Wednesday, June 06, 2007
പകര്‍ച്ചപ്പനിക്കാലത്തെ പ്രണയം
(ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്‍റെ കോളറക്കാലത്തെ പ്രണയവും ഈ ചവറുമായി ഒരു ബന്ധവുമില്ല.!)
മീനച്ചില്‍ താലൂക്ക് വിറങ്ങലിച്ചു നില്‍ക്കുന്നു.
മുന്‍പ് കോര സാറിന്‍റെ മകന്‍ ഇലക്ഷനില്‍ തോറ്റപ്പോള്‍ മാത്രമായിരുന്നു പാലാ ഇതു പോലൊന്നു വിറങ്ങലിച്ചത്. ഇതിപ്പം പാല മാത്രമല്ല, മീനിച്ചില്‍ താലൂക്കു മുഴുവന്‍ വിറയ്ക്കുകയാണ്.
പനി എന്നു കേട്ടാലാണു വിറ തുടങ്ങുക.. വിറച്ചു വിറച്ചു പിന്നീട് പനി പിടിച്ചു വിറയ്ക്കും. ആശുപത്രിയില്‍പോയി വരാന്തയില്‍ കിടന്നു വിറയ്ക്കും. ഒടുവില്‍ ബില്ലു കയ്യിലോട്ടു കിട്ടുമ്പോള്‍ അതുവരെ വിറച്ചതില്‍ സങ്കടപ്പെട്ടുകൊണ്ട് പിന്നെയും വിറയ്ക്കും.
പുതിയ ഇനം പനിയാണത്രേ!
ആശുപത്രിയിലെ ഒപി റൂമുകള്‍ക്കു മുന്നില്‍ നോയമ്പു വീടലിന്‍റെ തലേന്ന് ബവ്റിജസ് ഷാപ്പിനു മുന്നില്‍ കാണുന്നതിനെക്കാള്‍ വല്യ തിരക്ക്. ചോദിക്കലും പറയലുമില്ല.
നേരെ ഡോക്ടറുടെ അടുത്തേക്കു രണ്ടു മൂന്നു പേര്‍ എടുത്തു കൊണ്ടു പോയി ആക്കും. അവിടെനിന്ന് റൂമിലെ കട്ടിലില്‍ പിടിച്ചു കിടത്തും. കയ്യും കാലും കയറു കൊണ്ട് ഒന്ന് ഉടക്കി കെട്ടിവയ്ക്കും. കാളയെ ലാടമടിക്കാന്‍ നേരത്തു പിടിച്ചുകെട്ടുന്ന പോലെ തോന്നും,
പേടിക്കേണ്ട, ഇതും ചികില്‍സയുടെ ഭാഗമാണെന്നു ഡോക്ടര്‍ പറയും.
പിന്നെ, ഒന്നരയിഞ്ച് ഇരുമ്പാണി തോല്‍ക്കുന്ന വലിപ്പത്തിലുള്ള സിറിഞ്ച് ഒരെണ്ണം എളിക്കുനേരെ അടുപ്പിക്കും.
അല്‍പം സ്പിരിറ്റ് വച്ച് അവിടെ ഒന്നു തുടച്ചാലായി. ഇല്ലേല്‍ അതുമില്ല. മരുന്നുനിറച്ച ജാക്ക് ഹാമര്‍ പോലെ സൂചി ഉള്ളിലോട്ടു കുത്തിക്കയറും.
അപ്പോള്‍ "അയ്യോ" എന്നൊരു നിലവിളിയുണ്ടാകും.
അതു പതിവാണ്, ഈചികില്‍സയുടെ ഭാഗമാണ്.
ആ നിലവിളി അടുത്ത രോഗിക്കുള്ള സിഗ്നലാണ്. റെഡിയായി നില്‍ക്കണം. (സോറി, ഒറ്റയ്ക്കു നില്‍ക്കാന്‍ പറ്റില്ല, ആരെങ്കിലുമൊക്കെ ചേര്‍ന്നു താങ്ങിപ്പിടിച്ചു നിര്‍ത്തണം!)
കുത്ത് കിട്ടിക്കഴിഞ്ഞാല്‍ ചികില്‍സ കഴിഞ്ഞു.
നാലുദിവസം കഴിഞ്ഞുപോരേ.. ഇതുപോലെ ഒരു ഡോസ് കൂടിയുണ്ട്.
ഡോക്ടര്‍ കണ്ണില്‍ച്ചോരയില്ലാതെ പറയും.
നാട്ടിലെ നാടന്‍ ചായക്കടപ്പതിവായ രണ്ട് അപ്പോം മുട്ടേം, അപ്പോള്‍ എത്രയായി എന്ന മട്ടില്‍ ചോദ്യമെറിയണം..
സൂചി ഒന്ന്- 10രൂപ, മരുന്ന് - 100 രൂപ, മുടിക്കയര്‍ ഒന്ന്- നാലുരൂപ, ഒപി റൂമിനു പുറത്തുനിന്ന് ആളെ എടുത്ത് അകത്തു കിടത്തിയ ഖലാസികള്‍ക്ക് കൂലി 50രൂപ. മൊത്തം 164 രൂപ. വാറ്റ് പന്ത്രണ്ടര ശതമാനം. എല്ലാംകൂടി 200 രൂപ തന്നേര്. അടുത്ത തവണ വരുമ്പോള്‍ ബാക്കി വാങ്ങാം..!!
ഇരുന്നൂറു രൂപ കൊടുത്താല്‍ പിന്നില്‍നിന്ന് ഒരു തൊഴി കിട്ടും. ഭാഗ്യമുണ്ടേല്‍ മോന്തയടിക്കാതെ ഡീസന്‍റായി ആശുപത്രി മുറ്റത്തു കിടക്കാം. അവിടെനിന്ന് ആവശ്യക്കാര്‍ ആരെങ്കിലും വന്ന് എടുത്തു കൊണ്ടു പോകും വരെ ആ കിടപ്പു കിടക്കാം.
ഇതുപോലൊരു പനിക്കാലം മുന്‍പെങ്ങും നാടിനെ വിറപ്പിച്ചിട്ടില്ലെന്ന് ഇപ്പോഴും പനിപിടിക്കാതെ ബാക്കിയുള്ളവര്‍ പറയുന്നു. പറയുന്നു. ആരോഗ്യ ദൃഢഗാത്രര്‍ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന കൊടികെട്ടിയ വമ്പന്‍മാരാണ് ആദ്യം വീണത്.
മുട്ടിനു ചെറിയ വേദനയായി തുടക്കം. പിന്നെയതു നീരായി മാറും. മുട്ടിന്‍റെ നീര് ശരീരം മുഴുവന്‍ വ്യാപിക്കും.- എല്ലാം മണിക്കൂറുകള്‍ക്കം സംഭവിച്ചു കഴിഞ്ഞിരിക്കും. പിന്നെ സ്വന്തം കാലില്‍ പരസഹായമില്ലാതെ എഴുന്നേറ്റു നില്‍ക്കണമെന്നു വിചാരിക്കുന്നത് ആറുമാസം മാത്രം പ്രായമുള്ള കുട്ടി പ്രഭുദേവയ്ക്കൊപ്പം ഡാന്‍സു കളിക്കണമെന്നു വാശിപിടിക്കുന്ന പോലെയാണ്.
പനി പിടിച്ചവരെ ചുമന്നുകൊണ്ടാണ് ആശുപത്രിയിലേക്കു പോവുക. ഇത്തരത്തില്‍ ചുമന്നുകൊണ്ടുപോയവരെ പിറ്റേന്ന് വേറെ ചിലര്‍ ചുമന്നുകൊണ്ട് പോയി. അവരെ മറ്റുചിലര്‍..അങ്ങനെയങ്ങനെ ഇപ്പോള്‍ പനി ഒരു വിധം ഭേദമായി തിരികെയെത്തിയവരാണ് നാട്ടിലെ ചുമടിന്‍റെ മൊത്തം ക്വട്ടേഷന്‍ എടുത്തിരിക്കുന്നത്!
കഴിഞ്ഞ ഞായറാഴ്ച ഭരണങ്ങാനം പള്ളിയുടെ പാരീഷ് ഹാളില്‍ പകര്‍ച്ചപ്പനി പ്രതിരോധ മരുന്ന് വിതരണമുണ്ടായിരുന്നു. മരുന്നു കഴിച്ചവരെല്ലാം പിറ്റേന്ന് തന്നെ ആശുപത്രിയിലായി!!
പനി പോയാലും സന്ധി വേദന അവിടെത്തന്നെ കാണും. കൈകള്‍ക്കു ബലം പൂര്‍ണമായും നഷ്ടപ്പെടും.
ഒരു കുപ്പി പോലും പൊട്ടിക്കാന്‍ പറ്റത്താ സ്ഥിതി!
ഇനി ആരെങ്കിലും പൊട്ടിച്ചു കൊടുത്താല്‍ത്തന്നെ ഗ്ളാസ് കയ്യില്‍പിടിച്ചു വേണമല്ലോ കുടിക്കാന്‍, അതിനും ആവതില്ല.
ഇത്രയുമൊക്കെ പറഞ്ഞത്, ഇത്രയെങ്കിലുമൊക്കെ പറഞ്ഞില്ലെങ്കില്‍ മോശമല്ലേ എന്നോര്‍ത്താണ്. അത്രയ്ക്കു മോശമാണു സ്ഥിതി.
>>>> >>>>
ലൂസിക്കുട്ടിക്കു പനി പിടിച്ചെടാ....
മീനിച്ചിലാറ്റില്‍ തുപ്പലുവെട്ടാന്‍ വരുന്ന പെറുക്കി മീനുകളേം നോക്കിയിരുന്ന അവിരാപ്പിയുടെ ചെവിയിലേക്ക് അതെത്തിച്ചത് അടുത്ത സുഹൃത്ത് തോന്ന്യവാസനാണ്.
അവിരാപ്പി ആ വാര്‍ത്ത കേട്ടു വിറച്ചു. ഇപ്പം ലൂസിക്കുട്ടിയും ഇതുപോലെ വിറയ്ക്കുന്നുണ്ടാവുമെന്ന് അവനോര്‍ത്തു.
എടാ അവളെ നമ്മുടെ വരിക്കേലെ തോമ്മാച്ചനും പിണക്കാട്ടെ മാത്തുക്കുട്ടിയും ചേര്‍ന്ന് ആശുപത്രീലോട്ട് എടുത്തോണ്ടു പോകുന്നതു ഞാന്‍ കണ്ടിട്ടാ വരുന്നത്...!
അതു കൂടി കേട്ടതോടെ അവിരാപ്പിയുടെ ഉള്ളുപിടഞ്ഞു. തന്‍റെ ലൂസിക്കുട്ടിയെ (അത് അവിരാപ്പിയുടെ മാത്രം മനസ്സിലിരിപ്പാണ് എന്നു പറയാതെ വയ്യ!) വേറെ രണ്ട് കശ്മലന്‍മാര്‍ ചേര്‍ന്നു ചുമന്നോണ്ട് ആശുപത്രീലോട്ടു പോകേണ്ട ആവശ്യമുണ്ടോ?
ഉണ്ടോ?
വിടെടാ വണ്ടി മേരിഗിരി ആശുപത്രീലോട്ട്...!!
വിടാന്‍ പാകത്തിന് വണ്ടിയൊന്നും അവിടെ ഇല്ലായിരുന്നു. അവര്‍ ഓടി. നേരെ ആശുപത്രിയിലേക്ക്.
പനി പിടിച്ചവരെ കാണുന്നത് പണ്ടേ ഇഷ്ടമല്ലാത്ത തോന്ന്യവാസന്‍ ഇടയ്ക്കു കാലുമാറി. അവിരാപ്പി ഓട്ടം ഒറ്റയ്ക്കാക്കി.
ലൂസിക്കുട്ടിക്കു കടുത്ത പനി. കുത്തിവയ്പ് കൊടുത്ത് വീട്ടിലോട്ടു വിട്ടാല്‍ ശരിയാകില്ലെന്നു ഡോക്ടര്‍ പറഞ്ഞതിനാല്‍ ഹൗസ്ഫുള്‍ ആയ വരാന്തയില്‍ അല്‍പം അഡ്ജസ്റ്റ് ചെയ്ത് പുതിയ ഒരു കട്ടിലിട്ട് അതില്‍ കിടത്തിയിരിക്കുകയാണ്.
അവിരാപ്പിയെ കണ്ടതും വിറച്ചുകൊണ്ടിരുന്ന ലൂസിക്കുട്ടി വീണ്ടും വിറയ്ക്കാന്‍ തുടങ്ങി. വിറ കൂടിക്കൂടി വരുന്നതു മനസ്സിലായ അവിരാപ്പി പിന്നെയവിടെ നിന്നില്ല.
പകരം ഇരുന്നു.
ലൂസിക്കുട്ടിയുടെ പനിയും വിറയും മാറാതെ താനിനി വീട്ടിലേക്കില്ലെന്ന് അവന്‍ ശപഥം ചെയ്തു. ശപഥം ഉച്ചത്തിലല്ലായിരുന്നെങ്കിലും അതിനകം ലക്ഷണമൊത്ത ഒരു രോഗിയായി മാറിക്കഴിഞ്ഞിരുന്ന ലൂസിക്കുട്ടിക്ക് അവിരാപ്പിയുടെ രോഗം പിടികിട്ടി.
ദുഷ്ടന്‍... പനിച്ചു കിടക്കാനും സമ്മതിക്കുവേല...!!
പക്ഷേ അവിരാപ്പി അത്രയ്ക്കു ദുഷ്ടന്‍ ആയിരുന്നില്ല. നാട്ടിലെ സകല പനയിലും തെങ്ങിലും കയറി ചെത്തുകലം പറിക്കും എന്നതൊഴിച്ചാല്‍ അവിരാപ്പി ശുദ്ധനായിരുന്നു. ശുദ്ധന്‍ ദുഷ്ടന്‍റെ ഫലം ചെയ്യുമെന്ന പഴമൊഴി അവിരാപ്പിയുടെ കാര്യത്തില്‍ പച്ചക്കള്ളമായിരുന്നു. കാരണം, അവിരാപ്പി ഫലമുള്ള ഒരു പരിപാടിക്കും പോകില്ലായിരുന്നു.
വീട്ടില്‍ അത്യാവശ്യം ആസ്തിയുള്ളതിനാലും അപ്പച്ചന് ആസ്മയുള്ളതിനാലും അവിരാപ്പിക്ക് നാട്ടിലൂടെ വിലസി നടക്കാന്‍ ലൈസന്‍സുണ്ടായിരുന്നു.
പക്ഷേ,ലൂസിക്കുട്ടിയുടെ സ്ഥിതി അതായിരുന്നില്ല!ആറു പെണ്‍മക്കളില്‍ മൂന്നാമത്തവളായിരുന്നു അവള്‍. മൂത്തതു രണ്ടിനേം കന്യാസ്ത്രീ മഠത്തില്‍ ചേര്‍ത്ത് കാര്‍ന്നോന്‍മാര്‍ ആശ്വസിച്ചെങ്കിലും ഈരണ്ട് വര്‍ഷം വീതം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കു പറ്റുകേല ചാച്ചാ എന്ന നിലവിളിയുമായി തിരിച്ചുവന്ന് വീട്ടില്‍നില്‍പ്പുണ്ട്.
ഇളയത്തുങ്ങള്‍ ലൂസിക്കുട്ടിയുടെ ഒപ്പമായി. ലൂസിക്കുട്ടി ഈ പോക്കുപോയാല്‍ ആരെടെയെങ്കിലും ഒപ്പം ഇറങ്ങിപ്പോകേണ്ട സ്ഥിതിയിലും.
ഈ അവസ്ഥ നേരത്തെ മനസ്സിലാക്കിയതിനാലാണ്, ദുഷ്ടനാണെങ്കിലും അവള്‍ക്കൊരു ജീവിതം കിട്ടുമെങ്കില്‍ ആയിക്കോട്ടെ എന്ന മട്ടില്‍ അവിരാപ്പി നിഴലായി തണലായി ലൂസിക്കുട്ടിക്ക് ഒപ്പം കൂടിയത്.
വെട്ടുപോത്തിനെ കെട്ടിയാലും ആ കാട്ടുപോത്തിനെ കെട്ടില്ല എന്നു പലവട്ടം ലൂസിക്കുട്ടി പലരോടും പറഞ്ഞെങ്കിലും അവിരാപ്പിയുടെ തൊലിക്കട്ടി അപാരമായിരുന്നു.
അതിനാല്‍ അനുസ്യൂതം അവിരാപ്പി ലൈലാ - മജ്നു, ഹുസ്സുനല്‍ ജമാല്‍ - ബദറുല്‍ മുനീര്‍, ഫ്രാന്‍സിസ് അസ്സീസി- ക്ളാര പുണ്യവതി മോഡല്‍ സ്വപ്നവും കണ്ട് വഴിയേ നടന്നു. മിക്ക ദിവസവും വഴിയില്‍ത്തന്നെ കിടന്നു.
ഇപ്പോള്‍ അവിരാപ്പിയുടെ കിടപ്പ് ലൂസിക്കുട്ടിയുടെ കട്ടിലിനോടു ചേര്‍ന്നാണ്. തനിക്കും എത്രയും വേഗം പനി വന്നെങ്കില്‍ എന്ന് അവന്‍ ആഗ്രഹിച്ചുകൊണ്ടിരുന്നു. ആഗ്രഹിച്ചാല്‍ കിട്ടുന്ന ഒന്നല്ല പനിയെന്ന് അവനു മനസ്സിലായതും അപ്പോളാണ്.
പനിയും ഒരു തരത്തില്‍ പ്രണയം പോലെയാണ്. നമ്മളു വേണ്ട വേണ്ട എന്നു പറഞ്ഞു വിട്ടുനിന്നാലും കൂടെക്കൂടും. ഉള്ള വെളിവും അതോടെ പോകും.
പനിയോ പ്രണയമോ എന്ന കാര്യത്തില്‍ അവിരാപ്പി ആശങ്കപ്പെട്ടു കൊണ്ടു നില്‍ക്കെ, അടുത്ത കട്ടിലിലെ അറുപതു വയസ്സു പ്രായമായ അമ്മച്ചി ഡിസ്ചാര്‍ജ് ആയി. എന്നെ ഇനി എഴുന്നേപ്പിച്ചു നടത്തണേല്‍ ലാസറിനെ ഉയിര്‍പ്പിച്ച കര്‍ത്താവു വരേണ്ടി വരും എന്ന മട്ടില്‍ ആത്മഗതപ്പെട്ടു കിടന്ന അവരെ രണ്ടുപേര്‍ വന്നു പൊക്കിയെടുത്തു കൊണ്ടുപോയി.
അപ്പോള്‍ ആ കട്ടില്‍ വേക്കന്‍റ്. ലൂസിക്കുട്ടിയുടെ വലതു വശത്തെ കട്ടിലില്‍ രോഗിയില്ല. അവിരാപ്പിയുടെ മനസ്സില്‍ ബോധമുദിച്ചത് അപ്പോളാണ്. ബോധമുണ്ടായ പാടെ അവിരാപ്പി ബോധം കെട്ടുവീണു, അഥവാ അങ്ങനെ അഭിനയിച്ചു.
ഒരു വിധത്തില്‍ ലൂസിക്കുട്ടിയുടെ കട്ടിലിനു സമീപത്തെ കട്ടിലില്‍ കയറി അവിരാപ്പി വീണു. കാല്‍വരിയില്‍ കര്‍ത്താവീശോമിശിഹായെ തറച്ച കുരിശിന്‍റെ വലതു ഭാഗത്തുകിടന്ന കള്ളനെപ്പോലെ അവിരാപ്പി ലൂസിക്കുട്ടിയുടെ വലതു വശത്തെ കട്ടിലില്‍.
കേവലം രണ്ടേ രണ്ടു ശ്വാസമെടുപ്പിന്‍റെ അകലത്തില്‍..
നീയും എന്നോടു കൂടെ സ്വര്‍ഗരാജ്യത്തില്‍ ഉണ്ടായിരിക്കും എന്ന കര്‍ത്താവിന്‍റെ നല്ല വാക്കുകളെ മനസ്സില്‍ സ്തുതിച്ച് അവിരാപ്പി സ്വപ്നം കണ്ടു തുടങ്ങിയപ്പോളാണ് ആരോ വന്നു തോണ്ടി വിളിച്ചത്.
ഒരു നഴ്സമ്മ...!!
കട്ടിലില്‍നിന്ന് എഴുന്നേല്‍ക്ക്, വേറെ രോഗിയെ കിടത്തണം..
അവിരാപ്പിക്ക് അവിടെനിന്ന് എഴുന്നേല്‍ക്കാന്‍ മനസ്സുവന്നില്ല.
എനിക്കു പനിയാ.. ഇവിടെ കിടന്നോളാം...
അങ്ങനെ തോന്നും പടി കിടക്കാന്‍ ഇതു തന്‍റെ വീട്ടില്‍നിന്നു കൊണ്ടുവന്നതാണോ? എഴുന്നേല്‍ക്കെടോ...
എഴുന്നേല്‍ക്കാതെ തരമില്ലായിരുന്നു. അവിരാപ്പി എഴുന്നേറ്റ് വീണ്ടും ലൂസിക്കുട്ടിയുടെ കട്ടിലിന്നരികെ പോയിരുന്നു. അപ്പോഴും ലൂസിക്കുട്ടിയെ അന്വേഷിച്ച് വീട്ടില്‍നിന്നാരും വന്നില്ല.
വരണമെങ്കില്‍ അവരെ ആരെങ്കിലും എടുത്തു കൊണ്ടു വരണമായിരുന്നു...!
ആരാന്‍റെ അപ്പന്‍ ചത്തിട്ടാണേലും ഒരു കട്ടിലു കിട്ടിയാല്‍ മതിയെന്ന മട്ടില്‍ ആശുപത്രി വരാന്തയില്‍ കുത്തിയിരുന്ന അവിരാപ്പിയുടെ മുന്നിലൂടെ ലൂസിക്കുട്ടിയുടെ തൊട്ടരികിലേക്ക് ഒരാളെ രണ്ടുമൂന്നുപേര്‍ ചേര്‍ന്ന് എടുത്തു കൊണ്ടുപോകുന്നത് അവിരാപ്പി കണ്ടു.
ആരാണ് ആ ഭാഗ്യവാന്‍ പനിയന്‍ എന്നറിയാന്‍ എത്തി നോക്കിയ അവിരാപ്പി കിടുകിടാ വിറച്ചു.
തന്‍റെയും ലൂസിക്കുട്ടിയുടെ മൂത്തചേച്ചിയുടെയും ക്ളാസ് മിസ്റ്റേക്ക് അവറാന്‍..!!
ലൂസിക്കുട്ടി അവറാനെ കണ്ടപാടെ വിറയൊതുക്കി ഒന്നുപുഞ്ചിരിച്ചു. അവറാനും.
അതു കണ്ടപ്പോള്‍ അവിരാപ്പിക്കു കരയാന്‍ തോന്നി.
അവറാന്‍ അധ്വാനിയായിരുന്നു. മണല്‍ വാരല്‍ ആണു തൊഴിലെങ്കിലും അവറാന് സ്വന്തമായി ജീവിതമുണ്ടായിരുന്നു. മീനച്ചിലാറിന്‍റെ തീരത്തു വെറുതെയിരിക്കുന്ന സമയത്തും വാറായിട്ടിരിക്കുന്ന സമയത്തും അവറാനെ കാണാറുള്ളതാണ്.
പകലും രാത്രി വൈകിയും മുഴുവന്‍ മണല്‍ വാരിക്കിട്ടുന്ന പണം കൊണ്ട് അവറാന്‍ സ്വന്തമായി ഒരു വീടുവച്ചു. കള്ളുകുടിയന്‍മാരാണ് മൊത്തം കമ്പനിയെങ്കിലും അവറാന്‍ കളളുകുടിക്കില്ല. നാട്ടില്‍ അവറാന് മുഴുക്കുടിയന്‍റെ ഇമേജ് ഉണ്ടാക്കിക്കൊടുക്കാന്‍ താന്‍ മല്‍സരിച്ചിട്ടുണ്ട്. അവറാന് അതില്‍ വിഷമമില്ലായിരുന്നു. അതിന്‍റെ പേരില്‍ അവറാന്‍ തനിക്കു പോലും കള്ളു വാങ്ങിത്തന്നിട്ടുമുണ്ട്. അതു പഴയ കഥ.
ഫുള്‍ടൈം ആറ്റിലെ വെള്ളത്തില്‍ കിടക്കുന്ന ഇവനെങ്ങനെ പനി പിടിച്ചു? അവിരാപ്പി സംശയിച്ചു.
വെള്ളത്തിനടിയില്‍പ്പോയി കുത്തുന്ന കൊതുകും നാട്ടിലിറങ്ങിക്കാണുമായിരിക്കും എന്നു സമാധാനിച്ചിരിക്കെ ആരൊക്കെയോ ചേര്‍ന്നു കട്ടിലില്‍ പിടിച്ചു കിടത്തിയിട്ടു പോയ അവറാന്‍ അവിടെ എഴുന്നേറ്റിരുന്നു.
ലൂസിക്കുട്ടിക്ക് അഭിമുഖമായിട്ടാണ് അവന്‍റെ ഇരിപ്പ്.
അവറാന്‍ വീണ്ടും ലൂസിക്കുട്ടിയെ നോക്കി ചിരിച്ചു. അവള്‍ അവറാനെയും. ആ ചിരിയില്‍ അവളുടെ പനി പറന്നുപോയതു പോലെ തോന്നി അവിരാപ്പിക്ക്.
ഇപ്പോ എങ്ങനെയുണ്ട്?- അവറാന്‍
കുറവുണ്ട്, അവറാനും പനി പിടിച്ചല്ലേ, കഷ്ടമായിപ്പോയി- ലൂസിക്കുട്ടി
ഓ സാരമില്ലെന്നേ.. ഇങ്ങനെ രണ്ടു ദിവസം കിടക്കുന്നതിലും ഉണ്ടൊരു സുഖം- അവറാന്‍
അതേയതേ.... ഒന്നുമല്ലെങ്കിലും എന്തെങ്കിലുമൊക്കെ മിണ്ടിയും പറഞ്ഞും കിടക്കാമല്ലോ- ലൂസിക്കുട്ടി
അവിരാപ്പിയുടെ ക്ഷമയറ്റു. തന്‍റെ പ്രണയപ്പനിയെ നശിപ്പിക്കാന്‍ വന്ന ആന്‍റിബയോട്ടിക്ക് ആയിപ്പോയല്ലോ ഇവന്‍ എന്നോര്‍ത്ത് അവിരാപ്പിയുടെ ഉള്ളുനുറുങ്ങി.
അവിരാപ്പി നിലത്തിരിപ്പു തുടര്‍ന്നു. അവറാന്‍ കട്ടിലിലും. ലൂസിക്കുട്ടി ഇടയ്ക്ക് കട്ടിലില്‍ എഴുന്നേറ്റിരിക്കാന്‍ ശ്രമിച്ചു. അവിരാപ്പി സഹായത്തിനെത്തും മുന്‍പേ അവറാന്‍ അവളെ താങ്ങിപ്പിടിച്ച് എഴുന്നേല്‍പ്പിച്ചിരുത്തിയിരുന്നു.
അങ്ങനെയൊക്കെയാണെങ്കിലും അവറാനോ ലൂസിക്കുട്ടിയോ അവിരാപ്പിയെ മൈന്‍ഡു ചെയ്തതു പോലുമില്ല!
നേരമിരുണ്ടു. അവിരാപ്പിക്കു വീട്ടില്‍പ്പോകണം.
പക്ഷേ, ലൂസിക്കുട്ടിയെ അവറാന്‍റെ അരികിലാക്കി എങ്ങനെ പോകുമെന്നറിയാതെ അവിരാപ്പി വിഷമിച്ചു. നാളെ രാവിലെ തിരിച്ചു വരുമ്പോള്‍ ലൂസിക്കുട്ടിയെ അവറാന്‍ വളച്ചു കഴിഞ്ഞിട്ടുണ്ടാവും. മണല്‍ എന്നൊരു ചിന്ത മാത്രമേ ഉള്ളൂവെങ്കിലും അവറാനും ഒരു ആണാണല്ലോ എന്നോര്‍ത്ത് അവിരാപ്പി വീട്ടില്‍പ്പോകേണ്ട എന്നു തീരുമാനിച്ചു.
രാത്രി ലൂസിക്കുട്ടിയുടെയും അവറാന്‍റെയും കട്ടിലിനു നടുവില്‍ കഴിച്ചുകൂട്ടാമെന്ന് അവിരാപ്പി തീരുമാനിച്ചു.
അവിരാപ്പിയുടെ പരാക്രമങ്ങള്‍ പനിയുടെ പരാക്രമങ്ങള്‍ക്കിടെയും ഇരുവരും കണ്ടുകൊണ്ടിരുന്നു.
ഇരുവരും എതിര്‍പ്പൊന്നും പറഞ്ഞില്ല.
ആശുപത്രി വരാന്തയിലെ ലൈറ്റുകളണഞ്ഞു. ചെറിയ വെളിച്ചം മാത്രം. ചുറ്റിനുമുള്ള രോഗികളും രോഗികളുടെ കൂടെനില്‍പ്പുകാരും ഉറക്കം പിടിച്ചു തുടങ്ങിയെന്ന് അവിരാപ്പിക്കു മനസ്സിലായി.
അവിരാപ്പിക്കു മാത്രം ഉറക്കം വന്നില്ല.
സമയം പാതിരാത്രി.
അവറാന്‍... അവറാന്‍... അവറാന്‍....
ശബ്ദംകേട്ട് മയക്കത്തിലായിരുന്ന അവിരാപ്പി ഞെട്ടിയുണര്‍ന്നു. ലൂസിക്കുട്ടിയുടെ ശബ്ദം!!
അവിരാപ്പി ചെവിയോര്‍ത്തു.. ദേ വീണ്ടും...!
അവറാന്‍...അവറാന്‍... അവറാന്‍...
ദുഷ്ട, കുലട, കശ്മല, നയന്‍താര...
അവറാനോട് ഇവള്‍ക്ക് എന്താണു ബന്ധമെന്ന് അറിഞ്ഞിട്ടു തന്നെ കാര്യം. അവിരാപ്പി തീരുമാനിച്ചു.
അവിരാപ്പി പതിയെ കിടന്നിടത്തു മുട്ടുകുത്തി നിന്നു. അപ്പോള്‍ തൊട്ടരികെ മരുന്നിന്‍റെ ലഹരിയില്‍ ഗാഢനിദ്രയിലാണ്ട ലൂസിക്കുട്ടി.
അവള്‍ ഉറക്കത്തില്‍ പിച്ചും പേയും പറയുകയാണ്...
അവറാന്‍.. അവറാന്‍...
അവിരാപ്പി അറിയാതെ ഒന്നു മൂളി..
ഹും..!
അവറാനേ..
ങും.....
എന്നാ നമ്മുടെ കല്യാണം?
ങ്ഹേ..?!!
ഉടന്‍ വേണം.... നമ്മളു റജിസ്റ്റര്‍ ആപ്പീസില്‍ പോയി രഹസ്യമായി കല്യാണം കഴിച്ചത് അപ്പച്ചനറിയും മുന്‍പ് നടത്തുമോ?
!!?????
അതിനും സമ്മതം മൂളാന്‍ അവിരാപ്പി അവിടെ ബാക്കിയുണ്ടായിരുന്നില്ല.
പിറ്റേന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പകര്‍ച്ചപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ ഒരാളെ അഡ്മിറ്റു ചെയ്തു.
പേര് അവിരാപ്പി, വയസ്സ് 26!!
(ഇതെഴുതി തീര്‍ത്തപ്പോളേയ്ക്കും എനിക്കു സന്ധികളിലെല്ലാം കടുത്ത വേദന. അജ്ജാതി പനിയാണോ ദൈവമേ വരാന്‍ പോകുന്നത്? അവറാന്‍ പോയിട്ട് അവിരാപ്പി പോലും തിരിഞ്ഞു നോക്കില്ല...!!
അടുത്ത പത്തു പതിനഞ്ചു ദിവസത്തേക്ക് ബ്ളോഗില്‍ അനക്കമൊന്നും കണ്ടില്ലേല്‍ ഞാന്‍ പനി പിടിച്ച് കിടപ്പായിപ്പോയെന്നു മാന്യ വായനക്കാര്‍ വിചാരിക്കുമല്ലോ..!!)
Subscribe to:
Post Comments (Atom)
18 comments:
ലൂസിക്കുട്ടിക്കു പനി പിടിച്ചെടാ....
അവിരാപ്പി ആ വാര്‍ത്ത കേട്ടു വിറച്ചു. ഇപ്പം ലൂസിക്കുട്ടിയും ഇതുപോലെ വിറയ്ക്കുന്നുണ്ടാവുമെന്ന് അവനോര്‍ത്തു.
എടാ അവളെ നമ്മുടെ വരിക്കേലെ തോമ്മാച്ചനും പിണക്കാട്ടെ മാത്തുക്കുട്ടിയും ചേര്‍ന്ന് ആശുപത്രീലോട്ട് എടുത്തോണ്ടു പോകുന്നതു ഞാന്‍ കണ്ടിട്ടാ വരുന്നത്...!
വിടെടാ വണ്ടി മേരിഗിരി ആശുപത്രീലോട്ട്...!!
പുതിയ പോസ്റ്റ്!! വായിക്കുക, കമന്‍റടിക്കുക...!!
(ലൂസിക്കുട്ടിയെ കേറി കമന്‍റടിച്ചേക്കരുത്, ആശുപത്രിക്കിടക്കിയില്‍നിന്ന് അവറാന്‍ വരും!! പൊക്കും, എനിക്ക് ഉത്തരവാദിത്തമില്ല!)
"വെട്ടുപോത്തിനെ കെട്ടിയാലും ആ കാട്ടുപോത്തിനെ കെട്ടില്ല എന്നു പലവട്ടം ലൂസിക്കുട്ടി പലരോടും പറഞ്ഞെങ്കിലും അവിരാപ്പിയുടെ തൊലിക്കട്ടി അപാരമായിരുന്നു"
അതു കലക്കി.
:) ha ha ...kollaam
കഴിഞ്ഞ ഞായറാഴ്ച ഭരണങ്ങാനം പള്ളിയുടെ പാരീഷ് ഹാളില്‍ പകര്‍ച്ചപ്പനി പ്രതിരോധ മരുന്ന് വിതരണമുണ്ടായിരുന്നു. മരുന്നു കഴിച്ചവരെല്ലാം പിറ്റേന്ന് തന്നെ ആശുപത്രിയിലായി!!
-ആശൂത്രി പള്ളി വകയാ?
:)
:-) കൊള്ളാം,
അങ്ങനെ ഈ നായകനും നായികയെ കിട്ടിയില്ല :-(
കുതിരവട്ടാ,
ഒബ്സര്‍വേഷന്‍ കലക്കി.
ഈ കഥയിലെ നായകന്‍ പക്ഷേ, അവറാന്‍ ആണെങ്കിലോ? നായികയെ കിട്ടിയല്ലോ... പ്രശ്നം തീര്‍ന്നില്ല?!!
തീരുമോ??????
ഇന്ന് രാവിലെ അറിയാതെ സുനീഷിന്റെ ഈ കഥ മനസ്സില്‍ വന്നു ഒരു കമന്റ് ഇടണമല്ലൊ എന്ന് എന്റെ ഞാനാദ്യം ചിന്തിച്ചത് കുതിരവട്ടന്റേ അതേ ഡയലോഗാണ്.. സുനിഷേ ഒരു ശുഭപര്യവസായികഥയും കൂടെ എഴുതൂ മാഷേ:)
കുതിര്‍വെട്ട് പറഞ്ഞതുപോലെ നായകന്മാര്‍ക്കൊക്കെ ഒരു അപമാനമാണല്ലോ സുനീഷിന്റെ സംഭവകഥാ പാത്രക്കടവുകള്‍.
വളരെ പണ്ട് സത്യനെയും പിന്നെ പണ്ട് ജയനെയും നസീറിനെയും പിന്നെ ഇപ്പോള്‍ മമ്മൂട്ടിയേയും ലാലേട്ടനെയും ദിലീപിനെയും സുരേഷേട്ടനെയും കാല്‍ഭാവം മണിയെയും, എന്തിനധികം, സുനീഷിനെ വരെ നായകനായി കണ്ട് അവരെപ്പോലെയൊക്കെയായിരുന്നെങ്കില്‍ എന്ന് സ്വപ്‌നം കണ്ട് നടന്നത് മൊത്തം വെറുതെ.
ഇപ്പോള്‍ നായകന്മാരെ കണ്ടാല്‍ ലൂസേഴ്‌സ് ഫൈനല്‍ കാണുന്നതുപോലെ.
കഥ കലക്കി പതിവുപോലെ എന്ന് മാത്രം പറഞ്ഞില്ല :)
വക്കാരിമാഷേ...
ഭരണങ്ങാനത്തെ നായകന്‍മാരെല്ലാം അങ്ങനെയായിപ്പോയി.
എങ്ങനെയെഴുതിയാലും ക്ളൈമാക്സില്‍ നായകന്‍ തോല്‍ക്കും...
"ദുഷ്ട, കുലട, കശ്മല, നയന്‍താര... "
ഒരല്പം കൈയീന്നിട്ടതാണില്ലേ... അതു വേണ്ടാരുന്നു...ബാക്കി ഉഗ്രന്‍.. അത്യുഗ്രന്‍...ഇസ്റ്ട്ടായി വോനെ... സുനീശാ...ഹ ഹ ഹ..
നയന്താരയുടെ വിശേഷണം അക്രമമായി! എന്തു നല്ല കൊച്ചാരുന്നു ;)
സമകാലീന കഥയാണല്ലേ?
:-)
അയ്യയ്യോ... തെറ്റിദ്ധരിക്കരുത്.
ലൂസിക്കുട്ടിയോട് അവിരാപ്പിയ്ക്കുള്ള വിശുദ്ധവും അഗാധവും അതിലേറെ സ്വപ്നതുല്യവുമായ പ്രണയത്തെ സൂചിപ്പിക്കാനാണു ഞാന്‍ നയന്‍താര എന്ന വാക്ക് ഉപയോഗിച്ചത്. തന്‍റെ പ്രേമഭാജനത്തോട് അവിരാപ്പിക്കു തോന്നുന്ന ദേഷ്യം പതിയെ സമരസപ്പെട്ട് വീണ്ടും പ്രണയപൂര്‍ണമാകുന്നതിന്‍റെയും തെളിവാണത്.
നോക്കുക... ദുഷ്ട, കശ്മല, കുലട...ദേഷ്യത്തിന്‍റെ സൂപ്പര്‍ലേറ്റീവ് ഡിഗ്രിയില്‍നിന്ന് ഒരു കാമുകനെന്ന നിലയില്‍ അവിരാപ്പി ഇരട്ടി പ്രണയത്തിലേക്കു വഴുതിവീഴുകയാണ്.... അവിടെ അയാളെപ്പോലെയൊരു ഉത്തരാധുനിക ലോകത്തെ ചെറുപ്പക്കാരന്‍ അവളെ നയന്‍ താര എന്നല്ലാതെ എന്തു വിളിക്കും? മര്‍ലിന്‍ മണ്‍റോ എന്നു വിളിച്ചാല്‍ അതിനു കാലം മാപ്പുതരുമോ?
എങ്കിലും, ബൂലോഗത്തെ നയന്‍താര അരാധകര്‍ക്ക് എന്‍റെ എഴുത്തിലും ഉദ്ദേശ്യശുദ്ധിയിലും സംശയമുണ്ടായ സാഹചര്യത്തില്‍ നയന്‍താര ഫാന്‍സ് അസോസിയേഷനോട് ഞാന്‍ നിരുപാധികം മാപ്പപേക്ഷിക്കുന്നു.
വിടുതല്‍ വിടുതല്‍ അമ്മാ...
എമാത്തണം, പൈത്യക്കാരന്‍ താ...!!!!!
ഡാ.. ഇത്തവണേം നായിക വടിവെച്ചു തന്നേച്ചു പോയി... ഇനിയെങ്ങാനും ഇത്തരം കഥകളെഴുതിയാല്‍ ഞാന്‍ വേറൊരുബ്ളോഗു കൂടി തുടങ്ങും. ഇത്തരം നായകരെക്കുറിച്ച് ആ നായികമാര്‍ക്ക് പറയാനുള്ളകാര്യമെല്ലാം, മതില്‍ ഉയര്‍ത്തി കെട്ടിയതടക്കം അങ്ങു പറഞ്ഞേക്കും. നിന്‍റെ നായകന്മാര്‍ക്ക് ഇച്ചിരി ധൈര്യമരുന്ന് കൊടുക്കാന്‍ എന്നതാ ഒരു വഴി...
ദുഷ്ട, കുലട, കശ്മല, നയന്‍താര...ഇത് എനിക്കിഷ്ടപ്പെട്ടൂ....അവള്‍ക്ക് അങ്ങനെ തന്നെ വേണം.....
:)
nallatha....ur stories hav a gud flow.....
Post a Comment