പ്രിയപ്പെട്ടവരെ,
ഞാന്‍ ഈ ബ്ളോഗിന്‍റെ ഉടമസ്ഥനായ സുനീഷ് തോമസ് അല്ല. ശ്രീ ബെര്‍ളിയുടെ പുസ്തകം പ്രകാശിപ്പിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങളില്‍പ്പെട്ട് നേരത്തെ തന്നെ ഫ്യൂസായിപ്പോയതിനാല്‍ അദ്ദേഹത്തിന്‍റെ മൗനാനുവാദത്തോടെ ഈ പോസ്റ്റ് ഇടുന്നതു ഞാനാണ്- ലൂസിക്കുട്ടി.അതിനാല്‍ത്തന്നെ ഇതില്‍ പറയാന്‍ പോകുന്ന ഒരു കാര്യങ്ങള്‍ക്കും ശ്രീ സുനീഷ് തോമസുമായി ഒരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല.
സ്ഥലം- ബ്ലൂമൂണ്‍ ബാര്‍,പാല.
(രാജധാനി ബാര്‍ ആയിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും സെക്കന്‍ഡ്സ് നല്ലതു കിട്ടുക ഇവിടെയാണെന്നു പലരും പറഞ്ഞതിനാല്‍ യോഗം ഇവിടേക്കു മാറ്റുകയായിരുന്നു!)
ബെര്‍ളിത്തരങ്ങള്‍ പുസ്തകരൂപത്തില്‍!!
വെളിപാട് ഉണ്ടായ പാടേ, ഉപദേശി ഫോണെടുത്ത് കറക്കി. കറക്കിക്കറക്കി അതിന്‍റെ കേബിളെല്ലാം കുരുങ്ങി ആകെ അലുക്കുലുത്തായെന്നു മനസ്സിലായ ഉപദേശി അതവിടെ വച്ച് മൊബൈള്‍ ഫോണെടുത്തു കുത്തി. കുത്തുകൊണ്ട അടുത്തിരുന്ന ഉപദേശി രൂക്ഷമായൊന്നു നോക്കി- കുഞ്ഞാടേന്നു വിളിച്ച നാവുകൊണ്ടു നീയെന്നെ... ആ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതു പലതും വിളിപ്പിക്കുമെടാ എന്നായിരുന്നു നോട്ടത്തിന്‍റെ അര്‍ഥം.
പരിശ്രമങ്ങള്‍ക്കൊടുവില്‍ മുട്ടുവിന്‍ പൊട്ടപ്പെടും എന്നു മുട്ടക്കാരന്‍ അപ്പിച്ചേട്ടന്‍ പറയും പോലെ ബെര്‍ളിയെ കിട്ടി. ഓര്‍ഹാന്‍ പാമുഖ് മുതല്‍ ഗുന്തര്‍ ഗ്രാസ് വരെ പറഞ്ഞിട്ടും ആ പോകാന്‍ പറ, യെവനൊക്കെ എനിക്കു വെറും ഗ്രാസാ എന്നു പറഞ്ഞു നടന്ന ബെര്‍ളിക്ക് സമ്മതപൂര്‍വം തല കുലുക്കാതെ നിവൃത്തിയില്ലായിരുന്നു.
കാരണം, തന്‍റെ ബ്ളോഗിന്‍റേതടക്കം മാനസികരോഗവും പ്രേതബാധയും മാറ്റിക്കിട്ടിയത് ഈ ധാന്യ കേന്ദ്രത്തില്‍ (എഫ്സിഐ ഗോഡൗണല്ല!) നിന്നാണല്ലോ എന്നോര്‍ത്തപ്പോള്‍ അദ്ദേഹത്തിന് അതല്ലാതെ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. അങ്ങനെ ബെര്‍ളിത്തരങ്ങള്‍ പുസ്തകമാക്കാനുള്ള ആദ്യപടി അവിടെ സമാരംഭിച്ചു.
അന്നു രാത്രി മൂന്നിലവു മലയില്‍ ഉരുള്‍പൊട്ടി. രണ്ടുവീടും മൂന്നേക്കര്‍ പുരയിടവും മീനിച്ചിലാറ്റിലൂടെ ഒലിച്ചുപോയി. രണ്ടുദിവസം പാലായും പരിസരത്തെ കള്ളുഷാപ്പുകളും വെള്ളത്തില്‍ മുങ്ങിക്കിടന്നു. നല്ല നിമിത്തം-ത്രികാല ജ്ഞാനികള്‍ പറഞ്ഞു!
അതൊരു ചോദ്യമായിരുന്നു.ബെര്‍ളിത്തരങ്ങള്‍ എന്ന വിശ്വസാഹിത്യ കൃതിക്ക് ആര് അവതാരികയെഴുതാന്‍.
ബെര്‍ളിയുടെ ആത്മാര്‍ഥ സുഹൃത്തുക്കളായ അടപ്പൂരാന്‍, വിക്രമാദിത്യന്‍, സഞ്ചിപ്പെണ്ണ്, സുനീഷ്, ജോര്‍ജുകുട്ടി, വാസന്തി, എതിരന്‍ കതിരവന്‍,കുതിരവട്ടന്‍, കുറുമാന്‍, ഇടിവാള്‍,വടിവാള്‍ തുടങ്ങിയവര്‍ ഒറ്റയ്ക്കും കൂട്ടായും ആലോചിച്ചു.
ഒടുവില്‍ ബെര്‍ളി തന്നെ ആളെയും കണ്ടെത്തി.
എതോ വിസ്കിയുടെ പേരാണെന്നു വിചാരിച്ച സുനീഷ് ഉടന്‍ കയ്യടിച്ചു സംഗതി അംഗീകരിച്ചു.
അപ്പോളാണ് കൂട്ടത്തില്‍ അല്‍പം വെളിവുള്ള എതിരന്‍ അതിനു മുടന്തുന്യായം ഉന്നയിച്ചത്- ദസ്തയേവസ്കി മരിച്ചുപോയില്ലേ?
ആ നിലയ്ക്ക് പിന്നെയാര് അവതാരിക എഴുതും?
ഒടുവില്‍ ആലോചനകളുടെ ലാര്‍ജുകള്‍ നിറഞ്ഞൊഴിഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ ബെര്‍ളിയുടെ നിരന്തരമായ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ശ്രീ അടപ്പൂരാന്‍ അവതാരിക എഴുതാമെന്നേറ്റു. ഊണിലും ഉറക്കത്തിലും അടപ്പൂരാന്‍ എന്ന ഒറ്റ വിചാരം മാത്രമുള്ള ബെര്‍ളി അതോടെ ഹാപ്പിയായി.
അവതാരികയുടെ പതിവു സങ്കേതങ്ങളില്‍നിന്നു വ്യത്യസ്തമായി വായനക്കാര്‍ പതിവായി ഉന്നയിക്കാറുള്ള ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും എന്ന രീതിയില്‍ അവതാരിക എഴുതിക്കളായമെന്ന ഐഡിയ മുന്നോട്ടുവച്ചതും അടപ്പൂരാന്‍ തന്നെയായിരുന്നു. കുപ്പികള്‍ ഏതാണ്ട് ഒന്നൊഴിഞ്ഞു എന്നുറപ്പായതോടെ ആലോചനായോഗം അവസാനിച്ചു.
പക്ഷേ, മലയാളം ബ്ളേഗേഴ്സിന്‍റെ ഐക്യവും ഹൃദയവിശാലതയും വെളിവാക്കിക്കൊണ്ട് ഒരുപറ്റം ചെറുപ്പക്കാര്‍ ചേര്‍ന്നു പ്രൂഫ് വായിക്കാമെന്നേറ്റു. ആഴ്ചകള്‍ക്കകം പ്രൂഫ് പൂര്‍ത്തിയാക്കി പുസ്തകം അച്ചടിക്കു തയ്യാറായി.
പുസ്തകം അച്ചടിക്കാന്‍ തയ്യാറായി ഒരുപാട് പ്രസുകാര്‍ മുന്നോട്ടു വന്നു. പ്രസ് എന്നു കേള്‍ക്കുന്നതേ അലര്‍ജിയായിരുന്ന ബെര്‍ളി ആ ടെന്‍ഷന്‍ മാത്രം ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വൈന്‍ അധികൃതര്‍ പുസ്തകം അച്ചടിപ്പിക്കുന്നതിന്‍റെ ഉത്തരവാതിത്തം ഏറ്റെടുത്തു. വിശാലമനസ്കന്‍റെ കൊടകര പുരാണത്തിന്‍റെ അതേസൈസില്‍ 134 പേജുകളുള്ള പുസ്കതം.
അങ്ങനെ ആയിരങ്ങളുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ബെര്‍ളിത്തരങ്ങള്‍ പുസ്തകം അച്ചടിശാല വിട്ടു പുറത്തെത്തി.
പുസ്തക പ്രകാശനെത്തുക്കുറിച്ചായി പിന്നീടുള്ള ആലോചന.
പതിവു ശൈലികളിലുള്ള പ്രകാശനച്ചടങ്ങിനോട് ആര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല.
അലറിപ്പാഞ്ഞുവരുന്ന ട്രെയിനിനു തലവച്ച് പുസ്തകം പ്രകാശനം നടത്തിയാലോ? അതൊരു നല്ല ഐഡിയായി പലര്‍ക്കുംതോന്നി. തലവയ്ക്കാന്‍ തയ്യാറായി പലരും വന്നു. പക്ഷേ, പാലാ വഴി കോരസാര്‍ ട്രെയിന്‍ കൊണ്ടുവന്നിട്ടില്ലാത്തതിനാല്‍ അതു പ്രായോഗികമല്ലെന്നു മനസ്സിലായി.
ഒടുവില്‍ ഒത്തുതീര്‍പ്പുകളല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. ഒടുവില്‍ ജോര്‍ജുകുട്ടിയാണ് ആ ആശയം ഉന്നയിച്ചത്.
നമുക്കു ബാറില്‍വച്ചു പുസ്തകം പ്രകാശിപ്പിക്കാം. അവിടെയാകുമ്പോള്‍ അധികം വെളിച്ചവുമില്ലല്ലോ. അതുകൊണ്ടു പുസ്തകം പ്രകാശിപ്പിക്കുന്നതു പത്തുപേരറിയുകേം ചെയ്യും!!
അതും അംഗീകരിക്കപ്പെട്ടു.
പുസ്തകം ആരു പ്രകാശിപ്പിക്കും?
അതൊരു വലിയ പ്രശ്നമായിരുന്നു. ബെര്‍ളിയുടെ അഭിപ്രായത്തില്‍ അതിനു പോന്നവര്‍ ഭൂമിമലയാളത്തില്‍ ആരുമുണ്ടായിരുന്നില്ല. ഉഗാണ്ടയില്‍നിന്ന് ഈദി അമീനെ കൊണ്ടു വന്നാലോ എന്ന് ആലോചനയുണ്ടായി. അതിനി നടക്കില്ലെന്ന് എതിരന്‍ പറഞ്ഞതോടെ മറ്റാരെയെങ്കിലും കിട്ടുമോയെന്നായി ആലോചന. സദ്ദാം ഹുസൈന്‍? ഇല്ല, നടക്കില്ല.
ബിന്‍ ലാദന്‍?പല തവണ വിളിച്ചിച്ചും അണ്ണനെ റേഞ്ചില്‍ കിട്ടുന്നില്ല,അതും ഒഴിവാക്കി.ബാല്‍ താക്കറെ മുതല്‍ ജയലളിത വരെയും മന്‍മോഹന്‍ സിങ് മുതല്‍ വിഎസ് അച്യുതാനന്ദന്‍ വരെയും പലരെയും ആലോചിച്ചു. അവര്‍ക്കെല്ലാം വരണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും ബിസിയായിരുന്നു.
ഒടുവില്‍ പലരെയും ആലോചിച്ച് ഉപേക്ഷിച്ചതോടെ, ഇനി പുസ്തക പ്രകാശനത്തിനു സന്നദ്ധരാവാന്‍ സാധ്യതയുള്ളവരുടെ എണ്ണം ആലോചനാ സംഘത്തിലേക്കു ചുരുങ്ങി. ചീട്ടുകളിക്കിടെ പൊലീസു വരുമ്പോള്‍ സ്കൂട്ടും പോലെ പലരും പലവിധതിരക്കുകളുമായി പുറത്തിറങ്ങിയതോടെ ബെര്‍ളി തനിച്ചായി. അങ്ങനെ പുസ്തക പ്രകാശനം ബെര്‍ളിയുടെ ഉത്തരവാദിത്തമായി. അഥവാ അദ്ദേഹത്തിന്‍റെ മാത്രം ഉത്തരവാദിത്തമായി!!
അങ്ങനെ പുസ്തക പ്രകാശന ദിനം വന്നെത്തി. വൈകിട്ട് നാലുമണിയായതോടെ ബാര്‍ലോബി നിറഞ്ഞു. ബ്ളോഗിലെ പല ലോബിയില്‍പ്പെട്ട ഗഡികളും സദസ്സിനെ അലങ്കരിച്ചിരുന്നു. ബൂലോഗ സാഹിത്യം നേരിടുന്ന വെല്ലുവിളികള്‍, ബൂലോഗത്തിനു സംഭവിച്ച അപചയം, ബൂലോഗത്തെ പുലികള്‍ തുടങ്ങിയ പലവിഷയങ്ങളിലായി പലവിധ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരുന്നു.
സമയം അഞ്ചുമണിയായി. പുസ്തക പ്രകാശനത്തിനുള്ള സമയമായി.
ഇതുവരെയും ബെര്‍ളിയെ കാണാനില്ല. സുനീഷ്, ജോര്‍ജുകുട്ടി, എതിരന്‍ കതിരവന്‍, ജോണി, വണ്ടാളന്‍ ദേവസ്യ തുടങ്ങിയവര്‍ മുന്നൊരുക്കങ്ങളും പിന്നൊരുക്കങ്ങളും മറുഒരുക്കങ്ങളുമായി അണിയറയിലായിരുന്നു.
ബെര്‍ളി എവിടെ?
പലരും അന്വേഷിച്ചുകൊണ്ടിരുന്നു. പാലായില്‍ അങ്ങനെയൊരു പേരുള്ള ഒരേയൊരു ആളേ ഉണ്ടായിരുന്നുള്ളൂ എന്നതിനാലും നാട്ടിലെ എല്ലാവരും ബെര്‍ളിസാഹിത്യത്തിന്‍റെ പതിവു വായനക്കാര്‍ ആയിരുന്നതിനാലും ആ പേര് എല്ലാവര്‍ക്കും സുപരിചിതമായിരുന്നു.
ബ്ലൂമൂണിന്‍റെ അകത്തളങ്ങളില്‍ ആ ചോദ്യം പലയാവര്‍ത്തി മുഴങ്ങി. ബെര്‍ളി മാത്രമല്ല, പുസ്തകവും ഇതുവരെ എത്തിയില്ല. ബെര്‍ളിത്തരങ്ങള്‍ ആദ്യമായി പുസ്തകൂപത്തില്‍ കാണാന്‍ കൊതിപൂണ്ടിരുന്നവര്‍ ആകാംക്ഷമൂലം വീണ്ടും വീണ്ടും ഓര്‍ഡര്‍ ചെയ്തുകൊണ്ടിരുന്നു.
സമയം ആറുമണിയായി. ഇല്ല ബെര്‍ളി വന്നില്ല. ബെര്‍ളി വരാതിരിക്കുമോ?
ഹേയ് ഇല്ല. വരുമെന്നു പറഞ്ഞാല്‍ ലേറ്റായിട്ടായാലും ലേറ്റസ്റ്റാ വന്തിടും മച്ചാന്‍. പാലാക്കാരനല്ലേ, വാക്കുവ്യത്യാസം കാണിക്കില്ല, വരാതിരിക്കില്ല. ആരോ അങ്ങനെ പറയുന്നതു കേട്ടു.
ആരായാലും അങ്ങനെ പറഞ്ഞതൊരു പാലാക്കാരനല്ല എന്നുറപ്പായിരുന്നു.
ബെര്‍ളിയെ പലരും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഇല്ല, രക്ഷയില്ല.
നിങ്ങള്‍ വിളിക്കുന്ന സബ്സ്ക്രൈബര്‍ മൂന്നിലവു മലയ്ക്കു മുകളിലാണ് എന്നു കിളിമൊഴി.അതോടെ ഒരു കാര്യമുറപ്പായി. ബെര്‍ളി അല്ലെങ്കില്‍ ബെര്‍ളിയുടെ ഫോണ്‍ അതുമല്ലെങ്കില്‍ ഇതുരണ്ടും വീട്ടില്‍ത്തന്നെയുണ്ട്.
അതുവഴി പോയ ഒരു കാലി മണല്‍ലോറി കൈകാട്ടി നിര്‍ത്തി. എല്ലാവരും അതില്‍ കയറി. അതില്‍ ചിലര്‍ നിന്നു, ചിലര്‍ ഇരുന്നു, ചിലര്‍ കിടന്നു, ചിലരെ കിടത്തി.
മൂന്നു ഹെയര്‍പിന്‍ വളവും രണ്ടു വലിയ കയറ്റവും കയറി ലോറി കരഞ്ഞുനിലവിളിച്ചു ബെര്‍ളിയുടെ ഭവനത്തിലേക്കുള്ള പാതിവഴിയില്‍ ജോയിന്‍റിടിച്ചു നിന്നു. ബൂലോഗത്തിനു സ്വപ്നം കാണാന്‍ പോലും സാധ്യമല്ലാത്തയത്ര പുരോഗതി പ്രാപിച്ച ഒരു പറുദീസയാണു മൂന്നിലവ് എന്നു ബ്ളോഗേഴ്സിന് ഒറ്റനോട്ടത്തിലെ മനസ്സിലായി.
വികസനകാര്യത്തില്‍ മുന്‍പന്തിയിലായിരുന്നു മൂന്നിലവ്. ഏറ്റവും അടുത്തുകൂടിപ്പോകുന്ന വാഹനം വിമാനം. രണ്ടു കിലോമീറ്റര്‍ മുകളിലൂടെ... ഒരു സൈക്കിള്‍ കിട്ടണമെങ്കില്‍ അഞ്ചുകിലോമീറ്റര്‍ മലയിറങ്ങണം. അതായിരുന്നു അവസ്ഥ.
നേരം ഇരുട്ടിത്തുടങ്ങി. ബെര്‍ളിയുടെ വീടെവിടെയാ?
കൂട്ടത്തില്‍ അതറിയാവുന്ന ഒരേയൊരാള്‍ സുനീഷായിരുന്നു. ലോറിയുടെ പ്ളാറ്റ് ഫോമില്‍ വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ ആരോ വിളിച്ചുണര്‍ത്തി. സുനീഷിന്‍റെ നേതൃത്വത്തില്‍ സംഘം ബെര്‍ളിയുടെ വീട്ടിലെത്തി. വീടിനു മുന്നിലും മുറ്റത്തുമായി ഒരു പുരുഷാരം
ബ്ളോഗേഴ്സ് ഞെട്ടി...!!
വീട്ടുമുറ്റത്തുനിന്ന് അറുപതു വയസ്സു തോന്നിക്കുന്ന ഒരാള്‍ താഴേയ്ക്കിറങ്ങിവന്നു സംശയത്തോടെ സംഘത്തിന്‍റെ നേര്‍ക്കു നോക്കി.
ആരോ അങ്ങനെ പറഞ്ഞു. ബ്ളോഗേഴ്സ് എന്നു കേട്ടതും ആ വയോധികന്‍ മുണ്ടിന്‍റെ മടക്കിക്കുത്ത് അഴിച്ചു നിലത്തിട്ടു വിധേയനായി.
ഉണ്ട് ...
എന്നിട്ടെന്തിയേ? എന്നാ പറ്റി?
അതോ ഇന്നു വൈകിട്ട് ഇവിടെ ഒരു അദ്ഭുതമുണ്ടായി. അതിന്‍റെ തിരക്കിലാ...
ബെര്‍ളിത്തരങ്ങള്‍ എന്ന അദ്ദേഹത്തിന്‍റെ പുസ്തകം ആയിരം കോപ്പി അടിപ്പിച്ചതില്‍ പകുതി ഇവിടെ ആരോ കൊണ്ടെത്തന്നിട്ടുപോയി. വായിച്ചുകഴിഞ്ഞാല്‍ അതുപോലത്തെ അഞ്ഞൂറൂകോപ്പി വേറെ അടിപ്പിക്കണം എന്നും അതില്‍ എഴുതിയിട്ടുണ്ടായിരുന്നു. അതനുസരിച്ച് അഞ്ഞൂറുകോപ്പി അടിക്കാന്‍എവിടെയോ ഓര്‍ഡര്‍ കൊടുക്കുകയും ചെയ്തു. എന്നിട്ടു പാലായ്ക്കു പോകാനാന്നും പറഞ്ഞിറങ്ങിയതാ....
പുറത്തിറങ്ങി കൊച്ച് ചവിട്ടുന്നിടമെല്ലാം സ്വര്‍ണമാവുകയല്ലോ...
എന്നിട്ട്?
കൊച്ച് അതെല്ലാം വാരി ചാക്കില്‍ക്കെട്ടിക്കൊണ്ടിരിക്കുവാ...എന്നിട്ട്, വാരീട്ടും വാരിട്ടും സ്വര്‍ണം തീരുന്നില്ല സാറുന്മാരേ...മുറ്റത്തു മുഴുവന്‍ സ്വര്‍ണക്കല്ലുകളായിരുന്നു. അതുമുഴുവന്‍ പെറുക്കി ചാക്കില്‍ക്കെട്ടി മുറിക്കകത്തു വച്ചു പൂട്ടാന്‍ പോയിരിക്കുവാ...
അത്രയും കേട്ടതും കെട്ടുവിട്ട സംഘം ഒറ്റച്ചാട്ടത്തിനു ബെര്‍ളിയുടെ വീട്ടില്‍ക്കയറി. അപ്രതീക്ഷിതമായി സുഹൃത്തുക്കളെ കണ്ട അദ്ദേഹം അദ്ഭുത പരതന്ത്രനായി.
എവിടെ ബെര്‍ളീ സ്വര്‍ണം?
എല്ലാവരെയും നോക്കി ബെര്‍ളി ഗൂഢമായൊന്നു ചിരിച്ചു. ഇത്രയും വലിയൊരു അദ്ഭുതം നടന്നതിന്‍രെ തരിമ്പുപോലും അഹങ്കാരം ആ മുഖത്തുണ്ടായിരുന്നില്ല..!
ബെര്‍ളി എല്ലാവരെയും തന്‍റെ വീടിന്‍റെ പിന്‍ഭാഗത്തെ ഗോഡൗണിലേക്കു നയിച്ചു.
ഇനി ഇതെല്ലാം ഞാനെന്തു ചെയ്യുമെന്നു വിചാരിക്കുകയാ...ബെര്‍ളി പറഞ്ഞുകൊണ്ടിരുന്നു.
സംഘം കേട്ടുകൊണ്ടും...
ഗോഡൗണിലെത്തി. പത്തുതാഴിട്ടുപൂട്ടിയിരുന്ന വലിയ കതകു തുറന്നു.
അവിടെ അമ്പതോളം ചാക്കുകെട്ടുകള്‍. ഒരു ആരവത്തോടെ സംഘം ഗോഡൗണില്‍ കടന്നു. ചാക്കുകെട്ടുകള്‍ വലിച്ചുപൊട്ടിച്ചു തുറന്നു.
അതില്‍ നിറയെ കൊട്ടയ്ക്ക കല്ലുകള്‍, പല വലിപ്പത്തിലുള്ളവ തിക്കിക്കുത്തിനിറച്ചിരുന്നു...!!!
22 comments:
ഭരണങ്ങാനം ബ്ളോഗേഴ്സ് മീറ്റ്
ബെര്‍ളിക്കു സ്നേഹപൂര്‍വം ഒരു മറുപടിപ്പാര...
ഒപ്പം എന്‍റെ ഇരുപത്തഞ്ചാം പോസ്റ്റും...!!
വായിക്കുക.
വികസനകാര്യത്തില്‍ മുന്‍പന്തിയിലായിരുന്നു മൂന്നിലവ്. ഏറ്റവും അടുത്തുകൂടിപ്പോകുന്ന വാഹനം വിമാനം. രണ്ടു കിലോമീറ്റര്‍ മുകളിലൂടെ... - ഇതാണ് എനിക്കേറ്റവും രസിച്ചത്... ഇനി ഇതിനൊരു മറുപടിയുണ്ടാവുമോ!
--
തോമാച്ചോ...ഒരു മൂലക്കൂന്ന് വച്ചക്കലക്കുവാണല്ലിയോ ? നടക്കട്ടെ..നടക്കട്ടെ..:)
ബെര്‍ളിത്തരങ്ങള്‍ എന്ന എന്‍റെ ബ്ലോഗ് ഇന്നു രാവിലെ മറുമൊഴി പ്രളയത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച വിവരം വ്യസനസമേതം അറിയിക്കട്ടെ.
പതിവുപോലെ മറുതമൊഴി ഹാങ്ങായിരുന്നതു കൊണ്ട് ഉള്ള കമന്‍റെല്ലാം വറ്റിച്ചിട്ടിരുന്നതിനാല്‍ ന്‍റെ പാവം ബ്ലോഗ് മൂക്കും കുത്തി വീണു നാണം കെട്ട് തിരിച്ചു പോവുകയാണുണ്ടായത്.
ആത്മഹത്യാ ശ്രമത്തിനു മുമ്പ് ബ്ലോഗ് തയ്യാറാക്കി വച്ച ആത്മഹത്യാശ്രമക്കുറിപ്പിലെ ആദ്യഭാഗം താഴെ കൊടുക്കുന്നു.
"പ്രിയ ബൂലോഗമേ, എന്‍റെ മരണത്തിന്‍റെ ഉത്തരവാദിത്വം ഭരണങ്ങാനവും ഞാനും എന്ന ബ്ലോഗിനു മാത്രമാണ്. പ്രസ്തുത ബ്ലോഗ് എന്നെ മനപൂര്‍വ്വം ബൂലോഗമധ്യത്തില്‍ അപമാനിക്കാന്‍ വേണ്ടി പടച്ചുവിട്ട ബ്ലോഗേഴ്സ് മീറ്റ് രണ്ടാം ഭാഗത്തില്‍ കല്ലുകള്‍ ചാക്കില്‍ കെട്ടി സൂക്ഷിക്കുന്ന ഒരു ഭ്രാന്തനായി എന്‍റെ ബ്ലോഗറെ ചിത്രീകരിച്ചതില്‍ മനം നൊന്താണ് ഞാന്‍ ആത്മഹത്യാ ശ്രമം നടത്തുന്നത്...."
സംഗതി ഏതായാലും ഇങ്ങനെ കലാശിച്ച നിലയ്ക്ക് എന്‍റെ ബ്ലോഗിന്റെ മനസ്സ് വേദനിപ്പിച്ച ഭരണങ്ങാനം മീറ്റിന്‍റെ പിന്നാമ്പുറക്കഥകള്‍, ആരുമറിയാത്ത ഞെട്ടിക്കുന്ന കഥകള്‍... ഉടന്‍ തന്നെ എന്‍റെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
സുനീഷിന്‍റെ പേരില്‍ ഞാന്‍ കേസും കൊടുക്കും !!!
ÖåºÔº സോറിയളിയാ ബ്ലൂമൂണിലിരുന്നുറങ്ങിപ്പോയി...ÖåºÔº
"കുഞ്ഞാടേന്നു വിളിച്ച നാവുകൊണ്ടു നീയെന്നെ...ആശംസകളെടോ മാഷെ!!!"
ബെര്‍ളിയേ.....
:) കൊത്തങ്കല്ലുകളിക്കുവാരിക്കും? പോയേക്കാം
മൂന്നാം ഭാഗം എഴുതാന്‍ എതിരനൊരു ചാന്‍സ് കൊടുക്കാനേ. അതല്ലേ അതിന്റെ ഒരു ഇത് :)
ഇരുപത്തഞ്ചാം പോസ്റ്റ് കലക്കി മാഷേ. വിവരണങ്ങള്‍ സൂപ്പര്‍.
പാവം ബെര്‍ലി :-)
ഇനിയെങ്ങാനും നീ ഇത്തരത്തില്‍ ഒരു പോസ്റ്റിട്ടാന്‍ നിന്നെ ഞാന്‍ തട്ടും.നീ ബ്ലോഗ് തുടങ്ങിയേപിന്നെ മനസ്സമാധാനമായി ഒരു പോസ്റ്റ് ഇടാന്‍ കഴിഞ്ഞിട്ടില്ല.
ആരെയേലും കറക്കി ഇ മെയില്‍ അഡ്രസ് ഉണ്ടാക്കിതരാമെന്നു പറഞ്ഞാ കഫേയില്‍ കയറുന്നത്. അവന്‍റെ ചെലവിലായതുകൊണ്ട് അവന് നാലഞ്ച് ഇ മെയില്‍ അഡ്രസ് ഉണ്ടാക്കി കൊടുക്കുന്പോഴേക്കും സമയം അരമണിക്കൂര്‍ പോകും. പിന്നെ അവനെ പറഞ്ഞുവിട്ട് അറിയാതെ നിന്‍റെ ബ്ളോഗിലേക്ക് പോകും. അവിടെ ചെന്നാല്‍ പിന്നെ വായിച്ച് ചിരിച്ച് നിനക്ക് ഒരു വരി കമന്‍റുചെയ്യുന്പോഴേക്കും അടുത്ത അരമണിക്കൂറും പോകും. പിന്നെ എങ്ങിനെ എന്നോപലുള്ളവര്‍ ഒരു പോസ്റ്റിടും നീ തന്നെ പറ...
ഇരുപത്തഞ്ചാം പോസ്റ്റ് കലക്കി. പോസ്റ്റ് അന്പതായിട്ടേ ഇനി ഞാന്‍ പോസ്റ്റിടുന്നുള്ളു... ആശംസകള്‍...
ഹ ഹ ഹ.. സുനീഷ് മാഷേ ഇത് തക്കസമയത്തായി. ഇനി ഇതിന് മറുപടി ബെര്‍ളിത്തരത്തില്‍ വരും. അപ്പൊ ബാക്കി നോക്കാം. അല്ലേ?
HAHAHAH!
നമുക്കു ബാറില്‍വച്ചു പുസ്തകം പ്രകാശിപ്പിക്കാം. അവിടെയാകുമ്പോള്‍ അധികം വെളിച്ചവുമില്ലല്ലോ. അതുകൊണ്ടു പുസ്തകം പ്രകാശിപ്പിക്കുന്നതു പത്തുപേരറിയുകേം ചെയ്യും!! അതും അംഗീകരിക്കപ്പെട്ടു.
ITHU KALAKKAN!!!!!
** Sorry For Manglish
ഹ ഹ ഹ. പ്രകാശിപ്പിച്ച് പ്രകാശിപ്പിച്ച് സുനീഷ് ഇവിടെ വരെ എത്തിയോ.. :)
ഞാന്‍ ഈ പോസ്റ്റ് വായിച്ചില്ല. അതിനു മുന്‍പേ തന്നെ ഒരു സംശയം....
എന്നും ഫോട്ടോ മാറുന്നുണ്ടല്ലൊ
നീ സത്യത്തില്‍ പത്രക്കാരനോ അതൊ മോഡലോ?
“വികസനകാര്യത്തില്‍ മുന്‍പന്തിയിലായിരുന്നു മൂന്നിലവ്. ഏറ്റവും അടുത്തുകൂടിപ്പോകുന്ന വാഹനം വിമാനം. രണ്ടു കിലോമീറ്റര്‍ മുകളിലൂടെ... ഒരു സൈക്കിള്‍ കിട്ടണമെങ്കില്‍ അഞ്ചുകിലോമീറ്റര്‍ മലയിറങ്ങണം.”
സുനീഷ് ജോലി കളയിക്കും. ചിരി അടക്കാന്‍ കഴിയുന്നില്ല ബായീ...
പുസ്തകപ്രകാശനത്തിനുള്ള ഐഡിയകള്‍ കിട്ടി സുനീഷേ..........ഇനി എന്റെ കാര്യമോക്കെ, നിന്റേയും :)
ഏതായാലും കൊള്ളാം.
പാരവെപ്പ് ഒരു ട്രെന്റ് ആയി മാറുകയാണോ???
എന്നാല്‍ ബൂലോഗം രക്ഷപ്പെടും. :)
-സുല്‍
ഹയ്യയ്യോ....
ഇതൊന്നും ഞാനറിഞ്ഞില്ല. ആരാ ലൂസിക്കുട്ടി എന്നു വെളിപ്പെടുത്താമെന്നു പറഞ്ഞിട്ടു പുസ്തക പ്രകാശനത്തിനു പോയതേ എനിക്കോര്‍മയുള്ളൂ. പിന്നെയിപ്പോഴാ സ്റ്റേഷന്‍ കിട്ടുന്നത്.ഞാനറിയാതെ ലൂസിക്കുട്ടി തന്നെ കേറി പോസ്റ്റിട്ടോ?
ഏതായാലും ഞാന്‍ പറഞ്ഞ വാക്കു മാറ്റില്ല-ആരാണ് യഥാര്‍ഥ ലൂസിക്കുട്ടി എന്ന് അറിയാന്‍ കാത്തിരിക്കുക...!!
എനിക്കെതിരെ ബെര്‍ളി എഴുതാന്‍ പോകുന്ന സാഹിത്യത്തിനു മറുപടിയായി അതു പ്രതീക്ഷിക്കാം......
(ഞാനും ബെര്‍ളിയും തമ്മില്‍ അടിച്ചു പിരിന്താച്ച്... ദുശ്മന്‍, ദുശ്മന്‍...!!!)
ഹഹ..സുനീഷേ.. തിന്നാന്‍ നല്ലപോലെ പുല്ലുള്ള പറമ്പിലേക്കാണല്ലോ (എഴുതാന്‍ നല്ല സ്കൊപ്പുള്ള ഭാഗത്തേക്കാണല്ലോ എന്ന് കവിത)സബ്ജക്റ്റിനെ കേറ്റി മേയാന്‍ വിട്ടിരുക്കുന്നത്. പൂശറാ വനേ..!! :)
അച്ഛാ ബോളിങ്ങ് അമ്മ ബാറ്റിങ്ങ് എന്ന് പറഞ്ഞ പോലെ അടയും ചക്കരയും ആയി കുടികൊള്ളും മനോരമ കസിന്‍സ് അപ്രത്തും ഇപ്രത്തിരുന്നും എഴുതുന്നത് കൊള്ളാം. രസാവുന്നുണ്ട്.
രണ്ടാള്‍ക്കും വാഴ്ത്തുക്കള്‍!
:)
ഹൊ, ഇതു ഞാന്‍ കലക്കും.
സുനീഷേ, നാളെ നീ തന്നെ പുലി നമ്പ്ര് 33 !
ഹാ ഹാ.നല്ല ഇഷ്ടായി.(പഴയതൊക്കെ വായിച്ചു.കമന്റിട്ടില്ല എന്ന് മാത്രം.)
മുന്‍പന്തിയിലായിരുന്നു മൂന്നിലവ്. ഏറ്റവും അടുത്തുകൂടിപ്പോകുന്ന വാഹനം വിമാനം. രണ്ടു കിലോമീറ്റര്‍ മുകളിലൂടെ... ഒരു സൈക്കിള്‍ കിട്ടണമെങ്കില്‍ അഞ്ചുകിലോമീറ്റര്‍ മലയിറങ്ങണം. അതായിരുന്നു അവസ്ഥ.
വീണ്ടും വായിക്കാന്‍ വന്നു.ഉറക്കെയുറക്കേ ചിരിച്ചു....
Post a Comment