Friday, June 29, 2007

ജീവിതം ചെറിയാച്ചനെ എന്തു പഠിപ്പിച്ചു?

സമകാലിക മലയാളം വാരികയുടെ അവസാന താളില്‍ ജീവിതം എന്നെ എന്തു പഠിപ്പിച്ചു എന്ന കോളത്തില്‍ നാട്ടിലെ പ്രമുഖരില്‍ തുടങ്ങി ഇപ്പോള്‍ സകല അണ്ടനിലും അടകോടനിലും വരെ എത്തി നില്‍ക്കുന്ന പംക്തി കണ്ടപ്പോളാണ് ചെറിയാച്ചന് അങ്ങനെയൊരാഗ്രഹമുദിച്ചത്.

ജീവിതം എന്നെ എന്തു പഠിപ്പിച്ചു എന്ന കോളത്തില്‍ തനിക്കുമെഴുതണം..

അതിനായി ചെറിയാച്ചന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കുത്തിയിരുന്നു ജീവിതം പഠിക്കുന്ന തിരക്കിലായിരുന്നു. എന്നും ഉറക്കമെണീറ്റാല്‍ അപ്പോള്‍ തുടങ്ങും പഠനം. രാത്രി വൈകി ഉറങ്ങും വരെ പഠനം. ഇടയ്ക്കു ഭക്ഷണം പോലും നേരാം വണ്ണമില്ല. അതുകൊണ്ടുതന്നെ അമ്മച്ചി പഴംചോറു കൊടുത്ത് ഊട്ടി ഉരുക്കിയെടുത്ത വണ്ണമെല്ലാം പോയി ചെറിയാച്ചന്‍ മെലിഞ്ഞുണങ്ങി.

ജീവിതത്തില്‍ ഒരു ഡിഗ്രിയും പോസ്റ്റു ഗ്രാജുവേഷനും പിന്നെ ഒന്നു രണ്ടു തപാല്‍ ഡിപ്ളോമകളുമായി എന്നുറപ്പായപ്പോളാണ് ചെറിയാച്ചന്‍ എഴുത്ത് എന്ന ഉദ്യമത്തിനു മുതിര്‍ന്നത്. വെട്ടിയും തിരുത്തിയും പിന്നെയുമെഴുതിയും വെട്ടിച്ചുരുക്കിയും ചെറിയാച്ഛന്‍ തന്‍റെ ജീവിതത്തെ കടലാസിന്‍റെ ഒരു പുറമെന്ന വെല്ലുവിളിയിലേക്കു ചുരുക്കിയെടുത്തു.

അതുമായി ഉള്ളതിലേക്കും വച്ചേറ്റവും നല്ല ഷര്‍ട്ടും അലക്കിത്തേച്ച മുണ്ടുമുടത്ത് ചെറിയാച്ചന്‍ എറണാകുളത്തിനു ബസു കയറി. നേരെ മാസികയുടെ ആപ്പീസില്‍ ചെന്നു.

നാലുവശത്തും മാര്‍ജിനിട്ട കടലാസില്‍ വടിവൊത്ത അക്ഷരത്തിലെഴുതിയ ജീവിതപാഠങ്ങളും തന്‍റെ പ്രൊഫൈലും പത്രാധിപര്‍ക്കു കൈമാറി. കണ്ണടയ്ക്കിടയിലൂടെ ചോദ്യഭാവത്തില്‍ നോക്കിയ അദ്ദേഹത്തോട് ചെറിയാച്ചന്‍ ആഗമനോദ്ദേശ്യം വിനീതഭാവത്തില്‍ ബോധിപ്പിച്ചു.

മൊത്തത്തില്‍ ആളെ നോക്കിയ അദ്ദേഹം, ചെറിയാച്ചന്‍റെ എഴുത്തും വായിച്ചെടുത്തു. അദ്ഭുത പരതന്ത്രനായിപ്പോയ അദ്ദേഹം അതു തിരികെ ചെറിയാച്ചനു കൊടുത്തു.

എന്നിട്ട് ഇങ്ങനെ പറഞ്ഞു-

ചെറിയാച്ചാ... പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട്. ഈ പ്രസിദ്ധീകരണം നാട്ടിലെ സാധാരണക്കാര്‍ക്കു വായിക്കാനുള്ളതാണ്. അതിലെ ലേഖനങ്ങളും അങ്ങനെ തന്നെ. ചെറിയാച്ചനെപ്പോലുള്ള മഹാപ്രതിഭകള്‍ എഴുതുന്നതു മനസ്സിലാക്കാന്‍ കെല്‍പുള്ള ആരും ഇതു വായിക്കുന്നുണ്ടാവില്ല. ഇപ്പറഞ്ഞ എനിക്കു പോലും ഇതു വായിച്ചിട്ടു പൂര്‍ണമായും മനസ്സിലായില്ല.

അതുകൊണ്ട് ചെറിയാച്ചന്‍ അല്‍പം കൂടി നിലവാരമുള്ള ഏതെങ്കിലുമൊരു പ്രസിദ്ധീകരണത്തിലേക്ക് ഇതു നല്‍കണമെന്നാണ് എന്‍റെ അപേക്ഷ.

നിരാശ കൊണ്ടു വീണ്ടും ചെറുതായിപ്പോയ ചെറിയാച്ചന്‍ നേരെ ഭരണങ്ങാനത്തേക്കു തിരിച്ചുപോന്നു. രണ്ടു മൂന്നുദിവസമായി വിഷണ്ണനായി നടക്കുകയായിരുന്ന ചെറിയാച്ചനെ അവധിക്കു നാട്ടില്‍പ്പോയ എനിക്കു കണ്ടുമുട്ടേണ്ടി വന്നു.

ചെറിയാച്ചന്‍ തന്‍റെ ദുഖങ്ങള്‍ എന്നോടു പറഞ്ഞു. അതു കേട്ടപ്പോള്‍ എനിക്കും വിഷാദം തോന്നി. മറ്റു പല പ്രസിദ്ധീകരണങ്ങളിലേക്ക് അയച്ചിട്ടും ആരും പ്രസിദ്ധീകരിക്കാന്‍ തയ്യാറാകാതിരുന്ന ചെറിയാച്ചന്‍റെ ജീവിത പാഠം അതുകൊണ്ടു ഞാന്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായി. ചെറിയാച്ചന്‍ സന്തുഷ്ടനായി.

തന്നെക്കുറിച്ചു വേറെ കഥയൊന്നും എഴുതിയേക്കരുത് എന്നും ചെറിയാച്ചന്‍ പറഞ്ഞിരുന്നു. അതിനാല്‍ ചെറിയാച്ചന്‍റെ ജീവിതപാഠം സബ് ചെയ്യാതെ നേരിട്ടു താഴെക്കൊടുക്കുന്നു. പ്രൊഫൈലുമുണ്ട്.

ചെറിയാച്ചന്‍ (36)

പുരാതന കത്തോലിക്കാ കുടുംബത്തിലെ ഏകആണ്‍തരി. ഭരണങ്ങാനം സ്റ്റാലിയന്‍സോക്കര്‍ ഫുട്ബോള്‍ ‍ക്ളബിന്‍റെ മുന്‍ സ്റ്റോപ്പര്‍ ബായ്ക്ക്. വ്യവസ്ഥാപിത നിയമങ്ങളോടും സംവിധാനങ്ങളോടുമുള്ള എതിര്‍പ്പും എഴുത്തുപരീക്ഷയോടുള്ള കടുത്ത വിദ്വേഷവും മൂലം പത്താം ക്ളാസില്‍ പഠിപ്പു നിര്‍ത്തി. വിശപ്പാണ് ഏറ്റവും വലിയ ഭീഷണിയെന്നും അഭിമാനമാണ് ഏറ്റവും വലിയ സമ്പത്തെന്നും മനസ്സിലായതിനെത്തടുര്‍ന്ന് ഒരു ജോലിക്കു ശ്രമിച്ചു. വിജയിച്ചു. അവാര്‍ഡ്, അടി എന്നിവ കിട്ടിയിട്ടില്ല. ആരും തന്നാലും മേടിക്കാനും ഉദ്ദേശമില്ല.

ജീവിതം പഠിപ്പിച്ചത്...

1. ഭരണങ്ങാനം സ്റ്റാലിയന്‍സോക്കറിന്‍റെ ഫോര്‍വേഡ് ലൈനില്‍ കളിക്കാന്‍ റയല്‍ മഡ്രിഡില്‍നിന്നു റൊബീഞ്ഞോ വരണമെന്നു വാശിപിടിക്കരുത്. സ്റ്റാലിയന്‍സോക്കറിന് പറഞ്ഞിരിക്കുന്നതു പശു അപ്പച്ചനെയാണ്.
2. ഒട്ടുപാലിന്‍റെ നിറം കണ്ടിട്ടു റബര്‍തോട്ടത്തിനു വില പറയരുത്.
3. ചാക്കോ കുടിച്ച കള്ളിനു പൈലി പൂസാകരുത്.
4. ചെറിയാച്ചന്‍ ആനയാണ് എന്നു ചെറിയാച്ചന്‍ തന്നെ പറയുന്നതിലോ ചെറിയാച്ചന്‍റെ കാല്‍ചുവട്ടിലുള്ള ഉറുമ്പു പറയുന്നതിലോ കാര്യമില്ല. മറ്റൊരു ആന തന്നെ അതു പറയണം, എങ്കിലേ ചെറിയാച്ചന്‍ ആനയാകൂ..
5. ബാറില്‍ പോകാന്‍ ആലോചിക്കുമ്പോളെ പൂസാകരുത്. ചിലപ്പോള്‍ അന്നു ബാര്‍ അവധിയായിരിക്കും.
6. പത്തുകിലോ എടുക്കാന്‍ പറ്റുന്നവന്‍ അറുപതു കിലോ എടുക്കാന്‍ നോക്കരുത്. നടുവുവെട്ടും
7. റബറും പെണ്ണും ഒരുപോലെ. എപ്പോള്‍ വേണമെങ്കിലും വിലത്തകര്‍ച്ചയുണ്ടാകാം, തറവില പോലുമില്ലാതാകാം

18 comments:

SUNISH THOMAS said...

ജീവിതം ചെറിയാച്ചനെ പഠിപ്പിച്ചത്...
ബെര്‍ളിത്തര വിവാദം മൂര്‍ച്ഛിക്കുമ്പോള്‍ ഇടവേള കണക്കാക്കി ഒരുപരീക്ഷണ പോസ്റ്റ്. അഭിപ്രായം പറയുമല്ലോ.

വി. കെ ആദര്‍ശ് said...

ജീവിതം എന്നെ എന്തു പഠിപ്പിച്ചു എന്ന കോളത്തില്‍ നാട്ടിലെ പ്രമുഖരില്‍ തുടങ്ങി ഇപ്പോള്‍ സകല അണ്ടനിലും അടകോടനിലും വരെ എത്തി നില്‍ക്കുന്ന പംക്തി കണ്ടപ്പോളാണ് ചെറിയാച്ചന് അങ്ങനെയൊരാഗ്രഹമുദിച്ചത്.

നല്ല നിരീക്ഷണം .സ്വരം നന്നാവുമ്പോള്‍ പാട്ടു നിര്‍ത്തണം എന്നു ടി എന്‍ നെ പടിപ്പിക്കെണ്ടതുണ്ടോ.

അഞ്ചല്‍ക്കാരന്‍ said...

എന്താ സുനീഷ് മാഷേ തെറ്റെഴുതിയത്?

"നിരാശ കൊണ്ടു വീണ്ടും ചെറുതായിപ്പോയ ചെറിയാച്ചന്‍ നേരെ ഭരണങ്ങാനത്തേക്കു തിരിച്ചു പോന്നു.”

ചെറിയാച്ചന്‍ പാലായിലേക്കല്ലേ തിരിച്ചു വന്നത്. സുനീഷ് പാലായില്‍ വച്ചല്ലേ ചെറിയാച്ചനെ കണ്ട്ത്. കുറച്ചും കൂടി ശ്രദ്ധിക്കേട്ടോ.

Anonymous said...

ജീവിതം സുനീഷിനെ എന്തു പഠിപ്പിച്ചു എന്ന പോസ്റ്റും ഞാന്‍ തന്നെ എഴുതണമെന്നു വാശിയാണല്ലേ ?

ശരിയാക്കാം... ഭരണങ്ങാനം മീറ്റ് വിവാദം ഒന്നു തീര്‍ത്തോട്ടെ..

Anonymous said...

ജീവിതം ലൂസിക്കുട്ടിയെ എന്തു പഠിപ്പിച്ചു എന്നതും പ്രതീക്ഷിക്കാം..

പാവം പെങ്കൊച്ചാണല്ലോ പലതും പഠിച്ചു കൊണ്ടിരിക്കുന്നത്...

അഞ്ചല്‍ക്കാരന്‍ said...

“ബെര്‍ളിയെ പഠിച്ചു കൊണ്ടിരിക്കുന്ന ജീവിതം” അതുമാകാം. പാവം ജീവിതം ഇപ്പോള്‍ ബെര്‍ളിയെ കണ്ട് പഠിച്ചു കൊണ്ടിരിക്കുന്നു. ജീവിതം ഒരു വഴിക്കായത് തന്നെ.

ധൂമകേതു said...

സുനീഷേ, തകര്‍പ്പനാകുന്നുണ്ട്‌. ബെര്‍ളിക്ക്‌ ഒരു അല്‍പം സമയം കൊടുത്തു കൂടേ? സമയം കിട്ടാത്തതിന്‍റെ കുറവ്‌ മൂപ്പരുടെ മറുപടി പോസ്റ്റുകളില്‍ അറിയാനുണ്ട്‌...

salil | drishyan said...

സുനീഷേ, രസിച്ചു.

സസ്നേഹം
ദൃ^ശ്യന്‍

Dinkan-ഡിങ്കന്‍ said...

“ആ ബെര്‍ലിയെ സൂക്ഷിക്കുക” എന്നും ഒരെണ്ണം ആകാമായിരുന്നു :) (ബെര്‍ലീ ഞാന്‍ ഇവിടില്ല)

റീനി said...

"റബ്ബറും പെണ്ണും ഒരുപോലെ. എപ്പോള്‍ വേണമെങ്കിലും വിലത്തകര്‍ച്ചയുണ്ടാകാം. തറവിലപോലും ഇല്ലാതാകാം"

ചെറിയാച്ചന്റെ ഈ ജീവിതപാഠവുമായി പാലാ ഭരണങ്ങാനം സൈഡില്‍ മാത്രം കറങ്ങിയാല്‍ മതി. അല്ലെങ്കില്‍ ചിലരൊക്കെ റബ്ബര്‍പന്തായി കൈകാര്യം ചെയ്തു എന്നുവരാം.

SUNISH THOMAS said...

റീനി,
വ്യക്തി ഹത്യ ഞാനുദ്ദേശിച്ചിട്ടില്ല. ചെറിയാച്ചന്‍റെ വ്യക്തിനിഷ്ഠമായ കാര്യങ്ങളാണത്. നമ്മള്‍ ബൂലോഗത്തുള്ള മഹാനുഭാവരെക്കുറിച്ചല്ല അത്, നാട്ടിലെ സാധാരണക്കാരുടെ വികാരത്തില്‍നിന്നാണു ചെറിയാച്ചന്‍റെ ജീവിതപാഠം എഴുതപ്പെട്ടത്.
അത്രമാത്രം.
വേഗം അടുത്ത പോസ്റ്റിട്ടേക്കാം.

SUNISH THOMAS said...

അഞ്ചല്‍ക്കാരാ,
ചെറിയാച്ചന്‍ ഭരണങ്ങാനംകാരനാണ്. സ്റ്റാലിയന്‍സോക്കര്‍ ക്ളബിന്‍റെ മുന്‍ സ്റ്റോപ്പര്‍ ബായ്ക്ക്. തെറ്റിയിട്ടില്ല!!

Mr. K# said...

നല്ല പഴഞ്ചോല്ലുകള്‍.

തറവാടി said...

വായിച്ചു :)

ഇടിവാള്‍ said...

സുനീഷിനെ വനിതാ കമ്മീഷന്‍ കൈകാര്യം (? തെറ്റിദ്ധരി‍ക്കല്ല്) ചെയ്തില്ലെന്നു സമാധാനിക്കാന്‍ അടുത്ത പോസ്റ്റിട് ;)

Anonymous said...

സുനീഷേ, നിങ്ങളുടെ ബ്ലോഗിന്റെ പേര് ഷാപ്പുപുരാണം എന്ന് മാറ്റണമെന്ന് ഒരു പാലാക്കാരി വായനക്കാരി ആവശ്യപ്പെട്ടിരിക്കുന്നു.

ഷാപ്പിലെ കാലാവസ്ഥയും സെറ്റപ്പും തങ്ങളെപ്പോലുള്ള പെണ്ണുങ്ങള്‍ക്ക് വരച്ചു കാട്ടിത്തന്ന നിങ്ങളുടെ ബ്ലോഗിനുള്ള അംഗീകാരമാണ് ഇതെന്നും വായനക്കാരി ചൂണ്ടിക്കാട്ടുന്നു.

സാല്‍ജോҐsaljo said...

അടുത്തകാലത്ത് വായിച്ചതില്‍ നല്ലോരെണ്ണം. സത്യത്തില്‍ ഞാനിങ്ങനെ മസിലുപിടിച്ചു വായിക്കുവാരുന്നു. അവസാനമെത്തിയപ്പോള്‍ ചിരിച്ചു പോയി... അടുത്തതിടളിയാ!

സുധി അറയ്ക്കൽ said...

ഹോ.!!!

Powered By Blogger