ലൂക്കാച്ചന്റെ കല്യാണമുറപ്പിച്ചു..
ഇടിവാളു വെട്ടി മഴ പെയ്തു. പെയ്ത്തുവെള്ളത്തില്‍ മീനച്ചിലാര്‍ കലക്കനായൊഴുകി.
തടിലോറികള്ക്കു മുന്പില് ഇപ്പോ മറിച്ചിടുമെടാ എന്ന മട്ടില്‍ നടുറോഡില്‍ മസിലു പിടിച്ചുനില്‍ക്കാറുള്ള മാക്കാച്ചിത്തവളകള്‍ ത്യാഗരാജ കീര്‍ത്തനം പാടി.
കാക്കകള്‍ പലര്‍ന്നു മറന്നു. തെറ്റി, മലര്‍ന്നു പറന്നു.
പിന് പോയിന്റ് മാര്യേജ് ബ്യൂറോയുടെ പാലാ ശാഖ എന്നെന്നേക്കുമായി അടച്ചു പൂട്ടി.
ഇത്രയെങ്കിലുമൊക്കെ സംഭവിക്കാന്‍ കാരണമുണ്ടായിരുന്നു.
ലൂക്കാച്ചന് ഒരു പെണ്ണു കിട്ടുകയെന്നത് അത്രയ്ക്കു വലിയ അദ്ഭുതമായിരുന്നു. അദ്ഭുത പ്രവര്‍ത്തകനും അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനുമായ വിശുദ്ധ യൂദാശ്ലീഹാ മുതല്‍ നാട്ടിലെ അറിയപ്പെടുന്ന കൂടോത്രക്കാരനായ രാജപ്പന് മേസ്തിരി വരെ പലരും പഠിച്ച പണി പതിമൂന്നും നോക്കിയിട്ടു നടക്കാത്ത കാര്യമായിരുന്നു അത്.
ലൂക്കാച്ചനെന്ന ക്രോണിക് ബാച്ചിലറിന് നാട്ടില്‍നിന്നോ മറുനാട്ടില്നിന്നോ ഒരു പെണ്ണു കെട്ടിക്കുകയെന്ന ദുഷ്കരദൗത്യം നടക്കില്ലെന്നു പറഞ്ഞു പീലാത്തോസിനെപ്പോലെ കൈകഴുകി സുല്ലിട്ടവരാണവര്.
പക്ഷേ, അവരെയും നാട്ടിലെ സകലരെയും ഞെട്ടിച്ചുകൊണ്ട് ലൂക്കാച്ചനു പെണ്ണു കിട്ടി. അതും ഗള്‍ഫില്‍ നഴ്സ്. അവധിക്കു നാട്ടില്‍ വരുമ്പോള്‍ കല്യാണം.
കല്യാണം കഴിഞ്ഞാല്‍ ചെറുക്കനെയും കൊണ്ടുപോകും.
നാട്ടില്‍ കാര്യമായ പണിയൊന്നുമില്ലാതിരുന്ന ലൂക്കാച്ചന് പക്ഷേ അവിടെ കൃത്യമായും ഉത്തരവാദിത്തമുള്ള ഒരു ജോലിയുമുണ്ടാകും.
ഓണര്‍ കം ബട്ട്ലര്‍!!!
വേറെ പണിയൊന്നും ചെയ്യേണ്ടതുമില്ല. അങ്ങനെയൊരു ബന്ധത്തിനായി കൊതിച്ച് നാട്ടിലെ സകല പള്ളികളിലും അമ്പലങ്ങളിലും മെഴുകുതിരി കത്തിച്ചും തേങ്ങയടിച്ചും മധ്യവയസ്കരായി മാറിയ സകല യൂത്ത് കോണ്‍ഗ്രസുകാരെയും ഞെട്ടിച്ച സംഗതിയായിപ്പോയി അത്.
ലൂക്കാച്ചന് മുന്‍പും ഒരുപാട് കല്യാണ ആലോചനകള്‍ വന്നിരുന്നു.
ചില പെണ്ണുങ്ങളെ ലൂക്കാച്ചന് ഇഷ്ടപ്പെടും. അപ്പോള്‍ പെണ്‍വീട്ടുകാര്‍ക്ക് ലൂക്കാച്ചനെ ഇഷ്ടപ്പെടില്ല. ചില പെണ് വീട്ടുകാര്‍ക്കു ലൂക്കാച്ചനെ ഇഷ്ടപ്പെടു. പക്ഷേ, ലൂക്കാച്ചന് പെണ്ണിനെ ഇഷ്ടപ്പെടില്ല. അങ്ങനെയുമല്ലാതെ അപൂര്‍വം ചില ആലോചനകളില്‍ ലൂക്കാച്ചന് പെണ്ണിനെയും പെണ്ണിനു ലൂക്കാച്ചനെയും ഇഷ്ടപ്പെട്ടു. പക്ഷേ, നാട്ടുകാര്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല. അവരതു മുടക്കി.
അങ്ങനെ, ലൂക്കാച്ചന്റെ കല്യാണസ്വപ്നങ്ങള്‍ പതിറ്റാണ്ടോളമായി കരിഞ്ഞുണങ്ങി നിന്നു.
ഇപ്പോള്‍ ഇത്ര പെട്ടെന്ന് ലൂക്കാച്ചന് എങ്ങനെ പെണ്ണുകിട്ടി?
അപ്രതീക്ഷിതവും അദ്ഭുതകരവുമായ ഒരു പെണ്ണുകാണലിന്റെ തുടര്‍ച്ചയായിരുന്നു ലൂക്കാച്ചന്റെ കല്യാണമുറപ്പിക്കല്‍.
വൈക്കത്തിനടുത്തായിരുന്നു പെണ്ണുവീട്. പെണ്ണ് ഗള്‍ഫിലാണേലും വീട്ടിലുള്ള പെണ്ണിന്റെ ഫോട്ടോ കാണാന്‍ പെണ്ണുവീട്ടുകാര് ലൂക്കാച്ചനെ അങ്ങോട്ടു ക്ഷണിച്ചു. അടുത്ത കാലം വരെ സുഹൃത്തുക്കളെയുമായി പെണ്ണുകാണാന്‍ പോയിരുന്ന ലൂക്കാച്ചന് അതു വേണ്ടെന്നു വച്ചത് അടുത്തിടെയായിരുന്നു. ലൂക്കാച്ചനൊപ്പം പെണ്ണുകാണാന്‍ പോയ പലരും, ലൂക്കാച്ചന് കണ്ട പെണ്‍കുട്ടികളെ കല്യാണം കഴിച്ച് കുതികാല് വെട്ടു പതിവാക്കിയതോടെയാണ് അദ്ദേഹം ആ പണി നിര്‍ത്തിയത്.
ഇത്തവണ ലൂക്കാച്ചനൊപ്പം പോയത് വകേലൊരു അമ്മാച്ചനായ (അമ്മാവന്) ഔസേപ്പു ചേട്ടന്. ഇടതുകാലിന് അല്പം നീളക്കുറവുള്ളതിനാല്‍ ഭൂമിക്കു സൈക്കിള്‍ പമ്പുവച്ച് കാറ്റടിക്കും പോലുള്ള നടത്തം. അഞ്ചടിപ്പൊക്കം. ധര്‍മരാജയിലെ ചന്ത്രക്കാരനെപ്പോലെ കര്‍ണങ്ങളെ എച്ചിലാക്കുന്ന വായ്. വാ തുറന്നാല്‍ പിന്നെ അടയ്ക്കുകേല.. അടയ്ക്കണമെങ്കില്‍ കുറഞ്ഞത് അഞ്ചുകുറ്റി പുട്ട് എങ്കിലും അകത്തു ചെല്ലണം.
വൈക്കത്താണു പെണ്ണുവീട് എന്നു കേട്ടപ്പോളേ ലൂക്കാച്ചന്റെ അമ്മ മേരിച്ചേടത്തി പറഞ്ഞു.
ചെറുക്കാ, നീ ഔസേപ്പിനേം കൊണ്ടു പോകേണ്ട... അവന് നിന്റെ ശേഷിക്കുന്ന മാനം കൂടി കളയും...
ലൂക്കാച്ചന് കേട്ടില്ല. മാനം എന്നു പറഞ്ഞാല്‍ നീലാകാശം മാത്രമായി മാറിക്കഴിഞ്ഞ ലൂക്കാച്ചന് അതേക്കുറിച്ച് ആശങ്കയില്ലായിരുന്നു.
ഗള്‍ഫില്‍ നഴ്സ് എന്ന ഹൈപ്രൊഫൈല്‍ സാധനത്തിനെ തനിക്കു കിട്ടാന്‍ പോകുന്നില്ല എന്ന ഉറച്ച വിശ്വാസത്തോടെയാണ് ലൂക്കാച്ചനും ഒപ്പം ഔസേപ്പു ചേട്ടനും വൈക്കത്തിനു തിരിച്ചത്.
രണ്ടു പേരും വൈക്കത്തു ബസിറങ്ങി.
പെണ്ണുവീട്ടിലേക്ക് ഓട്ടോറിക്ഷ പിടിക്കാമെന്നു പറഞ്ഞ ലൂക്കാച്ചനെ ഔസേപ്പുചേട്ടന് തിരുത്തി.
എടാ ഓട്ടോയ്ക്ക് ഇപ്പം മാര്‍ക്കറ്റില്ല. നീയൊരു കാറുവിളി. ഒന്നുവല്ലേലും പെണ്ണു ഗള്ഫിലല്യോടാ...
ടൗണിലെ ടാക്സി സ്റ്റാന്‍ഡില്‍നിന്ന് ലൂക്കാച്ചന് കാറുവിളിച്ചു. പെണ്ണുവീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുക്കാന്‍ തുടങ്ങും മുന്‍പേ കാര്‍ഡ്രൈവര്‍ ഇങ്ങോട്ടു ചോദിച്ചു.
കിഴക്കേടത്തെ കുട്ടപ്പന് ചേട്ടന്റെ വീട്ടിലേക്കല്ലേ? പെണ്ണു കാണാനായിരിക്കും?
അതു കേട്ട് ലൂക്കാച്ചന് തരിച്ചുനിന്നു.
കഴിഞ്ഞ അഞ്ചാറുവര്‍ഷമായി എല്ലാ ഞായറാഴ്ചയും അങ്ങോട്ട് ഒരു ഓട്ടമുള്ളതാ സാറേ. വാ കേറിയാട്ടെ...ഡ്രൈവര്‍ തുടര്‍ന്നു.
ലൂക്കച്ചനു സംഗതി മനസ്സിലായി. പെണ്ണും തന്നെപ്പോലെ ക്രോണിക്ക് ആണ്. ആണ് പ്രജകള്‍ ക്രോണിക് ആയി നില്ക്കുന്നതില് അപകടമില്ല. പെണ്പ്രജകളാവുമ്പോള് പന്തികേടാണ്... പോവണോ....
ലൂക്കാച്ചന്റെ മനോഗതം മനസ്സിലാക്കിയിട്ടെന്നവണ്ണം ഔസേപ്പുചേട്ടന് പറഞ്ഞു. - ഒന്നു പോയിനോക്കാമെടാ.. എനിക്കാണേല്‍ വിശക്കാനും തുടങ്ങി...
ആശങ്കളുടെ മുള്‍മുനയില്‍ വീണ ഭീഷ്മരെപ്പോലെ ലൂക്കാച്ചന് ആ അംബാഡിസര്‍ കാറിന്റെ സീറ്റിലേക്കു ചാഞ്ഞു. അപ്പോള്‍ ഒരു ആംബുലന്‍സ് നിര്‍ത്താതെ ഹോണടിച്ച് അതുവഴി കടന്നു പോയി..
അപലക്ഷണമാണോ?
ഹേയ് ആയിരിക്കില്ലെന്നു ലൂക്കാച്ചന് മനസ്സിലുറപ്പിച്ചു.
പെണ്‍വീട്ടിലേക്കുള്ള യാത്ര ലൂക്കാച്ചന്റെ സകല കണ്ട്രോളും തെറ്റിച്ചുകളഞ്ഞു. വഴിയുടെ ഇരുപുറവും തെങ്ങിന്തോപ്പുകള്. കായല്നീര്ത്തടങ്ങള്. അവയ്ക്കു നടുവിലായി മുട്ടിനു മുട്ടിനു കള്ളുഷാപ്പുകള്‍..!!
ലൂക്കാച്ചന്റേതു മാത്രമല്ല, ഔസേപ്പുചേട്ടന്റെയും കണ്ണുകള്‍ തിളങ്ങി. തന്റെ അരക്കാലില്‍ താളമടിച്ച് ഔസേപ്പു ചേട്ടന് പാട്ടുപാടാന്‍ തുടങ്ങി..സംഗതി മനസ്സിലായിട്ടെന്ന പോലെ ലൂക്കാച്ചന് പോക്കറ്റില്‍ തടവി നെടുവീര്‍പ്പെട്ടു..!
ഒടുവില്‍ കാറ് പെണ്ണു വീടണഞ്ഞു. വീടു കണ്ടപ്പോള്‍ ലൂക്കാച്ചനു സമാധാനമായി. സാധാരണക്കാരാണ്. തന്റെ വീടിനോളം വലിപ്പമില്ല. മുറ്റത്തോട്ടു വലത്തുകാലെടുത്തു വച്ചപ്പോളേ ലൂക്കാച്ചനു മറ്റൊരു കാര്യം കൂടി പിടികിട്ടി.
കര്‍ഷക കുടുംബമാണ്. സ്ത്രീധനം അധികമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. പെണ്ണുകണ്ടു നടന്നു കാലുതേഞ്ഞതിനാല് സ്ത്രീ തന്നെ ധനം എന്ന വിശാല കാഴ്ചപ്പാടിലേക്ക് അദ്ദേഹം നേരത്തെ തന്നെ എത്തിച്ചേര്‍ന്നിരുന്നു.
പെണ്ണിന്റെ അപ്പന് കുട്ടപ്പന് ചേട്ടന് രണ്ടു കയ്യും നീട്ടി ആഗതരെ സ്വീകരിച്ചാനയിച്ചു. കൂടെയുള്ളത് ഔസേപ്പു ചേട്ടനായതിനാല്‍ ആരാണു ചെറുക്കന് എന്ന പരിചയപ്പെടുത്തല്‍ വേണ്ടി വന്നില്ല.
പെണ്ണിന്റെ അമ്മ വന്നു. ചായയുമായി. ഭാവി അമ്മായിപ്പനെയും അമ്മായിഅമ്മയെയും ലൂക്കാച്ചന് ഇഷ്ടപ്പെട്ടു. ലൂക്കാച്ചനെ അവര്‍ക്കും. ഇനി പെണ്ണിനെ കാണണം.. പെണ്ണിന്റെ പടം കാട്ടാം എന്ന് ഫാവി അമ്മായിമ്മ...
ഒരു പടവുമായി അവര്‍ വന്നു. ആകാംക്ഷയോടും അതിലേറെ പ്രാര്‍ഥനയോടും കൂടി പടത്തിലേക്കു നോക്കിയ ലൂക്കാച്ചന് ഞെട്ടിപ്പോയി..
തലമുടിയില്‍ റിബണിട്ട്, നീല പാവാടയും വെള്ള ഉടുപ്പും കയ്യില്‍ പുസ്തകവും പിടിച്ചുനില്‍ക്കുന്ന ഒരു പതിനഞ്ചുകാരി..!!
അത് അവളു പത്താം ക്ളാസില്‍ പഠിക്കുമ്പോളെടുത്ത പടമാ... ഇതേ ഇപ്പം ഇവിടെയുള്ളൂ.. ബാക്കിയുള്ളതൊക്കെ ഓരോ ബ്രോക്കര്‍മാരുടെ കയ്യിലാ...
അമ്മായിപ്പന് നയം വ്യക്തമാക്കി.
പടത്തിലെ പെണ്ണിനെക്കാണാന്‍ നല്ല ചന്തമുണ്ടായിരുന്നു.
ഇപ്പോളത്തെ അവസ്ഥ എങ്ങനെയാ..? ഔസേപ്പു ചേട്ടനാണതു ചോദിച്ചത്.
തന്റെ മനസ്സു വായിക്കാനുള്ള അമ്മാച്ചന്റെ കഴിവോര്‍ത്ത് ലൂക്കാച്ചന് അഭിമാനപുളകിതനായി.
വലിയ മാറ്റമൊന്നുമില്ല. ലേശം തടിവച്ചിട്ടുണ്ട്. പിന്നെ നിറം അല്പം കൂടി. കാലാവസ്ഥയോടു ചേരാത്തതിനാല്‍ അവള്‍ക്കു ഭയങ്കര മുി കൊഴിച്ചിലാ... ഇന്നാളും വന്നപ്പോള്‍ മുടി ബോബു ചെയ്യുമെന്നു പറഞ്ഞിരുന്നു..
അതൊന്നും പ്രശ്നമല്ലെന്ന മട്ടില്‍ ലൂക്കാച്ചന് എല്ലാം തല കുലുക്കി സമ്മതിച്ചു. സമ്മതിക്കാതെ തരമില്ലല്ലോ..
ചെറുക്കന് എത്ര വരെ പഠിച്ചു? - പെണ്ണിന്റെ അപ്പന്..
ഒന്‍പതാം ക്ളാസില്‍ മൂന്നാം വര്‍ഷം ഡിഗ്രിക്കു പഠിക്കുമ്പോള്‍ പഠിപ്പ് അവസാനിപ്പിച്ച ലൂക്കാച്ചന് അത് മനപ്പൂര്‍വം മറച്ചുവച്ചു.
ഡിഗ്രി വരെ!
എതായിരുന്നു മെയിന്‍?
ആ ചോദ്യം ലൂക്കാച്ചന് പ്രതീക്ഷിച്ചിരുന്നില്ല- ചോദിച്ച സ്ഥിതിക്ക് മറുപടി പറഞ്ഞേ പറ്റൂ.
അങ്ങനെ മെയിനായിട്ടൊന്നും ഇല്ല. ഞാന്‍ മൂന്നുവര്‍ഷം ഡിഗ്രി പഠിച്ചെന്നേയൂള്ളൂ..
ഫാവി അമ്മായിഅപ്പനു കാര്യം മനസ്സിലായി.
ഇപ്പോ എന്താപണി?
ലൂക്കാച്ചന് വീണ്ടും ഞെട്ടി.
അപ്പനു ബിസിനസ്സാ. അതില്‍ സഹായിക്കുവാ...
എന്താ അപ്പന്റെ ബിസിനസ്?
കടുംവെട്ടാ...
റബര്‍ കടുംവെട്ടുകാരനാണു വന്നിരിക്കുന്ന ഫാവി മരുമകന് എന്നു മനസ്സിലായെങ്കിലും കുട്ടപ്പന് ചേട്ടന് അതില്‍ കുറ്റബോധം തോന്നിയില്ല. എന്തെങ്കിലും പണിയുണ്ടല്ലോ..!!
ശരി, അവള് അടുത്തയാഴ്ച നാട്ടില്‍ വരും. അപ്പോള്‍ ഞങ്ങള്‍ അങ്ങോട്ടു വിളിക്കാം.ചെറുക്കനും പെണ്ണിനും എന്നതേലുമൊക്കെ ചോദിക്കാനും പറയാനും കാണുമല്ലോ...!!
ശരിയെന്നര്‍ഥത്തില്‍ തലയാട്ടി ലൂക്കാച്ചനും ഔസേപ്പുചേട്ടനും പടിയിറങ്ങാനൊരുങ്ങി.
അതിന്നകം, അവിടെ കൊണ്ടുവച്ച അരക്കിലോ മിക്സ്ചര്‍, പത്തുപഴം, അത്രയും തന്നെ ഓറഞ്ച് തുടങ്ങിയവയൊക്കെ ഔസേപ്പു ചേട്ടന് ഫിനിഷ് ചെയ്തു കഴിഞ്ഞിരുന്നു.
മടക്കയാത്ര വീണ്ടും പഴയ വഴിയിലൂടെ...
കള്ളുഷാപ്പുകള്‍ നിരതീര്‍ത്ത വഴി കണ്ടപ്പോള്‍ ഔസേപ്പു ചേട്ടന് പറഞ്ഞു... മോനെ ലൂക്കാച്ചാ... നീ പറ്റുമെങ്കില്‍ ഇതിനെ തന്നെയങ്ങു കെട്ടിക്കോടാ...
കള്ളുഷാപ്പുകള്‍ വല്ലാത്തൊരു ബലഹീനതയായിരുന്ന ലൂക്കാച്ചന് ഏറെ നേരം കാറില്‍ അതേപടി ഇരിക്കാന്‍ കഴിഞ്ഞില്ല. ഔസേപ്പു ചേട്ടനും. കൂട്ടിലടച്ച വെരുകിനെപ്പോലെ അവര്‍ ആ കാറിന്റെ സീറ്റ് മാന്തിക്കീറാന്‍ പോലും ആലോചിച്ചു. ഒടുവില്‍ പെണ്ണുവീട്ടില്നിന്ന് അല്പം ദൂരെയെത്തി എന്നു മനസ്സിലായിക്കഴിഞ്ഞപ്പോള്‍ ലൂക്കാച്ചന് കാറിന്റെ ഡ്രൈവറോട് ആജ്ഞാപിച്ചു.
സ്റ്റോപ്പ്..!
വണ്ടി നിന്നു.
ലൂക്കാച്ചന് കാറില്‍നിന്നു നേരെ കാലുകുത്തിയത് ഷാപ്പിലേക്കായിരുന്നു.
പിന്നാലെ ഔസപ്പു ചേട്ടനും. രണ്ടു പേരും തുടങ്ങി. (എന്ത് എന്നു പറയുന്നില്ല. ഇറ്റ്സ്അണ്ടര്സ്റ്റുഡ്!!)ഒന്ന്, രണ്ട്, മൂന്ന്, നാല് , ആറ്, എട്ട്, പത്ത്... ഒഴിഞ്ഞ കുപ്പികളുടെ എണ്ണം കൂടിക്കൂടി വന്നു.
അപ്പോളാണു ലൂക്കാച്ചനെ ഞെട്ടിച്ചുകൊണ്ട് ഒരാള്‍ അവിടേക്കു കയറി വന്നത്...കിഴക്കേല്‍ കുട്ടപ്പന് ചേട്ടന്..
പെണ്ണുകാണലിന്റെ തിരക്കൊഴിഞ്ഞ ആഹ്ളാത്തില് പതിവു രണ്ടെണ്ണം വീശാന്‍ ഷാപ്പിലെത്തിയ കുട്ടപ്പന് ചേട്ടന് ലൂക്കാച്ചനെ കണ്ട് അമ്പരന്നു.
അതിലേറെ, അവര്‍ക്കു മുന്പില് ഇരിക്കുന്ന ഒഴിഞ്ഞ കുപ്പികള്‍ കണ്ട് അദ്ദേഹം ഞെട്ടി..!
കുട്ടപ്പന് ചേട്ടനെ കണ്ടതും ബഹുമാനാര്‍ഥം എഴുന്നേറ്റു നില്ക്കാന് ശ്രമിച്ച ലൂക്കാച്ചന് മുഖമടിച്ച് നിലത്തു വീണു.
എഴുന്നേല്‍ക്കണമെന്ന് അത്യധികം ആഗ്രഹമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് അതു സാധിച്ചില്ല.
കുട്ടപ്പന് ചേട്ടന് ഭാവി മരുമകനെ ഷാപ്പില്‍വച്ചു കണ്ടുമുട്ടിയതിന്റെ തരിപ്പു മാറും മുന്‍പേ അടുത്തതും സംഭവിച്ചു.
വേലുത്തമ്പി ദളവയുടെ വാളുതോല്ക്കും വിധം, ആഷാപ്പിനെ അമ്പരപ്പിക്കും വിധമൊരു വട്ടവാള്‍...!!
ഔസേപ്പു ചേട്ടന് ഇതിനകം ഒരു വിധത്തില്‍ എഴുന്നേറ്റ് കാറിലേക്കുള്ള പലായനം തുടങ്ങിയിരുന്നു. ഷാപ്പില്‍നിന്നു റോഡിലേക്കുള്ള തെങ്ങുതടിപ്പാലത്തില് വച്ചു ബാലന്‍സു പോയ ഔസേപ്പു ചേട്ടന് നേരെ പുഴയിലേക്കു വീണു...!!
ഔസേപ്പു ചേട്ടനും ലൂക്കാച്ചനും ബോധം തെളിയിമ്പോള് രണ്ടുപേരും പരിചയമില്ലാത്ത ഏതോ ഒരു മുറിയില്‍ കിടക്കുകയാണ്. തൊട്ടരികില്‍ ഇരിക്കുന്നയാളെ കണ്ട് ലൂക്കാച്ചന്റെ മണ്മറഞ്ഞ ഓര്‍മകള്‍ വീണ്ടുമെത്തി...
കുട്ടപ്പന് ചേട്ടന്...!!
ഞാനിതെവിടെയാ?
എല്ലാം പറയാം.. മോന് എഴുന്നേല്‍ക്ക്. നേരെ വെളുത്തിട്ട് കുറേയായി. ഇന്നലെ നിങ്ങള്‍ തിരിച്ചെത്താത്തതു കൊണ്ട് വീട്ടില്‍നിന്ന് ഇങ്ങോട്ടു വിളിച്ചിരുന്നു.
താനും ഔസേപ്പ് അമ്മാച്ചനും കിടക്കുന്നതു താന്‍ പെണ്ണുകാണാന്‍ പോയ വീട്ടിലാണെന്നോര്ത്തപ്പോള് ലൂക്കാച്ചന് ജുഗുപ്സാ പരവശനായി.
എന്തു ചെയ്യാം? സംഭവിച്ചതു സംഭവിച്ചു. ഏറെ പ്രതീക്ഷിച്ച ആ ആലോചനയും കള്ളുഷാപ്പില്‍ അവസാനിച്ചു.
സംഭവിച്ചതിനു ക്ഷമ പറഞ്ഞ് കയ്യോടെ സ്ഥലം വിട്ടേക്കാം..
ഒരുവിധം കട്ടിലില്‍ എഴുന്നേറ്റിരുന്ന ലൂക്കാച്ചന് ഔസേപ്പു ചേട്ടനെയും വിളിച്ചേല്‍പ്പിച്ചു. ഞങ്ങള്‍ ഉടന്‍ പൊയ്ക്കോളാം... സംഭവിച്ചതിനെല്ലാം വിഷമത്തോടെ ക്ഷമ ചോദിക്കുകയാണ്...
ലൂക്കാച്ചന് സംവിധായകന് വിനയനായി.
മറുപടിയായി കുട്ടപ്പന് ചേട്ടന് ഒന്നു ചിരിച്ചു. കുട്ടപ്പന് ചേട്ടന്റെ ധര്‍മ പത്നി കൊണ്ടു കൊടുത്ത പുട്ടും കടലക്കറിയും കഴിച്ച് കാപ്പിയും കുടിച്ച് ഇരുവരും വീട്ടില്‍നിന്നിറങ്ങി.
എന്തോ ഓര്‍ത്തിട്ടെന്ന പോലെ, ലൂക്കാച്ചന് പിന്നെയും അവിടെ നിന്നു. കുട്ടപ്പന് ചേട്ടനെ സ്വകാര്യമായി അടുത്തു വിളിച്ച ലൂക്കാച്ചന് കാര്യം തിരക്കി.
അല്ല, ഇന്നലെ ഷാപ്പില് ബില്ല് എത്രയായെന്നറിയില്ല. അതു കൊടുത്തോ എന്നും...
കുട്ടപ്പന് ചേട്ടന് ലൂക്കാച്ചന്‍െറ തോളില്ത്തിട്ടി.
അതു ഞാന്‍ സെറ്റില്‍ ചെയ്തിട്ടുണ്ട്. മോന് അതേക്കുറിച്ചോര്ക്കേണ്ട...!
സ്ത്രീധനക്കാശില്നിന്നു ഞാനതു കുറച്ചോളാം..!!
അതു കേട്ട ലൂക്കാച്ചന് ഞെട്ടി. അപ്പോളും ആകാശത്ത് ഇടിവാളുവെട്ടി....!!
16 comments:
ഠേ....!!
സുനീഷു ചേട്ടന്റെ പുതിയ പോസ്റ്റ് ഞാന്‍ തേങ്ങയടിച്ച് ഉദ്ഘാടനം ചെയ്തിരിക്കുന്നു.
ഈ കഥ നിങ്ങളെന്നോടു പറഞ്ഞിട്ടുള്ളതാ.
പക്ഷെ അതിനെ ഇങ്ങനെയാക്കുമെന്നു കരുതിയില്ല. അപാരം. ബലം പിടിച്ചിരുന്നിട്ടും ചിരിച്ചു കണ്ട്രോള് പോയി.
തകര്‍ത്തു.ഫുട്ബോള്‍ സാധനങ്ങളും അതിഗംഭീരം.(http://copa07.blogspot.com/)
സൂപ്പറുകള്‍-
"അങ്ങനെയൊരു ബന്ധത്തിനായി കൊതിച്ച് നാട്ടിലെ സകല പള്ളികളിലും അമ്പലങ്ങളിലും മെഴുകുതിരി കത്തിച്ചും തേങ്ങയടിച്ചും മധ്യവയസ്കരായി മാറിയ സകല യൂത്ത് കോണ്‍ഗ്രസുകാരെയും ഞെട്ടിച്ച സംഗതിയായിപ്പോയി അത്."
"ചില പെണ്ണുങ്ങളെ ലൂക്കാച്ചന് ഇഷ്ടപ്പെടും. അപ്പോള്‍ പെണ്‍വീട്ടുകാര്‍ക്ക് ലൂക്കാച്ചനെ ഇഷ്ടപ്പെടില്ല. ചില പെണ് വീട്ടുകാര്‍ക്കു ലൂക്കാച്ചനെ ഇഷ്ടപ്പെടു. പക്ഷേ, ലൂക്കാച്ചന് പെണ്ണിനെ ഇഷ്ടപ്പെടില്ല. അങ്ങനെയുമല്ലാതെ അപൂര്‍വം ചില ആലോചനകളില്‍ ലൂക്കാച്ചന് പെണ്ണിനെയും പെണ്ണിനു ലൂക്കാച്ചനെയും ഇഷ്ടപ്പെട്ടു. പക്ഷേ, നാട്ടുകാര്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല. അവരതു മുടക്കി."
"പെണ്‍വീട്ടിലേക്കുള്ള യാത്ര ലൂക്കാച്ചന്റെ സകല കണ്ട്രോളും തെറ്റിച്ചുകളഞ്ഞു. വഴിയുടെ ഇരുപുറവും തെങ്ങിന്തോപ്പുകള്. കായല്നീര്ത്തടങ്ങള്. അവയ്ക്കു നടുവിലായി മുട്ടിനു മുട്ടിനു കള്ളുഷാപ്പുകള്‍..!!"
"എതായിരുന്നു മെയിന്‍?
ആ ചോദ്യം ലൂക്കാച്ചന് പ്രതീക്ഷിച്ചിരുന്നില്ല- ചോദിച്ച സ്ഥിതിക്ക് മറുപടി പറഞ്ഞേ പറ്റൂ.
അങ്ങനെ മെയിനായിട്ടൊന്നും ഇല്ല. ഞാന്‍ മൂന്നുവര്‍ഷം ഡിഗ്രി പഠിച്ചെന്നേയൂള്ളൂ.."
സുനീഷേ കൊള്ളാം കേട്ടോ... ബെര്‍ലിയുടെ പുതിയ ബ്ളോഗ് വായിച്ചായിരുന്നു. കുഴപ്പമില്ല.
ചാത്തനേറ്:
അങ്ങനെ ബാച്ചികളുടെ അഭിമാനസ്തംഭമായിരുന്ന ലൂക്കാച്ചനും ക്ലബ്ബിന്റെ പടിയിറങ്ങി :(
കൊള്ളാം, ഇങ്ങനെ വേണം അമ്മായി അപ്പന്മാരായാല്‍!!!
ഹ...ഹ... തകര്‍ത്തു.
ഷാപ്പ് സീന്‍ സൂപ്പര്‍.
“അങ്ങനെ മെയിനായിട്ടൊന്നും ഇല്ല. ഞാന്‍ മൂന്നുവര്‍ഷം ഡിഗ്രി പഠിച്ചെന്നേയൂള്ളൂ..“
മിക്കവാറും എല്ലാവരും ഇങ്ങിനെയൊക്കെത്തന്നെ
:)
സുനീഷേ, ഇത് തകര്‍ത്തു വാരിയല്ലോ ഇഷ്ടാ:):)
1. . മാനം എന്നു പറഞ്ഞാല്‍ നീലാകാശം മാത്രമായി മാറിക്കഴിഞ്ഞ ലൂക്കാച്ചന്
2. അപ്പോള്‍ ഒരു ആംബുലന്‍സ് നിര്‍ത്താതെ ഹോണടിച്ച് അതുവഴി കടന്നു പോയി.. അപലക്ഷണമാണോ?
3.തന്റെ അരക്കാലില്‍ താളമടിച്ച് ഔസേപ്പു ചേട്ടന് പാട്ടുപാടാന്‍ തുടങ്ങി..സംഗതി മനസ്സിലായിട്ടെന്ന പോലെ ലൂക്കാച്ചന് പോക്കറ്റില്‍ തടവി നെടുവീര്‍പ്പെട്ടു..!
ഇത്രയും ഇപ്പോ ക്വോട്ട്ട്ടുന്നു;)
ക്ലൈമാക്സ് അലക്കി !
രസികന്‍ പോസ്റ്റ്. ചിരിപ്പിച്ചു.:-)
ഓടോ:ഇടയ്ക്കോരോ സിനിമാ നടികള്‍ വന്ന് കമന്റിട്ട് പോകുനുണ്ടല്ലോ.കാവ്യയും മീരാജാസ്മിനും വന്നു,ശരി. നയന്‍ താര എപ്പൊ വരും? അല്ല നില്‍ക്കണോ പോണോ എന്നറിയാനാ.
(അയ്യപ്പന്റെ മുന്നില്‍ വേണോ സുനീഷേട്ടാ പുലിക്കളി,ങേ?) ;-)
നവ്യാനായരു തേങ്ങയടിച്ച് ഉദ്ഘാടിക്കുന്നു എന്ന് എവിടെയോ ഒരിടത്തുവായിച്ചു. ആനിലയ്ക്ക് ഞാന്‍ മീരാ ജാസ്മിനെ എങ്കിലും കൊണ്ടു വരേണ്ടേ ദില്‍ബാ... പക്ഷേ കാവ്യാ മാധവന് എന്റെ അറിവോടെ വന്നതല്ല, പുള്ളിക്കാരത്തിയെ മറ്റാരോ വിളിച്ചോണ്ടു വന്നതാ...
പിന്നെ, നയന്‍താര..
ആ കുട്ടിയും ഞാനുമായി ഇപ്പോള്‍ പിണക്കത്തിലാ... ചിമ്പു സംഭവത്തിനു ശേഷം അവള് എനിക്കു സ്ക്രാപ്പിടാറേയില്ല!!!
സുനൂ (പ്യാര്സെ)
ബെസ്റ്റ് കണ്ണാ ബെസ്റ്റ്, ഇതാണ് കോമഡി, ഇത് മാത്രമല്ല കോമഡി.
ഒരു ഇസ്മയ്ലി എന്റെ വഹ.
Padichapani 18 ennu kettittundu... pakshe 13 ennu aadyam aayittu kelkkuvaa.. athenthenkilumaavatte... kalakki ketto.
ദിനപത്രത്തില്‍ കണ്ടാണു ഭരണങ്ങാനത്തിന്റെ ഇതിഹാസ ബ്ലോഗുവരെ എത്തിപ്പെട്ടത്.
ആര്‍ഭാടം!!
നിലവറയിലോട്ട് ഇറങ്ങി മീനച്ചലാറ്റിന് കരയിലെ കൂടോത്രം മുതല്‍ വായിച്ചു വരട്ടെ...
എന്റെ കാര്യം ഇത്രേം തെളിച്ച് എഴുതണാരുന്നോ? എന്റെ മോനോടാരു പറഞ്ഞു ഇതൊക്കെ? ഞങ്ങള്‍ ഗള്‍ഫീന്നു ഇങ്ങോട്ട് അമേരിക്കയ്ക്ക് പോന്നതൊന്നും അറിഞ്ഞില്ലേ?വൈക്കത്തെ വെള്ളമടിയൊക്കെ ആരോര്‍ക്കാനാ? അല്ലേലും പാലായിലൊക്കെ കിട്ടുന്ന സാധനം വല്ലോമാണോ ഇന്വിടെ കിട്ടുന്നത്? എന്റെ മോന് അവിടെയിരുന്നു കൊതിയ്ക്ക്.
എനിയ്യ്കു വരെ പെണ്ണു കിട്ടി. ഇനി നിനക്കും കിട്ടുവാരിക്കും. വൈക്കം ഭാഗത്തേയ്ക്കൊന്നും പെണ്ണുകാണാന്‍ പോയേക്കരുത്.
സ്വന്തം
ലൂക്കാച്ചന്
പെണ്ണുകണ്ടു നടന്നു കാലുതേഞ്ഞതിനാല് സ്ത്രീ തന്നെ ധനം എന്ന വിശാല കാഴ്ചപ്പാടിലേക്ക് അദ്ദേഹം നേരത്തെ തന്നെ എത്തിച്ചേര്‍ന്നിരുന്നു.
ഒന്നു പോയിനോക്കാമെടാ.. എനിക്കാണേല്‍ വിശക്കാനും തുടങ്ങി...
ഒന്‍പതാം ക്ളാസില്‍ മൂന്നാം വര്‍ഷം ഡിഗ്രിക്കു പഠിക്കുമ്പോള്‍ പഠിപ്പ് അവസാനിപ്പിച്ച ലൂക്കാച്ചന് അത് മനപ്പൂര്‍വം മറച്ചുവച്ചു.
പഞ്ചുകളുടെ
ഘോഷയാത്ര
.
Post a Comment