Tuesday, July 10, 2007

പകര്‍ച്ചപ്പനി(ചട്ടു)കാലത്തെ കല്യാണം


നാട്ടുകാര്‍ക്കു മുഴുവന്‍ ചട്ടായിരുന്നു. നല്ല ഒന്നാം തരം ചട്ട്.

നാറാണത്തു ഭ്രാന്തന്‍റെ കാലിലെ മന്തുപോലെ നീരുവന്നുവീര്‍ത്ത കാലുമായിട്ടായിരുന്നു എല്ലാവരുടെയും നടപ്പ്. അതുവരെ നല്ല ഒന്നാന്തരമായി നടന്നിരുന്ന നാട്ടിലെ പ്രമുഖരും പ്രധാനികളും മുതല്‍ പാവങ്ങളും ദരിദ്രരും വരെ എല്ലാവരും ദുര്‍നടപ്പുകാരായി.

അവരെ അങ്ങനെ നടത്തിയതു മറ്റാരുമല്ലായിരുന്നു- പകര്‍ച്ചപ്പനി. ഡെംഗുപ്പനി, വൈറല്‍പ്പനി, ചിക്കുന്‍ ഗുനിയ എന്ന പലപേരില്‍ നാട്ടുകാരിതിനെ വിളിച്ചു. പനി പിടിക്കാത്തവരായി നാട്ടില്‍ കൊച്ചുപിച്ചടക്കം ആരും ബാക്കിയുണ്ടായിരുന്നില്ല.

വഴിയേ വെറുതേ നടന്നുപോകുമ്പോള്‍ വലത്തുകാലിലോ ഇടത്തുകാലിലോ മസിലു കയറുംപോലെ ഒരു പിടിത്തം. പനിയുടെ പിടിത്തം അവിടെ തുടങ്ങും. പത്തുനിമിഷങ്ങള്‍ക്കകം മസിലുകയറ്റം വന്ന പടിയിറങ്ങും. അരമണിക്കൂര്‍ കഴിയുമ്പോള്‍ എത്ര നട്ടുച്ചയ്ക്കും വിറ തുടങ്ങും. മുടിഞ്ഞ കുളിരും. അതോടെ, തീരുമാനിക്കാം പനി വരികയായി. മരുന്നു മേടിക്കാന്‍ നടന്നുപോകാമെന്നു വിചാരിക്കരുത്! അപ്പോളേയ്ക്കും തടി വീണു കഴിഞ്ഞിരിക്കും.

ഒരാഴ്ച കൊണ്ടു പനി പോകും. പക്ഷേ, കാലിലെ നീരുമാത്രം പോകില്ല. വലത്തേകാലില്‍നിന്ന് ഇടത്തേകാലിലേക്ക്, അവിടെ നിന്നു വീണ്ടും തിരിച്ച് എന്നിങ്ങനെ മാസങ്ങളോളം നീരു കാലില്‍ കാണും. നീരിന്‍റെ ഭാഗമായി ചട്ടും!

അങ്ങനെയാണു നാട്ടില്‍ എല്ലാവരും ചട്ടുകാരായത്. പഞ്ചായത്തുപ്രസിഡന്‍റും വില്ലേജ് ഓഫിസറും മുതല്‍ പള്ളീലച്ചനും കപ്യാര്‍ക്കും വരെ ചട്ടുപിടിച്ചു. സ്കൂളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ചട്ട്. കാണാന്‍ കൊള്ളാവുന്ന ഒരു വിധത്തില്‍പ്പെട്ട പെണ്‍കുട്ടികളൊക്കെ ചട്ടുകാരണം കോളജില്‍പ്പോക്കു വരെ നിര്‍ത്തി.

ചട്ടിയിട്ടാണേലും അവളെയൊന്നു കാണാമല്ലോ എന്നുകരുതി ചട്ടിച്ചട്ടി ഏന്തിവലിഞ്ഞു കോളജില്‍ വന്നുകൊണ്ടിരുന്ന പാവപ്പെട്ട കാമുകന്‍മാരും അതോടെ ഊട്ടി കിട്ടിയുമില്ല ചട്ടി കിട്ടുകയും ചെയ്തു എന്ന അവസ്ഥയിലായി.

നാട്ടുകാര്‍ക്കു മുഴുവ‍ന്‍ ചട്ടായതില്‍ സന്തോഷം പൂണ്ട ഒരാള്‍ മാത്രമേ ഭരണങ്ങാനത്ത് ഉണ്ടായിരുന്നുള്ളൂ. അതു കല്ലറയ്ക്കല്‍ മോനായിച്ചേട്ടനായിരുന്നു. ഇത്രയും കാലം എന്‍റെ പെമ്പറന്നോത്തി ചട്ടുകാലിയാണെന്നു നാട്ടുകാരു പറഞ്ഞു.
ഇപ്പോള്‍ ഈ നാട്ടുകാര്‍ക്കു മുഴുവന്‍ ചട്ടല്ലേ... ചട്ടട്ടെ... മോനായിച്ചേട്ടനു സന്തോഷം സഹിക്കാന്‍ പറ്റില്ലായിരുന്നു!

പതിയെപ്പതിയെ ചട്ട് മീനിച്ചില്‍താലൂക്കിന്‍റെ ചരിത്രത്തിലേക്കും രാഷ്ട്രീയഭൂപടത്തിലേക്കും അവിടെനിന്നു സാമുഹിക വ്യവസ്ഥിതിയിലേക്കും വരെ പരിണമിച്ചു. ഒന്നൊന്നരമാസം സ്തംഭിച്ചു കിടന്ന തൊഴില്‍-വ്യാപാര-വ്യവസായ മേഖല ചട്ട് പോകാത്ത അവസ്ഥയില്‍ മുടന്തിമുടന്തി മുന്നേറാന്‍ തുടങ്ങി.

ആയിടയ്ക്കാണു ചെറിയവീട്ടില്‍ പീലിയുടെ മകള്‍ക്കു കല്യാണ ആലോചന വന്നത്.ചെറുക്കന്‍ മീനിച്ചിലാറിന്‍റെ അങ്ങേക്കരയില്‍നിന്ന്. പ്രത്യേകിച്ചു പണിയൊന്നുമില്ലെങ്കിലും അതിന്‍റെ അഹംഭാവമില്ലാത്തവന്‍.

പിലീ പെണ്ണുകാണലിനു സമ്മതം മൂളി. പീലിയുടെ മകള്‍, സുന്ദരിയും സുശീലയുമായ മറിയക്കുട്ടി ഇപ്പോള്‍ ലേശം ചട്ടുണ്ട് എന്നതൊഴിച്ചാല്‍ എല്ലാം തികഞ്ഞവളായിരുന്നു. ഡിഗ്രിക്കു രണ്ടാം വര്‍ഷം പഠിച്ചുകൊണ്ടിരുന്ന അവള്‍ ചട്ടുകാരണം തല്‍ക്കാലം കോളജില്‍പ്പോക്കു വേണ്ടെന്നുവച്ച് വീട്ടിലിരുന്നതാണു പ്രശ്നമായത്. തന്‍റെ പെണ്‍സന്താനത്തെ പത്തുദിവസം മുഴുവനായി വീട്ടില്‍ കണ്ടതോടെ പീലിയുടെ ചങ്കിടിപ്പുകൂടി. എത്രയും വേഗം പെണ്ണിനെ കെട്ടിച്ചുവിടാന്‍ പീലിച്ചായന്‍ തീരുമാനിച്ചതു പോലും അതുകൊണ്ടായിരുന്നു!

പെണ്ണുകാണാന്‍ ചെറുക്കനും ബ്രോക്കറും മാത്രമാണെത്തിയത്. വണ്ടിയില്‍നിന്ന് ആദ്യമിറങ്ങിയതു ബ്രോക്കര്‍. പിന്നാലെ ചെറുക്കന്‍. ഇരുവരും ചട്ടോടുകൂടി വീട്ടിലേക്കു കടന്നു. ചെറുക്കനെ കണ്ടതും ചട്ടിച്ചട്ടി മുറിക്കകത്തുനിന്നും പുറത്തിറങ്ങിയ പീലിക്കു കാര്യം പിടികിട്ടി. പനിപിടിച്ചു കിടപ്പായിരുന്നു. ചട്ട് മാത്രം പോയിട്ടില്ല.


പനി കാരണമാണേലും തന്‍റെ മോളു ചട്ടിച്ചട്ടി വരുന്നതു കാണുമ്പോള്‍ ചെറുക്കന്‍ ജീവനും കൊണ്ട് ഇറങ്ങിയോടുമോ എന്ന അതുവരെയുണ്ടായിരുന്ന പീലിയുടെ പേടി വേറെ വഴിക്കുപോയി. പീലിക്കു സന്തോഷമായി.

എത്രദിവസം പനി പിടിച്ചു കിടന്നു?

പത്തുദിവസം- പയ്യന്‍സ് മറുപടിച്ചു.

ഇവിടെ മോള്‍ക്കും പനി പിടിച്ചാരുന്നു. അവളുടേത് ഒരാഴ്ച കൊണ്ടു മാറി.

പക്ഷേ കാലിലെ നീരു മാറിയില്ല. ലേശം....

ചട്ടുണ്ടായിരിക്കും- ചെറുക്കന്‍ പൂരിപ്പിച്ചു.
അതു സാരമില്ല. ഇപ്പോള്‍ എല്ലാവര്‍ക്കും അതുള്ളതല്ലേ?!!

പീലിച്ചായനു സന്തോഷമായി. ബ്രോക്കര്‍ക്കും.

മറിയക്കുട്ടി കട്ടന്‍കാപ്പിയുമായി ചെറുക്കനു കാണാന്‍ പാകത്തിനു പുറത്തേക്കിറങ്ങി വന്നു. ചട്ടുമൂലം ഗ്ളാസു തുളുമ്പി രണ്ടു തുടം കട്ടന്‍കാപ്പി തറയില്‍ വീണു.

ചെറുക്കന്‍ പെണ്ണിനെയും പെണ്ണിന്‍റെ ചട്ടും കണ്ടു. പെണ്ണും ചെറുക്കനെ കണ്ടു. ചെറുക്കനു പെണ്ണിനെ ഇഷ്ടമായി. പാവം പെണ്ണിന്‍റെ ഇഷ്ടം ആരും ചോദിച്ചതുമില്ല!

അങ്ങനെ കല്യാണമുറപ്പിച്ചു. മനസ്സമ്മതത്തിനു തീയതി നിശ്ചയിച്ചു. പള്ളിയില്‍ വിളിച്ചുപറഞ്ഞു. മനസ്സമ്മതത്തീയതിയായി. മറിയക്കുട്ടിയുടെ കാലിലെ ചട്ടു മാറുന്നില്ല. ഒപ്പം പനി വന്ന പലര്‍ക്കും ചട്ടുമാറിയിട്ടും പീലിച്ചേട്ടന്‍റെ തന്നെ ഭാര്യയും മറിയക്കുട്ടിയുടെ അമ്മയുമായ മാമിച്ചേടത്തി വരെ ചട്ടില്ലാതെ നടക്കാറായിട്ടും മറിയക്കുട്ടി ചട്ടച്ചട്ടിത്തന്നെ നടന്നു.

അതുകണ്ടതോടെ, പീലിച്ചേട്ടനു സങ്കടംകൂടി. മനസ്സമ്മത ദിവസവും പെണ്ണുചട്ടിയാല്‍ നാട്ടുകാര്‍ക്കിടയില്‍ നാണക്കേടാണ്. അറിയാവുന്ന സകലപുണ്യാവളന്‍മാരേയും വിളിച്ചു പീലിച്ചേട്ടന്‍ പ്രാര്‍ഥിച്ചെങ്കിലും അവരെല്ലാരും പനി പിടിച്ചു കിടപ്പാരുന്നു. ആരും പ്രാര്‍ഥന റിസീവു ചെയ്തില്ല.

മനസ്സമ്മത ദിവസം പെണ്ണു ചട്ടിച്ചട്ടി പള്ളിയിലെത്തി. വണ്ടിയില്‍നിന്നിറങ്ങിയ ചെറുക്കനും കാലില്‍ ചട്ട്. ദൈവമേ, നീ കാത്തു... പീലിച്ചേട്ടനു സമാധാനമായി. ചെറുക്കന്‍റെ ചട്ടും മാറിയിട്ടില്ല. മനസ്സമ്മതം കഴിഞ്ഞു രണ്ടാമത്തെ ആഴ്ച കല്യാണം നിശ്ചയിച്ചു. കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. മറിയക്കുട്ടിയുടെ കാലിലെ ചട്ടുമാറ്റാന്‍ ആയുര്‍വേദം, ആടലോടകം എന്നു തുടങ്ങി കുറുന്തോട്ടിവരെ പരീക്ഷിച്ചുതുടങ്ങി. രക്ഷയില്ല!!

മകളെ കല്യാണദിവസവും ചട്ടുള്ളവളായി കാണേണ്ടി വരുമോ ദൈവമേ?മറിയക്കുട്ടിയുടെ അമ്മച്ചി മാമ്മിച്ചേട്ടത്തി അരുവിത്തുറ വല്യച്ചനു വല്യവായില്‍ നാലു നേര്‍ച്ച നേര്‍ന്നു.

വല്യച്ചനോടു പറഞ്ഞാല്‍ പറഞ്ഞതാണെന്നു നാട്ടിലൊരു ചൊല്ലുണ്ടായിരുന്നു. അതുകൊണ്ടാവാം, ആശങ്കകളുടെ ചട്ടുകാലവും ചട്ടുകാലും നാട്ടുകാരെ മൊത്തം വിട്ടുപോയി. അല്‍പംകൂടി വ്യക്തമായിപ്പറഞ്ഞാല്‍ പനിയുടെ പേരില്‍ അതുവരെ ചട്ടിച്ചട്ടിനടന്ന നാട്ടുകാരില്‍നിന്ന് ആ ദുര്‍നടപ്പ് എന്നെന്നേയ്ക്കുമായി ഒഴിഞ്ഞുപോയി.

അരുവിത്തുറ വല്യച്ചന്‍റെ മഹാദ്ഭുതം. ചട്ടുവിട്ടുമാറിയതോടെ, നാട്ടുകാര്‍ക്കിടിയില്‍ നഷ്ടമായിരുന്ന ഉന്‍മേഷം തിരിച്ചുകിട്ടി. അമ്പാറ, പാലമ്മൂട്, ചിറ്റാനപ്പാറ, മേരിഗിരി, മാട്ടേല്‍ ഷാപ്പുകളും പഴയ പടി പ്രവര്‍ത്തിച്ചുതുടങ്ങി.

കല്യാണ ദിവസം വന്നെത്തി. മേരിക്കുട്ടി ചട്ടാതെ പള്ളിയിലെത്തി. ചട്ടുവിട്ടുമാറിയ മേരിക്കുട്ടിയും അമ്മച്ചി മാമ്മിക്കുട്ടിയും അപ്പന്‍ പീലിയും ബന്ധുക്കളും പള്ളിയിലെത്തി. പെണ്ണുകൂട്ടരുവന്നു പത്തുമിനിട്ടിന്നകം ചെറുക്കന്‍കൂട്ടരുമെത്തി. അവര്‍ക്കുമില്ല അശ്ശേഷം ചട്ട്.

എന്നാല്‍ കുര്‍ബാന തുടങ്ങാം? ചട്ടില്ലാതെ വന്ന വികാരിയച്ചന്‍ ചോദിച്ചു.

തുടങ്ങാമച്ചോ...ചെറുക്കന്‍റെ ചട്ടില്ലാത്ത അപ്പന്‍ ഐപ്പ് മൊഴിഞ്ഞു.
കല്യാണക്കുര്‍ബാനയ്ക്കായി വധുവും വരനും പള്ളിയിലേക്കു വലതുകാല്‍ വച്ചു കയറണം. പെണ്ണ് കാറില്‍നിന്നിറങ്ങി ചട്ടാതെ പള്ളിയുടെ ആനവാതില്‍ക്കലേക്കു നടന്നു. ചെറുക്കന്‍ കാറില്‍നിന്നിറങ്ങി.

ചട്ടില്ലാതെ നടക്കുന്ന ചെറുക്കനെ കാണാന്‍ നിറകണ്ണുകളോടെ കാത്തുനിന്നവരെ ഞെട്ടിച്ചുകൊണ്ട് ചെറുക്കന്‍ ചട്ടച്ചട്ടി പള്ളിമുറ്റത്തൂകൂടെ പെണ്ണിന്‍റെ അടുത്തേക്കു നടന്നെത്തി.

പെണ്ണുഞെട്ടി, പെണ്ണിന്‍റപ്പന്‍ ഞെട്ടി, പെണ്ണിന്‍റെയമ്മ ഞെട്ടി. പെണ്‍വീട്ടുകാരു മുഴുവന്‍ ഞെട്ടി!!

നാട്ടുകാരുടെ മുഴുവന്‍ ചട്ടുമാറിയിട്ടും ചെറുക്കന്‍റെ ചട്ടുമാറിയില്ലേ?

പെണ്ണിന്‍റപ്പന്‍ ചെറുക്കന്‍റയപ്പനെ ചോദ്യരൂപേണ നോക്കി. ചെറുക്കന്‍റെയപ്പനു കുലുക്കമില്ല. ബ്രോക്കറെ നോക്കി. അയാളു സ്ഥലത്തില്ല!

ചെറുക്കനും പെണ്ണും പള്ളീലേക്കു കയറി. പള്ളിയില്‍ കുര്‍ബാന തുടങ്ങും മുന്‍പ് പെണ്ണിന്‍റെയപ്പന്‍ പീലി, ചെറുക്കന്‍റെയപ്പനെ വിളിച്ചുമാറ്റി നിര്‍ത്തി രഹസ്യമായി ചോദിച്ചു...

അല്ലാ ചെറുക്കന്‍റെ ചട്ട് ഇനിയും മാറിയില്ലേ?

ചെറുക്കന്‍റെ അപ്പന്‍ ചിരിച്ചു-

ഓ...അതിപ്പം മാറുമെന്നു തോന്നുന്നില്ല. ജനിച്ചപ്പം മുതലേയുള്ളതാ...!!!

9 comments:

SUNISH THOMAS said...

നാടുമുഴുവന്‍ പനി എന്ന പേരുള്ള എന്തോ ഒരുതരം മാരകഭീകര രോഗത്തിന്‍റെ പിടിയിലാണ്. പനിയെക്കാള്‍ മറ്റ് അസ്കിതകളാണ് നാടാകെ. നാടിന്‍റെ കഷ്ടതകള്‍ കണ്ടും കേട്ടും മനസ്സുമടുത്തപ്പോള്‍ ഇങ്ങനെ എഴുതാനാണു തോന്നിയത്.
വായിക്കുക

Anonymous said...

സത്യത്തില്‍ മറിയക്കുട്ടിക്കല്ലായിരുന്നോ ചട്ട് ? നിങ്ങള്‍ സത്യങ്ങളെ വളച്ചൊടിച്ചു. ഈ ബ്ലോഗിനു ഞാന്‍ തീ വയ്ക്കും !

Anonymous said...

ഫ്രാന്‍സില്‍ പണ്ടിങ്ങനെയെന്തോ ഒന്നു വന്നപ്പോള്‍ കണ്ടും കേട്ടും മനസ്സു മടുത്ത ബൊക്കാച്ചിയോ ഡെകാമറണ്‍ കഥകള്‍ എഴുതിയത്. അത്ര വിപുലമായ ഒന്നു വേണമെങ്കില്‍ ആലോചിക്കാവുന്നതാണ്.

SUNISH THOMAS said...

ഡെകാമറണ്‍ കഥകളു മൊത്തം നമ്മളൊന്നിച്ചു പാലാ സെന്‍റ് തോമസ് കോളജ് ലൈബ്രറിയില്‍ ക്ളാസു കട്ടു ചെയ്തിതുന്നതു വായിച്ചത് നാലുപേരു കേള്‍ക്കെ ഞാന്‍ വിളിച്ചു പറയും...


പറയണോ?

Anonymous said...

പാലാ സെന്റ് തോമസ് കോളജ് ഞാനറിയുകേല... ഞാന്‍ ആന്ധ്രാക്കാരനാ.. ഇവിടെ പകര്‍ച്ചപ്പനീം കൊണ്ടു വന്നതാ.. കേരളോമായിട്ട് വേറെ ഒരു ബന്ധോം ഇല്ല...!!

എനിക്കറിയാവുന്ന മറ്റേ കേസുകെട്ടുകളെല്ലാം ഞാനും വിളിച്ചു പറയും..

പറയണോ ? പറയണോ ?

സാജന്‍| SAJAN said...

സുനീഷേ, ഈ ചട്ട് മീനച്ചില്‍ താലൂക്കില്‍ മാത്രമെ ഉള്ളൂ എന്നൊക്കെ പറയുന്നതില്‍ അല്പം അതിശയോക്തി ഇല്ലേ? പനി പിടിക്കാതിരിക്കാന്‍ നാട്ടില്‍ പോയിട്ട് റൂമിനു പുറത്തിറങ്ങാതേ പേടിച്ചു ഒരാഴ്ച തള്ളിവിട്ട പാടെനിക്കറിയാം.. അത്ര ഭീകരമാണ് നാട്ടിലെ അവസ്ഥ,
അതെന്തെയാലും ഇത്ര രസകരമായി അവതരിപ്പിച്ച സ്ഥിതിക്ക് ഹാസ്യശിരോമണി പട്ടം ഒന്നെടുക്കട്ടെ?

Sijo said...

ഭരണങ്ങാനം കരയില്‍ പനി വരാത്തവരായി ഇനി ഞാനും സുനീഷും മാത്രം ബാക്കി

SUNISH THOMAS said...

പതിവായി പ്രതിരോധ മരുന്ന് കഴിച്ചുകൊണ്ടിരുന്ന നാട്ടിലെ പ്രമുഖരില്‍ പലര്‍ക്കും പനി പിടിച്ചു. ഇനിയിപ്പം ഇപ്പറഞ്ഞപോലെ ഞങ്ങളൊക്കെയേ ഉള്ളൂ ബാക്കി!!

മെലോഡിയസ് said...

സുനീഷ് ജീ..നന്നായി ട്ടാ. രസിച്ചു വായിച്ചു..
ഓ.ടോ. എനിക്കും കിട്ടി നല്ല അസ്സല്‍ പനി. പക്ഷേ, ചട്ട് കിട്ടിയില്ലാ :)

Powered By Blogger