Thursday, April 17, 2008

ചാക്കോച്ചി വെഡ്സ് റീത്ത (ദേവു വൊളന്തേ....)

നമ്മള്‍ നടന്നു വരുമ്പോള്‍ വഴിയില്‍ വിലങ്ങനെ വെയില്‍ കൊണ്ടുകിടക്കുകയാണ് ഒരു മൂര്‍ഖന്‍ പാമ്പ്? എന്തു ചെയ്യണം???

ഞാനാണേല്‍ പതുങ്ങിച്ചെന്ന് വാലേല്‍പ്പിടിച്ച് എടുത്തു നിലത്തലക്കും. എന്നിട്ട് ആനയെക്കാള്‍ പൊക്കത്തില്‍ ചുഴറ്റിയെറിയും. പരലോകത്തേക്കു വിസ കിട്ടിയ വിവരം പാമ്പു പോലും അറിയുവേല.... -സത്യം...!!

നമ്മള്‍ രാത്രി അല്‍പം വൈകി വീട്ടിലോട്ടു ചെല്ലുമ്പോള്‍ അതാ അവിടെ കള്ളന്‍ പതുങ്ങിനിന്നു നമ്മുടെ വീടിന്‍റെ ജനല്‍ക്കമ്പി വളയ്ക്കുന്നു... എന്തു ചെയ്യണം?

പതിയെ പതുങ്ങിച്ചെന്ന്, അവന്റെ ആറാംവാരി കൂട്ടി പൂട്ടിടണം. എന്നിട്ടു വലത്തുകാലുയര്‍ത്തി നാഭിപ്രദേശം നോക്കി ഒറ്റക്കുത്ത്, അടുത്ത സെക്കന്‍ഡില്‍ അവന്‍ കരയും, ആ നിമിഷം താടിക്കു തട്ടണം, പൊളിച്ച വായും നീട്ടിയ നാക്കും കൂട്ടിയിടിക്കും. ബോധം പോകും. പിന്നെയെത്ര എളുപ്പം!!!!-

ഞാനിതൊക്കെ എത്ര കണ്ടിട്ടുള്ളതാ???

ഇതായിരുന്നു ചാക്കോച്ചി. പോത്തുംകാട്ടില്‍ ചാക്കോച്ചി. എന്തിനും ഏതിനും ധൈര്യം ചാക്കോച്ചിയുടെ നാവിന്‍തുമ്പത്താണ്. ആകാശം ഇടിഞ്ഞുവീണാലും തട്ടുകേടു പറ്റാതെ നില്‍ക്കാനുള്ള സൊല്യൂഷന്‍ ചാക്കോച്ചിയുടെ കൈവശമുണ്ടായിരിക്കും.

പറഞ്ഞു വരുമ്പോള്‍ ആനക്കാട്ടില്‍ ചാക്കോച്ചിയുടെയും പുലിക്കാട്ടില്‍ ചാര്‍ളിയുടെയും മൂത്ത സഹോദരനോളം പോന്ന ധൈര്യം. ശരീരമാണേലും അത്രയും വരും. ദുര്‍മേദസു പിടിച്ച് വയറിനിരുവശത്തും അല്‍പം പശള തൂങ്ങിയിട്ടുണ്ടെന്നതൊഴിച്ചാല്‍ ഉഗ്രന്‍ സ്റ്റീല്‍ ബോഡി.

കൊമ്പന്‍ മീശയാവാനുള്ള ഒരുക്കത്തോടെ വളരുന്ന തകര്‍പ്പന്‍ മീശ. വീതുളി കൃതാവ്, ഉണ്ടക്കണ്ണ്.... ഐവി ശശിയോ ജോഷിയോ ഷാജി കൈലാസോ കണ്ടാല്‍ അപ്പോ വിളിച്ച് വില്ലന്‍ വേഷമേല്‍പിക്കാന്‍ തക്ക എല്ലാ വിധ ഗുണഗണാദികളും കൈമുതലായുള്ളവന്‍.

ചാക്കോച്ചി ഭരണങ്ങാനത്തിന്റെ അഭിമാനമായിരുന്നു. പണ്ടൊരിക്കല്‍ ഉച്ചനേരത്തു സൈക്കിളു ചവിട്ടി വരുമ്പോള്‍ പിന്നാലെ വന്ന പട്ടിയെ കണ്ടു പേടിച്ചു ചാക്കോച്ചി സൈക്കിള്‍ അടുത്തുകണ്ട പള്ളക്കാട്ടിലെറിഞ്ഞു വീട്ടിലേക്കു പാഞ്ഞിട്ടുണ്ട്.അതൊരു ഒറ്റപ്പെട്ട സംഭവം മാത്രം.

പിന്നീടൊരിക്കല്‍, നാട്ടിലെ അറിയപ്പെടുന്ന റൗഡിയായ വണ്ടാളന്‍ ദേവസ്യാപ്പി എന്നാടാ വിശേഷം എന്നു ചോദിച്ചതിന് ടിയാന്‍ നിക്കറില്‍ മുള്ളിയിട്ടുമുണ്ട്. അതുപക്ഷേ സ്വകാര്യ സംഭവമാണല്ലോ. പുറത്തറിയും മുമ്പ് വീട്ടിലെത്തിയതിനാല്‍ ചാക്കോച്ചിയുടെ ഇേമജിന്റെ ഇനാമല്‍ ഇളകിയില്ല.

അതങ്ങനെ പോകും. എന്നുവച്ചു ചാക്കോച്ചി പേടിക്കാരനായിരുന്നില്ല. കുറഞ്ഞപക്ഷം ചാക്കോച്ചിക്കെങ്കിലും താനൊരു ധൈര്യശാലിയാണെന്ന വിശ്വാസമുണ്ടായിരുന്നു.
ആ ധൈര്യമായിരിക്കാം ചാക്കോച്ചിയെ ഇറച്ചിവെട്ടുകാരന്‍ അന്ത്രോസു ചേട്ടന്റെ മൂത്തമകള്‍ റീത്തയെ പ്രണയിക്കാന് പ്രേരിപ്പിച്ചത്.


ഇറച്ചിക്കട പോലെത്തെ ശരീരമുള്ള ചാക്കോച്ചിയോട് റീത്തയ്ക്കു പ്രണയം തോന്നിപ്പോവുക സ്വാഭാവികം. എത്ര ദുര്‍ബലമാണെങ്കിലും ഇളകാതെ നില്‍ക്കാന്‍ റീത്തയുടെ മനസ്സ് മുല്ലപ്പെരിയാര്‍ അണക്കെട്ട് ഒന്നുമല്ലല്ലോ.

എല്ലാ ബുധന്‍, ശനി, ഞായര്‍ ദിവസങ്ങളിലും കൃത്യമായി ഓരോ കിലോ പശള വാങ്ങിക്കാന്‍ പൊയ്ക്കൊണ്ടിരുന്ന ചാക്കോച്ചി അന്ത്രോസു ചേട്ടന്റെ പറ്റുപുസ്തകത്തിനൊപ്പം റീത്തയുടെ ഹൃദയത്തിലും കയറിപ്പറ്റി. മഹാധൈര്യശാലിയായ ചാക്കോച്ചിക്ക് അന്ത്രോസു ചേട്ടനോടു ബഹുമാനമുണ്ടായിരുന്നു.

അതുമൂലം, അദ്ദേഹം വരുന്ന വഴിയില്‍ എതിരെ നടക്കാന്‍ ചാക്കോച്ചി ഇഷ്ടപ്പെട്ടിരുന്നില്ല. അന്ത്രോസുചേട്ടനോടു നേരിട്ടു സംസാരിക്കുന്ന കാര്യത്തിലും ചാക്കോച്ചിക്കു നാണമായിരുന്നു. അതുകൊണ്ട് വഴിയില്‍ പിടിച്ചു നിര്‍ത്തി പറ്റുകാശു ചോദിക്കുന്നതിനും മുമ്പോ പത്തോ പതിനഞ്ചോ കൂടുതലിട്ടു പ്രശ്നം സോള്‍വു ചെയ്യുന്നതില്‍ ചാക്കോച്ചി അതിവിദഗ്ധനായിരുന്നു.

റീത്തയോടുള്ള പ്രണയകാര്യത്തില്‍ ചാക്കോച്ചി അതീവ വിശുദ്ധനായിരുന്നു. ചെറുപ്പത്തിലേ പ്രണയം മനസ്സിലുരുകി നിന്നതിനാലാവണം, ബെര്ളിയെപ്പോെല, സത്യന്‍ അന്തിക്കാടിനെപ്പോലെ ചാക്കോച്ചിയും കളളുകുടി ശീലമാക്കിയില്ല. പുകവലി ശീലമാക്കിയില്ല. ചീട്ടുകളി പതിവാക്കിയില്ല.

പള്ളിയില്‍ പോക്കും ഇറച്ചിക്കടയില്‍ ഇറച്ചിവാങ്ങാനും റീത്തയെ കാണാനും പോക്കും മാത്രമായിരുന്നു ചാക്കോച്ചിയുടെ ആകെയുള്ള എന്റെര്‍ടെയ്ന്മെന്റുകള്‍. അല്ലാത്ത നേരങ്ങളില്‍ ചാക്കോച്ചി മനോരാജ്യങ്ങളില്‍ മുഴുകി മുത്ത്, മുത്തുച്ചിപ്പി, വചനോല്‍സവം തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ തന്‍റെ ഹൃദയം തിരഞ്ഞു നടന്നു.

പ്രായം ഇരുപതിന്റെ അന്ത്യഘട്ടങ്ങളോട് അടുക്കുന്ന കാലം വരെ ചാക്കോച്ചിക്ക് ഒരു മാറ്റവുമുണ്ടായില്ല. അന്ത്രോസു ചേട്ടന്റെ മകളെ പ്രേമിക്കുന്നവന്‍ എന്നതിന്റെ പേരില്‍ സുഹൃത്തുക്കള്‍ക്കിടയില്‍ ചാക്കോച്ചിക്കു മതിപ്പേറെയായിരുന്നു. രഹസ്യമായും പരസ്യമായും ചാക്കോച്ചിയെ ആരാധിക്കാന്‍ ഒട്ടേറെപ്പേരുണ്ടായിരുന്നു.

നാട്ടുകാരുടെ ആരാധന പരസ്യമായതോടെയാണ് വളരെ വൈകി അന്ത്രോസുചേട്ടന്‍ വിവരമറിയുന്നത്. അതല്ലെങ്കിലും അങ്ങനെയാണല്ലോ. നാട്ടുകാരില്‍ ആരുടെയേലും ഭാര്യ പിണങ്ങിപ്പോയാലോ, മക്കള് ഒളിച്ചോടിയാലോ എല്ലാവരും അതിവേഗമറിയും. സ്വന്തം ഭാര്യ മതിലുചാടുന്നതും മക്കള്‍ പ്രേമിച്ചു തളിര്‍ക്കുന്നതും എല്ലാവരും അവസാനമേ അറിയാറുള്ളൂ. ആ ദുര്യോഗം അന്ത്രോസു ചേട്ടനുമുണ്ടായി. സംഭവം കേട്ടപാടെ, അന്ത്രാക്സുവന്ന കാളയെപ്പോലെ അന്ത്രോസുചേട്ടന്‍ താടിയും തടവിയിരുന്നുപോയി.

അടുത്ത നിമിഷം യാഥാര്‍ഥ്യം വീണ്ടെടുത്ത അദ്ദേഹം കാളയുടെ പശള വെട്ടുന്ന കത്തിയെടുത്ത് എളിയില്‍ തിരുകി. അതിവേഗം വീട്ടില്‍നിന്നിറങ്ങി നടക്കുന്ന അപ്പനെ കണ്ടതേ റീത്തയുടെ നെഞ്ചുരുകി.

തന്റെ പ്രിയതമനെ അപ്പന്‍ കശാപ്പു ചെയ്യും. നാളെ ചാക്കോച്ചിയുടെ കയ്യും കാലും തോട്ടത്തില്‍ കാടികുടിച്ചുനില്‍ക്കുന്ന കാളയ്ക്കൊപ്പം നാട്ടുകാരു മേടിച്ചുകൊണ്ടുപോയി മപ്പാസുവച്ചടിക്കും. - ഹെന്റെ ദൈവമേ....

ആ വിളി ദൈവം കേട്ടു. അന്ത്രോസുചേട്ടന്‍ മൂക്കുകയറും പൊട്ടിച്ചു വരുന്നതു നേരത്തെയറിഞ്ഞ ചാക്കോച്ചി, ഉള്ള ധൈര്യം ചാക്കിലാക്കി അതിവേഗം നാടുവിട്ടു. ഭാവി അമ്മായിപ്പനോട് അവിവേകം കാട്ടുന്നതു ശരിയല്ലെന്നു ചാക്കോച്ചിക്കറിയാമായിരുന്നു.

അമ്മായി അപ്പന്‍ പാവമായിരിക്കാം,പക്ഷേ അരയിലിരിക്കുന്ന കൊടുവാള്‍ ഏതിനമായിരിക്കുമെന്ന് ആരുകണ്ടു??!!!

അന്ത്രോസുചേട്ടന്‍ ഭരണങ്ങാനം കവലയിലെത്തിയപ്പോളേക്കും ചാക്കോച്ചി മുത്തോലിക്കവല കടന്നിരുന്നു.

ഇനിയെന്റെ മോളെ വളച്ചാല്‍ നിന്നെ ഞാന്‍ തട്ടുെമടാ എന്ന് ആകാശത്തേക്കു നോക്കിയലറി അന്ത്രോസുചേട്ടന്‍ തിരികെ വീട്ടില്‍പ്പോന്നു.

മഠത്തില്‍ വിട്ടാലും നിന്നെ ആ കാലമാടനെക്കൊണ്ടു കെട്ടിക്കില്ലെടി ശവമേ എന്നു റീത്തയെ ഓര്‍മിപ്പിക്കാനും അദ്ദേഹം മറന്നില്ല.

റീത്തയ്ക്കു സങ്കടമായി. റീത്തയുടെ സങ്കടം പിറ്റേന്ന് അറക്കാന്‍ നിര്‍ത്തിയിരിക്കുന്ന പോത്തിന്റെ സങ്കടത്തേക്കാള്‍ വലുതായിരുന്നു.

പോത്തിന്റെ സങ്കടം കണ്ടുനിന്നാല്‍ വീട്ടില്‍ അടുപ്പുപുകയില്ലെന്നറിയാമായിരുന്ന അന്ത്രോസു ചേട്ടനു റീത്തയുടെ സങ്കടവും സമാനമായിരുന്നു.
ചാക്കോച്ചിയെ കെട്ടിയില്ലെങ്കില്‍ ഉത്തരത്തില്‍ കെട്ടിചാവുമെന്നു റീത്ത ഭീഷണി മുഴക്കി. അതിനു പറ്റിയ കയറ് നാലുകെട്ട് അന്ത്രോസു ചേട്ടന്‍ പിറ്റേന്നു വീട്ടില്‍ മേടിച്ചു വച്ചു.

വിഷം കഴിച്ചു മരിക്കുമെന്നു പ്രഖ്യാചിച്ചതിനു പിറ്റേന്ന് പനാമറും എലിവിഷവും ഡസന്‍ കണക്കിന് അന്ത്രോസുചേട്ടന്‍ വീട്ടിലെത്തിച്ചു.

റീത്തയുടെ നിയന്ത്രണം വിട്ടു. അപ്പന്‍ അങ്ങനെ കളിക്കേണ്ട.

ഞാന്‍ ട്രെയിനിനു തല വച്ചു ചാകും....!!!

സ്വന്തമായി ട്രെയിന്‍ മേടിക്കാന്‍ ആംപിയറില്ലാത്ത അന്ത്രോസുചേട്ടന്‍ അതുകേട്ടു താടിക്കു കൈകൊടുത്തിരുന്നു. താടിതടവിയിരുന്നു. പിന്നെ ഇരുന്നു താടിതടവി. അതല്ലാതെ ഒന്നും സംഭവിച്ചില്ല.

ഇതേസമയം, അന്ത്രോസു ചേട്ടനെക്കുറിച്ചുള്ള മധുരോദാരമായ ചിന്തകള്‍ അയവിറക്കി, റീത്തയെ എങ്ങനെ തട്ടിയെടുക്കുമെന്നാലോചിച്ച്, ആകെയുള്ള അമ്മാച്ചന്റെ തട്ടിന്‍പുറത്തു കഴിഞ്ഞുകൂടുകയായിരുന്നു ചാക്കോച്ചി.

നിനക്ക് അവളെ വിളിച്ചിറക്കിക്കൊണ്ടു വരാന്‍ ധൈര്യമുണ്ടോടാ???
അമ്മാച്ചന് ഗത്യന്തരമില്ലാതെ മരുമകനോടു ചോദിച്ചു.

ഇല്ല, അതുപിന്നെ ഉണ്ട്, ഉണ്ടില്ല...

എന്തോന്ന്? എടാ അവളെ വീട്ടില്‍നിന്നു വിളിച്ചിറക്കാന്‍ ധൈര്യമുണ്ടോന്ന്...??

അതുപിന്നെ, അവളുടെ അപ്പന്‍, വെട്ടുകത്തി....

പ്രേമിക്കണം, പിന്നെ അവളെ കെട്ടണം, വെട്ടുകത്തി പേടിയും....

അതല്ല.....

പിന്നെ????

വേറെയെന്തെങ്കിലും വഴി???

വേറെന്തു വഴി? അവളോടു വീട്ടില്‍നിന്നിറങ്ങി വരാന്‍ പറഞ്ഞാല്‍ വരുമോ?

വരും..

എന്നാല് അതു ചെയ്യ്???

അതുപക്ഷേ എങ്ങനെ പറയും- ചാക്കോച്ചി വിയര്‍ത്തു....

അവളോടു പറയണം

അതു നടക്കില്ല, അവളു വീട്ടുതടങ്കലിലാ...

ഹതു ശരി.

അവളുടെ വീട്ടിലാരാ വേറെയുള്ളത്??

അവളുടെ അപ്പന്‍

അതല്ലാതെ വേറെയാരുമില്ലേ?

ഉണ്ട്. ആങ്ങള....

ഓ... അതു ശരി. അപ്പനും ആങ്ങളയും ചേര്‍ന്ന് അവളെ തടവില്‍ പാര്‍പ്പിച്ചിരിക്കുകാണല്ലേ... നമുക്കുപൊലീസില്‍ പരാതിപ്പെടാം. ഹേബിയസ് കോര്‍പ്പസ് എന്നോമറ്റോ എന്തോ സംഗതിയുണ്ട്.... വക്കീലിനെയും ഒന്നു കാണാം- അമ്മാച്ചന്‍ ആക്ടീവായി....

ചാക്കോച്ചി വിലക്കി- അതു വേണ്ട...

പിന്നെ? നിനക്കവളെ കെട്ടേണ്ടേ???

ഞാന്‍ ആങ്ങളയെ ഒന്നു വിരട്ടി നോക്കാം....

ഓഹോ... അപ്പന്റെ വെട്ടുകത്തിപേടിയുള്ളവനാ ഇനി ആങ്ങളയെ വിരട്ടാന്‍ പോകുന്നത്. അപ്പന്‍ ഇതാ ജാതിയെങ്കില്‍ ആങ്ങളെയന്തു കനമായിരിക്കും???

ഇച്ചിരി മുറ്റാ അമ്മാച്ചാ...അതു സാരമില്ല, പണ്ടു ഞാനവനിട്ട് ഒന്നു പൊട്ടിച്ചുട്ടുള്ളതാ....

മരുമകന്റെ ആ പറച്ചിലില്‍ അമ്മാച്ചന്‍ അശേഷം വിശ്വാസം കൊണ്ടില്ല. എങ്കിലും, കെട്ടുന്നതും പിന്നെ ഞൊട്ടുകൊള്ളേണ്ടതുമൊക്കെ മരുമകന്‍ തന്നെയാണല്ലോ എന്നോര്‍ത്തപ്പോള്‍ അദ്ദേഹം എതിര്ത്തില്ല....

എന്നാല്‍ വേണ്ടതു ചെയ്യ്.... അമ്മാച്ചന്‍ ഓര്‍ഡറിട്ടു.

അടുത്ത നിമിഷം അ വിടെയുണ്ടായിരുന്ന തന്റെ സമപ്രായക്കാരായ അമ്മാച്ചന്‍കൊച്ചുങ്ങളെയും അമ്മാച്ചനെയും അമ്മായിയെയും ഭിത്തിയില്‍ തൂങ്ങുന്ന വല്യപ്പന്റെ ഫോട്ടോയെയും സാക്ഷിയാക്കി ചാക്കോച്ചി ഫോണെടുത്തു കറക്കി.

അപ്പുറത്തു ബെല്ലടിച്ചു...

ഫോണെടുത്തതു അന്ത്രോസു ചേട്ടന്‍...

ലേശമൊന്നു വിറച്ചെങ്കിലും അതു വിദ്യയാക്കി, സ്വരം മാറ്റി ചാക്കോച്ചി ചോദിച്ചു...

അവുസേപ്പില്ലേ അവിടേ??

ഉണ്ട്, ആരാ??

സുഹൃത്താ, പേര് പോത്തന്‍...

കൊടുക്കാം.

ആ....

അവുസേപ്പ് ഫോണെടുക്കാന്‍ അല്‍പസമയം വൈകി.
ചാക്കോച്ചി വിയര്‍ത്തുകഴിഞ്ഞിരുന്നു.
അല്‍പസമയം കഴിഞ്ഞു. അപ്പുറത്തൊരു ഹലോ ശബ്ദം.
ചാക്കോച്ചി ഒന്നിളകി.

അവുസേപ്പാണോടാ...

ആന്നേ....


നീയെന്നാ എടുക്കാവായിരുന്നെടാ ശവമേ?

(ചാക്കോച്ചിയുടെ അമ്മാച്ചന്‍ മരുമകന്റെ പെട്ടെന്നുണ്ടായ ധൈര്യമോര്‍ത്ത് മൂക്കത്തു വിരല്‍ വച്ചു. )

ഞാന്‍ പോത്തിനെ തീറ്റുവായിരുന്നു... അതിനെ അപ്പനെ പിടിച്ചേല്‍പിച്ചിട്ടാ ഫോെണടുക്കാന്‍ വന്നത്.

അപ്പോള്‍ നിന്റെ അപ്പനിപ്പം പോത്തിന്റെ കൂടെ പറമ്പിലാണോ?

അതെ..

ചാക്കോച്ചിക്കു ധൈര്യം ഇരട്ടിയായി.

ഞാനാരാന്നു മനസ്സിലായോടാ??

ഉവ്വ, ആദ്യത്തെ തെറി കേട്ടപ്പോളേ പിടികിട്ടി.

ആ... നിന്റെ പെങ്ങളെന്തിയേ???

അപ്പുറത്തുണ്ട്.

ഞാന്‍ അവളെ കെട്ടും.

ഉവ്വ....

എന്നാടാ ????

അപ്പന്‍ സമ്മതിക്കുവേല... ഞാനും....

നിങ്ങടെ സമ്മതം എനിക്കാവശ്യമില്ല. ഞാന്‍ കെട്ടിയിരിക്കും.

താന്‍ ഞൊട്ടും...

പ്ഫ ചെറ്റേ.... ഒറ്റച്ചവിട്ടിനു നിന്റെ നടുവുഞാനൊടിക്കും...
ആവേശത്തിനു ചാക്കോച്ചി ചവിട്ടി, അടുത്തുകിടന്നസ്റ്റൂളിന്റെ കാലൊടിഞ്ഞു.

!(#ങഊ&)())൹ഐ൹൹ഐ൹ഐ൹ഭ&^^^^ഊ(ഐ^ഊ)ഐ)ഐ൹൹!ഔ

ഞാനെന്തു വേണമെന്നാ പറയുന്നത്??- അവുസേപ്പു വിനീതനായി.

(അതുകേട്ട് അമ്മാച്ചനും പരിവാരവും ചാക്കോച്ചിയുടെ അപാരധൈര്യത്തില്‍ ഗദ്ഗദകണ്ഠരായി)

ചാക്കോച്ചി തണുത്തു

ഞാന്‍ പറയാം. നാളെ ഞായറാഴ്ച. നീ പെങ്ങളെയും കൂട്ടി പള്ളിയില്‍ വരണം. നിന്റപ്പനുംകൂടെ വരുമെന്നറിയാം. അതുകൊണ്ട് അന്നേരം ഒളിച്ചുകളിയൊന്നും വേണ്ട. കുര്‍ബാന കൊടുക്കാന്‍ നേരമാകുമ്പോള്‍ എല്ലാവരും എഴുന്നേല്‍ക്കും. അപ്പോള്‍ പതിയെ പള്ളിയില്‍ നിന്നിറങ്ങി മണിമാളികയുടെ ചുവട്ടില്‍ വരാന്‍ റീത്തയോടു പറയണം.വേറെ ആരോടേലും ഇക്കാര്യം പറഞ്ഞാല്‍ നിന്നെ ഞാന്‍ കശാപ്പു നടത്തും..

ഉവ്വ..!!!

ഫോണ്‍ താഴെ വച്ച് ചാക്കോച്ചി ശ്വാസമെടുത്തു.

വല്ലതും നടക്കുവോടാ...????- അമ്മാച്ചനു സംശയം ബാക്കി.

എല്ലാം നടന്നിരിക്കും. നോക്കിക്കോ...

എന്നാലും നിന്റെ ഭാവി അളിയനോട് ഇത്രയും സംസാരിക്കാന്‍ നിനക്കു ധൈര്യമുണ്ടായല്ലോ. അപാരം. പ്രണയിക്കുന്നവരായാല്‍ ഇങ്ങനെ വേണം. അവനു നിന്നെ പേടിയുണ്ടേല്‍ നിന്റെ കാര്യം രക്ഷപ്പെട്ടു.

ഭരണങ്ങാനത്തു ചാക്കോച്ചിയെ പേടിയുള്ളവരായി ആരുമില്ലെന്നറിയാവുന്ന അമ്മാച്ചന്‍ അവസാന പ്രതീക്ഷ കൈവിടാതെ അത്രയും പറഞ്ഞവസാനിപ്പിച്ചു.

ഞായറാഴ്ച. വണ്ടിപ്പെരിയാറിനു പോകാന്‍ റെഡിയായി വണ്ടി വന്നു. ഡ്രൈവര്‍ ചാണ്ടി.

ചാക്കോച്ചിയും അമ്മാച്ചനും സംഘവും മണിമാളികയ്ക്കു പിന്നിലൊളിച്ചു.

മനോഹരമായ ഒരു സാരിയില്‍ ഒളിച്ച് റീത്ത വന്നു. റീത്തയുടെ അപ്പന്‍ ഒപ്പമുണ്ട്. അളിയനെ നേരില്‍ കണ്ടിട്ടില്ലാത്ത അമ്മാച്ചന്‍ ആയദ്ദേഹത്തിനായി തിരഞ്ഞുകൊണ്ടിരുന്നു.

കണ്ടില്ല...

ഇനി വല്ല റൗഡികളെയുമായിട്ടായിരിക്കുമോ അവന്‍ വരിക???

തന്റെവലതുകാലു കശാപ്പുകടയില്‍ തൂങ്ങുന്നതു സ്വപ്നം കണ്ട അമ്മാച്ചന് അറിയാതെ മുള്ളാന്‍ മുട്ടി.

ആരുംവന്നില്ല. അളിയനോ അന്ത്രോസു ചേട്ടനോ ആരും...

കുര്‍ബാന കൊടുക്കുന്ന സമയം.

റീത്ത നേരെയിറങ്ങി വന്നു. ചാണ്ടി വണ്ടി ഗിയറിലിട്ടു. എല്ലാവരും കയറി. അമ്മാച്ചനും....

എല്ലാം ശുഭമാകാന്‍ പോകുന്ന സാഹചര്യത്തില്‍, അമ്മാച്ചന്‍ അതുവരെയുണ്ടായിരുന്ന ആകാംക്ഷയെ കെട്ടഴിച്ചുവിട്ടു....

അല്ല...എവിടെയാ റീത്തയുടെ സഹോദരന്‍..യെവന്റെ ഭാവി അളിയന്‍..??? ഇതെല്ലാം റെഡിയാക്കിയിട്ടു കക്ഷി മുങ്ങിയോ????

റീത്ത ചിരിച്ചു, കൂട്ടത്തില്‍ ചാക്കോച്ചിയും.

ഇല്ല അവുസേപ്പിനു പരീക്ഷയാ...- റീത്ത മൊഴിഞ്ഞു.

പരീക്ഷയോ...?- അമ്മാച്ചനു സംശയം...

അതേ....

എന്തു പരീക്ഷ???

വേദപാഠ പരീക്ഷ....

വേദപാഠമോ? അപ്പം അവുസേപ്പ്?????

അവന്‍ നാലാം ക്ളാസില്‍ പഠിക്കുവല്ലേ....- അതു പൂരിപ്പിച്ചതു ചാക്കോച്ചിയായിരുന്നു.

34 comments:

SUNISH THOMAS said...

ഇറച്ചിക്കട പോലെത്തെ ശരീരമുള്ള ചാക്കോച്ചിയോട് റീത്തയ്ക്കു പ്രണയം തോന്നിപ്പോവുക സ്വാഭാവികം. എത്ര ദുര്‍ബലമാണെങ്കിലും ഇളകാതെ നില്‍ക്കാന്‍ റീത്തയുടെ മനസ്സ് മുല്ലപ്പെരിയാര്‍ അണക്കെട്ട് ഒന്നുമല്ലല്ലോ.

:)

Anonymous said...

ഇതുപോലെ ഒരു അവുസേപ്പിനെ ഞാന്‍ പണ്ട് പേടിപ്പിച്ചതാ.

നല്ല കാള പോലുള്ള എന്നെ നോക്കി ആ നരുന്ത് പയ്യന്‍ പറഞ്ഞു- കഴുവേര്‍ട മോനെ.. കുടുംബത്തില്‍ കേറ്റാന്‍ കൊള്ളാത്ത വര്‍ത്താനം പറഞ്ഞാലൊണ്ടല്ലോ..കവലയാണോന്നൊന്നും നോക്കില്ല...നിന്റെ അടിവയറ് നോക്കി താങ്ങും !

പയ്യന് എന്റെ കാലിന്റെ വലിപ്പം പോലുമില്ലാഞ്ഞിട്ടും ഞാന്‍ പേടിച്ചു.

SUNISH THOMAS said...

എന്റെ കഥയിലെ ചാക്കോച്ചിക്കോ അവുസേപ്പിനോ പാവം അന്ത്രോസു ചേട്ടനോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ഒരു ബന്ധവുമില്ലെന്ന് ഇതിനാല്‍ തര്യപ്പെടുത്തിക്കൊള്ളുന്നു. ആര്‍ക്കെങ്കിലും അങ്ങനെ തോന്നുന്നുവെങ്കില്‍ അതവരുടെ കയ്യിലിരിപ്പിന്റെ കുഴപ്പമാകുന്നു....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അമ്മായി അപ്പന്‍ പാവമായിരിക്കാം,പക്ഷേ അരയിലിരിക്കുന്ന കൊടുവാള്‍ ഏതിനമായിരിക്കുമെന്ന് ആരുകണ്ടു??!!!

അപ്പോള്‍ പ്രത്യക്ഷപ്പെട്ട മുഖഭാവം ആ 2 ചോദ്യചിഹ്നത്തിലും 3 ആശ്ചര്യചിഹ്നത്തിലും കാണാം

നാലാം ക്ലാസ്സ് ആയാലെന്താ കൂട്ടത്തീ ഇച്ചിരി ഗുസ്തി അറീഞ്ഞാ തീര്‍ന്നില്ലെ ഒക്കെ

Jay said...

ഹും....കൊള്ളാം. പിന്നെ ആരോടു ചോദിച്ചിട്ടാ ടെമ്പ്ലേറ്റ് മാറ്റിയത്. മര്യാദയ്ക്ക് കാണാന്‍ കൊള്ളാവുന്ന ടെമ്പ്ലേറ്റ് വല്ലോം ഇട്ടോണം.

മെലോഡിയസ് said...

എങ്ങാനും ഏതേലും ഒരുത്തിയെ ഞാന്‍ പ്രേമിക്കുവാണേല്‍...ഇത് പോലൊരു അവുസേപ്പ് അവളുടെ ആങ്ങള ആയിട്ടുണ്ടാവണേ..എന്റെ ദൈവമേ...

സുനീഷ് ജീ..നന്നായിട്ടുണ്ട് ട്ടാ...

കൊച്ചുത്രേസ്യ said...

കൊള്ളാം... അങ്ങനെ അവസാനം ഭരണങ്ങാനം കഥകളിലെ ഒരു പ്രണയമെങ്കിലും സക്സസ്‌ ആയല്ലോ :-)

ആ തലക്കെട്ടില്‌ പറഞ്ഞിരിക്കുന്ന സാധനമെന്തുവാ????

ശ്രീവല്ലഭന്‍. said...

"അവന്‍ നാലാം ക്ളാസില്‍ പഠിക്കുവല്ലേ"
തമാശ ഇഷ്ടപ്പെട്ടു. :-)

Rasheed Chalil said...

സുനീഷേ... അങ്ങനെ അത് സക്സസ്സ്... :)

കുഞ്ഞന്‍ said...

ആ ഡിസ്ക്ലൈമര്‍ കൊടുത്തത് നന്നായി.. എന്നാലും ചാക്കോച്ചിയുടെ ഒരു വീറ്..!

പിന്നെ ദേവു വൊളന്തേ....?????? എന്നതാ‍...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇത്തിരി ബോറഡിപ്പിച്ചു. എന്നാലും ക്ലൈമാക്സ് കലക്കി.

ഓടോ:“നല്ല കാള പോലുള്ള എന്നെ നോക്കി ആ നരുന്ത് പയ്യന്‍ “ ആ പ്രൊഫൈല്‍ ഫോട്ടോലിരിക്കുന്ന കാള തന്നല്ലേ ??? അപ്പോള്‍ നരുന്ത് എന്നു വച്ചാല്‍ മുട്ടിലിഴയുന്ന പ്രായമാണോ?

yousufpa said...

സുന്ദരികളില്‍ അതി സുന്ദരി നീ ഹലേലൂയ..

dipu said...
This comment has been removed by the author.
dipu said...
This comment has been removed by the author.
dipu said...

തന്റെവലതുകാലു കശാപ്പുകടയില്‍ തൂങ്ങുന്നതു സ്വപ്നം കണ്ട അമ്മാച്ചന് അറിയാതെ മുള്ളാന്‍ മുട്ടി.

ആശാനെ... കലക്കന്‍.. തകര്‍പ്പന്‍ കഥ.. ഒത്തിരി ഇഷ്ടമായി.. പക്ഷെ (ദേവു വൊളന്തേ....) എന്താന്നു പിടികിട്ടിയില്ല.... ആശംസകള്‍

SUNISH THOMAS said...

ദേവു വൊളന്തേ എന്നതിനു ദൈവേഷ്ടപ്രകാരം എന്നു മലയാളത്തില്‍ അര്‍ഥം പറയാം. ഇന്‍ഷാ അള്ളാ എന്നു പറയും പോലെ.

ക്രിസ്ത്യന്‍ കല്യാണക്കുറികളില്‍ DV എന്നു കണ്ടിട്ടില്ലേ? അതിന്റെ പൂര്‍ണരൂപം.

Deo volente: God willing.

siva // ശിവ said...

This is so nice..... Thanks a lot....

സുനീഷ് said...

നിങ്ങള്‍ കെട്ടിയോ സുനീഷേ?

SUNISH THOMAS said...

illa mone suneeesheeeeeee

Unknown said...

climax kollaam

SUNISH THOMAS said...

ദേ ബെര്‍ളി വീണ്ടും.... ക്ളൈമാക്സ് നിങ്ങളുടെ സ്വന്തം കഥ തന്നെ ഞാന്‍ എഴുതിയതാണു മനുഷ്യാ....

Mr. X said...

കാലമാടന്‍ മറ്റൊരു പേരില്‍ ബ്ലോഗ് തുടങ്ങുന്നു:
തസ്കരവീരന്‍
(ഒരിക്കല്‍ എന്‍റെ ബ്ലോഗില്‍ വന്നതിനുള്ള ശിക്ഷയായാണ് ഇത് ഇവിടെ വന്ന് പറഞ്ഞിട്ടു പോകുന്നത്).
ഇനിയും കാണാമെന്നു പ്രതീക്ഷിക്കുന്നു.

Unknown said...

hmm... അനിയന്‍ കൊച്ചു വെദപാഠം പഠിക്കുവയിരുന്നോ അതൊ ചാക്കോച്ചിയേ വേദപാഠം പഠിപിച്ചു വിട്ടോ??? ദൈവത്തിനറിയാം കഥ വളച്ചൊടിച്ചോന്നു!!!

ഓ.ഡോ : അനുഭവകഥ???

തലെക്കെട്ടിലെ ഞാന്‍ ഫിറ്റാ, ല്ലേ? :-)

ഗീത said...

നല്ല രസികന്‍ കഥ.
അപാരധൈര്യമുള്ള ചാക്കോച്ചിയെ ഇഷ്ടപ്പെട്ടു...

Babu Kalyanam said...

"മണിരത്നവും ഞാനും" ഡിലീറ്റ് ചെയ്തോ ?
നടോടിക്കാറ്റും ശ്യാമളയും ഒരു ദിവസം തന്നെ കണ്ടോ എന്ന് ചോദിയ്ക്കാന് വരുവാരുന്നു!!!

ഇടിവാള്‍ said...

കൊള്ളാം, നനായി ചിരിച്ചു സുനീഷ്!

SUNISH THOMAS said...

babu marriage,
mani ratnam mattiyezhuthan theerumanichu...!!
:(

jomontk said...

ente ponne ningalesammathiykanam

Unknown said...

ഈ ചക്കൊച്ചി ആളു കൊള്ളാമല്ലോ സുനീഷെ
ഈ പാലായിലും പരിസരങ്ങളിലും ഇങ്ങനെയുള്ള
കഥാപാത്രങ്ങള്‍ നിരവധിയാണല്ലെയൊ.എന്നാ പറയാനാ അല്ലെ സുനീഷെ

Unknown said...

ഇനിയിപ്പൊ ഈ ബെര്‍ളിച്ചായനെക്കുറിച്ചു പാലാക്കാര് ഒരു കഥപറയുന്നത് എന്നാണാവോ

Suvi Nadakuzhackal said...

സസ്പെന്‍സ് കൊള്ളാം!! അടി പൊളി ആയിട്ടുണ്ട്!!

Mr. K# said...

ഇതു കിടിലന്. അവസാനം വരെ ഒരു പിടിയും കിട്ടിയില്ല ചാക്കോച്ചിയുടെ അപാര ധൈര്യത്തിനു കാരണം എന്താണെന്ന് :-)

ഉഗാണ്ട രണ്ടാമന്‍ said...

ക്ലൈമാക്സ് കലക്കി

ഒരു ഇന്‍ഡ്യന്‍ പൌരന്‍ said...

കുറച്ചു കാലങ്ങള്‍ക്കു ശേഷം ആസ്വദിച്ച് വായിച്ചു... അഭിനന്ദനങ്ങള്‍...

Powered By Blogger