Wednesday, October 24, 2007

പേപ്പട്ടിയുടെ കടി

പോത്തന്‍ ശശി.

ഇരുപത്തിനാലു മണിക്കൂറും പാലമ്മൂട് ഷാപ്പിലാണു ഡ്യൂട്ടി. പോത്തിറച്ചിയോടുള്ള അമിതവും അഗാധവുമായ ആരാധനമൂലമാണു പോത്തന്‍ ശശി എന്ന പേരു വീണത്. യഥാര്‍ഥ പേര് എം. ശശികുമാര്‍. വയസ് 45 ആയി. കണ്ടാല്‍ രണ്ടുവയസ്സുകൂടി കൂടുതല്‍ തോന്നുമെങ്കിലും ആളു ചെറുപ്പമാണ്. വീരപ്പന്‍ തോറ്റുപോകുന്ന ഒരു കൊമ്പന്‍ മീശയാണു ശശിയുടെ അഭിമാനസ്തംഭനം. മീശ മുളച്ചു തുടങ്ങിയതിനു ശേഷം ഇന്നു വരെ അദ്ദേഹം അതു വെട്ടിയിട്ടില്ലത്രേ.

വര്‍ധിച്ച പ്രതാപത്തോടെ വിസ്താരമായ മുഖത്തു കുടികൊള്ളുന്ന ആ മീശ മുറിക്കാന്‍ ശശി ഒരിക്കലും തയ്യാറല്ല താനും. ശശിയുടെ മുഖത്തുള്ള ആ കൊമ്പന്‍ മീശയോടുള്ള വിരോധം മൂലം മാത്രം ഭാര്യ പിണങ്ങി വീട്ടില്‍പ്പോയി നില്‍ക്കുകയാണ്. തന്നോടും കുട്ടികളോടും പുള്ളിക്കാരന് ഒരു സ്നേഹവുമില്ല എന്നാണു മൂപ്പത്തിയാരുടെ മെയിന്‍ പരാതി. സര്‍വ സ്നേഹവും ശശിക്കു തന്‍റെ മീശയോടാണ്. എം. ശശികുമാര്‍ എന്ന പേരിലെ എം. എന്നതു മീശ എന്നാണെന്നു പോലും നാട്ടില്‍ വര്‍ത്തമാനമുണ്ട്. അതിനാല്‍ പോത്തന്‍ ശശി എന്നു ശശിയെ വിളിക്കാന്‍ പേടിയുള്ളവര്‍ മീശ ശശി എന്നും അദ്ദേഹത്തെ വിളിച്ചുപോന്നു.

മീശ മാത്രമായിരുന്നില്ല ഭരണങ്ങാനത്തു ശശിക്ക് ആരാധകരുണ്ടാവാന്‍ കാരണം. അദ്ദേഹം അറിയപ്പെടുന്ന ഒരു ശിക്കാരി കൂടിയായിരുന്നു. കയ്യില്‍ മിക്കവാറും ഒരു നിറതോക്കുണ്ടാവും. വവ്വാല്‍, കാക്ക തുടങ്ങിയ പറവകളെ വെടിവച്ചു വീഴ്ത്തുന്നതിനോടായിരുന്നു ശശിക്കു കൂടുതല്‍ പ്രിയം.
കൂടാതെ നാട്ടുകാരു വളര്‍ത്തുന്ന നാടന്‍ പന്നി, ശീമപ്പന്നി തുടങ്ങിയവയെ കശാപ്പ് ആവശ്യത്തിനായി വെടിവയ്ക്കുന്നതും നാട്ടിലെ ഒരേയൊരു വെടിക്കാരനായ ശശി ആയിരുന്നു. അതിനാല്‍ത്തന്നെ ശശിയോട് നാട്ടിലെ സകല പന്നികള്‍ക്കും പട്ടികള്‍ക്കും പേടിയും ബഹുമാനവുമുണ്ടായിരുന്നു.

പോത്തന്‍ ശശിയെത്തേടി ഒരു ദിവസം ഭരണങ്ങാനത്തിന്‍റെ റസി‍ഡന്‍ഷ്യല്‍ ഏരിയായ കുന്നിനാകുഴിയില്‍നിന്ന് രണ്ടുപേരെത്തുന്നിടം വരെ അന്നത്തെ പ്രഭാതം അതീവശാന്തവും ഹൃദ്യവും വികാരപരവുമായിരുന്നു.

പല്ലുതേക്കുകയായിരുന്ന ശശിയോടു വന്നവര്‍ കാര്യമുണര്‍ത്തിച്ചു.

ശശിച്ചേട്ടാ, സഹായിക്കണം. നമ്മുടെ പീലിക്കലെ പട്ടിക്കു പേപിടിച്ചു. നാട്ടുകാരെ മുഴുവന്‍ ഓടിച്ചിട്ടു കടിക്കുകയാ... ശശിച്ചേട്ടന്‍ വന്ന് അവനെ ഒന്നു വെടിവെച്ചു കൊന്നു തരണം. ഇന്നലെ രാത്രി മുതല്‍ പട്ടി കാണുന്നവരെയൊക്കെ കടിക്കുകയാ... ഇതുവരെ പത്തുപശുവിനെയും എട്ട് ആടിനെയും നാലു മനുഷ്യരെയും കടിച്ചു. മനുഷ്യരൊക്കെ ഇപ്പം മെഡിക്കല്‍ കോളജില്‍ കുത്തുകൊണ്ടു കിടക്കുവാ..

പേപ്പട്ടി എന്നു കേട്ടതും ശശിക്കു തേലന്നത്തെ കിക്ക് അപ്പാടെ പോയി. പേപ്പട്ടിയെ വെടിവക്കാന്‍ പോകണോ...പണിയാകുമോ?

ആലോചിച്ചുനില്‍ക്കാന്‍ സമയമുണ്ടായിരുന്നില്ല. വന്നവര്‍ നേരെ ശശിയുടെ വീട്ടിലേക്കു കയറി. തോക്കും തിരയുമെടുത്തു പുറത്തിറങ്ങി. ശശിക്ക് മുറിക്കകത്തെ അയയില്‍നിന്ന് ഒരു ഷര്‍ട്ടും അവരുതന്നെ സംഘടിപ്പിച്ചു കൊടുത്തു. പിന്നെ ശശിക്കു നോ പറയാന്‍ നിവൃത്തിയുണ്ടായിരുന്നില്ല.

അങ്ങനെ അതിരാവിലെ കൈലിമുണ്ടും ഷര്‍ട്ടുമിട്ട് തോളില്‍തോക്കും തൂക്കി കുന്നിനാകുഴിയില്‍ പോത്തന്‍ ശശി എന്ന മീശ ശശി ഓട്ടോ റിക്ഷയിറങ്ങി.

മെയി‍ന്‍ റോഡ് വിജനം.

ഒരു പട്ടിയും അവിടെങ്ങുമുണ്ടായിരുന്നില്ല. എങ്കിലും തോക്ക് നേരെയാക്കി അദ്ദേഹം ഉന്നം പിടിച്ചു. കൈ വിറയ്ക്കുന്നുണ്ട്. രാവിലെ രണ്ടെണ്ണം ചെലുത്താതെ ഉന്നം ശരിയാകുമെന്നു തോന്നുന്നില്ല. ആരോടു പറയാന്‍?

തൊട്ടപ്പുറത്തുള്ള ചിറ്റാനപ്പാറ ഷാപ്പാണേല്‍ തുറക്കാനും നേരമായിട്ടില്ല.അങ്ങനെ വിഷാദിച്ചു നില്‍ക്കെ, ജനക്കൂട്ടം ഓടി വരുന്നത് ശശി കണ്ടു. അവര്‍ക്കു പിന്നിലായി പട്ടിയുമുണ്ട്. പേപ്പട്ടി എന്നു പറഞ്ഞെങ്കിലും ഒരിനം ചാവാലിപ്പട്ടി. അതിവേഗം അടുത്തു കണ്ട കയ്യാലമാടു ചാടിക്കയറിയ ശശി പട്ടിയെ ഉന്നം പിടിക്കാന്‍ നിലത്തു കിടന്നു.

ലൈന്‍ പൊസിഷനില്‍ തോക്ക് പിടിച്ച് ഉന്നം റെഡിയാക്കിത്തുടങ്ങി. തോക്കിന്‍റെ പരിധിയില്‍നിന്നു ജനക്കൂട്ടം മാറിയിട്ടു വേണം വെടിവയ്ക്കാന്‍. തോക്കുചൂണ്ടിക്കിടക്കുന്ന ശശിയെക്കൂടി കണ്ടതോടെ ജനത്തിന്‍റെ ആരവം ഇരട്ടിയായി. പട്ടിയുടെ കടിയും ശശിയുടെ വെടിയും കൊള്ളാതിരിക്കാന്‍പാകത്തിന് അവര്‍ വേഗം കൂട്ടി. ജനക്കൂട്ടം കടന്നുപോയി.

പാഞ്ഞുവന്ന പട്ടി കയ്യാലമാടിനു മുകളില്‍ക്കിടന്നു തന്‍റെ നേരെ തോക്കുചൂണ്ടുന്ന മനുഷ്യനെ കണ്ട് നിന്നു.
പതിയെ ചൂണ്ടിയ തോക്കിന്‍റെ തുമ്പിലേക്കു നോക്കി. അതു കണ്ടപ്പോള്‍ ശശിക്കു ചെറിയ രീതിയില്‍പേടി തോന്നി. കൈയ്യുടെ വിറ കൂടിവരുന്നു...

വെടിവയ്ക്കെടാ ഉവ്വേ എന്ന മട്ടില്‍ പട്ടി മാട്ടിനു താഴെ. വയ്ക്കാതെ തരമില്ല. വെടി വച്ചില്ലെങ്കില്‍ അവന്‍ തന്നെ അല്‍പം പോലും ബാക്കി വച്ചേക്കില്ലെന്നു ഉറപ്പായ സാഹചര്യത്തില്‍ അവിടെ കിടന്ന കിടപ്പില്‍ ഒന്നുറക്കെ കരയണമെന്നു പോലും ശശിക്കു തോന്നി. പട്ടി മുന്നോട്ടു നടക്കുകയാണ്.

ഇനി വേണമെങ്കില്‍ ഒറ്റച്ചാട്ടത്തിനു പട്ടിക്കു കയ്യാലമാട്ടിനു മുകളില്‍ കയറാം. അത് അനുവദിക്കാന്‍ പാടില്ല. ശശി സകല ദൈവങ്ങളെയും വിളിച്ച് പട്ടിയുടെ നെറുകം തല നോക്കി ഉന്നം പിടിച്ചു.

ഒന്ന്, രണ്ട്, മൂന്ന്..

രണ്ടും കല്‍പിച്ച് കാഞ്ചി വലിച്ചു...

ഠേ....

പടക്കം പൊട്ടുന്ന പോലുള്ള ഒച്ച നാട്ടുകാരു കേട്ടു. ശശിയും കേട്ടു. പട്ടിയും കേട്ടു!!!

വെടി കൊണ്ടില്ല!!!

ഓടിക്കോ...

ശശിയുടേതായിരുന്നു ആ കമാന്‍ഡ്.

അതു കേള്‍ക്കാന്‍ അടുത്തെങ്ങും ഒരു പട്ടിപോലുമില്ലെന്നു മനസ്സിലായ ശശി അതിവേഗം റബര്‍തോട്ടത്തിലൂടെ അടുത്ത വീടുനോക്കി പായാന്‍ തുടങ്ങി. ശശി ഒറ്റയ്ക്കായിരുന്നില്ല. പട്ടിയും പിന്നാലെയുണ്ടായിരുന്നു.

വീടു കാണും മുന്‍പു ശശി കണ്ടത് ഒരു കന്നാലിക്കൂടാണ്. നേരെ അതിന്നുള്ളിലേക്ക് ഓടിക്കയറിയ അദ്ദേഹം പട്ടിയെ വാച്ചു ചെയ്യാന്‍ തുടങ്ങി. വെടി കൊണ്ടില്ലെങ്കിലും പടക്കം പൊട്ടിയതിന്‍റെ പരിഭ്രാന്തിയുണ്ടായിരുന്നതിനാല്‍ പേപ്പട്ടി ആയിരുന്നെങ്കിലും അല്‍പസ്വല്‍പം കോമണ്‍സെന്‍സുണ്ടായിരുന്ന പട്ടി ഇനി അതിയാനെ ഫോളോ ചെയ്യണോ എന്ന ആലോചനയിലായിരുന്നു. ശശിക്ക് ആ സമയം ധാരാളമായിരുന്നു. തോക്കില്‍ അടുത്ത തിര നിറച്ച് പശുത്തൊഴുത്തിന്‍റെ അരികില്‍ ശശി വേട്ടക്കാരനെപ്പോലെ കാത്തിരുന്നു. ഇരയായ പട്ടി അടുത്തു കണ്ട റബര്‍മരത്തോടു കാലുപൊക്കി സലാം പറഞ്ഞ് തന്‍റെ ഇരയെത്തേടിയുള്ള നടപ്പിലായിരുന്നു.

തന്‍റെ ഷൂട്ടിങ് റേഞ്ചില്‍നിന്നു പട്ടി മാറിപ്പോകുന്നതു കണ്ടു ശശിക്കു നിരാശയായി. നേരം ഏതാണ് പരക്കെ വെളുത്തുകഴിഞ്ഞു. പാതിരാത്രി മുതല്‍ പട്ടിയുടെ പുറകേ കൂടിയ പലരും തങ്ങളുടെ നില്‍പ് സ്വന്തം വീട്ടില്‍നിന്നു രണ്ടുമൂന്നു കിലോമീറ്റര്‍ അകലെയാണെന്നതും ആ നില്‍പില്‍ ആകെയുള്ളത് കിടക്കേപ്പായേന്ന് എഴുന്നേറ്റ് ഓടിയ കൂട്ടത്തിലുണ്ടായിരുന്ന ഒരേയൊരു കൈലി മാത്രമാണെന്നുമൊക്കെ ഓര്‍ത്തു ജാള്യപ്പെട്ടു തുടങ്ങിയ സമയം. ആദ്യ വെടി കൊള്ളാതെ പോയതിന്‍റെ ജാള്യം ശശിക്കുമുണ്ടായിരുന്നു. വെടികൊള്ളാതിരുന്ന പട്ടിക്ക് ലജ്ജിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. കടിക്കാന്‍ ഒരു മത്തിത്തല പോലും കിട്ടാത്തതിന്‍റെ കനത്ത ബോറഡിയുമായി ശശിയുടെ കണ്ണുവെട്ടിച്ചു നടന്നുവന്ന പട്ടി കാണുന്നത്, തന്‍റെ തൊട്ടുമുന്‍പില്‍ പുറം തിരിഞ്ഞിരുന്നു തോക്കിന്‍റെ ഉന്നം ശരിയാക്കുന്ന ശശിയെയാണ്. ഒരുനിമിഷം- പട്ടി ആലോചിച്ചോ എന്നറിയില്ല.

ആലോചനയ്ക്കു വേണ്ട മിനിമം ടൈമിനും മുന്‍പ് പട്ടി, ശശിയുടെ ശരീരത്തില്‍ എടുത്തു ചാടിയൊന്നു കടിച്ചു.

അയ്യോ എന്ന അലര്‍ച്ചയോടെ തിരിഞ്ഞ ശശി, ആദ്യത്തെ കടി സുമാറാകാത്തതിനാല്‍ രണ്ടാമത്തെ കടിക്കായി ചാടുന്ന പേപ്പട്ടിയെയാണു കണ്ടത്.

പേപ്പട്ടി, പേ, കടി, തോക്ക്, വെടി, ശശി...!!!

ഒരു കുന്തവുമുണ്ടായില്ല.

പട്ടി കടി തുടര്‍ന്നു. ഒരു പട്ടി പോലും ആ ഭാഗത്തേക്കു തിരിഞ്ഞുനോക്കാത്തതില്‍ അതിയായ വിഷമമുണ്ടായിരുന്നതിന്നിടയ്ക്കും ശശി അതു ചെയ്തു.
തോക്കിന്റെ പാത്തികൊണ്ടു തന്നെ കടിക്കുന്ന പട്ടിയുടെ നടുവു നോക്കി ഒരു പൂശ്.

പട്ടി നിലത്തേക്കു മലച്ചു. അടുത്ത നിമിഷം ബാക്കിയുണ്ടായിരുന്ന ഉണ്ട പട്ടിയുടെ െനറുകം തല നോക്കി പായിച്ച ശശി ഒരു നിമിഷത്തേക്ക് ദീര്‍ഘശ്വാസമെടുത്തു. അടുത്ത നിമിഷം അദ്ദേഹം ആ സത്യം തിരിച്ചറിഞ്ഞു- തന്നെയും പേപ്പട്ടി കടിച്ചിരിക്കുന്നു. തനിക്കും പേ പിടിക്കും. അല്ലെങ്കില്‍ ഉടന്‍ ആശുപത്രിയിലെത്തി കുത്തിവയ്പെടുക്കണം.

പട്ടി ചത്തു എന്നറിഞ്ഞതോടെ, മരത്തിന്റെ മുകളിലും തട്ടിന്‍പുറത്തുമൊക്കെയായി സംഭവത്തിന്റെ ഏരിയല്‍ വ്യൂ ആസ്വദിച്ചിരുന്ന ജനങ്ങള്‍ വീണ്ടും നിലത്തിറങ്ങി.

ആരെങ്കിലും തന്നെയുടന്‍ ഏതെങ്കിലും ഷാപ്പില്‍ സോറി, ആശുപത്രിയിലെത്തിക്കുമെന്നു വിചാരിച്ച ശശിക്കു പക്ഷേ തെറ്റി, ആരും എവിടെയും എങ്ങും എത്തിക്കാനുദ്ദേശിക്കുന്നില്ല. മാത്രമല്ല, എല്ലാവരും തന്റെ ഒരു കടിയകലം മാറിയാണു നില്‍പും.
കാര്യം കഴിഞ്ഞപ്പോള്‍ തന്റെ കാര്യം നോക്കാന്‍ ഒരു പട്ടിയുമില്ലെന്ന സത്യം പട്ടികടിയുടെ കുത്തുന്ന വേദനയ്ക്കിടെയും അതിനെക്കാള് വേദനയോടെ ശശി തിരിച്ചറിഞ്ഞു.

എന്തു ചെയ്യും? പോകാന്‍ വണ്ടിയില്ല. കൈയില്‍ കാശില്ല. ഉണ്ടായിരുന്ന തോക്കിലായിരുന്നെങ്കില്‍ ഉണ്ടയും തീര്‍ന്നു. ഇല്ലായിരുന്നെങ്കില്‍ അതുചൂണ്ടി നാട്ടുകാരെ പേടിപ്പിച്ചെങ്കിലും കാര്യം നടത്താമായിരുന്നു. ഇനി െന്താണു വഴിയെന്ന് ഏറെ നേരം ആലോചിക്കേണ്ടി വന്നില്ല, ശശിക്ക്.

ശരീരമാസകം കുളിരു പോലെ. കുളിരു കൂടിക്കൂടി വരികയാണ്. കയ്യും കാലുമൊക്കെ വിറയ്ക്കുന്നു. താടി കൂട്ടിയിടിക്കുന്നു. എന്തെങ്കിലും കടിച്ചു പിടിച്ചാല്‍ നന്നായിരിക്കുമെന്നു തോന്നാതിരുന്നില്ല. കടിക്കാനെന്തു കിട്ടും???

ഇത്രയും നാട്ടുകാരിങ്ങനെ വടി പോലെ നില്‍ക്കുന്പോള്‍ പിന്നെന്തിനു നോക്കിനില്‍ക്കണമെടാ ഉവ്വേ എന്ന് കുറച്ചുനേരം മുന്‍പു വടിയായ പട്ടിയുടെ ആത്മാവ് ശശിയോടു ചോദിച്ചു. ശശിക്കും അതു ശരിയാണെന്നു തോന്നി.

അടുത്ത നിമിഷം കടി ഉദ്ഘാടനം ചെയ്യപ്പെട്ടു. കടി കിട്ടിയവര്‍ ആദ്യം നിലവിളിച്ചു. പിന്നെ കരഞ്ഞു. കടി കിട്ടാത്തവര്‍ രക്ഷപ്പെട്ട് ഓടാനുളള തിടുക്കത്തിലായിരുന്നു. ആദ്യമാദ്യം ശശിയുടെ കടി കിട്ടിയവര്‍ക്ക് അതൊട്ടും സുഖിച്ചില്ല. കടിപ്പരിപാടിക്ക് അവരും കൂടി. കടി കിട്ടിയവരുടെ എണ്ണം കൂടി വന്നു. കടി കൊടുക്കുന്നവരുടെ എണ്ണവും കൂടി വന്നു. ചുരുക്കിപ്പറഞ്ഞാല്‍, അരമണിക്കൂറുകൊണ്ട് കുന്നനാകുഴിയില്‍ മുഴുവന്‍ കടി കിട്ടിയവരും കടി കൊടുത്തുവരും മാത്രമായി മാറി.

സര്‍ക്കാര്‍ നേരിട്ടടപെട്ടു. അരമണിക്കൂറിനകം എല്ലാവരെയും ആശുപത്രിയിലെത്തിച്ചു. പൊക്കിളിനു ചുറ്റും പതിനാലു കുത്ത്. ചികില്‍സ. എല്ലാം സൗജന്യമായിരുന്നു.

മേഖലയില്‍ കടി നിരോധിച്ചു. പൊതു സ്ഥലത്തു കടി നിരോധിക്കണമെന്നു സ്ഥലത്തെ അംഗന്‍ വാടി ടീച്ചര്‍ ൈഹക്കോടതിയില്‍ അപ്പീലു കൊടുത്തു. ഹൈക്കോടതി മേല്‍പ്പടി ഉത്തരവവായി.

എല്ലാ ബഹളങ്ങളുമൊഴിഞ്ഞ് ആശുപത്രി വിടുമ്പോള്‍ ശശി മനസ്സിലോ‍ര്‍ത്തു. വെറുതെ ഒന്നു കടിക്കാന്‍ തനിക്കു തോന്നിയില്ലായിരുന്നെങ്കില്‍....!!!!

18 comments:

SUNISH THOMAS said...

ഒന്ന്, രണ്ട്, മൂന്ന്..

രണ്ടും കല്‍പിച്ച് കാഞ്ചി വലിച്ചു...

ഠേ....

പടക്കം പൊട്ടുന്ന പോലുള്ള ഒച്ച നാട്ടുകാരു കേട്ടു. ശശിയും കേട്ടു. പട്ടിയും കേട്ടു!!!

വെടി കൊണ്ടില്ല!!!

ദിലീപ് വിശ്വനാഥ് said...

കടി ആരോഗ്യത്തിനു ഹിതകാരം എന്ന് മനസിലായില്ലേ? കൊള്ളാം സുനീഷേ.

സഹയാത്രികന്‍ said...

വാത്മീകിമാഷ് തേങ്ങ ഉടച്ചില്ലേ... എന്നാ ആ കര്‍മ്മം ഞാന്‍ നിര്‍വ്വഹിക്കാം....

രണ്ടും കല്‍പിച്ച് വലിച്ചെറിഞ്ഞു

ഠേ....!


പേപ്പട്ടി, പേ, കടി, തോക്ക്, വെടി, ശശി...!!!

സുനീഷ് ജി...കൊള്ളാം...
:)

ശ്രീ said...

“ആരെങ്കിലും തന്നെയുടന്‍ ഏതെങ്കിലും ഷാപ്പില്‍ സോറി, ആശുപത്രിയിലെത്തിക്കുമെന്നു വിചാരിച്ച ശശിക്കു പക്ഷേ തെറ്റി, ആരും എവിടെയും എങ്ങും എത്തിക്കാനുദ്ദേശിക്കുന്നില്ല. മാത്രമല്ല, എല്ലാവരും തന്റെ ഒരു കടിയകലം മാറിയാണു നില്‍പും.”

സുനീഷേട്ടാ...
ഇതും കലക്കി കേട്ടോ.
:)

സൂര്യോദയം said...

സുനീഷേ... മൊത്തം കടിയാണല്ലോ.... അല്ലാ, ഇവിടെ ഇപ്പോ ആര്‌ ആരെയാ കടിച്ചേ.. സുനീഷിനേം കടിച്ചോ... ആവോ... :-)

സാജന്‍| SAJAN said...

സുനീഷേ, കുറച്ചു നാളായി ഈ വഴിയില്‍ പോസ്റ്റുകള്‍ ഒന്നുമുണ്ടായിരുന്നില്ലല്ലൊ, എന്തായാലും ശശിയുടെ കഥ ഇഷ്ടപ്പെട്ടു:)

Murali K Menon said...

:))

ഉപാസന || Upasana said...

കൊള്ളാം ശശിച്ചേട്ടന്‍
:)
ഒരുപാട് അക്ഷരത്തെറ്റുകള്‍ ഇല്ലേ തുടക്കത്തില്‍
:)
ഉപാസന

ഉണ്ടാപ്രി said...

അയ്യോ, പൊന്നച്ചായോ,
പ്രണയം ഉപേക്ഷിക്കല്ലേ.
ഭരണങ്ങാനത്തൂടെ ഇനി കടി പേടിക്കാതെ നടക്കാന്‍ പറ്റുമോ ആവോ..

Mr. K# said...

ഉത്തരാധുനികം തന്നെ. ഇനി അടുത്തത് ഉത്തരാ സ്വയംവരം അല്ലേ :-)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇതെന്തുവാ ഇത് ഇന്നലെ കണ്ട സ്വപ്നം വരെ നീ പോസ്റ്റാക്കിത്തുടങ്ങിയോ?

ഉണ്ണിക്കുട്ടന്‍ said...

സുനീഷേ ഇതേതാ ഈ ശശി..? മധ്യതിരവതാംകൂര്‍ ഭരിച്ചിരുന്ന ലോ മറ്റേ ശശിയാണോ..?

സാല്‍ജോҐsaljo said...

കൊള്ളാം...!:)

Roy said...

സുനീഷ്‌,
ഞാനൊരു പുതുമുഖം. ബ്ലോഗന്മാരുടെ ലീലാവിലാസങ്ങള്‍ ചികഞ്ഞെടുത്ത്‌ വായിച്ചു തുടങ്ങിയവന്‍. (അടിച്ചു മാറ്റാന്‍ പറ്റിയവ തിരയുന്നവന്‍)
നന്നാവുന്നുണ്ട്‌ മാഷെ.ഭാവുകങ്ങള്‍.

ഉണ്ടാപ്രി said...

കാത്തിരിന്നു മടുത്തൂ മാഷേ..
ഒരു രസികന്‍ പോസ്റ്റിടൂ..വേഗം..

ഒരു ഇന്‍ഡ്യന്‍ പൌരന്‍ said...

എന്തുപറ്റി ഇത്രയും വലിയ ഒരു ഗ്യാപ്പ്... അടുത്തത് ഉടന്‍ പ്രതീക്ഷിക്കുന്നു...

അനീഷ് രവീന്ദ്രൻ said...

കൊള്ളാം. സംഭവം തീറായി.

സഞ്ചാരി said...

ഹ..ഹ....സൂപ്പര്‍...എന്നാലും നിങ്ങടെ ഒരു ശൈലി അന്യായമാ കേട്ടോ..

Powered By Blogger