ഈ കഥയിലെ നായകന് ഒരു ഒഫിഷ്യല്‍ പേരില്ല. സ്കൂളിലും സണ്‍ഡേ സ്കൂളിലും പാസ്പോര്‍ട്ടിലും വെവ്വേറെ ഒഫിഷ്യല്‍ പേരുകളുണ്ടെന്കിലും നാട്ടില്‍ ഇദ്ദേഹത്തിന് ഒരേയൊരു പേരേയുള്ളൂ.
വാച്ചുകെട്ടിയ പന്നി.
നേരിട്ടു കണ്ടാല്‍ പുലിയാണദ്ദേഹം. പക്ഷേ അങ്ങനെയാരും അദ്ദേഹത്തെ വിളിച്ചില്ല. പകരം, അദ്ദേഹത്തിന്റെ അഭാവത്തില്‍ വാച്ചുകെട്ടിയ പന്നി എന്ന അസുരനാമം പ്രചുരപ്രചാരം നേടി.
അദ്ദേഹമെങ്ങനെ വാച്ചുകെട്ടിയ പന്നിയായി?
അതാണു കഥ. വെറും കഥ മാത്രമല്ലിത്. ചരിത്രമുറങ്ങുന്ന കഥ!!!
പതിറ്റാണ്ടുകള്‍ മുന്‍പത്തെ പാലാ സെന്റ് തോമസ് കോളജ്.
സെന്റ് തോമസ് കോളജിന്റെ അതിരുകള്‍ക്ക് തൊട്ടപ്പുറത്ത് അല്‍ഫോന്‍സാ കോളജ്. ഇരുകോളജുകളുടെയും മതിലുകള്‍ക്കിടയിലൂടെ കോമണ്‍ സെന്‍സില്ലാതെ കടന്നു പോകുന്നതു കോട്ടയം-പാല ടാര്‍ റോഡ്. റോഡരികില്‍ നിറയെ വന്‍മരങ്ങള്‍. പരമുവിന്റെയും ഡീസല്‍ കൊച്ചാപ്പിയുടെയും ചായക്കടകള്‍.
ഓരോ വിദ്യാര്‍ഥി സമരവും തൊണ്ട കീറീ സെന്റ് തോമസ് വിജയിപ്പിച്ചിരുന്നത് അല്‍ഫോന്‍സയ്ക്കു വേണ്ടിയായിരുന്നു.
അല്‍ഫോന്‍സയുടെ മുന്നിലൂടെ നെഞ്ചുവിരിച്ചു നടക്കാമല്ലോ എന്നോര്‍ത്ത്.
ഇന്നിനി ക്ളാസില്ലെന്ന പ്രിന്‍സിപ്പലിന്റെ കുറിപ്പടി വരുമ്പോള്‍ സെന്റ് തോമസില്‍നിന്ന് ഉയര്‍ന്നിരുന്ന ആരവം പണ്ട് അല്‍ഫോന്‍സയുടെ അകത്തളങ്ങളെ വരെ കിടിലം കൊള്ളിക്കുമായിരുന്നു. ഓരോ സമരവിജയഘോഷയാത്രയും അല്‍ഫോന്‍സയുടെ മുന്നില്‍ ചെന്നു നെടുവീര്‍പ്പെട്ടു നില്‍ക്കും.
അപ്പോള്‍ അല്‍ഫോന്‍സയില്‍ നടന്നുകൊണ്ടിരിക്കുന്ന ക്ളാസുകളില്‍നിന്ന് ഒറ്റ പെണ്‍കുട്ടി പോലും പുറത്തേക്കു നോക്കില്ല. ഒടുവില്‍ സുന്ദരാംഗികളുടെ കടാക്ഷ മധുരം കിട്ടാതെ സെന്റ് തോമസുകാര്‍ യാത്ര തുടരും. മാമാന്കത്തിനെത്തിയ ചാവേറുകളെപ്പോലെ...
പിന്നെയതു നീളുക, പാലായിലെ മറ്റു വിദ്യഭ്യാസ സ്ഥാപനങ്ങളിലേക്കാണ്. അവിടെ സമാധാനപരമായി നടന്നുകൊണ്ടിരിക്കുന്ന പഠിപ്പുമുടക്കുക ഉദ്ദേശം. സെന്റ് തോമസ് ഹൈസ്കൂള്‍, സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍, സെന്റ് മേരീസ് പാരലല്‍ കോജജ്, മേരിമാതാ നഴ്സറി സ്കൂള്‍, കുറ്റിയാന്കല്‍ റബര്‍ നഴ്സറി എന്നു തുടങ്ങി പാലായിലെ സകലസ്ഥാപനങ്ങളിലും സമരത്തിന്റെ അലകളെത്തും.
ആകാശത്തേക്കു മുഷ്ടി ചുരുട്ടിയെറിഞ്ഞ് മീനിച്ചിലാറിനെ പുളകം കൊള്ളിച്ചു നീങ്ങുന്ന ആ ഘോഷയാത്ര അവസാനിക്കുക, പാലാപ്പട്ടണത്തിന്റെ കിഴക്കേയറ്റത്തെ മഹാറാണി തീയേറ്ററിനു മുന്നിലാണ്. പ്രകടനത്തില്‍ ബാക്കിയുള്ളവര്‍ അവിടെ സിനിമയ്ക്കു കയറുന്നതോടെ സമരവിജയ ഘോഷയാത്രയ്ക്ക് ഔദ്യോഗിക പരിസമാപ്തിയാകും.
തുടക്കത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍ മാര്‍ഗമധ്യേ കൊട്ടാരമറ്റം ഷാപ്പ്, രാജധാനി, മേരിയ, ബ്ളൂമൂണ്‍ ബാറുകള്‍, യൂണിവേഴ്സല്‍, ന്യൂ തീയേറ്ററുകള്‍ തുടങ്ങിയിടങ്ങളില്‍ അപ്പോഴേയ്ക്കും ഇരിപ്പുറപ്പിച്ചിട്ടുണ്ടാവും. ഇക്കൂട്ടത്തില്‍പെടാത്ത ചിലര്‍ അപ്പോഴും കോളജിന്റെ പരിസരങ്ങളിലൂടെ തുപ്പലു വിഴുങ്ങി നടക്കും. അവര്‍ പില്‍ക്കാലത്ത് ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമായി ജീവിതം കോഞ്ഞാട്ടയാക്കി...!
മൊബൈല്‍ ഫോണ്‍ എന്ന സാധനം പ്രണയത്തിന്റെ മധ്യവര്‍ത്തിയാകുന്നതിനു മുന്‍പത്തെ ആദര്‍ശ പ്രണയത്തിന്റെ നാളുകളായിരുന്നു അവ.
അക്കാലത്തു ചിലര്‍ പ്രണയപാരവശ്യത്താല്‍ കവികളായി. മീനിച്ചിലാറിന്റെ കരയില്‍ അവര്‍ കവിതകളെ പെറ്റു. റബര്‍ മണമുള്ള ആ കവിതകളുടെ കാറ്റേറ്റ് മീനിച്ചിലാര്‍ പൂസായൊഴുകി.
ആദര്‍ശം പോക്കറ്റിലിരിക്കട്ടെ എന്നു പറഞ്ഞു തിരസ്കരിക്കപ്പെട്ട ചില പ്രണയങ്ങള്‍ പുലിയന്നൂര്‍ ഷാപ്പിലിരുന്ന് ദുഖം കുടിച്ചിറക്കി. കപ്പാസിറ്റി കഴിഞ്ഞും ദുഖം അകത്താക്കിയവര്‍ പിന്നീട് സന്കടം ഛര്‍ദിച്ചു വഴിയരുകില്‍ കിടന്നു.
എണ്‍പതുകളുടെ അവസാനമായിരുന്നു അത്.
ഇലക്ഷന്റെ ചൂട് സെന്റ് തോമസിനെ ചുട്ടുപൊള്ളിക്കുന്നതിനിടെ രക്ഷയില്ലെന്നു മനസ്സിലാക്കിയ ഒരു സ്ഥാനാര്‍ഥിയദ്ദേഹമാണ് ആദ്യമായി ആ കടുംകൈയ്ക്കു തുനിഞ്ഞത്!
ഇന്‍സ്റ്റഡ് ഓഫ് വോട്ട്, വീ വാണ്ട് ബോട്ടില്‍ വിളികളുടെ മൂര്‍ധന്യത്തില്‍ കയ്യിലെ പണം തീരുമെന്നുറപ്പായപ്പോള്‍ ആശാന്‍ ചെയ്തൊരു കടുംകൈ-
എതിര്‍സ്ഥാനാര്‍ഥിയുടെ പേരില്‍ ഈയദ്ദേഹമിറക്കിയ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം ഇതായിരുന്നു
ഞാന്‍ ചെയര്‍മാനായാല്‍ സെന്റ് തോമസിനും അല്‍ഫോന്‍സയ്ക്കുമിടയില്‍ ഓവര്‍ബ്രിജ് പണിയും.!!!
അതുവരെ ആരും അത്തരമൊരു സാധ്യതയെക്കുറിച്ചു ചിന്തിച്ചിരുന്നില്ല.
പിന്നീട് എന്തു സംഭവിച്ചു?
ബ്ളോഗില്‍ വീഴുന്ന അനോണിമസ് കമന്റ് പോലെ, കല്യാണത്തേലന്ന് ചെക്കന്റെ വീട്ടില്‍കിട്ടുന്ന ഊമക്കത്തു പോലെ, അജ്ഞാതമായ ഈ പ്രകടനപത്രികയുടെ കര്‍ത്താവിനെത്തേടി അന്വേഷണമാരംഭിച്ചു.
അന്വേഷണം ഏതാണ്ടു പരിസമാപ്തിയിലെത്തി നില്‍ക്കേ, കോളജില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ അടി പൊട്ടി. ചെറിയ അടിയായി തുടങ്ങിയ അത് വലിയ അടിയായി വളര്‍ന്നു.
കാരണം അജ്ഞാത പ്രകടന പത്രിക.!
അടി കിട്ടിയവര്‍ കിട്ടിയ കാര്യം ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് പാഞ്ഞുകൊണ്ടിരിക്കെ, ക്യാംപസില്‍ പൊലീസെത്തി.
കോളജിന്റെ മുന്നില്‍ ബ്രേയ്ക്കിട്ടുനിന്ന വില്ലീസ് ജീപ്പിന്റെ മുന്‍സീറ്റില്‍നിന്ന് ആദ്യമിറങ്ങിയത് എസ് ഐ വവ്വാല്‍ പാപ്പച്ചന്‍.
തൊപ്പി നേരെയാക്കി, ജയന്‍ സ്റ്റൈലില്‍ പാപ്പച്ചന്‍ ഓര്‍ഡറിട്ടു.
നിര്‍ത്തെടാ പുല്ലുകളേ.. (തലയോട്ടി, കുരിശ്, നക്ഷത്രം....ഫാന്റം സ്റ്റൈല്‍ തെറി)
അതു കേട്ടതും അടി നിന്നു.
അഭിമാന പൂരിതമായ അന്തരംഗത്തോടെ, അദ്ദേഹം സബോര്‍ഡിനേറ്റ്സായ പിസികളെ നോക്കി മീശയില്‍ വിരലുകൊണ്ടു വീണ വായിക്കാന്‍ തുടങ്ങി.
അപ്പോഴാണ് അതു സംഭവിച്ചത്...!
അമ്മച്ചി അതിരാവിലെ സസ്നേഹം പൊതിഞ്ഞുകെട്ടിക്കൊടുത്ത പൊതിച്ചേറുകളിലൊന്ന് ഏതോ കുരുത്തംകെട്ടവന്‍ എസ് ഐ അദ്ദേഹത്തിന്റെ നെറുകം തല ഉന്നം വച്ചെറിഞ്ഞു.
ഉന്നം തെറ്റിയില്ല.
കല്ലേറിനെക്കാള്‍ ഭീകരമായ എന്തോ ഒന്ന് അപ്രതീക്ഷിതമായി തലയില്‍ പതിച്ച അദ്ദേഹം ബോധം വീണ്ടെടുക്കാന്‍ രണ്ടുനിമിഷമെടുത്തു.
അപ്പോഴേയ്ക്കും പൊതിയ്ക്കുള്ളിലെ മീന്‍ചാര്‍ കഴുത്തു വഴി താഴേയ്ക്ക് ഒലിച്ചിറങ്ങിയിരുന്നു. അപ്പന്‍ കാണാതെ കെട്ടിക്കൊടുത്ത ഉണക്കിറച്ചി വറുത്തത് ഒരെണ്ണം അദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ കോളറില്‍, തേങ്ങയിട്ടു പൊരിച്ച മുട്ടയൊന്നു തലയില്‍...!!
ദേഷ്യം കൊണ്ടു സംഹാരമൂര്‍ത്തി മഹേശ്വരനായ എസ് ഐ, ഐ.വി. ശശിയെപ്പോലെ അലറി...
ആക്ഷന്‍....!!!
പിന്നെയവിടെ നടന്നത് അടിയായിരുന്നു.
പൊലീസിന്റെ കയ്യില്‍ ലാത്തി. വിദ്യാര്‍ഥികളുടെ പ്രധാന ആയുധം പൊതിച്ചോര്‍.
ലാത്തി, പൊതിച്ചോര്‍... പൊതിച്ചോര്‍, ലാത്തി....
പൊതിച്ചോര്‍ തീര്‍ന്നിട്ടും ലാത്തി തീര്‍ന്നില്ല, അഥവാ ലാത്തിയടി തീര്‍ന്നില്ല.
അപ്പോഴേയ്ക്കും അടുത്ത രണ്ടു വണ്ടി പൊലീസ് കൂടി സ്ഥലത്ത് എത്തിയിരുന്നു.
ഇപ്പോഴാണു ആദ്യം പരാമര്‍ശിച്ച്, ബോധപൂര്‍വം ഉപേക്ഷിച്ച നമ്മുടെ കഥാനായകന്റെ രംഗപ്രവേശം.
അദ്ദേഹവും ആ കോളജിലെ വിദ്യാര്‍ഥിയായിരുന്നു. അടി തുടങ്ങിയപ്പോള്‍ ലൈബ്രറിയില്‍ വിലയം പ്രാപിച്ച അദ്ദേഹം വേഗം സഥലം വിടാനുള്ള ഒരുക്കത്തിലായിരുന്നു അവിടെ എത്തിയത്...
പരമുവിന്റെ ചായക്കടയിലേക്കു നീങ്ങിയ അദ്ദേഹത്തിന് ഒരു കാര്യം മനസ്സിലായി.. ഇനിയിവിടെ നില്‍ക്കുന്നതു പന്തിയല്ല...
കുരുട്ടുബുദ്ധി കണ്ടു പിടിച്ചത് അദ്ദേഹമായിരുന്നതിനാല്‍ മറ്റൊന്നും ചിന്തിച്ചില്ല, റോഡരികില്‍ കിടന്ന ഒരു പഴയ കുപ്പിയെടുത്ത് കയ്യില്‍ പിടിച്ചു, കയ്യിലുണ്ടായിരുന്ന പുസ്തകം ഓടയിലേക്കെറിഞ്ഞു, അവിടെ കിടക്കട്ടെ, ആരും എടുത്തോണ്ടു പോവില്ലല്ലോ...!
കയ്യില്‍ കുപ്പിയും കാലില്‍ മനപ്പൂര്‍വം ചെറിയ ചട്ടുമായി മുന്നോട്ടു നടന്ന അദ്ദേഹത്തിന്റെ മുന്നിലേക്ക് ഒരു പൊലീസുകാരന്‍ ചാടി വീണു...
കുപ്പിയുമായി എങ്ങോട്ടാടാ..
വിനയാന്വിതനായി അദ്ദേഹം മറുപടി മൊഴിഞ്ഞു...
ചാച്ചനു വാതത്തിന്റെ സൂക്കേട്... അല്‍പം കൊഴമ്പു വാങ്ങാന്‍ വന്നതാ സാറേ... ഞാനീ കോളജിലുള്ളതല്ല....
അതു പക്ഷേ ഏറ്റില്ല, സുഖസുന്ദരമായ വേദന സമ്മാനിച്ചുകൊണ്ട് ലാത്തിയൊന്ന് അദ്ദേഹത്തിന്റെ മുതുകത്തു തന്നെ വന്നുവീണു...
അയ്യോ...
പുറത്തുവന്ന കരച്ചില്‍ നൂറുകണക്കിനു സമാനമായ കരച്ചിലുകള്‍ക്കിടയില്‍പ്പെട്ട് ഡൈല്യൂട്ടായിപ്പോയി...!!
അദ്ദേഹം ഓടി. പിന്നാലെ പൊലീസും. അടിയുടെ വേദനയില്‍ അദ്ദേഹം ജെസ്സി ഓവന്‍സായി.. പൊലീസുകാരന് എത്ര ശ്രമിച്ചിട്ടും ഒളിംപ്യന്‍ സുരേഷ് ബാബുവാകാനേ കഴിഞ്ഞുള്ളൂ..
അങ്ങനെ ഓരോ സെക്കന്‍ഡിലും ലീഡുയുര്‍ത്തി അദ്ദേഹം കുതിക്കെ എതിരെ നിന്നു വരുന്നു അതാ ഒരു പൊലീസ് വാന്‍...!
പന്തം കൊളുത്തിപ്പട പാലായില്‍നിന്നോ എന്ന് ചിന്തിച്ചുകൊണ്ട് മറ്റൊന്നുമാലോചിക്കാതെ അദ്ദേഹം തൊട്ടടുത്തു കണ്ട മതിലുചാടി...
മതിലു ചാടിയ അദ്ദേഹത്തിനു മുന്നില്‍ മറ്റൊരു മതിലു വീണ്ടും..!!
അതും ചാടി.
അതൊരു പന്നിക്കൂടായിരുന്നു...
അപ്പോഴാണ് ചാട്ടത്തിന്റെ തകൃതിയില്‍ ആലോചിക്കാന്‍ സമയം കിട്ടാതിരുന്ന അദ്ദേഹം അതോര്‍ത്തത്...!
കന്യാസ്ത്രീമാര്‍ നടത്തുന്ന അസംപ്ഷന്‍ വനിതാ ഹോസ്റ്റലിന്റെ മതിലു ചാടിയ താനിപ്പോളിരിക്കുന്നത് അവിടുത്തെ പന്നിക്കൂട്ടിലാണ്.
ഇവിടെനിന്ന് ഇപ്പോഴെങ്ങാനും ഇറങ്ങിപ്പോകുന്നതു കണ്ടാല്‍ നാട്ടുകാരുടേതടക്കം അടി വേറെ കിട്ടും. രണ്ടായാലും അടി ഉറപ്പാണെന്ന് ഉറപ്പിച്ച അദ്ദേഹം പുറത്തെ ശബ്ദങ്ങള്‍ക്കു കാതോര്‍ത്തു...
റോഡില്‍ അടി തുടരുകയാണ്. അതൊന്നു ശമിച്ചിട്ടു രക്ഷപ്പെടലിനെക്കുറിച്ചാലോചിക്കാം...
പൊലീസുവക അടി കിട്ടിയ ഭാഗത്ത് തണുത്ത എന്തോ സ്പര്‍ശിച്ചതിന്റെ ഞെട്ടലില്‍ അദ്ദേഹം ചിന്തയില്‍നിന്നുണര്‍ന്നു. അതൊരു പന്നിയായിരുന്നു. തിന്നാനുള്ള ചക്കമടലോ മറ്റോ ആയിരിക്കുമെന്നു കരുതി ഓടിയെത്തിയ പന്നി നിരാശനായി.
സമയം, പന്നികളെപ്പോലെ പെറ്റുപെരുകി.
വെയിലു താണു, ഉച്ചകഴിഞ്ഞു. അദ്ദേഹത്തിന്റെ കയ്യിലെ വാച്ചില്‍ സമയം രണ്ടുമണി.
റോഡിലെ ബഹളം ശമിച്ചു. എന്കിലും രക്ഷപ്പെടാന്‍ മനസ്സുവരുന്നില്ല. വഴിയില്‍ കാണുന്ന പൊലീസുകാരന്‍ വീണ്ടും അടി തന്നാലോ....അല്‍പം കൂടി കഴിയട്ടെ...
കഥയുടെ ട്വിസ്റ്റ് അപ്പോഴാണുണ്ടായത്...!
കുട്ടികള്‍ക്കു വൈകിട്ടത്തെ ഭക്ഷണമായ ചക്ക വേയിച്ചതുണ്ടാക്കാനായി വെട്ടിയ ചക്കയുടെ മടലും കൂഞ്ഞിയും മറ്റുമായി കോണ്‍വെന്റിലെ വേലക്കാരി അച്ചമ്മച്ചേടത്തി പന്നിക്കൂടിന് അടുത്തെത്തി. അകത്തിരിക്കുന്നയാള്‍ അച്ചാമ്മ ചേടത്തിയെയോ അച്ചാമ്മ ചേടത്തി അകത്തിരിക്കുന്നയാളെയോ കണ്ടില്ല.
പതിവിന്‍ പടി, കയ്യിലിരുന്ന വലിയ കുട്ടയിലെ ചക്കമടല്‍ അച്ചാമ്മ ചേടത്തി പുറത്തുനിന്നു മതിലുവഴി പന്നിക്കൂട്ടിനകത്തേക്കു തള്ളി..
അതു വന്നു പതിച്ചത് അദ്ദേഹത്തിന്റെ തലയില്‍..!!
പെട്ടെന്നുണ്ടായ ഞെട്ടലില്‍ അദ്ദേഹം വലതു കൈ നിലത്തുകുത്തി ഇടതു കൈ മതിലില്‍ പിടിച്ച് ചാടിയെഴുന്നേറ്റു.
പുറത്തുനിന്ന അച്ചാമ്മ ചേടത്തി ആകെ കണ്ടത് ഒരു കൈ, ഒരേയൊരു ഇടംകൈ...അതു കണ്ടു ഞെട്ടിയ അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു....
സിസ്റ്ററേ.... ഓടി വായോ....
ഇതാണ്ടെയോ ഇവിടെയൊരു വാച്ചുകെട്ടിയ പന്നീ......!!!!!
(അങ്ങനെയദ്ദേഹം നാട്ടുകാരുടെ പ്രിയപ്പെട്ട വാച്ചുകെട്ടിയ പന്നി ആയി..!)
16 comments:
പാലാ സെന്റ് തോമസില്‍ അന്നു നടന്ന പൊലീസ് ലാത്തിച്ചാര്‍ജിനെത്തുടര്‍ന്നാണ്, ക്യാംപസുകളില്‍ പ്രിന്‍സിപ്പലിന്റെ അനുവാദമില്ലാതെ പൊലീസ് കയറാന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് വന്നത്.
അന്ന് പൊലീസിന്റെ അടി വാങ്ങിയവര്‍ വിദ്യാര്‍ഥികളെക്കാള്‍ കൂടുതല്‍ അധ്യാപകരായിരുന്നു.
ഞങ്ങളുടെ ഫിസ്ക്സ് പ്രഫസര്‍ ആയിരുന്ന (പെന്‍ഷന്‍ പറ്റി) മൂലേല്‍സാര്‍ ഇടയ്ക്കിടെ ആ അടിയുടെ കഥ പറയുകയും അടികൊണ്ട പാടു കാട്ടിത്തരികയും ചെയ്യുമായിരുന്നു...!!!
Dear Sunish,
The way you told the story is quite interesting.But it very far from truth. I was a student at STC on that fateful day.
Prof.Moolayil used to teach us optics. He was a councillor of Pala Municipality.
Best wishes.
Harold
പ്രിയ ഹാരോള്‍ഡ്,
ഈ കഥയുടെ ത്രെഡ് സെന്റ് തോമസിലെ അടിയല്ല, അത് കഥ പറയാന്‍ തിരഞ്ഞെടുത്ത പശ്ചാത്തലം മാത്രമാണ്.
അങ്ങനെ മുന്‍പ് നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ഒരു കഥയ്ക്ക് ഒരേസമയം ചരിത്രത്തോടും (സത്യം) ക്രിയേറ്റിവിറ്റിയോടും നീതി പുലര്‍ത്താന്‍ ബുദ്ധിമുട്ടാണ്.
ഇത്തരം കമന്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
സസ്നേഹം,
എഴുത്തുകാരന്‍.
"ചാച്ചനു വാതത്തിന്റെ സൂക്കേട്... അല്‍പം കൊഴമ്പു വാങ്ങാന്‍ വന്നതാ സാറേ... ഞാനീ കോളജിലുള്ളതല്ല...."
കണ്ടുപിടിച്ച വഴി കൊള്ളാം..പക്ഷേ ഏറ്റില്ലല്ലേ!..
നന്നായി എഴുതിയിരിക്കുന്നു.രസിച്ചു വായിച്ചു:)
കലക്കി ആശാനേ....കലക്കി..
പാലാക്കാരുടെ ബ്ലോഗിലെ സാന്നിധ്യം ചര്‍ച്ചാവിഷയമായിക്കളിഞ്ഞു...
അല്‍ഫോന്‍സയുടെ മുന്നില്‍ നെടുവീര്‍പ്പുകളായി അവസാനിക്കുന്ന സെന്റ് തോമസിന്റെ സമരവീര്യം ഗംഭീരമായി വരച്ചു കാട്ടി. പഴയ സെന്റ് തോമസുകാരന്റെ അഭിവാദ്യങ്ങള്‍...
തകര്‍ക്കുക...
നല്ല കമന്റുകള്‍ ഇടുന്നതിന് ചെലവ് ചെയ്യണം... ഇല്ലെങ്കില്‍ ഇന്നാ പിടിച്ചോ...
എന്തൊരു അലമ്പ് പോസ്റ്റാ അളിയാ ഇത്...
ഇങ്ങനെയൊരു ചെറിയ കാര്യം പറയാന്‍ വേണ്ടി ചുമ്മാ വലിച്ചു നീട്ടണമാരുന്നോ ?
ഭയങ്കര നീളം...
മേലില്‍ എഴുതിയേക്കരുത്...
:-)
സുനിഷ് മാഷേ, ലവനാണ് ഇസ്മായീലി. അവന്റ്റെ അര്‍ഥമാണ് വായിച്ചു, ചിരിച്ചു പോകുന്നു. സൂപ്പര്‍നൊന്നും പറയാന്‍ പറ്റില്ലെങ്കിലും കുഴപ്പമില്ല എന്നര്‍ത്ഥം.
ഒടുവില്‍ സുന്ദരാംഗികളുടെ കടാക്ഷ മധുരം കിട്ടാതെ സെന്റ് തോമസുകാര്‍ യാത്ര തുടരും. മാമാന്കത്തിനെത്തിയ ചാവേറുകളെപ്പോലെ...
Enna upamaya macha
വാച്ച് കെട്ടിയ Suneesh ennaakkiyaalo?
“പൊലീസിന്റെ കയ്യില്‍ ലാത്തി. വിദ്യാര്‍ഥികളുടെ പ്രധാന ആയുധം പൊതിച്ചോര്‍.
ലാത്തി, പൊതിച്ചോര്‍... പൊതിച്ചോര്‍, ലാത്തി....
പൊതിച്ചോര്‍ തീര്‍ന്നിട്ടും ലാത്തി തീര്‍ന്നില്ല, അഥവാ ലാത്തിയടി തീര്‍ന്നില്ല. “
സംഗതി ജോറായിട്ടുണ്ട്, സുനീഷേ.. അടി.
സുനീഷേ കലക്കന്‍ പോസ്റ്റ്.
സുനീഷ്,
ഇന്നലെ വായിച്ച കഥ ഇഷ്ടപ്പെട്ടത് കൊണ്ട്ട് പിന്നേം വന്നതാ. ചിരിച്ച് ഒരു പരുവമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. :-)
കിടുക്കൻ സാധനം! അഭിനന്ദനങ്ങൾ!
കൊള്ളാം....
dear Sunish, ee storyil ulla aal eppol mammoottil brand ambassador aayulla oru pramukha bankinte managre aanenna kaaryam koodi parayamayirunnu...
dear sunish, ee storyile nayakan eppol mammootti brand ambassador aayittulla oru pramukha bankinte manager aanennu koodi parayendathayirunnu....
വായന തുടങ്ങട്ടെ. സെന്റ്.തോമസ് കോളജിലെ പൂർവ്വനായിരുന്നതുകൊണ്ട് നല്ല ഇഷ്ടമായി.നഷ്ടമായ അന്നത്തെ സമരപരമ്പരകൾ ഓർമ്മിപ്പിച്ചു.
Post a Comment