Thursday, May 24, 2007

ഈ വാഹനത്തിന്‍റെ ഐശ്വര്യം ജോണി

ജോണി ഞങ്ങളുടെ നാടിന്‍റെ പ്രതീക്ഷയായിരുന്നു.

(പ്രതീക്ഷ എന്നു പറയുമ്പോള്‍ അധികമൊന്നും പ്രതീക്ഷിക്കരുത്. )

ജോണി ഞങ്ങളുടെ നാടിന്‍റെ സാര്‍വലൗകികമായ അവിവാഹിത മോഹങ്ങളുടെ കെട്ടടങ്ങിയ തീക്കനലായിരുന്നു. സര്‍വോപരി, ജോണി ജോണി വാക്കറിന്‍റെ കടുത്ത ആരാധകനുമായിരുന്നു.

ജോണിയുടെ ആരാധകരായി നാട്ടിലൊരുപാടു പേരുണ്ടായിരുന്നു. അദ്ദേഹം ഓര്‍കുടില്‍ ഒരു പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്താല്‍ ടെസ്റ്റിമോണിയല്‍ എഴുതാന്‍ മാത്രമായി നാട്ടിലെ നാനാജാതി മതസ്ഥരും നാനാസ്വഭാവക്കാരും നാനാ വായനക്കാരുമായ ഒരുപാടുപേരുണ്ടാകുമായിരുന്നു.

ഐശ്വര്യ റായിയുടെ കല്യാണ ദിവസം, ഹൊ..! സല്‍മാന്‍ ഖാന്‍റെ കമ്പനിയായിരുന്നേല്‍ ഇന്നു കോളായിരുന്നു എന്നു ചിന്തിച്ചിരുന്നഇനത്തില്‍പ്പെട്ട ഒരുപാട് മദ്യപാനികളുടെ ആശ്രയമായിരുന്നു ജോണി.

കാരണം, ജോണിയുടെ പോക്കറ്റില്‍ എപ്പോഴും പിടയ്ക്കുന്ന നോട്ടുകളുണ്ടായിരുന്നു. നോട്ടുകള്‍ കൊടുത്താല്‍ നാട്ടില്‍ ഇഷ്ടം പോലെ മദ്യം കിട്ടുമായിരുന്നു. മദ്യം കഴിച്ചാല്‍ ഓരോരുത്തരുടെയും കപ്പാസിറ്റിക്ക് അനുസരിച്ച് ഉള്ളിലിരുപ്പ് പുറത്തുചാടുമായിരുന്നു. അങ്ങനെ കൈക്കാശ് മുടക്കാതെ ഉള്ളിലിരുപ്പ് പുറത്തുചാടിച്ചു തരാന്‍ ആരെങ്കിലുമൊക്കെ വരണേ എന്നു പ്രാര്‍ഥിച്ച് രാവിലെ മുതല്‍ ഭരണങ്ങാനത്ത് വെറുതെയിരുന്ന് വഴിയേ പോകുന്ന വണ്ടിയെണ്ണുന്നവരുടെ കണ്ണിലുണ്ണിയും കണ്‍കണ്ട ദൈവവുമൊക്കെയായിരുന്നു ജോണി.

ആ ജോണിയാണ് ഈ കുപ്പിയിലെ സോറി, കഥയിലെ നായകന്‍. ഒരു നായകനു ചേരുന്ന എല്ലാഗുണഗണങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ആറടി പൊക്കം. നല്ല തടി. ആരോഗ്യദൃഢഗാത്രന്‍. ഒരു ബക്കറ്റ് വെള്ളമൊക്കെ ഈസിയായി കയ്യിലെടുക്കാന്‍ പോന്ന ആരോഗ്യം.

ജോണി അവിവാഹിതനായിരുന്നു. കുടുംബത്തിലെ മൂത്തവനായിരുന്നു. ജോണിയുടെ ഇളയവര്‍ മടി എന്ന മാറാരോഗത്തിന്‍റെ അടിമകളായിരുന്നു. അതിനാല്‍, കുടുംബത്തിന്‍റെ ഭാരം, കിലോക്കണക്കിനു ജോണിയുടെ ചുമലിലായി. ഇളയവര്‍ മൂത്ത് മൂത്ത് ഒരു പരുവമായിട്ടും ജോണിയുടെ തോളിലിരിക്കുന്ന കുടുംബഭാരം ഏറ്റെടുക്കാന്‍ തയ്യാറായില്ല. അതോടെ, തോള് ഒന്നൊഴിഞ്ഞിട്ടു വേണമല്ലോ മറ്റൊരു ഭാരം കയറ്റിവയ്ക്കാന്‍ എന്നു പരിതപിച്ച് ജോണി കെട്ടാതെ നിന്നു. ജോണിയുടെ തന്നെ ഭാഷയില്‍ അങ്ങനെയങ്ങു നിന്നുപോയി.

ഇളയവൃകോദരങ്ങള്‍ മൂത്ത് മൂത്ത് കല്യാണം വരെ മൂത്തു. അവരെ കെട്ടിച്ച് വിട്ടെങ്കിലും ഇപ്പോഴും അവരുടെ കുടുംബങ്ങളിലെയും പലചരക്കു കടകളിലെ പറ്റുതീര്‍ക്കുന്നതു ജോണിയായിരുന്നു. പാവം ജോണി. മറ്റുള്ളവര്‍ക്കായി ജീവിച്ച യേശുക്രിസ്തുവിന്‍റെ പ്രതിരൂപമായിരുന്നു അദ്ദേഹം.

നാട്ടിലെ അറിയപ്പെടുന്ന പെയിന്‍റിങ് കോണ്‍ട്രാക്ടര്‍ കൂടിയായിരുന്നു ജോണി.

മഴയത്തും വെയിലത്തും ഒരു പോലെ തിളങ്ങുന്ന എമര്‍ഷന്‍ പെയിന്‍റ് പോലെ എല്ലാ സീസണിലും ഓഫ് സീസണിലും പെയിന്‍റിങ് കോണ്‍ട്രാക്ടുള്ള നാട്ടിലെ ഒരേയൊരു കോണ്‍ട്രാക്ടര്‍ ആയിരുന്നു അദ്ദേഹം.

ഭരണങ്ങാനത്ത് വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയുടെ മഠത്തില്‍ പെയിന്‍റിങ്ങിനിടെ, തിരുശേഷിപ്പായി കണക്കാക്കി സൂക്ഷിച്ചിരുന്ന അല്‍ഫോന്‍സാമ്മയുടെ കട്ടില്‍ സാന്‍ഡ് പേപ്പറിട്ടു മിനുക്കി പോളിഷ് ചെയ്ത് മഠത്തിലെ അന്തേവാസികളുടെ വരുമാനമാര്‍ഗം മുട്ടിച്ചതൊഴികെ ജോണിയുടെ കയ്യില്‍ നിന്നു സംഭവിച്ച പിടിപ്പുകേടുകള്‍ അധികമൊന്നും ഉണ്ടായിരുന്നില്ല.

ഒരേസമയം, കുറഞ്ഞത് ആറോ ഏഴോ സ്ഥലങ്ങളില്‍ പെയിന്‍റിങ് പണി സംഘടിപ്പിക്കുക, അവിടങ്ങളിലെല്ലാം മിന്നല്‍ സന്ദര്‍ശനം നടത്തി എല്ലാവരുടെയും ക്ഷേമവിവരങ്ങള്‍ അന്വേഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹം മുടക്കം കൂടാതെ നടത്തിപ്പോന്നു. പെയിന്‍റിങ് പണി കൊടുത്തവര്‍ എല്ലാവരും ജോണിയുടെ ആരാധകരായി മാറി. കാരണം, അത്രയ്ക്കു പണി പഠിച്ചവനായിരുന്നു ജോണി!

ജോണിയുടെ യാത്രാവാഹനം ഒരു ഓട്ടോറിക്ഷയായിരുന്നു. മൂന്നു ചക്രവും പത്തുചക്രത്തിന്‍റെ അഹങ്കാരവുമുള്ള പ്രത്യേക ജനുസ്സില്‍പ്പെട്ട ആ വാഹനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ദേശാന്തര യാത്രകള്‍.

സ്ഥിരമായി ഒരു ബ്രാന്‍ഡേ കഴിക്കൂ എന്നതു പോലെ തന്നെ സ്ഥിരമായി അദ്ദേഹം ഒരേയൊരാളുടെ വാഹനത്തിലേ യാത്ര ചെയ്യാറുമുണ്ടായിരുന്നുള്ളൂ.

അതു ഭരണങ്ങാനം ടൗണില്‍ മണ്ണെണ്ണ വിപ്ളവം നടപ്പിലാക്കിയ സുകുമാരന്‍റെ ഓട്ടോറിക്ഷയായിരുന്നു. രാവിലെ ഏഴുമണിക്ക് ജോണിയുടെ വീട്ടില്‍നിന്നു ഫുള്‍ടാങ്ക് മണ്ണെണ്ണയില്‍ സര്‍വീസ് ആരംഭിക്കുന്ന സുകുമാരന്‍ ജോണിയുടെ വിവിധ പണി സൈറ്റുകളിലും നാട്ടിലെ സകല മദ്യപാനശാലകളിലും കയറിയിറങ്ങി ഹാജര്‍ വച്ചു തിരികയെത്തുമ്പോള്‍ സന്ധ്യമയങ്ങിയിട്ടുണ്ടാവും.

പിന്‍ സീറ്റില്‍ മയങ്ങിയ മട്ടില്‍ ജോണിയുമുണ്ടാവും.

രാവിലെ ചവ്വരി പശമുക്കി തേച്ചു വടിയാക്കിയ ഷര്‍ട്ടും മുണ്ടുമുടത്തിറങ്ങുന്ന ജോണി, ജോണി വാക്കറാലാല്‍ ആവേശിതനായി പരസഹായം കൂടാതെ വാക്ക് ചെയ്യാനാവാതെ ഓട്ടോയുടെ പിന്നില്‍ ചാരിവച്ച പടിയോ, പിടത്തിയിട്ട നിലയിലോ ഉണ്ടാവും.

വണ്ടി നേരെ ജോണിയുടെ വീട്ടിലേക്കോടും. ജോണിയെ വീട്ടിലെത്തിക്കും. വീട്ടിലെത്തിയാല്‍ ഉടന്‍ ജോണി തലയുയര്‍ത്തും. പിന്നെ, തല ആഞ്ഞൊന്നു കുടയും. തലമുടിയില്‍ വിരല്‍ കടത്തി നാലുപാടുമൊന്നു കശക്കും. മുഖമൊന്നു കഴുകും. തീര്‍ന്നു... കഥ. അതുവരെ കഴിച്ചതെല്ലാം ആവിയായി അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കും.!

അങ്ങോട്ടു ചെന്ന സുകുമാരന്‍റെ അതേ ശകടത്തില്‍ തിരികെ ഭരണങ്ങാനത്തേക്ക്.

രാവിലെ മുതല്‍ വായില്‍ കയറിയ ഈച്ചകളെ ഭക്ഷണമാക്കി വായിനോക്കിയിരിക്കുന്ന കുടിയാര്‍ഥികളില്‍ കയറ്റാന്‍ പറ്റുന്നയത്രയും ആളുകളെ ഉള്‍ക്കൊള്ളിച്ചു വണ്ടി നേരെ പാലായിലേക്ക്. അവിടെ പിന്നെ, സുരപാന മേളം, തല്ല്, തെറിവിളി, കൂട്ടയോട്ടം, പൊലീസ് സ്റ്റേഷന്‍ തുടങങിയ സ്ഥിരം കലാപരിപാടികള്‍.

എല്ലാം കഴിഞ്ഞ് രാത്രി പന്ത്രണ്ടു മണിയോടെ ഓട്ടോ വീണ്ടും ഭരണങ്ങാനത്ത് എത്തും. ഡ്രൈവര്‍ സുകുമാരന്‍ ഉള്‍പ്പെടെ ഓട്ടോയിലുള്ളവര്‍ക്കെല്ലാം മനസ്സും വയറും നിറച്ച് മദ്യം വാങ്ങിച്ചു കൊടുക്കാന്‍ കഴിഞ്ഞതിന്‍റെ നിര്‍വൃതിയോടെ ജോണി അവിടെയിറങ്ങും.

തീര്‍ന്നില്ല കഥ.

ഓട്ടോക്കൂലി അണാ പൈ തെറ്റാതെ ജോണി സുകുമാരനു കൈമാറും. സുകുമാരന്‍ യാതൊരു ഉളുപ്പും കൂടാതെ കൈ നീട്ടി വാങ്ങും. ജോണിയില്ലതെ എനിക്കെന്താഘോഷം എന്ന് ഉറക്കെ ഉദ്ഘോഷിച്ച് ഓട്ടോ പായിച്ചു പോകും.

അങ്ങനെയാണു നാട്ടുകാര്‍ സുകുമാരന്‍റെ ഓട്ടോറിക്ഷയ്ക്ക് പുറത്ത് ഇങ്ങനെയൊരു പണി ഒപ്പിച്ചു വച്ചത്.

- ഈ വാഹനത്തിന്‍റെ ഐശ്വര്യം ജോണി..!

ഈ വാഹനത്തിന്‍റെ ഐശ്വര്യം കാലന്‍ എന്നോ മറ്റോ ആലേഖനം ചെയ്തിരുന്ന സ്റ്റിക്കറുകളിലൊന്നില്‍ നടത്തിയ മറിമായം. സംഗതി കണ്ടിട്ടും സുകുമാരന്‍ അതു പറിച്ചുകളഞ്ഞില്ല. എന്തിനു കളയണം, സംഗതി സത്യമല്ലേ? ജോണിയും അതു കണ്ടു. പറിച്ചു കളയാന്‍ സുകുമാരോട് പറഞ്ഞില്ല- താന്‍ ഐശ്വര്യമാണെന്ന് ഉദ്ഘോഷിക്കുന്ന ലോകത്തെ ആദ്യത്തെയും അവസാനത്തെയും വ്യക്തിയല്ലേ സുകുമാരന്‍ എന്നദ്ദേഹം ഓര്‍ത്തുപോയി. കൂടാതെ, സുകുമാരനോടുള്ള സ്നേഹം മൂത്ത് എല്ലാദിവസവും ഓട്ടം അവസാനിപ്പിക്കുമ്പോള്‍ ടിപ്പ് ഇനത്തില്‍ പത്തുരൂപ കൂടുതല്‍ ഓട്ടക്കൂലി നല്‍കാനും അദ്ദേഹം മറന്നില്ല.

അങ്ങനെ, സുകുമാരനും ജോണിയും സൂത്രനും ഷേരുവും പോലെ ജീവിച്ചുപോന്നു. ഇരുവരും ഇണപിരിയാത്ത സുഹൃത്തുക്കള്‍.

ജോണിയുടെ ഓട്ടം കൊണ്ടുമാത്രം സുകുമാരന്‍ ഭരണങ്ങാനത്തു മീനിച്ചിലാറിന്‍റെ അക്കരെ അരയേക്കര്‍ റബര്‍തോട്ടം വാങ്ങി. സുകുമാരന്‍ അരയേക്കര്‍ വാങ്ങിയപ്പോള്‍ ജോണി അരയേക്കര്‍ പണയം വച്ച് ബ്ളേഡില്‍നിന്ന് അമ്പതിനായിരം കടംവാങ്ങി. എങ്കിലും, സുകുമാരന്‍റെ ഓട്ടോയായിരുന്നു തന്‍റെ ജീവിത വിജയങ്ങള്‍ക്കു കാരണമെന്നു ജോണിയും കണക്കുകൂട്ടി.

പക്ഷേ, ഒരു ദിവസം അര്‍ധരാത്രിയോടെ പെട്ടെന്നാണു നാടിനെ നടുക്കിക്കൊണ്ട് ആ വാര്‍ത്ത പ്രചരിച്ചത്.

ജോണിയെ കാണാനില്ല!!!

രാത്രി പന്ത്രണ്ടുമണിയായിട്ടും പ്രിയ കടിഞ്ഞൂല്‍ സന്താനത്തെ കാണാതെ വന്നതോടെ, ജോണിയുടെ അമ്മച്ചി ത്രേസ്യാമ്മച്ചേടത്തിയാണ് ആദ്യം ഒച്ചവച്ചത്.

അതു നാട്ടുകാരു കേട്ടു.

ജോണിയെ കാണാനില്ല. ജോണിയെ കാണാനില്ലെന്നു കേട്ടവര്‍ സുകുമാരനെ അന്വേഷിച്ചു. സുകുമാരനെയും കാണാനില്ല.

രണ്ടുപേരും എവിടെപ്പോയി?

ജോണിയുടെ പെയിന്‍റിങ് തൊഴിലാളികളുടെ ഇടിയിലെമ്പാടും അന്വേഷിച്ചു. ആര്‍ക്കുമറിയില്ല. ജോണി ഇന്ന് ഒരു പണിസ്ഥലത്തും ചെന്നിട്ടില്ല.

അര്‍ധരാത്രിയിലും ആ വാര്‍ത്ത അതിവേഗം പരന്നു.


ജോണിയെയും സുകുമാരനെയും അന്വേഷിച്ച് ആളുകളിറങ്ങി.


ഒന്നോ രണ്ടോ തവണ ജോണിയുടെ വക മദ്യം ഫ്രീയായി കഴിക്കാത്തവരായി കുടിയന്‍മാര്‍ ആരും ഭരണങ്ങാനം കരയിലേ ഉണ്ടായിരുന്നില്ല. എന്തിനെറെപ്പറയുന്നു, ഭരണങ്ങാനത്തെ പള്ളീലച്ചന്‍ വരെ ജോണിയെ കാണ്‍മാനില്ലെന്ന വാര്‍ത്ത കേട്ടു കണ്ണീര്‍ വാര്‍ത്തു.

ഭരണങ്ങാനം മുതല്‍ പാലാ വരെയ റോഡ് സൈഡിലെ ഓട മുഴുവന്‍ ചിലര്‍ അരിച്ചുപെറുക്കി. പാലായിലെ മദ്യഷാപ്പുകള്‍ക്കു മുന്നില്‍ വിരിവച്ചു കിടക്കുന്നവരില്‍ ജോണിയുടെ ഛായയുള്ളവരുണ്ടോെന്ന് അന്വേഷിച്ച് ചിലര്‍ പരക്കം പാഞ്ഞു. പൊലീസ് സ്റ്റേഷനില്‍ അന്വേഷിച്ചു. അന്ന് ജോണി എന്നു പേരുള്ള ഒരു കുടിയനും സ്റ്റേഷനില്‍ വന്നിട്ടില്ലെന്നു പൊലീസ്.

രണ്ടു പേരും അപ്പോള്‍ എവിടെപ്പോയി?

ആര്‍ക്കും ഒരു പിടിയും കിട്ടാതിരിക്കെ, തൈക്കാട്ട് മൂസ്സതിന്‍റെ കടയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ബവ്റിജസ് കോര്‍പറേഷന്‍റെ ചില്ലറ വില്‍പനശാലയ്ക്കു മുന്നില്‍ ആളനക്കമില്ലാതെ പാര്‍ക്കു ചെയ്തിരിക്കുന്ന ഒരു ഓട്ടോറിക്ഷ നാട്ടുകാരിലാരുടെയോ കണ്ണില്‍പ്പെട്ടു.

ഈ വാഹനത്തിന്‍റെ ഐശ്വര്യം ജോണി...!

വെണ്ടയ്ക്ക അക്ഷരം കണ്ട് വണ്ടറടിച്ച പൊതുജനം അങ്ങോട്ടു പാഞ്ഞു.

ഓട്ടോ ശൂന്യം!!

ഓട്ടോയില്‍നിന്ന് ആരൊക്കെയോ ചേര്‍ന്നു നമ്മുടെ ജോണിയെയും സുകുമാരനെയും തട്ടിക്കൊണ്ടു പോയെടാ..


ആരാണങ്ങനെ പറഞ്ഞതെന്നറിയില്ല. പറഞ്ഞുതീരും മുന്‍പ് അതു പാട്ടായി. ആപാട്ട് ജോണിയുടെ വീട്ടില്‍ കേട്ടു. ജോണിയുടെ അമ്മച്ചി നെഞ്ചത്തടിച്ച് അതിനു താളമിട്ടു.

ജോണിയെ ആരു തട്ടിക്കൊണ്ടുപോകാന്‍? അത്രയ്ക്കും വിവരമില്ലാത്തവര്‍ നാട്ടില്‍ ആരുണ്ട്? ചിലപ്പോള്‍ കയ്യിലെ കാശു തട്ടിയെടുത്ത് എവിടെയെങ്കിലും കൊന്നു തള്ളിക്കാണും...

നാക്കിന് എല്ലില്ലാത്തവരില്‍ ആരോ അങ്ങനെയും പറഞ്ഞു. ജനം അതും വിശ്വസിച്ചു.

നേരം പുലരാറായി. ജോണി പോകാറുള്ള സകല വഴിയിലും ആളുപോയി. നിരാശ ഫലം.

പുലര്‍ച്ചെയും ജോണിയെക്കുറിച്ചോ സുകുമാരനെക്കുറിച്ചോ ഒരു വിവരവുമില്ല. ഒടുവില്‍ അര്‍ധരാത്രിയെ പകലാക്കി തെരച്ചിലിനിറങ്ങിയ ഭരണങ്ങാനത്തെ ജനസാമാന്യം ഇങ്ങനെയൊരു നിഗമനത്തിലെത്തി.

കോണ്‍ട്രാക്ടറേയും ഓട്ടോ ഡ്രൈവറെയും കൊന്ന് അ‍ജ്ഞാതര്‍ പണം കവര്‍ന്നു.

എട്ടുകോളം വലിപ്പത്തില്‍ നാല്‍പതു പോയിന്‍റു തലക്കെട്ടില്‍ വാര്‍ത്ത നാടാകെ പരന്നു. രാവിലെ പത്രമിടാന്‍ ഓരോ വീട്ടിലും കയറിയിറങ്ങിയ ഏജന്‍റു കുട്ടപ്പായി പത്രത്തിനൊപ്പം ഫ്രീ സപ്ളിമെന്‍റു പോലെ ഇക്കാര്യവും പറഞ്ഞു പോയി..

ഭരണങ്ങാനം ദുഖസാന്ദ്രമായ അന്തരീക്ഷത്തിലേക്കാണു കണ്ണു തുറന്നത്. ടൗണിലാകെ ശ്മശാന മൂകത. റോഡരികിലെ ഇലക്ട്രിക് പോസ്റ്റുകളില്‍ കരിങ്കൊടികള്‍ പാറി.
ജോണിക്ക് ആദരാ‍ഞ്ജഴികള്‍ എന്നെഴുതിയ ബോര്‍ഡ് പലയിടത്തും ഉയര്‍ന്നു.

നേരം രാവിലെ ഒന്‍പതു മണി.

ഭരണങ്ങാനത്തിന്‍റെ സ്വത്തായ പത്രാസു മേരി പാലായിലെ പ്രശസ്ത ബാറായ ബ്ളൂമൂണിന്‍റെ റിസപ്ഷനില്‍ ജോലിക്കെത്തി. ജോണിയുടെ തിരോധാനത്തില്‍ ദുഖസൂചകമായി കറുത്ത സാരി, കറുത്ത ചെരിപ്പ്, കറുത്ത കുപ്പിവള, കറുത്ത തൂവാല തുടങ്ങിയ മാച്ചിങ് വേഷവിധാനത്തിലായിരുന്നു പത്രാസു മേരിയുടെ നില്‍പ്.

അവിവാഹിതനായ ജോണിയുടെ തിരോധാനം അവിവാഹിതയായ മേരിയെ ദുഖിപ്പിച്ചിരുന്നു. എന്തുകൊണ്ടെന്നു ചോദിക്കരുത്. (അതവരുടെ പഴ്സനല്‍ കാര്യം, നമ്മളിടപെടുന്നതു ശരിയല്ലല്ലോ!)

സമയം 9.10
ഹോട്ടല്‍ റിസപ്ഷനിലേക്ക് ഒരു കോള്‍.
മേരിയല്ലേ?
ഞാന്‍ ജോണിയാ, ബാര്‍ എപ്പോള്‍ തുറക്കും?
പത്രാസു മേരി ഞെട്ടി.
തന്‍റെ പ്രിയപ്പെട്ട ജോണിച്ചേട്ടന്‍...
ജോണിച്ചേട്ടാ ഇതെവിടെയാ? നിങ്ങളെ കാണാതെ നാടു മുഴുവന്‍...
പിന്നെപ്പറയാം, ബാറ് എപ്പോ തുറക്കും? അതു പറ?
പത്തുമണിക്ക് തുറക്കും ജോണിച്ചേട്ടാ...

ഫോണ്‍ കട്ടായി.

മേരിക്കു സന്തോഷമായി. നേരെ ഭരണങ്ങാനത്തെ അറിയാവുന്ന സകല നമ്പരുകളിലേക്കും വിളിച്ചു. ജോണി മരിച്ചിട്ടില്ല. ബാര്‍ എപ്പോള്‍ തുറക്കുമെന്ന് ദേ ഇപ്പോള്‍ വിളിച്ച് അന്വേഷിച്ചതേയുള്ളൂ.

സമയം 9. 20
ഹോട്ടല്‍ റിസപ്ഷനിലേക്ക് വീണ്ടും കോള്‍

മേരിയല്ലേ? ജോണിയാ...

വീണ്ടും അതേ ശബ്ദം, അല്‍പം നാക്കു കുഴഞ്ഞിട്ടുണ്ടോ? ഹേയ്.. തോന്നിയതായിരിക്കും..!

ബാറ് എപ്പോ തുറക്കുമെന്നാ പറഞ്ഞത്..

പത്തുമണി ജോണിച്ചേട്ടാ...
കൂടുതല്‍ എന്തെങ്കിലും ചോദിക്കും മുന്‍പേ ഫോണ്‍ വീണ്ടും കട്ടായി.

തന്‍റെ പ്രിയപ്പെട്ട ജോണിച്ചേട്ടന്‍ രണ്ടാമതും വിളിച്ചിരിക്കുന്നു. ഇനി പേടിക്കാനില്ല. പത്തുമണിയാകുമ്പോള്‍ ജോണിച്ചേട്ടന്‍ ബാറിലെത്തും. അപ്പോള്‍ തനിക്കു കാണാം. റിസപ്ഷന്‍ വഴിയേ ജോണിച്ചേട്ടന്‍ പോകൂ...

സമയം 9. 45
വീണ്ടും ഫോണ്‍

ഹഴോ.. മേഴിയല്ലേ?
ഇത്തവണ ശബ്ദം കുഴഞ്ഞിട്ടുണ്ടായിരുന്നു.
ഞാ... ജോണിഴാ...
ബാഴ് എപ്പ ദുറഗ്ഗുമെന്നാ പഴഞ്ഞേ?

പത്രാസു മേരിക്കൊച്ചിനു സങ്കടം വന്നു. ബാറു തുറക്കും മുന്‍പേ മൂപ്പരു കണ്ട വെട്ടിക്കൂട്ട് എവിടുന്നോ തട്ടിക്കൂട്ടിയടിച്ചു പൂസായി നില്‍ക്കുകയാണ്. ഇനിയിപ്പം ബാറില്‍നിന്നു കൂടി കേറ്റണം. സഹിക്കുന്നില്ല എനിക്കിതൊന്നും...
എങ്കിലും എല്ലാം സഹിച്ച്, ദേഷ്യം നിയന്ത്രിച്ച് അവള്‍ മറുപടി പറഞ്ഞു.

ജോണിച്ചേട്ടാ, ഞാന്‍ മൂന്നാം തവണയും പറയുന്നു, നിങ്ങള്‍ക്കു കൃത്യം പത്തുമണിക്ക് ബാറിന്നകത്തു കേറാം..

മറുപുറത്ത് ഒരു ഗ്ളാസ് വീണുടയുന്ന ശബ്ദം.

ഹയ്യോ ചതിച്ചല്ലോ...

എഴീ... ബാറിന്നകത്തോട്ടു കയറാനല്ല, ഞാനും സുകുമാരനും ഇന്നലെ ഇതിന്നകത്തു പെട്ടുപോയി..

ഞങ്ങക്കു പൊറദ്ദോട്ടു പോകാനാ...

വന്നു ബാറു തുറക്കെടീ....!!!


(ശുഭം)

33 comments:

SUNISH THOMAS said...

ജോണി ഞങ്ങളുടെ നാടിന്‍റെ പ്രതീക്ഷയായിരുന്നു.
ജോണി ഞങ്ങളുടെ നാടിന്‍റെ സാര്‍വലൗകികമായ അവിവാഹിത മോഹങ്ങളുടെ കെട്ടടങ്ങിയ തീക്കനലായിരുന്നു. സര്‍വോപരി ജോണി, ജോണി വാക്കറിന്‍റെ കടുത്ത ആരാധകനുമായിരുന്നു.

പുതിയ പോസ്റ്റ്. വായിക്കുക.

ഇടിവാള്‍ said...

ഹഹഹഹഹ.. സുനീഷേ !

ചിരിച്ച് ചത്തു !

സാജന്‍| SAJAN said...

സുനീഷേ , പതിവു പോലെ കലക്കന്‍ ഗഡ്ഡീ..
ആശംസകള്‍!!!

sandoz said...

ഹ.ഹ.ഹ.ഹ......

ഗുമ്മന്‍.....
ഗുമ്മന്‍ എന്ന്‌ വെറുതേ പറഞ്ഞാല്‍ പോരാ...
ഗുഗുമ്മന്‍.
ചിരിയുടെ ഒരു റോഡ്‌ റോളര്‍ തന്നെയാണ്‌ സുനീഷ്‌ ഇവിടെ ഇറക്കിയേക്കണത്‌.

ആ കട്ടില്‍ ചിരണ്ടിയ കാര്യം വായിച്ചിട്ട്‌..
ചിരിച്ച്‌ ചിരിച്ച്‌ കുറച്ച്‌ നേരത്തേക്ക്‌ എനിക്ക്‌ ശ്വാസം കിട്ടില്ലാ.....

asdfasdf asfdasdf said...

സുനീഷെ.. ഇതു കലക്കി.. ചിരിച്ച് ഒരു വഴിക്കായി..

വല്യമ്മായി said...

:):)

സു | Su said...

ഹിഹിഹി സുനീഷേ, ചിരിച്ചു. നന്ദി. ഇങ്ങനെ അകത്താണുള്ളത് എന്ന കഥകള്‍ കേട്ടിട്ടുണ്ട്. പക്ഷെ, ജോണിയുടേയും, സുകുമാരന്റേയും, വണ്ടിയുടേയും വിവരണം രസിച്ചു.

മനോജ് കുമാർ വട്ടക്കാട്ട് said...

സുകുമാരനും ജോണിയുമൊക്കെ ജീവിച്ചിരിക്കുന്നവരോ അതോ ജീവിച്ചിരിക്കുന്ന ആരെങ്കിലുമായി സാമ്യമുള്ളവരോ ആണോ?

തെളിവെടുക്കും ഞാന്‍ :)
(മറ്റേ പാതി ഭരണങ്ങാനത്ത്‌ കാരിയാണ്‌)

Siju | സിജു said...

മിമിക്രിക്കാരുടെ പഴയ നമ്പറാണെങ്കിലും സംഗതി കൊള്ളാം..
ജോണി ഈ പോസ്റ്റിന്റെ ഐശ്വര്യം

ഉത്സവം : Ulsavam said...

ഹഹഹഹ കൊള്ളാം, കട്ടില്‍ പോളീഷിട്ടത് തകര്‍ത്തു..!!

SUNISH THOMAS said...

സാന്‍ഡോസ്, ഇടിവാള്‍, പടിപ്പുര, സാജന്‍, മേനോന്‍ ചേട്ടന്‍,വല്യമ്മായി, സു, സിജു, ഉല്‍സവം

എല്ലാവര്‍ക്കും നന്ദി.

ജോണിയും സുകുമാരനും സുകുമാരന്‍റെ ഓട്ടോറിക്ഷയും ഇപ്പോഴും ഭരണങ്ങാനത്തുണ്ട്. കഥാന്ത്യത്തിനായി പഴയ ഒരു കഥ പൊടിതട്ടിയെടുത്ത് കൂട്ടിപ്പിടിപ്പിച്ചതിനപ്പുറം ബാക്കി കുറയൊക്കെ സത്യമാണ്.


ഓ.ടോ.
പടിപ്പുര ഭരണങ്ങാനത്തു വന്നു ജോണിയെക്കുറിച്ച് അന്വേഷിച്ചാല്‍ ആളെ കണ്ടെത്തും. അതുകൊണ്ടു മറുപാതിയോട് തല്‍ക്കാലം ഇക്കാര്യം പറയേണ്ട...!

Anonymous said...

സുനീഷ് ഈ ബ്ലോഗിന്റെ ഐശ്വര്യം !
ഈ ബ്ലോഗെന്നു പറഞ്ഞാല്‍ സകല ബ്ലോഗിന്റെയും !
ലാല്‍സലാം.... മുന്നേറുക...
നിങ്ങള്‍ക്കു കടുത്ത ആരാധകരുണ്ട്.... ഞാനും !

sandoz said...

ഹ.ഹ.ഹ..
ഈ ബെര്‍ളീം വിചാരവും ഒരാള്‍ ആണെന്ന രഹസ്യം കൂടി ഞാന്‍ ഇവിടെ വെളിപ്പെടുത്തുന്നു.
കണ്ടില്ലേ...
ബെര്‍ളി.... കമന്റിന്റെ അവസാനം ലാല്‍സലാം എന്ന് പറഞ്ഞത്‌.

SUNISH THOMAS said...

സാന്‍ഡോസേ..വിചാരം ഞാനാണ്. ബെര്‍ളിയല്ല.


ഓടോ.
പോരേ..ബെര്‍ളീ...?!!

Ajith Pantheeradi said...

കലക്കി, കലക്കി

ഈ ജോണിയെ ഒന്നു പരിചയപ്പെടണമല്ല്ലോ, നമ്മള്‍ ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കുമേ

കുറുമാന്‍ said...

ഗഡീ, ആദ്യം ഇവിടെ എത്താന്‍ വൈകിയതിനു ഒരു പൈന്റ്.......ഇനി അടുത്തത്

ഭരണങ്ങാനത്ത് വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയുടെ മഠത്തില്‍ പെയിന്‍റിങ്ങിനിടെ, തിരുശേഷിപ്പായി കണക്കാക്കി സൂക്ഷിച്ചിരുന്ന അല്‍ഫോന്‍സാമ്മയുടെ കട്ടില്‍ സാന്‍ഡ് പേപ്പറിട്ടു മിനുക്കി പോളിഷ് ചെയ്ത് മഠത്തിലെ അന്തേവാസികളുടെ വരുമാനമാര്‍ഗം മുട്ടിച്ചതൊഴികെ ജോണിയുടെ കയ്യില്‍ നിന്നു സംഭവിച്ച പിടിപ്പുകേടുകള്‍ അധികമൊന്നും ഉണ്ടായിരുന്നില്ല.

സൂപ്പര്‍ - ഇത് സൂപ്പര്‍.....പണ്ട് കേട്ടൊരു സര്‍ദാര്‍ജി തമാശ ഓര്‍മ്മ വന്നു........പുതുതായി ബംഗ്ലാവില്‍ ജോല്ലിക്ക് കയറിയ സര്‍ദാര്‍ജിയുടെ അശ്രദ്ധമൂലം ഒരു വലിയ മണ്‍കലം വീണൂ പൊട്ടി.....പേടിച്ചു നില്‍ക്കുന്ന സര്‍ദാര്‍ജിയുടെ അടുത്തേക്ക്, അവിടുത്തെ കാര്യസ്ഥന്‍ വന്നു പറഞ്ഞു, ദൈവമേ, നീ എന്താ ചെയ്തത്, എഴുന്നൂറുകൊല്ലത്തില്പരം പഴക്കമുള്ള മണ്‍കലമല്ലെ നീ പൊട്ടിച്ചത്.......

സര്‍ദാര്‍ജി.....ഹാവൂ ഇപ്പോഴാ ശ്വാസം നേരെ വീണത്. ഞാന്‍ കരുതി വല്ല പുതിയ മണ്‍കലവുമാണെന്ന്.

അതൊക്കെ പോട്ടെ.....മാഷെ, പോസ്റ്റ് വായിച്ച് ചിരിച്ചു മറിഞ്ഞു....ഇനി പഴയതെല്ലാം വായിക്കണം.......

സന്തോഷം.....സന്തോയം.....സന്തോ....സതൊ..ഇന്ന് വ്യാഴം......ഞാന്‍ പൊട്ടട്ടെ

Mr. K# said...

കേട്ടിട്ടുണ്ടെങ്കിലും സുനീഷ് കഥ പറയുന്ന രീതി ഒന്നു വേറെ തന്നെ.

myexperimentsandme said...

"ജോണിക്ക് ആദരാ‍ഞ്ജഴികള്‍ "

ഭരണങ്ങാനത്തുകാര്‍ അല്ലെങ്കിലും നന്ദിയുള്ളവരാ. ഇതില്‍‌പരം ബെസ്റ്റ് ആദരാഞ്‌ജലി എങ്ങിനെ കൊടുക്കാനാ, ജോണിക്ക് :)

ബറുവള്ളി പറഞ്ഞതുപോലെ സുനീഷാണ് ഈ ബ്ലോഗിന്റെ ഐശ്വര്യാ റായ്.

Sapna Anu B.George said...

സുനീഷേ മോനെ ഇനിയുണ്ടോ ഈ വക ചിരിഅമ്പുകള്‍???‍

SUNISH THOMAS said...

സ്വപ്ന, വക്കാരി, കുതിരന്‍ തുടങ്ങി എല്ലാവര്‍ക്കും നന്ദി.

ശ്രീ എതിരന്‍ കതിരവന്‍ എവിടെയെങ്കിലുമുണ്ടെങ്കില്‍ ഉടന്‍ ഈ ബ്ളോഗില്‍ വരേണ്ടതാകുന്നു.

വരുന്ന കൂട്ടത്തില്‍ പള്ളിമുറീന്ന് രണ്ടുഗ്ളാസും കുറച്ചു നാരാങ്ങാ അച്ചാറും കൂടി എടുത്തോ!!

ആഷ | Asha said...

അവസാനമൊഴികെ ബാക്കിയെല്ലാം ഇഷ്ടമായി

എതിരന്‍ കതിരവന്‍ said...

സുനീഷുകൊച്ചനേ
ഞങ്ങടെ ജോണിയെക്കുറിച്ച് ഇത്രേം മോശമായിപ്പറയാന്‍ അവന്‍ നിന്നോടെന്നാ ചെയ്തു? ഇളേത്തുങ്ങളെയെല്ലാം നോക്കിവളര്‍ത്തി കല്യാണോം കഴിപ്പിച്ച് അവര്‍ അവ്രടെ പാട്ടിനു പോയി. ആരെങ്കിലും തിരിഞ്ഞു നോക്കുന്നൊണ്ടോ? ഇനി വല്ലപ്പഴും ഇച്ചിരെ കുടിയ്ക്കും. അത് അവന്റെ മനസ്സിലൊള്ള വെഷമം അങ്ങോട്ടു പൊറത്തോട്ടു പോ‍ാട്ടെ എന്നു വച്ചാ.എത്ര നാളാ എന്റെ ജോണിക്കുഞ്ഞ് ഇങ്ങനെ കഴിയുന്നേ എന്റെ മാതാവേ. സുകുമാരന്റെ സന്തോഷത്തിനാരിക്കും അവന്‍ ബാറില്‍ക്കെടന്നുറങ്ങിയേ. അത് നാട്ടുകാരോടെല്ലാം വിളിച്ചു പറയണ്ട കാര്യമൊണ്ടോ? നിന്നേം അവന്‍ എത്ര സ്നേഹിക്കുന്നൊണ്ട്! ഈയെടയാ അവന്‍ പറഞ്ഞേ “ അമ്മച്ചീ നമ്മടെ സുനീഷിന്റെ കല്യാണം ഒന്നും ആയില്ലല്ലോ, നമ്മളു വല്ലതും നോക്കെണ്ടേ” എന്ന്. എന്നിട്ടും എന്റെ ജോണിക്കുഞ്ഞിനോടിത്.......

നിന്റെ അമ്മച്ചീം ഞാനും പെങ്ങമ്മാരെപ്പോലെയാ, അറിയാമ്മേലേ?അവന്റെ അപ്പച്ചനൊണ്ടാരുന്നെങ്കില്‍ ഇങ്ങനെ വല്ലതും നടക്കുവാരുന്നോ.

എതിരന്‍ കതിരവന്‍ said...

പള്ളീന്ന് ഗ്ലസെടുക്കാന്‍ പോയതാ. അച്ചന്‍ അവിടെ കുടിച്ച്കോണ്ടിരിക്കുവാ. വീട്ടീന്ന് രണ്ട് സ്റ്റീല്‍ ഡവറാ കൊണ്ടുവരട്ടെ?
അല്ലേല്‍ എന്തിനാ ഗ്ലാസ്? കുപ്പീന്ന് അതേപടി കുടിയ്ക്കോന്നരല്ലെ നമ്മള്?

SUNISH THOMAS said...

എതിരന്‍ അച്ചായന്‍, ആഷ, മാരാര്‍ തുടങ്ങി ബൂലോഗത്തെ എല്ലാവരോടുമായി..
ജോണിയെ താരമാക്കിയ നിങ്ങള്‍ക്കു നന്ദി. യഥാര്‍ഥ ജോണി എതിരന്‍ അച്ചായന്‍ പറഞ്ഞതു പോലെ ഒരു പാവം മനുഷ്യനാ..
നല്ല മനുഷ്യന്‍.

ഓ.ടോ:
എതിരന്‍ കതിരവന്‍ ഇനി ഗ്ളാസുമായി വരേണ്ടതില്ല. മറ്റേതു കുഴിവെട്ടുകാരന്‍ കു‍ഞ്ചാക്കോ ഒറ്റയ്ക്കു തീര്‍ത്തു!!

Mr. K# said...

മാഷേ, എല്ലാ ദിവസവും ഫോട്ടോ മാറ്റുമോ?

Anonymous said...

അസാധരണമായ ചില സാധാരണവല്‍ക്കരണങ്ങള്‍ !


"ആ ജോണിയാണ് ഈ കുപ്പിയിലെ സോറി, കഥയിലെ നായകന്‍. ഒരു നായകനു ചേരുന്ന എല്ലാഗുണഗണങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ആറടി പൊക്കം. നല്ല തടി. ആരോഗ്യദൃഢഗാത്രന്‍. ഒരു ബക്കറ്റ് വെള്ളമൊക്കെ ഈസിയായി കയ്യിലെടുക്കാന്‍ പോന്ന ആരോഗ്യം..."


"ആരാണങ്ങനെ പറഞ്ഞതെന്നറിയില്ല. പറഞ്ഞുതീരും മുന്‍പ് അതു പാട്ടായി. ആപാട്ട് ജോണിയുടെ വീട്ടില്‍ കേട്ടു. ജോണിയുടെ അമ്മച്ചി നെഞ്ചത്തടിച്ച് അതിനു താളമിട്ടു."

"കോണ്‍ട്രാക്ടറേയും ഓട്ടോ ഡ്രൈവറെയും കൊന്ന് അ‍ജ്ഞാതര്‍ പണം കവര്‍ന്നു- രാവിലെ പത്രമിടാന്‍ ഓരോ വീട്ടിലും കയറിയിറങ്ങിയ ഏജന്‍റു കുട്ടപ്പായി പത്രത്തിനൊപ്പം ഫ്രീ സപ്ളിമെന്‍റു പോലെ ഇക്കാര്യവും പറഞ്ഞു പോയി.."

Anonymous said...

ഈ വായനത്തിന്റെ ഐഷ്വര്യം ജാണി- എന്ന് പിന്നിലെഷുതിയ ഒരോഠോ പാലാ, കൂത്താട്ടുകുളം,മൂവാറ്റുപുഴ,പെരുമ്പാവൂര്‍,കാലടി,അങ്കമാലി,ചാലക്കുടി,തൃശൂര്‍,കുന്നംകുളം,എടപ്പാള്‍,കുറ്റിപ്പുറം,കോട്ടക്കല്‍ വഴി മലപ്പുറം ലക്ഷ്യമാക്കി പുറപ്പെട്ടിട്ടുണ്ട്.വേണെങ്കില്‍ രക്ഷപെട്ടോ !

SUNISH THOMAS said...

ബെര്‍ളീ...

അവരോട് തൃശൂരില്‍നിന്നു വടക്കാഞ്ചേരി, ഷൊര്‍ണൂര്‍, പട്ടാമ്പി, പുലാമന്തോള്‍, പെരിന്തല്‍മണ്ണ വഴി മലപ്പുറത്തിനു പോരാന്‍ പറ!! അതാ കുറച്ചുകൂടി എളുപ്പം.

പിന്നെ, പെരിന്തല്‍മണ്ണ വരുമ്പോള്‍ എന്നെ ഒന്നുവിളിക്കാനും പറയണം.- ഇവിടെനിന്ന് ഒന്നു മാറിനില്‍ക്കാനാ...!!

Anonymous said...

kalakki ketto.. chirichu chirichu oru vazhiyaayi.

joshua said...

It's so nice for me to have found this blog of yours, it's so interesting. I sure hope and wish that you take courage enough to pay me a visit in my PALAVROSSAVRVS REX!, and plus get some surprise. My blog is also so cool! Off course be free to comment as you wish.

n@vneet said...

തന്നിരിക്കുന്നു!

:-)

കേള്‍ക്കുന്നുണ്ടോ... കേള്‍ക്കുന്നുണ്ടോ???

അഭിലാഷ് ആര്യ said...

"ഈ വാഹനത്തിന്‍റെ ഐശ്വര്യം ജോണി" വായിച്ചു വളരെ നന്നായിരുന്നു

ഋതത്തിലെക്കു വന്നതിനും മയില്‍പ്പീലിയും, ഋഷിയുടെ, ഏന്‍റെ പേര്‍ വായിച്ച്‌ അഭിപ്രയം രേഖപ്പെടുത്തിയതിലും വളരെ നന്ദി.

Unknown said...

ഭരണങ്ങാനവും കള്ളും കപ്പയും കപ്പാസിറ്റിയും വിട്ട് കോട്ടക്കുന്നിലെ കഥയെഴുതാന്‍ തനിക്കു 25വാട്ടിന്റെയെങ്കിലും ധൈര്യമുണ്ടോ?

Powered By Blogger