Tuesday, May 15, 2007

പുഷ്പാഞ്ജലി ഗിരീഷ്കുമാര്‍

ഗിരീഷ് കുമാര്‍. പ്രായം മുപ്പത്തിമൂന്ന്.

പതിമൂന്നുവര്‍ഷമായി പ്രണയത്തിലാണ്. പതിമൂന്നുവര്‍ഷമായിട്ടും പ്രണയത്തിനു കാര്യമായ വളര്‍ച്ചാ നിരക്കില്ല. കഴിഞ്ഞ പത്തുവര്‍ഷമായി പ്രണയത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ഗിരീഷ് പറയുക ഒരേ മറുപടിയാണ്.

അമ്പതു ശതമാനം ഒകെയായിട്ടുണ്ട്. ഇനി ബാക്കി കൂടി....
ശരിയാണ്. ഗിരീഷിന്റെ ഭാഗത്തുനിന്നു നോക്കുമ്പോള്‍ അമ്പതു ശതമാനം ഒകെയാണ്. ബാക്കി അമ്പതു ശതമാനം എതിര്‍കക്ഷിയില്‍നിന്നു കൂടി ഉണ്ടാകുന്ന അന്ന്, ആ നിമിഷം, ആ പ്രണയം പൂവണിയും.

ശ്രമിക്കാഞ്ഞിട്ടല്ല. ശ്രമിച്ചിട്ടും നടന്നില്ല എന്നു പറയുന്നതാണു ശരി.

പല വഴിക്കു ശ്രമിച്ചു.
സ്കൂളില്‍ പഠിക്കുന്ന കാലത്ത് ആ കുട്ടിയെ കണ്ട് ഇഷ്ടപ്പെട്ടതാണ്. അന്നുമുതല്‍ ഗിരീഷ് ഡയറിയെഴുതി തുടങ്ങി. ഡയറിയില്‍ തനിക്കിഷ്ടപ്പെട്ട കവിതാശകലങ്ങളും അതിനൊപ്പമെഴുതി. പ്രണയത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ആ ഡയറിയുമായി ഗിരീഷ് അവളെ കാണാന്‍ കാത്തുനിന്നു. സ്കൂള്‍ വിട്ടു വന്ന കുട്ടികള്‍ക്കിടയില്‍നിന്ന് അവളെ ഗിരീഷ് കണ്ണുകളാല്‍ കൊത്തിയെടുത്തു.
(ഇഷ്ടപ്പെടുന്നവരെ ഏത് ആള്‍ക്കൂട്ടത്തിനിടയില്‍നിന്നും ഒറ്റനോട്ടത്തില്‍ കണ്ടെത്താനാവുമെന്നു പറയുന്നതു ശരിയാണോ?!)

അവന്‍ അവളുടെ നേര്‍ക്കു നടന്നു. തന്റെ ശരീരത്തില്‍ പ്രവര്‍ത്തനക്ഷമമായ ഒരു അവയവും കൂടിയുണ്ടെന്നു ഗിരീഷ് തിരിച്ചറിയുന്നതും അന്നാണ്.
ഹൃദയം.
അതു വല്ലാതെ ഇടിച്ചു തുടങ്ങി. ഒരു തരം ഭയം ഉള്ളംകാലില്‍നിന്നു തുടങ്ങി മുട്ടുവഴി കയ്യിലും തലയിലും എത്തിനിന്നു. അവിടെനിന്ന് പിന്നെയും പോകാന്‍ സ്ഥലമില്ലാത്തതിനാലാവണം, ഭയം തലയില്‍ ഉരുണ്ടുകൂടി. കണ്ണില്‍ ഇരുട്ടുകയറി. ഗിരീഷ് അവളുടെ മുമ്പിലെത്തിയപ്പോഴേയ്ക്കും വല്ലാതെ വിയര്‍ത്തു കുളിച്ചിരുന്നു.
സ്കൂള്‍കുട്ടിക്കു പ്രണയലേഖനം (സോറി, ലേഖനസമാഹാരമായ ഡയറി)കൈമാറാന്‍ പോയ ആ കാമുകന്‍ അവളുടെ തൊട്ടുമുന്‍പില്‍ തളര്‍ന്നു വീണു. തകര്‍ന്നു വീണു.

അവള്‍ സ്കൂളിലല്ലേ പഠിക്കുന്നത് അല്‍പം കൂടി മുതിര്‍ന്നിട്ടാവാം തന്റെ പരിശുദ്ധ പ്രണയം അവളെ അറിയിക്കലെന്ന് പിന്നീട് ആ പാവപ്പെട്ടവന്‍ തീരുമാനിച്ചു. അവള്‍ക്കായി എന്നും ജാഗരണം ചെയ്ത കണ്ണുകളും മനസ്സുനിറയെ സ്നേഹവുമായി അവന്‍ വഴിയരികില്‍ കാത്തുനിന്നു.

അതുവഴി അവള്‍ കടന്നു പോകുമ്പോള്‍ ഏതെങ്കിലും കഴുകന്‍ കണ്ണുകള്‍ അവളെ വല്ലാതെ കൊത്തിനോവിക്കുന്നുണ്ടോയെന്നറിയാന്‍ അവിടെമാകെ അവന്റെ സൂക്ഷമദൃഷ്ടി പരതിനടന്നു. ചിലദിവസങ്ങളില്‍ അവള്‍ കടന്നുപോയപ്പോള്‍ ഹോണടിച്ച ഓട്ടോ ഡ്രൈവര്‍മാരെ രാത്രി വൈകി ഓട്ടം വിളിച്ചുകൊണ്ടുപോയി ആളില്ലാത്ത സ്ഥലങ്ങളില്‍ നിര്‍ത്തി താക്കീതു ചെയ്തു വിട്ടയച്ചു. താക്കീതു കൈപ്പറ്റിയവര്‍ അക്കാര്യം അറിയാത്തവരെക്കൂടി അറിയിച്ചു. അങ്ങനെ നാടാകെ ആ പ്രണയം പാട്ടായി.

ഗിരീഷ്കുമാറും സവിതയും പ്രണയത്തിലാണ്...!

സവിത കോളജില്‍ ചേര്‍ന്നു. ആദ്യദിവസം ഭരണങ്ങാനത്തുനിന്ന് കോളജില്‍ പോകാനായി അവള്‍ ബസ് കാത്തുനിന്ന മരത്തിന്റെ ഇപ്പുറത്തെ അരികില്‍ അവനുമുണ്ടായിരുന്നു. ബസ് വന്നു. കുട്ടികള്‍ ഓരോരുത്തരായി ബസില്‍കയറി. അവസാനം കയറിയ അവളുടെ ശരീരത്തില്‍ കിളിയുടെ വിരല്‍സ്പര്‍ശം. അത്രയേ ഉണ്ടായുള്ളൂവെങ്കിലും ഗിരീഷിന്റെ കാമുകഹൃദയത്തിന് അതു സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.

പിന്നിലെ ഡോറില്‍ക്കൂടി അവനും ആ ബസില്‍കയറി. ബസ് പാലാ കൊട്ടാരമറ്റം സ്റ്റാന്‍ഡില്‍ ട്രിപ്പ് അവസാനിച്ചു. യാത്രക്കാര്‍ എല്ലാവരും ഇറങ്ങിക്കഴിഞ്ഞ് ഗിരീഷ് പതിയെ ആ കിളിയുടെ അടുത്തുചെന്നു. ബസിന്റെ ഡോറിലേക്കു ചേര്‍ത്തുനിര്‍ത്തി അവന്റെ മുഖമടച്ച് ഒറ്റയടി...!

മേലാല്‍ എന്റെ പെണ്ണിന്റെ ദേഹത്തു കൈ വച്ചുപോകരുത്..!

കേവലം അഞ്ചരയടി പൊക്കവും കാറ്റടിച്ചാല്‍ പറന്നുപോകുന്ന ശരീരവുമുള്ള ഗിരീഷ് അങ്ങനെ ആദ്യമായി റൗഡിയുമായി. എല്ലാം അവള്‍ക്കുവേണ്ടിയായിരുന്നു.

ഗിരീഷിന്റെ മനസ്സില്‍ നാദസ്വരക്കച്ചേരി മുഴങ്ങിത്തുടങ്ങി. പുടവ കൊടുത്ത് അവളെ തന്റെ ഹൃദയത്തിലേക്കു വലതുകാല്‍ വച്ചു കയറ്റുന്നതു മാത്രം സ്വപ്നം കണ്ട് ആ ചെറുപ്പക്കാരന്‍ ഉറങ്ങി.
മൂകാംബിക ക്ഷേത്രം മുതല്‍ ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം വരെയുള്ളയിടങ്ങളിലെ സകല ദൈവങ്ങള്‍ക്കും ഗിരീഷിനെ പരിചയമായിരുന്നു. കാരണം, അവരുടെ മുന്‍പില്‍ വിനീതവിധേയനായി തൊഴുകൈകളോടെ ആ ചെറുപ്പക്കാരന്‍ മിക്ക ദിവസങ്ങളിലും വന്നുനില്‍ക്കുമായിരുന്നു. എല്ലാം അവള്‍ക്കുവേണ്ടിയാരുന്നു.

അശ്വതി നക്ഷത്രത്തില്‍ പിറന്ന അവള്‍ക്കുവേണ്ടി അവിടങ്ങളിലെല്ലാം അവന്‍ പുഷ്പാഞ്ജലികള്‍ കഴിപ്പിച്ചു. അതിന്റെ രസീത് കളയാതെ സൂക്ഷിച്ചു വച്ചു. കല്യാണം കഴിഞ്ഞ് ഒരുദിവസം ഇതെല്ലാം എടുത്തു കാട്ടി അവളെ ഞെട്ടിക്കണം.

പ്രണയത്തിന്റെ കണക്കുപുസ്തകത്തില്‍ ഗിരീഷിന് ഇന്‍കം ഒന്നുമുണ്ടായില്ലെങ്കിലും എക്സ്പന്‍ഡിച്ചര്‍ കാര്യത്തില്‍ നോ ഹാന്‍ഡ് ആന്‍ഡ് നോ മാത്തമാറ്റിക്സ് എന്നതായിരുന്നു അവസ്ഥ.

എല്ലാം അവള്‍ക്കു വേണ്ടിയായിരുന്നു.

കൂട്ടുകാര്‍ വഴി ഗിരീഷിന്റെ പ്രണയകഥ നാട്ടുകാര്‍ മുഴുവന്‍ അറിഞ്ഞുപോന്നു.
അക്കാര്യമറിയാത്തതായി ഒരാള്‍ മാത്രമേ ആ നാട്ടിലുണ്ടായിരുന്നുള്ളൂ. അത് അവള്‍ തന്നെയായിരുന്നു...!

സവിതയുടെ ഇരുപതാം പിറന്നാള്‍. കൗമാരപ്രായം പിന്നിട്ട അവള്‍ ഇന്നു മുതല്‍ യുവതിയാണ്. അവള്‍ക്കായി എന്തെങ്കിലുമൊരു സമ്മാനം നല്‍കണം. അതും ആരുമറിയാതെ തനിക്കു നേരിട്ടുതന്നെ അവളുടെ കൈകളില്‍ അത് ഏല്‍പിക്കണം. അങ്ങനെ വര്‍ഷങ്ങള്‍ നീണ്ട പ്രണയം അവള്‍ക്കു മുന്‍പില്‍ പ്രഖ്യാപിക്കണം.

അവള്‍ക്കായി ഗിരീഷ് കണ്ടെത്തിയത്, കൊത്തുപണികളാല്‍ മനോഹരമാക്കിയ ഒരു കൊതുമ്പുവള്ളത്തിന്റെ ശില്‍പമായിരുന്നു. വര്‍ണക്കടലാസുകളാല്‍ പൊതിഞ്ഞ്, ഉള്ളില്‍ ഹാപ്പി ബര്‍ത്ത്ഡേ ടു മൈ ഹേര്‍ട്ട് മേറ്റ് എന്നു ചോരയാല്‍ എഴുതി അവന്‍ സൂക്ഷിച്ചു വച്ചു.

(ക്ഷമിക്കണം, സ്വന്തം ചോരയില്‍ അല്ല അദ്ദേഹം ഈ സാഹസം ഒപ്പിച്ചത്, വീട്ടിലെ കോഴിയെ ഒന്നിനെ രാവിലെ പിടിച്ചു തല്ലിക്കൊന്നു. അതിന്റെ ചോരയെടുത്തു...!)

കോളജ് വിട്ടു വരും വഴി സവിതയ്ക്കു മുന്‍പില്‍ ഗിരീഷ് അവതരിച്ചു. തന്റെ പ്രണയോപഹാരം അവള്‍ക്കു നേരെ നീട്ടി. അപരിചിതനായ ഒരു ചെറുപ്പക്കാരന്‍ വച്ചുനീട്ടിയ വലിയ പൊതിയിലേക്ക് ചോദ്യഭാവത്തില്‍ അവള്‍ നോക്കി.

ഇതെന്റെ ജന്‍മദിന സമ്മാനമാണ്, സവിത സ്വീകരിക്കണം..ഒരുവിധം അത്രയും പറഞ്ഞൊപ്പിച്ചു. അവള്‍ ഒന്നുകൂടി ഗിരീഷിന്റെ മുഖത്തേക്കു നോക്കി.
അവനെത്തന്നെ ഞെട്ടിച്ചുകൊണ്ട്, അതു വാങ്ങി അവള്‍ വീട്ടിലേക്കു നടന്നു.

ഗിരീഷിന്റെ മനസ്സില്‍ ആയിരം തൃശൂര്‍ പൂരങ്ങള്‍ ഒന്നിച്ചണിനിരന്നു. പ്രണയവര്‍ണങ്ങളുടെ കുടമാറ്റം.

രാത്രി കിടന്നിട്ടും അവനുറക്കം വന്നില്ല. എങ്ങനെ ഉറങ്ങാന്‍?
അവള്‍ ആ സമ്മാനം എന്തു ചെയ്തിട്ടുണ്ടാവും?

ഏറ്റവുംപ്രിയപ്പെട്ടവന്‍ നല്‍കിയ പ്രണയോപാഹരത്തെ അവള്‍ തിരിച്ചറിഞ്ഞപ്പോള്‍ എന്തായിരിക്കും അവളുടെ മനസ്സില്‍ തോന്നിയിട്ടുണ്ടാവുക?
എന്റെ ജീവിതം നിനക്കു വേണ്ടിയാണ് എന്നുകൂടി അതില്‍ എഴുതാമായിരുന്നു എന്നവന്‍ ഓര്‍ത്തതും അപ്പോളാണ്...എന്തു ചെയ്യാം?

അയച്ച ഇ-മെയിലും എറിഞ്ഞ കല്ലും ഒരു പോലെയാണല്ലോ... ഇനിയതു തിരിച്ചുകിട്ടില്ലല്ലോ...!!

പക്ഷേ ആ ധാരണ തെറ്റായിരുന്നു. കൊടുത്ത സമ്മാനം അതിരാവിലെ തന്നെ തിരിച്ചുകിട്ടി. തിരിച്ചേല്‍പിക്കാന്‍ രാവിലെ ഓട്ടോ പിടിച്ച് വീട്ടിലെത്തിയത് സവിതയുടെ അച്ഛന്‍ രാമകൃഷ്ണന്‍ നായര്‍ തന്നെയായിരുന്നു.

ഓട്ടോയില്‍ അതിരാവിലെ വീട്ടിലെത്തിയ അപരിചതനെ കണ്ട് പല്ലുപോലും തേയ്ക്കാതെ കട്ടന്‍കാപ്പികുടിച്ചുകൊണ്ടിരുന്ന ഗിരീഷിന്റെ പ്രിയപിതാവ് കൃഷ്ണന്‍കുട്ടി ചേട്ടന്‍ അദ്ഭുതപ്പെട്ടു.
ഇത് ഇവിടുത്തെ ഗിരീഷ് എന്ന പയ്യന്‍ എന്റെ മകള്‍ക്കു നല്‍കിയതാണ്. അവള്‍ക്കു കഴിഞ്ഞ ദിവസം ഇതിനെക്കാള്‍ സ്വല്‍പം കൂടി വലിയ ഒരു ചുണ്ടന്‍ വള്ളം ഞാന്‍ വാങ്ങിക്കൊടുത്തിരുന്നു...അതുകൊണ്ട് ഇത് ഇവിടെത്തന്നെയിരിക്കട്ടെ...

എവിടെ ഗിരീഷ്..? ഒന്നു പരിചയപ്പെടാനാണ്...ആളെ ഇതുവരെ കണ്ടിട്ടില്ല...!

ഭാവി അമ്മായിഅപ്പന്റെ ചോദ്യം കേട്ടതും തുറന്നിട്ടിരുന്ന അടുക്കള വാതില്‍ വഴി ഉടുത്തിരുന്ന ബെഡ്ഷീറ്റ് മടക്കിക്കുത്തി ഗിരീഷ് കുമാര്‍ ഇറങ്ങിയോടി...
ആ ഓട്ടത്തിന്റെ തുടര്‍ച്ചയായി അയല്‍പക്കക്കാര്‍ വലിയൊരു ശബ്ദം മാത്രം കേട്ടു..!
പ്രണയകാര്യങ്ങളില്‍ വ്യാപൃതനായിരുന്നതിനാല്‍ വീടിന്റെ പുറകില്‍ കക്കൂസിന് പുതിയൊരു കുഴിയെടുത്ത കാര്യം ഹതഭാഗ്യനായ ആ ചെറുപ്പക്കാരന്‍ അറിഞ്ഞിരുന്നില്ല. മൂക്കും കുത്തി വീണത് അതിലേക്ക്. കൈയും കാലും ഒടിഞ്ഞു. നടുവ് ഉളുക്കി.

ഗിരീഷ് കുമാര്‍ ആശുപത്രിയിലായി.

നീണ്ട നാല്‍പതു ദിവസങ്ങള്‍. ആശുപത്രിയിലും വീട്ടിലുമായി ഗിരീഷ് റെസ്റ്റിലായിപ്പോയി. അപ്പോഴും പുഷ്പാഞ്ജലികള്‍ക്കു മുടക്കം വരാതിരിക്കാന്‍ അവന്‍ ശ്രദ്ധിച്ചു.

ഗിരീഷിന്റെ ശല്യം ഇനി വേണ്ടെന്നു തീരുമാനിച്ച രാമകൃഷ്ണന്‍ നായര്‍ സവിതയെ ബാംഗ്ളൂരിലേക്കു പഠിക്കാന്‍ അയച്ച് സംഗതി ഭദ്രമാക്കി.

സവിത ബാംഗ്ളൂരിനു പോകുന്നെന്ന വിവരം ഗിരീഷ് അറിഞ്ഞു. പ്ളാസ്റ്റര്‍ അഴിക്കാന്‍ പത്തുദിവസം കൂടി വേണം. അതിനു മുന്‍പ് അവളെ കാണാന്‍ പറ്റില്ല. സാരമില്ല, ബാംഗ്ലൂരിലെങ്കില്‍ അവിടെ, ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അവളെ കണ്ടെത്തിയിരിക്കും..!

എല്ലാം അവള്‍ക്കുവേണ്ടിയല്ലേ...?

കയ്യും കാലും നേരെയായി. ഗിരീഷ് ബാംഗ്ളൂരിനു വണ്ടി കയറി. അവിടെ ദിക്കറിയാതെ നാലഞ്ചുദിവസം കറങ്ങിനടന്നു. മഹാനഗരത്തിന്റെ തിരക്കുകള്‍ക്കിടയില്‍ പ്രിയപ്പെട്ടവളുടെ മുഖം മാത്രം അവനു കണ്ടെത്താനായില്ല. ഒടുവില്‍ നിരാശനായി, ക്ഷീണിതനായി അവന്‍ തിരികെ നാട്ടിലെത്തി.

പുഷ്പാഞ്ജലികളിലൂടെ അവന്റെ പ്രണയം തുടര്‍ന്നു. വര്‍ഷങ്ങള്‍ കടന്നുപോവുക തന്നെ ചെയ്തു.

ഇടയ്ക്ക് അവധിക്ക് അവള്‍ വീട്ടില്‍ വരും. പക്ഷേ, ഒരിക്കലും അവള്‍ ഭരണങ്ങാനത്തേക്കു വന്നില്ല.

അവള്‍ വീട്ടിലുണ്ടെന്നറിഞ്ഞ ഒരു ദിവസം അവന്‍ അവളുടെ വീട്ടിലേക്കു ഫോണ്‍ ചെയ്തു. ഫോണെടുത്തത് അവള്‍ തന്നെയായിരുന്നു.

ഫോണിന്റെ മറുപുറത്ത് പ്രണയം കുറുകുന്ന ശബ്ദത്തോടെ ഗിരീഷ് ചോദിച്ചു- സവിതയല്ലേ?
അതേ ആരാ?

ഞാന്‍... ഞാന്‍ ഗിരീഷാ...

മറുപുറത്ത് നിശബ്ദത...

മൗനം അനുവാദമെന്ന് മനസ്സില്‍ കുറിച്ച് ഗിരീഷ് തുടര്‍ന്നു..

എനിക്ക് തന്നെ ഒന്നു നേരില്‍ കാണണം. നാളെ വൈകിട്ട് ദീപാരാധന തൊഴാന്‍ ഭരണങ്ങാനം അമ്പലത്തില്‍ വരാമോ?

നിശബ്ദത മാത്രം...

മറുപടിക്കായി വിറയ്ക്കുന്ന കൈകളില്‍ റിസീവര്‍ പിടിച്ച് ഗിരീഷ് കാത്തുനിന്നു.

ഹൃദയത്തെ കീറിമുറിച്ച നിശബ്ദതയ്ക്കൊടുവില്‍ അവള്‍ പറഞ്ഞു...

ഞാന്‍ വരാം.. പക്ഷേ, ഗിരീഷ് ഒറ്റയ്ക്കുവരണം, കൂട്ടുകാരെ കൂട്ടരുത്...

ചാകാന്‍ പോകുമ്പോഴും പ്രേമിക്കാന്‍ പോകുമ്പോളും ഒറ്റയ്ക്കു പോകണമെന്ന പഴമൊഴി അവനോര്‍ത്തു..

ദീപാരാധനയ്ക്കായി ക്ഷേത്രം വിളക്കുകളാല്‍ പൂത്തുനില്‍ക്കെ, ഗിരീഷ് സവിതയെ ആല്‍മരച്ചുവട്ടില്‍ വച്ചുകണ്ടു.

അതുവരെയുള്ള തന്റെ പ്രണയം അവന്‍ അവളോടു തുറന്നു പറഞ്ഞു. അവള്‍ക്കായി എഴുതിയ ഡയറിക്കുറിപ്പുകള്‍ അവളെ കാട്ടിക്കൊടുത്തു.

എല്ലാം നിശബ്ദം അവള്‍ കേട്ടുനിന്നു....

ഒടുവില്‍ അവള്‍ അവനോടായി പറഞ്ഞു....

മേലില്‍ എന്റെ പിന്നാലെ നടക്കരുത്...
എന്റെ കല്യാണമുറപ്പിച്ചു..അടുത്തയാഴ്ച നിശ്ചയം, ഉടന്‍ കല്യാണവുമുണ്ട്. ഗള്‍ഫിലാണ് ആള്‍. ലീവ് കുറവായതുകൊണ്ടാണു വേഗം നടത്തുന്നത്. കല്യാണം കഴിഞ്ഞാല്‍ എന്നെയും കൊണ്ടുപോകും..

അമ്പലമതില്‍ക്കെട്ടിനുള്ളില്‍നിന്നും പതിനായിരം പുഷ്പാഞ്ജലികളുട സുഗന്ധമുള്ള ഒരു കാറ്റുവന്ന് ഗിരീഷിനെ തൊട്ടു കടന്നുപോയി..

ഇല്ല, ഒന്നുമവന്‍ അറിഞ്ഞില്ല. അവളുടെ കണ്ണുകളിലേക്ക് നോക്കി നില്‍ക്കെ കണ്ണുനീര്‍ കാഴ്ചയെ അവ്യക്തമാക്കി. നിറഞ്ഞ കണ്ണുകളും ശൂന്യമായ മനസ്സുമായി അവന്‍ തിരികെ നടന്നു...

എങ്ങോട്ടെന്നില്ലാതെ, എന്തു ചെയ്യണമെന്നറിയാതെ....

ഗിരീഷ് നടന്നുപോകുന്നതു നോക്കിനില്‍ക്കാതെ സവിത അമ്പലത്തിനുള്ളിലേക്ക് തൊഴാനായി നടന്നു.

കൂട്ടുകാര്‍ക്ക് പിടികൊടുക്കാതെ ഗിരീഷ് വീട്ടിനുള്ളില്‍ത്തന്നെയിരുന്നു. ഹൃദയത്തിനുള്ളില്‍ കടന്നു കയറിയ ഒരു മുള്ളായിരുന്നു തന്റെ പ്രണയമെന്ന് അവന്‍ തിരിച്ചറിഞ്ഞത് അപ്പോളായിരുന്നു. അത് അവിടെയിരുന്ന കഴിഞ്ഞ 13 വര്‍ഷവും ആ പ്രണയം സമ്മാനിച്ചത് നീറ്റലായിരുന്നു. ഇന്നിപ്പോള്‍, അതു വലിച്ചൂരിക്കളയണം..എങ്കിലും ബാക്കിയാവുക വേദന മാത്രം..

അവളുടെ കല്യാണദിവസം .....

പകലു മുഴുവന്‍ അവന്‍ വീട്ടിലിരുന്നു. സന്ധ്യയായി.. വഴിയിലെമ്പാടും ഇരുട്ടുവീണു.
മുറിയില്‍ നേരത്തെ തയ്യാറാക്കി വച്ചിരുന്ന ഒരു ചെറിയ പൊതിയുമായി ഗിരീഷ് വീട്ടില്‍നിന്നിറങ്ങി.

ചെരിപ്പുപോലുമിടാതെ, വൈരാഗിയായ ഒരു സന്ന്യാസിയെപ്പോലെ ആ നടപ്പ് അവളുടെ വീട്ടിലേക്കായിരുന്നു. കല്യാണത്തിരക്കുകള്‍ ഒഴിഞ്ഞ് ബാക്കിയായ ബന്ധുക്കളെല്ലാം വീട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കുന്നതിനിടയിലേക്ക് ഒരു ഭ്രാന്തനെപ്പോലെ ഗിരീഷ് കടന്നു ചെന്നു.

ങും എന്തു വേണം?

ചോദിച്ചത് രാമകൃഷ്ണന്‍ നായര്‍, സവിതയുടെ അച്ഛന്‍

ഗിരീഷിനെ നേരത്തെ നേരില്‍ കണ്ടിട്ടില്ലാത്തതിനാല്‍ അദ്ദേഹത്തിന് അതിഥിയുടെ ആഗമനോദ്ദേശ്യം മനസ്സിലായില്ല.

എനിക്ക് സവിതയുടെ ഹസ്ബെന്‍ഡിനെ ഒന്നു കാണണം.. പഴയ സുഹൃത്താ...

ആരുമൊന്നും മിണ്ടിയില്ല. ആദ്യരാത്രിയുടെ ഒരുക്കങ്ങളുമായി മണിയറയിലായിരുന്ന നവവരന്‍ പുറത്തേക്കിറങ്ങിവന്നു. വെളുത്തു സുന്ദരനായ അയാള്‍ക്കുനേരെ ഗിരീഷ് നോക്കി. തന്നെക്കാള്‍ പൊക്കവും ഭംഗിയുമുണ്ട്. അവള്‍ക്കു നന്നായി ചേരും.. ഒരു പക്ഷേ തന്നെക്കാളും... !

ആരാ മനസ്സിലായില്ല...

സവിതയുടെ ഹസ്ബെന്‍ഡിന്റെ ചോദ്യം ഗിരീഷിനെ ചിന്തകളില്‍ നിന്നുണര്‍ത്തി..

ഞാന്‍... ഞാന്‍ ഗിരീഷ്.

സവിതയുടെ പഴയ സുഹൃത്താണ്. കല്യാണത്തിനു വരാന്‍ പറ്റിയില്ല. ഈ ഗിഫ്റ്റ് നേരില്‍ ഏല്പിച്ചു പോകാമെന്നു കരുതി...

ഇത്രയും പറഞ്ഞ് ഗിരീഷ് ആ വീടിന്റെ പടികളിറങ്ങി ഇരുട്ടിലേക്കു നടന്നു.
തന്റെ കയ്യിലേല്‍പിച്ച പൊതിയുമായി ഒരു നിമിഷം സവിതയുടെ ഭര്‍ത്താവ് അവിടെനിന്നു. പിന്നീട്, നേരെ മണിയറയിലേക്കു നടന്നു. അവിടെ, ആരുമുണ്ടായിരുന്നില്ല. സവിത എത്തുന്നതേയുണ്ടായിരുന്നുള്ളൂ..

കട്ടിലിന്റെ ഒരു കോണിലിരുന്ന് അയാള്‍ ആ പൊതി പൊട്ടിച്ചു.

ഒരു കവര്‍ നിറയെ പുഷ്പാഞ്ജലിയുടെ രസീതുകള്‍.
എല്ലാം സവിത, അശ്വതി നക്ഷത്രം..!

ഒപ്പം, ഒരു ചെറിയ നോട്ടുബുക്ക്.

അതിന്റെ ആദ്യ പേജില്‍ മനോഹരമായ ഒരു മയില്‍പ്പീലി.

അയാള്‍ അടുത്ത പേജു മറിച്ചു. അവയിലും മനോഹരമായ മയില്‍പ്പീലികള്‍. ഓരോ പേജും സൂക്ഷമതോടെ അയാള്‍ മറിച്ചുകൊണ്ടിരുന്നു. എല്ലാത്തിലും മയില്‍പ്പീലികള്‍.

മയില്‍പ്പീലികളുടെ വര്‍ണസാഗരത്തില്‍നിന്ന് അയാള്‍ ആ ബുക്കിന്റെ അവസാനത്തെ പേജിലേക്ക് താള്‍ മറിച്ചു. അവിടെ ചെറിയ അക്ഷരങ്ങളില്‍ വിറച്ച കയ്യക്ഷരങ്ങളില്‍ ഇങ്ങനെ എഴുതിയിരുന്നു...

"മയില്‍പ്പീലിത്താളുകളുടെ ഈ പുസ്തകം
നീ അവള്‍ക്കു നല്‍കുക
പ്രേമിക്കാനറിയാതെ പോയ
ഒരു കവിയുടെ സമ്മാനമാണിതെന്നു പറയുക
ഓര്‍ക്കാപ്പുറത്ത്, ഒരൊറ്റ ഉമ്മ കൊണ്ട്
അവളെ ഒരു മയില്‍പ്പീലിയാക്കുക...!!! "

(കവിതയ്ക്കു കടപ്പാട് സിവിക് ചന്ദ്രനോട് )

15 comments:

SUNISH THOMAS said...

പുഷ്പാഞ്ജലി ഗിരീഷ് കുമാര്‍...

നഷ്ടപ്രണയികള്‍ക്കായി സസ്നേഹം ഒരു പോസ്റ്റ് കൂടി...

സാജന്‍| SAJAN said...

മനോഹരമായ കഥ സുനീഷ്, വായിച്ചു ഇഷ്ടപ്പെട്ടു...:)

Kudiyan gkutty said...

Thakarnnu poyi

Kudiyan gkutty said...

Climax... ho...

sandoz said...

സുനീഷേ...
കമ്പ്ലീറ്റ്‌ നഷ്ടസ്വപ്നങ്ങള്‍ ആണല്ലോ.......
ജപമാലയുടെ പോസ്റ്റിലും ഒരു നഷ്ടപ്രയണയം...
ഇതെന്താ ഇത്‌....
വല്ല ദുരന്തനായകന്‍ ആണോ......
എഴുത്തുകാരന്‍...

എഴുത്തിന്റെ രീതി നന്നായിട്ടുണ്ട്‌ .....

SUNISH THOMAS said...

ആരു ചോദിക്കും എന്നു കരുതി കാത്തിരിക്കുയായിരുന്നു ഞാന്‍. അവസാനം സാന്‍ഡോസ് അതു ചോദിച്ചു.

സത്യത്തില്‍ കഥയിലെ നായകരെല്ലാം അങ്ങനെയായിപ്പോകുന്നത് എന്റെ കുഴപ്പമല്ല. നമ്മുടെ പരിചയക്കാരായ കഥാനായകരെല്ലാം പരാജിതരാണ്.

എന്തു ചെയ്യാം?

ഇനിയുമുണ്ട് ഇത്തരമൊരു കഥ കൂടി. അതിലെ നായകന്‍ കഥയിലെങ്കിലും അവസാനം വിജയിച്ചിരിക്കും...!!!

Anonymous said...

സുനീഷേ,
പ്രണയം മനസ്സില്‍ കൊണ്ടുനടന്ന് അത് വെറുതെ നെഞ്ചിലൊരു നീറ്റലായി ബ്ലോഗ് പോസ്റ്റുകളായി....

ഞാനിടപെടട്ടേ ഗിരീഷ് കുമാറേ ? അവസാനത്തെ സീന്‍ നമുക്ക് ഒഴിവാക്കാം !

അതിനു മുമ്പത്തെ സീന്‍ ഇങ്ങനെയൊരു ഡയലോഗ് കൊണ്ടു മാറ്റാം.

- ഞാനറിഞ്ഞില്ല... ഞാനറിഞ്ഞില്ല ഈ ഹൃദയം... എന്നെ ഇത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന്..
എപ്പടി ?

കര്‍ണ്ണന്‍ said...

എടാ ചെറുക്കാ നിനക്ക് വേറെ പണിയൊന്നുമില്ലേ? കൊള്ളാം ചുള്ളാ തുടരുക...

Mr. K# said...

ഇതും സൂപ്പര്‍ട്ടാ.

SUNISH THOMAS said...

സാജന്‍, കുതിരവട്ടന്‍, ബെര്‍ളി, കര്‍ണന്‍ തുടങ്ങി എല്ലാവര്‍ക്കും നന്ദി.

കഥകള്‍ക്ക് ജീവിതവുമായി ബന്ധമുണ്ടാകാം എങ്കിലും എഴുത്തുകാരനുമായി നേരിട്ടു ബന്ധമുണ്ടാകണമെന്നില്ല. നിങ്ങളെയെല്ലാവരെയും പോലെ പലരുടെ അനുഭവങ്ങള്‍ തുന്നിച്ചേര്‍ത്തു കഥയാക്കുന്നുവെന്നു മാത്രം.

ഈ കഥയിലെ ഗിരീഷ്കുമാര്‍ എന്റെ സുഹൃത്താണ്. കഥ സത്യവും. ചില സ്വീക്വന്‍സുകളും ക്ളൈമാക്സും എന്റെ വക. യഥാര്‍ഥ ജീവിതത്തില്‍ ഗിരീഷിന് അത്തരമൊരു ക്ളൈമാക്സ് അനുഭവിക്കാന്‍ ഇടവരാതിരിക്കട്ടെ...

എല്ലാ നഷ്ടപ്രണയികള്‍ക്കും നന്ദി. ഒരിക്കല്‍ക്കൂടി...

ആഷ | Asha said...

പാവം ഗിരീഷ്
ഒര്‍ജിനല്‍ ഗിരീഷിന്റെ പ്രണയം പൂവണിയട്ടെ
വളരെ ഇഷ്ടായീട്ടോ

ഇന്ദീവരങ്ങളുടെ കാമുകന്‍ ... said...

വളരെ നല്ല കഥ.

താഴെ പറയുന്ന ഭാഗത്ത് വികാര തീവ്രത കുറവാണ്.

"അമ്പലമതില്‍ക്കെട്ടിനുള്ളില്‍നിന്നും പതിനായിരം പുഷ്പാഞ്ജലികളുട സുഗന്ധമുള്ള ഒരു കാറ്റുവന്ന് ഗിരീഷിനെ തൊട്ടു കടന്നുപോയി..

ഇല്ല, ഒന്നുമവന്‍ അറിഞ്ഞില്ല. അവളുടെ കണ്ണുകളിലേക്ക് നോക്കി നില്‍ക്കെ കണ്ണുനീര്‍ കാഴ്ചയെ അവ്യക്തമാക്കി. നിറഞ്ഞ കണ്ണുകളും ശൂന്യമായ മനസ്സുമായി അവന്‍ തിരികെ നടന്നു...

എങ്ങോട്ടെന്നില്ലാതെ, എന്തു ചെയ്യണമെന്നറിയാതെ...."

ഒരു പക്ഷെ തിരസ്കൃതനാവുന്നതിന്റെ "വേദന" സുനീഷിന് അറിയാത്തതു കൊണ്ടാവാം.

oru pazhaya orma said...

super. Eshtapettu..

സുധി അറയ്ക്കൽ said...

കഷ്ടം തന്നെ.പാവം.

സുധി അറയ്ക്കൽ said...

കഷ്ടം തന്നെ.പാവം.