Tuesday, April 29, 2008

കേശവന്‍ ചേട്ടനും മക്കളും

ഭരണങ്ങാനത്തിന്റെ കണ്ണിലുണ്ണിയായിരുന്നുകേശവന്‍ ചേട്ടന്‍. കാരണം, പ്രദേശത്തെ ഒരേയൊരു ചെത്തുകാരനായിരുന്നു അദ്ദേഹം. ഭരണങ്ങാനത്തിന്റെ പേടിസ്വപ്നവും കേശവന്‍ ചേട്ടനായിരുന്നു. കാരണം, അദ്ദേഹത്തിന്റെ കയ്യിലെ ചെത്തുകത്തിക്കു നല്ല മൂര്‍ച്ചയായിരുന്നു.

കേശവന്‍ ചേട്ടന്റെ മൂന്നുണ്ണികള്‍ ഭരണങ്ങാനത്തിന്റേതെന്നല്ല സമീപനാടുകളുടെ മുഴുവന്‍ നോട്ടപ്പുള്ളികളായിരുന്നു.

അവര്‍: പി.കെ. ഒന്നാമന്‍, കെ.കെ. രണ്ടാമന്‍, ജെ.ജെ. മൂന്നാമന്‍. മൂന്നുപേരും കേശവന്‍ ചേട്ടന്റെയും ഭാര്‍ഗവിച്ചേട്ടത്തിയുടെയും മക്കളു തന്നെ.

കേശവന്‍ ചേട്ടന്‍ സ്കൂളില്‍ പോയിട്ടില്ല.

അപ്പന്‍ പോവാത്തിടത്തോട്ടു ഞങ്ങളുമില്ലെന്നു മക്കളു കരഞ്ഞു കാലേല്‍പിടിച്ചു പറഞ്ഞതാണേലും കേശവന്‍ ചേട്ടന്‍ കേട്ടില്ല. അങ്ങനെ നിങ്ങളും സുഖിക്കേണ്ട എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട് യഥാകാലം അദ്ദേഹം ത്രിവിക്രമന്‍മാരെയും സ്കൂളില്‍ പഠിപ്പിക്കാന്‍ ചേര്‍ത്തു.

മൂത്തവന്‍ പി.കെ. ഒന്നാമന്‍. ഒന്നാമന്‍ എന്നപേര് റജിസ്റ്ററില്‍ എഴുതുന്നതിനു മുന്‍പ് എല്‍പി സ്കൂളിലെ ഹെഡ്മാസ്റ്റര്‍ ചോദിച്ചതുകൊണ്ടാണ് പി.കെ. എന്നൊരു ഇനിഷ്യല്‍ ആ പേരിനു മുന്‍പില്‍ വീണത്. അതിനു മുന്‍പ് ഇനിഷ്യല്‍ എന്നുവച്ചാല്‍ എന്താണെന്നു കേശവന്‍ ചേട്ടനു നല്ല തിട്ടമില്ലായിരുന്നു. പാറപ്പുറത്ത് കേശവന്‍ എന്നതിന്റെ ചുരുക്കപ്പേരായ പി.കെ. ഒന്നാമന്‍ അങ്ങനെ ഒന്നാം ക്ളാസില്‍ ചേര്‍ന്നു.

അതുകഴിഞ്ഞ് കൃത്യം രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ രണ്ടാമനെയും അതേ സ്കൂളില്‍ ചേര്‍ക്കാന്‍ കേശവന്‍ ചേട്ടനെത്തി. എന്താണു കൊച്ചിന്റെ ഇനിഷ്യല്‍ എന്നു ചോദിച്ചപ്പോഴേ കേശവന്‍ ചേട്ടന്‍ ഒന്നാലോചിച്ചു. മൂത്തവന്‍ പി.കെ. ഒന്നാമന്‍. രണ്ടാമത്തവന് എന്ത് ഇനിഷ്യലിടും?

പി.കെ. എന്നു തന്നെയിട്ടാല്‍ എന്താണൊരു ചേഞ്ച്. അതുകൊണ്ട് അദ്ദേഹം ഒരു ചെയ്ഞ്ചിനു വേണ്ടി ഇങ്ങനെ അരുളിച്ചെയ്തു- കെ.കെ. രണ്ടാമന്‍!!!

കെ.കെ. എന്നു വച്ചാല്‍...??

ഒാ.. അങ്ങനെയൊന്നുമില്ല...

സാറു പിന്നെയൊന്നും ചോദിച്ചില്ല. അങ്ങനെ കെ.കെ. രണ്ടാമനും സ്കൂളിലടയ്ക്കപ്പെട്ടു.

പിന്നെയും രണ്ടുവര്‍ഷം കഴിഞ്ഞപ്പോളാണു മൂന്നാമനെ സ്കൂളില്‍ ചേര്‍ത്തത്. അവന്റെ പേരിലും ഒരു ചേഞ്ചു വേണമെന്നു കേശവന്‍ ചേട്ടനു നിര്‍ബന്ധമായിരുന്നു. അങ്ങനെ അവന്‍ ജെ.ജെ. മൂന്നാമന്‍ എന്നപേരു സ്വീകരിച്ചു.

എന്താണ് ഇനിഷ്യലിന്റെ അര്‍ഥമെന്നു രണ്ടാമനോ മൂന്നാമനോ കേശവന്‍ ചേട്ടനു തന്നെയോ തിട്ടമുണ്ടായിരുന്നില്ല. ജസ്റ്റ് ഫോര്‍ എ ചേഞ്ച്. അത്രതന്നെ!

കേശവന്‍ചേട്ടന്‍ പനങ്കുലകള്‍ ചെത്തിതീര്‍ക്കുന്നതനുസരിച്ചു കാലവും കടന്നുപൊയ്ക്കൊണ്ടിരുന്നു. ഒന്നാമനും രണ്ടാമനും മൂന്നാമനും പത്താം ക്ളാസില്‍ പഠിപ്പു നിര്‍ത്തി.

ഇനിയെന്തു മക്കളേ എന്നാലോചിച്ചു കേശവന്‍ ചേട്ടന്‍ നാട്ടിലുള്ള ചെത്താറായ തെങ്ങുകളുടെയും പനകളുടെയും എണ്ണം മനക്കണ്ണാല്‍ കൂട്ടിയെടുത്തു നോക്കി.

മൂന്നുപേര്‍ക്കുമായി ചെത്ത് വീതം വച്ചാല്‍ ഒരുവിധമൊപ്പിക്കാം. മക്കളെ ചെത്തുകാരാക്കാം എന്ന തീരുമാനത്തോടെ ചിന്തയില്‍നിന്നുണര്‍ന്ന അദ്ദേഹത്തെ അവര്‍ പക്ഷേ തോല്‍പിച്ചു കളഞ്ഞു.
ഞങ്ങള്‍ക്കു ചെത്തുകാരാവാന്‍ അശേഷം താല്‍പര്യമില്ല. വേറെയെന്തെല്ലാം പണി ഇൌ ലോകത്തുണ്ട്. ...!!

മക്കളുടെ തീരുമാനത്തിനു മുന്നില്‍ കേശവന്‍ ചേട്ടന്‍ കത്തിമടക്കി.

ചെത്തുകാരാവുന്നില്ലെങ്കില്‍ പിന്നെ നിങ്ങള്‍ എന്തു പണിക്കാണു പോവുകയെന്നു കേശവന്‍ ചേട്ടന്‍ മൂന്നുപേരോടും പലവട്ടം ചോദിച്ചു. അപ്പോഴൊക്കെയും മൂന്നുപേരുടെയും ഉത്തരം ഒന്നായിരുന്നു

- തല്‍ക്കാലം ഒരു പണിക്കും പോവാന്‍ ഉദ്ദേശിക്കുന്നില്ല!!

ഒരു പണിയുമില്ലെങ്കിലും മൂന്നുപേരും തിരക്കിലായിരുന്നു. നാട്ടിലെ സകല ഇടകഴിയിലും മാറിമാറി നടക്കുന്ന പന്നിമലര്‍ത്തു ടൂര്‍ണമെന്റിലെ ഐക്കണ്‍ പ്ലെയേഴ്സായിരുന്നു മൂവരും.

നല്ല കൈക്കൊണമുള്ളവരായതുകൊണ്ട് നാലുനേരം പുട്ടടിക്കാനുള്ള കാശു പന്നിമലര്‍ത്ത് വഴി അവര്‍ക്ക് ലഭിച്ചുപോന്നു. ഒന്നാമനും രണ്ടാമനും അത്യാവശ്യം വീശുന്ന പ്രകൃതംകൂടിയായിരുന്നു.

പക്ഷേ, മൂന്നാമന്‍ അങ്ങനെയായിരുന്നില്ല. മദ്യവിരുദ്ധന്‍. വീട്ടിലോ വഴിയിലോ കള്ളിന്റെ മണമടിച്ചാല്‍പ്പോലും വാളുവയ്ക്കുന്ന പ്രകൃതം.

ലെവന്‍ തന്റെ മകന്‍ തന്നെയോ എന്നു കേശവന്‍ ചേട്ടന്‍ പോലും പലപ്പോഴും ആലോചിച്ചിട്ടുണ്ട്.

കാര്യങ്ങള്‍ അങ്ങനെ മുന്നോട്ടു പോകവേ, ഒരു ദിവസം സ്വന്തം വീട്ടുമുറ്റത്തെ പനയില്‍ ചെത്താന്‍ കയറിയ കേശവന്‍ ചേട്ടന്റെ അലര്‍ച്ചയാണു നാട്ടുകാരു കേട്ടത്.

എന്താണു സംഭവമെന്നറിയാന്‍ ഒാടിക്കൂടിയ നാട്ടുകാരെ നോക്കി പനയുടെ മുകളിലിരുന്നു തന്നെ കേശവന്‍ ചേട്ടന്‍ നെഞ്ചത്തടിച്ചലറി...

എന്റെ പനേലെ കള്ളുംകുടം കാണാനില്ല. ഇന്നലെ വൈകിട്ട് അന്തിചെത്താന്‍ കേറിയപ്പോഴും ഇവിടെയുണ്ടായിരുന്നു. രാത്രി ഏതോ കഴുവേറീടെ മക്കള് മാട്ടം മോട്ടിച്ചു....!!

വാര്‍ത്ത നാട്ടില്‍ കാട്ടുതീയായി. തീക്കട്ട ഉറുമ്പരിച്ചു. കേശവന്‍ ചേട്ടന്റെ സ്വന്തം പനയിലെ കള്ളുംകുടം ആരോ മോഷ്ടിച്ചു. ആരായിരിക്കും മോഷ്ടാക്കള്‍??

നാട്ടുകാരു പലവിധത്തില്‍ കാല്‍ക്കുലേറ്റു ചെയ്തുനോക്കിയെങ്കിലും എത്തും പിടിയും എങ്ങും കിട്ടിയില്ല.

കള്ളുമോഷണം പതിയെ നാട്ടുകാരു മറന്ന ഒരു ദിവസം പുറത്തെമുതുകാട്ടില്‍ ചാക്കോച്ചേട്ടന്റെ പനയുടെ മണ്ടയ്ക്കുനിന്നും കേശവന്‍ ചേട്ടന്റെ അലര്‍ച്ച വീണ്ടും കേട്ടു.

പിറ്റേന്ന്, തലപ്പുലത്ത് നാരായണന്‍ ചേട്ടന്റെയും അതിനു പിറ്റേന്ന് ഇടകഴിയില്‍ പാപ്പൂഞ്ഞിന്റെയും പനകളുടെ മുകളില്‍നിന്ന് അലര്‍ച്ചയുണ്ടായി.

ദിവസവും നൂറു ലിറ്റര്‍ കള്ള് ഷാപ്പില്‍ അളന്നുകൊണ്ടിരുന്ന കേശവന്‍ ചേട്ടന്‍ ഒറ്റയാഴ്ച കൊണ്ട് റാങ്കിങ്ങില്‍ രണ്ടു സ്റ്റെപ്പ് താഴെയിറങ്ങി.

മാട്ടം മോഷണവും കേശവന്‍ ചേട്ടന്റെ അലര്‍ച്ചയും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരുന്നു. കേശവന്‍ ചേട്ടന് ഉറക്കം നഷ്ടപ്പെട്ടു. ഇങ്ങനെ പോയാല്‍ കുടുംബം പട്ടിണിയാവും.

ആരോ മനപ്പൂര്‍വം ചെയ്യുന്നതാണ്. ആരായിരിക്കുമത്?

കേശവന്‍ ചേട്ടന്‍ മക്കളെ അടുത്തുവിളിച്ചു കാര്യം പറഞ്ഞു. ഷാപ്പിലോ പനയിലോ കേറില്ലെന്നു പിടിവാശിയുള്ള മൂന്നാമന്‍ ഒഴികെ മറ്റു രണ്ടും ഹാജരായി.

കേശവന്‍ ചേട്ടന്‍ കാര്യമുണര്‍ത്തിച്ചു-

എങ്ങനെയും കള്ളുകള്ളനെ പിടിക്കണം!

മക്കളു പരസ്പരം നോക്കി. എങ്ങനെ പിടിക്കും?

ഉത്തരവും കേശവന്‍ ചേട്ടന്‍ തന്നെ പറഞ്ഞു. മക്കളു രണ്ടുപേരും രണ്ടായി തിരിഞ്ഞ് ഒാരോ പനയുടെ വീതം ചോട്ടില്‍ കാവലിരിക്കണം. ഒാരോ ദിവസവും കാവലിരിക്കുന്ന പന മാറിക്കൊണ്ടിരിക്കുക. അതീവ രഹസ്യമായിരിക്കണം പദ്ധതികള്‍. ഒരു ദിവസം കള്ളന്‍ വലയിലാവും.

കേശവന്‍ ചേട്ടന് ആത്മവിശ്വാസമുണ്ടായിരുന്നു. മക്കള്‍ക്കും..!!

അന്നു രാത്രി തന്നെ കാവലിരിപ്പ് തുടങ്ങി.

ഒന്നാമനും രണ്ടാമനും പരസ്പരം വിളിച്ചാല്‍ കേള്‍ക്കാവുന്ന അകലത്തില്‍ രണ്ടു പനകളുടെ ചുവട്ടില്‍. കേശവന്‍ ചേട്ടന്‍ കണ്ണില്‍ എണ്ണയും വയറ്റില്‍ അന്തിയുമൊഴിച്ചു സ്വന്തം വീട്ടുമുറ്റത്തെ പനയുടെ ചുവട്ടിലും കാവിലിരിപ്പില്‍.

അന്നുരാത്രി മോഷണമുണ്ടായില്ല. കേശവന്‍ ചേട്ടന്റെ ശ്വാസം പകുതി നേരെ വീണു. രണ്ടാം ദിവസവും കാവല്‍ തുടര്‍ന്നു. അന്നും മോഷണമില്ല. മൂന്നാം ദിവസം മക്കളു രണ്ടും കാവലു പരിപാടിക്കു ലീവു പറഞ്ഞു സെക്കന്‍ഡ് ഷോ കാണാന്‍ പോയി.

അന്നു രാത്രി മോഷണമുണ്ടായി.

ഇത്തവണ രണ്ടു പനകളിലെ കള്ളുകലം മോട്ടിക്കപ്പെട്ടു.
കേശവന്‍ ചേട്ടന്റെ ചങ്കുകലങ്ങി. സിനിമ കഴിഞ്ഞു തിരിച്ചുവന്ന ഒന്നാമനും രണ്ടാമനും നാലുകാലിലായിരുന്നുവെന്നതു നോട്ടു ചെയ്തിരുന്ന കേശവന്‍ ചേട്ടന്‍ രണ്ടുപേരെയും പതിയെ അരികില്‍ വിളിച്ചു.


മക്കളേ, സത്യം പറയണം. അപ്പനിട്ടു പാര പണിയുന്നതും മാട്ടം മോട്ടിക്കുന്നതും നിങ്ങളു തന്നെയല്ലേ?

ഒന്നാമനും രണ്ടാമനും പരസ്പരം നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. അടുത്ത നിമിഷം കൊലയൊരുക്കി തഴമ്പുവീണ കേശവന്‍ ചേട്ടന്റെ കൈ രണ്ടുപേരുടെയും മോന്തയില്‍ പതിച്ചു.

ആരുമൊന്നും മിണ്ടിയില്ല. എല്ലാം കണ്ട് നിശബ്ദനായി മൂന്നാമനും ഭാര്‍ഗവിച്ചേട്ടത്തിയും നിന്നു.

ഒന്നാമനും രണ്ടാമനും അടിയുടെ ആഘാതത്തില്‍ തെറിച്ചു വീണതു മുറ്റത്ത്.

എന്റെ അനുവാദമില്ലാതെ മേലാല്‍ വീട്ടില്‍ കേറിപ്പോവരുത്. എനിക്കിനി ഇങ്ങനെ രണ്ടുമക്കളില്ല. - കേശവന്‍ ചേട്ടന്‍ ചെത്തിയുപേക്ഷിച്ച പനങ്കുലയോടെന്ന പോലെ മക്കളോട് അറുത്തുമുറിച്ചു പറഞ്ഞു.

കുനിഞ്ഞ തലയുമായി ഒന്നാമനും രണ്ടാമനും പതിയെ വീട്ടില്‍നിന്നിറങ്ങി നടന്നു.

കേശവന്‍ ചേട്ടന്‍ എല്ലാം തീരുമാനിച്ചുറപ്പിച്ച മട്ടായിരുന്നു. എല്ലാം കണ്ട് സങ്കടത്തിന്റെ കടലായി ഭാര്‍ഗവിച്ചേട്ടത്തി, മൂന്നാമന്‍......

അന്നു വൈകിട്ട് അല്‍പം വൈകിയാണു കേശവന്‍ ചേട്ടന്‍ അന്തിചെത്തിയിറങ്ങിയത്.
പിറ്റേന്നു ഷാപ്പിലേക്കു കള്ളില്ലെന്നു കേശവന്‍ ചേട്ടന്‍ ഷാപ്പുമാനേജരെ നേരത്തെ അറിയിച്ചിരുന്നു. ഒാരോ പനയില്‍നിന്നും കള്ളെടുത്തിറങ്ങും മുന്‍പ് കേശവന്‍ ചേട്ടന്‍ കയ്യില്‍ കരുതിയ പൊടി കലത്തില്‍ നിക്ഷേപിച്ചുകൊണ്ടിരുന്നു. ചെത്തുന്ന പത്തുപനകളുടെയും മാട്ടത്തില്‍ കേശവന്‍ ചേട്ടന്‍ പൊടി കലക്കി.

പൊടികലക്കല്‍ കഴിഞ്ഞു അന്തി മയങ്ങി കേശവന്‍ ചേട്ടന്‍ വീട്ടിലെത്തിയപ്പോഴും ഒന്നാമനും രണ്ടാമനും വീട്ടിലെത്തിയിരുന്നില്ല.

ഇനിയവര്‍ വീട്ടിലേക്കു വരേണ്ടതില്ലെന്ന കേശവന്‍ ചേട്ടന്റെ തീരുമാനത്തിനും മാറ്റമുണ്ടായിരുന്നില്ല. പോരാത്തതിന് എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച മട്ടിലും.
അന്നുരാത്രി കേശവന്‍ ചേട്ടന് ഏറെക്കാലത്തിനു ശേഷം ഉറക്കം വന്നു. നല്ലയുറക്കത്തിനു ശേഷം രാവിലെ അല്‍പം വൈകിയാണു കേശവന്‍ ചേട്ടന്‍ കണ്ണുതുറന്നത്.

പെട്ടെന്നെന്തോ ഒാര്‍ത്തിട്ടെന്ന പോലെ കട്ടിലില്‍നിന്നു ചാടിയിറങ്ങി വീടിന്റെ ഉമ്മറത്തേക്കു വന്ന കേശവന്‍ ചേട്ടന്‍ ഞെട്ടി- ഒന്നാമനും രണ്ടാമനും വീട്ടുമുറ്റത്തെ വിറകുപുരയ്ക്കു സമീപം വീണുകിടക്കുന്നു.

ഒാടിയിറങ്ങിയ കേശവന്‍ ചേട്ടന്‍ ഒരു നിമിഷം ചങ്കില്‍ കൈവച്ചുപോയി.


പതിയെ ശബ്ദമുണ്ടാക്കാതെ നടന്ന് അവരുടെ അടുത്തെത്തിയ കേശവന്‍ചേട്ടന്‍ ശ്രദ്ധിച്ചു- ഉണ്ട്, ഒന്നാമനും രണ്ടാമനും നന്നായി കൂര്‍ക്കം വലിക്കുന്നുണ്ട്. കാറ്റുപോയിട്ടില്ല. വീട്ടില്‍ കേറ്റാത്തതുകൊണ്ട് വിറകുപുരയില്‍ അഭയം പ്രാപിച്ചതാവാം.

പതിയെ വീട്ടിലേക്കു തിരികെ നടക്കുന്നതിനിടെയാണു വീടിന്റെ പിന്നില്‍ക്കൂടി ഒരാള്‍ പറമ്പിലേക്ക് ഇറങ്ങിയോടുന്നതു കേശവന്‍ ചേട്ടന്റെ ശ്രദ്ധയില്‍പ്പെട്ടത്....

ആരെടാ അത്?? ആരാന്ന്???

മറുപടി പറഞ്ഞത് ഭാര്‍ഗവിച്ചേട്ടത്തിയായിരുന്നു.

അതവനാ...മൂന്നാമന്‍...

പുലര്‍ച്ചെ മുതല്‍ എന്നതാന്ന് അറിയത്തില്ല, ചെറുക്കനു വല്ലാത്ത വയറിളക്കം. പറമ്പിലോട്ട് ഒാടുന്നതാ... പോയിട്ട് വന്നാല്‍ അഞ്ചുമിനറ്റു കഴിയും മുന്‍പ് വീണ്ടും പോണം. എന്താണു സംഭവിച്ചതെന്നറിയില്ല, എന്തോ വയറ്റില്‍ പിടിക്കാത്തതു കഴിച്ചതാ പ്രശ്നമെന്നു തോന്നുന്നു. പാവം എന്റെ കൊച്ചിന് ഒന്നും വരുത്തരുതേ ദൈവമേ....

ഭാര്‍ഗവിച്ചേട്ടത്തിയുടെ പ്രാര്‍ഥന ദൈവം കേട്ടോ എന്നറിയില്ല. അതിനു മുന്‍പേ കേശവന്‍ ചേട്ടന്‍ മൂന്നാമന്‍ എന്ന പേര് റേഷന്‍ കാര്‍ഡില്‍നിന്നു വെട്ടിക്കഴിഞ്ഞിരുന്നു!!!

24 comments:

Unknown said...

Interesting...
But problem kandathee final answer kitty.

Unknown said...

presentation kollam.
'edakazhi' ennal enthanu?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സസ്പെന്‍സ് ഇല്ല. ക്ലൈമാക്സ് ഊഹിക്കാം... :(

:: VM :: said...

അതേ ..സസ്പെന്ഷനും ഷോക്കബ്സോര്ബറും പോരാ ;)

മക്കളേ, സത്യം പറയണം. അപ്പനിട്ടു പാര പണിയുന്നതും മാട്ടം മോട്ടിക്കുന്നതും നിങ്ങളു തന്നെയല്ലേ?


കേശവന്‍ ചേട്ടനെ "അപ്പാ" എന്നാണൊ പിള്ളേരു വിളിച്ചിരുന്നേ?? അതോ അച്ഛാ എന്നാണോ?? അതിനിടക് കഥാപാത്രങ്ങളുടെ മതം മാറ്റിക്കളഞ്ഞൂല്ലേ? ;)

ഹൈ..ദേ ആഗ്നസ് വന്നല്ലോ!!! ;)

..:: അച്ചായന്‍ ::.. said...

gollaammmm...nallaa kallumanam :)

SUNISH THOMAS said...

ആഗ്നസ്,

ഇടകഴി എന്നത് ഇടവഴി എന്നതിന്റെ കൊളോക്യല്‍ പ്രയോഗം.

എടാ ചാത്താ,
സസ്പെന്‍സില്ലാത്ത കഥയെഴുതാന്‍ നീ സമ്മതിക്കത്തില്ല അല്ലേ?

ഇടിവാളേ,
നമ്മുടെ നാട്ടില്‍ അപ്പാ എന്നാണു ഭൂരിഭാഗം പേരും വിളിക്കന്നത്. ഇവിടെ മതത്തിന് അങ്ങനെയൊരു പ്രസക്തി അടുത്തകാലം വരെ ഉണ്ടായിരുന്നില്ല.....

:)

അഭിലാഷങ്ങള്‍ said...

ങും!

K-ശവന്‍ ചേട്ടന്റേയും P-ള്ളേരുടേയും കഥ വായിച്ചു.

സസ്പന്‍സില്ലാത്ത കഥ എഴുതുന്നത് പുതിയ ഫാഷനാ. അതൊന്നും ചാത്തനും ഇടിക്കും ഒന്നും മനസ്സിലായിട്ടില്ല. ഇവന്മാനൊക്കെ ഏത് നൂറ്റാണ്ടിലാ ജീവിക്കുന്നേ?! പോകാന്‍ പറ..

സ്വകാര്യം: പിന്നെ, അടുത്ത കഥയില്‍ ഫാഷന്‍ മാറ്റിക്കോ.. K-ട്ടാ.

എന്ന് സ്നേഹപൂര്‍വ്വം,
എന്റെ വീട്ടിലെ പി.കെ. ഒന്നാമന്‍
(പി.കെ. അഭിലാഷ്, pkabhilash@gmail.com)

(ഒപ്പ്.. പിന്നെ രണ്ട് കുത്ത്)

:-)

:: VM :: said...

അതി ശരി, അഭിലാഷിന്റെ ആത്മകഥ ആയിരുന്നോ ഇദ് ? ;)

:: VM :: said...

അതി ശരി, അഭിലാഷിന്റെ ആത്മകഥ ആയിരുന്നോ ഇദ് ? ;)

SUNISH THOMAS said...

എന്റെ സസ്പെന്‍സ് ത്രില്ലര്‍ കഥ പബ്ളിഷ് ചെയ്യുന്നതിനു മുമ്പേ അതുപോലെ ഒരെണ്ണം എഴുതി പബ്ളിഷ് ചെയ്ത ഇടിവാളേ... അതിനു ശേഷം ഒരു സസ്െപന്‍ഷന്‍ ത്രില്ലര്‍ പോലും എഴുതാന്‍ പറ്റിയിട്ടില്ല....!!!

:: VM :: said...

ങേ? അതേതു കഥ ? ചാര്ളിയുടെ കഥയാണൊ ഉദ്ദേശിച്ചേ? രാരിച്ചന്റെ പട്ടികളും ??...

അത് പബ്ളിഷ് ചെയ്തിട്ട് പെട്ടെന്നു തന്നെ ഡ്റാഫ്റ്റാക്കി അല്ലേ?? അതിനെ ബ്ലൂലോഗം കാണിക്ക് സുനീഷേ!.. അല്ലേല്‍ തന്റെ യൂസര്‍ ഐഡിയും പാസ്വേഡും താ .. ഞാനങ്ങു പോസ്റ്റിയേക്കാം ;) യേത്??

kallikadan said...

hAII all u r stories are very nice yar

kallikadan said...

your stories are very nice yar

dipu said...

ഭരണങ്ങാനത്തിന്റെ കണ്ണിലുണ്ണിയായിരുന്നുകേശവന്‍ ചേട്ടന്‍. കാരണം, പ്രദേശത്തെ ഒരേയൊരു ചെത്തുകാരനായിരുന്നു അദ്ദേഹം. ഭരണങ്ങാനത്തിന്റെ പേടിസ്വപ്നവും കേശവന്‍ ചേട്ടനായിരുന്നു. കാരണം, അദ്ദേഹത്തിന്റെ കയ്യിലെ ചെത്തുകത്തിക്കു നല്ല മൂര്‍ച്ചയായിരുന്നു.

തകര്‍ത്തു.... കിടിലന്‍.. ഭരണങ്ങാനം ടച്ച്‌ നിറയെ.. ആശംസകള്‍

Unknown said...

ഈ ചെത്തെന്നു പറഞ്ഞാല്‍ നല്ല സുഖമുള്ള ഒരേര്‍പ്പാടാ ഇല്ലെ സുനീഷെ.കേശവേട്ടന്‍ മക്കളെ
ചെത്തുകാരനാക്കാന്‍ തിരുമാനിഛു
പക്ഷെ മക്കള്‍ക്കു താലപര്യമില്ല
ഈ കുരുത്തം കെട്ട പിള്ളെര് അല്ലാതെന്താ പറയുക

SUNISH THOMAS said...

രണ്ടു സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട ഒരു സംവിധായകന്‍റെ അവസ്ഥയാണ് എന്റേത്. അടുത്തത് ഒരു അവാര്‍ഡ് സിനിമയാക്കിയാലോ എന്നാലോചിക്കുകയാണ്. അതാവുമ്പോള്‍ ആര്‍ക്കുമൊന്നും പിടികിട്ടിയില്ലേലും ഒരു കുഴപ്പവുമില്ലല്ലോ...!!!

അടുത്ത സിനിമ,ഛേ കഥ സൂപ്പര്‍ ഹിറ്റാക്കിയിരിക്കും. ജാഗ്രതൈ!!!

എതിരന്‍ കതിരവന്‍ said...

അടുത്ത കഥ ആഗ്നസിനു ഡെഡിക്കേറ്റ് ചെയ്യാവോ എന്ന് അവള്‍ ചോദിക്കുന്നു (നേരേ ചോദിക്കാന്‍ നാണമായതു കൊണ്ട് എന്നോട് പറഞ്ഞു). ‘ഇടകഴി’ഒന്നും പ്രശ്നമല്ലെന്നും അത് എഴുതി ചോദിച്ചതു കൊണ്ട് ഒന്നും തോന്നല്ലെ എന്നും പറഞ്ഞു.

Mr. K# said...

കഥ കൊള്ളാം. പക്ഷെ ചാത്തന് പറഞ്ഞതു ന്യായം :-)

Mr. X said...

പാവം... പാവം.. മൂന്നാമന്‍!
കൊള്ളാലോ വീഡിയോണ്‍.

സാല്‍ജോҐsaljo said...

ചേട്ടാ, അളിയാ, അച്ചായാ... എടോ!


വായനക്കാര്‍ക്ക് ക്ലൈമാക്സ് വിട്ടുകൊടുത്ത് ഒരു പുതിയ രീതിക്കു താങ്കള്‍ തുടക്കം കുറിച്ചിരിക്കുന്നു..
ഇടയ്ക്ക് വായിക്കാന്‍ പറ്റിയില്ല. ഇനിഷ്യലി... ബ് ബ പിന്നെ ബാക്കി പിന്നെ വായിച്ചോളാം...

SUNISH THOMAS said...

എടോ സാല്‍ജോ....
അളിയാ, ഇതെവിടാരുന്നു???
ഇത്രയും കാലം കാണാഞ്ഞപ്പം ഞാന്‍ വിചാരിച്ചു, താന്‍ വല്ല കാട്ടറബീടേം കൂടെ ഒട്ടകത്തെ കറക്കുന്ന പണിക്കു പോയിക്കാണുമെന്ന്?
അവിടെങ്ങനെ? സുഖങ്ങളൊക്കെത്തന്നെ???

:)

കാശിത്തുമ്പ said...

ക്ലൈമാക്സ് ഊഹിച്ചു... എന്നാലും നന്നായി.

nandakumar said...

പ്രതി മൂന്നാമനാണെന്നറിയാമായിരുന്നെങ്കിലും എങ്ങനെ തെളിയിക്കുമെന്നും കഥയവസാനിപ്പിക്കുമെന്നും ഒരു ആകാംക്ഷയുണ്ടായിരുന്നു. നന്നായിരുക്കുന്നു സുനീഷ്. പ്രയോഗങ്ങള്‍ നന്നായിരിക്കുന്നു. അടുത്ത സൂപ്പര്‍ ഹിറ്റിനു വെണ്ടി കാത്തിരിക്കുന്നു.

ഉഗാണ്ട രണ്ടാമന്‍ said...

:)

Powered By Blogger