Saturday, May 12, 2007

തീര്‍ഥാടകരേ ഇതിലേ ഇതിലേ...(ടിഎസ് നമ്പര്‍- 47, മാട്ടേല്‍ കള്ളുഷാപ്പ്)

കാലുറയ്ക്കാത്ത ബഞ്ചുകള്‍,
നാലു കാലി‍ല്‍ നില്‍ക്കാന്‍ പ്രയാസപ്പെടുന്ന മേശകള്‍,
അതിന്റെ മുകളിലിരുന്ന് ആടുന്ന കുപ്പികള്‍..
ഇത്രയുമായാല്‍ ടി. എസ്. നമ്പര്‍ 47, മാട്ടേല്‍ കള്ളുഷാപ്പ് ആയി.

റോഡരികിലെ വലിയൊരു കയ്യാലമാടിന്റെ മുകളിലാണു ഷാപ്പിന്റെ ഇരിപ്പ്. അങ്ങോട്ടു കയറാന്‍ പ്രത്യേകിച്ച് വഴിയൊന്നുമില്ല. ചെറിയൊരു ഏണി ചാരി വച്ചിരിക്കും.

സൂക്ഷിച്ച് അതേല്‍ പിടിച്ചുവേണം കയറാനും ഇറങ്ങാനും. കള്ളുകുടിക്കാന്‍ അങ്ങോട്ടു പോകുന്നവര്‍ക്ക് ആ ഏണി ഒരു പ്രശ്നമേ ആയിരുന്നില്ല. തണ്ടും തടിയുമുള്ളവര്‍ ഏണിയുടെ സഹായമില്ലാതെ ഒറ്റച്ചാട്ടത്തിനും ഷാപ്പിന്റെ തിരുമുറ്റത്ത് എത്തിയിരുന്നു.

പക്ഷേ, ഇവരെല്ലാം മെയിന്‍ റോഡിലേക്കിറങ്ങാനുള്ള ഏണിയുടെ ബലക്ഷയത്തെക്കുറിച്ചും അതിലൂടെ ഇറങ്ങുന്നതിലെ റിസ്കിനെക്കുറിച്ചും ആലോചിക്കുന്നതു മടക്കയാത്രയിലാണ്. നാലോ അഞ്ചോ കുപ്പി കള്ള് അകത്താക്കിക്കഴിയുന്പോള്‍ ഷാപ്പിലോട്ടു കയറാന്‍ നേരത്തുണ്ടായിരുന്ന അതേ ഗ്രിപ്പ് തിരിച്ചിറങ്ങുമ്പോഴും കിട്ടുമോന്ന് ഒരു സംശയം!

അതോടെ, സംശയം വല്ലാത്ത ഒരാധിയായി അവരെ കീഴ്പ്പെടുത്തും. ആധി മൂത്ത് രണ്ടു കുപ്പി കള്ളുകുടി ഓര്‍ഡര്‍ ചെയ്യും. അതുകൂടി കഴിച്ചു കഴിയുമ്പോള്‍ പൂസു വിടാതെ താനിനി ഷാപ്പ് വിട്ടിറങ്ങില്ലെന്നു തീരുമാനിക്കും. അങ്ങനെ, ഷാപ്പടയ്ക്കാന്‍ നേരമാവുമ്പോളും തലയിലെ കെട്ടിറങ്ങാത്ത അവസ്ഥയില്‍ അനേകം മാപ്പിളമാര്‍ മിക്കദിവസങ്ങളിലും ഷാപ്പില്‍ അന്തിയുറങ്ങിപ്പോന്നു.

രാവിലെ മുതല്‍ രാത്രി വരെ ഷാപ്പില്‍. ഏണിയുടെ ബലക്ഷയമോര്‍ത്ത് വീട്ടില്‍പ്പോക്കില്ല. ഭാര്യയും മക്കളും ഷാപ്പില്‍ വന്ന് അവരെ സന്ദര്‍ശിച്ചു മടങ്ങിപ്പോക്കു തുടര്‍ന്നു.

തിരിച്ചിറങ്ങാന്‍നേരത്ത് ഏണി വേണ്ടെന്നു സ്വമേധയാ തീരുമാനിച്ച ചില ബഹുമാന്യ കുടിയന്മാര്‍ ഇതിന്നിടയ്ക്ക് പത്തടിയോളം പൊക്കമുള്ള കയ്യാലമാട്ടേന്നു താഴെ വീണു കയ്യും കാലും ഒടിഞ്ഞ് ഗവ. ആശുപത്രിത്തിണ്ണകളില്‍ കൊതുകിന്റെ ഇന്‍ജക്ഷനേറ്റ് കിടന്നു.

ഇങ്ങനെയൊക്കെയാണെന്കിലും മാട്ടേല്‍ ഷാപ്പിലെ കള്ളിനെക്കുറിച്ച് കുടിയന്മാരും അല്ലാത്തവരുമായ ആര്‍ക്കും എതിരഭിപ്രായമില്ലായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ മാട്ടേല്‍ ഷാപ്പിലെ കള്ളിന്റെ ആരാധകരായിരുന്നു.

ഈസ്റ്ററിനും ക്രിസ്മസിനും ഉണ്ടാക്കുന്ന സ്പെഷല്‍ വെള്ളയപ്പത്തിനു അരിമാവു കുഴച്ചുവയ്ക്കാന്‍ നേരത്ത് അവര്‍ ഭര്‍ത്താക്കന്മാരോടായി പറയും. അതേയ്, നിങ്ങളാ ഷാപ്പില്‍ വരെ ഒന്നു ചെല്ല്, കുറച്ചു കള്ളു വാങ്ങിക്കൊണ്ടുവാ...

ജീവിതത്തില്‍ ഒരിക്കല്‍പ്പോലും കള്ളുകുടിക്കാത്ത വെറും പാലുകുടിയന്മാരായ ഗൃഹനാഥന്മാരും അങ്ങനെ ഭാര്യമാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മാട്ടേല്‍ ഷാപ്പില്‍ സന്ദര്‍ശകരായി.

അത്രയും സല്‍പ്പോരും പ്രവര്‍ത്തന പാരമ്പര്യവുമുള്ള മാട്ടേല്‍ ഷാപ്പ് ഇപ്പോള്‍ ഒരു തീര്‍ഥാടന കേന്ദ്രമാണ്!!

കള്ളുകച്ചവടം നിര്‍ത്തി. കള്ളുചാറയ്ക്ക് ഒരു മൂടി പിടിപ്പിച്ച് നേര്‍ച്ചപ്പെട്ടിയാക്കി. കറുത്ത ബോര്‍ഡിലെ വെളുത്ത അക്ഷരത്തില്‍ രേഖപ്പെടുത്തിയിരുന്ന കള്ള് എന്ന ബോര്‍ഡ് കാണാതായി. പകരം, ഷാപ്പിന്റെ തൊട്ടുതാഴെ റോഡരികില്‍ വലിയൊരു കുരിശും അതിനോടു ചേര്‍ന്ന് വല്ലോം തന്നേച്ചും പോയോ എന്ന രീതിയില്‍ വാപൊളിച്ചു നില്‍ക്കുന്ന നേര്‍ച്ചപ്പെട്ടിയും സ്ഥാപിച്ചു.

ഷാപ്പില്‍ അന്തിയുറങ്ങിയിരുന്ന കുടിയന്മാര്‍ അനാഥരായി. മീനിച്ചിലാറു നിറെയ പനം കള്ള് ഒഴുകി വരുന്നതും താന്‍ അതിലൂടെ നീന്തിനടന്ന് മതിവരുവോളം ആ കുള്ളുമുഴുവന്‍ അകത്താക്കി രണ്ടോ മൂന്നു കന്നാസു നിറയെ കള്ള് വീട്ടിലോട്ടു ചുമന്നു കൊണ്ടുപോകുന്നതും സ്വപ്നം കണ്ടുറങ്ങിയിരുന്ന കുടിയന്മാര്‍ മറ്റൊരു ഷാപ്പുകിട്ടാതെ ഗതികിട്ടാ പ്രേതങ്ങളായി.

ഷാപ്പിലെ കറിക്കച്ചവടക്കാരന്‍ കോവാലന്റെ വീട്ടില്‍ അടുപ്പു പുകയാതായി
(കഴിഞ്ഞ ദിവസം അവര് ഒരു ഗ്യാസ് സ്റ്റൗ വാങ്ങി!!)

കഴിഞ്ഞ ക്രിസ്മസിനു തലേന്നാണ് അതു സംഭവിച്ചത്. പതിവു പരിപാടികള്‍ കഴിഞ്ഞ് ഷാപ്പ് നേരത്തെ അടച്ച് വീട്ടില്‍പ്പോയതാണു മാനേജര്‍ ദേവസ്യ. ക്രിസ്മസ് ദിവസം രാവിലെ പള്ളിയില്‍ പോയി മടങ്ങിവന്നു ഷാപ്പു തുറന്ന ദേവസ്യ കിടുങ്ങിപ്പോയി.

പിള്ളക്കച്ചകളാല്‍ പൊതിഞ്ഞ്, തണുത്തു വിറച്ചു ഷാപ്പിലെ കാലുറയ്ക്കാത്ത മേശമേല്‍ ഒന്നില്‍ ദാണ്ടെ കിടക്കുന്നു നമ്മുടെ ഉണ്ണീശോ!

രാവിലെ ചെത്തിയ കള്ളു വൈകിട്ടു കുടിച്ചാലുണ്ടാകുന്ന പൂസുപോലെ വാര്‍ത്ത അതിവേഗം നാടാകെ പരന്നു. മാട്ടേല്‍ ഷാപ്പില്‍ ഉണ്ണീശോ പിറന്നു.

ഷാപ്പുകാരന്‍ ദേവസ്യ ബോധം കെട്ടുവീണു. തലേന്നത്തെ ലഹരിയില്‍ അന്തംവിട്ടുറങ്ങുകയായിരുന്ന ഷാപ്പിലെ സ്ഥിരം കുടിയന്മാര്‍ സംഗതിയറിയാന്‍ വൈകി. അറിഞ്ഞവര്‍ കേട്ടവര്‍ വണ്ടി പിടിച്ചു ഷാപ്പിലേക്കു പാഞ്ഞു. വണ്ടിയില്ലാത്തവര്‍ സ്വന്തം നിലയിലും പാഞ്ഞു.

ഷാപ്പിനു മുന്നില്‍ വന്‍ ആള്‍ക്കൂട്ടം. ബോധം തെളിഞ്ഞയുടന്‍ ഷാപ്പുകാരന്‍ ദേവസ്യ തൊട്ടടുത്തുനിന്ന പള്ളി കപ്യാരുടെ അനിയന്‍ ബിജുവിന്റെ കഴുത്തിലുണ്ടായിരുന്ന കൊന്ത വാങ്ങി സ്വന്തം കഴുത്തിലിട്ടു. തലേന്നു മിച്ചം വന്ന രണ്ടു കുപ്പിക്കള്ള് അതേപടി ഒഴുക്കിക്കളഞ്ഞ് (മഹാപാപി!!) അതില്‍ രണ്ടു മെഴുകുതിരി കത്തിച്ചുവച്ചു. കുന്തിരിക്കം സ്റ്റോക്കില്ലാത്തതിനാലും കള്ളിന്റെ മണമകറ്റാന്‍ മറ്റു മാര്‍ഗമില്ലാതിരുന്നതിനാലും ഷാപ്പില്‍ ബാക്കിയുണ്ടായിരുന്ന കൊതുകുതിരി നാലുകോണിലും പുകഞ്ഞു.

വിവരമറിഞ്ഞ പാടെ പാലാ രൂപതയുടെ നാലതിരുകളില്‍നിന്നും തീര്‍ഥാടക സംഘങ്ങള്‍ മിഷന്‍ ലീഗ്, കെസിവൈഎം, മാതൃജ്യോതി, ലീജിയന്‍ ഓഫ് മേരി തുടങ്ങിയ ബാനറകളെഴുതിയ ടൂറിസ്റ്റ് ബസില്‍ സിനിമ കണ്ടുല്ലസിച്ച് ഷാപ്പിലെത്തി തീര്‍ഥാടനം നടത്തി മടങ്ങി.

സമീപത്തെ പത്തു ഷാപ്പില്‍ കിട്ടുന്ന ആകെ വരുമാനം ഒരുദിവസം കൊണ്ടു മാട്ടേല്‍ ഷാപ്പിലെ നേര്‍ച്ചപ്പെട്ടികളില്‍ വീണു തുടങ്ങി. ഷാപ്പുകാരന്‍ ദേവസ്യയ്ക്കു പകരം സമീപ ഇടവകയായ ഭരണങ്ങാനത്തെ വൈദിക പ്രമുഖരില്‍ ഒരാള്‍ അവിടെ താമസം ആരംഭിച്ചു.

നിലവിലുള്ള ഷാപ്പ് ജീര്‍ണാവസ്ഥയിലായതിനാല്‍ അവിടെ പുതിയ പള്ളി പണിയാന്‍ പള്ളിക്കമ്മിറ്റി തീരുമാനമെടുത്തു. അതിനായി പിരിവു തുടങ്ങി. പിരിവു തുടങ്ങിയ വിവരമറിഞ്ഞതോടെ, നാട്ടിലെ പല പ്രമാണിമാരും ഒളിവില്‍പോയി.

മാട്ടേല്‍ഷാപ്പ് തീര്‍ഥാടന കേന്ദ്രം, മദ്യപാനം നിര്‍ത്താന്‍ ഇവിടെയെത്തുക തുടങ്ങിയ ക്യാച്ച് വേഡുകളോടെ നാടെങ്ങും ബോര്‍ഡുകള്‍ ഉയര്‍ന്നു. കെട്ടിയവന്‍മാരുടെ കുടികൊണ്ടു പൊറുതി മുട്ടിയ പാവം വീട്ടമ്മമാര്‍ മാട്ടേല്‍ ഷാപ്പില പഴയ കറിക്കലങ്ങളില്‍ തലയടിച്ചു പ്രാര്‍ഥിച്ചു.

തലയില്‍ അല്‍പമെങ്കിലും ബോധം ബാക്കിയുണ്ടായിരുന്ന ചിലര്‍ നാട്ടിലുണ്ടായിരുന്നു. അവര്‍ സംഗതികളെക്കുറിച്ച് അന്വേഷിച്ചു. കള്ളുകച്ചവടക്കാരന്‍ ദേവസ്യ ക്രിസ്മസ് ദിവസം രാവിലെ ഷാപ്പു തുറക്കാനെത്തിയപ്പോള്‍ ഷാപ്പിലെ മേശയിലൊന്നില്‍ ഉണ്ണീശോയുടെ രൂപം കണ്ടെവെന്നാണ് ഐതിഹ്യം. പിറന്നത് യഥാര്‍ഥ ഉണ്ണീശോയല്ല, ഉണ്ണീശോയുടെ കളിമണ്‍ രൂപം. അതെങ്ങനെ ഷാപ്പില്‍ വന്നു?

ആര്‍ക്കും ഒരു എത്തും പിടിയും കിട്ടിയില്ല. ഉണ്ണീശോയ്ക്കു പകരം ഉണ്ണിമേരിയുടെ പടമോ മറ്റോ ആയിരുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നാട്ടില്‍ അനേകം കുടിയന്മാര്‍ ഉണ്ടായനേനെ. പക്ഷേ, ഉണ്ണീശോയുമായി ആര്‍ക്കും അത്രവലിയ പരിചയമോ ബന്ധമോ ഇല്ലാതിരുന്നതിനാല്‍ ആരും ഉത്തരവാദിത്തമേറ്റെടുക്കാന്‍ മുന്നോട്ടുവന്നില്ല.

ഒടുവില്‍ പള്ളിയിലെ കൈക്കാരന്മാരില്‍ ഒരാളും മാട്ടേല്‍ ഷാപ്പിലെ പറ്റുപിടിക്കാരില്‍ മുഖ്യനുമായിരുന്ന അയര്‍ക്കുന്നത്തു ചാണ്ടിയാണ് അക്കാര്യം അബദ്ധവശാല്‍ പുറത്തുവിട്ടത്.

മാട്ടേല്‍ ഷാപ്പിലെ പറ്റുപിടി അവസാനിച്ചതോടെ സമീപത്തെ പാലമ്മൂട് ഷാപ്പിലേക്കു ട്രാന്‍സ്ഫര്‍ വാങ്ങിയ അദ്ദേഹം ഒരുദിവസം പത്തുകുപ്പി കള്ളിന്റെ ലഹരിയില്‍ അക്കാര്യം അറിയാതെ പറഞ്ഞു പോയി. ക്രിസ്മസിനു തലേന്നത്തെ കരോള്‍ പരിപാടിയുടെ നേതാവായിരുന്നു ചാണ്ടി.

രാത്രി എട്ടുമണിക്കു തുടങ്ങിയ കരോള്‍ വീടുവീടാന്തരം പാടിയിറങ്ങി മാട്ടേല്‍ ഷാപ്പിന്റെ പരിസരത്ത് എത്തിയപ്പോള്‍ ഷാപ്പ് അടയ്ക്കുന്നതേയുള്ളൂ. എങ്കില്‍പ്പിന്നെ, രണ്ടുകുപ്പി കള്ളു കുടിച്ചിട്ടു തന്നെ ബാക്കി കരോള്‍ എന്നു സംഘം ഒന്നടങ്കം തീരുമാനിച്ചു. പെട്ടെന്നുള്ള ആവേശത്തില്‍ ക്രിസ്മസ് പപ്പായും പരിവാരങ്ങളും ഒറ്റച്ചാട്ടത്തിനു ഷാപ്പിനു മുന്നിലെ കയ്യാലമാടു ചാടിക്കയറി.

കള്ളുകുടി തുടങ്ങി. 25 നോയമ്പു കാരണം കഴിഞ്ഞ 25 ദിവസമായി ഡ്രൈ ആയിരുന്നതിനാലുള്ള കേടു തീര്‍ത്ത് കള്ള് ഓര്‍ഡര്‍ ചെയ്തു. കേവലം ഒരു മണിക്കൂര്‍ കൊണ്ടു ഷാപ്പിലുണ്ടായിരുന്ന മുഴുവന്‍ കള്ളും അവര്‍ കുടിച്ചു തീര്‍ത്തു.

ഷാപ്പടയ്ക്കാന്‍ ദേവസ്യ ധൃതി കൂട്ടിയതോടെ എഴുന്നേല്‍ക്കാന്‍ പറ്റുന്ന വിധമുണ്ടായിരുന്നവര്‍ അതിവേഗം പുറത്തിറങ്ങി. തലയില്‍ പത്തുകിലോ അരിച്ചാക്ക് എടുത്തു വച്ചാലെന്ന പോലത്തെ കനം. കള്ളിന്റെ ലഹരി അത്രയ്ക്കു ഗംഭീരമായിരുന്നു.

തിരിച്ചു റോഡിലേക്ക് ഇറങ്ങാന്‍ കെല്പുള്ളവര്‍ ആരും അക്കൂട്ടത്തിലുണ്ടായിരുന്നില്ല. പൂസു വിടുന്നതു വരെ ഷാപ്പിന്റെ മുറ്റത്തു കഴിച്ചുകൂട്ടാമെന്ന് അവര്‍ തീരുമാനിച്ചു. അപ്പോഴാണു പറ്റു ബുക്കില്‍ കണക്കെഴുതിച്ചു കഴിഞ്ഞു ചാണ്ടിയും പുറത്തേക്കു വരുന്നത്. കരോള്‍ സംഘത്തിന്റെ അതേ അവസ്ഥയിലായിരുന്നു അദ്ദേഹവും.

ഒടുവില്‍ എല്ലാവരും ചേര്‍ന്നു ഷാപ്പിന്റെ മുറ്റത്ത് വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ തീരുമാനിച്ചു. ഇതിന്നിടെ, ഷാപ്പുപൂട്ടി ദേവസ്യ വീട്ടില്‍ പോയിരുന്നു.

നേരം പാതിരാത്രിയായി. പള്ളിയില്‍ പാതിരാ കുര്‍ബാനയ്ക്കുള്ള മണിയടിച്ചു. തലയിലെ കെട്ടിറങ്ങിത്തുടങ്ങിയ ചാണ്ടി വേഗം പള്ളിയില്‍ തിരിച്ചെത്തേണ്ടതിനെക്കുറിച്ചോര്‍ത്തു. അപ്പോളാണ്, അതുവരെ തന്റെ കയ്യിലുണ്ടായിരുന്ന ഉണ്ണീശോയുടെ രൂപത്തെക്കുറിച്ചും ഓര്‍ത്തത്.

അതു ഷാപ്പില്‍ വച്ചു മറന്നു പോയിരിക്കുന്നു. തിരിച്ചെടുക്കാന്‍ മാര്‍ഗമില്ല.

കാരണം ഷാപ്പുപൂട്ടി ദേവസ്യ വീട്ടില്‍പ്പോയി ഉറക്കം പിടിച്ചുകഴിഞ്ഞിരുന്നു. എന്തു ചെയ്യുമെന്ന് ചാണ്ടി ഒറ്റയ്ക്ക് ആലോചിച്ചു. കൂടെയുള്ള കുടിയന്മാരോടു പറഞ്ഞിട്ടു കാര്യമില്ല. വേഗം തീര്‍പ്പുണ്ടാക്കിയില്ലെങ്കില്‍ പള്ളീലച്ചന്‍ തന്നെ അടിച്ചുപുറത്താക്കും.

പള്ളിയിലെ തിരുക്കര്‍മങ്ങള്‍ക്ക് ഉണ്ണീശോയുടെ രൂപം വേണം. അതേ ഉണ്ണീശോയാണിപ്പോള്‍ മാട്ടേല്‍ ഷാപ്പില്‍....ഒരുവിധം കയ്യാല മാട് എടുത്തുചാടി ചാണ്ടി ഭരണങ്ങാനത്തേക്ക് ഓടി.

ഓടുന്നതിനിടെയും ചാണ്ടി ആലോചിച്ചുകൊണ്ടിരുന്നു. അങ്ങനെ ആലോചിച്ചു കൊണ്ട് ഓടുന്നതിനിടെ, ഓടിക്കൊണ്ട് ആലോചിക്കുന്നതിനിടെ, വഴിയരികിലെ തെക്കേല്‍ ജോസുചേട്ടന്റെ വീട്ടില്‍ നല്ല വെളിച്ചം.

ചാണ്ടി സൂക്ഷിച്ചു നോക്കി. ജോസുചേട്ടന്റെ മക്കളും മക്കടെ മക്കളും ചേര്‍ന്നുണ്ടാക്കിയ മനോഹരമായ ഒരു പൂല്‍ക്കൂട് വീട്ടുമുറ്റത്ത്. അതിന്നകത്ത്,തനിക്കു കൈമോശം വന്ന അതേ വലിപ്പത്തിലും അതേ രൂപത്തിലുമുള്ള ഉണ്ണീശോയും.

ഒന്നുമാചോലിച്ചില്ല, ചാണ്ടി. ശബ്ദമുണ്ടാക്കാതെ നേരെ അവിടേക്കു നടന്നു. പിന്നെ ഉണ്ണീശോയെ ഹൈജാക്ക് ചെയ്ത് പള്ളിയിലേക്ക് ഒറ്റ ഓട്ടം. കൃത്യ സമയത്ത് ഉണ്ണീശോ പള്ളിയിലെത്തി.

തിരുക്കര്‍മങ്ങള്‍ തുടങ്ങി. വീടുകളില്‍ ചേടത്തിമാര്‍ പോത്തിറച്ചി വരട്ടിയതും കള്ളപ്പം ചുട്ടതും ഉണ്ടാക്കിത്തുടങ്ങി. രാത്രിയിലെ ബഹളവും ഓട്ടവും കാരണമുള്ള ക്ഷീണത്താല്‍ കിടന്നുറങ്ങിപ്പോയ ചാണ്ടി ഉണര്‍ന്നെണീല്‍ക്കുന്നത് അന്നു വൈകിട്ടാണ്.

അപ്പോഴേയ്ക്കും ഷാപ്പില്‍ ഉണ്ണീശോ പിറന്ന വിവരം നാടാകെ എആര്‍ റഹ്മാന്റെ പാട്ടായിക്കഴിഞ്ഞിരുന്നു. സംഗതിയുടെ നിജസ്ഥിതി അറിയുന്നയാള്‍ എന്ന നിലയ്ക്കും അതുവരെയുണ്ടായിരുന്ന മനസ്സമാധാനം നഷ്ടമായ സാഹചര്യത്തിലും ഒരു ദിവസം ചാണ്ടി പള്ളിയിലെ വികാരിയച്ചനെ കാണാന്‍ ചെന്നു.

മാട്ടേല്‍ഷാപ്പിലെ നേര്‍ച്ചക്കാശ് എണ്ണുന്നതിന്റെ തിരക്കിലായിരുന്ന അദ്ദേഹം ചോദ്യപൂര്‍വം ചാണ്ടിയുടെ നേര്‍ക്ക് കണ്ണെറിഞ്ഞു. വികാരിയച്ചനോട് ചാണ്ടി എല്ലാക്കഥകളും ഏങ്ങലടിച്ചുകൊണ്ട് വിളിച്ചുപറഞ്ഞു.

എല്ലാം കഴിഞ്ഞപ്പോള്‍ വികാരിയച്ചന്‍ ചാണ്ടിയെ പള്ളിക്കുശിനിയുടെ അടുത്തേക്കു മാറ്റിനിര്‍ത്തി സ്വകാര്യമായി ഇങ്ങനെ പറഞ്ഞു.

നമ്മുടെ സമുദായത്തിനു പത്തു കാശുകിട്ടുന്നത് ചാണ്ടിയായിട്ട് കളയേണ്ട. താനൊന്നും കണ്ടിട്ടും കേട്ടിട്ടും ഇല്ല. പുതിയ മെഡിക്കല്‍ കോളജും എന്‍ജിനീയറിങ് കോളജുമൊക്കെ തുടങ്ങിയ വകയില്‍ എത്ര രൂപയാ കടം? നമുക്ക് അതൊക്കെയൊന്നു തീര്‍ക്കേണ്ടേ..?

ഇതിപ്പം ദൈവമായിട്ടു കാണിച്ചു തന്നെ ഒരു വഴിയാണെന്നങ്ങു ചാണ്ടി കരുതിയാല്‍ മതി!!!

20 comments:

SUNISH THOMAS said...

കാലുറയ്ക്കാത്ത ബഞ്ചുകള്‍,
നാലു കാലി‍ല്‍ നില്‍ക്കാന്‍ പ്രയാസപ്പെടുന്ന മേശകള്‍,
അതിന്റെ മുകളിലിരുന്ന് ആടുന്ന കുപ്പികള്‍..
ഇത്രയുമായാല്‍ ടി. എസ്. നമ്പര്‍ 47, മാട്ടേല്‍ കള്ളുഷാപ്പ് ആയി.വിമര്‍ശനന്‍ നായര്‍ക്കു വായിക്കാന്‍ ഒരു പോസ്റ്റ്.

Mubarak Merchant said...

നല്ല എഴുത്ത് സുനീഷ്.
അഭിവാദ്യങ്ങള്‍.
(പത്തടി ഉയരമുള്ള കയ്യാല മാട്ടേല്‍ ചാടിക്കയറുന്ന വിദ്യ ദഹിച്ചില്ല. കഥയല്ലേ, കള)

എതിരന്‍ കതിരവന്‍ said...

സുനീഷ്, വിമര്‍ശനന്‍ നായര്‍ ഇതു തന്നെ എഴുതിക്കാനാണ് ശ്രമിച്ചത്. വിമര്‍ശനം ഫലിച്ചു!
ഉഗ്രന്‍!

തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ ഉറവിടം ഇതുപോലെയാണെന്ന് എഴുതാന്‍ കാണിച്ച ധൈര്യം അപാരം.ഇനി പാലായ്ക്കു പോകുന്നത് സൂക്ഷിച്ചു വേണം. “മീനച്ചിലാറ്റില്‍ അജ്ഞാത യുവാവിന്റെ മൃതദേഹം”എന്നൊക്കെ വായിച്ച് അതിനു പുറകേ പോകാന്‍ ഞങ്ങള്‍ക്കു നേരമില്ല.

ഭരണങ്ങാനത്തെ സെലിബ്രിറ്റിലെസ്സ് ആക്കിയത് ശരിയല്ല. ക്ലാരമഠത്തില്‍ അല്ഫോന്‍സാമ്മ? മിസ് കുമാരിയെ മറന്നു പോയോ? അപ്പച്ചന്റെ കൂടെ കെട്ടുവള്ളത്തില്‍ക്കയരീ ആലപ്പുഴയിലെത്തി വെള്ളീനക്ഷത്രമായ സാഹസിക. ഇന്നോളം കണ്ട നടികളില്‍ ഏറ്റവും സ്വാഭാവികമായ അഭിനയ നൈപുണി ഉണ്ടായിരുന്ന ഒരു ജെന്റില്‍ സോള്‍.അതിസൂക്ഷ്മതെയോടെ തന്റെ എല്ലാകഥാപത്രങ്ങള്‍ക്കും സ്വന്തം ശബ്ദം നല്‍കി കാലത്തിനു മുന്‍പേ നടന്നവള്‍. അവരുടെ മരണം സ്വാഭാവികമല്ലായിരുന്നെന്നു കേള്‍ക്കുന്നു.ഐറണി! (“പാടാത്ത പൈങ്കിളി”യുടെ വീഡിയോ ചെത്തിമറ്റത്തെ ഒരു കടയില്‍ ഈയടുത്തു വരെ ഉണ്ടായിരുന്നു. എടുത്തു കാണണേ)

പിന്നെ, ജയരാജ് തന്റെ “കരുണം” സിനിമയിലൂടെ ഭരണങ്ങാനം ലോകത്തെല്ലാവരേയും കാണിച്ച് സ്ഥലത്തെ സെലിബ്രിറ്റി ആക്കിക്കഴിഞ്ഞിരുന്നു.

SUNISH THOMAS said...

എതിരവന്‍ കതിരവന്‍ ഐഡന്റിറ്റി വെളിപ്പെടുത്തണം...!

മിസ്കുമാരിയെയും ചെത്തിമറ്റത്തെയും കരുണം സിനിമയെയും ഒന്നിച്ചു പറയണമെങ്കില്‍ നിങ്ങള്‍ ആളു പുലി തന്നെ.

എവിടെയാ വീട്????

സാജന്‍| SAJAN said...

സുനീഷേ ഇതും നന്നായിട്ടുണ്ട്...:)
ഇനിയും ഹിറ്റുകള്‍ പോരട്ടേ!!!

Mr. K# said...

ഭായീ, പതിവു പോലെ ഇതും കലക്കീട്ടുണ്ട്ട്ടാ.

Kiranz..!! said...

സുനീഷേ...ആ ഉണ്ണീമേരിയുടെ കാര്യം അതങ്ങട് ശരിക്ക് ബോധിച്ചു..:)നന്നായിരിക്കുന്നു എഴുത്ത്,അല്ല നന്നാവാതെവിടെപ്പോവാന്‍,മേലിലും നന്നായിരിക്കണം :)

ചാവറഅച്ചനേം അല്‍ഫോത്സാമ്മേം,മെഴുകുതിരികത്തിക്കാന്‍ തിക്കിത്തിരക്കുന്ന ഭരണങ്ങാനം പള്ളിയും എതിരന്‍ പറഞ്ഞത് പോലെ കൊച്ചാക്കിയത് ശരിയായില്ല..:)

SUNISH THOMAS said...

എതിരവനും കിരണ്‍സും പറഞ്ഞതു ശരി.

ഭരണങ്ങാനത്തെ കൊച്ചാക്കുക ഉദ്ദേശമായിരുന്നില്ലെങ്കിലും നാട്ടിലെ സെലിബ്രിറ്റികളെ പാടെ അവഗണിക്കുന്നതു ശരിയല്ലല്ലോ...

സെലിബ്രിറ്റി ലെസ് എന്ന പരാമര്‍ശത്തിനു ഹേതുവായ വാചകങ്ങള്‍ ഒഴിവാക്കിയിരിക്കുന്നു!!

Unknown said...

ഉവ്വ്, ഉണ്ണീശോ കൊണ്ട് ഷാപ്പില്‍ തന്നെ ഇരുത്തണം.
ഹാസ്യം നന്നായി.

പക്ഷേ എത്ര എഴുതിയാലും വായിച്ചാലും നാളെ 10 പേര് കൂടുതല്‍ വരും മട്ടേല്‍ ഷാപ്പില്‍. ഇപ്പോ പാലാക്കാര് മാത്രമാണേങ്കില്‍ ഇത് വായിച്ചാല്‍ തൃശ്ശൂക്കാരും കൂടി വരും.അതും ബസ്സിലല്ല, കാല്‍നട തീര്‍ത്ഥയത്രയായി . ഇപ്പോ അതാണ് ഫാഷന്‍.

myexperimentsandme said...

കള്ള് കുടിച്ച് പൂസായാല്‍ പിന്നെ തിരിച്ചിറങ്ങുന്നതെങ്ങിനെയെന്നും കോവണിയ്ക്ക് ഗ്രിപ്പുണ്ടോ എന്നുമൊക്കെ ആലോചിക്കാന്‍ മാത്രം സ്ഥലം തലയ്ക്കകത്തുണ്ടാവുമോ?

കുടിയന്മാര്‍ പറയട്ടെ അല്ലേ :)

മാട്ടേല്‍ ഷാപ്പിനെ വിവരിച്ചത് തന്നെ അടിപൊളി. ഒന്നിനും ഒരു ഉറപ്പുമില്ലാത്ത സ്ഥലം :)

വിഷ്ണു പ്രസാദ് said...

രസിച്ചു...

sandoz said...

സുനീഷേ രസിച്ചു.....

പിന്നെ മാട്ടേല്‍ ഷാപ്പ്‌ ഇപ്പോള്‍ ഒരു തീര്‍ഥാടനകേന്ദ്രം ആയി എന്നതിനോട്‌ യോജിക്കില്ലാ..
കാരണം...
ഷാപ്പുകള്‍ എന്നും തീര്‍ഥാടനകേന്ദ്രങ്ങള്‍ ആണ്‌.......
തീര്‍ഥം തേടി ലക്ഷോപലക്ഷം ജനങ്ങള്‍ അണയുന്ന സ്ഥലം......

വേണു venu said...

താനൊന്നും കണ്ടിട്ടും കേട്ടിട്ടും ഇല്ല.
പക്ഷേ ആ കോവണി... കേറാനൊരു പ്രയാസവും ഇല്ലായിരുന്നു. ഇറങ്ങാന്‍‍....സുനീഷേ....ഹാഹാ..ഗംഭീരന്‍‍.:)

Anonymous said...

ഞാനീ സുനീഷിനെ അറിയുകേല...
മീനച്ചിലാറ്റില്‍ ശവം ഒന്നു മതി...
എനിക്കും ഭാര്യും ഒന്നര വയസ്സുള്ള മകനുമുണ്ട്...
അവര്‍ക്കു ഞാനേയുള്ളൂ...

SUNISH THOMAS said...

ഞാനല്ല..!!
എനിക്കറിയത്തില്ല!!
ഞാനൊരു പാവമാണേ...
ഞാന്‍ പൊയ്ക്കോളാമേ....!!!

SUNISH THOMAS said...

ഞാന്‍ മലയാളത്തില്‍ ബ്ളോഗാന്‍ തുടങ്ങിയിട്ട് ഇന്ന് (13)ഒരുമാസം പൂര്‍ത്തിയാകുന്നു. ഇതിന്നകം ഹിറ്റുകള്‍ ആയിരത്തോട് അടുത്തായി.


എല്ലാവര്‍ക്കും ഒരായിരം നന്ദി.

Mr. K# said...

സുനീഷേ,
qw_er_ty യെക്കുറിച്ച് അറിയണമെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു നോക്കൂ

qw_er_ty

asdfasdf asfdasdf said...

ഇതിപ്പം ദൈവമായിട്ടു കാണിച്ചു തന്നെ ഒരു വഴിയാണെന്നങ്ങു ചാണ്ടി കരുതിയാല്‍ മതി!!!
സുനീഷെ ഇത് കലക്കീട്ടുണ്ട്.

Unknown said...

ജീവിതത്തില്‍ ഒരിക്കല്‍പ്പോലും കള്ളുകുടിക്കാത്ത വെറും പാലുകുടിയന്മാരായ ...
not a drinker means this???

Unknown said...

നമ്മുടെ സമുദായത്തിനു പത്തു കാശുകിട്ടുന്നത് ചാണ്ടിയായിട്ട് കളയേണ്ട. താനൊന്നും കണ്ടിട്ടും കേട്ടിട്ടും ഇല്ല. പുതിയ മെഡിക്കല്‍ കോളജും എന്‍ജിനീയറിങ് കോളജുമൊക്കെ തുടങ്ങിയ വകയില്‍ എത്ര രൂപയാ കടം? നമുക്ക് അതൊക്കെയൊന്നു തീര്‍ക്കേണ്ടേ..?

super!!!

Powered By Blogger