Tuesday, April 17, 2007
ലാസറിനെ ഉയര്‍പ്പിച്ച ലേസര്‍പ്രേതം...!
ഞാന്‍ പൊയ്ക്കാളാമേ.......
കഴിഞ്ഞ 15 വര്‍ഷമായി ചാലയ്ക്കല് രാജു എന്ന പാവപ്പെട്ട ഞങ്ങളുടെ നാട്ടുകാരനെ രാത്രിയില്‍ ഒളിച്ചിരുന്ന് ആരെന്കിലുമൊക്കെ പേടിപ്പിക്കുന്പോള്‍ മരണവെപ്രാളത്തോടെയുള്ള ഓട്ടത്തിനിടയില്‍ അദ്ദേഹം വിളിച്ചുപറഞ്ഞിരുന്നത് ഈ വാക്കുകളായിരുന്നു.
ഞാനൊരു പാവമാണേ... ഞാന്‍ പൊയ്ക്കോളാമേ.... എന്നു മുഴുവന്‍ രൂപം!
ഭരണങ്ങാനം അല്‍ഫോന്‍സാ ചാപ്പലിന്റെ കിഴക്കുഭാഗത്തായാണു സെമിത്തേരി. ആയിരം വര്‍ഷം പഴക്കവും ആയിരത്തിലേറെ ഇടവകാംഗങ്ങളുമുള്ള പള്ളിയായതിനാല്‍ പള്ളിയെക്കാള്‍ വലുതാണു സെമിത്തേരി എന്നു പറയാം.
മുന്‍പ് നാടുഭരിച്ചിരുന്ന കനിഷ്ക മഹാരാജാവിന്റെ കണക്കപ്പിള്ളമാര്‍ വരെ അന്ത്യനിദ്ര കൊള്ളുന്ന സ്ഥലമെന്നും വേണമെന്കില്‍ പറയാം. ഭരണങ്ങാനം എന്ന കര്‍ഷക കോമള ഗ്രാമത്തിന്റെ ഹില്‍സ്റ്റേഷനായ ചിറ്റാനപ്പാറ, ഔദ്യോഗിക കള്ളുഷാപ്പ് കുടികൊള്ളുന്ന അയ്യന്പാറ, പിന്നെ ഞങ്ങളൊക്കെ താമസിക്കുന്ന പാതാളം നഗര്‍ (ജങ്ഷനില്‍ കട നടത്തുന്നവന്‍ മാവേലി, അതിനാല്‍ സ്ഥലം പാതാളം എന്നു വിവക്ഷ!) തുടങ്ങിയടങ്ങളിലേക്കുള്ള സാധാരണ ജനങ്ങളുടെ സഞ്ചാര മാര്‍ഗം ഈ ശവക്കോട്ടയുടെ അരികിലൂടെയാണ്.
കൊച്ചി നെഹ്റു സ്റ്റേഡിയത്തിലെ ഫ്ളഡ് ലൈറ്റുകള്‍ തോറ്റുപോകുന്ന തരത്തിലുള്ള പ്രകാശം ഒരു കാലത്ത് സെമിത്തേരിയുടെ അരികിലൂടെയുള്ള വഴിയില്‍ ഉണ്ടായിരുന്നു.
അടുത്തകാലത്ത് അറുത്ത കയ്യില്‍ കുന്തിരിക്കം തേയ്ക്കുന്ന കാര്യമോര്‍ത്താല്‍ ബി പി കൂടുന്ന സ്വഭാവമുള്ള ഒരു വൈദിക ശ്രേഷ്ഠന്‍ ഭരണങ്ങാനത്തിന്റെ അജപാലന ദൗത്യമേറ്റെടുത്തതോടെയാണു കാര്യങ്ങള്‍ തകിടം മറിഞ്ഞത്.
സെമിത്തേരി വഴിയിലെ പ്രകാശമണഞ്ഞു. ചാലയ്ക്കല്‍ രാജുവിനെ പോലെ വിരലില്‍ എണ്ണിയാല്‍ തീരാത്തത്ര പാവങ്ങളായ പേടിത്തൊണ്ടന്മാരുടെ മനസ്സിലും പ്രകാശമണഞ്ഞു.
പത്താംക്ളാസില്‍ പഠിക്കുന്പോള്‍ കോപ്പിയടിച്ചതു പിടിച്ചതിന് പ്രതികാരമായി നായ്ക്കുരണപ്പൊടി എറിഞ്ഞ് ആശുപത്രിയിലാക്കിയ പഴയ ഡ്രില്ലുസാര്‍ ചേറപ്പായി വരെ അന്ത്യനിദ്ര കൊള്ളുന്ന സ്ഥലമാണ്. രാത്രി വൈകി വെളിച്ചമില്ലാത ശവക്കോട്ടയുടെ അരികിലൂടെ പോവുകയെന്നു വച്ചാല്‍ ബുദ്ധിമുട്ടാണ്.
അച്ചനോടു വെളിച്ചക്കുറവിന്റെ കാര്യം പറയാന്‍ ചെന്ന ചില കുഞ്ഞാടുകളോട് ( പ്രേയിങ് ആന്‍ഡ് പേയിങ് പാര്‍ട്ട് ഓഫ് ദ് ചര്‍ച്ച് എന്ന് ആംഗലേയം) ഉള്ള കഞ്ഞി നേരത്തെ കുടിച്ചു കിടന്നുറങ്ങിക്കൊള്ളാന്‍ അച്ചന്‍ ഇടയലേഖനം വഴി അരുള്‍ ചെയ്തു. രാത്രി വൈകിയുള്ള നടപ്പു നാട്ടുകാരു നിര്‍ത്തുന്നതാണു നല്ലതെന്നും.
പക്ഷേ എന്തു ചെയ്യാം, പാലമ്മൂട് ഷാപ്പ് അടയ്ക്കുന്പോള്‍ രാത്രി പത്തുമണിയാകും. ഷാപ്പടയ്ക്കാതെ വീട്ടില്‍ പോയാല്‍ ഉറക്കം വരാത്ത ചാലയ്ക്കല്‍ രാജുവിനെപ്പോലുള്ള ആത്മാര്‍ഥ കുടിയന്മാര്‍ക്കു നേരത്തെ കിടന്നുറങ്ങുന്ന കാര്യവും ആലോചിക്കാന്‍ വയ്യ. വെളിച്ചമില്ലെന്കിലും ഗത്യന്തരമില്ലാതെ അതുവഴി പോകാന്‍ രാജുവിനെപ്പോലുള്ളവര്‍ തീരുമാനിച്ചതും അങ്ങനെയായിരുന്നു.
വിറയ്ക്കുന്ന കൈയില്‍ കത്തിച്ചുപിടിച്ച മെഴുകുതിരിയുമായി അവര്‍ ശവക്കോട്ട അഥവാ സെമിത്തേരിക്കു സമീപത്തുകൂടി രാത്രിവൈകിയും വീട്ടിലേക്കു പൊയ്ക്കൊണ്ടിരുന്നു. തൊട്ടടുത്തുള്ള റബര്‍ത്തോട്ടത്തിലൂടെ പന്നിയെലി ഓടുന്ന ശബ്ദം പോലും അവരെ ഞെട്ടിച്ചു.
പേടി പുറത്തു കാണിക്കാതിരിക്കാന്‍,
ആരെടാ അത്? തട്ടിക്കളയും, ചുണയുണ്ടേല്‍ നേരില്‍ വാടാ...
തുടങ്ങിയ ക്ഷത്രിയ വീര്യമുള്ള പദാനുപദ സാഹിത്യം ശുദ്ധമായ നാട്ടിന്‍പുറത്തെറികളാല്‍ ആലേപനം ചെയ്ത് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് അവര്‍ നടപ്പു തുടരുക.
അങ്ങനെയൊരു ദിവസം രാത്രി എട്ടുമണി.
വീട്ടിലേക്കുള്ള പത്തുകിലോ റേഷനരിയും തലയില്‍ വച്ച് കയ്യില്‍ ഒരു മെഴുകുതിരി പോലുമില്ലാതെ വീട്ടിലേക്കു വരികയാണു ചേലയ്ക്കല്‍ രാജു.
സെമിത്തേരിയുടെ തൊട്ടടുത്ത് എത്തിയപ്പോള്‍ എതിരെ വന്ന നാട്ടുകാരന്‍ ആ വലിയസത്യം രാജുവിന്റെ മുന്നിലേക്കു ലോബ് ചെയ്തിട്ടുകൊടുത്തു...
വെള്ളിയാഴ്ചയായിട്ടെന്താ രാജുച്ചേട്ടാ ഒറ്റയ്ക്ക്...?!!!
രാജുവിന്റെ അകവാളു വെട്ടി. ഇനി പത്തടി കൂടി നടന്നാല്‍ സെമിത്തേരിയാണ്.
അതുവഴി രണ്ടുമിനിട്ട് നടക്കണം. ഓടുകയാണേല്‍ ഒരുമിനിട്ട്. രണ്ടായാലും, അത്രയും സമയം പോലും ധൈര്യമായി ഒറ്റയ്ക്ക് അതുവഴി പോകാനുള്ള ധൈര്യം തനിക്കില്ലെന്നു തികട്ടി വന്ന അന്തിക്കള്ളിന്റെ അരുചിയോടെ രാജു ഓര്‍ത്തു.
പേരറിയാവുന്നതും അറിയാത്തതുമായ സകല ദൈവങ്ങളെയും മനസ്സില്‍ വിളിച്ച് രാജു ധൈര്യമായി സെമിത്തേരി വഴിയിലേക്ക് ഇടതുകാലെടുത്തു വച്ചു. (വലതു കാലില്‍ കഴിഞ്ഞദിവസമൊരു പട്ടികടിച്ചതിനാല്‍ മുറിവ്! സ്വാധീനക്കുറവ്!)
നെഞ്ചിനകത്ത് മട്ടന്നൂര്‍ ശന്കരന്‍കുട്ടിയുടെയും മക്കളുടെയും ട്രിപ്പിള്‍ തായന്പക! പുറത്ത് ട്രിപ്പിള്‍ ജഗപൊക!
രാജു മുന്പോട്ടു നടന്നു. ഓരോ കാലും ശ്രദ്ധയോടെ, അതീവശ്രദ്ധയോടെ, പതിയെ, ശബ്ദമുണ്ടാക്കാതെ, തലയില്‍ തേങ്ങ വീണു ചത്ത താമരക്കുഴിയില്‍ അന്ത്രപ്പന്റെ ആത്മാവു കേള്‍ക്കാതെ, രാജു മുന്പോട്ടു നടന്നുകൊണ്ടിരുന്നു.
അപ്പോഴാണ്... കാലിന്റെ ചുവട്ടിലൊരു ചുവന്ന ജീവി. രാജു ഞെട്ടി. ജീവി ഒറ്റക്കുതിപ്പിനു സെമിത്തേരിയുടെ മതിലില്‍. അവിടെനിന്നു സമീപത്തെ 105 റബറിനറെ ഏരത്തില്‍, വീണ്ടും രാജുവിന്റെ കാല്‍ചുവട്ടില്‍. ഒറ്റരൂപത്തുട്ടിന്റെ വലിപ്പം, നല്ല ചെഞ്ചുവപ്പ്, ഒസിആര്‍ റം തോറ്റുപോകുന്ന നിറം...
രാജുവിന്റെ മനസ്സു പിടച്ചു. തലയിലിരുന്ന അരിച്ചാക്ക് വിറച്ചു.
ഉറക്കെ കരയാന്‍ ആപാവം വാ പൊളിച്ചെന്കിലും ശബ്ദം പുറത്തുവന്നില്ല... താഴെ മാവേലിയുടെ പച്ചക്കറിക്കടയില്‍ ലൈറ്റണഞ്ഞിട്ടില്ല. അവസാനത്തെ കച്ചിത്തുരുന്പ് കണ്ട ആശ്വാസത്തില്‍ രാജു സര്‍വശക്തിയുമെടുത്ത് ഓടി...
ഞാന്‍ പൊയ്ക്കോളാമേ......
അതുറക്കെ വിളിച്ചു പറയാന്‍ അദ്ദേഹം മറന്നില്ല!
ഓടിയെത്തിയത് മാവേലിയുടെ കടയില്‍ത്തന്നെ. മാവേലി എന്ന പേരുകാരനായ സണ്ണി മാത്രം കടയില്‍.
പതിവില്‍നിന്നു വിരുദ്ധമായി കസേരയില്‍ രണ്ടുകാലുമെടുത്തു വച്ചാണിരിപ്പ്. സണ്ണിയുടെ മുഖത്ത് അടൂര്‍ ഗോപാലകൃഷ്ണന്റെ പടം ബ്ളായ്ക്കില്‍ ടിക്കറ്റെടുത്തു കണ്ടിറങ്ങി വന്നവന്റെ നിര്‍വികാരത.
എന്തു പറ്റി രാജുച്ചേട്ടാ...
എന്റെ സണ്ണീ... ഒരു ജീവി.. ആ സെമിത്തേരിയുടെ അരികത്ത്, അതെന്റെ കാലില്‍ കടിക്കാന്‍ നോക്കി. ഞാന്‍ ഓടി... എന്തോ വിഷമുള്ള ഇനമാണെന്നു തോന്നുന്നു...
ജീവി ഇവിടെയും വന്നിരുന്നു.. -സണ്ണി പറഞ്ഞു
ഈ പച്ചക്കറികളിലൊക്കെ കയറി. എന്റെ ദേഹത്തു കയറാന്‍ നോക്കി. ഞാന്‍ ഉറക്കെ തെറിവിളിച്ചു പോയി, പേടിച്ചിട്ടാണ്, പക്ഷേ അതോടെ അതു പോയി...
അതു വന്നതിനു ശേഷം കാലിനൊരു ചൊറിച്ചില്‍.. സണ്ണി സന്കടപ്പെട്ടു..സാരമില്ല, രാജുച്ചേട്ടാ...ഇനിയും വന്നാല്‍ രണ്ടു തെറി വിളിച്ചാല്‍ മതി... പിന്നെ വരില്ല.!!
എന്നാലും സണ്ണി, അതു വല്ല പ്രേതവുമായിരിക്കുമോ? രാജുവിനു സംശയം വീണ്ടും കാടുകയറി...
ഹേയ്, പ്രേതമോ... രാജുച്ചേട്ടന്‍ ധൈര്യമായിട്ടു പൊയ്ക്കോ... ഞാനിവിടെയില്ലേ?ഉള്ളിലുരുണ്ടുകൂടിയ പേടി ഭദ്രമായി മൂടിവച്ചു സണ്ണി രാജുവിനെ സ്വാന്ത്വനിപ്പിച്ചു...
എന്നാല്‍ സണ്ണി അരക്കിലോ തുണ്ടം മീന്‍കൂടി തന്നേര്... പിള്ളേര്‍ക്കു പള്ളിക്കൂടത്തില്‍ പൊതികെട്ടിക്കൊടുത്തു വിടാന്‍ഒന്നുമില്ലെന്നു രാവിലെയും പെന്പറന്നോത്തി പറഞ്ഞതേയൂള്ളൂ..
പ്രേതപ്പേടി കച്ചവടമായതിന്റെ പൊടിസന്തോഷത്തോടെ, നാടുമുഴുവന്‍ നാറാന്‍ പര്യാപത് മായ ഉണക്കമീന്‍ അരക്കിലോ സണ്ണി പൊതിഞ്ഞുകെട്ടി കൊടുത്തു..
സകലദൈവങ്ങളെയും വീണ്ടും വിളിച്ച് രാജു യാത്ര തുടര്‍ന്നു..
ഇല്ല, ശല്യമില്ല, ഒരു ജീവിയുടെയും ശല്യമില്ല...
അങ്ങനെയാണു രാജു കരുതിയതെന്കിലും അതു സത്യമായിരുന്നില്ല. വഴി മുന്നോട്ടുപോകവേ രാജു ആ കാഴ്ച കണ്ടു.
റോഡരികില്‍ രണ്ടുപേര്‍ പുല്ലില്‍ മലക്കം മറിയുന്നു.
ആരാ അത്? രാജു ഇല്ലാത്ത ധൈര്യം എവിടെനിന്നോ ഉണ്ടാക്കി ചോദിച്ചു.
ഞങ്ങളാ.. അയ്യപ്പനും മണികണ്ഠനും... മറുപടി.
രണ്ടും ഒരേ ആളുടെ രണ്ടുപേരല്ലേയെന്നു മനസ്സിലാവര്‍ത്തിച്ചുകൊണ്ടിരുന്ന ഹരിനാമ കീര്‍ത്തനത്തിന്റെ ലഹരിയില്‍ രാജു പേടിയോടെ മനസ്സിലോര്‍ത്തു.
അവിടേക്കു വിറച്ചു നടക്കുന്നതിനിടയില്‍, രാജുവിനു കാര്യം മനസ്സിലായി. അയലോക്കത്തെ അയ്യപ്പന്‍, പെയിന്റര്‍. ഒപ്പം അയ്യപ്പന്റെ അയലോക്കത്തെ മണികണ്ഠന്. മേസ്തിരി. രണ്ടുപേരും എന്തോ തപ്പുകയാണ്.
രാജുവിനും ധൈര്യമായി. മൂന്നുപേരായല്ലോ.ഇനി പേടിക്കാനില്ല. അഥവാ ഉള്ള പേടി ധൈര്യമായി ഷെയറു ചെയ്യാമല്ലോ...!
എന്താ അയ്യപ്പാ തപ്പുന്നത്- രാജു ചോദിച്ചു.
അതോ, ഒരു ജീവി, ഇപ്പം ഇവിടെയുണ്ടായിരുന്നു. നല്ല ചുവപ്പു നിറം. ഈ പുല്ലിനടയില്‍ ഉണ്ടോയെന്നു നോക്കുകയാ...
രാജു വീണ്ടും ഞെട്ടി.
ജീവി ഇവിടെയും. മനുഷ്യനെ വിടുന്ന ലക്ഷണമില്ല. കൊണ്ടേ പോകൂ...
വീട്ടില്‍ തന്നെ കാത്തിരിക്കുന്ന ഭാര്യയെയും ദ്വാരക ഹോട്ടലില്‍നിന്നു വാങ്ങിയ ഏത്തക്ക ബോളി കാത്തിരിക്കുന്ന മക്കളെയും ഓര്‍ത്തപ്പോള്‍ രാജുവിനു സന്കടം വന്നു. സാധാരണയായി ഷാപ്പില്‍ കള്ളുതീര്‍ന്നുവെന്നു കച്ചവടക്കാരന്‍ പറയുന്പോള്‍ മാത്രമാണു രാജുവിനു സന്കടം വരാറ്... പുല്ലില്‍ ആഞ്ഞുതപ്പുന്നതിനിടെ, അവരെ ഞെട്ടിച്ചുകൊണ്ട് ജീവി വീണ്ടും വന്നു.
ഇത്തവണ രാജുവിന്റെ മീന്പൊതിയിലാണു ജീവിവന്നിരുന്നത്. അതവിടെത്തന്നെയിരുന്നു. രാജു കയ്യിലിരുന്ന മീന്‍പൊതിയിലേക്കു നോക്കിക്കരഞ്ഞു.
അയ്യപ്പാ ഇതു പ്രേതമാടാ....അതുകേട്ട്, അയ്യപ്പന്‍ ഉറക്കെ നിലവിളിച്ചുപോയി...
(ശബ്ദം പുറത്തു വരാതിരുന്നതിനാല്‍ വാ പൊളിഞ്ഞതു മാത്രമേ രാജു കണ്ടള്ളൂ...)
ആരുടെയും മറുപടിക്കു കാക്കാതെ രാജു ഓടി...
വന്നവഴിയിലേക്കു തന്നെ മാവേലിയുടെ കട ഉന്നംവച്ച് രാജു ഓടി. കൂടെ അയ്യപ്പനും മണികണ്ഠനും...
മുംബൈ മാരത്തണിന്റെ ആദ്യലാപ്പു പോലെ അതിവേഗം, ബഹുവേഗം...
ഞാന്‍ പൊയ്ക്കോളാമേ....അതു പറയാന്‍ രാജു മറന്നില്ല!സണ്ണി കടയടയ്ക്കാന്‍ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. ഓടിയെത്തിയ രാജു കയ്യിലിരുന്ന മീന്‍പൊതി സണ്ണിയുടെ കടയിലേക്കെറിഞ്ഞു. അതുകണ്ടു ഞെട്ടിയ സണ്ണി വിറച്ചുകൊണ്ടു ചോദിച്ചു- എന്തുപറ്റി രാജുച്ചേട്ടാ...?
സണ്ണീ, അതു പ്രേതമാ... തന്റെ മീന്‍ വാങ്ങിയതു കൊണ്ട് അത് എന്നെ വിടുന്നില്ല.
എനിക്കു തന്റെ മീന്‍ വേണ്ട, അതു കയ്യിലിരിക്കട്ടെ...!
രാജു നയം വ്യക്തമാക്കി.
അയ്യപ്പനും മണികണ്ഠനും സ്കൂള്‍കുട്ടികളെപ്പോലെ ഭവ്യതയോടെ നിന്നു. സണ്ണിയും..!
എന്തു ചെയ്യും. അരക്കിലോമീറ്റര്‍ കൂടിയുണ്ട് വീട്ടിലേക്ക്. ഓട്ടോറിക്ഷ പോലും വരുന്നില്ല, രക്ഷപ്പെടാന്‍ ഒരുമാര്‍ഗവുമില്ല.
ഇതികര്‍ത്തവ്യ മൂഡരായി അവരങ്ങനെ നില്‍ക്കുന്പോഴാണ് ചെറിയ ശബ്ദത്തിലുള്ള പൊട്ടിച്ചിരി എവിടെനിന്നോ അവരുടെ കാതില്‍ ചെറുതായി പതിച്ചത്.ചിരി തന്നെ. പൊട്ടിച്ചിരി.
കര്‍ത്താവേ.. വല്ല ചുടല പനന്പാല യക്ഷിയുമായിരിക്കുമോ?
ഇവിടേയാണേല്‍ ചുണ്ണാന്പുമുണ്ട്. പച്ചക്കറികള്‍ക്കൊപ്പം മുറുക്കാന്‍ കച്ചവടംകൂടി തുടങ്ങാനെടുതത തീരുമാനത്തെ ശപിച്ചുകൊണ്ട് സണ്ണി നെടുവീര്‍പ്പെട്ടു.
രാജുവിന് നെടുവീര്‍പ്പെടണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്കിലും അതിനുള്ള ഊര്‍ജം ആ ശരീരത്തില്‍ ബാക്കിയുണ്ടായിരുന്നില്ല. വീണ്ടും പൊട്ടിച്ചിരി...!
ശബ്ദം കേട്ടിടത്തേക്കു സര്‍വശക്തിയുമെടുത്തു നോക്കിയ മണികണ്ഠന്‍ ആ കാഴ്ച കണ്ടു!റോഡരികിലെ ചാക്കോച്ചേട്ടന്റെ വീടിന്റെ ടെറസില്‍ രണ്ടുപേര്‍.
മങ്ങിയ വെളിച്ചത്തില്‍ മണികണ്ഠന്‍ അവരെ നേരില്‍ കണ്ടു. തലേന്നു ലീവിനു നാട്ടിലെത്തിയ ചാക്കോച്ചേട്ടന്റെ മകന്‍ ബ്രിട്ടാസും ഭാര്യയും.
ബ്രിട്ടാസിന്റെ കയ്യില്‍ പേനയുടെ വലിപ്പമുള്ള എന്തോ ഒന്ന്.
അതില്‍നിന്നാണ് തങ്ങളെ ഇത്രയും നേരം പേടിപ്പിച്ച ചുവപ്പുനിറം വരുന്നതെന്നും എട്ടാം ക്ളാസു വരെയേ പഠിച്ചിട്ടുള്ളെന്കിലും മണികണ്ഠനു മനസ്സിലായി.
എന്തോ ഒരു തരം ടോര്‍ച്ചാണത്. പക്ഷേ, സാധാരണ ടോര്‍ച്ചിനുള്ളതു പോലെ വെളിച്ചം വരുന്ന വഴി കാണുന്നില്ല. എവിടെ പതിക്കുന്നോ അവിടെ നല്ല ചുവപ്പുനിറം.
ലേസര്‍ ടോര്‍ച്ച്.
തീയേറ്ററില്‍ ചില കോളജു പിള്ളേരു സ്ക്രീനിലടിച്ചു പണിയൊപ്പിക്കുന്നതു താന്‍ കണ്ടിട്ടുണ്ട്... മണികണ്ഠന്‍ ഓര്‍ത്തു. കാര്യങ്ങളിങ്ങനെയെന്നു മനസ്സിലാക്കി, അത് ഒപ്പമുള്ളവരെക്കൂടി മനസ്സിലാക്കിക്കൊടുക്കാന്‍ അവര്‍ക്കുനേരെ തിരിയുന്ന നേരത്താണ് ആ ചുവന്ന വെളിച്ചം വീണ്ടും അവര്‍ക്കിടയിലേക്കു വന്നത്.
ഒറ്റ അലര്‍ച്ചയായിരുന്നു അവിടെ പിന്നീടു ണ്ടായത്.
ചേലയ്ക്കല്‍ രാജു, മാവേലി സണ്ണി, അയ്യപ്പന്‍... മൂന്നുപേരുടെയും കോറസ് നിലവിളി സെമിത്തേരിയുടെ മതിലില്‍ ചെന്നു തട്ടിതിരികെ വന്നു.
മൂന്നുപേരും അടുത്ത നിമിഷം ബോധംകെട്ട് അവിടെ വീണു. മ
ണികണ്ഠന്‍ മാത്രം അവിടെനിന്നു. എന്തു ചെയ്യണമെന്നറിയാതെ, ചുള്ളിക്കാടിന്റെ കവിതയിലെ നരകം കണ്ട ധര്‍മപുത്രരെപ്പോലെ മണികണ്ഠന്‍ ആ കുരുക്ഷേത്രത്തില്‍ ബാക്കിയായി.
നേരം ഇരുട്ടി വെളുക്കും വരെ അതുവഴി പിന്നീടാരും വന്നില്ല.
കയ്യിലുണ്ടായിരുന്ന ജ്യോതിമാന്‍ ബീഡി വലിച്ചുതീരും വരെ മണികണ്ഠന്‍ ബോധം കെട്ടുകിടക്കുന്നവര്‍ക്കൊപ്പമിരുന്നു.
പിന്നീട് പതിയെ എഴുന്നേറ്റു വീട്ടിലേക്കു നടന്നു. ചാക്കോച്ചേട്ടന്റെ വീട്ടില്‍ തോക്കുണ്ടെന്നു കേട്ടിട്ടുണ്ട്. ഇല്ലേല്‍ രണ്ടു തെറിയെന്കിലും വിളിക്കാമായിരുന്നു.!
പിറ്റേന്ന് നേരം വെളുത്തപ്പോള്‍ നാട്ടില്‍ ഒരു വാര്‍ത്ത പരന്നു.
ചാലയ്ക്കല്‍ രാജു, മാവേലി സണ്ണി, അയ്യപ്പന്‍ എന്നിവര്‍ പാല ഗവണ്‍മെന്റ് ആശുപത്രിയില്‍.
ബോധം തെളിഞ്ഞപ്പോള്‍ മുതല്‍ പിച്ചും പേയും...
രാജു മാത്രമല്ല, മറ്റുമൂന്നുപേരും ഇടയ്ക്ക് ആംബുലന്‍സിന്റെ ചുവപ്പുവെട്ടം കാണാനിടയായപ്പോള്‍ ഇങ്ങനെ ഉറക്കെ വിളിച്ചുപറഞ്ഞത്രേ...
ഞങ്ങളു പൊയ്ക്കോളാമേ......!!!
Subscribe to:
Post Comments (Atom)
7 comments:
ലേസര്‍ പ്രേതത്തിന്റെ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി സാമ്യമുണ്ടാവുക തികച്ചും സ്വാഭാവികമാണ്. കാരണം, മാവേലി, രാജു, സണ്ണി, അയ്യപ്പന്‍ തുടങ്ങിയവര്‍ നാട്ടില്‍ ജീവിച്ചിരിക്കുന്നവരാണ്. ഈ കഥ വര്‍ഷങ്ങള്‍ക്കു മുന്‍പു യഥാര്‍ഥത്തില്‍ നടന്നതാണ്. ലേസര്‍ ടോര്‍ച്ച് നാട്ടുകാര്‍ ആരും കണ്ടിട്ടില്ലാത്ത കാലമായിരുന്നു അത്. പേടിച്ചോടിയവരില്‍ എന്റെ അടുത്ത സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഞാന്‍ മഞ്ഞപ്പിത്തം പിടിച്ചു കിടപ്പിലായിരുന്നതിനാല്‍ അക്കൂട്ടത്തില്‍പ്പെടാന്‍ സാധിക്കാതെ പോയി....!!
സുനിഷ്..സംഭവം കൊള്ളാം.
അല്പം നീണ്ടുപോയില്ലേ എന്നു സംശയം.
പ്രിയ അപ്പുക്കുട്ടാ
ഇനിയുള്ള സ്റ്റോറികള്‍ ചെറുതായിരിക്കും. അഥവാ ആയിരിക്കട്ടെ....
അച്ചായാ, ഒരുവേള ഞാന്‍ ആ വഴികളിലൂടെ മാനസസഞ്ചാരം നടത്തി. പറഞ്ഞകടയും സെമിത്തേരിയുമെല്ലാം അറിയുന്നതായതിനാല്‍ ക്ഷ പിടിച്ചു. പക്ഷേ കിസ് ( കീപ്പ് ഇറ്റ് സ്മാള്‍ ആന്‍ഡ് സിംപിള്‍) ടെക് നോളയെ കുറിച്ച് ഘോരഘോരം പ്രസംഗിച്ചിട്ട് ഇത്ര വലിച്ചു നീട്ടണ്ടാര്‍ന്നു.
ലേസര്‍ പ്രേതത്തിന്റെ കഥ നന്നായി. ലേസര്‍ ലൈറ്റുമായി അന്ന് അതു വഴി കറങ്ങി നടന്നത് ആരാണെന്ന കാര്യത്തില്‍ ഇപ്പോള്‍ എനിക്കു കാര്യമായ സംശയമൊന്നുമില്ല. ഭരണങ്ങാനവും പാലായുമായി വല്യ അകലമൊന്നുമില്ലല്ലോ !
evidayooo kettu parichayamulla oru katha.........
:-)
Post a Comment