Saturday, October 06, 2007
മാത്തപ്പന്റെ തിരോധാനം
എടാ... മാത്തപ്പന്‍ മിസ്സിങ് ആണ്!
അതിരാവിലെ ജോര്‍ജുകുട്ടിയാണു വിളിച്ചേല്‍പിച്ചത്. രാവിലത്തെ മഞ്ഞിന്‍തണുപ്പത്തും അവന്‍ നന്നായി വിയര്‍ത്തിട്ടുണ്ട്. വിയര്‍പ്പിന് ഒസിആര്‍ മണം.
ഞാന്‍ കുറ്റം പറഞ്ഞില്ല. കാരണം, എനിക്കും കാണുമല്ലോ അതേ മണം!
മാത്തപ്പന്‍ മിസ്സിങ്. അവന്‍വീണ്ടും പറഞ്ഞു. എനിക്കതില്‍ അതിശയം തോന്നിയില്ല. ഞാന്‍ അടുക്കളയിലേക്കു നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.
രണ്ടു കട്ടന്‍ കാപ്പി.
അമ്മച്ചീ മുട്ട പുഴുങ്ങിയതുണ്ടേല്‍ അതും- ജോര്‍ജുകുട്ടി പൂരിപ്പിച്ചു.
ഇനിയിപ്പം എന്തു ചെയ്യും?
എന്തു ചെയ്യാന്‍? എന്തായാലും അവളുടെ കല്യാണത്തിനു പോകണം. അവളു വിളിച്ചില്ലേലും അവളുടെ അപ്പന്‍ വിളിച്ചതാണ്. - ഞാന് സംശയലേശമന്യേ പറഞ്ഞു.
എടാ അപ്പം മാത്തപ്പന്? അവന്‍റെ അപ്പന്‍ രാവിലെ വീട്ടിലോട്ടു വിളിച്ചിരുന്നു. അവന്‍ അവിടെയുണ്ടോന്നും ചോദിച്ച്. ഇന്നലെ രാത്രി പിരിഞ്ഞിട്ട് അവന്‍ വീട്ടില്‍ച്ചെന്നില്ലെന്ന്. എവിടെപ്പോയിക്കാണും? ജോര്‍ജുകുട്ടി കൂടുതല്‍ സീരിയസായിക്കൊണ്ടിരുന്നു.
ഞാനപ്പോള്‍ പാരലല്‍ ആയി മറ്റൊരു കാര്യമാണാലോചിച്ചുകൊണ്ടിരുന്നത്. ഒന്നിച്ചു പഠിച്ച പെണ്ണിന്‍റെ കല്യാണത്തിനു പോകാതിരുന്നാല്‍ മോശം.
അവളു കല്യാണം വിളിച്ചിട്ടില്ലെന്നതു മറ്റൊരു കാര്യം.
എക്സ് മിലിട്ടറിക്കാരനായ അവളുടെ അപ്പന്‍ പക്ഷേ വിളിച്ചു. ഒന്നല്ല, രണ്ടുതവണ.
തലേന്നേ ചെല്ലണമെന്നും പറഞ്ഞതാണ്. പോകാന്‍ പറ്റിയില്ല. ആ നിലയ്ക്ക് ഇന്നെങ്കിലും പോയില്ലേല്‍ അങ്ങേര് എന്തു വിചാരിക്കും.
നീ എന്താ അലോചിക്കുന്നത്? മാത്തപ്പനെ തപ്പേണ്ടേ?
എനിക്കു ദേഷ്യം വന്നു.
എടാ അവന്‍ എവിടെയേലും പോയി പണ്ടാരമടങ്ങട്ടെ. ഇന്നലേംകൂടി പറഞ്ഞതല്ലേ അവനോട് അവളെ വിളിച്ചിറക്കാന്‍. അതിന് ആംപിയറില്ലാത്തവന്‍ നാടുവിട്ടാലെന്ത്? കാട്ടില്‍പോയാലെന്ത്? കടലില്‍ ചാടി ചത്താലെന്ത്? -
വിളിച്ചിറക്കാന്‍ ചെന്നാല്‍ അതിന്നവള് എറങ്ങിവരുമോടാ? - ജോര്‍ജുകുട്ടിക്കും ദേഷ്യമായി.
അതുനീ എന്നോടാണോ ചോദിക്കുന്നത്. അതിന് അവള് എന്നെങ്കിലും അവനോട് ഇഷ്ടമാണെന്നു പറഞ്ഞിട്ടുണ്ടോ? -
അവന്‍ അവളോട് എന്നെങ്കിലും അങ്ങനെയൊരു കാര്യം നേരിട്ടെഴുന്നെള്ളിച്ചിട്ടുണ്ടോ? - എനിക്കും ദേഷ്യം മൂത്തു.
എടാ, കാപ്പി വേണേല്‍ വന്നുകുടി. ഇവിടെ എടുത്തു വച്ചിട്ടു കുറേനേരമായി. തണുത്തുപോകും.- അമ്മച്ചിയുടെ വാണിങ്.
പല്ലുതേക്കാന്‍ നില്‍ക്കാതെ നേരെ കാപ്പിക്കരികിലേക്കു നീങ്ങി.
കാപ്പി കുടിക്കുന്നതിനിടയില്‍ അവന്‍ വീണ്ടും കാര്യമെടുത്തിട്ടു.
എടാ, മാത്തപ്പന്‍ വല്ല കടുംകൈയും....
ഞാന്‍ തിരിച്ചു ചോദിച്ചു. എടാ മണ്ടന്‍ കൊണാണ്‍ട്രാ... ഒരു പെങ്കൊച്ചിന്‍റെ നേരെ നോക്കാന്‍ തന്‍റേടമില്ലാത്ത അവന്‍ എന്തു കടുംകൈ ചെയ്യാനാടാ? അതിനും വേണ്ടേ ധൈര്യം???
അതു ശരിയാണെന്ന് ജോര്‍ജുകുട്ടിക്കും തോന്നിക്കാണും.
എന്നാലും ഒരു നിമിഷത്തെ ആവേശത്തില്‍...??
ഒരുനിമിഷത്തെ ആവേശത്തില്‍ പോയി പണ്ടാരമടങ്ങിയാല്‍ അവന്‍ പോയി തുലയട്ടെ. നീയിരിക്ക്. ഞാന്‍ കുളിച്ചിട്ടു വരാം.
ഞാന്‍ അകത്തേക്കു പോയി. കുളിക്കുന്പോള്‍ ഓര്‍ത്തു. കഴിഞ്ഞതവണ മാത്തപ്പന്‍വീട്ടില്‍ വന്നപ്പോള്‍ കുറേ നേരം സംസാരിച്ചിരുന്നു.
ജീവിതത്തിന്റെ നിസ്സഹായതയെക്കുറിച്ചും ആയുസ്സിന്റെ നശ്വരതയെക്കുറിച്ചുമൊക്കെയാണവന്‍ സംസാരിച്ചത്. ഇഷ്ടവിഷയമായിരുന്നതുകൊണ്ട് ഏറെ നേരം ഓരോ കാര്യങ്ങള്‍ സംസാരിച്ചിരുന്നു. ചില നേരങ്ങളില്‍ അവന്‍ മാത്രം സംസാരിച്ചു. ചിലനേരത്ത് അവന്‍ എല്ലാം കേട്ടിരുന്നു.
ഒന്നും തിരിച്ചു പറയാതെ ഒരായുസ്സിന്റെ ശ്രവണം പോലെ തോന്നിപ്പിക്കുംവിധം അവന്‍ എന്നെ നോക്കി കുറേനേരം മിണ്ടാതിരുന്നു. എനിക്കും ഒന്നും മിണ്ടാനുണ്ടായിരുന്നില്ല.
ചര്‍ച്ച അവസാനിപ്പിച്ചിട്ടും അവനൊന്നും മിണ്ടിയില്ല. മാത്തപ്പന്റെ പ്രണയം പോലും അങ്ങനെയൊന്നായിരുന്നല്ലോ.
വെളിപ്പെടുത്തപ്പെടാതിരിക്കുന്നതിന്റെ ലഹരിയിലും സൗന്ദര്യ വിശ്വാസങ്ങളിലുമായിരുന്നു മാത്തപ്പന്റെ മനസ്സ്.
പക്ഷേ, എല്ലാം ഉള്ളിലൊതുക്കിയ അണക്കെട്ട് എന്നോ ഒരിക്കല്‍ ചെറുതായൊന്നു ചോര്‍ന്നു.
പിന്നീടതു പൊട്ടിത്തെറിച്ചു.
അതില്‍ അപഹാസ്യനും നിരാലംബനും കേവലനുമായിപ്പോയ മാത്തപ്പനെയായിരുന്നു അധികം വൈകാതെ ചിക്കുന്‍ഗുനിയ കൂടി പിടിച്ചു കുടഞ്ഞത്. അതോടെ അവന്‍ മനുഷ്യക്കോലം പോലുമല്ലാതായി. മനസ്സുകൊണ്ടു വൃദ്ധനായ പോലെ.
അവളുടെ കല്യാണമുറപ്പിച്ച കാര്യം കേട്ടപ്പോള്‍ മുതല്‍ മാത്തപ്പന്‍ നെട്ടോട്ടത്തിലായിരുന്നു. പലപ്പോഴും പള്ളിയില്‍നിന്ന് ഒറ്റയ്ക്കിറങ്ങി വരുന്നതു കണ്ടിട്ടുണ്ട്. ഒരു ദിവസം പണ്ടെന്നോ മേടിച്ച 150 രൂപ എനിക്കു തിരികെ തന്നു.
ഇപ്പോള്‍ എനിക്കാവശ്യമില്ലെന്നു പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു- ഇനിയിപ്പം കണ്ടില്ലെങ്കിലോ?
അന്നൊരിക്കല്‍ വീട്ടില്‍നിന്ന് ഇറങ്ങാന്‍ നേരത്ത് മറ്റൊന്നുകൂടി അവന്‍ ചോദിച്ചിരുന്നു. ഏറ്റുമാനൂരില്‍ സ്റ്റോപ്പില്ലാത്ത എത്ര ട്രെയിനുകളുണ്ട് എന്നായിരുന്നു ആ ചോദ്യം.
നെഞ്ചു കിടുങ്ങി. ഇത്രയും നേരം തമാശ പറഞ്ഞതു കാര്യമാവുമോ? ദൈവമേ??
കുളി വേഗം അവസാനിപ്പിച്ചു. ഡാ , വേഗം പുറപ്പെടാം.
ജോര്‍ജുകുട്ടി മടിച്ചു. ഞാനില്ലെടാ കല്യാണത്തിന്. എനിക്കു താല്‍പര്യമില്ല.
ഞാന്‍ അവനെ പിടിച്ചു മുറ്റത്തേക്കിറക്കി.
കല്യാണത്തിനല്ലെടാ പോകേണ്ടത്. ആദ്യം അവനെ കണ്ടുപിടിക്കണം. എന്‍റെ കണ്ണുകളിലെ ഭയം അവനിലേക്കും പകര്‍ന്ന പോലെ. വീട്ടിനു പുറത്തേക്കിറങ്ങി.
മൊബൈല്‍ ഫോണെടുത്ത് വിളിച്ചു.
ഇന്ന് അണ്‍ ഐഡന്‍റിഫൈഡ് വല്ലതും???
ഇല്ലെന്ന് അങ്ങേത്തലയ്ക്കല്‍ നിന്നു മറുപടി. ആശ്വാസം പകുതിയായി.
അടുത്തത് എപ്പോളാ?
ഒന്‍പതര. വഞ്ചിനാട്.
വാച്ചില്‍ നോക്കി. ഒന്‍പതു മണി.
ഒന്‍പതര, ഏറ്റുമാനൂര്‍...
അതിവേഗം, ടൗണിലെത്തി. ഓട്ടോ വിളിച്ചു. ഏറ്റുമാനൂര്‍. ജോര്‍ജുകുട്ടി ഒന്നും മിണ്ടുന്നില്ല. ഓട്ടോ ഡ്രൈവറും. ഉള്ളില്‍ ചങ്കിടിപ്പു കൂടി. ഓട്ടോയ്ക്കു വേഗം പോരെന്നു തോന്നി. വഞ്ചിനാട് പാസു ചെയ്യും മുന്‍പ് അവിടെയെത്തണം. ഞാന്‍ യാന്ത്രികമായി പറഞ്ഞുകൊണ്ടിരുന്നു.
ഒന്‍പത് ഇരുപത്തേഴ്. ട്രെയിന്‍ ഇരുപത് മിനിട്ടു ലേറ്റാണ്. നേരെ ട്രാക്കിലേക്കിറങ്ങി.
എറണാകുളം ഭാഗേത്തക്കു ജോര്‍ജുകുട്ടിയെ അയച്ചു. ഞാന്‍ കോട്ടയം ഭാഗത്തേക്കും നടന്നു. കരിങ്കല്‍ കഷ്ണങ്ങളില്‍ ചവിട്ടി കാലുമുറിഞ്ഞും മടിഞ്ഞും അതിവേഗമായിരുന്നു നടപ്പ്. ട്രാക്കിന് സമീപത്തും പരിസരങ്ങളിലുമൊന്നും ആരും ഒളിച്ചിരിപ്പുണ്ടായിരുന്നില്ല.
മാത്തപ്പനെ കണ്ടില്ല.
ജോര്‍ജുകുട്ടിയെ മൊബൈലില്‍ വിളിച്ചു. ഡാ കണ്ടോടാ.....
ഇല്ല.
ട്രെയിനു സമയമായി. വേഗം തിരിച്ചു നടന്നു. സ്റ്റേഷനില്‍ എത്തിയപ്പോഴേയ്ക്കും സിഗ്നലായി.
പ്ളാറ്റ്ഫോമിലേക്കു കയറി.
മാത്തപ്പന്റെ ഓര്‍മകളുടെ ഇരന്പലും വല്ലാത്ത കുലുക്കവുമായി നെഞ്ചിടിപ്പു പെരുക്കിക്കൊണ്ടു ട്രെയിന്‍ വന്നു.
സ്റ്റേഷനില്‍ വണ്ടി സ്ലോ ആയി. ഓടി മറയുന്ന കോച്ചുകളില്‍ വെറുതെ കണ്ണുകൊരുത്തുവച്ചു.
അല്ലാതിനി എന്തു ചെയ്യാന്‍?
നിരാശയോടും വല്ലാത്തൊരു ഭാരത്തോടുംകൂടി അവിടുത്തെ സൈഡ് ബെഞ്ചിലേക്ക് അമര്‍ന്നിരുന്നു. ജോര്‍ജുകുട്ടി അപ്പോഴും വിയര്‍ക്കുകയായിരുന്നു. കോച്ചുകള്‍ ഒരോന്നായി നീങ്ങിക്കൊണ്ടിരുന്നു.
ട്രെയിന്‍ കടന്നുപോയിക്കഴിഞ്ഞപ്പോളും പാളങ്ങള്‍ അനന്തതയിലേക്കു തലനീട്ടി അലസമായിക്കിടന്നു.
ഇനി എവിടെപ്പോയി അന്വേഷിക്കാന്‍?
ഓട്ടോറിക്ഷ ഭരണങ്ങാനത്തു തിരിച്ചെത്തി. പള്ളിയില്‍ അവളുടെ കല്യാണം.മാത്തപ്പനെക്കുറിച്ചോര്‍ത്തപ്പോള്‍ മനസ്സു നീറി.
ജോര്‍ജുകുട്ടി തളര്‍ന്നു കഴിഞ്ഞിരുന്നു.
ഓട്ടോക്കാരനു പണം കൊടുത്ത് പതിയെ പാരിഷ് ഹാളിലേക്കു നടന്നു.
കല്യാണപ്പെണ്ണും ചെറുക്കനും ഹാളിന്റെ അങ്ങേത്തലയ്ക്കലെ സ്റ്റേജില്‍ നിര്‍മിച്ച കല്യാണമണ്ഡപത്തില്‍ ചിരിച്ചും സൊറപറഞ്ഞും ഭക്ഷണം കഴിച്ചും സമയം കളയുന്നു.
ബഹളങ്ങള്‍ നാനാവിധം വേറെ.
കണ്ണിലും ചെവിയിലുമെല്ലാം ഇരച്ചുവരുന്ന ട്രെയിനിന്റെ ശബ്ദം മാത്രമാണു ബാക്കി.
എടാ തിരിച്ചുപോകാം....- ജോര്‍ജുകുട്ടി പറഞ്ഞു.
മാത്തപ്പനെയോര്‍ത്ത് അവിടെനിന്നു തിരിഞ്ഞിറങ്ങി പുറത്തേ വെയിലിലേക്ക് കാലുകുത്തി.
എടാ ബെര്‍ളീ... ജോര്‍ജുകുട്ടീ....
പരിചയമുള്ള ശബ്ദം. തിരിഞ്ഞുനോക്കി.
ഞെട്ടിപ്പോയി.
മാത്തപ്പന്‍- ജോര്‍ജുകുട്ടി വിറച്ചുകൊണ്ട് പറഞ്ഞു
സൂക്ഷിച്ചുനോക്കി. അതേ മാത്തപ്പന്‍.
അവന്‍ അടുത്തേക്കു വന്നു. കല്യാണത്തിന്റെ റിസപ്ഷന്‍ കഴിഞ്ഞ് കൈതുടച്ച് മാത്തപ്പന്‍. അവന്റെ കൈയ്ക്കു വല്ലാത്ത തണുപ്പ്.
ബെര്‍ളീ നീ കഴിച്ചില്ലേ? ഞാന്‍ ആദ്യട്രിപ്പിനു തന്നെ ഇരുന്നു. എന്തിനു പാഴാക്കണം?
ഒരു കാര്യം ചെയ്യ്, നീ അടുത്ത ട്രിപ്പിന് ഇരിക്ക്, ഞാന്‍ ടൗണില്‍ കാണും. - ഉയര്‍ന്നു വന്നൊരു ഏന്പക്കത്തോടെ മാത്തപ്പന്‍ അത്രയും പറഞ്ഞു റോഡിലേക്കിറങ്ങി നടന്നു.
അപ്പോള്‍ കല്യാണ മണ്ഡപത്തിലെ ബഹളങ്ങളും വിരുന്നുകാരുടെ കലപിലയും കടന്നു മനസ്സിലൂടെ ഒരു ട്രെയിന്‍ മൂളിപ്പാഞ്ഞുപോയി.
Subscribe to:
Post Comments (Atom)
29 comments:
മാത്തപ്പന്റെ തിരോധാനം, ഉത്കണ്ഠ, ആകുലത, അര്‍ഥശൂന്യത. .....
ഠേ!!!!!! വായന പിന്നെ.
ഹല്ല പിന്നെ, മാത്തപ്പനോടാ കളി :-)
എന്താ കഥ. അങ്ങനെ ജോര്‍ജ്ജുകുട്ടിയാണ് ഇപ്പോഴത്തെ താരം. രണ്ടു കശ്‌മലന്‍മാര്‍ക്കിടയില്‍ വീര്‍പ്പുമുട്ടുന്ന ജോര്‍ജ്ജൂട്ടിയുടെ ഒരവസ്ഥ. എന്റെ അനുഭവത്തിന്റെ വെട്ടത്തില്‍ ഒരു കാര്യം പറയാം. കല്യാണം കഴിഞ്ഞ് പുത്തന്‍ ഭര്‍ത്താവിനൊപ്പം സ്കോഡയിലോ, ലാന്‍സറിലോ പള്ളിയില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോള്‍ പഴയ കാമുകന്‍ വഴിയില്‍ എവിടെയെങ്കിലും നില്ക്കുന്നത് കണ്ടാല്‍, ഉടനേ ഭര്‍ത്താവിന്റെ കക്ഷത്തിലൂടെ കയ്യിട്ട് പെണ്ണ് ഒരു മാരക സ്നേഹപ്രകടനമുണ്ട്. ഒരുമാതിരിപ്പെട്ടവന്മാരൊക്കെ ഈ പ്രകടനം കാണുന്നതോടെ തീരും. പക്ഷേ, എനിക്കറിയാവുന്ന ഒരുത്തനുണ്ട്, അവനിതൊന്നും ഒരു പ്രശ്നമേയല്ല. മേല്പ്പറഞ്ഞ പ്രകടനം അവന്റെ മുന്‍കാമുകി നടത്തുന്ന സമയത്ത്, അവന്‍ സ്കോഡയുടെ ഗ്രൌണ്ട് ക്ളിയറന്സിനെപ്പറ്റിയും 'പമ്പ് ഡ്യൂസേ' ടെക്‌നോളജിയെപ്പറ്റിയും അടുത്തുനില്ക്കുന്ന വിവരമില്ലാത്തവന്മാര്‍ക്ക് ക്ലാസ്സെടുക്കുകയായിരിക്കും. അതാണ് ലോസ്‌റ്റ്മാന്‍ സ്പിരിറ്റ്. സുനിക്കുട്ടാ... ഇതിന്റെ ഒരു ബെര്‍ളിപാരഡി ഉടന്‍ പ്രതീക്ഷിക്കാമോ?
സത്യമായിട്ടും എനിക്കൊന്നും മനസ്സിലായില്ല… പാളത്തില്‍ക്കൂടി നടന്നു…. കല്യാണം കൂടി… മാത്തപ്പനെക്കണ്ടു പിടിച്ചു…. എന്തായിത്? ആകെ മൊത്തം ഒരു കണ്‍ബ്യൂഷന്….
ഈ ചാക്കപ്പനും, മാത്തപ്പനും ഒരാളാണോ?
“വിയര്‍പ്പിന് ഒസിആര്‍ മണം“
ഒ.സി.ആര്‍ ഇല്ലെങ്കില്‍ കഥക്ക് ഒഴുക്കു വരില്ല അല്ലേ?
:)
ആകുലത അര്‍ത്ഥശൂന്യതയ്ക്ക് വഴിമാറുന്നത് നന്നായി. ഇതിനിടയില്‍ ബേര്‍ലിയെ വിളിക്കുന്ന ഭാഗം തീരെ മനസ്സിലായില്ല. (അറിയാതെ ശരിക്കുള്ള പേരു പറഞ്ഞുപോയതാണോ ? :) )
സുനീഷേട്ടാ...
മാത്തപ്പനാണ്‍ താരം... ഹിഹി...
ഒരിടത്ത് മാത്തപ്പനെന്നതു മാറി, ചാക്കപ്പനെന്നായിട്ടുണ്ട് കേട്ടോ.
;)
മാത്തപ്പനൊ ചാക്കപ്പനൊ അല്ല പൊന്നപ്പനാണ് പൊന്നപ്പന്‍!
മാത്തപ്പാ, കൊടുകൈ, അങ്ങാണു ജീവിത വീക്ഷണമുള്ളവന്‍, ആദ്യ പന്തിയിലെ ഊണും ആദ്യ ചുംമ്പനവും മനോഹരങ്ങളാണ്..!
മാത്തപ്പനാണ്‍ താരം...
ithum kalakkans
നമ്മുടെ ഹിമേഷ് രേഷമിയ ‘സ രി ഗ മ പ‘ യില്‍ പറയുന്നതുപോലെ...
“ബാര്‍ ബാര്‍ ക്യാ താരിഫ് കരൂ യാര്‍.. എക്സ്ലന്റ്, ഔട്ട്സ്ന്റാഡിംഗ്, മാര്‍വലസ്, മൈന്‍ഡ് ബ്ലോയിംഗ്..!!!!”
നല്ല പാറ്റേണില്‍ ഒരു നോവുള്ള സംഭവം..
അജേഷെ നിനെ ലോസ്റ്റ്മാന്‍ സ്പിരിറ്റ് ഉഷാറായി...
മേന്‍നെ!! ഈ കഥ പറഞ്ഞത് ബെര്‍ളിയാ അതുമനസിലായില്ലേ?
മാത്തപ്പനെ കുനിച്ച് നിര്‍ത്തി പെരുക്കാ സുനീഷേ...
അതന്നെ വേണ്ടെ.
:)
ഉപാസന
ചാത്തനേറ്: “തിരോധാനം, ഉത്കണ്ഠ, ആകുലത, അര്‍ഥശൂന്യത. .....”
എന്തോ എവിടെയോ ഒരു കരിഞ്ഞ മണം... വല്ലതും സംഭവിച്ചാ?
“അവള് വളവ് തിരിഞ്ഞ് പോകുന്നത് വരെ നിന്നെ ഞാന്‍ തല്ലും. അത് വരെ ഞാന്‍ കരയില്ല. നീ സഹിച്ചോളണം” എന്ന് പണ്ട് പറഞ്ഞ ഒരുത്തനെ ഓര്‍മ്മ വന്നു.
വയറ് വിശന്നിട്ട് മാത്തപ്പന്‍ ഒന്നിനുമില്ലാന്ന് മനോഹരമായി തെളിയിച്ചു.
സുനീഷ് പ്രേമനൈരാശ്യവും പൂണ്ട് ജോമിക്കുട്ടന്റെ തമിഴ് ഗുണ്ടകളുടെ അടിയും മേടിച്ച് നടക്കുവാണെന്നുള്ള ബെര്‍ളിയുടെ ആരോപണം തെറ്റാണെന്ന് ഇതാ തെളിഞ്ഞിരിയ്കുന്നു. :)) കലക്കീ
ഇത് ബെര്‍ളിക്കുള്ള മറുപടിയാണൊ സുനീഷ് ജീ? മാത്തപ്പന്‍ ആള് കൊള്ളാം ട്ടാ.
ച്ഛേ നിരാശ മൂത്ത് പരാമറടിച്ച് വല്ലയിടത്തും പോയികിടക്കാനുള്ളതിനു പകരം കല്യാണസദ്യ കഴിക്കാന്‍ പോയിരിക്കുന്നു.!!നിരാശാകാമുകന്മാര്‍ക്ക് ചീത്തപ്പേരു വരുത്തിവയ്ക്കുമല്ലോ സുനീഷേ സോറി മാത്തപ്പാ ;-)
നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു വിലാപകാവ്യമല്ലേ ഇത് ഇന്നു വര്‍ണ്ണ്യത്തിലാശങ്ക...
ഹലോ സുനീഷ്
ഇവിടെ വരാന്‍ വളരെ വൈകി എന്നു തോന്നുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെത്തന്നെ ആയിരുന്നു. മുഴുവന്‍ പൊസ്റ്റുകളും യുദ്ധകാലാടിസ്ഥാനത്തിലും, മുന്‍കാല പ്രാബല്യത്തോടെയും വായിച്ചു. മണ്ണിന്‍റെ മണമാണോ, അതോ കള്ളിന്‍റെ മണമാണോ, എന്തായലും ആസ്വദിച്ച് വായിച്ചു. കഥയിലെ ദുരന്ത നായകന്മാര്‍ക്ക് വേണ്ടി രണ്ട് ഗ്ലാസ്സ് തെങ്ങിന്‍ കള്ള് കൂടുതല്‍ അടിച്ചു.
ഇതിലെ ഒരു പോസ്റ്റില്‍ (ഒരു ഷാപ്പ് മൊതലാളി എഴുതിയ കഥ)കിച്ചന്‍സ് എഴുതിയ കവിതക്ക് ചെറിയ ഒരു തിരുത്ത് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് ഒരു കവിതയല്ല, മറിച്ച് ഒരു പ്രാര്‍ത്ഥനയാണ്. ഒരു നല്ല കുടിയന്‍ അറിഞ്ഞിരിക്കേണ്ട പ്രാര്‍ത്ഥന. ഇത് പറയാനുള്ള എന്‍റെ യോഗ്യതയെ ഒരുപക്ഷെ നിങ്ങള്‍ സംശയിച്ചേക്കാം. കഴിഞ്ഞ 35 വര്‍ഷമായി (ഇപ്പോഴും) ഷാപ്പു കോണ്‍ട്രാക്ടറായി സ്തുത്യര്‍ഹമായ സേവനം അനുഷ്ടിക്കുന്ന ആളുടെ മകന്‍ എന്ന നിലയില്‍ എനിക്ക് ഇതിന് യോഗ്യതയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ പ്രാര്‍ത്ഥനയുടെ പൂര്‍ണ്ണരൂപം താഴെപ്പറയും വിധമാണ്.
കള്ളേ നീ വാഴ്ത്തപ്പെട്ടതാകുന്നു...
എന്തുകൊണ്ടെന്നാല്‍ നീ ആകാശത്തിന്‍റേയും ഭൂമിയുടേയും മധ്യത്തില്‍
ഇല്ലായ്മയില്‍ നിന്ന് തുള്ളി തുള്ളിയായി മാട്ടത്തിലേക്ക് പിറന്നു വീഴുന്നു...
നിന്നെ ഭക്ഷിക്കുന്നവരെ നീ അബോധാവസ്ഥയിലാക്കുന്നു...
നിന്നിലുള്ള കീടങ്ങളേയും പ്രാണികളേയും എന്‍റെ മീശമേല്‍ ഖബറടക്കം ചെയ്യേണമേ...
(ആമ്മേന്‍)
ഇതില്‍ ആമ്മേന്‍ പറയുന്നത് നമ്മളല്ല, നമ്മുടെ മണ്‍ മറഞ്ഞ പൂര്‍വ്വീകര്‍ (ബന്ധം കൊണ്ടല്ല, മറിച്ച് കര്‍മ്മം കൊണ്ട് - മണ്‍ മറഞ്ഞ പേരുകേട്ട കുടിയന്മാര്‍) ആണ്. ഈ പ്രാര്‍ത്ഥനക്ക് ശേഷം, അവര്‍ക്ക് മൂന്നുതുള്ളി പുറത്തേക്ക് ഇറ്റിച്ചതിനും ശേഷം മാത്രമേ തുടങ്ങാവൂ.
കൂടുതല്‍ നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
അപ്പോ അതു കലക്കി സുനീഷേ. മാത്തപ്പന് ഒരു നല്ല സദ്യ കളഞ്ഞിട്ട് ആത്മഹത്യ ചെയ്യേണ്ട കാര്യം ഒന്നും ഇല്ലല്ലോ.
നര്‍മ്മം കൂടുതല്‍ ഇഷ്ടമുള്ളതുകൊണ്ട് താങ്കളുടെ ബ്ലോഗ് വായിക്കാന്‍ സമയം കണ്ടെത്താറുണ്ട്. ആ ശൈലി എനിക്കിഷ്ടമാണ്. രസിച്ചു വായിച്ചു.
മാത്തപ്പന്റെ പോനാല്‍ പോകട്ടും പോടാ.. എന്ന സ്റ്റൈല്‍ ഇഷ്ടമായീ.
ഏറ്റുമാനൂരില്‍ സ്റ്റോപ്പില്ലാത്ത എത്ര ട്രെയിനുകളുണ്ട്
അതു ചുമ്മാ അറിയാന്‍ ചോദിച്ചതാവും അല്ലേ?
മാത്തപ്പന്‍ ആള്‍ പ്രാക്റ്റിക്കലാ,ഉയര്‍ന്നു വന്നൊരു ഏന്പക്കത്തില്‍ നിന്ന് അതു മനസ്സിലായി
നന്നായി ! സുനീഷ് .........
:)
കൊള്ളാം സുനീഷേട്ടാ
കണ്ടില്ലേ ചെക്കന്റെ ഒരു പൂതീ............
എത്ര കത്തുകളാ....
SID
വായിച്ചു.പോരാ.
Post a Comment