Saturday, August 04, 2007

ജോസുകുട്ടിയും അറുപതു കാമുകിമാരും


ജോസുകുട്ടി നല്ല കുട്ടിയായിരുന്നു.

സ്കൂളില്‍ പഠിക്കുമ്പോള്‍ നട്ടുച്ച നേരത്ത് പള്ളിയുടെ കൂട്ടമണിയടിച്ചു നാട്ടുകാരെ വിളിച്ചുകൂട്ടുക, ഒപ്പം പഠിക്കുന്നവരുടെ ചോറ്റുപാത്രത്തിലെ ഉച്ചഭക്ഷണം നേരത്തെ കഴിച്ച ശേഷം അതില്‍ മണലു വാരിയിടുക, അധ്യാപകരുടെ ഇരട്ടപ്പേരിന് വ്യാപക പ്രചാരം കൊടുക്കുക, മാസത്തിലൊരിക്കലെങ്കിലും അത് അപ്ഡേറ്റു ചെയ്യുകയോ അപ്ഗ്രേഡു ചെയ്യുകയോ ചെയ്യുക, ഒപ്പം പഠിക്കുന്ന പെണ്‍കുട്ടികളുടെ പുസ്തകങ്ങളില്‍ ക്ളാസിലെ മറ്റുള്ളവരുടെ പേരെഴുതിയ പ്രണയലേഖനങ്ങള്‍ ഒളിപ്പിച്ചു വയ്ക്കുക, അവരെ പുലിവാലു പിടിപ്പിക്കുക തുടങ്ങിയവയായിരുന്നു ജോസുകുട്ടിയുടെ ഇഷ്ടവിനോദങ്ങള്‍.

പ്രീഡിഗ്രിക്കു ഫോര്‍ത്ത് ഗ്രൂപ്പ് തന്നെ വേണമെന്നു ജോസുകുട്ടി വാശിപിടിക്കാന്‍ കാരണം ജോസുകുട്ടിക്കു പോലും അറിയില്ലായിരുന്നു. ജോസുകുട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങി മാണിച്ചേട്ടന്‍ അരുവിത്തുറ സെന്‍റ് ജോര്‍ജ് കോളജില്‍ അവനെ ഫോര്‍ത്ത് ഗ്രൂപ്പില്‍ത്തന്നെ ചേര്‍ത്തു. ഫോര്‍ത്ത് ഗ്രൂപ്പില്‍ ചേര്‍ന്ന് ആദ്യ രണ്ടു ദിവസത്തിനകം തന്നെ തനിക്കു വന്ന വഴി തെറ്റിപ്പോയെന്ന സത്യം ജോസുകുട്ടിക്കു മനസ്സിലായി.

പണ്ടുമുതലേ പഠിക്കുന്ന കാര്യത്തില്‍ വലിയ ഉത്സാഹമൊന്നും കാണിക്കാത്തെ ജോസുകുട്ടിക്ക് പഴയ ഉഴപ്പു ലൈന്‍ തുടരുന്നതിനു ഫോര്‍ത്ത് ഗ്രൂപ്പ് ഒരിക്കലും പറ്റിയ താവളമായിരുന്നില്ല. അങ്ങനെ കോളജില്‍ ചേര്‍ന്നു രണ്ടാമത്തെ ആഴ്ച തന്നെ ജോസുകുട്ടി ഫോര്‍ത്തില്‍നിന്നു തേര്‍ഡിലേക്കു കയ്യോടെ കാലുമാറി. അതുവരെ ജോസുകുട്ടിയുടെ മനസ്സിനെ മദിക്കാതിരുന്ന ചില വിഷയങ്ങളിലേക്കുകൂടിയാണു ഗ്രൂപ്പ് മാറ്റം കാര്യങ്ങളെത്തിച്ചത്. ക്ളാസില്‍ മുപ്പത് ആണുങ്ങളും അറുപത് പെണ്‍കുട്ടികളും. എവിടെത്തിരിഞ്ഞങ്ങു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം എന്ന പോലെ മരത്തലയന്‍മാരായ മുപ്പത് ആണുങ്ങള്‍ക്കിടയിലൂടെ തലങ്ങും വിലങ്ങും കൊലുസുതാളം കിലുക്കി പെണ്‍മണികള്‍ പാറിനടന്നുകൊണ്ടിരുന്നു.

അതുവരെ കൃത്യസമയത്തു ഭക്ഷണം എന്ന ചിന്ത മാത്രമുണ്ടായിരുന്ന ജോസുകുട്ടിക്ക് മുഖത്ത് കിളിര്‍ത്തു വരുന്ന മീശ മൂലമുണ്ടായ ചില ദുരാഗ്രഹങ്ങള്‍ ആരംഭിക്കുന്നത് ഇവിടെനിന്നാണ്. അതുമൂലം അവനിലുമുണ്ടായി അടിമുടി ചിലമാറ്റങ്ങള്‍. ഒറ്റമുണ്ടും ഷര്‍ട്ടുമിട്ടു കോളജില്‍ വന്നിരുന്ന ജോസുകുട്ടി അടിയന്തിരമായി രണ്ടു പാന്‍റ്സ് തൈപ്പിച്ചു.ഏറ്റവും ആധുനികമായ സ്റ്റഫോടുകൂടിയ രണ്ടു ഷര്‍ട്ടും വാങ്ങി. കാലിലിട്ടിരുന്ന സ്ലിപ്പര്‍ ഊരി മീനിച്ചിലാറ്റിലെറിഞ്ഞു. ലതര്‍ഷൂ ഒരെണ്ണം അല്‍പം കഷ്ടപ്പെട്ടു വീട്ടിലെ ഒട്ടുപാലു കട്ടെടുത്തു വിറ്റാണെങ്കിലും വാങ്ങി. ജോസുകുട്ടിക്ക് പ്രണയത്തിന്‍റെ അസ്കിത തുടങ്ങുകയായിരുന്നു. സാധാരണ കൗമാരത്തിന്‍റെ തിളപ്പില്‍ ആണ്‍പിള്ളേര്‍ക്കുണ്ടാകുന്ന പ്രണയം പോലെയായിരുന്നില്ല ഇത്. ജോസുകുട്ടിക്ക് അവന്‍റെ ക്ളാസിലെ അറുപത് പെണ്‍കുട്ടികളോടും പ്രണയമായിരുന്നു. മഴ പെയ്യുന്ന രാത്രികളില്‍ അവന്‍ അവര്‍ അറുപതു പേരേടുമുള്ള പ്രണയത്തിന്‍റെ കുളിര്‍മയില്‍ തണുത്തുവിറച്ചുകൊണ്ടിരുന്നു.

ക്ളാസിലെ അറുപതു പെണ്‍കുട്ടികളുടെ ഇടയിലും ജോസുകുട്ടി ഹീറോആയിരുന്നു. എങ്ങനെ ഹീറോ ആയി എന്നു മാത്രം ജോസുകുട്ടിക്ക് അറിയില്ല. ജോസുകുട്ടിയുടെ കടാക്ഷ മധുരത്തിനായി പെണ്‍കുട്ടികള്‍ കോളജ് വരാന്തയില്‍ ലവ് ലെറ്ററുകളുമായി കാത്തുനിന്നു. പണ്ടുമുതലേ എഴുത്തും വായനയുമായി അത്ര രസത്തിലല്ലായിരുന്ന ജോസുകുട്ടി അതിലെ പുല്ലിംഗാര്‍ഥ പ്രയോഗങ്ങളെ തന്ത്രപരമായി സ്ത്രീലിംഗത്തിലേക്കു മാറ്റി 60 പേര്‍ക്കും തിരിച്ചും "ന്യായമായി" വിതരണം ചെയ്തുകൊണ്ടിരുന്നു.

ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയുടെ പള്ളിയില്‍ തിരുനാള്‍. അന്നു ക്ളാസില്ലെന്നു പ്രിന്‍സിപ്പലിന്‍റെ നോട്ടു വന്നയുടന്‍ ക്ളാസിലെ പെണ്‍പ്രതീക്ഷകള്‍ ജോസുകുട്ടിയുടെ മേല്‍ ചാടിവീണു.

ഞങ്ങളു പെരുന്നാളുകൂടാന്‍ വരുന്നുണ്ട്. കൂട്ടത്തില്‍ ജോസുകുട്ടിയുടെ വീട്ടിലും വരാം. ഊണൊന്നും വേണ്ട, വെറുതെ വീട്ടുകാരെയൊക്കെ കണ്ടുപോരാമല്ലോ.....

ജോസുകുട്ടിയുടെ ചങ്കിലൂടെ നല്ല ഒന്നാന്തരം വടിവാളൊന്നു കേറിപ്പോയി. ഇത്രയും കാലും താനുണ്ടാക്കിയ സകല ഇമേജും ഈ പെണ്‍പോക്കിരികള്‍ തന്‍റെ വീടുകണ്ടാല്‍ പോകും. അത്രയ്ക്കു മനോഹരവും മനോജ്ഞവുമാണത്.

കന്നുകാലിക്കൂടിനും റബര്‍ മെഷീന്‍പുരയ്ക്കുമിടയിലെ ആവീടിനെക്കുറിച്ചോര്‍ത്തപ്പോള്‍ ജോസുകുട്ടിയുടെ മനസ്സില്‍ പെരുന്നാളിന്‍റെ കൂട്ടമണിയടി മുഴങ്ങിത്തുടങ്ങി.

മുന്‍വശത്തുള്ള വരാന്ത നിറയെ ഉണക്കുകപ്പയും കൊപ്രയും ഒട്ടുപാലുമൊക്കെയായിരിക്കും. പോരാത്തതിന് മുന്‍പില്‍ത്തന്നെയാണു ഈയിടെ പെറ്റ ആടിനെയും രണ്ടു കുഞ്ഞിനെയും കെട്ടിയിരിക്കുന്നത്. അതുങ്ങള്‍ക്കുള്ള തൊട്ടാവാടിയും പയറുവള്ളിയും കഴുക്കോലില്‍നിന്നു താഴേയ്ക്കു കെട്ടിഞാത്തിയിട്ടുണ്ടാവും.

അകത്തോട്ടു കേറിയാല്‍ പെണ്‍പ്രജകള്‍ വീണ്ടും ഞെട്ടും. അപ്പന്‍റെ കോണകം മുതല്‍ സകല അലുക്കുലുത്തു സാധനവും കൃത്യമായി അടുക്കും ചിട്ടയുമില്ലാതെ അവിടവിടെ ചിതറി വീണു കിടപ്പുണ്ടാവും. അടുക്കളയിലേക്ക് തന്‍റെ അമ്മച്ചിക്കല്ലാതെ മറ്റാര്‍ക്കുമിറങ്ങാന്‍ പോലും പറ്റില്ല. കാരണം, അത്രയ്ക്കു പുകയാണതില്‍. അതിനുള്ളിലാണു റബര്‍ഷീറ്റ് ഉണങ്ങാനിടുന്നത്.

ഇതൊക്കെ, സഹിക്കാം, അവര്‍ തന്‍റെ മുറിയെവിടെ എന്നു ചോദിച്ചാല്‍?????
ജോസുകുട്ടിയുടെ ഉള്ളില്‍ കുളിരു കോരി.

വീടിന്‍റെ പിന്നിലെ ചായ്പില്‍ തെറുത്തുവച്ചിരിക്കുന്ന പായും തലയിണയും കാണിച്ചു കൊടുത്താല്‍ എന്തായിരിക്കും സ്ഥിതി???

അവരു വരുന്ന സ്ഥിതിക്ക് കുറഞ്ഞത് കട്ടന്‍കാപ്പിയെങ്കിലും കൊടുക്കണം. അറുപതെണ്ണത്തിനും കാപ്പി കൊടുക്കാന്‍ കുറഞ്ഞത് ഇരുപത് ഗ്ളാസെങ്കിലും വേണം...

ചില കന്യാസ്ത്രീമാര്‍ വീട്ടിലോട്ടു വരുന്ന നേരത്തെ പോലെ ഗ്ളാസിനായി അയലോക്കം തെണ്ടാതെ നിവൃത്തിയില്ലാതാവും...!!!

ജോസുകുട്ടിയുടെ ചങ്കിടിച്ചു തുടങ്ങി. പടപടാ പടാ എന്നതിനെക്കാള്‍ അല്‍പംകൂടി സ്ട്രോങ്ങായി ഡും ഡും ഡും എന്നുതന്നെയായിരുന്നു ഇടി.

അത്യാവശ്യം വീട്ടില്‍ കാശുണ്ടായിട്ടും വീടുനന്നാക്കില്ലെന്നു പിടിവാശി തുടുരുന്ന അപ്പനോട് ജോസുകുട്ടിക്കു ജീവിതത്തില്‍ ആദ്യമായി കലിപ്പു തോന്നി. കര്‍ഷകകുടുംബമെന്നാല്‍ ഇത്രയുമൊക്കെ മതിയെന്നായിരുന്നല്ലോ ഇത്രയും കാലം തന്‍റെയും കണക്കുകൂട്ടല്‍. ഇതിപ്പോള്‍ കണക്കെല്ലാം മീനച്ചിലാറേ പോകുന്ന ലക്ഷണം.

ജോസുകുട്ടി ക്ളാസില്‍ കയറാതെ അടുത്തുള്ള മുറുക്കാന്‍ കടയിലിരുന്നു തല പുകച്ചു തുടങ്ങി. തലയില്‍നിന്നുയര്‍ന്ന പുകച്ചുരുളുകള്‍ക്കു ജ്യോതിമാന്‍ ബീഡിയുടെ ഗന്ധമുണ്ടായിരുന്നു.
ജ്യോതിമാന്‍ ബീഡിയില്‍നിന്നാണു ജോസുകുട്ടിയുടെ ചിന്ത റോയിച്ചന്‍ എന്ന തന്‍റെ ആത്മാര്‍ഥ സുഹൃത്തിന്‍റെ നേര്‍ക്കു നീണ്ടത്. റോയിച്ചനെക്കാളുപരി അവന്‍റെ രണ്ടുനില വീടിന്‍റെ ചിത്രമായിരുന്നു അപ്പോള്‍ ജോസുകുട്ടിയുടെ മനസ്സില്‍.

ആദ്യമൊന്നും റോയിച്ചന്‍ അതുസമ്മതിച്ചില്ല. ജോസുകുട്ടിയുടെ ക്ളാസിലെ പെണ്‍കുട്ടികള്‍ക്കു മുന്നില്‍ തന്‍റെ വീട് അവന്‍റെ വീടാക്കി അവതരിപ്പിക്കുക. പെരുന്നാള്‍ ദിവസം അപ്പനും അമ്മയും ചേട്ടന്‍മാരും രാവിലെ മുതല്‍ പള്ളിയിലായിരിക്കുമെന്നതിനാല്‍ വേറെ ആരുടെയും പ്രശ്നമുണ്ടാകില്ല. എന്നാലും അതു മോശമല്ലേ?

ഒരു മോശവുമില്ല. നീയങ്ങു സമ്മതിച്ചാല്‍ മതി.

റോയിച്ചന്‍ തലകുലുക്കാന്‍ വിസമ്മതിച്ചു നില്‍പു തുടര്‍ന്നു. ഒടുവില്‍ ജോസുകുട്ടി പഴയ പതിവ് അടവെടുത്തു.

നീയിതിനു സമ്മതിച്ചില്ലേല്‍ മറ്റേക്കാര്യം ഞാന്‍ പരസ്യമാക്കും. നിന്‍റെ ചേട്ടനോടു പറയും......

റോയിച്ചന്‍ ജോസുകുട്ടിയുടെ വായ് പൊത്തി. വീക്ക് പോയിന്‍റില്‍ കയറി പിടിച്ചവനോടുള്ള വൈരാഗ്യത്തോടെ റോയിച്ചന്‍ മനസ്സില്ലാമനസ്സോടെ വീടുമാറ്റം നാടകത്തിനു സമ്മതംമൂളി.
ദൈവമുണ്ടെന്നു ജോസുകുട്ടിക്ക് ആദ്യമായി തോന്നിപ്പോയി.
പെരുന്നാള്‍ ദിവസം വന്നെത്തി.

ജോസുകുട്ടിയുടെ മനസ്സില്‍ ആശങ്കള്‍ വിട്ടൊഴിഞ്ഞിരുന്നില്ല. വീട്ടുകാരെയെല്ലാം രാവിലെ തന്നെ പള്ളീല്‍ പറഞ്ഞുവിട്ട് റോയിച്ചന്‍ വീട്ടില്‍ത്തന്നെയിരുന്നു.

നേരം പതിനൊന്നു മണി.

ജോസുകുട്ടിയുടെ ചങ്കിടിപ്പുകൂട്ടിക്കൊണ്ട് ഒരു ട്രാന്‍സ്പോര്‍ട്ട് ബസു നിറയെ പെണ്‍കുട്ടികള്‍ ഹല്ലോ ജോസുകുട്ടി എന്ന അലര്‍ച്ചയുമായി ഭരണങ്ങാനത്തിറങ്ങി.

പെരുനാള്‍ത്തിരക്കുകള്‍ക്കിടയിലും ഭരണങ്ങാനം അതു കേട്ടു. ഇത്രയും കാലം ഭരണങ്ങാനത്തുകൂടി വെറും മണുക്കൂസായി നടന്ന ജോസുകുട്ടിയുടെ ചുറ്റും അന്തോനീസു പുണ്യാളന്‍റെ തലയ്ക്കു ചുറ്റും കാണാറുള്ള ഹാലോ പോലെ പെണ്‍പിള്ളേരു വളഞ്ഞുനില്‍ക്കുന്നതു കണ്ട് നാട് അസൂയപ്പെട്ടു.

നമുക്കു വീട്ടിലോട്ടു പോകാം??? ചോദ്യം ജോസുകുട്ടിയുടേതായിരുന്നു.

പെരുന്നാളുകൂടേണ്ടേ? അറുപതില്‍ ഒന്നു ചോദിച്ചു.

തിരിച്ചുവരുമ്പോള്‍ കൂടാം. നേരത്തെ വീട്ടില്‍ച്ചെല്ലണം. നേരത്തെ അവിടെനിന്നിറങ്ങണം.. ഇല്ലേല്‍ പ്രശ്നമാ...

അവസാന വാചകം അറിയാതെ വീണുപോയതായിരുന്നു...

എന്തു പ്രശ്നം?? പെണ്ണറുപതുകളില്‍ മറ്റൊന്നിനു സംശയം

അല്ല, മഴ പെയ്യാന്‍ സാധ്യതയുണ്ട്. അതോണ്ടാണേ....

പത്ത് ഓട്ടോറിക്ഷകളിലായി അറുപതു പെണ്‍പ്രജകളും ഒരേയൊരു ജോസുകുട്ടിയും റോയിച്ചന്‍റെ സ്വാറി ജോസുകുട്ടിയുടെ രണ്ടുനില വീടു ലക്ഷ്യമാക്കി പാഞ്ഞുതുടങ്ങി. പോകുന്ന വഴിക്കാണു ജോസുകുട്ടിയുടെ വീടും. വീടിനു സമീപത്തെ റോഡിലൂടെ പാസു ചെയ്തു പോയ ഓട്ടോയിലിരുന്നു ജോസുകുട്ടിയൊന്നു പാളിനോക്കി. തന്‍റെ ഒരേയൊരു അമ്മച്ചി മുഷിഞ്ഞ ഒരു ചട്ടയും മുണ്ടുമുടുത്ത ഷേപ്പില്‍ ആടിനു കാടിവെള്ളം കലക്കിക്കൊടുക്കുന്നു. ജോസുകുട്ടി അതു കണ്ടില്ല, അഥവാ കണ്ടഭാവം നടിച്ചില്ല.

തന്‍റെ വീടിനു നേര്‍ക്കു പാഞ്ഞുവരുന്ന ഓട്ടോറിക്ഷകളുടെ നീണ്ട നിര കണ്ടപ്പോളേ ചങ്കിടിപ്പോടെ റോയിച്ചന്‍ സിറ്റൗട്ടില്‍ എഴുന്നേറ്റിരുന്നു.

ഹല്ലോ റോയിച്ചാ.. നീ എപ്പളാ വന്നത്? ഇവിടെയാരുമില്ലേ? എന്തിയേ എന്‍റെ അപ്പച്ചനും അമ്മച്ചിയും?

ഇങ്ങോട്ടു വല്ലതുമിട്ടു കുളമാക്കും മുന്‍പേ അരഡസന്‍ചോദ്യം അങ്ങോട്ടു ചോദിച്ചു ജോസുകുട്ടി കളം കയ്യിലെടുത്തു. ഉത്തരം പറയാന്‍ വാപൊളിച്ച റോയിച്ചനെ അതിന് അനുവദിക്കാതെ ജോസുകുട്ടി പെണ്‍കുട്ടികള്‍ക്കായി അവനെ പരിചയപ്പെടുത്തി.

ഇതു റോയിച്ചന്‍. എന്‍റെ ബാല്യകാല സുഹൃത്താ...നമ്മളിങ്ങോട്ടു വരുംവഴി ഒരു ചേട്ടത്തി ആടിനു തീറ്റകൊടുക്കുന്നതു കണ്ടില്ലാരുന്നോ? അവിടുത്തെയാ....

റോയിച്ചനു തലകുലുക്കി സമ്മതിക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ.

ആ തലകുലുക്കല്‍ കാണാന്‍ കാത്തുനില്‍ക്കാതെ പെണ്‍പ്രജകള്‍ റോയിച്ചന്‍റെ വീണ്ടും സോറി ജോസുകുട്ടിയുടെ വീട്ടിലേക്ക് ഇരച്ചുകയറി. ലിവിങ് റൂം, ഡെനിങ് റൂം, ഡ്രോയിങ് റൂം, ബെഡ്റൂം, ബാത്ത്റൂം എന്നു തുടങ്ങി കിച്ചനിലും വര്‍ക്ക് ഏരിയയിലും വരെ പെണ്‍രത്തിനങ്ങള്‍ തള്ളിക്കയറി. ആകെപ്പാടെ വിമന്‍സ് കോളജിന്‍റെ മുന്‍പില്‍ ചെന്ന അങ്കലാപ്പുമായി റോയിച്ചന്‍ പുറത്ത് സിറ്റൗട്ടില്‍ തലയ്ക്കു കൈ കൊടുത്തു കുത്തിയിരുന്നു.

ജോസുകുട്ടീ.....എവിടെ അപ്പച്ചന്‍, അമ്മച്ചി- പെണ്ണറുപതുകളിലൊന്നു ചോദ്യമെറിഞ്ഞു

അവരു പെരുന്നാളിനു പോയി. ഇനി വൈകിട്ടേ വരത്തുള്ളൂ- ജോസുകുട്ടി പറഞ്ഞു

അയ്യോ... ഞങ്ങക്ക് അമ്മച്ചിയേ കാണണമെന്നുണ്ടായിരുന്നു. ഇവിടെ പടം വല്ലതും കാണുമോ? - അറുപതുകളില്‍ മറ്റൊന്ന്.

ഓ.. അമ്മച്ചിക്കു പടമെടുക്കുന്നത് ഇഷ്ടമില്ല. ഇലക്ഷന്‍കാരു വന്നപ്പോള്‍ പോലും വളരെ വിഷമിച്ചാ പടത്തിനു നിന്നുകൊടുത്തത്- ജോസുകുട്ടി മലക്കംമറ‍ിഞ്ഞു.

ഞാന്‍ നിങ്ങള്‍ക്കായി കാപ്പിയുണ്ടാക്കാം...- ജോസുകുട്ടി വിഷയം മാറ്റി..

എന്ത് ജോസുകുട്ടി കാപ്പിയുണ്ടാക്കുകയോ? അതും ഞങ്ങളിവിടെയുള്ളപ്പോള്‍? അവിടെയെങ്ങാനും പോയിരിക്ക്. ഞങ്ങളുണ്ടാക്കാം കാപ്പി- പെണ്‍പ്രജകള്‍ അടുക്കളയിലേക്കു പാഞ്ഞു. പിന്നാലെ റോയിച്ചനും പാഞ്ഞു.

അടുക്കളയില്‍ അറുപത് പേര്‍ക്കു കാപ്പിയുണ്ടാക്കാന്‍ പാകത്തില്‍ ഒരു പാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് കഞ്ഞിക്കലമായിരുന്നു. അതിലുണ്ടായിരുന്ന പഴങ്കഞ്ഞി പെണ്‍പിറപ്പുകള്‍ നേരെ മുറ്റത്തോട്ടു കമത്തി. കിച്ചന്‍ കാബിനറ്റില്‍നിന്നു പാല്‍പ്പൊടിയും കാപ്പിപ്പൊടിയും പിള്ളേരു പുസ്പം പോലെ പൊക്കിയെടുക്കുന്നതു കണ്ടപ്പോള്‍ റോയിച്ചന്‍റെ ചങ്കുനുറുങ്ങി.

മ്മച്ചി വൈകുന്നേരം തന്‍റെ മുതുകത്ത് ഉരല്‍ എടുത്തിട്ട് ഉരുട്ടുന്നതു വിഷ്വലൈസ് ചെയ്ത് റോയിച്ചന്‍ അപസ്മാരബാധിതനെപ്പോലെ അവിടെനിന്നു പുറത്തേക്കു നടന്നു.

വര്‍ക്ക് ഏരിയയില്‍ മൂന്നാലു പെണ്‍പ്രജകള്‍ ചേര്‍ന്ന് കഴിഞ്ഞയാഴ്ച വെട്ടിത്തൂക്കിയ വാഴക്കുലയൊന്നു വയറ്റിലോട്ടു ഫുള്‍ഫില്‍ ചെയ്യുന്ന കാഴ്ചകൂടികണ്ടപ്പോള്‍ റോയിച്ചന്‍റെ തലകറങ്ങി.

റോയിച്ചനെ കണ്ട പെണ്‍കുട്ടികള്‍ ചോദ്യഭാവത്തില്‍ അവനെ നോക്കി. ഒന്നു പുഞ്ചിരിക്കാന്‍ ശ്രമിച്ച റോയിച്ചനോട് അവര്‍ പക്ഷേ തിരിച്ചു ചോദിച്ചതു വല്ലാത്തൊരു ചോദ്യമായിരുന്നു.

തനിക്കെന്താടോ ഇവിടെ കാര്യം? ആ സിറ്റൗട്ടിലെങ്ങാനും പോയിരിക്ക്! വായിനോക്കാന്‍ വന്നിരിക്കുന്നു.

റോയിച്ചനു മതിയായി. അവന്‍ തിരികെ നടന്നു. അടുക്കളയില്‍ തട്ടുംമുട്ടും തുടരുന്നു. ഗ്യാസ് സ്റ്റൗ കത്തിക്കാന്‍ പെണ്‍കുട്ടികള്‍ ഭഗീരഥ യത്നത്തിലാണ്.

ലിവിങ് റൂമില്‍ ജോസുകുട്ടിയപ്പോള്‍ പത്തിരുപതു പെണ്‍കുട്ടികളുടെ മധ്യസ്ഥനായിരുന്നു പഴയ വീരവാദ കഥകള്‍ എഴുന്നള്ളിക്കുകയായിരുന്നു. പള്ളിയില്‍ പെരുന്നാള്‍ പ്രദക്ഷിണമപ്പോള്‍ അവസാനിച്ചിരുന്നു.

ജോസുകുട്ടിയെ ഇനി പിടിച്ചാല്‍ കിട്ടണമെങ്കില്‍ കുറച്ചുകഴിയുമെന്നു മനസ്സിലായ റോയിച്ചന്‍ പതിയെ സിറ്റൗട്ടിലേക്കിറങ്ങി. തനിക്കിവിടമാണു സുരക്ഷിതം. എന്തൊക്കെ പ്രതീക്ഷകളായിരുന്നു!!!

നിരാശ മൂത്ത് ദൂരേയ്ക്കു കണ്ണുംനട്ടിരുന്ന റോയിച്ചനെ ഞെട്ടിച്ചുകൊണ്ട് ചട്ടേം മുണ്ടുമുടുത്ത് കുടയും ചൂടിയ ഒരു സ്ത്രീരൂപം വീടിനു നേര്‍ക്കു നടന്നുവരികായിരുന്നപ്പോള്‍.

പെരുന്നാളിന്‍റെ വെയിലുകൊണ്ടു ക്ഷീണിച്ച റോയിച്ചന്‍റെ സ്വന്തം അമ്മച്ചിയായിരുന്നു അത്!!

ഒരു നിമിഷം- ഇനിയവിടെ സംഭവിക്കാന്‍ പോകുന്ന ക്ളൈമാക്സിന്‍റെ ഓരോ സീനുകളും റോയിച്ചന്‍റെ മനസ്സിലൂടെ ഓടിയെത്തി.

എടാ ജോസുകുട്ടി അമ്മച്ചി വരുന്നുണ്ടുടെടാ......

റോയിച്ചന്‍റെ അലര്‍ച്ച കേട്ട ജോസുകുട്ടി അസ്ത്രപ്രജ്ഞനായി. അതു മനസ്സിലാക്കാതെ കൂട്ടത്തിലുണ്ടായിരുന്ന പെണ്‍കുട്ടികള്‍ ആര്‍പ്പുവിളിച്ചുകളഞ്ഞു.

ദാണ്ടേടീ....ജോസുകുട്ടിയുടെ അമ്മച്ചി വരുന്നു....

വരുന്നതു തന്‍റെ അമ്മച്ചിയല്ലെന്നു ജോസുകുട്ടി എങ്ങന പറയാന്‍...?

അടുക്കളയില്‍ തിളച്ചുതുടങ്ങിയ കാപ്പിയിട്ടേച്ച്, വര്‍ക്ക് ഏരിയയില്‍ ബാക്കിയായ കാളാമുട്ടനും പഴത്തൊലിയും ബാക്കിയിട്ടേച്ച് പെണ്ണറുപതുകൂട്ടം വീട്ടിനു പുറത്തേക്ക്, വീടിനടുത്തുവരെയെത്തിയ അമ്മച്ചിയുടെ അടുത്തേക്കു തിടുക്കത്തില്‍ പാഞ്ഞു.

നിലയമിട്ടിനു തീകൊളുത്തിയവനെപ്പോലെ റോയിച്ചന്‍ വര്‍ക്ക് ഏരിയ വഴി വീടിന്‍റെ പുറകിലൂടെ ഇറങ്ങി എങ്ങോട്ടെന്നില്ലാതെ പാഞ്ഞു...

ഇനിയവിടെ നില്‍ക്കുന്നതു പന്തിയല്ലെന്നു തോന്നിയ ജോസുകുട്ടിയും പിന്നാലെ പാഞ്ഞു.

തന്‍റെ വീട്ടില്‍നിന്ന് വന്‍സംഘം പെണ്‍പിള്ളേര് ഓടിയിറങ്ങിവരുന്നതു കണ്ട റോയിച്ചന്‍റെ അമ്മച്ചിക്ക് ഒന്നും പിടികിട്ടിയില്ല.

അമ്മച്ചീ ഞങ്ങളു മോന്‍റെ ക്ളാസ്മേറ്റ്സാ.......

അപ്പോളും അമ്മച്ചിക്ക് ഒന്നുംപിടികിട്ടിയില്ല. പത്താം ക്ളാസില്‍ പഠിപ്പുനിര്‍ത്തിയ റോയിച്ചന് എവിടുന്നാ ക്ളാസ്മിസ്റ്റേക്ക്സ് എന്നാലോചിച്ച് അവര്‍ വണ്ടറടിച്ചു.

പെണ്‍പ്രജകള്‍ ചേര്‍ന്ന് അമ്മച്ചിയെ പൊക്കിയെടുത്ത് വീട്ടിലെത്തിച്ചു. അടുക്കളയില്‍ പെണ്‍പിള്ളേരു സ്വന്തം നിലയ്ക്ക് ഒപ്പിച്ച സാഹസം കണ്ട് അമ്മച്ചിയുടെ കണ്ണുനിറഞ്ഞു. വര്‍ക്ക് ഏരിയയില്‍ ബാക്കിയായ പഴത്തൊലികള്‍ കണ്് അവരുടെ മനസ്സു നിറഞ്ഞു.
ജോസുകുട്ടിയെ കാണാതെ, പിള്ളേരു വൈകിട്ടോടെ നിരാശരായി വീടിന്‍റെ പടിയിറങ്ങി. അവരു പോകാന്‍നേരം ജോസുകുട്ടിയുടെ സോറി, റോയിച്ചന്‍റെ അമ്മച്ചിയുടെ കണ്ണുനിറഞ്ഞുപോയി. പെണ്‍മക്കളെ കാപ്പി കൊടുത്തിറക്കിവിടും വരെ അമ്മച്ചിയൊന്നും മിണ്ടിയില്ല. മിണ്ടാന്‍ പിള്ളേരു സമയം കൊടുത്തുമില്ല.

ജോസുകുട്ടിയും അയലോക്കത്തെ റോയിച്ചനും അമ്മച്ചി വന്നപ്പോള്‍ എവിടെപ്പോയി ഒളിച്ചു, അതെന്തിന് എന്നീ മിത്തുകള്‍ക്കു മാത്രം കുട്ടികള്‍ക്ക് ഒരു ഉത്തരവും കിട്ടിയില്ല.

അമ്മച്ചിയുടെ യഥാര്‍ഥ മകനും കഥയിലെ മകനും അപ്പോളും പാച്ചില്‍ തുടരുകയായിരുന്നു.

31 comments:

SUNISH THOMAS said...

ജോസുകുട്ടിയുടെ കഥയ്ക്ക് എനിക്കു പരിചയമുള്ള ആരുമായും ഒരു ബന്ധവുമില്ല. സാദൃശ്യങ്ങള്‍ക്ക് എനിക്കുത്തരവാദിത്തമില്ല.
കഥയില്‍ ഉപയോഗിച്ചിരിക്കുന്ന അനുസാരികകള്‍
പൊടിപ്പ്- ഒന്നരക്കിലോ
തൊങ്ങല്‍- നന്നായി തിരുമ്മി മൂപ്പിച്ചെടുത്തത് രണ്ടു വലിയ സ്പൂണ്‍
ഭാവന- ഒരു ലിറ്റര്‍
ഉപ്പ്- ആവശ്യത്തിന്


ചുമ്മാ വായിക്കുക
:)

Anonymous said...

കോട്ട് ചെയ്യണമെന്നാഗ്രഹമുണ്ട്. പക്ഷെ ആദ്യാവസാനം ഒരൊറ്റ ചരടില്‍ കൊരുത്ത ഈ സാധനം മുറിച്ച് കോട്ട് ചെയ്യാനാവില്ല.

നിങ്ങള്‍ മുമ്പെഴുതിയിട്ടുള്ള പലതും വായിക്കുമ്പോള്‍ ഒരു സുനീഷ് ടച്ച് ഫീല്‍ ചെയ്യുമായിരുന്നു. അതായത് വായിച്ചാല്‍ കണ്ണുമടച്ച് നിങ്ങളുടെ പേര് പറയാം.

ഇത് രണ്ടാം പാരഗ്രാഫില്‍ തന്നെ എഴുത്തുകാരനെ മറക്കും. കുറെ നേരം ജോസുകുട്ടിയായി ഞാന്‍. പിന്നെ ഇച്ചിരെ നേരം ആ പാവപ്പെട്ട അമ്മച്ചിക്കു മാത്രം ഇറങ്ങാന്‍ പറ്റുന്ന പുകയടിച്ച് കണ്ണു കലങ്ങി. ഇച്ചിരെ നേരം റോയിച്ചനായി.

ഏച്ചു കെട്ടിയ അവസാനത്തെ മാണിച്ചന്റെ ഡയലോഗിനു മാപ്പു തരുകേല...

ഒറ്റവായനയില്‍ തന്നെ ഓരോ സീനും മനസ്സില‍ പതിഞ്ഞു പോയി.

സുന്ദരവും വ്യത്യസ്തവുമായ കഥ.

നിങ്ങള്‍ക്ക് വ്യക്തിപരമായി വല്ല മാറ്റവും സംഭവിച്ചോ.

ഉദാ,ബുദ്ധിയുദിക്കുക, പക്വത വരിക, സ്വഭാവം,കാഴ്ചപ്പാട് ഇവയിലേതെങ്കിലും മാറ്റുക അങ്ങനെയെന്തെങ്കിലും ?

ഉറുമ്പ്‌ /ANT said...

ചുമ്മാ വായിച്ചു. നന്നായി.
ഭാവന ഒരു ലിറ്ററും ഉണ്ടായിരുന്നതാ. പക്ഷെ അറുപതും പോയിക്കഴിഞപ്പോള്‍ പാത്രം കാലി. അവളുമാരു കാണാത്തതിനാല്‍ ഉപ്പ് പാകത്തിനിട്ടു.
എന്നിട്ടും ഇതിനൊരു ഭരണങാനം ടച്ചുണ്ടോ എന്നു സംശയം.
ഈയടുത്തെങാനും കോട്ടയം ടൌണില്‍ പോയിരുന്നോ.?

വിന്‍സ് said...

chirichu maduthu.... kalakki. pakshe avasaanathey dialouge veruthey muzhachu nilkkunnu.

Mr. K# said...

ആകെ മൊത്തം ടോട്ടലു കലക്കി. അവസാനത്തെ ഡയലോഗ് മാത്രം പിടികിട്ടിയില്ല.

സുനീഷ് said...

ഒരു ആത്മകഥയുടെ റബ്ബറ്‍മണവും, ആട്ടിഞ്ചൂരും എല്ലാം കിനിയുന്നുണ്ടല്ലോ സുനീഷെ.... അത്ര തന്‍മയത്വം... എനിക്കു മേലാ....എന്നെയങ്ങു തല്ലിക്കീറ്‍.....

G.MANU said...

atuththa thavaNa naattil varumpOL pakka bharangaanathu varum.... maashu ready anallo alle.

ഇടിവാള്‍ said...

സുനീഷെ
നന്നാ‍ായി ചിരിച്ചു കെട്ടാ!

ഇടിവാള്‍ said...

സുനീഷെ
നന്നാ‍ായി ചിരിച്ചു കെട്ടാ!

SUNISH THOMAS said...

ബെര്‍ളീ, മനു,
ക്ളൈമാക്സിലെ ഏച്ചുകെട്ടു തിരുത്തി. ഇനി വായിക്കാം.

മെലോഡിയസ് said...

സുനീഷ് ജീ..അടിപൊളി.രസിച്ച് വായിച്ചു ട്ടാ..

Unknown said...

അമ്മോ.... ചിരിച്ച് വയ്യാതായി മാഷേ.. ഞാന്‍ എന്റെ അമ്മയുടെ അടുത്തേയ്ക്ക് 60 പെണ്‍കുട്ടികള്‍ ഒന്നിച്ച് പാഞ്ഞ് ചെല്ലുന്ന രംഗം ഒന്ന് സങ്കല്‍പ്പിച്ചു. ഹൂയ്... എന്റമ്മോ.. :-)

കൊച്ചുത്രേസ്യ said...

ഉഗ്രന്‍ കോമഡി. നന്നായിരിക്കുന്നു. ആത്മകഥകളിനിയും വരിവരിയായി പോരട്ടെ :-)

asdfasdf asfdasdf said...

ഇതു കലക്കിയിട്ടുണ്ട് സുനീഷെ..
:) :)

മഴത്തുള്ളി said...

സുനീഷേ, അടിപൊളിയായി കേട്ടോ.

എന്നാലും അറുപതു പേര്‍ ;) അല്പം കൂടിപ്പോയില്ലേ???

സാല്‍ജോҐsaljo said...

തകര്‍പ്പന്‍!!

പറയാനുള്ളത് ബെര്‍ളിവന്നു പറഞ്ഞിട്ടുപോയി.

“അടുക്കളയില്‍ അറുപത് പേര്‍ക്കു കാപ്പിയുണ്ടാക്കാന്‍ പാകത്തില്‍ ഒരു പാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് കഞ്ഞിക്കലമായിരുന്നു.“ ഇതു വായിച്ച് ശരിക്കും ചിരിച്ചു..

)

മുക്കുവന്‍ said...

കലക്കി ഇഷ്ടാ... സമ്മര്‍ ഇന്‍ ബസ്ലേഹം ടച്ച് ഉണ്ടോ?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ക്വാട്ടുന്നില്ലാ എന്തിനാ ക്വാട്ടുന്നേ എല്ലാം കിടിലം..

പെരുന്നാള്‍ ഒന്ന് ഇപ്പോള്‍ കഴിഞ്ഞില്ലേ ? ഇത്തവണ 6 പേരായിരുന്നോ ഓഫീസിന്ന് വീട്ടിലു വന്നേ?

എതിരന്‍ കതിരവന്‍ said...

അറുപതു പേരോ? കാമുകിമാരുടെ എണ്ണം കൂടി വരികയാണല്ലൊ? കഥാകൃത്തിന്റെ മാനസിക നില (ബെര്‍ളി പറഞ്ഞതു പോലെ) മാറിക്കൊണ്ടിരിക്കയാണോ?
ഇനി അടുത്ത കഥ:

“ജപമാലയുടെ മണമുള്ള എഴുപത്തഞ്ച്ചു പെണ്‍കുട്ടികള്‍”.

കൊച്ചു ഗോപാലകൃഷ്ണാ......

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു

അഭിലാഷങ്ങള്‍ said...

സുനീഷേ..

കഥ നന്നായി. പക്ഷെ ക്ലൈമാക്സ് മറ്റൊന്നാക്കാമായിരുന്നു. പലതരം ക്ലൈമാക്സിന് സാധ്യതയുണ്ടായിരുന്നു. ആദ്യം മുതല്‍‌ നല്ലനണ്ണം രസിച്ച് വായിച്ചു.. അടിപൊളി എഴുത്ത് മാഷേ.... അവസാനം റോയിച്ചന്റെ അമ്മച്ചി വരും എന്നും ഊഹിച്ചിരുന്നു. പക്ഷെ, ഇവന്മാര്‍ രണ്ടാളും എങ്ങോട്ടെന്നില്ലാതെ ഓടിരക്ഷപ്പെടും എന്ന് കരുതിയില്ല. :-). ആ ഐഡിയ (പതിനെട്ടാം അടവ്) എല്ലാവരും ചിന്തിക്കുന്നതാണ് . അതിന് മാറ്റം വരുത്തി പുതിയ വല്ല നമ്പരും (വല്ല പത്തൊന്‍പതാം അടവും) ഇട്ടിരുന്നെങ്കില്‍‌ കൂടുതല്‍‌ നന്നായേനേ എന്ന് എനിക്ക് വ്യക്തിപരമായ ഒരു അഭിപ്രായം ഉണ്ട്. എന്തായാലും, വളരെ നല്ല ഒഴുക്കുള്ള എഴുത്ത്. സീനുകള്‍ എല്ലാം വായനക്കരന്റെ മനസ്സില്‍‌ തങ്ങി നില്‍ക്കും..

[അഭിലാഷങ്ങള്‍]

കുട്ടന്‍സ്‌ | S.i.j.i.t.h said...

സുനീഷ് ഭായ്,

ഇന്നാണു കഥ വായിച്ചത്...നന്നായിട്ടുണ്ട്..

“ജോസുകുട്ടിയുടെ കഥയ്ക്ക് എനിക്കു പരിചയമുള്ള ആരുമായും ഒരു ബന്ധവുമില്ല. സാദൃശ്യങ്ങള്‍ക്ക് എനിക്കുത്തരവാദിത്തമില്ല.” -- എന്തിനാണീ മുന്‍‌കൂര്‍ ജാമ്യം..

ഒ.ടോ : പനി മാറിയോ..

ഉണ്ണിക്കുട്ടന്‍ said...

അറുപതെണ്ണത്തിനെ ജോസൂട്ടി എങ്ങനെ വളച്ചെടുത്തു എന്ന അതി ഭീകര സത്യം മറച്ചു വെച്ചതു ശരിയായില്ല. കഥ കലക്കി മാഷേ...ശരിക്കും ചിരിച്ചു.

സൂര്യോദയം said...

സുനീഷേ... കിടിലന്‍... രസകരമായ വിവരണം.... :-) (അങ്ങനെയാണല്ലേ 'ജോസുകുട്ടീ.. വിട്ടോടാ...' എന്ന ചൊല്ലുണ്ടായത്‌) :-)

ശ്രീവല്ലഭന്‍. said...

:-)

..:: അച്ചായന്‍ ::.. said...
This comment has been removed by the author.
..:: അച്ചായന്‍ ::.. said...

mashe ennu motham mashinte blog vayana arunnu parupadi .. ethu vare comment onnum ittillaa but ethinu comment ettilleee kola chathy aye pokum enikku chiri sahikkan pattunnillaaa ..superrrrrrrrrrrrrrrrrr

«╬♥ĴℐĴŐ ♥ℳÁŤℋΞŴ♥╬« said...

കൊള്ളാം അണ്ണാ ..സൂപ്പര്‍ എഴുത്ത്...

oru pazhaya orma said...

Good...

Kattante Kattayangal said...

kalakki suneeshe

സുധി അറയ്ക്കൽ said...

തകർത്തു.ചിരിച്ച്‌ ചിരിച്ച്‌ കഴിച്ചോണ്ടിരുന്ന ചോറു വിക്കിപ്പോയി.ഹോ!!എന്നാ കഥയാ ദ്‌????

Powered By Blogger