Sunday, June 17, 2007
വിദ്യാര്‍ഥിമിത്രം പാരലല്‍ കോളജ്
വിദ്യാര്‍ഥികളുടെ മിത്രമായിരുന്നു മനോഹരന്‍ സാര്‍.
പ്രത്യേകിച്ചും പത്താം ക്ളാസില്‍ ഒന്നും രണ്ടും വട്ടം തോറ്റ വിദ്യാര്‍ഥികളുടെ. അവരെ പരീക്ഷയെന്ന കടമ്പ കടത്തി, വിജയമെന്ന മരീചികയിലേക്ക് അടുപ്പിക്കുകയെന്ന മഹത്തും ദുഷ്കരവുമായ ദൗത്യം അനായാസമെന്നോണം ചെയ്തു പോന്ന ഒരു അധ്യാപക ശ്രേഷ്ഠനായിരുന്നു മനോഹരന്‍ സാര്‍. പത്താം ക്ളാസില്‍ തോറ്റവരുടെ മാനസിക വ്യാപാരങ്ങള്‍ മറ്റാര്‍ക്കുമെന്നതിനെക്കാള്‍ അദ്ദേഹത്തിനു മനസ്സിലാകുമായിരുന്നു. കാരണം, അദ്ദേഹവും ഇതുവരെ പത്താം ക്ളാസ് പാസായിരുന്നില്ല.
സാറിനൊന്നുമറിയില്ലേലും കുട്ടികള്‍ക്ക് എല്ലാം മനസ്സിലാവും വിധമായിരുന്നു അദ്ദേഹത്തിന്‍റെ അധ്യാപന ശൈലി. മനോഹരന്‍ സാര്‍ ഒരിക്കല്‍ പറഞ്ഞ കാര്യം ഒരു വിദ്യാര്‍ഥിയും മറക്കില്ല. പക്ഷേ മനോഹരന്‍ സാര്‍ നേരെ തിരിച്ചായിരുന്നു. ഏതു കാര്യവും എപ്പോള്‍ വേണമെങ്കിലും അദ്ദേഹം മറന്നു പോകും.
അല്‍ഷിമേഴ്സിന്‍റെ അനിയനായ മറവി എന്ന രോഗമായിരുന്നു അതിനു കാരണം. ഇതുമൂലം മനോഹരന്‍ സാറിന് സ്വന്തമായി അമ്പതോളം ഇ-മെയില്‍ ഐഡികള്‍ പോലുമുണ്ടായിരുന്നു. പാസ് വേഡ് മാത്രമല്ല, മെയില്‍ ഐഡി വരെ മറന്നുപോകുന്നതിനാല്‍ ഓരോ തവണയും അദ്ദേഹം അതു മറവിയില്ലാത്ത മറ്റാര്‍ക്കെങ്കിലുമൊക്കെ പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു. പിന്നീട്, ആവശ്യസമയത്ത് മെയില്‍ ഐഡിയും പാസ് വേഡും ആരോടാണു പറഞ്ഞതെന്നും അദ്ദേഹം മറക്കും. അതോടെ പുതിയതൊന്നുണ്ടാക്കുക മാത്രമായി അദ്ദേഹത്തിനു പോംവഴി.
അങ്ങനെ മറവികള്‍ക്കിടയിലും ചില ഓര്‍മകളിലൂടെ മനോഹരന്‍ സാര്‍ വിദ്യാര്‍ഥിമിത്രം പാരലല്‍ കോളജിന്‍റെയും അവിടുത്തെ നൂറുകണക്കിനു വിദ്യാര്‍ഥികളുടെയും കണ്ണിലുണ്ണിയായി വളര്‍ന്നു പോന്നു. പ്രായം മുപ്പതോട് അടുക്കാറായപ്പോളാണ് ഇനിയും വെറുതെ കൊന്നത്തെങ്ങുപോലെ വളര്‍ന്നിട്ടു കാര്യമില്ല എന്നദ്ദേഹത്തിനു തോന്നലുണ്ടായത്.
ഒരു കല്യാണമൊക്കെ കഴിക്കാന്‍ പ്രായമായി എന്ന് എന്നും രാവിലെ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ അമ്മ പറയുമെങ്കിലും കോളജിലേക്കുള്ള മാര്‍ഗമധ്യേ അദ്ദേഹം അതു മറന്നു പോവുമായിരുന്നു. കല്യാണക്കാര്യത്തില്‍ അദ്ദേഹത്തെപ്പോലും അതിശയിപ്പിച്ചുകൊണ്ട് മറവി മാറിനില്‍ക്കാന്‍ പ്രധാന കാരണം വിദ്യാര്‍ഥിമിത്രം പാരലല്‍ കോളജില്‍ പുതിയതായി പഠിക്കാനെത്തി ഒരു വിദ്യാര്‍ഥിനീ രത്നം തന്നെയായിരുന്നു.
ഇത്തവണയെങ്കിലും പരൂക്ഷ ഒന്നു പാസാക്കിത്തരണമേയെന്നു സകല അമ്പലങ്ങളിലും പ്രാര്‍ഥിച്ചു പ്രാര്‍ഥിച്ച് ഒരു പരുവമായ ആ വിദ്യാര്‍ഥിനീ രത്നത്തിന്‍റെ പേരും അതുതന്നെയായിരുന്നു- രത്നം. കാഴ്ചയില്‍ പവിഴവും മരതകവും ഇന്ദ്രനീലവുമൊക്കെ തോറ്റുപോകും. മനോഹരന്‍ സാറും തോറ്റുപോയത് അവിടെയായിരുന്നു.
സുന്ദരനും ഒരു പാരലല്‍ കോളജിന്‍റെ നടത്തിപ്പുകാരനുമായ അദ്ദേഹം അങ്ങനെ സുന്ദരിയും പാരലല്‍ കോളജുകളിലൂടെ നടന്നു കാലുതേഞ്ഞവളുമായ രത്നവുമായി പ്രണയത്തിലായി.
കോളജില്‍ വിദ്യാര്‍ഥികളെല്ലാവരും ഈക്കഥയറിഞ്ഞു. കോജളിലെ മറ്റു പെണ്‍കുട്ടികള്‍ക്ക് രത്നത്തോട് ആരാധന തോന്നി (സോറി, അസൂയ തോന്നി- അതേ തോന്നൂ...!).
മനോഹരന്‍ സാറിനു തന്നെ ഇഷ്ടമായിരുന്നെങ്കില്‍ ട്യൂഷന്‍ ഫീസ് പോലും കൊടുക്കാതെ പഠിക്കാമായിരുന്നു എന്നായിരു്നനു പല വിദ്യാര്‍ഥിനികളുടെയും ചിന്ത. എന്തു ചെയ്യാം? മനോഹരന്‍ സാറിന് ഇഷ്ടം രത്നത്തോടായിരുന്നു. രത്നത്തിനും മനോഹരന്‍ സാറിനെ ഇഷ്ടമായിരുന്നു.
ആദ്യമൊക്കെ മനോഹരന്‍ സാര്‍ ഉള്ളിലെ പ്രണയം മറച്ചുവയ്ക്കുകയും സന്ദേശത്തിലെ ശ്രീനിവാസനെപ്പോലെ രത്നത്തെ ഭയപ്പെടുത്തുകയും ചെയ്തു. ഞാന്‍ ഒരു രക്തഹാരം അങ്ങോട്ട് അണിയിക്കും, ഭവതി ഒന്നിങ്ങോട്ടും. അപ്പോള്‍ അന്തരീക്ഷത്തില്‍ മാവോസൂക്തങ്ങള്‍ മുഴങ്ങും. പരിപ്പുവടയും കട്ടന്‍ ചായയും. തീര്‍ന്നു കല്യാണം. പിന്നെ, എന്നും എപ്പോഴും എന്നെ കാണാന്‍ പോലും കിട്ടിയെന്നു വരില്ല. ചീറിപ്പാഞ്ഞുവരുന്ന വെടിയുണ്ടകള്‍ക്കു ഞാന്‍ വിരിമാറു കാട്ടിക്കൊടുത്തു രക്തസാക്ഷിയായെന്നും വരും..
ഈ മോഡല്‍ പലതും പ്രയോഗിച്ച് രത്നത്തിന്‍റെ പ്രണയത്തെ മനോഹരന്‍ സാര്‍ ഒരു സ്ക്രൂഗേജ് കൊണ്ട് എന്ന വണ്ണം അളന്നുകൊണ്ടിരുന്നു. അതിലൊന്നും രത്നം കുഴങ്ങിയില്ല. എനിക്കു പരീക്ഷ പാസായില്ലെങ്കിലും കുഴപ്പമില്ല, മനോഹരന്‍ സാറിനെ കല്യാണം കഴിച്ചാല്‍ മതിയെന്നു പറയുന്നിടം വരെ കാര്യങ്ങളെത്തി. അതോടെ മനോഹരന്‍ സാറിന് ആശ്വാസമായി. തന്‍റെ പ്രയത്നം വിജയിച്ചിരിക്കുന്നു.
മനോഹരന്‍ സാര്‍ തന്‍റെ പേരു മറന്നുപോകുന്നതൊഴിച്ചാല്‍ മറ്റു കുഴപ്പങ്ങളൊന്നും രത്നത്തിന് കണ്ടുപിടിക്കാനും കഴിഞ്ഞിരുന്നില്ല. തങ്ങളുടെ ഈ പ്രണയം പുറത്താരും കണ്ടുപിടിക്കില്ലെന്നായിരുന്നു മനോഹരന്‍സാറിന്‍റെയും രത്നത്തിന്‍റെയും വിചാരം. അതുപക്ഷേ തെറ്റായിരുന്നു എന്ന് ആദ്യം തെളിയിച്ചത് രത്നത്തിന്‍റെ അച്ഛന്‍ ഗോപാലന്‍ ചേട്ടന്‍ തന്നെയായിരുന്നു.
ഒരു ദിവസം വൈകുന്നേരം കോളജ് വിട്ടു കുട്ടികള്‍ക്കൊപ്പം വന്ന മനോഹരന്‍ സാറിന്‍റെ മുന്‍പിലേക്ക് ഗോപാലന്‍ ചേട്ടന്‍ ചാടിവീണു. ചാടിയപ്പോള്‍ വീണു എന്നും പറയാം. നിലത്തുനിന്ന് എഴുന്നേറ്റയുടന്‍ ഗോപാലന്‍ ചേട്ടന്‍ ആ ചോദ്യമെറിഞ്ഞു.
നിനക്ക് എന്‍റെ മകളെ പഠിപ്പിച്ചാല്‍ മാത്രം പോരാ അല്ലേടാ.. അവളെ പ്രേമിക്കുകയും കൂടി വേണം അല്ലേ?
ഓടി രക്ഷപ്പെടുന്നത് പാരലല്‍ കോളജ് അധ്യാപകരുടെ അന്തസ്സിനു ചേര്‍ന്ന പണിയല്ലെന്നു മനസ്സിലാക്കിയ മനോഹരന്‍സാര്‍ ഓടിയില്ല. പകരം അല്‍പം വേഗത്തില്‍ മുന്‍പോട്ടു നടന്നു. അടുത്ത നിമിഷം ഗോപാലന്‍ ചേട്ടന്‍ മനോഹരന്‍ സാറിനെ പിന്നില്‍നിന്നു കോളറില്‍ പിടിച്ചു വലിച്ചു. ഷര്‍ട്ട് ഊരിക്കൊടുത്തിട്ട് ഓടുന്നതാണു ബുദ്ധിയെന്നുപോലും ചിന്തിക്കും മുന്‍പ് ഗോപാലന്‍ ചേട്ടന്‍ മനോഹരന്‍ സാറിന്‍റെ ഇടത്തേ ചെകിടുനോക്കിയെന്നു പൊട്ടിച്ചു.
ഠേ...
അടുക്കളയില്‍ സ്റ്റീല്‍ പാത്രം താഴെ വീഴുമ്പോള്‍ കുറച്ചു നേരത്തേക്കുണ്ടാകുന്ന ഒരു മൂളല്‍ പോലെ എന്തോ ഒന്ന് മനോഹരന്‍ സാറിന്‍റെ ചെവിയില്‍ വന്നലച്ചു. അടുത്ത നിമിഷം ആ മധ്യവയസ്കന്‍ മനോഹരന്‍ സാറിന്‍റെ വലതുകൈയില്‍ കടന്നു പിടിച്ചു. എന്നിട്ട് ഉള്ള ആരോഗ്യത്തോടെ വലിച്ചൊരു കടി...
അയ്യോ....
ദിഗന്തങ്ങളൊന്നുമില്ലെങ്കിലും ഭരണങ്ങാനം ഞടുങ്ങുമാറ് മനോഹരന്‍ സാര്‍ ഉറക്കെ നിലവിളിച്ചു. അതുകേട്ട് സാറിന്‍റെ വിദ്യാര്‍ഥികള്‍ നിലവിളിച്ചു. നിലവിളി കേട്ട ഭാഗത്തേക്ക് ആരോ ഒരു ടാക്സിയുമായെത്തി. മനോഹരന്‍ സാറിനെ അതില്‍ കയറ്റി. വണ്ടി നേരെ മേരിഗിരി ആശുപത്രിയിലേക്ക്.
നാലു സ്റ്റിച്ച്.
കയ്യില്‍ വലിയൊരു കെട്ട്. സഹതാപ തരംഗത്തില്‍ രത്നവുമായി ഒന്നുകൂടി അടുക്കാമോയെന്നു പരീക്ഷിക്കാന്‍ പിറ്റേന്ന് ആ കെട്ടുമായാണ് അദ്ദേഹം കോളജില്‍ എത്തിയത്. അപ്പോഴേയ്ക്കും വിദ്യാര്‍ഥികളും മറ്റ് അധ്യാപകരും എല്ലാം കഥയറിഞ്ഞിരുന്നു. സ്റ്റാഫ് റൂമില്‍ മറ്റ് അധ്യാപകരില്‍ ആരോ മനോഹരന്‍ സാറിനോടു കൈയ്ക്ക് എന്തു പറ്റിയതാണെന്നു ചോദിച്ചു.
ഇന്നലെ വീട്ടിലോട്ടു പോകും വഴി ഒരു പട്ടി കടിച്ചതാ...
പട്ടി കയ്യിലാണോ കടിക്കുന്നത്?
പട്ടിക്കു കടിക്കാന്‍ കിട്ടിയത് എന്‍റെ കയ്യായിരുന്നു. ആ ഇനം പട്ടിയായിരുന്നു.
സ്റ്റാഫ് റൂമില്‍നിന്നിറങ്ങി മനോഹരന്‍ സാര്‍ നേരെ രത്നം പഠിക്കുന്ന ക്ളാസിലേക്കു നടന്നു. കയ്യിലെ കെട്ടുമായി കയറി വരുന്ന സാറിനെ കണട്പാടെ വിദ്യാര്‍ഥികള്‍ എഴുന്നേറ്റു.
ഗുഡ്മോണിങ് സാര്‍...
സാര്‍ അതു കേട്ടില്ല. പകരം, ആ കുട്ടികള്‍ക്കിടയില്‍ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ രത്നത്തെ തിരഞ്ഞു. ഇല്ല അവളവിടെയില്ല.
രത്നം എവിടെ?
ഇനി ഇങ്ങോട്ടില്ലെന്ന് അവളുടെ അമ്മ പറഞ്ഞു. അവള്‍ പരീക്ഷ എഴുതുന്നില്ലത്രേ. അടുത്തയാഴ്ച ആരോ അവളെ കാണാന്‍ വരുന്നുണ്ടത്രേ.
അവസാന വാചകം പിള്ളേര് ആരോ കയ്യീന്നിട്ടതായിരുന്നു. അത് കൃത്യമായിട്ടു ചെന്നു വീണതു മനോഹരന്‍ സാറിന്‍റെ ഹൃദയത്തിന്‍റെ മധ്യഭാഗത്തായിരുന്നു. അദ്ദേഹം, അന്നു നേരത്തെ കോളജില്‍നിന്നിറങ്ങി. നാട്ടിലെ സുഹൃത്തുക്കളുമായി കൂടിയാലോചിച്ചു. എങ്ങനെയും രത്നത്തെ സ്വന്തമാക്കണം. അവളെ മറ്റൊരാള്‍ കല്യാണം കഴിക്കുന്നതു തനിക്ക് ആലോചിക്കാന്‍പോലും പറ്റില്ല. ഒടുവില്‍, പിറ്റേന്നു രാത്രി മനോഹരന്‍ സാറിന്‍റെ കാമുകിയെ തട്ടിക്കൊണ്ടു വരാന്‍ തീരുമാനമായി.
തട്ടിക്കൊണ്ടു വരേണ്ട മോഡസ് ഓപ്പറാണ്ടിയും തീരുമാനിക്കപ്പെട്ടു. രത്നത്തെ രഹസ്യമായി വീട്ടില്‍നിന്നിറക്കുന്നു. അവിടെനിന്നു വണ്ടി നേരെ ഗുരുവായൂരിലേക്ക്. അവിടെ പൂലര്‍ച്ചെ അമ്പലത്തില്‍ കുളിച്ചു തൊഴുത് കല്യാണം. പിന്നീട് റജിസ്റ്റര്‍ മാര്യേജ്. ശാപ്പാട്. അതായിരുന്നു പദ്ധതി.
തന്‍റെ വിശ്വസ്തയായ ഒരു വിദ്യാര്‍ഥി വഴി ഇക്കാര്യം മനോഹരന്‍ സാര്‍ രത്നത്തെ അറിയിച്ചു. രത്നം നൂറിനു നൂറ്റമ്പതു സമ്മതം എന്നു തിരിച്ചറിയിച്ചു. എല്ലാം ഒകെ. സമയം സന്ധ്യയായി. നേരം ഇരുട്ടി. രാത്രിയായി.നേരത്തെ പറഞ്ഞ പ്രകാരം ടാറ്റാ സുമോ ഒന്നു മനോഹരന്‍ സാറിന്‍റെ വീട്ടിനു മുന്‍പില്‍ ബ്രേയ്ക്കിട്ടു നിന്നു. മറ്റൊരു ടാറ്റാസുമോ നിറയെ മനോഹരസുഹൃത്തുക്കള്‍ നേരത്തെ ഗുരുവായൂരിലെത്തി കാര്യങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്ടിരുന്നു.
അരണ്ട വെളിച്ചത്തില്‍ കുപ്പികള്‍ സംസാരിക്കുന്ന ഒരിടത്തായിരുന്നു അവരുടെ ആലോചന. പ്രണയ വിവാഹത്തിന്‍റെ ദൂഷ്യഫലങ്ങള്‍, ഗുണഫലങ്ങള്‍, വെല്ലുവിളികള്‍ എന്നു തുടങ്ങി മൂന്നാം ലോകരാജ്യങ്ങളിലെ പ്രണയവിവാഹങ്ങള്‍ നേരിടുന്ന ജൈവികവും ഭൗതികവും സാമൂഹികവുമായ പ്രശ്നങ്ങളും ഗുണഫലങ്ങളും വരെ അവര്‍ വിശകലനം ചെയ്തുകൊണ്ടിരുന്നു.
മനോഹരന്‍ സാറും അദ്ദേഹത്തിന്‍റെ രണ്ടുസുഹൃത്തുക്കളുംകൂടി വണ്ടിയില്‍ നേരെ രത്നത്തിന്‍റെ വീട്ടിലേക്ക് യാത്ര തുടങ്ങി. മനോഹരന്‍ സാറിനു കടുത്ത ടെന്‍ഷന്‍. നല്ല മഴയത്തും അദ്ദേഹം കുടുകുടെ വിയര്‍ത്തുകൊണ്ടിരുന്നു.
വണ്ടി ഭരണങ്ങാനം വിട്ടുകഴിഞ്ഞാണ് ഡ്രൈവര്‍ മനോഹരന്‍ സാറിനോട് കുഴപ്പിക്കുന്ന ആ ചോദ്യമെറിഞ്ഞത്. - പെണ്ണിന്‍റെ വീടെവിടെയാ സാറേ?
മനോഹരന്‍ സാര്‍ കുഴങ്ങി. അവളുടെ വീടെവിടെയാ? താനതു മറന്നുപോയിരിക്കുന്നു..!
കൂടെയുണ്ടായിരുന്ന വിശ്വസ്തന്‍മാരും കുഴങ്ങി. അവര്‍ പത്താം ക്ളാസു ജയിച്ചവരായിരുന്നതിനാല്‍ ആ കോളജില്‍ പഠിച്ചിരുന്നില്ല. മാത്രമല്ല, അവരാരും മനോഹരന്‍സാറിന്‍റെ കാമുകിയെ കണ്ടിട്ടുമില്ല.
പോട്ടെ സാറേ ആ കുട്ടിയുടെ പേരെന്താ? നമുക്ക് എങ്ങനെയെങ്കിലും കണ്ടുപിടിക്കാം- ഡ്രൈവര്‍ വീണ്ടും പ്രതീക്ഷ കൊടുത്തു.
മനോഹരന്‍ സാര്‍ അതും മറന്നുപോയിരുന്നു.
അതോടെ, എല്ലാം കലങ്ങി. എത്ര ആലോചിചിട്ടും മനോഹരന്‍ സാറിന് അവളുടെ പേരോ വീട് എവിടെയാണെന്നോ മാത്രം ഓര്‍മവന്നില്ല. ഇനിയെന്തു ചെയ്യും? ആര്‍ക്കും ഒരു എത്തും പിടിയും കിട്ടിയില്ല.ഒടുവില്‍, കൂട്ടുകാരില്‍ ഒരാള്‍ക്കാണ് ആ ബുദ്ധിയുദിച്ചത്. മനോഹരന്‍ സാറിന്‍റെ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ആരോടെങ്കിലും ചോദിക്കാം.. അവര്‍ക്ക് അറിയാമായിരിക്കണം. നട്ടപ്പാതിരയ്ക്ക് പല വിദ്യാര്‍ഥിമിത്രങ്ങളുടെയും വീടിനു മുന്‍പില്‍ ടാറ്റാസുമോ ബ്രേയ്ക്കിട്ടു നിന്നു. അവര്‍ക്ക് ആ കുട്ടിയുടെ പേര് രത്നം എന്നുമാത്രമായിരുന്നു അറിയാവുന്നത്. വീട് എവിടെയാണെന്ന് അവര്‍ക്കും അറിയില്ല.
രാത്രി മുഴുവന്‍ ആലോചിച്ചിട്ടും മനോഹരന്‍ സാറിന് രത്നത്തിന്‍റെ വീട് എവിടെയാണെന്നു മാത്രം ഓര്‍മ വന്നില്ല. മാത്രമല്ല, ഇടയ്ക്കിടെ അവളുടെ പേര് അദ്ദേഹം വീണ്ടും മറന്നുപോകാനും തുടങ്ങിയിരുന്നു. നേരം പരപരാ വെളുത്തു തുടങ്ങി. ടാറ്റാ സുമോ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുകൊണ്ടിരുന്നു. മനോഹരന്‍ സാര്‍ അപ്പോഴും വിയര്‍ത്തുകൊണ്ടിരുന്നു. ഒരു കാര്യം തീരുമാനിച്ച് ഇറങ്ങിയിട്ട് വെറുംകയ്യോടെ മടങ്ങുന്നതെങ്ങനെ?
പക്ഷേ, വെറുംകയ്യോടെ മടങ്ങാതെ മറ്റു മാര്‍ഗമില്ലായിരുന്നു. അങ്ങനെ, ഏറെ പ്രതീക്ഷകളുമായി പുതിയൊരു ജീവിതം പ്രതീക്ഷിച്ച് രാത്രി വൈകി ടാറ്റാസുമോയില്‍ കയറിയ മനോഹരന്‍ സാര്‍ പുലര്‍ച്ചെ സ്വന്തം വീടിനു മുന്‍പില്‍ തന്നെ വണ്ടിയിറങ്ങി.
വീട്ടിലേക്കു പോയിട്ട് എന്തു ചെയ്യാന്‍?
പോയിക്കിടന്നുറങ്ങിയാല്‍ ചിലപ്പോള്‍ നഷ്ടമായ ഓര്‍മ തിരിച്ചുകിട്ടുമായിരിക്കും. ഓര്‍മ വന്നാലുടന്‍ ഒരു കടലാസില്‍ എഴുതി വയ്ക്കണം. പറ്റുമെങ്കില്‍ ഇന്നു രാത്രി തന്നെ നമുക്കു കാര്യങ്ങള്‍ നടത്താം. പിറ്റേന്നു തന്നെ കല്യാണവും നടത്താം. ഗുരുവായൂരില്‍ ഉള്ളവന്മാരോട് അവിടെ ഒരു ദിവസം കൂടി നില്‍ക്കാന്‍ പറഞ്ഞിട്ടുണ്ട്. കൂട്ടുകാര്‍ മനോഹരന്‍ സാറിന് ആത്മവിശ്വാസം കൊടുത്തശേഷം മടങ്ങി.
മനോഹരന്‍ സാര്‍ നേരെ വീട്ടിലേക്കു നടന്നു.തന്‍റെ ജീവിതം ഒരു വഴിക്കാക്കിയ മറവിരോഗത്തോട് അദ്ദേഹത്തിനു ജീവിതത്തിലാദ്യമായി കടുത്ത ദേഷ്യം തോന്നി.
പുലര്‍ച്ചെ എല്ലാവരും എഴുന്നേല്‍ക്കുന്നതേയൂള്ളൂ എന്നു വിചാരിച്ച് വീട്ടിലോട്ടു കയറിയ മനോഹരന്‍ സാര്‍ അദ്ഭുതപ്പെട്ടു. എല്ലാവരും നേരത്തെ ഉണര്‍ന്നിരിക്കുന്നു. അച്ഛന്‍ എന്തൊക്കെയോ ഉറക്കെ സംസാരിക്കുന്നുമുണ്ട്. ആരോ കരയുന്ന ശബ്ദം.അദ്ഭുതത്തോടെ, മനോഹരന്‍ സാര്‍ ശബ്ദം കേട്ടിടത്തേക്കു നടന്നു. ഡൈനിങ് റൂമില്‍നിന്നാണു ശബ്ദം കേട്ടത്. അവിടെ അച്ഛനും അമ്മയും പെങ്ങളും അനിയനും... പിന്നെ...
അച്ഛനാണതു പറഞ്ഞത്.
എന്തു പണിയാടാ കാട്ടിയത്? നീയിവിളോട് ഇന്നലെ വൈകിട്ട് പാലാ ബസ് സ്റ്റാന്‍ഡില്‍ വന്നു നില്‍ക്കാന്‍ പറഞ്ഞായിരുന്നോ? എന്നിട്ടെന്താ അതു വഴി ചെല്ലാതിരുന്നത്? നേരം രാത്രിയായപ്പോള്‍ ഈ കൊച്ച് പേടിച്ചുവിറച്ച് ഇങ്ങോട്ടു വിളിച്ചു. ഞാന്‍ പോയി കൂട്ടിക്കൊണ്ടു വന്നിട്ടു നിന്നെയും കാത്തിരിക്കുകയായിരുന്നു.. എവിടെപ്പോയി പണ്ടാരമടങ്ങിയാതിരുന്നെടാ നീ...
മനോഹരന്‍ സാര്‍ അതൊന്നും കേട്ടില്ല. അയാള്‍ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തന്നെ നോക്കുന്ന രത്നത്തെ കണ്ടു.
എന്നിട്ടു ക്ഷമാപണം എന്നപോലെ ഇത്രമാത്രം പറഞ്ഞു.
അത്.... ഇവളോട് വൈകിട്ട് സ്റ്റാന്‍ഡില്‍ വന്നു നില്‍ക്കണമെന്നു പറഞ്ഞതു ഞാന്‍ മറന്നുപോയിരുന്നു അച്ഛാ.....
Subscribe to:
Post Comments (Atom)
20 comments:
ബെര്‍ളിക്കു വായിക്കാന്‍ ഒരു പോസ്റ്റ്.
നിങ്ങളിത്ര നല്ലവനാണോ മനുഷ്യാ ?
പാവം മനോഹരന്‍ സാറിനെ ഒരു വഴിക്കെത്തിച്ചിട്ട് പിന്നെ കൊന്നുകളഞ്ഞേക്കുമോ എന്നു ഞാന്‍ ഭയപ്പെട്ടു. നന്നായി ആ പെങ്കൊച്ചിനെ പുഷ്പം പോലെ കൊണ്ടുപോയി കൊടുത്തത് വളരെ നന്നായി.
ചില തകര്‍പ്പന്‍ സാധനങ്ങള്‍ _
"മനോഹരന്‍ സാറിന് സ്വന്തമായി അമ്പതോളം ഇ-മെയില്‍ ഐഡികള്‍ പോലുമുണ്ടായിരുന്നു. പാസ് വേഡ് മാത്രമല്ല, മെയില്‍ ഐഡി വരെ മറന്നുപോകുന്നതിനാല്‍ ഓരോ തവണയും അദ്ദേഹം അതു മറവിയില്ലാത്ത മറ്റാര്‍ക്കെങ്കിലുമൊക്കെ പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു. പിന്നീട്, ആവശ്യസമയത്ത് മെയില്‍ ഐഡിയും പാസ് വേഡും ആരോടാണു പറഞ്ഞതെന്നും അദ്ദേഹം മറക്കും. അതോടെ പുതിയതൊന്നുണ്ടാക്കുക മാത്രമായി അദ്ദേഹത്തിനു പോംവഴി. "
സുനീഷേ നിങ്ങള്‍ക്ക് അഞ്ചിലേറെ ഇ മെയില്‍ ഐഡികളില്ലേ ?
"ഒരു ദിവസം വൈകുന്നേരം കോളജ് വിട്ടു കുട്ടികള്‍ക്കൊപ്പം വന്ന മനോഹരന്‍ സാറിന്‍റെ മുന്‍പിലേക്ക് ഗോപാലന്‍ ചേട്ടന്‍ ചാടിവീണു. ചാടിയപ്പോള്‍ വീണു എന്നും പറയാം"
"അരണ്ട വെളിച്ചത്തില്‍ കുപ്പികള്‍ സംസാരിക്കുന്ന ഒരിടത്തായിരുന്നു അവരുടെ ആലോചന. പ്രണയ വിവാഹത്തിന്‍റെ ദൂഷ്യഫലങ്ങള്‍, ഗുണഫലങ്ങള്‍, വെല്ലുവിളികള്‍ എന്നു തുടങ്ങി മൂന്നാം ലോകരാജ്യങ്ങളിലെ പ്രണയവിവാഹങ്ങള്‍ നേരിടുന്ന ജൈവികവും ഭൗതികവും സാമൂഹികവുമായ പ്രശ്നങ്ങളും ഗുണഫലങ്ങളും വരെ അവര്‍ വിശകലനം ചെയ്തുകൊണ്ടിരുന്നു."
മതി ! തൃപ്തിയായി. അറ്റസ്റ്റഡ് !!!
ഈ ബ്ലോഗില്‍ ബ്ലോഗുവല്ലിയുടെ പ്രേതമുണ്ടോ ? നോക്കി നില്‍ക്കുമ്പോള്‍ ടെംപ്ലേറ്റിന്റെ നിറം മാറുന്നു !!!
കൊള്ളാം...
ഇത്രയും കാലം ഇത് പോസ്റ്റ് ചെയ്യാന്‍ മറന്നതായിരുന്നോ? :)
ഇപ്രാവശ്യം സൂപ്പറായിട്ടുണ്ട്.
ഹ ഹ ഹ. ബെര്‍ലിക്ക് വായീക്കാന്‍ വെച്ച പോസ്റ്റ് കൊള്ളാം. ഞാനും വായിച്ചു. നിരോധനാജ്ഞ പ്രഖ്യാപിക്കില്ലല്ലോ ?
കമന്‍റ് നോട്ടിഫിക്കേഷന്‍ മെയില്‍ ഐഡി തെറ്റിപ്പോയിരുന്നു. ഇപ്പോള്‍ ശരിയാക്കി. ഈ കമന്‍റ് മറുമൊഴിയില്‍ കണ്ടുകിട്ടുന്നവര്‍ ബ്ളോഗില്‍ ഒന്നു തിരികെ കമന്‍റുമല്ലോ.
ബെര്‍ളിക്കുള്ള മറുപടി-
ശരിയാണ്. എനിക്ക് എത്ര മെയില്‍ ഐഡികളുണ്ടെന്നു പോലും എനിക്കറിയില്ല. ഇത്തവണത്തേതിന്‍റെ പാസ് വേഡ് നിങ്ങളോടാണോ പറഞ്ഞുതന്നിരിക്കുന്നത്? ഞാന്‍ മറന്നുപോയി.
മൂര്‍ത്തി, കുതിരാ, മേനോന്‍ചേട്ടാ നന്ദികള്‍..!!!
ചാത്തനേറ്:
കലക്കീട്ടാ...
“അത് കൃത്യമായിട്ടു ചെന്നു വീണതു മനോഹരന്‍ സാറിന്‍റെ ഹൃദയത്തിന്‍റെ മധ്യഭാഗത്തായിരുന്നു“
ഈ പോസ്റ്റ് ഞങ്ങളുടെം...
കലക്കി സുനീഷേട്ടാ കലക്കി... ആ പയ്യന്മാര്‍ കയ്യീന്നിട്ട വാചകം കിടുക്കി. ചെക്കന്മാരായാല്‍ അങ്ങനെ വേണം. ഹ ഹ ഹ...
സുനീഷേ
ജഗപൊക പോസ്റ്റ് !!! ചിരി നിര്‍ത്താന്‍ മറന്നു പോയി;;) ഉഗ്രോഗ്രന്‍!
കൊള്ളാട്ടാ ;)
ആ ഹൃദയത്തിന്‍റെ ഭാഗം കലക്കി
:-)
ഹ ഹ ഹ....
മറവികഥ നന്നായി :)
ഇയാള്‍ക്ക് അല്‍ഷിമേഴ്സിന്റെ അനിയനല്ല, അതിന്റെ ചേട്ടനാണ് രോഗം :)
hahaha kalakki.
puthiya post onnumille suhruthe?
സര്‍വശ്രീ ചാത്തന്‍സ്, ഇടിഗഡി, ശ്രീനി, വാസുവണ്ണന്‍, ടോണിച്ചുട്ടന്‍, പടിപ്പുരമാഷ് തുടങ്ങി ബ്ലോഗ് വായിച്ചതും കമന്‍റിട്ടവരുമായ എല്ലാവര്‍ക്കും നന്ദി.
വിന്‍സേ അടുത്തപോസ്റ്റ് ഇന്നു രാത്രി (നാളെ പുലര്‍ച്ചെ) പൂശിയേക്കാം. വായിച്ചാളീ....
വായിച്ചു. കൊള്ളാം.
"അടുക്കളയില്‍ സ്റ്റീല്‍ പാത്രം താഴെ വീഴുമ്പോള്‍ കുറച്ചു നേരത്തേക്കുണ്ടാകുന്ന ഒരു മൂളല്‍ പോലെ എന്തോ ഒന്ന്........"
:)
:)
Post a Comment