Sunday, October 21, 2007

വാവച്ചന്‍ ഫ്രം ലണ്ടന്‍

വാവച്ചന്‍ അത്യധ്വാനിയായിരുന്നു. ചെറുപ്പം മുതലേ അധ്വാനശീലം അവന്റെ കൂടെപ്പിറപ്പായിരുന്നു. കഠിനാധ്വാനികള്‍ ജീവിതത്തില്‍ പരാജയപ്പെടാറില്ല എന്ന യാഥാര്‍ഥ്യത്തിന്റെ ജീവിക്കുന്ന സാക്ഷിയും തൊണ്ടിമുതലും ജഡ്ജിയും കോടതിയും വരെയായിരുന്നു വാവച്ചന്‍.

സ്കൂളില്‍ പരീക്ഷക്കാലം വന്നാല്‍പ്പിന്നെ വാവച്ചന് ഉറക്കമില്ലാ രാവുകളാണ്. രാത്രി മുഴുവന്‍ അവന്റെ മുറിയില്‍ വെളിച്ചമുണ്ടാകും. ലേബര്‍ ഇന്ഡ്യയും പാഠപുസ്തകവും മാറിമാറിയെടുത്ത്, തലേവര്‍ഷത്തെ ചോദ്യപേപ്പറും മിഡ്ടേം പരീക്ഷകളുടെ ചോദ്യപേപ്പറും എടുത്തുവച്ച് വിശകലനം ചെയ്ത്, പരീക്ഷയ്ക്കു വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെ പട്ടിക തയ്യാറാക്കും.

പിന്നെ, അതിന്റെ ഉത്തരങ്ങള്‍ പാഠപുസ്തകത്തിലും ഗൈഡിലും നോക്കി കണ്ടെത്തും. എന്നിട്ട് പുതിയ സൂപ്പര്‍മാക്സ് ബ്ളെയിഡ് എടുത്ത് അതു കൃത്യമായി മുറിച്ച് കൈവള്ളയിലിരുന്നാല്‍ പരീക്ഷ നടത്താന്‍ വരുന്ന സാറു പോയിട്ട്, സാക്ഷാല്‍ ദൈവം തമ്പുരാന്‍ പോലും കാണുകേലാത്ത വിധം മടക്കിയെടുക്കും. അങ്ങനെ മടക്കിയെടുക്കുന്നവയ്ക്ക് ഓരോ നമ്പരിടും.

ആ നമ്പരുകള്‍ വേറൊരു പേപ്പറില്‍ എഴുതി അതിനു ചേര്‍ക്കു ചോദ്യങ്ങളുമെഴുതി ഇന്‍ഡക്സും തയ്യാറാക്കും. ഒന്നുമുതല്‍ അഞ്ചുവരെ ഇടത്തെ കൈമടക്കില്‍. ആറുമുതല്‍ 10 വരെ വലത്തേകൈമടക്കില്‍. 11 മുതല്‍ 15 വരെ മടിക്കുത്തില്‍. 16 മുതല്‍ 21 വരെ ഇന്‍സ്ട്രുമെന്‍റ് ബോക്സിനടയില്‍ എന്നിങ്ങനെ വിശദമായ രേഖയുണ്ടാക്കും. ഇതെല്ലാം വളരെ വ്യക്തമായി അറേന്‍ജു ചെയ്ത് രാവിലെ നേരത്തെ എഴുന്നേറ്റ് മുണ്ടുടുത്താണു വാവച്ചന്‍ പരീക്ഷയ്ക്കു വരിക.

വന്നാല്‍, ഒന്നും മിണ്ടാതെ ഒന്നും വായിക്കാതെ കണ്ണടച്ച് ധ്യാനിച്ചിരിക്കും. പരീക്ഷ തുടങ്ങിക്കഴിഞ്ഞാല്‍ ആദ്യ അരമണിക്കൂര്‍ വാവച്ചന്‍ ചോദ്യപേപ്പര്‍ വായിച്ച് വെറുതെ എന്തൊക്കെയോ നോട്ടുചെയ്യുന്നതു കാണാം.

അരമണിക്കൂര്‍ കഴിഞ്ഞാല്‍ വാവച്ചന്‍ പിന്നെ എഴുത്ത് തുടങ്ങുകയായി. അതിവേഗം ബഹുദൂരം എന്ന മട്ടില്‍ വാവച്ചന്‍ എഴുത്തു തുടങ്ങും. ഒരു കാര്യം പറയാന്‍ വിട്ടു, വാവച്ചന്‍ പരോപകാരി കൂടിയായിരുന്നു.

എഴുതിക്കഴിഞ്ഞ തുണ്ടുകള്‍ അടുത്തിരിക്കുന്നവരുടെ അഭ്യര്‍ഥന പ്രകാരം അവര്‍ക്കായി നല്‍കുന്ന കാര്യത്തിലും അവന്‍ വിശാലമനസ്കനായിരുന്നു. അങ്ങനെ വാവച്ചന്‍ നല്‍കിയ തുണ്ടുകള്‍ നോക്കി പരീക്ഷയെഴുതിയവരില്‍ ചിലര്‍ ആധാരമെഴുത്തുകാരായി. ചിലര്‍ ചുവരെഴുത്തുകാരായി. ചിലര്‍ ബ്ളോഗെഴുത്തുകാരായി.

പക്ഷേ, അടുത്തകാലം വരെ വാവച്ചന്‍ ഒന്നുമായിരുന്നില്ല.
പത്തുകഴിഞ്ഞ് പ്രീഡിഗ്രിയും ഡിഗ്രിയും പിജിയും പാസായിട്ടും വാവച്ചന് കാര്യമായൊരു പണി കിട്ടിയില്ല. അതില്‍ വാവച്ചന് വല്ലാത്ത ദുഖമുണ്ടായിരുന്നു. ജോലി കിട്ടിയില്ലെങ്കിലും വീട്ടില്‍ കഞ്ഞികുടിക്കാന്‍ വകുപ്പുണ്ടെങ്കിലും എത്രയും വേഗം ഒരു കല്യാണം കഴിക്കണമെന്ന കക്ഷിയുടെ സ്വപ്നങ്ങള്‍ കെട്ടാതെ നിന്നു പോയി. മോഹങ്ങള്‍ മുരടിച്ചും മോതിരക്കൈ മുരടിച്ചും ദിവസങ്ങള്‍ കൊഴിഞ്ഞുവീഴ്കെയാണു കഴിഞ്ഞ വര്‍ഷം വാവച്ചന്‍ ലണ്ടനു പോയത്.

എങ്ങനെ പോയെന്നു ചോദിക്കരുത്, അങ്ങുപോയി. നാട്ടിലെ മിടുക്കനായൊരു ചങ്ങാതിയുടെ പ്രഫഷണല്‍ സര്‍ട്ടിഫിക്കറ്റ് കാണാനെന്നു പറഞ്ഞ് വാവച്ചന്‍ മേടിച്ചോണ്ടു പോയതായിരുന്നു വഴിത്തിരിവ്. അതുപോലെ ഒരെണ്ണം കക്ഷിയുമുണ്ടാക്കി. നാട്ടുകാരില്‍ നല്ല സുന്ദരമായി ഒപ്പിടാനറിയാവുന്ന പലരെക്കൊണ്ടും അതീവ രഹസ്യമായി അതില്‍ ഒപ്പുവീഴ്ത്തിച്ചു. ഒപ്പിനു മുകളില്‍ സ്വന്തമായിട്ടുണ്ടാക്കിച്ച സീല്‍ പതിപ്പിച്ചു. സര്‍ട്ടിഫിക്കറ്റ് റെഡി. വാവച്ചന്‍ എംബിഎക്കാരനായി. എംഎക്കാരനായ വാവച്ചന് എംബിഎയുമായി.

ഒരു സുപ്രഭാതത്തില്‍ നെടുമ്പാശേരിയില്‍നിന്നു കോട്ടും സ്യൂട്ടും ടൈയും കെട്ടി വാവച്ചന്‍ ലണ്ടനിലേക്കു വിമാനം കയറി. പിന്നെ തിരിച്ചു വരുന്നത് ഇപ്പോളാണ്. ഈ കഴിഞ്ഞയാഴ്ച.

വാവച്ചന്‍ ആളാകെ മാറിപ്പോയിരിക്കുന്നു.

ഉണ്ണിയപ്പം അച്ചു പോലെ കുഴിഞ്ഞ അവന്‍റെ കവിളുകള്‍ ഇപ്പോള്‍ ടാറിങ് കഴിഞ്ഞ എംസി റോഡുപോലെ സുന്ദരമായിരിക്കുന്നു. മുഖത്തുണ്ടായിരുന്ന പഴുതാര മീശയില്ല. പകരം, താടിയില്‍ കുറച്ചുഭാഗത്തുമാത്രമായി കുറച്ചുരോമമുണ്ട്. അതാണത്രേ പുതിയ ഫാഷന്‍. വന്നപാടെ പുതിയൊരു കാറുവാങ്ങി. പഴയ ചങ്ങാതിമാരെയെല്ലാം വാവച്ചന്‍ വീട്ടില്‍ച്ചെന്നു കണ്ടു. അക്കൂട്ടത്തില്‍ അവന്‍ എന്റെ വീട്ടിലും വന്നു. വന്നപാടെ എന്നെ കെട്ടിപ്പിടിച്ചു.


പിന്നെ ഒരു ഒന്നൊന്നര പ്രയോഗമായിരുന്നു.

ഹല്ലോ ഹൗ ആര്‍ യു????

കൈലി മുണ്ടുടുത്തു ഷര്‍ട്ടിടാതെ നിന്ന എനിക്ക് വല്ലാത്ത അപകര്‍ഷബോധമായിപ്പോയി. മറുപടി പറയണമെന്നാഗ്രഹമുണ്ടെങ്കിലും എബിസിഡി കഴിഞ്ഞാല്‍ ഋഅംഅ എന്ന ലൈനില്‍പ്പെട്ട നമ്മളെങ്ങനെ ഇവനോടു മറുപടി പറയും.

ഒരു വിധം പറഞ്ഞൊപ്പിച്ചു.

ഐ ആം ഫൈന്...!!!

വേര്‍ ഈസ് യുവര്‍ മദര്‍?

എന്റെമ്മേ .... ഞാനറിയാതെ വിളിച്ചുപോയി. അതുകേട്ട് അമ്മച്ചി അടുക്കളയില്‍നിന്ന് പപ്പടം പൊരിച്ചുകൊണ്ടിരിക്കെ ചട്ടുകവുമായി വന്നു.

അമ്മച്ചിയെ കണ്ടപാടെ വാവച്ചന്‍ വീണ്ടുമലറി. ഹായ് മമ്മീ.....

അതു കേട്ടപാടെ മമ്മി ഛേ അല്ല, അമ്മച്ചി തിരിഞ്ഞോടി.


വീണ്ടും ഞാനൊറ്റയ്ക്കായി. ഈ കാലമാടന്‍ മലയാളം മറന്നുപോയിക്കാണുമോ?

എടാ ഉവ്വേ കണ്ടിട്ടെത്ര കാലമായി? വാവച്ചന്‍ വക തനിമലയാളം.രക്ഷപ്പെട്ടു.

ഞങ്ങള്‍ പെട്ടെന്നു പഴയ ചങ്ങാതിമാരായി. പറയുന്നതു മലയാളമാണെങ്കിലും വാവച്ചന്‍ ലിവര്‍പൂളിലും മാഞ്ചസ്റ്ററിലും ചുറ്റിക്കറങ്ങുകയായിരുന്നു. ഭരണങ്ങാനത്തെ സ്റ്റാലിയന്‍ സോക്കര്‍ ക്ളബില്‍ ഞങ്ങളൊന്നിച്ചു ഫുട്ബോളു കളിച്ചിട്ടുണ്ട്.

ഇപ്പോള്‍ അവന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സെവന്‍സ് ടീമില്‍ അംഗമാണത്രേ.

എടാ, നമ്മുടെ കൂടെ പഠിച്ച ആ സോഫിയ ഇപ്പോള്‍ എവിടെയാ? അവളുടെ കല്യാണം കഴിഞ്ഞോ?

വാവച്ചന്റെ ചോദ്യം കേട്ടു ഞാന്‍ വാപൊളിച്ചു. പണ്ടു സണ്‍ഡേ സ്കൂളില്‍ പഠിച്ചതല്ലേടാ. അവരു സ്ഥലം വിറ്റുപോയി. ഇപ്പം ഹൈറേഞ്ചില്‍ എങ്ങാണ്ടാണ്. കല്യാണം കഴിഞ്ഞിട്ടില്ല. ഇന്നാളം അല്‍ഫോന്‍സാമ്മേടെ പെരുന്നാളിനു വന്നിട്ടുണ്ടായിരുന്നു.

എന്നാല്‍ നമുക്കവളുടെ വീടൊന്നു കണ്ടുപിടിക്കണം.

എന്നാത്തിനാടാ?

അവളെ കല്യാണം ആലോചിക്കാന്‍...

വാവച്ചന്റെ വാക്കുകേട്ട് ഞാന്‍കോരിത്തരിച്ചു. ഇവന്‍ ആളു കൊള്ളാമല്ലോ. പണ്ടു സ്കൂളില്‍ പഠിച്ച കാലത്ത് വാവച്ചന് അവളെ ഇഷ്ടമായിരുന്നു. വിശ്വാസപ്രമാണം കോപ്പിയടിച്ച ശേഷം അവന്‍ ഞങ്ങളെല്ലാരും ചോദിച്ചിട്ടും തന്നില്ല. അവനതു സോഫിയയ്ക്ക് എറിഞ്ഞിട്ടു കൊടുത്തു. സോഫിയ അതു നോക്കി പരീക്ഷയെഴുതി. അന്നു കോപ്പിക്കടലാസിനൊപ്പം വാവച്ചന്റെ ഹൃദയവും അവളുടെ മുന്‍പില്‍ ചെന്നു വീണു. അവളാ കോപ്പിക്കടലാസെടുത്ത് എഴുതി. ഹൃദയം വീണകിടപ്പ് ഇപ്പോളും കിടക്കുകയാണ്. പക്ഷേ, ആ വീഴ്ചയ്ക്ക് ഉടനൊരു തീരുമാനാവും.


അവളുടെ വീടുകണ്ടുപിടിക്കണം, പിന്നെ അവളെ ഒന്നു കാണണം. കുറച്ചുനേരം സംസാരിക്കണം. നീയെന്നെ അതിനു സഹായിക്കണം. അതുവരെയുള്ള ഫുള്‍ ചെലവും എന്റെ വക.- വാവച്ചന്‍ വികാരീധനനായി.

പിറ്റേന്നു യാത്ര പുറപ്പെട്ടു. വാവച്ചന്റെ സ്വന്തം കാറില്‍.

അവളെ കെട്ടുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ, ഒരു കാര്യമോര്‍ക്കുന്പോള്‍ വേണ്ടെന്നോര്‍ക്കും...- വാവച്ചന്‍ സംസാരിച്ചു തുടങ്ങി...

അതേതു കാര്യമാ വാവച്ചാ???

അല്ല അവളുടെ തന്തയെ പിന്നെ പപ്പാ എന്നു ഞാനും വിളിക്കേണ്ടി വരുമല്ലോ എന്നോര്‍ക്കുന്പോള്‍ വേണ്ടെന്നു തോന്നിപ്പോകും....

അയാള്‍ക്കെന്താടാ കുഴപ്പം? ഞാനറിയുവേല, അതുകൊണ്ടു ചോദിക്കുവാ....

കുഴപ്പമൊന്നുമില്ല, പക്ഷേ, എനിക്കയാളെ ഇഷ്ടമില്ല. - വാവച്ചന്‍ കട്ടായം പറഞ്ഞു.

ഓ നീയങ്ങു ലണ്ടനിലല്ലേ, പുള്ളിക്കാരന്‍ ഇങ്ങിവിടെയും. വല്ലപ്പോളും കാണുന്പോള്‍ ചുമ്മാ വിളിയെടാ....

വണ്ടി വണ്ടിപ്പെരിയാറെത്തി. സോഫിയയുടെ വീട് തപ്പിപ്പിടിച്ചു. പക്ഷേ, സോഫിയ വീട്ടിലില്ല. കോട്ടയത്ത് ഒരു ഹോസ്പിറ്റലില്‍ നഴ്സാണ്.

വാവച്ചനു സന്തോഷമായി. നഴ്സാണേല്‍ കെട്ടിയാല്‍ കൊണ്ടുപോകാന്‍ എളുപ്പമാ...

വണ്ടി കോട്ടയത്തെത്തി. ഹോസ്പിറ്റലു തപ്പിപ്പിടിച്ചു. നഴ്സുമാര്‍ക്ക് വിസിറ്റേഴ്സിനോടു സംസാരിക്കാന്‍ പറ്റത്തില്ലത്രേ?

എന്തു ചെയ്യും? കഠിനാധ്വാനിയായ വാവച്ചന്‍ കഠിനമായി ആലോചിച്ചു.


വിസിറ്റേഴ്സിനോടല്ലേ, സംസാരിക്കാന്‍ പറ്റാതുള്ളൂ... രോഗിയോടു സംസാസിരിക്കാതിരിക്കാന്‍ പറ്റത്തില്ലല്ലോ...???

ശരിയാടാ......

എന്നാല്‍ ഇന്നാ പിടിച്ചോ....

ടപ്പേന്ന് വാവച്ചന്‍ എന്റെ കൈയിലോട്ടു തളര്‍ന്നു വീണു. എടാ എനിക്കു തലകറക്കം. കഠിനമായ തലവേദന. ഉള്ളില്‍ പനി. എന്നെ ആ കാഷ്വാലിറ്റിയിലേക്കു കൊണ്ടുപോക്കോ....

വാവച്ചന്‍ അഡ്മിറ്റായി. പേവാര്‍ഡില് സ്വന്തമായൊരു മുറിയെടുത്ത് വാവച്ചന്‍ കിടപ്പാരംഭിച്ചു. ചികില്‍സ തുടങ്ങി. സോഫിയയെ വാവച്ചന്‍ കണ്ടുമുട്ടി. അവരുടെ ഹൃദയങ്ങള്‍ കൂട്ടിമുട്ടി. ഇടിമിന്നി. മിന്നലേറ്റ് സോഫിയയുടെ അപ്പന്‍ വീണു. വീണപാടെ പുള്ളിക്കാരനെ ഇന്റന്‍സീവ് കൊറോണറി കെയര്‍ യൂണിറ്റിലേക്കു മാറ്റി.

അതിയാന്‍ തട്ടിപ്പോയാല്‍ പപ്പാ വിളി ഒഴിവാകുമല്ലോയെന്നോര്‍ത്തു വാവച്ചന്‍ ഉള്ളാലെ ജുംബലക്ക പാടി.

പക്ഷേ, മൂപ്പരു തട്ടിപ്പോയില്ല. ആലോചന മുടങ്ങിപ്പോയതുമില്ല. വാവച്ചന്‍ സോഫിയയുടെ കഴുത്തില്‍ മിന്നുകെട്ടി. സോഫിയ വാവച്ചന്റെ അരയിലൊരു മുഴുത്ത തുടലും കെട്ടി. അങ്ങനെ വാവച്ചന്‍ സോഫിയയുടെ ഭര്‍ത്താവായി.

വാവച്ചന്‍ ലണ്ടനിലെത്തി. അധികം വൈകാതെ സോഫിയയും.

ഇന്നലെ രാത്രി വീട്ടിലേക്കു വാവച്ചന്റെ ഫോണ്‍. ഫ്രം ലണ്ടന്‍.

എടാ.....

അവന്റെ വിളിയില്‍, ആ ശബ്ദത്തിലെ പതര്‍ച്ച ഏഴുകടലിന്നിപ്പുറത്തും വ്യക്തമായിരുന്നു.

എന്താടാ????

സോഫിയ........

എന്താടാ സോഫിയയ്ക്ക്???

അവളു പോയെടാ......

അയ്യോ... എങ്ങോട്ട്?????


അവളുടെ അപ്പനെ പപ്പാന്നു വിളിക്കാന്‍ സൗകര്യമില്ലെന്നു പറഞ്ഞതിന് അവളെന്നെ ഇട്ടേച്ച് വേറൊരുത്തന്റെ കൂടെപ്പോയെടാ.....

ഞാന്‍ സത്യമായിട്ടും ഞെട്ടി.

പപ്പാന്നു വിളിക്കാന്‍ പറ്റില്ലെന്നും പറ‍ഞ്ഞിത്രയും വലിയ പുകിലോ?

അതേടാ... പപ്പാന്നല്ലേല്‍ ഡാഡീന്നു വിളിക്കണമെന്നവള്‍. അതും പറ്റുകേലെന്നു ഞാന്‍.

പിന്നെയോ?

അപ്പച്ചാ എന്നു വിളിച്ചാല്‍ മതിയെന്നും അവളു പറഞ്ഞതായിരുന്നു.

അതു നീ സമ്മതിച്ചോ?

ഇല്ലെടാ... ഒടുവില്‍ കോംപ്രമൈസിന് അവളു പറഞ്ഞു, സോഫിയയുടെ അപ്പാന്നേലും വിളീന്ന്....

ഞാന്‍ അതും വിളിച്ചില്ലെടാ....

പിന്നെയോ....

നിവൃത്തികെട്ട് ഞാനയാളെ അയാളുടെ ഒഫിഷ്യല്‍ പേരുതന്നെ വിളിച്ചോളാമെന്നു പറഞ്ഞു. ഇന്നലെ ഇങ്ങോട്ടു ഫോണ്‍ വിളിച്ചപ്പം അങ്ങനെ വിളിക്കുകയും ചെയ്തു. അതോടെ അവളു പിണങ്ങി.

അയ്യോ അത്ര പുകിലോ? എന്നതാടാ അവളുടെ അപ്പന്റെ ഒഫിഷ്യല്‍പേര്????

ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം വാവച്ചന്‍ പറഞ്ഞു- ടിന്റുമോന്‍!!!!!

23 comments:

SUNISH THOMAS said...

അവളെ കെട്ടുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ, ഒരു കാര്യമോര്‍ക്കുന്പോള്‍ വേണ്ടെന്നോര്‍ക്കും...- വാവച്ചന്‍ സംസാരിച്ചു തുടങ്ങി...

അതേതു കാര്യമാ വാവച്ചാ???

അല്ല അവളുടെ തന്തയെ പിന്നെ പപ്പാ എന്നു ഞാനും വിളിക്കേണ്ടി വരുമല്ലോ എന്നോര്‍ക്കുന്പോള്‍ വേണ്ടെന്നു തോന്നിപ്പോകും....

വല്യമ്മായി said...

വല്ലത്തൊരു ക്ലൈമാക്സ് ആയിപോയി.:)

simy nazareth said...

സുനീഷേ, ഇതെന്താ സംഭവം

ചെറുപ്പം മുതലേ അധ്വാനശീലം അവന്റെ കൂടെപ്പിറപ്പായിരുന്നു

പിറക്കുമ്പോഴല്ലാതെ ഇരുപതുവയസ്സ് ആവുമ്പൊഴാണോ കൂടപ്പിറപ്പു വരുന്നത്?

ബാക്കി പിന്നെ വായിക്കാം :-)

simy nazareth said...

ഹെന്റമ്മോ നമിച്ചു :-)

ഈ റ്റിന്റുമോന്‍, സ്റ്റൈല്‍മോന്‍, സ്റ്റാര്‍മോന്‍, ലല്ലുമോള്‍ എന്നൊക്കെ പേരിടുന്ന പേരന്‍സിനെ വിളിച്ച് ഈ കഥവായിച്ചു കൊടുക്കണം :-)

തറവാടി said...

:)

Mr. K# said...

അടിപൊളി വിവരണം :-)

ഓടോ:
നമ്മടെ ദില്‍ബന്റെ പട്ടിയുടെ പേരും ഏതാണ്ട് അതു പോലാ, അല്ലേ ദില്‍ബാ? :-)

ശാലിനി said...

ഹ..ഹ..ഹ

Unknown said...

ഹ ഹ ഹ.... എന്താ ക്ലൈമാക്സ്.. കലക്കി.

ഓടോ: എന്റെ പട്ടിയുടെ പേര് ടിങ്കുമോന്‍ എന്നാണ് കുതിരവട്ടാ. ഒറിജിനലല്ല ഓണ്‍ലൈന്‍ പട്ടിയാണ്. (സത്യമായും ഓണ്‍ലൈന്‍ പട്ടി എന്ന് പറഞ്ഞത് നിന്നെ തെറി വിളിച്ചതല്ല പച്ചാളമേ). ഞാന്‍ ഉള്ളപ്പോള്‍ വീട്ടില്‍ വേറെ ഒരു പട്ടിയുടെ ആവശ്യമില്ല എന്ന അഛന്റെ കാലങ്ങളായുള്ള നിലപാടിന് എന്റെ മറുപടി. ഞാന്‍ ഗള്‍ഫില്‍ പോയതില്‍ പിന്നെ വീട്ടില്‍ വല്ലാത്ത ഒഴിവ് ഒരു പട്ടിയെ വാങ്ങാന്‍ അഛന്‍ ആലോചിക്കുന്നുണ്ട് എന്ന് ഇന്നലെ അമ്മ പറഞ്ഞതേ ഉള്ളൂ. :-(

Harold said...

റ്റിന്റു മോനേ..
ആധാരമെഴുത്ത് ,
ചുവരെഴുത്ത്
ബ്ളോഗെഴുത്ത്
മൂന്നും ഒരേ വണ്ടീ കെട്ടാം..
ഹാ..ഹാ..ഹാ

Kaithamullu said...

സുനീഷെ,
വാവച്ചന്‍ ഒരു കോമ്പ്രമൈസ് നടത്തേണ്ടതായിരുന്നു എന്ന് തോന്നുന്നു:ടിന്റപ്പാ എന്ന് വിളിച്ചാലെന്താ?

ദില്‍ബന്റെ കമെന്റ് വായിച്ചപ്പഴാ എന്റെ സകല കണ്ട്രോളും പോയേ....

കൊച്ചുത്രേസ്യ said...

ശ്ശൊ വാവച്ചന്റെ ഒരാത്മാര്‍ത്ഥത. സ്റ്റഡിലീവിനൊക്കെ പിടിപ്പത്‌ പണിയായിരിക്കൂലോ പാവത്തിന്‌.

അല്ല.. ഈ ടിന്റുമോന്‍ എന്ന പേരിനെന്താ കുഴപ്പം??

ദിലീപ് വിശ്വനാഥ് said...

ടിന്റുമോന്‍ കൊള്ളാമല്ലോ.

കാട്ടുപൂച്ച said...

• പാമ്പിനു തല്ലുകൊള്ളാന് വാലു പെണ്ണിനു തല്ലു കൊള്ളാന് നാവു്

kribhconagaram said...

നന്നായിട്ടുണ്ട് മോനേ...

sandoz said...

ഹ.ഹ..സുനീഷേ...ഇതൊരുമാതിരി അന്യായ അക്രമം ആയിപ്പോയി...
[പത്താം ക്ലാസ്‌ പരീക്ഷ...
മൂന്നാമത്തെ തവണ ട്രൈ മാടുന്ന ഒരു ചേട്ടായി പൊരിഞ്ഞ തയ്യാറെടുപ്പിലാണു.....
തുണ്ടുകള്‍-കോളറിനകത്ത്‌...കൈമടക്കില്‍...വി.ഐ.പിയുടെ ഇലാസ്റ്റിക്കില്‍....അങ്ങനെ കിട്ടിയ ഗ്യാപ്പിലൊക്കെ കുത്തിക്കേറ്റി.
ചോദ്യ പേപ്പര്‍ കിട്ടിക്കഴിഞ്ഞപ്പഴാണു പ്രശനം..
തുണ്ടുകള്‍..ഏതൊക്കെ എവിടെയാ ഇരിക്കുന്നതെന്ന് പിടിയില്ലാ...
എല്ലാ തുണ്ടും വെരിഫൈ ചെയ്യണ്ട അവസ്ഥ..
കോളര്‍ പൊക്കുന്നു...കൈമടക്ക്‌ അഴിക്കുന്നു...കൂട്ടത്തില്‍ വി.ഐ.പി ഇലാസ്റ്റിക്കിന്റെ ടപ്പ്‌...ടപ്പ്‌ എന്ന ശബ്ദവും...
ടപ്പ്‌..ടപ്പ്‌ ശബ്ദം കേട്ട തൊട്ടടുത്ത്‌ ഇരുന്നിരുന്ന ഒരു പെങ്കൊച്ച്‌ ചിരിയോട്‌ ചിരി...
സഹികെട്ട ചേട്ടായി പരീക്ഷാഹാളാണെന്ന് ഓര്‍ക്കാതെ അങ്ങട്‌ പൊട്ടിത്തെറിച്ചു..

'ഇളിക്കല്ലേടീ പിശാശേ..........']

Sethunath UN said...

അധ്വാനിയായ വാവച്ചന്‍ ഈ പ്രതിസന്ധിയും ത‌രണ‌ം ചെയ്യും. :)

മെലോഡിയസ് said...

സുനീഷ് ജീ..അവസാനം കലക്കീ ട്ടാ.

പ്രയാസി said...

ഹ,ഹ,ഹ
ക്ലൈമാക്സു കിടുക്കി..:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ടിങ്കുമോന്‍ എന്നാക്കിയിരുന്നേല്‍ ദില്‍ബന്‍ കേസു കൊടുത്തേനെ അല്ലേ?

ചേര്‍ത്തലക്കാരന്‍ said...

എഴുതിക്കഴിഞ്ഞ തുണ്ടുകള്‍ അടുത്തിരിക്കുന്നവരുടെ അഭ്യര്‍ഥന പ്രകാരം അവര്‍ക്കായി നല്‍കുന്ന കാര്യത്തിലും അവന്‍ വിശാലമനസ്കനായിരുന്നു. അങ്ങനെ വാവച്ചന്‍ നല്‍കിയ തുണ്ടുകള്‍ നോക്കി പരീക്ഷയെഴുതിയവരില്‍ ചിലര്‍ ആധാരമെഴുത്തുകാരായി. ചിലര്‍ ചുവരെഴുത്തുകാരായി. ,ചിലര്‍ ബ്ളോഗെഴുത്തുകാരായി.


Aa blogge ezhuthu kaaarante peraano "Suneesh" ennu?

ശ്രീവല്ലഭന്‍. said...

നല്ല തമാശ.. വായിയ്ക്കാന്‍ രസമുണ്ട്. പല പോസ്റ്റുകളും ഇപ്പോഴാണ് കാണുന്നത്...

Anish Thomas (I have moved to http://anishthomas.wordpress.com/ ) said...
This comment has been removed by the author.
സുധി അറയ്ക്കൽ said...

കൊള്ളാാം.

Powered By Blogger