ഹേറോദേസ് രാജാവിന്റെ കൊട്ടാരം. സലോമിയുടെ നൃത്തം. കൊട്ടാരക്കെട്ടുകളെ പിടിച്ചുലയ്ക്കുന്ന നൃത്തം.
നൃത്തത്തിനൊടുവില്‍ സംപ്രീതനായ ഹേറോദേസ് സലോമിയുടെ വലതുകൈ കരതലത്തിലെടുത്ത് അവളോടു ചോദിച്ചു.
പറയൂ, നടനരത്നമേ, സലോമി... നിനക്കായി ഞാനെന്താണു ചെയ്യേണ്ടത്???
ആ ചോദ്യം പ്രതീക്ഷിച്ചിരുന്നെങ്കിലും അവള്‍ കൃത്യമായി ഒരു മറുപടി പറയാതെ വിക്കിവിക്കി നില്‍പു തുടര്‍ന്നു.
പറയൂ... നിനക്കെന്താണു സമ്മാനമായി വേണ്ടത്? നീയെന്തു പറഞ്ഞാലും ഇൌ ഹേറോദേസ് നല്‍കിയിരിക്കും. ഇൌ രാജ്യം പോലും....
ഇതാണു പറ്റിയ സമയം. കണ്ണുകള്‍ പഴയനായിക ശാരദയെപ്പോലെ പടപടാന്നു തുറന്നടച്ചുകൊണ്ട് അവള്‍ പറഞ്ഞു.
എനിക്ക് സമ്മാനമായി.........
സമ്മാനമായി എന്തു വേണം, പറയൂ...- ഹേറോദേസിന് ആകാംക്ഷ
എനിക്കു സമ്മാനമായി......
ഉം മടിക്കാതെ പറയൂ...
ഒരു വെള്ളിത്താലത്തില്‍ സ്നാപക യോഹന്നാന്റെ തല!!!!
ടംഡഡോ.... അതിഭയങ്കര മ്യൂസിക്. ലൈറ്റ് ഡിമ്മര്‍ വക മാസ്മരിക പ്രകടനം. മ്യൂസിക് തീരും വരെ, വേദിയിലെ ശബ്ദ വെളിച്ച വിന്യാസങ്ങള്‍ പൂര്‍വരൂപത്തിലാകും വരെ ഹേറോദേസും സലോമിയും പരിവാരങ്ങളും സ്റ്റില്‍. അനങ്ങാന്‍ പാടില്ല.
സലോമിയുടെ മൂക്കിന്‍തുമ്പത്ത് ഉരുണ്ടുകൂടിയ വിയര്‍പ്പുതുള്ളി താഴേയ്ക്കു ചാടന്‍ അനുവാദം കാത്തു നിന്നു. പഴയ ബാലെക്കാരന്‍ ഗോപാലന്‍ ആശാന്റെ നിലവറയില്‍നിന്നു തപ്പിയെടുത്ത വിഗിനുള്ളിലെ ചെള്ള് ഹേറോദേസിന്റെ തലയില്‍ ആഞ്ഞു കടിച്ചു
കുടഞ്ഞുകൊണ്ടിരുന്നു.
എന്തു ചെയ്യാം? സ്്റ്റില്‍ ആയല്ലേ പറ്റൂ. സീന്‍തീരും വരെ രാജാവിനു തലചൊറിയാന്‍ നിയമമില്ലല്ലോ. ഭടനാവുകയായിരുന്നു നല്ലതെന്നോര്‍ത്തുകൊണ്ട്, ചൊറിയാന്‍ പറ്റാത്തതിന്റെ ചൊറിച്ചിലോടെ ഹേറോദേസും നില്‍പു തുടര്‍ന്നു. മ്യൂസിക് തീരുന്നില്ല, ലൈറ്റ് കെട്ടും ഒാഫായും ഇന്ദ്രജാലം തീര്‍ത്തുകൊണ്ടിരിക്കുന്നു.
ഇൌ സമയത്ത് തന്റെ മുറിച്ചു മാറ്റപ്പെടാനൊരുങ്ങുന്ന തലയെക്കുറിച്ചോര്‍ത്തു വിഷാദമേതുമില്ലാതെ മേക്കപ്പിന്റെ മിനുക്കുപണികളിലായിരുന്നു ശ്രീ സ്നാപകയോഹന്നാന്‍. സലോമിയ്ക്കു മുന്‍പില്‍ ഹേറോദേസ് കാഴ്ച വയ്ക്കുന്ന തന്റെ തല. സ്നാപകന്‍ ഉള്ളാലെ പൊട്ടിച്ചിരിച്ചു.
പാവം ഹേറോദേസ്. സുന്ദരിയായ സലോമി അവന്റേതുമാത്രമാണെന്നാണ് ആ മണ്ടന്റെ വിചാരം. സലോമിക്കിഷ്ടം തന്നോടാണെന്നു സ്നാപകനു നന്നായറിയാം. കാരണം, നാടക റിഹേഴ്സലിന്റെ സമയത്തും ഇടവേളയില്‍ ചായയും ഏത്തയ്ക്കാ ബോളിയും കഴിക്കുന്ന നേരത്തും സലോമി തന്റെയടുത്തു മാത്രമേ നില്‍ക്കാറുള്ളൂ.
ഹേറോദേസ് എന്ന വിവരദോഷിക്ക് നാടകം പഠിപ്പിക്കുന്ന ബേബിയാശാന്റെ കയ്യില്‍നിന്നു കിഴുക്കും നല്ല തെറിയും കിട്ടുമ്പോള്‍ അവള്‍ ചിരിക്കുന്നതും താന്‍ കണ്ടിട്ടുണ്ട്. പോരാത്തതിന്, തടികൂടുമെന്നു പറഞ്ഞ് എന്നും അവളുടെ ഏത്തക്കാ ബോളി കൂടി തനിക്കു തരാറുണ്ടവള്‍. ഒരു കുഞ്ഞുപോലുമറിയാതെ ഇടയ്ക്കിടെ തന്നെ കാണുമ്പോള്‍ ചിരിക്കാറുമുണ്ട്.
ഒരു ദിവസം, പള്ളിയില്‍ കുര്‍ബാന കഴിഞ്ഞു പോകുമ്പോള്‍ എതിരെ അവളുടെ അമ്മയും അനിയത്തിമാരും നടന്നു വരികയാണ്. അവളുമുണ്ടു കൂടെ. എന്നാ ഭാവമായിരന്നു പെണ്ണിനപ്പോള്‍. നാടകത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നതാണെന്ന ഭാവം പോലുമില്ല. അവളുടെ അമ്മയെ നോക്കിയൊന്നു ചിരിച്ചു. ഒരു പരിചയം കിടക്കട്ടെ. അഡ്വാന്‍സായെന്നു വിചാരിച്ചു.
വൈകിട്ട് റിഹേഴ്സലിനു വന്നപ്പോള്‍ അവള്‍ പറഞ്ഞു- സ്നാപകനെ അമ്മയ്ക്കു മനസ്സിലായില്ല കേട്ടോ. എന്നോടു ചോദിച്ചു, ഏതാണെന്ന്, ഞാന്‍ അറിയില്ല എന്നു പറഞ്ഞു.
കള്ളി. പെണ്ണുങ്ങളെല്ലാം ഇങ്ങനെയായിരിക്കും. - അന്നേ തീരുമാനിച്ചതാണ്, സ്നാപകന്റെ തല ചോദിച്ചു വാങ്ങുന്ന സലോമിയെ അപ്പാടെ താന്‍ തട്ടിയെടുക്കുമെന്ന്. അതിനു ഹേറോദേസല്ല, അവന്റെ അപ്പന്റെ അപ്പന്റെ അപ്പന്‍ തടസ്സം നിന്നാലും നടക്കൂല്ല. അത്ര തന്നെ.
ദീര്‍ഘ നിശ്വാസത്തോടെ സ്നാപകന്‍ ട്രോളിയുടെ അടിയിലേക്കു കയറി. അതിന്റെ പീഠത്തിലെ ദ്വാരത്തിലൂടെ തല മുകളിലേക്ക് ഉയര്‍ത്തി വച്ചു. ഇപ്പോള്‍ സംഗതി ഫിറ്റായി. അണിയറക്കാര്‍ ട്രോളിയുടെ നാലുഭാഗത്തും താഴോട്ടുള്ള ഭാഗം ചുവപ്പു പട്ടു തുണികൊണ്ട് അലങ്കരിച്ചു. ഇപ്പോള്‍ നോക്കിയാല്‍ തള്ളിക്കൊണ്ടു വരുന്ന ഒരു പീഠത്തില്‍ സ്നാപകയോഹന്നാന്റെ തലയിരിക്കുന്നു. തലയുടെ താഴോട്ടുള്ള ഭാഗം ആരും കാണുന്നില്ല.
അടുത്ത സീനില്‍, സ്നാപകന്റെ തല വേദിയിലെത്തുന്നതോടെ നാടകത്തിനു ക്ളൈമാക്സ്. എങ്ങനെ സ്നാപന്റെ തല വേദിയിലെത്തിക്കുമെന്നോര്‍ത്തു തല പുണ്ണാക്കുന്ന കാണികളായ മണ്ടന്മാരെ ഞെട്ടിച്ചുകൊണ്ട് ഏതാനും മിനിറ്റുകള്‍ക്കകം സ്നാപകന്റെ തല മറയ്ക്കപ്പെട്ട ഉടലോടെ വേദിയിലെത്തും.
അതുകണ്ടു ഹേറോദേസ് നടുങ്ങണം. സലോമി ഉള്ളാലെ ചിരിക്കണം.
ബേബിയാശാന്‍ ഇക്കാര്യം ആയിരംവട്ടം പറഞ്ഞിട്ടും ഹേറോദേസിനു നടുക്കം വരുന്നില്ല. ഇതുമൂലം അവന്റെ ചെവിയുടെ നിറം സ്ഥിരമായി ചുവന്നതായി.
എന്നതാടാ നാറി, നിനക്കു നടുങ്ങാന്‍ അറിഞ്ഞുകൂടേ? - ബേബിയാശാന്‍ ചൂടായി.
ഹേറോദേസ് പരുങ്ങി. അപ്പോള്‍ സലോമിയുടെ കണ്ണുകള്‍ തിളങ്ങുന്നത് സ്നാപകന്‍ കണ്ടു. ആ കാഴ്ചയുടെ ആത്മവിശ്വാസത്തോടെ സ്നാപകന്‍ ഉറക്കെ ചിരിച്ചു.
സ്നാപകന്റെ ചിരി തീരും മുന്‍പു റിഹേഴ്സല്‍ക്യാംപ് ഒന്നടങ്കം ചിരിച്ചു.
ഹേറോദേസിന്റെ തലയുരുണ്ടു. വൈകിട്ട് റിഹേഴ്സല്‍ കഴിഞ്ഞു വീട്ടിലേക്കു പോകും വഴി ഹേറോദേസ് ആദ്യമായി സ്നാപകന്റെ തലയില്‍ കൈവച്ചു.
നാടകത്തിനു സ്റ്റേജേല്‍ കയറുമ്പോള്‍ കഴുത്തിനു മുകളില്‍ തല വേണേല്‍ നീയവളെ മറക്കണം. - ഹേറോദേസ് കട്ടായം പറഞ്ഞു.
മറക്കാന്‍ എനിക്കു മനസ്സില്ല. ഞങ്ങളു തമ്മില്‍ പ്രേമത്തിലാണ്. -സ്നാപകന്‍ തിരിച്ചടിച്ചു.
പ്രേമമാണെന്നു നീ മാത്രം തീരുമാനിച്ചാല്‍ മതിയോ? - ഹേറോദേസിന്റെ കണ്ണുകൂടി ചുവന്നു.
തല്‍ക്കാലം അതു മതി. സമയമാകുമ്പോള്‍ അവളെക്കൊണ്ട് പറയിപ്പിക്കാം- സ്നാപകന്‍ വീണ്ടും ആഞ്ഞടിച്ചു.
ഹേറോദേസിന്റെ കണ്ണില്‍, ചുവന്ന തീക്കട്ട ഉറുമ്പരിക്കുന്നതു സ്നാപകന്‍ കണ്ടു. രണ്ടുദിവസം അവര്‍ തമ്മില്‍ മിണ്ടിയില്ല. ആകെ സംസാരം നാടകത്തിലെ ഡയലോഗുകള്‍ മാത്രം. അതിനുശേഷം റിഹേഴ്സലിനിടെ അവന്റെ കണ്ണുകള്‍ സ്നാപകന്റെ ഉറക്കം കെടുത്തി.
അവസാന സീനില്‍, ട്രോളിയില്‍ ഉരുട്ടിക്കൊണ്ടു വരുന്ന തന്റെ തല കണ്ടപ്പോള്‍ അവന്റെ കണ്ണില്‍ കത്തിയതു തീയായിരുന്നു. ബേബിയാശാന്‍ അതിനെ നടുക്കം എന്നു തിരിച്ചു വായിച്ചു.
ഒടുവില്‍ ഹേറോദേസ് നടുങ്ങാന്‍ പഠിച്ചു. - ബേബിയാശാന്‍ അതുറക്കെ പറഞ്ഞപ്പോള്‍ ക്യാംപ് ഒന്നടങ്കം കയ്യടിച്ചു. സലോമിയും..
അതു സ്നാപകന്‍ പ്രതീക്ഷിച്ചിരുന്നില്ല.
ട്രോളിക്കിടയില്‍ അനങ്ങാനാവാത്ത അവസ്ഥയില്‍ താനെന്തു ചെയ്യാന്‍..??
അവസാന സീന്‍. രണ്ടു പടയാളികള്‍ വന്നു, സ്നാപകന്റെ തല തള്ളിക്കൊണ്ടുപോകാന്‍.
സദസിന്റെ മുന്‍പില്‍ത്തന്നെ അമ്മച്ചിയിരിപ്പുണ്ട്. തല മാത്രമായ അവസ്ഥയില്‍ തന്നെ കണ്ട് അമ്മച്ചി അലറി വിളിക്കുമോ ആവോ? സസ്പെന്‍സ് പൊട്ടേണ്ട എന്നു കരുതിയതു പാരയാവുമോ?
റോസ് പൌഡറിന്റെയും വിയര്‍പ്പിന്റെയും സമ്മിശ്രഗന്ധം പരക്കുന്ന വേദിയിലേക്ക്, ഹൈമാസ്റ്റ് വെളിച്ചത്തിന്റെ കടുത്ത ചൂടിലേക്ക് സ്നാപകന്റെ തല ഉയിരോടെ കയറിച്ചെന്നു.
നടന രത്നമേ, സലോമി, ഇതാ ഇങ്ങോട്ടു നോക്കൂ... -
നീയാവശ്യപ്പെട്ട സ്നാപക യോഹന്നാന്റെ തല ഇതാ. ഇവിടെ, ഇൌ രാജസന്നിധിയില്‍. നിന്റെ ആവശ്യം ഞാന്‍ സാധിച്ചു തന്നിരിക്കുന്നു- ഹേറോദേസ് വേദിയില്‍ സര്‍വം മറന്ന് അട്ടഹസിച്ചു.
പോയി പണി നോക്കെടാ കോപ്പേ എന്ന് ഉറക്കെ അലറണമെന്നുണ്ടായിരുന്നെങ്കിലും തന്റെ റോളിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചോര്‍ത്ത് സ്നാപകന്‍ നിശബ്ദത പാലിച്ചു.
വേദിക്കു താഴെ പള്ളിപ്പെരുനാളിനെത്തിയ പുരുഷാരം സ്നാപകന്റെ തലയിലേക്കു നോക്കി അന്തം വിട്ടു നില്‍ക്കുന്നതിനിടെയാണ് അതുസംഭവിച്ചത്.
അട്ടഹാസത്തിന്റെ തുടര്‍ച്ചയായി ഒരു അലര്‍ച്ചയോടെ ട്രോളിക്കു നേരെ പാഞ്ഞുചെന്ന ഹേറോദേസ് അടുത്ത സെക്കന്‍ഡില്‍ സ്നാപകന്റെ തല നോക്കി കൈവീശിയടിച്ചു.
സ്ക്രിപ്റ്റിലില്ലാത്ത സീന്‍ കണ്ട്, ചെണ്ടക്കാരന്‍ അറിയാതെ രണ്ടടിച്ചു.
പടയാളികള്‍ ഞെട്ടി. ബേബിയാശാന്‍ ഞെട്ടി. സ്നാപകനും അടിയുടെ ഏക്കത്തില്‍ നല്ല ഒന്നാന്തരമായി ഞെട്ടി. സ്ക്രിപ്റ്റ് അറിഞ്ഞുകൂടാത്ത പൊതുജനം അതും നാടകത്തിലുള്ളതാണെന്നു കരുതി കയ്യടിച്ചു.
ഭൂമി കറങ്ങുന്നതു പോലെ തോന്നി. അല്ല, ശരിക്കും കറങ്ങുകയാണ്. അടുത്ത സീനില്‍ ഹേറോദേസ് സ്നാപകന്റെ മൂക്കില്‍ പിടിച്ചു കുടഞ്ഞു. വീണ്ടും ജനം കയ്യടിച്ചു.
സ്നാപകന്റെ മൂക്കില്‍നിന്നു ചെവിയിലേക്കു പിടിത്തം മാറ്റിയ ഹേറോദേസ് നല്ല ഒന്നാന്തരമായി കിഴുക്കി. അനങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയില്‍, ഭാവവ്യതിയാനം പോലും വരുത്താന്‍ പറ്റാത്ത തലയുമായി തന്റെ പ്രണയത്തെയോര്‍ത്ത് എല്ലാം സഹിച്ചു.
സ്ക്രിപ്റ്റിലില്ലാത്ത സീനാണേലും അതു കണ്ടു സലോമി പൊട്ടിച്ചിരിച്ചു. നാടകത്തിലെ സലോമി ചിരിച്ചേ മതിയാവൂ. കാരണം അവളുടെ റോള്‍ അതാണല്ലോ. തന്റെയത്രയും സ്റ്റേജ് എക്സിപീരയന്‍സ് ഇല്ലേലും സലോമി മിടുക്കിയാണെന്നോര്‍ത്ത് വേദനയ്ക്കിടെയും സ്നാപകന്‍ അഭിമാനിച്ചു.
ഹേറോദേസിന്റെ പ്രയോഗങ്ങള്‍ നീണ്ടുപോകവേ കര്‍ട്ടന്‍ വീണു.
ജനം കയ്യടി തുടര്‍ന്നുകൊണ്ടിരിക്കെ, ഹേറോദേസ് സലോമിയുടെ കയ്യില്‍ പിടിച്ച് അനങ്ങാന്‍ പറ്റാത്ത അവസ്ഥയിലിരിക്കുന്ന സ്നാപകനോടായി ഇപ്രകാരം പറഞ്ഞു
ഇവള്‍ക്കു നിന്നോടൊരു പ്രേമവുമില്ല കോപ്പുമില്ല. ഇക്കാര്യം ഇന്നു രാവിലെ ഇവളു തന്നെ എന്നോടു പറഞ്ഞു.-
സ്ക്രിപ്റ്റിലില്ലാത്ത ഡയലോഗിന്റെ തീവ്രത കേട്ട് അണിയറക്കാര്‍ വീണ്ടും ഞെട്ടി.
വെറും തലയായ അവസ്ഥയില്‍ സ്നാപകന്‍ സലോമിയുടെ നേര്‍ക്കു നോക്കി.
സലോമിയെ കാണാനില്ല.
സ്റ്റേജില്‍ സലോമിയില്ല. ഹേറോദേസും ചുറ്റും നോക്കി. തൊട്ടുമുന്‍പു താന്‍ കയ്യില്‍ പിടിച്ച് ഇവിടെ നിര്‍ത്തിയ സലോമിയെവിടെ?
അണിയറയിലും സലോമിയില്ല. സദസ്സിലും സലോമിയില്ല. സലോമിയെവിടെ?
സലോമീ.....
ഒറ്റയ്ക്കും തെറ്റയ്ക്കും ആ വിളി മുഴങ്ങിക്കൊണ്ടിരിക്കെ, സ്റ്റേജിനു താഴെയുള്ള മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍ സലോമി, അടുത്ത നാടകത്തിലെ യേശുക്രിസ്തുവിനെയും കാത്തുനില്‍ക്കുകയായിരുന്നു.
അവന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ പോലും യോഗ്യതയില്ലാത്തവരുടെ വിളി അവളുടെ കാതുകളില്‍ വീണ്ടും മുഴങ്ങി.
സലോമീീീീീീീ