Thursday, November 06, 2008

ബെഞ്ചമിന്‍റെ പണിക്കാര്‍ - 3

പാലായിലെ വന്‍കിട ധനികരായ മണര്‍കാട് പാപ്പനും പടിഞ്ഞാറേക്കര ജോസുചേട്ടനും കട്ടക്കയം കുട്ടിച്ചന്‍ചേട്ടനും നടത്തുന്നതു പോലെ ഒരു സിനിമാ തീയേറ്റര്‍. അതും ഇത്തിരിപ്പോന്ന ഭരണങ്ങാനത്ത്.

തമിഴ്പടം മാത്രമേ ഒാടിക്കൂ എന്ന പിടിവാശിയിലാണ് കോക്കാട്ട് അവിരാച്ചന്‍ചേട്ടന്റെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പൂട്ടിപ്പോയ ട്യൂഷന്‍സെന്ററിന്റെ സ്ക്രീനുകള്‍ തട്ടിനൂര്‍ത്ത് സിനിമാ കൊട്ടക തുടങ്ങിയത്. തനിനാട്ടുകാരുടെ ആശങ്കകളുടെ സ്ക്രീനിനു നേര്‍ക്കു പ്രൊജക്ടര്‍ ഒാണാക്കി വച്ചതും ഒരു പാണ്ടിയായിരുന്നു.പതിറ്റാണ്ടുകള്‍ക്കു മുന്‍പേ, ഭരണങ്ങാനത്തു പശുക്കറവയ്ക്ക് എത്തി നാട്ടില്‍ പില്ലറടിച്ച അണ്ണാച്ചി ഭൂമിരാജ് ആയിരുന്നു കൊട്ടകയുടെ ഉടമ.

ഭൂമിരാജിനു മക്കള്‍ മൂന്ന്. നാഗരാജ്, ശെല്‍വരാജ്, ദൊരൈരാജ്....കൊട്ടകയുടെ മൂന്നുവാതിലുകളില്‍ ടിക്കറ്റ് കലക്ഷനായി ദ്വാരപാലകന്മാരായി അവര്‍ ചുമതലയേറ്റു.ബാല്‍ക്കണിയും ഫസ്റ്റ് ക്ളാസും എന്ന വ്യത്യാസമില്ലാത്ത പാണ്ടികള്‍ പടം കാണാന്‍ ഇടിച്ചുകയറി.

ഇംഗ്ലീഷ് സിനിമകളുടെ തമിഴ് മൊഴിമാറ്റപ്പടങ്ങളില്‍ ഷ്വാര്‍സ്നെഗറും പിയേഴ്സ് ബ്രോസ്നനും അണ്ണാച്ചിമാരായി. എന്ന തമ്പി ഉനക്കു സ്യൌമാ എന്നു കുശലം ചോദിച്ചു. യിന്ത അമേരിക്കാവില്‍ ഒരു പൈത്യക്കാരനെയും ബുഷ് അണ്ണന്‍ വിടമാട്ടേ എന്ന് സുരേഷ് ഗോപി സ്റ്റൈലില്‍ അവര്‍ ആഞ്ഞടിച്ചു. ടൈറ്റാനിക്കിന്റെ മുകളില്‍നിന്ന് സെലീന്‍ ഡിയോണ്‍ തമിഴില്‍ പാട്ടുപാടി.തമിഴന്മാര്‍ അതുകണ്ട് ആവേശത്തില്‍ നിലത്തും വയറത്തുമടിച്ച് ആഹ്ലാദം പങ്കുവച്ചു.

സിനിമാ കൊട്ടക കൂടി വന്നതോടെ ഭരണങ്ങാനം പതിയെ തമിഴങ്ങാനമായി.

പ്രേയസിയും അരുണും മനോരാജ്യങ്ങളില്‍ തമിഴങ്ങാനത്തുകൂടി കൈകോര്‍ത്തു പിടിച്ചു നടന്നു. തങ്ങള്‍ കണ്ട സ്വപ്നങ്ങളുടെ കായസഞ്ചിയും തൂക്കി യാഥാര്‍ഥ്യം എപ്പോഴാണു വരികയെന്നോര്‍ത്ത് ഇരുവര്‍ക്കും ഉറക്കം നഷ്ടമായി.പണ്ടേ ഉറക്കം നഷ്ടപ്പെട്ട നാട്ടുകാര്‍ പാണ്ടി വിരോധത്തിന്റെ ചെന്തീയില്‍ എരിഞ്ഞുകൊണ്ടിരുന്നു.

ബെഞ്ചമിനും ഉറക്കം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. ഒരു നട്ടപ്പാതിരാവില്‍ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റ ബെഞ്ചമിന് തന്റെ പൊന്നനിയന്‍ ആറോണ്‍ തലയിണയാക്കിയ സിമന്റ് ചാക്കും കെട്ടിപ്പിടിച്ച് പ്രേയസി പ്രേയസി എന്നു പിറുപിറുക്കുന്നതു കേട്ടതോടെ ഒഴിക്കാന്‍ വന്ന മൂത്രം ആവിയായിപ്പോയി. ഹൌസ് ഒാണറുടെ വില്ലീസ് ജീപ്പ് തന്റെ ചങ്കില്‍ക്കൂടി കയറിപ്പോകുന്ന കാര്യമോര്‍ത്ത് ബെഞ്ചമിന്‍ കിടുങ്ങി.

അരുണിനെ പിന്തിരിപ്പിക്കാന്‍ മാത്രം തന്റേടം ബെഞ്ചമിനുണ്ടായിരുന്നില്ല. നാട്ടുകാരുടെ തല്ലിനെക്കാള്‍ ഭയങ്കരമായിരിക്കും കിട്ടുകയെന്നുകൂടി ഒാര്‍ത്തതോടെ ബെഞ്ചമിന്‍ രണ്ടിലൊന്നു തീരുമാനിച്ചു. - പിറ്റേന്നു തന്നെ സഞ്ചിയുമെടുത്ത് കുമളി, തേനി വഴി ബെഞ്ചമിന്‍ മധുരയിലെ പൊണ്ടാട്ടിപ്പക്കമെത്തി.തമിഴങ്ങാനത്ത് അരുണ്‍ കപ്പിത്താനായി. രാവിലെ കാപ്പിത്തോട്ടത്തില്‍ കവാത്ത്, പ്രേയസിയുമൊത്തു സല്ലാപം, വൈകിട്ടുവരെ സിമെന്റില്‍ ഡിസൈന്‍ വര്‍ക്ക്, ഭൂമിരാജിന്റെ തീയേറ്ററില്‍ സിനിമ, അല്‍പം മദ്യപാനം, തല്ല്, തെറിവിളി മുതലായവയായി അരുണിന്റെ ജീവിതം സിസ്റ്റമാറ്റിക്കായി.

അതിരാവിലെ കാപ്പിയുമായി വന്ന മകള്‍ മനോരാജ്യത്തിലെന്ന പോലെ അതുമായി പശുത്തൊഴുത്തിലേക്കു പോകുന്നതു കണ്ടപ്പോളാണു ഹൌസ് ഒാണര്‍ക്കു താന്‍ ചവിട്ടിനില്‍ക്കുന്ന മണ്ണിന്റെ ജൈവബന്ധത്തെക്കുറിച്ചും തിരിച്ചറിവുണ്ടായത്. പുഷ്പം പോലെ തനിമകളുടെ അയല്‍നാട്ടുപ്രേമം അപ്പന്‍ പൊക്കിയെടുത്തു. കാമുകന്‍ ആരെന്നറിഞ്ഞതോടെ അദ്ദേഹത്തിന്റെ സകല സന്ധിബന്ധങ്ങളിലും സന്നിബാധിച്ചു.

അരുണ്‍- കഴുവേറി!!!!

രാവുണ്ണിയെ ഒറ്റയടിക്കു നിലത്തിട്ട, ഇന്നലെ വരെ താന്‍ സ്വന്തം മകനെപ്പോലെ കരുതിയ അവന്‍ തന്റെ മകളെയുമായി തെങ്കാശിക്കു വണ്ടികയറുമോയെന്നോര്‍ത്ത് ഹൌസ് ഒാണര്‍ക്ക് ഉറക്കം നഷ്ടമായി. മസില്‍ പവറുകൊണ്ട് ആക്രമിച്ചാല്‍ പാണ്ടികളേ ജയിക്കൂ. ബുദ്ധികൊണ്ട് ആക്രമിക്കണം. അതിനെന്താണു വഴിയൊന്നോര്‍ത്ത് ഹൌസ് ഒാണര്‍ കാപ്പിയും ചോറും പോലും മറന്നു.പ്രേയസിയും അരുണും ഇതൊന്നുമറിയാതെ പ്രേമിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ഇൌ കഥയിലെ ചില ഏച്ചുകെട്ടുകള്‍ പോലെ ശരീരത്തു മുഴ പൊങ്ങിയ നാട്ടുകാരുടെ പാണ്ടിവിരോധവും പാരമ്യത്തിലായിരുന്നു.

ഹൌസ് ഒാണര്‍- അരുണ്‍, പ്രേയസി- തനിനാട്ടുകാര്‍.....

ചെകുത്താനും കടലിനുമിടയില്‍ എന്നപോലെ, ട്രാന്‍സ്പോര്‍ട്ട് ബസിനും ടിപ്പര്‍ ലോറിക്കുമിടയില്‍ എന്നപോലെ, അരുണും പ്രേയസിയും. പക്ഷേ, വരിയുടയ്ക്കാന്‍ കെണിയില്‍ നിര്‍ത്തിയ കാളയെപ്പോലെ, വരാനിരിക്കുന്ന ഭീകരവിധിയെക്കുറിച്ച് അരുണ്‍ ഒന്നുമറിയുന്നുണ്ടായിരുന്നില്ല.

അടുത്ത ദിവസം തന്നെ മരങ്ങാടന്‍ ജോയിച്ചേട്ടന്റെ ഒാട്ടോറിക്ഷയില്‍ മറ്റൊരു അനൌണ്‍സ്മെന്റ് തമിഴങ്ങാനത്തിന്റെ വിരമാറിലൂടെ രോമാഞ്ചത്തോടെ കടന്നുപോയി. ഭരണങ്ങാനത്തെ രജനികാന്ത് ആരാധകര്‍ക്കായി ഒരു സിനിമാ തീയേറ്റര്‍. ദിവസവും രജനീകാന്ത് സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന ഒരു തീയേറ്റര്‍. തമിഴന്മാര്‍ക്കു തീയേറ്ററില്‍ മുന്‍ഗണന. മലയാളികള്‍ക്കു ടിക്കറ്റിനു പത്തുരൂപ. അണ്ണാച്ചിമാര്‍ക്ക് അഞ്ചുരൂപ.

തനിനാട്ടുകാര്‍ നെഞ്ചില്‍കൈവച്ചു. ഭൂമിരാജ് മക്കളൊന്നിച്ചു വയറ്റത്തടിച്ചു.

പുതിയ തീയേറ്ററിന്റെ ഉടമ ഹൌസ് ഒാണര്‍ മാത്രം നിശബ്ദനായിരുന്നു. ഉദ്ഘാടനത്തിനു രജനീകാന്ത് വരുമെന്നും ഭരണങ്ങാനത്തു കിംവദന്തി പരന്നു. അതോടെ തമിഴ് വശം ഹൌസ് ഒാണര്‍ക്കു വാഴ്കെ വിളിച്ചു. തന്റെ ഭാവി അമ്മായിഅപ്പന്റെ വിശാലമനസ്കതയോര്‍ത്ത് അരുണിന്റെ മനസ്സു നിറഞ്ഞു. രജനീകാന്ത് തമിഴങ്ങാനത്തെത്തുമെന്ന വാര്‍ത്ത ഉണക്കമീന്‍ വറക്കുന്നതിന്റെ മണം പോലെ നാടെങ്ങും പരന്നു. രജനീകാന്ത് ഭരണങ്ങാനത്തേക്ക്.... അരുണിന്റെ മനസ്സിലും രജനിയണ്ണന്‍ പാട്ടുപാടി. രജനീ സ്റ്റൈലില്‍ പ്രേയസിയെയുമായി നാടുവിടണമെന്നു നേരത്തെ തീരുമാനിച്ചുറപ്പിച്ചിരുന്ന അരുണിന് ഇതുതന്നെ പറ്റിയ സമയമെന്നു തോന്നിപ്പോയി....

രജനീകാന്ത് വരുന്ന സ്ഥിതിക്ക് തമിഴന്മാര്‍ മാത്രമല്ല, മലയാളികളായ സകല ഉൌച്ചാളികളും തീയേറ്ററിലും പരിസരത്തുമായിരിക്കും. ഹൌസ് ഒാണറും കുടുംബവും എന്തായാലും വരും. ആ സമയത്ത് പ്രേയസിയെ തന്ത്രത്തില്‍ തപ്പിയെടുത്ത് നാടുവിട്ടാല്‍ വലിയൊരു തല്ല് തല്ലാതെ രക്ഷപ്പെടാം. അരുണിന്റെ കോണ്‍ക്രീറ്റ് ബുദ്ധി കൂടുതല്‍ തിളങ്ങി.

രജനീകാന്തിന് ഇരിക്കാന്‍ എസി മുറി വേണം, കുടിക്കാന്‍ സ്കോച്ച് വിസ്കി, വലിക്കാന്‍ ട്രിപ്പിള്‍ ഫൈവ് സിഗററ്റ്... കുറിപ്പടികള്‍ക്ക് അനുസരിച്ച് ഹൌസ് ഒാണര്‍ കാര്യങ്ങള്‍ നീക്കിക്കൊണ്ടിരുന്നു. എസി മുറിയുടെ നിര്‍മാണച്ചുമതല അരുണിനായിരുന്നു. രാവിലെയും വൈകിട്ടും ഹൌസ് ഒാണര്‍ അരുണിനൊപ്പം നിന്ന് നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. തന്റെ ഭാവിയുടെ ഇഷ്ടികകളാണു താന്‍ ഇവിടെ കെട്ടിക്കൊണ്ടിരിക്കുന്നത് എന്നോര്‍ത്ത് അരുണ്‍ അറിയാതെ വല്ലപ്പോഴും പാട്ടുപാടി.അവന്റെ ഒടുക്കത്തെ കെട്ടല്ലേ എന്നോര്‍ത്ത് ഹൌസ് ഒാണറും നിശബ്ദനായി.

(തുടരാതെ തരമില്ല!)

20 comments:

ധൂമകേതു said...

ഇൌ കഥയിലെ ചില ഏച്ചുകെട്ടുകള്‍ പോലെ ശരീരത്തു മുഴ പൊങ്ങിയ നാട്ടുകാരുടെ പാണ്ടിവിരോധവും പാരമ്യത്തിലായിരുന്നു.

എവിടെയൊക്കെയോ അല്‍പം മുഴച്ചു നില്‍ക്കുന്നതായി തോന്നിയിരുന്നു... അതു സ്വയം സമ്മതിച്ചതില്‍ അഭിനന്ദനം. എഴുത്തിനിയും നന്നാവാന്‍ ഈ തിരിച്ചറിയല്‍ തന്നെ ധാരാളം.. ആശംസകള്‍...

വേണാടന്‍ said...

ഇങ്ങനെയായാല്‍ തുടരാതെ തരമില്ലാ..

ങാ തുടരട്ടെ...

വേണാടന്‍ said...

സുനീഷെ രണ്ടാം ഭാഗം ആരാ മുക്കിയത്..കാണ്‍ഊന്നില്ലല്ലോ..

Jayasree Lakshmy Kumar said...

തുടരാതെ ഒരു തരവുമില്ല. തുടരുക

ഒരു കാഥിക said...

രജനികാന്ത്‌ സ്കോച്ച്‌ വിസ്കി കുടിക്കുമെന്ന് ഇപ്പോഴാ അറിഞ്ഞത്‌. ഇനിയിപ്പൊ തുടരാതെ വഴിയില്ലല്ലോ?

ബഹുവ്രീഹി said...

:)

പിള്ളേച്ചന്‍ said...

പാലയും ഭരണങ്ങാനവും നമ്മുടെ നാട് തന്നെ തുടരുക
കഥ
സസേനഹം
അനൂപ് കോതനല്ലൂർ

Unknown said...

ചെകുത്താനും കടലിനുമിടയില്‍ എന്നപോലെ, ട്രാന്‍സ്പോര്‍ട്ട് ബസിനും ടിപ്പര്‍ ലോറിക്കുമിടയില്‍ എന്നപോലെ, അരുണും പ്രേയസിയും.
:)

:: VM :: said...

സുനീഷേ.. തുട രൂ... ;)

Tomkid! said...

അരുണ്‍- കഴുവേറി!!!!

ആ അരുണിനെ പാലാ ഭാഗതേക്ക് ബസ് കാശ് കൊടുത്ത് വിട്ട് ബെര്‍ളിക്കെട്ട് രണ്ട് പൊട്ടിക്കാന്‍ പറ. തമിഴന്‍ മാരുടെ രണ്ട് പെട കിട്ടുമ്പൊ ബെര്‍ളിക്കു സുനീഷിനോടുള്ള കലിപ്പങ്ങ് മാറി കിട്ടും

preman said...

satyam para suneeshe... Thomas pala thante aara???

കുഞ്ഞന്‍ said...

അല്ല മാഷെ..

എവിടെ രണ്ടാം ഭാഗം..?

രണ്ടാം ഭാഗം വായിക്കാത്ത കാരണം ഈ ഭാഗം അത്ര സുഖമായി തോന്നിയില്ല, എന്നാല്‍ ഒന്നാം ഭാഗം കസറി എന്നു പറയാതിരിക്കാനും വയ്യ..!

ചാളിപ്പാടന്‍ | chalippadan said...

ഗീതാ ടാക്കീസിന്റെ ഒണർക്ക് കെട്ടിക്കാൻ പരുവത്തിൽ മോളില്ലാതെ പോയി. ഇല്ലെങ്കിൽ കാണായിരുന്നു. കഥ ഇനി തുരേണ്ടി വന്നേനില്ല.

ഇനിയിപ്പോ ഏതായാലും രണ്ടാം ഭാഗം വരുമല്ലോ!

nandakumar said...

"തങ്ങള്‍ കണ്ട സ്വപ്നങ്ങളുടെ കായസഞ്ചിയും തൂക്കി യാഥാര്‍ഥ്യം എപ്പോഴാണു വരികയെന്നോര്‍ത്ത് "

തമിഴന്റെ മഞ്ഞ കാ‍യ സഞ്ചിയെ കഥയില്‍ ഏച്ചുകെട്ടീയ എഴുത്തുകാരാ.. നിന്നെ നമിക്കതെ തരമില്ല..

ഇത് ഗംഭീരമായി. തുടരുക അല്ലാതെ തരമില്ല :)

വിഷം said...

സുനീഷേട്ടാ.... പോസ്റ്റുകള്‍ കലക്കി. നമ്മള്‍ മലയാളികള്‍ ആണ് ലോകത്തെ ഏറ്റവും വലിയ racists. ക്ഷമിക്കണം ...പക്ഷെ സത്യം അതാണ്‌. നമ്മള്‍ മലയാളികള്‍ എല്ലായിടത്തും പോകും, ജോലി ചെയ്യും ജീവിക്കും, എന്നാല്‍ ഒരു പുറം നാട്ടുകാരന്‍ പ്രത്യേകിച്ചും ഒരു തമിഴന്‍ നമ്മുടെ നാട്ടില്‍ കണ്ടാല്‍ പിന്നെ അവന്‍ പാണ്ടി, അണ്ണാച്ചി , ചാവാലി. അവനെ ഞോന്ടുക, മോണക്ക് കുത്തുക തുടങ്ങിയ കലാ പരിപാടികള്‍ നമ്മളുടെ സ്ഥിരം സ്വഭാവം. എന്നാല്‍ തമിഴ് നാട്ടില്‍ പോയാലും നമ്മള്‍ മലയാളികള്‍ അഭിമാനത്തോടെ അവനെ നോക്കി കൊഞ്ഞനം കാണിച്ചു ജീവിക്കുന്നു. തമിഴനുള്ള ഒരുമയോ കൂട്ടായ്മയോ ഒന്നും നമുക്കില്ല. അവന്‍റെ മോണക്ക് കുത്ത്ന്നതിനോപ്പം തന്നെ നമ്മള്‍ അവന്‍റെ കൂട്ടായ്മയും കൂടി പഠിച്ചാല്‍ നന്നായിരുന്നു.

Unknown said...

thudaroo bhaii ......

binoy c b said...

hello
evide bakki kadhaaaaaaaaaaa

Rachel Abraham said...
This comment has been removed by the author.
Rachel Abraham said...
This comment has been removed by the author.
Unknown said...

manoramayil snapakayohannante thala vannathu shradhichu kanumallo suneesh allae. just to inform you.

Powered By Blogger