Tuesday, May 08, 2007

വണ്ടാളന്‍ ദേവസ്യയും യൗസേപ്പ് പിതാവും


വണ്ടാളന്‍ ദേവസ്യ.

വണ്ടാളത്ത് എന്നതു വീട്ടുപേരാണ്. നാട്ടുകാര്‍ പക്ഷേ അത് ഇരട്ടപ്പേരാക്കി. ദേവസ്യയുടെ കേള്‍ക്കലും അല്ലാത്തപ്പോഴുമായി ഈ പേരു ഭരണങ്ങാനത്തും സമീപപ്രദേശങ്ങിലും പ്രചുര പ്രചാരം നേടി.

നാട്ടിലെ അറിയപ്പെടുന്ന റൗഡിയായിരുന്നു ദേവസ്യ. ദേവസ്യ അബദ്ധത്തില്‍ കഠാര വീശിയത് പള്ളയ്ക്കു കൊണ്ട് പണ്ടൊരാള്‍ മരിച്ചതിനുശേഷമാണ് അദ്ദേഹം റൗഡിയായത്. നാട്ടുകാര്‍ റൗഡിക്കസേരയില്‍ അദ്ദേഹത്തെ ബലംപിടിച്ച് അവരോധിതനാക്കുകയായിരുന്നു എന്നതാണു ശരി.

സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വണ്ടാളനെ ശിക്ഷിക്കാതെ വിട്ടയക്കുക കൂടിചെയ്തതോടെ അദ്ദേഹം എന്തുകൊണ്ടും ഒരു റൗഡിക്കു വേണ്ട എല്ലാ യോഗ്യതകളും തികഞ്ഞവനായി.

വിവാഹപ്രായം കഴിഞ്ഞിട്ടും ദേവസ്യ അവിവാഹിതനായിരുന്നു. സ്ത്രീവിദ്വേഷമായിരുന്നില്ല കാരണം. നാട്ടിലും അയല്‍നാട്ടിലും മാന്യദ്ദേഹത്തിനു പെണ്ണുകൊടുക്കാന്‍ മാത്രം ഹൃദയവിശാലയതയുള്ള കാര്‍ന്നോന്മാര്‍ അക്കാലത്തുണ്ടായിരുന്നില്ല. അതുമൂലം വണ്ടാളന്‍ ദേവസ്യ വണ്ടാളത്തു തറവാടിന്റെ ഉതതരവും കഴുക്കോലും തകര്‍ത്തു പുരനിറഞ്ഞു പൂത്തുനിന്നു.

കരയുന്ന കുഞ്ഞുങ്ങളുടെ കരച്ചില്‍ നിര്‍ത്താന്‍ എന്നതിലുപരി, കള്ളുകുടിച്ചു വന്നു തലമുടിക്കുത്തിനു പിടിച്ച് നിലത്തിടിച്ചു രസിക്കുന്ന മുഴുക്കുടിയന്‍മാരായ ഭര്‍ത്താക്കന്‍മാരെ നിലയ്ക്കു നിര്‍ത്താന്‍ ഭാര്യമാര്‍ വണ്ടാളനെയാണു വിളിക്കുക.

വസ്ത്രാക്ഷേപ സമയത്തു പാഞ്ചാലി ഭഗവാന്‍ കൃഷ്ണനെ വിളിച്ച പോലെ, ഇടി മൂക്കുമ്പോള്‍ അവരിങ്ങനെ വിളിച്ചു പറയും...

ദേണ്ടെ, വണ്ടാളന്‍ വരുന്നു....

അതു കേള്‍ക്കേണ്ട താമസം, തലമുടിയുടെ ബലം പരീക്ഷിച്ചു രസിച്ചിരുന്ന ഞങ്ങളുടെ നാട്ടിലെ സാഹസികളും സര്‍വോപരി ധൈര്യശാലികളുമായ കുടിയപ്രമാണിമാര്‍ ഒന്നയയും.

പതിയെ, സാധിക്കുന്നിടത്തോളം നിവര്‍ന്നുനിന്ന് തലയില്‍ കെട്ടിയ മുണ്ടുപറിച്ച് നേരെ ചൊവ്വേ ഉടുത്തു ഡീസന്റായി നില്‍ക്കും. ഈ ചെറിയ ഗ്യാപ്പില്‍ പാവം ചേടത്തിമാര്‍ അടുക്കളയില്‍ ചിരവയിരിക്കുന്ന സുരക്ഷിത സ്ഥലത്തെത്തിയിട്ടുണ്ടാവും.

വര്‍ഷങ്ങളായി വണ്ടാളന്‍ നാട്ടിലെ വീട്ടമ്മമാര്‍ക്ക് സകലപുണ്യവാന്‍മാരുടെയും പ്രതിരൂപമായിപ്പോന്നു. ഒരിക്കലും ഇവരാരും ഈ വണ്ടാളന്‍ ദേവസ്യയെ നേരില്‍ കണ്ടിട്ടില്ലായിരുന്നു എന്നതാണു മറ്റൊരു സത്യം.

അതിനു കാരണം മറ്റൊന്നുമല്ല. പകല്‍ മുഴുവന്‍ വണ്ടാളന്‍ ദേവസ്യ ഡീസന്റായിരിക്കും. ദാറ്റ് മീന്‍സ് കൂര്‍ക്കം വലിച്ചുറക്കം!!

ഉറക്കത്തില്‍ ദേവസ്യായോളം ഡീസന്റായി ഭരണങ്ങാനത്തും സമീപകരയിലും മറ്റാരുമുണ്ടായിരുന്നില്ല. ദേവസ്യയുടെ കൂര്‍ക്കം വലി തുടങ്ങിയാല്‍ സമീപ പ്രദേശങ്ങിലെ പട്ടികള്‍ക്ക് ഉറക്കെ കുരയ്ക്കുന്നതുപോലും നാണക്കേടായിരുന്നു. കാരണം, അവയെയെല്ലാം തോല്‍പിക്കും വിധം സ്വരശുദ്ധിയും ശ്രുതിഭദ്രതയുമുള്ളതായിരുന്നു ആ കുംഭകര്‍ണരാഗാലാപനം!

വണ്ടാളന് പ്രായം അറുപതു കടന്നു.

പുതിയ തലമുറയിലെ റൗഡികള്‍ ദേവസ്യായുടെ സിംഹാസനം പിടിച്ചടക്കിയതോടെ പാവത്തിന്റെ ഗതി അച്യുതാനന്ദന്റെ പോലെയായി.

"ആരെടാ" എന്നു ചോദിച്ചാല്‍ "നീ പോടാ" എന്നു തിരിച്ചുകിട്ടും.

"കുത്തി മലര്‍ത്തിക്കളയും" എന്നു വീമ്പിളക്കിയാല്‍ "അതിനിത്തിരി പുളിക്കും" എന്നുടന്‍ വരും മറുപടി.

വണ്ടാളനു നാട്ടില്‍ വിലയില്ലാതായി!!

പക്ഷേ നാട്ടില്‍ നിത്യോപയോഗ സാധനങ്ങള്‍ക്കൊക്കെ വന്‍ വിലക്കയറ്റമായിരുന്നു. വണ്ടാളനു രാവിലെ ചായ കുടിക്കണം, ഉച്ചയ്ക്കു ചോറുണ്ണണം, വൈകുന്നേരമായാല്‍ ഫുള്‍ടാന്ക് കള്ളുകുടിക്കണം. ജീവിതനിലവാര സൂചി വണ്ടാളനെ വല്ലാതെ കുത്തിനോവിച്ചുകൊണ്ടിരുന്നു. കയ്യിലാണേല്‍ പത്തുനയാപ്പൈസ ഉണ്ടാകുന്നതു വല്ലപ്പോഴും. നാട്ടിലെ പ്രമാണിമാരുടെ കരുണയിലും പാവങ്ങളായ പേടിത്തൊണ്ടന്‍മാരുടെ ദയാവായ്പിലും വളരെ പ്രയാസപ്പെട്ടതായി ദേവസ്യയുടെ ജീവിതം.

അങ്ങനെയിരിക്കെ ഒരു ദിവസം നട്ടുച്ചയ്ക്ക്, പൊരിവെയിലത്ത് അമ്പാറ ഷാപ്പില്‍നിന്ന് ആരോ മേടിച്ചുകൊടുത്ത കള്ളും അകത്താക്കി ദേവസ്യ ഭരണങ്ങാനം ടൗണില്‍ വണ്ടിയിറങ്ങി. ഉച്ചയായതിനാല്‍ ടൗണ്‍ ശൂന്യമായിരുന്നു.

കൊമ്പന്‍ മീശ തടവി നാലുപാടും നോക്കിയെന്കിലും പറ്റിയ ഒരു ഇരയെ കിട്ടാത്ത വിഷാദത്തില്‍ ദേവസ്യ അടുത്ത കുപ്പി കള്ളിനുള്ള വഴിയാലോചിച്ചു തുടങ്ങി.

ആരും അടുക്കുന്നില്ല. ദേവസ്യയ്ക്കു സന്കടമായി. ഉള്ളില്‍ നുരയ്ക്കുന്ന കള്ള് ദേവസ്യയുടെ സന്കടത്തിന് ഇടയ്ക്കിടെ ഓരോ ഏമ്പക്കത്തിന്റെ ശ്രുതി പകര്‍ന്നുകൊണ്ടിരുന്നു.
എന്തു ചെയ്യണം?

ദേവസ്യക്ക് ആലോചിച്ചിട്ട് ഉത്തരം കിട്ടിയില്ല. ഒടുവില്‍ അശരണരുടെ ആശ്രയമായ ഭരണങ്ങാനം പള്ളിയിലേക്കുതന്നെ പോകാന്‍ അദ്ദേഹം തീരുമാനിച്ചു.

പള്ളിയിലെത്തി. ആനവാതില്‍ തുറന്നു കിടക്കുന്നു. മുണ്ട് അഴിച്ചിട്ടു ദേവസ്യ അകത്തു കയറി. ആരുമില്ല.

ആദ്യത്തെ വലിയ തൂണിനുസമീപം അതാ യൗസേപ്പ് പിതാവിന്റെ വലിയ രൂപം ഇരിക്കുന്നു. മുന്‍പില്‍ വലിയൊരു നേര്‍ച്ചപ്പെട്ടിയും. അതില്‍ നിറയെ കാശു കാണും. വേണേല്‍ അമ്പാറ ഷാപ്പുതന്നെ വിലയ്ക്കു മേടിക്കാം. - ദേവസ്യ ഓര്‍ത്തു

നേരെ, യൗസേപ്പ് പിതാവിന്റെ രൂപത്തിനരികെ ദേവസ്യ എത്തി. നേര്‍ച്ചപ്പെട്ടിയിലേക്കു നോക്കി. അതു വലിയ താഴിട്ടു പൂട്ടിയിരിക്കുന്നു.

ദ്രോഹികള്‍!!!

എന്തു ചെയ്യും? യൗസ്സേപ്പ് പിതാവിനോടു സന്കടം പറയുക തന്നെ.
ദേവസ്യ പറ‍ഞ്ഞുതുടങ്ങി.

എന്റെ പൊന്ന് യൗസേപ്പിതാവേ...

നിങ്ങള്‍ക്കറിയാവുന്നതാണല്ലോ കാര്യങ്ങള്‍. എന്റെ കയ്യിലാണേല്‍ പത്തുപൈസയില്ല. കള്ളുകുടിക്കുകയും വേണം. ദേവസ്യയ്ക്കു പെണ്ണും പിടക്കോഴിയുമൊന്നുമില്ലാത്തതിനാല്‍ കുടുംബം നോക്കേണ്ട കാര്യമില്ല. ആകെയുള്ള ഈ തടി നന്നായി നോക്കിയാല്‍ മതി. പക്ഷേ ഇപ്പോള്‍ അതും നേരെ ചൊവ്വേ നോക്കി നടത്താന്‍ പറ്റുന്നില്ല. അതുകൊണ്ട്, അങ്ങ് എനിക്കൊരു ഉപകാരം ചെയ്യണം.

ഇന്നു വേണ്ട, നാളെ മതി...

എനിക്ക് ഒരു നൂറു രൂപ കടം തരണം, ഉണ്ടാകുമ്പോള്‍ ഞാന്‍ തിരിച്ചു തന്നോളാം. നേര്‍ച്ചപ്പെട്ടി കുത്തിത്തുറക്കുന്ന ശീലം ദേവസ്യയ്ക്കില്ല. അതുകൊണ്ട്, യൗസേപ്പ് പിതാവ് എന്നെയൊന്നു സഹായിക്കണം. നാളെ ഈ നേരത്തു ഞാന്‍ വരും. ഇല്ലെന്നു മാത്രം പറഞ്ഞേക്കരുത്...!

അത്രയും പറഞ്ഞ്, യൗസേപ്പ് പിതാവിനു നേര്‍ക്ക് ഭക്തിപുരസ്സരം ഒരു നോട്ടമെറിഞ്ഞ് ദേവസ്യ പതിയെ തിരികെ നടന്നു.

അതുവരെ അവിടെ നടന്ന സംഭവങ്ങള്‍ക്ക് യൗസേപ്പ് പിതാവിനും ദേവസ്യയ്ക്കും പുറമേ മറ്റൊരാള്‍കൂടി സാക്ഷിയായിരുന്നു.

പള്ളികപ്യാര്‍ അന്തോനീസു ചേട്ടന്‍.

ദേവസ്യ പറയുന്നതു മുഴുവന്‍ സന്കീര്‍ത്തിയിലിരുന്ന് ഒതുക്കത്തില്‍ വീഞ്ഞു കുടിക്കുകയായിരുന്ന അന്തോനീസുചേട്ടന്‍ ഞെട്ടലോടെ കേട്ടു. ദേവസ്യ പറഞ്ഞാല്‍ പറ‍ഞ്ഞതാണ്. നാളെ വരുമ്പോള്‍ അവിടെ നൂറു രൂപ കണ്ടില്ലെന്കില്‍ അയാള്‍ നേര്‍ച്ചപ്പെട്ടി തല്ലിപ്പൊട്ടിക്കും. ഉറപ്പ്. വികാരിയച്ചനാണേല്‍ സ്ഥലത്തുമില്ല. സ്വയം എന്തെന്കിലും ചെയ്തിട്ടേ കാര്യമുള്ളൂ.
അന്തോനീസു ചേട്ടന്‍ തലപുകഞ്ഞാലോചിച്ചു. ആലോചിച്ച് ആലോചിച്ച്, തല പുകഞ്ഞ് പുകഞ്ഞ് അദ്ദേഹം അവിടെയിരുന്ന് ഉറങ്ങിപ്പോയി.

പിറ്റേന്ന് ഉച്ചനേരമായി.

വണ്ടാളന്‍ എത്തുമെന്ന പറഞ്ഞ നേരമായി. ആലോചിച്ചിട്ട് കാര്യമായൊന്നും ബുദ്ധിയില്‍ ഉദിക്കാതിരുന്ന അന്തോനീസു ചേട്ടന്‍ അറ്റകൈക്ക് നേര്‍ച്ചപ്പെട്ടി എടുത്തുമാറ്റാന്‍ ചെറിയ ഒരു ശ്രമം നടത്തിനോക്കി. നടന്നില്ല. തള്ളിനീക്കാന്‍ നോക്കി. അതും നടന്നില്ല. മുടിഞ്ഞകനം.

പിന്നെ മാറ്റാന്‍ പാകത്തിന് അവിടെയുണ്ടായിരുന്നത് യൗസേപ്പ് പിതാവിന്റെ രൂപമായിരുന്നു. ഒരുവിധം അന്തോനീസുചേട്ടന്‍ അതു പൊക്കിയെടുത്ത് സന്കീര്‍ത്തി വരെയെത്തിച്ചു.

യൗസേപ്പ് ഇരുന്ന സ്ഥലം വേക്കന്റായി കിടക്കേണ്ടെന്നു വച്ച് അവിടെ ഉണ്ണീശോയുടെ ചെറിയ രൂപവും എടുത്തു വച്ചു.

പുറത്ത് ആരോ തുമ്മുന്ന ശബ്ധം കേട്ട് അന്തോനീസു ചേട്ടന്‍ ഞെട്ടിത്തിരിഞ്ഞുനോക്കി. തെറ്റിയില്ല, വണ്ടാളന്‍ വരുന്നു. ...

ഇന്നലത്തെക്കാള്‍ പൂസിലാണു വരവ്. കയ്യിലും കാലിലും നില്‍ക്കാന്‍ കഴിയാതെ സാഹസപ്പെട്ട് വണ്ടാളന്‍ പള്ളിനട കയറിത്തുടങ്ങി. അന്തോനീസുചേട്ടന്‍ സകലദെവങ്ങളെയും വിളിച്ചുകൊണ്ട് സമീപത്തെ വലിയ തൂണിനു സമീപമൊളിച്ചു.

ദേവസ്യ പള്ളിയിലെത്തി. എത്ര ശ്രമിച്ചിട്ടും തല നേരെ നില്‍ക്കുന്നില്ല. കാശെടുത്തു വച്ചേക്കണമെന്നു പറഞ്ഞിട്ടു പോയ യൗസേപ്പ് പിതാവിന്റെ രൂപത്തിനു നേര്‍ക്ക് അദ്ദേഹം നടന്നു.
അവിടെയെത്തി തലയുയര്‍ത്തി നോക്കിയ വണ്ടാളന് ആദ്യം കാര്യം പിടികിട്ടിയില്ല.

യൗസേപ്പ് പിതാവിനെ കാണാനില്ല.

അദ്ദേഹം സ്ഥലത്തില്ല. മുന്‍പിലെ നേര്‍ച്ചപ്പെട്ടി അതേ പടി ഇരിപ്പുണ്ട്.
പക്ഷേ യൗസേപ്പ് പിതാവ് എവിടെപ്പോയി?

ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോഴാണ് ദേവസ്യ മറ്റൊന്നു കൂടി കണ്ടത്.

യൗസേപ്പ് പിതാവ് നിന്നിരുന്ന സ്ഥലത്ത് ഉണ്ണീശോ!!

ങ്ഹാ... മോനെ, നീയാരുന്നോടാ... ദേവസ്യാച്ചേട്ടന് ആദ്യം മനസ്സിലായില്ല കെട്ടോ...ചാച്ചന്‍ എന്തിയേടാ ഉവ്വേ? എങ്ങോട്ടു പോയി...?

ഉണ്ണീശോയുടെ ഭാഗത്തുനിന്നു മറുപടിയില്ല.

എന്കിലും ചോദിക്കേണ്ടതു തന്റെ കടമയല്ലേ എന്നു ചിന്തിച്ച ദേവസ്യ പിന്നെ മടിച്ചില്ല. ഉണ്ണീശോയുടെ നേര്‍ക്ക് അടുത്ത ചോദ്യമെറിഞ്ഞു.

ചാച്ചന്‍ പോകാന്നേരത്ത് എന്റെ കാര്യം വല്ലതും പറഞ്ഞായിരുന്നോ? എനിക്കു തരാന്‍ വല്ലോം തന്നേച്ചാണോ പുള്ളിക്കാരന്‍ പോയത്??!!

9 comments:

SUNISH THOMAS said...

പകല്‍ മുഴുവന്‍ വണ്ടാളന്‍ ദേവസ്യ ഡീസന്റായിരിക്കും. ദാറ്റ് മീന്‍സ് കൂര്‍ക്കം വലിച്ചുറക്കം!!

ദേവസ്യയുടെ കൂര്‍ക്കം വലി തുടങ്ങിയാല്‍ സമീപ പ്രദേശങ്ങിലെ പട്ടികള്‍ക്ക് ഉറക്കെ കുരയ്ക്കുന്നതുപോലും നാണക്കേടായിരുന്നു. കാരണം, അവയെയെല്ലാം തോല്‍പിക്കും വിധം സ്വരശുദ്ധിയും ശ്രുതിഭദ്രതയുമുള്ളതായിരുന്നു ആ കുംഭകര്‍ണരാഗാലാപനം!


പുതിയൊരു കഥ.
വണ്ടാന്‍ ദേവസ്യയെക്കുറിച്ച്. വായിച്ച് അഭിപ്രായം പറയുമല്ലോ...!

സാജന്‍| SAJAN said...

ഠേ!!!
കുറെനാളായി ഒരു തേങ്ങ അടിക്കണമെന്ന് വിചാരിച്ചിട്ട്!
ഓടോ: പൊങ്ങിയ പല്ല് കാണാതിരിക്കാന്‍ വേണ്ടിയാണോ.. വായിങ്ങനെ തപ്പിപിടിച്ചിരിക്കുന്നത്:)

സാജന്‍| SAJAN said...

കഥ കലക്കി സുനീഷേ..
നല്ല സിരിപ്പിനുള്ള വഹയൊണ്ട്:)
വണ്ടാളനു നാട്ടില്‍ വിലയില്ലാതായി!!

പക്ഷേ, നാട്ടില്‍ വന്‍ വിലക്കയറ്റമായിരുന്നു. രാവിലെ ചായ കുടിക്കണം, ഉച്ചയ്ക്കു ചോറുണ്ണണം,
ഈ വാചകങ്ങളില്‍ എന്തോ ഒരു ചേര്‍ച്ചയില്ലായ്മ ഒന്നു കൂടെ അത് ഒന്ന് മിനുക്കിയാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു:)
qw_er_ty

SUNISH THOMAS said...

പ്രിയ സാജന്‍ ചേട്ടാ,
കഥ ഉടന്‍ തിരുത്തുന്നതാണ്.
നന്ദി.

Vimarsanan Nair said...

Dear Friend,
Recently I got this blog ID while searching for 'bharananganam'
As you are only 26 year old, this is OK. Otherwise, all these stories are faded & depreciated & boring. Drawing a graph I see your next story wiil be "Verutheyallado avaru thanne kurisel tharachu konne, thante kayyilirippithalle'. Am I right? You don't have anything new?

SUNISH THOMAS said...

കര്‍ത്താവിന്റെ കഥ വിട്ടു. ഇനിയെഴുതില്ല. പോരേ?

വിമര്‍ശനന്‍ നായര്‍ പഠിച്ചത് സെമിനാരിയിലാണോ? നല്ല ഇംഗ്ളീഷ്!!

ഗുപ്തന്‍ said...

സുനീഷേ തെറ്റിദ്ധരിക്കരുത്. ഇതു വളരെ പഴയ ഒരു തമാശയാണ്. തിരുവനന്തപുരത്ത് ഞാന്‍ പഠിക്കുന്ന കാലത്ത് ഒരു കത്തനാരുതന്നെയാ ഞങ്ങള്‍ കൂട്ടുകാര്‍ ഭക്ഷണം കഴിക്കുന്നിടത്ത് മേമ്പൊടിയിട്ടത്. അതുകൊണ്ട് കഥയില്‍ പുതുമയില്ല.

ഏതായാലും വിമര്‍ശനന്‍ നായരോടുള്ള ചോദ്യം നന്നായി. നിങ്ങള്‍ക്ക് ഹാസ്യം എഴുതാന്‍ തോന്നുന്നെങ്കില്‍ ആരെയും ഒഴിവാക്കേണ്ട കാര്യമില്ല. ഒരു നല്ല തമാശകേട്ടാല്‍ ചിരിക്കാനുള്ള sense of humour ഒക്കെ ഏത് ദൈവത്തിനും കാണും. keep writing. forget these comments that come from bad taste.

Dinkan-ഡിങ്കന്‍ said...

മനു പറഞ്ഞത് നേരാണ്. ഇതൊരു പഴയ തമാശ തന്നെ ആണ് എങ്കിലും അതില്‍ പൊടിപ്പും തൊങ്ങലും എല്ലാം പാകത്തിനു ചേര്‍ത്ത് സുനീഷ് ഒരു നല്ല പോറ്റ്സ് ആക്കി മാറ്റിയിരിക്കുന്നു

സുനീഷേ ഈ ദേവസ്യ തന്ന്യാണോ നമ്മടെ എടപ്പള്ളി പുണ്യാളനോട് “താന്‍ ഇങ്ങനെ ഒണക്ക പാമ്പിനെ വായില് കുന്തൊം കുത്തികൊണ്ട് ചാവാലിക്കുതിരേടേ പൊറത്ത് മണ്ടന്‍ തൊപ്പീം വെച്ച് ഇരുന്നോ, അവ്ടെ അയ്യപ്പന്‍ ശബരി മലേല് കുന്തുകാലുമ്മെ ഇരുന്ന് കോടികളാ ഉണ്ടാക്കണത്.” എന്ന് ആത്മഗതം അടിച്ചത്

SUNISH THOMAS said...

ok. thank u