Saturday, February 02, 2008

കോഴിക്കോട് മുതല്‍ പാലാ വരെ

നിങ്ങള്‍ വിചാരിക്കുന്നതു പോലെ ഞാന്‍ മഹാ ബുദ്ധിമാനും സുന്ദരനും വിവേകിയും ധര്‍മിഷ്ഠനും മാത്രമല്ല. വിശാലഹൃദയനും അനുകന്പയുള്ളവനും സഹജീവികളോടു സ്നേഹമുള്ള മാതൃകാഹൃദയമുള്ള ഒരു വ്യക്തികൂടിയാണ്. രണ്ടാമതു പറ‍ഞ്ഞ കാര്യങ്ങള്‍ ഒരുപക്ഷേ എന്നെ ഇത്രയും കാലമായി പരിചയമുള്ള ആര്‍ക്കും തോന്നിയിട്ടുണ്ടാവില്ല. കാരണം, ഇക്കാര്യം അവരില്‍നിന്നൊക്കെ മനപ്പൂര്‍വം ഞാനൊളിച്ചു വച്ചിരിക്കുകയായിരുന്നു. എന്നെങ്കിലുമൊരിക്കല്‍, അവസരം വരുമ്പോള്‍ മാത്രം ഇത്തരം കാര്യങ്ങള്‍ അവരറിയുന്നതിലാണൊരു ത്രില്‍ എന്നെന്നിക്കറിയാമായിരുന്നു. അതുകൊണ്ട്, പലപ്പോഴും അവരുടെ മുന്‍പില്‍ ഞാന്‍ ദേഷ്യക്കാരനും എടുത്തുചാട്ടക്കാരനും വായില്‍ വരുന്നതെന്തോ അതൊക്കെ അപ്പാടെ വിളിച്ചുപറയുകയും രണ്ടിലൊന്നാലോചിക്കാതെ ബ്ളോഗില്‍ എഴുതിവയ്ക്കുകയും ഒക്കെ ചെയ്യുന്ന ഒരു സാധാരണക്കാരന്‍ മാത്രമാണിപ്പോളും. ഇതു വായിക്കുമ്പോള്‍ കുറേപ്പേര്‍ സത്യത്തിലുള്ള എന്നെ തിരിച്ചറിയുമായിരിക്കും. അതിലെനിക്കു സങ്കടമില്ല. എന്നായാലും ഇതൊക്കെ തിരിച്ചറിയപ്പെടേണ്ടതു തന്നെയല്ലേ????

പറഞ്ഞുവന്നത് എന്റെ വിശാലമനസ്സിനെക്കുറിച്ചും ദീനാനുകമ്പയെക്കുറിച്ചുമാണ്. എനിക്കു ശത്രുക്കളേ ഇല്ലായിരുന്നു. പക്ഷേ, പലര്‍ക്കും ഞാനൊരു ശത്രുവായിട്ടുണ്ടാകാം.അതെന്‍റെ കുറ്റമല്ലല്ലോ.

ആരാണു നമ്മുടെ ശത്രു?


സിനിമാതീയേറ്ററില്‍ നമ്മള്‍ നില്‍ക്കുന്ന ക്യൂവിനു മുന്‍പില്‍ നില്‍ക്കുന്നവരെല്ലാം നമ്മുടെ ശത്രുക്കളാണെന്നൊരു അഭിപ്രായമുണ്ട്. പക്ഷേ എനിക്ക് അങ്ങനെയൊരു തോന്നലില്ല. ഞാന്‍ അവരിലാരെയെങ്കിലും എന്റെകൂടി ടിക്കറ്റിനു കാശ് ഏല്‍പിച്ച് ഏതേലും തണലത്തുപോയി സ്വപ്നം കണ്ടു നില്‍ക്കും.


ബസില്‍ നമ്മുടെ തൊട്ടടുത്തിരിക്കുന്നയാള്‍ നമ്മുടെ ശത്രുവാണെന്നും തോന്നുന്നവരുമുണ്ടാവും. ലോകത്ത് ഏറ്റവും അധികം അകലം സീറ്റില്‍ അടുത്തിരിക്കുന്ന രണ്ടുപേരുടെ മനസ്സുകള്‍ തമ്മിലാണെന്ന് അടുത്തയിടെ ഞാന്‍ കൂടിയ ധ്യാനത്തില്‍ ധ്യാനഗുരു പറഞ്ഞതിപ്പോഴും ഓര്‍ക്കുന്നുണ്ട്. (ഹൊ.. എന്തൊരു മഹത്തായ ധ്യാനമായിരുന്നു അത്!!)

രണ്ടുപേര്‍ക്കിരിക്കാവുന്ന സീറ്റിന്‍റെ ഒരു സൈഡില്‍ ബാഗ് വച്ച് ബാക്കിയുള്ള ഭാഗത്ത് അമര്‍ന്നിരിക്കുന്ന ചില വിരുതന്മാരുണ്ട്. പിന്നെ നമുക്കിരിക്കാനായി ബാക്കിയിട്ടിരിക്കുന്ന സ്ഥലത്ത് ഒന്നാം ക്ളാസില്‍ പഠിക്കുന്ന ഒരു കൊച്ചിനു പോലും നേരെചൊവ്വേ ഇരിക്കാനുള്ള സ്ഥലം കാണത്തില്ല. നമ്മള്‍ അവിടെ പോയി ഇരുന്നാലും കാലന്മാര്‍ ബാഗ് എടുത്ത് മടിയില്‍ വയ്ക്കുകയോ സീറ്റില്‍ ഒതുങ്ങിയിരിക്കുകയോ ചെയ്യത്തില്ല. സ്വാഭാവികമായും ആര്‍ക്കും ദേഷ്യം വരും. പോക്രിത്തരമല്ലേടാ പുല്ലേ എന്നു മനസ്സില്‍ നൂറ്റമ്പതു വട്ടമെങ്കിലും ചോദിക്കും. ഒച്ച പുറത്തോട്ടു വരികേലെന്നു മാത്രം. എന്നാല്‍ എനിക്കങ്ങനെയൊരു പ്രശ്നമേയില്ല.

ഞാന്‍ നൈസായിട്ട് പുള്ളിക്കാരനെ തോണ്ടും. എന്നിട്ട് ചിരിച്ചുകൊണ്ടു പറയും, ചേട്ടാ, ആ ബാഗ് എടുക്ക്. എനിക്ക് ഇരിക്കാന്‍ ഈ സ്ഥലം തികയില്ല.

ആയിരം വാട്ട് ബള്‍ബ് തോറ്റുപോകുന്ന വിധത്തില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ചിരിക്കാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. ആ ചിരിയില്‍ ആരും തിരിച്ചു തെറിപറയില്ല എന്ന് എനിക്കുറപ്പായിരുന്നു. ഇതുവരെ അതു തെറ്റിയിട്ടുമില്ല.

ഇനി ആ സീറ്റില്‍ ആദ്യമിരിക്കുന്നയാള്‍ നമ്മളാണെന്നു വിചാരിക്കുക. അപ്പോള്‍ മുതല്‍ നമ്മള്‍ പ്രാര്‍ഥിച്ചു തുടങ്ങും. ദൈവമേ, മെലിഞ്ഞുണങ്ങി എല്ലുപരുവത്തിലായ ഏതേലും ഒരു കക്ഷിയെ എനിക്കൊപ്പം ഇരുത്തിത്തരണേ...

ദൈവം ചിലപ്പോള്‍ നമ്മുടെ പ്രാര്‍ഥന കേള്‍ക്കും. നമ്മള്‍ കൃത്യം പകുതിഭാഗം അവകാശപ്പെടുത്തിയിരിക്കുന്നതിന്റെ മറുപാതിയില്‍ പിന്നെയും സ്ഥലം ബാക്കിയിടാന്‍ മാത്രം ചെറുതായ വണ്ണം കുറഞ്ഞ ആരെങ്കിലും വന്നിരിക്കും. അവരുടെ വില അപ്പോള്‍ നമുക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. അടുത്ത സ്റ്റോപ്പില്‍ അദ്ദേഹം ഇറങ്ങുകയും പകരം നല്ലതടിയും കുടവയറുമുള്ള ഏതേലും ഒരുത്തന്‍ പകരം അവിടെ ഇരിക്കുകയും ചെയ്യുന്ന നിമിഷം നാം ആദ്യത്തെ നല്ല മനുഷ്യനു കൊടുക്കാതെ കരുതിവച്ച സ്നേഹം വേസ്റ്റായല്ലോ എന്നോര്‍ത്തു നിരാശപ്പെടുകയും ചെയ്യും.

അതുകൊണ്ടാവണം, ബസില്‍ പ്രത്യേകിച്ചു ദീര്‍ഘദൂര യാത്രകളില്‍ നമുക്ക് മെലിഞ്ഞ മനുഷ്യരോട് വലിയ സ്നേഹം തോന്നാന്‍ കാരണം. രാത്രി യാത്രയാണെങ്കില്‍ അതുകൂടും. കാരണം, മെലിഞ്ഞ മനുഷ്യരില്‍ കൂര്‍ക്കം വലി പൊതുവേ ഒരു രോഗമല്ല. അതുകൊണ്ട് ശാന്തമായി നമുക്കുറങ്ങാം. കൂര്‍ക്കം വലിക്കാം.
ഞാന്‍ ഈക്കാര്യത്തിലും വിശാലനായിരുന്നു.

തടികൂടിയ മനുഷ്യരോട് എനിക്കു യാതൊരു വിരോധവുമില്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. കാരണം, എനിക്ക് അത്യാവശ്യം തടിയുള്ളതാണെന്നു തെറ്റിദ്ധരിക്കരുത്.

എനിക്കു തടിയുണ്ടായിട്ട് വര്‍ഷം ഒന്നോ രണ്ടോ മാത്രമേ ആയിട്ടുള്ളൂ. അതിനു മുന്‍പും എനിക്കു ദീര്‍ഘദൂര രാത്രിയാത്രകള്‍ വേണ്ടി വന്നിട്ടുണ്ട്. അന്നും ‍ഞാന്‍ എന്റെ ശരീരത്തെക്കാള്‍ വിശാലമായ മനസ്സുള്ളവനായിരുന്നു. അതൊക്കെ പറ‍ഞ്ഞിട്ടിനിെയന്തുകാര്യം?

കിട്ടിയ തടി ആന പിടിച്ചാല്‍ പോകുമോ?

കോഴിക്കോട്ടേക്കു സ്ഥലം മാറിപ്പോയി കൃത്യം മാസം ഒന്നുകഴിഞ്ഞ് വീട്ടിലേക്കു വരാന്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുകയാണു ഞാന്‍. ഒരുമാസം വീട്ടില്‍നിന്നു മാറിനില്‍ക്കുകയെന്നത് ആദ്യസംഭവമായിരുന്നതിനാല്‍, ഭരണങ്ങാനം എന്നു പറയുന്ന പട്ടണം ഇപ്പോള്‍ എങ്ങനെയായിരിക്കും, അവിടെ ഗോപിച്ചേട്ടന്റെ മുറുക്കാന്‍ കടയും ദ്വാരക ഹോട്ടലുമൊക്കെ പഴയ പടി കാണുമോ? രാരിച്ചന്റെ പട്ടികള്‍ എല്ലാത്തിനെയും നാട്ടുകാരു തല്ലിക്കൊന്നിട്ടുണ്ടാവുമോ തുടങ്ങിയ ഒരുപിടി ആശങ്കകളും ആകുലതകളും മനസ്സിലുണ്ടായിരുന്നു.

അതിനിടെ, ആരോടും പറയാതെ ബസ് വന്നു.

സര്‍വൈവല്‍ ഓഫ് ദ് ഫിറ്റസ്റ്റ് എന്ന ഡാര്‍വിന്‍ സിദ്ധാന്തത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഞാന്‍ പാഞ്ഞുചെന്ന് പുഷ്പം പോലെ രണ്ടാമനോ മൂന്നാമനോ ആയി വണ്ടിക്കകത്തു കയറി.

കയറുന്നതിനിടെയില്‍ പ്രായമുള്ള ഏതോ ഒന്നുരണ്ടുപേര്‍ കരയുന്നതോ പ്രാകുന്നതോ ആയ ചില ശബ്ദങ്ങള്‍ കേട്ടുകാണും. സര്‍വൈവ് ചെയ്യാന്‍ നമ്മളെന്തൊക്കെ സഹിച്ചാല്‍?

അവരാരെങ്കിലും വീണുപോയിട്ടുണ്ടാവുമോ എന്നുപോലും നോക്കാതെ ഞാന്‍ ഒരു സീറ്റ് പിടിച്ചു. സൈഡ് സീറ്റ്.

മെലിഞ്ഞ ഒരു സഹയാത്രികനെ മനസ്സില്‍ ധ്യാനിച്ച് അങ്ങനെയിരിക്കെ എന്റെ അടുത്ത് ഒരു നിഴലുവന്നുനിന്നു. ഞാന്‍ തല ഉയര്‍ത്തി നിഴലിന്റെ ഉടമസ്ഥനെ നോക്കി. ഞെട്ടിപ്പോയി.

കര്‍ണങ്ങളെ എച്ചിലാക്കുന്ന വായ് എന്നു ചന്ത്രക്കാരനെക്കുറിച്ചു പറയുമെങ്കില്‍ കാലുകളെ നിസ്സാരമാക്കുന്ന കുംഭ എന്ന് ഇദ്ദേഹത്തെക്കുറിച്ചു പറയേണ്ടി വരും. ഞങ്ങളെന്തു തെറ്റു ചെയ്തു എന്നു വിലപിക്കുന്ന രണ്ടുകാലുകളിലായിരുന്നു അദ്ദേഹത്തിന്റെ വയറ് സ്ഥിതി ചെയ്തിരുന്നത്. ഒട്ടും തടിയില്ലാത്തതായി രണ്ടുകൈകളും കാലുകളും മാത്രമാണുണ്ടായിരുന്നത്. തലയും ചെറുത്. പക്ഷേ വയറു മാത്രം....

എന്തിനേറെ പറയുന്നു?

അടുത്ത നിമിഷം, അങ്ങേര് എന്റെ സീറ്റിലിരുന്നു. ഞാന്‍ അമര്‍ന്നു. ആദ്യം ശ്വാസം കിട്ടാത്തപോലെ തോന്നിയെങ്കിലും പിന്നീട് അതൊരു ശീലമായതോടെ കുഴപ്പമില്ലാതായി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഞാന്‍ മറ്റൊരു പോളിസി ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു.

ഒരാളെ തികച്ചും സഹിക്കാന്‍ പറ്റാതെ വരുമ്പോള്‍ അദ്ദേഹത്തെ നമ്മുടെ ഭാര്യയായി സങ്കല്‍പിക്കുക. അതോടെ, സഹനം താനെ വന്നോളും. അവിവാഹിതനാണെങ്കിലും ഈ പോളിസി കൊണ്ടുമാത്രം രക്ഷപ്പെട്ട സംഭവങ്ങള്‍ അനവധി.

വന്നു ഇരുന്നു കീഴടക്കി. ഞാന്‍ കീഴടങ്ങി. അടുത്ത നിമിഷം അദ്ദേഹം ഉറക്കത്തിനും കീഴടങ്ങി. പിന്നാലെ കൂര്‍ക്കം വലി അദ്ദേഹത്തെ കീഴടക്കി. സൈലന്‍സറില്ലാത്ത ലാംപി സ്കൂട്ടര് പോലെ സംഗതി ഉയര്‍ന്നു തുടങ്ങി.

അപ്പുറത്തും ഇപ്പുറത്തുമുള്ള സീറ്റുകളില്‍ ഇരുന്നുറങ്ങിയവര്‍ ഞെട്ടലോടെ എഴുന്നേറ്റ് നോക്കുന്നു. ഞാന്‍ അവരെ നോക്കി ദയനീയമായി രിച്ചു. എന്റെ ഗതിയോര്‍ത്ത് സന്തോഷത്തോടെ അവര്‍ വീണ്ടുമിരുന്നു.

വണ്ടി സ്റ്റാര്‍ട്ടായിരുന്നെങ്കില്‍, ഏതെങ്കിലുമൊരു വളവ് വീശിയിരുന്നെങ്കില്‍ ഈ കാലമാടനെ, സോറി നല്ല മനുഷ്യനെ ഒന്നു ചെറുതായി തള്ളിനീക്കി അല്‍പം സ്പേസ് ഉണ്ടാക്കമല്ലോ എന്ന ധാരണയോടെ ഞാനിരുന്നു. വണ്ടി പുറപ്പെട്ടു.

ഫറോക്ക് പാലം മുതല്‍ കക്കാട് വലിയ വളവു വരെ പല വളവുകളിലും ‍ഞാന്‍ കഠിനപരിശ്രമം നടത്തിനോക്കി. കക്ഷി അനങ്ങിയതു പോലുമില്ല. ഒന്നുറങ്ങാന്‍ പോലും കഴിയാതെ ഒടിഞ്ഞുനുറുങ്ങി ഇരിക്കുകയാണു ‍ഞാന്‍. അടുത്തിരിക്കുന്നതു ഭാര്യയാണേലും അടുത്ത നിമിഷം ഡൈവോഴ്സ് ചെയ്തേനെ എന്ന തീരുമാനത്തില്‍ ആരുമെത്തിപ്പോകും.

അതായിരുന്നു എന്റെ അവസ്ഥ. പക്ഷേ, ഞാന്‍ ഭയങ്കര വിശാലമനസ്കനാണെന്ന് ആദ്യമേ പറഞ്ഞിരുന്നല്ലോ.

ഇനി വട്ടപ്പാറ വളവുണ്ട്. അവിടെ വച്ച് ഇവനെ ഞാന്‍ വട്ടം കറക്കും എന്ന് തീരുമാനിച്ചു. വട്ടപ്പാറയിറക്കം തുടങ്ങി. വളവ് വന്നു. വണ്ടി ചെറുതായൊന്നു വീശി. ഞാന്‍ വലുതായും...

അടുത്ത നിമിഷം ചീമപ്ളാവില്‍നിന്നു കൂഴച്ചക്ക വീഴുന്നപോലെയൊരു ശബ്ദം വണ്ടിയില്‍ മുഴങ്ങി. അതുകേട്ട് പേടിച്ചു ഡ്രൈവര്‍ അറിയാതെ രണ്ട് ഹോണടിച്ചു. ലൈറ്റിട്ടു. എന്റെ സഹസീറ്റന്‍ വീണിതല്ലോ കിടക്കുന്നു ധരണിയില്‍.

ഉറക്കത്തില്‍നിന്നു ചാടിയെഴുന്നേറ്റ അദ്ദേഹം എന്നെ രൂക്ഷമായി നോക്കുമെന്നു ഞാന്‍ പ്രതീക്ഷിച്ചു.ഞാന്‍ കണ്ണടച്ച് അതിഭയങ്കരമായ ഉറക്കം നടിച്ചു. ഒരു കണ്ണ്, രഹസ്യമായി തുറന്നുനോക്കി. മൂട്ടിലെ പൊടിതട്ടിയെഴുന്നേറ്റ അണ്ണന്‍, അപ്പുറത്തെ സീറ്റിലിരുന്ന ചേട്ടനോടു പറ‍യുന്നതു വ്യക്തമായും കേട്ടു-

ഉറക്കത്തില്‍ അറിയാതെ കൈ വിട്ടുപോയതാ...
രക്ഷപ്പെട്ടു.

ഇല്ല, രക്ഷപ്പെട്ടില്ല. മുന്‍പ് ഇരുന്നതിനെക്കാള്‍ സ്ഥലം എന്‍ക്രോച്ച് ചെയ്ത് മൂപ്പരു വീണ്ടും ഇരുന്നു.ഇതോടെ അടിച്ചില്ലിന് അടിയില്‍പ്പെട്ട പന്നിയെലിയുടെ അവസ്ഥയായി എന്റേത്.

ആരോടു പറയാന്???

കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം മുന്‍പ് സംഭവിച്ച അബദ്ധം ആവര്‍ത്തിക്കാതിരിക്കാനോ എന്തോ എന്രെ സൈഡിലേക്ക് ബലം നല്‍കി ഇരിപ്പു തുടങ്ങി. കൂര്‍ക്കം വലി എന്റെ കാതില്‍ വന്നലച്ചു തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ ആ തല വന്ന് എന്റെ തോളിലിടിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ അതവിടെ ഇരിപ്പായി. കൂര്‍ക്കംവലി, ഉറക്കം...

എനിക്കു സഹികെട്ടു. ഞാന്‍ ഒളിച്ചു വയ്ക്കാറുളള വിശാലവിമല ഹൃദയം കൊണ്ട് ഒരു കാര്യവുമില്ലെന്നു മനസ്സിലായി. ഇനി രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം. വര്‍ഷങ്ങളായി ഞാന്‍ കഴിച്ചുപോരുന്ന കപ്പയും പോത്തിറച്ചിയും എന്റെ ഉള്ളില്‍ക്കിടന്നു തിളച്ചു. ജെനിറ്റിക്കലായി കൂടെയുള്ള ജനുവിന്‍ വികാരമായ ദേഷ്യം എന്റെ മൂക്കിന്‍ തുന്പത്തുവന്ന് ഹോണടിച്ചു തുടങ്ങി. മൂക്കുചുവന്നു. കണ്ണുചുവന്നു.

ഉറക്കത്തിന്റെ അടുത്ത ഘട്ടത്തില്‍, സ്വപ്നത്തില്‍ ടാന്‍സാനിയായിലോ ടാജ്മഹലിലോ ഒക്കെ ചുറ്റിക്കറങ്ങുകയായിരുന്നിരുന്ന ആ മഹാത്മാവിനെ കേലവം ഒരു വിരലുകൊണ്ട് യാഥാര്‍ഥ്യത്തിലേക്കു ‍ഞാന്‍ മടക്കി വിളിച്ചു. ഉറക്കത്തില്‍നിന്നുണര്‍ന്ന അദ്ദേഹത്തോട് ഞാന്‍ കടിച്ചുപിടിച്ച് ഇത്രയും പറഞ്ഞു

പാലാ വരെ പോകാനുള്ളതാ. നിങ്ങളിങ്ങനെ അമര്‍ന്നിരുന്നു കൂര്‍ക്കം വലിച്ചുറങ്ങിയാല്‍ എന്റെ എല്ലെല്ലാം ഒടിയും. അതു സാരമില്ലെന്നു വയ്ക്കാം, തോളേലോട്ടു തല വച്ച് ഉറങ്ങാന്‍ കൂടി തുടങ്ങിയാല്‍?

ആരെങ്കിലും കേള്‍ക്കുന്നുണ്ടോ എന്നദ്ദേഹം ചുറ്റും നോക്കി. എന്നിട്ട് എന്നെ നോക്കിയൊന്നു ചിരിച്ചു.

ക്ഷമിക്കണം. നല്ല ഉറക്കക്ഷീണം. അതുകൊണ്ടാ. ഇനി മോന്‍ ഉറങ്ങിക്കോ. ഞാന്‍ ഉറങ്ങാതിരിക്കാം...

ആ മോന്‍ വിളി എനിക്കത്ര രുചിച്ചില്ല. എങ്കിലും ഞാന്‍ വിശാലമനസ്കനായതു കൊണ്ടും മല പോലെ കിട്ടുമെന്നു പ്രതീക്ഷിച്ചത് ഫ്ളാഷ് സിനിമ പോലെ പെട്ടെന്ന് അപ്രത്യക്ഷമായതുകൊണ്ടും ഞാനൊന്നു ചമ്മി. ചമ്മലു കാണിക്കാതിരിക്കാന്‍ ഞാന്‍ സ്ട്രെയിറ്റായിരുന്ന് ഉറക്കം ഭാവിച്ചു തുടങ്ങി.

സഹസീറ്റന്‍ സീറ്റില്‍ സ്ട്രെയിറ്റായിട്ടാണിരിക്കുന്നത്. എനിക്കിരിക്കാന്‍ ഇഷ്ടം പോലെ ഗ്യാപ്. സന്തോഷം കൊണ്ട് എനിക്കു തുള്ളിച്ചാടാന്‍ തോന്നിയെങ്കിലും വേണ്ടെന്നു വച്ച് കണ്ണടച്ചിരിപ്പാണ്.

വണ്ടി ചങ്ങരംകുളം കഴിഞ്ഞു. തൃശൂരിന് ഒരുമണിക്കൂര്‍കൂടി. ഇടയ്ക്കെപ്പോളോ ഞാനുറങ്ങിപ്പോയി.

ഉറക്കത്തില്‍ ഞാന്‍ ഭരണങ്ങാനം വരെയെത്തി. വീട്ടില്‍ച്ചെന്നു കയറുന്നതും കോഴിക്കോടന്‍ ഹല്‍വയുമായി അടുക്കളയില്‍ കയറുന്നതും അയലോക്കത്തെ അലന്പു പിള്ളേരെ വിളിച്ച് അതൊക്കെ അല്‍പാല്‍പം കൊടുക്കുന്നതുമൊക്കെ സ്വപ്നം കണ്ടുറങ്ങുമ്പോളാണ് ആരോ എന്നെ പിന്നില്‍നിന്നു തോണ്ടിയത്.

ഞാനുണര്‍ന്നു. ഞാന് ബസില്‍. വീട്ടിലായിരിക്കുമെന്നാണു ഞാന്‍ വിചാരിച്ചത്. അതുപോലെ സുഖകരമായ ഉറക്കം.
തലയിണയുമുണ്ട്.

തലയിണയോ? ഞാന്‍ പതിയെ തല ഉയര്‍ത്തി നോക്കി.
കുറച്ചു മുന്‍പ് ദേഷ്യപ്പെട്ട വലിയ മനുഷ്യന്റെ തോളില്‍ തലവച്ചായിരുന്നു എന്റെ ഉറക്കം!!! അദ്ദേഹത്തിന്റെ മുഖത്തോട്ടു നോക്കാന്‍ മടി. എന്തു ചെയ്യാന്‍?

നേരെയിരുന്ന് ഉറങ്ങണമെന്നുപദേശിച്ച മനുഷ്യന്റെ തോളില്‍ തലവച്ചുറങ്ങിയ ഞാനിനി എന്തു വിശദീകരണം കൊടുക്കാന്‍.

വാ... ഒരു ചായ കുടിക്കാം. അദ്ദേഹം സ്നേഹപൂര്‍വം വിളിച്ചു.

അനുസരണയോടെ ഞാന്‍ ഇറങ്ങി. പരിചയപ്പെട്ടു. കണ്ണൂരുകാരനാണ്. തൊടുപുഴ വരെ. ബിസിനസ് ആവശ്യം. ഞാന്‍ എല്ലാം കേട്ടു. അല്ലാതെന്തു ചെയ്യാന്‍?

ചായയുെട കാശു മൂപ്പരു കൊടുത്തു.

ബസില്‍ തിരിച്ചു കയറി. ബസ് പുറപ്പെട്ടു. അങ്ങേര് ഉറക്കം തുടങ്ങി. പതിയെ തല എന്റെ തോളിലേക്കു ചാഞ്ഞു. എനിക്ക് ബുദ്ധിമുട്ടൊന്നും തോന്നിയില്ല.

പതിയെ തല സൈഡ് ഗ്ലാസിലേക്കു വച്ച് ഞാനും ഉറക്കം തുടങ്ങി. സുഖസുന്ദരമായ ഉറക്കം.

അങ്ങേരുടെ തടിയോ കൂര്‍ക്കം വലിയോ എനിക്കപ്പോളൊരു പ്രശ്നമേ ആയിരുന്നില്ല!!!!!!!

28 comments:

SUNISH THOMAS said...

വെറുമൊരു കഥയല്ല.
കുറേക്കാര്യങ്ങളുമുണ്ടിതില്‍.

മോറല്‍ ഓഫ് ദ് സ്റ്റോറി-
ഇതുവായിച്ചു സമയം കളയുന്ന നേരത്തു പത്തു വാഴയ്ക്കു തടമെടുത്താല്‍ അടുത്ത ചിങ്ങത്തില്‍ വെട്ടിവില്‍ക്കാം!!!!

:)

കാപ്പിലാന്‍ said...

:)

Jay said...

സിനിമാതീയേറ്ററില്‍ നമ്മള്‍ നില്‍ക്കുന്ന ക്യൂവിനു മുന്‍പില്‍ നില്‍ക്കുന്നവരെല്ലാം നമ്മുടെ ശത്രുക്കളാണെന്നൊരു അഭിപ്രായമുണ്ട്...സത്യം. ഇതു സംഭവം വല്ല്യ കുഴപ്പമില്ല. അഡ്‌ജസ്‌റ്റ് ചെയ്യാം. കാപ്പിലാനെ മിക്കവാറും ഞാന്‍ കൊല്ലും.

Anoop Technologist (അനൂപ് തിരുവല്ല) said...

വാഴവയ്ക്കാന്‍ പോകുവാ

എതിരന്‍ കതിരവന്‍ said...

മോനേ ഞാന്‍ തൊടുപുഴെ ഇറങ്ങിയപ്പോള്‍ എന്റെ പേഴ്സു കണ്ടില്ല. നീ ഒരു വിശാലമന്‍സ്കനാണെന്നറിയാവുന്നതു കൊണ്ട് നീ എടുത്തതാണെന്നു ഞാന്‍ വിചാരിക്കുന്നില്ല.

പിന്നെ മോന്‍ ആ ഹെയര്‍ ഓയിലൊന്നു മാറ്റണേ. എന്തൊരു മണം!

Pongummoodan said...

ഭരണങ്ങാനത്തുകാരാ,

ഇതും ഉഷാറായി. :)

എന്ന്,
ഒരു പാലാക്കാരന്‍.

simy nazareth said...

രാവിലേ ചിരിച്ചു ചിരിച്ചു മണ്ണുകപ്പി :)

അഭിലാഷങ്ങള്‍ said...

ഹി ഹി.. കൊള്ളാം...

നന്നായിട്ടുണ്ട് മാതൃകാഹൃദയാ..

സുനീഷേ..

അല്ലേലും കണ്ണൂര്‍ക്കാരൊക്കെ നല്ലവരാണ്.

മഹാബുദ്ധിമാനും സുന്ദരനും വിവേകിയും ധര്‍മിഷ്ഠനും വിശാലഹൃദയനും അനുകമ്പയുള്ളവനും സഹജീവികളോടു സ്നേഹമുള്ള മാതൃകാഹൃദയമുള്ളവനുമായ ഒരു “ ഭരണങ്ങാ‍നത്തുകാരന് “ ദൈഷ്യം മൂക്കിന് തുമ്പത്ത് നിന്ന് ഹോണടിച്ച വകയില്‍ മൂക്കും കണ്ണും ചുവന്ന് ആ ‘കണ്ണൂര്‍ക്കാരനോട്‘ കയര്‍ത്തെങ്കിലും ക്ലൈമാക്സില്‍ മുകളില്‍ പറഞ്ഞ ക്വാളിഫിക്കേഷന്‍സിന്റെ കൂടെ ‘സഹനശീലന്‍’, ‘അഡ്‌ജസ്റ്റ്മെന്റ്ന്‍’ എന്നീ വിശേഷണങ്ങള്‍ കൂടി ആ‍ ഭരണങ്ങാനത്തുകാരന്‍ കരസ്ഥമാക്കിക്കാണുന്നതില്‍ വളരെ വളരെ സന്തോഷമുണ്ട്.. :-)

ഓഫ് ടോപ്പിക്ക്:

എന്നാലും ആ വളവുവന്നപ്പോള്‍ മഹാബുദ്ധിമാനായ ഭരണങ്ങാനത്തുകരന്‍ വിശാലമായ ഹൃദയത്തോടൊപ്പം കിട്ടിയ വിശാലമായ ശരീരം (എസ്പെഷലി അരഭാഗം :-)) കൊണ്ട് കൃത്യസമയത്ത് ‘വിവേകപൂര്‍വ്വം’ ഒരു “ഡിഷ്‌ക്യൂം...” സമ്മാനിച്ചവകയില്‍ താഴെ പോയ കണ്ണൂര്‍ക്കാരനെയോര്‍ത്ത് ഒരു നിമിഷം മൌനമായി ദുഃഖാചരണം നടത്തിക്കൊണ്ട്.....
സ്നേഹപൂര്‍വ്വം..

മെലിഞ്ഞ,

ബസ്സില്‍ ഉറങ്ങാത്ത,

അഥവാ ഉറങ്ങിയാലും കൂര്‍ക്കം വലിക്കാത്ത..

ഒരു കണ്ണൂര്‍ക്കാരന്‍.. :-)

ധ്വനി | Dhwani said...
This comment has been removed by the author.
ധ്വനി | Dhwani said...

വണ്ടി ചെറുതായൊന്നു വീശി. ഞാന്‍ വലുതായും...
ഈ മുനിസിപ്പാലിറ്റി വിറപ്പിച്ചു ചിരിച്ചു!!!! അസലായി!

siva // ശിവ said...

really interesting........

കൊച്ചുത്രേസ്യ said...
This comment has been removed by the author.
കൊച്ചുത്രേസ്യ said...
This comment has been removed by the author.
കൊച്ചുത്രേസ്യ said...

പച്ചക്കള്ളം പറയല്ലേ സുനീഷേ..കണ്ണു പൊട്ടിപ്പോകും.. ആദ്യത്തെ കുറച്ചു വരികള്‍ വായിച്ചപ്പോള്‍ പറഞ്ഞു പോയതാണ്‌ :-)

എന്തായാലും നല്ല പോസ്റ്റ്‌ കേട്ടോ. തമാശയാണെങ്കില്‍ കൂടിയും സഹജീവിസ്‌നേഹം തുടങ്ങിയ വകുപ്പില്‍ പെടുത്താന്‍ പറ്റുന്നകുറച്ചു നല്ല കാര്യങ്ങളും ഉണ്ടിതില്‍.

അല്ലേലും കണ്ണൂര്‍ക്കാരൊക്കെ നല്ലവരാണ്.
അഭിലാഷേ..ആ എഴുതീത്‌ ഞാന്‍ നടരാജിന്റെ HBപെന്‍സില്‍ കൊണ്ട്‌ ഒന്നു കൂടി കറുപ്പിച്ചുവെയ്ക്കുന്നു :-)

Mr. K# said...

എന്നാലും അയാളെ തള്ളിത്താഴെയിട്ടത് അക്രമമായിപ്പോയി... :-)

കുറുമാന്‍ said...

സുനീഷേ എന്നാലും ഓസിന് കിട്ടിയ ഒരു ചായ മൊത്തം സ്വഭാവത്തെ തന്നെ മാറ്റി മറിച്ചൂ അല്ലെ....കൊള്ളാം പല വരികളിലും ആര്‍ത്ത് ചിരിച്ചു.

മഴത്തുള്ളി said...

ഹഹഹ എന്നാലും ചക്കപ്പഴം പോലെ താഴെ വീഴാന്‍ മാത്രം വീശലു വീശിയല്ലോ മാഷേ. അതും പോരാതെ അങ്ങേരുടെ വക ചായയും വീശി. അതിനിടക്ക് ഞാന്‍ വീശിയതുമൂലമാണ് താഴെ വീണതെന്ന് പറയരുതായിരുന്നോ ;)

ഒരു തൊടുപുഴക്കാരന്‍ ;)

പപ്പൂസ് said...

ഹ ഹ! അതിഷ്ടപ്പെട്ടു, വാഴ ഇനി നാളെ വെക്കാം... കുറുമാന്‍ജി പറഞ്ഞ പോലെ ഒരു ചായ വാങ്ങിത്തന്നതിന്റെ പേരില് മാത്രം മൊത്തമങ്ങു മാറിപ്പോയല്ലോ ആള്. :)

ഓ.ടോ: ഇതെന്താ എല്ലാരും കമന്റിട്ടു പോണ വഴി പാലാക്കാരന്‍, കണ്ണൂര്‍ക്കാരന്‍, കുന്ദംകുളംകാരന്‍ എന്നൊക്കെ എഴുതി വച്ചിരിക്കുന്നത്? ഇവിടുത്തെ രീതിയിതാണോ, എന്നാല്‍പ്പിടി,

ഒരു കേരളക്കാരന്‍. :)

മറ്റൊരാള്‍ | GG said...

:)

വാഴവെച്ചു. ഇനി ചിങ്ങം നോക്കിയിരിക്കുവാ..!!

അതേ സുനീഷ്, കുറെയേറെ കാര്യങ്ങളുണ്ടീക്കഥയില്‍.


ബ്ലോഗ്‌ യാത്ര തുടരുക!

ഉപാസന || Upasana said...

ആദ്യത്തെ വരി വായിച്ചപ്പോള്‍ തന്നെ എന്റെ കണ്ണു നിറഞ്ഞതു കാരണം പിന്നെ ഒന്നും വായിച്ചില്ല
;)

കൊള്ളാം മാഷെ
:)
ഉപാസന

Unknown said...

അന്യായമണ്ണാ അന്യായം..

ധനേഷ് said...

ഫരനഞ്ഞാനം കാരാ....
കഥ നന്നായി...
പിന്നെ ആ വാഴയ്ക്ക് തടമെടുക്കുന്ന കാര്യം.. ഇതൊക്കെ ഇപ്പോഴാണോ പറയുന്നെ??
നേരത്തെ പറഞ്ഞാരുന്നെ, ഞാനിപ്പൊ ഒരു വാഴ മുതലാളി ആയേനെ...

asdfasdf asfdasdf said...

ശത്രു മിത്രമാവാനും മിത്രം ശത്രുവാ‍വാനും അധികം സമയം വേണ്ട.
ആരാണു നമ്മുടെ ശത്രു ?
അതെ ഞാന്‍ തന്നെ .. ദുശ്മന്‍.. ദുശ്മന്‍ !!!

“ഒരാളെ തികച്ചും സഹിക്കാന്‍ പറ്റാതെ വരുമ്പോള്‍ അദ്ദേഹത്തെ നമ്മുടെ ഭാര്യയായി സങ്കല്‍പിക്കുക. അതോടെ, സഹനം താനെ വന്നോളും. അവിവാഹിതനാണെങ്കിലും ഈ പോളിസി കൊണ്ടുമാത്രം രക്ഷപ്പെട്ട സംഭവങ്ങള്‍ അനവധി.“ അതു നുണ. ശുദ്ധ നുണ. !!!
:)

Binu said...

പ്രിയപ്പെട്ട സുനീഷ്‌,

രണ്ടു പോസ്റ്റു വായിച്ചു. വളരെ നന്നയിട്ടുണ്ടു. ആശംസകള്‍. വീണ്ടും വീണ്ടും എഴുതുക.

ഇടിവാള്‍ said...

ഞങ്ങളെന്തു തെറ്റു ചെയ്തു എന്നു വിലപിക്കുന്ന രണ്ടുകാലുകളിലായിരുന്നു അദ്ദേഹത്തിന്റെ വയറ് സ്ഥിതി ചെയ്തിരുന്നത്

HAHAHAHA .. ;) SUNISHE..THAKARPPAN!

കുഞ്ഞന്‍ said...

മച്ചാ..

ഇതും തകര്‍ത്തൂ..ഇത്രയും സഹൃദയനാണെന്ന് അറിഞ്ഞില്ല. ഇനിമുതല്‍ കപ്പയും പോത്തെറച്ചിയും കഴിച്ചുപോകരുത്..!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇത് മിസ്സാക്കിയ ഞാന്‍ ഛേ.. വാളേട്ടന്റെ കമന്റിനു നന്ദി..

“പതിയെ തല എന്റെ തോളിലേക്കു ചാഞ്ഞു. എനിക്ക് ബുദ്ധിമുട്ടൊന്നും തോന്നിയില്ല” -- സത്യത്തില്‍ ഈ വരി വരെ വായിച്ച് ചിരിച്ചുപോയി!!! കലക്കിയളിയാ..യു ആര്‍ ബാക്ക് ഇന്‍ ഫോം ഇന്‍ ദിസ് പോസ്റ്റ്. നിന്റൂടെ ഞാനും തൃശൂരു മുതല്‍ കോഴിക്കോട് വരെ ഇരുന്നും നിന്നുമായി വന്നതല്ലെ ...

Sharu (Ansha Muneer) said...

ആഹാ... നല്ല രസികന്‍ എഴുത്ത്..അവസാനം ഒരു നന്മയും പങ്കുവെച്ചു... :)

Powered By Blogger