Wednesday, June 20, 2007

വെസ്പ്രിക്കാനയും വയലറ്റു മേഘവും


ഞാന്‍ ഇന്നു രാവിലെ മരിച്ചു.

എന്‍റെ കൂടെ ആത്മാര്‍ഥ സുഹൃത്തക്കളായ ബാബുവും ജോര്‍ജുകുട്ടിയും മരിച്ചു. ഞങ്ങളു മൂന്നു പേരുംകൂടി ഭരണങ്ങാനം പള്ളിയുടെ മുന്‍പിലത്തെ കൊന്നത്തെങ്ങിന്‍റെ ചുവട്ടില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോളായിരുന്നു മരണം. തെങ്ങില്‍നിന്ന് സൈമുള്‍ട്ടേനിയസായി വീണ മൂന്നു മച്ചിങ്ങകളാണു ഞങ്ങളുടെ ജീവന്‍ അപഹരിച്ചത്. മൂന്നും വീണതു ഞങ്ങളുടെ നെറുകം തലയില്‍. വീണപാടെ വെട്ടിയിട്ട വാഴ പോലെ മൂന്നും നിലത്തുവീണു. ഞാന്‍ ഒന്നു പിടച്ചതായി ഓര്‍ക്കുന്നുണ്ട്. മറ്റു രണ്ടവന്‍മാരും പിടച്ചുപോലുമില്ല. അതിനു മുന്‍പേ കാറ്റുപോയി.

നാട്ടുകാരു ഞങ്ങളുടെ കിടപ്പു കണ്ട് തിരിഞ്ഞുപോലും നോക്കിയില്ല. വൈകുന്നേരമായിട്ടും എഴുന്നേല്‍ക്കാതെ കിടക്കുന്ന കണ്ട പള്ളീലച്ചനാണ് ഞങ്ങള്‍ മരിച്ച വിവരം ആദ്യമായി സ്ഥിരീകരിച്ചത്. കയ്യില്‍ ഒരു മൊന്ത നിറയെ മോരുമായി വന്ന അദ്ദേഹത്തിന് എന്‍റെ മുഖത്തേക്കു നോക്കിയതേ കാര്യം പിടികിട്ടി.

വളരെ വേഗം തന്നെ സംസ്കാരം നടത്തി. വീട്ടുകാരൊക്കെ നെഞ്ചത്തടിച്ചു കരയുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. പക്ഷേ അവര്‍ക്കെന്തോ വലിയ സങ്കടമൊന്നും കണ്ടില്ല. ഞങ്ങള്‍ക്കും വല്യ സങ്കടമൊന്നുമുണ്ടായിരുന്നില്ല. കാരണം, മരിച്ചപ്പോഴും ഞങ്ങളു മൂന്നുപേരും ഒന്നിച്ചായിരുന്നല്ലോ.

സംസ്കാര കര്‍മങ്ങള്‍ തുടങ്ങി. ഒരു മാന്യവൈദികന്‍ ഒപ്പീസു ചെല്ലാന്‍ തുടങ്ങും വരെ കുഴപ്പമൊന്നുമില്ലായിരുന്നു. അങ്ങേര് ഒപ്പീസു തുടങ്ങിയപ്പോള്‍ മുതല്‍ കഴുത്തേല്‍ കയറിട്ട് ആരോ മുകളിലോട്ടു വലിക്കുന്നതു പോലെ. ഒരോ സെക്കന്‍ഡിലും വലിയുടെ ശക്തി കൂടിവന്നു.

ഒടുവില്‍ വൈദികശ്രേഷ്ഠന്‍ അന്ത്യ ആശീര്‍വാദത്തിനു കൈ ഉയര്‍ത്തിയ ആ സെക്കന്‍ഡില്‍ ആരൊക്കെയോ ചേര്‍ന്നു ‍ഞങ്ങളെ പൊക്കിയെടുത്തു. ഭൂമി ഞങ്ങളുടെ കാല്‍ചുവട്ടില്‍. പതിയെപ്പതിയെ ആകാശത്തെ മേഘങ്ങള്‍ തൊട്ടരികിലായി. ഞങ്ങള്‍ പിന്നെയും പൊങ്ങിക്കൊണ്ടിരുന്നു.

ഭരണങ്ങാനം സെന്‍റ് മേരീസ് ഫൊറോന പള്ളിയും സെമിത്തേരിയും അമ്പാറ കള്ളുഷാപ്പും മീനിച്ചിലാറും ഗോപിച്ചേട്ടന്‍റെ മുറുക്കാന്‍ കടയും അവിടുത്തെ സിഗററ്റുപെട്ടിയുമെല്ലാം ഞങ്ങളെ വിട്ട് അങ്ങുതാഴെ. ഞങ്ങളോ ഇങ്ങ് അനന്തവിഹായസ്സില്‍ ആകെപ്പാടെ ഒന്നുമല്ലാത്ത അവസ്ഥയില്‍ പഞ്ഞിമേഘം പോലെ പറന്നുകൊണ്ടിരുന്നു.

ഭൂമിയില്‍നിന്നു നോക്കിയാല്‍ കാണുന്ന പഞ്ഞിമേഘങ്ങള്‍ പിന്നിട്ട് പിന്നെയും പറക്കല്‍ തുടര്‍ന്നു. ഇടയ്ക്ക് ഇന്‍ഡ്യന്‍റെ ഒരു ചടാക്ക് വിമാനം ഞങ്ങളെ ഇടിച്ചുഇടിച്ചില്ല എന്ന മട്ടില്‍ കടന്നുപോയി. വിമാനം എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും നേരിട്ടു കാണുന്നത് ആദ്യമായിട്ടായിരുന്നു. നാട്ടിലൂടെ ഓടുന്ന റോഡ് ലൈന്‍സ് ബസ് ഇതിനേക്കാള്‍ മെച്ചമാണെന്ന് ഒറ്റകാഴ്ചയിലേ മനസ്സിലായി. ഞങ്ങളെ കണ്ടിട്ടാവണം, പെലൈറ്റ് വിമാനത്തിലിരുന്ന് ഒരു ഹോണടിച്ചു. ലൈറ്റും ഇട്ടു കാണിച്ചു കടന്നുപോയി.

പറക്കല്‍ പിന്നെയും തുടര്‍ന്നു. കുറേനേരത്തേക്ക് ശൂന്യത മാത്രമായിരുന്നു. ശൂന്യത പിന്നിട്ടു പിന്നെയും പറന്നപ്പോള്‍ വയലറ്റ്, പച്ച, മഞ്ഞ, നീല, ചുവപ്പ് തുടങ്ങി പലനിറത്തിലുള്ള മേഘങ്ങള്‍ കാണാന്‍ തുടങ്ങി. മേഘങ്ങള്‍ക്കിടയിലൂടെ കൊട്ടാരം പോലെ തോന്നിക്കുന്ന വലിയ ഒരുകെട്ടിടം.

ചുറ്റിനും അത്രയും തന്നെ വലിപ്പമില്ലെങ്കിലും കാഴ്ചയില്‍ അത്രയ്ക്കു തന്നെ മനോഹരമായ കെട്ടിടങ്ങള്‍ വേറെയും. ചുറ്റിനും വലിയ പൂന്തോട്ടങ്ങള്‍. അമ്യൂസ്മെന്‍റ് പാര്‍ക്ക്. വെള്ളച്ചാട്ടങ്ങള്‍. ആകെപ്പാടെ ഏതോ വിദേശരാജ്യത്തു ചെന്ന പ്രതീതി.

വെസ്പ്രിക്കാന എന്ന വലിയൊരു ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടു. ഇതാണു ശുദ്ധീകരണ സ്ഥലം എന്നെനിക്കു മനസ്സിലായി. ഭൂമിയില്‍നിന്നു മരിച്ചെത്തുന്നവരെ ഇവിടെയാണു താമസിപ്പിക്കുക എന്നു മനസ്സിലായി. ഇവിടെനിന്നാണ് സ്വര്‍ഗത്തിലേക്കാണോ നരകത്തിലേക്കാണോ പോകേണ്ടതെന്നു തീരുമാനിക്കുക. ഭൂമിയില്‍ ചെയ്ത നല്ല കാര്യങ്ങളുടെ കണക്ക് അനുസരിച്ചാണു സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ഉള്ള വീസ കിട്ടുക. ഞങ്ങളുടെ പറക്കല്‍ വെസ്പ്രിക്കാനയുടെ തിരുമുറ്റത്ത് അവസാനിച്ചു.

പവിഴം പോലെ തോന്നിക്കുന്ന കല്ലുകള്‍ പാകിയ മുറ്റത്ത് ഞങ്ങളുടെ കാലുകള്‍ തൊട്ടു. ഞങ്ങള്‍ ചുറ്റും നോക്കി. മുന്‍വശത്ത് റിസപ്ഷനില്‍ ഒരു സ്ത്രീരത്നം ഇരിക്കുന്നതു കണ്ടു. നേരെ അങ്ങോട്ടു നടന്നു. ചെന്ന പാടെ ഞെട്ടിപ്പോയി.

നമ്മുടെ മരിച്ചുപോയ സിനിമാ താരം സൗന്ദര്യ. ദൈവമേ...വെസ്പ്രിക്കാനയിലെ റിസപ്ഷനിസ്റ്റ് ആണിപ്പോള്‍ സൗന്ദര്യ. യാത്രക്കാരുടെ ശ്രദ്ധയ്ക്കും കിളിച്ചുണ്ട്ന്‍ മാമ്പഴവും കുറഞ്ഞത് അമ്പതു തവണയെങ്കിലും കണ്ടിട്ടുണ്ട്. നല്ല ശേലുള്ള നടിയായിരുന്നു.

മര്യാദയ്ക്ക് വിമാനം പറത്തിക്കൊണ്ടിരുന്ന പൈലറ്റിനെ ചാക്കിലാക്കി ഞാനും കൂടി കാണട്ടെ എന്നും പറഞ്ഞു കോക്പിറ്റില്‍ കയറിയതാണ്. അവിടുത്തെ ഏതോ ലിവറില്‍ അറിയാതെ കൈ തട്ടിയതാണ്. സൗന്ദര്യയും വിമാനവും കത്തിക്കരിഞ്ഞു ചാമ്പലായിപ്പോയി. മര്യാദയ്ക്കു സീറ്റ് ബെല്‍റ്റും ഇട്ട് സീറ്റിലിരുന്നിരുന്നെങ്കില്‍ ഇത്ര പെട്ടെന്ന് ഈ സീറ്റിലിരിക്കേണ്ടി വരില്ലായിരുന്നല്ലോ എന്നോര്‍ത്തു പോയി. നേരെ അങ്ങോട്ടു ചെന്നു. ഞങ്ങളെ കണ്ട പാടെ സൗന്ദര്യ ചിരിച്ചു. നല്ല ചിരി.

ഹല്ലോ സുനീഷ്, യാത്രയൊക്കെ സുഖമായിരുന്നോ?

എനിക്കു സന്തോഷമായി. സൗന്ദര്യക്ക് എന്നെ അറിയാം. ഈ സിനിമാക്കാരുടെ ഒരു കാര്യമേ...

നിങ്ങളു വരുന്ന വിവരം കാണിച്ചുള്ള കാലന്‍റെ എസ്എംഎസ് ഇപ്പോള്‍ വന്നതേയുള്ളൂ. അതുകൊണ്ട് അറേന്‍ജ്മെന്‍റ്സ് ഒക്കെ ആയി വരുന്നതേയുള്ളൂ. നിങ്ങളുടെ ഭൂമിയിലെ സാഹസികചരിത്രവും ആക്കൗണ്ട്, ക്രെഡിറ്റ്, ഡെബിറ്റ് ഫയലുകളുമൊക്കെ എത്താന്‍ അല്‍പം വൈകും. അതുകൊണ്ട് നിങ്ങള്‍ ഇവിടെമെല്ലാം ഒന്നു ചുറ്റിക്കറങ്ങി വാ... രണ്ടു മണിക്കൂറുകൊണ്ട് എല്ലാം ശരിയാക്കി വിടാം.

സൗന്ദര്യ മാഡത്തോട് ഞങ്ങള്‍ക്കു പണ്ടുണ്ടായിരുന്ന ആരാധന ഇരട്ടിയായ പോലെ. തൊട്ടപ്പുറത്ത് കണക്കുപുസ്തകം മറിച്ചുനോക്കി മറ്റൊരാള്‍ ഇരിപ്പുണ്ടായിരുന്ന മാ‍‍ഡത്തിനെ തൊട്ടുപിന്നാലെയാണു കണ്ടത്. കണ്ടപ്പോളേ ഞാന്‍ തകര്‍ന്നുപോയി. മോനിഷ. ഫ്രണ്ട് ഓഫിസ് അസിസ്റ്റന്‍റാണ്. ഞങ്ങളെയൊന്നും കണ്ട ഭാവം പോലും കാണിക്കുന്നില്ല. ഞാന്‍ ഒന്നു ചിരിച്ചു കാണിച്ചു നോക്കി. രക്ഷയില്ല.

എല്ലാം കറങ്ങിക്കാണാന്‍ ആവശ്യത്തിനു സമയമുണ്ട്. പോയി വന്നോളൂ. - സൗന്ദര്യ വീണ്ടും അനുവാദം തന്നു.

ഇവിടം വരെ വന്ന സ്ഥിതിക്ക് ആദ്യം വെസ്പ്രിക്കായുടെ അകം മുഴുവന്‍ ഒന്നു കണ്ടേക്കാമെന്നു ഞങ്ങള്‍ തീരൂമാനിച്ചു. റിസപ്ഷന്‍ കടന്ന് നേരെ അകത്തോട്ടു കയറി. ആകെപ്പാടെ എന്താണു പറയേണ്ടത് എന്നറിയില്ല. അത്രയ്ക്കു ഭയങ്കരമായിരുന്നു അവിടുത്തെ സ്ഥിതിഗതികള്‍.

പണ്ടൊരിക്കല്‍ കൊച്ചിയിലെ ലേ മെറിഡിയിന്‍ ഹോട്ടലിന്‍റെ അകത്തു കയറിയപ്പോള്‍ തോന്നിയ ഇന്‍ഫീരിയോറിറ്റി കോംപ്ളക്സ് തന്നെ വീണ്ടും ഉള്ളില്‍ തികട്ടി വന്നു. വിലകൂടിയ ഇനം ഇറ്റാലിയന്‍ മാര്‍ബിള്‍ ആണു ഫ്ളോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. ഭിത്തിയില്‍ വുഡന്‍ പാനലിങ്. അതും വിലകൂടിയ എന്തോ തടിയാണ്. നമ്മുടെ ലോക്കല്‍ ഈട്ടിയും തേക്കുമൊന്നുമല്ല. ചന്ദനമാണോ എന്നു പോലും സംശയിക്കും. സെന്‍ട്രലൈസ്ഡ് എസിയാണ്. ഭിത്തിയില്‍ വാന്‍ഗോഘും മറ്റുംവരച്ച ചിത്രങ്ങള്‍. എല്ലാവരും ഇപ്പോള്‍ അവൈലബിള്‍ ആയതുകൊണ്ട് വെസ്പ്രിക്കാനക്കാര്‍ക്ക് എന്തും ആവാമല്ലോ?!!

നേരെ അകത്തോട്ടു നടന്നു. ഹോട്ടല്‍ റൂമു പോലെ മുറികള്‍. എല്ലാ മുറികളിലും എന്തൊക്കെയോ ജോലികള്‍ ചെയ്യുന്നവര്‍. സ്വര്‍ഗത്തില്‍നിന്നും നരകത്തില്‍നിന്നുമായി മൂന്നുമാസത്തെ ഡപ്യൂട്ടേഷനില്‍ ആണു വെസ്പ്രിക്കാനയില്‍ ആളെ ജോലിക്കു നിയമിക്കുക. ഡപ്യൂട്ടേഷന്‍ കഴിഞ്ഞാല്‍ വീണ്ടും പഴയ ലാവണത്തിലേക്കു തിരിച്ചു പോവണം അത്രേ..!

നടന്നു നടന്ന് ഞങ്ങള്‍ വെസ്പ്രിക്കാനയുടെ ഏതാണ്ട് നാലിലൊന്നു ഭാഗവും കണ്ടു തീര്‍ത്തു. അപ്പോളേയ്ക്കും ആശ്ചര്യം കൂടിക്കൂടി ബോറഡി തുടങ്ങി.ബോറഡിച്ചാല്‍ ഒന്നെങ്കില്‍ തിരിച്ചടിക്കണം, അല്ലെങ്കില്‍ മറ്റെന്തെങ്കിലും അടിക്കണം. അതായിരുന്നു ഞങ്ങളുടെ പോളിസി.

ഇവിടെ ഇത്രയുമൊക്കെ സെറ്റപ്പ് ഉള്ള സ്ഥിതിക്ക് അതും കാണുമായിരിക്കുമെടാ...- ബാബു പറഞ്ഞു.

നമുക്ക് ആരോടെങ്കിലും ചോദിക്കാം. - ജോര്‍ജുകുട്ടി.

ആരോടു ചോദിക്കാന്‍- ഞാന്‍.

‍വല്ല സെക്യൂരിറ്റിക്കാരനോടും ചോദിക്കാം- ജോര്‍ജുകുട്ടി വീണ്ടും.

പിന്നീട് സെക്യൂരിറ്റിക്കാരനെ അന്വേഷിച്ചായി ഞങ്ങളുടെ യാത്ര. ഒടുവില്‍ വെസ്പ്രിക്കാനയുടെ പിന്‍വശത്തെ ഗേറ്റിനു സമീപം കൊമ്പന്‍ മീശയും ത്രീനോട്ട് ത്രീ റൈഫിളും തൂക്കി നില്‍ക്കുന്ന ഒരാളെ കണ്ടു. പച്ചക്കുപ്പായം. കഴുത്തില്‍ വെടിയുണ്ടമാല.ഞങ്ങളെ കണ്ടതും സെക്യൂരിറ്റി ചേട്ടന്‍ തിരിഞ്ഞുനോക്കി.


ചേട്ടനെ കണ്ടു ഞെട്ടി.

വീരപ്പന്‍. മരിച്ചുപോയ സോറി, ദൗത്യസേനക്കാരു വെടിവെച്ചു കൊന്ന കാട്ടുകള്ളന്‍ വീരപ്പന്‍. മൂപ്പര്‍ക്കിപ്പം ശൂദ്ധീകരണ സ്ഥലത്തു കാവലാണു പണി. കൊള്ളാം നല്ല പണി.

ചോദ്യഭാവത്തില്‍ നോക്കിയ വീരപ്പനോട് ബാബു കാര്യം തിരക്കി.

അണ്ണാ, ഇങ്കെ ബ്രാണ്ടി ഷാപ്പ് ഇറുക്കതാ....

വീരപ്പന്‍ കണ്ണുരുട്ടി.

എന്നടാ ഇത്. ഇതു വെസ്പ്രിക്കാന. ഇങ്ങെ ബ്രാണ്ടി ക്രീണ്ടി ആനാ അന്ത മാതിരിയൊന്നും കിടയ്ക്കാത്. തണ്ണി കിടയ്ക്കും.

ബാബു നിരാശനായി. ഞാനും. ജോര്‍ജുകുട്ടി നിരാശനായില്ല.

അണ്ണാ, അതല്ലേയ്. ഒരു ഫുള്ളു കിടച്ചാല്‍ പകുതി അണ്ണനുക്കു താന്‍..

അതേറ്റു. അണ്ണന്‍റെ കണ്ണു തിളങ്ങി. പിരിച്ചുവച്ചിരുന്ന കൊമ്പന്‍ മീശ അയഞ്ഞു.

അണ്ണന്‍ ഞങ്ങളെ അടുത്തുവിളിച്ചു. എന്നിട്ടു നല്ല തനിമലയാളത്തില്‍ ചെവിയില്‍ കാര്യം പറഞ്ഞു.

മക്കളേ നിങ്ങള് ഒരു കാര്യം ചെയ്യ്. ഈ ഗേറ്റ് കടന്നു നേരെ മുന്നോട്ടു നടക്കുക. ഒരു പത്തുമിനിട്ടു നടന്നു കഴിയുമ്പോള്‍ ഒരു ചെറിയ മാടക്കട കാണും. കല്ലുവാതുക്കല്‍ മദ്യക്കേസില്‍പ്പെട്ട് ഒളിച്ചു താമസിക്കുന്ന ഒരുത്തന്‍റെ വകയാ. നമ്മുടെ പഴയ സിനിമാക്കാരന്‍ ജോണ്‍ ഏബ്രഹാം കടയില്‍ സ്ഥിരമായി കാണും. അവിടെചെന്നു ജോണിനോടു കാര്യം പറഞ്ഞാല്‍ മതി. പായ്ക്കറ്റിലാണു സാധനം കിട്ടുക. മക്കളു നാലെണ്ണം വാങ്ങിക്കോ. എന്‍റെ പേരില്‍ പറ്റെഴുതാന്‍ പറഞ്ഞാല്‍ മതി.

ഞങ്ങളു തലകുലുക്കി. എന്നിട്ട് ആരും കാണാതെ പതിയെ ഗേറ്റു തുറന്നു പുറത്തിറങ്ങി.

ആ പിന്നേയ്...വീരപ്പന്‍ പിന്നില്‍നിന്നു വിളിച്ചു.

എന്താ അണ്ണാ?

കൂടെ ഒരുപായ്ക്കറ്റ് അച്ചാറും കൂടി മേടിച്ചോണം...

ഞങ്ങളു വീണ്ടും തല കുലുക്കി. തലയല്ലേ ചുമ്മാ കുലുക്കുന്നതു കൊണ്ടു നഷ്ടമില്ലല്ലോ..!!

പതിയെ നടന്നു തുടങ്ങിയപ്പോള്‍ വീണ്ടും പിന്‍വിളി. വീരപ്പന്‍ തന്നെ.

ഒരു പ്രധാന കാര്യം പറയാന്‍ മറന്നു. നിങ്ങള് പുറത്തിറങ്ങി നടക്കുമ്പോള്‍ സൂക്ഷിക്കണം. താഴെയുള്ള മേഘത്തില്‍ ചവിട്ടി വേണം പോകാന്‍. പല നിറത്തിലുള്ള മേഘങ്ങള്‍ കാണാം. അതില്‍ വയലറ്റ് നിറമുള്ള മേഘത്തില്‍ ഒരിക്കലും ചവിട്ടിയേക്കരുത്. സംഗതിയാകെ പാളും.- വീരപ്പന്‍റെ മുന്നറിയിപ്പ്.

ഞങ്ങളു സമ്മതഭാവത്തില്‍ വീണ്ടും തലകുലുക്കി.

പതിയെ മേഘത്തില്‍ ചവിട്ടി നടപ്പു തുടങ്ങി. വയലറ്റ് മേഘം വരുമ്പോള്‍ വഴി മാറിയാണു നടപ്പ്. നടക്കാന്‍ ഏറ്റവും സുഖമുള്ള മേഖം ചുവപ്പുനിറമുള്ളതാണെന്നു മനസ്സിലായി. നല്ല ഉറപ്പ്. വെള്ള നിറമുള്ള മേഘവും ഇടയ്ക്കുണ്ട്. അതില്‍ ചവിട്ടാനൊരു പേടി. കാലേലെ ചെളി അതില്‍ പറ്റും. അതു വേണ്ട..

നടന്നു നടന്ന് ഞങ്ങള് ഒരുപാടു ദൂരം നടന്നു. അപ്പോള്‍ അകലെ ഒരു മാടക്കട ദൃഷ്ടിയില്‍പ്പെട്ടു. എനിക്കു സന്തോഷം സഹിച്ചില്ല. ഞാന്‍ തുള്ളിച്ചാടാന്‍ തുടങ്ങി.

കൂടെയുള്ളവരും ചാടിയിരുന്നെങ്കിലും എന്‍റെ ചാട്ടം ഇടയ്ക്കെപ്പോഴേ പിഴച്ചു. അറിയാതെ ഏതോ ഒരു വയലറ്റ് മേഘത്തില്‍ എന്‍റെ കാലൊന്നു കൊണ്ടു.

തലയ്ക്ക് അപ്പ കട്ടി അടി ഒന്ന്. ബോധം പോയി.

ബോധം തെളിഞ്ഞപ്പോള്‍ ആദ്യം ചെന്ന വെസ്പ്രിക്കാനയുടെ റിസപ്ഷനു സമീപം തറയില്‍ ഇരുത്തിയിരിക്കുകയാണ്. റിസപ്ഷനില്‍ സൗന്ദര്യയെ കാണാനില്ല. ഞാന്‍ കണ്ണു തുറന്നു ചുറ്റും നോക്കി. വലത്തുഭാഗത്തേക്കു നോക്കിയ ഞാന്‍ ഞെട്ടിക്കരഞ്ഞുപോയി.

ഒന്നുകൂടി നോക്കി. വീണ്ടും ഞെട്ടി.

കറുത്ത് കരുവാളിച്ച നിറം. ചുവന്ന കണ്ണുകള്‍. വലിയൊരു വാല്. അറ്റത്ത് കുന്തമുന പോലെ എന്തോ ഒന്ന്. മുഖം നിറയെ കറുത്ത രോമങ്ങള്‍. ഒറ്റകാഴ്ചയില്‍ത്തന്നെ ഛര്‍ദിക്കാന്‍ വരുന്ന പരുവത്തിലൊരു ചെകുത്താന്‍ എന്‍റെ വലത്തുവശത്ത്!

ദൈവമേ... ഞാന്‍ അറിയാതെ വിളിച്ചുപോയി.

അതുകേട്ട് പുറത്തുനിന്ന് ഒരാള്‍ കയറി വന്നു. നിനക്കൊക്കെ ഇതുവേണം. ഇവിടെ കാലുകുത്തിയില്ല. അതിനു മുന്‍പേ മതിലുചാടി കള്ളു കുടിക്കാന്‍ പോയി. വയലറ്റ് മേഘത്തിലും ചവിട്ടി. ഇനി ആയുഷ്ക്കാലം നിന്‍റെ കൂടെ ഈ ചെകുത്താനുമുണ്ടാവും. അനുഭവിച്ചോ....

കാര്യങ്ങളുടെ ഗൗരവം എനിക്ക് അപ്പോളാണു പിടികിട്ടിയത്. വയലറ്റ് മേഘത്തില്‍ ചവിട്ടിയതിനുള്ള ശിക്ഷയാണ് ഈ ചെകുത്താന്‍. ഇനി സ്ഥിരമായി സന്തത സഹചാരിയായി ഈ പിശാച് കൂടെക്കാണും. കഷ്ടമായിപ്പോയി...

ഞാന്‍ ചെകുത്താനെ നോക്കി. അവന്‍ എന്നെ നോക്കിയൊന്നു ചിരിച്ചു. എനിക്കു അതു കണ്ടപ്പോള്‍ കരച്ചിലാണു വന്നത്.

അങ്ങനെ ഓരോന്ന് ആലോചിച്ചും തപിച്ചും ഇരിക്കെ ദാണ്ടെ വരുന്നു ബാബു. അവനെ കണ്ടതും കരയാന്‍ തുടങ്ങിയ ഞാന്‍ അതു വേണ്ടെന്നു തീരുമാനിച്ചു പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ചിരിക്കാതെ തരമില്ലായിരുന്നു. കാരണം, എന്‍റെ കൂടെയുള്ളതിനെക്കാള്‍ വിരൂപനായ ഒരു ചെകുത്താന്‍ അവനൊപ്പവും.

കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണു ബാബുവിന്‍റെ വരവ്.

എന്‍റെ അടുത്തിരിക്കുന്നയാളെ കണ്ടപ്പോള്‍ അവനും സമാധാനമായി. അവന്‍റെ കരച്ചില്‍ നിന്നു. പകരം ചിരി തുടങ്ങി.

നീയും വയലറ്റു മേഘത്തില്‍ ചവിട്ടി അല്ലേടാ?

ചവിട്ടിയാല്‍ എന്തുപറ്റും എന്നറിയാന്‍ ചവിട്ടി നോക്കിയതാടാ... അത് അബദ്ധമായിപ്പോയി..ആ സാരമില്ല നീയും കൂടെയുണ്ടല്ലോ... ബാബുവിന് അതൊരു പ്രശ്നമേ അല്ലായിരുന്നു.

ഞങ്ങളു രണ്ടു പേരും ആ ഇരിപ്പു തുടര്‍ന്നു. പക്ഷേ ജോര്‍ജുകുട്ടിയെ കാണുന്നില്ല. അവന്‍ എവിടെപ്പോയി?
നേരെ ചൊവ്വേ നടന്നു കടയില്‍ചെന്നു സാധനവും വാങ്ങി തിരിച്ചു പോന്നു കാണും. ഇപ്പോള്‍ അവനും വീരപ്പനുംകൂടി അടി തുടങ്ങിക്കാണും. എനിക്കാകെ നിരാശയായി.

നിരാശയുടെ കനം കൂടിക്കൂടി വരവേ അപ്രതീക്ഷിതമായി ജോര്‍ജുകുട്ടി അവിടേക്കു കടന്നുവന്നു. അവനെ കണ്ടതും ശരിക്കും ഞാന്‍ ഞെട്ടിപ്പോയി.

അവനൊപ്പം മരിച്ചുപോയ നമ്മുടെ ഡയാന രാജകുമാരി.

അളിയാ....

ബാബുവിന്‍റെ ആ വിളി ഒരു കരച്ചിലായിരുന്നു. ഡയാന രാജകുമാരിയും കരയുന്നുണ്ടായിരുന്നു. അത് എന്തിനാണെന്ന് എനിക്കു മനസ്സിലായില്ല. ജോര്‍ജുകുട്ടിക്കു നല്ല സന്തോഷമായിരുന്നു.

എന്താടാ പറ്റിയത്?

ജോര്‍ജുകുട്ടി പതിയെ ശബ്ദം താഴ്ത്തി ഞങ്ങളോടു കാര്യം പറഞ്ഞു. എടാ നിങ്ങളെ രണ്ടു പേരെയും കാണാതായിട്ടും ഞാന്‍ നടപ്പു തുടര്‍ന്നു. ഒടുവില്‍ വയലറ്റു മേഘത്തില്‍ ചവിട്ടാതെ കടയില്‍ച്ചെന്നു സാധനം വാങ്ങി. നാലു പായ്ക്കറ്റ്.

നിങ്ങളു രണ്ടുപേരെയും കാണാതായതു കൊണ്ട് ഒരെണ്ണം അവിടെ വച്ചു തന്നെ അടിക്കാന്‍ തീരുമാനിച്ചു. ഒരെണ്ണം അടിച്ചതേ എനിക്കോര്‍മയുള്ളൂ. കാലു വേച്ചുപോയി. അറിയാതെ ഏതോ വയലറ്റു മേഘത്തില്‍ ഞാനും ചവിട്ടിയെന്നു തോന്നുന്നു. എന്താണു സംഭവിച്ചതെന്നറിയില്ല. കെട്ടിറങ്ങിയപ്പോള്‍ മുതല്‍ ഡയാന മാഡത്തിനൊപ്പമാണു ഡ്യൂട്ടി. അവര്‍ എവിടെപ്പോയാലും കൂടെപ്പോണം.

നിങ്ങള്‍ക്കൊപ്പമുളള ഈ ചെകുത്താന്‍മാര്‍ ആരാടാ?

ഞങ്ങള്‍ മറുപടി പറയാന്‍ പോയില്ല. പകരം, അവനോട് കടുത്ത അസൂയ തോന്നി.

എങ്കിലും നീയിതെങ്ങനെ ഒപ്പിച്ചെടാ...

ആത്മഗതം പോലെയാണു ഞാനുദ്ദേശിച്ചതെങ്കിലും അതല്‍പം ഉച്ചത്തിലായിപ്പോയി.

അടുത്തുണ്ടായിരുന്നവരൊക്കെ എന്‍റെ മനോഗതം കേട്ടു.

കരഞ്ഞുകലങ്ങിയ കണ്ണുകളുമായിരുന്ന ഡയാന രാജകുമാരിയാണ് അതിനു മറുപടി പറഞ്ഞത്

സുനീഷേ ഞാന്‍ പറയാം. വല്ല ബ്യൂട്ടി പാര്‍ലറുമുണ്ടോ എന്നറിയാന്‍ പുറത്തിറങ്ങി നോക്കിയതാ ഞാന്‍. അറിയാതെ ഒരു വയലറ്റ് മേഘത്തില്‍ ചവിട്ടിപ്പോയി.

അപ്പോള്‍ മുതല്‍ ദേ ഈ ചെകുത്താന്‍ എന്‍റെ കൂടെയുണ്ട്. എന്‍റെ വിധി....!!!

ജോര്‍ജുകുട്ടി അപ്പോളും ചിരിച്ചുകൊണ്ടിരുന്നു. ഒപ്പം ഞങ്ങളുടെ വലത്തുഭാഗത്തുള്ളവന്‍മാരും ചിരിച്ചുകൊണ്ടിരുന്നു. ഞങ്ങള് കരഞ്ഞുകൊണ്ടും.....

31 comments:

SUNISH THOMAS said...

ഞാന്‍ ഇന്നു രാവിലെ മരിച്ചു.

എന്‍റെ കൂടെ ആത്മാര്‍ഥ സുഹൃത്തക്കളായ ബാബുവും ജോര്‍ജുകുട്ടിയും മരിച്ചു. ഞങ്ങളു മൂന്നു പേരുംകൂടി ഭരണങ്ങാനം പള്ളിയുടെ മുന്‍പിലത്തെ കൊന്നത്തെങ്ങിന്‍റെ ചുവട്ടില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോളായിരുന്നു മരണം. തെങ്ങില്‍നിന്ന് സൈമുള്‍ട്ടേനിയസായി വീണ മൂന്നു മച്ചിങ്ങകളാണു ഞങ്ങളുടെ ജീവന്‍ അപഹരിച്ചത്.

Unknown said...

സുനീഷേട്ടാ,
സംഭവം ജോറായിട്ടുണ്ട്. അത്യാവശ്യം രസിക്കുകയും ചെയ്തു. പക്ഷെ പാവപ്പെട്ട മരിച്ച് പോയവരെ എന്തിന് പറയുന്നു. അതും മോനിഷ, സൌന്ദര്യ, ഡയാന... ഹൌ! വല്ല സത്യന്‍,നസീര്‍, എല്വിസ് പ്രെസ്ലി എന്നൊക്കെ പോരേ.(സില്‍ക്കിനെ എങ്ങാനും മെന്‍ഷന്‍ ചെയ്തിരുന്നെങ്കില്‍ എനിക്ക് ചേട്ടനെ കൊല്ലേണ്ടി വന്നേനേ);-)

SUNISH THOMAS said...

ദില്‍ബാ...

സത്യം.

എനിക്കതു തോന്നി. ഞാന്‍ സില്‍ക്ക് എന്നെഴുതി ഡ്രാഫ്റ്റിലിട്ട സാധനം ഒരു വീണ്ടു വിചാരമുണ്ടായതിനെത്തുടര്‍ന്നാണു തിരുത്തി ഡയാന എന്നാക്കിയത്. അതേതായാലും നന്നായി. ഇല്ലായിരുന്നേല്‍ നിന്‍റെ കൈകൊണ്ടു ഞാനിപ്പം വെസ്പ്രിക്കാനയില്‍ എത്തിയേനെ....!

ഇടിവാള്‍ said...

അവതരണം കൊള്ളാം..
ഈമെയില്‍ ഫോര്‍വേര്‍ഡുകളെടുത്തു വച്ചാ കളി അല്ലേ സുനീഷേ? ;)

Dinkan-ഡിങ്കന്‍ said...

സുനീഷേ,
മുമ്പ് കേട്ടിരുന്നെങ്കിലും ഇത് അവതരണ പുതുമയില്‍ കൊള്ളാം. വെസ്പ്രിക്കാനയില്‍ തന്നെ വാറ്റുന്ന ഒരു സാദനം ഉണ്ട്. അതിനായി ശ്രമിച്ചിരുന്നെങ്കില്‍ പുറത്ത് പോവേണ്ടി വരില്ലായിരുന്നു. “ഒബ്ലോംഗട്ട പിസ്തോക്ക” എന്നാണ് അതിന്റെ പേര്.

ഓഫ്.ടൊ
ഈ ഇടിവാളിനെ കൊണ്ട് തോറ്റല്ലോ. ഇയാളിപ്പോള്‍ സാഹിത്യവാരഫലം കൃഷ്ണന്‍ നായര്‍ക്ക് പഠിക്കുവാണൊ? ആകെ ഒരു വിമര്‍ശന ലൈന്‍. ആ കുറുമാന്റെ പൊസ്റ്റിലും ഫ്ലാഷടിച്ചത് കണ്ടു. ആരെയും ജീവിക്കാന്‍ സ്മ്മതിക്കില്ലേ? ഇടിച്ച് കൂമ്പ് വാട്ടണോ?

SUNISH THOMAS said...

ഡിങ്കാ നീ ഇടിക്കരുതേ...
ഇടിവാളു പറഞ്ഞതു ശരിയാണ്. ഇതു പഴയ മെയില്‍ ഫോര്‍വേഡ് പീസിന്‍റെ തനിമലയാളം വേര്‍ഷനാണ്. അതൊന്നു മാറ്റിമറിച്ച് നമ്മുടെ സ്വന്തം കഥയായിഅവതരിപ്പിച്ചെന്നേയുള്ളൂ.
പിന്നെ നമുക്കും വേണ്ടേ ഒരു കൃഷ്ണന്‍ നായര്‍? ഇടി ഗഡി ഇതേലൈന്‍ തുടരട്ടെ. (ഗഡിയുടെ ഈ കമന്‍റ് പക്ഷേ വിമര്‍ശനമാണ് എന്നെനിക്കു തോന്നുന്നില്ല കേട്ടോ)

Unknown said...

പിന്നെ നമുക്കും വേണ്ടേ ഒരു കൃഷ്ണന്‍ നായര്‍? ഇടി ഗഡി ഇതേലൈന്‍ തുടരട്ടെ. (ഗഡിയുടെ ഈ കമന്‍റ് പക്ഷേ വിമര്‍ശനമാണ് എന്നെനിക്കു തോന്നുന്നില്ല കേട്ടോ)

ഹ ഹ.. അത് ശരി. വ്യംഗ്യത്തില്‍ കാര്യം സൂചിപ്പിച്ചാല്‍ അച്ചായന് മനസ്സിലാവത്തില്ല അല്ല്യോ? ഫ.. നിര്‍ത്തിപ്പോടാ കന്നാലീ.. എന്ന് തന്നെ കേള്‍ക്കണം അല്ലേ? :-)

ഓടോ: ഇനി ഈ പറഞ്ഞതിന്റെ പേരില്‍ എഴുത്ത് എങ്ങാനും നിര്‍ത്തിയാല്‍ കളി വേറെയാ പറഞ്ഞേയ്ക്കാം. (കളി പാമ്പും കോണിയും ആക്കാം എന്ന്)

Mr. K# said...

ഇതു പോലത്തെ ഒരു തമാശ പണ്ടെന്നോ കേട്ടിട്ടുണ്ടെങ്കിലും ഈ കഥ രസിച്ചു. നിന്റെ അവതരണരീതി വളരെ നല്ലതാണ്. :-)

SUNISH THOMAS said...

ദില്‍ബാ
നീയെന്നാ വേണേല്‍ പറ‍ഞ്ഞോ.... ഒന്നുംഏക്കത്തില്ല മകനേ...
ഡിങ്കാ ഒരു കണ്ണുവേണം കെട്ടാ, പഴയ അയല്‍വാസിക്കു മേല്‍!!


ഓടോ-
ദില്‍ബാ, നീയിങ്ങു വാ.. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ മൂന്നുദിവസം കിടത്തിയേ വിടുന്നൂള്ളു.
കൊട്ടുകാട് ഷുക്കൂര്‍ പറ‍ഞ്ഞപോലെ... അമ്മച്ചിയാണേ തെങ്ങേ പിടിച്ചു കെട്ടും. കട്ടായം!!!

കുറുമാന്‍ said...

സുനീഷേ......സംഭവം രസിച്ചു. മരിച്ചവരെ വിട്ടുപിടി ഭായ്...ജീവിച്ചിരിക്കുന്നവര്‍ക്കിവിടെ പഞ്ഞം ഒന്നും ഇല്ലല്ല് :)

Mubarak Merchant said...

ഹഹഹ കുറുമാനേ.. സര്‍ദാര്‍ജിമാരൊക്കെ ചത്തെന്ന് കരുതിയോടാ.. എന്ന ലൈന്‍.. അല്ലേ?

SUNISH THOMAS said...

കുറുമാന്‍, ഇക്കാസ്, കുതിരന്‍, ദില്‍ബന്‍, ഡിങ്കന്‍, ഇടിവാള്‍ തുടങ്ങി എല്ലാ ഗഡികള്‍ക്കും നന്ദി.

ഇക്കാസേ, സര്‍ദാര്‍ജിമാര്‍ ഇനിയുമുണ്ട്. അവര്‍ പിന്നാലെയുണ്ടാവും.
കുറുമാനേ, മരിച്ചുപോയവരാണേല്‍ തിരിച്ചുവന്ന് ഉപദ്രവിക്കില്ലല്ലോ എന്നോര്‍ത്താണ് അവരെ കൂടെക്കൂട്ടിയത്.
കുതിരവട്ടാ നന്ദി. എക്സപറ്റേഷന്‍ കീപ്പു ചെയ്യുകയെന്നതു ഭാരിച്ച ഉത്തരവാദിത്തമാണ്!
ഇടിഗഡീ,ദില്‍ബാ, ഡിങ്കാ... നന്ദികള്‍!!!

മുസ്തഫ|musthapha said...

ഹഹഹ സുനീഷ്, അടിപൊളി :)

ഞാനിത് ആദ്യം കേള്‍ക്കുകയാണ്... നന്നായി രസിച്ചു - ക്ലൈമാക്സ് അടിപൊളി :)
മൊഴിമാറ്റം നടത്തിയതാണെങ്കിലും നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

“വെള്ള നിറമുള്ള മേഘവും ഇടയ്ക്കുണ്ട്. അതില്‍ ചവിട്ടാനൊരു പേടി. കാലേലെ ചെളി അതില്‍ പറ്റും. അതു വേണ്ട...”

“അവനെ കണ്ടതും കരയാന്‍ തുടങ്ങിയ ഞാന്‍ അതു വേണ്ടെന്നു തീരുമാനിച്ചു പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ചിരിക്കാതെ തരമില്ലായിരുന്നു. കാരണം, എന്‍റെ കൂടെയുള്ളതിനെക്കാള്‍ വിരൂപനായ ഒരു ചെകുത്താന്‍ അവനൊപ്പവും...”

ഇത് രണ്ടും എന്നെ നന്നായി ചിരിപ്പിച്ചു :)

Kudiyan gkutty said...

Eda neeyenne local chekuthan akkiyalle.. no pblm... dianayude koodeyalle pani....

മനോജ് കുമാർ വട്ടക്കാട്ട് said...

നന്നായിട്ടുണ്ട് സുനീഷേ.

പോക്കിരി said...

ഹ ഹ ഹ..മച്ചാ കലക്കി..സൂപ്പര്‍ പോസ്റ്റ്..

SUNISH THOMAS said...

അഗ്രജാ, നന്ദി.
കുഡിയന്‍ കുട്ടീ നിന്നെ ചെകുത്താനെങ്കിലുമാക്കിയില്ലെങ്കില്‍ പിന്നെ എന്താടാ ഒരു രസം?
പോക്കിരി വാസുവണ്ണാ, താങ്ക്സ്.
പടിപ്പുര മാഷേ, സ്ഥലത്തുണ്ടല്ലേ? സുഖമല്ലേ?

Unknown said...

സൂനീഷ്‌,
Surprising. കത്തും അതിലൂടെ ചെന്നെത്തിപ്പെട്ട ഭരണങ്ങാനം ലോകവും. സന്തോഷം. സുനീഷ്‌ ആളൊരു സീസണ്‍ഡ്‌ ബ്ലോഗറാണല്ലോ. വലിയ ശേഖരം തന്നെയുണ്ടല്ലോ ബ്ലോഗില്‍. സാവകാശം വായിച്ചോളാം. എന്റെതു വെറും തമാശ മാത്രം. അതിനായി ഒന്നും ചെയ്യാറില്ല. മാസികയില്‍ വന്നതു വല്ലതും വാരി അവിടെ നിക്ഷേപിക്കും അത്രയേ ഉള്ളൂ.
എന്തായാലും ഇനി ഇടക്കിടെ ഈ ക്ഷീരപഥത്തില്‍ കാണാം. തൊഴില്‍ മത്സരമില്ലാത്ത സര്‍വതന്ത്രസ്വതന്ത്രലോകമാണല്ലോ ഈ ശൂന്യാകാശം. ആരോടും ഒന്നും വിശദീകരിക്കേണ്ട. വെറും ഫുട്‌ബോള്‍ പ്രേമികളായി മാത്രം ജീവിക്കാന്‍ ഒരിടം.
Stay in touch..
ഒ.ആര്‍.

Visala Manaskan said...

"ഞങ്ങളെ കണ്ടിട്ടാവണം, പെലൈറ്റ് വിമാനത്തിലിരുന്ന് ഒരു ഹോണടിച്ചു. ലൈറ്റും ഇട്ടു കാണിച്ചു കടന്നുപോയി"

ആള്‍ അടുത്തിരിക്കുന്ന കിളി യോട് (കോപ്പന്‍ പൈലറ്റന്‍) നിങ്ങളെ കണ്ട് എന്തെങ്കിലും പറഞ്ഞിട്ടുമുണ്ടാവും...

സുനീഷേ.. അടിപൊളി ആയിട്ടുണ്ട്.

ഉണ്ണിക്കുട്ടന്‍ said...

സുനീഷേ ഏതായലും സ്വര്‍ഗത്തില്‍ ചെന്നപ്പോള്‍ നമ്മുടെ സൌന്ദര്യ നല്ല മണി മണി പോലെ മലയാളം പറഞ്ഞു തുടങ്ങി അല്ലേ.. കലക്കി മച്ചൂ..

മര്യാദയ്ക്ക് വിമാനം പറത്തിക്കൊണ്ടിരുന്ന പൈലറ്റിനെ ചാക്കിലാക്കി ഞാനും കൂടി കാണട്ടെ എന്നും പറഞ്ഞു കോക്പിറ്റില്‍ കയറിയതാണ്. അവിടുത്തെ ഏതോ ലിവറില്‍ അറിയാതെ കൈ തട്ടിയതാണ്.

അതേതു ലിവര്‍ ?

മുസാഫിര്‍ said...

ഇഷ്ടമായി സുനീഷെ,ഞാന്‍ ഇതിനു മുന്‍പ് ഇതു വായിച്ചിട്ടീല്ല.അത് കൊണ്ട്തന്നെ രസിച്ച് വാ‍യിച്ചു.

sreeni sreedharan said...

ഹ ഹ ഇതുപോലത്തെ എസ് എം എസൊക്കെ കിട്ടിയിട്ടുണ്ട്, എന്നാലും ഇതു കൊള്ളാം. എന്നാലും പാവം ഡയാനാ ;)

സാല്‍ജോҐsaljo said...

വെസ്പ്രിക്കാനയിലെ റിസപ്ഷനിസ്റ്റ് ആണിപ്പോള്‍ സൗന്ദര്യ.!!!

കൊള്ളാമല്ലോ വീഡിയോണ്‍,

തകര്‍ത്തു കളഞ്ഞു....

പിന്നെ,

സ്മോളടിച്കു കിടന്നാല്‍ ഇതുപോലുള്ള സ്വപ്നം കാണാമല്ലേ...?

വിശാല്‍ജീ,,, തല്ലല്ലേ...

അബ്ദുല്‍ അലി said...

സുനിഷ്ജീ,
ഇത്‌ കലക്കി.
ഒരു ഇസ്മയ്‌ലി മ്മളെ വക.

"ഞങ്ങളെ കണ്ടിട്ടാവണം, പെലൈറ്റ് വിമാനത്തിലിരുന്ന് ഒരു ഹോണടിച്ചു. ലൈറ്റും ഇട്ടു കാണിച്ചു കടന്നുപോയി.'

Anonymous said...

ഒന്നും പറയാനില്ല.
മിണ്ടുകേല...
ഞാന്‍ എഴുത്തു നിര്‍ത്തി...
ഇങ്ങനാണേല്‍ എന്നെപ്പോലുള്ളവരൊക്കെ എന്തിനാ എഴുതുന്നേ...

ഗംഭീരമായിട്ടുണ്ട് കേട്ടോ... അപാരമായ വിഷ്വലൈസേഷന്‍...

"കൊച്ചിയിലെ ലേ മെറിഡിയിന്‍ ഹോട്ടലിന്‍റെ അകത്തു കയറിയപ്പോള്‍ തോന്നിയ ഇന്‍ഫീരിയോറിറ്റി കോംപ്ളക്സ് "-
ഏതാണ്ടതുപോലെ തന്നെയാണ് ഇപ്പോള്‍ നിങ്ങളുടെ ബ്ലോഗില്‍ കയറിയപ്പോഴും തോന്നിയത്...

സാരമില്ല, ഞാനിന്നു തന്നെ ജോര്‍ജ്ജുകുട്ടിയോടു പറഞ്ഞോളാം...

വല്യമ്മായി said...

നല്ല വിവരണം.

ധൂമകേതു said...

സുനീഷേ, തകര്‍ത്തു. അടിപൊളിയായിട്ടുണ്ട്‌. നല്ല വിവരണം. വെസ്പ്രിക്കാനയില്‍ പിന്നെ എന്തു സംഭവിച്ചു? അതും കൂടി പറയെന്നേയ്‌...

എതിരന്‍ കതിരവന്‍ said...

ചത്തുപോയിട്ടെങ്കിലും സൌന്ദര്യ മോനിഷ ഡയാന രാജകുമാരി എന്നിവരോടൊപ്പം നടക്കാനുള്ള പൂതി-അതിനെ എന്തു കോമ്പ്ലെക്സെന്നു വിളിക്കും?

കള്ളും പെണ്ണും-പാലാക്കാര്‍ക്കു ഇതിനപ്രം ഒന്നും‍ പറഞ്ഞിട്ടില്ലല്ലോ!

എന്റെ കര്‍ത്താവേ എന്നേം ഒരു വയലറ്റ് മേഘത്തില്‍ ചവിട്ടീക്കണേ.

വള്ളുവനാടന്‍ said...

നിന്‍റെ പുതിയ തല്ലുകൊള്ളിത്തരം എന്താണെന്ന് നോക്കാനായി കയറിയതാ... ഞെട്ടിപ്പോയി.. ആദ്യം സന്തോഷമാ തോന്നിയേ..(ചത്തെന്നുകേട്ടപ്പം...) പിന്നെ അസൂയയായി (എങ്ങനെ അസൂയപ്പെടാതിരിക്കും മോനിഷ, സൗന്ദര്യ....), പിന്നെ ദേഷ്യം... (മൂലവെട്ടി മേടിക്കാന്‍ പോയപ്പം ഒന്നു പറയുക), പിന്നെ നിന്നെ കൊല്ലാന്‍ തോന്നി... ( ആ പാവം ഡയാന ഇഹലോകത്ത് എന്തോരം പാപം ചെയ്തുകാണും, കുഡിയന്‍കുട്ടിയെ അവള്‍ക്കൊപ്പം വിട്ടത് ശരിയായില്ല, ഇതിലും വലിയ ഒരു ശിക്ഷ ആ പാവം ഡയാനക്ക് ഇനി കിട്ടാനുണ്ടാകില്ല...)

എന്തായാലും തുടരട്ടെ... അടുത്തതിനായി കാത്തിരിക്കുന്നു.

SUNISH THOMAS said...

എന്‍റെയൊപ്പം വെസ്പ്രിക്കാന വരെയും അവിടെനിന്നു മൂലവെട്ടിഷാപ്പുവരെയും മാനസസഞ്ചാരം നടത്തിയ എല്ലാ മാന്യ ബ്ളോഗു വായനക്കാര്‍ക്കും നന്ദി. അടുത്തത് എന്‍റെ ഇരുപത്തഞ്ചാം പോസ്റ്റ്. കാത്തിരിക്കുക.

സുധി അറയ്ക്കൽ said...

അടിപൊളി.സുഹിച്ച് സുഹിച്ചേ.....

Powered By Blogger