Monday, July 23, 2007
ഒരു ഭാസനാടകത്തിന്‍റെ അന്ത്യം
ദീനാമ്മ സുന്ദരിയായിരുന്നു.
കഴിഞ്ഞ പത്തുവര്‍ഷമായി ഞങ്ങളുടെ ചെറിയ ഗ്രാമത്തിലെ ഒരേയൊരു മിസ് യൂണിവേഴ്സ് ആണു ദീനാമ്മ. ദീനാമ്മയുടെ സീനിയേഴ്സും ജൂനിയേഴ്സുമായ അനവധി വനിതാരത്നങ്ങള്‍ ഭരണങ്ങാനത്തുകൂടി നടന്നിട്ടും ദീനാമ്മയ്ക്കുള്ളയത്ര ഹിറ്റ് വേറെയൊരു ബ്ളോഗിനും സോറി, വനിതാരത്നത്തിനും നാട്ടുകാരില്‍നിന്നു കിട്ടിയില്ല.
ഇതുമൂലം ഒരുമാതിരിപ്പെട്ട സ്ത്രീരത്നങ്ങള്‍ക്കൊന്നും തന്നെ ദീനാമ്മയെ കണ്ണെടുത്താല്‍ കാണത്തില്ലായിരുന്നു. ദീനാമ്മയും മേല്‍പ്പറഞ്ഞ ജനുസ്സില്‍പ്പെട്ടതായിരുന്നതിനാല്‍ നാട്ടിലെ മറ്റൊരു സ്ത്രീരത്നത്തെയും ദീനാമ്മയ്ക്കും കാണുന്നതിഷ്ടമില്ലായിരുന്നു. എന്നാല്‍, നാട്ടിലെ ആണുങ്ങടെ സ്ഥിതി അതായിരുന്നില്ല. ദീനാമ്മയെ കാണാതിരുന്നാലായിരുന്നു അവര്‍ക്കു വിഷാദം.
ദീനാമ്മയ്ക്കായി ഭരണങ്ങാനത്ത് ഒരു ഫാന്‍സ് അസോസിയേഷന്‍ പോലുമുണ്ടായിരുന്നു. ദീനാമ്മ സ്വിച്ചിട്ടാല്‍ എത്ര വേഗത്തിലും കറങ്ങുമെന്നു സ്വയം പ്രഖ്യാപിച്ച ആ ആബാലവൃദ്ധസമൂഹത്തിന്‍റെ എണ്ണം ഭരണങ്ങാനത്തെ ഗ്രാമസഭകളുടെ ഹാജറിന്‍റെ ഇരട്ടിയോളം വരുമായിരുന്നു. അതില്‍ പ്രമുഖനായിരുന്നു സര്‍വകലാ വല്ലഭനും സര്‍വോപരി സല്‍സ്വഭാവിയുമായ ചാക്കോച്ചന്‍ കുന്നിനാകുഴി.
സിനിമാ സംവിധായകനാവുക എന്നതായിരുന്നു ചാക്കോച്ചന്‍റെ ജീവിതാഭിലാഷം. പത്താം ക്ളാസ് പാസായില്ലെങ്കിലും ചാക്കോച്ചന്‍ ഒരു സിനിമാ സംവിധായകനു വേണ്ട എല്ലാ യോഗ്യതകളുമുള്ള വ്യക്തി, അഥവാ വ്യക്തിത്വം അതുമല്ലെങ്കില്‍ പ്രസ്ഥാനം പോലുമായിരുന്നു. കാശുള്ളവരെ കറക്കിവീഴ്ത്തുകയെന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ മിടുക്ക്.
വലിക്കുന്നതു ദിനേശ് ബീഡിയാണെങ്കിലും ചാക്കോച്ചന്‍റെ പോക്കറ്റില്‍ എപ്പോഴും ഒരു പായ്ക്ക് വില്‍സ് ഉണ്ടാവും. സ്ഥലത്തെ പ്രധാന വ്യക്തികളോടു സംസാരിക്കുമ്പോളൊക്കെ അതില്‍നിന്ന് ഒരു വില്‍സ് എടുത്തു കയ്യില്‍പ്പിടിക്കുകയും പലവട്ടം അതില്‍തീപിടിപ്പിക്കാന്‍ ശ്രമിക്കുകയും അപ്പോഴൊക്കെ സംസാരത്തിന്‍റെ വ്യഗ്രതയില്‍ അതു മറന്നുപോയതായി ഭാവിക്കുകയും ഒടുവില്‍ സംസാരം അവസാനിപ്പിക്കും വരെ അതു കത്തിക്കാതിരിക്കുകയും കക്ഷി സ്ഥലം വിട്ടുകഴിഞ്ഞാലുടന്‍ അതു വീണ്ടും പോക്കറ്റിലേക്കു തന്നെ നിക്ഷേപിക്കുകയുമായിരുന്നു ചാക്കോച്ചന്‍റെ സ്റ്റൈല്‍.
ഒരു വില്‍സ് കൊണ്ട ചാക്കോച്ചന്‍ ഇങ്ങനെയുണ്ടാക്കിയെടുത്ത ഇമേജ് നാട്ടില്‍ വളരെ വലുതായിരുന്നു. അമ്മച്ചിയും അപ്പച്ചനും ചേര്‍ന്നു കഷ്ടപ്പെട്ടു സമ്പാദിക്കുന്ന കാശുകൊണ്ടു മേടിക്കുന്ന റേഷനരിക്കഞ്ഞിയാണു കുടിക്കുന്നതെങ്കിലും ദിവസവും ഫ്രൈഡ് റൈസ് കഴിച്ചു വളര്‍ന്നവന്‍റെ തലയെടുപ്പുണ്ടായിരുന്നു ചാക്കോച്ചന്.
താന്‍ സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുന്ന കാലം വിദൂരമല്ലെന്നും തന്‍റെ ആദ്യസിനിമയില്‍ ദീനാമ്മയെ നായികയാക്കുന്ന കാര്യം ഇപ്പോഴേ തീരുമാനിച്ചു കഴിഞ്ഞതായും ചാക്കോച്ചന്‍ തന്‍റെ ആരാധകരായ എല്‍പി സ്കൂള്‍ കുട്ടികളോട് എപ്പോഴും പറയുമായിരുന്നു. ദീനാമ്മയോടു ചാക്കോച്ചനു പ്രണയമായിരുന്നു.
ആയിടെയാണു ഭരണങ്ങാനത്തെ ശ്രീകൃഷ്ണക്ഷേത്രത്തിലെ ഉല്‍സവം വന്നത്. ഭരണങ്ങാനത്തിന് ഉല്‍സവമെന്നോ പള്ളിപ്പെരുനാള്‍ എന്നോ വ്യത്യാസമില്ലായിരുന്നു. രണ്ടായാലും പരിസരത്തെ ഷാപ്പുകളില്‍ ആവശ്യത്തിനു കള്ളുണ്ടാവണം, പിന്നെ നാലിടത്തെങ്കിലും ചുക്കിണി, കറക്കിക്കുത്ത് എന്നീ അലുക്കുലുത്തുകളും വേണം. അതുമാത്രമായിരുന്നു നാട്ടുകാര്‍ക്കു നിര്‍ബന്ധം.
ഉല്‍സവത്തിനു ഡാന്‍സ്, ബാലെ ഐറ്റങ്ങള്‍ക്കൊപ്പം ഭരണങ്ങാനത്തിന്‍റെ കലകാകാരന്‍മാര്‍ അവതരിപ്പിക്കുന്ന പുണ്യപുരാണ നാടകവും അനൗണ്‍സ് ചെയ്യപ്പെട്ടു.
നാടകത്തിന്‍റെ പേര്- സീതേ നീയെവിടെ?
രാമായണം ഉത്തരകാണ്ഡമായിരുന്നു കഥാ വിഷയം. ശ്രീരാമന്‍റെ സീതാ പരിത്യാഗവും തുടര്‍ന്നു വാല്‍മീകിയുടെ ആശ്രമത്തില്‍വച്ചു സീതയെ ശ്രീരാമന്‍ കണ്ടു മുട്ടുന്നതുമാണു കഥാവിഷയം.
ഡല്‍ഹിയില്‍നിന്നു നാട്ടിലെത്തിയ ഭാസ്കന്‍ പിള്ളയായിരുന്നു നിര്‍മാതാവ്. സ്വന്തമായി ഒരു സിനിമ നിര്‍മിക്കുകയെന്ന ഉദ്ദേശ്യവുമായി ജീവിക്കുന്ന ഭാസ്കരന്‍ പിള്ളേച്ചനെ മാട്ടേല്‍ ഷാപ്പില്‍ വച്ചു കറക്കിവീഴ്ത്തിയതു ചാക്കോച്ചന്‍ തന്നെയായിരുന്നു. തന്‍റെ കൈയില്‍ ഒരു കഥയുണ്ടെന്നും അത് ഇത്തവണത്തെ ഉല്‍സവത്തിനു സ്റ്റേജില്‍ കയറ്റിയാല്‍ ഗംഭീരമായിരിക്കും എന്നും മറ്റുമുള്ള ചാക്കോച്ചന്‍റെ വാചകമടിയിലും ഒപ്പം നടന്നുകൊണ്ടിരുന്ന കള്ളടിയിലും പെട്ട് പാവം പിള്ളേച്ചന്‍ വീണു പോയി.
ചാക്കോച്ചന്‍റെ കൈയിലിരുന്ന കഥയേതായാലും കയ്യില്‍ത്തന്നെയിരിക്കട്ടെ, നമുക്കു പുണ്യപുരാതനനാടകം വല്ലതും മതിയെന്ന് അമ്പലക്കമ്മറ്റിക്കാര്‍. ഒടുവില്‍, ചാക്കോച്ചന്‍ മറ്റെല്ലാ സംവിധായകരെയും പോലെ ഒത്തുതീര്‍പ്പിനു വഴങ്ങി. പുണ്യപുരാതനമെങ്കില്‍ അങ്ങനെ. അമ്പലത്തിലെ കഴകക്കാരില്‍ ഒരാളായ ശങ്കുണ്ണിച്ചേട്ടന്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി.
പ്രഫഷനല്‍ നാടകങ്ങള്‍ തോറ്റുപോകുന്ന തരത്തിലുള്ള ക്ളൈമാക്സും എഴുതിക്കേറ്റി.
സംവിധായകനെന്ന നിലയില്‍ താനീ നാടകത്തെ ഒരു വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്നു ചാക്കോച്ചന്‍ പ്രഖ്യാപിച്ചു. റിഹേഴ്സല്‍ തുടങ്ങുന്ന തീയതിയും പ്രഖ്യാപിച്ചു. ഇനി കഥാപാത്രങ്ങളെ കണ്ടെത്തണം.
ആരു സീതയാവും?എല്ലാവരും മുഖത്തോടുമുഖം നോക്കി. ചാക്കോച്ചന്‍ എങ്ങോട്ടും നോക്കാതെ ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞു- ദീനാമ്മ.
ദീനാമ്മയോ? ചാക്കോച്ചനു സംശയം ഒട്ടുമില്ലായിരുന്നു. ദീനാമ്മ തന്നെ.
നല്ലോരു ക്രിസ്ത്യാനിയായ ആ കൊച്ച് സീതയായിട്ടൊക്കെ വേഷമിടുമോ?
ഹെന്‍റെ മോളു സീതയാവുന്നതിലൊന്നും എനിക്കൊരു വിരോധവുമില്ല. പക്ഷേ അതങ്ങു സിനിമേലാണേല്‍ മാത്രം!
ദീനാമ്മയുടെ അപ്പന്‍ ഗീവര്‍ഗീസു ചേട്ടന്‍ മാട്ടേല്‍ഷാപ്പിലിരുന്നു കട്ടായം പറഞ്ഞു. അനുനയത്തിനായി ചാക്കോച്ചന്‍ ഒരു കുപ്പു കള്ളുകൂടി ഓര്‍ഡര്‍ ചെയ്തു.
അതിപ്പം, വര്‍ഗീസുചേട്ടാ, നാടകത്തീന്നാവുമ്പോള്‍ സിനിമേലോട്ടു കയറാന്‍ എളുപ്പമാ... എന്‍റെ കാര്യം നോക്ക്. അടുത്ത മാസം ഒരു പുതിയ പ്രോജക്ട് തുടങ്ങാനുള്ളതാ. അതിനു മുന്‍പ് ടൈംപാസിനൊരു നാടകം. പടം തുടങ്ങട്ടെ അപ്പോ നോക്കാം...
കള്ളിന്‍റെ ലഹരിയില്‍ ഗീവര്‍ഗീസു ചേട്ടന് ചാക്കോച്ചന്‍റെ ആഞ്ഞുള്ള തള്ള് പിടികിട്ടിയില്ല. എങ്കിലും സ്ഥായിയായ ബോധത്തോടെ അദ്ദേഹം മറുചോദ്യമെറിഞ്ഞു.
ആരാ സംവിധാനം? ഞാന്‍- ചാക്കോച്ചന്‍
നായകന്‍?
ഞാന്‍ തന്നെ
വര്‍ഗീസു ചേട്ടന് ഭാവിയില്‍ സംഭവിച്ചേക്കാവുന്നയുടെ തിരക്കഥ ഏതാണ്ട് പിടികിട്ടി.
അതു നടക്കത്തില്ല കൊച്ചനേ. നീ ഈ ഷാപ്പു മേടിച്ചു തരാമെന്നു പറഞ്ഞാലും നടക്കത്തില്ല. നീ സംവിധാനം ചെയ്ത് നീ നായനകായി എന്‍റെ മോളെ നിന്‍റെ നായികയാക്കീട്ട്... വേണ്ട ചാക്കോച്ചാ.. നിന്നോട് ഇഷ്ടമില്ലാഞ്ഞിട്ടില്ല, നാടകമൊക്കെയാവുമ്പോള്‍ എന്‍റെ മോളുടെ നായകാനായിട്ട് പുറത്തുനിന്നാരും വേണ്ട. എന്‍റെ മോന്‍ ഈനാശു തന്നെ നായകനായിക്കോളും..!ആങ്ങളേം പെങ്ങളുമാവുമ്പോള്‍ നായകനും നായികയുമാവുന്നതിനു കുഴപ്പമില്ലല്ലോ...
തൊട്ടിപ്പുറത്ത് പാലമ്മൂട് ഷാപ്പിലിരുന്നാണ് ഈനാശു ആ വാര്‍ത്ത കേട്ടത്. ഈനാശുവിനെ നാടകത്തില്‍ എടുത്തു. അതും നായകനായിട്ട്. ശ്രീരാമന്‍ ആയിട്ട് അഭിനയിക്കണമത്രേ. ശ്രീരാമന്‍റെ അപ്പന്‍ ദശരഥനാവാന്‍ പറഞ്ഞാലും ഈനാശു റെഡിയായിരുന്നു. കാരണം, ഒരു നടനാവുകയെന്നതായിരുന്നു ഈനാശുവിന്‍റെയും ജീവിതോദ്ദേശ്യം. അങ്ങനെ നാട്ടുകാരു കള്ളുപാച്ചന്‍ എന്നു പേടിയോടെ വിളിക്കുന്ന ഈനാശു ശ്രീരാമന്‍ ആകുന്നു. അത്യാവശ്യം ഉന്തിനില്‍ക്കുന്ന കുടവയറും തള്ളിനില്‍ക്കുന്ന രണ്ടു പല്ലുകളുമൊഴിച്ചാല്‍ ഈനാശു സുന്ദരനായിരുന്നു.
റിഹേഴ്സല്‍ തുടങ്ങി.
തലയില്‍ തൊപ്പിയും കൈയില്‍ എരിയുന്ന സിഗററ്റുമായി സംവിധായകന്‍ ചാക്കോച്ചന്‍ ഓരോ സീനും വിശദീകരിച്ച് അഭിനയിച്ചു കാണിച്ചുകൊടുത്തു കൊണ്ടിരുന്നു. ദീനാമ്മ അഭിനയിക്കുന്നതു കാണാന്‍ ഭരണങ്ങാനം മുഴുവന്‍ റിഹേഴ്സല്‍ ക്യാംപിനു പുറത്തു തമ്പടിച്ചെങ്കിലും ചാക്കോച്ചന്‍ എല്ലാവരെയും ഓടിച്ചു. ക്ളൈമാക്സിന്‍റെ സസ്പെന്‍സ് പോകുമെന്നായിരുന്നു വിശദീകരണം.
ദീനാമ്മ അതിവേഗം സീതയായി. പക്ഷേ, ശ്രീരാമന്‍ നേരെ തിരിച്ചായിരുന്നു. ഡയലോഗ് പ്രോംപ്റ്റു ചെയ്യുന്നവര്‍ നാടകം നാലുവട്ടം കാണാപ്പാഠം പഠിച്ചിട്ടും ഈനാശു ഒരു ഡയലോഗു പോലും തെറ്റാതെ പറയാന്‍ പഠിച്ചില്ല.രാവിലെ മുതല്‍ മുഴുക്കള്ളില്‍ റിഹേഴ്സലിനു വരുന്ന ഈനാശുവിനെ മെരുക്കിയിട്ട് നാടകം മുന്നോട്ടു പോവില്ലെന്നു ചാക്കോച്ചനു തോന്നി.
പക്ഷേ എന്തു ചെയ്യാം?
ഈനാശു എന്ന കള്ളുപാച്ചനില്ലെങ്കില്‍ ദീനാമ്മയില്ല. ദീനാമ്മയില്ലെങ്കില്‍ താനില്ല. താനില്ലെങ്കില്‍ പിന്നെ ഒരു കോപ്പുമില്ല- അതുകൊണ്ട് അതു വേണ്ടെന്നു ചാക്കോച്ചന്‍ തീരുമാനിച്ചു.
ഒടുവില്‍, നാടകം അരങ്ങേറേണ്ട ദിവസമായി. വാല്‍മീകിയുടെ ആശ്രമത്തില്‍വച്ചു സീതയെ വീണ്ടും കണ്ടുമുട്ടുന്ന ശ്രീരാമന്‍ സീതയെ രാജധാനിയിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നതും സീത വിസമ്മതിക്കുന്നതും ഭൂമിദേവി സീതയെ തിരികെയെടുക്കുന്നതുമാണു ക്ളൈമാക്സ്. അവസാന സീനില്‍ ഭൂമി പിളര്‍ന്ന് സീത അപ്രത്യക്ഷയാവുന്നിടത്താണു സംവിധായകനും നിര്‍മാതാവും അണിയറക്കാരുമെല്ലാം കയ്യടി പ്രതീക്ഷിക്കുന്നത്.
ഭൂമി പിളര്‍ക്കുന്ന കാര്യം പലവട്ടം ആലോചിച്ചെങ്കിലും നിര്‍മാതാവ് അതു സമ്മതിക്കാത്തതിനാലും അതിനുള്ള എക്യുപ്മെന്‍റ് കിട്ടാനില്ലാത്തതിനാലും മറ്റെന്തെങ്കിലും തട്ടിപ്പു വിദ്യ വഴി അതു നടപ്പാക്കാമെന്നായിരുന്നു പ്ളാന്‍. അതനുസരിച്ച് പലക അടിച്ചുണ്ടാക്കിയ സ്റ്റേജിന്‍റെ ഏകദേശം നടുക്കു ഭാഗത്തായി ഒരു അടപ്പുപോലെ പലക അടിച്ച് അതിന് കൊളുത്ത് അഥവാ ഏറുസാക്ഷാ പിടിപ്പിച്ചു.
സ്റ്റേജിന്നടിയില്‍നിന്ന് ഈ കൊളുത്ത് ഊരിയാല്‍ പലക സ്റ്റേജിന് അടിയിലേക്കു വാതിലുപോലെ തുറക്കും. ഭൂമിപിളര്‍ന്നു സീത അപ്രത്യക്ഷയാവുന്ന സീനില്‍ തട്ടില്‍ സീത നില്‍ക്കേണ്ടത് കൊളുത്ത് ഉള്ള ഭാഗത്താണ്. കൃത്യസമയമാകുമ്പോള്‍ സീതേ നീ പോകരുത് എന്നു ശ്രീരാമന്‍ പറയും. അപ്പോള്‍ അണിയറയില്‍നിന്നു ചെറിയ ശബ്ദത്തില്‍ മണി മുഴക്കും. അതാണു സിഗ്നല്‍. സ്റ്റേജിനു താഴെയിരിക്കുന്നവര്‍ ഏറു സാക്ഷാ വലിക്കും. സീത ഇട്ടപ്പൊത്തോന്നു താഴെ വരും. സ്റ്റേജിനു മുകളില്‍നിന്നുള്ള വീഴ്ചയായതിനാല്‍ ഒന്നും പറ്റാതിരിക്കാനും സീതയെ സംരക്ഷിക്കാനുമായി വലിയൊരു കച്ചിക്കൂന തന്നെ സ്റ്റേജിന് അടിയില്‍ അടുക്കിയിരുന്നു.
ഏറു സാക്ഷാ വലിക്കാന്‍ തന്‍റെ വിശ്വസ്തരായ സുഹൃത്തുക്കളെയാണു ചാക്കോച്ചന്‍ ഏര്‍പ്പെടുത്തിയിരുന്നത്. ക്ളൈമാക്സില്‍ ഇങ്ങനെയൊരു ഏര്‍പ്പാടുണ്ടെന്നു ദീനാമ്മയുടെ അപ്പന്‍ ഗീവര്‍ഗീസു ചേട്ടനോടു പറഞ്ഞിരുന്നില്ല. കള്ളുപാച്ചന്‍ ഈനാശുവിനോടു പറഞ്ഞിരുന്നെങ്കിലും ആശാനു സംഗതി പിടികിട്ടിയിരുന്നുമില്ല.
നാടകം തുടങ്ങാനുള്ള മണി മുഴങ്ങി.
സര്‍വാഡംബര വിഭൂഷിതനായി ശ്രീരാമന്‍, സീത, വാല്‍മീകി, കുശന്‍, ലവന്‍, മറ്റേലവന്‍, ലവന്‍റെ അപ്പന്‍, അമ്മ എന്നു തുടങ്ങി പടയാളികള്‍ വരെ പത്തുമുപ്പതു പേരു അണിയറയില്‍ റെഡിയായി. സദസ്സ് ആകാംക്ഷയോടെ കാത്തിരുന്നു. തൊട്ടപ്പുറത്തെ പറമ്പില്‍ ചക്ക വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത.
കലാസ്നേഹികളെ...
ഭരണങ്ങാനം പുഞ്ചിരി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് അവതരിപ്പിക്കുന്ന ഞങ്ങളുടെ ഈവര്‍ഷത്തെ പുതിയ നാടകം
സീതേ നീ എവിടെ.....????? (എക്കോ)
സംവിധാനം- ജേക്കബ് കുന്നിനാകുഴി
(അതാരെന്നോര്‍ത്തു ജനം മൂക്കത്തു വിരല്‍വച്ചു. പേരിനൊരു ഗരിമ കിട്ടാന്‍ ചാക്കോച്ചന്‍ തന്നെയാണ് തന്‍റെ പേര് ഇംഗ്ളീഷിലാക്കിയത്. ജേക്കബ്ബ്.)
നാടകം തുടങ്ങി. കുടവയറിനുമേല്‍ കഷ്ടിച്ചുടുപ്പിച്ച കോടിത്തുണി ചുറ്റി തലയില്‍ കിരീടവും വച്ച് ശ്രീരാമന്‍. സ്റ്റേജിലോട്ടു കയറുന്നതിനു തൊട്ടുമുന്‍പ് ചെറിയ വിറ വന്നു തുടങ്ങിയതിനാല്‍ ശ്രീരാമനായി വേഷമിടുന്ന ഈനാശു അത്യാവശ്യം കനപ്പെട്ട കണക്കില്‍ രണ്ടെണ്ണം അകത്താക്കിയിരുന്നു. അതോടെ, വിറ മാറി ആട്ടമായി.
ശ്രീരാമചരിതം ബാലെയിലെ നടനെപ്പോലെ നാടകത്തിലെ നായകനായ ഈനാശു സ്റ്റേജ് അളന്നു നടന്നുകൊണ്ടിരുന്നു. ഇടയ്ക്കിടെ ഡയലോഗുകള്‍ തെറ്റി. അതുകേട്ടു ജനം കൂവി. ജനം കൂവിയ ചില സമയങ്ങളില്‍ സ്റ്റേജില്‍ തൂക്കിയിരുന്ന മൈക്രോഫോണിലൂടെ ഈനാശുവും തിരിച്ചുകൂവി. ജനം നിശ്ശബ്ദരായി.
ഒടുവില്‍ സീതയുടെ അപ്പിയറന്‍സിനു സമയമായി. അതുവരെ ദീനാമ്മയ്ക്ക് അടുത്തായിരുന്നു ഡയറക്ടര്‍ ചാക്കോച്ചന്‍. വേഷങ്ങളും ആടയാഭരണങ്ങളുമെല്ലാം അണിഞ്ഞതോടെ സീത, സോറി ദീനാമ്മ കൂടുതല്‍സുന്ദരിയായിരിക്കുന്നുവെന്നു ചാക്കോച്ചനു തോന്നി. ദീനാമ്മയ്ക്കും അങ്ങനെ തോന്നിയെങ്കിലും പുറത്തുപറഞ്ഞില്ല.
ഇനി ദീനാമ്മയുടെ രംഗമാണ്. ദീനാമ്മ അഥവാ സീത സ്റ്റേജില്‍. ഭരണങ്ങാനം ഒന്നടങ്കം പ്രതീക്ഷിച്ചിരുന്ന സുവര്‍ണ നിമിഷം. സദസ്സിന്‍റെ പുറകില്‍നിന്ന് ആരൊക്കെയോ നേരത്തെ ആസൂത്രണം ചെയ്തതു പ്രകാരം ഗുണ്ടുകള്‍ക്കു തീകൊളുത്തി. ആകെപ്പാടെ ജഗപൊഗയായി സീതയുടെ രംഗപ്രവേശം.
ഈ സമയത്ത് ചാക്കോച്ചന്‍ സ്റ്റേജിന് അടിയിലേക്ക് ഊളയിട്ടുകൊണ്ടിരിക്കുകായിരുന്നു. ദീനാമ്മ വീണ്ടും സോറി, സീത താഴേക്കു വരുമ്പോള്‍ അവളെ പിടിക്കാന്‍ വേറൊരുത്തനേം അനുവദിക്കരുത്. ഏറുസാക്ഷ വലിക്കുകയും സീതയെ മറ്റാരും തൊടാതെ സുരക്ഷിതയായി പിടിച്ചുവൈക്കോലിലേക്ക് കിടത്തുകയെന്നതാണു തന്‍റെ ഡ്യൂട്ടിയെന്നു സംവിധായകനും സര്‍വോപരി സല്‍സ്വഭാവിയും കൂടിയായ ചാക്കോച്ചന്‍ മനസ്സിലാവര്‍ത്തിച്ചുകൊണ്ടിരുന്നു.
സ്റ്റേജിന് അടിയില്‍ ഏറു സാക്ഷ പിടിപ്പിച്ച ഭാഗത്ത് ചാക്കോച്ചന്‍റെ സുഹൃത്തുക്കള്‍ രണ്ടും സജീവരായുണ്ട്. മണിയടി കേള്‍ക്കുന്ന നിമിഷം ഏറുസാക്ഷ വലിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് അവര്‍ക്ക്.
സ്റ്റേജിനു മുകളില്‍ ക്ളൈമാക്സിനുള്ള സമയമായി. സീതയ്ക്ക് അഥവാ ദീനാമ്മയ്ക്ക് സ്റ്റേജിലെ തന്‍റെ പൊസിഷന്‍ കീപ്പു ചെയ്യേണ്ട നേരമായി. മൈക്കിനു മുന്‍പിലേക്ക് അഥവാ ഏറുസാക്ഷ പിടിപ്പിച്ചടത്തേക്ക് സീത നീങ്ങിനിന്നു.
താഴെ ചങ്കിടിപ്പോടെ ചാക്കോച്ചന്‍ കാത്തിരുന്നു.
മുകളില്‍ സീത, താഴെ ചങ്കിടിപ്പ്. താഴെ ചങ്കിടിപ്പ് കൂടിക്കൂടി വന്നെങ്കിലും മുകളില്‍ സീതയുടെ എണ്ണം കൂടിയില്ല.
ഒടുവില്‍ സീതയ്ക്കു താഴോട്ടു പോകാന്‍ സമയമായി. മണിയടിക്കാന്‍ ഉത്തരവാദിത്തമുള്ളവന്‍ അതിനു തയ്യാറെടുത്തു. പെട്ടെന്നാണു സദസ്സിനു മുന്നില്‍നിന്ന് അതുണ്ടായത്.
എടാ കള്ളുപാച്ചാ, കള്ളശ്രീരാമാ.....
ഈനാശുവിന് അതു സഹിച്ചില്ല, സീതയെ പിടിച്ചു മാറ്റി ഈനാശു മൈക്കിനു മുന്നിലേക്കു കയറി
കള്ളുപാച്ചന്‍ നിന്‍റെ തന്തായാടാ....
ഈ നിമിഷം അറിയാതെ മണി മുഴങ്ങി.
താഴെ ഏറുസാക്ഷ വലിച്ചു.
തന്‍റെ പ്രണയിനിയാണല്ലോ ഈ പറന്നുവരുന്നതെന്നോര്‍ത്തു രണ്ടുകയ്യും വിരിച്ചു കുളിരോടെ കാത്തിരുന്ന ചാക്കോച്ചന്‍റെ കൈയിലേക്ക് ഒന്നാന്തരമൊരു ചാക്കുകെട്ട് അലച്ചുവീണു.
വന്നുവീണപാടെ പ്രണയിനിക്കു കൊടുക്കാന്‍ കാത്തുവച്ചിരുന്നത് ചാക്കോച്ചന്‍ ആ സാധനത്തിനു കൊടുത്തു.
ഈനാശുവിന് അതൊരു പുതിയ അനുഭവമായിരുന്നു. തുടര്‍ന്നങ്ങോട്ട് ചാക്കോച്ചനും......!!!!
Subscribe to:
Post Comments (Atom)
28 comments:
കലാസ്നേഹികളെ...
ഭരണങ്ങാനം പുഞ്ചിരി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് അവതരിപ്പിക്കുന്ന ഈവര്‍ഷത്തെ പുതിയ നാടകം
സീതേ നീ എവിടെ.....????? (എക്കോ)
സംവിധാനം- ജേക്കബ് കുന്നിനാകുഴി
(അതാരെന്നോര്‍ത്തു ജനം മൂക്കത്തു വിരല്‍വച്ചു. പേരിനൊരു ഗരിമ കിട്ടാന്‍ ചാക്കോച്ചന്‍ തന്നെയാണ് തന്‍റെ പേര് ഇംഗ്ളീഷിലാക്കിയത്. ജേക്കബ്ബ്.)
പുതിയ കഥ
വായിക്കുക.
എഴുതിയതുവായിക്കാന്‍ കൊള്ളാം, പക്ഷെ ഒന്നും മനസിലായില്ല. എന്തോന്നളിയാ ഇത്.!!!!!
ഡിലീറ്റ് ഡിലീറ്റ് ഇമേജ് കളയല്ലേ!!!!!
ഭാസനാടകത്തിന്റെ അന്ത്യം ആഭാസമാവുമോ എന്നൊന്നറിയാനെത്തിയതാണ്...
സംഭവമൊക്കെ കൊള്ളാം... പക്ഷെ, തുടര്‍ന്നങ്ങോട്ട് ചാക്കോച്ചനും പുത്തനനുഭവമാണെന്നു പറഞ്ഞത്? അടിയായോ?
--
ചാത്തനേറ്:“മറ്റേലവന്‍,” അതു കലക്കി.....
സ്റ്റേജിനടിയില്‍ വെളിച്ചമില്ലായിരുന്നു അല്ലേ?
ഞാനൊരു നിഷ്കളങ്കനായിപ്പോയി !!!!!!!!!!ക്ഷമിക്കണം!!!!!!!!!!
:)
മുകളില്‍ സീത, താഴെ ചങ്കിടിപ്പ്. താഴെ ചങ്കിടിപ്പ് കൂടിക്കൂടി വന്നെങ്കിലും മുകളില്‍ സീതയുടെ എണ്ണം കൂടിയില്ല.
ഹഹ!
തകര്‍പ്പന്‍ അലക്കുകള്‍ കിടന്നു തകര്‍ക്കുന്ന സാധനം. നന്നേ ബോധിച്ചു. താഴെ കൊടുത്തിരിക്കുന്നവയെ മികച്ച ക്വോട്ടുകളായി തിരഞ്ഞെടുത്തിരിക്കുന്നു. വ്യത്യസ്തമായ സമീപനം, ആംഗിള്‍ !
"മുകളില്‍ സീത, താഴെ ചങ്കിടിപ്പ്. താഴെ ചങ്കിടിപ്പ് കൂടിക്കൂടി വന്നെങ്കിലും മുകളില്‍ സീതയുടെ എണ്ണം കൂടിയില്ല."
"ഈനാശുവിന് അതൊരു പുതിയ അനുഭവമായിരുന്നു. തുടര്‍ന്നങ്ങോട്ട് ചാക്കോച്ചനും......!!!!"
സുനീഷേ, ഇതുവരെ പറഞ്ഞതു പോലെയല്ല.
ഇതുവരെയിട്ട പടങ്ങള്‍ പോലെയല്ല, ഈ പടം !
സുന്ദരനാ കേട്ടോ !
കല്യാണലാചോനകള്‍ വരും !
കള്ളുകുടി നിര്‍ത്തി ഡീസന്റായിക്കോ !
എന്റെ അമ്മാവനൊരു മകളുണ്ടായിരുന്നെങ്കില്‍ ഞാന്‍ കെട്ടിച്ചു തന്നേനെ.
(അമ്മാവന്‍ എന്റെ ബദ്ധശത്രുവാകുന്നു)
ഈനാശു എന്ന കള്ളുപാച്ചനില്ലെങ്കില്‍ ദീനാമ്മയില്ല. ദീനാമ്മയില്ലെങ്കില്‍ താനില്ല. താനില്ലെങ്കില്‍ പിന്നെ ഒരു കോപ്പുമില്ല-
ഹ ഹ.. സുനീഷേട്ടാ എന്താ അലക്ക്. കലക്കി.
എന്റെ കേരളാ ബ്ലോഗേഴ്സ് മീറ്റിലെ നായികയെ മാറ്റി ദീനാമ്മയെ നായികയാക്കാം. നടക്കുമോ !
അപ്പനും ആങ്ങളയും വേണ്ട, ചാക്കോച്ചനും, കഥ,തിരക്കഥ,സംഭാഷണം, സംവിധാനം ഞാനാണല്ലോ !
വൈക്കോല്‍ സെറ്റപ്പ് ബോധിച്ചു !
ഹഹഹ. കൊള്ളാം നാടകം.
“തന്‍റെ പ്രണയിനിയാണല്ലോ ഈ പറന്നുവരുന്നതെന്നോര്‍ത്തു രണ്ടുകയ്യും വിരിച്ചു കുളിരോടെ കാത്തിരുന്ന ചാക്കോച്ചന്‍റെ കൈയിലേക്ക് ഒന്നാന്തരമൊരു ചാക്കുകെട്ട് അലച്ചുവീണു.
വന്നുവീണപാടെ പ്രണയിനിക്കു കൊടുക്കാന്‍ കാത്തുവച്ചിരുന്നത് ചാക്കോച്ചന്‍ ആ സാധനത്തിനു കൊടുത്തു.“ കഷ്ടം......
;)
അതെന്തായിരിക്കും ചാക്കോച്ചന്‍ പ്രണയിനിക്കു കൊടുക്കാന്‍ വച്ചിരുന്നത്..? മാല? വള..? പരിപ്പുവട..? ശോ വേറെ ഒന്നും കത്തുന്നില്ലല്ലോ..ഞാന്‍ സാല്‍ജോയേക്കാളും നിഷ്കളങ്കന്‍ ആയിപ്പൊയല്ലോ.
[അങ്ങനെ ഇപ്പോ സാല്‍ജോ മാത്രം നിഷ്കളങ്കന്‍ ആവണ്ട]
കലക്കി.
ഇഷ്ടക്കോട്ടുകള്‍ കൊറേയൊണ്ടെങ്കിലും അമറന്‍ സാധനം മുകളില്‍ സീത, താഴെ ചങ്കിടിപ്പ്. താഴെ ചങ്കിടിപ്പ് കൂടിക്കൂടി വന്നെങ്കിലും മുകളില്‍ സീതയുടെ എണ്ണം കൂടിയില്ല എന്നതു തന്നെ.
:)
കലക്കി.
ഇത് കലക്കി സുനീഷേ, ചിരിച്ച് മണ്ണ് കപ്പുന്ന സാധനമാണ്!
അങ്ങോരുടെ വില്‍സ് പരിപാടി ഇഷ്ടപ്പെട്ടു:)
ഉണ്ണിക്കുട്ടാ, നിഷ്കളങ്കാനന്ദാ...
ചാക്കോച്ചന്‍ ലെവള്‍ക്ക് കൊടുക്കാന്‍ വച്ചിരുന്ന സാധനം....
പരിശുദ്ധമായ ഉ..ഉ..ഉ..
ഉണ്ണിയപ്പമായിരുന്നു.
അത് ഭരണങ്ങാനം പള്ളീല്‍ നേര്‍ച്ചയായും കൊടുക്കാറുണ്ട്.
സുനീഷേ, നിങ്ങള് വെറുതെ വില്‍സിനൊരു ബൂസ്റ്റ് കൊടുത്തു.
സാല്‍ജോ, ഹരി, ഉണ്ണിക്കുട്ടാ,
തെറ്റിദ്ധരിക്കരുത്. (കാര്യമായിട്ടും). ചാക്കോച്ചന്‍ കൊടുക്കാന്‍ കാത്തുവച്ചതും ആളുമാറി ഈനാശുവിനു കൊടുത്തതും ബെര്‍ളി മുകളില്‍ പറഞ്ഞ സംഗതി തന്നെയാകുന്നു. അത് ആങ്ങളയ്ക്കു കിട്ടിക്കഴിഞ്ഞാല്‍ പിന്നെ സംഭവിച്ചേക്കാവുന്നവ ഏതൊരു കാമുകനും പുതിയ അനുഭവമാകാതെ തരമില്ല.
അത്രയേ ഞാനുദ്ദേശിച്ചുള്ളൂ.
:-)
മണിയടിക്കുമ്പം ഏറുസാക്ഷാ വലിയ്ക്കാനേ എന്നോടു പറഞ്ഞിട്ടുള്ളായിരുന്നു. സങ്ങതിയെല്ലാം മാറിപ്പോയതിന്‍ എന്നോട് എന്തിനാ കെറുവിയ്ക്കുന്നത്, ചാക്കോച്ചാ?
കളി തുടങ്ങുന്നതിനുബ്മുന്‍പ് ഓടിപ്പ്പ്പോയി ഉണ്ണീയപ്പം വാങ്ങിച്ചോണ്ടു വരാന്‍ എന്നൊട് പറഞ്ഞത് ഇതിനാരുന്നു അല്ലെ? അടുത്ത നാടകത്തിന് ഇത്തരം പരിപാടിയ്ക്കു കൂട്ടു നില്‍ക്കാന്‍ എന്നെ കിട്ടുകേല.
സുനീഷ് ഇത്രേം കാശൊള്ള വീട്ടിലെ ആണെന്ന് പുതിയ ഫോടോ കണ്ടപ്പഴാ അറിഞ്ഞേ.ഒരു കാറില്‍ നിന്നും ഇറങ്ങുന്നു. പുറകില്‍ ഒരു വാന്‍!അറ്റ് ലീസ്റ്റ് ബന്ധുക്കാരടെ എങ്കിലും ആരിക്ക്കും.
ഒരു പെണ്ണുകാണല്‍ അങ്ങോട്ട് ഫിക്സ് ചെയ്തോട്ടേ? കൊച്ചുത്രേസ്യയുടെ ക്രാഷ് കോഴ്സ് (Directives in PennukaaNal for Dumb Men) എടുത്തിട്ടേ ചായ കുടിയ്ക്കാന്‍ വരാവൂ.
കൊള്ളാം :)
എതിരന്‍ അച്ചായാ...
പെണ്ണാലോചന നിങ്ങടെ എടവകേന്നെങ്ങാനും മതി. പിന്നെ, ഇതുകൂടാതെ വീട്ടില്‍ വണ്ടി എട്ടുപത്തെണ്ണം വേറേമുണ്ട്. രണ്ടു ഹെലികോപ്ടറും ഒരു വിമാനവുമുണ്ട്. എല്ലാം അരുവിത്തുറ പെരുന്നാളിനു വല്യപ്പച്ചന്‍ മേടിച്ചു തന്നതാ...
വായിച്ചു ചിരിച്ചു. നന്നായിട്ടുണ്ട്.
രസകരമായ വിവരണം. നന്നായി ബോധിച്ചു.
"മുകളില്‍ സീത, താഴെ ചങ്കിടിപ്പ്. താഴെ ചങ്കിടിപ്പ് കൂടിക്കൂടി വന്നെങ്കിലും മുകളില്‍ സീതയുടെ എണ്ണം കൂടിയില്ല."
സുനീഷ് ചേട്ടാ...
അടിപൊളി അവതരണം...
:)
സുനീഷെ,
നന്നായി. അവസാനം പ്രതീക്ഷപോലെ ആയില്ല.
ഹാ ഹാ ഹാ.കൊള്ളാം.
Post a Comment