയറി രണ്ടുകയ്യും വിട്ടു താഴേയ്ക്കു ചാടുന്നു....

ആരവത്തോടെ, ജനം തെങ്ങിന്‍റെ ചുവട്ടിലേക്കോടി. അടുത്ത നിമിഷം കോവാലന്‍ ചേട്ടനെയുമായി വണ്ടിയൊന്നു ലൈറ്റിട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുപാഞ്ഞു.

പ്രഫസര്‍ ജയിച്ചു, കോവാലന്‍ ചേട്ടന്‍ തോറ്റു.

അതോടെ, പ്രഫസര്‍ ഇടപ്പാടിയെന്നാല്‍ നാട്ടുകാരുടെ പേടി സ്വപ്നമായി. കൊച്ചുകുട്ടികള്‍, ഭക്ഷണം കഴിക്കാതെ വാശിപിടിക്കുമ്പോള്‍ അമ്മമാര്‍ പറയും,

ദേ ഇപ്പോള്‍ പ്രഫസറെ വിളിക്കും....!!!

അതുകേട്ടു പേടിച്ച കുട്ടികള്‍ കഞ്ഞിക്കലം വരെ നക്കിത്തുടച്ച് കയ്യുംവീശിപ്പോകും. കൊച്ചുകുട്ടികളുടെ അവസ്ഥ ഇതായിരുന്നെങ്കില്‍, അവരുടെ അപ്പന്‍മാരും സര്‍വോപരി കുടിയന്‍മാരുമായിരുന്ന നാട്ടിലെ പൗരപ്രമാണിമാരുടെ അവസ്ഥ അതിലും കഷ്ടമായിരുന്നു. പലരും കള്ളുകുടി നിര്‍ത്തി. പരസ്യമായി ഷാപ്പിലിരുന്നു കുടിച്ചിരുന്നവര്‍ കുടി വീട്ടിലോട്ടു മാറ്റി. അതും ഡീസന്‍റായി മാത്രം. കുടി കഴിഞ്ഞാല്‍ നാട്ടുകാരെ മുഴുവന്‍ നല്ലതെറി വിളിച്ച് എന്‍റര്‍ടെയിന്‍ ചെയ്തിരുന്നവര്‍ അതും നിര്‍ത്തി.

പ്രഫസര്‍ ഈ വീടിന്‍റെ നാഥന്‍ എന്നു പല ചേട്ടത്തിമാരും വീടിന്‍റെ കട്ടിളയില്‍ എഴുതി വച്ചു. ഭരണങ്ങാനം, കല്യാണത്തിനു മുന്‍പു ഡീസന്‍റാകുന്ന ചില ചെറുപ്പക്കാരെപ്പോലെ നന്നായിത്തുടങ്ങി.

പ്രഫസര്‍ മാജിക്ക് തുടര്‍ന്നു.

അവളെ പേടിച്ച് ഇതുവഴിയാരും നടപ്പീലെന്നു പറയും പോലെ പ്രഫസറെ പേടിച്ച് നാട്ടുകാര് ആരും കള്ളുകുടിക്കത്തില്ലെന്ന സ്ഥിതി. അമ്പാറ, ചിറ്റാനപ്പാറ, പാലമ്മൂട്, മാട്ടേല്‍ ഷാപ്പുകള്‍ പ്രതിസന്ധിയിലായി. നേരത്തെ, ചെത്തുകള്ളുതികയാതെ വന്നു കലക്കുകള്ളും മീനച്ചിലാറ്റിലെ കലക്കവെള്ളവും വരെ കലക്കിക്കൊടുത്തിട്ടും ഹൗസ്ഫുള്ളായി ഓടിയിരുന്ന ഷാപ്പുകളെല്ലാം കട്ടപ്പുറത്തായി.

കുടിയന്‍മാര്‍ മാത്രമല്ല, മെഡിക്കല്‍ കോളജില്‍ ബോധമില്ലാതെ കിടക്കുന്ന കോവാലന്‍റെ അവസ്ഥയോര്‍ത്ത് പ്രാണഭീതിയുള്ള പല ചെത്തുകാരും പണിയും നിര്‍ത്തി. അതോടെ, ഷാപ്പുമുതലാളിമാരും പ്രതിസന്ധിയിലായി.

ഷാപ്പുമുതലാളികള്‍ കൂടിയാലോചിച്ചു. എന്തു ചെയ്യും?

മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക തന്നെ വഴി. പ്രഫസര്‍ എന്ന മുള്ളിനെ എടുക്കാന്‍ പറ്റിയ മുള്ള് എവിടെക്കിട്ടും?

ആലോചനകള്‍ പലവഴിക്കു പോയി. പ്രഫസറെ തട്ടിയാലോ എന്നു പോലും ആലോചനയുണ്ടായി. ഒടുവില്‍ അതേ മാര്‍ഗമുള്ളൂ എന്നവര്‍ തിരിച്ചറിഞ്ഞു.

പ്രഫസര്‍ ഇടപ്പാടിയെ ആരുമറിയാതെ തട്ടുക!!!

അല്ലാത്തപക്ഷം, തങ്ങള്‍ ആത്മഹത്യ ചെയ്യേണ്ടി വരും. സര്‍വൈവല്‍ ഓഫ് ദ് ഫിറ്റസ്റ്റ്!! അതേയുള്ളൂ വഴി.

പ്രഫസറെ ആരു തട്ടും?

ഒരുമാതിരിപ്പെട്ട റൗഡികള്‍ക്കൊക്കെ പ്രഫസറെ പേടിയാണ്. പ്രഫസറെ തട്ടാന്‍ പോകും വഴി വല്ല കണ്‍കെട്ടും പ്രയോഗിച്ചാല്‍ തട്ടാന്‍പോകുന്നവനായിരിക്കും തട്ടുകിട്ടുക. ലോക്കല്‍ റൗഡികളാരും പ്രഫസറെ തട്ടാന്‍ ധൈര്യം കാട്ടില്ലെന്നുറപ്പ്.

പിന്നെയാരു തട്ടും?

ആലോചന വണ്ടികയറി എറണാകുളം വരെയെത്തി. മട്ടാഞ്ചേരിയില്‍ നല്ല ക്വട്ടേഷന്‍ സംഘമുണ്ടെന്നു കേട്ടിട്ടുണ്ട്. അവിടെനിന്നൊരുത്തനെ ചെല്ലും ചെലവും കൊടുത്തു ഭരണങ്ങാനത്തെത്തിക്കുക തന്നെ.

ഷാപ്പുമുതലാളിമാര്‍ ചേര്‍ന്ന് ഇങ്ങനെയൊരു തീരുമാനമെടുത്തതിന്‍റെ മൂന്നാം നാള്‍ ടിയാന്‍ ഭരണങ്ങാനത്തു കാലുകുത്തി.

പക്ഷി സന്തോഷ്.

മുന്‍പ്, കണിച്ചുകുളങ്ങരയില്‍ കൊലപാതകം ആസൂത്രണം ചെയ്ത ആരുടെയോ ബന്ധു. പറന്നുപോയി ആളെകാച്ചി പറന്നു പോകുന്ന ഇനം. ഇതായിരുന്നുപക്ഷി സന്തോഷിന്‍റെ പ്രത്യേകത.
പക്ഷി സന്തോഷ് പദ്ധതികള്‍ പ്ളാന്‍ ചെയ്തു തുടങ്ങി.

എന്നും വൈകിട്ട് ലാസ്റ്റ് ബസിറങ്ങി വീട്ടിലോട്ട് നടക്കുമ്പോള്‍ പ്രഫസര്‍ ഒറ്റയ്ക്കാണ്. ഭരണങ്ങാനം പള്ളിയുടെ ശവക്കോട്ടയുടെ അടുത്തെത്തുമ്പോള്‍ ചാടിവീണ് തലയ്ക്കടിച്ചു കൊല്ലാം.

മൂപ്പര്‍ക്കു കണ്‍കെട്ടു നടത്താന്‍ സമയം കൊടുക്കരുത്. അതിനാല്‍ അടി പിന്നില്‍നിന്നായിരിക്കണം. മെഡുല്യ ഒംബ്ളഗേറ്റ നോക്കി ആദ്യ അടി. അതോടെ, പ്രഫസറുടെ ബോധം പോകും, നില തെറ്റി നിലത്തുവീഴും. പിന്നെ സൗകര്യം പോലെ, സാഹചര്യം പോലെ, സമയം പോലെ, ഇഷ്ടം പോലെ കൊലയുടെ വിധം തീരുമാനിക്കാം.

ഷാപ്പുമുതലാളിമാര്‍ക്കു സന്തോഷമായി. സന്തോഷ് പക്ഷിയല്ല, പുലിയാണ്!!

അന്നു വൈകിട്ട്, ഷാപ്പുമുതലാളിമാരിലൊരാള്‍ ഭരണങ്ങാനത്തുനിന്ന് നല്ല ഒന്നാന്തരം തൂമ്പാക്കൈ ഒന്നു വാങ്ങി. പ്രഫസറുടെ ചാണത്തലയ്ക്കു പാകം നോക്കിയാണു വാങ്ങിയത്. ഒറ്റമുട്ടിന് ആളു തീരണം.

രാത്രിയായി. പക്ഷി സന്തോഷ് ശവക്കോട്ടയില്‍, അസ്ഥിക്കുഴിക്കു സമീപം കാത്തിരുന്നു.

പത്തുമണി.

ലാസ്റ്റ് ബസ് ഭരണങ്ങാനത്തുവന്നു. ബസില്‍നിന്ന്, ഒരേയൊരാള്‍, പ്രഫസര്‍ ഇടപ്പാടി മെല്ലെയിറങ്ങി. ഇടപ്പാടിയെ വിനയപുരസ്സരം ബസില്‍നിന്നിറക്കിയ ശേഷം കണ്ടകര്‍ ദീര്‍ഘനിശ്വാസത്തോടെ ഡബിള്‍ ബെല്ലു കൊടുത്തു.

പ്രഫസര്‍ നടന്നു തുടങ്ങി. ശവക്കോട്ട അടുത്തു തുടങ്ങി. പക്ഷി സന്തോഷിന്‍റെ ചങ്കില്‍, ഇടിവെട്ടി മഴ പെയ്തു തുടങ്ങി. അടുത്ത നിമിഷം പ്രഫസര്‍ അടുത്തെത്തും. അതിന്നടുത്ത നിമിഷം അതു സംഭവിച്ചിരിക്കണം.

സന്തോഷ് സൂക്ഷിച്ചു നോക്കി. അകലെനിന്ന് ഒരാള്‍ നടന്നു വരുന്നു. പ്രഫസര്‍ തന്നെ. പക്ഷേ, ചെറിയ കുഴപ്പം പോലെ. സന്തോഷ് കണ്ണു തിരുമ്മി സൂക്ഷിച്ചുനോക്കി. ശരിയാണ്, എന്തോ കുഴപ്പം പോലെ....

അകത്തു കിടന്നു തിളയ്ക്കുന്ന വാറ്റിന്‍റെയാകുമോ?

ഒന്നുകൂടി തലകുടഞ്ഞ ശേഷം പക്ഷി സന്തോഷ് സൂക്ഷിച്ചു നോക്കി. ഇല്ല താന്‍ കാണുന്നതു ശരിയാണ്.

ശവക്കോട്ട വഴിയിലൂടെ കയ്യില്‍ രണ്ടു കയ്യിലും പച്ചക്കറികളുമായി നടന്നടുക്കുന്ന മധ്യവയസ്കന്‍റെ കാലുകള്‍ നിലത്തുതൊടുന്നില്ല!!!

വെള്ളത്തിനു മീതേ നടന്ന കര്‍ത്താവീശോമിശിഹാ വീണ്ടും തന്‍റെ നേര്‍ന്നുനടന്നടുക്കുന്നതു പോലെ സന്തോഷിനു തോന്നി.
പച്ചക്കറികളുമായി കര്‍ത്താവീശോമിശിഹാ ശവക്കോട്ടയുടെ സൈഡിലൂടെയുള്ള വഴിയിലൂടെ വീട്ടിലോട്ടു പോയില്ല, പകരം, പുളളിക്കാരന്‍ നേരെ ശവക്കോട്ട കടന്ന് പക്ഷി സന്തോഷ് ഇരിക്കുന്ന അസ്ഥിക്കുഴിയുടെ അടുത്തേക്കു നടന്നു.

തന്‍റെ നേര്‍ക്ക്, നിലത്തുതൊടാതെ ഒഴുകി വരുന്ന കര്‍ത്താവിനെ കണ്ടു സന്തോഷ് പൂര്‍വാധികം ഭംഗിയായി വിറയ്ക്കാന്‍ തുടങ്ങി.

വിറ കൂടിക്കൂടി വന്നു. കര്‍ത്താവ് അടുത്തുകൊണ്ടിരുന്നു.

ഒടുവില്‍ കുത്തിയിരുന്നു വിറയ്ക്കുന്ന സന്തോഷിന്‍റെ തൊട്ടുമുന്നില്‍ കര്‍ത്താവ് നിന്നു. അപ്പോളും പക്ഷി സന്തോഷ് സൂക്ഷിച്ചുനോക്കി. ഇല്ല, കാലു നിലത്തു തൊട്ടിട്ടില്ല.

രണ്ടു ചിറകുണ്ടായിരുന്നേല്‍ പറന്നെങ്കിലും രക്ഷപ്പെടാമായിരുന്നു എന്നു സന്തോഷിനു തോന്നിയ നിമിഷങ്ങള്‍. തനിക്കു പക്ഷി എന്നു പേരിട്ടവരെ അയാള്‍ മനസ്സില്‍ ആത്മാര്‍ഥമായി പ്രാകി.

എന്താ മകനേ ഇവിടെ?

കര്‍ത്താവ് സന്തോഷിനോടായി ചോദ്യമെറിഞ്ഞു.

നല്ല മലയാളത്തിലുള്ള ചോദ്യം കേട്ട് സന്തോഷ് പകച്ചു. കര്‍ത്താവിന്‍റെ മുഖത്തേക്കു നോക്കാന്‍, സന്തോഷിനു ധൈര്യം വന്നില്ല. അതിനാല്‍, നിലത്തുതൊടാത്ത ആ കാലുകളിലേക്കു നോക്കി അയാള്‍ സത്യം പറഞ്ഞു.

ഞാനൊരാളെ കൊല്ലാന്‍ വന്നതാ.....

ആരെയാണു മകനേ നീ കൊല്ലാന്‍ പോകുന്നത്?

പ്രഫസര്‍ ഇടപ്പാടിയെ.....

കര്‍ത്താവ് ഒരുനിമിഷം ഞെട്ടിയോ?

ഞെട്ടല്‍ മറച്ചുവച്ച്, കര്‍ത്താവ് വീണ്ടും ചോദ്യമെറിഞ്ഞു- എന്തു ദ്രോഹമാണ് പ്രഫസര്‍ നിനക്കു ചെയ്തതു മകനേ?

എനിക്കൊന്നും ചെയ്തില്ല. അയാളു കാരണം, ഈ നാട്ടിലെ ഷാപ്പെല്ലാം പൂട്ടാറായി. ഷാപ്പുകാരു കാശുതന്ന് എന്നെ കൊണ്ടുവന്നതാ. അയാളെ തട്ടാന്‍...

പ്രഫസര്‍ക്ക്, ക്ഷമിക്കണം കര്‍ത്താവിന് കാര്യങ്ങള്‍ പിടികിട്ടിത്തുടങ്ങി.

അവര്‍ എത്ര രൂപ നിനക്കു തന്നു മകനേ?

അയ്യായിരം രൂപയ്ക്കാ ക്വട്ടേഷന്‍....

അയ്യായിരം രൂപയ്ക്ക് നീയൊരാളെ കൊല്ലാന്‍ ഇറങ്ങിയിരിക്കുന്നോ? നാണമില്ലേ നിനക്ക്?

പുതിയൊരു മൊബൈലു വാങ്ങണം. അതിന് അയ്യായിരം രൂപയാ വില. ചുമ്മാതിരുന്നാല്‍ ആ കാശു കിട്ടുമോ?

ശരി, നീയൊരു കാര്യം ചെയ്യ്, കുറച്ചുകൂടി നല്ലൊരു മൊബൈലു വാങ്ങിക്കോ... പതിനായിരം രൂപ ഞാന്‍ തന്നേക്കാം. പക്ഷേ, മേലില്‍ ഈ വഴി വന്നുപോകരുത്!!

പക്ഷി സന്തോഷ് ആലോചിച്ചു. ചുമ്മാ കാശു കിട്ടുകയാണ്. ഏതായാലും തനിക്കിനി പ്രഫസറെ കൊല്ലാന്‍ പറ്റില്ല. അതിനുള്ള ധൈര്യമെല്ലാം ചോര്‍ന്നുപോയിരിക്കുന്നു. കിട്ടുന്ന കാശു മേടിച്ചു സ്ഥലം വിടുക തന്നെ.

എന്നാല്‍ തന്നേര്, ഞാന്‍ പൊയ്ക്കോളാം.

കാലുനിലത്തു തൊടാതെ തുടരുന്ന കര്‍ത്താവീശോമിശിഹാ, കീശയില്‍നിന്ന് ആയിരം രൂപയുടെ പത്തു നോട്ടുകള്‍ എടുത്ത് പക്ഷി സന്തോഷിനു നല്‍കി. എണ്ണി നോക്കണമെന്നുണ്ടായിരുന്നെങ്കിലും ദാനം കിട്ടിയതിന്‍റെ പല്ലെണ്ണുന്നതു ശരിയല്ലല്ലോ എന്നോര്‍ത്ത് അതിനു പോയില്ല.

എന്നാ ഞാന്‍ പൊയ്ക്കോട്ട...? സന്തോഷ് ചോദിച്ചു.

ങും വേഗം പൊയ്ക്കോണം. ഈ ഏരിയായില്‍ ഒന്നും കണ്ടേക്കരുത്!!

അടുത്ത നിമിഷം പക്ഷി സന്തോഷ് ശവക്കോട്ടയ്ക്കു പുറത്തേക്ക് പായാന്‍ തുടങ്ങി.

ശവക്കോട്ടയ്ക്കു പുറത്തെത്താറായപ്പോളാണ് അതുണ്ടായത്!

നിക്കെടാ അവിടെ

സന്തോഷ് നിന്നു.

ഈ ഊരിവച്ചിരിക്കുന്ന ഷര്‍ട്ട് നിന്‍റെ അപ്പന്‍ വന്ന് എടുത്തോണ്ടു പോവുമോ? ഇട്ടോണ്ടു പോടാ....

സന്തോഷ് തിരിച്ചു വന്നു.ഭവ്യതയോടെ ഷര്‍ട്ട് എടുത്തിട്ടു. കയ്യില്‍ ചുരുട്ടിപ്പടിച്ചിരുന്ന പതിനായിരം രൂപ ഷര്‍ട്ടിന്‍റെ പോക്കറ്റിലിട്ടു. അടുത്ത നിമിഷം വീണ്ടുമൊരൊറ്റപ്പാച്ചില്‍. ഇത്തവണ ശവക്കോട്ട കടക്കുന്ന നേരത്തും പിന്‍വിളിയുണ്ടായില്ല.

സന്തോഷ് പോയെന്നുറപ്പായപ്പോള്‍ കര്‍ത്താവീശോമിശിഹായുടെ കാലുകള്‍ നിലത്തുമുട്ടി. വല്ലാത്തൊരു ദീര്‍ഘനിശ്വാസത്തോടെ പ്രഫസര്‍ ഇടപ്പാടി അവിടെയിരുന്നുപോയി. മല പോലെ വന്നത് എലിപോലെ പാഞ്ഞുപോയി.

കണ്‍കെട്ട് രക്ഷിച്ചു!!

അപ്പോളും സന്തോഷ് ഓടിക്കൊണ്ടിരിക്കുകയായിരുന്നു. മ‍ട്ടാഞ്ചേരി ഉന്നംവച്ചായിരുന്നു പക്ഷി സന്തോഷിന്‍റെ ഓട്ടം. പാലാ, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, കുറുപ്പുന്തറ, ആപ്പാഞ്ചിറ, തലയോലപ്പറമ്പ്, കാഞ്ഞിരമറ്റം, തൃപ്പൂണിത്തുറ, വൈറ്റില വഴി സന്തോഷിന്‍റെ ഓട്ടം എറണാകുളം പട്ടണത്തില്‍ അവസാനിച്ചു.

നേരം വെളുത്തു തുടങ്ങിയിരിക്കുന്നു.

പത്തെഴുപത് കിലോമീറ്റര്‍ ഓടിയാലെന്താ, പതിനായിരം രൂപയല്ലേ പോക്കറ്റില്‍ കിടക്കുന്നത് എന്നോര്‍ത്തപ്പോള്‍ പക്ഷി സന്തോഷിന്‍റെ ഉള്ളുകുളിര്‍ത്തു.

തോപ്പുംപടിയിലെ സ്ട്രീറ്റ് ലൈറ്റിന്‍റെ ചുവട്ടില്‍നിന്നുകൊണ്ട് സന്തോഷ് തന്‍റെ പോക്കറ്റില്‍ പരതി.
ഉണ്ട്, പോക്കറ്റില്‍ തന്നെയുണ്ട് കാശ്.

പതിനായിരം രൂപ ഒരുമിച്ചുകാണാനുള്ള അതിയായ ആഗ്രഹത്തോടെ, സന്തോഷ് പോക്കറ്റില്‍നിന്ന് കാശു കയ്യിലെടുത്ത് വെളിച്ചത്തിനു നേര്‍ക്കു പിടിച്ചു നിവര്‍ത്തി
.
.
.
.
.
ഒന്നല്ല, പത്ത്....

നടുവെ ഭദ്രമായി മടക്കിയ നിലയില്‍ പത്തു പ്ളാവിലകള്‍ സന്തോഷിന്‍റെ കയ്യിലിരുന്നു വിറച്ചു.


Powered By Blogger