രാവിലെ എഴുന്നേറ്റയുടന്‍ പച്ചവെള്ളം പോലും കുടിക്കുന്നതിനു മുന്‍പ് ഒരു ഗ്ളാസ് അകത്താക്കുക. എന്നിട്ടു രണ്ടുമിനിട്ട് നടക്കുക. രണ്ടുമിനിട്ടില്‍ കൂടുതല്‍ നടക്കാന്‍ ശ്രമിക്കരുത്, ചിലപ്പോള്‍ അതു സാധിച്ചെന്നു വരില്ല....
എല്ലാ ദിവസവും ഇത് ആവര്‍ത്തിക്കുക. നിങ്ങളെ അലട്ടുന്ന പ്രശ്നത്തിനു ശാശ്വത പരിഹാരം ഇതേയുള്ളൂ...
പതിനെട്ടു മൂലികകള്‍ ചേര്‍ത്തുണ്ടാക്കിയ ഈ സിദ്ധൗഷധത്തിന്റെ പേര് ചായ!!!
അതും അതിരാവിലെ കിട്ടുന്ന ഞങ്ങളുടെ നാട്ടിലെ പരമുച്ചേട്ടന്റെ കടയിലെ ചായ. വര്‍ഷങ്ങളായി സ്ഥലത്തെ പ്രധാന ഡോക്ടര്‍മാര്‍ വയറൊഴിയാന്‍ പ്രിസ്ക്രൈബ് ചെയ്തിരുന്നത് ഈ ചായയായിരുന്നു.
എന്നും അതിരാവിലെ രാവിലെ ഹോട്ടല്‍ എ.പി. സാറയുടെ മുന്നില്‍ മറ്റെവിടെയുമില്ലാത്ത തിരക്കിനു പ്രധാന കാരണവും തലമുറകളായി പിന്തുടര്‍ന്നു പോന്ന ഈ വിശ്വാസവും കൈപ്പുണ്യവുമായിരുന്നു.
കൈപ്പുണ്യം എന്നു പറഞ്ഞാല്‍ പരമുച്ചേട്ടന്റെ കൈപ്പുണ്യം. പരമു എന്നത് അദ്ദേഹത്തിന്റെ വിളിപ്പേരാണ്. യഥാര്‍ഥ പേര് ആര്‍ക്കുമറിയില്ല.
വണ്‍സ് അപ്പോണ്‍ എ ടൈം എന്നു പറയുമ്പോലെ ഭരണങ്ങാനം ഉണ്ടായ കാലം മുതല്‍ പരമുച്ചേട്ടന്റെ സ്വന്തം ഹോട്ടലായ എ.പി. സാറയുണ്ട്.
അവിടുത്തെ ബോണ്ട, സുഖിയന്‍, ഏത്തയ്ക്കാ ബോളി, പരിപ്പുവട തുടങ്ങിയ അനുസാരികളുമുണ്ട്. പരമുച്ചേട്ടന് സ്വന്തം മക്കളെപ്പോലെയാണവര്‍. കാരണം, പരമുച്ചേട്ടന്‍ കല്യാണം കഴിച്ചിരുന്നില്ല.
പഴയകാലമായിരുന്നതിനാല്‍, അക്കാലത്ത് കല്യാണം കഴിക്കാത്തവര്‍ക്കു കുട്ടികള്‍ ഉണ്ടാവില്ലായിരുന്നു...!
അതിനാല്‍ പരമുച്ചേട്ടനും മക്കളുണ്ടായിരുന്നില്ല.
ഹോട്ടലിലെ ചായയടികാരന്‍ ബെര്‍ക്കുമാന്‍ ആണു പരമുച്ചേട്ടന്റെ ഒരേയൊരു സ്റ്റാഫ്. വര്‍ഷങ്ങള്‍ക്കു മുന്‍പ്, നാട്ടിലെ പശുക്കച്ചവടക്കാരനായ ഒരു അണ്ണാച്ചിയാണ് അവനെ അവിടെയേല്‍പിച്ചത്. അന്നവനു പതിനാലു വയസ്.
വന്നയുടന്‍ പരമുച്ചേട്ടന്‍ അവനോടു പേരു ചോദിച്ചു.
ബെര്‍ക്കുമാന്‍..!
വിനയം കൊണ്ട് പപ്പടം പോലെ പൊടിഞ്ഞുകൊണ്ടവന്‍ മറുപടി പറഞ്ഞു.
പക്ഷേ, പരമുച്ചേട്ടന് ആ പേരില്‍ പിടിത്തം വീണില്ല. അതുകൊണ്ട് അദ്ദേഹം അവനെ വിക്രമന്‍ എന്നു വിളിച്ചു.
സ്നേഹം കൂടുമ്പോള്‍ വിക്രു എന്നും ദേഷ്യം വരുമ്പോള്‍ ഇവിടെ എഴുതാന്‍ പറ്റില്ലാത്തതുമായ പല പേരുകളും അവനെ തോന്നുംപടി വിളിച്ചു. പക്ഷേ, ബെര്‍ക്കുമാന്‍ എന്ന അവന്റെ യഥാര്‍ഥ പേരുമാത്രം അദ്ദേഹം അവനെ വിളിച്ചില്ല.
പരമുച്ചേട്ടന്റെ കടയിലെ പ്രധാന കുക്കും ബെര്‍ക്കുമാന്‍ ആണ്.
വളിച്ചു നാശമായ തലേന്നത്തെ കിഴങ്ങുകറി കൊണ്ട് പിറ്റേന്ന് രുചികരമായ സാമ്പാര്‍, പത്തുദിവസം വരെ പഴക്കമുള്ള ഇറച്ചിക്കറി കൊണ്ട് നാവില്‍ രുചി തിളയ്ക്കുന്ന ബീഫ് ഫ്രൈ തുടങ്ങിയവയുണ്ടാക്കാം എന്ന് എ.പി. സാറയിലെ സ്ഥിരം ശാപ്പാടുകാരെ ബോധ്യപ്പെടുത്തിയതിന്റെ ക്രെഡിറ്റും പേറ്റന്റും വിക്രമനാണ്.
ഒരു വേനല്‍ക്കാലത്തിന്റെ നട്ടുച്ച നേരം.
കടയിലെ ചില്ലലമാരയില്‍ നിരന്നിരിക്കുന്ന രണ്ടുദിവസം പഴക്കമുള്ള ബോണ്ടകളുടെ നേര്‍ക്കു പരമുച്ചേട്ടന്‍ ദുഖത്തോടെ നോക്കി.
പുര നിറഞ്ഞുനില്‍ക്കുന്ന പെണ്‍മക്കളെ കല്യാണം കഴിപ്പിച്ചു പറഞ്ഞയക്കാന്‍ കഴിയാതെ വിഷമിക്കുന്ന ഒരു പിതാവിന്റെ ദുഖം ആ മുഖത്തുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ചെലവു പ്രതീക്ഷിച്ച് ഇല്ലാത്ത കാശിനു മൈദ മാവു വാങ്ങി ഉണ്ടാക്കി വച്ചവയാണവ.
രണ്ടുദിവസംകൂടി കഴിഞ്ഞ് ആരും വന്നില്ലെന്കില്‍ ഏതെന്കിലും അനാഥാലയത്തിലേക്കു സംഭാവന കൊടുക്കാനാണു തീരുമാനം. ബെര്‍ക്കുമാനും പണിയൊന്നുമില്ലാതെ വിഷമിച്ചിരിക്കുകയാണ്.
ഉച്ചനേരമായിട്ടും കടയില്‍ ഒരീച്ച പോലുമില്ല എന്നെഴുതുന്നില്ല, കാരണം അതു ശരിയാവില്ല. ഉച്ചനേരമായിട്ടും ഒരു മനുഷ്യന്‍ പോലും അവിടേക്കു വന്നില്ല.
ആരെന്കിലും വരുമായിരിക്കും എന്ന പ്രതീക്ഷയില്‍ പരമുച്ചേട്ടനും ബെര്‍ക്കുമാനും ആകാശത്തേക്കു കണ്ണെറിഞ്ഞ് കാത്തിരുന്നു. അകത്ത് അടുക്കളയില്‍ ഇറച്ചിപ്പാത്രത്തിലേക്കു കണ്ണുംനട്ട് അയലോക്കത്തെ കണ്ടന്‍പൂച്ചയും കാത്തിരുന്നു.
അപ്പോഴാണ്, കടയുടെ തൊട്ടുമുന്നില്‍ ഒരു ടൂറിസ്റ്റ് ബസ് വന്നു നിന്നത്. അതില്‍നിന്നു ആണേതാ, പെണ്ണേതാ എന്നു തിരിച്ചറിയാത്ത കോലത്തില്‍ പത്തുമുപ്പതു പിള്ളേരിറങ്ങി നേരെ എ.പി. സാറയിലേക്കു കയറി.
ദുര്‍ഗ എംബിഎ...!!
പരമുച്ചേട്ടന്‍ വളരെ പ്രയാസപ്പെട്ട് ആ വണ്ടിയുടെ ഇംഗ്ളീഷ് പേരു വായിച്ചെടുത്തു. അക്കാര്യം സാധിച്ചതിലുള്ള അഭിമാനത്തോടെ, അദ്ദേഹം ഉറക്കെ ഇങ്ങനെ പറയുക കൂടിയുണ്ടായി...ദൈവങ്ങള്‍ക്കും ഡിഗ്രിയൊക്കെയായോ?
അതുകേട്ട ബെര്‍ക്കുമാന്‍ പരമുച്ചേട്ടനെ തിരുത്തി..
ദുര്‍ഗാംബ എന്നാ വണ്ടിയുടെ പേര്...ഒന്നിച്ചു വായിക്കണം.
മുതലാളി തൊഴിലാളിയുടെ നേര്‍ക്കൊന്ന് ഇരുത്തി നോക്കി. നോട്ടത്തിന്റെ അര്‍ഥം മനസ്സിലായ ബെര്‍ക്കുമാന്‍ മുതലാളിയുടെ തൊഴി കൊള്ളാന്‍ നില്‍ക്കാതെ പതിയെ ചായത്തട്ടിലേക്കു നീങ്ങി.
കഴിക്കാനെന്തുണ്ട്?
കാലുറയ്ക്കാത്ത കസേരകളിലിരുന്ന കുട്ടികള്‍ പരമുച്ചേട്ടനോടായി ചോദ്യമെറിഞ്ഞു.
തന്റെ കെട്ടുപ്രായം കഴിഞ്ഞ ബോണ്ട മക്കളെ പിടിച്ചേല്‍പിക്കാന്‍ മാത്രം തണ്ടും ത്രാണിയുമുള്ള പത്തിരുപത് ചെറുപ്പക്കാരെ ഒന്നിച്ചുകണ്ട സന്തോഷത്തില്‍ അദ്ദേഹം അവയെല്ലാം അവര്‍ക്കു മുന്‍പില്‍ നിരത്തി.
വളരെ വേഗം അതു തീര്‍ന്നു.
തൊട്ടടുത്ത കടയിലെ വാഴക്കുല, ഉണ്ടാക്കുന്നതിനിടെ നിലത്തുവീണതിനാല്‍ മാറ്റിവച്ചിരുന്ന പൊറോട്ട എന്നു തുടങ്ങി,ആ ചായക്കടയില്‍ സ്റ്റോക്കുണ്ടായിരുന്ന ചായപ്പൊടി, അരിപ്പൊടി മുതലായവ വരെ അവരുടെ വിശപ്പിനു മുന്നില്‍ പരമുച്ചേട്ടന്‍ കാഴ്ചവച്ചു.
കുട്ടികള്‍ അവയെല്ലാം സസന്തോഷം കഴിച്ചു. പരമുച്ചേട്ടനും സന്തോഷം, ബെര്‍ക്കുമാനും സന്തോഷം. കഴിപ്പുകഴിഞ്ഞ് എഴുന്നേറ്റ സംഘത്തിലെ മുഖ്യന്‍ ക്യാഷ് കൗണ്ടറിനു മുന്നിലെത്തി. പരമുച്ചേട്ടന്‍ കണക്കുണ്ടാക്കുകയാണ്..
അപ്പോളാണു കൈ തുടയ്ക്കാന്‍ ഒന്നും കിട്ടാതിരുന്ന നേതാവിന്റെ ചോദ്യം.
നാപ്കിന്‍ ഇല്ലേ?
സംഗതി പിടികിട്ടാത്ത പരമുച്ചേട്ടന്‍ ബെര്‍ക്കുമാന്റെ മുഖത്തേക്കു നോക്കി.
ഇല്ല രക്ഷയില്ല!
പലഹാരങ്ങളിരുന്ന അലമാരയിലേക്കു നോക്കിക്കൊണ്ട് സംഘത്തിന്റെ നേതാവ് ചോദ്യം വീണ്ടുമെറിഞ്ഞു..
നാപ്കിന്‍ ഇല്ലേ?
പലഹാരങ്ങളിരുന്ന അലമാര കാലിയായിരുന്നു. അവിടേക്കു നോക്കി ധൈര്യസമേതനായി പരമുച്ചേട്ടന്‍ മറുപടി മൊഴിഞ്ഞു..
ചെലവു കുറവായതുകൊണ്ട് ആ പലഹാരമിപ്പോള്‍ ഞങ്ങള്‍ ഉണ്ടാക്കാറില്ല!!!
5 comments:
ഹോട്ടല്‍ എപി സാറയും പരമുച്ചേട്ടന്റെ ഹോട്ടലും യഥാര്‍ഥത്തില്‍ ഒന്നല്ല.
അത് ഇവിടെ കഥയുടെ സൗകര്യാര്‍ഥം ഒന്നാക്കിയെന്നു മാത്രം.
പരമുച്ചേട്ടന്‍ വിനയാന്വിതനായി കൊണ്ടു വന്നു തരുന്ന ചായ കുടിച്ചാണ് ഓരോ ലീവിനും നാട്ടില്‍ച്ചെല്ലുമ്പോള്‍ ഞങ്ങള്‍ പഴയ സുഹൃത്തുക്കള്‍ വൈകുന്നേരങ്ങളില്‍ സമയം പോക്കുന്നത്.
സുനീഷേ നിങ്ങള്‍ തകര്‍ക്കുകയാണു കേട്ടോ !
നര്‍മത്തിന്റെ നൈപുണ്യം എന്നൊക്കെ വിശേഷിപ്പിച്ചാല്‍ വെറുതെ ജാടയാവുമെങ്കിലും പറയാതെ വയ്യ!
ആര്‍ക്കും അതില്‍ തര്‍ക്കമുണ്ടാവുമെന്നും തോന്നുന്നില്ല.
തുടര്‍ന്നും എഴുതുക....
ഭരണങ്ങാനത്തിന്റെ കഥകള്‍ ലോകം ചര്‍ച്ച ചെയ്യട്ടെ...
ദുര്‍ഗ എംബിഎ...!!
പരമുച്ചേട്ടന്‍ വളരെ പ്രയാസപ്പെട്ട് ആ വണ്ടിയുടെ ഇംഗ്ളീഷ് പേരു വായിച്ചെടുത്തു. അക്കാര്യം സാധിച്ചതിലുള്ള അഭിമാനത്തോടെ, അദ്ദേഹം ഉറക്കെ ഇങ്ങനെ പറയുക കൂടിയുണ്ടായി...ദൈവങ്ങള്‍ക്കും ഡിഗ്രിയൊക്കെയായോ?
അതുകേട്ട ബെര്‍ക്കുമാന്‍ പരമുച്ചേട്ടനെ തിരുത്തി..
ദുര്‍ഗാംബ എന്നാ വണ്ടിയുടെ പേര്...ഒന്നിച്ചു വായിക്കണം.
അസ്സലായി...
തൊട്ടടുത്ത കടയിലെ വാഴക്കുല, ഉണ്ടാക്കുന്നതിനിടെ നിലത്തുവീണതിനാല്‍ മാറ്റിവച്ചിരുന്ന പൊറോട്ട എന്നു തുടങ്ങി,ആ ചായക്കടയില്‍ സ്റ്റോക്കുണ്ടായിരുന്ന ചായപ്പൊടി, അരിപ്പൊടി മുതലായവ വരെ അവരുടെ വിശപ്പിനു മുന്നില്‍ പരമുച്ചേട്ടന്‍ കാഴ്ചവച്ചു.
ഇതും കലക്കി...
പുതിയ വിലാസത്തിലേക്കു മാറിയ വിവരത്തിന് പഴയ വിലാസത്തില്‍ പുതിയ വിലാസം കാണിച്ച് ഒരു ലിങ്ക് കൊടുത്ത് ഒരു പോസ്റ്റ് ഇടൂ സര്‍. ഇല്ലെങ്കില്‍ അങ്ങയുടെ വായനക്കാര്‍ തെണ്ടിപ്പോവും...
ഭരണങ്ങാനവും പിന്നെ ഞാനും... പുതിയ വിലാസത്തില്‍...
http://bharananganam.blogspot.com/
ദുര്‍ഗ്ഗ എം.ബി.എ കലക്കി.
പണ്ട് കല്ലട വണ്ടി കണ്ടിട്ട് രണ്ടണ്ണന്മാര്‍ അടുത്ത് വന്ന് വായിച്ചത് ഈ പോസ്റ്റിനും ചേരും:
“കൊള്ളാടാ”
:)
Post a Comment