Showing posts with label ചിത്രങ്ങള്‍. Show all posts
Showing posts with label ചിത്രങ്ങള്‍. Show all posts

Wednesday, August 29, 2007

ചിത്രസത്യങ്ങള്‍, അക്ഷരക്കള്ളങ്ങള്‍


ഭരണങ്ങാനം.
മാമലകള്‍ക്കപ്പുറത്ത്, മരതകപ്പട്ടുടുത്ത് ഭരണങ്ങാനം എന്നൊരു ഗ്രാമമുണ്ട്. എന്‍റെ കഥകള്‍(?) പിറവിയെടുക്കുന്ന പുണ്യഭൂമി. കഥകളിലെ കള്ളില്‍ സ്ഥിരമായി വെള്ളം ചേര്‍ക്കുന്നതുപോലെ എനിക്കെന്‍റെ പ്രിയപ്പെട്ട നാടിന്‍റെ മഹത്തായ ചരിത്രത്തില്‍ വെള്ളം ചേര്‍ക്കാനാവില്ലല്ലോ. കഥയിലെ അക്ഷരക്കള്ളങ്ങള്‍ക്ക് അടിത്തറയാകുന്ന ഭരണങ്ങാനം എന്ന സത്യം തെളിവുകളായ ചിത്രങ്ങളിലൂടെ......

ഏറ്റുമാനൂര്‍- പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ പാലായില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെ ഭരണങ്ങാനം. ഭരണങ്ങാനത്തിന്‍റെ പെരുവഴി. ഞാനും എന്‍റെ സമപ്രായക്കാരുമുള്‍പ്പെടെ അനേകര്‍ ജീവിതം പഠിച്ച, ജീവിതങ്ങളെ പഠിച്ച പെരുവഴി. ഏവിടെയാണു പഠിച്ചതെന്നു ചോദിച്ചാല്‍, ഞാനിപ്പോഴും പറയും- മെയിന്‍ റോഡ് സ്കൂള്‍ ഓഫ് ജേണലിസം!! ആ സ്കൂള്‍ ഇതാ...!!!


ഇതാണ് ഭരണങ്ങാനത്തെ ആനക്കല്ല് സെന്‍റ് മേരീസ് ഫൊറോനാ പള്ളി. ആനക്കല്ല് എന്ന പേരുവരാന്‍ ഒരു കാരണമുണ്ട്. ഒരു സഹസ്രാബ്ദത്തിനും മുന്‍പ്, ഭരണങ്ങാനത്ത് ഒരു പള്ളി പണിയണമെന്നു തീരുമാനിച്ചപ്പോള്‍ നാട്ടുകാര്‍ തമ്മില്‍ തര്‍ക്കമായി. പള്ളി എവിടെ നിര്‍മിക്കും എന്നതായിരുന്നു തര്‍ക്കവിഷയം. ചര്‍ച്ചകളിലൂടെ രഞ്ജിപ്പ് ഉണ്ടാവില്ലെന്നുറപ്പായതോടെ, മധ്യസ്ഥര്‍ ഒരു തീരുമാനമെടുത്തു. അവിടെയുണ്ടായിരുന്ന ആനയുടെ തുമ്പിക്കൈയില്‍ പള്ളി നിര്‍മിക്കേണ്ട മൂലക്കല്ല് കെട്ടിക്കൊടുക്കുക. ആന കല്ല് എവിടെ വയ്ക്കുന്നുവോ അവിടെ പള്ളി പണിയും. ഇരുകൂട്ടര്‍ക്കും ആ വ്യവസ്ഥ സ്വീകാര്യമായിരുന്നു. അങ്ങനെ, ആയിരം വര്‍ഷങ്ങള്‍ക്കും മുന്‍പ് ആന നടന്നെത്തി ആ കല്ലു വച്ചത് ഇവിടെ, എന്‍റെ വീടിനോടടുത്ത് ഈ പ്രിയപ്പെട്ട ഭൂമിയിലായിരുന്നു. അങ്ങനെ അവിടെ പള്ളി നിര്‍മിക്കപ്പെട്ടു. അടുത്തയിടെയായിരുന്നു പള്ളിയുടെ സഹസ്രാബ്ദി ആഘോഷം.


ഭരണങ്ങാനത്തെക്കുറിച്ചു പറയുമ്പോള്‍, ഈ പള്ളിനടകളെക്കുറിച്ച് പറയാതിരിക്കുന്നതെങ്ങനെ? വൈകുന്നേരമായാല്‍ ഈ പടവുകളിലെമ്പാടും അസ്തമനസൂര്യനോടു മുഖാമുഖത്തീനായി തലമുറകള്‍ നിരന്നിരിക്കും. അവരുടെ ദൈനംദിന ചര്‍ച്ചകളില്‍ ലോനപ്പന്‍ ചേട്ടന്‍റെ കടയിലെ മൈദമാവിലെ പുഴു മുതല്‍ ഇന്ത്യയുടെ ആണവനയം വരെ എന്തൊക്കെ വിഷയങ്ങള്‍. രാത്രിയേറെയാകും വരെ ഈ നടകളില്‍ പ്രായഭേദമില്ലാതെ ഒച്ചയനക്കങ്ങളുണ്ടാവും. ഇവിടെനിന്നു ഞാന്‍ കേട്ട കഥകളാണ് ഈ ബ്ളോഗില്‍ അക്ഷരജന്‍മമെടുക്കുന്നത്.

അല്‍ഫോന്‍സാമ്മയുടെ പള്ളിയിലേക്കുള്ള വഴി. വലിയ പള്ളിയുടെ കോംപൗണ്ടില്‍ത്തന്നെയാണ് അല്‍ഫോന്‍സാ ചാപ്പലും പൂന്തോട്ടവുമെല്ലാം. അല്‍ഫോന്‍സാമ്മയെ ദൈവദാസിയായി പ്രഖ്യാപിക്കുന്നതിനും മുന്‍പ് വലിയപള്ളിയുടെ സെമിത്തേരിചാപ്പലായിരുന്നു ഇത്. അവിടെ അടക്കം ചെയ്യപ്പെട്ട മഹതി പിന്നീട് കത്തോലിക്കാ സഭയുടെ അഭിമാനദീപകമായി തെളിഞ്ഞപ്പോള്‍ സെമിത്തേരി ചാപ്പല്‍ അല്‍ഫോന്‍സാമ്മ ചാപ്പലായി രൂപാന്തരപ്പെട്ടു. ഈ വഴിയില്‍ പ്രണയിച്ചു നില്‍ക്കുന്നവരെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. സ്കൂളില്‍ പഠിക്കുന്ന കാലത്ത്, ഉച്ചയൂണിനു വീട്ടിലേക്കു വെച്ചടിക്കുമ്പോള്‍, ഞങ്ങള്‍ക്കു കളിയാക്കാനും പേടിപ്പിച്ചു വിടാനും (പേടിച്ചോടാനും!) കുറേ കമിതാക്കള്‍ നാടിന്‍റെ നാനാഭാഗങ്ങളില്‍നിന്ന് ഇവിടെയെത്തുമായിരുന്നു. ഇതുവഴി പ്രണയിച്ചുനടന്നു വിവാഹം കഴിച്ചവരില്‍ ചിലരൊക്കെ ഈ ബ്ളോഗ് വായിക്കുന്നുമുണ്ടാകും. ഏതായാലും ഇപ്പോള്‍ കുറേക്കാലമായി ഇതുവഴിയാരെയും കാണാറില്ല. പ്രണയവും മരിച്ചുവോ???



ആദ്യകാഴ്യില്‍, അകലക്കാഴ്ചയില്‍ ഇതാണ് വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയുടെ ചാപ്പല്‍. അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതോടെ ഈ സുന്ദരക്കാഴ്ചയ്ക്ക് ഇനിയും പ്രസക്തിയേറും. കേരളത്തില്‍ ഏറ്റവും ഭംഗിയായി സംരക്ഷിക്കപ്പെടുന്ന കത്തോലിക്കാ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഇവിടം.


അല്‍ഫോന്‍സാ ചാപ്പലിന്‍റെ മുഖം. ആകാശമിങ്ങടുത്ത്. അല്ലേ?


അല്‍ഫോന്‍സാ ചാപ്പലിന്‍റെ ഉള്‍വശം.

ചാപ്പലിനുള്ളിലെ അല്‍ഫോന്‍സാമ്മയുടെ കബറിടം.

പാപ്പാവേദി. 1986 ഫെബ്രുവരി എട്ടിന്, കോട്ടയത്ത് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയും അല്‍ഫോന്‍സാമ്മയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത് ഈ വേദിയില്‍ വച്ചായിരുന്നു. നാമകരണച്ചടങ്ങിനു ശേഷം ആ വേദി അതേപടി ഭരണങ്ങാനത്ത് അല്‍ഫോന്‍സാ ചാപ്പലിനു തൊട്ടുമുന്‍പിലായി പുനര്‍നിര്‍മിച്ചു. ഇരുപതു വര്‍ഷത്തിലേറെയായി ഇപ്പോള്‍ ഇതിവിടെയുണ്ട്.

സെമിത്തേരി അഥവാ ശവക്കോട്ട. ഞങ്ങളുടെയൊക്കെ അപ്പനപ്പൂന്‍മാര്‍ മുതലുള്ളവര്‍ ഇവിടെയുണ്ട്. ഇതിനു സൈഡിലൂടെയാണ് നാട്ടുകാരുടെ നടപ്പുവഴി. യാഥാര്‍ഥ്യങ്ങളും കഥകളുമായി ഭരണങ്ങാനത്തെ ചിരിപ്പിക്കുന്ന ഒരുപാടു കഥകള്‍ക്ക് കാരണമായ സ്ഥലമാണിവിടം. ഞാനുമെഴുതിയിട്ടുണ്ട് കുറേ. (ലാസറിനെ ഉയര്‍പ്പിച്ച ലേസര്‍ പ്രേതം, നഷ്ടപ്രണയത്തിന്‍റെ വിഷുക്കൈനീട്ടം, പ്രഫസര്‍ ഇടപ്പാടി)


അകലെ കാണുന്നതു ഭരണങ്ങാനം സെന്‍റ് മേരീസ് ഹൈസ്കൂളിന്‍റെ പിന്‍ഭാഗം. ഞങ്ങളുടെയൊക്കെ (ഞങ്ങളുടെ അപ്പന്‍മാരുടെയും)മാതൃവിദ്യാലയം. വലിയ പള്ളിയോടു ചേര്‍ന്നാണു സ്കൂള്‍. അല്‍ഫോന്‍സാ ചാപ്പലിന്‍റെ അടുത്തുനിന്നാണ് ഈ പടമെടുത്തത്. ഇടയ്ക്കു കാണുന്ന വിശാലമായ മൈതാനം പണ്ടു ഫുട്ബോള്‍ കളിക്കളമായിരുന്നു. ഭരണങ്ങാനം സ്റ്റാലിയന്‍ സോക്കര്‍ ക്ളബ്ബിന്‍റെ ഹോം ഗ്രൗണ്ട്. അടുത്ത കാലത്ത് കളി നിന്നു.



സംഘാടകര്‍ പരസ്പരം നോക്കി, പള്ളീലച്ചന്‍ മണിമാളികയ്ക്കു മുകളിലേക്കു നോക്കി, മണിമാളികയ്ക്കു മാത്രം എങ്ങോട്ടും നോക്കാന്‍ പറ്റാത്തതിനാല്‍ അതു പഴയ പടി നിന്നു - (പശു അപ്പച്ചന്‍ അഥവാ പാവങ്ങളുടെ മറഡോണ)

പള്ളിയുടെ മണിമാളിക. ഒരു ചക്രമണി, മൂന്നു കൂട്ടമണികള്‍, ഒരു ഒറ്റമണി എന്നിവയാണിവിടെയുള്ളത്. വര്‍ഷത്തില്‍ നടക്കുന്ന മൂന്നുപെരുന്നാളുകള്‍ക്കും ഈ മണികളെല്ലാം മുഴങ്ങും. രണ്ടാം നിലയില്‍ കയറി നിന്നാണു കൂട്ടമണിയടിക്കുക. അതിത്തിരി ബുദ്ധിമുട്ടുള്ള പണിയാണ്. കയറില്‍ ഉയരത്തില്‍ പിടിച്ചു തൂങ്ങണം. അല്‍പം അധ്വാനം വേണ്ട പണി. ഒന്നൊന്നര മണിക്കൂര്‍ നീളുന്ന തിരുനാള്‍ പ്രദക്ഷിണം തീരുമ്പോളേയ്ക്കും കൈകള്‍ പൊട്ടി ഒരു പരുവമായിരിക്കും. (അടുത്തകാലത്താണ് ഒരു സത്യം മനസ്സിലാക്കിയത്. താഴത്തെ നിലയില്‍നിന്നു രണ്ടാം നിലയിലേക്കു കയറാന്‍ ചാരിവച്ചിരിക്കുന്ന ഏണി യഥാര്‍ഥത്തില്‍ ഏണി അല്ലായിരുന്നത്രേ. പണ്ടു കാലത്ത് ആളുകള്‍ മരിച്ചുകഴിയുമ്പോള്‍ ചുമക്കാന്‍ ഉപയോഗിക്കുന്ന പല്ലക്കു പോലത്തെ കുന്ത്രാണ്ടമായിരുന്നത്രേ അത്. അതില്‍ ചവിട്ടിയായിരുന്നല്ലോ കയറ്റം എന്നോര്‍ത്തപ്പോള്‍ അറിയാതെ കാലിലൊരു പെരുപ്പ്!!)

ഭരണങ്ങാനത്തിന്‍റെ ചിത്രപുരാണം തുടരും. ഇനിയെപ്പോഴെങ്കിലുമൊക്കെയായി!!!

Sunday, August 26, 2007

ഓണമില്ലാതെന്തു ഭരണങ്ങാനം?

ഞാന്‍ വീട്ടില്‍ വെറുതെ കിടന്നുറങ്ങുകയായിരുന്നു. ചെവികളില്‍ വന്നലച്ചുനിന്ന ആരവം കേട്ടാണുണര്‍ന്നത്. നേരം നട്ടുച്ച. ഈ സമയത്ത് ആര് എവിടെ എന്തിന് ഒച്ചയുണ്ടാക്കുന്നുവെന്നറിയാന്‍ ചെവി വട്ടം പിടിച്ചപ്പോള്‍ മനസ്സിലായി, ശബ്ദം കേള്‍ക്കുന്നതു ഞാന്‍ പഠിച്ച, ഇപ്പോളും അനേകം പേര്‍ പഠിച്ചുകൊണ്ടിരിക്കുന്ന എന്‍റെ മാതൃവിദ്യാലയമായ സെന്‍റ് മേരീസ് ഹൈസ്കൂളില്‍നിന്നാണു ശബ്ദം കേള്‍ക്കുന്നത്.

എന്തായിരിക്കും ശബ്ദം?

പിള്ളേരു സമരം വല്ലതും....?!!!

ഞങ്ങളൊക്കെ പഠിച്ചിറങ്ങിയ ശേഷം സ്കൂളിലിതു വരെ സമരം നടന്നിട്ടില്ല. സമരം സമരം സമരം.... എനിക്കങ്ങു ത്രില്ലായി. ഞാനിറങ്ങിയോടി. നേരെ സ്കൂളിലേക്ക്. അവിടെ ചെന്നപ്പോള്‍ സ്കൂളില്‍ ആരുമില്ല. പിള്ളേരു സമരവും വിജയിപ്പിച്ചു വീട്ടില്‍പ്പോയിക്കാണുമോ?

നേരെ സ്കൂളിലേക്കു നടന്നു കയറിയപ്പോളാണു കണ്ടത്, ദേണ്ടെ കിടക്കുന്നു അതിഗംഭീരമായ ഒരു ഓണപ്പൂക്കളം.
കാര്യങ്ങളുടെ കിടപ്പ് പൂക്കളത്തിന്‍റെ കിടപ്പു കണ്ടപ്പോളാണ് എനിക്കു പിടികിട്ടയത്.പിള്ളേര് ഒച്ചയുണ്ടാക്കിയതു വെറുതെയല്ല. ഓണാഘോഷമാണ്. സ്കൂള്‍ അടയ്ക്കുന്ന ദിവസം സ്കൂള്‍ വക ഓണാഘോഷം. ഞങ്ങളു പഠിക്കുന്ന കാലത്ത് ഓണം പോയിട്ട് ക്രിസ്മസ്, വിഷു, റംസാന്‍ തുടങ്ങിയ അനേകം ആഘോഷങ്ങള്‍ വന്നിട്ടും സ്കൂളില്‍ ആര്‍ക്കും ഒരു കോലുമുട്ടായി പോലും കിട്ടിയിട്ടില്ല. എനിക്കു സ്കൂളില്‍ പഠിക്കുന്നവരോടും പഠിപ്പിക്കുന്നവരോടും കടുത്ത അസൂയ തോന്നിയില്ലെങ്കില്‍ ഞാനൊരു മനുഷ്യനാണോ? വന്ന സ്ഥിതിക്ക് പിള്ളേരുടെ ഓണാഘോഷം കണ്ടിട്ടു തന്നെ കാര്യം!! നേരെ നടന്നു. അപ്പോളതാ, വിശാലമായ പള്ളിമുറ്റത്ത് ഉഗ്രനൊരു വടംവലി മല്‍സരം നടക്കുന്നു. വടം വലിക്കുന്നതു ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പെണ്‍കുട്ടികള്‍. ആരവം മുഴക്കി ആണ്‍കുട്ടികള്‍.


പെണ്‍കുട്ടികളുടെ വടംവലി മല്‍സരം കഴിഞ്ഞു. ഇനി ഘടാഘടിയന്‍മാരായ ആണ്‍കുട്ടികളുടെ മല്‍സരം. ആവേശം കുന്നുകയറിയപ്പോള്‍, കൂട്ടത്തില്‍ പഠിക്കുന്നവന്‍മാരെ പ്രോല്‍സാഹിപ്പിക്കുന്ന പെണ്‍കുട്ടി. ഈ ഡിപിഇപി നടപ്പാക്കിയവന്‍മാര്‍ക്ക് ഒരു പത്തുവര്‍ഷം മുന്‍പ് ഇതു നടപ്പാക്കിക്കൂടായിരുന്നോ?!!!


വടംവലി വിജയികള്‍ക്കെന്താണു സമ്മാനം? ദേണ്ടെ വാഴക്കുല. ഇതിനെയൊക്കെ വാഴക്കുല എന്ന വിളിക്കുന്നതിനെതിരെ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയില്‍ കേസിനു പോകാവുന്നതാണ്. ഓണമായതിനാല്‍ ഇതുപോലെ രണ്ടെണ്ണം തന്നെ സംഘടിപ്പിച്ചതു കഷ്ടപ്പെട്ടാണെന്നു കണ്‍വീനര്‍ സാറു പറയുന്നു. വലിപ്പം കുറഞ്ഞാലും കുല വാഴക്കുല തന്നെ.

ഞങ്ങളുടെ പിന്‍മുറക്കാരും ക്രിയേറ്റിവിറ്റിയുടെ കാര്യത്തില്‍ പിന്നോട്ടല്ലെന്നു പിടികിട്ടി. ഇന്‍ഡ്യന്‍ ടീം വല്ലപ്പോഴുമൊരിക്കല്‍ ക്രിക്കറ്റ് ജയിക്കുമ്പോള്‍ ഷാംപെയിന്‍ പൊട്ടിച്ചു രസിക്കുന്നതിന്‍റെ പടം പത്രത്തില്‍ കണ്ടിട്ടാവണം, ലവന്‍മാര്‍ രണ്ടുകുപ്പിയില്‍ വെള്ളം നിറച്ച് അതു പൊട്ടിച്ചു തെറിപ്പിച്ചു രസിക്കുന്നത്.

അങ്ങനെ ഓണാഘോഷം കൊടിയിറങ്ങി. ഇനി അടുത്ത വര്‍ഷം വരെ നാവിലും മനസ്സിലും മധുരമൂറുന്ന ഓണസ്മൃതികള്‍ ബാക്കിനിര്‍ത്തി പായസവിതരണം.
ഹും.... അതും കഴിഞ്ഞു. പായസച്ചെമ്പ് അടുത്ത ഓണം വരെ ഇനിയിങ്ങനെ കഴിഞ്ഞകാല ഓര്‍മകളുടെ മധുരവുമായി തപസ്സിരിക്കും.

Friday, August 03, 2007

പെരുന്നാള്‍ വിശേഷങ്ങള്‍

ഭരണങ്ങാനത്ത് വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ കൊടിയിറങ്ങി. അല്‍ഫോന്‍സാമ്മ വിശുദ്ധ പദവിക്ക് അര്‍ഹയാണെന്നു വത്തിക്കാന്‍ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യത്തെ തിരുനാളായിരുന്നു ഇത്. അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥം തേടി ഇത്തവണയെത്തിവരുടെ കണക്ക് മുന്‍വര്‍ഷങ്ങളുടെ ഇരട്ടിയോളുമുണ്ടായിരുന്നു. പെരുനാള്‍ ചിത്രങ്ങിളിലൂടെ.....


അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രധാന തിരുനാള്‍ പ്രദക്ഷിണം അല്‍ഫോന്‍സാ ചാപ്പലില്‍നിന്നിറങ്ങിയപ്പോള്‍. തൊട്ടുമുകളില്‍ കാണുന്നതാണു പപ്പാവേദി. 1986ല്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ അല്‍ഫോന്‍സാമ്മയെയും ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും വാഴ്ത്തപ്പെട്ടവരായി പേരുവിളിച്ചത് ഈ മണ്ഡപത്തില്‍ വച്ചായിരുന്നു. ആ മണ്ഡപം പിന്നീട് പപ്പാവേദി എന്ന പേരില്‍ അല്‍ഫോന്‍സാമ്മയുടെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്ന ചാപ്പലിനു മുന്നിലായി പുനര്‍നിര്‍മിച്ചു. പ്രദക്ഷിണത്തിന്‍റെ മുന്‍പന്തിയിലുള്ളവരിലേറെയും നാട്ടുകാര്‍ തന്നെയാണ്. (മിക്കവരും ഇതിന്നകം തന്നെ പല കഥകളിലായി വേഷമിട്ടുകഴിഞ്ഞവര്‍!! )




പെരുന്നാളിന്‍റെ ഭാഗമായുള്ള നേര്‍ച്ച വിതരണം. ചോറും വന്‍പയറും പിന്നെ നാരങ്ങാ അച്ചാറുമാണു നേര്‍ച്ചഭക്ഷണം. രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് അഞ്ചുമണി വരെ നേര്‍ച്ചയുണ്ടാവും. ആറു കൗണ്ടറുകളിലായി രാവിലെ മുതല്‍ വൈകിട്ടുവരെ ഒരേ തിരക്കായിരിക്കും. നേര്‍ച്ച വിതരണം ഇടവക്കാരുടെ ചുമതലയാണ്. തിരക്കുകൂടിക്കഴിഞ്ഞപ്പോള്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കുട്ടികളെയും നേര്‍ച്ച വിതരണത്തിനു വിളിച്ചു. അവരാണു പടത്തില്‍ എന്നു തോന്നുന്നു.



പെരുന്നാല്‍ പ്രദക്ഷിണം കുരിശിന്‍തൊട്ടി വലംവയ്ക്കുന്നു. ഇപ്പോള്‍ പള്ളിയുടെ വലത്തുവശത്തുള്ള ഹൈസ്കൂളിന്‍റെ സൈഡില്‍നിന്നു മാലപ്പടക്കങ്ങളും ഗുണ്ടും പൊട്ടും. പ്രദക്ഷിണം കുരിശിന്‍തൊട്ടി വലംവയ്ക്കുന്ന സമയത്ത് പറയുന്ന എല്ലാക്കാര്യവും ഫലിച്ച ചരിത്രമേ എനിക്കുള്ളൂ. പടക്കം പൊട്ടിക്കഴിഞ്ഞാല്‍ പൊട്ടാതെ കിടക്കുന്ന പടക്കം പെറുക്കാന്‍ പോകുന്ന അലമ്പുപിള്ളേരു കൂട്ടത്തില്‍ പത്തുവര്‍ഷം മുന്‍പുവരെ ഞാനുമുണ്ടായിരുന്നു...!പടത്തിനു പുറകില്‍ കാണുന്ന കുരിശു ചില്ലറക്കാരനല്ല. ഇരുപത്തഞ്ച് അടിയോളം പൊക്കമുള്ള ഒറ്റക്കല്ലില്‍ തീര്‍ത്തതാണു കുരിശ്. തമിഴ്നാട്ടില്‍നിന്നു നിര്‍മിച്ചുകൊണ്ടു വന്ന കുരിശ് കഴിഞ്ഞയിടെയാണ് അവിടെ സ്ഥാപിച്ചത്.

സംഗതി ബാന്‍ഡ് ഡിസ്പ്ളേ തന്നെ. സംസ്ഥാന സ്കൂള്‍ യുവജനോല്‍സവത്തിനാണ് ഇതിനു മുന്‍പു കണ്ടിട്ടുള്ളത്. ഇതു ഭരണങ്ങാനം സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂളിലെ ബാന്‍ഡ്സെറ്റ് കുട്ടികള്‍. പെരുന്നാളിന് അവരുടെ വക ആഘോഷം.

പെരുന്നാളിനു വരാന്‍ കഴിയാത്തവര്‍ക്കും ഇപ്പോള്‍ സന്തോഷമായെന്നു കരുതുന്നു. ഇനിയാരും പെരുന്നാളു കൂടാന്‍ പറ്റിയില്ല എന്നു പറഞ്ഞേക്കരുത്..!
:)
പടങ്ങള്‍ വലുതാക്കി കാണാന്‍ ഓരോ പടത്തിന്‍റെയും മുകളിലുള്ള ടെക്സ്റ്റില്‍ ക്ളിക്കു ചെയ്യുക.
Powered By Blogger